Montag, 23. Februar 2015

Literature / കവിത / സത്യസംഗമങ്ങൾ- നന്ദിനി വർഗീസ്

Nandhini

   സത്യസംഗമങ്ങൾ.
അക്ഷര സാനുക്കളൊത്തങ്ങൊരുമിച്ച്
അക്ഷീണയത്നത്തിനന്ത്യത്തിലുരുവാകും
വാർത്തകൾ വിരൽ ചൂണ്ടും മാധ്യമ വീഥിയിൽ
സത്യ സംസ്താപന സംഗമം ദുർബലം...

പുകയുന്ന കൊള്ളിയ്ക്കുറവിടം ചികയുന്ന
അന്വേഷണാത്മക പ്രവർത്തന രീതിയിൽ
സത്യസന്ധതയ്ക്കൊരു കത്രിക പൂട്ടിട്ട
സിരാകേന്ദ്രങ്ങളാണിന്നു തൻ കൗതുകം..

ഒരു മാത്രയൊന്നോതി  വളച്ചൊടിപ്പിക്കുന്ന
ചോദ്യശരങ്ങളിൽ പതറും മുഖങ്ങളിൽ
തിരയുന്ന വസ്തുതാ സ്വാർത്ഥ താത്പര്യങ്ങൾ
യാഥാർത്ഥ്യ ബോധം വിലയ്ക്കെടുക്കുന്നുവോ ...

മാധ്യമ മാർഗ്ഗേ തെളിഞ്ഞ കണ്‍കോണുകൾ
എങ്ങലടിയിൽ മറഞ്ഞ രേണുക്കളിൽ
അച്ചടി മഷിയിൽ പതിഞ്ഞ നേർരേഖയിൽ
ഹസ്താക്ഷേപം തിരക്കഥ തീർത്തുവോ...

സത്യാന്വേഷണ കുതുകികൾ കാംക്ഷിച്ച
സംഗമ ചിന്താന്തരങ്ങളിൽ കുതറിയ
കോടതി കയറുന്ന മാധ്യമ വിസ്താര -
ക്കാഴ്ചകൾ മതവികാരത്തിൻ മറുവശം

ഒരുവനുതിർക്കുന്ന വീണ്‍ വാക്കിനുത്തരം
അപരനിലൂറ്റുന്ന നാവു തൻ   നൈപുണ്യം
വാചകക്കരുത്തിലൂടുയരുന്ന  സാമർത്ഥ്യം
നന്മയിലൂന്നുന്ന കാലം ഒരു  സ്വപ്നം ...

സത്യസംഗമതീരം മാധ്യമ ചിന്തകൾ...
മാനുഷിക മൂല്യം വിളിച്ചോതും പാതകൾ...
കറകൾ ഗതി തീർക്കും ഇന്നിൻ വ്യവസ്ഥയിൽ
കരഗതമാകട്ടെ പതറാത്ത വീക്ഷണം ....

Keine Kommentare:

Kommentar veröffentlichen

Hinweis: Nur ein Mitglied dieses Blogs kann Kommentare posten.