Samstag, 12. April 2014

ധ്രുവദീപ്തി // Religion -// ശ്രേഷ്ഠാചാര്യ ശുശ്രൂഷ പൌരസ്ത്യ കാനോന സംഹിതയിൽ - ഫാ.ഡോ .തോമസ്‌ കുഴിനാപ്പുറത്ത്

ധ്രുവദീപ്തി // Religion -//



"ബഹു.കുഴിനാപ്പുറത്തച്ചൻ കാനൻ നിയമത്തിൽ വളരെ അവഗാഹമുള്ള വ്യക്തിയാണ്. തന്റെ അറിവ് മറ്റുള്ളവരുമായി പങ്കുവയ്ക്കുന്നതിന് അദ്ദേഹം ശ്രദ്ധിക്കുക മാത്രമല്ല അവരെ അപ്രകാരം ബോധവൽക്കരിക്കാനും താല്പര്യമെടുക്കുന്നുവെന്നതും ഏറെ ശ്രദ്ധേയമാണ്  ":      (തോമസ്‌ മാർ കൂറിലോസ്, മെത്രാപ്പോലിത്തൻ ആർച്ച് ബിഷപ്പ് തിരുവല്ലാ അതിരൂപത.)


ശ്രേഷ്ഠാചാര്യ ശുശ്രൂഷ പൌരസ്ത്യ 
കാനോന സംഹിതയിൽ :

ഫാ. ഡോ. തോമസ്‌ കുഴിനാപ്പുറത്ത്-


Fr. Dr. T. Kuzhinapurathu
പരിശുദ്ധാത്മാവിനാൽ നിയുക്തരായ മെത്രാന്മാർ ആത്മാക്കളുടെ പാലകരെന്ന നിലയിൽ ശ്ലീഹന്മാരുടെ പിൻഗാമികളാണ്. ലോകം മുഴുവനുമുള്ള എല്ലാ   വിധ         ജനപദങ്ങളേയും പഠിപ്പിക്കാനും സത്യത്തിൽ പവിത്രീകരിക്കാനും മേയിക്കാനും വേണ്ടി ക്രിസ്തു അവിടുത്തെ എല്ലാ ശ്ലീഹന്മാർക്കും അവരുടെ പിൻഗാമികൾക്കും കല്പ്പനയും അധികാരവും നൽകി. തന്മൂലം മെത്രാന്മാർ അവർക്ക് നൽകപ്പെട്ട പരിശുദ്ധാത്മാവിൽ തെളിഞ്ഞ  വിശ്വാസത്തിന്റെ ആധികാരിക പ്രബോധകരും ശ്രേഷ്ഠാചാര്യന്മാരും അജപാലകരുമാണ്. അപ്രകാരം ശ്ലൈഹിക പിന്തുടർച്ചയിലേയ്ക്കു വിളിക്കപ്പെട്ടിരിക്കുന്ന ശ്രേഷ്ഠാചാര്യ ശുശ്രൂഷയെ ഭദ്രാസനങ്ങളുമായി ബന്ധപ്പെടുത്തി പൌരസ്ത്യ കാനോന സംഹിതയുടെയും രണ്ടാം വത്തിക്കാൻ സൂനഹദോസിന്റെയും പശ്ചാത്തലത്തിൽ വിശകലനം ചെയ്യുകയാണ് ഈ പ്രബന്ധോദ്ദേശം .

പൌരസ്ത്യ കാനോന സംഹിതയിൽ ഏഴാം ശീർഷകം 177 മുതൽ 310 വരെയുള്ള കാനോനകളിലാണ് ശ്രേഷ്ഠാചാര്യ ശുശ്രൂഷയെയും ഭദ്രാസനങ്ങളെയും കുറിച്ച് പ്രധാനമായും ചർച്ച ചെയ്യുക.

ഭദ്രാസനങ്ങളിലെ ശ്രേഷ്ഠാചാര്യ ശുശ്രൂഷയും ഹൈരാർക്കിയൽ കൂട്ടായ്മയും.

ഭദ്രാസനത്തിന്റെ അജപാലനധർമ്മം സ്വന്തം പേരിൽ  നടത്തുന്നതിനായി ഭരമേൽപ്പിക്കപ്പെട്ടിരിക്കുന്ന ഭദ്രാസനാദ്ധ്യക്ഷൻ ക്രിസ്തുവിന്റെ വികാരിയും സ്ഥാനപതിയുമെന്ന നിലയിൽ അതിനെ ഭരിക്കുന്നു.ക്രിസ്തുവിന്റെ നാമത്തിൽ അദ്ദേഹം വ്യക്തിപരമായി വിനിയോഗിക്കുന്ന അധികാരം സ്വകീയവും (proper ) ഉദ്യോഗസഹജവും (ordinary ) നേരിട്ടുള്ളതും (Immediate )ആണ്. ഈ അധികാര വിനിയോഗം ആത്യന്തികമായി സഭയുടെ പരമാധികാരത്താൽ നിയന്ത്രിക്കപ്പെട്ടതും സഭയുടെയോ ക്രൈസ്തവ വിശ്വാസികളുടെയോ പൊതുനന്മയെ മുന്നിൽ  കണ്ടുകൊണ്ട് ചില പരിമിതികൾക്ക്‌
വിധേയമായിരിക്കുന്നതുമാണ്(കാനോന-178).


വ്യക്തിസഭകളുടെ തലവന്മാരും മറ്റു മെത്രാന്മാരും പരസ്പരം ഒന്ന് ചേർന്നിരിക്കുന്നു.

ഒരു ഭദ്രാസനാദ്ധ്യക്ഷൻ അജഗണത്തെ ഒരുമിച്ചു ചേർക്കുന്നത് ക്രിസ്തുവിന്റെ നാമത്തിലും സുവിശേഷത്തിന്റെയും പരി.കുർബാനയുടെയും ഐക്യത്തിലുമാണ്. മെത്രാപ്പോലീത്തയ്ക്ക് ചുറ്റും ഒരുമിച്ച് കൂട്ടപ്പെടുന്ന ഈ ദൈവജനകൂട്ടായ്മ പരിശുദ്ധാത്മാവിനാൽ ഒരു സമൂഹമായിത്തീരുന്നു. ഇപ്രകാരമുള്ള ഭദ്രാസന സമൂഹത്തിന്റെ അദ്ധ്യക്ഷനായ മെത്രാപ്പോലീത്ത മാർപാപ്പയുമായും തന്റെ സ്വയാധികാരസഭയുടെ അദ്ധ്യക്ഷനുമായും ലോകമെമ്പാടുമുള്ള കത്തോലിക്കാ മെത്രാൻ സംഘവുമായും (College of Bishops ) ഹൈരാർക്കിയൽ കൂട്ടായ്മയിൽ ആയിരിക്കും. ഈ കൂട്ടായ്മയിലൂടെയാണ് ഓരോ ഭദ്രാസന സമൂഹവും അതിന്റെ അതിന്റെ കാതോലികതയും കത്തോലിക്കാ സഭയുടെ മടിത്തട്ടിലെ വിശ്വാസജീവിതത്തിന്റെ തികവും സ്വായത്തമാക്കുന്നത്. കർത്താവിന്റെ നിശ്ചയപ്രകാരം വി.പത്രോസും മറ്റു ശ്ലീഹന്മാരും ചേർന്ന് ഒരു അപ്പസ്തോലസംഘം രൂപവൽക്കരിച്ചു. അതുപോലെ പത്രോസിന്റെ പിൻഗാമികളായ വ്യക്തിസഭകളുടെ തലവന്മാരും മറ്റു മെത്രാന്മാരും പരസ്പരം ഒന്ന് ചേർന്നിരിക്കുന്നു. ലോകത്തിന്റെ നാനാ ഭാഗങ്ങളിലും ശരിയായി നിയമിതരായ മെത്രാന്മാർ പരസ്പരം അതാതു വ്യക്തിസഭകളുടെ തലവന്മാരുമായും മാർപാപ്പയുമായും ഐക്യം,സ്നേഹം, സമാധാനം എന്നിവയുടെ ബന്ധത്തിൽ ഏകോപിച്ചിരിക്കുന്നു.

ഭദ്രാസന ഭരണത്തിലെ കാതോലികത.

പ്രാദേശിക സഭാഭരണത്തിനു നിയുക്തനായിരിക്കുന്ന ഓരോ മെത്രാപ്പോലീത്തയും മറ്റു സഭാ സമൂഹങ്ങളിലോ, സാർവ്വത്രിക സഭയിലോ എന്നതിലുപരി തന്റെ സൂക്ഷത്തിലിരിക്കുന്ന ദൈവജന വിഭാഗത്തിൽ അജപാലന ഭരണം നിർവഹിക്കുന്നു. എന്നാൽ മെത്രാന്മാരുടെ സംഘത്തിലെ അംഗങ്ങളും ശ്ലീഹന്മാരുടെ നിയമാനുസൃത പിൻഗാമികളുമെന്ന നിലയിൽ ഓരോ മെത്രാപ്പോലീത്തയും ക്രിസ്തുവിന്റെ കൽപ്പനയനുസരിച്ചു സഭ മുഴുവന്റെയും കാര്യത്തിൽ തൽപ്പരനായിരിക്കാൻ ബാധ്യസ്ഥനാണ്. ഈ സാർവ്വത്രിക സഭാതാല്പ്പര്യം ഭരണപരമായി കൈകാര്യം ചെയ്യപ്പെടുന്നില്ലെങ്കിലും സാർവത്രിക സഭയുടെ ക്ഷേമത്തെ ഏറെ സഹായിക്കുമെന്നും സഭ പഠിപ്പിക്കുന്നു. "തന്റെ സംരക്ഷണത്തിന് എൽപ്പിക്കപ്പെട്ടിരിക്കുന്ന എല്ലാ ക്രൈസ്തവ വിശ്വാസികളുടെയും കാര്യത്തിൽ അവർ തന്റെ അധികാരസീമയ്ക്കുള്ളിൽ സ്ഥിരമായി താമസിക്കുന്നവർ ആണെങ്കിലും പ്രായം,ജീവിതാവസ്ഥ, ദേശീയത, സ്വയാധികാരസഭ എന്നിവയ്ക്ക് ഉപരിയായി ഭദ്രാസന മെത്രാപ്പോലീത്ത തന്റെ അജപാലന ധർമ്മനിർവഹണത്തിൽ ശ്രദ്ധാലുവായിരിക്കണം" (കാനോന 192 § 1 ).

ഇതോടൊപ്പം സാർവ്വത്രിക സഭയുടെ പൊതുശിക്ഷണവും വിശ്വാസ ഐക്യവും പരിരക്ഷിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുക, വ്യക്തിസഭയുടെ പ്രത്യേകശിക്ഷണക്രമം പരിപാലിക്കുക, ക്രിസ്തുവിന്റെ മൗതിക ശരീരത്തിലെ ദരിദ്രരും ക്ലേശിതരുമായ അംഗങ്ങളെയും നീതിയെപ്രതി മർദ്ദനം അനുഭവിക്കുന്നവരെയും (മത്തായി 5,10) സ്നേഹിക്കുവാൻ വിശ്വാസികളെ ഉപദേശിക്കുക, തിരുസഭ മുഴുവന്റെയും ഗുണത്തിനായുള്ള ഏതൊരു പ്രവർത്തനവും, പ്രത്യേകിച്ച് വിശ്വാസം പ്രചരിപ്പിക്കുവാനും പൂർണ്ണ സത്യപ്രകാശം ദർശിക്കുവാനും വേണ്ടിയുള്ള യത്നങ്ങളെ പ്രോത്സാഹിപ്പിക്കുക എന്നിവ മെത്രാപ്പോലീത്തമാരുടെ കടമയാകുന്നു. തങ്ങളെ ഭരമേല്പ്പിച്ചിരിക്കുന്ന ഭദ്രാസനങ്ങളെ സാർവ്വത്രിക സഭയുടെയും തങ്ങളുടെ വ്യക്തിസഭയുടെയും ഭാഗമായി കരുതി ഭംഗിയായി ഭരിച്ചുകൊണ്ട് സഭകളുടെ കൂട്ടായ്മയായ മൗതിക ശരീരത്തിന്റെ മുഴുവൻ സുസ്ഥിരതയ്ക്ക് വേണ്ടി കാര്യക്ഷമമായി പ്രവർത്തിക്കുക എന്നതും മെത്രാപ്പോലീത്തമാരുടെ പരിപാവനമായ ധർമ്മമാണ് ( തിരുസഭ -23).

ഭദ്രാസന മെത്രാപ്പോലീത്തയുടെ അധികാരം.

ഉപരി അധികാരങ്ങൾക്ക് വിധേയമായി നിയമപരമായ എല്ലാ കാര്യങ്ങളിലും ഭദ്രാസന മെത്രാപ്പോലീത്ത ഭദ്രാസനത്തെ പ്രതിനിധീകരിക്കുന്നു(കാനോന-190).ഈ ഭദ്രാസന ഭരണം തക്കതായ നിയമ നിർമ്മാണ ( Legislative ) ഭരണ നിർവഹണ (എക്സിക്യൂട്ടീവ്) നീതിന്യായ ( ജുഡീഷ്യൽ ) അധികാരങ്ങളോടു കൂടിയാണ് ഭദ്രാസന മെത്രാപ്പോലീത്ത നിർവഹിക്കുന്നത് (കാനോന-191§ 1) ഇതിൽ നിയമനിർമ്മാണ അധികാരം ഭദ്രാസന മെത്രാപ്പോലീത്ത നേരിട്ടും ,ഭരണ നിർവഹണ അധികാരം നേരിട്ടോ അല്ലെങ്കിൽ വികാരിജനറാൾമാർ മുഖാന്തിരമോ, നീതിന്യായ അധികാരം നേരിട്ടോ അല്ലെങ്കിൽ ജുഡീഷ്യൽ വികാരിയും ജഡ്ജിമാരും വഴിയായൊ നിർവഹിക്കുന്നു  (കാനോന -191§ 2 ). ഭദ്രാസനത്തിലെ നിയമ നിർമ്മാണ അധികാരം മെത്രാപ്പോലീത്തായിൽ മാത്രമാണ് നിക്ഷിപ്തമായിരിക്കുന്നത്.ഈ അധികാര നിർവഹണത്തിനു വേറെ ആരെയെങ്കിലും ചുമതലപ്പെടുത്തുന്നതിനു സാധിക്കുകയില്ല.

സഭകളുടെ കൂട്ടായ്മ  - ഐക്യം, സ്നേഹം, സമാധാനം

സീറോ മലങ്കര കത്തോലിക്കാ സഭയുടെ പ്രത്യേക നിയമപാരമ്പര്യം, ഓരോ ഭദ്രാസനങ്ങളിലും പ്രാബല്യത്തിൽ വരുത്തുന്ന നിയമങ്ങൾ കാലാകാലങ്ങളിൽ സഭയുടെ തലവനും പിതാവുമായ കത്തോലിക്കാബാവായെ അറിയിച്ചിരിക്കണമെന്നു അനുശാസിക്കുന്നുണ്ട്. സീറോ മലങ്കര  കത്തോലിക്കാ സഭയുടെ ഭദ്രാസനമെത്രാപ്പോലീത്തയ്ക്ക് തന്റെ ഭരണ നിർവഹണ അധികാരം (Executive Power ) അതാതു ഭദ്രാസനസ്ഥാനത്തുള്ള കൂരിയായുടെ സഹായത്തോടെ നിർവഹിക്കാവുന്നതാണ് (കാനോന-243§ 1 ). നീതിന്യായ നിർവഹണത്തിൽ പ്രഥമ ന്യായാധിപൻ ഭദ്രാസന മെത്രാപ്പോലീത്തയാണ്. ഇതിനു അദ്ദേഹത്തെ സഹായിക്കുന്നതിന് ഭദ്രാസന കോടതിയും ജുഡീഷ്യൽ വികാരിയെയും ജഡ്ജിമാരെയും നിയമിക്കാവുന്നതാണ്. ഈ നീതി നിർവഹണം പൌരസ്ത്യ കാനോന സംഹിതയിലെ 1055 മുതൽ 1400 വരെയുള്ള കാനോനകൾക്ക് അനുസൃതമായി നടത്തപ്പെടേണ്ടതാണ്.

തുടരും..ധ്രുവദീപ്തി ഓണ്‍ലൈൻ.)

 ധ്രുവദീപ്തി:
Follow us on M, t, f, g+1 - dhruwadeepti
(Internet Explorer, Mozilla firefox ,google, Twitter ,etc...) 
 ധ്രുവദീപ്തി-E-mail:  dhruwadeepti@gmail.com  

http://dhruwadeepti.blogspot.de/

Keine Kommentare:

Kommentar veröffentlichen

Hinweis: Nur ein Mitglied dieses Blogs kann Kommentare posten.