George Kuttikattu |
ഇന്ത്യയിലോ ലോകത്തിലെ മറ്റു രാജ്യങ്ങളിലോ പ്രവർത്തിക്കുന്ന അനേകം വലിയ കമ്പനികളുടെ സംരംഭകരും അവരെ നന്നായി പുലർത്തിക്കൊണ്ട് ശക്തിപ്പെടുത്തുന്ന രാജ്യമേലധികാരികളും ഉണ്ട്. എന്നാൽ അവരുടെ മാതൃക നമ്മുടെ സാമൂഹിക ജീവിതക്രമത്തിന്റെ വഴികളിലും ഇന്നത്തെ നമ്മുടെ ഇന്ത്യയിലെ ജനാധിപത്യവ്യവസ്ഥിതിയിലുള്ള സ്ഥാപനങ്ങളിലുള്ള നമ്മുടെ വിശ്വാസം ശക്തിപ്പെടുത്തുന്നുണ്ടെന്ന് കരുതാനാകുമോ? പകരം, നമ്മളുടെ സ്വന്തം കാര്യങ്ങളിൽ, നമുക്ക് സ്വയം വളരെയധികം വിശ്വാസമില്ലാത്തതും, ആരെയും അറിയിക്കാതെ സ്വാർത്ഥത കാണിക്കുന്നതുമായ അനേകമനേകം മേലധികാരികളുണ്ട്. ഒടുവിൽ, അവരുടെ സ്വന്തമായ കാഴ്ചപ്പാടുകൾ അവർ നിഷ്കരുണം നമ്മിലേക്ക് നടപ്പിലാക്കുകയും ചെയ്യുന്നു. ഓരോ കമ്പനികളുടെ "വർക്ക് കൗൺസിൽ" (മറ്റൊരു വിധം പറഞ്ഞാൽ- അഡ്‌വൈസറി ബോർഡ്" ) എന്നിവർ കൈകാര്യം ചെയ്യുന്നതനുസരിച്ചു അവരെ ഏൽപ്പിച്ച ആളുകളെ ചില പ്രത്യേക പ്രത്യശാസ്ത്രത്തിലേയ്ക്ക് നയിക്കുകയും ചെയ്യും. അവരാരും ജനാധിപത്യപരവും സാമൂഹികവുമായ കാഴ്ചപ്പാടുകളിലുള്ള വിട്ടുവീഴ്ചയ്ക്ക് ഒട്ടു നയിക്കുകയുമില്ല. ഇന്ന് ഈ വിധമാണ് ഇന്ത്യൻഭരണനേതൃത്വം നിലവിൽ നടപ്പാക്കുന്ന ഏകാധിപത്യഭരണമനോഭാവം.
സംഘടനകൾ, യൂണിയനുകൾ, ഉത്തരവാദിത്തം .
ഇക്കാലത്തെ തൊഴിലാളിയൂണിയൻ പ്രവർത്തകരായ ഉദ്യോഗസ്ഥർ പോലും, ശക്തവും ജനാധിപത്യപരമായി ഘടനാപരമായിട്ടുള്ള ഒരു ബഹുജനസംഘടന ( അതായത്, തൊഴിലാളിസംഘടനകൾ എന്നൊക്കെ നാം വിളിക്കുന്നു ) യുടെ അത്തരം സേവനത്തിലാണെങ്കിലും, ജനാധിപത്യവ്യവസ്ഥിതിയുടെ ഉറച്ച സ്ഥിരതയ്ക്ക് ഹാനികരമായ പാതകളിലൂടെ സഞ്ചരിക്കുന്നു, അവരെ ഉറച്ചു വിശ്വസിക്കുന്ന ആളുകളെപ്പോലും എപ്പോഴും വിശ്വസിപ്പിക്കാനും അവരെ നയിക്കാനും അവർക്ക് കഴിയും. പ്രത്യേകിച്ച് പ്രസംഗങ്ങളും അപ്പീലുകളും ഓരോരോ പ്രക്ഷോപങ്ങളും അത് ഒരു സുഹൃത്- ശത്രു നയപദ്ധതികൾക്ക് തുല്യമാണെങ്കിൽപ്പോലും, ഇന്ത്യയിൽ നമ്മൾക്ക് അത്തരം പെരുമാറ്റങ്ങൾക്ക് അവസരം സാധാരണനിലയിൽ അങ്ങനെ ഒട്ടു ദൃശ്യമല്ലെന്നു കൃത്യതയോടെ തീർത്ത് പറയാനും എളുപ്പമല്ല. ആധുനിക എംപ്ലോയീസ് യൂണിയനുകളിലെ കുറച്ചു മുമ്പുള്ള കാലങ്ങളിലെ പ്രവർത്തന അനുഭവ പരിചയത്തിൽനിന്നും എനിക്ക് മനസ്സിലായത്, അന്നുള്ളതിൽനിന്നും ഒട്ടും വ്യത്യസ്തമല്ല, ഇപ്പോഴും തൊഴിലാളി യൂണിയൻ പ്രവർത്തനശൈലികളെന്നു പറയാനാഗ്രഹിക്കുന്നു. ഇന്നും ഇന്ത്യയിലെ നമ്മുടെ മിക്ക ട്രേഡ് യൂണിയനുകളും മാതൃകാപരമായ പാർലമെന്ററി ജനാധിപത്യവ്യവസ്ഥ സംരക്ഷിക്കുന്നതിൽ ബോധപൂർവ്വമായ ഒരു സ്വാധീനം ചെലുത്തുന്നില്ല. എന്നാൽ ലോകരാജ്യങ്ങളിൽ നിലവിലുള്ള അനേകം ട്രേഡ് യൂണിയനുകൾ പ്രവർത്തനം തുടരെ മെച്ചപ്പെടുത്താനുള്ള നിരന്തരമായ സമാധാന ഇച്ഛാശക്തിയും തൊഴിലുടമകളുമായി ധാരണയിൽ എത്താനുമുള്ള ഇച്ഛാശക്തിയും ഉണ്ട്. എന്നാൽ മറ്റുചില ലോകരാജ്യങ്ങളിലെ ചില ട്രേഡ് യൂണിയനുകളേക്കാൾ വിജയകരമാണ് ഇപ്പോൾ യൂറോപ്പിലും മറ്റ് ചില രാജ്യങ്ങളിലും ഉള്ള തൊഴിൽ സംഘടനകൾ പ്രവർത്തിക്കുന്നത്.
ഏതുകാര്യത്തിനുവേണ്ടിയും "ഐക്യദാർഢ്യം" എന്ന തത്വമില്ലാതെ തികച്ചും വിജയകരമായ ട്രേഡ് യൂണിയൻ പ്രവർത്തനം സാദ്ധ്യമല്ലെന്ന് മുൻകാലത്തും മനസ്സിലായിട്ടുണ്ട്. പഴയ ജർമ്മനിയിൽ ചക്രവർത്തി സാമ്രാജ്യത്വത്തിലെ നിയമ വാഴ്ചയുടെ കാലത്തും തൊഴിലാളി പ്രസ്ഥാനത്തിലും, ഉദാ: "വൈമാർ" ജനാധിപത്യകാലത്തും അപ്രകാരമായിരുന്നു, സ്ഥിതി. അന്ന് ജർമ്മനിയുടെ ഏകീകരണം ആകുന്നതിനു മുമ്പ് അക്കാലത്തുണ്ടായിരുന്ന ഈസ്റ്റ്- വെസ്റ്റ് ജർമ്മനിയുടെ തൊഴിലാളി സംഘടനകളും പരസ്പരം സഹകരണത്തെപ്പറ്റി ഗൗരവമായി ചിന്തിച്ചിരുന്നു. എപ്രകാരം പരസ്പരം തൊഴിലാളികൾക്കും തൊഴിൽരഹിതർക്കും ഒരുപോലെ ഗുണകരമായ പ്രവർത്തനങ്ങൾ എന്നും ചെയ്യുന്നതിനെപ്പറ്റി ഗുണകരമായ ചർച്ചകൾ ഉണ്ടായിരുന്നു. തൊഴിലുടമകളും മാത്രമല്ല, സമ്പന്നരും എപ്രകാരം തൊഴിലാളിപ്രശ്നങ്ങളിൽ ഇടപെടണമെന്ന് ചിന്തിച്ചു പ്രവർത്തിച്ചു. അങ്ങനെ ഐക്യജർമ്മനിയുടെ മുൻ ചാൻസിലർ ഹെൽമുട്ട് കോൾ തന്നെ തൊഴിൽരംഗത്തെ ഐക്യദാർഢ്യത്തിന് അനുകൂല നിലപാട് സ്വീകരിച്ചു. തൊഴിലില്ലാത്തവരും തൊഴിൽ ചെയ്യുന്നവരുമായുള്ള ഐക്യദാർഢ്യം.
കേരളത്തിലെ തൊഴിലാളിയൂണിയനുകൾ, നാം നമ്മുടെ ഭാഷയിൽ അതിനെ വിശേഷിപ്പിച്ചാൽ "വിപ്ലവകാരികളാണ്". സർക്കാർപോലും എംപ്ലോയീസ് യൂണിയനുകളുടെ ചില സാമൂഹ്യവിരുദ്ധമായ സാമ്പത്തിക നയത്തെ എന്നും നിശബ്ദമായി, അതൊരു നേട്ടമായിത്തന്നെ കരുതുന്നു. പൊതുജനങ്ങളുടെ പൊതുസാമ്പത്തിക ഭദ്രത സർക്കാരിന് ഒരിക്കലും വിഷയമല്ല. അതിനുപകരം സർക്കാർ ജീവനക്കാരുടെ വേതനവർദ്ധനവിലാണ് പ്രാധാന്യം നൽകുന്നത്. ഇത് സാധിക്കുന്നതെങ്ങനെ? വളരെ എളുപ്പം. ജനങ്ങളിൽ നിയമനിർമ്മാണം വഴി അടിച്ചേൽപ്പിക്കുന്ന അമിതനികുതി ചുമത്തലിലൂടെയാണ് സാധിക്കുക. ഈ വരുമാനം എല്ലാ രാഷ്ട്രീയപ്രവർത്തകരും നേതൃത്വങ്ങളും ആസ്വദിക്കും. ജനങ്ങളുടെ വിയർപ്പും ചോരയും കണ്ണീരും അവർ രുചിക്കുന്നു. അതായത്, ഒരു കർഷകൻ ഒരു ദിവസത്തെ ദിവസവരുമാനം കൊണ്ട് ജീവിതം നയിക്കുവാൻ ബുദ്ധിമുട്ടുന്നവരാണ്. ഈ വസ്തുത ആർക്കാണറിയാത്തത് ? അവരിൽ നിന്നും പിടിച്ചെടുക്കുന്ന നികുതിപ്പണം എന്ന പേരിൽ സർക്കാർ സഞ്ചി നിറയ്ക്കുന്നു. ഭാവിയിൽ എന്തിനാണ്, ആർക്കുവേണ്ടിയാണ് നമ്മൾ ഒരാൾക്ക് നമ്മുടെ ഒരു സമ്മതപത്രമായ "വോട്ടു" ചെയ്യുന്നതെന്ന് നാമോരോരുത്തനും ഉള്ളിന്റെ ഉള്ളിലേയ്ക്ക് ഇറങ്ങി തീരുമാനിക്കണം.
നമ്മുടെ ജനങ്ങൾക്ക് വേണ്ടിയാണെന്ന് പറയുന്ന തൊഴിലാളിയൂണിയനുകൾ രാജ്യത്തു എന്തെല്ലാം അവകാശവാദങ്ങൾ ഉന്നയിക്കണം? ഇക്കാര്യങ്ങളെപ്പറ്റി സർക്കാരും യൂണിയനുകളും ജനങ്ങൾക്ക് വ്യക്തമായ അറിവ് നൽകണം. ഒരു രാജ്യത്തെ ജനങ്ങളുമായുള്ള ഇങ്ങനെയുള്ള ഐക്യദാർഢ്യം, ഉടമ്പടി, ഓരോ ട്രേഡ് യൂണിയനുകളും സർക്കാരും അതുപോലെതന്നെ രാജ്യത്തെ ജനങ്ങളും പരസ്പരം അറിഞ്ഞിരിക്കണം. അത് ജനാധിപത്യനിയമങ്ങൾക്കനുസൃതമായി ക്രമപ്പെടുത്തണം. എന്നാൽ ചില സർക്കാരിന്റെയോ, യൂണിയനുകളുടെയോ പിന്തുണക്കാരിൽ ബഹുഭൂരിപക്ഷവും ഒപ്പമാണെങ്കിലും, ജനങ്ങൾ മുഴുവൻ അപ്പോൾ ഒന്നാമതായി ഐക്യദാർഢ്യം പ്രയോഗിക്കണം. അതിനിടയാകുന്ന സാഹചര്യം ഒരു രാജ്യത്തും ഉണ്ടാകരുത്. അതുപക്ഷേ ഇന്ത്യയിൽ ജനങ്ങളും അവരുടെ ആവശ്യങ്ങളും, സർക്കാരിന്റെയും സർക്കാർ ജീവനക്കാരുടെയും നിലപാടുകളും തീരുമാനങ്ങളും വിപരീതമായിട്ടാണ് കാണപ്പെടുന്നത്. ഇന്ന് ഇന്ത്യയിൽ കർഷകസമരം തീർപ്പില്ലാത്ത രീതിയിൽ സർക്കാർ നിലപാടുകൾ എടുക്കുന്നു, ഇന്ത്യയിലെ കർഷകരുടെ, സാധാരണ പൗരന്മാരുടെ മാത്രമല്ല പ്രവാസികളായ ഇന്ത്യാക്കാരുടെ മൗലീക അവകാശങ്ങളും സർക്കാർ ബലം ഉപയോഗിച്ച് തടഞ്ഞു. എന്നാൽ സർക്കാർ ജീവനക്കാരുടെ യൂണിയനുകൾ സ്വന്തം കാര്യം മാത്രം നോക്കുന്നു. ഇന്ത്യയിൽ ജനാധിപത്യം മരിച്ചു വീഴുന്നു?
പ്രതിസന്ധികളും പരിഹാരമാർഗ്ഗങ്ങളും
യൂറോപ്യൻ രാജ്യങ്ങളിൽ മുൻകാല ജനസമൂഹം നേരിട്ട കുറെ അനുഭവങ്ങൾ നോക്കാം.ഏതാണ്ട് തുല്യമായ ആശയവും അത് നന്നായി വികസിപ്പിക്കാനുള്ള ആഹ്വാനവും അന്നത്തെ ഈസ്റ്റ്- വെസ്റ്റ് ജർമ്മനികളിലെ ക്രിസ്ത്യൻസഭകളും സഭകളുടെ തലത്തിൽ ഉയർന്നു വന്നിരുന്നു. ഏകീകരണത്തിന് മുമ്പ് ഈസ്റ്റ് ജർമ്മൻ ഭരണാധികാരിയായിരുന്ന സഖാവ് ഏറിക്ക് ഹോണിക്കറുടെ കാലത്ത് മാനസിക സമ്മർദ്ദം അനുഭവിച്ചിരുന്ന പൗരന്മാരെ മാനസികധൈര്യം പകർന്ന് നൽകി സഹായിച്ചവരാണ് അന്നത്തെ പുരോഹിതരും മെത്രാന്മാരും എന്നത് ചരിത്രം കുറിച്ചിട്ടുണ്ട്. അക്കാലത്ത് ജീവിതബുദ്ധിമുട്ടുകൾ നേരിട്ടിരുന്നവർക്ക് പള്ളികളുടെ ചില സ്ഥാപനങ്ങളും കെട്ടിടങ്ങളും നൽകി സഹായസഹകരണ പ്രവർത്തനങ്ങൾ നൽകിയ പഴയ ഓർമ്മകൾ ജർമ്മൻ ജനത അയവിറക്കുന്നു. അന്നത്തെ ക്രിസ്ത്യാനികളുടെ പിൻഗാമികൾ ഇന്ന് എവിടെയാണ്? മികച്ച ക്രിസ്ത്യൻ സാമൂഹിക തത്വചിന്തകർ, വിദ്യാർത്ഥികൾ, ക്രിസ്ത്യൻ സഭയിൽ സാമൂഹിക അദ്ധ്യാപനത്തിന്റെ അദ്ധ്യാപകർ, ഇവരൊക്കെയിപ്പോൾ എവിടെ ? ഏറിക്ക് ഹൊണീക്കാരുടെ കാലത്ത് ഈസ്റ്റ് ജർമ്മനിയിൽ രണ്ടു വിഭാഗത്തെ പള്ളികളായിരുന്നു പ്രാധാന്യം അർഹിച്ചത്. അന്ന്, കിഴക്കൻ ജർമ്മൻ ജനത അനുഭവിക്കുന്ന വേദനകൾ എന്താണെന്നും, വെസ്റ്റ് ജർമ്മനിക്ക് എന്ത് നല്ലതു ചെയ്യാനാകുമെന്നുമായിരുന്നു അന്നത്തെ ചോദ്യം. അന്ന് മതങ്ങൾ തങ്ങളുടെ ഉത്തരവാദിത്വം സമൂഹത്തോട് എപ്രകാരം ആയിരുന്നു എന്നുള്ളതിന് മാത്രം ഒരു ഉദാഹരണം ആണ്. ഇപ്പോൾ ഇന്ത്യയിലെ ജനങ്ങളെന്നും അനുഭവിക്കുന്ന കൊറോണ പാൻഡെമിക് ദുരന്തത്തിൽ മതങ്ങൾക്ക് എന്ത് ചെയ്യാനാകുമെന്ന് അവർ ചിന്തിക്കുന്നുണ്ടോ? ഇന്ന് നമ്മൾ എന്താണ് നമ്മളെ ഉപദേശിക്കുന്നത് ?
മതങ്ങളിലും ജനസമൂഹങ്ങളിലും മനഃ പരിവർത്തനം അനിവാര്യമാണ്.
ഇക്കാര്യത്തിൽ ഇന്നത്തെ സാഹചര്യത്തിൽ ഇന്ത്യയിലെ മതസമൂഹങ്ങൾക്ക് വളരെയേറെ കാര്യങ്ങൾ ചെയ്യാനാകും. ഇന്ന് ഇന്ത്യയിലെ മഹത്തായ മത വിഭാഗങ്ങളിൽ നിന്ന് സമമായ ഒരു അഭ്യർത്ഥനയോ ഒരു വാഗ്ദാനങ്ങളോ കാണാനും കേൾക്കാനും നമ്മൾ ആഗ്രഹിക്കുന്നുണ്ടാകും. പക്ഷെ, അവരുടെ നേതൃത്വമോ അവരുടെ പൊതുജന സേവനകാര്യത്തിന്റെ ചേംബറുകളോ ഇന്ത്യയിൽ വിവിധ സംസ്ഥാനങ്ങളിലുള്ള സർക്കാരുമായോ ജനങ്ങളുമായോ, അതുപോലെ ജനങ്ങളുടെ, വിവിധ ജനവിഭാഗങ്ങളുടെ, സ്വതന്ത്ര- സാമൂഹിക-മതവിശ്വാസ വിഭാഗങ്ങളുമായും സംഘടനകളുമായും അടുത്ത ബന്ധം അവർ പുലർത്തുകയും ചെയ്യുന്നുണ്ടോ? രാജ്യത്തിന്റെ മുഴുവൻ ഭാഗത്തും അവരുടെ സന്ദേശങ്ങളും ലക്ഷ്യങ്ങളും വയ്ക്കുന്ന കാര്യങ്ങൾക്കായി പ്രചാരണങ്ങൾ അവർ നടത്തുന്നതിൽ പിൻപിൽ അല്ലല്ലോ. എന്നാലിപ്പോൾ രാജ്യത്തെയാകെ ജനങ്ങളും നേരിടുന്ന പ്രതിസന്ധിയിൽ സഹായത്തിനായി അവരുടെ ഓരോ സാമൂഹിക നയത്തെക്കുറിച്ചുള്ള ഏതു മെമ്മോറാണ്ടകളും ഉപയോഗിച്ച് ഇന്ന് നമ്മുടെ സമൂഹത്തെ ഉണർത്തുകയും ചെയ്തതെവിടെയാണ് ? ഇതൊന്നും ഈ ദുരന്തസമയത്തുപോലും നമുക്കതു കാണുവാൻ അവസരമുണ്ടായിട്ടില്ല. ഇന്ന് ഇന്ത്യയിൽ ഭരിക്കുന്ന കേന്ദ്ര അധികാരികളും ഹിന്ദുമതനേതൃത്വങ്ങളുമായി ഒരുമിച്ചു നിന്ന് ഇന്ത്യയെ ഒരു ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കുന്നതിന് വേണ്ടി തിടുക്കം കൂട്ടി ലക്ഷ്യമിടുന്ന വാർത്തകൾ കേൾക്കുന്നുണ്ട്. എന്തായിരിക്കും അനന്തര ഫലം.? വലിയ ഭീകരമായ സാമൂഹിക സാമുദായികസംഘർഷങ്ങൾ തടയാൻ ആർക്കും കഴിയാതെ വരും. ഇപ്പോഴാകട്ടെ, കൊറോണ പാൻഡെമിക് ദുരന്തം നേരിടാൻ അടിയന്തിര നടപടികൾ സ്വീകരിക്കേണ്ടിയിരുന്ന സമയം സർക്കാർ ചെയ്തത്, യുദ്ധോപകരണങ്ങൾ വാങ്ങുന്നതിലും, പഴയ ക്ഷേത്രങ്ങൾ പുതുക്കിപ്പണിയുന്നതിലും, ഇന്ത്യയുടെ പാർലിമെന്റ മന്ദിരം പൊളിച്ചടുക്കി പുതിയത് നിർമ്മിക്കുന്നതിലും, ഇന്ത്യയുടെ അഭിമാന സ്മാരകമായ ടാജ്‌മഹൽ മറ്റൊന്നാക്കി മാറ്റുവാനുമായിരുന്നു. മോദിയുടെ ഏറ്റവും പുതിയ ആഗ്രഹം പ്രധാനമന്ത്രിയുടെ വസതി പൊളിച്ചു പുതിയ മറ്റൊരു ഭവനം നിർമ്മിക്കണം. അതേസമയം നരേന്ദ്ര മോദി സർക്കാർ പാണ്ഡെമിക്കാര്യത്തിൽ പൂർണ്ണമായ നിഷ്‌ക്രിയത്വം പാലിച്ചു. അതേസമയം മതങ്ങളാകട്ടെ അന്ധവിശ്വാസങ്ങളുടെ പുത്തൻ പ്രവചനങ്ങളും വെളിപാടുകളും മുളപ്പിച്ചുകൊണ്ടിരുന്നു.
മതസമൂഹങ്ങളുടെ ഉത്തരവാദിത്വം.
സാമൂഹിക ദുരന്തങ്ങൾ കുറയുന്നില്ല. ഈ സാഹചര്യത്തിൽ ധാർമികമായും സാമ്പത്തികമായും ഇന്ത്യയിലെ എല്ലാ മതവിഭാഗങ്ങളും ഇപ്പോൾ കൊറോണ ദുരന്തങ്ങളെ അതിജീവിക്കാൻ ജനങ്ങൾക്ക് സഹായം നൽകണം. നമുക്ക് ചില യാഥാർത്ഥ്യങ്ങളിലേയ്ക്ക് തിരിഞ്ഞുനോക്കാൻ കഴിയണം. കേരളത്തിലുള്ള ക്രിസ്ത്യൻ -ഹിന്ദു മതവിഭാഗങ്ങൾ വിവിധ സ്ഥാപനങ്ങളുടെയും ഉടമകളാണ്. ആതുരാലയങ്ങൾ, സ്‌കൂളുകൾ, മറ്റുള്ള നിരവധി സ്ഥാപനങ്ങൾ വഴി ഹിന്ദു-ക്രിസ്ത്യൻ മേഖലകൾ സാമ്പത്തികമായി ഭദ്രമാണ്. ക്രിസ്ത്യൻ ഇടവകകൾ, രൂപതകൾ എല്ലാം വിശ്വാസികളുടെ സാമ്പത്തിക സഹായങ്ങൾ ലഭിക്കുന്നത് കൊണ്ട് വളരെ സമ്പന്നമാണ്. അതുപോലെ ക്ഷേത്രങ്ങളും അവരുടെ മതകാര്യ സംവിധാനം വഴി സമ്പത്ത് വർദ്ധിപ്പിക്കുന്നുണ്ട് . ഇന്ത്യൻ ജനത പാൻഡെമിക്ക് ദുരന്തം നേരിടുമ്പോൾ അവർ കൈയയച്ച ധനസഹായവും ആതുരശുശ്രൂഷ നടക്കുന്നതിന് അതിനാവശ്യമായ സൗജന്യസേവനവും ജനങ്ങൾക്ക് നൽകാൻ അവർ കടപ്പെട്ടവരാണ്. സർക്കാരും ജനങ്ങളുമായി ചേർന്നു സഹകരിച്ചുള്ള പ്രവർത്തനത്തിന് ഇതുവരെ ആരും തയ്യാറായിട്ടില്ല. ഇതൊന്നും മതപരമായ ദൗത്യങ്ങളുടെ ഭാഗമായിട്ട് കാണാൻ അവർക്ക് കഴിഞ്ഞിട്ടില്ല. സമൂഹത്തിന് ആവശ്യമായ സേവനം ഏതുവിധം പ്രായോഗികമാക്കാമെന്നു നേതൃത്വങ്ങൾ സഭാംഗങ്ങളുമായി ചർച്ചകൾ നടത്താൻപോലും ഇതുവരെ തയ്യാറായിട്ടില്ലല്ലോ. പകരം അവരുടെ ആശുപത്രികളിൽ രോഗികളായിയെത്തുന്നവരെ മുഴുവൻ ചൂഷണം ചെയ്തു പണക്കൊള്ള നടത്തുന്നുവെന്ന് ആരോപണമുയരുന്നുണ്ടല്ലോ. എന്റെ സ്വന്തം അഭിപ്രായസൃഷ്ടിയല്ല ഇത്. പൊതുജനാഭിപ്രായം ഇവിടെ ഞാൻ പകർത്തുന്നു. ഇപ്പോഴുള്ള ഭയാനകമായ കൊറോണ അവസ്ഥാവിശേഷങ്ങളെ തരണം ചെയ്യുവാൻ മതനേതൃത്വങ്ങളും സർക്കാരും ജനങ്ങളും ഒരുപോലെ ഉണരണം. ഇത് വരെ ഇക്കാര്യത്തിൽ സാമൂഹിക- മത ശക്തികളെല്ലാം ആകെ പരാജയപ്പെട്ടു.
എന്തുചെയ്യാനാകും എന്ന് ഓരോരുത്തനും ചിന്തിക്കണം. രാജ്യത്തെ നിരവധി യുവാക്കളുമായി മതപ്രവർത്തകർ, പാസ്റ്റർമാർ, പൊതുപ്രവർത്തകർ ഇവർ അനുഭവിച്ച സ്വന്തം അനുഭവപാഠങ്ങൾ, പ്രതിസന്ധി പരിഹാരമാർഗ്ഗങ്ങൾ എന്നിവ സമൂഹത്തിലേക്ക് കൊണ്ടുവരണം. ഇക്കാലത്തു നിർഭാഗ്യവശാൽ അങ്ങനെയുള്ള കാര്യങ്ങൾ ഉള്ളിൽ ശ്രവിക്കാൻ താൽപ്പര്യമില്ലാതെ നിരവധി ചെറുപ്പക്കാരും അപ്രത്യക്ഷരായി അകലുന്നു. എന്നാൽ ഇക്കാലത്തു എപ്പോഴും അവരുടെ സമപ്രായക്കാരുടെ ഒരു സമൂഹം അവർക്കാവശ്യമാണ്. സുവിശേഷ ജോലികൾ ചെയ്യുന്നവർക്ക് അത് സാദ്ധ്യമാക്കാൻ ഇന്നും കഴിഞ്ഞിട്ടില്ല. ഇന്നും കഴിഞ്ഞില്ല. അത്തരം ജോലികൾ ചെയ്യുന്നതിന് പ്രത്യേക ഒരു ദൗത്യവുമായി ബന്ധിപ്പിക്കാതെ ചെറുപ്പക്കാരെ തെരുവിൽനിന്നു തിരിച്ചുവരുത്തുക. ഒന്നു മാത്രം പറയട്ടെ, നമ്മുടെ ഇന്ത്യയിലെ ഏതെങ്കിലും ഓരോ വ്യത്യസ്‌തമായ മത വിശ്വാസം ഉൾക്കൊള്ളുന്നവർ ആകട്ടെ, വടക്കു നിന്നും തെക്കോട്ട്, കിഴക്ക് നിന്ന് പടിഞ്ഞാറോട്ട്വരെ ഇന്ത്യൻജനതയുടെ അഭിഭാഷകരായി സേവനവും ചെയ്യുവാൻ ഞാൻ മാത്രമല്ല, നാമെല്ലാവരും ആഗ്രഹിക്കുന്നുണ്ടാകാം. പക്ഷെ, ഏതു മതനേതൃത്വങ്ങളിൽ നിന്നുള്ള നിസ്വാർത്ഥമായ സഹകരണവും ഇതിന് അനിവാര്യമാണ്. അതേസമയം വിശാലമായ അർത്ഥത്തിൽ ഇതൊരു വലിയ ആത്മശുശ്രൂഷയും അതേസമയം പൊതുനന്മയ്ക്കുള്ള ഒരു ശുശ്രൂഷയുമായി കാണപ്പെടുവാൻ കഴിയും.
മാധ്യമങ്ങൾ, യുവജനങ്ങൾ, ഭാവി.
മറ്റൊരു പ്രധാനപ്പെട്ട ആനുകാലിക വിഷയമാണിത്. മനുഷ്യരാശി നേരിടുന്ന കൊറോണ പാൻഡെമിക് കാലഘട്ടത്തിൽ വിദ്യാഭ്യാസരംഗത്ത് വളരെയേറെ സ്വാധീനമുള്ള വിദ്യാഭ്യാസ ഘടകം ഡിജിറ്റൽ സാദ്ധ്യതകളും അതുപോലെ ടെലിവിഷനുകളുമാണ്. എന്നിരുന്നാലും ഇന്ന് മറ്റു വിവിധ ചാനലുകൾ സ്വിച്ചു ചെയ്യാൻ പോലും അവസരമുള്ളിടത്ത് മാതാപിതാക്കൾക്കും കുട്ടികൾക്കും, വീടുകളിൽ അവരെല്ലാവരും ഒരുമിച്ചിരുന്നുകൊണ്ട് സംസാരിക്കുന്നതും വളരെ അപൂർവ്വമായിക്കൊണ്ടിരിക്കുകയാണ്. സ്വന്തം വീടുകളിലെ വിവിധ തലമുറയിലെ സംഘർഷത്തെ ടെലിവിഷൻ മാധ്യമം രക്ഷിക്കുന്നു? അതോ എന്തായാലും കുട്ടികളെ വളർത്തുന്നതിലുള്ള പൂർണ്ണ ചുമതലയിൽ നിന്നും മാതാപിതാക്കളെ പൂർണ്ണമായും സംരക്ഷിക്കുമോ? അതുപോലെ ഡിജിറ്റൽ -ടെലിവിഷൻ വിദ്യാഭ്യാസത്തിനു മോശം ഫലങ്ങൾ ഉണ്ടാകാം. ഇത് ഭാവിയിൽ എപ്രകാരം എന്ന് നിരീക്ഷിക്കേണ്ടതാണ്. ഒരു വ്യക്തിയുടെ ചെറുപ്പകാലത്ത് ടെലിവിഷനിൽ കണ്ടിട്ടുള്ള വാർത്തകളിലും ഓരോ അവസരങ്ങളിൽ കണ്ട സിനിമകളിലും കൊലപാതകങ്ങളുടെയും മറ്റ് അനേകവിധത്തിലുള്ള ഭീകര സാമൂഹിക ആക്രമണങ്ങളുടെയും കുറ്റകൃത്യങ്ങളുടെയും ദുരന്തങ്ങളുടെയും എണ്ണം ഒരുപക്ഷെ പതിനായിരങ്ങളായിരിക്കുമുള്ളത്. ഈ രീതിയിലെല്ലാം നാം കാണുന്ന അക്രമങ്ങൾ ഇന്ന് ജനങ്ങളുടെ ദൈനംദിന ജീവിതത്തിന്റെ ഓരോ അവിഭാജ്യഘടകമായിത്തീരുന്നു.
സങ്കല്പിക്കാനാവാത്ത മാറ്റങ്ങൾ, മാധ്യമങ്ങളുടെ ദൗത്യം.
ഇന്ത്യയിലെ പൊതു-സ്വകാര്യ സാമ്പത്തിക- ശതാഗത- ആശയവിനിമയ മേഖല കളുടെ വ്യാപക സ്വകാര്യവത്ക്കരണവും വാണിജ്യവത്ക്കരണത്തിന്റെയും അനന്തര ഫലമാണ് മാറ്റങ്ങൾക്കടിസ്ഥാനമായ കാരണമെന്ന് ചുരുക്കത്തിൽ പറയാം. വിമാനത്താവളം, റയിൽവേ, വിവിധ കമ്മ്യൂണിക്കേഷൻ മേഖലകൾ എന്നിങ്ങനെ പൊതുസാമ്പത്തിക ഉറവിടങ്ങൾ സ്വകാര്യവ്യക്തികളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നു. ഭരണനേതൃത്വങ്ങൾ ജനജീവിതത്തെയാകെയും ദുഷ്ക്കരമാക്കി. ഇതെല്ലാം മുൻകൂട്ടി കണ്ടുകൊണ്ടുതന്നെ ഇന്ത്യയുടെ ആകെ വളർച്ചയുടെ അപകടസ്ഥിതിയെപ്പറ്റി ചില സാമൂഹ്യ-രാഷ്ട്രീയ ചിന്തകർ പരസ്യമായി മുന്നറിയിപ്പും നൽകിയിരുന്നു. അതുപോലെ പല മാദ്ധ്യമങ്ങളും അങ്ങനെതന്നെ മുന്നറിയിപ്പ് നൽകി. തിരുവനന്തപുരം വിമാനത്താവളത്തെ സ്വകാര്യവ്യക്തിയുടെ ഭരണനിയന്ത്രണത്തിലാക്കി. രാജ്യത്തെ ടെലിവിഷൻ ചാനലുകൾ ഒരു "മീഡിയ നൈതികത"യിലേയ്ക്കോ അല്ലെങ്കിൽ അതേറെ കൂടുതൽ വിജയമുണ്ടാക്കുമെന്ന സംയുക്ത ആത്മനിയന്ത്രണത്തിലേയ്ക്കോ നിർണയിക്കാനുള്ള ശ്രമം ചില രാഷ്ട്രീയ തലങ്ങളിൽ കാണപ്പെട്ടിരുന്നു. ഈ കേന്ദ്രഭരണകൂടമേൽനോട്ടത്തിന്റെ സങ്കല്പിക്കാവുന്ന ശ്രമങ്ങളിൽ നിന്ന് ഇന്ന് നമുക്ക് തീർച്ചയായും ഒന്നും നേടാനില്ല. എപ്പോഴും ടി വി കൈകാര്യം ചെയ്യുന്ന ഒരു ജനതയാകാൻ നമ്മൾ ആഗ്രഹിക്കുന്നില്ലെങ്കിൽ ഇനിയുള്ള കാലങ്ങളിൽ നാം പുസ്തകങ്ങൾ വായിക്കാത്തതും, വിദ്യാലയങ്ങളിലെ ക്ലാസിക്കുകൾ മാത്രം ഉൾപ്പടെയുള്ള കുറെ സാഹിത്യങ്ങളുമായി മാത്രം കഴിയേണ്ടിവരും. പുതിയ ഡിജിറ്റൽ സമ്പർക്കം പുലർത്തുന്ന ഒരു ജനതയാകാൻ നമ്മൾ ഇന്നും എന്നും ആഗ്രഹിക്കുന്നില്ലെങ്കിൽ നമ്മൾ എന്തുചെയ്യണം എന്ന് എല്ലാവരും ഇപ്പോൾ മുതൽ മനസ്സിലാക്കാനും ശ്രമിക്കണം.
സ്‌ക്രീനിൽ കാണുന്ന യാഥാർത്ഥ്യങ്ങൾ, ഡിജിറ്റൽ യുഗാരംഭം.
നേരെ മറിച്ചു എഴുതിയതോ അച്ചടിച്ചതോ ആയിട്ടുള്ള പദങ്ങളിൽനിന്നു ഒരു നിശ്ചിത അകലം അളവ് മാത്രമേ നമ്മൾ സൂക്ഷിക്കുന്നുള്ളൂ. നമ്മൾ വായന തുടരുന്നതിന് മുമ്പ് അതുവരെ വായിക്കുന്ന എല്ലാ വാക്യങ്ങളും പദങ്ങളും ശരിക്ക് മനസ്സിലാക്കുകയും അത് പ്രോസസ്സ് ചെയ്യുകയും വേണം. അതിനാൽ ഏറെയും ശ്രദ്ധിക്കേണ്ടത്, സ്‌ക്രീനിൽ നാം കാണുന്നതും, കേൾക്കുന്നതും മറുവശത്തു അത് ഉടനടി വരുന്നതായി കാണപ്പെടുന്നു. അതിനാൽ ഇതൊരു യാഥാർത്ഥ്യമെന്ന നിലയിൽ കുറെ വിശ്വാസയോഗ്യമാണ്. അതിനുകാരണം, യാഥാർത്ഥ്യത്തിന്റെ ഇത്തരം പ്രത്യക്ഷ പ്രതിഫലനത്തിന് നമ്മുടെ സ്വന്തം കണ്ണും കാതും സാക്ഷ്യം വഹിച്ചുവെന്നതാണ്. ഇതൊക്കെ ഒരു റിപ്പോർട്ടോ, കഥയോ, അഥവാ ഒരു പരസ്യമോ ആകട്ടെ അത് എല്ലായ്പ്പോഴും അതൊരു ഉദ്ധരണിയായി, അതെല്ലാം യാഥാർത്ഥ്യങ്ങളുടെ ശരിയായ ഭാഗികവശങ്ങൾ മാത്രമാണ്. എന്നാൽ യുവാക്കൾക്ക് അവയെ യാഥാർത്ഥ്യത്തിൽനിന്നുള്ള വാർത്തയുടെ തന്ത്രപരമായിട്ടുള്ള ഉദ്ധരണിയുടെ അക്ഷരപ്പിശകിന് അവർ കീഴിലായിപ്പോകുമെന്നത് സ്വാഭാവികമാണ് എന്നതാണ് വിദഗ്ധ നിരീക്ഷകർ വിലയിരുത്തുന്നത്..
കുറെ വർഷങ്ങൾക്ക് മുമ്പുള്ള ചില വസ്തുതകൾ നോക്കാം. ഇന്ത്യാക്കാരോ ലോക പൗരന്മാരോ ആകട്ടെ, ഒരു ദിവസം മണിക്കൂറുകളോളം ടെലിവിഷന് മുമ്പിൽ ഇരുന്ന ചരിത്രമുണ്ടല്ലോ. പത്രങ്ങൾക്കും മാസികകൾക്കുമായി അവർ ശരാശരി അരമണിക്കൂറും, പുസ്തകങ്ങൾക്കായി ഏതാണ്ട് പതിനഞ്ച് മിനിറ്റും ചെലവഴിച്ചു എന്നാണു പറയുന്നത്. എന്നാൽ കൗമാരക്കാർക്ക് മുതിർന്നവരെ അപേക്ഷിച്ചു ഇപ്പോഴും കുറച്ചു സമയമേ ഉള്ളൂ. അതുപക്ഷേ, മുതിർന്നവരെ സംബന്ധിച്ചിടത്തോളം ടെലിവിഷന് മുന്നിലുള്ള ആ സമയമിപ്പോൾ ദിവസം ശരാശരി മൂന്നു മണിക്കൂറുകളായി ഉയർന്നിട്ടുണ്ട്. ഇങ്ങനെയൊരു മാറ്റത്തിന് നിലവിലുള്ള ആഗോളതല പാൻഡെമി വ്യാപന പ്രതിസന്ധികൾ കുറെയേറെ കാരണമാകുന്നുണ്ട്.
നമ്മുടെ യുവജനങ്ങൾക്ക് ഇക്കാര്യങ്ങളിൽ കൂടുതൽ പ്രായോഗികമായി കുറെ ചിന്തിക്കാനും അതനുസരിച്ചു അവരുടെ നല്ല സമയം കൂടുതൽ കാര്യങ്ങൾ ചെയ്യുവാനായി നമുക്ക് സഹായിക്കാൻ കഴിയുമെങ്കിൽ, അവരുടെ സമയം ഡിജിറ്റൽ ഇന്റർനെറ്റിലും ടെലിഫോണിലും, വീഡിയോകളുടെ മുന്നിലും ഇരുന്നുള്ള കാഴ്ചസമയം കുറച്ചുകൊണ്ട് പുസ്തകങ്ങൾ വായിക്കാനും, അതിൽ പകുതി സമയം നല്ലൊരു ദിനപത്രം വായിക്കാനും അവർക്ക് കഴിയുമെങ്കിൽ ആ അരമണിക്കൂറിലൂടെ പത്രവും വായിക്കും. ഡിജിറ്റൽ മാദ്ധ്യമങ്ങൾ ലോകം കാണുന്ന യാഥാർത്ഥ്യത്തിലേയ്ക്ക് ഏവരെയും അടുപ്പിച്ചു അറിയുവാനും കഴിയുന്ന അനുഭവം ഉണ്ടാകാം.
ഓരോ കുടുംബത്തിലും ആഴ്ചയിൽ ഒരു ഡിജിറ്റൽ ഉപയോഗരഹിതദിവസം കുടുംബാംഗങ്ങൾ തീരുമാനിക്കണം. കുടുംബാംഗങ്ങൾ ചേർന്ന് പരസ്പരം അങ്ങുമിങ്ങും കേൾക്കുകയും സംസാരിക്കുകയും ചെയ്യുന്നതിനുള്ള നീണ്ട ഒരു സായാഹ്നത്തിനായി സാഹചര്യങ്ങൾ ഒരുക്കണം. അതുപക്ഷേ, ഈവിധം നിർദ്ദേശങ്ങളോടുള്ള പ്രതികരണം അത്രയേറെ ഒട്ടു പ്രോത്സാഹനജനകമല്ല, പ്രത്യേകിച്ചും ഏതുവിധം മാദ്ധ്യമങ്ങളിൽനിന്നുമുള്ള ആളുകൾക്ക് സ്വയം ഒരു കുടുംബത്തിൽ അത്തരമൊരു തീരുമാനങ്ങൾ പ്രാധാന്യമർഹിക്കുന്നതല്ല. അതിനാൽ നമ്മൾ പൊതുവായ അരൂപിയുടെയും, അജ്ഞതയുടെയും വലിയ അഭാവത്തിൽ നമ്മൾ സ്വയം ഭീഷണിപ്പെടുത്തുന്ന രൂപങ്ങൾ സ്വീകരിക്കുന്നു. നമ്മുടെ ഓരോരുത്തരുടെയും വ്യക്തിജീവിതത്തിൽ എത്രമാത്രം അതൊക്കെ ഉപകരിക്കും?
ഇലക്ട്രോണിക്- ഡിജിറ്റൽ സമൂഹമാധ്യമങ്ങളൊന്നും ഇന്നില്ലായിരുന്നെങ്കിൽ സമീപകാലത്തെ യുവത്വങ്ങളുടെ അതിക്രമങ്ങൾ രാജ്യത്തുടനീളം ഇത്രയും വേഗത്തിൽ സമൂഹത്തിൽ വ്യാപിക്കുകയില്ലായിരുന്നു. ലോകരാജ്യങ്ങളാകെ നേരിടുന്ന മഹാവെല്ലുവിളിയാണ് യുവാക്കൾ നടത്തുന്ന ക്രിമിനൽ അക്രമം, അത് ലോകരാജ്യങ്ങൾക്ക് താങ്ങാനാവാത്തവിധം വളർന്നുകൊണ്ടിരിക്കുന്ന അനുഭവങ്ങളാണ് വാർത്തകൾ സ്ഥിരീകരിക്കുന്നത്. ഫെഡറൽ ജർമ്മനിയും ഇപ്പോൾ നേരിടുന്നത് മുൻ നാസികളുടെ പുതിയ രൂപം പ്രചരിപ്പിച്ചിരിക്കുന്ന ഭീഷണികളാണ്. വർഗ്ഗീയതയും വിപ്ലവവും തലയുയർത്താനുള്ള കൂട്ടായ ശ്രമം. ഇന്ത്യയിലും ഇപ്രകാരം സമൂഹത്തിൽ അസ്വസ്ഥത വിതറിക്കൊണ്ടുള്ള യുവപ്രസ്ഥാനങ്ങൾ ഉയരുന്നുണ്ട്. അരനൂറ്റാണ്ട് മുമ്പ് ദേശീയ സോഷ്യലിസ്റ്റുകൾ (നാസികൾ) ഇഷ്ടപ്പെടാത്ത എല്ലാ ജർമ്മൻ സർവ്വകലാശാലകളിലെയും അത് പോലെ ലൈബ്രറികളിലും ഉണ്ടായിരുന്ന യഹൂദ പുസ്തകങ്ങൾ അഡോൾഫ് ഹിറ്റ്ലറിൻറെ വിശ്വസ്തനായിരുന്ന പോൾ ജോസഫ് ഗോയ്‌ബെൽസിന്റെ നിർദ്ദേശപ്രകാരം കത്തിച്ചുകളഞ്ഞു. അഡോൾഫ് ഹിറ്റ്ലറുടെ ഏറ്റവും നല്ല അർപ്പണബോധമുള്ളവനും ഏറ്റവുമടുത്ത സഹകാരികളിൽ ഒരാളുമായിരുന്ന പി. ജെ. ഗോയ്‌ബെൽസ് (ജനനം: 29- ഒക്ടോബർ 1897) 1933- മുതൽ 1945 വരെ നാസി ജർമ്മനിയുടെ പ്രധാന പ്രൊപ്പഗാണ്ട മന്ത്രിയായിരുന്നു. സംസാരവും പ്രവർത്തനവും കടുത്ത വൈരാഗ്യം നിറഞ്ഞ ഭാഷയിൽ മാത്രമായിരുന്നു. ഹോളോകോസ്റ്റിലെ ജൂതന്മാരെ കൊന്നൊടുക്കുന്നത് ചെയ്യുന്നതുൾപ്പടെ അത്ര ക്രൂരമായ വിവേചനം പുലർത്തിയിരുന്ന യഹൂദവിരോധിയായിരുന്നു. എന്നും അവർക്കെതിരെ വാദിച്ചു. ഇന്ന് വീണ്ടും ജർമ്മനിയിൽ പുസ്തകങ്ങൾ അവർ പുസ്തകങ്ങൾ കത്തിക്കാതെ .. ഒരു പുതിയ നിരക്ഷരതയുടെ അപകടം തീരെ തള്ളിക്കളയാനാവില്ല. ഇത്രയും പറഞ്ഞത്, ഇന്ത്യയിൽ യുവപ്രസ്ഥാനങ്ങളെ നുണയുടെ രാഷ്ട്രീയപ്രചാരണം നടത്തുന്ന കേന്ദ്രസർക്കാരിന്റെ രാഷ്ട്രീയ സ്വാധീനം ഇന്ത്യൻ ജനതയെ മതസ്വാതന്ത്ര്യമൗലീകാവകാശലംഘനങ്ങൾ വഴി രണ്ടായി പിളർത്തുവാൻ ശ്രമിക്കുന്നുവെന്ന് നാം മാനസ്സിലാക്കുമ്പോഴാണ് ; ഈ വലിയ ഭാവി ദുരന്തം എങ്ങനെയെന്ന് ബോധ്യപ്പെടുന്നത്. ഇക്കാലങ്ങളിൽ ഇന്ത്യയിൽ "കമ്മ്യൂണിക്കേഷൻ സൊസൈറ്റി" ടെലിവിഷൻ കമ്പനി യഥാർത്ഥത്തിൽ ഡിജിറ്റൽ വൺവേ തെരുവുകളുടെ ഒരു സംവിധാനമാണ്. ഇത്തരം വൺവേ തെരുവുകളെല്ലാം ടെലിവിഷൻ പ്രേഷകരുടെ കണ്ണിലും കാതിലും ഒടുവിൽ അവസാനിക്കുന്നു.
അഭിപ്രായസ്വാതന്ത്ര്യം മൗലികാവകാശമാണ്.
ഇത് പറയുമ്പോൾ നാം നമ്മുടെ സ്വതന്ത്ര ഭാരതത്തിന്റെ ഭരണഘടനയിലുള്ള മനുഷ്യാവകാശങ്ങളെപ്പറ്റിയുള്ള പരാമർശങ്ങൾ വിലയിരുത്തേണ്ടതുണ്ട്. ഇന്ന് മാധ്യമങ്ങളുടെ ഇത്തരത്തിലുള്ള വികസനം ഒരു പ്രത്യേക രാജ്യത്തിന്റെ ഒരു പ്രത്യേകതയല്ല. ആഗോളതലത്തിൽ എല്ലാ വികസിത രാജ്യങ്ങളിലും ഏതാണ്ട് സമാനമായ എന്തെങ്കിലും നമുക്ക് നിരീക്ഷിക്കാൻ കഴിയും. എന്നിട്ടും നമുക്ക് രാഷ്ട്രീയ പ്രതികാര ലഭ്യതയുടെ അപകടങ്ങൾ ഇന്ത്യയിൽ വളരെ വലുതാണ്. കൂടാതെ, നമ്മൾ രണ്ടു വ്യത്യസ്ത സാമൂഹ്യക്ലാസുകളിൽ പെടാനുള്ള അപകട സാഹചര്യങ്ങളും ഇന്ത്യയിൽ വർദ്ധിക്കുന്നുണ്ട്. അവർ ഇത് വായിക്കുന്നവരോ ഇപ്പോഴും വായിക്കുന്നവരോ ആകട്ടെ, യാഥാർത്ഥ്യത്തെ മാറ്റിസ്ഥാപിക്കുകയും യാഥാർത്ഥ്യത്തെപ്പറ്റി പുനർചിന്തിക്കുകയും ചെയ്യുന്നവർ ! നമ്മുടെ രാജ്യത്തെ ജനങ്ങൾ തെരഞ്ഞെടുത്ത് നിയോഗിക്കപ്പെട്ട സർക്കാർ ചെയ്യുന്ന നടപടികൾ ജനവിരുദ്ധമാണെങ്കിലതിനെ തിരുത്താൻ ജനങ്ങൾ അഭിപ്രായം പറയുന്നത് അവരുടെ മൗലീകാവകാശമാണെന്ന അറിവ് ഭരണനേതൃത്വങ്ങൾക്ക് ഇല്ല. ഇത് നരേന്ദ്രമോദി സർക്കാർ സ്വീകരിച്ച രാഷ്ട്രീയ നിലപാടാണ്. ജനവിരുദ്ധവും ഏകാധിപത്യപരവും ക്രൂരവുമായ വിധം നമ്മുടെ അഭിപ്രായസ്വാതന്ത്ര്യത്തെ നഷ്ടപ്പെടുത്തി ശിക്ഷ നൽകാൻ പോലും നിയമമുണ്ടാക്കി ഉത്തരവുകളിറക്കി. ഗൂഗിൾ, ഫേസ്‌ബുക്ക്, ട്വിറ്റർ തുടങ്ങിയ ലോക സാമൂഹ്യ മാദ്ധ്യമങ്ങളിലേക്ക് പ്രതിഷേധക്കുറിപ്പുകൾ നൽകിയെന്ന് വാർത്തകൾ ഉണ്ടായിരുന്നു. ജനങ്ങൾ സർക്കാർ നടപടികളെ വിമർശിച്ചു അഭിപ്രായം എഴുതുന്നത് ഈ സാമൂഹ്യ മാധ്യമങ്ങൾ പ്രസിദ്ധീകരിക്കരുതെന്നും നിർദ്ദേശം നൽകി. അഭിപ്രായങ്ങൾ എഴുതുന്നവരെ ശിക്ഷിക്കാനും മോഡി സർക്കാർ തീരുമാനമെടുത്തു. ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ഡിജിറ്റൽ മീഡിയകളുടെ പ്രവർത്തനത്തെയും ജനങ്ങളുടെ മൗലീക അവകാശങ്ങളെയും ഇല്ലെന്നാക്കി ഏകാധിപത്യശൈലി പരീക്ഷിക്കുകയാണ് മോഡി സർക്കാർ ചെയ്തത്. സംഭവത്തെ ലോകം ഒട്ടാകെ മുഴുവൻ ആളുകളും എതിർത്തു. എന്താണ് നാമിന്നു അതിൽനിന്നുള്ള പാഠം മനസ്സിലാക്കേണ്ടത്.? ഒരു മാധ്യമങ്ങളും ഒരു സർക്കാരിന്റെ അഥവാ ഒരു പ്രസ്ഥാനത്തിന്റെ അടിമകളാകരുത്. സംഭവിച്ചത് അതുതന്നെ !
എന്നാൽ ഇന്ത്യാക്കാരായ നമുക്ക് പുനർചിന്തിക്കാനുള്ള ധാരാളം പ്രധാനപ്പെട്ട കാരണങ്ങളുണ്ട്. ഉദാ: ഈ കഴിഞ്ഞ നൂറ്റാണ്ടിലെ ഒരു വലിയ ശക്തിയായിരുന്ന ഇംഗ്ലണ്ടിൽ നിന്ന് നമ്മുടെ ജനത്തെ മോചിപ്പിക്കാൻ കഴിഞ്ഞത് എപ്രകാരം ആയിരുന്നു? ആ ഭൂതകാലത്തെ ഇന്ന് കൈയ്യടക്കി ജയിക്കാനോ കഴിയുകയില്ല എന്ന നിലയാണല്ലോ മഹാത്മാ ഗാന്ധിജിയുടെ ജീവൻ ബലികഴിക്കപ്പെട്ട ക്രൂര കൊലപാതകം സൂചിപ്പിക്കുന്നത്. ഇന്ത്യയിലെ ഇപ്പോഴുള്ള സാമൂഹ്യരാഷ്ട്രീയ മത- മാധ്യമ ഭീഷണികളെക്കുറിച്ചും ഭീകരതകളെക്കുറിച്ചും നമുക്കറിയാം. അത് ഏറെയും അനുഭവവേദ്യമാകുന്നു. അവയിൽനിന്ന് നാം പഠിക്കുകയും നാം ജീവിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നു.
വിവിധ വ്യത്യസ്തപ്പെട്ട മാധ്യമങ്ങൾക്ക് പ്രധാനമായും വ്യത്യസ്തമായ വരുമാനം ഉണ്ട്. കാരണം, ഈ മേഖലകളിൽ അവയുമായി യോജിക്കുന്നുണ്ടോ അഥവാ സാദ്ധ്യതയുള്ളതാണോ - അല്ലെങ്കിൽ അല്ല എന്ന് ആരും ചിന്തിക്കുന്നില്ല. ഇന്ന് ലോകമാകെ പാൻഡെമിക്ക് പ്രതിസന്ധി സമയത്തു കുട്ടികളുടെ യഥാർത്ഥ വിദ്യാഭ്യാസ ഉത്തരവാദിത്തം മുഴുവൻ ഇപ്പോഴും ഓരോരോ മാതാപിതാക്കൾ, കുടുംബങ്ങൾ, വിദ്യാലയങ്ങൾ, സർവ്വകലാശാലകൾ എന്നിവയിലേയ്ക്കാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ഇത്തരം സാഹചര്യങ്ങളിൽ സമൂഹത്തിന് ആശ്വാസം ലഭിക്കുന്ന ഒരു കാര്യമാണ്, നമ്മുടെ വിദ്യാലയങ്ങളിൽ സേവനം ചെയ്യുന്ന അദ്ധ്യാപകർ വിവിധ ഭാഷകളിലും വിഷയങ്ങളിലും ആധുനിക വിദൂര ഡിജിറ്റൽ വിദ്യാഭ്യാസ പരിശീലനം പരിശീലിച്ചു നടത്തണമെന്നത്. അച്ചടിച്ച സാമൂഹ്യമാധ്യമങ്ങളിൽ,(ഉദാ: ഇന്നത്തെ ദിനപത്രങ്ങൾ, മാസികകൾ, വാരികകൾ, തുടങ്ങിയവ) എല്ലാം പൊതുവെ പതിവ് വായനക്കാരോടുള്ള നീതിപൂർവ്വമായ ഉത്തരവാദിത്തത്തിന് അനുസൃതമായി മറ്റ് മാധ്യമങ്ങളെ അപേക്ഷിച്ചു മേന്മയോടെ പ്രവർത്തിക്കണം. അതിനു മാധ്യമങ്ങൾ എല്ലാം നിഷ്പക്ഷമായ യാഥാർത്ഥ്യം പാലിച്ചു റിപ്പോർട്ട് നൽകണം. മാദ്ധ്യമങ്ങൾക്കത് മറയ്ക്കാൻ കഴിയുമോ? പക്ഷെ, മാധ്യമങ്ങളുടെ പൊതുവായ ആന്തരികമായ കാഴ്ചപ്പാടുകൾ എല്ലാത്തരം വായനക്കാരെയും വ്യക്തമായി ചൂണ്ടിക്കാണിച്ചു, നിലവിൽ നാമെല്ലാവരും ഇന്ന് നേരിടുന്ന പ്രതിസന്ധികൾ അവതരിപ്പിക്കുന്ന ശൈലിയിൽനിന്നു വിട്ടുനിൽക്കുക, അതിനുപകരം നമ്മുടെ ഭാവി തലമുറ പ്രതീക്ഷിക്കുന്ന മനോഹരമായ ഭാവിക്ക് കൂടുതൽ ശക്തിയും ധൈര്യവും പകർന്ന് നൽകുക. ഇന്ത്യയിൽ മാദ്ധ്യമങ്ങൾക്കൊപ്പം ശബ്ദിക്കുന്ന ഒരു വിഭാഗം ബുദ്ധിജീവികൾ എന്ന് വിളിക്കപ്പെടുന്നവർ ഉണ്ടല്ലോ? എഴുത്തുകാർ, പ്രസിദ്ധ സാഹിത്യകാരന്മാർ എന്നൊക്കെ വിളിക്കപ്പെടുന്നവർ. അവരെല്ലാം എവിടെ ഒളിച്ചു? നിലവിൽ ഇന്ത്യൻ ജനത അനുഭവിക്കുന്ന കൊറോണ ദുരന്തവിഷയം ഇവരുടെ ബുദ്ധിമണ്ഡലങ്ങളിൽ കടന്നുകൂടിയിട്ടില്ല. അവരെല്ലാം മൗനവൃതം പാലിക്കുകയാണ്. ഇന്ത്യൻ സർക്കാർ അവലംബിക്കുന്ന ഉത്തരവാദിത്തരഹിത നിലപാടുകൾ ഇക്കൂട്ടർ കേൾക്കുന്നില്ല, കാണുന്നില്ല.
കൊറോണ പാൻഡെമിയുടെ വ്യാപനത്തിനെതിരെ എന്ത് ചെയ്തു?
ഇന്ത്യ ഭരിക്കുന്ന സർക്കാരിന് രാജ്യത്തെ ജനങ്ങളുടെ പൊതുവായ സാമൂഹിക ജീവിതം എളുപ്പമാക്കാനാണ് കടപ്പെട്ടിരിക്കുന്നത്. പക്ഷെ പ്രതിജ്ഞ പോലെ പാലിക്കുന്നതിന് ഇന്ത്യൻ ഭരണകർത്താക്കൾ ആഗ്രഹിക്കുന്നില്ല. പകരം ഇന്ത്യ ഒരു വർഗ്ഗീയ-വിഭാഗീയ സമരഭൂമിയാക്കി മാറ്റണമെന്നാണ് ഇന്ത്യൻ പ്രധാന മന്ത്രി നരേന്ദ്ര മോഡി ആഗ്രഹിക്കുന്നത്. പാകിസ്ഥാനും ചൈനയും നമ്മുടെ അയൽക്കാരാണ്. ഇത് നരേന്ദ്രമോദി അറിയാനാഗ്രഹിക്കുന്നില്ല. പ്രാഥമിക വിദ്യാഭ്യാസത്തിന്റെ വലിയ കുറവ് പ്രധാനമന്ത്രിയിൽ കാണിക്കുന്നുണ്ടെന്ന് പറഞ്ഞാൽ ചില മാദ്ധ്യമങ്ങളുടെ ഭാഷയിൽ ഞാൻ കുറിച്ചത് കമ്മ്യൂണിറ്റി സ്റ്റാൻഡേർഡിന് ചേർന്നതല്ല, അതിനു ഞാൻ ശിക്ഷ വാങ്ങണം. നുണയുടെ രാഷ്ട്രീയ തത്വശാസ്ത്രമാണ് ഈ ഭരണകർത്താവ് ഇപ്പോഴും മുഴക്കുന്നത്. ഇന്ന് ഇന്ത്യയിലെ ജനങ്ങൾ ദയനീയമായി നേരിടുന്ന കടുത്ത പാൻഡെമിയിൽ ഒരു ജീവൻരക്ഷാജോലിയല്ല ഒരുപ്രധാനമന്ത്രി പ്രധാനമായി കണ്ടത്. കൊറോണയെ തുരത്താൻ ജനങ്ങൾ വഴിയിലിറങ്ങി പാത്രങ്ങൾ കൊട്ടിനടക്കണം, ഗോമൂത്രം, പശുവിന്റെ ചാണകം ഭക്ഷിക്കണം എന്നാണു ഉപദേശിച്ചത്. പാകിസ്ഥാനെ, ചൈനയെ ആക്രമിക്കാൻ യുദ്ധപകാരങ്ങൾ വാങ്ങിച്ച മോഡിയ്ക്ക് സഹായ വാഗ്ദാനങ്ങൾ നൽകി പാകിസ്ഥാൻ മുന്നിലെത്തിയിരുന്നു. ലോക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത യാഥാർത്ഥ്യങ്ങളാണ്. കൊറോണ വ്യാപന പ്രതിയെ നേരിടുന്ന വിഷയത്തിൽ നരേന്ദ്രമോദി സർക്കാർ ആവശ്യമായ അടിയന്തിര നടപടികൾ ചെയ്തിട്ടില്ല എന്ന് ഇന്ത്യയുടെ പരമോന്നത നീതിന്യായക്കോടതിയായ സുപ്രീം കോടതി സർക്കാരിനെ വിമർശിച്ചു താക്കീത് നൽകിയ വിവരം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത് സർക്കാരിന്റെ ഉത്തരവാദിത്തപരമായ നിലപാടിനെയാകെ സ്ഥിരീകരിക്കുന്നു.
ഇന്ന് ലോകം അഭിമുഖീകരിക്കുന്ന പാൻഡെമി പ്രതിസന്ധികളെ നേരിടുവാൻ, പ്രത്യേകിച്ച് ഇന്ത്യയിലെ നിലവിലുള്ള കൊറോണ പാൻഡെമിക്ക് ദുരന്തത്തെ നേരിടുന്ന കാര്യത്തിൽ ഇന്ത്യയിലെ മാധ്യമങ്ങൾ, മതസമൂഹങ്ങൾ, മാത്രമല്ല, സാമൂഹിക- സാംസ്ക്കാരിക സംഘടനകൾ, വിവിധ രാഷ്ട്രീയ വിഭാഗങ്ങൾ, തൊഴിലാളിയൂണിയനുകൾ, പ്രധാനമായി ഇന്ത്യൻ ഭരണകർത്താക്കൾ, ഇവർ അതായത് ഇന്ത്യയിയിലെ സംഘടിത ശക്തികളെന്നറിയപ്പെടുന്നവർ അവശ്യം വേണ്ട പരിവർത്തനത്തിന് തയ്യാറാകണം. //-
---------------------------------------------------------------------------------------------------------------------------
Browse and share: https://dhruwadeepti.blogspot.com
ഈ ബ്ളോഗില്‍ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങളുടെ ഉത്തരവാദിത്തം അതെഴുതുന്ന വ്യക്തികള്‍ക്കു മാത്രമായിരിക്കും. സഭ്യമല്ലാത്ത ഭാഷയും അപകീര്‍ത്തിപ്പെടുത്തുന്ന പദപ്രയോഗങ്ങളും ഒഴിവാക്കുക-
---------------------------------------------------
Keine Kommentare:
Kommentar veröffentlichen
Hinweis: Nur ein Mitglied dieses Blogs kann Kommentare posten.