Donnerstag, 6. Juni 2019

ധ്രുവദീപ്തി : Politics // Opinion // ഇന്ത്യൻ പാർലമെന്റ് തെരഞ്ഞെടുപ്പിലൂടെ ലോകജനത എന്താണ് കണ്ടത്?// George Kuttikattu  ഇന്ത്യൻ പാർലമെന്റ് തെരഞ്ഞെടുപ്പിലൂടെ ലോകജനത എന്താണ് കണ്ടത്?// 

George Kuttikattu

   ഇന്ത്യയിൽ ഹിന്ദു നാഷണലിസ്റ്റുകളുടെ അധികാര
 George Kuttikattu
ഇശ്ചാശക്തി ഏറെ വ്യാപിപ്പിക്കുക എന്ന ലക്ഷ്യം പ്രാപിക്കുന്നതാണ് ഇന്ന്  പൊതുതെരഞ്ഞെടുപ്പിൽ ദൃശ്യമാകുന്നത്. ഇന്ത്യാ മഹാരാജ്യത്തിലെ ഹിന്ദുമത വിശ്വാസികളുടെ മത വിശ്വാസ കേന്ദ്രവും അവരുടെ സർവ്വ ശ്രദ്ധയുടെയും വലിയ രശ്മീകേന്ദ്രവുമാണ്, അയോദ്ധ്യ; അവിടെ ഒട്ടാകെ മുസ്ലീമുകളുടെ വോട്ടുകൾ ഇത്തവണ പൊതുതെരഞ്ഞെടുപ്പിൽ തീരെ ഇല്ലാതായിയെന്ന് വാർത്തയുണ്ട്. അതായത് പുതിയതായി എടുത്ത വോട്ടേഴ്‌സ് ലിസ്റ്റിൽ ഒട്ടേറെപ്പേരുടെയും പേരുകൾ ഇല്ലായിരുന്നു. അന്ന് അവർക്കുള്ള സ്വന്തം വോട്ടവകാശത്തിനായി പോരാട്ടം പൊരുതിയതും   അറിയുന്നു. ബി. ജെ. പി മുതൽ ഓരോ രാഷ്ട്രീയ നേതൃത്വങ്ങളും ജനങ്ങളുടെ ആവശ്യങ്ങൾക്കും പൊതുതാല്പര്യങ്ങൾക്കും വേണ്ടിയല്ല പ്രാഥമിക മുൻഗണന നൽകുന്നത്. നേതാക്കൾ എന്ന് സ്വയം വിളിക്കപ്പെടുന്നവരുടെ സ്വാർത്ഥതാല്പര്യ സംരക്ഷണമാണിപ്പോൾ അവർക്ക്  ജനങ്ങളെക്കാൾ ഉപരി മുഖ്യവിഷയം എന്ന് തെരഞ്ഞെടുപ്പ് വ്യക്തമാക്കുന്നു. 

ചില സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളിൽ ഓരോ സ്ഥാനാർത്ഥികൾ ജനങ്ങളെ സ്വാധീനിക്കുവാനും അവരുടെ വോട്ടുകിട്ടാനും അനേകകോടി രൂപ ചെലവാക്കിയുള്ള പ്രവർത്തനങ്ങൾ നടത്തിയതായി നമുക്ക് അറിയാം. അതെല്ലാം രാജ്യത്തെ തെരഞ്ഞെടുപ്പ് കഥകളിലെ ചില കാര്യങ്ങൾ മാത്രം. ഇന്ത്യ ഒരു ഹിന്ദു രാജ്യം എന്ന ടൈറ്റിൽ എടുക്കുവാനാണ് ഇപ്രകാരമുള്ള  രാഷ്ട്രീയക്കളിയുടെ അടിസ്ഥാനം.

ഇന്ത്യയിൽ സ്വതന്ത്ര ജനാധിപത്യം അപകടപ്പെട്ടുകൊണ്ടിരിക്കുകയാണ്. ജനങ്ങൾ അവർക്കു വേണ്ടിയുള്ള ഒരു ജനപ്രതിനിധിയെ തെരഞ്ഞെടുക്കുന്ന വോട്ടു കർമ്മം ചെയ്യുന്നത് എന്തിനുവേണ്ടിയാണെന്ന് അവർക്ക് ഇതുവരെ ബോദ്ധ്യപ്പെട്ടിട്ടില്ല. നിലവിൽ ജനാധിപത്യ പാർട്ടിനേതൃത്വങ്ങളിനുള്ളിലെ തൊഴുത്തിൽക്കുത്തും ഇവരുടെ അധികാരമോഹങ്ങളും കൊണ്ട് തന്നെ ഇവരൊന്നും ജനങ്ങളുടെ പ്രതിനിധികളായി വോട്ടർമാരുടെ മുമ്പിലേയ്ക്ക് പ്രത്യക്ഷപ്പെടുന്നില്ല, അവർക്ക് അവരവരുടെ സ്വന്തം പോക്കറ്റുപാർട്ടികളുടെ ഉന്നതന്മാരെന്ന ഭാവം മാത്രമാണുള്ളത് ; ഇത്തരം പാർട്ടി നേതൃത്വങ്ങളുടെ യഥാർത്ഥ മുഖങ്ങളിലും മനസ്സിലും പ്രകടമാകുന്നത് അപ്രകാരംതന്നെയാണ്. ജനങ്ങളെ ചൂഷണം ചെയ്തു ജീവിക്കുന്ന ഇവരാകട്ടെ ജനങ്ങൾ വോട്ടുചെയ്തു തെരഞ്ഞെടുത്തു വിടുന്ന ഏകാധിപതികളായി മാറുന്നു. അതിനുവേണ്ടി ആരെയും എന്ത് മാർഗ്ഗങ്ങൾ ഉപയോഗിച്ചും അവർ പരാജയപ്പെടുത്തുകയോ, വേണ്ടിവന്നാൽ എതിരാളിയെ കൊല്ലുകയോ ചെയ്യും..  

ഇന്ത്യ ലോകത്തിലെ വലിയ മതേതരജനാധിപത്യരാഷ്ട്രമാണെന്ന് ഇന്ത്യൻ ഭരണഘടനയിൽ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യൻ ജനാധിപത്യവ്യവസ്ഥിതിയിൽ ഓരോ ഇന്ത്യൻ പൗരനും അവർ ഹിന്ദുമതത്തിൽപ്പെട്ടവരായാലും അതുമല്ല  ഇസ്‌ലാമിക മതത്തിൽപ്പെട്ടവരായാലും ക്രിസ്തുമതവിശ്വാസത്തിൽപ്പെട്ടവർ ആയിരുന്നാലും എല്ലാവർക്കും ഒരേ അളവിൽ മൗലീക അവകാശങ്ങൾ ലഭിക്കുവാൻ ഭരണഘടനാവ്യവസ്ഥകളിൽ നൽകിയിട്ടുള്ളതാണ്. കഴിഞ്ഞ മെയ് 5- ന് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യൻ പൊതുതെരഞ്ഞെടുപ്പിന്റെ അഞ്ചാമത്തെ ഘട്ടത്തിലെത്തി നിൽക്കുന്നു. അപ്പോൾ വടക്കേ ഇന്ത്യയിലെ ഉത്തർ പ്രദേശിലുള്ള അയോദ്ധ്യയിലെ ജനങ്ങൾ തെരഞ്ഞെടുപ്പ് മെഷീനിനെ ലക്ഷ്യമാക്കി നീങ്ങുകയാണ്. ഏതാണ്ട് 900 മില്യൺ ഇന്ത്യൻ പൗരന്മാർ ഇന്ത്യയിൽ ഏപ്രിൽ 19 നകം തങ്ങളുടെ വോട്ടുകൾ  രേഖപ്പെടുത്തുന്നു. മെയ് 23 നു തന്നെ വോട്ടെടുപ്പിന്റെ അന്തിമ ഫലവും പുറത്തു വരും. . .അതുപക്ഷേ  അവിടെ എങ്ങനെ, എന്ത് സംഭവിച്ചു?
ഇന്ത്യൻ ജനാധിപത്യം അപകടാവസ്ഥയിൽ …


ഈ കാലഘട്ടത്തിൽ ഇന്ത്യയിലെ ഏതാണ്ട് 172 മില്യൺ മുസ്ലീമുകൾക്ക് എങ്ങനെ ഭയപ്പെടാതിരിക്കാൻ കഴിയും? ഹിന്ദുസ്ഥാൻ, എന്ന പേരിൽ ഹിന്ദു നാഷണലിസ്റ്റുകളുടെ കയ്യേറ്റം ഉണ്ടായാൽ എന്തായിരിക്കും അനന്തരഫലം? അയോദ്ധ്യയിൽ ഇപ്രകാരമാണ് ആ പ്രദേശത്തെ മുസ്‌ലിം വിശ്വാസികളായ ഇന്ത്യൻ പൗരന്മാർ ആഴത്തിൽ ചിന്തിച്ചത്:  അതുപക്ഷേ, "തങ്ങൾ ഇന്ത്യൻ മണ്ണിൽ ജനിച്ചവരാണ്. തങ്ങൾ ഇവിടെത്തന്നെ മരിക്കുകയും ചെയ്യും". ഇന്ന് ഇന്ത്യ നാഷണലിസ്റ്റ് ഹിന്ദുക്കളുടെ മുൻപിൽ മറ്റു മതവിശ്വാസികൾക്കുള്ള സുരക്ഷിത സാഹചര്യത്തിന് വലിയ  വെല്ലുവിളികൾ വളരെ വ്യക്തമായി ഉണ്ടായതായി മൈനോറിറ്റി വിഭാഗമായ മറ്റു വിശ്വാസിസമൂഹം ഉറപ്പിച്ചു മനസ്സിലാക്കിയിരിക്കുന്നു. അവരിൽ അനേകം പേരെയും പദ്ധതിപ്രകാരം വോട്ടേഴ്‌സ് ലിസ്റ്റിൽ ഉൾപ്പെടുത്തിയിരുന്നില്ല. ഈ പരാതി മാദ്ധ്യമങ്ങളിൽ നിറഞ്ഞു നിന്നിരുന്നു. ഇതിലെന്തോ ഒക്കെ കാര്യമായ നിഗൂഡ രഹസ്യങ്ങൾ നിറഞ്ഞ ഇടപെടലുകൾ ഉണ്ടായെന്നു പരാതിയുണ്ട്. വോട്ടർസ് ലിസ്റ്റിൽ പെട്ടവർ പോലും പലയിടത്തും വോട്ടുചെയ്യാനെത്തിയപ്പോൾ അവരെ വോട്ടു ചെയ്യാൻ അനുവദിക്കാതെ തിരിച്ചയച്ച സംഭവങ്ങളുണ്ടായി. പരാതികൾ അധികൃതർക്ക് നൽകിയെങ്കിലും തെരഞ്ഞെടുപ്പു സഹായികൾ പോലും അവരെ സഹായിക്കാൻ കൂട്ടാക്കിയില്ല. അനേകം വോട്ടേഴ്‌സ് ലിസ്റ്റ്കൾ അന്ന് കുപ്പക്കുഴികളിൽ എറിയപ്പെട്ടു എന്നതാണ് യാഥാർത്ഥ്യം.

ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടിക്ക്  ഇനി എങ്ങനെ ഒരു പുതിയ തുടക്കം കുറിക്കാൻ കഴിയും? കോൺഗ്രസ് പാർട്ടിക്ക് ഇന്ത്യയിൽ കനത്ത  പരാജയങ്ങൾ  ഉണ്ടായിക്കഴിഞ്ഞു. പാർട്ടിക്കുള്ളിൽ നേതൃത്വങ്ങൾ പരസ്പരം തമ്മിലടിക്കാനും അങ്ങുമിങ്ങും തരം താഴ്ത്തുന്നതിനും ശക്തമായിട്ടുള്ള  പ്രവർത്തനമുണ്ട്. കോൺഗ്രസ് പാർട്ടിയുടെ രാഷ്ട്രീയ ലക്ഷ്യങ്ങളും ഏതു അടിസ്ഥാന പ്രവർത്തനശൈലികളും മുൻകാല നേതൃത്വങ്ങളുടെ ആശയ പിന്തുടർച്ചയായിരുന്നില്ല. കോൺഗ്രസ് പാർട്ടി വന്ന വഴികൾ മറന്നുപോയി. അവർ അവ തിരിഞ്ഞു നോക്കാൻ  ശ്രമിച്ചില്ല. ഇന്ത്യയൊട്ടാകെ കോൺഗ്രസ് പാർട്ടിക്കുണ്ടായ മഹാപരാജയം നേതൃത്വത്തിന്റെ പാർട്ടിപ്രവർത്തനത്തിൽ യാഥാർത്ഥ്യ ബോധം നഷ്ടപ്പെട്ടതിന്റെ ഫലമാണ്. രാഹുലിനെ മാത്രം തെറ്റ് പഴിച്ചിട്ടു കോൺഗ്രസ് പാർട്ടിക്ക് ഒരു കാര്യവുമില്ല. രാഹുലിനൊപ്പം മറ്റുള്ള  നേതാക്കളെ കാണാനുണ്ടായിരുന്നില്ല. വടക്കേ ഇന്ത്യൻ ഗ്രാമീണ ജനങ്ങളുടെ രാഷ്ട്രീയ അടിമത്ത ജീവിത വ്യവസ്ഥിതി, ഇന്ത്യ ആര് ഭരിക്കണം, എങ്ങനെ  എന്നതിനെക്കുറിച്ചു ചിന്തിക്കുവാൻ അവർക്കു അവസരമോ സാഹചര്യമോ ബി.ജെ.പി. നൽകിയില്ല. അവർ കൽപ്പിച്ചു, അവർ തീരുമാനിച്ചു, ഇങ്ങനെ ജനങ്ങൾ മൂകനായിപ്പോയി, അന്ധന്മാരെപ്പോലെ രാഷ്ട്രീയ നേതൃത്വങ്ങൾ  കാണിച്ചുകൊടുത്ത വഴിക്ക് മുമ്പോട്ട് പോയി. കോൺഗ്രസിന്റെ ഉള്ളിലും ബി. ജെ. പി. യുടെ ഉള്ളിലും രാഹുൽ അലർജി വളരെ ഉള്ളവർ ഇന്ത്യയിൽ എല്ലായ്പ്പോഴും ഉണ്ടായിരുന്നുവെന്നു നമുക്ക് കാണാം. അതുപോലെ തന്നെ ഇന്ത്യയിലെ മറ്റു ചില രാഷ്ട്രീയ പാർട്ടികളും ആ നിലപാട് അനുകരിച്ചു. രാഹുൽഗാന്ധി ഒറ്റയാനായി നിന്ന് തനിക്കും കോൺഗ്രസിനുവേണ്ടിയും ഇന്ത്യ ഒട്ടാകെ വോട്ടുചോദിച്ചിറങ്ങി. അതുപക്ഷേ കോൺഗ്രസിലെ ആശയ വിനിമയ ശൈലി ഇരുപതാംനൂറ്റാണ്ടിലെ യാഥാർത്ഥ്യങ്ങളുമായി എങ്ങനെ  ചേരുന്നതായി ജനങ്ങൾ മനസ്സിലാക്കിയോ?

അധികാരികൾക്കറിയാം ഒരു പ്രദേശത്ത് എത്രയെത്ര വോട്ടുകൾ ഉണ്ട്, ഏതു പാർട്ടിക്ക് അവരെല്ലാം വോട്ടുനൽകും എന്നൊക്കെ. പക്ഷെ അവരെയെല്ലാം അപ്പാടെ അവഗണിച്ചു കളഞ്ഞു. മോഡി വിരോധികളാണ് മുസ്ലീമുകളും ക്രിസ്ത്യൻസും എന്നൊക്കെ ധരിച്ചുവച്ചിരിക്കുന്നവരോട് ആ പ്രദേശത്തെ അവഗണിക്കപ്പെട്ടവരുടെ  പ്രതിജ്ഞ ഇങ്ങനെയാണ് : "ഞങ്ങൾ വീണ്ടും വോട്ടു രേഖപ്പെടുത്താൻ വരും, ഇന്ത്യയെ രക്ഷിക്കാൻ" എന്നാണ്‌. ഇന്ത്യയുടെ പുതിയ ഭരണനേതൃത്വം സ്വീകരിച്ച അന്താരാഷ്‌ട്ര നയതന്ത്ര ഇടപെടൽ അമേരിക്ക പോലെയുള്ള രാജ്യങ്ങളിലും വിവിധ യൂറോപ്യൻ രാജ്യങ്ങളിലും വസിക്കുന്ന ഇന്ത്യൻ വംശജർ ഏറെ ആശങ്കയോടെയാണ് വീക്ഷിക്കുന്നത്. നരേന്ദ്രമോദി വീണ്ടും അധികാരത്തിൽ എത്തിയതോടെ അമേരിക്കയുടെ ഇന്ത്യയുമായിട്ടുള്ള വാണിജ്യ കരാറിൽ കനത്ത പൊട്ടിത്തെറി ഉണ്ടായി. കയറ്റുമതി ചുങ്കത്തിൽ ഇന്ത്യക്കുണ്ടായിരുന്ന ആനുകൂല്യങ്ങൾ റദ്ദാക്കിയും അമേരിക്കയുടെ പ്രതികരണം നൽകി. അതുപോലെ, "അശുദ്ധ വായുവും, മലിന ജലവും, പരിസരങ്ങളും കൊണ്ട്  വൃത്തികെട്ട രാജ്യ"മാണ് ഇന്ത്യയെന്ന് അമേരിക്കൻ പ്രസിഡന്റ് ട്രംഫ്  കഴിഞ്ഞ ദിവസം   തന്റെ ഇംഗ്ലണ്ട് പര്യടനവേളയിൽ വിശേഷിപ്പിക്കുകയുമുണ്ടായി.  ഇന്ത്യയുടെ സാമ്പത്തിക നയതന്ത്രകാര്യങ്ങളുടെ വീഴ്ചകൾ, ഉദാ: മോഡി സർക്കാർ നടപ്പാക്കിയ നോട്ടുനിരോധനം,  ജി. എസ്. ടി. തുടങ്ങിയ നീക്കങ്ങൾ,  വരും ഭാവിയിൽ ഇന്ത്യക്കു നേരിടേണ്ടത് എപ്രകാരമായിരിക്കുമെന്നു നിര്ണയിക്കുവാൻ ആർക്കും സാധിക്കുകയില്ല. 

 ശ്രീരാമ ക്ഷേത്ര നിർമ്മാണത്തിനുള്ള 
തയ്യാറെടുപ്പ് 
ഇന്ത്യയിലെ മുസ്ലീമുകളും മറ്റിതര മതസ്ഥരും വരുംഭാവിയിൽ ഒരു ഇന്ത്യൻ ഹിന്ദു നാഷണലിസ്റ്റ് അതിപ്രസരത്തെ വളരെ ഏറെയും ഭയപ്പെടുന്നുണ്ട്. അപ്രകാരമൊരു ഭയപ്പാട് ഇന്ത്യൻ ഭരണഘടനയിലെ വ്യവസ്ഥകളുടെ നേർക്ക് നേരെ ചില രാഷ്ട്രീയ ഭരണ തലത്തിലെ അധികാരികൾ തുടർച്ചയായിട്ട് അനുവർത്തിച്ചു വരുന്ന  ഓരോ ചലനങ്ങളെയും  അതേ രൂപത്തിൽ കാണുന്നു. അതുകൊണ്ടാണല്ലോ ഇന്ത്യയിൽ ആകെമാനം  ഇതര മതവിശ്വാസികൾക്കുള്ള മൗലിക അവകാശങ്ങളെ അട്ടിമറിക്കാനും ഈ നിലപാട് കാരണമാക്കുന്നത് . ഇതര മതവിശ്വാസികളുടെയെല്ലാം  ആശങ്കയ്ക്ക് അടിസ്ഥാനമില്ലായ്കയില്ല. 1992-ൽ ന്യുഡൽഹിയിൽ നിന്നും ഏതാണ്ട് അഞ്ഞൂറ് കിലോമീറ്റർ അകലെയുള്ള അയോദ്ധ്യയിൽ സ്ഥിതി ചെയ്തിരുന്ന മുസ്ലീമുകളുടെ പുരാതന പള്ളി ആർ. എസ്.  എസ് സംഘടനയിൽപെട്ടവർ നശിപ്പിച്ചു. അന്നത്തെ സംഘർഷത്തിൽ ഏതാണ്ട് 2000 ത്തിലേറെ ആളുകൾ കൊല്ലപ്പെട്ടു. ഇങ്ങനെ ജനാധിപത്യ ഇന്ത്യയിൽ മോഡി സാമ്രാജ്യ ശക്തിയിലെ വാഴ്ചയിൽ എന്തും സംഭവിക്കാം എന്ന് ന്യുനപക്ഷ വിശ്വാസീസമൂഹം ചിന്തിച്ചു തുടങ്ങിയെന്നു പറയട്ടെ. ശ്രീരാമന്റെ ജന്മഭൂമിയാണെന്ന് പറയപ്പെടുന്ന സ്ഥലത്തെ ബാബ്‌റി മുസ്‌ലിം പള്ളി ഹിന്ദുക്കൾ നശിപ്പിച്ചു. അതേസ്ഥലത്തു ശ്രീരാമക്ഷേത്ര നിർമ്മാണം നടത്തുവാനുള്ള ആർ എസ് എസ്ന്റെയും, ഇന്ത്യൻ പ്രധാനമന്തി നരേന്ദ്ര മോദിയുടെ പാർട്ടിയുടെയും തീരുമാനം അയോദ്ധ്യയിലെ സാമൂഹ്യജീവിത സമാധാനം ഏതു തരത്തിൽ ഏത് ദിശയിലേക്ക് കൊണ്ട് പോകുമെന്ന് പ്രവചിക്കാനും ആർക്കും വയ്യ.

മാത്രമല്ല, ഇക്കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിലെ ക്രമക്കേടുകൾ മൂലം അനവധി പുതിയ സാമൂഹികപ്രശ്നങ്ങളുണ്ടായിട്ടുണ്ട്. ഈതെരഞ്ഞെടുപ്പിൽ ഏകദേശം 30 മില്യൺ മുസ്ലീമുകളുടെയും ഏകദേശം 40 മില്യൺ താഴ്ന്ന ജാതിയിൽപെടുന്നവരുടെയും പേരുകൾ വോട്ട് ലിസ്റ്റിൽപ്പെടുത്തിയില്ല എന്ന് കണക്കാക്കപ്പെടുന്നു. മാത്രവുമല്ല 21 മില്യൺ സ്ത്രീകളും വോട്ടേഴ്സ് ലിസ്റ്റിൽ ഉണ്ടായില്ല. എന്തായാലും ഈ കണക്ക് എപ്രകാരം നിശ്ചയിക്കപ്പെടാമെന്നത് തീർച്ചയില്ല.

തെരഞ്ഞെടുപ്പിൽ ചെയ്യാതെ പോയ വോട്ടാണ് ചില സ്ഥാനാർത്ഥികളുടെ വിജയവും തോൽവിയും നിശ്ചയിക്കാനായത് എന്ന് പറയാൻ കഴിയും. ഉദാ. ജനസംഖ്യയിൽ ഉയർന്ന നിലയുള്ള ഉത്തർപ്രദേശ്, അതായത് അയോദ്ധ്യ ഉൾപ്പെട്ട സംസ്ഥാനത്ത് ആ സ്ഥിതി പ്രകടമായി കാണാനുണ്ട്. അതുപോലെ തന്നെ സമാനതയുള്ള സംസ്ഥാനങ്ങളിലും സാധ്യത ഏറെയുമായിരുന്നു.

കഴിഞ്ഞ തെരഞ്ഞെടുപ്പുവേളയിൽ വിദേശ സ്വദേശ മാദ്ധ്യമങ്ങൾ വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നേരിട്ട് കണ്ട കാര്യങ്ങളെല്ലാം റിപ്പോർട്ട് ചെയ്തത് ഇങ്ങനെ കാണാം. "റോഡുകളുടെ ഇരുവശങ്ങളും പൊളിഞ്ഞുകിടക്കുന്ന ഭിത്തികൾ കാണാം, വീടുകളാകട്ടെ മാലിന്യകൂമ്പാരങ്ങളിൽ പൊതിഞ്ഞ നിലയിലും. അഴുകി വെയ്സ്റ്റായി എറിഞ്ഞുകളയുന്ന ഭക്ഷ്യ യോഗ്യമായ  അനേകം സാധനങ്ങൾ തിന്നുന്നതിനു റോഡുകളിൽക്കൂടി തേടി നടക്കുന്ന കുരങ്ങന്മാരും പശുക്കളും എവിടെയും കാണാം." ഇതാണ് ഗ്രാമങ്ങളുടെയും  നിലവാരം. ഇന്ത്യയിലെ എല്ലാ രാഷ്ട്രീയപാർട്ടികളുടെയും ധാർമ്മികതയുടെ നിലവാരം ആകെ തകർച്ചയിലാണ്.

വടക്കേ ഇന്ത്യൻ പ്രദേശങ്ങളിലെ ഹിന്ദുമേധാവിത്തമുള്ള പ്രദേശങ്ങളിൽ, ഒരുദാഹരണം, രാജസ്ഥാൻ സംസ്ഥാനം - താഴ്ന്ന ജാതിക്കാർ ക്ഷേത്രങ്ങളിൽ പ്രവേശിക്കുന്നതിനെതിരെ അക്രമാസക്തരായ ചില മേൽജാതിക്കാരുടെ ആക്രമണം ഈയിടെ ഉണ്ടായതായി മാദ്ധ്യമങ്ങൾ റിപ്പോർട്ടുചെയ്തിരുന്നു. ക്ഷേത്ര സന്ദർശനം നടത്താൻ ഒരുങ്ങി എന്ന കുറ്റം ആരോപിച്ചുകൊണ്ടു ഒരു ദളിത് ബാലനെതിരെയാണ് ആക്രമണം നടത്തിയതെന്ന് ഫോട്ടോ തെളിവ് നൽകി മാദ്ധ്യമങ്ങൾ റിപ്പോർട്ട് നൽകി. ജൂൺ ഒന്നിന് നടന്ന സംഭവമാണിത്.

ഹിന്ദു ഭൂരിപക്ഷ പ്രദേശങ്ങളിൽ മുസ്ലീമുകളും മറ്റുള്ള മതവിശ്വാസികളും ഭയപ്പാടോടെയായിരുന്നു കഴിയുന്നതെന്നുള്ള  റിപ്പോർട്ടുകൾ പാർലമെന്റ് തെരഞ്ഞെടുപ്പുകാലങ്ങളിൽ തുടരെ ഉണ്ടായത് എത്രമാത്രം നാഷണലിസ്റ്റ് മനോഭാവം ഹിന്ദുവാദികൾ ഉയർത്തിയിരുന്നെന്നതിനു അത് തെളിവാണ്. തെരഞ്ഞെടുപ്പ് ബൂത്തുകളിൽ എത്തിയ മുസ്ലീമുകൾക്കും  മറ്റിതര താഴ്ന്ന ജാതികളിൽപ്പെട്ടവർക്കും, അതായത്  അനേകർക്ക്‌ അവിടെ വോട്ടു ചെയ്യാൻ സാധിച്ചിട്ടില്ല, അവരുടെ പേരുകൾ വോട്ടർ പട്ടിക ലിസ്റ്റിൽനിന്നും അപ്പാടെ പുറത്തു പോയിരുന്നുവെന്ന് അന്ന് തെളിഞ്ഞിരുന്നു. ഇന്ത്യൻ ജനതയിൽ വിഭാഗീയത സൃഷ്ടിക്കാത്ത ജനോപകാരപ്രവർത്തികൾ നടപ്പാക്കാനുള്ള ശ്രമം ഇന്ത്യൻ പാർലമെന്റും സർക്കാരും പ്രതിജ്ഞാബദ്ധരാകണം. ഇന്ത്യൻ ജനാധിപത്യത്തിനു  ഒരിക്കലും തീരാത്ത വലിയ കളങ്കവും സമീപഭാവി ഇന്ത്യൻജനതയ്ക്ക് വെല്ലുവിളിയുമായി ഇക്കഴിഞ്ഞ ഇന്ത്യൻ ജനാധിപത്യ പാർലമെന്റ് തെരഞ്ഞെടുപ്പ് എന്നേയ്ക്കും വലിയ ചരിത്ര സത്യമായി എന്നും നിലകൊള്ളും. //-
-------------------------------------------------------------------------------------------------------

 Browse and share: dhruwadeepti.blogspot.com 

 ഈ  ബ്ളോഗില്‍ പ്രസിദ്ധീകരിക്കുന്ന  അഭിപ്രായങ്ങളുടെയും  ഉത്തരവാദിത്തം അതെഴുതുന്ന  വ്യക്തികള്‍ക്കു മാത്രമായിരിക്കും. സഭ്യമല്ലാത്ത ഭാഷയും  അപകീര്‍ത്തിപ്പെടുത്തുന്ന പദപ്രയോഗങ്ങളും ഒഴിവാക്കുക-

     

ധൃവദീപ്തി  ഓണ്‍ലൈൻ
 
Dhruwadeepti.blogspot.de 
 
for up-to-dates and FW. link Send Article, comments and write ups to :
  DHRUWADEEPTI ONLINE LITERATURE.
Published from Heidelberg, Germany,   in accordance with the European charter on freedom of opinion and press. 
DISCLAIMER:  Articles published in this online magazine are exclusively the views of the authors. 
Neither the editor nor the publisher are responsible or liable for the contents,  objectives or opinions of the articles in any form."
FACE BOOK:  GEORGE Kuttikattu    MOB. + oo49 170 5957371
 

Keine Kommentare:

Kommentar veröffentlichen

Hinweis: Nur ein Mitglied dieses Blogs kann Kommentare posten.