Sonntag, 9. Dezember 2018

ധ്രുവദീപ്തി : Panorama // ജർമ്മൻ ഡയറി // ഒഴുകിയിറങ്ങിപ്പോയ കടൽത്തിരകൾ വീണ്ടും അതേ തീരങ്ങളെ ആലിംഗനം ചെയ്യുമോ?// George Kuttikattu


 ഒഴുകിയിറങ്ങിപ്പോയ കടൽത്തിരകൾ വീണ്ടും അതേ തീരങ്ങളെ ആലിംഗനം ചെയ്യുമോ?

George Kuttikattu


നസ്സിൽനിന്നും ഒരിക്കലും  മറയാത്ത ജന്മദേശം ഉപേക്ഷിച്ചു മനുഷ്യർ മറ്റൊരിടത്തേയ്ക്ക് സ്ഥിരമായി കുടിയേറിപ്പാർക്കുന്ന ഒരു പ്രത്യേകമായ  കാര്യത്തെപ്പറ്റിയാണ് കുടിയേറിപ്പാർക്കുക എന്ന് നാം പറയുന്നത്. അതാകട്ടെ അവരവരുടെ സ്വന്തം രാജ്യത്തുതന്നെയായാലും അഥവാ മറ്റേതെങ്കിലും മറുനാടുകളിലേയ്ക്കായാലും, ഒരേ അർത്ഥം തന്നെയാണല്ലോ നൽകുന്നത്. കുടിയേറ്റങ്ങൾക്ക് കാരണമായി പറയാവുന്ന കാര്യങ്ങൾ നമുക്ക് കാണുവാൻ കഴിയും. തികച്ചും വ്യക്തിപരമോ, സാമൂഹികമോ, അതായത് ദൈനംദിന രാഷ്ട്രീയസാഹചര്യങ്ങൾ, മതപരം, സാമ്പത്തിക- പരിസ്ഥിതി വിഷയങ്ങൾ എന്നിങ്ങനെ നിരവധി ഘടകങ്ങളുണ്ട്. വളരെ പുരാതന കാലങ്ങൾ തൊട്ട് ഉണ്ടായിട്ടുള്ള ജനതകളുടെ കുടിയേറ്റങ്ങൾക്ക് കാരണങ്ങളായി ചരിത്രം പറയാറുള്ളത് ഇവയൊക്കെയാണ്. ഭാവിജീവിതത്തിലെ പ്രത്യാശകളും, അത് പൂർത്തിയായി ലഭിക്കുമ്പോഴുള്ള സന്തോഷവും. ഒരുസ്ഥലത്തു നിന്ന് ഇറങ്ങി മറ്റൊരു സ്ഥലത്തേയ്ക്ക് കുടിയേറി പാർക്കുന്നതിനുള്ള അവകാശംപോലെ തന്നെ, സ്വന്തം പഴയലോകത്തേയ്ക്ക് തിരിച്ചുവന്നു പാർക്കുവാനുള്ള ഏത് അവകാശങ്ങളും ഇതിൽപ്പെടുന്നു. കുടിയേറ്റങ്ങളുടെ ചരിത്രത്തിലാകട്ടെ ഒറ്റപ്പെട്ട വ്യക്തികളോ കുടുംബങ്ങളോ മാത്രമല്ല, ഒരു പ്രദേശത്ത് വസിക്കുന്ന ജനസമൂഹം മുഴുവനുമായോ ഭാഗികമായോ നടന്നിട്ടുള്ള കുടിയേറ്റങ്ങളുടെ സംഭവങ്ങൾ ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു രാജ്യത്തെ പ്രത്യേക രാഷ്ട്രീയ കാരണം കൊണ്ട് വേറൊരു രാജ്യത്തു ചെന്ന് താമസിക്കുന്നവരെ കുടിയേറ്റക്കാർ എന്ന് വിളിക്കുന്നുണ്ട്. മനുഷ്യർ ആയിരിക്കുക, അതെങ്ങനെ സാധിക്കണം?ചുറ്റുമുള്ള സഹമനുഷ്യർക്കും പരസ്പര സഹായസേവനങ്ങൾ നൽകാൻ തയ്യാറാകണം. കുടിയേറിപ്പാർക്കുന്നവരുടെ കഷ്ടപ്പാടുകളെപ്പറ്റി അറിയണം. നിലവിലുള്ള ഇന്ത്യൻ സർക്കാരും, ആ രാജ്യം ഭരിക്കുന്നവരുടെ രാഷ്ട്രീയപ്പാർട്ടികളും, വിദേശ ഇന്ത്യാക്കാർ ജന്മനാട്ടിൽ നിന്നും നേരിടുന്ന പ്രതിസന്ധികളെപ്പറ്റിയോ അവരുടെയെല്ലാം താൽപ്പര്യങ്ങളെപ്പറ്റിയോ ഒക്കെ ചിന്തിക്കണമെങ്കിൽ, അവർ അവരുടെ തലപ്പാവ് ആദ്യം എടുത്തു മാറ്റണം. 

ഭൂഖണ്ഡങ്ങൾ തലങ്ങനേയും വിലങ്ങനെയും മനുഷ്യവംശത്തിന്റെയും മറ്റുജീവജാലങ്ങളുടെയും ദേശാന്തരഗമനങ്ങൾ   എക്കാലത്തും ഉണ്ടായിട്ടുണ്ട്. പഴയ നിയമ കാലഘട്ടത്തിലും അതിനുശേഷവും ജനതകളുടെ രാജ്യാന്തര കുടിയേറ്റങ്ങൾ ഉണ്ടായിരുന്നത് നാം വായിക്കുന്നു.  പിന്നീട് കാലത്തിന്റെ അനുയോജ്യമായ തികവിൽ വീണ്ടും അവർ ജന്മനാട്ടിലേക്ക് തിരിച്ചെത്തി. ജീവരക്ഷയെ കേന്ദ്രീകരിച്ചുള്ള കുടിയേറ്റങ്ങളുടെ ഉദാഹരണങ്ങളായിരുന്നു ഇവ. ഇപ്രകാരമല്ലാതെ മറ്റു നിരവധി കാരണങ്ങൾ മൂലം ജനങ്ങൾ മറ്റുള്ള രാജ്യങ്ങളിലേക്ക് കുടിയേറിയിരുന്ന സംഭവങ്ങൾക്ക് പ്രധാനമായ കാരണം സാമ്പത്തിക മേന്മയെ ലക്ഷ്യമാക്കിയുള്ളതായിരുന്നു. സ്വന്തം നാട്ടിലേക്ക് തിരിച്ചു വന്നവരെ കുടിയേറ്റക്കാരാണ് എന്ന് ആരും ആക്ഷേപിച്ചില്ല.   

സാമ്പത്തിക മേന്മ ലക്ഷ്യമാക്കി മദ്ധ്യയുഗ കാലഘട്ടത്തിനുശേഷം നടന്ന കുടിയേറ്റങ്ങളിൽ ഏറ്റവും പ്രസിദ്ധമായത് അമേരിക്കൻ ഭൂഖണ്ഡത്തിലേക്ക് യൂറോപ്യൻ വംശജരുടെ കുടിയേറ്റമാണ്. യുദ്ധങ്ങളും യുദ്ധഭീഷണിമൂലവും കൂടാതെ, ചില പ്രത്യേക വംശങ്ങളെ പിന്തുടരലും വിരട്ടിയോടിക്കലുകളും കാരണമായ അനേകം കുടിയേറ്റ സംഭവങ്ങളും നടന്നത് ചരിത്രത്തിലുണ്ട്. ഒരുദാഹരണം, പതിനേഴും പതിനെട്ടും നൂറ്റാണ്ടുകളിൽ ഇംഗ്ലണ്ട്, ജർമ്മനി നെതർലാൻഡ്, ഫ്രാൻസ് എന്നിങ്ങനെയുള്ള നിരവധി യൂറോപ്യൻരാജ്യങ്ങൾ ആഫ്രക്കയിലും തെക്കേഅമേരിക്കൻ രാജ്യങ്ങളിലും, ഇന്ത്യയിലും എല്ലാം കുടിയേറ്റ കോളനികളും അധികാരവും സ്ഥാപിക്കാൻ ലക്ഷക്കണക്കിന് ആളുകളെ യുദ്ധങ്ങൾ ചെയ്തു കൊലപ്പെടുത്തുകയും ചെയ്ത്‌  അധികാരം സ്ഥാപിച്ചതുമെല്ലാം ചരിത്രമായി മാറി.. രണ്ടാം ലോകമഹായുദ്ധകാലത്ത് യഹൂദവംശജരെയെല്ലാം വിരട്ടിയോടിച്ചതും  അറുപതുലക്ഷം യഹൂദവംശ ജരെ വിവിധ കോൺസെന്ട്രേഷൻ ക്യാമ്പുകളിൽ അടച്ചിട്ട് നിഷ്ടൂരമായി കൊലപ്പെടുത്തിയതും, നാസ്സികളിൽ നിന്നും രക്ഷപെട്ട് ജീവരക്ഷതേടി മറുനാടുകളിൽ അഭയം പ്രാപിച്ചതുമെല്ലാം അഡോൾഫ് ഹിറ്റലറുടെ ഭരണ കാലത്താണ്.. അതുപോലെ രണ്ടാം ലോകമഹായുദ്ധത്തിൽ അനേകം ജർമൻ ജനത ചിന്നിച്ചിതറി വേർപെടുത്തപ്പെട്ട് അമേരിക്കയിലും ഹംഗറിയിലും റഷ്യയിലും റുമേനിയയിലും നിർബന്ധിതരായി കുടിയേറേണ്ടിവന്ന കഥ വിസ്മരിക്കേണ്ടതില്ല. മറ്റൊരു അതിശയകരമായ വിവരം നമ്മുക്ക് കാണാം. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമെന്ന് വിളിക്കപ്പെടുന്ന ഇന്ത്യയിൽ നിന്നും നാലുവർഷത്തിനുള്ളിൽ (2014- മുതൽ 2018വരെ) രാഷ്ട്രീയ അഭയാർത്ഥികളായി അമേരിക്കയിൽ കുടിയേറിയവരുടെ എണ്ണം 20200- ൽ കൂടുതലാണെന്ന് ഇക്കഴിഞ്ഞ നാളിൽ അമേരിക്കൻ സർക്കാർ റിപ്പോർട്ട് പറയുന്നു. ഇന്ത്യ ഭരിക്കുന്ന ഭരണകൂടത്തിന്റെ സ്വേച്ഛാധിപത്യ കിരാതത്വം വെളിപ്പെടുത്തുന്ന സത്യഫലം..!

ലോകശ്രദ്ധയെ അത്യധികം ആകർഷിച്ച പശ്ചിമ- പൂർവ്വ ജർമ്മനികളുടെ പുന:രേകീകരണം നടന്നതിലൂടെ എന്ത് സംഭവിച്ചു? ലോകമെമ്പാടും ചിതറി കുടിയേറിപ്പാർത്തിരുന്ന എല്ലാ ജർമ്മൻ വംശജരെയും മാതൃരാജ്യത്തേയ്ക്ക് മനുഷ്യാവകാശത്തിന്റെ അത്ഭുതകരമായ മാതൃകയായി സ്വാഗതം ചെയ്തു. മാതൃരാജ്യത്തേയ്ക്ക് തിരിച്ചുവരുന്നവരുടെ വിദേശപൗരത്വം നീക്കംചെയ്ത് ജർമ്മൻ പൗരനായി ജീവിക്കുവാൻ അനുവാദം നൽകുന്ന പുതിയ നിയമം നിലവിൽ വന്നു. ലോകമഹായുദ്ധകാലത്ത് സ്വന്തം നാടുവിട്ടു പോകേണ്ടി വന്ന ജർമ്മൻ ജനതയെ മാതൃരാജ്യം ഹൃദയത്തോട് ചേർത്തു സ്വീകരിച്ചു.

ലോകജനതയുടെ കുടിയേറ്റങ്ങളുടെ വലിയ ചരിത്രം സൃഷ്ടിച്ച കാലമായി പതിനെട്ടും പത്തൊൻപതും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ കാലഘട്ടവും അറിയപ്പെടുന്നുണ്ട്. മറുനാടുകളിലേക്കുള്ള കുടിയേറ്റങ്ങൾക്ക് തുണയായത് പ്രധാനമായും കപ്പൽഗതാഗതമായിരുന്നു. യൂറോപ്യൻ വംശജർ ഇത്തരം കുടിയേറ്റങ്ങളിലൂടെ ലോകമെമ്പാടും കോളനികൾ സൃഷ്ടിച്ചു. അതോടെ വ്യാപാരമേഖലകൾ തുറന്നു. അനുബന്ധമായി അടിമത്ത സമ്പ്രദായത്തിനും ശക്തി വർദ്ധിപ്പിച്ചു. ഇന്ത്യ, ആഫ്രിക്ക, ഓസ്‌ട്രേലിയ, അമേരിക്ക, കൂടാതെ പൂർവ്വയൂറോപ്യൻ രാജ്യങ്ങൾ എന്നിങ്ങനെ നിരവധി ലോകരാജ്യങ്ങളിൽ ഇവർ ആധിപത്യം സൃഷ്ടിച്ചു. ഇവരിൽ പ്രമുഖരായ സമൂഹം ഇംഗ്ലീഷ്‌കാരും പോർട്ടുഗീസുകാരും, ജർമ്മൻകാരും, ഹോളണ്ടുകാരും, ഫ്രഞ്ചുകാരും ഒക്കെ ആയിരുന്നുവെന്നു ചരിത്രം നമ്മെ മനസ്സിലാക്കുന്നു. പതിനെട്ടാം നൂറ്റാണ്ടിൽ ജർമ്മൻ വംശജർ റഷ്യ, ഹംഗറി, ചില ആഫ്രിക്കൻ രാജ്യങ്ങളിൽ കുടിയേറ്റം നടത്തി അവിടെയെല്ലാം ആധിപത്യം സ്ഥാപിച്ചു. അതിനൊരു തെളിവ് നമുക്ക് കാണാം. ജർമ്മൻ വംശജയായിരുന്ന റഷ്യൻ സാർ ചക്രവർത്തിനി ഒരു ജർമ്മൻ വനിതയായിരുന്നു. അവർ സ്ഥാപിച്ച ജർമ്മൻ പ്രോവിൻസെന്ന് അറിയപ്പെട്ട വോൾഗാ ജർമ്മൻ റിപ്പബ്ലിക്ക് പ്രസിദ്ധമായ ഉദാഹരണമാണ്. ഇംഗ്ലീഷുകാരുടെ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലേക്കുള്ള കുടിയേറ്റവും 1845- ൽ യൂറോപ്യരുടെ അമേരിക്കൻ ഭൂഖണ്ഡത്തിലേക്കുള്ള കുടിയേറ്റങ്ങളും സ്ഥിര അധികാര കേന്ദ്രമാക്കിയ സംഭവങ്ങളും ചരിത്രത്തിൽ മഹാസംഭവങ്ങളാണ്. സ്വർണ്ണം തേടിയിറങ്ങിയ കുടിയേറ്റമെന്നും അതിനെ വിശേഷിപ്പിക്കുന്നുണ്ട്. മദ്ധ്യയുഗകാലഘട്ടം മുതൽ യൂറോപ്യൻ സമൂഹത്തിൽ രാഷ്ട്രീയപരവും മതപരവും സാമ്പത്തികവുമായ വിവിധ കാരണങ്ങളാൽ അതിശയകരമായ കൂട്ട കുടിയേറ്റങ്ങൾ ഉണ്ടായിട്ടുണ്ട്.

1947- ൽ ഇന്ത്യയിൽനിന്ന് ഇംഗ്ലീഷ്‌കാർ ഇന്ത്യയുടെമേലുള്ള ഭരണാധികാരം വിട്ടൊഴിഞ്ഞു നൽകിയതോടെ ഇന്ത്യയുടെ സാമ്പത്തിക നില ജനജീവിത നിലവാരത്തെ പ്രതികൂലമായി നേരിട്ടിരുന്നു. ഇന്ത്യയുടെ സാമ്പത്തിക നില ഇന്നും ഭദ്രമായിട്ടുണ്ടെന്നു കാണുവാനുള്ള പ്രത്യേക സാഹചര്യങ്ങൾ ഒന്നും മുന്നിൽക്കാണാനില്ല. ഇന്ത്യ സ്വാതന്ത്രമായിയെങ്കിലും, വ്യവസായികവും കാർഷികവും തൊഴിൽരംഗങ്ങളുമെല്ലാം, രാഷ്ട്രീയ ഭരണകേന്ദ്രങ്ങളുടെ പിടിപ്പ്കേട് മൂലം പിറകോട്ടടിക്കുകയാണ്. ഭരണകക്ഷികളുടെ താല്പര്യമുള്ള പ്രചാരണത്തിലൂടെ ഒരു മെച്ചപ്പെട്ട സാമ്പത്തിക ഭദ്രത കൈവരുത്തുവാൻ കഴിയുകയില്ല. വികസനം എല്ലാമേഖലകളിലും ആനുപാതകമായി വളരണം. അതുപക്ഷേ ഇന്ത്യയിലെ  രാഷ്ട്രീയ പാർട്ടികളുടെ വികലമായ സമ്പത് വികസന കാഴ്ചപ്പാടുകളെല്ലാം ജനങ്ങളുടെ ഭാവിപ്രതീക്ഷകളെ ഒന്നൊന്നായി തച്ചുടയ്ക്കുകയാണ്. രാജ്യത്തെ ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുന്നതായ അനാവശ്യ അധികനികുതികൾ ജനങ്ങളുടെ തൊഴിൽ വരുമാനത്തിനൊപ്പം ആനുപാതികമല്ല. ഭരണതലത്തിൽ പുതിയ ഓരോ രാഷ്ട്രീയ പാർട്ടികളുടെ നേതൃത്വങ്ങൾ കയറി വികലമായ സാമ്പത്തിക പരിഷ്ക്കരണങ്ങളുണ്ടാക്കി സമ്പത്‌വ്യവസ്ഥയെ തലകീഴായി തകർക്കുക്കയാണ്. ആഗോളവത്ക്കരണം ശക്തിപ്രാപിച്ചപ്പോൾ ഇന്ത്യൻ സർക്കാരിന്റെ പൊതു സാമ്പത്തിക തൊഴിൽ നയങ്ങളും അവയുടെ സാദ്ധ്യതകളും, അതിനോട് അനുബന്ധമായ സാമൂഹ്യ സ്ഥിതിവിശേഷങ്ങളും മൂലം ജനങ്ങൾക്ക് പ്രതികൂലഫലമുണ്ടായിട്ടുണ്ട്. ഇതേസമയം മറ്റ് രാജ്യങ്ങളിലെ വിവിധ മേഖലകളിലെ വളർച്ചയും, അവിടെ ലഭിക്കുന്ന പുതിയ അവസരങ്ങളും, സാദ്ധ്യതകളും മനസ്സിലാക്കി ഭാരതീയർ, മലയാളികൾ ഉൾപ്പടെയുള്ളവർ, അന്യനാടുകളിൽ പോയി ഭാവിജീവിതം മെച്ചപ്പെടുത്തുവാൻ അന്വേഷിച്ചുതുടങ്ങി. അങ്ങനെ അന്യനാടുകളിലേക്ക് ചെന്ന് പാർക്കുവാൻ കാരണമാക്കി. അന്യനാട്ടിൽ വിവിധ കാരണങ്ങളാൽ,   ഉദാഹരണം- ഓരോരോ  തൊഴിലുകൾ നേടി  കുടിയേറിയവരെ അഭിനവ  രാഷ്ട്രീയക്കാർ അവരെ എല്ലാവരെയും  "പ്രവാസികൾ" എന്ന വിളിപ്പേരിൽ വിളിച്ചുതുടങ്ങി. 

പ്രവാസി ഭാരതീയർ, അല്ലെങ്കിൽ പ്രവാസി മലയാളികൾ എന്നൊക്കെ പേര് വിളിക്കപ്പെടുന്നത് ആരെയാണ്? ഒരു ഇന്ത്യൻ പൗരൻ ഇന്ത്യയ്ക്ക് വെളിയിൽ നൂറ്റി എൺപതു ദിവസങ്ങൾക്ക് മേൽ കാലയളവിൽ തുടർച്ചയായ താമസം ഉറപ്പിച്ചാൽ, ഉദാ: തൊഴിൽപരമായ കാരണത്താൽ, അയാൾ നിയമപരമായി "നോൺ റസിഡന്റ് ഇന്ത്യൻ" എന്ന് വിളിക്കപ്പെടും. അഥവാ, ഇന്ത്യയ്ക്ക് വെളിയിൽ ഏതെങ്കിലും രാജ്യത്തു ജനിച്ചവരെയും അപ്രകാരം വിളിക്കാം. അതായത്, ഇന്ത്യയ്ക്ക് വെളിയിൽ താമസിക്കുന്ന ഇന്ത്യൻ വംശജൻ എന്നാണു ഉദ്ദേശിക്കുന്നത്. ഇന്ത്യൻ സർക്കാർ നടപ്പിലാക്കിയ പുതിയ നിയമമനുസരിച്ചു ഏതെങ്കിലും കുടിയേറ്റ രാജ്യത്തെ പൗരത്വം അനുഭവിക്കുന്ന ഇന്ത്യാക്കാരന് "പേഴ്സൺ ഓഫ് ഇന്ത്യൻ ഒറിജിൻ" എന്ന് പദവി നൽകി. ആ പദവിക്ക് വീണ്ടും ഒരു മാറ്റം വരുത്തി "ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ" (O C I) എന്നപേരിൽ പുതിയ പേര് നൽകി. മറുനാട്ടിലെ പൗരത്വം ഉള്ള ഒരു ഇന്ത്യൻ പൗരനെയാണ് A Person Of Indian Origin എന്ന് അറിയപ്പെട്ടത്. ഈ പദവി നാല് തലമുറകൾ വരെ കൈവശം അനുഭവിക്കാമെന്ന് നിയമം അനുശാസിക്കുന്നു.

മുൻകാലകണക്കുകൾ പ്രകാരം ലോകമൊട്ടാകെ ഏതാണ്ട് 30 മില്യൺ P I O- യും (നോൺ റസിഡന്റ് ഇന്ത്യൻ) ഉണ്ടെന്നു കണക്കാക്കപ്പെടുന്നു. ഏഷ്യയിൽ 9800000, ആഫ്രിക്കയിൽ ശരാശരി 2800000, യൂറോപ്പ് ഏതാണ്ട് 1768850, മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ 4200000, നോർത്ത് അമേരിക്ക 4500000, സൗത്ത് അമേരിക്ക- 510000, ഫിജി, ആസ്‌ട്രേലിയ, ന്യുസിലാൻഡ്, തുടങ്ങിയ രാജ്യങ്ങളിൽ 600000 ഇന്ത്യാക്കാർ ഉണ്ടെന്നു ഏകദേശം കണക്കാക്കപ്പെടുന്നു. ഈ കണക്കുകൾ ഒരു നാലുവർഷങ്ങൾക്ക് മുമ്പുള്ള സ്ഥിതിവിവരക്കണക്കാണ്. കൂടുതൽ ആളുകൾ പിന്നീടുള്ള വർഷങ്ങളിൽ വർദ്ധിച്ചുവെന്നു വേണം കരുതാൻ. 2006-ൽ ഇന്ത്യാഗവണ്മന്റ് പ്രവാസി ഭാരതീയർക്കായി മാതൃരാജ്യത്തിന്റെ അവകാശങ്ങളുടെ ഉറപ്പിനായിട്ട് ഡ്യുവൽ സിറ്റിസൺഷിപ്പിനു സാദൃശ്യം തോന്നിക്കത്തക്ക രീതിയിൽ "ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ" (O. C. I) എന്ന സ്റ്റാറ്റസ് അനുവദിച്ചിട്ടുണ്ട്. ഇതിനെ പ്രവാസി ഭാരതീയരുടെ വംശീയത സ്ഥിരീകരിക്കുന്നതിനും, പ്രായോഗികമായി ഇന്റഗ്രേഷൻ പരിഗണനയ്ക്കും ലഭിച്ച ഒരു അംഗീകാരം എന്ന് പറയാം. വിദേശപൗരത്വം നേടിയിട്ടുള്ളവർക്ക് "പേഴ്സൺ ഓഫ് ഇന്ത്യൻ ഒറിജിൻ" എന്ന പദവി ലഭിക്കും. ഇതുവഴി പതിനഞ്ച് വർഷങ്ങൾ കാലപരിധിയില്ലാതെ ഇന്ത്യയിൽ പ്രവേശിക്കാനുള്ള "വിസ" എന്നതാണ് അർത്ഥമാക്കുന്നത്. ഈയൊരു കാർഡ് ലഭിക്കുന്നതിന് വേണ്ടി വിദേശപൗരത്വം ലഭിച്ച ഒരു ഇന്ത്യാക്കാരൻ ഏതാണ്ട് പതിനയ്യായിരം രൂപ ഫീസ് ഇനത്തിൽ അതാത് എംബസികളിൽ നൽകണം. അതുപോലെതന്നെ ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ ( O C I) ലഭിച്ചിട്ടുള്ളവർ, അതായത്, P I O കാർഡുള്ളവർ, 1500 രൂപ ഫീസിനത്തിൽ നൽകണം. ഇപ്രകാരം ലഭിക്കുന്ന ആനുകൂല്യം കൊണ്ട് ഇന്ത്യയിൽ ആയുഷ്‌ക്കാല വിസയുടെ പ്രയോജനം ലഭിക്കുന്നു. അവർക്കാകട്ടെ ഒരു ഇന്ത്യൻ പൗരന് ലഭിക്കുന്ന അവകാശങ്ങൾ എല്ലാം ലഭിക്കുകയില്ല. ജീവിതം സാദ്ധ്യമാക്കാൻ ഒരു തൊഴിൽ നൽകാൻ കഴിയാത്ത ഇന്ത്യൻ സർക്കാർ ഭാരതീയരോട് ചെയ്യുന്ന കടുത്ത അനീതി! ഒരു വോട്ടവകാശംപോലുമില്ല. ഭാവിജീവിതം എളുപ്പമാക്കാൻ ഒരു തൊഴിൽതേടി മറുരാജ്യത്തേയ്ക്ക് മാതൃരാജ്യം വിട്ടുപോയി എന്ന ഒരു തെറ്റ് മാത്രമേ ഉള്ളൂ. പ്രവാസികളായിത്തീർന്ന ഇന്ത്യൻ പൗരന്മാരുടെ സ്വത്തിനും ഭവനത്തിനും തക്കതായ സംരക്ഷണവും സർക്കാർ നൽകുന്നില്ല. അതേസമയം പ്രവാസി ജോലി ചെയ്തുണ്ടാക്കുന്ന പണനിക്ഷേപം ഇന്ത്യൻസർക്കാർ ആവശ്യപ്പെടുന്നു. ഇവയൊന്നും പ്രവാസിഭാരതീയരുടെ ആവശ്യങ്ങൾക്ക് ഒരു പരിഹാരമല്ല.

ഇന്ത്യയുടെ അനേകം വികസനപ്രവർത്തനങ്ങളിൽ പ്രവാസി ഭാരതീയർ മികച്ച സംഭാവനകൾ നൽകിയിട്ടുണ്ട്. ഇതിൽ പ്രവാസിമലയാളികളുടെ പങ്കു ഇവിടെ പ്രത്യേകം പറയേണ്ടതുണ്ട്. എന്നാൽ പ്രവാസികളുടെ നേർക്ക് അവരുടെ ജീവിതപ്രശ്നങ്ങളിൽ നൽകേണ്ടതായ ശ്രദ്ധയും മാനുഷികമായ പരിഗണനയും നൽകുന്നതിന് ഇന്ത്യ പരാജയപ്പെട്ടു. ഇന്ത്യയിലെ രാഷ്ട്രീയ നേതൃത്വവും ഭരണനേതൃത്വവും കൂടെക്കൂടെ ആഹ്വാനം ചെയ്യുന്നതാകട്ടെ പ്രവാസി ഇന്ത്യാക്കാർ ഇന്ത്യയിൽ നിക്ഷേപം വർദ്ധിപ്പിക്കണമെന്ന് മാത്രം ആഹ്വാനം ചെയ്യുകയാണ്. പ്രവാസി ഭാരതീയരുടെ സമൂഹ താൽപ്പര്യങ്ങളും ക്ഷേമപ്രവർത്തനങ്ങളും ആവശ്യമായ റീ ഇന്റഗ്രേഷൻ നടപടിക്രമങ്ങളും എല്ലാം സർക്കാരിനും രാഷ്ട്രീയകക്ഷികൾക്കും എക്കാലവും അവസാന കാര്യമായി കണക്കാക്കുന്നു. പ്രവാസി ഇന്ത്യക്കാരുടെ ഇന്ത്യയിൽ ഉള്ള സ്വന്തം വീടുകളോ മറ്റു പ്രോപ്പർട്ടികളോ വിൽക്കണമെങ്കിൽ സർക്കാരിന് സ്ഥലത്തിന് ലഭിച്ച വിലയുടെ വലിയ ശതമാനം നികുതിയിനത്തിൽ സർക്കാരിന് നല്കണം. ഒരു ജനാധിപത്യ രാജ്യമെന്ന കപടപേരിൽ സൃഷ്ടിച്ച നിയമം ജനദ്രോഹപരമായ നടപടികൾക്ക് ഉപയോഗിക്കുന്നു. 

പ്രവാസി മലയാളികൾ മാത്രം പ്രതിവർഷം അനേക കോടി രൂപയുടെ വൻ നിക്ഷേപങ്ങൾ ഇന്ത്യയിലേയ്ക്ക് നടത്തുന്നുണ്ട് എന്ന് റിപ്പോർട്ടു ചെയ്യുന്നു. അതേസമയം ഇന്ത്യയിലെ ചില പണക്കാർ അനേകകോടി രൂപയുടെ വിദേശ നാണ്യം വിദേശങ്ങളിൽ നിക്ഷേപം ചെയ്യുന്നുണ്ട്. അവരിൽ മന്ത്രിമാരും പാർലമെന്റ് അംഗങ്ങളും ഉൾപ്പെടുന്നു. പ്രവാസി മലയാളികൾ ശരാശരി 40000 കോടി രൂപയുടെ നിക്ഷേപം ഇന്ത്യൻ ബാങ്കുകളിൽ നടത്തുന്നതായി സ്ഥിതിവിവരക്കണക്കുകൾ ചൂണ്ടിക്കാണിക്കുന്നു. ഇവയെല്ലാം പ്രൈവറ്റ് ബാങ്ക് നിക്ഷേപങ്ങളാണ്; സർക്കാർ മേഖലകളിലെ ബാങ്ക് നിക്ഷേപങ്ങൾ ഇതുവരെ പുറത്തു വിട്ടിട്ടില്ല. ഇത്തരം നിക്ഷേപങ്ങൾ രാജ്യത്തിന്റെ പൊതു സാമ്പത്തിക ഘടനയെ ശക്തമായി ഉറപ്പാക്കുന്ന മെഗാ പിന്തുണയാണെന്ന് ഭരണ- രാഷ്ട്രീയ നേതൃത്വങ്ങൾ സമ്മതിക്കുമോ? അവരുടെ കാഴ്ചപ്പാടിൽ ഇത്തരം വൻ നിക്ഷേപങ്ങളാണെങ്കിലും കേരളത്തിലെ ഒരു ഏതെങ്കിലും ഒരു കുടുംബസദ്യക്ക് ആദ്യം ഉപ്പു വിളമ്പുന്ന പ്രാധാന്യമേ നൽകുകയുള്ളൂ.

 1965- ൽ കേരളത്തിൽ നിന്ന് ജർമ്മനിയിലെ 
ഹൈഡൽബെർഗിലെത്തിയ 
മലയാളി പെൺകുട്ടികളെ യൂണിവേഴ്സിറ്റി
 ഹോസ്പിറ്റൽ ഡയറക്ടർ 
ശ്രീ. ഏർണസ്റ്റ് സ്വീകരിക്കുന്നു.
1960 കളുടെ ഒരു കാലഘട്ടത്തിൽ കേരളത്തിൽ നിന്ന് ധീരശാലിക ളായ കുറെ പെൺകുട്ടികൾ മാത്രം ജർമ്മനിയിലേക്ക് ഭാവി ജീവിത മാർഗ്ഗത്തിനു തൊഴിൽതേടിയുള്ള കുടിയേറ്റമുണ്ടായി. അതിനുമുമ്പ് മറ്റൊരു രാജ്യത്തിൽ നിന്നുള്ള പെൺകുട്ടികളുടെ കുടിയേറ്റങ്ങ ളുടെ ചരിത്രം ഉണ്ടായിട്ടില്ല. ഇത് തന്നെ ചരിത്രപരമായ അത്ഭുത യാഥാർത്ഥ്യമാണ്. കേരളത്തിൽ പൊതുസാമ്പത്തിക- തൊഴിൽ മേഖലകൾ തകർന്നടിഞ്ഞ ഒരു കാലത്തു കേരളത്തിലെ അനേകം കുടുംബങ്ങൾക്ക് പെൺകുട്ടികൾ നെടുംതൂണുകളായി അന്നവർ  നിലകൊണ്ടത്, ജന്മ നാടിനെയും നാട്ടാരെയും തങ്ങളുടെ സ്വന്തം മാതാപിതാക്കളെയും വരെ വിട്ടുമാറി അന്യ ദേശവും ഭാഷയും നോക്കാതെയുള്ള പ്രവാസ സാഹസ ജീവിതം അവർ അനുഭവിച്ചത് കൊണ്ടു മാത്രമായിരുന്നു. ഓരോ തലമുറകളുടെ വിടവുകളും അകലവും നോക്കാതെ സ്വന്തം സംസ്കാരവും ജീവിതരീതിയും തങ്ങളുടെ മാതൃരാജ്യത്തിന്റേതാക്കി ഭാവി സ്വപ്നം കണ്ടു തൊഴിൽ ചെയ്തു ജീവിച്ചിരുന്ന ആ തലമുറയുടെ കഥകൾ ആര് ശ്രദ്ധിക്കുന്നു? അവരാണ്, ഇപ്പോൾ സ്വന്തം മാതൃ നാടിന്റെ ഭരണകർത്താക്കളാൽ എന്നും പ്രവാസിമലയാളികൾ എന്ന് വിളിക്കപ്പെട്ടു സ്വന്തം നാട്ടിൽ, പിറന്നുവീണ മണ്ണിന്റെ അർഹതപ്പെട്ടതായ യാതൊരു അവകാശങ്ങളൊന്നും  ലഭിക്കാത്ത വെറും അപരിചിതരായ ചില സന്ദർശകരാക്കി മാറ്റപ്പെട്ടത്. ഇവർ സ്വന്തം മാതൃനാട്ടിലെത്തുമ്പോൾ ഓരോ പരിചിതർപോലും ആദ്യം ചോദിക്കുന്നത്," എന്ന് വന്നു?, ഇനി എന്ന് എപ്പോൾ തിരിച്ചു പോകും? ഹൃദയം തകരുന്ന ചോദ്യശരങ്ങൾ ഏറ്റുവാങ്ങുന്ന ഇവർ പ്രവാസികളായി തരംതാഴ്ത്തപ്പെട്ട അപരിചിതരായ ഒരുകൂട്ടം പ്രവാസികൾ! ഓരോ ഭാരതീയനും പ്രവാസിയായതിലൂടെ അവരുടെ മാതൃരാജ്യത്തിന്റെ അവകാശങ്ങൾ നിഷേധിക്കപ്പെടുന്നു. പൗരത്വമില്ല, വോട്ടവകാശമില്ല. അത് പക്ഷേ രാജ്യദ്രോഹികളായി ഇന്ത്യയുടെ രാഷ്ട്രീയ ഭരണതലത്തിലിരുന്നു പ്രവർത്തിക്കുന്നവർക്ക് എല്ലാവിധ അവകാശങ്ങളും ആസ്വദിക്കാം.

 യേശുവും മാതാവും യൗസേപ്പ്പിതാവും 
ഈജിപ്തിലേക്ക് പാലായനം ചെയ്യുന്നു  
നിലവിലുള്ള സാമൂഹികവും നവ രാഷ്ട്രീയ സംവിധാനങ്ങൾക്കും, രാജ്യങ്ങളുടെ ഭരണഘടനയ്ക്കും, ജനങ്ങളുടെ മൗലീകാവകാശ നിബന്ധനകൾക്കും, ഭരണഘടന അടിസ്ഥാനപ്പെടുത്തിയുള്ള ഉറപ്പും അവയുടെ നിയമപരമായ സംവിധാനത്തിനും   അതാത് കാലത്തിനനുസരണമായ മാറ്റങ്ങൾ ഉണ്ടാകേണ്ടത് അനിവാര്യമാണ്. പക്ഷെ യേശുവിന്റെ ജനന കാലം. അക്കാലത്തെ അതിക്രൂരനായ ചക്രവർത്തി       ഹേറോദേസിന്റെ
ഭരണകാലത്ത് യേശുവിന്റെ ജീവൻ അപകടപ്പെടുമെന്നു മനസ്സിലാക്കിയ യൗസേപ്പ് പിതാവും മാതാവും നസ്റത്തിൽ നിന്നും ഈജിപ്തിലേക്ക് ഒളിച്ചോടി പോകേണ്ടിവന്നു. യാത്രയ്ക്ക് വിമാന സൗകര്യമോ കപ്പലുകളോ ഒന്നും ഇല്ലായിരുന്നു. യൗവുസേപ്പ് പിതാവ് ഈജിപ്ത് വരെ  നടന്നും, മാതാവും ഈശോയും ഒരു കഴുതപ്പുറത്ത് ഇരുന്നുമാണ് പാലായനം ചെയ്തതെന്ന് ബൈബിൾ വെളിപ്പെടുത്തുന്നു. പക്ഷെ മൂന്നര വർഷങ്ങൾക്ക് ശേഷം വീണ്ടും നസ്‌റത്തിലേയ്ക്ക് തിരിച്ചെത്തി. ഇത്  ബൈബിളിൽ നാം വായിക്കുന്നു. മറ്റൊന്ന്, പഴയനിയമത്തിൽ മോശയുടെ ജീവിതം, ഇസ്രായേൽ ജനങ്ങളുടെ യാതനകളും, മോശയുടെ പത്തു പ്രമാണങ്ങളുടെ ഉറവിടത്തിന് പ്രേരകകാരണങ്ങളും അവയെപ്പറ്റിയുള്ള കഥയും  പാലായനങ്ങളുടെ ഓരോ കഥകളും നാം വായിക്കുന്നു. കാലങ്ങളുടെ തികവിൽ ഇസ്രായേലികളെല്ലാം വീണ്ടും മാതൃരാജ്യത്ത് വന്നുചേർന്ന പ്രസിദ്ധ ചരിത്രവും നാം  വായിക്കുന്നു.

രണ്ടാം ലോകമഹായുദ്ധത്തിൽ നാടുവിട്ടോടിയവർ വീണ്ടും ജർമനിയിൽ തിരിച്ചെത്തി. അവരുടെ മാതൃഭൂമി അവരെ പ്രവാസികളായി കണ്ടിരുന്നില്ല. പാലായനങ്ങൾക്ക് പ്രധാനമായ കാരണങ്ങൾ ഭരണാധികാരികളിൽ നിന്നുള്ള അവഗണനകളും അടിച്ചമർത്തലുകളും അതുമൂലം ജനങ്ങളിൽ ഭാവിയുടെ ഭീഷണി നേരിട്ടതിനാലുമാണ്. ജനങ്ങൾക്ക് വേണ്ടി ജനപ്രതിനിധി ആയവർ ജനങ്ങളെയല്ല, സ്വന്തം കാര്യങ്ങൾക്കായി മാത്രം പ്രവർത്തിച്ചിരുന്ന ഭീകര അനുഭവങ്ങളാണ് എക്കാലവും അവരിൽനിന്നും ഇന്നും നാം കാണുന്നത്. ജനാധിപത്യ കേരളത്തിലെ രാഷ്ട്രീയപാർട്ടികളുടെ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ ഇപ്രകാരമുള്ള ജനവിരുദ്ധനടപടികൾ ചെയ്യുന്നതിൽ പ്രമുഖരാണ്.

കേരളത്തിൽനിന്നും മറുനാടുകളിൽ കുടിയേറി ജോലിചെയ്തവർ ഭാവിയിൽ സ്വന്തനാട്ടിൽ വന്നു ജീവിക്കണമെന്ന് വിചാരിച്ചു പണം മിച്ചംവരുത്തിയിട്ട് അവരുടെ ജന്മനാട്ടിൽ നിക്ഷേപിച്ചു. പക്ഷെ അതിന്റെ പ്രയോജനം ലഭിച്ചത് സഹോദരങ്ങൾക്കും ബന്ധുക്കൾക്കും ആയിരുന്നു. പ്രവാസി മലയാളികൾ സമ്പാദിച്ച സ്വത്തുക്കൾ അനുഭവിക്കാൻ യോഗമില്ലാത്തവർ അനവധിയാണ്. അവർ അറിയാതെ സ്വത്തുക്കൾ മറ്റുള്ളവരുടെ പേരിലായിപ്പോയ അനവധി കേസ്സുകൾ കോടതികളിൽ ഉണ്ട്. ഇങ്ങനെ മറുനാട്ടിൽ കഷ്ടപ്പെട്ട് ജീവിച്ച ഒരു വ്യക്തിയുടെ ജീവിതപ്രതീക്ഷകൾ ഇപ്രകാരം തകർക്കപ്പെടുകയാണ്. ഇത് മലയാളികളുടെ മനഃസാക്ഷിയുടെ തകർച്ചയുടെ വലിയ ഉദാഹരണമാണ്. ഇത്തരം തിക്താനുഭവങ്ങൾ മൂലം കേരളത്തിലെ ജീവിതത്തെ ഭയപ്പെടുന്ന നിരാശരായ പ്രവാസിമലയാളികൾ ജോലിസംബന്ധമായിട്ട് കുടിയേറിയ ആ രാജ്യങ്ങളിൽ തുടന്നും ജീവിക്കാൻ പ്രേരിതമായിക്കൊണ്ടിരിക്കുന്നു.

വിവിധ കാരണങ്ങളാൽ മാതൃരാജ്യത്തുനിന്നും സ്വജനങ്ങളിൽ നിന്നുമെല്ലാം വിട്ടുമാറി അന്യനാടുകളിലേക്ക് ചിതറിപ്പോയ ജനതകളുടെ കൂടിച്ചേരൽ അനിവാര്യമാണെന്നും ശരിയാണെന്നും ഈ അനുഭവങ്ങളെല്ലാം ഉറപ്പിച്ചു ശരിവയ്ക്കുന്നു. അതുപക്ഷേ, സ്വതന്ത്ര ഇന്ത്യയെന്നും ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമാണെന്നും സ്വയം പുകഴ്ത്തുന്ന ഇന്ത്യയിൽ നിന്നും ഭാവിജീവിതം ഭദ്രമാക്കാൻ പുറത്തുപോയിയെന്ന ഒറ്റക്കാരണത്താൽ അവർ ഇന്ത്യൻ ഭരണകർത്താക്കളുടെ കണ്ണിൽ അന്യരായിത്തീർന്നു. പ്രവാസികൾ എന്ന അവഹേളനയുടെ പദവി അവർക്ക് ലഭിച്ചു. അവർ വീണ്ടും തിരിച്ചു മാതൃരാജ്യത്തുവന്നാലും ഇന്ത്യൻപൗരനുള്ള അവകാശങ്ങൾ ലഭിക്കുന്നില്ല. ഒഴുകിയിറങ്ങിപ്പോയ കടൽത്തിരകൾ തങ്ങളുടെ പ്രിയ തീരങ്ങളെത്തേടി വീണ്ടും വന്നു ആലിംഗനം ചെയ്യുമെന്നത് പ്രകൃതിനിയമം തന്നെയാണല്ലോ. പക്ഷെ, പ്രവാസികളായിത്തീർന്നവരുടെ സ്വപ്നങ്ങൾ തകർക്കപ്പെടുന്ന സാഹചര്യത്തിൽ അവർ വീണ്ടും മാതൃരാജ്യത്തേയ്ക്ക് വന്നു ജീവിക്കുവാൻ ധൈര്യപ്പെടുന്നില്ല. ഒരു ഇന്ത്യൻ പൗരനായി ജനിച്ച തങ്ങൾക്ക് അർഹതയുള്ള ലഭിക്കേണ്ടുന്ന അംഗീകാരവും മാനുഷിക അവകാശങ്ങളും ഇന്നല്ലെങ്കിൽ നാളെയോ ആകട്ടെ തിരിച്ചെത്തുമ്പോൾ മാനുഷികമായി എന്തിനു അവർക്ക് വിലക്കപ്പെടണം.? ലോകം മുഴുവൻ മാതൃകയായിട്ട് ജീവിക്കുന്ന സ്വതന്ത്ര ഭാരതത്തിന്റെ പ്രതിപുരുഷന്മാരായിരിക്കുന്നവർക്ക്, ജനിച്ചനാട്ടിൽ- അതെ-അംഗീകരിക്കപ്പെടാത്ത വെറും പ്രവാസി മലയാളികളായി മുദ്രകുത്തിയിട്ട് അതെ, പ്രവാസിഭാരതീയർ എന്ന പേരുള്ളവരാക്കി മാറ്റിയത് ഇന്ത്യയുടെ രാഷ്ട്രീയ പാർട്ടികളുടെ പ്രവർത്തകരാണ്, ഭരണകർത്താക്കളാണ്. !! //-
-----------------------------------------------------------------------------------------------------
www.dhruwadeepti.com
    

 Browse and share: dhruwadeepti.blogspot.com 

 ഈ  ബ്ളോഗില്‍ പ്രസിദ്ധീകരിക്കുന്ന  അഭിപ്രായങ്ങളുടെയും  ഉത്തരവാദിത്തം അതെഴുതുന്ന  വ്യക്തികള്‍ക്കു മാത്രമായിരിക്കും. സഭ്യമല്ലാത്ത ഭാഷയും  അപകീര്‍ത്തിപ്പെടുത്തുന്ന പദപ്രയോഗങ്ങളും ഒഴിവാക്കുക-

     

ധൃവദീപ്തി  ഓണ്‍ലൈൻ
 
Dhruwadeepti.blogspot.de 
 
for up-to-dates and FW. link Send Article, comments and write ups to :
  DHRUWADEEPTI ONLINE LITERATURE.
Published from Heidelberg, Germany,   in accordance with the European charter on freedom of opinion and press. 
DISCLAIMER:  Articles published in this online magazine are exclusively the views of the authors. 
Neither the editor nor the publisher are responsible or liable for the contents,  objectives or opinions of the articles in any form."
FACE BOOK:  GEORGE Kuttikattu    MOB. + oo49 170 5957371

Keine Kommentare:

Kommentar veröffentlichen

Hinweis: Nur ein Mitglied dieses Blogs kann Kommentare posten.