Mittwoch, 18. Juli 2018

ധ്രുവദീപ്തി : ജർമ്മൻ ഡയറി # ജർമ്മനിയിലെ മലയാളികൾ - അനിശ്ചിതത്വത്തിന്റെ അവസാനവും പുത്തൻ പ്രതീക്ഷകളുടെ ആഗമനവും വഴിത്തിരിവുകളും // George Kuttikattu.ധ്രുവദീപ്തി : ജർമ്മൻ ഡയറി #  ജർമ്മനിയിലെ മലയാളികൾ -


അനിശ്ചിതത്വത്തിന്റെ അവസാനവും 

പുത്തൻ പ്രതീക്ഷകളുടെ 
ആഗമനവും വഴിത്തിരിവുകളും //

George Kuttikattu.

1958- കൾക്ക് ശേഷം തുടർച്ചയായി ഓരോ വർഷങ്ങളിലും പ. ജർമ്മനിയിൽ ജോലിക്കായും പഠനത്തിനായും എത്തിച്ചേർന്ന മലയാളിപെൺകുട്ടികളും ആൺകുട്ടികളും 1976- കളുടെ അവസാന ഘട്ടത്തിൽ അപ്രതീക്ഷിതമായിട്ട് അഭിമുഖീകരിച്ചത് ഒരു വെള്ളിടിപോലെ ജർമ്മനിയിലെ  ബാഡൻവ്യൂർട്ടം ബർഗ്ഗ് സംസ്ഥാനസർക്കാരിൽ നിന്നും പുറപ്പെടുവിച്ച കല്പനയായിരുന്നുല്ലോ. "അടുത്ത ആറുമാസത്തിനുള്ളിൽ ജർമ്മനിയിൽ നിന്നും ഇന്ത്യയിലേയ്ക്ക് മടങ്ങിപ്പോകണം", ഇതായിരുന്നു ഉള്ളടക്കം. ഇപ്രകാരം ഒരു സർക്കാർ കല്പന പുറപ്പെടുവിക്കാനുണ്ടായ സാഹചര്യം എന്തായിരുന്നു? അന്ന് എന്നോട് ചില ഇന്ത്യൻ ഭരണകർത്താക്കൾ ചോദിച്ചു. ഇന്ത്യയിലെ കത്തോലിക്കാസഭയുടെ നേതൃത്വങ്ങളുടെയും ജർമ്മനിയിലെ കാരിത്താസിൽ ജീവനക്കാരായിരുന്ന ചില മലയാളികളുടെയും അവർക്കൊപ്പം ജർമ്മൻ കാരിത്താസിന്റെയും മാഫിയാസമാനമായ സ്വകാര്യ സ്വാർത്ഥതാല്പര്യങ്ങളുടെയും ഏക അന്ത്യാഭിലാഷ പൂർത്തീകരണത്തിന്റെ ഒരു പടയോട്ടമായിരുന്നു അത്. അവരുടെ നിഗൂഢ പദ്ധതിയുടെ ആദ്യപടിവിജയത്തിന്റെ പരസ്യമായ അടയാളമായിരുന്നു, ജർമ്മനിയിലെ ബാഡൻവ്യൂർട്ടംബർഗ് സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച കൽപ്പന. ഇന്ത്യൻ നഴ്‌സുമാർക്ക് ജർമ്മൻ മൈഗ്രേഷൻ വകുപ്പ് അധികൃതർ അയച്ചു കൊടുത്ത നാടുകടത്തൽ കല്പന, അതായിരുന്നു.. 
  
 1965- ഹൈഡൽബെർഗിലെത്തിയ മലയാളി
പെൺകുട്ടികളെ യൂണിവേഴ്സിറ്റി ക്ലിനിക്ക്
ഡയറക്ടർ Mr. ERNEST സ്വീകരിക്കുന്നു. 
ലോകത്തിലെ കുടിയേറ്റങ്ങളുടെ ചരിത്രത്തിലും ജർമ്മനിയിലേക്കെത്തിയ നമ്മുടെ മലയാളി പെൺകുട്ടികൾ വേറിട്ടൊരു അഭിമാനകാരമായ വ്യക്തി ഗതചരിത്രം സൃഷ്ടിച്ചിരുന്നു. ജർമ്മനിയിലെ ജനങ്ങളുടെയിടയിൽ വലിയ സ്നേഹ ആദരവുകളും, ആ സമൂഹം അതിന് ഹൃദയപൂർവ്വം തിരിച്ചു നല്കിയ സ്തുത്യർഹരീതിയിലുള്ള, അതിശ്രേഷ്ഠമായ അംഗീകാരവും ആതുരസേവന രംഗത്തു അവർ അന്ന് നേടിയപ്പോൾ, മറുവശത്ത്, അതേ പെൺകുട്ടികളുടെ സ്വന്തമായ സ്വകാര്യജീവിത വഴികൾ വളരെ ഏറെ ത്യാഗങ്ങൾ നിറഞ്ഞതും ആയിരുന്നു, അതേ സമയം അവരുടെ  സ്വകാര്യ ജീവിതത്തിൽ ഒരിക്കലും മായാത്തവിധം അവരുടെ ഹൃദയത്തിൽ തട്ടിയ വളരെ പുതിയ ഓരോരോ സംഭവങ്ങളുടെ അവിസ്മരണീയമായ ദിനങ്ങളുമായി മാറിയിരുന്നു.  

1976- ൽ  പശ്ചിമ ജർമ്മൻ സർക്കാരിൽ ഏറ്റവും വേഗം തന്നെ മലയാളികളുടെ പ്രശ്നങ്ങൾ ബോധ്യപ്പെടുത്താനുള്ള ശ്രമത്തിൽ ഞാൻ അതിനുള്ള ശരിയായ മാർഗ്ഗം ആരായുവാൻവേണ്ടി ഉടനെതന്നെ സുഹൃത്തുക്കളും മറ്റുചിലരുമായി ബന്ധപ്പെട്ടു. ഇപ്രകാരം വിവിധതരത്തിൽ ഓരോരോ പ്രശ്നങ്ങളുണ്ടാവുക സാ ധാരണമാണല്ലോ. ജർമ്മനിയിലെത്തിയ എനിക്ക് ഏതെങ്കിലുമൊരു സാധാര ണ തീർത്ഥാടകനായി മാറുവാനുള്ള ഒരു ലക്ഷ്യമുണ്ടായിരുന്നില്ല. കുടുംബ ജീവിതം നയിച്ച്, ഒരു തൊഴിൽ ചെയ്യാനുള്ള തീക്ഷ്ണമായ ആഗ്രഹം, അതായി രുന്നു എന്നെ മുന്നോട്ട് നയിച്ചത്. അതുപക്ഷേ, അന്ന് എന്റെ ഒരു പരിചിത നായ മലയാളിക്ക് മൈഗ്രേഷൻ വകുപ്പിൽനിന്ന് ലഭിച്ച ഒരു കത്ത് വായിച്ചു. "ആറുമാസത്തിനുള്ളിൽ ജർമ്മനിയിൽ നിന്നും തിരിച്ചുപോകണ"മെന്നു നിർദ്ദേശിക്കുന്നതായി തെക്കുപടിഞ്ഞാറൻ ജർമ്മനിയിലെ ബാഡൻവ്യൂർട്ടം ബർഗ്ഗ് സംസ്ഥാനസർക്കാർ പുറപ്പെടുവിച്ച ഔദ്യോഗിക കത്ത് ആയിരുന്നത്. വായിച്ചപ്പോൾ എനിക്ക് ആ രാത്രി മുഴുവൻ ആഴമേറിയ ചിന്തയിൽ മാത്രം മുഴുകുവാനേ കഴിഞ്ഞുള്ളു. തങ്ങൾക്ക് ചുറ്റുമുള്ള ആ അപകടത്തിന് പ്രധാന വഴിതെളിച്ച കാരണങ്ങൾ എന്താണെന്ന് ഊഹിക്കുവാൻപോലും കഴിഞ്ഞില്ല. അതുപക്ഷേ കാര്യങ്ങൾ, കാരണങ്ങൾ, ഓരോന്നും ഞങ്ങൾ മനസ്സിലാക്കണം. എളുപ്പമല്ല. ഇവയ്‌ക്കെല്ലാം കാരണക്കാരായ കുറെ കത്തോലിക്കാസഭയുടെ തലപ്പത്ത് സഭാവസ്ത്രമണിഞ്ഞ ഭക്താത്മാക്കളുടെ കാപട്യത്തിന്റെ വലിയ വലയിൽ ഞങ്ങൾ കുറെയേറെ മലയാളികൾ അകപ്പെട്ട് കഴിഞ്ഞല്ലോ എന്ന്, ഇന്ന് അതേപ്പറ്റി ചിന്തിക്കുന്നുണ്ട്. അവർക്ക് സൃഷ്ടാവിന്റെ മുമ്പിൽ എന്തോ  ഇക്കാര്യത്തിലെങ്കിലും ക്രൂരരായ കുറ്റക്കാരാണെന്ന വിചാരം എന്നെങ്കിലും ഉണ്ടായിരുന്നിട്ടുണ്ടോ?

ഞാൻ നേരിടേണ്ടിവരുന്ന പ്രതിസന്ധികളെ നേരിടുവാൻ മനസ്സുറച്ച ഒരു പ്രതിജ്ഞയെടുത്തു. എനിക്ക് പ്രായോഗികമായിട്ട് നേരിടേണ്ടിവരാവുന്ന ബുദ്ധിമുട്ടുകളെപ്പറ്റി, അന്ന് എനിക്ക് ഒരു ജോലിയും ലഭിക്കാൻ ഒദ്യോഗിക അനുവാദമില്ലാതിരുന്ന ഞാൻ പരമാവധി ചിന്തിച്ചു. ഈ തീരുമാനത്തോടെ യാണ് പിറ്റേദിവസം രാവിലെ എന്റെ സുഹൃത്തും ഹൈഡൽബർഗിൽ കത്തോലിക്കാ ഇടവകപള്ളി വികാരിയുമായിരുന്ന ജർമ്മൻകാരൻ റവ. ഫാ. ലുഡ്വിഗ് ബോപ്പിനെ മലയാളികൾ നേരിടേണ്ടിവരുന്ന ദുഃസ്ഥിതിയെപ്പറ്റി ധരിപ്പിച്ചത്. ഇന്ത്യൻ കത്തോലിക്കാ നേതൃത്വം ഇടപെട്ട പ്രവർത്തിക്കെതിരെ മലയാളികൾക്കുവേണ്ടി തുറന്നു പ്രവർത്തിക്കുവാൻ ഞാൻ ആവശ്യപ്പെട്ടത് അദ്ദേഹത്തിൻറെ നിലയ്ക്ക്ള്ള വ്യത്യസ്തപ്പെട്ട പൊതുപ്രവർത്തനത്തിനു പോലും തടസ്സമായേക്കാമെന്ന് ഞാൻ ഭയപ്പെട്ടിരുന്നു. അപ്രകാരമൊരു ചിന്ത ആസ്ഥാനത്തായിരുന്നെന്ന് പിന്നീട് ബോദ്ധ്യപ്പെട്ടു. ഞങ്ങൾ  ക്ലേശകരമായ ദിവസങ്ങളെ തരണം ചെയ്തു. ഒടുവിൽ ഞങ്ങൾ വിജയിച്ചു. അതുപക്ഷേ, ഈ അപ്രതീക്ഷിത വിജയത്തിൽ സന്തോഷം കാണുവാൻ എതിരാളികളിൽ ആരും ആഗ്രഹിച്ചിട്ടില്ല.

Photo. കൊളോൺ സമ്മേളനത്തിൽ
പങ്കുചേർന്ന മലയാളികൾ

(1977 സെപ്റ്റംബർ 10 -തിങ്കൾ)  
 1977-സെപ്റ്റംബർ-10-)o തിയതി ശനിയാഴ്ച കൊളോണിലെ Ehrenfelder Anna ഹാളിൽ ജർമ്മനിയിലെ വിവിധ ഭാഗങ്ങളിൽനിന്ന് എത്തിയ 400- ഓളം മലയാളികൾ ചേർന്ന് തങ്ങളുടെ ഭാവിയെപ്പറ്റി ചർച്ചചെയ്യുവാൻ വേണ്ടി സമ്മേളിച്ചു. ഈ സമ്മേളനത്തിൽ വളരെയേറെ പ്രകോപനപരമായ വിധം അഭിപ്രായങ്ങളും മറ്റും ഉയർന്നുവെങ്കിലും സംഘാടകരുടെയെല്ലാം വ്യത്യസ്തപ്പെട്ട അഭിപ്രായങ്ങൾക്കും നിർദ്ദേശങ്ങൾക്കും പിന്നാലെ പോകാൻ ആരും തന്നെ അന്ന് തയ്യാറായില്ല. ഈ സമ്മേളനത്തിൽ നടന്ന സംഘാടകരുടെ പ്രധാന ചർച്ചാവിഷയം, ഇതാണ്: മലയാളികളെല്ലാം ജർമ്മനിയിൽ നിന്നും കേരളത്തിലേയ്ക്ക് ഉടൻ തിരിച്ചു പോകുക, അതിനു കാരിത്താസ് നമുക്ക് നിർദ്ദേശിച്ചിട്ടുള്ള റീ ഇന്റഗ്രേഷൻപ്രോഗ്രാം
ഓരോരുത്തനും, അതിനു സമ്മതിക്കുക, സഹകരിക്കുക, എന്നതായിരുന്നു . 

അതു പക്ഷേ അവിടെ ഹാളിൽ കൂടിയ മലയാളികൾ എതിർത്തു. എന്നാൽ അന്നത്തെ ഈ സമ്മേളനത്തിൽ സംബന്ധിച്ചിരുന്ന കൊളോണിലെ ജർമ്മൻ സർക്കാരിന്റെ അന്നത്തെ പ്രതിനിധിയായിരുന്ന Mr. Heinz Eul വ്യക്തമായ വിധത്തിൽത്തന്നെ  സർക്കാർ നിലപാട് വിശദീകരിച്ചു. "യാതൊരു വിധ പുറത്താക്കൽ നടപടികളും ഉണ്ടാകുകയില്ല, യാതൊരു തരത്തിലുമുള്ള എതിർനടപടികൾക്കും ജർമ്മൻ സർക്കാർ പ്ലാനിടുകയില്ല. ഒരു കാലത്ത് ഇന്ത്യൻ നഴ്‌സുമാർ ജർമ്മനിയിലെത്തിയത് ഒരു സർക്കാർ വികസനസഹായ പദ്ധതിയിലുമല്ല. ഇന്ത്യയിൽനിന്നു നേഴ്‌സുമാരുടെ കുടിയേറ്റവുമല്ല അന്ന് ഉണ്ടായിട്ടുള്ളത്. ജർമ്മൻ  ഹോസ്പിറ്റലുകളിൽ ആവശ്യം അനുസരിച്ചുള്ള വേണ്ടത്ര നഴ്‌സുമാരില്ലാതിരുന്നതിനാൽ അവരെ സ്വീകരിക്കുകയാണ് ഉണ്ടായത്". 400 ഓളം ഇന്ത്യൻ നഴ്‌സുമാർ എല്ലാവരും നിറഞ്ഞ സദസ്സ് നന്ദി പ്രകാശിപ്പിക്കുന്ന നീണ്ട കൈയ്യടികൾ കൊണ്ട് Mr. Heinz Eul ന്റെ പ്രസ്താവനയെ സ്വാഗതം ചെയ്തു. ഈ സമ്മേളനത്തിൽ നിന്നും അന്ന് ഞാനും ഫാ. ലുഡ്‌വിഗ് ബോപ്പും സമ്മേളനവിവരം അറിഞ്ഞപ്പോഴെതന്നെ ആലോചിച്ചു എടുത്ത തീരുമാനപ്രകാരം വിട്ടകന്നുനിൽക്കുകയാണ് ചെയ്തത്. ഫാ. ബോപ്പ്  നേരിട്ട് സമ്മേളനത്തിൽ സംബന്ധിക്കുവാൻ പ്ലാനിടുകയും, ആരും തന്നെ ക്ഷണിക്കാത്ത ശ്രദ്ധിക്കപ്പെടാത്ത സന്ദർശകനായി മാത്രം അവിടെ എത്തി സമ്മേളനം നിരീക്ഷിക്കുകയാണ് ചെയ്തത്. അദ്ദേഹത്തിന് ആ ദിവസം ഒരു പുതിയ ജീവിതാനുഭവമായിരുന്നു. "ഈ സമ്മേളനം മലയാളികൾക്ക് ഒരു തരത്തിലും പ്രയോജനപ്പെടില്ല" എന്ന ഒരു അഭിപ്രായമാണ്, അദ്ദേഹം എന്നെ അറിയിച്ചത്.

കൊളോണിൽ കൂടിയ മഹാസമ്മേളനം കഴിഞ്ഞ അടുത്തദിവസം 1977. ൽ സെപ്റ്റംബർ 12- ന് തിങ്കളാഴ്ച കൊളോണിൽനിന്നും പ്രസിദ്ധീകരിക്കുന്ന "KÖLNER STADT-ANZEIGER" എന്ന ദിനപത്രം ഇപ്രകാരം ഏറെ പ്രധാനപ്പെട്ട ഒരു വാർത്ത നൽകി. അതിപ്രകാരമായിരുന്നു:

           "Die Inderinen Bleiben am Bett " 
          Schwesterntreffen in Köln: Keine Ausweisungen"-

അതേത്തുടന്ന് ചില വിശദീകരണങ്ങൾ കൂടി നൽകി. അതിലെ ചില യാഥാർത്ഥ്യങ്ങൾ കൂടി താഴെ ചേർക്കട്ടെ. അതിങ്ങനെ തുടരുന്നു: 


 "Diese  Zusicherung machten bei einer Versammlung indischer Pflegekräfte aus allen teilen der Bundesrepublik am Samstag im Ehrenfelder Anna saal Sprecher des Kölner Regierungs- presidenten. Eine Ausweisunghysterie sei unangebracht, da keinerlei entsprehende Weisungen vorlägen. Beifall aus dem saal erhielt Herr. Eul für seine feststellung, dass die größtenteils in konfessionellen Krankenhäusern tätigen Schwestern nicht- wie es von deutscher seite heute teilweise dargestellt wird-im Rahmen einer Entwicklungshilfemaßnahme bach Deutschland gekommen sein. Einziges Motiv für die Anwerbungen sei die akute personalnot in den hiesigen Hospitälern gewesen. 
Von Entwicklungshilfe könne schon deswegen kein rede sein, weil die deutsche Schwestern- ausbuildung (vor allem wegen der fehlenden Hebammen unterweisung und der kentinisse tropischer Krankheiten) in Indien nicht anerkant werde. Außer dem bestehe schon jetzt ein überangebot an Pflegekräften. "Ein export der Arbeitslosigkeit von einem Industriestaat in ein armes Entwicklungsland ist wahrlich die schlechteste aller denkbaren Lösungen",hieß es in einer schriftlichen Stellungnahme der Inder". 

ജർമ്മനിയിൽ സമാധാനത്തോടെ ജോലിചെയ്തിരുന്ന സമൂഹത്തിനെതിരെ ബോംബെയിലെ ഇന്ത്യൻ കാത്തലിക് ബിഷപ്‌സ് കോൺഫറൻസും ജർമ്മൻ കാരിത്താസിലെ ചില ഉന്നതരും കാരിത്താസിലെ ജീവനക്കാരുമായിരുന്ന കുറെ മലയാളികളും കൂടി നടത്തിയ നിഗൂഢ പ്രവർത്തനങ്ങൾ ജർമ്മൻ ജനതയും ജർമ്മൻ സർക്കാരും ഒരേസമയം തന്നെ തിരിച്ചറിഞ്ഞു. ഇന്ത്യൻ ഭരണകർത്താക്കളും അവസരോചിതമായ നടപടികൾ അടിയന്തിരമായി നൽകി. ജർമ്മനിയിലെ തൊഴിൽ ജീവിതകാലത്തിൽ ജർമ്മൻ ജനതയുടെ വിശ്വാസ- സ്നേഹ വാത്സല്യങ്ങളേറ്റുവാങ്ങിയിട്ടുള്ള നമ്മുടെ മലയാളികൾ അതോടെ തങ്ങളുടെ ഭാവിയെ സംബന്ധിച്ച കടുത്ത ആശങ്കയിൽ നിന്നും വിടപറഞ്ഞു വന്നവഴികളെ മറക്കാതെ മുന്നോട്ടു മുന്നോട്ട് ജീവിതത്തിന്റെ പാതയിലെത്തി. 


കൊളോൺ നഗരത്തിൽ ജർമ്മനിയിലെ മലയാളികളുടെ പ്രശ്നങ്ങളെ ചർച്ച ചെയ്യാനെന്നു വിളിച്ചുചേർത്ത സമ്മേളനസംഘാടകരുടെയും, അതിനു അന്ന് പ്രേരകശക്തിയായി പ്രവർത്തിച്ചവരുടെയും ഉദ്ദേശങ്ങൾ ചീറ്റിപ്പോയി എന്ന് പറയട്ടെ. സംഭവങ്ങളുടെ യാഥാർത്ഥ്യം ഇങ്ങനെയാണ്: സ്വരാജ്യത്തേയ്ക്ക് മടങ്ങിപ്പോകാനുള്ളവരുടെ മലയാളികളുടെ എതിർപ്പ് കാരണമൊന്നുമല്ല, പ്രശ്നങ്ങളുടെയെല്ലാം ആരംഭം. പ്രശ്നം അന്നുണ്ടായത്, തൊഴിച്ചെറിയപ്പെടുന്ന എല്ലാ മാനുഷികവശങ്ങളുടെയും മനുഷ്യാവകാശനിഷേധത്തിന്റെയും ഒത്ത നടുവിൽപ്പെട്ടുഴലുന്നതുകൊണ്ട്, അവരിൽ കടുത്ത നിരാശയുടെയും അന്യവത്ക്കരണത്തിന്റെയും അതിരുകടന്ന ഇരുൾമുറികളിലേയ്ക്കവരെ ക്രൂരമായി വലിച്ചിഴച്ചു കൊണ്ടുപോകുവാൻ പ്ലാനിട്ട ഒരുകൂട്ടം ആളുകളുടെ സമൂഹമോ സംഘടനയോ അവർക്കുനേരെചെയ്ത ഗൂഢതന്ത്രം മനഃപൂർവ്വം പ്രയോഗിച്ചതുകൊണ്ട് മാത്രമായിരുന്നു ! ഒടുവിൽ  ജർമ്മനിയിൽ തൊഴിൽ ചെയ്തു ജീവിക്കുന്ന മലയാളികളുടെ നിലനിൽപ്പ് പ്രശ്നം ചില അധോലോക പ്രവർത്തനങ്ങളാൽ സങ്കീർണമായിത്തീർക്കുകയും ചെയ്തു..

മറുചോദ്യങ്ങൾ ചെയ്യാതെ അനുസരിക്കുവാൻ മാത്രം തന്റെ പടയാളികളെ പരിശീലിപ്പിച്ച നെപ്പോളിയനെപ്പറ്റി ഒരു കഥയുണ്ട്.- അദ്ദേഹത്തിൻറെ ആജ്ഞാശക്തി അസാധാരണമായിരുന്നു. 'അസാദ്ധ്യം' എന്നൊരു വാക്ക് തന്റെ സ്വന്തമായ നിഘണ്ടുവിൽ ഇല്ലെന്നു പ്രഖ്യാപിച്ചവനാണദ്ദേഹം. പട്ടാളക്കാരോടുകൂടി രണാങ്കണത്തിലേയ്ക്ക് മാർച് ചെയ്യുമ്പോൾ പടയാളികൾ പറഞ്ഞു: "പ്രിയ തിരുമേനി, നമുക്ക് വഴി തെറ്റിപ്പോയിരിക്കുന്നു. നേരെ മുമ്പിൽ ആൽപ്‌സ് പർവ്വതമാണ് തലയുയർത്തിനിൽക്കുന്നത്. ആൽപ്‌സ് പർവ്വതം നെട്ടനെ കയറിക്കടക്കുക അസാദ്ധ്യമാണെന്നു".. "ച്ഛയ്‌ ! നിങ്ങളാരും അസംബന്ധം പുലമ്പാതിരിക്കു! അവിടെ, ആൽപ്‌സ്‌ പർവ്വതമില്ലവിടെ". അവർ മുന്നോട്ട് കുതിച്ചു. ആയിരങ്ങൾ മരിച്ചുവീണെങ്കിലും നെപ്പോളിയനും അയാളുടെ പാർശ്വവർത്തികളും മറുവശത്തെത്തി. ഏതാണ്ടിതേ അനുഭവമായിരുന്നു, ജർമ്മനിയിലെ മലയാളികൾക്ക് സംഭവിക്കുവാനിരുന്നത്. അന്നത്തെ ആ വിഷമഘട്ടത്തിൽ പലരും ജർമ്മനി വിട്ട് അന്യരാജ്യങ്ങളിലേയ്ക്ക് അന്ന് കുടിയേറിയെന്ന് മുമ്പ് ഞാൻ വിശദീകരിച്ചിട്ടുണ്ടല്ലോ. ജർമ്മനിയിൽ നിന്ന് തിരിച്ചയക്കുന്ന മലയാളികളുടെ ആവശ്യങ്ങൾക്ക് വേണ്ടി ഒരു 'കോൺടാക്ട് സ്റ്റേഷൻ' സ്ഥാപിക്കുക, അതിനുശേഷം പാർശ്വവർത്തികൾക്ക് അതിൽ നുഴഞ്ഞുകയറുവാൻ ആയിരക്കണക്കിന് മലയാളി നഴ്‌സുമാരായ "ചോദ്യം ചെയ്യാത്ത പടയാളികളെ" കാരിത്താസിന്റെ വികസനസഹായ പദ്ധതി എന്ന അപരിചിത ഭാവിവാഗ്ദാനങ്ങൾ കൊടുത്തുകൊണ്ട് അവരെയെല്ലാം ജർമ്മനിയിൽ നിന്നും തുരത്തി മാഫിയ സംഘാടകരുടെ സ്വപ്നഹിമാലയ പർവ്വതത്തിനക്കരെ എത്തിക്കാനുള്ള സുന്ദരമായ ആശയമാണ് കൊളോൺ സമ്മേളനത്തിൽ പൊലിഞ്ഞു വീണത്. എല്ലാം അണിയറരഹസ്യങ്ങൾ, അരമനരഹസ്യങ്ങൾ ആയിരുന്നു. അതുപക്ഷേ, അങ്ങാടിപ്പാട്ടായിപ്പോയി.

ജർമ്മനിയിലെ ഇന്ത്യൻ നഴ്‌സുമാർക്ക്‌ വേണ്ടി നിലകൊള്ളുന്നുവെന്ന ഒരു പൂറംപൂച്ചു പ്രകടനം വഴി "റീഇന്റഗ്രേഷൻ സംഘാടകർ" അവരുടെ മുഴുവൻ വിശ്വാസം തട്ടിയെടുത്തു. ചിലരെല്ലാം ഒരു നല്ലനാളയെ പ്രതീക്ഷിച്ചു അന്ന് അക്കൂട്ടരുടെ പിറകെ പോയി. പിന്നീട് പലരും അപ്രകാരം ചെയ്തതുതന്നെ ബുദ്ധിമോശമായിപ്പോയി എന്ന് പറഞ്ഞവരുണ്ട്. കാലങ്ങൾ പലതു കടന്നു പോയി. ഇന്നും നമ്മുടെ ആവശ്യങ്ങൾക്ക് വിവിധ തരത്തിലുള്ള സാമൂഹ്യ സംഘടനകളോ അവരുടെ സഹവർത്തിത്വമോ വിശ്വാസമോ ഒന്നുമേ ഒരു പരിഹാരമല്ലായെന്നു അനേകം സംഭവങ്ങൾ തെളിയിച്ചുകഴിഞ്ഞു. വിവിധ കാര്യത്തിലും ഉപരിപ്ലവമായ ഒരുമാറ്റമല്ല, അടിസ്ഥാനപരമായ ഒരു ഉറച്ച മന:പരിവർത്തനമാണ് നമുക്കാവശ്യം എന്ന് കാണാൻ കഴിഞ്ഞു. 1977 കളിൽ ജർമ്മനിയിലെ 5000- ൽ പരം മലയാളികൾക്ക് മൂക്കുകയറിട്ടിട്ടു കേരളത്തിൽ പോയി ചില കുത്സിതബുദ്ധികളുടെ കാലുറപ്പിക്കാമെന്നുള്ള ചിന്താഗതി ഉണ്ടാകാതെ അവർക്ക് അന്നേ ഒരു വിശാലമായ മാനസികപരിവർത്തനം വരുത്തിക്കൊണ്ട് അവരുടെ നല്ല കഴിവുകളെ മാനുഷികമായ മര്യാദയിൽ അവ തിരിച്ചുവിടണമായിരുന്നു. ഇനിയെങ്കിലും വ്യക്തമാക്കപ്പെട്ട തുറന്ന സത്യത്തിന്റെ മുമ്പിൽ അവർ തലകുനിക്കുമെന്ന് പ്രതീക്ഷിക്കാം. ഈവിധ ദുഃഖസത്യങ്ങൾ ഇങ്ങനെയാണ്.- മൃഗങ്ങളെ സംബന്ധിച്ച് അങ്ങേയറ്റത്തെ സഹതാപാർഹമായി എനിക്ക് തോന്നിയിട്ടുള്ളത് ഒരു രംഗം മാത്രമാണ്. കശാപ്പുശാലയിൽ സ്വന്തം ഇറച്ചി മുഴുവൻ വകതിരിച്ചു വിറ്റുതീരുന്നതു വരെ സ്വന്തം തല അവിടെനോക്കിയിരിക്കണം. "ഇത് എന്റെ ഇറച്ചി തന്നെയാണ്, സത്യമായിട്ടും യാതൊരു കളങ്കവുമില്ല", എന്ന പച്ച സാക്ഷിപത്രവുമായി!. ഒന്നാലോചിച്ചാൽ അതിനും ഒരു ന്യായമുണ്ട്.- അരരൂപ സ്റ്റാമ്പ് ഒട്ടിച്ചു ഒരു സത്യവാഗ്മൂലം നൽകാൻ ആ ചത്ത ജന്തുക്കൾക്ക് ഹാജരാക്കാൻ നിവൃത്തി ഇല്ലല്ലോ. ഇറച്ചിവെട്ടുജോലി ചെയ്യുന്നവൻ പറയുന്നത് ഇങ്ങനെ, ''ഇറച്ചി കൂട്ടി ഉണ്ണുന്നവർക്ക് വിശ്വസിക്കാൻ പറ്റുമോ, അതുകൊണ്ടു തല അവിടെ തുറന്ന കണ്ണുകളോടെ അങ്ങനെയിരിക്കുന്നതു ശരിയാണ്, അത് ആവശ്യവുമാണ്". ഇതുതന്നെയാണ് ജർമ്മനിയിൽ സംഭവിച്ചതും. ബാഡൻവ്യൂർട്ടം ബർഗിൽ നഴ്‌സുമാർക്ക് പ്രശ്നം ഉണ്ടായപ്പോൾ യാതൊരു നീതീകരണവും മന:സാക്ഷി ഉള്ളവരാരും കണ്ടില്ല. അതുപക്ഷേ, ആ തക്കം നോക്കി ഇതൊരു മിന്നുന്ന നല്ല അവസരമാണെന്ന് മനസ്സിലാക്കിയ ജർമ്മനിയിലെ ചില മലയാളികളും, അവരുമായി സഹകരിച്ച ചില ജർമ്മൻകാരും കേരളത്തിൽ, കൊച്ചിയിൽ, ഒരു "കോൺടാക്ട് കേന്ദ്രം" സൃഷ്ടിക്കുവാൻ ഓടിനടന്നാൽ എന്തായിരിക്കും ഫലം, എന്ന് എളിയ ബുദ്ധിയിൽ മനസ്സിലാക്കാൻ കഴിയും. അവരുടെ നിഴൽ വികസനസഹായപദ്ധതിയിലൂടെ നഴ്‌സുമാർക്ക് തിരിച്ചു കേരളത്തിലേക്ക് പോകേണ്ടിവന്നിരുന്നെങ്കിൽ, അന്നും ഇന്നും നമുക്കെല്ലാം കേരളത്തിൽ ഒരു ദയനീയ കാഴ്ച കാണേണ്ടതായി വരുമായിരുന്നു, അധോലോകരുടെ വികസന സഹായപദ്ധതിയിൽ മേഞ്ഞെടുത്ത ഒരു "സ്ലോട്ടർ ഹൌസും# "എന്റെ ഇറച്ചി തന്നെയാണ്' എന്ന സാക്ഷിപത്രവുമായി, നമ്മുടെ ദയനീയസ്ഥിതി!. ഇത്തരം ചരിത്രത്തിന്റെ വെളിച്ചത്തിൽ മേൽപ്പറഞ്ഞ സംഭവങ്ങൾക്കു പിറകിൽ നിന്നവർ ഇന്ന് എവിടെ നിൽക്കുമെന്നും എവിടെനിൽക്കണമെന്നും ഇതിലെ വായനക്കാർ സ്വയം തീരുമാനിച്ചുകൊള്ളട്ടെ എന്നുമാത്രം പറയട്ടെ.

ജർമ്മനിയിലെ ഇന്ത്യൻ നഴ്‌സുമാരുടെ താമസവും-ജോലി അനുവാദവുമെന്ന  പ്രശ്നപരിഹാരത്തിനുള്ള സർക്കാരിൽനിന്നുമുള്ള അനുകൂല തീരുമാനങ്ങൾ പടിപടിയായി പുതുക്കി നടപ്പാക്കിവരുകയാണുണ്ടായത്. അങ്ങനെ 1978- 1980 കളായപ്പോൾ ഉണ്ടായിരുന്ന പ്രതിസന്ധികൾ ഏതാണ്ട് അവസാനിച്ചുവെന്ന് കാണാൻ കഴിഞ്ഞു. ജർമ്മനിയിലെ തൊഴിൽ ഭാവിയെപ്പറ്റി ആശങ്ക നിറഞ്ഞ മലയാളികളിൽ ഇതിനിടയിൽത്തന്നെ തങ്ങളുടെ ഭാവിജീവിതത്തിന്റെ വഴികളിൽ ഉറപ്പ് സാധിക്കുവാനായി അന്ന് വളരെക്കാലമായി ജർമ്മനിയിൽ  ജോലി ചെയ്തിരുന്ന മലയാളികളിൽ ചിലരെല്ലാം അയൽരാജ്യങ്ങളിലേക്കും അമേരിക്കയിലേക്കും കുടിയേറിയ സംഭവവുമുണ്ടായി. സ്വിറ്റ്സർലൻഡ്, ഓസ്ട്രിയ തുടങ്ങിയ രാജ്യങ്ങളിലേക്ക്പോയി ഭാവിജീവിതം ഉറപ്പാക്കിയും,. ഇതിനകം തന്നെ മലയാളികളുടെ കുടുംബജീവിതം ജർമ്മനിയിലും അവിടെ നിന്നും കുടിയേറിയ മറ്റുരാജ്യങ്ങളിലും പുഷ്പിച്ചുതുടങ്ങി.

ഒരു ലക്ഷ്യംവച്ചു പണിയെടുക്കുമ്പോൾ ഞങ്ങളാരും രാപകൽഭേദം ഒട്ടുമേ അറിഞ്ഞിരുന്നില്ല. ബഹുഭൂരിപക്ഷം മലയാളിപെൺകുട്ടികൾ അവരവരുടെ ജോലിചെയ്യുന്ന സ്ഥാപനം നൽകിയ കെട്ടിടങ്ങളിലായിരുന്നു താമസിച്ചത്. സ്വന്തം കുടംബങ്ങളുടെ ആരംഭത്തോടെ ഓരോരുത്തരും ഇഷ്ടപ്പെട്ട ഓരോ സ്ഥലങ്ങളിൽ വീടുകൾ വാടകയ്ക്കെടുത്തോ സ്വന്തമായി വീട് വാങ്ങിയോ ജീവിതം തുടങ്ങി. അത്യാവശ്യത്തിനു ആൺപെൺഭേദമില്ലാതെ രാത്രിയുടെ ഇരുട്ടിൽ ഒറ്റയ്ക്ക്പുറത്തുപോകാൻ ഭയപ്പെടേണ്ടതായ ഒരു കാലമല്ലായിരുന്നു അന്നുള്ളത്. വിസാ, ജോലിചെയ്യാൻ അനുവാദം തുടങ്ങിയ കാര്യങ്ങളിലുള്ള നിയമക്രമങ്ങളിൽ ഇന്ത്യാക്കാർക്ക് അയവുവന്നിരുന്നുവെങ്കിലും അവർക്ക് അനിശ്ചിതകാലവിസയും ജോലിഅനുവാദവും ഓരോ കാലപരിധിയിലും പ്രത്യേക വ്യവസ്ഥകളിലും മാത്രം ക്രമപ്പെടുത്തിയിരുന്നു. അതുകൊണ്ടു തന്നെ ഓരോരുത്തർക്കും ജീവിത പ്ലാനുകൾ ക്രമപ്പെടുത്തിയെടുക്കാൻ ഒരു സാവകാശം വേണ്ടിവന്നിരുന്നു. ഇന്ത്യൻനഴ്‌സുമാരുടെ ഭർത്താക്കന്മാർക്ക് 3- 4 വർഷങ്ങൾ എങ്കിലും കാത്തിരിക്കണമായിരുന്നു. ജർമ്മനിയിൽ അവരുടെ സ്ഥിരതാമസത്തിനും ഓരോരോ ജോലിക്കുള്ള ഔദ്യോഗിക അനുമതിയും, തൊഴിൽ- മൈഗ്രേഷൻ അധികൃതരിൽനിന്നും കുടുംബപുനഃസംഗമം നിയമ വ്യവസ്ഥയനുസരിച്ചു ഭാര്യക്കും ഭർത്താവിനും കാലക്രമം നിയമപരമായ അനുവാദവും നടപ്പിൽ വന്നു. ജർമ്മനിയിലെത്തി പഠനവും ജോലിതുടങ്ങിയ അവിവാഹിതരായ മലയാളി നഴ്‌സുമാരിൽ എല്ലാവരുംതന്നെ കേരളത്തിൽ പോയി വിവാഹിതരായി. എന്നാൽ ചിലരാകട്ടെ ജർമ്മൻകാരെ വിവാഹം ചെയ്തു കുടുംബ ജീവിതം ആരംഭിച്ചു. അങ്ങനെ രണ്ടാം തലമുറയുടെ തുടക്കം ഓരോ കുടുംബത്തിലും തുടക്കമിട്ടുകഴിഞ്ഞു. തികച്ചും അവയെല്ലാംതന്നെ സാധാരണമെങ്കിലും ഉണ്ടാകാവുന്ന അനുദിന ജീവിതത്തിന്റെ ക്രൂരമായ വെല്ലുവിളികൾ പലപ്പോഴും ഉണ്ടായിക്കൊണ്ടിരുന്നു.

ജർമ്മനിയിൽ കുടുംബജീവിതത്തിനു തുടക്കമിട്ടു വന്നെത്തിക്കൊണ്ടിരുന്ന നഴ്‌സുമാരുടെ ഭർത്താക്കന്മാരിൽപലരും ഇന്ത്യയിൽ, കേരളത്തിലോ അഥവ, കേരളത്തിനുവെളിയിലോ സർക്കാർ സർവീസുകളിൽ സേവനം ചെയ്തവരും, മറ്റു സ്വകാര്യസ്ഥാപനങ്ങളിൽ ജോലിചെയ്തവരും ആയിരുന്നു. ജർമ്മനിയിൽ ഒരു ജോലിചെയ്യാനുള്ള അനുവാദം സർക്കാർ ഔദ്യോഗികസ്ഥാനങ്ങളിൽ നിന്ന് അവർക്ക് ലഭ്യമാകുന്നതുവരെ അവർ മറ്റുള്ള പുതിയ ജോലികൾക്ക് വേണ്ടി അന്ന് കാത്തിരിക്കേണ്ടിയിരുന്നു. ആ നിലയ്ക്ക് ഒരു മാറ്റംവരുവാൻ അധികകാലം കാത്തിരിക്കേണ്ടതായിവന്നില്ല. ഇന്ത്യയിൽനിന്നുമെത്തിയ ജോലിക്കാരുടെ മൈഗ്രേഷൻ നിയമത്തിൽ പുതിയ പലപല മാറ്റങ്ങളുണ്ടായി. പുതിയ തൊഴിൽ പരിശീലനകോഴ്‌സുകളിലും, യുണിവേഴ്‌സിറ്റികളിലെ പഠനവുമായി ജർമ്മനിയിൽ പുതിയൊരു ഭാവിജോലിജീവിതത്തിന്റെ നല്ല തുടക്കം തുടങ്ങി. പലർക്കും വ്യക്തിപരമായി നോക്കിയാൽ ജർമ്മൻജീവിതം ലളിതമായിരുന്നില്ല. എങ്കിലും ജർമ്മനിയുടെ മൈഗ്രേഷൻ സംബന്ധിച്ചുള്ള പുതിയ നിയമമനുസരിച്ചു ഓരോരുത്തർക്കും അവരവരുടെ യോഗ്യതകൾ  അനുസരിച്ചു അന്ന് ലഭിക്കാമായിരുന്ന ജോലികൾ ലഭിച്ചുതുടങ്ങി.

1976- കൾക്ക് ശേഷമാണ് മലയാളിക്ക് പ്രതിസന്ധികളുടെ തുടക്കമിട്ടതെന്ന് എഴുതിയിരുന്നു. ഏതാണ്ട് 1978 മദ്ധ്യകാലഘട്ടംവരെ പ്രതിസന്ധികൾ എല്ലാം തുടരുകയും ചെയ്തു. അതുപക്ഷേ, 1979- 1980കൾ ആയപ്പോഴേയ്ക്കും, നേരിട്ട മുൻകാലങ്ങളിലെ വിവിധ തരം നിയമ വിഷമസ്ഥിതികൾക്ക് സാവധാനം സാധാരണ നിലയിലേയ്ക്ക് തിരിച്ചെത്തിത്തുടങ്ങി. തങ്ങളുടെയൊക്കെ നല്ല ഭാവി ശുഭമാകുമെന്നൊട്ടും തന്നയും പ്രതീക്ഷിക്കാത്ത മലയാളികൾക്ക് തൊഴിൽപ്രശ്‌നങ്ങൾ വന്നതു മൂലം ജർമ്മനിയിൽ നിന്നും മറ്റുരാജ്യങ്ങളിലേ യ്ക്ക് ജോലിചെയ്യാൻ ജർമ്മനിയിൽനിന്നും വിട്ടുപോകേണ്ടിവന്നിരുന്നു. സ്വിറ്റ്‌സർലൻഡ്, ഓസ്ട്രിയ, അമേരിക്ക എന്നീ രാജ്യങ്ങൾ അവരുടെ സ്വന്തം  ഭാവിജീവിതം ഉറപ്പാക്കി.
 Rev. Fr. Ludwig Bopp, Vikar, St. Bonifatius Church
in Heidelberg, Germany.
എന്തുവന്നാലും  പ്രതീക്ഷകളൊന്നും വെടിയാതെ പശ്ചിമ ജർമ്മനിയിൽ ത്തന്നെ എപ്പോഴും ഉറച്ചുനിന്നിരുന്ന ശേഷിക്കുന്ന മലയാളികൾ ആകട്ടെ ആത്മവീര്യത്തോടെ അവരവരുടെ സ്വന്തം തൊഴിലിൽ ശ്രദ്ധ നൽകി. പഠനത്തിനും തൊഴിലിനും കുടുംബ- സാമൂഹികകാര്യങ്ങൾക്കും വേണ്ടി അവർ സമയം കണ്ടെത്തി. അന്ന് മലയാളികളെല്ലാം  നേരിട്ട തൊഴിൽ-താമസ നിയമകാര്യ അനുവാദത്തിന് വിലക്കും, വിഷമപ്രതിസന്ധികൾക്കുമെല്ലാം അടിസ്ഥാനകാരണങ്ങളായി ഭവിച്ച സാമൂഹ്യവിപത്തിന്റെ ശക്തിപ്രഭാവം എപ്രകാരമുള്ളതായിരുന്നു, ആ വൈറസ് എവിടെനിന്നുണ്ടായി, എന്നെല്ലാം ചികഞ്ഞു കണ്ടുപിടിച്ചു ആ പ്രതിസന്ധികളെ നേരിടാനെന്നോടൊപ്പം അന്ന് സഹകരിച്ചു പ്രവർത്തിച്ചത്  മലയാളികൾക്ക് ഒപ്പം ചേർന്ന് നിന്ന ഹൈഡൽബെർഗിലെ ഫാ. ലുഡ്‌വിഗ് ബോപ്പും, ജർമ്മൻകാരും, ജർമ്മൻ മാദ്ധ്യമങ്ങളും അന്നത്തെ പശ്ചിമ ജർമ്മൻ തലസ്ഥാനനഗരിയായിരുന്ന ബോണിലെ ഇന്ത്യൻസർക്കാർ പ്രതിനിധികളും കേരളത്തിൽ ശ്രീ. ഉമ്മൻ ചാണ്ടിയും, "കവിത" മദ്ധ്യമവുമായിരുന്നുവെന്ന സത്യം നമുക്ക് വിസമരിക്കാനാവില്ല. അന്ന് അടിയന്തിരമായി അവശ്യമായ പ്രതിരോധപ്രവർത്തനങ്ങൾ ചെയ്യുവാൻ കഴിഞ്ഞതുമുതൽ മലയാളികളുടെ ജീവിതത്തിൽ മറ്റുചില പുതിയ മാനങ്ങൾ സാവധാനം ഉണ്ടായിത്തുടങ്ങി. ഇക്കാര്യം സംബന്ധിച്ച ചില വിശദീകരണങ്ങൾ ഞാൻ കഴിഞ്ഞ കുറിപ്പിൽ ചേർത്തിരുന്നു.

വിമർശകന്മാരെ പ്രീതിപ്പെടുത്താനല്ല, ഇതെഴുതുന്നതുതന്നെ. കയ്‌പ്പേറിയ സത്യം കൊണ്ടുള്ള അനുഭവങ്ങളിൽ ഞാനിതെഴുതാൻ തുടങ്ങിയത് പോലും ജർമ്മനിയിൽ ഒരു അപരിചിത ഭാവിയിലെ ജീവിതരീതിയോടു എങ്ങനെയും ഒത്തുപോകുന്നതിനായുള്ള ആഗ്രഹം ആയിരുന്നു. ഇത്തരം മാറ്റങ്ങളെല്ലാം ഒരിക്കൽതുടങ്ങിയാൽ എപ്പോഴും അതിന്റെ തുടർച്ച കാലാനുസരണമായി ഉണ്ടാകുവാനിടയുണ്ടല്ലോ. അതെങ്ങനെയായാലും നമ്മുടെ മലയാളികൾ ജോലിസ്ഥലങ്ങളിലെ അദ്ധ്വാനത്തിൽ, താറാവ് വെള്ളത്തിലെന്നപോലെ, മുഴുകുമെന്നു പറയുന്നത് കുറെ കടന്നകൈയാണെങ്കിലും അവരവരുടെ ഭാവിസുരക്ഷാഭീതിയും ഉള്ളിൽകണ്ടുകൊണ്ട്തന്നെ തങ്ങളുടെ ജീവിതം നയിക്കുമ്പോഴും ജന്മനാട്ടിലെ അവരവരുടെ സ്വന്തം മാതാപിതാക്കളുടെയും, സ്വന്തപ്പെട്ടവരുടെയും, സഹോദരങ്ങളുടെയും, ജീവിതാവശ്യങ്ങളിലുംമറ്റും ആവശ്യമായ പൂർണ്ണ സാമ്പത്തിക സഹായഹസ്തം നൽകിയിരുന്നു. ഇങ്ങനെ ജർമ്മൻമലയാളികൾക്ക് മാത്രമല്ല, പ്രവാസജീവിതം നയിച്ചവരുടെ ജീവിതം എന്നും തിരക്കേറിയ ഓരോരോ  തേനീച്ചക്കൂടുകളായി മാറിയിരുന്നു.

 1977-ബീലഫെൽഡിൽ  കഷ്ടാനുഭവ ആഴ്ചയിൽ
 ആരാധന  നടത്തുന്ന ഓർത്തഡോക്‌സ് 
സുറിയാനിക്രിസ്ത്യാനികൾ 
ജർമ്മനിയിലെ മലയാളികളെല്ലാം അക്കാലത്തു സാമൂഹ്യരംഗങ്ങളിൽ തീർത്തും അസംഘടിതരായിരുന്നു. ജർമ്മനിയിൽ വിവിധ സ്ഥലങ്ങളിൽ അവിടവിടെയെല്ലാം ചിന്നി ചിതറിക്കിടന്നിരുന്ന ചെറു സമൂഹമായിരുന്നു, മലയാളികളുടേത് എന്നത് ഒരു വസ്തുതയാണ്. ജർമ്മനിയിലെ മലയാളികൾ വിവിധ ക്രിസ്ത്യൻ സഭാ- ആചാര- വിശ്വാസത്തിൽപ്പെട്ടവരായിരുന്നു. ഒരോ  ആഴ്ചകളുടെയും അവസാനദിവസങ്ങളിൽ പലർക്കും ജോലിയിൽ അവധി ദിവസങ്ങളായിരുന്നു. ആ ദിവസം ഓരോരുത്തരുടേയും ആദ്ധ്യാത്മികമായ  സഭാംഗത്വവിശാസം അനുസരിച്ചു തൊട്ട് അടുത്തുള്ള ദേവാലയങ്ങളിലെ ശുശ്രൂഷകളിൽ നേരിട്ട് പോയി പങ്ക് കൊള്ളാൻ ശ്രമിച്ചു കൊണ്ടിരുന്നു. അങ്ങനെ ജർമ്മനിയിൽ എവിടെയും മലയാളികൾ അവരവരുടെ നാടിന്റെ വിശ്വാസസംഹിതയിൽ ഉറച്ചുനിന്ന് അവരവരുടെ കൊച്ചുകൊച്ചു മലയാളീ സമൂഹങ്ങൾ നിർമ്മിച്ചു തുടങ്ങി.

പശ്ചിമ ജർമ്മനിയിൽ കൊളോൺ, ഫ്രാങ്ക്ഫർട്ട്, ഹൈഡൽബെർഗ്, മൈൻസ്, കാൾസ്റൂഹെ, സ്റ്റുട്ട്ഗാർട്, ബീലഫെൽഡ്, ഡ്യുസൽഡോർഫ്,ഗ്രോസ്ഗെരാവ്, ബോൺ, ബർലിൻ എന്നു തുടങ്ങിയ ചെറുതും വലുതും മനോഹരവുമായ അനേകം പട്ടണങ്ങളിലും, മറ്റുള്ള സ്ഥലങ്ങളിലും ആയിരുന്നു മലയാളികൾ കൂടുതലായി അന്ന് താമസിച്ചിരുന്നത്. ഞായറാഴ്ചകൾ തോറുമുള്ള പതിവ് കണ്ടുമുട്ടലുകൾകൊണ്ട് അന്ന് ചിന്നിച്ചിതറിക്കിടക്കുന്ന മലയാളികൾക്ക് അവരവരുടെ കുടുംബത്തോടെ കൂടെക്കൂടെ ഒരുമിച്ചു സമ്മേളിക്കുവാനുള്ള പ്രചോദനം ഉണ്ടാക്കിയിരുന്നു. വ്യക്തിതല താൽപര്യത്തിൽ നടത്തപ്പെടുന്ന ചില മലയാളം ഫിലിം പ്രദർശനങ്ങളും, കലാപരിപാടികളും, അതിനുശേഷം കേരളത്തിന്റെ രുചിയിലുള്ള ഭക്ഷണവും, ജന്മനാടിന്റെ തനിമധുരമുള്ള ഓർമ്മകൾ ഉണർത്തുവാൻ കാരണമാക്കിയിരുന്നു.

അതുപോലെ ഉദാഹരണമായി പറഞ്ഞാൽ, 1977 മദ്ധ്യകാലഘട്ടത്തിലാണ് ഹൈഡൽബർഗിൽ ഒരു മലയാളി സമാജം എന്ന ഒരു സംഘടന തുടങ്ങിയത്. മലയാളികൾ താമസ്സമുള്ള ഓരോ പ്രദേശങ്ങളിലും മലയാളികൾ ഇങ്ങനെ മലയാളി സമാജങ്ങളോ സമാനമായ ഓരോ അസ്സോസിയേഷനുകളോ അതേ കാലഘട്ടത്തിൽത്തന്നെ തുടങ്ങിയിരുന്നു. അതുപക്ഷേ മലയാളികളുടെ വൈവിദ്ധ്യം നിറഞ്ഞ ആഗ്രഹങ്ങൾക്കും അഭിലാഷങ്ങൾക്കും യോചിച്ച പ്രവർത്തനം അതിന്റെ അർത്ഥത്തിലും ആശയത്തിലും ഫലമണിഞ്ഞില്ല. സമാജപ്രവർത്തനങ്ങളിലൂടെ മലയാളികളുടെ പൊതുആവശ്യങ്ങൾക്ക് ഉപകരിക്കത്തക്ക എന്തെങ്കിലും നൽകാൻ കഴിയുന്നതിനുപകരം രാഷ്ട്രീയ പ്രവർത്തനത്തിലെ അപക്വമായ വിള്ളലുകൾ സംഘടനാ പ്രവർത്തകരിൽ ജന്മമെടുത്തും തുടങ്ങി. ഈയൊരു പ്രവണത ഒരേസ്ഥലത്തു മലയാളികൾ ചിലർകൂടി വേറെപേരുകളിൽ സമാന സ്വഭാവത്തിലുള്ള സംഘടനകൾ സൃഷ്ടിച്ചു തുടങ്ങുവാൻ കാരണമാക്കി.. മലയാളിസമൂഹത്തിൽ പിളർപ്പ് മനോഭാവം ഇതോടെ വിതച്ചുകഴിഞ്ഞു. ചില വിളക്കത്തെ വെള്ളീച്ചകളായ നേതാക്കളുടെ ഉത്ഭവം.! ചിലസ്ഥലങ്ങളിൽ ഒന്നല്ല, രണ്ടും മൂന്നും സമാനമായ  സ്വഭാവത്തിലുള്ള സംഘടനകൾ സൃഷ്ടിക്കുന്നതിൽ മത്സരിച്ചുള്ള പ്രയാണം!  ജർമ്മനിയിലെ ചില മലയാളികളുടെ വൃത്തികെട്ട പ്രവർത്തനശൈലിക്ക് ഇവ ഉദാഹരണങ്ങളായിരുന്നു. ഇത്തരം പ്രവണതകൾ കണ്ടുമനസ്സിലാക്കിയ രണ്ടാം തലമുറയ്ക്ക് സംഘടനാപ്രസ്ഥാനങ്ങളിൽ വിശ്വാസമില്ലാതെയായി.

 1978 -A view of the participants on the Christmas
   celebration in Köln.
ജർമ്മൻ മലയാളി സമാജങ്ങളുടെ താൽപര്യത്തിൽ ജർമ്മനിയിലും, മറ്റു അയൽ രാജ്യങ്ങളിലെ ചരിത്ര പ്രസിദ്ധമായ ഓരോ സ്ഥലങ്ങളിലും അവധിക്കാലങ്ങളിൽ തങ്ങളുടെ സമയംനോക്കി വിനോദയാത്രാപരി പാടിയും, അതുപോലെ പ്രാധാന്യം നൽകിക്കൊണ്ട് ജർമ്മനിയിലുള്ള    പ്രമുഖ ടെക്‌നോളജി കേന്ദ്രങ്ങളിൽ പഠന സന്ദർശന പരിപാടികളും
നടത്തപ്പെട്ടിരുന്നു. 1977-1978 കളുടെ  ആരംഭഘട്ടത്തിലാണ് ഇപ്രകാരം    ഒരോരോ സംഘടനാ സംവിധാനം ജർമ്മനിയിൽ പൊതുവെ തുടങ്ങിയത്. അതുപക്ഷേ, അന്ന് 1976 -ൽ  ബാഡൻ വ്യൂർട്ടംബർഗ് സംസ്ഥാനത്തിൽ ജോലിചെയ്യുന്ന മുഴുവൻ മലയാളികൾക്കും പൊടുംന്നെനെയുണ്ടായ പ്രതീക്ഷിക്കാത്ത പ്രതിസന്ധി പരിഹാരത്തിനായി ഇങ്ങനെയുള്ള മലയാളി സമാജങ്ങൾക്കോ, സമാജങ്ങൾ സൃഷ്ടിക്കുന്നതിനു താല്പര്യപ്പെട്ടവർക്കോ, ഭാരവാഹികൾക്കോ അടിസ്ഥാനപരമായി യാതൊരു ഉദ്ദേശവുമുണ്ടായിരുന്നില്ല. മലയാളീ സമാജങ്ങളുടെ സമ്മേളനങ്ങളിലും ഓണാഘോഷം, ക്രിസ്മസ് എന്നിങ്ങനെയുള്ള മറ്റ് പരിപാടികളിലും അതാതു സ്ഥലങ്ങളിലും അടുത്ത അയൽപ്രദേശങ്ങളിൽ താമസിക്കുന്നവർപോലും  സജ്ജീവമായി പങ്കെടുക്കുകയും ചെയ്തിരുന്ന അന്നത്തെ മലയാളിയുടെ ആ പഴയ കാലത്തെപ്പറ്റി ഇന്ന് ഞാൻ സ്മരിക്കുന്നു. കേരളത്തിന്റെ  സാമൂഹിക  സാംസ്കാരിക ആചാരങ്ങളുടെ പ്രാധാന്യം പോലെ തന്നെ എല്ലാവിധ ആത്മീയ പ്രചോദനം നൽകുന്ന അവസരങ്ങളും അന്ന് ക്രമീകരിച്ചിരുന്നു. 

ഇക്കാലത്ത് രണ്ടാം തലമുറയുടെ പങ്കാളിത്തം സാവധാനം മങ്ങിതുടങ്ങി. ഇത്തരം കാര്യങ്ങൾ മനസ്സിലാക്കിയപ്പോൾ, ഇക്കാര്യങ്ങൾ തടസ്സംകൂടാതെ മറ്റുള്ളവരിലെത്തിക്കാൻ, അവരുടെയെല്ലാം അഭിപ്രായങ്ങൾ തടസ്സങ്ങൾ കൂടാതെ പ്രസിദ്ധീകരിക്കാൻ, സ്വാഭാവികമായും മടികൂടാതെയും ഒരുപാധി വേണ്ടതിന്റെ ആവശ്യം മനസ്സിലാക്കിയാണ് ജർമ്മനിയിൽ ചില മലയാളി മാദ്ധ്യമങ്ങൾ തുടങ്ങിയത്. പ്രധാനപ്പെട്ട ചില ഉദാഹരണമാണ് 'നാടൻ കത്ത്', 'എന്റെ ലോകം', 'കവിത', 'വാർത്ത', തുടങ്ങിയ ചില മലയാളമാദ്ധ്യമങ്ങളുടെ പിറവി. അതുപക്ഷേ, ഇവിടെയും ഒന്ന് മറ്റൊന്നിനെ നശിപ്പിക്കുവാനുള്ള തീവ്രമായ ആക്രമണ പ്രവണത ജർമ്മൻ മലയാളികളിലും വളർന്നുവന്നു. ഒന്ന് മറ്റൊന്നായി വെളിച്ചം കാണാതെ അസഹിഷ്ണതയുടെയും ദാർഷ്ട്യത നിറഞ്ഞ വ്യക്തിപരമായ സ്വാർത്ഥതയുടെ വൈരുദ്ധ്യങ്ങളിലും തട്ടി ചില ധാർമ്മിക മൂല്യങ്ങൾ ഓരോന്നും കാലക്രമേണ തകർന്ന് എന്നേക്കുമായി  അവസാനിച്ചുകൊണ്ടിരുന്ന ചരിത്രമാണുള്ളത്.

Bildung Zentrum -Hopstan

ഹോപ്സ്റ്റണിലെ  Diozesan Bildung Zentrum മ്യുൻസ്റ്റർ രൂപതയുടെ അന്തർദ്ദേശീയ വിദ്യാഭ്യാസ-സാംസ്കാരിക കേന്ദ്രമാണ്. അവിടെ ഉത്തരവാദപ്പെട്ട Ausländer Referat ഡോ. മാത്യു മണ്ഡപത്തിൽ ആയിരുന്നു. ഈ വിദ്യാഭ്യാസ കേന്ദ്രത്തിൽ നടത്തപ്പെടുന്ന വിവിധ കലാ-സാംസ്കാരിക-സാഹിത്യ സമ്മേളനങ്ങളുടെയും നടത്തിപ്പുകൾ നിയന്ത്രിച്ചിരുന്നത്, അവയുടെ കൈകാര്യ കർത്തൃത്വമുള്ള ഡോ.മാത്യു മണ്ഡപത്തിൽ ആയിരുന്നു. ജർമ്മനിയിൽ അനുഭവിച്ച താമസ-ജോലി പ്രതിസന്ധികളിൽനിന്നും മോചനം നേടിയപ്പോൾ സമാധാനപരമായ ജീവിതം നയിക്കുവാൻ വേറെ ചില അവസരങ്ങളും തേടി ജർമ്മനിയിലെ ഭാവിജീവിതം തുടരുകയായിരുന്നു. മലയാളികൾ ഏറെയും താമസിച്ചിരുന്ന പലസ്ഥലങ്ങളിലും സ്ഥാപിച്ചിരുന്ന മലയാളീ സമാജങ്ങൾ നൽകിയ കലാ ആസ്വാദനം മാത്രമായി ഒതുങ്ങി ജീവിക്കുവാൻ ആരും തയ്യാറായില്ല. സ്വന്തം നാട്ടിലെ വിശേഷങ്ങൾ അറിയുവാനും, മലയാള സാഹിത്യത്തിൽ ഉണ്ടായ  കൃതികൾ പരിചയപ്പെടുന്നതിനും, സാഹിത്യകാരന്മാരുമായി നേരിട്ട്തന്നെ പരിചയപ്പെടുന്നതിനും ചർച്ചകളിൽ പങ്കചേരുന്നതിനും പ്രസ്തുത വിദ്യാഭ്യാസ സാംസ്കാരിക കേന്ദ്രത്തിൽ അവസരമൊരുക്കി. മലയാളിയുടെ ജർമനിയിലെ ജീവിതം എങ്ങനെയെന്ന് മാതൃരാജ്യത്ത് പരിചയപ്പെടുത്തുവാൻ ഡോ.മാത്യു മണ്ഡപത്തിൽ നടത്തിയ മഹാ യജ്ഞം ആയിരുന്നു, 1982- ൽ പ്രവർത്തനം തുടങ്ങിയ "വാർത്ത" എന്ന മലയാള മാദ്ധ്യമം. ആധുനിക ജർമ്മനിയിൽ മലയാളിത്തലമുറയുടെ ത്യാഗപൂർണ്ണജീവിതത്തിന്റെ തനി ജീവസ്പന്ദനങ്ങൾ ചിത്രങ്ങളിൽ പകർത്തിയെടുത്ത് കേരളവും യൂറോപ്പുമായിട്ടുള്ള ഉറച്ച ബന്ധം സ്ഥാപിക്കുവാൻ ഈ മാധ്യമം വഴി അവസരമൊരുക്കി. ജർമ്മനിയും കേരളവും തമ്മിലുള്ള സാംസ്കാരിക ബന്ധത്തിന്റെ അംബാസിഡർ തന്നെ ആയിരുന്നു "വാർത്ത" മാദ്ധ്യമം.

അതുപോലെ ജർമ്മനിയിലെ മലയാളികളിൽ സ്വന്തം മലയാളഭാഷയും മാതൃരാജ്യമായ കേരളവും അടുത്ത സാമീപ്യത്തിൽ എത്തിക്കുവാൻ വേണ്ടി "കവിത" എന്ന പേരിൽ മറ്റൊരു മലയാളമാദ്ധ്യമം 1976 -77- കളിൽ കൊളോൺ നഗരത്തിൽ ആരംഭിച്ചിരുന്നു. ജർമ്മനിയിലെ മലയാളി സമൂഹത്തിന്റെ തനത് ഐഡൻറിറ്റി എന്താണെന്ന് ജർമ്മൻ ജനതയ്ക്ക് കാഴ്ചവച്ച ഒരു വലിയ പ്രസ്ഥാനമായിരുന്നു "കവിത". ഈ ജേർണ്ണലിന്റെ സുഗമമായ വളർച്ചയിൽ വളരെയധികം വെല്ലുവിളികൾ നേരിടേണ്ടിയും വന്നു. ഇക്കാലത്താണ്, മലയാളികൾ ജർമ്മനിയിൽ മൈഗ്രേഷൻ പ്രതിസന്ധിയെ നേരിടുന്നത്. അന്ന് 1976 -ൽ മലയാളികൾ നേരിട്ട ഈ മൈഗ്രേഷൻ പ്രശ്നം പരിഹരിക്കാനുള്ള പ്രവർത്തനങ്ങളോട് സഹകരിച്ച ചില ഇന്ത്യൻ അധികാരികളുടെയും മറ്റ്  സുഹൃത്തക്കളുടെയും, അതുപോലെതന്നെ ജർമ്മൻകാരായ റവ. ഫാ. ലുഡ്‌വിഗ് ബോപ്പ്, ജർമ്മൻ വനിതയായിരുന്ന അന്തരിച്ച ശ്രീമതി റീത്ത ദേശായി, തുടങ്ങിയവരുടെ ഹൃദയപൂർവ്വമായ സഹകരണങ്ങൾക്ക് ഏറ്റവും കരുത്തേറിയ ധാർമ്മിക പിന്തുണ നൽകിയത് "കവിത" മാദ്ധ്യമത്തിന്റെ വിലയേറിയ സംഭാവനയായിരുന്നു. 

എന്തുതന്നെയായിരുന്നാലും ഭാവിജീവിതമാർഗ്ഗം തേടി ജർമ്മനിയിൽ ജോലി ചെയ്തു ജീവിക്കാൻ തുടങ്ങിയ കുറെ മലയാളികളുടെ ഭാവിയെ തകർക്കുന്ന അസത്യത്തിനും അധർമ്മത്തിനുമെതിരെ സ്വന്തം സുരക്ഷിതത്വം നോക്കി പ്രവർത്തിക്കുന്നതാണ് ശരിയെന്നു നാമെല്ലാം മനസ്സിലാക്കിക്കഴിഞ്ഞു. ഇത് ജർമ്മനിയിലെ മലയാളി പെൺകുട്ടികൾക്ക് ചെയ്യുവാൻ സാധിച്ചു. പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഉണ്ടായ സ്വന്തം വ്യക്തിത്വത്തെപ്പറ്റി, സ്വന്തം കഴിവ്, ആത്മധൈര്യം എന്നിവയിൽ ഉറച്ച ബോദ്ധ്യം അവരിലുണ്ടായി. സ്വന്തം താല്പര്യസംരക്ഷണത്തിനു കപടവേഷം ധരിച്ചു ഒരു പ്രശ്‌നപരിഹാരത്തിന് നേഴ്‌സ്‌മാരല്ലാത്ത ഇന്ത്യൻ സഭാ അധികാരികളുടെ ചില വിഭാഗത്തിന് ഒട്ടും സാധിക്കുകയില്ലെന്നു ജർമ്മനിയിലെ മലയാളികൾ അന്ന് മനസിലാക്കി. //- 
-------------------------------------------------------------------------------------------------

Keine Kommentare:

Kommentar veröffentlichen

Hinweis: Nur ein Mitglied dieses Blogs kann Kommentare posten.