Montag, 5. Juli 2021

ധ്രുവദീപ്തി // യാത്രാവിവരണം// (Part 2 ) അഡോൾഫ് ഹിറ്റ്‌ലറുടെ ജന്മഭവനം - //.ബ്രൗണൗവിലെ സിംഹക്കൂടിനരികെ //- ജോർജ് കുറ്റിക്കാട്ട്

  (Part 2 )-

അഡോൾഫ് ഹിറ്റ്‌ലറുടെ ജന്മഭവനം- 

-ബ്രൗണൗവിലെ സിംഹക്കൂടിനരികെ- -

ജോർജ് കുറ്റിക്കാട്ട് 

  മ്യൂണിക് നഗരത്തിൽനിന്നും അഡോൾഫ് ഹിറ്റ്ലറുടെ ജന്മനാട് ഓസ്ട്രിയയുടെ കിഴക്ക് അതിർത്തിയിലെ ബ്രൗണൗവിലേയ്ക്ക് നേരിട്ട് പോകുവാൻ ഭാഗികമായി മാത്രമേ ഓട്ടോബാൻ (ഹൈവേ) സൌകര്യമുള്ളൂ. എളുപ്പവഴിതേടി ഉൾനാടൻ മനോഹര ഗ്രാമങ്ങളും പാലങ്ങളും ചെറു പട്ടണങ്ങളും തൊട്ടുരുമ്മികടന്നുപോകുന്ന വിജനമായ നാട്ടുപാതകളും ഞങ്ങൾ തിരഞ്ഞെടുത്തു.

കൊയ്ത്തുകാലം കഴിഞ്ഞു ശൂന്യമായി കണ്ണെത്താദൂരത്തിൽ നീണ്ടുപരന്നു കിടക്കുന്ന ചെറുതും വലുതുമായ ചോളകൃഷിപ്പാടങ്ങൾ. പക്ഷികൾക്ക് വിരുന്നൊരുക്കുന്ന വിരുന്നുശാലകളാണെന്ന് തോന്നും. ഞങ്ങൾ കാർ നിറുത്തി നോക്കിനിന്നു. മനംകുളിർക്കുന്ന പുത്തൻകാഴ്ചകൾ. കാക്കകൾ, കൊക്കുകൾ, കുരുവികൾ അവരെല്ലാം അവിടെയുണ്ട്. ശാന്തരായി, വളരെ നിശബ്ദമായി അവർ ഭക്ഷണം തേടുന്നു, ആസ്വദിക്കുന്നു. ആരും അവർക്ക് തടസം ഉണ്ടാക്കുന്നില്ല. തീരെ വിജനമായ ഗ്രാമീണ റോഡുകൾ, പച്ചവിരിച്ച മനോഹര പുൽമേടുകൾ, കടന്നുപോകുന്ന ചെറു ഉൾനാടൻ  ഗ്രാമങ്ങൾ, അപൂർവമായി കാണാവുന്ന ചില കൃഷിക്കാരുടെ വീടുകൾ, ഉപകരണ മെഷീനുകൾ ഘടിപ്പിച്ച വാഹനങ്ങൾ, ഇവയെല്ലാം ജർമൻ- ഓസ്ട്രിയൻ അതിർത്തിപ്രദേശങ്ങളിലെ ഞങ്ങളിൽ ഒരിക്കലും മറക്കാനാവാത്ത മായാത്ത സ്മരണകളായി മാറി.


 "ഇൻ" നദിയുടെ കരയിലെ  മാർക്റ്റൽ ഗ്രാമം

"ഇൻ" നദിയുടെ കരയിലിരിക്കുന്ന ഒരു ചെറിയ ഗ്രാമമാണ് "ആൾട്ട് ഒട്ടിംഗ് ". അവിടെയുള്ള അഞ്ഞൂറ് വർഷങ്ങൾ പഴക്കമുള്ള "ഗ്നാടൻ കപ്പേള" (Gnadenkirche) എന്ന ചെറിയ ദേവാലയം പ്രസിദ്ധമായ മരിയൻ തീർത്ഥാടന കേന്ദ്രമാണ്. അവിടെ നിന്നും ഏതാണ്ട് പത്തു മിനിറ്റ് സമയം കാറോടിച്ചാൽ "മാർക്ടൽ" എന്ന് പേരുള്ള മറ്റൊരു ചെറിയ മനോഹരമായ ഗ്രാമത്തിൽ എത്തിച്ചേരാം. Marktl am Inn - Geburtsort von Papst Benedikt XVI


മാർക്ടൽ ഗ്രാമവും ബെനഡിക്റ്റ് പതിനാറാമൻ മാർപാപ്പയും .

 ബനഡിക്ട് പതിനാറാമൻ പാപ്പ     

ആൾട്ട് ഒട്ടിംഗിൽനിന്നും ഞങ്ങൾ മാർക്ടലിലേയ്ക്ക് പോയി. ഈ ചെറുഗ്രാമം ലോക പ്രസിദ്ധമാണ് . ഏറെ വർഷങ്ങൾക്കു മുമ്പ് ഗ്രാമത്തിനു മദ്ധ്യത്തിൽ ഒരു പോലീസ് സ്റ്റേഷൻ ഉണ്ടായിരുന്നു. മാർക്ടൽ 13-)0 നൂറ്റാണ്ടിൽ "ഗ്രാഫ് ഫൊൻ ലെയൊൻബർഗ്(ഏൾ)" ആണ് സ്ഥാപിച്ചത്. അവിടെ പോലീസ് ഓഫീസർ ആയിരുന്ന (Gendarmerie Master) ജോസഫ് റാറ്റ്സിങ്ങരുടെ പുത്രൻ ആയി രുന്നു 1927 ഏപ്രിൽ 16-നു ജനിച്ച ആലോയ്സിയുസ് ജോസഫ് റാറ്റ്സിങ്ങർ. അദ്ദേഹമാണ് പിന്നീട് കത്തോലിക്കാ സഭയുടെ തലവൻ ആയിരുന്ന ബെനഡിക്റ്റ് പതിനാറാമൻ മാർപാപ്പ.

 ബനഡിക്ട് പതിനാറാമൻ മാർപാപ്പ ജനിച്ച വീട്

ഇന്നും ജീവിച്ചിരിക്കുന്ന രണ്ടു മാർപാപ്പമാരിൽ ഒന്നാമൻ ആണ്. ഇക്കാലത്തും    മാർക്റ്റലിൽ കാണപ്പെടുന്ന മുൻകാല പോലീസ് സ്റ്റേഷന്റെ മുകളിൽ അന്ന് ഉണ്ടായിരുന്ന അപ്പാർട്ട്മെന്റിൽ ആണ് അദ്ദേഹം ജനിച്ചത്‌. അവിടെയാണ് മാതാപിതാക്കളും സഹോദരങ്ങളും ജീവിച്ചത്. ഈ ഭവനം ഇന്ന് പോലീസ് സ്റ്റേഷൻ അല്ല, ലോകത്തിനായി തുറന്നിരിക്കുന്നു. ബനഡിക്ട് പതിനാറാമൻ മാർപാപ്പ( 2005-2013) ഏഴു വർഷവും 10 മാസങ്ങളും 9 ദിവസങ്ങളും സേവനം ചെയ്ത ശേഷം സ്വയം പദവിയിൽ നിന്നും പിന്മാറി. സഭാചരിത്രത്തിൽ ചില ജർമ്മൻ വംശജരായിരുന്ന മാർപാപ്പാമാരിൽ എട്ടാമനായിരുന്നു.

ഞങ്ങൾ മാർപാപ്പ ജനിച്ച മുറിയിൽ.

 ലേഖകൻ ജോർജ് കുറ്റിക്കാട്ടും ഭാര്യ ലൂസിയും 

  മാർക്ടലിൽനിന്നും 11 കിലോമീറ്റർ അകലെ ഓസ്ട്രിയയുടെ അതിർത്തിയിലെ ബ്രൗണൗവിലേയ്ക്കാണ് തുടർന്നുള്ള ഞങ്ങളുടെ യാത്ര. "ഇൻ" നദിയുടെ പാലം കടന്നു ബ്രൗണൗവിലേയ്ക്ക് ലക്ഷ്യം വച്ചു തിരിഞ്ഞ എന്റെ ചിന്തകൾ  ഇതായിരുന്നു: ഈ മനോഹരമായ ഇൻ നദിയുടെ ഓരങ്ങളിളുടെ അപ്പുറത്തും ഇപ്പുറത്തുമായി വെറും പതിനൊന്നു കിലോമീറ്റർ അകലത്തായി, ചരിത്രം വിറയ്ക്കുന്ന, മറ്റൊന്ന്, ചരിത്രം അത്ഭുതപ്പെടുന്ന, ചരിത്രം എന്നേയ്ക്കുമായി നിത്യസ്മാരകം പോലെ വേറിട്ട് ചേർത്തു വയ്ക്കുവാൻ രണ്ടു വ്യത്യസ്തപ്പെട്ടതായ അപൂർവ്വ ചരിത്രവ്യക്തിത്വങ്ങളുടെ ജനനവീടുകൾ അടുപ്പിച്ചു ചേർത്തു വച്ചത് എന്തിനായിരുന്നു ? അതിൽ ഒന്ന് ബൗണൗ ഗ്രാമത്തിലും മറ്റേ ഭവനം  മാർക്ടൽ ഗ്രാമത്തിലും ?

ഹിറ്റ്ലറുടെ ജനനസ്ഥലം, ഭവനം 

 ഹിറ്റ്‌ലർ ജനിച്ച വീട് 

'ഇൻ' നദിക്കരയിലെ ബ്രൗണൗവിന്റെ പേര് ഇന്ന് അഡോൾഫ് ഹിറ്റ്ലറുടെ ജന്മസ്ഥലമെന്നാണ് അ റിയപ്പെടുന്നത്. ചരിത്രത്തിനു ഒരിക്കലും മായ്ക്കാ നാവാത്ത  സംഭവങ്ങൾക്ക്, രണ്ടാം ലോകമഹാ യു ദ്ധത്തിനും ഫാസിസത്തിനും തുടക്കമിട്ട, ലക്ഷക്ക ണക്കിനുള്ള മനുഷ്യക്കുരുതിക്കും അടിസ്ഥാന മിട്ട സ്ഥലം. ജർമനിയിലെ നാഷണൽ സോഷ്യലി സ്റ്റുകളുടെ ഭീകര ജന്മത്തിന്റെ ചരിത്രം ഓർമ്മി പ്പിക്കുന്ന പൊക്കിൾക്കൊടിയായിരുന്നു, ബ്രൗണൗ.

നാഷണൽ സോഷ്യലിസ്റ്റ് പൂർവ്വകാല ചരിത്രത്തിന്റെ തടസ്സപ്പെട്ടു കിടന്ന കുടിശിഖ ജോലികൾ 1980 കളുടെ അവസാനം കുറെ തടസ്സങ്ങളോടെയെങ്കിലും വീണ്ടും ആരംഭിച്ചു. അതിൽ വളരെ ശ്രദ്ധയേറിയ ഒരു വലിയ സംഭവമാണ്, 1989 ഏപ്രിൽ മാസം 20-ന് അഡോൾഫ് ഹിറ്റ്ലറിന് 100 വയസു തികയുന്ന ദിവസം. ബ്രൗണൗവിന്റെ നഗരപിതാവായിരുന്ന 'ഗെർഹാർഡ് സ്കിബ'യുടെ തീരുമാനപ്രകാരം അഡോൾഫ് ഹിറ്റ്ലർ ജനിച്ച ഭവനത്തിനു മുൻപിൽ ഒരു കരിങ്കൽ പാളിയിൽ യുദ്ധത്തിനും ഫാസിസത്തിനുമെതിരെയുള്ള ഒരു "അനുശാസനം" തീർത്ത്‌ അവിടെ സ്ഥാപിച്ചു. അനുശാസനം എഴുതുവാനുപയോഗിച്ച പാളിക്കല്ല്‌ 'മൗട്ട്ഹൗസൻ' എന്ന സ്ഥലത്ത് ജർമൻ നാസി കൾ നിർമ്മിച്ചിരുന്ന കോൺസെന്ട്രേഷൻ ലാഗറിൽ (യുദ്ധത്തടവുകാരുടെ ജയിൽ) നിന്നു കൊണ്ടു വന്നതായിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിൽ ക്രൂരമായി മരണപ്പെട്ടവരുടെയും വധി ക്കപ്പെട്ടവരുടെയും പൂർണ്ണമായ എണ്ണം ഒരിക്കലും ചരിത്രത്തിനു രേഖപ്പെടുത്തുവാൻ കഴിയുക യില്ല എന്നത് വസ്തുതയാ ണ്. 1930-ൽ ഹിറ്റ്ലർക്കു ജന്മദേശം നല്കിയ അംഗീകാരവും ബഹുമാന്യ പൌരൻ എന്ന പദവിയും 2011 ജൂലൈ 7-നു എടുത്തുകളഞ്ഞുകൊണ്ട് നഗരസഭയുടെ ഔദ്യോഗിക പ്രഖ്യാപനവും നടത്തി.

1889 ഏപ്രിൽ 20-നു ബ്രൗണൗവിൽ ജനിച്ച അഡോൾഫ് ഹിറ്റ്ലർ ഓസ്ട്രിയൻ-ഹംഗേറിയൻ പൌരൻ ആയിരുന്നു. 1933 മുതൽ 1945 വരെ ഏകാധിപതി ഹിറ്റ്ലർ ജർമൻ റൈഷ് ചാൻസിലർ ആയിരുന്നു. 1933 ജനുവരി 30-നാണ് അഡോൾഫ് ഹിറ്റ്ലർ ജർമനിയുടെ "റൈഷ് ചാൻസിലർ" പദവിയിൽ  അധികാരത്തിലെത്തിയത്. അതിനു മുമ്പ് 1921- മുതൽ  NSDAP (നാസി പാർട്ടി) യുടെ അനിഷേദ്ധ്യ ചെയർമാനായിരുന്നു. ഇതിനിടെ 1923 -ൽ ഒരു അട്ടിമറിയിലൂടെ വൈമാറർ റിപ്പബ്ലിക് തകർത്ത് അധികാരത്തിൽ ഇരിക്കുവാനുള്ള ശ്രമവും നടത്തിയിരുന്നു.  Mein Kampf ( എന്റെ യുദ്ധം- 1925- 26 കളിൽ) എന്ന തന്റെ സ്വന്തം പുസ്തകത്തിലൂടെ നാസികളുടെ വർഗ്ഗ വിദ്വേഷ ആദർശങ്ങളും യഹൂദ വിരോധവും(Anti-semitism)  പ്രചരിപ്പിച്ചു.

 ഹിറ്റ്‌ലർ ഭവനത്തിനു മുമ്പിൽ - "അനുശാസനം"

റൈഷ് ചാൻസിലർ ആയി അധികനാളുകളാകുന്നതിനുമുമ്പ് തന്റെ ഭീകര ആദർശങ്ങൾ ഓരോ ന്നായി നടപ്പിൽ വരുത്തിത്തുടങ്ങി. ജർമനിയിലെ മറ്റുള്ള രാഷ്ട്രീയപാർട്ടികളെ നിരോധിച്ചു. ഭരണഘടനാവകാശങ്ങൾ നിരോധിച്ചു, അഭിപ്രായ സ്വാതന്ത്ര്യം നിരോധിച്ചു, തന്റെ എല്ലാതര ത്തിലുമുള്ള രാഷ്ട്രീയ എതിരാളികളെ കോൺസെന്ട്രേഷൻ ക്യാമ്പുകളിൽ അടച്ചുകൊന്നു കളഞ്ഞു. അത് ചെന്ന് കലാശിച്ചത് ഒരു രണ്ടാം ലോകമഹായുദ്ധത്തിലേയ്ക്കും. തന്റെ അതിക്രൂ രമായ രാഷ്ട്രീയം ലക്ഷക്കണക്കിന് മനുഷ്യരുടെ മരണത്തിനിടയാക്കി. അവർ യഹൂദരും, സിന്ധിയും, റോമയും, അതിലേറെ വിദേശികളും, ജർമൻകാരും, അംഗവൈകല്യമുള്ളവരും രോഗികളും ആയിരുന്നു. ജർമനിയുടെയും യൂറോപ്യൻ രാജ്യങ്ങളുടെയും തകർച്ചയ്ക്കും മഹാ യുദ്ധം കാരണമാക്കി.

ബ്രൗണൗ നഗരത്തിൽ.

ബ്രൗണൗ നാഗരത്തിലേയ്ക്ക് കടന്നപ്പോൾ വഴിവക്കിലൂടെയുള്ള നടപ്പാതയിൽ നടന്നകന്നു പോയിരുന്ന ആരെയും വിളിച്ചു നിറുത്തി അവരോട് അഡോൾഫ് ഹിറ്റ്ലർ ജനിച്ച വീട് എവിടെയായിരുന്നെന്ന് ചോദിച്ചറിയാൻ കാറിൽ ഇരുന്ന എന്റെ സഹയാത്രികർ ആരും തയ്യാറായില്ല. അങ്ങനെയൊരു ചോദ്യത്തിന് ലഭിക്കാവുന്ന ഉത്തരത്തെപ്പറ്റിയുള്ള ഭയാശങ്കകൾ എന്റെ സഹയാത്രികരെ വല്ലാതെ ബാധിച്ചിരുന്നു.!

 ഹിറ്റ്‌ലർ ജനിച്ച വീട് -(ഇന്നത്തെ ദൃശ്യം)

മാനവചരിത്രം വഴിമുട്ടിപകച്ചു നിന്നുപോയത് മനുഷ്യത്വം മരണപ്പെട്ട് പോയ ശൂന്യതയുടെ ഇരുണ്ട ഇരുപതാം നൂറ്റാണ്ടിലാണ്. അഡോൾഫ് ഹിറ്റ്ലറുടെ ജന്മഗൃഹത്തേക്കുറിച്ചോ, കുടുംബത്തെപ്പറ്റിയോ മാത്രം ആണ് ഞങ്ങൾ അന്വേഷിക്കുന്നത്. അതുപക്ഷെ സമീപത്തെവിടെയെങ്കിലുമോ അഥവാ അതിന് തൊട്ടു മുറ്റത്തോ പോലും ജർമനിയിൽ നിന്നെത്തിയ ഞങ്ങൾക്ക് സഹായകമായി ഓരോ ചരിത്രവിശേഷങ്ങളും സവിശേഷതകളും വിവരിച്ചു പറഞ്ഞുതരാൻ ആരെങ്കിലും അവിടെ ഉണ്ടായിരിക്കുമെന്നാണ് ഞങ്ങളപ്പോൾ കരുതിയത്‌. എന്നാൽ അതുണ്ടായില്ല.

 ഹിറ്റ്‌ലർ ജനിച്ച വീട്

"ഇൻ" നദിയുടെ പാലം കടന്നയുടൻ തന്നെ ഞങ്ങൾ ആദ്യം മുന്നിൽ കണ്ട പെട്രോൾ പമ്പിലെ ഒരു ഓസ്ട്രിയക്കാരൻ ജോലിക്കാരനോട് ഞങ്ങളുടെ ലക്ഷ്യങ്ങൾക്കും അവയറിയാനുള്ള ആഗ്രഹങ്ങൾക്കും സംശയങ്ങൾക്കും ഒരുത്തരം കണ്ടെത്താൻ ഒരു ശ്രമം നടത്തി നോക്കി. ഓസ്ട്രിയക്കാരെല്ലാവരും ജർമൻ ഭാഷ തന്നെയാണ്‌ സംസാരിക്കുന്നത്. ഒരല്പം വ്യത്യസ്തമായ ഉച്ചാരണരീതിയുടെ "ആല്പൻ" മാധുര്യം അനുഭവപ്പെട്ടു. ഞങ്ങൾക്ക് രണ്ടു കാര്യങ്ങൾ വളരെവളരെ തൃപ്തികരമായി അനുഭവപ്പെട്ടു. കുറഞ്ഞ ദൂരത്തിൽ, കുറഞ്ഞ സമയത്തിനുള്ളിൽ ജർമനിയുടെ അതിർത്തി കടന്ന് ഓസ്ട്രിയയുടെ അകത്തു പ്രവേശിച്ച ഞങ്ങൾക്ക് കാറിനുള്ള ഇന്ധനം ഞങ്ങൾ ചെന്നെത്തിയ പെട്രോൾപമ്പിൽ നിന്നും വില കുറഞ്ഞു ലഭിച്ചു. ജർമനിയിൽ കൊടുക്കെണ്ടിയിരുന്നതിൽ ഇരുപത്തിയഞ്ചു യൂറോ കുറച്ചു മാത്രമേ അവിടെ കൊടുക്കെണ്ടിയിരുന്നുള്ളൂ.

 അഡോൾഫ് ഹിറ്റ്ലർ 

ഞങ്ങൾ പരിചയപ്പെട്ട ഒസ്റ്റ്രിയക്കാരൻ ചെറുപ്പക്കാരനോട്‌ ഞങ്ങളുടെ ഒളിഞ്ഞ ആഗ്രഹം തുറന്നടിച്ചു ചോദിച്ചു. ഒന്ന് ചിരിച്ചുകൊണ്ടയാൾ പറഞ്ഞു തുടങ്ങി. അവിടെനിന്നും അധികദൂരത്തിലല്ലാതെ നഗരമദ്ധ്യത്തിൽ ഇരിക്കുന്ന ഒരു മൂന്നുനില കെട്ടിടം കാണാം. അതിൽ ഒരു സ്ഥാപനം പ്രവർത്തിക്കുന്നുണ്ട്. അതിനുള്ള പേര് "Lebenshilfe für behinderten ev." എന്നാണവിടെ പരസ്യ ബോർഡ് എഴുതിയിട്ടുള്ളത്. ഈ സ്ഥാപനത്തിന്റെ ഓഫീസ് എവിടെയെന്നു പെട്രോൾ പമ്പ് ജീവനക്കാരൻ ഞങ്ങളെ പറഞ്ഞു മനസ്സിലാക്കി. ഈ സ്ഥാപനം ഇപ്പോൾ അംഗവൈകല്യം സംഭവിച്ച എല്ലാ മനുഷ്യർക്കും സഹായം നല്കുന്ന ഒരു അന്തർദ്ദേശീയ സംഘടനയുടെ ഓഫീസാണ്. അതേ മുറികൾ, അത് തന്നെയാണ്, അഡോൾഫ് ഹിറ്റ്ലർ ജനിച്ച ഭവനം.// - 

*************************************************************************************************************

ധൃവദീപ്തി  ഓണ്‍ലൈൻ

 

for up-to-dates and FW. link Send Article, comments and write ups to :

  DHRUWADEEPTI ONLINE LITERATURE.

Published from Heidelberg, Germany,  in accordance with the European charter on freedom of opinion and press. 

DISCLAIMER: Articles published in this online magazine are exclusively the views of the authors. 

Neither the editor nor the publisher are responsible or liable for the contents, objectives or opinions of the articles in any form."

E-mail: dhruwadeeptionline@gmail.com

Montag, 28. Juni 2021

ധ്രുവദീപ്തി // History // യാത്രാവിവരണo// Part-1 // നാവരിഞ്ഞ നാസി ക്യാമ്പിന്‌ എണ്‍പതാണ്ട്‌- // George Kuttikattu

(03.03.2013 Article published in "Sunday Mangalam",Kottayam) 

 നാവരിഞ്ഞ നാസി ക്യാമ്പിന്‌ എണ്‍പതാണ്ട്‌- Part -1

                     -George Kuttikattu-                                                      

നാവരിഞ്ഞും തലയറുത്തും എതിരാളികളെ മുഴുവൻ ഉന്മൂലനം ചെയ്‌ത നെറികേടിന്റെ സ്വേച്‌ഛാധിപത്യരൂപമായിരുന്ന അഡോൾഫ് ഹിറ്റ്ലർ നിർമിച്ചിരുന്ന "കോൺ സെന്റ്രെഷൻ ക്യാമ്പ്‌" എന്ന രാഷ്‌ട്രീയ തടങ്കല്‍ പാളയ ങ്ങൾക്ക് എണ്‍പതാണ്ട്‌. എതിര്‍വാകളുടെ നാവരിഞ്ഞും,  ചെറുത്തുനിന്നവരു ടെയെല്ലാം കഴുത്തരിഞ്ഞും,  'അരുതേ, അരുതേ", എന്നു പറഞ്ഞു കരഞ്ഞു കാലുപിടിച്ച്‌ ജീവ വായുവിനു വേണ്ടി കേണപേക്ഷിച്ച കുരുന്നുകള്‍ക്ക്‌ നാസി ക്യാമ്പ്‌കൾ  കുരുതിക്കളമായിത്തീർന്നു.. സ്‌ത്രീത്വത്തിന്റെ ബാല്യകൗമാര- യൗവനങ്ങള്‍ നാസിപ്പടയുടെ കാമാര്‍ത്തിക്കു മുന്നില്‍ പിടഞ്ഞു പിടഞ്ഞു മരിച്ചു. ആരുടെയൊക്കെയോ ഗര്‍ഭം പേറേണ്ടി വന്ന യുവതികള്‍ പേറ്റുനോവ്  അനുഭവിക്കാതെ തന്നെ പേക്കിനാവുകൾ കണ്ട കാള രാത്രികളില്‍ കൊടിയ മര്‍ദ്ദനമേറ്റു മരിച്ചു. എട്ടും പൊട്ടും തിരിയാത്ത പിഞ്ചോമനകളെ കൊതുകിനെ കൊല്ലുന്ന ലാഘവത്തോടെ കൊന്നൊടുക്കി. ഡാഹൗ മുതല്‍ ഔഷ്‌വിറ്റ്‌സ് വരെയുള്ള ആയിരത്തി ഇരുന്നൂറോളം നാസി തടങ്കല്‍പ്പാളയങ്ങളില്‍ ഇന്നും പരശതം പേരുടെ ചോരക്കറ ഉണങ്ങി വറ്റിപ്പിടി ച്ചിരിക്കുന്നു.

അഡോൾഫ് ഹിറ്റ്ലർ


ദശലക്ഷമോ ദശദശലക്ഷമോ? എത്ര ലക്ഷങ്ങള്‍ നാസിപ്പടയുടെ നരവംശ ഹത്യയ്‌ക്കിരയായിട്ടുണ്ട് ? അവരില്‍ യഹൂദരുണ്ട്‌, കമ്മ്യൂണിസ്‌റ്റുകളുണ്ട്, സോഷ്യല്‍ ഡമോക്രാറ്റുകളുമുണ്ട്. പുരോഹിതരും, തത്വചിന്തകരുമുണ്ട്‌. ചിന്തകര്‍, അനേകം എഴുത്തുകാര്‍, പ്ര ഭാഷകര്‍, ജർമൻകാർ, വിദേശീയർ, സ്‌ത്രീകൾ, കുഞ്ഞുങ്ങള്‍, രോഗികള്‍, ആസന്നമരണര്‍, സ്വവര്‍ഗ്ഗരതിക്കാര്‍, ഹിജഡകള്‍, ഇവരെല്ലാം. ഹിറ്റ്‌ലറെ നാവുകൊണ്ടല്ല മനസുകൊണ്ട്‌ എതിര്‍ത്തവര്‍പോലും ഭയാനകമായ ഇരുട്ടറ കളില്‍ ഇല്ലാതായി. രാജ്യവും ശക്‌തിയും മഹത്വവും ഹിറ്റ്‌ലര്‍ക്കു മാത്രമായി. കഴിഞ്ഞ നൂറ്റാണ്ടിലെ ഏറ്റവും വലിയ പാതകത്തിന്‌ വഴിമരുന്നിട്ട ഹിറ്റ്‌ലറുടെ ഈ ഭ്രാന്തന്‍ ആശയത്തിന്റെ ഫലമായി ആദ്യത്തെ കോണ്‍സെൻട്രേഷൻ ക്യാമ്പ്‌ തുറന്നത്‌ 1933 ഫെബ്രുവരി 28- നായിരുന്നു. ലോകമൊട്ടാകെ കടുത്ത ദാരിദ്ര്യവും സാമ്പത്തിക മാന്ദ്യവും കൊടികുത്തിയ കാലം.

അന്നാണ്‌ ജര്‍മനിയുടെ  ഭരണകൂടത്തിനെതിരേ ഉരിയാടുകയോ നെറ്റി ചുളി ക്കുകയോ ചെയ്യുന്നവരെ കൈകാര്യം ചെയ്യാന്‍ ജർമ്മനിയിലൊട്ടാകെ സർക്കാ ർവക കോണ്‍സന്‍ട്രേഷന്‍ ലാഗറുകള്‍ (തടങ്കല്‍ ക്യാമ്പുകള്‍) തുറക്കുമെന്ന്‌ ഹിറ്റ്‌ലര്‍ പ്രഖ്യാപിച്ചത്‌. ഭരണാധികാരിയുടെ തിട്ടൂരങ്ങളെ എതിർത്ത  നിത്യശ ത്രുക്കളെ ഇല്ലായ്‌മ ചെയ്യാൻ സര്‍ക്കാര്‍ തുറന്ന ക്യാമ്പുകളില്‍ രാപ്പകല്‍ ധീര ദേശാഭിമാനികള്‍ പീഡനവിധേയരായി. കൊടിയ ക്രൂര മര്‍ദനങ്ങളുടെയും അവരുടെ ഒടുവിലത്തെ ഏറ്റവും വലിയ  അതിസാഹസികമായ ചെറുത്തു നില്‍പിന്റെയും ദുരന്ത വിഭ്രാന്തരംഗങ്ങള്‍ ഭൂതകാലത്തിന്റെ പ്രേതങ്ങളായി ഇന്നും നിലനില്‍ക്കുന്ന ഓരോതടങ്കല്‍ പാളയങ്ങളിലെ ചുവര്‍ ചിത്രങ്ങളിൽ പതിഞ്ഞിരിക്കുന്നതു ചരിത്ര സത്യങ്ങളുടെ നിഴലുകളാണ്‌.

അംബര്‍നദിയും ഡാഹൗവും:

ജർമ്മനിയുടെ തെക്കു കിഴക്കുള്ള മനോഹര സംസ്‌ഥാനമായ ബവേറിയയെ ജർമ്മനിയിൽ 'ബയണ്‍' എന്നും വിളിക്കുന്നു. മ്യൂണിക്‌ നഗരമാണു സംസ്ഥാന തലസ്‌ഥാനം. അവിടെനിന്ന്‌  22 കി. മീ. വടക്കുപടിഞ്ഞാറു മാറിയ കേന്ദ്രമാണ്‌ ഡാഹൗ നഗരം. ജർമൻ കമ്യൂണല്‍ പദവിയനുസരിച്ച്‌ ഗ്രോസെ 'ക്രൈസ്‌റ്റഡ്‌' (ഉയർന്ന പദവിയുള്ള ജില്ലാ മേഖല) എന്നു വിളിക്കുന്നു. ആൽപ്സ്  മല നിരകളി ലെ കുളിർമ്മ നിറഞ്ഞ നീര്‍ത്തുള്ളികള്‍ ഒഴുകിയെത്തുന്ന അംബര്‍ നദി ലയി ച്ചുചേരുന്നത്‌ ഡാഹൗവിലെ അംബര്‍ തടാകത്തിലാണ്‌. ഇതിന്‌ അംബര്‍ നദി യെന്ന പേരു ലഭിച്ചു. ചെറുപ്പത്തിൽ അഡോൾഫ് ഹിറ്റ്ലറെ ആകർഷിച്ചിരുന്ന  അംബര്‍നദിയുടെ കരയിലിരിക്കുന്ന ഡാഹൗ നഗരത്തെ മുഴുവൻ തന്റെ എതിരാളികളുടെ ശവപ്പറമ്പാക്കി മാറ്റി.

ക്രൂരതയുടെ നിത്യസ്‌മാരകവേദിയില്‍-

നാവുകൾ വരണ്ടുണങ്ങിയ, ശവത്തിന്റെ ഗന്ധമുള്ള, വിളറിവെളുത്ത്‌ മൃത തുല്യരായി 'യഹൂദന്‍' എന്നെഴുതിയ ബോർഡുകൾ കഴുത്തിൽ കെട്ടിത്തൂക്കി അപമാനിതരായി അതിഭീകരതയുടെ നരബലിവസ്തുക്കളെപ്പോലെയാണന്ന് കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പിലേക്ക്‌ തടവുകാരെ കൊണ്ടുവന്നത്‌. നടന്നു നടന്നു നീങ്ങി നീങ്ങി ഇല്ലാതായിത്തീർന്ന ആയിരങ്ങളുടെ ആത്മക്കൾക്കായി ഹൃദയങ്ങളിൽ കരുതിവച്ചിരുന്ന പൂജാപുഷ്പങ്ങൾ അർപ്പിക്കാൻ മാത്രം ഓരോ സന്ദർശകർ ഇന്നും ഒഴുകുന്നു. തടവുകാരില്ലാത്ത വിശാലമുറ്റത്ത്‌ അവരുടെ നെടുവീർപ്പുകൾ അലയടിക്കുന്ന അവർക്കായി മാത്രമുള്ള സ്മരണാവേദിയി ലാണ്‌ നാം ചെന്നെത്തുക. അവിടെ എത്തുന്ന ആരിലും ഒരു അന്യതാബോധം അനഭവപ്പെടില്ല. അവിടേയ്ക്ക് ഞങ്ങളും വന്നെത്തി.

                                                     റെയിലിന്റെ രഹസ്യം

കോൺസെൻട്രേഷൻ ക്യാമ്പിലേക്കുള്ള 

റെയിൽപ്പാളം-പ്ലാറ്റ്‌ഫോറം

സന്ദര്‍ശകരുടെ വാഹനങ്ങളെല്ലാം  കോണ്‍സെന്‍ട്രേഷന്‍ ലാഗറിന്‌ (ക്യാമ്പ്‌) തൊട്ടടുത്തുള്ള ഇന്‍ഫര്‍മേഷന്‍ സെന്ററിനടുത്തു നിര്‍മിച്ചിട്ടുള്ള വലിയ കാര്‍പാര്‍ക്കിലെത്തും. പാര്‍ക്ക്‌ ചെയ്യാന്‍ നിശ്‌ചിത സമയത്തേക്ക്‌ നിശ്‌ചിത ഫീസ്‌ അവിടെ സ്‌ഥാപിച്ചിരിക്കുന്ന പാര്‍ക്കിംഗ്‌ ഓട്ടോമാറ്റിലിട്ടാല്‍ അതില്‍ നിന്നും പാര്‍ക്ക്‌ കാര്‍ഡ്‌ ലഭിക്കും. നല്ല തെളിഞ്ഞ ആകാശം. വേനല്‍ക്കാലം കഴിഞ്ഞ്‌ കടന്നു വരുന്ന നല്ല ഇളംകാറ്റ്‌. കുറച്ചകലെ, പഴയ റെയില്‍പാളവും പ്ലാറ്റ്‌ഫോറത്തിന്റെ അവശിഷ്‌ടവും കാണുന്നു. വരുന്നവര്‍ വരുന്നവരെല്ലാം അവിടെനിന്ന്‌ ഫോട്ടോയെടുക്കുന്നു. ഹിറ്റ്ലറുടെ നാസി പട്ടാളം തടവുകാരെ ട്രെയിനുകളുടെ ബോഗികളിലടച്ച്‌ കൊണ്ടുവന്ന്‌ ഈ പ്ലാറ്റ്‌ഫോറത്തിലാണ്‌ ഇറക്കിയത്‌. അവരെ അവിടെ സ്വീകരിച്ചത്‌ ഹിറ്റലറുടെ ആരാച്ചാരന്മാര്‍ ആയിരുന്നു.
തീര്‍ഥാടനകേന്ദ്രമല്ല-

ഡാഹൗവും ഔഷ്‌വിറ്റ്‌സും പോലെയുള്ള ജര്‍മനിയിലെയും മറ്റു വിദേശ രാജ്യങ്ങളിലെയും കോണ്‍സെന്‍ട്രേഷന്‍ ലാഗറുകള്‍" കെ. ഇസഡ്‌. "എന്നു നാസികൾ ചുരുക്കിപ്പറയുന്നു) തീര്‍ഥാടനകേന്ദ്രങ്ങളല്ല. തടവുകാരായിട്ട് പിടിക്കപ്പെട്ടവരെപ്പറ്റിയുള്ള പൂർണ്ണ വിവരങ്ങൾ ശേഖരിച്ചശേഷം അവരെ ലോറിയിൽ കയറ്റി അടുത്തുള്ള കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകളിലേക്കു മാറ്റും. അതല്ലെങ്കിൽ അപ്പോൾത്തന്നെ ക്രൂരപീഡനങ്ങള്‍ക്ക്‌ വിധേയരാക്കും. ഓരോ ക്യാമ്പും വൈദ്യുതി പ്രവഹിക്കുന്ന മുള്ളുകമ്പിവേലികൾ കൊണ്ട്‌ അടച്ചിരുന്നു. ഓരോ സ്‌ഥലത്തും "ഷോ" വിചാരണ നടപടികൾ ചെയ്‌ത് അവരെ കൊന്നുകളഞ്ഞു . അവിടെയെല്ലാം എരിഞ്ഞുതീർന്നത് സാധാരണ മനുഷ്യരാണ്‌. ''മരണത്തിന്റെ  ഭയാനകമായ നിമിഷങ്ങളിലേക്കാണ്‌ തങ്ങള്‍ കടന്നുപോകുന്നതെന്ന്‌ തടവു കാരാക്കപ്പെട്ട കുട്ടികളോ സ്‌ത്രീകളോ മറ്റ് പുരുഷന്മാരോ വിചാരിച്ചിരുന്നില്ല.
ആദ്യത്തെ തടങ്കല്‍ കേന്ദ്രം

ആദ്യത്തെ കോണ്‍സെൻട്രേഷൻ 

ക്യാമ്പ് -

1933 മാര്‍ച്ച്‌ 20. ഹിറ്റ്‌ലര്‍ ഒരു  അടിയന്തര നിര്‍ദേശം നൽകി. ഡാഹൗ മാർക്ക റ്റിൽ നിന്നും അധികം അകലെയല്ലാതെ സ്‌ഥാപിച്ചിരുന്ന, ഒന്നാം ലോക മഹായുദ്ധകാലത്ത്‌ രാജകുടുംബം ഉപയോഗിച്ചിരുന്ന  യുദ്ധോപകരണ നിര്‍മ്മാണശാല തടവുകാരെ അടച്ചിടാനുള്ള താവളമാക്കണം. അന്ന്‌ മ്യൂണിക്‌ നഗരത്തിലെ പോലീസ്‌ മേധാവിയായിരുന്ന ഹൈന്റിഷ്‌ ഹിംലര്‍ ആയിരുന്നു ഉദ്‌ഘാടനം നിർവഹിച്ചത്. ജർമ്മനിയിലെ ആദ്യത്തെ മാതൃകാ കോണ്‍സെന്‍ട്രേഷന്‍ ലാഗര്‍ ആയിരുന്നു അത്‌. ഉദ്‌ഘാടനം നടന്ന്‌ രണ്ടാം ദിവസം മുതൽ അഡോൾഫ് ഹിറ്റ്‌ലറുടെ എതിരാളികളെ അറസ്‌റ്റ് ചെയ്‌ത് തടവുകാരാക്കി അവിടേക്ക്‌ കൊണ്ടുവന്നു. അവരുടെ കുടുംബാംഗങ്ങളും തടവുകാരായി.
ആർബൈറ്റ് മാഹ്റ്റ് ഫ്രൈ -

കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പിലെത്തിയ ആരും സ്വാതന്ത്ര്യം എന്താണെന്ന്‌ അറിഞ്ഞില്ല. കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പിനു ചുറ്റും നിര്‍മ്മിച്ചിരിക്കുന്ന ഇലക്‌ട്രിക്‌ മുള്ളുകമ്പിവേലിയും ഇരുമ്പു നിര്‍മിത കവാടവും ആരെയും ആകര്‍ഷിക്കും. "ആർബൈറ്റ് മാഹ്റ്റ് ഫ്രൈ" എന്ന്‌ ഇരുമ്പു നിർമിത അക്ഷരങ്ങളിൽ എഴുതിയ 'നാസി പരോള്‍' ആ ഗേറ്റിൽ ചേർത്തു വച്ചു പിടിപ്പിച്ചിരിക്കുന്നു. അതിനർത്ഥം "വർക്ക്‌ മേക്സ് വൺ ഫ്രീ" എന്നാണ്‌. നാസി കമാന്‍ഡര്‍ റുഡോള്‍ഫ്‌ ഹെസ്‌ ആയിരുന്നു ഈ ആശയം അന്ന് ആദ്യം നടപ്പാക്കിയത്‌. 'ഔഷ്‌വിറ്റ്‌സ്കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പിലായിരുന്നു ആദ്യ തുടക്കം. തുടർന്ന് എല്ലായിടത്തും നടപ്പില്‍ വരുത്തി. 1947ലെ ന്യൂയെന്‍ബര്‍ഗ്‌ യുദ്ധവിചാരണ കോടതി റുഡോൾഫ് ഹെസിനെ യുദ്ധകുറ്റവാളിയായി വധ ശിക്ഷയ്‌ക്കു വിധിച്ചു."ആര്‍ബൈറ്റ്‌ മാഹ്റ്റ് ഫ്രെ" എന്ന പദപ്രയോഗത്തിന്റെ ഉറവിടം 1849- ലെ "നോയസ്‌ റെപ്രെട്ടോറിയും ഫ്യൂര്‍ ദി തിയോളോഗിഷേ സ്‌റ്റാറ്റിറ്റിക്‌" എന്ന മാസികയില്‍ നിന്നാണ്‌. അതില്‍ അന്ന്  പ്രസിദ്ധീകരിച്ച "സുവിശേഷവും അടിസ്‌ഥാനതത്വവും" എന്ന ലേഖനത്തിലെ വാചകം ആയിരുന്നു അത്‌. 'റുഡോള്‍ഫ്‌ ഹെസ്  ഉള്‍പ്പെടെ പലരും പിന്നീടതിനെ തെറ്റായി വ്യാഖ്യാനിച്ച്‌ ഉപയോഗിച്ചു. ഈ ഭ്രാന്തന്‍ പദപ്രയോഗം ഒടുവില്‍ മനുഷ്യജീവനെ ആളിക്കത്തുന്ന തീച്ചൂളകളുടെ ഇരയാക്കിത്തീര്‍ത്തു.                                                                                                  

 വധിക്കപ്പെട്ടവർ 

ക്രൂരതയുടെ പ്രമാണങ്ങള്‍

കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകളില്‍ തടവു കാരാക്കപ്പെടുന്നവര്‍ക്ക്‌ തലമുടിയും വേഷ വിധാനങ്ങളും മാത്രമല്ല സ്വന്തം പേരും നഷ്‌ട പ്പെട്ടു. പകരം അവർ ഓരോരുത്തര്‍ക്കും ഓരോ നമ്പര്‍ മാത്രം നല്‍കി. അപ്പോൾ മുതൽ തടവിലവന്‍ ഒരു വെറും നമ്പർ മാത്രമായി ത്തീർന്നു. തടവുപുള്ളികള്‍ക്ക് കിട്ടുന്ന നമ്പർ പറയാൻ അവർ അറിഞ്ഞിരിക്കണം. അത് വിദേശ തടവുകാർക്ക് ഇത്‌ ബുദ്ധിമുട്ടായിരു ന്നു. ജർമൻ ഭാഷ പറയാനോ പാടാനോ ഒട്ടുമേ അറിയില്ലാത്തവർക്ക് ക്രൂരപീഡനം മാത്രമാ ണ് ലഭിച്ചത്. ജർമ്മനിക്ക് വെളിയിലെ തടവു കേന്ദ്രങ്ങളില്‍ പോളണ്ട്‌, ലറ്റ്‌ലാന്‍ഡ്‌, എസ്‌റ്റ് ലാന്‍ഡ്‌, ഗ്രീസ്‌ എന്നിങ്ങനെ എവിടെയും എല്ലായിടത്തും അതി ക്രൂരമായി തടവുകാര്‍ പീഡിക്കപ്പെട്ടു. 1933- നും 45- നും ഇടയ്‌ക്ക് ഡാഹൌവിൽതന്നെ രണ്ടു ലക്ഷത്തിലേറെ തടവുകാര്‍ ക്രൂരമായി പീഡിക്കപ്പെട്ടു.

മിക്കവാറും എല്ലാ കേന്ദ്രങ്ങളും സ്‌ത്രീ- പുരുഷ തടവുകാരെ വേര്‍തിരിച്ച്‌ പാര്‍പ്പിച്ചു. കുട്ടികള്‍ക്കായി വേറെയും കേന്ദ്രങ്ങള്‍ ഉണ്ടായി. നിര്‍ബന്ധിത ജോലി ചെയ്യിപ്പിച്ചു. അവശരായി പതിനായിര ങ്ങള്‍ കുഴഞ്ഞു വീണു മരിച്ചു. മുപ്പതിനായിരം പേര്‍ മരണപ്പെട്ടുവെന്നാണ് നാസി കണക്ക്‌. മരണങ്ങളുടെയും ക്രൂരപീഡനങ്ങളുടെയും യഥാർത്ഥ കണക്കുകൾ ലോകം ഇന്നും  അറിഞ്ഞിട്ടി ല്ല. ജർമ്മനിയിലും പുറത്തുമായി ഉണ്ടായിരുന്ന 1200 കോണ്‍സെന്‍ട്രേഷന്‍ ലാഗ റുകളില്‍ പീഡനവും കൊലപാതകവും നിത്യസംഭവമായി. ജനങ്ങളെ മൃഗതു ല്യരായിട്ട് നാസികള്‍ കണ്ടു. തടവിലാക്കപ്പെട്ടവരുടെ തലമുണ്ഡനം ചെയ്‌തു. കുട്ടികളെയും മുതിര്‍ന്നവരെയും അംഗവൈകല്യമുള്ളവരെയും അന്ന് എലി കളെപ്പോലെ മെഡിക്കൽ ഗവേഷണ പരീക്ഷണങ്ങൾക്കുപയോഗിച്ച്‌, അവരെ ഒടുവിൽ വധിച്ചു.

ആദ്യത്തെ തടങ്കല്‍ കേന്ദ്രം-ഡാഹൌ, ജർമനി   

തടവുകാരുടെ കുളിമുറികൾ   മരണമുറിയായിരുന്നു. കുളിമുറികളിലേക്ക് നഗ്നരായി കയറിയവര്‍ ടാപ്പുകളിലൂടെ വരേണ്ട വെള്ളത്തിനു പകരം വിഷ വാതകം- സെന്‍ഫ്‌ഗ്യാസ്‌- ശ്വസിച്ച്‌ മരിച്ചുവീണു. അവരുടെ ജഡങ്ങളെല്ലാം ലോറികളില്‍ അപ്രത്യക്ഷമാവുകയോ അടുത്തുള്ള പ്ലാൻ ചെയ്തുനിർമ്മിച്ച ക്രമറ്റോറിയത്തില്‍ചാമ്പലായിത്തീരുകയോ ചെയ്‌തു.


1933 മാര്‍ച്ച്‌ 13. ഹിറ്റ്‌ലര്‍ ഓസ്‌ട്രിയായെ തന്റെ അധീനതയിലാക്കിയ നാൾ മുതല്‍ ഡാഹൗവിലേക്ക്‌ വിദേശ തടവുകാരുടെ ഒഴുക്കു വർദ്ധിച്ചു തുടങ്ങി. 1938ല്‍ ഒക്ടോബർ ഒന്പതിനു 10911 ജർമൻ യഹൂദരെ ഡാഹൗവിൽ ഉള്ള കോൺസെൻട്രേഷൻ ക്യാമ്പ്  തടവിലാക്കി. ഇതിനിടയിൽതന്നെ സോവ്യറ്റ്‌ യൂണിയന്‍, പോളണ്ട്‌, ചെക്കോസ്ലവാക്യ, ഫ്രാന്‍സ്‌ തുടങ്ങിയ രാജ്യങ്ങളിലെ ജനങ്ങളെയെല്ലാം തടങ്കലിൽ അടച്ചു. ഹിറ്റ്ലറിൻറെ 1933-45 കാലയളവില്‍ രണ്ടുലക്ഷത്തിലാറായിരം തടവുകാര്‍ ഡാഹൗവിലെത്തി. കണക്കുപ്രകാരം നാല്‍പതിനായിരം പേര്‍ അവിടെ അപ്പോൾ വധിക്കപ്പെട്ടതായി നാസികള്‍ രേഖപ്പെടുത്തി.                                                                                  

മൂല്യമില്ലാത്ത ജീവന്‍-

 ഡാഹൌവിലെ ക്രേമറ്റൊറിയം 
 

"ഡാഹൗ" എല്ലാ കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകളുടെയും ഭീകരതയുടെ പ്രഥമ മാതൃകയായിരുന്നു. 1933 ജൂണ്‍  26ന്‌ സ്‌ഥാനമൊഴിഞ്ഞ നാസി കമാന്‍ഡര്‍ വേക്കര്‍ലെ അന്ന് തടവുകാരുടെമേല്‍ യാതൊരു കരുണയും നല്‍കാത്ത 'സഹിഷ്‌ണുത'യുടെ നിയമം നടപ്പാക്കി. ഡാഹൗ കേന്ദ്രത്തെ "സ്‌കൂള്‍ ഓഫ്‌ ക്രൈം" എന്നാക്കി മാറ്റി. 'സഹിഷ്‌ണുത', 'ബലഹീനത'യെന്നതായിരുന്നു വേക്കര്‍ലെയുടെ സിദ്ധാന്തം. ബുദ്ധിശാലികള്‍- ചിന്തകരും എഴുത്തുകാരും, മതരാഷ്‌ട്രീയ നേതൃത്വങ്ങളും തന്റെ സ്‌കൂള്‍ ഓഫ്‌ ക്രൈമില്‍ വച്ച് പീഡിപ്പിക്കപ്പെട്ടു. 2700 കത്തോലിക്കാ പുരോഹിതരെ ബ്ലോക്ക്‌ നമ്പര്‍ 26-ല്‍ അടച്ചു. നാസികളുടെ ഭാഷയില്‍ "മൂല്യമില്ലാത്ത ജീവന്‍"- ദൈവമില്ലാത്ത ലോകത്തേക്ക്‌ അവരെ അയച്ചു. പക്ഷേ, ദൈവം മാത്രം മതിയെന്ന്‌ ഉറക്കെ പ്പറഞ്ഞ ധീരനും മറ്റു തടവുകാര്‍ക്ക്‌ മാതൃകയുമായിരുന്ന പ്രസിദ്ധനായ ഫാ. ജോര്‍ജ്‌ ഹേഫ്‌നറും മറ്റുള്ള സഹജീവികളെപ്പോലെ അന്ന് തടവറയിലായി.

ജര്‍മന്‍ ജനത മുഴുവന്‍ കുറ്റവാളികള്‍ ആണോ  ?

ജര്‍മന്‍ജനത മുഴുവന്‍ യഹൂദ വിരോധികളോ നാസികളോ ആയിരുന്നോ? ജർമൻ ജനത ലോകത്തിൽ വെറുക്കപ്പെട്ടവരാണോ? ഒറ്റവാക്കിൽ "അല്ലാ"എന്ന് ഉത്തരം പറയാം! 'അഡോള്‍ഫ്‌ ഹിറ്റ്‌ലര്‍' എന്നയാൾ കറുത്ത മുടിയുള്ള യഹൂദ വംശജനായ ഓസ്‌ട്രിയന്‍ പൗരനാണ്‌, ജർമൻ ജനതയെ ഒരു നൂറ്റാണ്ടിന്റെ നുണ യുടെ ഇരയാക്കി മാറ്റിയത്‌. ജർമൻവംശം സ്വര്‍ണ്ണനിറമുള്ള മുടിയുള്ളവരുടെ വെളുത്ത വർഗമായിരിക്കണം- "ആര്യവംശം"- എന്ന്‌ തെറ്റിദ്ധരിപ്പിച്ചത്‌ ജർമൻ കാരല്ല. ലോക മഹായുദ്ധവും അന്നത്തെ യഹൂദ വിരോധവും ഇന്നലെകളില്‍ പെയ്‌തിറങ്ങിയ മഞ്ഞായിരുന്നു.

 ഡാഹൌവിലെ പീഡനോപകാരണം.
 
ജർമൻ ജനതയെ നമുക്കു ലോകമെങ്ങും കാണാം. യൂറോപ്യന്‍ യൂണിയന്‍ സംസ്‌കാരം ജർമൻ ജനതയുടെ അഭിമാനമാണ്‌. ലോക സമാധാനത്തിനുള്ള ശക്‌തമായ കൈകള്‍ യൂറോപ്യന്‍ യൂണിയന്‍ എന്ന ആശയമാണ്‌. ലോകത്തിനു മുന്നില്‍ ഇതിന്റെ വലിയ ആവശ്യവും  പ്രസക്‌തിയും  അവതരിപ്പിച്ചത്‌ ജര്‍മനിയാണ്‌. സമാധാന നൊബേല്‍ ലഭിച്ച യൂറോപ്യന്‍ യൂണിയന്റെ വിജയ പശ്‌ചാത്തലം ഈ വസ്‌തുതകളെ ശരിവയ്‌ക്കുന്നു. നാം കാണുന്ന യഥാർത്ഥ വസ്‌തുതയാണിത്‌.- ചരിത്രം നമ്മെ പുതിയ പാഠങ്ങള്‍ പഠിപ്പിക്കുന്നു. ഈ വലിയ  തിരിച്ചറിവ്‌ ജനതകളുടെ മുന്‍വിധിയകറ്റാനും പുതിയൊരു ആധുനിക യുഗത്തെ ദര്‍ശിക്കാനുള്ള ശക്‌തിയും വഴിയും കാണിച്ചുതരുന്നു.
 
 യുദ്ധത്തടവുകാരെ അമേരിക്കൻ പട്ടാളം മോചിപ്പിക്കുന്നു.
 

ലേഖകൻ ജോർജ് കുറ്റിക്കാട്ട് 

ഡാഹൗവിലെ   കോണ്‍സെൻട്രേഷൻ ക്യാമ്പിനു മുൻപിൽ

1945 ഏപ്രില്‍ 29-ന്‌ ഡാഹൗ കേന്ദ്രത്തിലെ തടവുകാരെ അമേരിക്കന്‍ പട്ടാളം മോചിപ്പിച്ചതിന്റെ ഇരുപതാം വാര്‍ഷികം ആഘോഷിച്ചപ്പോള്‍ ഡാഹൗ കോണ്‍സെന്‍ട്രേഷന്‍ ലാഗറിനെ മ്യൂസിയമായി ലോകത്തിനു കാഴ്‌ചവച്ചു. ഇവിടെ നമുക്കിന്ന്‌ സ്വതന്ത്രമായി, പ്രവേശനാനുമതി മുൻകൂർ വാങ്ങാതെ സന്ദർശിക്കാം. എല്ലാ തിങ്കളാഴ്‌ചയും ഡിസംബര്‍ 14-നു മാത്രം മ്യൂസിയം അടഞ്ഞു കിടക്കും. ബവേറിയ സംസ്‌ഥാന സാംസ്‌കാരിക വകുപ്പിന്റെ മേല്‍നോട്ടത്തിലാണിത്‌.

ഡാഹൗ കോണ്‍സെന്‍ട്രേഷന്‍ ലാഗര്‍, നൂറ്റാണ്ടിന്റെ ചോരക്കറയുണങ്ങാത്ത ഡാഹൗവിന്റെ മണ്ണില്‍ ഹിറ്റ്‌ലര്‍ റജിമെന്റിന്റെ ക്രൂരതയുടെ ജീവിക്കുന്ന പ്രതീകംപോലെ ജനമനസില്‍ തെളിഞ്ഞുനില്‍ക്കും. //-

(03.03.2013 Article published in "Sunday Mangalam",Kottayam)

George Kuttikattu georgekuttikattu.hd@gmail.com

 
Mo., 12. Aug. 2019,  Published in  Prathichaya weekly, Kottayam
-********************************************** ***********************************
 

Browse and share: https://dhruwadeepti.blogspot.com 

 ഈ ബ്ളോഗില്‍ പ്രസിദ്ധീകരിക്കുന്ന  അഭിപ്രായങ്ങളുടെ  ഉത്തരവാദിത്തം അതെഴുതുന്ന  വ്യക്തികള്‍ക്കു മാത്രമായിരിക്കും. സഭ്യമല്ലാത്ത ഭാഷയും  അപകീര്‍ത്തിപ്പെടുത്തുന്ന പദപ്രയോഗങ്ങളും ഒഴിവാക്കുക-

     

ധൃവദീപ്തി  ഓണ്‍ലൈൻ
 
 https://dhruwadeepti.blogspot.com
 
for up-to-dates and FW. link Send Article, comments and write ups to :
  DHRUWADEEPTI ONLINE LITERATURE.
Published from Heidelberg, Germany,   in accordance with the European charter on freedom of opinion and press. 
DISCLAIMER:  Articles published in this online magazine are exclusively the views of the authors. 
Neither the editor nor the publisher are responsible or liable for the contents,  objectives or opinions of the articles in any form."

FACE BOOK:  GEORGE Kuttikattu    MOB. + oo49 170 5957371
Posted by George Kuttikattu

Freitag, 25. Juni 2021

ധ്രുവദീപ്തി // PANORAMA // ഇന്ത്യാമഹാരാജ്യത്തിന്റെ അവസ്ഥ // George Kuttikattu

-ഇന്ത്യയിലെ  കൊറോണ രോഗികളുടെ  അവസ്ഥ-  
    

ഇന്ത്യാമഹാരാജ്യത്തിന്റെ അവസ്ഥ //  

George Kuttikattu

പുതിയ ഇന്ത്യൻ ദേശീയ സാമൂഹിക വികസനപുരോഗതിയും മാത്രമല്ല വിവിധ വിഷയങ്ങളും  ത്തൊൻപതാം നൂറ്റാണ്ടിൽ അതിജീവിച്ചതിനേക്കാൾ, അവയെല്ലാം കാലഹരണപ്പെട്ടു പോയ ഒരു പ്രതിഭാസമായിട്ട് നമ്മുടെ രാഷ്ട്രത്തെക്കുറിച്ചു കരുതുന്നവർ ധാരാളം കാണും. എല്ലാവിധ കാര്യങ്ങളും അത്രയ്ക് ഇരുപത്തിയൊന്നാം നൂറ്റാണ്ടുമായി അത് യോജിക്കുന്നില്ല. പ്രത്യേകിച്ച് ഇന്ന് അങ്ങനെയൊന്നു ഇന്ത്യൻ സാമൂഹിക കാര്യത്തിലതില്ല. അത്തരം അഭിപ്രായങ്ങളെല്ലാം തുറന്ന് പ്രകടിപ്പിക്കാനുള്ള നമ്മുടെ സ്വന്തം സ്വാതന്ത്ര്യത്തെ ഹനിക്കുന്ന പ്രവണതകളെ വളരെയധികം ശുഷ്‌ക്കാന്തിയോടെ തന്നെ കഴിവതും നേരത്തെ തന്നെ പ്രതിരോധിക്കാൻ കഴിയണമെന്ന് നാം ആഗ്രഹിക്കുന്നുണ്ട്. അടുത്തകാലത്ത് അവയെല്ലാമാകട്ടെ, തീർത്തും പരാജയമായാണ് ഇന്നത്തെ ഇന്ത്യൻ സാഹചര്യത്തിൽ നാം കാണുന്നത്. ഇത്തരം ചില അനുഭവങ്ങൾ അനേകം ആളുകൾക്കു നേരിടാനായത് ബുദ്ധിമുട്ടായി അനുഭവപ്പെടുന്നുണ്ട് എന്ന് പറയാതെ ഇന്ന് മുന്നോട്ട് കുറിക്കുന്നത് യുക്തിയല്ല. ബ്രിട്ടീഷ് ആധിപത്യത്തിൽനിന്നും ഇന്ത്യൻ ജനത ആഗ്രഹിച്ച ഇന്ത്യയുടെ പരിപൂർണ്ണ സ്വാതന്ത്യത്തിന്, തന്റെ ശക്തമായ ആശയങ്ങളിലൂടെയും പ്രവർത്തനങ്ങളിലൂടെയും മാത്രമല്ല, സ്വന്തമായ അഭിപ്രായങ്ങളിലൂടെയും പ്രസിദ്ധീകരിച്ചിരുന്ന എഴുത്തുകളിലൂടെയും അന്നത്തെ ഇന്ത്യൻസമൂഹത്തെ ആശ്വസിപ്പിച്ചിരുന്ന മഹാത്മാഗാന്ധിയെപ്പോലെ ഇപ്പോൾ നമ്മൾ കൂടുതൽ ചിന്തിക്കേണ്ടതായി വന്നിരിക്കുന്നു. അദ്ദേഹം ഇങ്ങനെയാണ് ചിന്തിച്ചത്.  

1904-ലാണ് "ഇന്ത്യൻ ഒപ്പീനിയൻ " പത്രം തുടങ്ങിയത്. ആദ്യത്തെ മാസം തന്നെ അദ്ദേഹം വലിയ ഒരു  യാഥാർത്ഥ്യം മനസ്സിലാക്കി."പത്രങ്ങൾ വലിയ ഒരു ശക്തിയാണ്. അതിനുള്ള ഏകലക്ഷ്യം സേവനം ആയിരിക്കണമെന്നതാണ്". പക്ഷെ നിയന്ത്രിക്കാനാവാത്ത വിധം ജലപ്രവാഹത്തിൽ എല്ലാ പ്രദേശങ്ങളെയും വെള്ളത്തിലാഴ്ത്തുകയും വിളകളെല്ലാം നശിപ്പിക്കുകയും ചെയ്യുന്ന അനുഭവംപോലെ അനിയന്ത്രിതമായ തൂലികയും നാശമേ ഉണ്ടാകുകയുള്ളൂ. നിയന്ത്രണങ്ങൾ പുറത്തുനിന്നാണെങ്കിൽ അത് ഏതു നിയന്ത്രണരാഹിത്യത്തെക്കാളും അപകടകരമായിരിക്കും". നിലവിൽ നമുക്ക് പുറത്തുനിന്നുള്ള നിയന്ത്രണമാണല്ലോ കാണുന്നത്. ഇന്ത്യയിലെ ജനങ്ങളുടെ അഭിപ്രായ-മൗലീകാവകാശസ്വാതന്ത്ര്യത്തിന്മേൽ കാണപ്പെടുന്ന കടുത്ത നിയന്ത്രണങ്ങളും അത് നടപ്പാക്കുവാൻ നിഗൂഢമായി ചില ഓൺലൈൻ മീഡിയകളെ സർക്കാർ ഉപയോഗിക്കുന്നുണ്ട്‌. ജനങ്ങളിൽ ആശങ്ക ഉണർത്തുന്ന ഇത്തരം നീചകൃത്യങ്ങളിൽ ജനങ്ങൾ അകപ്പെട്ടുപോകുന്നു. "ഇന്ത്യയിലെ ജനങ്ങളുടെയും അധികാരിവർഗ്ഗങ്ങളുടെയും ഉള്ളിൽനിന്നുള്ള മനോനിയന്ത്രണം വന്നാലേ ഗുണപ്രദമാകൂ" എന്നാണ് പ്രതിസന്ധികൾ നേരിട്ട് അനുഭവിച്ചിരുന്ന മഹാത്മാഗാന്ധിജി അഭിപ്രായപ്പെട്ടതും. അതായത്, സംയുക്ത പരിശ്രമത്തിലൂടെയും മാനുഷിക ഐക്യദാർഢ്യം ഉണ്ടാകുവാനും എല്ലാ ഇന്ത്യാക്കാരിലും അടുത്ത ഭാവിയിൽ ഒരു ഇന്ത്യാക്കാരനെ ഉള്ളിൽനിന്നു നേടുന്നതിനുള്ള എല്ലാവിധവുമുള്ള അപകടസാദ്ധ്യതകളെക്കുറിച്ചുള്ള സംയുക്ത ധാരണയിൽ കൂടി മാത്രമേ ഇന്ത്യാക്കാരുടെ ശക്തമായ ഐക്യം നടക്കുകയുള്ളൂ. അഥവാ അവർക്കതിനു അർഹതയുണ്ടാവുകയുള്ളൂ, എന്ന് മഹാത്മജി വിശ്വസിച്ചിരുന്നു. ഇന്നും സാക്ഷാത്‌കരിക്കപ്പെട്ട ഒരു യാഥാർത്ഥ്യമല്ല. 

ബ്രിട്ടീഷ് കൊളോണിയൽ ഭരണത്തിനെതിരായി അഹിംസാത്മക പ്രതിരോധം നയിച്ചിരുന്ന, പ്രത്യേകിച്ച് മഹാത്മാഗാന്ധി ,ജവർലാൽ നെഹ്‌റു എന്നിവരുടെ മഹത്തായ നേതൃത്വത്തിൽ 1947 -ൽ ഇന്ത്യയെ സ്വാതന്ത്യത്തിലേയ്ക്ക് നയിച്ചു. അതെ സമയം ഇന്ത്യൻ ഉപഭൂഖണ്ഡത്തെ മുഴുവൻ ഉൾക്കൊള്ളുന്ന ബ്രിട്ടീഷ് ഇന്ത്യയുടെ കോളനിയെ രണ്ടു വ്യത്യസ്ത രാജ്യങ്ങളായി വിഭജിക്കാൻ കൊളോണിയൽ ശക്തി ഉത്തരവിട്ടു. അത്, മതേതര ഇന്ത്യൻ യൂണിയൻ, മറ്റേത് ചെറിയ ഇസ്‌ലാം റിപ്പബ്ലിക്ക് ഓഫ് പാകിസ്ഥാൻ എന്നും പ്രഖ്യാപനം ഉണ്ടായി. അന്ന് മുസ്ലീമുകളുടെ ഭൂരിപക്ഷം ഉള്ള ഒരു പ്രത്യേക ദേശീയ രാഷ്ട്രത്തിനായി 1930 മുതൽ ഉച്ചത്തിൽ ശക്തമായി വളർന്നുവന്ന മുസ്ളീംലീഗിന്റേയും അതിന്റെ നേതാവായിരുന്ന മുഹമ്മദ് അലി ജിന്നയുടെയും ആവശ്യവും ബ്രിട്ടീഷുകാർ അങ്ങനെ അന്ന് നിറവേറ്റുകയും ചെയ്തു.

ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷം അധികാരത്തിലെത്തിയ ഇന്ത്യൻ പ്രധാനമന്ത്രിമാരും പാർലിമെന്റും നമ്മുടെ രാജ്യത്തിന്റെ പൊതുസ്ഥിതിയെക്കുറിച്ചു ഓരോവർഷവും പൊതുവെ അവലോകനം നടത്തുന്ന പതിവുണ്ടായിരുന്നു. ഇന്ത്യയെ ഒരു മാതൃകാ ജനാധിപത്യരാജ്യമായി, ഒരു മതേതര പാർലമെന്ററി രാഷ്ട്രമെന്ന കാഴ്ചപ്പാടിൽ ഉയർത്തിക്കൊണ്ടുവരാൻ അന്നത്തെ രാഷ്ട്രനേതൃത്വങ്ങൾ പരിശ്രമിച്ചിരുന്നു. ഇന്ത്യയിൽ ഐ.ടി യുഗം ആരംഭിക്കുവാനും ആധുനിക വീക്ഷണം ഉണ്ടായിരുന്ന നേതാക്കാളായ രാജീവ് ഗാന്ധി തുടങ്ങിയവരെ ഇന്ത്യയിലെ അക്രമ രാഷ്ട്രീയം മാത്രം ഉണ്ടായിരുന്നവർ ഇല്ലെന്നാക്കി. രാജീവ് ഗാന്ധിയെ അവർ ആക്രമിച്ചു കൊല ചെയ്തു. ശക്തരായിരുന്ന മഹാത്മജിയെ, ഇന്ദിര ഗാന്ധിയെ അവർ കൊലചെയ്തു. ഇന്ത്യയിലെ ഭാവി അക്രമരാഷ്ട്രീയത്തിന്റെ തുടക്കമായിരുന്നു ഈ കൊലപാതകങ്ങൾ

എന്താണിന്നത്തെ ഇന്ത്യൻ സാമൂഹിക-രാഷ്ട്രീയ അവസ്ഥ? മുൻകാലത്തെ രാഷ്ട്രീയവീക്ഷണം  ഒന്നും ഇന്നത്തെ ഇന്ത്യയിലെ ജനാധിപത്യ രാഷ്ട്രീയത്തിൽ പ്രതിഫലിക്കുന്നില്ല, ജനങ്ങൾക്ക് പ്രയോജനകരമായ പുരോഗമനമൊന്നും കാണാനുമില്ല. ഇന്നും സ്വതന്ത്ര ഇന്ത്യയുടെ അവസ്ഥയ്ക് 1945 ലേതിൽനിന്ന് വളരെയേറെ മാറ്റങ്ങൾ ഒന്നും വരുത്തി മെച്ചപ്പെടുത്തുവാൻ ഇന്നു രാഷ്ട്രീയ നിലപാടിൽ ഇന്ത്യൻ സർക്കാരിന് സാദ്ധ്യമായിട്ടില്ല. അതിനു ചില മതിയായ ഉദാഹരണങ്ങൾ നൽകാൻ കഴിയും. രാജ്യത്തെ അഭ്യസ്തവിദ്യരായ യുവജനങ്ങളുടെ തൊഴിലില്ലായ്മ, വംശീയത, വംശീയ ചിന്താഗതി, വയോജനങ്ങളുടെ പട്ടിണി, വയോജനങ്ങളുടെ ജീവ സുരക്ഷാ കാര്യങ്ങൾ, ജനങ്ങളുടെ പൊതു ആരോഗ്യവിഷയങ്ങളിലെ വലിയ പാളിച്ചകൾ, നീതിരഹിതമായിട്ടുള്ള നികുതി ചുമത്താൽ, ഇന്ത്യയിൽ നിഗൂഢജീവിതം നയിക്കുന്ന ശതകോടീശ്വരന്മാരെ നികുതി സംരക്ഷ നൽകി സഹായിക്കുന്ന നടപടികൾ, സാധാരണ പൗരന്റെ മൗലീക അവകാശങ്ങൾ നിഷേധിക്കൽ, പ്രവാസികളായ ഇന്ത്യാക്കാരെ ശിക്ഷിക്കുന്ന വിധത്തിലുള്ള അവരുടെ സ്വത്തു- സാമ്പത്തിക കാര്യങ്ങളിൽ ഈ അടുത്തകാലത്തു നിലവിൽവരുത്തിയ നിയമ നിയന്ത്രണങ്ങൾ, ഏറ്റവും അടുത്തകാലത്തു ജനങ്ങൾ നേരിടുന്ന കൊറോണ പ്രതിസന്ധിയിൽ പ്രധാനമന്ത്രിയും കേന്ദ്രസർക്കാരും എടുത്ത ജനവിരുദ്ധ നിലപാടുകൾ, ഇങ്ങനെ അനേകമനേകം ജനവിരുദ്ധമായ കാര്യങ്ങളിൽ ജനങ്ങളുടെ അഭിപ്രായം പറയുന്നതുതന്നെ സർക്കാർ വിലക്കി. ഇവയെല്ലാം ഇന്ന് ഇന്ത്യയിൽ ജനങ്ങൾ അർഹിക്കുന്നവരാണോ? സ്വയം ആളുകൾ വീണ്ടുവിചാരം നടത്തണം. ഇന്ത്യൻ ജനതയുടെ പുരോഗതി ഇന്നത്തെ ഭരണകർത്താക്കളുടെ വിഷയമല്ല

ചില ലോക രാജ്യങ്ങളുടെ പുരോഗതിയുടെ ചരിത്രത്തിൽ ചില പ്രത്യേകതകൾ കാണാനാകും. 1945- ൽ രണ്ടാം ലോകമഹായുദ്ധശേഷം രണ്ടായി വിഭജിക്കപ്പെട്ട ജർമ്മനിയുടെ ആകെമാനമുള്ള സാമൂഹ്യമാറ്റങ്ങളും, അനുബന്ധമായി സംഭവിച്ചിട്ടുള്ള രാഷ്ട്രീയ മാറ്റങ്ങളും ഇന്നും അനേകം രാജ്യങ്ങൾക്ക് ഒരു മാതൃകാപാഠമാണ്. 1982-ൽ പശ്ചിമ ജർമ്മനിയുടെ ചാൻസിലർ ആയിരുന്ന ഹെൽമുട്ട് ഷ്മിത്തിന് സ്വാഭാവികമായും പറയാനുണ്ടായിരുന്ന അഭിപ്രായം ഇപ്രകാരമായിരുന്നു: "നമ്മുടെ ജർമ്മൻ രാഷ്ട്രീയത്തിന്റെ പ്രധാന ഉദ്ദേശം രാജ്യത്തിന്റെ ഐക്യം നിലനിർത്തുക എന്നതാണ്. G.D.R. ലെ ജർമ്മൻകാരുടെ ഏതു പ്രതീക്ഷകളെയും നമ്മൾ നിരാശപ്പെടുത്തരുത്. നമ്മളേവരും എല്ലാക്കാലവും അവരുടേതാണെന്ന് എല്ലാദിവസവും അവർക്ക് ബോധ്യപ്പെടാൻ, അത് അനുഭവേദ്യമാക്കാൻ കഴിയണം". അത് ഇന്ന് ബാധകമല്ലേ? തീർച്ചയായും, അതിൽമാറ്റമില്ല. ഇരു ജർമ്മനികളും 1989-ൽ ഒന്നായിത്തീർന്നു. 1933- ലെ അവസ്ഥയിൽനിന്നും ഇപ്പോൾ ഐക്യ ജർമ്മനി എന്നത്തേതിലും വളരെയേറെ മെച്ചപ്പെട്ട അവസ്ഥയിലായിത്തീർന്നു. ജർമ്മൻകാർ എല്ലാവരും ഒരേനിയമത്തിനു മുന്നിൽ സമന്മാരായിരിക്കുന്നു. ഇന്ത്യ സ്വാതന്ത്ര്യം പ്രാപിച്ചപ്പോൾ രണ്ടായി വേർപെട്ട ഇന്ത്യൻ ജനതകളായിരുന്ന ഇന്ത്യാക്കാരനും ഒരു പാകിസ്ഥാനിയും ഇപ്പോൾ ഏതുവിധം ചിന്തിക്കുന്നു? 

ജനാധിപത്യപരമായി പൊതുതെരഞ്ഞെടുപ്പിൽ അവരുടെ പ്രതിനിധികളെ തെരഞ്ഞെടുത്തു അയച്ചു സ്വന്തം സർക്കാരിനെ ജർമ്മൻ ജനത തെരഞ്ഞെടുക്കുന്നു. ഫെഡറൽ ജർമ്മനിയിൽ രഹസ്യ അക്രമികളുടെ അക്രമത്തെയോ രഹസ്യപോലീസിനെയോ അവർക്ക് ഭയപ്പെടേണ്ടതില്ല. ഇന്ന് ജനങ്ങളുടെ  ജീവിതനിലവാരം മെച്ചപ്പെട്ടതാണ്. വളരെ ഗുരുതരമായ അപകടങ്ങളൊന്നും ജർമ്മനിയിൽ അവരുടെ ബാഹ്യസമാധാനത്തിനു ഭീഷണിയല്ല. ക്രിയാത്മക പ്രവർത്തനങ്ങൾ രാജ്യത്തെ ജനങ്ങൾക്കുവേണ്ടി നടപ്പിലാക്കുകയും ചെയ്യുന്നുണ്ട്. എങ്കിലും ഇക്കാലത്തെ ലോക രാഷ്ട്രീയത്തിന്റെ ഇരുണ്ട നിഴലിൽ നിന്നുകൊണ്ട് ചില സാമൂഹ്യവിരുദ്ധശക്തികൾ അവിടെ ചില പ്രശ്നങ്ങൾ ഉണ്ടാക്കുവാനും വിദേശീവിരുദ്ധമനോഭാവം ജനങ്ങളിൽ സൃഷ്ടിക്കാനും ചിലർ ഗൂഢമായി ശ്രമിക്കുന്നുണ്ട്. എന്നിരുന്നാലും ജർമ്മനിയുടെ സാമൂഹികജീവിതാവസ്ഥയിൽ ഇന്ന് വലിയ പരിവർത്തനങ്ങൾ ഉണ്ടായിട്ടുണ്ട്. 

ഫെഡറൽ ജർമ്മനിയുടെ ഭരണഘടനാസംരക്ഷണ റിപ്പോർട്ട് പ്രകാരം ജർമ്മനിയിൽ ഈയിടെ അക്രമാസക്തരായ വലതുപക്ഷ തീവ്രവാദികളുടെ എണ്ണം കഴിഞ്ഞ വർഷത്തേതിലും വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. ഫെഡറൽ ജർമ്മൻ ഭരണഘടനയുടെ സംരക്ഷണത്തിനുള്ള ഓഫീസ് ജർമ്മനിയിലെ 33000 ആളുകളെ വലതുപക്ഷ തീവ്രവാദികളായി തരംതിരിക്കുന്നു. ഫെഡറൽ ജർമ്മനിയുടെ ആഭ്യന്തരവകുപ്പും ജർമനിയുടെ ഫെഡറൽ ഓഫീസ് ഫോർ ദി പ്രൊട്ടക്ഷൻ ഓഫ് കോൺസ്റ്റിട്യുഷനും ചേർന്ന് ഇത്തരം സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ മുളയിലേ തന്നെ നുള്ളി കളയുവാൻ നടപടികൾ എടുത്തുകഴിഞ്ഞു. എന്നാൽ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമെന്ന് വിളിപ്പേരുള്ള ഇന്ത്യയിൽ ഇന്ന് നാം മനസ്സിലാക്കുന്ന രാഷ്ട്രീയ പ്രതിസന്ധിയുടെ നടുവിലൂടെ പോകുന്ന തീവ്രവാദത്തിന് ഉള്ളിൽനിന്നും അവർക്ക് ഭരണതലത്തിൽനിന്നും ഒളി സഹായം നൽകുന്ന അവസ്ഥയാണ് കാണപ്പെടുന്നത്. ജർമ്മൻ രാഷ്ട്രീയസാഹചര്യങ്ങൾ ഇവിടെ കുറിക്കുവാൻ കാരണം, ഇതിലൂടെ നാം കാണുന്ന കാര്യങ്ങൾ ഇന്ത്യൻ ജനതയുടെ ആഴത്തിലുള്ള ആശങ്കയെന്താണെന്ന് താരതമ്മ്യപ്പെടുത്തുവാനാണ്.

ഏതെങ്കിലും ഒരു വിദേശി ഇന്ത്യയിൽ തന്റെ ഭാവിജീവിത സ്വപനം കാണുവാൻ ആഗ്രഹിക്കുമോ ?

അതേസമയം, ഇന്ത്യയിൽ നിലവിലുള്ള സാമൂഹിക അവസ്ഥ ഒരു തരത്തിലും തൃപ്തികരമല്ല. രാഷ്ട്രീയസ്വാർത്ഥതയിലൂടെയും നിസംഗതയിലൂടെയും നമ്മൾ ഗുരുതരമായിട്ടുള്ള തെറ്റുകൾ വരുത്തി. കാരണം, നമ്മളുടെ ഇന്നത്തെ അവസ്ഥയ്ക്ക് ഭാഗികമായി വലിയ പ്രതീക്ഷകളെയും ഭാഗികമായി മുൻവിധികളെയും വ്യക്തമല്ലാത്ത വിധത്തിൽ ജനവികാരത്തിൽ ആഴത്തിൽ അടയാളപ്പെടുത്തിയിരുന്നു. ഇതുതന്നെ നമ്മോടു വളരെയധികം പൂർണ്ണമായ ഐക്യദാർഢ്യം മിക്കവാറും എല്ലാ മേഖലകളിലും ആവശ്യപ്പെടുന്ന അവസരത്തിൽ, അതിന് പകരം ഇപ്പോൾ വലിയ ആശങ്കകൾ കാണപ്പെടുന്നു. നമ്മുടെ ഇപ്പോഴുള്ള അവസ്ഥയ്ക്ക് കാരണമായത്, ഇങ്ങനെ അധികപ്രതീക്ഷകളും അതേസമയം നമ്മുടെ ഉപേക്ഷാമനോഭാവവും ആണ്. ഇന്ത്യാക്കാരിൽ വലിയ പരിവർത്തനങ്ങൾ ഉണ്ടാകണം. ജനങ്ങളിൽ മാനസ്സികമായി വീണ്ടുവിചാരം ഉണ്ടാകണം. കൂടുതൽ പരിശ്രമങ്ങളും, അത് എല്ലാമേഖലകളിലും വ്യത്യാസങ്ങൾ കാണാതെ മതിയായതരം മാറ്റങ്ങൾക്ക് ജനങ്ങൾ സജ്ജമാകണം. ഇന്ത്യയുടെ പാർലമെന്ററി ജനാധിപത്യം ജനങ്ങളുടെ വോട്ടുകൾ നൽകി ഒരുകൂട്ടം സാമൂഹ്യവിരുദ്ധർക്ക് ജീവിതം മെച്ചപ്പെടുത്തുവാനാകരുത്. നാം ജീവിക്കുവാൻവേണ്ടി എല്ലാ ലോകരാഷ്ട്രങ്ങളിലേയ്ക്കും അഭയാർത്ഥികളെപ്പോലെ പോകുന്നു. അതേസമയം എത്ര വിദേശികൾ, ഒരു ജീവിതം സഫലമാക്കാൻ, ഒരു തൊഴിൽ ലഭിക്കുവാൻ, ഇന്ത്യയിലേയ്ക്ക് കുടിയേറുന്നുണ്ട്? അതിനു ഇന്ത്യൻ രാഷ്ട്രീയക്കാർ മറുപടി നൽകുമോ? ഇന്ത്യയിൽ അനേകം ശതകോടീശ്വരന്മാർ ജീവിക്കുന്നു. അവർ നികുതി നൽകുന്നില്ല. ഇന്ത്യൻ സർക്കാർ അവരെ വീണ്ടും വീണ്ടും പ്രോത്സാഹിപ്പിക്കുന്നു. സർക്കാർവക സ്ഥാപനങ്ങൾ, ഇന്ന്  രാജ്യത്തെ വിമാനത്താവളങ്ങൾ ഇവയൊക്കെ അവർക്ക് ഭാഗികമായി സമ്മാനിക്കുകയാണ്. ജനങ്ങൾ ഒരു തൊഴിൽ സംരംഭം ആരംഭിച്ചാൽ, അഥവാ, അവർ കൃഷി നടത്തി ജീവിതം മെച്ചപ്പെടുത്താൻ ശ്രമിച്ചാൽ അവരെ നികുതിക്കുരുക്കിൽ മുക്കി ഇല്ലെന്നാക്കുന്ന പുതിയ നികുതിനിയമങ്ങൾ ഉണ്ടാക്കുന്നു. യുവജനങ്ങൾക്ക് ഒരു തൊഴിൽ ഇന്ത്യയിൽ ലഭിക്കുവാൻ കഴിയുന്നില്ല, ഉണ്ടെങ്കിൽ കോടികൾ കൈക്കൂലിപ്പണം നൽകണം. മറുനാട്ടിൽ പോയി ജീവിക്കാമെന്ന് കരുതിയവർക്ക് തെറ്റിപ്പോയി. അവരുടെ സമ്പാദ്യത്തിന്മേൽ ഇന്നത്തെ സർക്കാർ നികുതി നിയമങ്ങളാൽ ശ്വാസം മുട്ടിക്കുന്നു. ഇതാണോ ആധുനിക ഇന്ത്യയുടെ യഥാർത്ഥ മാതൃക? ഇത് ഇന്ത്യൻ ജനാധിപത്യത്തിന്റെ പ്രതീകാത്മകതയാണോ? ഇന്ത്യയിലെ ജനങ്ങളുടെ സുരക്ഷാജീവിതം ഉറപ്പാക്കുന്ന ഒരു സർക്കാരിനെയാണ് നാം വിഭാവനം ചെയ്യേണ്ടത്.

ഇങ്ങനെ കുറിക്കുമ്പോൾ, ഒരു സങ്കല്പ ചിത്രം എനിക്കുവേണ്ടി മുന്നിൽവന്നു നിലകൊള്ളുന്നു. രണ്ടു ആളുകൾ കണ്ടുമുട്ടുന്നു. ഒരാൾ കുനിഞ്ഞും, മറ്റെയാൾ കുറെ ദുഃഖിതനായും കാണുന്നു. ഉടനെതന്നെ അയാൾ മറ്റേയാളുടെ മുഖത്തു വലിയ പ്രതീക്ഷയോടെ നോക്കുന്നു. ഉടനെതന്നെ അവനെ, മറ്റെയാൾ നിവർന്നു നിൽക്കുകയും, ആത്മാർത്ഥമായി കെട്ടിപ്പിടിക്കുകയും ചെയ്യുന്നു.. ഒരു നീണ്ട യാത്രയ്ക്ക്ശേഷം മുൻകാലത്തെ വീട്ടിലേയ്ക്ക് മടങ്ങുന്നതിന്റെ ചിത്രം. വളരെനാൾ ഒരു വിദേശത്തു താമസം ഉണ്ടായിരുന്ന സഹോദരൻ ഒടുവിൽ വാതിൽക്കൽ വന്നുനിൽക്കുന്നു. അപ്പോൾ അവനെ ഹൃദയപൂർവ്വം ക്ഷണിക്കുകയും അവനുമായി പങ്കിടുകയും ചെയ്യുന്നു, മറ്റു ചെലവുകൾ ഒന്നും ആവശ്യപ്പെടുന്നില്ല. അവിടെ സ്വാതന്ത്ര്യവും സാഹോദര്യവും ഒരുമിച്ചുണ്ട്. പക്ഷെ, ഇന്ന്, ഇന്ത്യയിൽ ഈ പെരുമാറ്റപ്രത്യേകത എത്രമാത്രം ഉണ്ടെന്നു ഉത്തരമില്ലാത്തതായ ചോദ്യങ്ങളായി അവശേഷിക്കുന്നു. പരസ്പരം യാതൊരു പ്രതിബദ്ധതയുമില്ലാത്ത സാഹോദര്യം മാത്രമേ ഇന്ന് ഇന്ത്യയിൽ കാണപ്പെടുന്നുള്ളൂ.

ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചു എന്നവകാശപ്പെടുന്നുണ്ട്. എന്നാൽ ഇന്ത്യയിൽ ഇന്ന് ജനങ്ങൾക്ക് സ്വാതന്ത്ര്യം ഇല്ല. ബ്രിട്ടീഷ് കൊളോണിയൽ ഭരണത്തിൽനിന്നും ഇന്ത്യയ്ക്ക് പൂർണ്ണ സ്വാതന്ത്ര്യം നേടിത്തന്ന മഹാത്മാവിനെ വെടിവച്ചു കൊലപ്പെടുത്തിയ ഇന്ത്യൻ രാഷ്ട്രീയ തീവ്രവാദികളും ജനങ്ങളും അത്തരം ആദർശവാദികളുടെ ഏകാധിപത്യത്തിന്റെ തണലിൽ അടിമകളായി ഇന്ന്  ഇരിക്കുവാനാണ് പ്രിയപ്പെട്ട സങ്കല്പം. ഇന്ത്യാരാജ്യത്തിന്റെ ഐക്യവും അയൽരാജ്യങ്ങളുമായി തികഞ്ഞ സൗഹൃദവും പാലിക്കുവാനും ഭരണഘടനാപരമായി ഒരു പാർലിമെന്ററി ജനാധിപത്യ പരമാധികാരരാഷ്ട്രമായിരിക്കാനും ഇന്ത്യൻ ഭരണാധികാരികൾ ശ്രദ്ധിക്കുന്നില്ല. 

ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചു കഴിഞ്ഞിട്ടും ഇന്നും ജനങ്ങളിൽ മുൻകാലങ്ങളിലെ മനോഭാവം തന്നെ തുടരുകയാണ്. അതായത്, ജനങ്ങളുടെ ആവശ്യങ്ങളെല്ലാം നടപ്പാക്കാൻ തെരഞ്ഞെടുത്തു വിട്ട ജനപ്രതിനിധികളെ ഭയത്തോടേയും അമിത മുൻവിധിയോടെയും ഭയപ്പെടുന്നു. അവരെ അമിതമായി ബഹുമാനിക്കുന്നു. ജനപ്രതിനിധികൾ ചേർന്ന് രൂപം നൽകിയ നമ്മുടെ സർക്കാർ സങ്കല്പത്തെ തല കുനിച്ചു വന്ദിക്കുന്നു. അനുസരിക്കാൻ മാത്രം അറിയുന്നു. ഇത് ജനാധിപത്യ വ്യവസ്ഥിതിയാണോ? ഇന്ത്യയിൽ ഈയൊരു പാരമ്പര്യം തുടരുന്നു. എന്നാൽ സർക്കാർ എന്താണ് ചെയ്യുന്നത്, നിയമങ്ങളുടെ വാൾ ഉയർത്തി ജനങ്ങളെ മുട്ടുകുത്തിക്കുന്നു.

സാമൂഹ്യവികസനകാര്യങ്ങളിൽ സംസ്ഥാനങ്ങൾ ഇന്ന് കൂടുതൽ പണം ചെലവഴിക്കുന്നുണ്ടോ? ഇന്ത്യയിൽ കൂടുതൽ ആളുകൾ സർക്കാർ സഹായത്തെ ആശ്രയിക്കുവാൻ ആഗ്രഹിക്കുന്നുണ്ട്. കാരണം ഇന്ത്യൻ ജനതയുടെ ജീവിതാവശ്യങ്ങൾക്കു വേണ്ടിവരുന്ന ആവശ്യവസ്തുക്കൾക്കുള്ള മാർഗ്ഗങ്ങൾ അവർക്കില്ല. പ്രായമായവരെ പ്രത്യേകിച്ച് അത് ബാധിക്കുന്നുണ്ട്. അതിന് ഇന്ത്യയിൽ സാമൂഹ്യ സഹായത്തിനായി കേന്ദ്രസർക്കാരും സംസ്ഥാനസർക്കാരുകളും കൂടുതൽ പണം ചെവഴിക്കണം. പാര്ലിമെന്റിലോ നിയമസഭകളിലോ ജനങ്ങളുടെ ഇത്തരം ആവശ്യങ്ങൾക്ക് പരിഹാരം കാണുവാനുള്ള ആവശ്യങ്ങൾ ഉന്നയിക്കുവാൻ ജനപ്രതിനിധികൾ ചിന്തിക്കുന്നില്ല. ജനങ്ങളുടെ അടിയന്തിര അഭ്യർത്ഥനയ്ക്കനുസരണമായ തോതിൽ സർക്കാരിന്റെ ശരിയായ പിന്തുണയോ ഉണ്ടാകുന്നില്ല. ഇന്ത്യൻ സർക്കാരിന്റെ മോഹനവാഗ്ദാനങ്ങളിൽ ജീവിതചെലവിന് വേണ്ടി സഹായത്തിനായുള്ള ഒരു പദ്ധതി കാണുന്നില്ല. ദാരിദ്ര്യവും, അനാരോഗ്യവുംമൂലം, വാർദ്ധക്യത്തിൽ ഉണ്ടായിരിക്കേണ്ട അടിസ്ഥാന സുരക്ഷാ, വരുമാനത്തിന്റെ ശേഷികുറയൽ, ആരോഗ്യത്തിനും രോഗീപരിചരണത്തിനുമുള്ള സഹായം, പ്രത്യേകതരം  സാമൂഹിക ജീവിത ബുദ്ധിമുട്ടുകൾ മറികടക്കുന്നതിനുള്ള സഹായങ്ങൾ, ഇങ്ങനെ നിരവധി കാര്യങ്ങൾ സർക്കാർ തലത്തിലുള്ള വിഷയമല്ല. ഏറ്റവും വലിയ ഇനം ആവശ്യം ഉള്ളത് വാർദ്ധക്യകാലത്തിന്റെ അടിസ്ഥാന സുരക്ഷയും ചികിത്സാസഹായങ്ങളും ഒന്നും ധനകാര്യബജറ്റുകളിൽ ഉണ്ടാവുന്നില്ല. കൂടുതൽ ആളുകൾക്ക് സഹായം ആവശ്യമുണ്ട്. അവർക്ക് പെൻഷനോ, ദീർഘകാല പരിചരണ ഇൻഷുറൻസോ സമഗ്രമായ സമാനമായ സാമൂഹിക സുരക്ഷകളോ നൽകാനും സർക്കാരിന് കഴിയില്ല. അതേസമയം സാമ്പത്തികാടിസ്ഥാനങ്ങൾ ഒന്നും നോക്കാതെ ഇങ്ങനെയുള്ള ഓരോ ആളുകളിൽനിന്നും സാമ്പത്തികാടിസ്ഥാനങ്ങൾ നോക്കാതെ അമിതവും സാമൂഹ്യനീതിയും ഇല്ലാത്ത നികുതിപ്പണം സർക്കാർ പിടിച്ചെടുക്കുന്നു

എന്താണ് മറ്റു ചില രാജ്യങ്ങളിൽ കാണപ്പെടുന്നത്? ആധുനിക യൂറോപ്യൻ രാജ്യങ്ങളിൽ ഉള്ള ജനങ്ങളുടെ അടിസ്ഥാനസുരക്ഷകളും ഉപജീവനത്തിനുള്ള സഹായങ്ങളും അടിയന്തിരമായിട്ടു ആവശ്യമുള്ള ആരോഗ്യസംരക്ഷണസൗകര്യങ്ങളും ആനുകൂല്യങ്ങളും പരിചരണത്തിനുള്ള സഹായങ്ങളും നൽകുന്നുണ്ട്. ജർമ്മനിയിൽ ഇത്തരം കാര്യങ്ങൾ പരിഹരിക്കുവാൻ സർക്കാർ 6. 9 ബില്യൺ യൂറോയുടെ സാമ്പത്തികപദ്ധതി ഉണ്ടാക്കി. എന്നാൽ ഇന്ത്യയിൽ ഇത്തരം കാര്യങ്ങൾ പരിഹരിക്കുവാൻ അല്ല, മറിച്ചു ഇന്ത്യൻ സർക്കാരിന്റെ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത് ആയുധം വാങ്ങുന്നതിലാണ്. ഒരു മനുഷ്യജീവിതം ഏറ്റവും അവസാനത്തേതാണ്. "കൊറോണ പ്രതിസന്ധി ഒരു പ്രകൃതി ദുരന്തമായി കാണാനാവില്ല, അതിനാൽ അതിനിരയായവർക്ക് സാമ്പത്തികമായ സഹായം നൽകാൻ കഴിയില്ല" എന്ന മാദ്ധ്യമങ്ങളുടെ വെളിപ്പെടുത്തലുകൾ, ഒരു സർക്കാരിന്റെ നിലപാട് നമ്മെ ഭയപ്പെടുത്തുന്നു. "കോവിഡ് പ്രതിരോധപ്രവർത്തങ്ങളിൽ കേന്ദ്ര സർക്കാരിന്റെ മെല്ലെപ്പോക്ക് നയത്തെ" ഇന്ത്യയിലെ കോൺഗ്രസ് പാർട്ടി പ്രസിഡന്റ് മിസ്സിസ് സോണിയ ഗാന്ധി വിമർശിച്ചതായി കേരളത്തിലെ ദീപികപത്രം 24.06.21ൽ റിപ്പോർട്ട് ചെയ്തിരുന്നു. ഇന്ത്യൻ ആരോഗ്യ മന്താലയ റിപ്പോർട്ട്പ്രകാരം 30,1626028 ഡോസ് വാക്സിൻ വിതരണം ചെയ്തു. എന്നാൽ ഇന്ത്യൻ കേന്ദ്ര ഭരണകൂടത്തെയോ പ്രധാനമന്ത്രിയെയോ വിമർശിക്കാൻ ജനങ്ങൾക്ക് മൗലികാവകാശമുണ്ടെന്ന് ഇന്ത്യൻ സുപ്രീംകോടതി വിധിക്കുന്നു. പക്ഷെ വിമർശിച്ചാൽ കാര്യം വേറെയാകും. ഇന്ത്യൻ സർക്കാർ വിദേശപൗരന്മാരുടെ സ്വാതന്ത്യ്രത്തെപ്പോലും വിരൽചൂണ്ടുന്നു. അതിനു ഒരു വലിയ ഉദാഹരണം ഇവിടെ കുറിക്കട്ടെ. ഇക്കഴിഞ്ഞ ഒരു ദിവസം ഇംഗ്ലണ്ടിൽ നടന്നിരുന്ന ഒരു പ്രത്യേക ചർച്ചാവിഷയം : (Der Spiegel 1 Online report-22.06.21) കാര്യം ഇതാണ് സംഭവിച്ചത്: 

The situation in the morning Can you still say "Indian 
variant"?-
-By Dirk Kurbjuweit-, author in the SPIEGEL capital 
city office

Dear reader, good morning,

Today we are dealing with the Wirecard case, with freedom of 
expression, with my Nazi grandfather, with Willi Orban. And with 
degrees of freedom.
22.06.2021, 5.44 a.m.
»Indian variant«
Queue in front of vaccination center in London-
Yesterday in the early evening I was sitting on the terrace of the 
Moorlake restaurant, one of the most beautiful places in Berlin. 
View of the water, view of the trees. At the next table, the guests 
discussed with a waiter whether it would make sense to move the final 
of the European Championship from London to Berlin because of the 
increasing incidence in England. The waiter looked for the word for 
the variant of the virus that is rampant there. "Delta," helped one 
of the guests. "We're not allowed to say Indian anymore," added a 
woman.

I found this formulation interesting. The government of India had 
asked not to use the term "Indian variant" because it could 
stigmatize. Many voices in Germany have supported this. In the mind 
of that woman it became: we are not allowed to say any more. But of 
course there is no ban.

However, your sentence fits in with a survey by Allensbach that was 
published last week: 44 percent of Germans have the feeling that you 
cannot freely express your political opinion in Germany. You made it 
too easy for yourself if you were to counter them: But you can, 
guaranteed by the Basic Law. On the other hand, there is a growing 
sensitivity that undermines the basic right to freedom of expression 
through massive reprimands.

There can also be linguistic taboos, with really bad, hurtful terms. 
For me, »Indian variant« is not one of them.

    Warning against delta variant: "We'll make the same mistakes 
again" //  

 ജനാധിപത്യം ഇന്ത്യയിൽ മരണപ്പെട്ടുവോ?

അതേസമയത്ത് ഇന്ത്യൻ സർക്കാർ സൈനികശക്തി വർദ്ധിപ്പിക്കുന്നതിന് ഫ്രാൻസിൽനിന്നും 96000 കോടി രൂപ വിലകൊടുത്ത് 36 റാഫേൽ യുദ്ധവിമാനങ്ങൾ വാങ്ങുന്നതു സംബന്ധിച്ച ഒരു കരാർ നടത്തിയതായി കേരളത്തിലെ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതേപ്പറ്റി ആരും ഒരു അഭിപ്രായവും പറയരുത്. ഫേസ്‌ബുക്ക് തുടങ്ങിയ ചില മാദ്ധ്യമങ്ങൾ ഉടൻ പ്രതികരിക്കും ഇത് കമ്മ്യുണിറ്റി സ്റ്റാൻഡേർഡിനു ചേർന്നതല്ല. ഈ അഭിപ്രായം ഞങ്ങൾ തുടച്ചു നീക്കുന്നു ,എന്ന് മുന്നറിയിപ്പും തരും. ഇന്ത്യൻ ഭരണഘടനക്കെതിരെ ഈ മാദ്ധ്യമങ്ങളും കേന്ദ്രസർക്കാരും കൂടി പരസ്പരം അറിയാതെ ജനങ്ങളുടെ സ്വന്തം അഭിപ്രായസ്വാതന്ത്ര്യത്തിൻ മേൽ നടപടിയെടുക്കുന്ന അനുഭവമാണ്.. നിയമപരവും ഭരണഘടനാപരവുമായ അവകാശങ്ങളോടെ ജീവിക്കുന്ന വലിയ ഒരു സമൂഹമെന്ന നിലയിൽ നമ്മുടെ മാതൃരാജ്യത്തിന്റെ ശരി നിർവചനവും അന്തസ്സും അവർ കുറയ്ക്കുക മാത്രമല്ല, നമുക്ക് ഉയർന്ന നിലവാരമുള്ള ഒരു സ്ഥാപനമാണെന്നുമുള്ള ധാരണയും ഇക്കൂട്ടർ ഇല്ലാതാക്കുന്നു. 1947 ലെ കാലഘട്ടത്തിൽ ഇന്ത്യാക്കാരുടെ ഏകീകരണവും നമ്മുടെ വിമോചനവും കൊണ്ടുവന്ന ഒരു രാഷ്ട്രമെന്ന നിലയിൽ ഇന്ത്യാക്കാരുടെ അഭിമാനബോധ്യമാണ് ഫെഡറൽ റിപ്പബ്ലിക്ക് ഓഫ് ഇന്ത്യ. സ്വാതന്ത്യം പ്രാപിക്കുന്നതിന് മുമ്പുള്ള പഴയ ഇന്ത്യയിൽ നാം നമ്മുടെ സ്വന്തം രാജ്യത്തെ ന്യായീകരിക്കുന്നതിനു ഒരു ദേശീയ സ്വത്വത്തിന്റെ ആഴമേറിയ അഭാവമുണ്ടായിരുന്നു. ഇന്ത്യാമഹാരാജ്യത്തിന്റെ നിയമസാദ്ധ്യതകളുടെ ഏറ്റവും പ്രധാനപ്പെട്ട ഘടകം ഒരു ക്ഷേമരാഷ്ട്രമെന്ന നിലയിൽ അതിന്റെ രൂപ ഭാവമാറ്റം മാറിയിട്ടില്ല. ഇതിനർത്ഥം നാഗരികവിശ്വസ്തത എത്രയും കൂടുതൽ നമ്മുടെ പ്രതീക്ഷകൾക്ക് അനുസൃതമായി നമ്മുടെ രാജ്യത്ത് യോജിച്ച സാമൂഹിക രാഷ്ട്രീയജീവിതം നടപ്പിലാക്കുന്ന ഭരണമല്ലെന്നു ഇന്ത്യയിലെ ഒരു പ്രതിപക്ഷ പാർട്ടി നേതാവ് കഴിഞ്ഞ നാളിൽ പ്രസ്താവിച്ചിരുന്നു. മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു

ഇതെല്ലാം സത്യമാണെങ്കിൽ നാം വളരെ വളരെ ശ്രദ്ധാലുക്കളായിരിക്കണം, കാരണം, ഭാവിയിൽ നമുക്കുള്ള ചില സാമൂഹിക-രാഷ്ട്രീയ പ്രതീക്ഷകൾ നിറവേറ്റപ്പെടാൻ കഴിയാതെ വരും. ഇത് കാരണമായി രാജ്യത്തെ നിയമസാധുതപോലും നഷ്ടപ്പെടാൻ കാരണമായിത്തീരാം. ഇപ്രകാരം ഭൂതകാലത്തിന്റെ അവസ്ഥയിലേയ്ക്ക് മാറ്റിയാൽ, ഇന്ത്യയിലാകെ ഗണ്യമായ പരിവർത്തന ബോധം ഇന്ത്യൻ ജനതയ്ക്ക്  നഷ്ടപ്പെടും.ബ്രിട്ടീഷ് ഭരണത്തിൽനിന്നും സ്വാതന്ത്ര്യം ലഭിച്ചിട്ടും പുതിയ ഭാവി പ്രതീക്ഷകൾ ഇതുവരെയും പൂവണിഞ്ഞിട്ടില്ല. ഇക്കാര്യം ഇന്ത്യയിലെ ജനങ്ങൾ ഇതിനകം മനസ്സിലാക്കിക്കഴിഞ്ഞുവോ? ലോകത്തിലെ ഏറ്റവും വലിയ മതേതര പാർലമെന്ററി ജനാധിപത്യ രാഷ്ട്രത്തിൽ ജനങ്ങളുടെ അവകാശപ്പെട്ടതായ അഭിപ്രായ മൗലികസ്വാതന്ത്ര്യം ഇന്ന് സർക്കാർ തടയുന്ന വാർത്തകൾ അന്താരാഷ്ട്രതലത്തിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടല്ലോ. വിവിധ മതവിശ്വാസ പാരമ്പര്യ ആചാര സ്വാതന്ത്ര്യത്തെപ്പോലും ഇന്ന് നിത്യവും വെല്ലുവിളിയും ഭീഷണികളാലും ജനങ്ങളെ അസ്വസ്ഥരാക്കുന്നുണ്ട്. നാമെല്ലാം ഒരു ജനതയാണെന്ന വികാരം അട്ടിമറിക്കപ്പെടുന്നു

നമ്മൾക്ക് ഒരു വിമോചിത സ്വതന്ത്ര ഇന്ത്യ വേണം. പക്ഷെ, ഉയർന്ന ജീവിതനിലവാരം ഉടനെ പ്രതീക്ഷിച്ചില്ലെങ്കിലും,പ്രതീക്ഷിക്കുന്ന ഭാവിയിലേക്കുള്ള തുടക്കമല്ല, മറിച്ചു നാം ആഗ്രഹിച്ച പ്രതീക്ഷകൾ എല്ലാം ഇപ്പോൾ കൂടുതൽ ഏറെ ആഴത്തിലായിരിക്കുന്നു. ഒരു ഇന്ത്യൻ പൗരൻ എന്നർത്ഥമാക്കുന്നതു എന്താണ്? ആധാർ കാർഡോ, പൗരത്വനിയമമോ മൂലമുള്ള തിരിച്ചറിവൊ അല്ല. നമ്മുടെ കൂട്ടായ ഐക്യം ഒരു ഇന്ത്യാക്കാരനാക്കുകയെന്നാൽ നമ്മുടെ ചരിത്രത്തിന്റെ ഉയർച്ചയും താഴ്ചയും പരസ്പര ബാദ്ധ്യതയും ഒരു പൊതു ഭാവിയിലേക്കുള്ള പരസ്പരമുള്ള യഥാർത്ഥ ബാദ്ധ്യതയുമാണ്

ചില പ്രതീക്ഷകൾക്ക് വിരുദ്ധമായി, നമ്മൾ യഥാർത്ഥത്തിൽ ഇന്ത്യ എന്ന ഒരു രാഷ്ട്രത്തിലെ ഇന്ത്യാക്കാരാണ്, പൗരന്മാരാണ്. അങ്ങനെ ആഗ്രഹിക്കാത്ത ഒരു രാജ്യമാണെന്ന വാചകം ഇന്ന് പൂർണ്ണമായും തെറ്റാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ഒരു ഇന്ത്യാക്കാരനാവുകയെന്നാൽ നമ്മുടെ എല്ലാ ആളുകളുടെയും അയൽക്കാരുടെയും ഉയർച്ചയും താഴ്ചയും ഒരുപോലെതന്നെ മാറ്റമില്ലാതെ സംയുക്തമായിട്ടുള്ള പൊതു ഭാവിയിലേക്കുള്ള പരസ്പരാബാദ്ധ്യതയുമാണ്. ഇതിനു തീർച്ചയായും നാം പരിശ്രമിക്കേണ്ടതുണ്ട്. ഒരു സുസ്ഥിര സമൂഹം- എല്ലാവശത്തുനിന്നും നാമെല്ലാം അതിനെ സമീപിക്കുമ്പോൾ, ഓരോരുത്തരും അക്കാര്യം നന്നായി  അറിയുമ്പോൾ, ഞാനും, അതുപോലെ മാറണം. നമ്മൾ ഓരോരോ ഇന്ത്യൻ പൗരന്റെ പദവി പൊതുനന്മയിലേയ്ക്ക് പുനഃസ്ഥാപിക്കാൻ ശ്രമിച്ചാൽ, അതുപോലെ നമ്മുടെ ഇന്ത്യൻ ജനാധിപത്യസ്വാതന്ത്ര്യത്തെയും വികസനത്തെയും ശക്തമായി സംരക്ഷിക്കുകയാണെങ്കിൽ, ഇന്ത്യ മാതൃകാപരമായ മതേതരപരമാധികാര രാഷ്ട്രം  ആയി വളരും, അതുപോലെതന്നെ അതിനനുസരണമായി നമ്മുടെ ഇന്ത്യൻ സ്വത്വവും വളരും.//-

********************************************************************************************************

Browse and share: https://dhruwadeepti.blogspot.com 

 ഈ ബ്ളോഗില്‍ പ്രസിദ്ധീകരിക്കുന്ന  അഭിപ്രായങ്ങളുടെ  ഉത്തരവാദിത്തം അതെഴുതുന്ന  വ്യക്തികള്‍ക്കു മാത്രമായിരിക്കും. സഭ്യമല്ലാത്ത ഭാഷയും  അപകീര്‍ത്തിപ്പെടുത്തുന്ന പദപ്രയോഗങ്ങളും ഒഴിവാക്കുക-

     

ധൃവദീപ്തി  ഓണ്‍ലൈൻ
 
 https://dhruwadeepti.blogspot.com
 
for up-to-dates and FW. link Send Article, comments and write ups to :
  DHRUWADEEPTI ONLINE LITERATURE.
Published from Heidelberg, Germany,   in accordance with the European charter on freedom of opinion and press. 
DISCLAIMER:  Articles published in this online magazine are exclusively the views of the authors. 
Neither the editor nor the publisher are responsible or liable for the contents,  objectives or opinions of the articles in any form."

FACE BOOK:  GEORGE Kuttikattu    MOB. + oo49 170 5957371
Posted by George Kuttikattu
 
e-mail- dhruwadeepti <dhruwadeeptionline@gmail.com>