Donnerstag, 21. Juni 2018

ധ്രുവദീപ്തി: കെ. സി. സെബാസ്റ്റ്യൻ സ്മരണകൾ- Part II # കേരളത്തിലെ സാമൂഹിക രാഷ്ട്രീയ പ്രശ്നങ്ങൾ- പാർട്ട് -II

ധ്രുവദീപ്തി: കെ. സി. സെബാസ്റ്റ്യൻ സ്മരണകൾ- # 


കേരളത്തിലെ 
സാമൂഹിക രാഷ്ട്രീയ പ്രശ്നങ്ങൾ- 
പാർട്ട് - II 

 കെ. സി. സെബാസ്റ്റ്യൻ 


കേരളത്തിലെ സാമൂഹിക 
രാഷ്ട്രീയ പ്രശ്നങ്ങൾ- //  
കെ. സി. സെബാസ്റ്റ്യൻ  

ഇനി രാഷ്ട്രീയ രംഗത്തേയ്ക്ക് കടക്കുകയാണ്.

യലാർ - പുന്നപ്ര സമരം കഴിഞ്ഞശേഷമാണ് തിരുവിതാംകൂറിൽ സ്വാത ന്ത്ര്യപ്രാപ്തിക്കുശേഷം ആദ്യം തെരഞ്ഞെടുപ്പ് നടന്നത്. അന്നത്തെ സ്റ്റേറ്റ് കോൺഗ്രസ്  'കുറ്റിച്ചൂലുകളെ'പ്പോലും സ്ഥാനാർത്ഥികളായി നിറുത്തി. എങ്കിലും ഒറ്റ കമ്മ്യുണിസ്റ്റുകാരനുപോലും തെരഞ്ഞെടുപ്പിൽ വിജയിച്ചു വരാൻ സാധിച്ചില്ല. 1949 - ൽ തിരു- കൊച്ചി സംയോജനം കഴിഞ്ഞുണ്ടായ നിയമസഭ യിലാണ് ആദ്യമായി ഒരു കമ്മ്യുണിസ്റ്റുകാരൻ അംഗമായി കടന്നു വന്നത്.

1954 -ൽ കോൺഗ്രസ്സിന് തിരു- കൊച്ചിയിൽ ഭൂരിപക്ഷം നഷ്ടപ്പെട്ടു. കോൺഗ്ര സ്സിൽത്തന്നെയുണ്ടായിരുന്ന ഗ്രൂപ്പുവഴക്കുകളും നേതൃത്വമത്സരങ്ങളും കോൺഗ്രസ്സിന്റെ ചിത്രം തിരു-കൊച്ചിയിൽ 1952-മുതൽതന്നെ മങ്ങിത്തുട ങ്ങിയിരുന്നു. പട്ടംതാണുപിള്ളയുടെ നേതൃത്വത്തിലുള്ള P.S.P യ്ക്ക് പിന്തുണ നൽകി 1954- ലെ തെരഞ്ഞെടുപ്പിനു ശേഷം കോൺഗ്രസ്സ് ഇവിടെ ഒരു ഗവ ണ്മെന്റ് അധികാരത്തിൽ കൊണ്ടുവന്നു. സ്വയം നന്നായി ഭരിക്കുകയില്ല. മറ്റുള്ളവരെ ഭരിക്കാൻ അനുവദിക്കുകയുമില്ല എന്ന കോൺഗ്രസ്സിന്റെ നയം കൊണ്ടായിരിക്കണം, ഏതാനും മാസങ്ങൾക്കുള്ളിൽ പട്ടം താണുപിള്ളയുടെ മന്ത്രിസഭ നിഷ്‌കാസനം ചെയ്യപ്പെട്ടു.

മറ്റു കക്ഷികളിൽ നിന്നും ആളുകളെ ചാക്കിട്ടു പിടിച്ചും മറ്റും കോൺഗ്രസ്സ് വീണ്ടും അധികാരത്തിൽ വന്നു. രാഷ്ട്രീയ കക്ഷികളിൽ കാലുമാറ്റത്തിന് അങ്ങനെ ബീജാവാപം കുറിച്ചത് കോൺഗ്രസ്സ് തന്നെയാണ്. 1957-ൽ നടന്ന സംസ്ഥാന പുനഃസംഘടനയെത്തുടർന്നു കേരളം ഉണ്ടായപ്പോൾ പുതിയ കേരളം കമ്മ്യുണിസ്റ്റുകൾക്ക് സ്വാധീനം ഉള്ള ഒന്നായിരിക്കുമെന്ന് അപ്പോൾ എല്ലാവരും മനസ്സിൽ കണ്ടിരുന്നു. അക്കാലത്ത് കോൺഗ്രസ്സിന് വ്യക്തമായും സ്വാധീനമുണ്ടായിരുന്ന കന്യാകുമാരി ജില്ല സംസ്ഥാനപുനഃസംഘടനയെ തുടർന്നു മദ്രാസിലേക്ക് പോയതും, കമ്മ്യുണിസ്റ്റുകാരുടെ സാദ്ധ്യതകളേറെ  വർദ്ധിപ്പിച്ചു.

1957-ലെ തെരഞ്ഞെടുപ്പിൽ ഭയപ്പെട്ടത് സംഭവിച്ചു. കമ്മ്യുണിസ്റ്റ് പാർട്ടിക്ക് തനിച്ചു ഭൂരിപക്ഷം കിട്ടിയില്ല. എങ്കിലും അഞ്ചു സ്വതന്ത്രന്മാരെക്കൂടി (അവ ർക്കു പാർട്ടിബന്ധം ഉണ്ടായിരുന്നില്ലെങ്കിലും സഹയാത്രികരും അവസരങ്ങ ൾക്ക് വേണ്ടി കാംക്ഷിച്ചവരും ആയിരുന്നു.) ഉൾപ്പെടുത്തി കമ്മ്യുണിസ്റ്റ് ഗവ ൺമെൻറ് അധികാരത്തിൽ വന്നു. ബാലറ്റുപെട്ടിയിൽക്കൂടി അധികാരത്തി ൽവന്ന ആദ്യത്തെ കമ്മ്യുണിസ്റ്റ് ഗവണ്മെന്റ് എന്ന ബഹുമതി ഇ. എം. എസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ അന്ന് അധികാരത്തിൽ വന്ന ഗവണ്മെ ന്റിനു ലഭിച്ചു.

ഓരോ സ്വകാര്യ വിദ്യാലയത്തിൽനിന്നും മാനേജർമാരുടെ  'ദയയില്ലാത്ത' പെരുമാറ്റത്തിൽ വെളിയിലാക്കപ്പെട്ട പ്രൊ.ജോസഫ് മുണ്ടശ്ശേരിയായിരുന്നു അന്നത്തെ വിദ്യാഭ്യാസമന്ത്രി. കമ്മ്യുണിസ്റ്റു ഗവണ്മെന്റിന്റെ ആദ്യ നടപടി യിൽപെട്ടവയായിരുന്നു കേരളവിദ്യാഭ്യാസബില്ലും, കേരളയൂണിവേഴ്‌സിറ്റി ബില്ലും, കാർഷികരംഗത്ത് റവന്യുമന്ത്രിയായിരുന്ന കെ. ആർ. ഗൗരി കേരളകാർഷികബന്ധബില്ലും കൊണ്ടുവന്നു.

 പട്ടം താണു പിള്ള 
1957-ൽ അധികാരത്തിൽവന്ന കമ്മ്യുണിസ്റ്റ് ഗവ ണ്മെന്റിനു എതിരായുള്ള പ്രതിപക്ഷം അന്ന് തികച്ചും കരുത്തുറ്റതായിരുന്നു. പട്ടം താണു പിള്ള, പി. റ്റി. ചാക്കോ തുടങ്ങിയ പ്രഗത്ഭമതി കൾ പ്രതിപക്ഷത്തിന് നേതൃത്വംനൽകി. കേന്ദ്ര ത്തിൽ ഇന്നത്തെപ്പോലെ കോൺഗ്രസ് ദുർബല മായിരുന്നില്ല. അതുകൊണ്ടു പ്രതിപക്ഷത്തിന് പ്രത്യേകിച്ച് കോൺഗ്രസ്സിന് ഭരണത്തിൽ അല്ലെ ങ്കിലും സം സ്ഥാനത്ത് നിർണ്ണായക സ്വാധീനമു ണ്ടായിരുന്നു.

വിദ്യാഭ്യാസരംഗത്തും കാർഷികരംഗത്തും മൗ ലികമായ മാറ്റങ്ങൾ വിഭാവന ചെയ്യുന്ന പരിഷ്‌ ക്കാരങ്ങൾ സ്ഥാപിതതാല്പര്യക്കാരെ വല്ലാതെ വിറളി പിടിപ്പിച്ചു. അവർ അന്ന് പ്രതിഷേധവും ഉയർത്തി. വിദ്യാഭ്യാസരംഗത്തെ പരിഷ്‌ക്കാര ങ്ങൾക്ക് എതിരായി സഭ സമരരംഗത്തുവന്നു. കമ്മ്യുണിസ്റ്റ് ഗവണ്മെന്റിനെ കിട്ടുന്ന ഏതു വടിയുമുപയോഗിച്ചു അടിക്കാൻ കാത്തു നിന്നിരുന്ന പ്രതിപക്ഷകക്ഷികൾ സഭയുടെ നേതൃത്വത്തിൽ വിദ്യാഭ്യാസ നിയമത്തിനെതിരായി ആരംഭിച്ച പ്രക്ഷോഭണം ഏറ്റെടുത്തു. പണത്തിനു ബുദ്ധിമുട്ടുണ്ടായിരുന്നില്ല. ചെറുതായി ആരംഭിച്ച പ്രതിഷേധം വളർന്നു വലുതായി 1959-ൽ കമ്മ്യുണിസ്റ്റ് ഗവൺമെന്റിനെ ഗളഹസ്തം ചെയ്ത വിമോചന സമരമായി പരിണമിച്ചു.

കോൺഗ്രസ്സ് പ്രതിപക്ഷനേതാവ് പി. റ്റി. ചാക്കോ തികച്ചും ദീർഘവീക്ഷണം ഉള്ളയാളായിരുന്നു. കമ്മ്യൂണിസ്റ്റു വിപത്തിനെ നേരിടണമെങ്കിൽ ജനാധിപ ത്യകക്ഷികളുടെ മുന്നണിയുണ്ടാകണമെന്ന് അദ്ദേഹത്തിന് ബോദ്ധ്യപ്പെട്ടു. "ഒറ്റപ്പെടുത്തി ഇല്ലാതാക്കുക" എന്ന രാഷ്ട്രീയതന്ത്രം പി. റ്റി. ചാക്കോ സമർത്ഥമായി പ്രയോഗിച്ചാണ് 1959- ൽ കമ്മ്യുണിസ്റ്റുകാരെ അധികാരത്തിൽ നിന്നും വെളിയിലാക്കിയത്.

അന്നും ഇന്നും കോൺഗ്രസ്സിന് ഒരു ദൗർബല്യമുണ്ട്. മറ്റെന്തുസംഭവിച്ചാലും മുസ്ലീoലീഗുമായി ചേരുക ദാഹിക്കുന്ന കാര്യമല്ല. വിമോചനസമരത്തിലും പിന്നീട് 1960- ൽ നടന്ന തെരഞ്ഞെടുപ്പിലും ലീഗിനെകൂടെ തങ്ങളുടെകൂടെ നിറുത്താൻ പി. റ്റി. ചാക്കോയ്ക്ക് കഴിഞ്ഞു. എന്നാൽ 1960-ലെ തെരഞ്ഞെടു പ്പിനുശേഷം ലീഗുമായി ഒന്നിച്ചു ഭരണത്തിൽ വരാൻ കോൺഗ്രസ്സിന് സാധി ച്ചില്ല. സ്പീക്കർസ്ഥാനം കൊണ്ട് മുസ്ലീo ലീഗിന് തൃപ്തിപ്പെടേണ്ടതായിവന്നു. കെ . എം. സീതിസാഹിബ് ആയിരുന്നു ആദ്യത്തെ സ്പീക്കർ. സീതിസാഹിബ് അന്തരിച്ചു കഴിഞ്ഞു വീണ്ടും ഒരു സ്പീക്കർതെരഞ്ഞെടുപ്പ് ആവശ്യം വന്നപ്പോൾ കോൺഗ്രസ്സ് അവരുടെ നിബന്ധനകൾക്ക് കട്ടികൂട്ടി. സി.എച്ച്. മുഹമ്മദ്‌കോ യയെ മുസ്ലീoലീഗ് അംഗത്വം രാജിവച്ചശേഷമേ സ്പീക്കർസ്ഥാനത്ത് മത്സരി ക്കാൻ അനുവദിച്ചുള്ളൂ.

കോൺഗ്രസ്സിലെ ഒരു വിഭാഗം മുസ്ലീoലീഗിനോട് കാണിച്ച അവഹേളനം കൊണ്ടു സ്പീക്കർസ്ഥാനം ഉപേക്ഷിച്ചു ലീഗ് പ്രതിപക്ഷത്തേയ്ക്ക് പോയി. ഒരിക്കൽ ഉപേക്ഷിച്ചു പോന്ന കമ്മ്യുണിസ്റ്റുകാരുമായി പ്രതിപക്ഷമെന്ന നിലയിൽ മുസ്ലീoലീഗിന് അങ്ങനെ വീണ്ടും സഹകരിക്കേണ്ടി വന്നു.

1960-ൽ പി. എസ. പി യുമായി സഹകരിച്ചാണ് കോൺഗ്രസ്സ് കേരളത്തിൽ ഭരണം നടത്തിയിരുന്നത്. ഒരു ചെറിയ കക്ഷിയുടെ നേതാവായ പട്ടം താണു പിള്ള മന്ത്രിയായിരുന്നത് കോൺഗ്രസിന് ദീർഘകാലം സഹിക്കാൻ കഴിഞ്ഞില്ല. കേന്ദ്രത്തിലെ സ്വാധീനം ഉപയോഗിച്ച് പട്ടംതാണുപിള്ളയെ ഗവർണ്ണറാക്കി പഞ്ചാബിൽ അയച്ചു. മുഖ്യമന്ത്രിസ്ഥാനം 1962- ൽ കോൺഗ്രസ്  പിടിച്ചെടുത്തു. അധികം കഴിഞ്ഞില്ല. പി. എസ്. പി.യും മന്ത്രിസഭ വിട്ടു പ്രതി പക്ഷത്തു പോവുകയും കോൺഗ്രസ്സ് തനിച്ചു ഭരണം പുനരാരംഭിക്കുകയും ചെയ്തു.

 പി. റ്റി. ചാക്കോ 
കമ്മ്യുണിസ്റ്റുകൾക്ക് നടപ്പാക്കാൻ കഴിയാ തെ പോയ കാർഷിക പരിഷ്ക്കരണം നടപ്പി ലാക്കാൻ റവന്യു മന്ത്രിയായിരുന്ന പി. റ്റി. ചാക്കോ ശ്രമം തുടങ്ങി. ഇന്നും ആക്ഷേപം പറയാനില്ലാത്ത കേരള ഭൂപരിഷ്ക്കരണ നിയമം നിയമസഭയിൽ കൊണ്ടുവന്നു പാസ്സാക്കുകയും കോടതികൾക്ക് ചോദ്യം ചെയ്യാൻ വയ്യാത്തവിധം അതു ഭരണഘടന യുടെ ഒൻപതാം ഷെഡ്യുളിൽ ഉൾപ്പാർടു ത്തുകയും ചെയ്യാൻ ചാക്കോയ്ക്ക് സാധിച്ചു. കോൺഗ്രസ്സിനെ സംബന്ധിച്ചിടത്തോളം ഏറ്റവും അനുകൂലമായ കാലാവസ്ഥയായി രുന്നു അന്നുണ്ടായിരുന്നത്. ക്രമസമാധാന നില ഭദ്രം. അഴിമതികൾക്കെതിരായി നടപടി. പുരോഗ മനപരമായ കാർഷിക പരിഷ്ക്രണം. ഇവയ്‌ക്കെല്ലാം മുകളിൽ കമ്മ്യുണിസ്റ്റ് പാർട്ടിയിൽത്തന്നെയുണ്ടായ പിളർപ്പ്. അങ്ങനെ അനുകൂലമായ കാലാവസ്ഥ ഉപയോഗപ്പെടുത്താൻ കോൺഗ്രസ്സിന് കഴിഞ്ഞില്ല.

ഒരു നിസ്സാരസംഭവം പർവ്വതീകരിച്ചു കോൺഗ്രസ്സിലെ പി. റ്റി. ചാക്കോ വിരു ദ്ധർ അദ്ദേഹത്തെ മന്ത്രിസഭയിൽനിന്നും വെളിയിലാക്കി. പിന്നീട് അദ്ദേഹം ഹൃദയം പൊട്ടി മരിക്കുകയുംചെയ്തു. കേരളത്തിൽ കമ്മ്യുണിസ്റ്റ് പ്രസ്ഥാന ത്തെ രാഷ്ട്രീയമായി കൈകാര്യം ചെയ്ത നേതാവ് അങ്ങനെ കേരളത്തിന് നഷ്ടപ്പെട്ടു.

പി. റ്റി. ചാക്കോയുടെ മരണവും കോൺഗ്രസ്സിന്റെ തകർച്ചയും പെട്ടെന്നായി രുന്നു. കെ. എം. ജോർജിൻറെ നേതൃത്വത്തിൽ 15 പേർ കേരളാ കോൺഗ്രസ് ഗ്രൂപ്പായി മാറിയിരുന്നു. അവർ പ്രതിപക്ഷത്തോടൊത്തു വോട്ടു ചെയ്തു 1964-ൽ ആർ. ശങ്കറിന്റെ നേതൃത്വത്തിലുണ്ടായിരുന്ന കോൺഗ്രസ്സ് മന്ത്രിസഭയെ വെളിയിലാക്കി.

1965- ലെ അലസിപ്പോയ തെരഞ്ഞെടുപ്പ് നടന്നു. കോൺഗ്രസ്സ്, കേരളാ കോൺ ഗ്രസ് കക്ഷികൾ തെരഞ്ഞെടുപ്പിൽ പരസ്പ്പരം മത്സരിച്ചു. ഇടതും വലതും കമ്മ്യുണിസ്റ്റ് പാർട്ടി പരസ്പരധാരണയിൽ മത്സരിക്കാൻ ശ്രമിച്ചു. എങ്കിലും അ വസാനം പ്രത്യേകം പ്രത്യേകം മത്സരിക്കേണ്ടിവന്നു. എന്നാൽ മാർക്സിസ്റ്റ് പാ ർട്ടി 'വിജയസാദ്ധ്യതയില്ലാത്ത' നിയജകമണ്ഡലങ്ങളുടെ കാര്യത്തിൽ മുസ്‌ ലിംലീഗുമായി ഒരു ധാരണയുണ്ടാക്കി. അതെ അവസരത്തിൽ പ്രത്യേകം പ്രയോജനമില്ലായിരുന്നുവെങ്കിലും മുസ്‌ലിംലീഗും കേരളാകോൺഗ്രസും തമ്മിൽ തുറന്ന ധാരണയും ഉണ്ടായിരുന്നു. പാക്കിസ്ഥാൻ ആക്രമണകാല ഘട്ടമായിരുന്നതുകൊണ്ടു ലീഗിന് ഒരു താങ്ങ് അന്ന് മറ്റു തരത്തിൽ ആവശ്യ മായിരുന്നു.

പരസ്പരം മത്സരിച്ച പാർട്ടികളിൽ ഒന്നിനും ഭരണം നടത്താനുള്ള ഭൂരിപക്ഷം ഉണ്ടായില്ല. കേരളാകോൺഗ്രസ് മുസ്‌ലിംലീഗ് കക്ഷികൾ രൂപീകരിക്കുന്ന മന്ത്രിസഭയ്ക്ക് പിന്തുണ നൽകാനായി മാർക്സിസ്റ്റ് പാർട്ടി സന്നദ്ധമായിരുന്നു. പ്രസ്തുത പിന്തുണ അവർ വാങ്ങിയില്ല.

എന്നാൽ കേരളാകോൺഗ്രസ്, ലീഗുകക്ഷികൾ കോൺഗ്രസ്സിന്റെ പിന്തുണ വാങ്ങി ഭരണം ഏറ്റെടുക്കാൻ തയ്യാറായി. അവർ പിന്തുണ ചോദിച്ചു. പക്ഷെ, കോൺഗ്രസ്സ് പിന്തുണ നൽകിയില്ല. 1965- ൽ ഒരു ഗവണ്മെന്റ് ഉണ്ടാകാതെ നിയമസഭാ പിരിച്ചുവിട്ടു.

1967-ൽ ഇന്ത്യയിലാകെ നടന്ന പൊതുതിരഞ്ഞെടുപ്പോടൊത്തു കേരളത്തി ലും വീണ്ടും തെരഞ്ഞെടുപ്പ് നടന്നു. ഈ തെരഞ്ഞെടുപ്പിലും ജനാധിപത്യ കക്ഷികൾക്ക് ഒന്നിച്ചുനിൽക്കാൻ സാധിച്ചില്ല. കോൺഗ്രസ്സും കേരളാകോൺ ഗ്രസ്സും വീണ്ടും രണ്ടായിനിന്ന് മത്സരിച്ചു.

എന്നാൽ മാർക്സിസ്റ്റു പാർട്ടി 1965-ലെ തെരഞ്ഞെടുപ്പ് ഫലത്തിൽനിന്നും പഠിച്ച പാഠം ഉപയോഗിച്ച് ഒരു വിശാല മുന്നണിയുണ്ടാക്കി. 1965- ൽ വെറും മൂന്നു സീറ്റുകൊണ്ടു തൃപ്തിപ്പെടേണ്ടിവന്ന കമ്മ്യുണിസ്റ്റ് പാർട്ടിയും, രാഷ്ട്രീയാഭി പ്രായഭിന്നതകൾ മറന്നു ഒരു മിനിമം പരിപാടിയുടെ അടിസ്ഥാനത്തിൽ മാർക്സിസ്റ്റ് പാർട്ടിയുമായി യോജിക്കാൻ തയ്യാറായി. കമ്മ്യുണിസ്റ്റ് പാർട്ടിയെ സംബന്ധിച്ചിടത്തോളം കേരളത്തിൽ വീണ്ടും അവർ മേൽവിലാസം തിരി കെയെടുത്തു. പ്രായോഗികരാഷ്ട്രീയമായിരുന്നു അത്. മുസ്‌ലിംലീഗ് എസ്. എസ്‌. പി. , കെ. എസ്. പി. കെ. റ്റി. പി തുടങ്ങിയ മറ്റു എല്ലാ കക്ഷികളെയും പരമാവധി വിട്ടുവീഴ്ചചെയ്തു മാർക്സിസ്റ്റ് പാർട്ടി അവരുടെ കൂടെ നിറുത്തി.

1967-ലെ തെരഞ്ഞെടുപ്പിൽ മാർക്സിസ്റ്റ് മുന്നണിക്ക് വമ്പിച്ച നേട്ടമാണ് കൈ വന്നത്. കോൺഗ്രസ്സ്  9  ആയും, കേരളാകോൺഗ്രസ് 5 ആയും, അങ്ങനെ നിയമസഭയിൽ പ്രതിപക്ഷം കേവലം 14 ആയിട്ട് ചുരുങ്ങി.

 ഇ. എം. എസ്. നമ്പൂതിരിപ്പാട് 
1960- ൽ പി.റ്റി. ചാക്കോ ഒന്നായി നിന്നു കമ്മ്യുണിസ്റ്റ് പാർട്ടിക്ക് എതിരായി ഉപയോഗിച്ച 'ഒറ്റപ്പെടുത്തി ഇല്ലാതാക്കൽ'      തന്ത്രം  1967- ൽ, അങ്ങനെ ഇ. എം. എസ്. നമ്പൂതിരിപ്പാട് സമർത്ഥമായി കോൺഗ്രസ്സ്, കേരളാകോൺഗ്രസ്സ് കക്ഷികൾക്ക് എതിരായി പ്രയോഗി ച്ചു, വിജയിച്ചു.

മിനിമം പരിപാടിയുടെ അടിസ്ഥാ നത്തിൽ ഭരണം നടത്താൻ അധികാരത്തിൽ വന്ന മാർക്സിസ്റ്റ് മുന്നണിക്ക് അധികംനാൾ അവിടെ തുടരാൻ കഴിഞ്ഞില്ല. തുടക്കം മുതൽതന്നെ കല്ലുകടി ആരംഭിച്ചു. 31 മാസങ്ങൾ കൊണ്ട് മുന്നണി തകർന്നു.

ഇതിനിടയിൽ കോൺഗ്രസ്സ് രണ്ടായി പിളർന്നതും ഒരു സംഭവവികാസമാണ്.

നമ്പൂതിരിപ്പാട് മന്ത്രിസഭ തകർന്നതിനെത്തുടർന്നു ഇടക്കാല തെരഞ്ഞെടുപ്പ് , അല്ലെങ്കിൽ, ബദൽമന്ത്രിസഭ എന്ന നിലവന്നുചേർന്നു. കമ്മ്യുണിസ്റ്റ് പാർട്ടി യുടെ നേതൃത്വത്തിൽ രൂപീകരിക്കുന്ന മന്ത്രിസഭയിൽ ചേർന്ന് പ്രവർത്തി ക്കാൻ കേരളാകോൺഗ്രസ്സും, ആ മന്ത്രിസഭയ്ക്ക് നിരുപാധിക പിന്തുണയും നൽകാൻ രണ്ടു കോൺഗ്രസ്സ് കക്ഷികളും തയ്യാറായതിനെത്തുടർന്നു 1969- നവംബർ ഒന്നാം തിയതി അച്ചുതമേനോന്റെ നേതൃത്വത്തിൽ മറ്റൊരു കൂട്ടു മന്ത്രിസഭ ഇവിടെ വീണ്ടും അധികാരത്തിൽ വന്നു. മാർക്സിസ്റ്റ് പാർട്ടിയും എസ്. എസ്. പി യും, കെ. റ്റി. പി .യും കെ. എസ്. പി. കക്ഷികളുമൊഴിച്ചു മറ്റു കക്ഷികൾ എല്ലാം അച്ചുതമേനോൻ മന്ത്രിസഭയുടെ പിറകിലായി അണി നിരന്നിരുന്നു.

ഈ കാലഘട്ടത്തിൽ എസ്. എസ്. പി -യിൽ രണ്ടു പിളർപ്പുകൾ ഉണ്ടായി. S. S. P. യിൽ നിന്ന് I. S. P. യായി മാറിയ വിഭാഗം ഗവൺമെന്റിൽ സഹകരിച്ചിരുന്നു.

ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത് അച്ചുതമേനോൻ മന്ത്രിസഭ ഭരണം ആരംഭി ച്ചു. ക്രമസമാധാനം പുനഃസ്ഥാപിച്ചു. റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷനി ൽ അന്യായമായി നിയമിച്ചവരെ പിരിച്ചുവിട്ടു. ഗവണ്മെന്റ് വക വ്യവസായ സ്ഥാപനങ്ങളിലെ നിയമനം പി. എസ്.സി യ്ക്ക് വിട്ടു. ഭൂപരിഷ്ക്കരണനിയമം ഉഭയസമ്മതപ്രകാരം ഒരു പ്രസ്ഥാനംപോലെ നടപ്പിലാക്കി. തീർച്ചയായും സാ ധാരണക്കാരായ ജനങ്ങളിൽ പ്രതീക്ഷയും ആവേശവും ഉണ്ടാക്കിയ ഭരണമാ യിരുന്നു അത്.

എന്നാൽ ഗവണ്മെന്റിനും അധികകാലം തുടരാൻ സാധിച്ചില്ല. സംഘടനാ കോൺഗ്രസ്സ് മുറുമുറുപ്പ്തുടങ്ങി. അത് മുതലാക്കി മാർക്സിസ്റ്റ്കൾ, ഭരണ ക ക്ഷികളിൽനിന്നും രണ്ടുമൂന്നുപേരെ ചാക്കിൽ കയറ്റി മന്ത്രിസഭ മറിക്കാൻ ശ്രമിച്ചു. തക്കസമയത്ത് ബദൽ സമ്മർദ്ദം ഉണ്ടായതുകൊണ്ടും മന്ത്രിസഭയ്ക്ക് അനുകൂലമായി ശക്തമായ ബഹുജനാഭിപ്രായം ഉണ്ടായിരുന്നതുകൊണ്ട് മന്ത്രിസഭ മറിഞ്ഞില്ല.

നിർഭാഗ്യമെന്നുപറയട്ടെ. ഈ ഘട്ടത്തിൽ I. S. P. യിൽ വീണ്ടും ഒരു പിളർപ്പ് പ്രത്യക്ഷപ്പെട്ടു. I. S. P യിലെ ഒരു വിഭാഗം P. S. P യായി മാറി. I. S. P യായി തുടർ ന്നവർ ഗവണ്മെന്റിനു പിന്തുണ നൽകുന്നകാര്യം സന്നിഗ്ദ്ധമായി.

 സി. അച്ചുതമേനോൻ 
നിയമസഭയിൽ മേനോൻ മന്ത്രിസഭ പരാജയപ്പെ ട്ടാൽ കേരളത്തിൽ നിലവിൽ ഉണ്ടായിരുന്ന പ്ര ത്യേക സാഹചര്യത്തിൽ മറ്റൊരു ഗവണ്മെന്റ് മാർക്സിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിലോ പിന്തു ണയിലോ അധികാരത്തിൽ വരുമായിരുന്നു.   9- മാസം അച്ചുതമേനോൻ മന്ത്രിസഭ ചെയ്ത നല്ല കാര്യങ്ങൾ അവർ ആകെ തിരുത്തിയെഴുതുക  യും ചെയ്യുമായിരുന്നു.

ഈ പ്രത്യേക സാഹചര്യം കണക്കിലെടുത്തു കൈമുതലുണ്ടായിരുന്ന പൊതുജനാഭിപ്രായം ക്യാഷ് ചെയ്യുവാൻ അച്ചുതമേനോൻ മന്ത്രിസഭ തീരുമാനിച്ചു. 1970-ലെ കുരുക്ഷേത്രം അങ്ങനെ ഉണ്ടായി.

1969 -ൽ ഒന്നിച്ചു ഭരിച്ചവർ കുരുക്ഷേത്രത്തിൽ ഉണ്ടായിരിക്കും എന്നാണ് നിയമസഭ പിരിച്ചു വിട്ട് പുതിയ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമ്പോൾ അച്ചുതമേനോൻ അവകാ ശപ്പെട്ടത്. എന്നാൽ കുരുക്ഷേത്രത്തിൽ കേരളാകോൺഗ്രസ് മുന്നണിയിൽ ഉണ്ടായില്ല. അവർ കൗരവഭാഗത്തേയ്ക്ക് പോയതുമില്ല. അന്ന് നിലവിലുണ്ടാ യിരുന്ന ഒരു പ്രത്യേക രാഷ്ട്രീയ സാഹചര്യത്തിൽ കേരളകോൺഗ്രസ്സിനു തനിച്ചുനിന്ന് തെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടിവന്നു. സംഘടനകോൺഗ്രസ്സ് മാത്രം പ്രയോജനമുണ്ടെങ്കിലും ഇല്ലെങ്കിലും തുണക്കാരായി ഉണ്ടായി.

കമ്മ്യുണിസ്റ്റ്, മുസ്ളീംലീഗ്, പി. എസ്‌. പി., ആർ. എസ്. പി. കക്ഷികൾ ഒരു മുന്നണിയായി 1970-ലെ തെരഞ്ഞെടുപ്പിൽ മത്സരിച്ചു. അവരുടെകൂടെ ഭരണ കോൺഗ്രസ്സും ധാരണയിൽ ഉണ്ടായിരുന്നു. ആ മുന്നണിക്ക് നിയമസഭയിലെ 133 സീറ്റുകളിൽ 69 സീറ്റുകൾനേടി അധികാരത്തിൽവരുവാൻ കഴിഞ്ഞു. കോൺഗ്രസ്സ് വെളിയിൽനിന്നും പിന്തുണനൽകുന്ന കമ്മ്യുണിസ്റ്റ് മുന്നണിയാ ണ് ഇപ്പോൾ ഭരണം നടത്തുന്നത്.

മാർക്സിസ്റ്റു പാർട്ടി അവരുടെ മുന്നണിയിൽ S. S. P, K. S. P, K. T. P എന്നീ രാഷ്ടീയ കക്ഷികളെ ഉൾപ്പെടുത്തി, അവർക്ക് നിയമസഭയിൽ 46 സ്ഥാനങ്ങൾ ലഭിച്ചു. കേരളാകോൺഗ്രസ് തനിച്ചുനിന്നു 14 സീറ്റുകളും സംഘടനാ കോൺഗ്രസ്സ് അവരുടെ സ്വാതന്ത്രന്മാർ വഴി 4 സീറ്റുകളും നേടി. ഇപ്പോൾ അധികാരത്തിൽ ഇരിക്കുന്ന ഗവണ്മെന്റും നിയമസഭയും ഇതാണ്. ഇതിൽനിന്നെല്ലാം ഇപ്പോൾ വ്യക്തമാകുന്ന ഒരു ചിത്രമുണ്ട്. കേരളത്തിൽ ഇനി ഏകകക്ഷിഭരണത്തിന് സാദ്ധ്യതയില്ല. നിയമസമാധാനവും സ്വൈര്യജീവിതവും ഉറപ്പുനൽകുന്ന കക്ഷികൾക്ക് ഇവിടെ അധികാരത്തിൽ വരാൻ സാധിക്കും. ജനങ്ങളുടെ വികാരങ്ങളെമാനിക്കാൻ തയ്യാറാകാത്തപക്ഷം ജന്മംനൽകിയ കൈകൊണ്ടു തന്നെ ജനങ്ങൾ അന്ത്യകർമ്മവും നടത്തും.

മറ്റൊരു യാഥാർത്ഥ്യവും വിസ്മരിക്കാവുന്നതല്ല. കേരളത്തിൽ മാർക്സിസ്റ്റു പാ ർട്ടി ഒരു ശക്തിയാണ്. ഇന്ത്യൻകമ്മ്യുണിസ്റ്റു പാർട്ടി മറ്റു കക്ഷികളുടെ താങ്ങി ൽമാത്രം ഉയർന്നുനിൽക്കുന്ന ഒരു പാർട്ടിമാത്രമാണ്. രണ്ടു കമ്മ്യുണിസ്റ്റ് പാ ർട്ടികളെയും ഒഴിവാക്കിനിർത്തിക്കൊണ്ടു ജനാധിപത്യ കക്ഷികളുടെ ഒരു മുന്നണിയുണ്ടായാൽ കേരളത്തിൽ കമ്മ്യുണിസ്റ്റ് പാർട്ടികൾ അധികാരത്തി ൽവരുമെന്ന ഭീഷണി ഇല്ലാതാകും. പക്ഷെ, ജനാധിപത്യകക്ഷികൾക്ക് ഒരു പൊതുപരിപാടിയുടെ അടിസ്ഥാനത്തിൽ യോജിക്കാൻ കഴിയുകയില്ലെന്ന താണ് കേരളത്തിലെ യഥാർത്ഥ രാഷ്ടീയ പ്രശ്നം.

രണ്ടു കമ്മ്യുണിസ്റ്റ് പാർട്ടികളും ഒപ്പം വർജ്ജ്യമായി കണ്ടിരുന്ന കേരളാ കോൺഗ്രസ്സിന്‌ ഇപ്പോൾ മാർക്സിസ്റ്റ് പാർട്ടിയുമായി ചിലകാര്യങ്ങളിലെങ്കിലും ഒത്തുപോകേണ്ട നിലവന്നിരിക്കുന്നു. ചെറിയ തിന്മ സ്വീകരിക്കുക എന്ന അടിസ്ഥാനത്തിൽപ്പോലും ഇന്ത്യൻ കമ്മ്യുണിസ്റ്റ് പാർട്ടിയുമായി കൂട്ടു കൂടാ ൻ തയ്യാറില്ലാതിരുന്ന കേരളാകോൺഗ്രസ്സിനാണ് ഇന്ന് ഏറ്റവും അപകടകാരി കളായ മാർക്സിസ്റ്റ്കമ്മ്യുണിസ്റ്റ്പാർട്ടിയുമായി ചില ഘട്ടങ്ങളിലെങ്കിലും  തോളുരുമ്മി മുമ്പോട്ട് പോകേണ്ടി വന്നിരിക്കുന്നത്.

കമ്മ്യുണിസ്റ്റ് വിരോധത്തിന് ഏറ്റവും അധികം വില നൽകിയ ഒരു രാഷ്ടീയ പാർട്ടിയാണ് കേരളാകോൺഗ്രസ്സ്. അതിന്റെ ഉത്ഭവവും വളർച്ചയും ഒരു പരിധിവരെ കമ്മ്യുണിസ്റ്റ് വിരോധത്തിൽ നിന്നായിരുന്നു. 1969 നവംബർ മുതൽ ഒൻപതുമാസക്കാലം കേരളാകോൺഗ്രസ്സിനു കമ്മ്യുണിസ്റ്റു പാർട്ടി യുമായി ഒത്തു ഭരണത്തിൽ ഇരിക്കേണ്ടി വന്നു. കേരളാകോൺഗ്രസ് കമ്മ്യു ണിസ്റ്റ് പാർട്ടിയുമായി ചേർന്ന് ഭരണത്തിന് മുതിർന്നതിനെ ഇവിടെ ആരും കുറ്റം പറഞ്ഞില്ല. ഒൻപതു മാസത്തെ ഭരണത്തെപ്പറ്റിയും ഇന്നും മധുരിക്കുന്ന സ്മരണകൾ മാത്രമാണ് ആളുകളിൽ ഒരു നല്ല ഭാഗത്തിനും ഉള്ളത്. കഴിഞ്ഞ ഇടക്കാലതെരഞ്ഞെടുപ്പിൽ കേരളാകോൺഗ്രസ്സ് കമ്മ്യുണിസ്റ്റ് മുന്നണിയിൽ നിന്നും മാറി ഒറ്റയ്ക്കുനിന്നു മത്സരിച്ചെങ്കിലും അവര്കൂടി ഉൾപ്പെട്ട ഒൻപതു മാസ്സത്തെ ഭരണത്തിന്ലഭിച്ച അംഗീകാരം ആയിരുന്നു കമ്മ്യുണിസ്റ്റ് മുന്നണി യുടെ വിജയം.

1969 -ൽ കേരളാകോൺഗ്രസ്സ് കമ്മ്യുണിസ്റ്റുകാരുമായി കൂട്ടുകൂടി ഭരിച്ചു എങ്കിലും അത് കേരളത്തിലെ ജനാധിപത്യ വിശ്വാസികളിൽ കേരളാ കോൺ ഗ്രസ്സിന്റെ നിലപാടിനെപ്പറ്റി ചിന്താക്കുഴപ്പം ഒന്നും ഉണ്ടാക്കിയില്ല. മറിച്ച് അവർ ഒറ്റയ്ക്ക് നിന്നിട്ടും, അതും വൈകിയവേളയിൽ തീരുമാനിച്ചു ഒറ്റയ്ക്ക് നിന്നിട്ടും അവരെ കേരളത്തിലെ ഒരു വിഭാഗം ജനങ്ങൾ സ്വീകരിക്കാൻ മടി ച്ചില്ല. കേരളാകോൺഗ്രസ്സുകൂടി കമ്മ്യുണിസ്റ്റ്- ഇന്ദിരാ കോൺഗ്രസ്സ് മുന്നണി യിൽ നിന്ന് മത്സരിച്ചിരുന്നുവെങ്കിൽ ഇന്ന് മാർക്സിസ്റ്റ് പാർട്ടിക്ക് നിയമസഭയി ലുള്ള അംഗസംഖ്യ ഇതിലും കുറയുമായിരുന്നു. പക്ഷെ അതിനു അവസരം ഉണ്ടായില്ല. കമ്മ്യുണിസ്റ്റ് പാർട്ടികൾ രണ്ടിനോടും കേരളാകോൺഗ്രസ് സ്വീക രിക്കേണ്ട നിലപാടിനെപ്പറ്റി തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് വിവാദം നടന്നു. 1969 - നവംബറിൽ കേരളാകോൺഗ്രസ്സിനെ അനുഗ്രഹിച്ചു കമ്മ്യുണിസ്റ്റ് മന്ത്രി സഭയിലേക്ക് പറഞ്ഞയച്ചവർതന്നെയാണ് ആ വിവാദത്തിനുള്ള നേതൃത്വം നൽകിയത്.

രണ്ടുകമ്മ്യുണിസ്റ്റ്പാർട്ടികളും അസ്‌പൃശ്യരാണെന്നും അതുകൊണ്ടു കേരളാ കോൺഗ്രസ് ജനാധിപത്യചേരിയിൽ നിൽക്കണം എന്നും ആയിരുന്നു അവർ ആവശ്യപ്പെട്ടത്. ഇന്ദിരാകോൺഗ്രസ്സ്, മുസ്‌ലിംലീഗ് പി. എസ്. പി. തുടങ്ങിയ കക്ഷികൾ സംഘടനാ കോൺഗ്രസ്സ്, ജനസംഘം , സ്വതന്ത്രർ എന്നീ കക്ഷിക ളെക്കൂടി ഉൾപ്പെടുത്തി ഒരു ജനാധിപത്യമുന്നണിക്ക് തയ്യാറാകുകയില്ല എന്ന് എല്ലാവർക്കും അറിവുള്ളതായിരുന്നു. എങ്കിലും ജനാധിപത്യമുന്നണിക്കാർ ഒട്ടും പിറകോട്ട് പോയില്ല.

അങ്ങനെ കമ്മ്യുണിസ്റ്റ് മുന്നണി മറുവശത്തും കേരളാകോൺഗ്രസ് നടക്കും നിന്ന് മത്സരം നടന്നു. രണ്ടു കമ്മ്യുണിസ്റ്റ് മുന്നണികളും പരസ്പരം തോൽപ്പി ക്കാൻ ശ്രമിച്ചു. എങ്കിലും മാർക്സിസ്റ്റ് പാർട്ടി കമ്മ്യുണിസ്റ്റ് മുന്നണിയേക്കാൾ കേരളാകോൺഗ്രസ്സിനെ ആയിരുന്നു എതിർത്തതെന്ന് തെരഞ്ഞെടുപ്പ്കാലം തെളിയിക്കുന്നു. കൊട്ടാരക്കരയിലും പാലായിലും മാർക്സിസ്റ്റുകാർ തുറന്നു കമ്മ്യുണിസ്റ്റ് മുന്നണിസ്ഥാനാർത്ഥിക്കു വോട്ടു ചെയ്തു.

കേരളാകോൺഗ്രസ്സുകൂടി കമ്മ്യുണിസ്റ്റ്മുന്നണിയിൽ തുടർന്നിരുന്നു എങ്കിൽ തീർച്ചയായും കേരളത്തിൽ കമ്മ്യുണിസ്റ്റ് പാർട്ടികളുടെ ബലം കാര്യമായി കുറയുമായിരുന്നു. കേരളാകോൺഗ്രസ്സിനു നിയമസഭയിൽ കുറഞ്ഞത് ഇന്ന ത്തെ 14 സീറ്റിന് പകരം 18 സീറ്റ് എങ്കിലും ഉണ്ടാകുമായിരുന്നു. ഇന്ദിരാകോൺ ഗ്രസ്സിന്റെ അംഗസംഖ്യയും വർദ്ധിച്ചേനേം. ഈ വർദ്ധനവ് രണ്ടു കമ്മ്യുണി സ്റ്റ് പാർട്ടിയിലും ആയിരുന്നു കുറവ് സൃഷ്ടിക്കുമായിരുന്നത്.  

അച്ചുതമേനോൻ മന്ത്രിസഭയ്ക്ക് നേതൃത്വം നല്കിയിരുന്നാലും ആ മന്ത്രിസഭ യിൽ ജനാധിപത്യശക്തികൾക്ക് മുൻ‌തൂക്കം കാണുമായിരുന്നു.

രണ്ടു കമ്മ്യുണിസ്റ്റ് പാർട്ടികളെയും എതിർത്ത കേരളാകോൺഗ്രസ് നിയമ സഭയിൽ പ്രതിപക്ഷമായി പ്രവർത്തിക്കേണ്ടിവരും എന്നത് തെരഞ്ഞെടുപ്പി ൽ നിൽക്കുമ്പോൾത്തന്നെ വ്യക്തമായിരുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞു. കേരളാകോൺഗ്രസ് മാർക്സിസ്റ്റ് പാർട്ടിയോടൊപ്പം പ്രതിപക്ഷത്തായി. പ്രതി പക്ഷത്തിരുന്നു പ്രവർത്തിക്കുന്ന ഒരു കക്ഷി എന്തുചെയ്യണം? അവർ പ്രതി പക്ഷത്തിന്റെ കടമ നിർവഹിക്കണം. മാർക്സിസ്റ്റു പാർട്ടിയും അതുതന്നെ ചെയ്യും. അപ്പോൾ പ്രതിപക്ഷം എന്ന നിലയിൽ കേരളാകോൺഗ്രസ്സും മാർ ക്സിസ്റ്റ് പാർട്ടിയും പലരംഗങ്ങളിലും ഒന്നിച്ചു പ്രവർത്തിച്ചേ മതിയാകൂ എന്ന നിലവരും;വന്നിട്ടുമുണ്ട്.

സ്പീക്കർ തെരഞ്ഞെടുപ്പിൽ കേരളാകോൺഗ്രസ് പാർട്ടി നിറുത്തിയ സ്ഥാനാർത്ഥിയെ മാർക്സിസ്റ്റ് മുന്നണി സഹായിച്ചു. അത്ഭുതം ഒന്നുമില്ല. സ്വാഭാവികമായ പരിണാമം മാത്രമാണത്. ഗവർണ്ണറുടെ പ്രസംഗത്തെപ്പറ്റി വോട്ട് വന്നപ്പോൾ ഒന്നിച്ചു വോട്ടുചെയ്തു. തികച്ചും സാധാരണ നടപടി. പോലീസ് മർദ്ദനപ്രശ്നം വന്നു. അപ്പോഴും കേരളാകോൺഗ്രസ്സിനു മാർക്സിസ്റ്റ് പാർട്ടിയോടൊത്തു നിൽ ക്കാനേ കഴിയു.

രാജ്യസഭാ തെരഞ്ഞെടുപ്പ് വന്നപ്പോൾ കേരളാകോൺഗ്രസ് അവരുടെയോ വ്യക്തിത്വം കാട്ടി. വോട്ടിംഗിൽ പങ്കെടുത്തില്ല. പക്ഷെ അത് ശരിയായ ഒരു നടപടിയാണോ? നിയമസഭയിൽ വന്നശേഷം എല്ലാക്കാര്യങ്ങളിലും അവർ നിഷ്‌പക്ഷത പാലിക്കുക, ഒരു പാർട്ടിയെന്ന നിലയിൽ തെറ്റാണ്. അഭിപ്രായ മൊന്നുമില്ലാത്ത പാർട്ടി കേരളത്തിനുവേണ്ടി എന്തുചെയ്യും.

ഇന്നത്തെ നില വളരെ വ്യക്തമാണ്. പലരംഗങ്ങളിലും കേരളാകോൺഗ്രസ്സും മാർക്സിസ്റ്റ് പാർട്ടിയും യോജിച്ചു പ്രവർത്തിക്കേണ്ടതായി വരും. കമ്മ്യുണിസ്റ്റ് പാർട്ടിയെ പേടിച്ചുപോയവർ മാർക്സിസ്റ്റ് താവളത്തിനു വെളിയിൽ കാത്തു നിൽക്കുന്ന ഗതികേടിൽ വന്നുപെട്ടിരിക്കുന്നു.//-

തിരുവനന്തപുരം ......................കെ. സി. സെബാസ്റ്റ്യൻ
---------------------------------------------------------------------------------------------------------------------

Keine Kommentare:

Kommentar veröffentlichen

Hinweis: Nur ein Mitglied dieses Blogs kann Kommentare posten.