Mittwoch, 30. April 2014

ധ്രുവദീപ്തി // Religion / കാനോനിക പഠനങ്ങൾ / ശ്രേഷ്ഠാചാര്യശുശ്രൂഷ പൌരസ്ത്യ കാനോന സംഹിതയിൽ - തുടർച്ച - Rev.Fr.Dr.Thomas Kuzhinapurath

ധ്രുവദീപ്തി // Religion :



ശ്രേഷ്ഠാചാര്യശുശ്രൂഷ പൌരസ്ത്യ 

കാനോന സംഹിതയിൽ -തുടർച്ച -



ഭദ്രാസന മെത്രാപ്പോലീത്തയുടെ ത്രിവിധ ധർമ്മങ്ങൾ



Rev. Dr. Thomas Kuzhinapurath
Judicial Vicar at Major
Archdiocese of Trivandrum

ഠിപ്പിക്കുക, വിശുദ്ധീകരിക്കുക, എന്നീ ത്രിവിധ ധർമ്മങ്ങൾ ഒരു ഭദ്രാസന മെത്രാപ്പോലീത്തയുടെ ശ്രേഷ്ഠാചാര്യശുശ്രൂഷാ ദൌത്യവുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. ഓരോ ഭദ്രാസനത്തിന്റെയും ഭരണഭാരം എൽപ്പിക്കപ്പെട്ടിരിക്കുന്ന മെത്രാപ്പോലീ ത്തമാർ മാർപ്പാപ്പയ്ക്കും തങ്ങളുടെ സ്വയാധികാര സഭയുടെ നേതൃത്വത്തിനും വിധേയമായി തങ്ങളുടെ കീഴിലുള്ള അജഗണത്തിന്റെ സ്വന്തവും സാധാരണവും നാമത്തിൽ മേയ്ക്കുന്നു. പഠിപ്പിക്കുക, വിശുദ്ധീകരിക്കുക, ഭരിക്കുക, എന്നീ ചുമതലകൾ വഹിച്ചു കൊണ്ടാണ് ഇത് സാധിക്കേണ്ടത്. (തിരുസഭ, 11 ). മെത്രാൻ സംഘത്തിലെ (കോളേജ് ഓഫ് ബിഷപ്സ് ) അംഗമെന്ന നിലയ്ക്ക് സഭയുടെ ഔദ്യോഗിക പ്രബോധനാധികാരത്തിൽ ഓരോ മെത്രാപ്പോലീത്ത യും പങ്കുചേരുന്നു.

ഭദ്രാസനത്തിലെ വിശ്വാസികളുടെ തലവനായ മെത്രാപ്പോലീത്ത വിശ്വാസ സത്യങ്ങളെ വിശദീകരിച്ചു കൊടുക്കുവാനും പഠിപ്പിക്കുവാനും പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. അതിനായി ദൈവവചനം നേരിട്ട് മധ്യേയുള്ള വചന പ്രഘോഷണത്തിന്റെ കാര്യത്തിലും വിശ്വാസ പരിശീലനത്തിന്റെ കാര്യത്തിലും സാർവ്വത്രിക സഭയുടെയും നിർദ്ദേശങ്ങൾ തന്റെ ഭദ്രാസനത്തിൽ നടപ്പിലാക്കപ്പെടുന്നുവെന്നു അദ്ദേഹം ഉറപ്പ് വരുത്തണം. വിശ്വാസ സത്യങ്ങളെ അതിന്റെ പൂർണ്ണതയിൽ കാത്തു സൂക്ഷിക്കുവാനും കൈമാറാനുമുള്ള ഉത്തരവാദിത്വം ഭദ്രാസന മെത്രാപ്പോലീത്തയ്ക്കുണ്ട് (കാനോന 196§ 1-2). 

"തങ്ങളുടെ പ്രബോധന ധർമ്മനിർവ്വഹണത്തിൽ മെത്രാപ്പോലീത്തമാർ ക്രിസ്തുവിന്റെ സുവിശേഷം മനുഷ്യരെ അറിയിക്കണം. അതാണവരുടെ മുഖ്യ കർത്തവ്യവും ദൗത്യവും. മനുഷ്യരെ പരിശുദ്ധാത്മ ശക്തിയിൽ വിശ്വാസത്തിലേയ്ക്ക് ആഹ്വാനം ചെയ്യുകയും സജീവ വിശ്വാസത്തിൽ അവരെ അടിയുറപ്പിക്കുകയും വേണം" (മെത്രാന്മാർ, 12). അതോടൊപ്പം എല്ലാ ഭൌതിക വസ്തുക്കളും സൃഷ്ടാവായ ദൈവത്തിന്റെ പദ്ധതിപ്രകാരമുള്ള മാനുഷിക സ്ഥാപനങ്ങളും മനുഷ്യരക്ഷയ്ക്കായി കൂടെ ഉദ്ദേശിക്കപ്പെട്ടവ ആണെന്നും അതിനാൽ, അവയ്ക്ക് നല്ല പങ്കുവഹിക്കാൻ കഴിയുമെന്നും മെത്രാപ്പോലീത്താമാർ കാണിച്ചു കൊടുക്കേണ്ടതാണ്  (മെത്രാന്മാർ, 12) . ജനങ്ങളെ വല്ലാതെ അലട്ടുകയും കഷ്ടപ്പെടുത്തുകയും ചെയ്യുന്ന വിഷമ പ്രശ്നങ്ങൾക്കുള്ള പരിഹാരം എന്ന നിലയിൽ ക്രൈസ്തവ സിദ്ധാന്തങ്ങളെ കാലോചിതമായ ആവശ്യങ്ങൾക്ക് യോജിച്ച വിധത്തിൽ ഭദ്രാസന മെത്രാപ്പോലീത്തമാർ അവതരിപ്പിക്കണം (മെത്രാന്മാർ 13)." ക്രൈസ്തവ സിദ്ധാന്ത പ്രചാരണത്തിനു ഇന്ന് നിലവിലുള്ള മാദ്ധ്യമങ്ങളെ പരമാവധി പ്രയോജനപ്പെടുത്തുവാൻ അവർ അശ്രാന്ത പരിശ്രമം ചെയ്യേണ്ടതുണ്ട് (മെത്രാന്മാർ ,13).

സ്നേഹത്തിലും വിനയത്തിലും ജീവിതലാളിത്യത്തിലും വിശുദ്ധിയുടെ മാതൃക നൽകുവാൻ തനിക്കുള്ള കടമയിൽ ശ്രദ്ധിക്കുന്നതോടൊപ്പം ഭദ്രാസന മെത്രാപ്പോലീത്ത ക്രൈസ്തവ വിശ്വാസികളുടെ വിശുദ്ധിയെ അവരുടെ ജീവിതാവസ്ഥയ്ക്കനുസരിച്ചു പരിപോഷിപ്പിക്കുവാൻ എല്ലാവിധത്തിലും പരിശ്രമിക്കണം. ദൈവീകരഹസ്യങ്ങളുടെ പരികർമ്മി എന്ന നിലയിൽ തന്റെ സംരക്ഷണത്തിനേൽപ്പിക്കപ്പെട്ടിരിക്കുന്ന ക്രൈസ്തവ വിശ്വാസികൾ കൂദാശകളുടെ സ്വീകരണത്തിലൂടെ വിശിഷ്യ വി.കുർബാനയിലുള്ള സജീവ ഭാഗഭാഗിത്വത്തിലൂടെ പ്രസാദവരത്തിൽ വളരുവാനും ക്രിസ്തുരഹസ്യം ആഴമായി അറിയുവാനും ജീവിക്കുവാനും അങ്ങനെ ക്രിസ്തുവിന്റെ സ്നേഹത്തിന്റെ ഐക്യത്തിൽ അവർ ഏക ശരീരമായി തീരുവാനും അദ്ദേഹം ശ്രദ്ധിക്കേണ്ടതാണ് (കാനോന - 197 ).

"പരിപൂർണ്ണതയിലേയ്ക്കു മാർഗ്ഗദർശനം നൽകുന്നവരെന്ന നിലയിൽ മെത്രാപ്പോലീത്തമാർ വൈദിക ഗണത്തിന്റെയും സന്യാസികളുടെയും അല്മായരുടെയും വിശുദ്ധി അവരവരുടെ പ്രത്യേക ദൈവ വിളിക്കനു സൃതമായി പരിപോഷിപ്പിക്കുന്നതിൽ ജാഗ്രതയുള്ളവരായിരിക്കണം, മെത്രാന്മാർ (മെത്രാന്മാർ- 15).

"തനിക്ക് ഭരമേൽപ്പിക്കപ്പെട്ടിരിക്കുന്ന ഭദ്രാസനത്തിലെ ആരാധനാ ജീവിതം മുഴുവനറെയും നിയന്താവും പ്രോത്സാഹകനും ( promoter ) സംരക്ഷകനും എന്ന നിലയിൽ അതിനെ പരമാവധി പരിപോഷിപ്പിക്കുവാനും തന്റെ സ്വയാധികാര സഭയുടെ നിയമാനുസൃതമായ ആചാരങ്ങൾക്കും നിബന്ധനകൾക്കും അനുസരിച്ച് ക്രമീകരിക്കുവാനും ഭദ്രാസന മെത്രാപ്പോലീത്ത ശ്രദ്ധാലുവായിരിക്കണം". കാനോന-199§ 1). ഭദ്രാസനത്തിൽ എവിടെയും തിരുക്കർമ്മങ്ങൾ ആഘോഷിക്കുവാനും ഭദ്രാസന മെത്രാപ്പോലീത്തയ്ക്ക് അധികാരമുണ്ട്‌. ഭദ്രാസനത്തിലെ ദൈവജനത്തിനു വേണ്ടി ഭദ്രാസന മെത്രാപ്പോലീത്താമാർ കൂടെക്കൂടെ വിശുദ്ധ കുർബാന അർപ്പിക്കണം (കാനോന -198).

പിതാവും അജപാലനും എന്ന നിലയിലുള്ള ചുമതല വഹിക്കുകയും സ്വജനങ്ങളുടെ മദ്ധ്യേ ശുശ്രൂഷ ചെയ്യുന്നവരെപ്പോലെ മെത്രാപ്പൊലീത്തമാർ വർത്തിക്കുകയും ചെയ്യേണ്ടതാണ്. നല്ലിടയൻ സ്വന്തം അജഗണത്തെ അറിയുന്നു. അതുപോലെ ഇടയന്മാരെ അജഗണവും. സ്നേഹചൈതന്യത്തിലും എല്ലാവരോടുമുള്ള താൽപ്പര്യത്തിലും യഥാർത്ഥ പിതാക്കന്മാരായിരിക്കണം, (മെത്രാന്മാർ,16) അവർ. സകല മനുഷ്യരുടെയും മുമ്പാകെ ക്രിസ്തുവിനു സാക്ഷ്യം വഹിക്കുന്ന വിധത്തിലായിരിക്കണം മെത്രാപ്പോലീത്താമാർ തങ്ങളെത്തന്നെ ശ്ലൈഹികവ്രുത്തിക്കായി സമർപ്പിക്കേണ്ടത്‌. ഇടയന്മാരുടെ തലവനായ ക്രിസ്തുവിനെ അനുഗമിക്കുന്നവരുടെ കാര്യം മാത്രം ശ്രദ്ധിച്ചാൽ പോരാ, സത്യത്തിന്റെ മാർഗ്ഗത്തിൽ നിന്ന് ഏതെങ്കിലും വിധത്തിൽ വഴുതിപ്പോയവരെയും ക്രിസ്തുവിന്റെ സുവിശേഷത്തെയും രക്ഷാകര കാരുണ്യത്തെയും പറ്റി അജ്ഞരായവരെയും സേവിക്കാൻ സമ്പൂർണ്ണ ഹൃദയത്തോടെ മെത്രാപ്പോലീത്താമാർ സ്വയം അർപ്പണം ചെയ്യേണ്ടതാണ് (മെത്രാന്മാർ,11).

"സാവ്വത്രിക സഭയുടെ ഐക്യം കാത്തുസൂക്ഷിക്കുവാൻ കടപ്പെട്ടവൻ ആയതുകൊണ്ട് ഭദ്രാസന മെത്രാപ്പോലീത്ത സഭയുടെ പൊതുവായ ശിക്ഷണ ക്രമത്തെ (Descipline ) പരിപോഷിപ്പിക്കുകയും എല്ലാ സഭാനിയമങ്ങളുടെയും നിയമാനുസൃത ആചാരങ്ങളുടെയും പാലനത്തിന് പ്രേരിപ്പിക്കുകയും ചെയ്യണം."(കാനോന 201§ 1). മെത്രാൻസംഘത്തിലെ അംഗമെന്നനിലയിൽ ഓരോ മെത്രാനും സാവ്വത്രികസഭയിൽ ഐക്യവും അച്ചടക്കവും പാലിക്കപ്പെടുന്നുണ്ട് എന്ന് ഉറപ്പു വരുത്തേണ്ടതാണ്. അതിനായി സഭയിൽ ഐക്യം വളർത്താൻ ശ്രദ്ധിക്കുന്നതോടൊപ്പം തന്നെ സഭയിലെ നിയമങ്ങൾ അഭംഗുരം പാലിക്കപ്പെടുന്നതിനു ശ്രദ്ധിക്കേണ്ടതുണ്ട്.സഭാനിയമങ്ങളെ ആരെങ്കിലും ദുരുപയോഗപ്പെടുത്താതിരിക്കുന്നതിനു ശ്രദ്ധിക്കേണ്ടതുണ്ട്. സഭാനിയമങ്ങളെ ദുരുപയോഗപ്പെടുത്താതിരിക്കുന്നതിനും പ്രത്യേകിച്ച് ദൈവവചന പ്രഘോഷണം, ദൈവാരാധന ,വിശുദ്ധരുടെ വണക്കം, സത്ക്കാര്യങ്ങൾക്കായി സമർപ്പിക്കപ്പെട്ട സ്വത്തുവകകളുടെ കൈകാര്യം എന്നിവയിലൊന്നും ദുരുപയോഗങ്ങൾ വരാതെ ശ്രദ്ധിക്കുന്നതിനുള്ള ഉത്തരവാദിത്വവും ഭദ്രാസന മെത്രാപ്പോലീത്തയ്ക്ക് ഉണ്ടെന്നു പൌരസ്ത്യ കാനോനസംഹിത അനുശാസിക്കുന്നു.

ഭദ്രാസനത്തിലെ അപ്പസ്തോലിക പ്രവർത്തനങ്ങൾ 

ഭദ്രാസനമെത്രാപ്പോലീത്ത തന്റെ ഭദ്രാസനത്തിൽ വിവിധതരത്തിലുള്ള അപ്പസ്തോലിക പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുകയും ഭദ്രാസനം മുഴുവനിലോ ഏതെങ്കിലും പ്രത്യേക മേഖലകളിലോ ഉള്ള അപ്പസ്തോലിക പ്രവർത്തനങ്ങളും ഓരോന്നിന്റെയും പ്രത്യേകതകൾ കാത്തുസൂക്ഷിച്ചു കൊണ്ട്, തന്റെ മേൽനോട്ടത്തിൽ എകോപിപ്പിക്കുന്നുവെന്ന് ഉറപ്പ് വരുത്തുകയും ചെയ്യേണ്ടതാണ് (കാനോന 203§1 ). സന്യാസ സമൂഹങ്ങളുടെയും (കാനോന 573§575 ). സഭയുടെ പൊതുനിയമങ്ങൾ നൽകുന്ന അനുശാസനകൾ അപ്പസ്തോലിക പ്രവർത്തനങ്ങൾ ഏകോപിപ്പിക്കപ്പെടുമ്പോൾ പാലിക്കപ്പെടണം.

ഓരോ വർഷവും ഭദ്രാസനവും കുറെ ഭാഗമെങ്കിലുമോ കാനോനിക സന്ദർശനം നടത്തുവാൻ ഭദ്രാസന മെത്രാപ്പോലീത്തയ്ക്കു കടമയുണ്ട് (കാനോന 205§1 ). ഭദ്രാസനാതിർത്തിക്കുള്ളിലെ ഇടവകകളിൽ നടക്കുന്ന ഈ കാനോനിക സന്ദർശനത്തിലൂടെ ദൈവജനത്തെ പ്രോത്സാഹിപ്പിക്കുകയും വളർത്തുകയും നയിക്കുകയും മാർഗ്ഗനിർദ്ദേശ ങ്ങൾ നല്കുകയും ആണ് ചെയ്യേണ്ടത്.

സഭ അംഗീകരിച്ചിട്ടുള്ള തത്വങ്ങൾക്ക് അനുസൃതമായി ക്രൈസ്തവർ ക്കിടയിൽ ഉണ്ടാകേണ്ട ഐക്യം പരിപോഷിപ്പിക്കുന്നതിന് ഭദ്രാസന മെത്രാപ്പോലീത്ത പ്രത്യേകം ശ്രദ്ധിക്കണമെന്നും കാനോനസംഹിത അനുശാസിക്കുന്നു (കാനോന-192§2). തന്റെ ഭരണാതിർത്തിക്കുള്ളിലെ മാമോദീസ സ്വീകരിക്കാത്തവരെ കർത്താവിൽ തനിക്ക് എൽപ്പിക്കപ്പെട്ടിരിക്കുന്നവരായി കണ്ടു സഭാകൂട്ടായ്മയിൽ ജീവിക്കുന്ന ക്രൈസ്തവ വിശ്വാസികളുടെ സാക്ഷ്യം വഴിയായി ക്രിസ്തുവിന്റെ സ്നേഹം അവരിൽ പ്രകാശിക്കുവാൻ ഭദ്രാസന മെത്രാപ്പോലീത്ത പ്രത്യേകം ശ്രദ്ധിക്കണമെന്ന് കാനോന സംഹിത ഓർമ്മിപ്പിക്കുന്നു (കാനോന 192§3).

ഭദ്രാസന മെത്രാപ്പോലീത്തയും വൈദികരും.

ഒരു ഭദ്രാസനത്തിലെ പ്രേഷിതജീവിതത്തിൽ വൈദികർക്കു നിർണ്ണായക പങ്കാണ് വഹിക്കാനുള്ളത്. ഭദ്രാസന മെത്രാപ്പോലീത്തയ്ക്ക് വൈദികരോട് സവിശേഷമായ താൽപ്പര്യം ഉണ്ടായിരിക്കണം. തന്റെ സഹകാരികളും ഉപദേശകരും എന്ന നിലയിൽ അദ്ദേഹം അവരെ ശ്രവിക്കുകയും അവകാശങ്ങൾ സംരക്ഷിക്കുകയും അവർ തങ്ങളുടെ ജീവിതാന്തസ്സിനടുത്ത കടമകൾ നിർവഹിക്കുന്നുണ്ടെന്നു ഉറപ്പ് വരുത്തുകയും വേണം. അവരുടെ ആദ്ധ്യാത്മികവും ബൗദ്ധികവും ആയ ജീവിതം പരിപോഷിപ്പിക്കുന്നതിനു ആവശ്യമായ ഉപാധികളും സംവിധാനങ്ങളും അവർക്ക് ലഭ്യമാക്കുവാൻ ഭദ്രാസന മെത്രാപ്പോലീത്ത പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ടെന്നും കാനോന സംഹിത അനുസ്മരിപ്പിക്കുന്നു (കാനോന 192§2). 

മെത്രാപ്പോലീത്തമാർ സ്നേഹചൈതന്യത്താൽ നിറഞ്ഞു സവിശേഷമായ കൂട്ടായ്മ വൈദികർക്കിടയിൽ വളർത്തെണ്ടതാണ്. കാരണം മെത്രാപ്പോലീത്തയുടെ ജോലികളും ദൗത്യവും ഒരു പങ്കു ഏറ്റെടുത്തതു കൊണ്ട് പ്രതിദിന അജപാലന കർത്തവ്യങ്ങൾ നിർവ്വഹിക്കുന്നവരാണ്, വൈദികർ. മക്കളും സുഹൃത്തുക്കളുമെന്ന ഭാവേന വൈദികരോട് അവർ  വർത്തിക്കണം. തന്മൂലം വൈദികരെ ശ്രദ്ധിക്കുവാൻ മെത്രാപ്പോലീത്തമാർ സന്നദ്ധത പ്രകടിപ്പിച്ചുകൊണ്ട് ഭദ്രാസനത്തിന്റെ മുഴുവൻ അജപാലന പരമായ പ്രവർത്തനങ്ങൾ (മെത്രാന്മാർ - 16) ഏകോപിപ്പിക്കുകയും വേണം.

വൈദികരുടെ ആദ്ധ്യാത്മികവും മാനസികവും ഭൗതീകവുമായ സുസ്ഥിതിയിൽ മെത്രാപ്പൊലീത്തമാർ തൽപ്പരർ ആയിരിക്കണം. തൽഫലമായി വിശുദ്ധവും ഭക്തിനിർഭരവുമായ ജീവിതം നയിക്കുവാനും വൈദിക ശുശ്രൂഷ വിശ്വസ്തമായും സഫലമായും നിർവഹിക്കുവാനും വൈദികർ പ്രാപ്തരാകും. അതുകൊണ്ട് ഇടയ്ക്കിടയ്ക്ക് വൈദികരെല്ലാം ഒന്ന് ചേരുന്നതിനുള്ള പ്രത്യേക സമ്മേളനങ്ങൾ സംഘടിപ്പിക്കുന്നതിനു സ്ഥാപനങ്ങൾ ഉണ്ടാകുകയും വേണം . അവിടെ വച്ചു ജീവിത നവീകരണാർത്ഥം സുദീർഘമായ അത്മീയാഭ്യാസങ്ങൾ നടത്തുവാനും അതുപോലെതന്നെ സഭാസംബന്ധമായ വിഷയങ്ങൾ പ്രത്യേകിച്ച് വി.ലിഖിതങ്ങൾ, ദൈവശാസ്ത്ര പ്രാധാന്യമേറിയ സാമൂഹ്യ പ്രശ്നങ്ങൾ, കാര്യക്ഷമമായ അജപാലന നിർവഹണത്തിനു ഉതകുന്ന നൂതന മാർഗ്ഗങ്ങൾ, എന്നിവയിൽ അഗാധ ജ്ഞാനം സമ്പാദിക്കുവാനും സൗകര്യം ലഭിക്കണം.

ഏതെങ്കിലും വിധത്തിലുള്ള അപകട സ്ഥിതിയിൽ വ്യാപരിക്കുകയോ വല്ല സംഗതികളിലും തെറ്റുപറ്റുകയോ ചെയ്യുന്ന വൈദികരോട് സജീവമായ കാരുണ്യത്തോടെ മേത്രാപ്പോലീത്തമാർ വർത്തിക്കണമെന്ന് രണ്ടാം വത്തിക്കാൻ സുന്നഹദോസ് (മെത്രാന്മാർ-16) പഠിപ്പിക്കുന്നു. "ഇനി ഞാൻ നിങ്ങളെ ദാസന്മാർ എന്ന് വിളിക്കുകയില്ല. കാരണം യജമാനൻ ചെയ്യുന്നത് എന്തെന്ന് ദാസാൻ അറിയുന്നില്ല. എന്നാൽ ഞാൻ നിങ്ങളെ സ്നേഹിതന്മാർ എന്ന് വിളിച്ചു. എന്തെന്നാൽ എന്റെ പിതാവിൽ നിന്ന് കേട്ടതെല്ലാം നിങ്ങളെ ഞാൻ അറിയിച്ചു(യോഹ.15,15) യേശുവിനു തന്റെ ശിഷ്യന്മാരോടു ഉണ്ടായിരുന്നതുപോലെയുള്ള ആഴമായ സുഹൃദ്ബന്ധം മെത്രാപ്പോലീ ത്തയ്ക്കും വൈദികർക്കുമിടയിൽ ഉണ്ടാകണമെന്ന് സുന്നഹദോസ് അനുശാസിക്കുന്നു.

യേശു തന്റെ ശിഷ്യന്മാർക്കുവേണ്ടി ഇപ്രകാരം പ്രാർത്ഥിക്കുന്നുണ്ട്." അവരെല്ലാവരും ഒന്നായിരിക്കാൻ വേണ്ടി പിതാവേ അങ്ങെന്നിലും ഞാൻ അങ്ങേയിലും ആയിരിക്കുന്നതുപോലെ അവരും നമ്മിൽ ആയിരിക്കുന്നതിനും അങ്ങനെ അവിടുന്നു എന്നെ അയച്ചുവെന്ന് ലോകം അറിയിക്കുന്നതിനുവേണ്ടി ഞാൻ (യോഹ-17,21) പ്രാർത്ഥിക്കുന്നു. വൈദികർക്കിടയിലെ ഐക്യവും സ്നേഹവും ആദ്ധ്യാത്മികതയും സംഘാതമായ പ്രേഷിതപ്രവർത്തനത്തിനു ഒഴിച്ചുകൂടാനാവാത്ത ഘടകങ്ങളാണ്. ഇവയെ പ്രോജ്ജ്വലിപ്പിക്കുന്ന ഇന്ധനം ആയിരിക്കണം ഭദ്രാസന മെത്രാപ്പോലീത്തയുടെ പ്രാർത്ഥനയും ആദ്ധ്യാത്മിക ജീവിതവും. 

വൈദികരുടെയും - വിവാഹിതരാണെങ്കിൽ അവരുടെ കുടുംബങ്ങളുടെയും - മാന്യമായ ജീവസന്ധാരണത്തിനും സുരക്ഷിതത്വത്തിനും ആരോഗ്യ സംരക്ഷണ ത്തിനും നിയമാനുസ്രുതം ആവശ്യമായത് ചെയ്യുവാൻ ഭദ്രാസന മെത്രാപ്പൊലീത്ത ശ്രദ്ധിക്കണമെന്ന് കാനോന സംഹിത (കാനോന-192 § 5 ) അനുശാസിക്കുന്നു. ഒപ്പം ഭദ്രാസന മെത്രാപ്പോലീത്തയ്ക്ക് തന്റെ അധികാരത്തിൻ കീഴിലുള്ള വൈദികർക്ക് അവരുടെ പ്രവർത്തനങ്ങൾക്ക് അംഗീകാരമായി സ്വയാധികാരസഭയുടെ പ്രത്യേക നിയമം അനുസരിച്ച് പ്രത്യേക ബഹുമതികൾ (കാനോന-194) നല്കാവുന്നതാണ്. പൌരോഹിത്യ ത്തിലേയ്ക്കും ആശ്രമ ജീവിതത്തിലേയ്ക്കും മറ്റു സമർപ്പിത ജീവിതാന്ത സുകളിലേയ്ക്കുമുള്ള ദൈവവിളികൾ പ്രോത്സാഹിപ്പിക്കു ന്നതിന് ഭദ്രാസനമെത്രാപ്പൊലീത്ത അതീവ ശ്രദ്ധാലുവായിരിക്കണമെന്നും കാനോന (കാനോന-195) സംഹിത ഓർമ്മിപ്പിക്കുന്നു.  

ഉപസംഹാരം 

ശ്ലീഹന്മാരുടെ പിന്തുടർച്ചക്കാർ എന്ന നിലയിൽ ദൈവജനത്തെ പഠിപ്പിക്കാനും പവിത്രീകരിക്കാനും മേയിക്കാനും പരിശുദ്ധാത്മാവിനാൽ നിയുക്തരായ ശ്രേഷ്ഠ ആചാര്യന്മാരാണ്, മെത്രാന്മാർ. സഭയിൽ നേതൃത്വം നൽകുക എന്നതുപോലെ തന്നെ ഇതൊരു ശുശ്രൂഷാ ദൌത്യം കൂടിയാണ്. ദൈവജനത്തിനു ശുശ്രൂഷ ചെയ്യുന്നതിലൂടെ ദൈവാരാധനയിലേയ്ക്കും കൃപാവരത്തിന്റെ തികവിലേയ്ക്കും അവരെ നയിക്കുകയാണ്, ശേഷ്ഠ ആചാര്യന്മാർ. സീറോ മലങ്കര കത്തോലിക്കാ സഭയിൽ ദൈവജനത്തിന്റെ ശ്രേഷ്ഠരായ പിതാക്കന്മാരാണവർ. കൈ മുത്തിക്കൊണ്ട് ദൈവാനുഗ്രഹം അവരിൽനിന്നും സ്വീകരിക്കുന്ന പാരമ്പര്യമാണ്‌ നമുക്കുള്ളത്. ദൈവാനുഗ്രഹത്തിന്റെ പ്രദായകരായ പിതാക്കന്മാരുടെ നേതൃത്വം വഴി സഭ വളർച്ചയുടെ പാതയിൽ നിരന്തരം മുന്നേറട്ടെ. 
                                                    

Rev. Dr. Thomas Kuzhinapurath
Judicial Vicar at Major
Archdiocese of Trivandrum

 

Keine Kommentare:

Kommentar veröffentlichen

Hinweis: Nur ein Mitglied dieses Blogs kann Kommentare posten.