-
യൂ. ഡി. എഫ് മുന്നണി ബന്ധം
ഉപേക്ഷിച്ച കേരളാ കോൺഗ്രസ്.
ഉപേക്ഷിച്ച കേരളാ കോൺഗ്രസ്.
ഖേദവും വേർപിരിയലും വീണ്ടുവിചാരവും //
ധ്രുവദീപ്തി -by George Kuttikattu
ഇപ്പോൾ എല്ലാം നിവൃത്തിയായി. കേരളാ കോൺഗ്രസ് UDF മുന്നണിയിൽ നിന്നും വേർപെട്ടു നിയമസഭയിൽ വേറെ ബ്ലോക്കായി പ്രവർത്തിക്കുവാൻ 07. 08. 2016- ൽ ചരൽക്കുന്നിൽ നടന്ന പാർട്ടിസമ്മേളനത്തിൽ തീരുമാനിച്ചു. കേരളാ കോൺഗ്രസ്സിന്റെ ഈ കടുത്ത തീരുമാനംകൊണ്ട് പാർട്ടിയും അനുയായികളും എന്താണ് അതിനാൽ ഉദ്ദേശിക്കുന്നത്? എന്ത് കാഴ്ചപ്പാടാണ് അവർക്കുള്ളത്? കേരളത്തിൽ കേരളകോൺഗ്രസ് രാഷ്ട്രീയ ഭാവിയെയും, പൊതുവെ ജനങ്ങളുടെ അഭിപ്രായങ്ങളെയും, വിവിധ മുൻവിധികളെയും എങ്ങനെ കാണണം? മുന്നണി ബന്ധംപിരിയൽതത്വം ചിലരിൽ ഖേദവും ചിലരിൽ പ്രവചിക്കാനാവാത്ത ആത്മവിശ്വാസവും സ്വാഭിമാനവും വീണ്ടു വിചാരങ്ങളും ഏറെ ഉണ്ടാക്കി. ഒന്നാലോചിച്ചാൽ ലോകം മുഴുവനുമുള്ള പാർലമെന്ററി ജനാധിപത്യവും മനുഷ്യകരവേല തന്നെയാണല്ലോ. അപ്പോൾ രാഷ്ട്രീയം എപ്പോഴും പ്രവചനാതീതമാണ്.
കഴിഞ്ഞ ദിവസങ്ങളും, ആഴ്ചകളും, മാസങ്ങളും പ്രക്ഷുബ്ധവും ഉദ്വേഗ ജനകവും വളരെയേറെ സംഭവ ബഹുലമായതുമായ ദിവസങ്ങളായി രുന്നു. കേരളാകോൺഗ്രസ് പാർട്ടി ചെയർമാൻ ശ്രീ കെ. എം. മാണിക്കും അതുപോലെ പാർട്ടിയുടെ എല്ലാ ഉന്നത നേതൃത്വങ്ങൾക്കും അനുയാ യികൾക്കും മുന്നിലുണ്ടായിരുന്ന വിഷമ വിഷയം UDF മുന്നണി വിട്ടു പോകാനെടുക്കുന്ന ഈ മഹത്തായ തീരുമാനത്തെ കേരളം എപ്രകാരം സ്വീകരിക്കുമെന്നായിരിക്കാം. കേരളം കഴിഞ്ഞ കാലങ്ങളിൽ മുഴുവൻ കണ്ടിട്ടുള്ളതിലേറെ സങ്കീർണ്ണമായ രാഷ്ട്രീയ അസ്വസ്ഥത കുറയ്ക്കുവാൻ കേരളകോൺഗ്രസ് പാർട്ടി നേതൃത്വം തീർച്ചയായും ഉയർന്ന പ്രയഗ്നം തന്നെ നടത്തേണ്ടതായി വന്നിട്ടുണ്ട്. ഒടുവിൽ അതിനു ശരിയായ ഒരു രാഷ്ട്രീയ പരിഹാരവും ഉണ്ടായി. അങ്ങനെ കേരളാ കോൺഗ്രസ് യൂ. ഡി. എഫ് മുന്നണിയിൽ നിന്നും വേർപെട്ട് നിയമസഭയിലും രാഷ്ട്രീയ പ്രവർത്തനത്തിലും പ്രത്യേക വേറിട്ട രാഷ്ട്രീയ കക്ഷിയായി നില്‌ക്കുകയെന്ന പ്രഖ്യാപനം ഉണ്ടായി. ഇത് പാർട്ടിയുടെ ഭാവി ലക്ഷ്യമാക്കി ഐക്യകണ്ഠേന എടുത്ത തീരുമാനമായിരുന്നു.
കേരളാകോൺഗ്രസ്സിന്റെ യൂ. ഡി. എഫ് അംഗത്വം ഉപേക്ഷിക്കൽ തീരുമാനം കേരളത്തിലെ ജനങ്ങളുടെ കണ്ണിൽ തട്ടിയ രാഷ്ട്രീയ അരാജകത്വത്തിന് നേരെ എതിരെ കൈവരിച്ച ജനാധിപത്യമൂല്യത്തിന്റെ തങ്കതിളക്കമുള്ള വിജയമായിരുന്നു. കേരള സംസ്ഥാനം ഇന്ത്യയിൽ അടിമത്തം ഇല്ലാത്ത ഒരു വ്യക്തമായ സ്വതന്ത്ര ജനാധിപത്യത്തിന്റെ തിളക്കമേറിയ ഭാവിയെയാണ് കാണുന്നത് എന്ന വ്യക്തമായ മറുപടിയാണ് നാം കാണുന്നത്. ഇക്കഴിഞ്ഞ ദിവസം യൂ. ഡി. എഫിൽ നിന്നും വേർപെട്ട കേരളാ കോൺഗ്രസിന്റെ ഐക്യ പ്രതിജ്ഞയിൽ പ്രഖ്യാപിച്ചിരിക്കുന്ന കേന്ദ്രീയ നയപരിപാടി തന്നെ "കേരളവികസന സന്ദേശമാണ്". കേരളത്തിൽ കേരളാ കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം ഭാവിയിൽ അടിസ്ഥാനമായി ചിന്തിക്കേണ്ടതിതാണ്, വലതുപക്ഷ ലിബറൽ- കോൺസർവേറ്റിവ് വോട്ടർമാരെ ജനശക്തിയായി ഒന്നായി കോർത്തിണക്കിക്കൊണ്ട് അവരിലൂടെ പാർട്ടി വളരാൻ കഴിയണം.
ഓരോ ദിവസവും പാർട്ടിയുടെ നയം മാറ്റാതെ കേരളാകോൺഗ്രസ്സിനെ ജനാധിപത്യകേരളത്തിൽ വീണ്ടും ശക്തിപ്പെടുത്താൻ കെ. എം. മാണിക്കും കേരളാകോൺഗ്രസ് നേതൃത്വത്തിനും കഴിയുമെന്ന് തെളിയിച്ചു കഴിഞ്ഞു. പൊതുജനങ്ങൾ എന്നും മനസ്സിലാക്കേണ്ടതിതാണ്: ജനാധ്യപത്യസമ്പ്രദായ ത്തിൽ രാഷ്ട്രീയ പാർട്ടികളുടെ നേതൃത്വം എക്കാലവും ഒന്നോ രണ്ടോ വക്തികളുടെ മാത്രം ചുമലിൽ വളരുന്ന വൃക്ഷമല്ല. കേരളാ കോൺഗ്രസ് മുന്നണി വിട്ടുവെന്ന് തീരുമാനമായപ്പോൾ ചിലർ മനസ്സിലാക്കിയത് കേരളാ കോൺഗ്രസ് പാർട്ടി ഇല്ലാതെയായി എന്നാണുപോലും!. പാർട്ടി നേതൃത്വങ്ങൾ സാഹചര്യങ്ങളും അതാത് കാലങ്ങളുടെ മാറ്റങ്ങൾ അനുസരിച്ചും പലപ്പോഴും മാറിക്കൊണ്ടിരിക്കും. നേതാക്കൾ മറയും, പല മാറ്റങ്ങൾ ഉണ്ടാകും, മറ്റൊരു മുന്നണിയിൽ ചേരാം, പുതിയ നേതൃത്വങ്ങൾ ഉണ്ടാകും, പുതിയ പ്രവർത്തന ശൈലി ഉണ്ടാകാം. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാർട്ടിയായിരുന്നു, മഹാത്മാഗാന്ധിയുടെ വലിയ പ്രവർത്തനവേദി ആയിരുന്ന കോൺഗ്രസ് പാർട്ടി. കോൺഗ്രസ് പാർട്ടിയിൽ നിന്നും അദ്ദേഹത്തിന് വലിയ നിരാശയുണ്ടാക്കിയ നിരവധി അനുഭവങ്ങൾ തന്റെ സ്വന്തം ആത്മകഥയിൽ കുറിച്ചിട്ടുണ്ടായിരുന്നു. അദ്ദേഹത്തിൻറെ കാലം കഴിഞ്ഞു. ഓരോ നേതൃത്വങ്ങൾ മാറി മാറി ഉണ്ടായി.
പാർലമെന്ററി ജനാധിപത്യത്തിന് അനിവാര്യമാണ്.
കെ.എം.മാണിയും പി.ജെ.ജോസഫും |
കേരളത്തിലും എന്നും, ഇതുപോലെ തന്നെ കോൺഗ്രസ്നേതൃത്വത്തിൽ വലിയ കലഹങ്ങളും വിട്ടുപോകലു കളും തിരിച്ചു വരവുകളും എല്ലാം ഉണ്ടായിട്ടുണ്ട്. അവരിൽ ക്രൂരമായി വേട്ടയാടപ്പെട്ട ഇരകളായിരുന്നു, നേതാവ് ശ്രീ. കെ. കരുണാകരനും, പി. റ്റി. ചാക്കോയും, ശ്രീ. എ. കെ. ആന്റണിയും. രാഷ്ട്രീയമെന്നത് ഒരു cynical Business ആണെന്നാണ് പറച്ചിൽ. എല്ലാ രാഷ്ട്രീയ പാർട്ടി കൾക്കും ഇത് ബാധകമാണ്. UDF മുന്നണി സംവിധാനത്തിൽ കോൺഗ്രസ് മറ്റുള്ള അംഗങ്ങളെപ്പോലെ ഒരു ഘടകകക്ഷി മാത്രമാണ്. അവർ മാണിയെ തിരയെ വിളിക്കാൻ ശ്രമിക്കുന്നത് തന്നെ ലോക തമാശയാണ്. ശ്രീ. കെ. എം. മാണിക്ക് ശേഷം ആര്, മേലിൽ ഈ പ്രാദേശിക രാഷ്ട്രീയപാർട്ടി എത്രകാലം ജീവിക്കുമോ, എന്നിങ്ങനെയുള്ള ജനങ്ങളുടെ ചോദ്യങ്ങൾ തികച്ചും ഇന്ന് അസ്ഥാനത്താണ്. പ്രതിസന്ധികളെ നേരിട്ട് അര നൂറ്റാണ്ട്കളേറെ പിന്നിട്ടു വളർന്നുകഴിഞ്ഞ പ്രാദേശിക ജനകീയ പാർട്ടിയാണ് കേരളാകോൺഗ്രസ് എന്ന് രാഷ്ട്രീയ ചരിത്രമറിവുള്ളവർ പറയും. കെ. എം. മാണിയെന്ന ഒരു വ്യക്തിയല്ല, കേരളാ കോൺഗ്രസ്സിന്റെ സൃഷ്ടികർത്താവും തലതൊട്ടപ്പനു മെന്നും അദ്ദേഹം മാത്രമല്ല ആകെയുള്ള പ്രവർത്തകനെന്നും എല്ലാവർക്കും അറിയാം. അപ്പോൾ ഇതുവരെ കേരളാകോൺഗ്രസ് പാർട്ടി കേരളത്തിൽ എങ്ങനെ വളർന്നു അങ്ങനെ തന്നെ ഈ പാർട്ടി വീണ്ടും വളരും. കേരളാ കോൺഗ്രസ് പാർട്ടിയുടെ ശക്തിപ്രഭാവം കേരളത്തിലെ പാർലമെന്ററി ജനാധിപത്യത്തിന് എന്നും അനിവാര്യമാണ്.
നിലവിലിരിക്കുന്ന ആയിരക്കണക്കിന് ആവർത്തിച്ചു ആവർത്തിച്ചുള്ള സംസാരവിഷയമായ യൂ. ഡി. എഫ്- മുന്നണിയിലെ കോൺഗ്രസ്- കേരളാ കോൺഗ്രസ് പാർട്ടികളുടെ അഭിപ്രായവ്യത്യാസവും, നേതൃത്വങ്ങളുടെ അഭിപ്രായ യുദ്ധങ്ങളും, അവ ജനങ്ങളിൽ ഉളവാക്കിയ സമ്മിശ്ര ചിന്തകളും കേരളത്തിൽ നിർമ്മിച്ചിട്ടുള്ള രാഷ്ട്രീയപാർട്ടികളുടെ വിവിധ മുന്നണി സമ്പ്രദായത്തിന്റെ മൂല്യദോഷം വെളിപ്പെടുത്തുകയാണുണ്ടായത്. കേരളാ കോൺഗ്രസ്സിനു രാഷ്ട്രീയത്തിൽ ഒറ്റയ്ക്ക് നിൽക്കാം, ഏതു ജനാധിപത്യ സഖ്യങ്ങളിൽ ചേരുന്നതിനും മടിക്കേണ്ടതില്ല. എതിരാളികൾ ഉന്നയിക്കുന്ന സംശയങ്ങളും ആരോപണങ്ങളും എല്ലാം അടിസ്ഥാനമില്ലാത്തതുമാണ്.
കേരളത്തിൽ ഇടതു രാഷ്ട്രീയ മുന്നണി LDF ഉണ്ട്, ബദലായിട്ട് അതുപോലെ തന്നെ UDF എന്ന മുന്നണിയും. LDF ഇടതുപക്ഷ മുന്നണിയിലെ കമ്മ്യൂണിസ്റ്റുക ളിൽത്തന്നെ ഇടതും വലതുമു ണ്ട്. അവരിൽ സി. പി. എം, സി. പി. ഐ. എന്നുള്ള ഘടകങ്ങൾ വേറെ. തമ്മിലുള്ള അഭിപ്രായ വ്യത്യാസം കോൺഗ്രസ്സിലെ ഗ്രൂപ്പുകൾ തമ്മിലുള്ള ഗ്രൂപ്പ് വഴക്കുകളോളം മൂർച്ചയുള്ളതല്ല. ഉദാ: മൊത്തം വോട്ടർമാരിൽ ഏതാണ്ട് 40 ശതമാനത്തിനു മേൽ കമ്മ്യൂണിസ്റ്റ് അനുഭാവം ഉള്ളവരാണ് എന്ന് കഴിഞ്ഞ തെരഞ്ഞെടുപ്പുകൾ കാണിക്കുന്നുണ്ട്.
1957- ൽ അധികാരത്തിലിരുന്നപ്പോൾ എത്ര ശക്തമായ എതിർപ്പുകൾ പോലും ഉണ്ടായിട്ടും ആ കക്ഷികളെ തമ്മിൽ ഒട്ടും ഭിന്നിപ്പിക്കാൻ സാധിച്ചില്ല. ഇടതും വലതും സ്ഥാനാർത്ഥികൾ മത്സരിക്കും, വോട്ടുവാങ്ങും. പക്ഷെ കോൺഗ്രസ് - കേരളാകോൺഗ്രസ് കാര്യത്തിലുണ്ടായിട്ടുള്ള അവ്യക്തത പോലെ കമ്മ്യൂ. ഇടതും വലതും തമ്മിൽ അവ്യക്തതയില്ല. കമ്മ്യൂണിസ്റ്റുഗ്രൂപ്പ് ഭരണമൊഴിക, അധികാരത്തിൽ വരുന്ന മറ്റു സർക്കാരുകളെ മറിച്ചിടുന്നതിനു വേണ്ടി ഏതു പിശാചുമായി കൂട്ടുകൂടാൻ മാർക്സിസ്റ്റ് പാർട്ടികൾ ക്ക് ഒരു മടിയില്ലതാനും. മാർകിസിസ്റ്റ് പാർട്ടി എന്ത് പറയുകയും പഠിപ്പിക്കുകയും ചെയ്യുന്നതിൽ എന്തെങ്കിലും ആത്മാർത്ഥത ഇല്ല. അവരുടെ നയം മാറ്റം മിക്കപ്പോഴും ബജറ്റ് സമ്മേളനം നടക്കുമ്പോഴാണെന്നു കഴിഞ്ഞ കാലത്തെ സർക്കാരിന്റെ ബജറ്റ് സമ്മളനം വ്യക്തമാക്കുന്നു . അവർ കടുത്ത ഭീകര നിലപാട് സ്വീകരിച്ചു അലങ്കോലപ്പെടുത്തി. ചരിത്രത്തിൽ ചേർക്കപ്പെട്ട ഒരു ബജറ്റ് അവതരണം ആണ്, അന്ന് ധനമന്ത്രിയായിരുന്ന കെ. എം. മാണി നടത്തിയത്. ഇങ്ങനെ സംഭവിക്കാൻ ഇവരെ ധൈര്യപ്പെടുത്തിയതിന്റെ പിന്നിൽ നിന്ന് കൊണ്ട് കോൺഗ്രസിന്റെ നേട്ടം കൊയ്യാനും, മാണിയെ കേരളരാഷ്ട്രീയത്തിൽ ചെറുതാക്കുവാനുമായിരുന്നു ലക്ഷ്യം, എന്ന് ചിന്തിക്കാൻ കേരളത്തിലെ സമാധാനപ്രിയരായ ചിലരെങ്കിലും ഉണ്ടായിരുന്നു. ബജറ്റ് സമ്മേളനം അന്ന് നടക്കുന്നതിനു മുമ്പ് തന്നെ നിയമസഭവഴി മന്ത്രിസഭയെ മറിക്കുന്നതിനുള്ള ആലോചനകളും ഉണ്ടായിരുന്നു, ഇപ്പോൾ കേരളം ഭരിക്കുന്ന ഇടതുപക്ഷ പാർട്ടികൾക്ക്.
ഇപ്രകാരമൊക്കെയും സംഭവിക്കാൻ ഇടയായ കാര്യങ്ങൾ വളരെ വ്യക്തമാണ്. യൂ. ഡി. എഫ് മുന്നണിയിൽ ഒന്നാം സ്ഥാനത്തിരിക്കുന്ന കോൺഗ്രസിനു മുന്നണിയിലെ ഘടകകക്ഷി പാർട്ടികളുമായി ഒട്ടും തന്നെ മുന്നണിയിൽ ആരോഗ്യകരമായ സഹകരണമല്ലാ ഉണ്ടായിട്ടുള്ളത്. കോൺഗ്രസിലെ ഗ്രൂപ്പ് വഴക്കും അധികാര വടംവലിയും എല്ലാം ഇതിനു ശക്തി നൽകി. കേരളാ കോൺഗ്രസ്സിനെ ഇല്ലാതാക്കി പുതിയ രാഷ്ട്രീയ മേധാവിത്വം നേടുകയെന്ന ലക്ഷ്യമാണ് കോൺഗ്രസ് നേതൃത്വം ഉദ്ദേശിച്ചത്. അവരുടെ ഉദ്ദേശം മൊത്തം ചീറ്റിപ്പോയി. ചിലരെയെല്ലാം ഇതിന്റെ ഇരയാക്കി, ചിലരെ പ്രതികളാക്കി, ചിലരെ സംരക്ഷിച്ചു. കോൺഗ്രസിലെ ചിലരുടെയും, കമ്യൂണിസ്റ്റുകളിൽ ചിലരുടെയും, സഹവർത്തികളിൽ ചിലരുടെയും ആവശ്യമാണ് ബാർകോഴ പ്രശ്നവും മന്ത്രിമാർക്കെതിരെ ഉണ്ടായ ആരോപണങ്ങളും. ധനമന്ത്രി കെ. എം. മാണിക്കെതിരെ മാത്രം വിജലൻസ് ധ്വരിതാന്വേഷണവും നടത്താൻ അന്ന് ആഭ്യന്തരവകുപ്പ് മന്ത്രി ധ്വരിത നിർദ്ദേശം നൽകിയത് സംശയം ഉണ്ടാക്കി . തങ്ങളുടെ കാര്യം നോക്കി അന്തസ്സായി ഭരണത്തിലും നിയമസഭയിലും ഗവർമെന്റിനു പിന്തുണ നൽകിക്കൊണ്ട് പ്രവർത്തിച്ചുവന്നിരുന്ന കേരളാ കോൺഗ്രസ്സിന് സർക്കാരിന്റെ തുടർച്ചയായ അവഗണനാ നിലപാട് ഏറെ വേദനിപ്പിച്ചു. കേരളാകോൺഗ്രസുകാരെ സംബന്ധിച്ച് പുണ്ണിൽ കൂർത്ത ശൂലം കുത്തിത്തറച്ച പ്രതീതിയും വേദനയുമായിരുന്നു, ബാർകോഴ കേസും ആരോപണവും. UDF ലെ കേരളാ കോൺഗ്രസ്സിനെതിരെയുള്ള കോൺഗ്രസ് ചതിക്കുഴി നിർമ്മാണവും, കുതികാൽ വെട്ടും, ആരോപണയുദ്ധവും വലിയ അവസരമാക്കി മാറ്റിയെടുത്തതാകട്ടെ LDF ആയിരുന്നു. ഇവയെല്ലാം ഓരോ ആയുധമാക്കാൻ LDF നു ഏറെ എളുപ്പമായി.
ലീഗിന് മാറ്റമില്ല.
മുസ്‌ലിം ലീഗിനെ സംബന്ധിച്ചിടത്തോളം അവരുടെ നിലയ്ക്ക് ഒരു ഒരു വാട്ടവും കോട്ടവും അയവും പിരിമുറുക്കവും ഇല്ല. എക്കാലവും ഉള്ളത് ഉള്ളതുപോലെ തന്നെ സംരക്ഷിക്കുന്നു, സഹകരിക്കുന്നു. മുസ്‌ലിം ലീഗിന് കേരളാകോൺഗ്രസുമായുള്ള രാഷ്ട്രീയ സഹിഷ്ണുതയും സഹകരണവും അവരിൽ കാണുന്നുമുണ്ട്. കേരളത്തിൽ മാത്രമല്ല ദേശീയതലത്തിൽ പോലും കോൺഗ്രസ് ഭരണത്തിൽ വരുത്തിവച്ച നിലപാടാണ് കേരളത്തിൽ ഇന്ന് ജനാധിപത്യം തന്നെ അപകടത്തിലാക്കുമോ എന്ന സന്ദേഹം വരുത്തി വച്ചത്. എക്കാലവും നിഷ്പക്ഷമായ നിലപാട് സ്വീകരിക്കുകയും അവർ തെറ്റുകൾ തിരുത്തുകയും ചെയ്തിരുന്നെങ്കിൽ കോൺഗ്രസിന് ഇന്നത്തെ ഈ മോശം നില വരുമായിരുന്നില്ല എന്ന് വിശ്വസിക്കുന്നവരും ഉണ്ട്. കോൺഗ്രസ് നടത്തിയ ചവിട്ടുനാടകം ജനങ്ങൾ ആസ്വദിച്ചില്ല. പുതിയ സീനിനു കാർട്ടൺ പൊക്കി. "കേരളാകോൺഗ്രസ് ഇപ്പോഴും ഞങ്ങളുടെ പങ്കാളിയാണ്, എപ്പോൾ വന്നാലും ഞങ്ങൾ പൂവ് നൽകി സ്വീകരിക്കുമെന്ന്". ഒരു ദേശീയ പാർട്ടിയായ കോൺഗ്രസ് കേരളത്തിൽ ചുരുങ്ങിപ്പോയിയെന്ന് സമ്മതിക്കുന്ന അവരുടെ തുറന്ന കുറ്റസമ്മതം !
ശരിയോ തെറ്റോ?
ശരിയോ തെറ്റോ?
ഏറ്റവും പുതിയ പൊതുജനാഭിപ്രായം വച്ചുനോക്കിയാൽ മുന്നണി വിട്ടു കേരളാ കോൺഗ്രസ് പുറത്തുപോകുന്നതാണുത്തമം എന്നു കണ്ടു., കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് നടന്നു കഴിഞ്ഞപ്പോൾ മുതലുള്ള പൊതുജന അഭിപ്രായത്തിനു പുറമെ ശങ്കിച്ച് നിന്നിരുന്ന കേരളാ കോൺഗ്രസ് പാർട്ടി നേതൃത്വങ്ങളും അനുയായികളും സാഹചര്യം മനസ്സിലാക്കി യൂ.ഡി.എഫ് വിടാൻ തീരുമാനിച്ചു. ചരൽക്കുന്നിലെടുത്ത കേരളാകോൺഗ്രസ്സിന്റെ ഉറച്ച ഈ തീരുമാനം ശരിയോ അതോ തെറ്റോ ? ഏതാണ്ട് മൂന്നിൽ രണ്ടു ഭാഗം മലയാളികൾ ഈ തീരുമാനം ശരിയാണെന്ന് വിലയിരുത്തി. കുറച്ചെങ്കിലും വൈകിപ്പോയ തീരുമാനമല്ലേയെന്ന് ചോദിക്കുന്നവർ ഏറെയാണ്. ഉദാ: കസ്തൂരിരംഗൻ പ്രശ്നം ഉണ്ടായപ്പോൾ യുഡിഫ്- ൽ നിന്നും കൂട്ടുകക്ഷി ഭരണ ത്തിൽ നിന്നും പുറത്തു വരണമായിരുന്നെന്നു തീരെ തീർത്ത് അഭിപ്രായം പറയുന്നവരുമുണ്ട് . പാർട്ടിയടിസ്ഥാനത്തിൽ ഇടതു വലതു വിമർശനങ്ങൾ ഉണ്ടായത് സ്വാഭാവികം മാത്രം. എങ്കിലും മൗനമായി അവർ തീരുമാനത്തെ സ്വാഗതം ചെയ്തുകഴിഞ്ഞു. കോൺഗ്രസിന്റെ നേതൃത്വ വശത്തുനിന്നുമുള്ള പ്രതികരണവും യൂത്തുവിഭാഗത്തിന്റെ പകപോക്കൽ ആക്രമണവും എല്ലാം അവരുടെ ദയനീയ തോൽവിയുടെ നിരാശയിൽ ജനിച്ച പ്രതികരണമാണ്.
കേരളാകോൺഗ്രസ് മുന്നണി വിട്ട
വിഷയവും, UDF ന്റെ നിലപാടിലും
കോൺഗ്രസ്സിന് നേരെ പി. കെ.
കുഞ്ഞാലിക്കുട്ടിയുടെ രൂക്ഷ
വിമർശനം. |
UDF മുന്നണി ഇപ്പോൾ പൂർണ്ണമായി നിർജ്ജീവമായിയിരിക്കുന്നു. ഇപ്പോൾ കോൺഗ്രസ്സിലെ ഉത്സവ കമ്മിറ്റിക്കാർ കൂടിയിരുന്നു ചെലവ് കണക്കു നോക്കാൻ തുടങ്ങിയെ ങ്കിലും ഉത്സവം നടത്തിയവരുടെ ക്ഷീണം തീർന്നു കണക്ക് ബുക്കി ലേക്കവർ തിരിഞ്ഞു നോക്കുമ്പോ ൾ ആസ്തിയായിരിക്കുമോ അതോ കടുത്ത ബാദ്ധ്യതയായിരിക്കുമോ, ഏതാണ് അധികമെന്നു അവർ കാണും. ഏകദേശം ബാദ്ധ്യതയുടെ വശം താണു കിടക്കുന്നതു അവർ കാണേണ്ടി വരും. കേരളാ കോൺ ഗ്രസിന്റെ മുന്നണിമാറ്റവും സ്വാതന്ത്രനിലപാടും എന്നൊരു ആശയത്തെപ്പറ്റി കേരളത്തിൽ പ്രാദേശികമായും ദേശീയമായും എല്ലാ പ്രവാസി മലയാളീ വിഭാഗങ്ങളിലും വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. അതേസമയം സാധാരണ ജനങ്ങളുടെ നിലപാട് കേരളാ കോൺഗ്രസ് പാർട്ടി ഒറ്റയ്ക്ക് നിൽക്കുന്നതാണ് ഉത്തമം എന്ന അഭിപ്രായം കൂടി വരുന്നുണ്ട്. കേരളാ കോൺഗ്രസ് UDF മുന്നണി വിട്ടതോടെ ഇപ്പോഴും ജീവനോടെ ബന്ധത്തിൽ ഇരിക്കുന്ന പ്രാദേശിക ഭരണസഹകരണ സംവിധാനത്തിന് ഒരു കനത്ത വെള്ളിടിയാവാൻ ഇടയുണ്ട്. പഞ്ചായത്തുകളുടെയും, നഗരസഭകളുടെയും ഭരണസംവിധാനത്തിന് അവർ ഉണ്ടാക്കിയിട്ടുള്ള മുന്നണി ധാരണയിൽ ഒരു "ചീട്ടുകൊട്ടാരം" പണിത അനുഭവവും തീരെ നിസ്സാരമായ അപ്രതീക്ഷിത സംഭവമായിരിക്കുകയില്ല, ഭാവിയിൽ.
ഇന്ത്യക്കുള്ളിലും ഇന്ത്യക്കു വെളിയിലും മലയാളിക്ക് വളരെ ശ്രദ്ധയും തീവ്ര നിരീക്ഷണവും കൽപ്പിക്കുന്ന ഒരു വിഷയമായിരുന്നു, ആഗസ്റ്റ് 7 ലെ കേരളാ കോൺഗ്രസ്സിന്റെ UDF മുന്നണിയിൽ നിന്നുള്ള പിന്മാറ്റം. പത്തനംതിട്ടയിലെ ചരൽക്കുന്നു വേദി കേരളാകോൺഗ്രസിന്റെ ഉയർപ്പു തിരുനാളിനു ദൃക്ക് സാക്ഷിയായി. അത് ചെയർമാൻ ശീ. കെ. എം. മാണിയുടെ ഔദ്യോഗിക പ്രഖ്യാപനത്തോടെ കേരളാകോൺഗ്രസിന്റെ ഭാവി നിലപാട് എന്താണെന്ന് വ്യക്തമാക്കുകയും ചെയ്തു. ജനാധിപത്യസംവിധാനത്തിൽ ഏതു മുന്നണി സമ്പ്രദായവും നിഷിദ്ധമല്ല. മുന്നണിയില്ലാതെയും പാർട്ടികൾക്കു തനിയെ സ്വതന്ത്രമായി പ്രവർത്തിക്കാം. കെ. എം. മാണിയുടെയും കേരളാകോൺഗ്ര സ് പാർട്ടിയുടെയും തീരുമാനം ജനാധിപത്യപാർട്ടികൾക്ക് പുതിയ ഉണർവും ഉണ്ടാക്കിയിരിക്കുന്നു. അതു പക്ഷേ, എതിരാളികളും കോൺഗ്രസും കേരളാ കോൺഗ്രസ്സിന്റെ ശക്തമായ നിലപാടിനെ അപലപിച്ചും പരിഹസിച്ചും ആക്ഷേപിച്ചും ഒക്കെ ഓരോരോ വിധി ന്യായങ്ങൾ എഴുതി. അതിങ്ങനെ: "അധികം വൈകാതെ കർക്കടക ശനിദശ തന്നെ വരും " എന്നൊക്കെയാണ് കോൺഗ്രസ് നേതാക്കളിൽ ചിലരൊക്കെ മനം മറന്നു പറഞ്ഞതത്രെ.
അക്രമനിലപാട്, തെരുവയുദ്ധം
സംഭവ ബഹുലമായ പോയ ആഴ്ച, കേരളരാഷ്ട്രീയചരിത്രത്തിൽ ഇത്രയും കാലം നടന്ന രാഷ്ട്രീയ വഞ്ചനയുടെയും രോദനങ്ങളുടെയും പുതിയ പാഠങ്ങൾ പഠിക്കുകയായിരുന്നു. ജനാധിപത്യ വ്യവസ്ഥിതി നിലനിൽക്കുന്ന നമ്മുടെ കേരളത്തിൽ ഒരു രാഷ്ട്രീയ മുന്നണിയുടെ അംഗത്വം ഒരു പാർട്ടി അവസാനിപ്പിച്ചപ്പോൾ UDF ന്റെ- മുന്നണിഒന്നാം സ്ഥാനക്കാരൻ കോൺഗ്രസ് നേതൃത്വം അവർക്ക് നേരെ അണികളെ നിരത്തിലിറക്കി അക്രമ നിലപാട് സ്വീകരിച്ചു. മഹാത്മാ ഗാന്ധി നയിച്ചിരുന്ന കോൺഗ്രസ്സിനും ഇന്ത്യയുടെ രാഷ്ട്ര പിതാവായ മഹാത്മാ ഗാന്ധിക്കും തീരാത്ത അപമാനം തന്നെയാണ്. കോൺഗ്രസ് അണികൾ നടത്തിയ തെരുവ് യുദ്ധത്തിനു, ആ കടുത്ത തെറ്റിന് കേരളജനതയോടു മാപ്പ് പറഞ്ഞു കെ. പി. സി. സി. പ്രസിഡന്റും പ്രതിപക്ഷ നേതാവും സ്ഥാനം രാജി വയ്ക്കുന്നതാണ് ഉചിതമായത്.
ചരൽക്കുന്നിലെ പ്രതിജ്ഞ, ജനങ്ങളുടെ പൊതുതാത്പര്യവും.
സാധാരണ ജനങ്ങൾക്ക് ഒരു രാജ്യത്തും പ്രത്യേക രാഷ്ട്രീയമില്ല. ആര് എവിടെ ഭരിക്കുന്നു, എങ്ങനെ ഭരിക്കുന്നു എന്നതും പലരെയും ഒട്ടും തന്നെ അലട്ടാറുമില്ല. സമാധാനപരമായി ജീവിക്കാനും സഞ്ചരിക്കാനുമുള്ള അവകാശവും അവസരവും വേണം. അത് ഇക്കാലത്ത് കേരളത്തിലും ഏറെ നഷ്ടപ്പെടുന്നുണ്ട്. സാധാരണ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ഏതു പ്രതികൂല പ്രശ്നങ്ങൾക്കും, ഉദാ: കേരളത്തിലെ കർഷകരുടെ പൊടുന്നെനെയുള്ള തകർച്ച, നീതിയില്ലാത്ത നികുതി വർദ്ധനവ്, റബർ കാർഷികമേഖലയുടെ സ്റ്റെബിലിറ്റിയുടെ തകരാറുകൾ, ഇവയെ കഴിയുന്നതും വേഗത്തിൽത്തന്നെ ശാശ്വതമായ പരിഹാരം കാണേണ്ടത് ആവശ്യമാണന്നു ജനങ്ങൾ പറയുന്നു. കേരളാകോൺഗ്രസ് പാർട്ടി കർഷകർക്കൊപ്പം സഹകരിച്ചുനിന്ന് തന്നെ ക്രിയാത്മക ഭാവിപ്രവർത്തനങ്ങൾ ഏറ്റെടുത്തു നിറവേറ്റുവാൻ പ്രതിജ്ഞാ ബദ്ധരാണെന്നും ചെയർമാൻ കെ. എം. മാണി പ്രസ്താവിച്ചു. ഒരു സംഘടിത സഖ്യത്തിന്റെ വഴിപിഴച്ച നീക്കത്തിന്റെ ബലിയാടായിത്തീരുന്നതിനു മുമ്പ് സർവശക്തിയോടെ ഒരു സ്വതന്ത്ര പ്രാദേശിക പാർട്ടിയായി UDF മുന്നണി വിട്ടു പുറത്തു വന്ന കേരളാ കോൺഗ്രസ് ജനങ്ങളുടെ പൊതുതാത്പര്യം കൈയ്യിലെടുക്കണം. ജനാധിപത്യ ഭരണ സംവിധാനമെന്ന പ്രക്രിയയുടെ നടത്തിപ്പിൽ കേരളത്തിലെ രാഷ്ട്രീയപാർട്ടികളിൽ വന്നിട്ടുള്ള മാറ്റങ്ങൾ ജനാധിപത്യ ഭരണസംവിധാനത്തിനു ഭീഷണിയായിത്തീർന്നിട്ടില്ലേയെന്ന് സംശയിക്കേണ്ട സമയമെത്തിയിരിക്കുന്നു. ഈ യാഥാർത്ഥ്യത്തെയാണ്, കേരളാകോൺഗ്രസ് പാർട്ടിയുടെ കടുത്ത തീരുമാനം ജനാധിപത്യതത്വ വിജയത്തിന് അനുവാര്യമായിരുന്നുവെന്നു നമ്മെ പഠിപ്പിക്കുന്നത്.//-
-------------------------------------------------------------------------------------------------------------------------
Keine Kommentare:
Kommentar veröffentlichen
Hinweis: Nur ein Mitglied dieses Blogs kann Kommentare posten.