ധ്രുവദീപ്തി : -Religion-
- കത്തോലിക്കാസഭ -
സഭ വേദനാജനകമായ മാറ്റങ്ങളെ
അഭിമുഖീകരിക്കുന്നു.
സീറോ മലബാർ സഭയിലെ ബിഷപ്പുമാരും പുരോഹിതരും സഭാംഗങ്ങളും. //
George Kuttikattu |
മാർപാപ്പയ്ക്ക് നേർക്കുള്ള വെല്ലുവിളി !
ഇതിന്റെ പേരോ ആത്മീയത?
സഭയിലെ അംഗങ്ങളായ വിശ്വാസികളുടെ വിശ്വാസം നഷ്ടപ്പെട്ട സീറോമലബാർ സഭാനേതൃത്വം കേരളത്തിന് മാത്രമല്ല ലോക ക്രിസ്തുമതത്തിന് അപമാനമാണ്. എല്ലാ മേഖലകളിലും ഇന്ത്യയിലെ മറ്റു മതവിഭാഗങ്ങൾക്കും മാതൃകയായിരുന്ന കേരളത്തിലെ കത്തോലിക്കാ സഭാസംവിധാനം കഴിഞ്ഞ കുറെ വർഷങ്ങളിലെ പ്രവർത്തനങ്ങൾകൊണ്ട് സഭാനേതൃത്വങ്ങൾ ലോകകത്തോലിക്കാ സമൂഹത്തിനു അപമാനമായിത്തീർന്നിരിക്കുകയാണ്.
ലോകമാകെ മലയാളികളെ ചൂഷണം നടത്തി വരുന്ന സീറോ മലബാർ സഭയിലെ പുരോഹിതർ, വിദേശരാജ്യങ്ങളിൽ തൊഴിൽ ചെയ്തു ജീവിക്കുന്ന മലയാളികളെ വശത്താക്കി സീറോമലബാർ സഭയുടെ രൂപതകളും ഇടവകകളും സൃഷ്ടിച്ചു പണത്തിനുവേണ്ടി തട്ടിപ്പുകൾ നടത്തുന്നു. സീറോമലബാർ പുരോഹിതരും മെത്രാന്മാരും സഭയിൽ ഇല്ലാത്ത പുതുനിയമങ്ങൾ പറഞ്ഞു ഇടവകകളിൽ ഉൾപ്പെട്ട സഭാവിശ്വാസികളിൽ പിളർപ്പുണ്ടാക്കി വരുന്നു. മാർപാപ്പയെയും പ്രതിക്കൂട്ടിലാക്കുന്ന സംഭവങ്ങൾ അറിയുന്നു. ചില വസ്തുതകൾ നോക്കാം.
ഒരു യഥാർത്ഥ സഭാചരിത്രം എഴുതാനുള്ള ഉദ്യമമല്ല, മറിച്ച്, കുറേക്കാലങ്ങളായി സഭയിലുണ്ടാകുന്ന പ്രതീക്ഷിക്കാത്ത മാറ്റങ്ങളുടെ ചില കാര്യങ്ങളെക്കുറിച്ചു പറയുക മാത്രമാണ് ലക്ഷ്യം. എന്നാൽ ഇതിലെ ഓരോ സംഭവകാര്യങ്ങളും വായനക്കാർക്കും അറിയാം എന്ന് വിശ്വസിക്കുന്നു. ഇതിൽ കുറിക്കുന്ന സംഭവങ്ങളെല്ലാം ആത്മീയമാണെങ്കിൽ, ഇത്തരം കാര്യങ്ങൾ ഒരു പരിധിയോളം പരിഷ്കൃതലോകം മുഴുവൻ അറിയപ്പെടുന്നുണ്ട്.
സീറോ മലബാർ സഭയിലെ ബിഷപ്പുമാരും പുരോഹിതരും സഭാംഗങ്ങളും.
വിശ്വാസിവിശ്വാസം നഷ്ടപ്പെട്ട സീറോമലബാർ സഭയുടെ നേതൃത്വം കേരളത്തിന് മാത്രമല്ല, ലോകക്രിസ്തുമതത്തിനാകെ ഒരപമാനമാണ്. കേരളത്തിൽ ഇന്ന് സീറോമലബാർ സഭയിലെ മെത്രാൻസംഘവും പുരോഹിതരും, കത്തോലിക്കാസഭയിൽ അവർ ഇന്ന് വത്തിക്കാനിൽ മാർപാപ്പയ്ക്ക് ഒരു വലിയ ഭീഷണിയാണ്. കേരളത്തിലുള്ള വിവിധ മേഖലകളിലും, ഇന്ത്യയിലും മറ്റു വിദേശരാജ്യങ്ങളിലും, കത്തോലിക്കാ സഭയ്ക്ക് മാതൃകയായിരുന്ന ഈ സഭയുടെ വിവിധ പ്രവർത്തനങ്ങൾ മൂലം ഇപ്പോൾ സഭാവിശ്വാസികളെയാകെ ആശയക്കുഴപ്പങ്ങളിലേക്ക് തള്ളിവിടുകയാണ്. ഇന്ന് സഭാഅംഗങ്ങൾക്ക് തീരെ വിശ്വാസമില്ലാത്ത ഒരു സഭാതലവനും സീറോമലബാർ സഭയിലുള്ള പുരോഹിതർക്കും, മെത്രാന്മാർക്കും, അവരെ വിശ്വാസമില്ലാത്തവരും, സഭയിൽ എന്നും ഭൂരിപക്ഷമുള്ളവരും, എന്നാൽ പുരോഹിതരുടെ കാഴ്ചപ്പാടിൽ ഒട്ടും വിശ്വാസമില്ലാത്തവരുമായ, വിശ്വാസികളെ ഏവരെയും വിവിധതരം കാര്യങ്ങൾ ചൊല്ലി ആത്മീയ തകർച്ചയുടെ ആഴങ്ങങ്ങളിലേയ്ക്കവരെ തള്ളിവിടുകയാണ്. സീറോമലബാർ സഭ എന്നത് ആ സഭയിലെ എല്ലാ മെത്രാന്മാർക്കും പുരോഹിതർക്കും മാത്രമുള്ള ഒരു സംഘടനയാണോ? സഭാoഗങ്ങളും കുറേ മെത്രാന്മാരും പരോഹിതരും, അതുപോലെതന്നെ സന്യസ്തരും ഉൾപ്പെട്ടതാകണം സഭയുടെ സിനഡാൽ സംവിധാനം. സഭാ സിനഡ് മെത്രാന്മാർ മാത്രമുള്ള പ്രസ്ഥാനമാകരുതെന്ന് ഫ്രാൻസിസ് മാർപാപ്പ പലതവണ നിർദ്ദേശം നല്കിയിട്ടുള്ളതാണ്. പക്ഷേ, സീറോ-മലബാർ സഭയുടെ മെത്രാന്മാർ അദ്ദേഹത്തിൻറെ ഏത് അഭിപ്രായവും നിർദ്ദേശങ്ങളും അവഗണിച്ചു തള്ളിക്കളയുകയാണ് ചെയ്തത്. സഭയുടെ ഘടന എങ്ങനെയായിരിക്കണമെന്ന് തീരുമാനിക്കുന്നതിന് അല്മായർ എന്ന് വിളിക്കപ്പെടുന്ന സഭയുടെ അംഗങ്ങൾക്ക് പൂർണ്ണ അവകാശമുണ്ട്. മെത്രാന്മാർ തനിച്ചുള്ള ഒരു ഭരണനേതൃത്വത്തെ സഭയുടെ അംഗങ്ങൾ സ്വീകരിച്ച ഒരു പഴയ കാലമുണ്ടായിരുന്നു. നിലവിൽ പ്രവർത്തിക്കുന്ന മെത്രാൻ സിനഡ് എന്ന സഭാസംവിധാനത്തെ സഭയുടെ അംഗങ്ങൾ തള്ളിക്കളയണം.
സീറോമലബാർ സഭയുടെ രൂപതകളിലെ ഇടവകപ്പള്ളികളിലുള്ള ചില ഇടവകാധികാരികളിൽനിന്നും നിത്യവും സംഭവിച്ചുകൊണ്ടിരിക്കുന്ന സഭവിരുദ്ധപരമായ ആത്മീയതയ്ക്കും സാമൂഹ്യധാർമ്മികതയ്ക്കും വിരുദ്ധവുമായ വിവിധ കാര്യങ്ങൾ ധാരാളം നടക്കുന്നുണ്ട്. ഈ സ്ഥിതി വിശേഷം സീറോ മലബാർ സഭയുടെ മെത്രാന്മാരും പുരോഹിതരും, അവരെ നിത്യവും പിന്തുണയ്ക്കുന്ന ഇടവകകൗൺസിൽ അംഗങ്ങളും മനഃപൂർവ്വം മനസ്സിലാക്കാതെ അത്തരം കാര്യങ്ങൾ വീണ്ടും വീണ്ടും ആവർത്തിച്ചു കൊണ്ടിരിക്കുന്ന സംഭവങ്ങൾ ഉണ്ടാകുന്നത് കൂടുതൽ ശ്രദ്ധേയവുമാണ്. അതിനുദാഹരണമായി ഒരു വിഷയം കുറിക്കട്ടെ, കേരളത്തിലെ മറ്റു മതവിശ്വാസിസമൂഹങ്ങളെക്കുറിച്ച് കേരളത്തിലെ സീറോമലബാർ സഭയിലെ പാലാ രൂപതയുടെ മെത്രാൻ പറയുന്നതും പ്രവർത്തിക്കുന്നതുമെല്ലാം ഒരു ധാർമ്മികതയോ ആത്മീയതയോ അല്ല. മനുഷ്യന്റെ അന്തസ്സ് ലംഘിക്കാനാവാത്തതാണ്. അവർ ആരായാലും ബഹുമാനിക്കുകയും സംരക്ഷിക്കുകയും ചെയ്യേണ്ടത് ആധികാരിക ശക്തികളുടെയും കടമയാണ്. ഇത് ആദ്ധ്യാത്മിക സഭാനേതൃത്വങ്ങൾ മനസ്സിലാക്കണം. മനുഷ്യാവകാശങ്ങളെ മാനിക്കണം, വ്യക്തമായിട്ട് ഇത് നമ്മുടെ ഭരണഘടനയിലും ചേർത്തിട്ടുണ്ട്. അതുപോലെ നമുക്ക് തുറന്ന് കാണാവുന്ന മറ്റനേകം കാര്യങ്ങളുണ്ട്. സഭാനേതൃത്വത്തിന്റെ സ്ഥാനത്ത് ഇരുന്ന് സ്വയം ഒരു വിശ്വാസസംരക്ഷകന്റെ മുഖംമൂടിയ ണിഞ്ഞു അധർമ്മങ്ങൾ മാത്രം പ്രവർത്തിക്കുന്നവരുടെ യഥാർത്ഥമായ രൂപം ഇവിടെ വെളിപ്പെട്ടിരിക്കുന്നുവെന്ന് ഞാൻ മുകളിൽ എഴുതി. സഭാവിശ്വാസികളുടെ ആത്മീയസമാധാനത്തകർച്ചയിൽ ആഗോള കത്തോലിക്കാ സഭയുടെ മുൻനിരയിൽത്തന്നെ എത്തിയിരിക്കുന്ന കേരളത്തിലെ സീറോമലബാർ സഭയുടെ ഇന്നുള്ള അതിബീഭത്സമായ അവസ്ഥയെപ്പറ്റിയും സഭയുടെ നേതൃത്വം മൗനം പാലിക്കുകയാണ്. അധികാരത്തോടുള്ള ഒടുങ്ങാത്ത അഭിനിവേശമാണ് സീറോ മലബാർ പുരോഹിതരെയും ഓരോ മെത്രാന്മാരെയും അതിന് പ്രേരിപ്പിക്കുന്നത്. ജലന്ധർ രൂപതയുടെ പരമോന്നതസ്ഥാനത്തിരുന്നുകൊണ്ട് കത്തോലി ക്കസഭയിലുള്ള ഒരു കന്യാസ്ത്രിയെ ലൈംഗിക പീഡനത്തിനിരയാ ക്കിയ ജലന്ധർ രൂപത ബിഷപ്പ് മാർ ഫ്രാങ്കോയെ നിയമദൃഷ്ടിയിലുള്ള നടപടിക്രമത്തിനുവേണ്ടി പാലായിൽ ഉള്ള ജയിലിൽ കയറ്റിയിരുന്നു. ഇങ്ങനെയൊരാൾക്ക് സഭയുടെ ഭരണസാരഥ്യം വഹിക്കുവാനുള്ള എന്തർഹതയാണുള്ളതെന്ന് സഭ ഇന്ന് വ്യക്തമാക്കണം.
എറണാകുളം-അങ്കമാലി അതിരൂപതയും ജനാഭിമുഖ കുർബാനയും- തർക്കങ്ങളും വെല്ലുവിളികളും .
ഇക്കാലത്ത് ജനങ്ങൾ നേരിടുന്ന സാമ്പത്തികപ്രതിസന്ധികളെപ്പറ്റിയും , ഉദാ: അവശ്യസാധങ്ങളുടെ വിലക്കയറ്റം, യുവജനങ്ങളുടെ ഭാവിയും, ആശ്രയം ആവശ്യമായിരിക്കുന്ന വയോജനങ്ങളുടെ ഉൾപ്പെടെയുള്ള വിവിധ അടിയന്തിരപ്രശ്നങ്ങൾക്ക് നേരെ അജ്ഞതയും നടിക്കുന്ന ഒരു സഭയുടെ നേതൃത്വം ഒരു നിഗൂഢ സംഘമായിട്ടാണ് നമുക്ക് ഇപ്പോൾ അനുഭവപ്പെടുന്നത്. സഭയുടെ തലവനായി ഒരു മേജർ ആർച്ചു ബിഷപ്പ്-കർദ്ദിനാൾ ഉണ്ടായിരുന്നു. അദ്ദേഹത്തിനിപ്പോൾ ഭരണതലത്തിലുള്ള സ്വാതന്ത്ര്യം തന്റെ സ്ഥാനത്യാഗത്തോടെ കുറെ കുറവായി. ഇപ്പോൾ സീറോമലബാർ സഭയിൽ ഒരു മെത്രാൻ മുൻസഭാ നേതൃത്വത്തിന്റെ പകരക്കാരനായി ഉണ്ടായിട്ടുണ്ട്. എറണാകുളം-അങ്കമാലി രൂപതയിൽ, മൊത്തം സീറോമലബാർ സഭ ഒരു നാഥനില്ലാക്കളരിയായിത്തന്നെ തീരുവാൻ തലപ്പത്തിരുന്നുകൊണ്ട് പ്രവർത്തിച്ചു; സ്വന്തം പരാജയം ഉൾക്കൊണ്ടുകൊണ്ട് സീറോ മലബാർ സഭയുടെ അധികാരി നേതൃത്വ സ്ഥാനം ഉപേക്ഷിച്ചു ഒഴിഞ്ഞുമാറി. സഭയിൽ എന്തെല്ലാം പിന്നീട് നാം ഇപ്പോൾ കാണുന്നു!
എറണാകുളം അങ്കമാലി രൂപതയിൽ സീറോ മലബാർ സഭയിലുള്ള പുരോഹിതരും മെത്രാന്മാരും കർദ്ദിനാളും ചേർന്ന് സഭയിലെ ഓരോ അംഗങ്ങളുടെ ആവശ്യങ്ങളെയും അവരുടെ നല്ല അവകാശങ്ങളെയും നിർദ്ദേശങ്ങളെയും നിഷേധിക്കുകയും അൾത്താരയിൽ നിന്നും തിരു വോസ്തി പുല്ലുപോലെ വലിച്ചെറിഞ്ഞുകൊണ്ട് അവിടെയുള്ള സഭയുടെ അംഗങ്ങളെ പാപികളാക്കി ആക്ഷേപിക്കുകയാണുണ്ടായത്. എന്നാൽ സീറോമലബാർ സഭയിലെ പള്ളികളിൽ ജനാഭിമുഖകുർബാനതന്നെ അർപ്പിക്കണമെന്ന് വത്തിക്കാനിൽ നിന്നും ഫ്രാൻസിസ് മാർപാപ്പയും നിർദ്ദേശിച്ചപ്പോൾ അതിനെതിരെ സീറോമലബാർ നേതൃത്വമാകട്ടെ, സംഘടിതമായിത്തന്നെ മാർപാപ്പയുടെ നിർദ്ദേശത്തെക്കുറിച്ചു അവർ അവഹേളിച്ചു അഭിപ്രായങ്ങൾ പുറത്തുവിട്ടു. സഭയുടെ അംഗങ്ങളുടെ അവകാശങ്ങളെ അപ്പാടെ എതിർത്തുകൊണ്ട്, അപ്പോൾ എറണാകുളം അങ്കമാലി രൂപത കത്തീഡ്രൽ ദേവാലയം അടച്ചുപൂട്ടിയത് ഈ സഭാ നേതൃത്വങ്ങളാണ്. ഫ്രാൻസിസ് മാർപാപ്പയ്ക്ക് നല്ല മാനസികാരോഗ്യo ഇല്ലാത്തയാളാണെന്നുപോലും ഇക്കൂട്ടർ പരസ്യമായി പറഞ്ഞിരുന്നു. ഇന്നും അങ്കമാലി- എറണാകുളം രൂപതയിലെ കുർബാന അർപ്പിക്കൽ പ്രശ്നവിഷയം സൗമ്യമായി പരിഹരിക്കാൻ നേതൃത്വം തയ്യാറാകുന്നില്ല. ലോകമാകെ ഈ വിഷയം ചർച്ചാവിഷയമായിട്ടുള്ളതുമാണ്.
വി. കുർബാന സംബന്ധിച്ച തർക്കം ഒരു വഴിത്തിരിവിലേക്കാണെന്നും, മാർപാപ്പയുമായി മാർ റാഫേൽ തട്ടിൽ വത്തിക്കാന്റെ അഭിപ്രായവും നിർദ്ദേശങ്ങളും തേടുകയാണെന്നും നാമറിഞ്ഞല്ലോ. സീറോ മലബാർ സിനഡിന്റെ ഒരു തീരുമാനം എതിർക്കുന്നവരും സ്വീകരിക്കുന്നവരും തമ്മിൽ ഇതുവരെയും ഒരു സമവായത്തിലെത്തിയിട്ടില്ല. ബിഷപ്പ് മാർ റാഫേൽ തട്ടിലിനെ കൂടാതെ സിനഡിലെ നാല് മെത്രാന്മാരും കൂരിയാ മെത്രാനും മാർപാപ്പയുമായി ചർച്ചയിൽ പങ്കെടുക്കുമെന്നാണ് കേരള മാദ്ധ്യമങ്ങൾ സൂചിപ്പിക്കുന്നത്. ജനാഭിമുഖ വിശുദ്ധ കുർബാനയുടെ കാര്യത്തിൽ ഫ്രാൻസിസ് മാർപാപ്പ ഒരു അനുകൂലമായ നിർദ്ദേശങ്ങൾ പറയുമെന്ന് ജനാഭിമുഖ കുർബാനയെ അനുകൂലിക്കുന്ന എല്ലാവരും വിശ്വസിക്കുന്നു. അതേസമയം സിനോടൽ തീരുമാനത്തിൽ ഇപ്പോഴും ജനാഭിമുഖ കുർബാനയെ എതിർക്കുന്നവരും തമ്മിൽ നേർക്ക് നേർ എത്തിയിരിക്കുന്നു. ഒരു വസ്തുത ഇവിടെ കുറിക്കട്ടെ. കേരളത്തിലുള്ള സീറോമലബാർ മെത്രാന്മാരും പുരോഹിതരും യൂറോപ്പിലെത്തിയാൽ അവിടെയുള്ള പള്ളികളിൽ അവർ ജനാഭിമുഖ വി. കുർബാനയാണ് നടത്തുന്നത്. അവരുടെ നീതിബോധത്തിൽ പിഴവുകൾ ഉണ്ടെന്നുള്ളത് വ്യക്തമായി തെളിയുകയാണ്, ഇത്തരം പ്രവർത്തികൾ കാണുമ്പോൾ എന്ന് നാം അറിയുന്നു.
സീറോ മലബാർ സഭയിൽ വി. കുർബാന ഏകീകരണത്തിന് മെത്രാൻ സിനഡ് നിർദ്ദേശിച്ച കുർബാനക്രമം സൃഷ്ടിച്ച വിഭാഗീയതയും വളരെ വലുതാണ്. പല രൂപതകളിലും വൈദികർ മനസ്സില്ലാമനസ്സോടു കൂടി എങ്കിലും ഏകീകൃത കുർബാന ചൊല്ലാൻ തയ്യാറെടുത്തുവെങ്കിലും എറണാകുളം അങ്കമാലി മേജർ അതിരൂപത വലിയ ചെറുത്തുനിൽപ്പി ന്റെ പാതയിലാണ്. 70 നീണ്ട വർഷങ്ങളായി പിന്തുടരുന്ന ജനാഭിമുഖ കുർബാന തുടരാൻ അതിരൂപതയ്ക്ക് ഇളവ് വേണമെന്നാണ് അവരുടെ ആവശ്യം. എന്നാൽ മറ്റെല്ലാ രൂപതകൾക്കും ഇതനുസരിക്കാമെങ്കിൽ എറണാകുളം അങ്കമാലിക്കാർക്ക് എന്തുകൊണ്ട് പറ്റുന്നില്ല എന്നാണു മറുഭാഗത്തിന്റെ ചോദ്യം. ഇതേ ചൊല്ലിയുള്ള തർക്കം സഭയുടെ മുൻ ചരിത്രത്തിൽ ഒരു കാലത്തും കാണാത്ത വിധമുള്ള തെരുവ് യുദ്ധം നടക്കുന്നതിലേയ്ക്കും ഈ സംഭവത്തോട് ബന്ധപ്പെട്ട് ഒടുവിൽ സഭാ തലവൻ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി സ്ഥാനത്യാഗം ചെയ്യേണ്ടി വന്നതും, മാത്രമല്ല, ഇന്ന് എറണാകുളം അങ്കമാലി അതിരൂപതയുടെ അപ്പസ്തോലിക്ക് അഡ്മിനിസ്ട്രേറ്റർ സ്ഥാനത്ത് നിന്ന് മാർ ആൻഡ്‌റൂസ് താഴത്തിനെ ഒഴിവാക്കുന്നതിലേയ്ക്കും ഇതെല്ലം കാരണമാക്കി.
സീറോ മലബാർ സഭ മെത്രാന്മാരും പുരോഹിതരും സഭാകാര്യങ്ങളിൽ മനസ്സിലാക്കേണ്ടതായ വിവിധ പ്രധാനപ്പെട്ട യാഥാർത്ഥ്യങ്ങളുണ്ട്; ഇത് സീറോമലബാർ സഭയുടെ സിനഡ് അംഗങ്ങളാകാൻ മെത്രാന്മാർക്ക് മാത്രമേ അവകാശമുള്ളുവെന്ന് അവർ കരുതുന്നത് മെത്രാന്മാരുടെ ഏകാധിപത്യ മനോഭാവമാണ്. ഇക്കാലത്തെ കത്തോലിക്കാ സഭയിൽ സഭാoഗങ്ങൾ ഇവരേക്കാൾ കൂടുതൽ ഏറെ കാര്യങ്ങൾ കത്തോലിക്കാ സഭയെക്കുറിച്ചും, വിശ്വാസ സംബന്ധ കാര്യങ്ങളിലും, നിയമങ്ങളും മനസ്സിലാക്കിയിട്ടുള്ളവരാണ്. എറണാകുളം-അങ്കമാലി രൂപതയിലെ പ്രശ്നത്തെ അവിടെയുള്ള കത്തീഡ്രലിന്റെ മാത്രമുള്ള ഒരു പ്രശ്നമായി സഭാധികാരികൾ കാണരുത്. സീറോമലബാർ സഭയുടെ ഒരു മൊത്തം പ്രശ്നമാണ്. പുതിയ മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ ഇന്ന് സീറോമലബാർ സഭാതലവനെന്ന നിലയിൽ, അടുത്തനാളിൽ ആണ് വത്തിക്കാനിലെത്തി ഫ്രാൻസിസ് മാർപാപ്പയുമായി പ്രശ്നപരിഹാരം കാണുവാൻ കൂടിക്കാഴ്ചയുണ്ടെന്ന് മാദ്ധ്യമങ്ങൾ കുറിച്ചിരിക്കുന്നത്. ഇത് എന്ന്, എവിടെ അവസാനിക്കും?: ഇത് അപ്രധാനമോ ? വിശ്വാസത്തിന് പ്രശ്നവിഷയങ്ങൾ അങ്ങനെയാവണമെന്നില്ല. സഭയും അതിന്റെ ഏറെ പ്രാധാന്യത്തിൽ വിശ്വസിക്കണം, സഭ എന്നത്തേക്കാൾ കൂടുതൽ അത് അതിജീവിക്കുകയും വേണം. അതല്ലെങ്കിൽ, വിശ്വാസി സമൂഹത്തിനു നടുവിൽ, തങ്ങളുടെയും ദൗത്യത്തെക്കുറിച്ച് ആർക്കാണ് കൂടുതലായ ബോധ്യമുണ്ടാകേണ്ടത്?ഈ സഭയുടെയും പ്രസക്തി നിർണ്ണയിക്കുന്നത്, അത് ആളുകൾക്ക് എന്താണ് സഭ വാഗ്ദാനം ചെയ്യുന്നത് എന്നതിനെയും ആശ്രയിച്ചാണ്. സഭയുടെ ദൌത്യം ഇപ്പോൾ വെറുമൊരു മണ്ടത്തരമല്ല. അത് വീണ്ടും വീണ്ടും സ്വയം പുതുക്കുക എന്നതാണ് അനിവാര്യമായ പ്രവർത്തനം.
ഇടവകവികാരിത്വം-ഏകാധിപത്യം.? സാമൂഹ്യവിരുദ്ധത-
യേശു പുരോഹിതരോട്: "ഈ ദേവാലയം എന്റെ പ്രാർത്ഥനാലയമാണ്, പണപ്പിരിവോ, കച്ചവടമോ നടക്കുവാനുള്ള സ്ഥലമല്ല. നിങ്ങളതിനെ കവർച്ചക്കാരുടെ ഗുഹയായി മാറ്റിയിരിക്കുന്നു."
ഇതുപോലെ, സഭയിലെ സഭാഅംഗങ്ങളുടെ കാര്യങ്ങളിൽ ചില ഇടവക വികാരിമാരുടെ നിഗൂഢ പെരുമാറ്റമാണ് അടുത്തകാലങ്ങളിൽ ഏറെ ശ്രദ്ധേയമായി അനുഭവപ്പെട്ടത്. ഉദാ: കാഞ്ഞിരപ്പള്ളി രൂപതയിൽപ്പെട്ട ചെങ്ങളം ഇടവക പള്ളിവികാരിയുടെ സഭാനിയമ വിരുദ്ധമായിട്ടുള്ള പ്രവർത്തനങ്ങൾ കുറിക്കട്ടെ. ഇതെല്ലാം സീറോമലബാർ സഭയിലുള്ള ചില പുരോഹിതരുടെ സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളിലെ വിവിധ അതിക്രൂരതയുടെ ഉറച്ച ഉദാഹരണം മാത്രമാണ്. പള്ളിയിൽ വിശുദ്ധ കുർബാനയുടെ ഇടയിൽ നടത്തപ്പെടുന്ന പ്രസംഗത്തിലൂടെ ചെങ്ങളം ഇടവകയിലുള്ള കുടുംബനാഥന്മാരെയും കുടുംബിനികളെയും ചില കുഞ്ഞുകുട്ടികളെപോലും അവഹേളിച്ചും ആക്ഷേപിച്ചും വാക്കുകൾ ഉപയോഗിക്കുന്നു. വിശുദ്ധ കുർബ്ബാനയിൽ പങ്കെടുക്കുവാൻവേണ്ടി ഈ പള്ളിയിൽ വരുന്നവർ കുർബ്ബാനസമയത്ത് നൽകുന്ന സ്തോസ്ത്രകാഴ്ച പ്പണം വളരെ കുറവാണെന്നുള്ള കടുത്ത ആരോപണമാണ് വികാരി പറയുന്നത്. കാഴ്ച്ച പണം കൊടുക്കാത്തവർ എന്നെങ്കിലും രോഗിയായി ആശുപത്രിയിൽ ഐ.സി.യു.വിൽ കിടക്കുമ്പോൾ മാത്രമാണ് അവർ അക്കാര്യം തിരിച്ചറിയുകയുള്ളുവെന്നും ആക്ഷേപം പറഞ്ഞുകൊണ്ട് പള്ളിയിൽ വലിയ പണപ്പിരിവിനുവേണ്ടി വികാരി നടത്തുന്ന ഭീഷണി വാക്കുകകൾ ആത്‌മീയതയാണോ? മാത്രമല്ല, കത്തോലിക്കാ സഭയുടെ കാനോൻ നിയമലംഘനമാണ് വികാരി ചെയ്യുന്നത്. കൂദാശ കർമ്മങ്ങൾ പ്രതിഫലം വാങ്ങാതെ നടത്തണമെന്നാണ് നിയമം. ഇത് പരസ്യമായിട്ട് ലംഘിച്ചുകൊണ്ടാണ് വിവാഹം, മാമോദീസ, തുടങ്ങിയ വിവിധ ഓരോ കർമ്മങ്ങൾ ചെയ്യുന്നതിന് വേണ്ടി പതിനായിരക്കണക്കിന് രൂപയുടെ പ്രതിഫലം വാങ്ങി അവ ചെയ്തുകൊടുക്കുന്നത്. കൂദാശകർമ്മങ്ങൾക്കു യാതൊരു പ്രതിഫലങ്ങളും വാങ്ങി നടത്തരുതെന്ന് കാനോൻ നിയമം അനുശാസിക്കുന്നു. സിനിമ കാണുവാൻ ഒരു തീയേറ്ററിൽ കയറാൻ പണംകൊടുത്ത് വേണമെന്നത് നമുക്കറിയാം. "പള്ളികളിൽ വിശുദ്ധ കുർബാനയർപ്പിക്കൽ കർമ്മം നടത്തപ്പെടുന്നത്" പണം നൽകിയിട്ട് കാണുവാനുള്ള ഒരു സിനിമയാണോ? യേശു പുരോഹിതരോട്, "ഈ ദേവാലയം എന്റെ പ്രാർത്ഥനാലയമാണ്, പണപ്പിരിവോ, കച്ചവടമോ നടക്കുവാനുള്ള സ്ഥലമല്ല. നിങ്ങളതിനെ കവർച്ചക്കാരുടെ ഗുഹയായി മാറ്റിയിരിക്കുന്നു."ഇത് യേശു പറഞ്ഞതിന്റെ ഈ കാരണത്താലാണ്, അവിടെയുണ്ടായിരുന്ന പുരോഹിതശ്രേഷ്ഠന്മാരെല്ലാവരും യേശുവിനെ കുരിശിൽത്തറച്ചു വധിക്കണമെന്നു അലറിപ്പറഞ്ഞു തീരുമാനിച്ചത്. പക്ഷെ ജനക്കൂട്ടത്തെയാകെ പുരോഹിതർ ഭയപ്പെട്ടിരുന്നു. എന്നാണ് ബൈബിൾ സാക്ഷ്യം: ( യോഹ .11,45-53). ഇക്കാര്യം നാം വായിക്കുന്നു. ഈ ചെങ്ങളം പള്ളിവികാരിയുടെ പണസമ്പാദനത്തിന് വേണ്ടിയുള്ള ചില പ്രസംഗം, വളരെ വിമർശനങ്ങൾക്ക് ഏറെ കാരണമായിട്ടുണ്ട്. അദ്ദേഹം യേശുക്രിസ്തുവിനെ ഓരോ ദിവസവും കുരിശിൽ വീണ്ടും വീണ്ടും തറയ്ക്കുന്നതിനുള്ള ആഹ്വാനമായിട്ട് മാത്രമേ ഈ ആഹ്വാനങ്ങളെ കാണുവാൻ ഇപ്പോൾ കഴിയു. സഭയിലെ ദൈവ വിശ്വാസികൾ ഇതിനെ അപ്രകാരം തന്നെ തള്ളിക്കളയട്ടെ.
ഈ നടപടി ആത്മീയതയുടെ ഉദാഹരണമോ?
കാഞ്ഞിരപ്പള്ളി രൂപതയിൽപ്പെട്ട ചെങ്ങളം പള്ളിവികാരിയിൽനിന്നും നേരിട്ട് ഞാൻ അനുഭവിക്കേണ്ടിവന്ന ഒരു കാര്യം ഇവിടെ കുറിക്കട്ടെ. എന്റെയും എന്റെ കുടുംബാംഗങ്ങളുടെയും ഇടവകാംഗത്വ വിവരം ഇടവകയുടെ ഡയറക്ടറിയിൽ നിന്നും നീക്കം ചെയ്തതായിട്ട് കഴിഞ്ഞ മാർച്ചു മാസത്തിൽ അറിയുവാനിടയായി. അതേക്കുറിച്ചു ചെങ്ങളം ഇടവക വികാരിയുമായി സംസാരിക്കുവാൻ സാധിച്ചില്ല. അസിസ്റ്റന്റ് വികാരിയുമായി സംസാരിച്ചു. ഇടവക വികാരിയുടെ അഭിപ്രായങ്ങൾ ചോദിച്ചറിഞ്ഞ അദ്ദേഹം പറഞ്ഞു : "ആറുമാസങ്ങൾക്കപ്പുറത്തുള്ള വിദേശവാസം ഉണ്ടായിട്ടുള്ളവരുടെ പേരുവിവരം ഇടവക നൽകിയ ഡയറക്ടറിയിൽ നിന്നും നീക്കം ചെയ്യും". എന്നാൽ, ഒരു യാഥാർത്ഥ്യം ഉണ്ട്. ചെങ്ങളം ഇടവകയിൽപ്പെട്ടവരായ നിരവധിപേർ വിദേശങ്ങളിൽ ജോലിചെയ്യുന്നുണ്ട്, അവർ ആരുടെയും പേരുകൾ ഈ ഡയറക്ടറിയിൽ നിന്നും നീക്കം ചെയ്തിട്ടില്ല. എന്താണ് ഇത്തരം നിഗൂഢ പ്രവർത്തിയുടെ പിന്നാമ്പുറ ലക്‌ഷ്യങ്ങൾ എന്നത് എനിക്ക് മനസ്സിലായില്ല.? സഭയിൽ ഇല്ലാത്ത ഒരു കാടൻ നിയമം സ്വയം സൃഷ്ടിച്ച ചെങ്ങളം പള്ളിവികാരി യുടെയും പ്രവർത്തകരുടെയും നടപടിക്കെതിരെ ഒരു പരാതി എഴുതി കാഞ്ഞിരപ്പള്ളി രൂപതയുടെ ബിഷപ്പിനു നൽകാൻ എനിക്ക് വിദഗ്ദ്ധ ഉപദേശം ലഭിച്ചു. പരാതിയും തയ്യാറാക്കി ഞാൻ കാഞ്ഞിരപ്പള്ളിയിലെ രൂപത അധികാരിക്ക് 21-3-2024 - ൽ നേരിട്ട് കണ്ട് നൽകിക്കൊണ്ട് എന്റെ ആവശ്യങ്ങൾ സംസാരിക്കുവാൻ അവിടെയെത്തിയപ്പോൾ അദ്ദേഹം സ്ഥലത്തില്ലാതിരുന്നതിനാൽ രൂപത ചാൻസ്ലറുമായി വിഷയം ചർച്ച ചെയ്തു. കാഞ്ഞിരപ്പള്ളി രൂപതയുടെ നിലവിലുള്ള ചാൻസലർ എന്റെ പരാതി സ്വീകരിച്ചശേഷം ഉടൻ മറുപടിയും നൽകി :" പള്ളി വികാരി പറഞ്ഞതുപോലെ സഭയിൽ ഇങ്ങനെ ഒരു നിയമം ഇല്ല". ഈ പ്രശ്നങ്ങൾ ഒന്നുമില്ല, എന്റെ ആവശ്യങ്ങൾ നടപ്പാകും എന്നദ്ദേഹം ഉടൻ മറുപടി നൽകി. അദ്ദേഹവുമായി നേരിട്ടുള്ള ചർച്ചകൾക്ക് ശേഷം, അന്നുതന്നെ കുറഞ്ഞൊരു മണിക്കൂറുകൾക്കുള്ളിൽ ചെങ്ങളം ഇടവകപള്ളിയുടെ ഡയറക്ടറിയിൽ ഞങ്ങളുടെ അംഗത്വ വിവരങ്ങളെല്ലാം വീണ്ടും നല്കി ചേർത്തതായി എനിക്ക് അറിയിപ്പ് നൽകി. ഈ ചെങ്ങളം പള്ളി ഇടവക വികാരിക്ക് സഭയിൽ ഒരു മോൺസിഞ്ഞോർ പദവി ഉണ്ടെന്ന് കരുതി , ആ ഇടവകയിലെ വിശ്വാസികളുടെ മേൽ എന്തും ചെയ്യാൻ കഴിയും എന്ന അഹങ്കാരം ഉൾക്കൊണ്ടുകൊണ്ട് സഭയിലെ വിശ്വാസ ആത്മീയ കാര്യങ്ങളുടെ ഒരു പ്രത്യേക സംരക്ഷകമുഖംമൂടിയണിഞ്ഞുകൊണ്ട് പ്രവർത്തിച്ചു. ഇടവകപള്ളിവികാരിയുടെ യഥാർത്ഥ രൂപം എന്തെന്ന് ഈയൊരു സംഭവത്തോടെ തുറന്ന് വെളിപ്പെട്ടിരിക്കുകയാണ്.
ഇവിടെ കാഞ്ഞിരപ്പള്ളി രൂപതാമെത്രാന് നൽകിയ പരാതിയുടെ ഒരു ഭാഗം താഴെ കുറിയ്ക്കുന്നു:
"ആറുമാസത്തിലേറെ മറുനാട്ടിലുള്ള താമസം നടത്തിയാൽ ഒരാൾക്ക് ഇടവകയിലെ അംഗത്വം നഷ്ടപ്പെടുമെന്ന്" കഴിഞ്ഞ നാളിൽ ചെങ്ങളം ഇടവക അസിസ്റ്റന്റ് വികാരിയുമായുള്ള എന്റെ ചർച്ചയിൽ ഇടവക വികാരി പറഞ്ഞതായി അദ്ദേഹം എന്നെ അറിയിച്ചിരുന്നു. ആകട്ടെ, എന്റെ നേർക്ക് നൽകിയ അംഗത്വ നിരോധനം ഇടവക വികാരി എന്ത് കാരണത്താൽ, ഞാൻ ഇതിൽ മുകളിൽ പറഞ്ഞിരിക്കുന്നത്പോലെ എന്റെ അയൽവാസികളും വിദേശത്തു വളരെയേറെ വർഷങ്ങളായി താമസിക്കുന്നവരുമായവർക്ക് നിഷേധം നൽകിയില്ല? ഈ നടപടികൾ ആല്മീയതയാണോ? ചെങ്ങളത്തുനിന്നും വിദേശങ്ങളിൽ ജോലിചെയ്ത് വർഷങ്ങളായിട്ട് ജീവിക്കുന്നരുടെ പേരുകളെല്ലാം പുതുക്കിയ ലിസ്റ്റിൽ ചേർത്തിട്ടുണ്ട്. ഇടവകയുടെ ഡയറക്ടറിയിൽ നല്കപ്പെട്ടിട്ടുള്ളവരുടെ ഓരോ പേരുകൾ ഉൾപ്പെടുന്ന വിവരങ്ങൾ നൽകുന്നതായ പേജുകളുടെ ഫോട്ടോകോപ്പികൾ ഇതിൽ നൽകിയിരിക്കുന്നു. നീതി എല്ലാവർക്കും ഒരുപോലെ ആയിരിക്കണമല്ലോ." : ഇത് ഞാൻ കാഞ്ഞിരപ്പള്ളിയിലെ രൂപതാധികാരിക്ക് നൽകിയിട്ടുള്ള പരാതിയിൽ കുറിച്ചിരുന്നതാണ്.
ഫ്രാൻസിസ് മാർപാപ്പ നേരിടുന്ന ഭീഷണി.
കേരളത്തിൽ സീറോ മലബാർ സഭയിലെ മെത്രാൻസംഘവും ഓരോ പുരോഹിതരും- കത്തോലിക്കാ സഭയിൽ, അവരുടെ പ്രവർത്തനങ്ങൾ മൂലം ഇപ്പോൾ വത്തിക്കാനിൽ ഫ്രാൻസിസ് മാർപാപ്പയ്ക്ക് ഒരു വലിയ ഭീഷണിയാണ്. എല്ലാ മേഖലകളിലും ഇന്ത്യയിലും മാത്രമല്ല മറ്റു വിദേശ രാജ്യങ്ങളിലും കത്തോലിക്കാസഭയ്ക്ക് മാതൃകയായിരുന്ന സീറോ- മല ബാർ സഭയുടെ സഭാവിശ്വാസികളെ ആകെമാനം സീറോമലബാർ സഭാനേതൃത്വങ്ങളുടെ ഭരണംകൊണ്ട് ആശയക്കുഴപ്പങ്ങളിലേയ്ക്ക് തള്ളിവിടുകയാണ്. ഇത്തരം തരംതാണ സ്ഥിതിവിശേഷമുള്ള വികൃത നിലപാട് സഭാ മെത്രാന്മാരും പുരോഹിതരും ഉയർത്തിക്കാണിക്കുന്നു. സീറോമലബാർ സഭയിലെ അല്മായരുടെ പ്രശ്നങ്ങൾ മാർപാപ്പയുടെ നല്ല ശ്രദ്ധയിൽ കൊണ്ടുവരാൻ ചില അല്മായ നേതൃത്വങ്ങൾ നേരിട്ട് ചർച്ച നടത്തിയിരുന്നു. പക്ഷെ ഇപ്പോഴുള്ള തീവ്രനിലപാട് മാർപാപ്പയെ ഏറെ വിഷമത്തിലാക്കിയിട്ടുണ്ട്.
മറ്റ് അനേകം കാര്യങ്ങൾ സഭാധികാരികൾ നടത്തുന്നുണ്ട്. താമരശ്ശേരി രൂപതാ മെത്രാൻ ഒരു പുരോഹിതനെതിരെ മാനുഷികമല്ലാത്ത വിധം നടപടി സ്വീകരിച്ചതായ വാർത്തയുണ്ട്. അതുപോലെ സഭാനിയമം പാലിക്കാത്ത വിധം ഏകാധിപത്യകല്പനകൾ നൽകിയിരുന്ന വാർത്ത., മാത്രമല്ല, സഭയിലെ ചില കന്യാസ്ത്രീകളെ പീഡിപ്പിച്ച വാർത്തയുണ്ട്. കുറ്റവാളികളായ പുരോഹിതരെയും, അവർ തെറ്റുകാരല്ലാതെ എന്നും രക്ഷിച്ചു കൊണ്ടിരുന്ന ബിഷപ്പും, മാത്രമല്ല, കുറവിലങ്ങാട്ടുള്ള ഒരു കന്യാസ്ത്രീ മഠത്തിലെത്തി അവിടെയുണ്ടായിരുന്ന കന്യാസ്ത്രീകക ളിൽ ചിലരെ പീഡിപ്പിച്ചതിന് പോലും കുറ്റക്കാർക്ക് നേരെ മെത്രാൻ സംഘം ഒരു നടപടിയും എടുത്തില്ല. അതുപോലെയാണ് ഒരു റോബിൻ വടക്കുംചേരി എന്നൊരു പുരോഹിതൻ പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടിയെ പീഡിപ്പിച്ചു, ആ പെൺകുട്ടിക്ക് കുഞ്ഞുണ്ടായപ്പോൾ അവളുടെ സ്വന്തം അപ്പനാണ് ആ കുഞ്ഞിന്റെ പിതാവെന്ന് പറഞ്ഞ മഹാദുഷ്ടനായിരുന്നു റോബിൻ. അത് നീതിപീഠം ഒട്ടും സ്വീകരിച്ചില്ല, വടക്കുംചേരിയെ കൂറ്റവാളിയായി കോടതി പ്രഖ്യാപിച്ചു, തടവുശിക്ഷ വിധിച്ചു. ഇന്നു കേരളത്തിലെ ചില ഇടവക വികാരിമാരുടെയിടയിലെ സഭാoഗങ്ങളോടുള്ള ധാർമ്മികവിരുദ്ധമായ നിലപാട് മാദ്ധ്യമങ്ങളിൽ നിറയുന്നു. സീറോമലബാർ സഭയ്ക്ക് ചില ഇടവകകളിൽ ഒന്നിലേറെ പുരോഹിതരുണ്ട്. ഇവർക്കുള്ള ഭക്ഷണം പള്ളിയുടെ അടുത്തുള്ളതും കോൺവെന്റുകളിൽ താമസിക്കുന്നവരായ കന്യാസ്ത്രികൾ പാകം ചെയ്തു പുരോഹിതർക്ക് കൊടുക്കണമെന്ന് മെത്രാൻ നൽകിയ കൽപ്പന യിലൂടെയാണ്. മുൻകാല പുരോഹിതർ ഒരു സഹായിയെ ഭക്ഷണം പാകം ചെയ്യുവാൻ ഏർപ്പെടുത്തിയിരുന്നു. കഷ്ടം! കന്യാസ്ത്രികൾ ഈ പുരോഹിതാരുടെ സഹായികളായിരിക്കണമെന്നാണോ രൂപതയിലെ മെത്രാന്മാരുടെ നിയമo ? ഈ കന്യാസ്ത്രീകളെ ഇനി ആർക്കു, എന്ന് രക്ഷിക്കാൻ കഴിയും? കന്യാസ്ത്രികൾ പുരോഹിതരുടെ ആവശ്യങ്ങൾ നിർവഹിക്കാൻ നിശ്ചയിക്കപ്പെട്ടിട്ടുള്ളവരാണോ? വിദേശരാജ്യങ്ങളി ൽ പള്ളികളിൽ ജോലിയുള്ള പുരോഹിതർ അവരുടെ ഭക്ഷണം സ്വയം പാകം ചെയ്തു ഭക്ഷിക്കുന്നു. ഇങ്ങനെയുള്ള കാര്യങ്ങൾ സഭയുടെ വെറും തണലിൽ നടക്കുന്നതായ ചില ഉദാഹരണങ്ങൾ മാത്രമാണ്.
ആധുനിക കാലങ്ങളിൽ ക്രിസ്തീയ വിശ്വാസികളുടെ ആത്മീയയ്ക്കും വിശ്വാസത്തിനും സഭയ്ക്കും എല്ലാവിധ ശക്തികൾക്കും സഭയിലെ വിശ്വാസികൾക്കുമെതിരെ നടക്കുന്നതായിയുള്ള ആക്രമണത്തിനുള്ള തടയൽ പരിധി കുറയുന്നത് ആശങ്കാജനകവും അസ്വീകാര്യവുമാണ്. എന്നാൽ, സഭയിലെ പുരോഹിതരും ക്രിസ്ത്യൻ സഭാനേതൃത്വങ്ങളും രാഷ്ട്രീയ പ്രവർത്തകരുടെ താല്പര്യങ്ങളുടെ സംരക്ഷണത്തിനായിട്ട് ഇത്തരം ആക്രമണങ്ങൾ തടയുകയും അതിന് ദൃഢനിശ്ചയത്തോടെ വിചാരണ ചെയ്യുകയും ചെയ്യുന്നതറിയാം. സഭയുടെ മുൻകാല ചരിത്രം നോക്കുക. മുൻകാല കേരളത്തിലെ മാർത്തോമ്മാ ക്രിസ്ത്യാനികളുടെ കത്തോലിക്കാ സംസർഗ്ഗത്തെക്കുറിച്ച് മാത്രമല്ല, അന്നുള്ള വൈദിക രാജ്യതന്ത്രജ്ഞതയെയും വ്യക്തമാക്കുക്കയാണ് അവ ചെയ്യുന്നത്.
കേരള സഭയിലെ അധികാര വടം വലി- ഡോം മെനേസിസും ഉദയംപേരൂർ സൂനഹദോസും.
1597 കാലഘട്ടത്തിൽ മാർത്തോമാക്രിസ്ത്യാനികളുടെ ചരിത്രത്തിൽ നിരവധി സഭാപ്രശ്നങ്ങൾ ഉണ്ടായിരുന്നു. അക്കാലത്തു കേരളത്തിലെ സഭാകാര്യങ്ങളിൽ കാര്യമായി ഇടപെട്ട ഒരാളായിരുന്നു, അന്ന് ഗോവ മെത്രാപ്പോലീത്തയായി നിയമിതനായ ഡോം (അലക്‌സിസ് ) മെനേ സിസ് ഓ.ഇ.എസ്.എ. ഗോവ മെത്രാപ്പോലീത്തയായി നിയമിതനായത്. അക്കാലത്തും കേരളസഭയിൽ അധികാരവടംവലികൾ നടന്നിരുന്നു. ഡോം മെനേസിസിന്റെ പക്കൽ പേപ്പൽ തിരുവെഴുത്തുകൾ ഉള്ളത് കൊണ്ട് പല പരിഷ്‌കാരങ്ങളും മാർത്തോമ്മാസഭയിൽ ഉണ്ടാകുവാൻ അദ്ദേഹം എതിർപ്പുകളെ മറികടന്ന് പ്രവർത്തങ്ങൾ നടത്തിയിരുന്നു. മേൽപ്പറഞ്ഞ രണ്ടു പേപ്പൽ തിരുവെഴുത്തുകളെയും, കിഴക്കിന്റെ പ്രൈവറ്റ് എന്ന തന്റെ നിലയെയും ആശ്രയിച്ചുകൊണ്ടാണ് ഡോം മെനേസിസ് ഫാദർ റോസ് എസ്. ജെ യെ അങ്കമാലി അഡ്മിനിസ്ട്രേറ്ററാ യി നിയമിച്ചത്. അതിനുശേഷമുള്ള കാലത്തെ സഭയിലെ മാറ്റങ്ങൾക്ക് വേണ്ടി ഡോം മെനേസിസ് ഉടനെതന്നെ ഉദയംപേരൂർ സൂനഹദോസിന് വേണ്ട അടിയന്തിര സന്നാഹങ്ങൾ ആരംഭിച്ചു. അതിനായിട്ട് മഹറോൻ ശിക്ഷയിൻകീഴിൽ വൈദികരെയും മറ്റു വൈദികസ്ഥാനികളെയും താൻ സന്ദർശിച്ചിട്ടില്ലാത്തവർ ഉൾപ്പടെ എല്ലാ പള്ളികളിൽനിന്നും തെരഞ്ഞെടുക്കപ്പെട്ട നാല് അല്മേനികളെയും ക്ഷണിച്ചു.അന്ന് കൊച്ചി രാജാവിന്റെ സംസ്ഥാനത്തിപ്പെട്ട ഉദയംപേരൂർ എന്ന സ്ഥലത്തു എല്ലാ ക്ഷണിക്കപ്പെട്ടവരും- 130 വൈദികരും 660 അല്മേനികളും സമ്മേളിച്ചു. 1599 -ജൂൺ മദ്ധ്യത്തിൽ നടത്തപ്പെട്ടതായ ഉദയംപേരൂർ "സൂനഹദോസ്" ഇതാണ്."സൂനഹദോസ് "മാർത്തോമാക്രിസ്ത്യാനികളുടെ വൈദിക നിയമങ്ങളിലും റീത്തിലും മൗലിക മാറ്റങ്ങൾ വരുത്തുകയുണ്ടായി. മതവിശ്വാസം, സന്മാർഗം, ശിക്ഷണം, മറ്റുള്ള ദുരുപയോഗങ്ങൾ, അന്ധ വിശ്വാസങ്ങൾ ആചാരങ്ങൾ മുതലായവയെപ്പറ്റിയും തീരുമാനങ്ങളെടു ത്തു. പരിശുദ്ധ കാനോനകൾ അനുസരിച്ചുള്ള രൂപതാ സൂനഹദോസ് നടത്തുന്നതിന് അന്ന് ഡോം മെനേസിസിനു എന്തെങ്കിലും അർഹത ഉണ്ടായിരുന്നോ എന്നതാണ് പ്രശ്‌നം. ഉദയംപേരൂർ സൂനഹദോസിന് എന്നെങ്കിലും തിരുസിംഹാസനം അംഗീകരിച്ചുവെന്ന് പറയുന്നതിൽ യാതൊരു രേഖയും ഉണ്ടായിരിക്കുന്നില്ല. സൂനഹദോസ് നടക്കുമ്പോൾ സന്നിഹിതരായിരുന്ന റോസ് എസ്. ജെ., ക്യാം പോറി എസ്. ജെ യും അന്ന് ഈശോ സഭാജനറലിനും മറ്റും അയച്ച കത്തുകളിൽ നിന്ന് നടന്ന സൂനഹദോസ് വ്യവസ്ഥാപിതമായിട്ടുള്ള രീതിയിൽ ആയിരുന്നില്ലെന്ന് വ്യക്തമായി പ്രസ്താവിക്കുന്നുണ്ട്. ഈ കത്തുകൾ അനുസരിച്ചു, അന്ന് നടന്ന സൂനഹദോസിൽ മാർത്തോമാക്രിസ്ത്യാനികളുടെ അഭിപ്രായം ആരാഞ്ഞിരുന്നില്ല. അവിടെ തീരുമാനിക്കപ്പെട്ടവ യാതൊന്നും അന്ന് അവർക്ക് മനസ്സിലായിരുന്നില്ല. റോസ് S. J. നിർബന്ധിച്ചു നടപടികൾ ക്ക് സന്നിഹിതരായിരുന്നവരെക്കൊണ്ട് ഒപ്പ് വയ്പ്പിച്ചു. അങ്ങനെ ഈ സഭയിൽ അതിനുശേഷം എന്നും തുടർച്ചയായ ആശയസംഘർഷങ്ങൾ നടന്ന രേഖകൾ വത്തിക്കാൻ ആർക്കീവിൽ ഉണ്ട്. സഭാoഗങ്ങൾക്ക് ഇവയെല്ലാം ഇക്കാലത്തും ഇവ അംഗീകരിക്കാനും കഴിഞ്ഞിട്ടില്ല.
നമ്മുടെ സഭയെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട കാര്യം ആന്തരിക ആരാധനാക്രമത്തിന്റെ ചോദ്യങ്ങളിൽ മാത്രമായി ശ്രദ്ധ കേന്ദ്രീകരിക്കരുത് എന്നതാണ്. "അതിനാൽ, ബ്രഹ്മചര്യം അതെ, അത് അല്ലെങ്കിൽ ഇല്ല- നിങ്ങൾക്ക് ഇക്കാര്യത്തിൽ വളരെ വിമർശനാത്മക മായ അഭിപ്രായങ്ങൾ ഉണ്ടായിരിക്കാം,". സഭയുടെ സന്ദേശത്തിന്റെ ആകർഷണീയത വർദ്ധിപ്പിക്കുന്നതും പ്രധാനമാണ്. എന്നാൽ സഭ ഒരു സംഘടനയാകരുത്, അത് കേവലം ഒന്നല്ല, മറിച്ച് വിശ്വാസികളുടെയുo ആത്മീയചോദ്യങ്ങൾ കൈകാര്യം ചെയ്യണം, കാരണം അവിടെ അത് സവിശേഷമാണ്. "അതാണെന്റെ അഭിപ്രായം, അങ്ങനെയാണെങ്കിൽ ഞാനത് വിശ്വസിക്കുന്നു.
മാർപാപ്പയുടെ കത്തോലിക്കാസഭ, സീറോ മലബാർ സഭ, ഇവയിൽ തുടർച്ചയായ, വേദനാജനകവുമായ മാറ്റങ്ങളുടെ ഒരു നീണ്ട ഘട്ടത്തെ അഭിമുഖീകരിക്കുന്നുവെന്ന് ഉറപ്പാണ്. ഇതിന് ശക്തമായ മാനസിക ഘടകവുമുണ്ട്. ഈ രണ്ടു സഭകളിലെ നിലവിലുള്ള വിശ്വാസികളെ സംബന്ധിച്ചിടത്തോളം, ഇത് പരാജയവാദത്തിൽ വീഴുകയല്ല, മറിച്ച് ലഭ്യമായ അവസരങ്ങൾ സ്ഥിരോത്സാഹത്തോടെ ഉപയോഗിക്കുക എന്നതാണ്. വലിയ പള്ളികളും അവയുടെ ക്ഷേമ ഏജൻസികളും ഭരണകൂടവും കഴിഞ്ഞാൽ കത്തോലിക്കാസഭയെന്നത് ഏറ്റവും വലിയ ഒരോ സ്ഥാപനങ്ങളാണ്, മാത്രമല്ല അനേക ലക്ഷക്കണക്കിന് വിശ്വാസി സന്നദ്ധപ്രവർത്തകരെ ബന്ധിപ്പിക്കുകയും ചെയ്യുന്നു.
സീറോ മലബാർ സഭയുടെ കൂരിയ, സ്ഥിരം സിനഡ് .
1993 മാർച്ചിലാണ് എറണാകുളം-അങ്കമാലി അതിരൂപതയിലെ ആർച്ച് ബിഷപ്പിന്റെ ഹൌസിൽ സീറോ മലബാർ സഭയുടെ കൂരിയയുടെ പ്രവർത്തനം ആരംഭിച്ചത്. 1995 മെയ് മാസത്തിൽ ഇത് കൊച്ചിയിലെ കാക്കനാടിനടുത്തുള്ള മൗണ്ട് സെന്റ് തോമസിലെ പുതിയ മറ്റൊരു സ്ഥലത്തേക്ക് മാറ്റി. പുതുതായി നിർമ്മിച്ച ക്യൂറിയൽ കെട്ടിടം 1998-ൽ ജൂലൈയിൽ തുറന്നു.
സീറോ മലബാർ സഭയുടെ ഭരണനിർവഹണത്തിന്, എക്സിക്യൂട്ടീവ്, ജുഡീഷ്യൽ റോളുകൾ ഉണ്ട്. മേജർ ആർച്ച് ബിഷപ്പ്, ഉദ്യോഗസ്ഥർ, വിവിധ കമ്മീഷനുകൾ, കമ്മിറ്റികൾ, സ്ഥിരം സിനഡ് എന്നിവയെല്ലാം എക്സിക്യൂട്ടീവ് ഭാഗമാണ്. പൗരസ്ത്യ സഭകളുടെ കാനോൻ കോഡ് (സി.സി.ഇ.ഒ) അനുസരിച്ചാണ് സ്ഥിരം സിനഡും മറ്റ് ഓഫീസുകളും രൂപീകരിക്കുന്നത്. ചാൻസലർ, വൈസ് ചാൻസലർ, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ ഉദ്യോഗസ്ഥവിഭാഗത്തിൽ ഉൾപ്പെടുന്നു. ഒരു മേജർ ആർച്ച് ബിഷപ്പ് വിവിധ കമ്മീഷനുകളെ നിയമിക്കുന്നു:ഇന്ന് സീറോമലബാർ സഭയിലെ ആരാധനാ ക്രമം, കുടിയേറ്റക്കാരുടെയും സുവിശേഷവത്ക രണത്തിന്റെയും ഇടയ പരിചരണം, പ്രത്യേക നിയമം, കത്തോലിക്കാ വിശ്വാസം, എക്യുമെനിസം, കത്തോലിക്കാ ഉപദേശം, പുരോഹിതരും പ്രതിഷ്ഠിത ജീവിതത്തിന്റെ സ്ഥാപനങ്ങളും, അതുപോലെ സഭയിലെ അപ്പോസ്തോലിക ജീവിതത്തിന്റെ സൊസൈറ്റികൾ എന്നിങ്ങനെ വിവിധ കാര്യങ്ങൾ കൂരിയാ നിശ്ചയിക്കുന്നു.
കമ്മീഷനുകളിലെ അംഗങ്ങൾ സാധാരണയായി ബിഷപ്പുമാരാണ്, പക്ഷേ, പുരോഹിതരും ഉൾപ്പെടുന്നു. ജുഡീഷ്യൽ പ്രവർത്തനങ്ങൾക്ക് സി സി ഇ ഒ യ്ക്ക് അനുസൃതമായി രൂപീകരിച്ച പ്രധാനപ്പെട്ട ആർക്കി എപിസ്കോപ്പൽ ഓർഡിനറി ട്രൈബ്യൂണൽ ഉണ്ട്, അതിന് നിയമവും മതിയായ ഉദ്യോഗസ്ഥരും ഉണ്ട്, അതിന്റെ തലവനായി പ്രസിഡന്റ് ഉണ്ട്. നിലവിൽ റവ. ഡോ. ജോസ് ചിറമേൽ ആണ് പ്രസിഡന്റ്. ഇപ്പോൾ കൂരിയ ബിഷപ്പ് സ്ഥാനത്ത് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കലാണ് . ക്യൂറിയൽ മന്ദിരത്തിൽ മേജർ ആർക്കി എപ്പിസ്‌കോപ്പൽ ക്യൂറിയയും പ്രവർത്തിക്കുന്നു.
അവർ തങ്ങളുടെ സഭയ്ക്കായി പ്രത്യേക നിയമം തയ്യാറാക്കുകയും സീറോ മലബാർ സഭയുടെ ഔദ്യോഗിക ബുള്ളറ്റിൻ ആയ സഭയുടെ സിനഡൽ ന്യൂസിൽ ഭാഗികമായി പ്രഖ്യാപിക്കുകയും ചെയ്തു. സഭയുടെ സിനോഡൽ ക്രമത്തെക്കുറിച്ചു സഭയിൽ വലിയ തർക്കങ്ങൾ ഇപ്പോൾ നിലവിലുണ്ട്. മെത്രാന്മാരുടെ ഏകാധിപത്യ സഭാഭരണത്തിന്റെ വൻ പ്രതിച്ഛായ അതിനുണ്ട്. സഭയിലെ സ്ഥിരം സിനഡിനും മേലുദ്യോഗ സ്ഥർക്കും സാധാരണ ട്രൈബ്യൂണലുകൾക്കും ഉള്ള നിയമങ്ങളുണ്ട്. CCEO c. 122 § 2 പ്രത്യേക നിയമത്തിൽ നിർദ്ദിഷ്ടമാണ്, ഓരോ പദവിയുടെ കാലാവധി അഞ്ച് വർഷമായിരിക്കും, ഒരേ വ്യക്തിയെ തുടർച്ചയായിട്ട് രണ്ട് ടേമിൽ കൂടുതൽ നിയമിക്കാൻ പാടില്ല.
ഇന്ത്യയിലെ ആദിലാബാദ്, ബിജ്നോർ, ചന്ദ, ഗോരഖ്പൂർ, ജഗ്ദൽപൂർ, രാജ് കോട്ട്, സാഗർ, സത്ന, ഉജ്ജയിൻ എന്നിവയ്ക്ക് ലത്തീൻ പ്രവിശ്യകൾ ക്കുള്ളിലും, കല്യാൺ, ഫരീദാബാദ്, ഹൊസൂർ, ഷംഷാബാദ് എന്നിവ യ്ക്ക് ഇന്ത്യയിലെ സീറോമലബാർ കത്തോലിക്കരുടെ എല്ലാ അധികാര പരിധിയിലും പ്രത്യേക അധികാരപരിധിയുണ്ട്. ആഗോള തലത്തിൽ ഇന്ന് അമേരിക്കൻ ഐക്യനാടുകളിലെ ചിക്കാഗോയിലുള്ള സെന്റ് തോമസ് എപ്പാർക്കി, ഓസ്ട്രേലിയയിലെ മെൽബണിലെ സെന്റ് തോമ സ് അപ്പസ്തോലൻ എപ്പാർക്കി, ഗ്രേറ്റ് ബ്രിട്ടനിലെ എപ്പാർക്കി, കാനഡ യിലെ മിസിസ്സാഗയിലെ എപാർക്കി എന്നിവയ്ക്ക് വ്യക്തിഗത അധികാ രപരിധിയുണ്ട്.
ഈ കത്തോലിക്കാ വിശ്വാസങ്ങൾ ബൈബിളിൽ പോലുമില്ല.
ലോക കത്തോലിക്കാസഭ ലോകത്തിലെ ഏറ്റവും വലിയ മത സംഘടന കളിൽ ഒന്നാണ്. അതിൽ ഒരു വിഭാഗം മാത്രമാണ് സീറോ മലബാർ സഭയും. ക്രിസ്ത്യൻ വിഭാഗത്തിലെ വിശ്വാസങ്ങളും പാരമ്പര്യങ്ങളും പാരമ്പര്യങ്ങളും പിന്തുടരുന്ന ലക്ഷക്കണക്കിന് വിശ്വാസികളായിട്ടുള്ള അനുയായികൾ കത്തോലിക്കാ മതത്തിലുണ്ട്. അവരാണ് കേരളത്തിൽ സീറോ മലബാർ സഭയുടെ അംഗങ്ങളും എന്ന പേരിലറിയപ്പെടുന്നവർ. എന്നാൽ അതിൽ എത്രത്തോളം ഓരോ കാര്യങ്ങൾ യഥാർത്ഥത്തിൽ ബൈബിൾ തെളിവുകളെ അടിസ്ഥാനമാക്കിയുള്ളതാണ്? സീറോ മല ബാർ സഭയിലെ വിശുദ്ധരുടെ കൂദാശകൾ, കല്പനകൾ, പ്രാർത്ഥനകൾ, ആരാധനക്രമം എന്നിവ ബൈബിളിൽ പോലും ഉണ്ടോ? ഇപ്രകാരമുള്ള കത്തോലിക്കാ വിശ്വാസ പഠനങ്ങൾ ബൈബിളിൽ പോലുമില്ല.
സഭ വേദനാജനകമായ മാറ്റങ്ങളെ അഭിമുഖീകരിക്കുന്നു.
അതിന് അവസാനമില്ല. സഭാ പുരോഹിതരിലുള്ള വിശ്വാസത്തിന്റെ പ്രസക്തി ക്ഷയിച്ചുകൊണ്ടിരിക്കുകയാണ്. ഇത് എവിടെ, എങ്ങനെ അവസാനിക്കും?അപ്രധാനം?എന്നാൽ അങ്ങനെയാവണമെന്നില്ലല്ലോ. ഈ സഭയും അതിന്റെ പ്രാധാന്യത്തിൽ ഉറപ്പായിട്ട് വിശ്വസിക്കണം– എന്നത്തേക്കാളും കൂടുതൽ അത് ഊർജ്ജതയിൽ നാം ജീവിക്കുകയും വേണം. അവർക്കല്ലെങ്കിൽ, സമൂഹത്തിന്റെ നടുവിലുള്ള തങ്ങളുടെ ഓരോ വലിയ ദൗത്യത്തെക്കുറിച്ച് ആർക്കാണ് ബോധ്യമുണ്ടാകേണ്ടത്? ആധുനിക സമൂഹത്തിന്റെ മധ്യത്തിൽ കാണുന്ന കാലത്തിന്റെ ചില അടയാളങ്ങൾ തിരിച്ചറിയാൻ ഇതേപ്പറ്റി മത്തായിയുടെ സുവിശേഷം ബൈബിളിൽ ഇതിനകം ആവശ്യപ്പെടുന്നു. സമൂലമായി ജീവിച്ചാൽ മാത്രമേ വിശ്വാസം ഏറെ തീക്ഷ്ണമാകൂ എന്നതാണ് കാലത്തിന്റെ ചില അടയാളങ്ങൾ. ഈ ലോകത്ത് ഇതിനുദാഹരണങ്ങളുണ്ട്, എന്നാൽ അവ അത്ര നല്ലതല്ല.
സഭയുടെ പ്രസക്തി നിർണ്ണയിക്കുന്നത് അത് ആളുകൾക്ക് എന്താണ് വാഗ്ദാനം ചെയ്യുന്നത് എന്നതിനെ ആശ്രയിച്ചാണ്. സഭയുടെ ദൌത്യം വെറുമൊരു മണ്ടത്തരമല്ല. അത് വീണ്ടും വീണ്ടും സ്വയം പുതുക്കുക എന്നതാണ്. പുതിയ സമൂഹം പോലെ, രാഷ്ട്രീയ-സഭാ കത്തീഡ്രലായ അങ്കമാലി-എറണാകുളം കത്തീഡ്രലിന്റെ ആപ്തവാക്യം "നിരന്തരം പുതിയത്" എന്നതാണ്. സീറോമലബാർ സഭാ നേതൃത്വങ്ങൾ ഇപ്പോൾ ഏകപക്ഷീയമായി ഓരോ വിശ്വാസികളുടെയും ആവശ്യങ്ങളെല്ലാം- ജനാഭിമുഖ കുർബാന- എതിർത്തുകൊണ്ട് എന്തിനു വേണ്ടി അവർ ഈ ബലപരീക്ഷണം നടത്തുന്നു?
"വത്തിക്കാനിലെ "പ്രൊക്കൂറ ഹൌസ്". ആർക്കുവേണ്ടി ?
ഇത് രാഷ്ട്രീയമാണ്, സാമൂഹ്യ പ്രതിസന്ധികളും പണപ്പെരുപ്പവും മൂലമുള്ള സാമ്പത്തിക ബുദ്ധിമുട്ടുകൾ, സമൂഹത്തിന്റെ വാർദ്ധക്യം, രക്ഷയുടെ വാഗ്ദാനങ്ങളോടുള്ള അവിശ്വാസം - ഇത് ഒന്നിലധികമായ കാര്യങ്ങളെ ബാധിക്കുന്നു. നാമെല്ലാം സ്വയം പിന്തിരിയുക എന്നത് വ്യക്തിയെയോ സഭയുടെ സ്ഥാപനത്തെയോ സഹായിക്കുന്ന ഏതോ ഉത്തരമല്ല. പുതുക്കലിന് ഒരു നീണ്ട പാരമ്പര്യമുണ്ട് എന്നാണ് ഇന്നത്തെ സഭാവിശ്വാസികൾ കരുതുന്നത്. ഈ പ്രവണതകൾ വർഷങ്ങളായി ഉയർന്നുവരുന്നുണ്ട്, അവയുടെ നല്ല ഫലങ്ങൾ ഇതുവരെ സഭയിൽ അനുഭവപ്പെട്ടിട്ടില്ല. നല്ല സാമ്പത്തിക സാഹചര്യം, ഉദാഹരണമായി, വിശ്വാസികളിൽ നിന്നുള്ള സ്തോസ്ത്രധനകാഴ്ചയിൽ നിന്നുള്ള വൻ വരുമാനം അതിവേഗം അത് കുമിഞ്ഞുകൂടുന്നത് തുടർന്നു പോകുന്നു. അതുപോലെ തന്നെ, മുകളിൽ കുറിച്ചതുപോലെ വിവാഹകർമ്മങ്ങൾ നടത്തൽ, വിവിധ കൂദാശകർമ്മളിലൂടെ ലഭിക്കുന്ന വൻതുകകൾ,ഇവ വാങ്ങുന്നത് സഭാ നേതൃത്വം അറിഞ്ഞുകൊണ്ടുതന്നെയാണ്. ഇതിൽ നിന്ന് സ്വന്തം ഘടനകളെക്കുറിച്ച് ചിന്തിക്കുകയും സഭയ്ക്കുള്ളിലെ ഓരോ ചർച്ചയെ അപകടകരമാംവിധം മന്ദഗതിയിലാക്കിയിട്ടുണ്ട്. സഭാ ഘടനകളുടെ ശിഥിലീകരണം കാരണം, സമൂഹത്തിനുണ്ടാകുന്നതായ നഷ്ടം വളരെയേറെ വലുതായിരിക്കും. ഇതെല്ലാം കുറിക്കുമ്പോൾ ഒരു കാര്യം നമ്മെ അത്ഭുതപ്പെടുത്തും.
2012 -ൽ മുൻ സീറോ മലബാർ സഭാതലവനായിരുന്ന കർദ്ദിനാൾ മാർ ആലഞ്ചേരി വത്തിക്കാനിൽ സീറോമലബാർ സഭയ്ക്കു വേണ്ടിയെന്ന പേരിൽ "പ്രൊക്കുറ ഹൌസ്, വാങ്ങുന്നതിന് വേണ്ടി 13 കോടി ഡോളർ (പതിമൂന്നുകോടി ഡോളർ) ചെലവഴിച്ചു. ഏകദേശം 350 Sq.mt വിസ്തീർണ്ണ മുള്ള ആ കെട്ടിടം 4600 Sq.mt വിസ്താരമുള്ള സ്ഥലത്തിലാണ് കാണുന്നത്. ഈ സ്ഥലവും കെട്ടിടവും വാങ്ങാൻ ഇടനിലക്കാരനായി പ്രവർത്തിച്ച ആൾ, അന്ന് വത്തിക്കാനിൽ ജോലി ചെയ്തിരുന്നതായ ഒരു ഫാ. സ്റ്റീഫൻ ചിറപ്പണത്തായിരുന്നു. അധികമേറെ നാളുകൾ കഴിഞ്ഞില്ല, അദ്ദേഹ ത്തെ മെത്രാൻ സ്ഥാനത്തേയ്ക്കുയർത്തി, യൂറോപ്പിൽ സീറോ മലബാ റിന് വേണ്ടി നിയമിക്കപ്പെട്ടു. ഒരു ഇടനിലക്കാനുള്ള പ്രതിഫലം നല്കുന്ന പോലെയാണീ നിയമനം. ഇതിന് വത്തിക്കാനിൽ ഇത്രയേറെ പണം ചെലവഴിച്ചു കെട്ടിടം വാങ്ങിയ കാര്യങ്ങൾ എത്ര സഭാഅംഗങ്ങൾക്ക് അറിയാം? ഈ കെട്ടിടം വാങ്ങുവാനുള്ള പണം എവിടെ നിന്നുണ്ടായി? 2012 ൽ മാർ ആലഞ്ചേരി ജർമ്മനിയിലുള്ള ചില മലയാളികളോട് പണം ഇതിനു വേണ്ടി കൊടുത്ത് സഹായിക്കുവാനുള്ള ആഹ്വാനം ഓരോ ഇ-മെയിൽ അയച്ചു ആവശ്യപ്പെട്ടിരുന്നു. ആ കാലഘട്ടത്തിനടുത്തുള്ള സമയത്ത് നടന്ന ഒരു വമ്പൻ അഴിമതിയുടെ പണമിടപാട് ചരിത്രം.!
സീറോ മലബാർ സഭാനേതൃത്വങ്ങളുടെ അധീനതയിലായിട്ടുള്ള ഏത് കോളജുകളിൽ വിദ്യാർത്ഥികളുടെ പഠനത്തുടർച്ചയ്‌ക്കോ, മാത്രമല്ല, തൊഴിലധിഷ്ഠിത വിദ്യാഭ്യാസമോ ലഭിക്കുവാൻ അധികൃതർക്ക് ഒരു ഭീമൻ പണകൈമാറ്റം നടത്തിയാൽ മാത്രമേ ലഭിക്കുകയുള്ളു. ഇത്തരം സ്ഥാപനങ്ങൾ, ഉദാഹരണo, രൂപതകൾ സ്ഥാപിച്ചിട്ടുള്ള ആശുപത്രി, മറ്റു സ്ഥാപനങ്ങൾ, ഇവ നിർമ്മിക്കുവാൻ സഭാ വിശ്വാസികളിൽനിന്നും ലഭിച്ചിരുന്ന ധനസഹായം സഹായകമായിരുന്നു. യാഥാർത്ഥ്യം സഭാ അധികാരികൾ മറന്നു. ഇതെല്ലാം യുവജനങ്ങൾ വിദേശരാജ്യങ്ങളിൽ ഭാവിപഠനസാദ്ധ്യത തേടി നാട് വിടാൻ കാരണമാക്കിയിട്ടുണ്ട്. അവർ ഭാവിതേടി വിദേശത്തു പോയതറിഞ്ഞ രൂപതാമെത്രാന്മാർ അവരുടെ വിമർശനം ഇടയലേഖനം വഴി പള്ളികളിൽ വായിക്കുവാൻ നൽകി. അവരുടെ സ്‌കൂളുകളിലും കോളജുകളിലും വിദ്യാർത്ഥികളുടെ എണ്ണം കുത്തനെ താഴേയ്ക്ക് പോയി എന്നാണ് അവരുടെ രൂക്ഷ ആരോപണം. ഇതെല്ലാം പുരോഹിതരുടെ ആത്മീയതയുടെ പ്രവത്തനങ്ങളാണോ? സീറോമലബാർ സഭയിൽപ്പെട്ട അനേകം വൈദികർ യൂറോപ്പിലാകെ പള്ളികളിൽ ജോലി ചെയ്യുന്നത് ഏവർക്കും അറിവുള്ള കാര്യമാണ്.
ഇടവകയിലെ കൂട്ടായ്മ ഗ്രൂപ്പുകൾ
വലിയ പള്ളികളും അവയുടെ ക്ഷേമ ഏജൻസികളും ഇന്ന് ഭരണകൂടം കഴിഞ്ഞാൽ കേരളത്തിലെ ഏറ്റവും വലിയ സ്ഥാപനങ്ങളാണ്, മാത്രമല്ല ലക്ഷക്കണക്കിന് സഭയിലെ സന്നദ്ധപ്രവർത്തകരെ ഇവർ ഒരുമിപ്പിച്ചു ബന്ധിപ്പിക്കുകയും ചെയ്യുന്നു. പള്ളികളുടെ ആത്മീയ ചുരുങ്ങലിന് ഒരു സാംസ്കാരിക ഘടകമുണ്ട്, ഇത്കാരണം സഭയുടെ സ്വത്വത്തിന്റെ ക്രിസ്ത്യൻ വിശ്വാസസ്തംഭത്തെ ദുർബലപ്പെടുത്തുന്നു. ഭാവിയിൽ സഭ എന്ത് രൂപമെടുക്കുമെന്ന് വ്യക്തമല്ല. ഓരോ ഇടവകയിൽ വിവിധതരം ഗ്രൂപ്പുകൾ നിർമ്മിച്ച് വിശ്വാസികളുടെ കൂട്ടായ്മ സംഘം സൃഷ്ടിക്കുന്നു. ഇടവക ഒരു യൂണിറ്റായിട്ടു കാണുകയാണല്ലോ ഉത്തമമായ കൂട്ടായ്‌മ. നിലവിൽ സംജാതമായ, കൂട്ടായ്‌മ വാർഡുകൾ, ഈ പ്രവണത കൂടുതൽ പ്രാദേശികവൽക്കരണത്തിലേക്കാണ് നയിക്കുന്നത്. ഇതാകട്ടെ ഉയർന്ന നിലവാരമുള്ള പള്ളിയിലെ സംഗീതം, അല്ലെങ്കിൽ വിവിധ കാര്യങ്ങൾ, പ്രവർത്തനക്ഷമമായ യുവജന ജോലി പോലുള്ള മറ്റുള്ള ഓഫറുകൾ, ഉറപ്പാക്കാൻ ഉദ്ദേശിച്ചുള്ളതാണ്. അതേസമയത്ത് ഇതിലൂടെ കൂടുതൽ സാമൂഹിക സമ്പർക്കം നഷ്ടപ്പെടാനുള്ള സാധ്യതയുണ്ട്. കത്തോലിക്ക സഭയിൽ ഒരിടത്തും ഇത്തരത്തിൽ കൂട്ടായ്മകളുടെ ഗ്രൂപ്പ് വിഭാഗീയ പ്രവർത്തനങ്ങൾ ഇല്ല.
അത്ഭുതങ്ങൾക്ക് പുതിയ നിയമങ്ങൾ : വത്തിക്കാൻ ഇപ്പോൾ കൂടുതൽ സംശയാസ്പദമാകുന്നു.
അതുപോലെയാണ്, ചില പുരോഹിതർ വമ്പൻ പണസമ്പാദനമാർഗ്ഗം കണ്ടുപിടിച്ചിട്ടുണ്ട്. അവരുടെയടുക്കലെത്തിയിട്ടുള്ള വിശ്വാസികളായ ചിലർക്ക് അത്ഭുതങ്ങൾ നടത്തി വിശ്വാസികളുടെ വൻ പ്രതീക്ഷകളും ആഗ്രഹങ്ങളും സഫലീകരിച്ചു കൊടുക്കുന്നുവെന്ന് പരസ്യം നൽകി വിശ്വാസികളെ ആകർഷിച്ചു വിളിച്ചുവരുത്തി പ്രതിഫലം വാങ്ങുന്ന സമ്പാദനരീതി. അതിൽപ്പെട്ടതാണ് കൃപാസനം, പോട്ട ധ്യാനകേന്ദ്രം, തുടങ്ങിയ ചില പുരോഹിതർ നടത്തുന്ന നിരവധി ധ്യാനകേന്ദ്രങ്ങൾ. ധ്യാനഗുരുക്കൾ നടത്തിവരുന്ന മികച്ച ചില സ്ഥാപനങ്ങൾ ആയിരുന്നു. ഇവയെക്കൂടാതെ കേരളത്തിൽ സീറോ മലബാർ പുരോഹിതരുടെയും നിരവധി ധ്യാന-അത്ഭുത പ്രവർത്തികളുടെ കേന്ദ്രങ്ങൾ നിലവിലുണ്ട്. ഇനി, മാർപ്പാപ്പയുടെ നിരീക്ഷണത്തിലേയ്ക്ക് ഈ പുരോഹിതന്മാർ ഉൾപ്പെടുന്നത് വിദൂരത്തിലല്ല.
തട്ടിപ്പുകാർ പണം സമ്പാദിക്കാനും മാത്രമല്ല അത്ഭുതങ്ങളോ വിവിധ പ്രതിഭാസങ്ങളോ ഉപയോഗിച്ച് ആളുകളെ കൈകാര്യം ചെയ്യുന്നതിന് ശ്രമിക്കുമെന്ന അപകടവുമുണ്ട്. വത്തിക്കാന്റെ പുതിയ കർശനമായ മാനദണ്ഡങ്ങൾ ഉപയോഗിച്ച് ഈ അപകടസാധ്യതകൾ പൂർണ്ണമായിട്ടും തടയേണ്ടതുണ്ട്. കത്തോലിക്കാസഭയ്ക്ക് ഈയിടെയ്ക്ക് വളരെയധികം വിശ്വാസ്യത കൈവിടേണ്ടിവന്നു. ഉദാഹരണത്തിന്, കഴിഞ്ഞ വർഷം, ഇറ്റലിയിൽ മഡോണയുടെ ഒരു പ്രതിമ ഉണ്ടായിരുന്നു, റോമിനടുത്തു ട്രെവിഗ്നാനോ റൊമാനോ പട്ടണത്തിൽ നിന്നുള്ള സ്വയം പ്രഖ്യാപിത സന്യാസിയുടെ അഭിപ്രായത്തിൽ, മറ്റ് കാര്യങ്ങൾക്കൊപ്പം ഒരു പിസ നിർമ്മിച്ചു. രണ്ട് മാസം മുമ്പ്, ട്രെവിഗ്നാനോയുടെ അത്ഭുതങ്ങൾ എല്ലാം തെറ്റാണെന്ന് വത്തിക്കാൻ പ്രഖ്യാപിച്ചു. ഫ്രാൻസിസ് മാർപ്പാപ്പ ഇക്കാര്യത്തിൽ ഗൗരവമായ തീരുമാനങ്ങൾ എടുക്കുകയാണ്
അത്ഭുതങ്ങളെ വിലയിരുത്തുന്നതിന് കത്തോലിക്കാ സഭ പുതിയ ചില നിയമങ്ങൾ അവതരിപ്പിച്ചു. പ്രസിദ്ധീകരിച്ച ഓരോരോ "അമാനുഷിക പ്രതിഭാസങ്ങളുടെ വിലയിരുത്തലിനു നടപടിക്രമത്തിനുള്ള ഓരോ മാനദണ്ഡങ്ങൾ" അനുസരിച്ച്, ആരോപിക്കപ്പെടുന്ന ഒരു അത്ഭുതങ്ങൾ അമാനുഷിക ഉത്ഭവമാണെന്ന് സഭയുടെ ഔദ്യോഗിക സ്ഥിരീകരണം ഇനി ഉണ്ടാകില്ല ?. അതിന്പകരം, ആറ് വിഭാഗങ്ങളിൽ വ്യത്യസ്തപ്പെട്ട ഒരു മൂല്യനിർണ്ണയമുണ്ട്. കൂടാതെ, വിശ്വാസത്തിന്റെ ഡികാസ്റ്ററി വളരെ വിശദമായ നടപടിക്രമം സ്ഥാപിക്കുന്നു, അതനുസരിച്ച് ഓരോ രൂപതാ ബിഷപ്പുമാർ ഇത്തരം ആരോപണവിധേയമായ അത്ഭുതങ്ങൾ അവലോകനം ചെയ്യുന്നു.
പരിശുദ്ധ മാതാവിന്റെ ഒരു ദൃശ്യം അവിടെ ഉണ്ടായിരുന്നോ, ആ ഒരു പ്രതിമ ശരിക്കും രക്തം കരഞ്ഞോ, അതോ ഒരു അവശിഷ്ടം ഗുരുതരമാ യ രോഗിയെ സുഖപ്പെടുത്തിയോ? അത്ഭുതങ്ങളെ വിലയിരുത്തുന്നതി നുള്ള മാർഗ്ഗനിർദ്ദേശങ്ങൾ വത്തിക്കാൻ മുഴുവൻ പരിഷ്കരിക്കുകയും ഭാവിയിൽ അവയെ കൂടുതൽ സംശയാസ്പദമായി വിലയിരുത്താവാൻ ആഗ്രഹിക്കുകയും ചെയ്യുന്നു. ഫ്രാൻസിസ് മാർപാപ്പ ഒപ്പിട്ട് നൽകിയ വത്തിക്കാൻ പ്രസിദ്ധീകരിച്ച രേഖ പ്രകാരമാണ് ഈ തീരുമാനം .
സീറോ മലബാർ സഭയിലെ വിശ്വാസികളിൽ നിന്നുള്ള സാമ്പത്തിക ഒഴുക്കിന്റെ ദിശയെ ഏറെ ബാധിച്ചാൽ, ഇപ്പോഴും ഈ സഭയുടെ ഏത് വലിയ ആഡംബര സാമ്പത്തിക ഘടനകളിൽ പ്രകടമായി ഏർപ്പെടുന്ന സഭാനേതൃത്വങ്ങൾക്ക് വിവിധ തരത്തിലുള്ള സ്വാധീനം നഷ്ടപ്പെടും. ഇന്ന് സഭയും വിശ്വാസികളും തുടർച്ചയായതും വേദനാജനകവുമായ മാറ്റത്തിന്റെ ഒരു നീണ്ട കാലയളവിലെ വേദന അഭിമുഖീകരിക്കുന്നു എന്നതാണ് ഉറപ്പായി തോന്നുന്നത്. ഇതിനുള്ള ശക്തമായ മാനസിക ഘടകവുമുണ്ട്, അതിനനുസൃതമായ സംഭവങ്ങളും ഉണ്ട്. സഭയിലെ വിശ്വാസികളെ സംബന്ധിച്ചിടത്തോളം, ഇത് ഒരു പരാജയവാദത്തിൽ വീഴുകയല്ല, മറിച്ച് ലഭ്യമായ അവസരങ്ങൾ ഉപയോഗിക്കുന്നതിലൂടെ ഉളവാകുന്നത് നല്ല കാര്യമാണ്. ക്രിസ്തുമതത്തിന്റെ ദൃശ്യചിഹ്നങ്ങൾ-വിശുദ്ധ കുർബാനയിലെ പാട്ടുകൾ, വിശുദ്ധ കുർബാന പള്ളികളിൽ അർപ്പിക്കുകയെന്നത്, പള്ളികളിൽ സംഗീത പരിപാടിയല്ല നടത്തുക എന്ന കാര്യം പുരോഹിതർക്കറിയാമോ?, പാട്ടുകൾ, അതിലൂടെത്തന്നെ അതിന്റെ ആചാരങ്ങൾക്ക്പോലും ഓരോ പുതിയ ചില മാറ്റങ്ങളും ഉണ്ടായിട്ടുണ്ട്. ഗദ്യപ്രാർത്ഥനവായന, സംഗീതആലാപന പ്രാർത്ഥന, എന്നിവ നടത്തി വിശുദ്ധകുർബാനയുടെ മൂല്യം നഷ്ടപ്പെടാത്തവിധം നടത്തപ്പെടുവാൻ പുരോഹിതർ ശ്രദ്ധിക്കണം.
പക്ഷേ, സമൂഹത്തിന്റെ മധ്യത്തിൽ ഒരു കാലത്തിന്റെ അടയാളങ്ങൾ തിരിച്ചറിയാൻ മത്തായിയുടെ സുവിശേഷം ബൈബിളിൽ ഇതിനകം ആവശ്യപ്പെടുന്നു. സമൂഹത്തിൽ ഈ അടയാളങ്ങൾ കണ്ട് ജീവിച്ചാൽ മാത്രമേ വിശ്വാസം തീക്ഷ്ണമാകൂ എന്നതാണ് കാലത്തിന്റെ കാതലായ അടയാളങ്ങൾ. നമ്മൾ ഇന്ന് എങ്ങനെ പെരുമാറുന്നു എന്ന കാര്യത്തിൽ നാമെല്ലാവരും കൂടുതൽ ശ്രദ്ധ ചെലുത്തുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു . പരസ്പരമുള്ള ബഹുമാനവും അഭിനന്ദനവും, വീണ്ടും അവ കൂടുതൽ മൂല്യബോധം നൽകുമെന്നും, നല്ല സംഭാഷണം, പരസ്പര വിട്ടുവീഴ്ചകൾ, ഇവ ലോകത്തിന്റെ വ്യത്യസ്ത കാഴ്ചപ്പാടുകളുടെ വിവിധ വൈവിധ്യം എന്നിവയ്ക്കായിട്ട് സഭയിലെ എല്ലാ അംഗങ്ങളും, പുരോഹിതന്മാരും ഉൾപ്പടെ, ഒരുമിച്ച് പ്രവർത്തിക്കും എന്ന തുറന്ന നിലപാട് ഉണ്ടാകണം. അതിനർത്ഥം അതിന് തയ്യാറുള്ള എല്ലാവരും എന്നാണത്രെ. // .
**********************************
******
Browse and share: https://dhruwadeepti.blogspot.com
ഈ ബ്ളോഗില്‍ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങളുടെ ഉത്തരവാദിത്തം അതെഴുതുന്ന വ്യക്തികള്‍ക്കു മാത്രമായിരിക്കും. സഭ്യമല്ലാത്ത ഭാഷയും അപകീര്‍ത്തിപ്പെടുത്തുന്ന പദപ്രയോഗങ്ങളും ഒഴിവാക്കുക-
***********************************************************************************
Keine Kommentare:
Kommentar veröffentlichen
Hinweis: Nur ein Mitglied dieses Blogs kann Kommentare posten.