Freitag, 23. November 2018

ധ്രുവദീപ്തി: // Panorama // ആഗോളവത്ക്കരണവും ലോകരാജ്യങ്ങളുടെ ഭദ്രതയും. George Kuttikattu


ധ്രുവദീപ്തി: // Panorama //


ആഗോളവത്ക്കരണവും ലോകരാജ്യങ്ങളുടെ 
ഭദ്രതയും.

George Kuttikattu

ആഗോളവത്ക്കരണത്തിൽ ഉയർന്നുപൊങ്ങിയ സമ്പത് വ്യവസ്ഥയിലുണ്ടായ കുറവുകളും നഷ്ടങ്ങളും, അതിനോട് ബന്ധപ്പെട്ട മറ്റു വ്യത്യസ്തപ്പെട്ട നിരവധി പ്രതിസന്ധികളുമൊക്കെ ആഗോളവത്ക്കരണ പ്രക്രിയയെ സഹായിക്കുന്ന ഘടകങ്ങൾ അല്ല. അന്തർദ്ദേശീയ വ്യാപാരവിപണിരംഗത്തെ ആന്തരികവും, ബാഹ്യവുമായും വിവിധതരത്തിലുള്ള സ്വാധീനങ്ങൾ സ്വാഭാവികമായിട്ട് എന്നും ഉണ്ടായിരുന്നു. അതോടൊപ്പം ബന്ധപ്പെട്ടു കിടക്കുന്ന ആധുനികവും വളരെ മെച്ചപ്പെട്ട വിനിമയ സാദ്ധ്യതകൾപോലെ പ്രത്യേകിച്ച് നൂതന ശാസ്ത്ര സാങ്കേതിക മണ്ഡലങ്ങളിൽ പ്രവർത്തിക്കുന്നവരിൽ ഉറച്ച കാഴ്ചപ്പാടുകളും അത്ഭുതകരമായ മാറ്റങ്ങളുടെ പുതിയ മാനങ്ങളും ഉണ്ടായി വന്നത് ആഗോള വത്ക്കരണ പ്രക്രിയയെ ധ്വരിതപ്പെടുത്തുവാൻ സഹായകമായി . യൂറോപ്യൻ രാജ്യങ്ങളിലാണ് അത്ഭുതകരമായ സാമ്പത്തിക വളർച്ചയിലെ മാറ്റങ്ങളുടെ വെളിച്ചം ആദ്യം പ്രത്യക്ഷപ്പെട്ടതെന്ന് ചൂണ്ടിക്കാണിക്കുവാൻ കഴിയും.

ഇതേപ്പറ്റി ചിന്തിക്കുമ്പോൾ അനേകം ചോദ്യങ്ങൾ ഉയരുന്നുണ്ട്. എപ്പോൾ മുതലാണ് ഈ ആഗോളവത്ക്കരണത്തിന്റെ നൂതന വളർച്ചയുടെമേലുള്ള സ്വാധീനം അന്തർദ്ദേശീയതലത്തിൽ ഇത്ര പെട്ടെന്നുള്ള ശക്തി പ്രാപിച്ചത്? മനുഷ്യകുലത്തിന്റെ ഉത്ഭവം മുതൽ നിലനിൽക്കുന്ന ഭാവിയെപ്പറ്റിയുള്ള പ്രതീക്ഷയുടെ പ്രതിഭാസമായിരുന്നല്ലോ ജനതകൾക്കിടയിൽ എക്കാലവും സംഭവിച്ചുകൊണ്ടിരുന്ന എല്ലാ പുറപ്പാടുകളും കുടിയേറ്റങ്ങളും ജനതയുടെ കൂടിച്ചേരലുകളും ? ഇങ്ങനെയുള്ള ഓരോ കുടിയേറ്റങ്ങളുടെ പിന്നിലുണ്ടായ പ്രേരകകാരണങ്ങൾ എന്തായിരുന്നു? അത്തരം കുടിയേറ്റങ്ങളും മനുഷ്യന്റെ ജീവിതശൈലിയിൽ വന്നെത്തിയ പുതിയ മാറ്റങ്ങളും സാമ്പത്തികകമ്പോള വികസനത്തിന്റെ ആധുനിക തത്വശാസ്ത്ര അനുബന്ധമായി സാമൂഹിക ജീവിതം കൂടുതൽ എളുപ്പമായിത്തീരുകയും ചെയ്ത ചരിത്ര സംഭവങ്ങളെല്ലാം ഇന്നത്തെ മനുഷ്യസമൂഹത്തിന് അനുഭവസമ്പത്തായി മാറി.

ആഗോളവത്ക്കരണം എന്ന് പറയുന്നതുതന്നെ, ഇന്നത്തെ ലോകരാജ്യങ്ങളിൽ കാണപ്പെടുന്ന എല്ലാ പ്രവർത്തനമേഖലകളും - സാംസ്കാരികം, സാമൂഹികം തൊഴിൽ, പരിസ്ഥിതി, വിനിമയ മേഖല എന്നിങ്ങനെ ഏതുവിധത്തിലുമുള്ള കാര്യങ്ങളെല്ലാം തന്നെ ഏതോ  വ്യക്തിപരമോ സ്ഥാപനങ്ങൾ മുഖേനയോ രാജ്യങ്ങൾ തമ്മിൽ തമ്മിലോ പരസ്പരം ബന്ധപ്പെട്ടിട്ടുള്ള വിശാലമായ പ്രക്രിയയാണല്ലോ. ഇവയിൽ ഏറ്റവും ബാഹ്യമായി കാണാൻ കഴിയുന്നത് സാങ്കേതിക വിദ്യയും അനുബന്ധമായ ഡിജിറ്റൽ റവല്യൂഷനും ആണല്ലോ. പ്രത്യേകമായി വാർത്താവിനിമയം, ഗതാഗത സ്വാതന്ത്ര്യം, സാങ്കേതിക മാദ്ധ്യമ സൗകര്യങ്ങൾ എല്ലാം ലോക വ്യാപാര മേഖലയിൽ സ്വതന്ത്രമായ അന്തർദ്ദേശീയ കാഴ്ചപ്പാടിന് പ്രത്യേക രൂപം കൊള്ളാനിടയാക്കിയെന്നാണു മനസ്സിലാക്കാൻ കഴിയുന്നത്.

സാമ്പത്തിക ശാസ്ത്രത്തിലെ "ആഗോളവത്ക്കരണം" എന്ന ആ സാങ്കേതിക പദത്തിന്റെ ഉറവിടംതന്നെ ജർമ്മനിയിലെ നാസ്സി ആധിപത്യത്തിൽ നിന്നും ഒളിച്ചോടി രക്ഷപെട്ട് ഇൻഗ്ലണ്ടിൽ കുടിയേറിയ ഒരു യഹൂദ വംശനായ ഒരു സാമ്പത്തികശാസ്ത്ര പണ്ഡിതന്റെ തിയറിയാണ്. ഹാർവാർഡ് ബിസ്സിനസ് സ്‌കൂളിലെ അദ്ധ്യാപകനും സാമ്പത്തിക ശാസ്ത്ര പണ്ഡിതനായിരുന്ന പ്രൊ. തിയോഡോർ ലവിറ്റിൽ ആണ് ആഗോളവത്ക്കരണ പദത്തിന്റെ പേരിന് തന്നെ കാരണഭൂതൻ എന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. ഇദ്ദേഹത്തിന് മുൻപ് 1944- ൽ ഇത്തരമൊരു പദപ്രയോഗം ഉണ്ടായിരുന്നതായി ന്യൂയോർക്ക് ടൈംസ് അവകാശപ്പെടുന്നുണ്ടെങ്കിലും, ഈ പേരിന് അതിനുശേഷം 1961- ൽ പ്രചാരത്തിലായ  ഇംഗ്ലീഷ്  ഭാഷാ നിഘണ്ടുവിൽ "ഗ്ലോബലൈസേഷൻ" എന്ന പദപ്രയോഗം ചേർത്തിരുന്നു. എന്നാൽ 1983- ൽ പ്രൊഫ. തിയോഡോർ ലെവിറ്റ് പ്രസിദ്ധപ്പെടുത്തിയ "ഗ്ലോബലൈസേഷൻ ഓഫ് മാർക്കറ്റ്" എന്ന ലേഖനം "ആഗോളവത്ക്കരണം" എന്ന പദപ്രയോഗത്തിന് വ്യാപകമായ ലോകപ്രചാരം ഉണ്ടാക്കിയിരുന്നു.

പത്തൊൻപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽത്തന്നെ ആഗോളവത്ക്കരണ പ്രക്രിയയും സമാന്തരകാലത്ത് കമ്മ്യുണിസവും സോഷ്യലിസവും തമ്മിൽ നടന്നിരുന്ന മത്സരങ്ങളുമെല്ലാം യൂറോപ്പിന്റെ സാമൂഹിക സാമ്പത്തിക വ്യവസ്ഥിതിയിൽ ശക്തമായി പ്രതിഫലിപ്പിക്കുന്ന വെല്ലുവിളിയായിരുന്നു. എന്നാൽ ആഗോളവത്ക്കരണത്തിന്റെ ഗതിവിഗതികൾ അന്തർദ്ദേശീയ വ്യാപാരമേഖലയുടെ ദിശയിലെത്തിയതോടെ ഒരു ലോകകമ്പോളവേദി നിലവിൽ വന്നതും എല്ലാം അതുമൂലം വ്യവസായവത്ക്കരണത്തിനുള്ള മുന്തിയ സാദ്ധ്യതകളും അതിശയകരമായ ശാസ്ത്രസാങ്കേതിക വളർച്ചയ്ക്ക് കാരണവുമായി. ഇത് രാജ്യങ്ങളുടെ സാമ്പത്തിക വളർച്ചയെ സഹായിക്കുക മാത്രമല്ല ജനങ്ങളുടെ സാമ്പത്തിക സുരക്ഷയുടെ സമാന്തര ആവശ്യങ്ങൾക്ക് സഹായകമായിത്തീർന്നുവെന്ന് കാണാം.

അങ്ങനെ സമ്പത് ഘടനയുടെ ആഗോളവത്ക്കരണം സാദ്ധ്യമാകുന്നത് ഉറച്ച അടിസ്ഥാനമുള്ള സ്ഥിതിവിവരങ്ങളെ ആധാരമാക്കിയാണെന്നു കാണാം. അവയിതാണ്, ലോകവ്യാപാരമേഖലയുടെ വളർച്ച, സ്വദേശ-വിദേശ പൊതു നിക്ഷേപങ്ങളുടെ വളർച്ച, ആഗോളതലത്തിലുള്ള വ്യവസായ സഹകരണ പ്രക്രിയകൾ, ഓരോരോ കമ്പനികളുടെയും വ്യവസായങ്ങളുടെയും വളർച്ച, അതിനുവേണ്ടതായിട്ടുള്ള രാജ്യങ്ങളുടെ പങ്കാളിത്തം, ഇവ പ്രധാന ഘടകം തന്നെയാണ്. അതുപോലെ സാമ്പത്തിക കമ്പോളത്തിലെ ആഗോള വ്യാപാര സാദ്ധ്യതകൾ, ഇവയെല്ലാം മുന്നിൽക്കാണുന്ന ആഗോളവത്ക്കരണത്തിനു പ്രാധാന്യമർഹിക്കുന്ന ഘടകങ്ങളാണ്.

യൂറോപ്യൻ രാജ്യങ്ങളിൽ എല്ലാ മേഖലകളിലും ആഗോളവത്ക്കരണതത്വം ശക്തമായി സ്വാധീനം ആർജിച്ചതും സമ്പത്ഘടനയിൽ മാറ്റത്തിന്റെ ഏതോ ശക്തിയേറിയ ചലനങ്ങൾ ഉണ്ടായതും രാജ്യങ്ങളുടെ അതിർത്തിവരമ്പുകളെ മറികടന്നുള്ള മനുഷ്യസമൂഹത്തിന്റെ കുടിയേറ്റങ്ങളുടെ പുതിയ ചരിത്രം സൃഷ്ടിച്ചു. അതിനു കാരണമായ യാഥാർത്ഥ്യങ്ങളെന്തായിരുന്നു? വ്യത്യസ്ത കാരണങ്ങൾ ഏതാണ്ടിപ്രകാരമാണ്:

(1)- ആഗോളവത്ക്കരണം എന്നത് ലോകരാജ്യങ്ങളിലെ ജനങ്ങളിൽ പുതിയ ഒരു അവസ്ഥാഭേദത്തിന്റെ അറിവ് നൽകി.
(2)- ലോകമഹായുദ്ധങ്ങൾ മൂലം മനുഷ്യസമൂഹത്തിൽ പുതിയ ഭാവിയുടെ വെളിച്ചം കാണാനുള്ള തീക്ഷ്ണമായ പ്രത്യാശയും മാറ്റങ്ങൾക്ക് വേണ്ടിയുള്ള കാത്തിരിപ്പും.
(3)- പതിനഞ്ചാം നൂറ്റാണ്ട് മുതൽ ലോകമൊട്ടാകെ നേരിട്ടിരുന്ന സാമൂഹിക-സാമ്പത്തിക തലങ്ങളിലുണ്ടായ തുടർ പ്രതിസന്ധികൾ, അതുപോലെ തന്നെ യൂറോപ്യൻ രാജ്യങ്ങളുടെ കൊളോണിയൽ വ്യവസ്ഥിതിയും അവരുടെ സ്വേശ്ചാധിപത്യവും.
(4)- ഓരോ രാജ്യങ്ങളുടെയും വിദേശ വ്യാപാര നയങ്ങളിൽ സ്വീകരിച്ചിരുന്ന പുതിയ നയങ്ങളും സമീപനശൈലിയും.
(5)- 1840- കളിൽ തുടങ്ങിയ സ്വതന്ത്ര കമ്പോളങ്ങളുടെ അനിയന്ത്രിതമായ വളർച്ചയും അതിലൂടെ ഉണ്ടായ സാമ്പത്തിക പ്രതിസന്ധികളും.

എന്നാൽ 1870 കാലഘട്ടത്തോടെ ഓരോരോ രാജ്യങ്ങളും അവരവരുടെതായ സ്വന്തമായ സാമ്പത്തിക സംരക്ഷണതത്വം സ്വീകരിച്ചു തുടങ്ങിയതായിട്ട് കാണാൻ കഴിയും. ഇപ്രകാരമുള്ള നടപടികൾമൂലം ആഗോളവത്ക്കരണ പ്രക്രിയയിൽ ഉണ്ടായ രാഷ്ട്രീയ സ്വാധീനം അളവിൽക്കുറഞ്ഞ സാമൂഹ്യ വികസന നയപരിപാടികളുടെ ഒരു നിർദ്ദിഷ്ഠ പൊതു ധാരണയായി മാറി. ഇതോടെ ആഗോളവത്ക്കരണത്തിന്റെ ശാസ്ത്രീയതയിലെ പോസിറ്റിവ് എനർജി ഇന്ത്യപോലെയുള്ള രാജ്യങ്ങളിൽ ശക്തമായി പ്രതിഫലിച്ചിരുന്നു. എന്നാൽ അതേസമയം അമേരിക്കയിലും യൂറോപ്പിലും മറ്റുചില ഏഷ്യൻ രാജ്യങ്ങളിലും ഉണ്ടായ സാമ്പത്തിക വളർച്ചയുടെ തരംഗം ഉറങ്ങിക്കിടന്ന ഇന്ത്യൻ ഭൂഖണ്ഡത്തിൽ ഒരു ആഗോള സാമ്പത്തികശാക്തീകരണത്തിന്റെ പോസിറ്റിവ് എനര്ജിയെ അവിടുത്തെ ജനസമൂഹം തിരിച്ചറിഞ്ഞിരുന്നില്ല.    

ഇതിനുത്തരവാദികൾ ആരായിരുന്നു? തികച്ചും രാഷ്ട്രീയ പ്രേരിതമായ കാരണങ്ങളെ കാണുവാൻ കഴിയും. ലോകരാജ്യങ്ങളിൽ അതിസ്വാധീനം പുലർത്തിയിരുന്ന കാപ്പിറ്റലിസം, അതിനെതിരെയന്ന് ഉയർന്നുപൊങ്ങിയ കമ്മ്യുണിസവും തമ്മിലുള്ള കടുത്ത മത്സരവും. അന്ന് പ്രചാരത്തിലിരുന്നത് ഇങ്ങനെ: കമ്മ്യുണിസ്റ്റുകൾക്ക് ലോകരാജ്യങ്ങൾ അംഗീകരിച്ച ആഗോള വത്ക്കരണപ്രക്രിയയിലൂടെയുള്ള പൊതു സാമ്പത്തിക വികസനത്തിലൊട്ട് വിശ്വാസമില്ലാ എന്ന അഭിപ്രായം പൊന്തിവന്നിരുന്നു. തെളിവായിട്ടു അന്ന് ആരോപിച്ച കാര്യം, ആസിയാൻ- ഇന്ത്യൻ കരാർ അതേപടി എതിർക്കുന്നവർ കമ്മ്യുണിസ്റ്റുകൾ ആണെന്നായിരുന്നു. 

ഇന്ത്യയുടെ സ്വാതന്ത്യപ്രാപ്തിക്കുശേഷം കേരളം ഭരിച്ച വിവിധ രാഷ്ട്രീയ പാർട്ടികളുടെയും "ജനങ്ങൾക്ക് വേണ്ടി" എന്ന ആ വാക്കിനു പകരം ഓരോ രാഷ്ട്രീയനേതൃത്വങ്ങളുടെ ഉള്ളിലിരുന്നത് "ജനങ്ങൾക്ക്" എന്നതിലെ "ജ" വെട്ടിച്ചുരുക്കി "ഞങ്ങൾക്ക് വേണ്ടി" സേവനം ചെയ്യണം എന്ന അനുഭവമാണ് കാണാനിടയായത്. കേരളത്തിൽ ബാലറ്റ് പേപ്പറുകളിലൂടെ അധികാരത്തിൽ വന്ന കമ്മ്യുണിസ്റ് പാർട്ടി ഏറെ വിമർശനം ഏറ്റു വാങ്ങിയാണ് ആദ്യമായി അധികാരത്തിലെത്തിയത്. ഇ. എം. എസ് നമ്പൂതിരി സർക്കാർ കേരളത്തിലെ ജന്മിമാരുടെ അവകാശത്തിൽ കിടന്ന കുടിയാന്മാരുടെ ഭൂമികൾ അവരുടെ സ്വന്തമായിട്ടുള്ള  അവകാശത്തിൽ ആക്കുന്നത്തിന് ഭൂപരിഷ്ക്കരണനിയമം കൊണ്ടുവന്നു. അതിനു ശേഷം കേരളം കണ്ടിട്ടുള്ള അതിശക്തനായ മുൻ കോൺഗ്രസ് നേതാവും കേരളം കണ്ട മഹാനുമായിരുന്ന ശ്രീ പി. ടി.ചാക്കോ + ഭൂനിയമം കർശനമായി നടപ്പാക്കി. അവർ ഇരുവരും കേരളത്തിൽ അവരുടെ രാഷ്ടീയ ജീവിതത്തിൽ  അനേകം വെല്ലുവിളികൾ നേരിട്ടവരുമായിരുന്നു. അതുപോലെതന്നെ 1967-ൽ കേരളത്തിൽ അന്ന് അധികാരത്തിലിരുന്നിരുന്ന  കമ്മ്യുണിസ്റ് സർക്കാരാണ് തൊഴിലാളികളുടെ വേതന നിരക്ക് ആദ്യമായി പരിഷ്‌ക്കരിച്ചതും, ആദ്യമായി ജീവനക്കാർക്ക് ഒരു ശമ്പള സ്കെയിൽ എന്ന സമ്പ്രദായം നടപ്പിലാക്കിയതും. അപ്പോൾ ഒരു കാര്യം നാമെല്ലാം ഇവിടെയും മനസ്സിലാക്കണം, ഭരണ രാഷ്ട്രീയത്തിലെ വ്യക്തിതാല്പര്യങ്ങൾ ജനങ്ങളുടെ ജീവിതനിലവാരത്തെ തകർക്കുകയോ മെച്ചപ്പെടുത്തുകയോ ചെയ്യാനുള്ള സാദ്ധ്യതകൾ ഉണ്ടായിട്ടുണെന്ന യാഥാർത്ഥ്യം. തനി സ്വാർത്ഥതാല്പര്യത്തിനു വേണ്ടി കമ്മ്യുണിസ്റ്റുകളെയും മറ്റു രാഷ്ട്രീയ പാർട്ടികളെയും ഭിന്നിപ്പിക്കുന്ന ഒരു അന്ധമായ അന്തിമ വിധി പറയരുതെന്ന അഭിപ്രായമാണ് ജനങ്ങൾക്ക് ഉണ്ടാകേണ്ടത്.

യൂറോപ്യൻ യൂണിയൻ സാമ്പത്തിക സഖ്യം നിലവിൽവന്നശേഷം ക്രമേണ  അതിന്റെ പ്രവർത്തനം ശക്തിപ്പെട്ടത് മറ്റു ഏഷ്യൻ രാജ്യങ്ങൾക്ക് പുത്തൻ ഉണർവുണ്ടാക്കിയതായി അറിയാൻ കഴിഞ്ഞുവെന്നാണു ചില സാമ്പത്തിക വിദഗ്ധർ നിരീക്ഷിച്ചത്. യൂറോപ്പിന്റെ സ്വതന്ത്ര വ്യാപാര സാദ്ധ്യതകൾ ഫലം കണ്ടത് മൊത്തം സാമ്പത്തിക വികസനം എളുപ്പമാക്കിയതിലൂടെയാണ്. ആസിയാൻ -യൂറോപ്യൻ കരാറുകൾ ഇരു സഖ്യരാജ്യങ്ങളുടെയും സമഗ്രമായ പുരോഗതിയാണ് ഉദ്ദേശിച്ചിരുന്നത്. വിപണിയിലെത്തുന്ന സാധനങ്ങൾക്ക് മേന്മ വർദ്ധിക്കേണ്ടതിനും വ്യവസായ മേഖലയിൽ പുതിയ സാങ്കേതികവിദ്യ സാദ്ധ്യതകൾ അന്വേഷിച്ചു കണ്ടെത്താനും അങ്ങനെ കാർഷികമേഖലയിൽ പുതിയ സാദ്ധ്യതകൾ വർദ്ധിപ്പിക്കുവാനും കാരണമാക്കിയെന്നും കാണാൻ കഴിയും. രാജ്യങ്ങളുടെ ഒറ്റപ്പെട്ട വളർച്ചയെയല്ല, ആഗോളതലത്തിൽ ഓരോ രാജ്യങ്ങളുടെയും സമാന്തരവേഗതയിലുള്ള വളർച്ചയാണ് പ്രധാനമായതെന്ന് സാമ്പത്തിക ശാസ്ത്രനിരീക്ഷകർ അഭിപ്രായപ്പെടുന്നുണ്ട്.

കേരളത്തിന്റെ വ്യാകുലം

കേരളത്തിന്റെ വ്യാകുലങ്ങൾക്കു അടിസ്ഥാനമില്ല എന്നുതന്നെ പറയട്ടെ. കേരളത്തിൽ ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങൾ അവ കാർഷികമോ അഥവാ വ്യാവസായികമോ എന്തുമായിക്കൊള്ളട്ടെ, മേന്മയേറിയ ഉത്പന്നങ്ങളാണ് ഉണ്ടാക്കേണ്ടത്. സ്വദേശവിപണിയിലും വിദേശവിപണിയിലും മേന്മയേറിയ സാധനങ്ങൾക്കാണ് ആവശ്യങ്ങൾ ഉണ്ടാകുന്നത്. യൂറോപ്യൻ രാജ്യങ്ങളായ ജർമ്മനി, ഓസ്ട്രിയ, അതുപോലെ ജപ്പാൻ, അമേരിക്ക, തുടങ്ങിയ നിരവധി രാജ്യങ്ങളുടെ അടിസ്ഥാന സാമ്പത്തിക വളർച്ചയുടെ കാര്യത്തിൽ അവർ അവരുടെ സ്വന്തം ഉത്പന്നങ്ങളെ മാത്രം ആശ്രയിച്ചല്ല വികസനലക്ഷ്യങ്ങൾ സാദ്ധ്യമാക്കുന്നതെന്ന് കാണുന്നുണ്ട്. ഇവയെല്ലാം ചൂണ്ടിക്കാണിക്കുന്നത് രാജ്യാന്തര സഹകരണപ്രവർത്തനത്തിലൂടെയുള്ള വിജയമാതൃകയാണല്ലോ ഉദാ:  സിങ്കപ്പൂരിന്റെ സാമ്പത്തിക വികസനം മാതൃകയാണ്. കേരളത്തിലെ കാർഷിക വ്യാവസായിക രംഗത്തെ വളർച്ചയ്ക്ക് വിദേശ രാജ്യങ്ങളുമായുള്ള കരാറുകൾമൂലം മറ്റ് തകരാറുകൾ സംഭവിക്കുമെന്നുള്ള നിരന്തര വിചാരം മൗഢ്യമാണ് എന്ന് പറയേണ്ടതുണ്ട്. തൊഴിൽ സമരങ്ങളുടെയും പൊതു പണി മുടക്കുകളുടെയും (ഹർത്താലുകൾ) രാഷ്ട്രീയപകപോക്കലുകളുടെയും, മതാന്ധന്മാരുടെയും വിളഭൂമിയായി കേരളത്തെ മാറ്റിയത് കേരളത്തിലെ ജനങ്ങൾ തന്നെയാണ്. കേരളീയരുടെ പൊതുനാശം വരുത്തിവയ്ക്കുന്നതിന് കാരണക്കാർ അവർക്കൊപ്പം രാഷ്ട്രീയ പാർട്ടികൾക്കും പങ്കുണ്ട്. കേരളത്തിലെ യുവജനങ്ങളെ നിരത്തിലിറക്കി അവരുടെ ഭാവി ജീവിതം തകർക്കുന്ന രാഷ്ട്രീയം കേരളത്തിന്റെ ശാപം തന്നെയാണ്. സമരത്തിനും ഹർത്താലത്തിനും പിറകെ പോകുന്ന സമയം അവർ ജോലി ചെയ്യാൻ വേണ്ടി രാഷ്ട്രീയം മാതൃക കാണിക്കുക. അല്ലാതെ പ്രതിസന്ധികൾ വരുമ്പോൾ പണമില്ലെന്ന് പറഞ്ഞു ലോകം മുഴുവൻ നടന്നു ഭിക്ഷയാചിക്കുന്ന ഒരു സമൂഹം കേരളത്തിൽ ഉണ്ടാകാനാണോ രാഷ്ട്രീയവും മതങ്ങളും ലക്ഷ്യമിടുന്നത്? കേരളവികസനത്തിനു സ്വന്തം ശക്തി ഉപയോഗിക്കട്ടെ. അനേകായിരം യുവജനങ്ങൾ കേരളത്തിൽ ഹർത്താലിനും തെരുവ് യുദ്ധത്തിനും വേണ്ടി വെറുതെ ജീവിതം പാഴാക്കുന്നു!. അവർക്കു വേണ്ടി പ്രവാസിമലയാളികൾ ഒരു തുള്ളി വിയർപ്പു പോലും പൊഴിക്കരുത്.

അടുത്തകാലത്തായിട്ട് അന്തർദ്ദേശീയ വ്യാപാരകമ്പോളത്തിൽ ചില ശക്തി രാജ്യങ്ങളുടെ യുദ്ധം പ്രകടമായി കാണാൻ തുടങ്ങി. ഈ അവസ്ഥ രാജ്യങ്ങൾ തമ്മിലുള്ള വ്യാപാര ഇടപാടുകളിൽ തകരാറുകൾ ഉണ്ടാക്കുന്നത് മാത്രമല്ല, സാമ്പത്തിക തകർച്ചയും, വികസനസാദ്ധ്യതകളിൽ വിള്ളലുകൾക്ക് അത് കാരണമാകുകയും ചെയ്യും. ഉദാ: അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും, അമേരിക്കയും ചൈനയും ഗൾഫ് രാജ്യങ്ങളും തമ്മിൽ നടക്കുന്ന വ്യാപാര യുദ്ധം മൂലം ലോകജനങ്ങൾക്ക് നേരിട്ടിരിക്കുന്ന ബുദ്ധിമുട്ടുകൾ. ഉദാഹരണം രാജ്യങ്ങൾ തമ്മിലുള്ള വ്യാപാരക്കരാറുകളിൽ ഉണ്ടായ അതിശയകരമായ മാറ്റങ്ങളും, കയറ്റുമതിച്ചുങ്കം വർദ്ധന, നിത്യോപയോഗസാധനങ്ങളുടെ വില വർദ്ധനവ് തുടങ്ങി അനേകം പ്രതികൂല പ്രതികരണങ്ങൾ ഉണ്ടായി. അങ്ങനെ ആഗോളവത്ക്കരണത്തിൽ രാജ്യങ്ങൾ തമ്മിലുള്ള തെറ്റായ വ്യാഖ്യാനങ്ങൾ വഴി സമ്പത് ഘടനയെ മോശമായി ബാധിച്ചു. നിയന്ത്രണമില്ലാത്ത തരത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന ജനതകളുടെ രാജ്യാന്തര പ്രവാഹം ഇത്തരമുള്ള സാമ്പത്തിക പ്രതിസന്ധികൾ ആണ് കാരണമാക്കിയത്. ഇത് മൂലം രാജ്യങ്ങൾ തമ്മിൽ അകലം സ്വയം സൃഷ്ടിക്കപ്പെടുന്ന അവസ്ഥ ഉണ്ടാകുന്നു. രാജ്യാന്തര കമ്പോളയുദ്ധം അതിരുവിട്ടു ശക്തിപ്രാപിക്കാനും കാരണമായി. 

ഇന്ത്യയുടെ സാമ്പത്തികനില അന്താരാഷ്ട്രതലത്തിൽ മുഖംകുത്തി വീണ നിലയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാജയപ്പെട്ട സാമ്പത്തിക പരിഷ്ക്കാരങ്ങളും, ആഗോള രാജ്യങ്ങളുമായുള്ള നയതന്ത്രജ്ഞതയുടെ ഒരു കനത്ത പരാജയവും ഇന്ത്യയുടെ സാമ്പത്തികഭദ്രതയെ തകർത്തുകളഞ്ഞു. ഇന്ത്യൻ രൂപയുടെ മൂല്യവിലയിൽ ഇതിലേറെ താഴേയ്ക്ക് പതിക്കുവാനില്ല. അന്താരാഷ്‌ട്ര വ്യാപാരമേഖലയിൽ ഡോളറും ഇന്ത്യൻരൂപയും 1Dollar  = 84 Ruppee എന്ന അനുപാതത്തിലായപ്പോൾ ഇന്ത്യയുടെ സാമ്പത്തികവികസന തകർച്ചയുടെയും രൂപയുടെ മൂല്യത്തകർച്ചയെയും ചൂണ്ടിക്കാണിക്കുന്നു. അതുപോലെതന്നെ നരേന്ദ്രമോദിയുടെ ധനവിനിമയ പരീക്ഷണമോ അഥവാ ധനവിനിമയ നശീകരണമോ എന്തായിരുന്നാലും, നോട്ടുനിരോധനം ഇന്ത്യൻ പൊതുവിപണികളെ തകർത്തു കളഞ്ഞു. ഇന്ത്യയിലെ സാധാരണ ജനങ്ങൾ അന്നുമുതൽ നോട്ടുനിരോധന പരീക്ഷണങ്ങൾ മൂലം ഉണ്ടായിട്ടുള്ള പുതിയ സാമ്പത്തികപതനത്തിത്തിന്റെ നരകയാതനകൾ ഇന്ന് ഏതുകാര്യത്തിലും അനുഭവിച്ചുകൊണ്ടിരിക്കുന്നു. കേരളത്തിന്റെ കാർഷികമേഖലയുടെ തകർച്ച മാത്രം ഒരു ഉദാഹരണമല്ലേ? ഇന്ത്യൻ കാർഷിക രംഗം രാജ്യമാകെ ആകെ തകർന്നുവീണതു പൊതു ചർച്ചാവിഷയമായി. ഇതിനുത്തരവാദികൾ പ്രകടമായി ആരെന്നു മനസ്സിലാക്കാൻ എവിടേയ്ക്കും പോകേണ്ടതില്ല. അത്, ഇന്ത്യഭരിക്കുന്ന ബി. ജെ. പി സർക്കാരിന്റെ വികലമായ സാമ്പത്തികനയം, ഇന്ത്യൻ പ്രധാനമന്ത്രിയുടെ ജനങ്ങളോടുള്ള പ്രതിബദ്ധതയും ആത്മാർത്ഥത ഇല്ലായ്മയുമാണിതിന് മുഖ്യ കാരണങ്ങൾ.  ഇതോടെ ആഗോളതലത്തിലുള്ള രാജ്യങ്ങളുടെ സ്വാതന്ത്രവിപണിക്ക് ഇന്ത്യൻ സാമ്പത്തിക വിപണിയിൽ ഉണ്ടായിരുന്നതായ വിശ്വാസം കുത്തനെ ഇടിഞ്ഞുപോയി.

ജർമ്മനി തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള  രാഷ്ട്രീയ അഭയാർത്ഥികളുടെ  പ്രവാഹം രാജ്യങ്ങളുടെ സമ്പത് വ്യവസ്ഥയിലെ തകർച്ചയുടെ അടയാളമാണ് ചൂണ്ടിക്കാണിക്കുന്നത്. കൂടാതെ മറ്റുചില രാഷ്ട്രീയ കാരണങ്ങളും ഉണ്ട്. യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾക്കെല്ലാം അത് തുറന്ന വെല്ലുവിളിയാണ്. അതിനു കാരണമായത് കഴിഞ്ഞ അനേകം വർഷങ്ങളായി മദ്ധ്യപൂർവ്വദേശ രാജ്യങ്ങളിൽ നടക്കുന്ന യുദ്ധം ആണ്. ഉദാ: സിറിയൻ യുദ്ധം. രാജ്യങ്ങളുടെ ആഗോളവത്ക്കരത്തിലൂടെ ഉണ്ടാക്കിയ പോസിറ്റിവ് എനർജിയെ അപ്പാടെ തകർക്കുന്ന പ്രവണതകൾക്ക് ഇത്തരം യുദ്ധങ്ങളും ശക്തിരാജ്യങ്ങളെല്ലാം നടത്തുന്നതായ മത്സരങ്ങളും ശക്തി കൂട്ടുന്നു. ഇന്ത്യയും അയൽരാജ്യങ്ങളായ ചൈനയും പാകിസ്ഥാനും ഒക്കെയായി കാലങ്ങളായി അവസാനമില്ലാത്ത ശത്രുതാമനോഭാവം വച്ചുകൊണ്ട് ഇന്ത്യൻ സാമ്പത്തിക മേഖലയെ സാരമായി ബാധിക്കുമെന്ന് ഭരിക്കുന്ന രാഷ്ട്രീയപാർട്ടികൾ ഒരിക്കലും ചിന്തിക്കുന്നില്ല. മറ്റൊന്ന്, അമേരിക്കയിലേക്ക് നുഴഞ്ഞു കടക്കുവാൻ ശ്രമിക്കുന്ന മെക്സിക്കൻ ജനപ്രവാഹത്തിനും, അമേരിക്കയും ഇറാനും സൗദി അറേബ്യായും തമ്മിൽ വ്യാപാരക്കരാറുകളിൽ വലിയ വിള്ളലുകൾ ഉണ്ടാക്കിയിരിക്കയാണെങ്കിൽ അമേരിക്കയുടെ സ്വന്തം താല്പര്യസംരക്ഷണം ഏറ്റവും പ്രധാനമായി മുന്നിൽ നിൽക്കും. ഇത് ഒരു രാജ്യാന്തര സാമ്പത്തിക പ്രതിസന്ധിക്ക് ഒരു കാരണം ആക്കുകയും ചെയ്തു. ഓയിൽ, പെട്രോൾ കയറ്റുമതിയും, അതുപോലെതന്നെ രാജ്യങ്ങളുടെ പ്രതിരോധ ആവശ്യങ്ങളുടെ ഉപയോഗത്തിനുള്ള ആധുനിക യന്ത്രോപകരണങ്ങളുടെയും കയറ്റുമതി ഇറക്കുമതികൾ ചില രാഷ്ട്രീയ ബന്ധങ്ങൾ തടയപ്പെട്ടതുമൂലമുണ്ടായ സാമ്പത്തികമേഖലയുടെ ഒരു പ്രധാന തകർച്ചയുടെ അപകടകരമായ ഫലം എന്തായിരിക്കുമെന്ന് മുന്നറിയിപ്പ് തരുന്നു. //-
------------------------------------------------------------------------------------
https://dhruwadeepti.blogspot.com 
 
for up-to-dates and FW. link Send Article, comments and write ups to :
  DHRUWADEEPTI ONLINE LITERATURE.
Published from Heidelberg, Germany,   in accordance with the European charter on freedom of opinion and press. 
DISCLAIMER:  Articles published in this online magazine are exclusively the views of the authors. 
Neither the editor nor the publisher are responsible or liable for the contents,  objectives or opinions of the articles in any form."

FACE BOOK:  GEORGE Kuttikattu    MOB. + oo49 170 5957371

Keine Kommentare:

Kommentar veröffentlichen

Hinweis: Nur ein Mitglied dieses Blogs kann Kommentare posten.