Donnerstag, 21. Mai 2015

ധ്രുവദീപ്തി // Society / Family / കുടുംബം : യാഥാർത്ഥ്യങ്ങളും വെല്ലുവിളികളും. Fr. Dr. Thomas Kuzhinapurathu

 ധ്രുവദീപ്തി  // Society //  Family //  

കുടുംബം : യാഥാർത്ഥ്യങ്ങളും വെല്ലുവിളികളും: Fr. Dr. Thomas Kuzhinapurathu



( സ്വദേശീയ സമൂഹത്തിനും  ലോകം മുഴുവനുമുള്ള പ്രവാസീമലയാളീ സമൂഹത്തിനും അവരുടെ വരും തലമുറകൾക്കും കൂദാശാ ജീവിതത്തിലും, അടിയുറച്ച കുടുംബ ജീവിതത്തിന്റെ പശ്ചാത്തലം ഒരുക്കുന്നതിനൊപ്പവും, മനുഷ്യന്റെ നന്മയ്ക്കായി ദൈവം സൃഷ്ടിച്ച ഒരു വിശുദ്ധ യാഥാർത്ഥ്യമാണ് "കുടുംബം" എന്ന് നാമേവരെയും ബോധ്യപ്പെടുത്തുന്നതാണ് ഫാ. ഡോ.തോമസ്‌ കുഴിനാപ്പുറത്തിന്റെ ലേഖനം. മലങ്കര സുറിയാനി കത്തോലിക്കാസഭയുടെ തിരുവനന്തപുരം മേജർ അതിഭദ്രാസന ജുഡീഷ്യൽ വികാരിയാണ്‌ ലേഖകൻ /- ധൃവദീപ്തി.)



   Fr. Dr. Thomas Kuzhinapurathu
2014 ഒക്ടോബർ 5 മുതൽ 19 വരെ വത്തിക്കാനിൽ നടന്ന അസാധാരണ സിനഡിൽ, കർദ്ദിനാൾമാരും മെത്രാപ്പോലീത്തമാരും മെത്രാന്മാരുമടങ്ങുന്ന 191 പ്രതിനിധികൾ പ. പിതാവ് ഫ്രാൻസിസ് മാർപാപ്പയുടെ നേതൃത്വത്തിൽ ചിന്തിക്കുന്ന, "കുടുംബം" എന്ന വിഷയത്തിലേയ്ക്ക് ആഗോള മാദ്ധ്യമശ്രദ്ധ വേണ്ട വിധം പതിഞ്ഞിരുന്നു. സമൂഹത്തിന്റെ അടിസ്ഥാന ഘടകമായ കുടുംബ ജീവിതത്തിന്റെ ദൈവിക യാഥാർത്ഥ്യങ്ങളെയും അത് നേരിടുന്ന വെല്ലുവിളികളെയും കുറിച്ചുള്ള ചർച്ചയ്ക്ക് ഒരു വേദി തുറന്നിടുക മാത്രമാണ് ഇവിടെ ചെയ്യുന്നത്.


Fr. Dr. Thomas Kuzhinapurathu



കുടുംബം ഒരു ദൈവിക യാഥാർത്ഥ്യം

സഭ എക്കാലവും കുടുംബത്തെ നോക്കികണ്ടിരുന്നത് ദൈവത്തിന്റെ പദ്ധ തി സാക്ഷാത്കരിക്കുന്നതിനുള്ള ഒരു സാമൂഹിക യാഥാർത്ഥ്യമായിട്ടാണ്. 1980-ൽ വി. ജോണ്‍പോൾ രണ്ടാമൻ മാർപാപ്പ വിളിച്ചുകൂട്ടിയ പ്രത്യേക സുന്ന ഹദോസ്സിലും "കുടുംബം" എന്ന യാഥാർത്ഥ്യത്തെക്കുറിച്ച് ചില അടിസ്ഥാന കാഴ്ചപ്പാടുകൾ മുന്നോട്ടു വയ്ക്കുകയുണ്ടായി. ക്രിസ്തുവിൽ ദൈവത്തിന്റെ കൃപാവരം സ്വീകരിച്ചു പരസ്പരം വളർത്തുകയും ആദരിക്കുകയും പുതിയ തലമുറയ്ക്ക് പരിശീലനം നല്കി പരിപോഷിപ്പിക്കുകയും ചെയ്യുമ്പോൾ  ഒരേ സമയം, ദൈവീകവും സാമൂഹികവുമായ ഒരു യാഥാർത്ഥ്യമാവുകയാണ് കുടുംബം.

വി. പൌലോസ് ശ്ലീഹാ
വിശുദ്ധ പൌലോസ്ശ്ലീഹ പഠിപ്പിക്കുന്നു: "കർത്താ വിൽ പുരുഷനും സ്ത്രീയും പരസ്പരം ആശ്രയിച്ചാണ് നിലകൊള്ളുന്നത്. എന്തെന്നാൽ സ്ത്രീ പുരുഷനിൽ നിന്നു ഉണ്ടായതുപോലെ, ഇന്ന് പുരുഷൻ സ്ത്രീയിൽ നിന്ന് പിറക്കുന്നു." (1.കൊറി. 11,11 -12 ). വീണ്ടും പൌ ലോസ് ശ്ലീഹാ നമ്മെ ഓർമ്മിപ്പിക്കുന്നു. "യഹൂദനെ ന്നൊ ഗ്രീക്കുകാരനെന്നോ അടിമയെന്നോ സ്വതന്ത്ര നെന്നോ പുരുഷനെന്നോ സ്ത്രീയെന്നോ വ്യത്യാസ മില്ല. നിങ്ങളെല്ലാവരും യേശു ക്രിസ്തുവിൽ ഒന്നാണ്" (ഗലാ. 3, 28). പുരുഷനെയും സ്ത്രീയെയും ക്രിസ്തുവിൽ ഒരുമിപ്പിച്ച് ദൈവം സൃഷ്ടിക്കുന്ന ഒരു ദൈവിക യാഥാർത്ഥ്യമാണ് കുടുംബം. പരസ്പരം നൽകുകയും സ്വീകരിക്കുകയും ചെയ്യുന്നതിലൂടെ ഓരോ മനുഷ്യവ്യക്തിയും കുടുംബ ത്തിലൂടെയാണ് വിശാല മനുഷ്യസമൂഹത്തിലേയ്ക്ക് പരിചയപ്പെടുന്നത്. അതോടൊപ്പം ഓരോ വ്യക്തിക്കും ലഭിക്കുന്ന ദൈവിക ജീവൻ കെട്ടുപോ കാതെ നിരന്തരം പ്രോജ്ജ്വലിപ്പിക്കുന്ന പരിശീലന കളരികൂടിയാണ്  കുടും ബം. ഇത് ആദ്ധ്യാത്മികതയിലും കൂദാശാ ജീവിതത്തിലും അടിയുറച്ച കുടുംബജീവിതത്തിന്റെ പശ്ചാത്തലത്തിലാണ് സംഭവിക്കേണ്ടത്‌. ദൈവിക പദ്ധതിയിൽ രൂപപ്പെടുന്ന കുടുംബത്തിനു ദ്വിവിധ ലക്ഷ്യങ്ങൾ സഭ മുന്നോ ട്ടു വയ്ക്കുന്നു. അവയിതാണ്:

1). ദമ്പതികളുടെ നന്മ.
2). സന്താനങ്ങളുടെ ജനനവും പരിശീലനവും.  

ദമ്പതികളുടെ നന്മ.

ദമ്പതികളുടെ നന്മ വിവാഹജീവിതത്തിന്റെയും കുടുംബത്തിന്റെയും ഒരു അടിസ്ഥാന ലക്ഷ്യമായി സഭ കരുതുന്നു. "ദൈവമായ കർത്താവ് അരുളിച്ചെയ്തു, മനുഷ്യൻ എകനായിരിക്കുന്നത് നന്നല്ല, അവനു ചേർന്ന തുണയെ ഞാൻ നൽകും" (ഉൽപ. 2, 18). മനുഷ്യന് തുണയുണ്ടാവുകയും അവർ ഒരുമിച്ച് കുടുംബജീവിതം കെട്ടിപ്പെടുക്കുകയും ചെയ്യുക എന്നതായിരുന്നു ദൈവത്തിന്റെ പദ്ധതി. ഏകനായിരിക്കുന്ന മനുഷ്യനിൽ അവന്റെ നന്മ പൂർണ്ണമാകുന്നില്ലയെന്ന സന്ദേശവും ഈ വചനം നൽകുന്നു. പുരുഷനും സ്ത്രീയും ഒരുമിച്ചു പരസ്പരം വളർത്തുകയും പുതുതലമുറയ്ക്ക് ജന്മം നൽകുകയും ചെയ്യുമ്പോഴാണ് അവരുടെ നന്മ പൂർണ്ണമാകുന്നത്. പൌലോസ് ശ്ലീഹാ നമ്മെ ഓർമ്മിപ്പിക്കുന്നു, "എന്നാൽ വ്യഭിചാരം ചെയ്യാൻ പ്രലോപനങ്ങൾ ഉണ്ടാകുമെന്നതുകൊണ്ട് പുരുഷന് ഭാര്യയും സ്ത്രീക്ക് ഭർത്താവും ഉണ്ടായിരിക്കട്ടെ."

ദാമ്പത്യധർമ്മം 


വിശുദ്ധ യാഥാർത്ഥ്യമാണ് കുടുംബം
ഭർത്താവ് ഭാര്യയോടുള്ള ദാമ്പത്യ ധർമ്മം നിറവേറ്റണം. അതുപോലെ തന്നെ ഭാര്യയും. ഭാര്യയുടെ ശരീര ത്തിന്മേൽ അവൾക്കല്ല അധികാരം, അവളുടെ ഭർത്താവിനാണ്. ഭർത്താ വിന്റെ ശരീരത്തിന്മേൽ അവനല്ല, ഭാര്യയ്ക്കാണ് അധികാരം"(1 കൊറി. 7, 2-3 ). മനുഷ്യന്റെ നന്മ യ്ക്കായി ദൈവം സൃഷ്ടിച്ച ഒരു വി ശുദ്ധ യാഥാർത്ഥ്യമാണ് കുടുംബം എന്ന് പൌലോസ് ശ്ലീഹ ഇവിടെ ഓ ർമ്മിപ്പിക്കുന്നു.

കുടുംബത്തിൽ ദമ്പതികൾ പരസ്പരം വളർത്തുകയും പ്രോത്സാഹിപ്പിക്കുക യും ചെയ്യുന്നവരാകണമെന്ന കാഴ്ചപ്പാട് ആദിമ നൂറ്റാണ്ടുകളിൽ തന്നെ സഭ യ്ക്കുണ്ടായിരുന്നു. അതുകൊണ്ടാണ് സഭയിലെ അതിപുരാതനമായ ആരാ ധനക്രമമായ അന്ത്യോക്യൻ ക്രമത്തിൽ നാം ഇപ്രകാരം പ്രാർത്ഥിക്കുന്നത്. " നിങ്ങളോരോരുത്തരും അവനവന്റെ ഭാര്യയോടുള്ള ബന്ധം എങ്ങനെ ആയിരിക്കണമെന്ന് ശ്രദ്ധിക്കുക. എന്തെന്നാൽ അവൾ സ്വജനങ്ങളെ വിട്ട് ഭർത്താവിനോട് യോജിച്ചിരിക്കുന്നു. അതിനാൽ അവൻ അവളെ പ്രീതിപ്പെ ടുത്തി, അവളോട് ദയാപൂർവ്വം വർത്തിക്കണം. സ്വപ്രാണനെപ്പോലെ അവൻ അവളോട് വർത്തിക്കണം. അവൻ വിശന്നിരുന്നാലും അവൾക്ക് ഭക്ഷണം കൊടുക്കണം. അവൻ ദാഹിച്ചിരുന്നാലും അവൾക്ക് കുടിക്കുവാൻ കൊടുക്ക ണം. അവളും അവനെ യഥോചിതം പരിചരിക്കുവാൻ കടപ്പെട്ടവൾ ആകുന്നു . സകലത്തിലും സൌഹാർദ്ദത്തോടും സ്നേഹത്തോടും കൂടെ അവൾ അവ ന്റെ അടുക്കൽ പെരുമാറണം." (കൂദാശ ക്രമം, 2008, പേജ് 83). 

ദൈവവചനം 

അതുപോലെതന്നെ ദൈവവചനം വീണ്ടും കുടുംബജീവിതത്തിലെയ്ക്ക് വെളിച്ചം വീശുന്നു." ഭാര്യമാരെ ഭർത്താക്കന്മാർക്ക് വിധേയരായിരിക്കുവിൻ. വചനം അനുസരിക്കാത്ത ആരെങ്കിലുമുണ്ടെങ്കിൽ അവരെ വാക്കുകൊണ്ടല്ല, പെരുമാറ്റം കൊണ്ട് വിശ്വാസത്തിലേയ്ക്ക് ആനയിക്കുവാൻ ഭാര്യമാർക്ക് കഴിയും. അവർ നിങ്ങളുടെ നിഷ്കളങ്കവും ആദരപൂർവ്വകവുമായ പെരുമാറ്റം കാണുന്നത് മൂലമാണ് ഇത് സാധ്യമാവുക. ബാഹ്യമോടികളായ പിന്നിയ മുടിയോ സ്വർണ്ണാഭരണമോ വിശേഷ വസ്ത്രങ്ങളോ അല്ല നിങ്ങളുടെ അലങ്കാരം. പിന്നെയോ ദൈവസന്നിധിയിൽ വിശിഷ്ടമായ സൌമ്യവും ശാന്തവുമായ ആത്മാവാകുന്ന അനശ്വരരത്നം അണിഞ്ഞ ആന്തരിക വ്യക്തിത്വമാണ്. 

ഇങ്ങനെ തന്നെ ഭർത്താക്കന്മാരെ നിങ്ങൾ വിവേകത്തോടെ നിങ്ങളുടെ ഭാര്യ മാരോടൊത്തു ജീവിക്കുവിൻ. സ്ത്രീ ബലഹീനപാത്രമാണെങ്കിലും ജീവദായ കമായ കൃപയ്ക്ക് തുല്യ അവകാശിയെന്ന നിലയിൽ അവളോട് ബഹുമാനം കാണിക്കുവിൻ. (പത്രോ. 3,1-7). ദമ്പതികൾ സ്നേഹത്തോടെയും ആദരവോ ടെയും പരസ്പരം വളർത്തുമ്പോൾ നല്ല കുടുംബം രൂപം കൊള്ളുന്നു. ഇവിടെ, ദമ്പതികളുടെ നന്മ എന്ന കുടുംബത്തിന്റെ ഒരു പ്രാഥമിക ലക്ഷ്യം സാക്ഷാ ത്കരിക്കപ്പെടുന്നു.

സന്താനങ്ങൾ കുടുംബത്തിന്റെ ഐശ്വര്യം.

കുടുംബജീവിതം സ്ത്രീയുടെയും പുരുഷന്റെയും നന്മമാത്രം ലാക്കാക്കിയു ള്ള ഒരു സംവിധാനമല്ല. പുതുതലമുറയുടെ പിറവിയും അവരുടെ പരിശീല നവും കുടുംബത്തിന്റെ അവിഭാജ്യ ലക്ഷ്യങ്ങളിൽ ഒന്നാണ്. ദൈവം പറ ഞ്ഞു: "സന്താന പുഷ്ടിയുണ്ടായി, പെരുകി, ഭൂമിയിൽ നിറയുവിൻ" (ഉത്പ.9,1). ഇതിലൂടെ ദൈവത്തിന്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ട മനുഷ്യൻ ദൈവത്തിന്റെ സൃഷ്ടികർമ്മത്തിന് സഹകാരിയാവുകയാണ് ചെയ്യുക. 

പുതുതലമുറയുടെ പിറവി
പരിപാവനവും ദൈവനിയോഗിതവുമായ ഒരു ഉത്തരവാദിത്വമാണ് കുഞ്ഞുങ്ങൾക്ക്‌ ജന്മം ന ൽകുകയെന്നത്. ഇതിൽ പങ്കാളികളാകുമ്പോൾ ദമ്പതികൾ സംശുദ്ധമായ മനസാക്ഷിയും നിർ മ്മലമായ സ്നേഹവും ദമ്പതികൾ കാത്തുസൂ ക്ഷിക്കണം. ഇത് അനന്തര തലമുറയുടെ സ്വഭാ വ രൂപീകരണത്തിനും വൈകാരിക പക്വത യ്ക്കും അത്യന്താപേക്ഷിതമാണ്. തികച്ചും ദൈവീകമായ ഒരു അർത്ഥം ദാമ്പത്യ ബന്ധത്തിൽ കാണുമ്പോൾ ഒരു തിരു കർമ്മത്തിന്റെ വിശുദ്ധിയോടെ കുഞ്ഞുങ്ങൾക്ക്‌ ജന്മം നൽകാൻ ദമ്പതി കൾക്കാകുന്നു. 


കുഞ്ഞുങ്ങളുടെ ഗർഭസ്ഥാവസ്ഥ മുതൽ അവരുടെ പരിശീലനവും ആരംഭി ക്കുന്നു. ഗർഭസ്ഥാവസ്ഥയിൽ തന്നെ അമ്മയുടെ ശരീരവുമായുള്ള സംസർ ഗ്ഗത്തിലൂടെ ശിശു ഏറെക്കാര്യങ്ങൾ അഭ്യസിക്കുന്നു. ഈ അവസരത്തിൽ അമ്മയുടെയും അവരോട് ചേർന്ന് നിൽക്കുന്നവരുടെയും വിചാരങ്ങളും വി കാരങ്ങളും തീരുമാനങ്ങളും പ്രവൃത്തികളും ഒക്കെ അമ്മയിലൂടെ ഗർഭസ്ഥ ശിശുവിൽ ചെലുത്തുന്ന സ്വാധീനം ചെറുതല്ല. തന്മൂലം ഗർഭാവസ്ഥയിൽ മാതാവു മാത്രമല്ല അവരോട് ചേർന്ന് നിലക്കുന്നവരും കുഞ്ഞിന്റെ പരിശീ ലനത്തിൽ തങ്ങൾക്കുള്ള ഉത്തരവാദിത്വം തിരിച്ചറിഞ്ഞു ഉണർന്നു പ്രവർ ത്തിക്കേണ്ടതുണ്ട്. 

അമ്മയുടെ ഉദരത്തിൽ ഉരുവാകുന്നതിനു മുമ്പ് തന്നെ തന്റെ സൃഷ്ടിയെക്കു റിച്ച് കരുതലുള്ള ദൈവത്തെ, തങ്ങളുടെ വാക്കുകളിലൂടെയും പ്രാർത്ഥനക ളിലൂടെയും പ്രവൃത്തികളിലൂടെയും ഗർഭസ്ഥ ശിശുവിലേയ്ക്ക് സംവേദനം ചെയ്യുവാൻ അവർ ശ്രദ്ധിക്കേണ്ടതുണ്ടെന്ന ബോധ്യം സഭ പങ്കു വയ്ക്കുന്നു. ഇ ക്കാലയളവിൽ കുടുംബത്തിൽ സംജാതമാകുന്ന പ്രാർത്ഥനയുടെയും ദൈവി ക സമാധാനത്തിന്റെയും അന്തരീക്ഷം ഗർഭസ്ഥ ശിശുവിന്റെ വ്യക്തിത്വ ത്തിൽ നിർണ്ണായക സ്വാധീനമാണ് ചെലുത്തുന്നത്. /-

        (കുടുംബം : യാഥാർത്ഥ്യവും വെല്ലുവിളികളും / തുടരും)- ധൃവദീപ്തി).
                                                               

Visit  Dhruwadeepti.blogspot.com for up-to-dates and FW. link
Send Article, comments and write ups to : dhruwadeeptionline@gmail.com
  DHRUWADEEPTI ONLINE LITERATURE. 
Published from Heidelberg, Germany, 
in accordance with the European charter on freedom of opinion and press. 

Keine Kommentare:

Kommentar veröffentlichen

Hinweis: Nur ein Mitglied dieses Blogs kann Kommentare posten.