Freitag, 30. Juni 2017

ധ്രുവദീപ്തി // Nursing // അവലോകനം // .നഴ്‌സുമാരുടെ അവകാശ സമരം //: നഴ്‌സുമാർക്ക് പുതിയ ഏകീകൃത വേതന വ്യവസ്ഥ നടപ്പാക്കണം // George Kuttikattu.               കേരള സംസ്ഥാന സർക്കാർ അടിയന്തിര നടപടി 
            സ്വീകരിക്കണം.

          George Kuttikattu


  തുല്യതയില്ലാത്തവരുടെ 
ഒരു തീവ്രദ്വന്ദയുദ്ധരംഗമായിട്ടാണ്
നഴ്‌സുമാരുടെ നിരാഹാര സമരവേദിയായിത്തീർന്ന കേരളം.
ഇതിൽനിന്നു ഏറെയൊന്നും  അഭിമാനിക്കാൻ വകയുള്ള
അവസ്ഥയിൽ കേരളം ഒരു മാറ്റത്തിന് നഴ്‌സുമാരുടെ സമരവും 
ഒരു മാതൃകയാകും എന്നു വിചാരിക്കാനും കഴിയുകയില്ല. ഭീതി
പുകയുന്ന മനസ്സുമായി ദിനരാത്രങ്ങൾ തള്ളിനീക്കുന്ന നമ്മുടെ
ഓരോ നഴ്‌സുമാരും അവരുടെ കുടുംബങ്ങളും ഒരു വശത്ത്,
മറുവശത്താകട്ടെ, പണക്കൊതി പൂണ്ട ദാർഷ്ട്യതയിലും
അമാനുഷികമായ അവിഹിതമാർഗ്ഗങ്ങളിൽ നേടിയ ധനം കൊണ്ടും
ശക്തരായ വിധ്വംസക ശക്തികൾ- മന്ത്രിമാരും ജനപ്രതികളും,
കോടതിയും ഇവർ സംരക്ഷിക്കുന്ന ആശുപത്രി ഉടമകളും .!


                   രാജഗിരി ഹോസ്പിറ്റൽ ,എറണാകുളം 

ഉടമകളിൽ ചിലരാകട്ടെ, ഒരു ജനാധിപത്യ രാജ്യം ആകെ മൊത്തക്കച്ചവടം നടത്തുന്ന സിംഹങ്ങൾ ആകാം, മറ്റു ചിലരാകട്ടെ ഈശ്വരനെപ്പോലും ഏറെ  ആദായവിലയ്ക്ക് (ചാരിറ്റിയുടെ സേവനമെന്ന് മാദ്ധ്യമങ്ങളിൽ പരസ്യങ്ങൾ  ചെയ്തു നടത്തുന്നവരെല്ലാം ഈശ്വരൻറെ മഹത്തായ കരുണയുടെ വിശുദ്ധ പ്രവാചകന്മാർ) ദാനം ചെയ്യുന്ന കാണപ്പെട്ട അത്ഭുതപ്രവർത്തകരായ ആൾ ദൈവങ്ങളായിരിക്കും. ഓരോരോ മതങ്ങളുടെ, സമുദായങ്ങളുടെ പേരുക ളിൽ, വ്യക്തികളുടെ പേരുകളിൽ, കേരളം കാണുന്ന ആശുപത്രി ഉടമകൾക്ക് സംരക്ഷണം നൽകുന്ന പ്രമുഖ കേരളമാദ്ധ്യമങ്ങളോ കോടതികളോ പോലും സാമൂഹ്യ- രാഷ്ട്രീയ ഭരണ നേതൃത്വമോ നഴ്‌സുമാർ ഉന്നയിക്കുന്ന അവരുടെ ആവശ്യങ്ങൾക്ക് പ്രാധാന്യം ഒട്ടും കൽപ്പിക്കുന്നില്ല,.

മതങ്ങളുടെ ആധികാരിക ഉന്നതന്മാർ ആയിരിക്കാം, ആശുപത്രി ഉടമകൾ. ഇവർക്ക് വേണ്ടി മലയാളം പത്രങ്ങൾ പരസ്യസേവനം ചെയ്യുന്നുവെന്നതിനു തെളിവാണ് ഫാ. വൈക്കത്തുപറമ്പിൽ ("ചായ് " സംഘടന ) നഴ്‌സുമാരുടെ സമരത്തെ അധിക്ഷേപിച്ചു എഴുതിയ ലേഖനം ദീപികപ്പത്രം കഴിഞ്ഞ നാളിൽ പ്രസിദ്ധീകരിച്ചത്. ദീപികപോലെയുള്ള മാദ്ധ്യമങ്ങൾക്ക് നടീ നടന്മാരുടെ ലൈംഗികവിഷയങ്ങളാണ് പ്രാധാന്യം. ഇവിടെ  അവകാശങ്ങൾ നിഷേധിക്കപ്പെട്ട കർഷകന്റെ ദു:ഖങ്ങളോ ദാരുണമായ മരണമോ, അതു പോലെ രോഗികളായിത്തീരുന്ന പൊതുസമൂഹത്തിലെ  ജനങ്ങളെ നിവൃത്തി കേടിൽ പണതട്ടിപ്പിനിരയാക്കുന്ന ആശുപത്രികളുടെ തട്ടിപ്പ്‌കാര്യങ്ങളോ ഒന്നും മാദ്ധ്യമങ്ങൾക്ക് യാതൊരു താല്പര്യവിഷയങ്ങളല്ല. ആശുപത്രി ഉടമകളാകട്ടെ തങ്ങൾക്ക് കേരള പൊതു സമൂഹത്തിലെ അത്യുന്നതങ്ങളിൽ ഒളിഞ്ഞും തെളിഞ്ഞും രാഷ്ട്രീയ- മാദ്ധ്യമ  സ്വാധീന ശക്തി മറ്റാരേക്കാളും വളരെയേറെയുണ്ടെന്ന് പ്രകടിപ്പിക്കുന്നവരുമാണ്. 

ജനദ്രോഹം നടത്തുന്ന സർക്കാർ ഉദ്യോഗസ്ഥരുടെ ശമ്പള വർദ്ധനവിന് വേണ്ടി എന്തും ത്യാഗവും ചെയ്യാൻ ഓടിനടക്കുന്ന കേരളത്തിലെ പൊതു രാഷ്ട്രീയപാർട്ടികളുടെ നേതൃത്വങ്ങളും ഭരണനേതൃത്വവും കേരളത്തിലെ നഴ്‌സുമാരുടെ സമാനത  ഇല്ലാത്ത അവകാശസമരത്തെ മനസ്സാ "ശരി" "വയ്ക്കുന്ന പിന്തുണ ഇതുവരെ നൽകിയിട്ടില്ല. അതു അല്പം ഉണ്ടായിരുന്നെകിൽ നഴ്‌സുമാരുടെ ഈ സമരം ഉണ്ടാവുകയില്ലായിരുന്നു. അവരുടെയൊക്കെ കണ്മുൻപിൽ അതുപക്ഷേ ഈ അവകാശ സമരത്തെ "പെൺസമരം" എന്ന അരാജകത്വ നിലയിലായിരിക്കും കാണുക..

സ്നേഹവെളിച്ചം പകരുന്ന 
ജീവന്റെ വലിയ പ്രതീക്ഷയാണ് അവർ.

 നഴ്‌സുമാരുടെ സേവനം ചെറുതല്ല 

എന്നാൽ കേരളത്തിലെ നമ്മുടെ നഴ്‌സുമാർക്കാകട്ടെ ഗുണ്ടകളുടെ വടിയില്ല, അവർക്ക് തോക്കുകളില്ല, ബോംബുകളില്ല, കത്തികളില്ല, കൊട് വാളില്ല.  അവർക്ക് ധാർഷ്ട്യത കൈമുതലുള്ള അധികാരിയുടെ വാളുകൊണ്ടുള്ള വെട്ടേൽക്കാനും, ദേഹോപദ്രവം ഏൽപ്പിക്കുന്നത് അപ്പാടെ അവയെല്ലാം  സഹിക്കാനുള്ള കായിക- മാനസിക ശക്തിയുമില്ല. അവരുടെയൊക്കെ  മുഖത്ത് കരുണയുടെ, ആശ്വാസത്തിന്റെ വചനങ്ങളും, ഹൃദയം നിറയെ സ്നേഹപ്രകടനവും മാത്രമാണുള്ളത്. ഒരു മനുഷ്യജീവനെ കാർന്നു കാർന്നു തിന്നുകൊണ്ടിരിക്കുന്ന മാരക രോഗത്തിന്റെ തീവ്രതയെ പരിപൂർണ്ണമായി ഇല്ലാതാക്കുവാനുള്ള കരുത്തുറ്റ സ്നേഹവെളിച്ചം പകരുന്ന ജീവന്റെ വലിയ പ്രതീക്ഷയാണ് അവർ.

കേരളസമൂഹത്തിലെ സാധാരണ നഴ്‌സുമാരുടെ പരിമിതികളെപ്പറ്റി ഏവർക്കുമറിയാം. ആദ്യമായിത്തന്നെ പഠനത്തിനും പരിശീലനത്തിനും വേണ്ടി ത്യാഗപൂർണ്ണമായ നീണ്ട ജീവിതം നയിച്ചവരാണ്. നിരവധി ലക്ഷം രൂപ കടമെടുത്തും, ഭൂമി പണയംവച്ചും ഈ തുക നഴ്‌സിംഗ് പഠിക്കുവാൻ ചെലവഴിക്കേണ്ടി വന്നിട്ടുണ്ട്. അതിനുശേഷം അടിമപ്പണിയായ "ബോണ്ട്" വ്യവസ്ഥകൾ പാലിക്കാനുള്ള ത്യാഗം. കടമെടുത്ത പണം എങ്ങനെ തിരിച്ചു കൊടുക്കാൻ കഴിയുമെന്നത് അവരുടെ മുൻപിൽ ചോദ്യമായി അവശേഷി ക്കുന്നു. ജീവിതം തന്നെ പണയത്തിലായി എന്നതാണ് യാഥാർത്ഥ്യം. പക്ഷെ, തുടർന്നുള്ള എല്ലാ ദിവസങ്ങളും കേരളത്തിലോ അഥവാ മറ്റെവിടെയോ ഉള്ള ആശുപത്രികളിൽ നഴ്‌സുമാർ അടിമകളെപ്പോലെ തുശ്ചമായ പ്രതിഫലം വാങ്ങിക്കൊണ്ട് ജോലി ചെയ്യുന്നു. അത്പക്ഷെ, യാതൊരുവിധത്തിലുമുള്ള  മനുഷ്യത്വവും, ധാർമ്മികവുമല്ലാത്ത രീതിയിലും അവരുടെ സേവനത്തെ ആശുപത്രി അധികാരികൾ ചൂഷണം ചെയ്യുകയാണ്. രാവും പകലും എന്ന സമയകാല വ്യത്യാസം അവരുടെ സ്വകാര്യ ജീവിതത്തിലില്ല, അല്ലലുകൾ ഇല്ലാത്ത സ്വൈര്യകുടുംബ ജീവിതം അവരുടെ സ്വപ്നം മാത്രമാണ്. 

നമുക്കു ചുറ്റും നിയമങ്ങളും കോടതിയും  സർക്കാരും ജനപ്രതിനിധികളും ഉണ്ട്. സർക്കാർ ഉദ്യോഗസ്ഥർക്കുവേണ്ടി ഓരോ ശമ്പള പരിഷ്‌ക്കരണ കമ്മിഷനുണ്ട്. എന്നിട്ടും നഴ്‌സുമാരുടെ തൊഴിലിനുവേണ്ടി  അർഹമായ ഒരു വേതനത്തിന്റെ താരിപ്പ് ശമ്പളഘടനവ്യവസ്ഥകൾ ഇവിടെ നടപ്പാക്കുവാൻ ആരും ചിന്തിച്ചിട്ടില്ല. സ്വകാര്യ ആശുപത്രിയോ സർക്കാർ ആശുപത്രിയോ ആകട്ടെ,   നമ്മുടെ നഴ്‌സുമാർ ചെയ്യുന്ന ജോലി നഴ്‌സിംഗ് ജോലിതന്നെ. എല്ലാ നഴ്‌സുമാർക്കും ഒരു തുല്യ വേതന നിരക്ക് സർക്കാർ പ്രഖ്യാപിക്കണം. ചില ഉദാഹരണം നോക്കാം. പ്രൈവറ്റ് സ്‌കൂൾ അദ്ധ്യാപകരും സർക്കാർ സ്ക്കൂൾ അദ്ധ്യാപകരും തമ്മിൽ വേതനവ്യവസ്ഥകളിൽ എന്ത് വ്യത്യാസം ഇരിക്കുന്നു.? അപ്പോൾ നഴ്‌സുമാരുടെ പ്രതിമാസ വേതന നിരക്ക് പരിഷ്ക്കര ണത്തിൽ മാറ്റങ്ങൾ സ്വീകരിച്ചു ആശുപത്രി ഉടമകൾ ഒരു പുതിയ ഏകീകൃത അടിസ്ഥാന വേതന വ്യവസ്ഥയ്ക്ക് തലകുനിക്കണം. അതിനു തയ്യാറല്ലാത്ത വരുടെ ആശുപത്രികൾ നഴ്‌സുമാർ ജോലിനിസഹകരണം വഴി പൂർണ്ണമായി നിശ്ചലമാക്കണം. ജനങ്ങളെ ചൂഷണം നടത്തുന്ന കേരളത്തിലെ ആശുപത്രി കൾ നമ്മുക്ക് ആവശ്യമില്ലെന്നു പ്രഖ്യാപിക്കണം. നമ്മുടെ പൊതു സാമൂഹ്യ ജീവിതത്തിന്റെ അന്തസ്സിന്റെ അടിസ്ഥാനം കേരളത്തിൽ നിന്ന് അന്യമാവുകയാണോ? 

പൊതുജനാരോഗ്യം തകർച്ചയിൽ 

 നഴ്‌സുമാർ   അവഗണനയിൽ 
ലോകമെമ്പാടും വികസിക്കുന്ന രാജ്യങ്ങളിലും, വികസനം നടന്നു വരുന്ന രാജ്യങ്ങളിലും പൊതുജനാ രോഗ്യവിഷയം ഏറെ ശ്രദ്ധിക്കപ്പെ ടുന്ന പ്രധാന കാര്യമാണ്. ആതുര ശുശ്രൂഷാരംഗത്തു മലയാളിപെൺ കുട്ടികളുടെ പേര് ലോകപ്രസിദ്ധവു മാണ്. എന്നാൽ കേരളത്തിൽ നഴ്‌സു മാർ ആശുപത്രി ഉടമകളുടെ നിത്യ അടിമകളാണ്. കേരളത്തിലെ ആശുപത്രികളുടെ അവസാനം ഇല്ലാത്ത ശുചിത്വമില്ലായ്‌മ, രോഗികളുടെ ചികിത്സാ സൗകര്യത്തിലുള്ള കുറവുകൾ, അടിയന്തിര ആവശ്യമായ മരുന്നുകളുടെ ദുർലഭ്യത, രോഗികളുടെ ആരോഗ്യ ക്ഷേമപരിചരണത്തിനു ആവശ്യമായ നഴ്‌സുമാരുടെ സേവനവ്യവസ്ഥയിലെ അപാകത എന്നിവയെല്ലാം നാം നിത്യവും കാണുന്നു. ഏറെ അപ്രതീക്ഷിതമായിത്തന്നെ ആകട്ടെ, ഒരാൾക്ക് എമർജൻസി രോഗപരിശോധനകൾക്കായി എത്തുമ്പോൾ ആദ്യമേതന്നെ ലക്ഷങ്ങൾ തുക ആശുപതിയിൽ മുൻകൂറായി കെട്ടിവച്ചാലേ ഒരു ഡോക്ടർ വരൂ എന്നതാണ് ഞെട്ടിക്കുന്ന പതിവ്.  ഞെട്ടിക്കുന്ന അമിതമായ ആശുപത്രി ചാർജ്, ഇതെല്ലാം സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ തന്നെയാണ്. 

പക്ഷെ, രോഗം വന്നാൽ വീട്ടിലായാലും ആശുപത്രിയിലായാലും രോഗിയെ കിടക്കയ്ക്കരുകിൽ നിന്നുകൊണ്ട് പരിചരിക്കാൻ സ്വന്തം ബന്ധുക്കൾ കൂടി അടുത്തുണ്ടാകണം. അതുപക്ഷേ, പുതിയ കാലത്തിന്റെ സവിശേഷതയിൽ ഓരോ കുടുംബംങ്ങളിലെയും അംഗങ്ങളുടെ എണ്ണം കുറേക്കാലങ്ങൾ മുമ്പ് ഉണ്ടായിരുന്നതിലേറെ നേരെ കുത്തനെ താഴേയ്ക്ക് കുറഞ്ഞുപോയിട്ടുണ്ട്  അപ്പോൾ, അപ്രതീക്ഷിതമായി ഒരാൾ രോഗിയായി ആശുപത്രിയിൽ കിടപ്പ് ചികിത്സയിലായാൽ രോഗിയുടെ നില വളരെ കഷ്ടമായിത്തീരും. പക്ഷെ ഈ കാര്യത്തിൽ ആശുപത്രി അധികൃതരോ സർക്കാരോ ഇതിനെക്കുറിച്ചു ഒട്ടു വേവലാതിപ്പെടുന്നില്ല, അവർ ഇത്തരമുള്ള പ്രശനം കാണുന്ന മട്ടില്ല താനും. നഴ്‌സുമാരുടെ കുറവ് മൂലം നേഴ്‌സുമാരെ പലപ്പോഴും അവശ്യ പരിചരണ ജോലികൾക്ക് കിട്ടുകയില്ല, കുറച്ചു നഴ്‌സുമാരെ വച്ച് കൂടുതൽ ജോലികൾ ചെയ്യിക്കുന്ന പതിവ്. ഇതിനിടയിൽ ആശുപത്രിയിലെ റിക്കാർഡ്  എഴുത്തു കുത്തുകൾ, മറ്റു റിപ്പോർട്ടുകൾ ഇവ തയ്യാറാക്കി എഴുതുകയും വേണം. 

അവകാശസമരം കാലഘട്ടത്തിന്റെ വലിയ ആവശ്യമാണ് . 

 നഴ്‌സുമാർ അടിമവേല ചെയ്യുകയില്ല.
ഏറ്റവും രഹസ്യമായ ഒരു യാഥാർത്ഥ്യം ഇതാണ്: കഴുത്തിൽ ടൈയും കെട്ടി, പശ മുക്കി ഉണക്കി തേച്ചു മിനുക്കിയെടുത്ത ഡ്രസുക ളും പോളീഷ് ചെയ്ത മിനുങ്ങി യ ഷൂവും ധരിച്ചു സ്റ്റെതോസ്‌ കോപ്പും കഴുത്തിൽ തൂക്കി യിട്ട് രോഗികൾ കിടക്കുന്ന ഓരോ വാർഡുകളിലേയ്ക്ക്  എത്തുന്ന "ഏമാന്മാർ" ഡോക്ടർമാർ വ്യക്തമായും മനസ്സിലാക്കണം, അളവില്ലാത്ത തടിച്ച വേതനം വാങ്ങുന്ന ഓരോ സ്വകാര്യ ആശുപത്രി ഡോക്ടർമാരുടെ വെറും വേലക്കാരല്ല നമ്മുടെ  നഴ്‌സുമാർ എന്ന്. ഡോകർമാരുടെ നിർദ്ദേശങ്ങളും അവരുടെ രോഗീ സന്ദർശനങ്ങളും കൊണ്ട് മാത്രമാണോ രോഗി സുഖം പ്രാപിക്കുന്നത്? നഴ്‌സുമാരുടെ നിസ്വാർത്ഥമായ പരിചരണവും നിരന്തര സാമീപ്യവും കൊണ്ടാണ് എന്നാരെങ്കിലും കരുതുന്നുവോ? ഡോക്ടർമാർ ആദ്യം കരുതണം, അവരെല്ലാം പറ്റുന്ന തടിച്ച വേതനം സാധാരണക്കാരായ രോഗികളുടെ കയ്യിൽനിന്നും ആശുപത്രി ഉടമകൾ നേരെ പിടിച്ചു വാങ്ങുന്ന കണ്ണീരിന്റെ പ്രതിഫലമാണെന്ന്. ഇത് ആശുപത്രി അധികാരികളുടെ സ്വന്തം താൽപ്പര്യങ്ങളുമാണ്. അതുകൊണ്ടു നമ്മുടെ  ജനങ്ങൾക്ക് എന്തിരിക്കുന്നു?, അതുപക്ഷേ, അവസാനം ആശുപത്രി രോഗിക്ക് നൽകുന്ന "ശിക്ഷാബില്ലിൽ" ആകട്ടെ, യാതൊരു ഇളവുകളും ലഭിക്കുകയില്ല. ആധുനിക ലോകത്തെ പരിഷ്കൃത രാജ്യങ്ങളിലെല്ലാം രോഗിയുടെ പൂർണ്ണ ശുശ്രൂഷ അവിടെയുള്ള രോഗികളുടെ പരിചാരകരുടെ കരങ്ങളിൽ ആണത്രേ. രോഗികൾക്ക് വേണ്ടി ചില രാജ്യങ്ങളിൽ നിർബന്ധ  "സിക്ക് ഇന്ഷുറന്സു"കളും നടപ്പാക്കിയിട്ടുണ്ട്. രോഗിയുടെ ആശുപത്രി ചിലവുകൾ ഇൻഷുറൻസ് ഏറ്റെടുക്കുന്നു. 

കേരളത്തിലാകട്ടെ, ആശുപത്രികൾ രോഗികളോട്‌ അമിതമായി ചികിത്സ പണം ഈടാക്കുകയും, നഴ്‌സുമാർക്ക് നക്കാപ്പിച്ച പ്രതിഫലവും നൽകുന്നു. എന്നാൽ കേരളത്തിലെ നഴ്‌സുമാരെ അടിമകളായി തരം താഴ്ത്തി അടിമപ്പണികൾ  ചെയ്യിക്കുന്ന ആശുപത്രി ഉടമകൾ കേരളത്തിലെ നഴ്‌സുമാരുടെ മൗലീക ആവശ്യങ്ങളെയും വേതന വ്യവസ്ഥകളെയും ചെറുതായി കാണരുത്. അവരുടെ ശബ്ദം ലോകം മുഴുവൻ ഇപ്പോൾ കേൾക്കുന്നു. നഴ്‌സുമാർ നടത്തുന്ന തൊഴിൽ- വേതന പരിഷ്‌കാര അവകാശസമരം കാലഘട്ടത്തിന്റെ വലിയ ആവശ്യമാണ്, ഈ സമരം ശാശ്വത വിജയത്തിലേയ്ക്കു തന്നെയാണ് പോകുന്നത്, എന്നാശംസിക്കുന്നു. //-
-----------------------------------------------------------------------------------------------------------------

ധൃവദീപ്തി  ഓണ്‍ലൈൻ
www.Dhruwadeepti.blogspot.in 
DHRUWADEEPTI ONLINE
Published from Heidelberg, Germany,   
in accordance with the European charter on freedom of opinion and press. 


DISCLAIMER:   Articles published in this online magazine are exclusively the views of the authors. Neither the editor nor the publisher are responsible or liable for the contents, objectives or opinions of the articles in any form


Keine Kommentare:

Kommentar veröffentlichen

Hinweis: Nur ein Mitglied dieses Blogs kann Kommentare posten.