Montag, 7. September 2015

ധ്രുവദീപ്തി // Religion / Faith / വിശ്വാസ വാതിൽ തുറക്കുന്ന ദൈവം. / Prof. Dr. Fr. Andrews Mekkattukunnel

ധ്രുവദീപ്തി :


വിശ്വാസ വാതിൽ തുറക്കുന്ന ദൈവം. // 

Prof.  Dr. Fr. Andrews Mekkattukunnel



"വിശ്വാസത്തിന്റെ വാതിലി"നു ദൈവരാജ്യവുമായുള്ള ബന്ധം ഇവിടെ വ്യക്തമാണ്. ഈശോയിലൂടെ വെളിപ്പെടുത്തപ്പെട്ട ദൈവഹിതത്തിനു വിധേയരായി ജീവിക്കുന്നവരാണ് ദൈവരാജ്യത്തിൽ പ്രവേശിക്കുന്നത്. 
വിശ്വാസത്തിന്റെ വാതിൽ ഏതാണെന്നും ആ വാതിൽക്കലേയ്ക്ക് എത്താനുള്ള വഴികൾ ചൂണ്ടിക്കാണിച്ച അപ്പസ്തോലന്മാരുടെ ദൌത്യത്തെപ്പറ്റിയുമുള്ള ദൈവശാസ്ത്രപരമായ ബന്ധം വെളിപ്പെടുത്തുന്ന ഫാ. ഡോ. ആൻഡ്രൂസ് മേക്കാട്ടുകുന്നേൽ സീറോമലബാർ സഭയുടെ വാടവാതൂർ മേജർ സെമിനാരി പ്രൊഫസ്സർ കൂടിയാണ്. 

(ധ്രുവദീപ്തി ഓണ്‍ലൈൻ)


Prof. Dr. Fr. Andrews Mekkattukunnel
വിശ്വാസവർഷത്തോടനുബന്ധിച്ചു  (11. 10. 2012- 24. 11. 2013) പുറപ്പെടുവിച്ചിരുന്ന സ്ലൈഹിക ലേഖനത്തിൽ "വിശ്വാസത്തിന്റെ വാതിൽ" എന്ന് പേരിടാൻ മാർപാപ്പയ്ക്ക് പ്രചോദനമേകിയത് ശ്ലീഹന്മാരുടെ നടപടി പുസ്തകത്തിലെ ഒരു രംഗമാണ്. ഏഷ്യാ മൈനറിലെ വിജാതീയരുടെ യിടയിൽ സുവിശേഷം അറിയച്ചശേഷം അന്ത്യോക്ക്യയിൽ തിരിച്ചെത്തിയ പൗലോസ്‌ സ്ലീഹായും ബർണ്ണബായും തങ്ങളുടെ ആദ്യത്തെ പ്രേഷിത യാത്രയേക്കുറിച്ച് അന്ത്യോക്ക്യ യിലെ സഭാംഗങ്ങളോട് വിവരിക്കുന്ന സന്ദർഭത്തിലാണ് "വിശ്വാസത്തിന്റെ വാതിൽ" എന്ന പ്രയോഗം നമ്മൾ കാണുന്നത്.

ദൈവം തങ്ങളിലൂടെ ചെയ്തതും വിജാതീയർക്കു "വിശ്വാസത്തിന്റെ വാതിൽ"തുറന്നു കൊടുത്തതുമെല്ലാം അന്ത്യോക്ക്യയിലെ സഭാംഗങ്ങളോട് അവർ  വിവരിച്ചു എന്നാണു (നടപടി 14, 27) വി. ലൂക്കാ എഴുതുന്നത്‌. ഭൂമിയുടെ അതിർത്തികൾ വരെ ഉത്ഥിതനായ മിശിഹായ്ക്കു സാക്ഷ്യം വഹിക്കാനുള്ള ദൈവിക കല്പന (നടപടി 1, 8) നിറവേറ്റുന്നതിന്റെ ഭാഗമായാണ്, പൗലോസും ബർണ്ണബായും വിജാതീയ ദേശങ്ങളിലേയ്ക്ക് യാത്രയായത് (നടപടി 13, 1-3). സെലൂകി, സലാമിസ്, പംഫോസ്, പംഫീലിയ, പെർഗ, പിസീദിയായിലെ അന്ത്യോക്യ, തുടങ്ങിയ പട്ടണങ്ങളിലെ യഹൂദ സിനഗോഗുകളിൽ നമ്മുടെ കർത്താവിന്റെ വചനം അവർ പ്രഘോഷിച്ചു.

ബനഡിക്റ്റ് പതിനാറാമൻ 
മാർപാപ്പ
പിതാക്കന്മാരോട് ദൈവം ചെയ്ത വാഗ്ദാനങ്ങളുടെ പൂർത്തീകരണമായി മരിച്ചവരിൽ നിന്നുള്ള മിശിഹായുടെ ഉയിർപ്പിനെ പൗലോസ് ശ്ലീഹാ വ്യാഖ്യാനിച്ചു (നടപടി 13, 27, 33). ഉത്ഥിതനായ മിശിഹായിൽ ഏവർക്കും പാപമോചനം ലഭ്യമാണെന്നും അത് പ്രാപിക്കാനായി അവനിൽ വിശ്വസിക്കുക മാത്രമേ ആവശ്യമായുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യഹൂദരിൽ കുറേപ്പേർ അവരുടെ പ്രഘോഷണത്തോട് താല്പര്യം പ്രദർശിപ്പിച്ചുവെങ്കിലും പൊതുവെ തിരസ്കരണമാണുണ്ടായത്. ഈ  അവസരത്തിലാണ് ശ്ലീഹന്മാർ വിജാതീയരുടെ പക്കലേയ്ക്ക് തിരിഞ്ഞത്. വിജാതീയർ സുവിശേഷ സന്ദേശം ശ്രവിച്ചു സന്തോഷിക്കുകയും ദൈവത്തെ മഹത്വപ്പെടുത്തുകയും ചെയ്തു. നിത്യജീവന് നിയുക്തരായവരെല്ലാം വിശ്വാസം സ്വീകരിക്കുകയും ചെയ്തു (നടപടി 13, 48).

ഇപ്രകാരമാണ് ദൈവം സ്ലീഹന്മാരിലൂടെ വിജാതീയർക്കു വിശ്വാസത്തിന്റെ വാതിൽ തുറന്നുകൊടുത്തത്. ഇത് പിതാവായ ദൈവത്തിന്റെ രക്ഷാപദ്ധതിയുടെ ഭാഗമാണ്.മുൻകൈയെടുക്കുന്നത് ദൈവമാണ്. പൗലോസ് ഉൾപ്പടെയുള്ള ശ്ലീഹന്മാർ തെരഞ്ഞെടുക്കപ്പെട്ട ഉപകരണങ്ങൾ മാത്രം (നടപടി 9-15). അവർ  തങ്ങളുടെ മിശിഹാനുഭവം പങ്കുവച്ചതിലൂടെ എല്ലാവരെയും മിശിഹായോടുള്ള കൂട്ടായ്മയിലേയ്ക്ക് ക്ഷണിച്ചുവെങ്കിലും വിശ്വാസത്തിലേയ്ക്ക് വ്യക്തികളെ നയിക്കുന്നത് ദൈവമാണ്. വിശ്വാസം ദൈവത്തിന്റെ ദാനമാണ് എന്ന് സാരം.
 
വി. പൗലോസ് ശ്ലീഹാ
രണ്ടാം പ്രേഷിതയാത്രയ്ക്കിടെ പൗലോസ് ശ്ലീഹാ ഫിലിപ്പോയിൽ സുവിശേഷം അറിയിച്ചതിന്റെ ഫലമായി നമ്മുടെ കർത്താവിൽ വിശ്വസിക്കുകയും കുടുംബസമേതം മാമ്മോദീസാ സ്വീകരിച്ച ലിദിയായെ ക്കുറിച്ചുള്ള വി. ലൂക്കായുടെ സാക്ഷ്യം മേല്പ്പറഞ്ഞ വസ്തുതയ്ക്ക് ബലമേകുന്നതാണ്. "നമ്മുടെ കർത്താവ് അവളുടെ ഹൃദയം തുറന്നതിനാൽ, പൗലോസ് പറഞ്ഞത് അവൾ ശ്രദ്ധിച്ചുകൊണ്ടിരുന്നു (നടപടി 16.14).



ശ്ലീഹന്മാർ തങ്ങളുടെ പ്രഘോഷണം വഴി വിശ്വാസ വാതിൽ തുറന്നു നല്കിയത് ദൈവരാജ്യത്തിലേയ്ക്കാണ്. ഈ ഭൂമിയിൽ മനുഷ്യനായവതരിച്ച ഈശോയുടെ മുഖ്യപ്രബോധനവിഷയം ദൈവരാജ്യം അഥവാ സ്വർഗരാജ്യമായിരുന്നു. വിശ്വാസത്തിൽ നിലനിൽക്കണമെന്നും നിരവധി കഷ്ടപ്പാടുകളിലൂടെ ദൈവരാജ്യത്തിൽ പ്രവേശിക്കണമെന്നും ഉപദേശിച്ചുകൊണ്ടു ശ്ലീഹന്മാർ വിശ്വാസികളെ ധൈര്യപ്പെടുത്തിയിരുന്നു (നടപടി 14,22).

"വിശ്വാസത്തിന്റെ വാതിലി"നു ദൈവരാജ്യവുമായുള്ള ബന്ധം ഇവിടെ വ്യക്തമാണ്. ഈശോയിലൂടെ വെളിപ്പെടുത്തപ്പെട്ട ദൈവഹിതത്തിനു വിധേയരായി ജീവിക്കുന്നവരാണ് ദൈവരാജ്യത്തിൽ പ്രവേശിക്കുന്നത്. മാമ്മോദീസാവഴി ഭൂമിയിലെ ദൈവരാജ്യമായ തിരുസഭയിലേയ്ക്ക് പ്രവേശിച്ചത്‌കൊണ്ട് മാത്രം പൂർത്തിയാകുന്നതല്ല വിശ്വാസ തീർത്ഥാടനം. നിരവധി കഷ്ടപ്പാടുകൾ സഹിച്ച് വിശ്വാസത്തിൽ നിലനിന്നാൽ മാത്രമേ സ്വർഗ്ഗരാജ്യപ്രവേശം പൂർത്തിയാവൂ. //-   
 
-------------------------------------------------------------------------------------------------------------------------  --------------------------------------------------------------------------------------------------------------------------- 


Visit  

ധൃവദീപ്തി  ഓണ്‍ലൈൻ
Dhruwadeepti.blogspot.com


for up-to-dates and FW. link 

Send Article, comments and write ups to :
  DHRUWADEEPTI ONLINE LITERATURE. 
Published from Heidelberg, Germany, 
in accordance with the European charter on freedom of opinion and press. DISCLAIMER: Articles published in this online magazine are exclusively the views of the authors. Neither the editor nor the publisher are responsible or liable for the contents, objectives or opinions of the articles in any form."
.

Keine Kommentare:

Kommentar veröffentlichen

Hinweis: Nur ein Mitglied dieses Blogs kann Kommentare posten.