Samstag, 16. August 2014

ധ്രുവദീപ്തി // പരിവർത്തനം സ്വീകരിക്കുന്ന ജർമ്മൻ ഭാഷയും പ്രതിസന്ധിയും / George Kuttikattu



ജർമ്മൻ ഡയറി //.ധ്രുവദീപ്തി // 


പരിവർത്തനം സ്വീകരിക്കുന്ന 
ജർമ്മൻ ഭാഷയും 
പ്രതിസന്ധിയും /


George Kuttikattu


ർമ്മൻകാർ സാധാരണ പറയാറുള്ള ഒരു ചൊല്ലാണിത്: "Deutsche Sprache, Schwere Sprache" "ജർമ്മൻ ഭാഷ പ്രയാസമുള്ള ഭാഷയാണ്‌ ". ജർമ്മനിയിൽ ഞാനിതു ഒരു നാൽപ്പതു വർഷങ്ങളായി കേൾക്കുന്നു. ജർമ്മൻ വംശജർ അവരുടെ മാതൃഭാഷയെക്കുറിച്ചു ഇപ്രകാരം പറയുന്നത് എന്തുകൊണ്ടാ ണെന്നു  ആദ്യമൊന്നും അതെക്കുറിച്ച് ഞാൻ വ്യക്തമായി ഒന്നുംതന്നെ മനസിലാക്കിയതുമില്ല. സ്വന്തം മാതൃഭാഷ സ്വന്തം നാട്ടിൽ എങ്ങനെ ജർമ്മൻകാർക്ക് പ്രയാസമുള്ളതാകും എന്നായിരുന്നു എന്റെ ചിന്ത.

"ഇംഗ്ലീഷ് ഒരു ലോക ഭാഷയാണ്‌. എന്നുകരുതി നമ്മുടെ മാതൃഭാഷ പരോക്ഷമായ അവഗണനയ്ക്ക് വിധേയമാകുന്നത് തടയണം" ഈ പ്രമേയം, ജർമ്മൻ ഭാഷാ  ശാസ്ത്രജ്ഞരിലും, പണ്ഡിതന്മാരിലും, പ്രമുഖ ജർമ്മൻ ഭാഷാ സാഹിത്യകാരന്മാരിലും, എന്ന് മാത്രമല്ല, ലോക സാമ്പത്തിക കമ്പോളമേഖല കളിലും, തൊഴിൽ-ഉന്നതവിദ്യാഭ്യാസ- ഗവേഷണ മേഖലകളിലും, ജർമ്മൻ ഭാഷാസമൂഹത്തിലെ വ്യത്യസ്തപ്പെട്ട ഓരോ തട്ടുകളിലുമുള്ളവരുടെയും ചിന്താവിഷയം തന്നെയാണ്. ഒരു ജനതയുടെ മുഴുവൻ മാതൃഭാഷാഭിമാനം. ഭാഷയും നൂതന വിദ്യാഭ്യാസരീതിയും പഠനവും മനുഷ്യന്റെ സാമൂഹ്യസാം സ്കാരിക ജീവിതത്തിനു അങ്ങുമിങ്ങും പ്രയോജനപ്പെടുന്ന സമീപനമാണല്ലൊ. ഒരു  ജനവിഭാഗത്തിന്റെ ഭാഷയും സാഹിത്യ കൃതികളും സംസ്കാരവും തമ്മിലുള്ള പരസ്പര സംഭാവനകൾ പരിശോധിച്ചാൽ അതൊരു മഹാവിസ്മയ മായി നമുക്കു കാണാവുന്നതാണ്.

ജർമ്മൻ ഭാഷാ ലിപി
ഒരുവന്റെ ചിന്തയുടെ ഉറവിടം, അഥവാ ചിന്താസ്വദേശം നഷ്ടപ്പെടു ന്നത് ഒരു ഭാഷ അവന്റെ ചുറ്റുവട്ട ത്തിൽ  മാതൃഭാഷയല്ലാതെ അത് അന്യമായിത്തീരുമ്പോഴാണ്. അന ന്തരഫലം എന്ത്? ബൌദ്ധികമായ കാഴ്ചപ്പാടുകളിൽ യാതൊരുവിധ പരിഹാരം കണ്ടെത്താൻ പറ്റാത്ത അകലത്തിൽ, ഒരുപക്ഷെ, സ്വന്ത ജന്മദേശത്തിന്റെതായ അടിസ്ഥാന സംസ്കാരിക ജീവിത ശൈലിയിൽ നിന്നുവരെയും  ഒരുവന് വ്യക്തിതലത്തിൽ ഉണ്ടാകുന്ന സാമൂഹിക സാംസ്കാ രിക മൂല്യങ്ങളിൽ നിന്നുള്ള അകൽച്ചയ്ക്ക് പോലും മാതൃഭാഷാ അപരിചിതത്വം ഏറെ ശക്തമായി കാരണമാക്കുന്നു. സാമൂഹ്യ- സാംസ്കാരി ക- ശാസ്ത്ര വിജ്ഞാനികളുടെ കഷ്ടവും നഷ്ടവും ഇതായിരിക്കുമെന്നതും തീർച്ചയാണ്.

ഇതേക്കുറിച്ചുള്ള മാനങ്ങൾ അതിവിശാലമാണ്. ചില സത്യവസ്തുതകളെ ഇവിടെ ചേർക്കട്ടെ. അന്തർദ്ദേശീയ സമ്മേളനങ്ങളിലും സെമിനാറുകളിലും സർവ്വകലാശാല തലങ്ങളിൽ നടക്കുന്ന സെമിനാറുകളിലും എല്ലാം ഇംഗ്ലീഷ് ഭാഷയിൽ തന്നെയാണ് പ്രഭാഷണങ്ങൾ നടക്കുന്നതെന്ന് പാശ്ചാത്യ ലോകത്തുള്ള സാഹിത്യകാരന്മാരും മറ്റു ഭാഷാപണ്ഡിതന്മാരും പരാതി പ്പെടുന്നുണ്ട്. അവർ പറയുന്ന ന്യായമിതാണ്, സ്വന്തം പാദങ്ങൾ നിലത്തുറപ്പിക്കുവാൻപോലും കഴിയാതെ, ചവുട്ടി നിൽക്കുന്നിടം വലിച്ചു മാറ്റുന്ന രീതിയാണ് ഭാവിയിലും തുടരുന്നതെങ്കിൽ അവിടേയ്ക്കു ശാസ്ത്ര വിജ്ഞാനീ യരുടെ സാന്നിദ്ധ്യവും കുറയുമെന്നാണ്. ഇത്തരം പരാതികളെ ദൃക്സാക്ഷിയായി കാണേണ്ടിവന്ന ഞാൻ, നേരിൽക്കണ്ട ഒരു സംഭവം ഇവിടെ  സ്മരിക്കുന്നു. ഇന്ത്യയുടെ ആയുർവേദ ചികിത്സ ശാസ്ത്രത്തെ സംബന്ധിച്ച് ജർമ്മനിയിലെ ഹൈഡൽ ബർഗ്ഗിലുള്ള പേരും പെരുമയുമുള്ള 'കാൾ- റുപ്രെഹ്റ്റ്'- സർവ്വകലാശാലയിൽ നടന്ന ഒരു പഠന സെമിനാറിൽ ഞാനും പങ്കെടുത്തിരുന്നു. അവിടെ പങ്കെടുത്ത ജർമ്മൻകാരുടെ സദസ്സിൽ അമേരിക്കയിലെ അരിസോണാ സർവ്വകലാശാലയിലെ പ്രൊഫസ്സർ ഡോ. നിഹ്ടർ ആയുർവേദ ചികിത്സാശാസ്ത്രത്തെക്കുറിച്ചു അന്ന് പ്രഭാഷണം നടത്തിയത് ഇംഗ്ലീഷിലാണ്. അപ്പോൾ മേല്പ്പറഞ്ഞ വാദഗതികളെ സംശയത്തോടെയാണ് ഞാൻ കാണുന്നത്.

പണ്ഡിതന്മാരുടെയും സമാന്യജനങ്ങളുടെയും ആവശ്യങ്ങളും ആശയങ്ങളും അങ്ങോട്ടു മിങ്ങോട്ടും വ്യക്തമായി കടന്നുപോകുവാനുള്ള ഒരു പാലമായിരിക്കണം ഭാഷ എന്നാണു വിവക്ഷ. ഇംഗ്ലീഷിന്റെ വികാസം ഇതിനു തടസ്സമാകുന്നുവെന്ന വാദഗതി ഉള്ളവരും പാശ്ചാത്യ ചിന്തകരിലും ഏറെയുണ്ട്. ഇത് വസ്തുതയാണെന്ന് ഗൌരവ പൂർവ്വം സമ്മതിക്കുവാനുള്ള ലക്ഷണമൊട്ടില്ല താനും, എന്ന് പറയുന്നവരും ഉണ്ട്. ഇതു പറയുമ്പോൾ ഓർമ്മയിലെത്തുന്നതിതാണ്. വിദ്യാസമ്പന്നരുടെ നാടായ കേരളീയരുടെ സ്വന്തം മാതൃഭാഷയായ മലയാള ഭാഷാപ്രയോഗം മലയാളികൾ മന:പൂർവം ഒരു വികലമായ ഭാഷയാക്കി ഉപയോഗിക്കുന്നതാണ്. മലയാള ദൂരദർശനിയിലൂടെ പ്രക്ഷേപണം ചെയ്യുന്ന ചില കാര്യങ്ങൾ അവതരിപ്പിക്കുന്നവരുടെ മലയാളഭാഷയാണ് ഏറ്റവും ശ്രദ്ധിക്കപ്പെട്ടത്. മലയാളമാണ് അവർ പറയന്ന ഭാഷ. അതുപക്ഷെ, ഒരു വാചകം പറയുന്നതിൽ കുറഞ്ഞത്‌ മൂന്നു വാക്ക്, ആർക്കും പിടികിട്ടാത്ത ഇംഗ്ലീഷ് വാക്കുകളാണ് അവിടെ ഉപയോഗിക്കുന്നത്. നല്ല മലയാള പദങ്ങൾ അവരുടെ സ്വന്തം പദശേഖരത്തിൽ കുറയും. കേൾവിക്കാർക്ക് അവയിലൊന്ന് കേൾക്കുന്നത് പോലും അസഹനീയമാണ്. അതുപോലെതന്നെയാണ് ചിലരാഷ്ട്രീയക്കാരുടെ മലയാളഭാഷയുടെ ഉപയോഗം. 

"മലയാളത്തിലെ ഒരു ചൊല്ലാണല്ലോ "വെടക്കാക്കി തനിക്കാക്കുക" എന്ന രീതി. കോടതി ഭാഷയും സർക്കാർ ഭാഷയും ഇതിൽനിന്നും മോചനം നേടിയിട്ടില്ല. ഇംഗ്ലീഷിന്റെ പ്രാമുഖ്യം ഉണ്ടാക്കിയെടുക്കുവാൻ സർക്കാരുകളും വിദ്യാഭ്യാസ മണ്ഡലങ്ങളും ഇംഗ്ലീഷു മീഡിയം സ്കൂളുകൾക്ക് അത്യൂന്നത സ്ഥാനം നല്കി. മലയാളഭാഷയെ ശ്രേഷ്ഠ ഭാഷയാക്കി ഒരു മലയാളഭാഷാസർവ്വകലാശാലയും കേരളം ശ്രുഷ്ടിച്ചു വച്ചു. മലയാള ഭാഷാസമ്പന്നരുടെ നാടായ കേരളത്തിൽ ആദ്യമായി ഉണ്ടായ ആ മുഖ്യ കലാശാലയുടെ "വൈസ് ചാൻസിലർ" പദവി നല്കിയത് ഒരു മലയാളഭാഷാ പണ്ഡിതനല്ല താനും..  

മേൽപ്പറഞ്ഞ മലയാള ഭാഷയുടെ വിവാദപരമായ ദുർഗതിതന്നെയാണ് ജർമ്മൻ ഭാഷാ സമ്പന്നരുടെയിടയിലെ ജർമ്മൻ ഭാഷയുടെ ഭാവി വികസനം സംബന്ധിച്ചു നിലവിലുള്ള അഭിപ്രായം . അപ്പോൾ, സമൂഹത്തിലെ ബുദ്ധിജീവികൾ വ്യക്തിപരമായ നേട്ടങ്ങൾ ലാക്കാക്കി ഇംഗ്ലീഷ് ഭാഷയെ ആസ്ഥാനത്ത് പ്രതിഷ്ഠിച്ചു വയ്ക്കുകയാണെന്ന കടുത്ത വാദഗതി ശക്തമാകുന്നു. യാഥാർത്ഥ്യമിതാണ്- ജർമ്മനിയിൽ നിലവിൽ സാമ്പത്തിക സുരക്ഷിതത്വമുള്ളവരും ഭാവിയെപ്പറ്റി സമഗ്രവീക്ഷണമുള്ളവരും അവരു ടെ കുട്ടികളെ ഇംഗ്ലീഷ് ബോർഡിംഗ് സ്കൂളുകളിലും ഹൈസ്കൂളു കളിലും സ്വകാര്യജർമ്മൻ  സർവ്വകലാശാലകളിലും ചേർത്തു പഠിപ്പിക്കുന്നു. സ്വാഭാവികമായിത്തന്നെ ഇംഗ്ലീഷ് സംസാരിക്കുകയും പഠിക്കുകയും ചെയ്യുന്നതൊക്കെ മെച്ചപ്പെട്ട ജീവിത ശൈലിയുടെ സൌകര്യങ്ങളിൽ ജീവിക്കുന്ന സമൂഹം ഹൃദയപൂർവം സ്വാഗതം ചെയ്യും. എന്നാൽ ജർമ്മനി യിലെ വിദ്യാർത്ഥികളുടെ വായനയിലും എഴുത്തിലുമുള്ള പരിജ്ഞാനത്തെ വളരെ മോശമായ നിലയിലാണ് OECD രാജ്യങ്ങൾ നടത്തിയ പരിശോധന യിൽ കണ്ടെത്തിയത്. അതിങ്ങനെ: ജർമ്മനിയിലെ കുട്ടികൾ 25-)മത്തെ റാങ്കിൽ നില്ക്കുന്നു.
 
ജർമ്മൻ ഭാഷ ഒരു കാലിക പ്രതിബന്ധമാണെന്ന് പറയുന്നവർ സാധാരണ ജർമ്മൻകാർ മാത്രമല്ല, പൊതു പ്രവർത്തകരായ രാഷ്ട്രീയ-ഭരണതലത്തിലുള്ള വരും ജർമ്മനിയിലെ അന്തർദ്ദേശീയ കോടതികളിലെ ജഡ്ജിമാരും ഇവരിൽപ്പെടുന്നു. ഉദാഹരണമായി, ഒരു പ്രാദേശിക കോടതി യിൽ നടക്കുന്ന അന്തർദ്ദേശീയ വ്യവഹാരകാര്യങ്ങളിൽ മുഴുവൻ നടപടിക്രമങ്ങൾ ഇംഗ്ലീഷിൽ കൈകാര്യം ചെയ്യേണ്ടി വരുന്നു. പ്രതിബന്ധ മായിട്ടുള്ള ഒരു നിയമം ഇവിടെ കാണുന്നു: 1877 മുതൽ എഴുതപ്പെട്ടിട്ടുള്ള ജർമ്മനിയുടെ കോടതി ഭരണഘടനാ നിയമമനുസരിച്ച് കോടതിഭാഷ ജർമ്മൻഭാഷയായിരിക്കണമെന്ന് അനുശാസിക്കുന്നുണ്ട്. ജർമ്മൻ ഭാഷയായ തിനാൽ ജർമ്മനിയുടെ കോടതികളിൽ വലിയ സാങ്കേതിക പ്രതിബന്ധങ്ങൾ നേരിടുന്നുണ്ടെന്ന് വ്യാപകമായി പറഞ്ഞുതുടങ്ങി. "ജർമ്മൻ ജനതയുടെ പേരിൽ"- "im Namen des deutschen volkes"- എന്നെഴുതി തുടരുന്ന വിധികൾ, ഭാവിയിൽ, ഇതുതന്നെ എന്താണെന്നുപോലും ജർമ്മൻകാർക്കും അതത്ര വെറുതെ  മനസ്സിലാവുകയില്ല.

സമൂഹത്തിലെ വിവിധ തലങ്ങളിൽ ഉള്ളവർക്ക് ഇവ ഒരു പ്രതിബന്ധം തന്നെയാകും. ജർമ്മൻ പാർലമെന്റു ഉപസഭ തന്നെ നടത്തിയ അന്വേഷണത്തിൽ ഒരു മൂന്നിൽരണ്ടു ജർമ്മൻകാർക്കും ഇംഗ്ലീഷ് മെച്ചപ്പെട്ട രീതിയിൽ കൈപ്പിടിയിൽ ഒതുങ്ങുന്നുവെന്നാണ് അറിഞ്ഞത്. എന്നിരു ന്നാലും സർക്കാർ- കോടതി ഭാഷകളിൽ മാറ്റമുണ്ടാകുന്നതിൽ ഇനിയും സമൂഹത്തിന്റെ ആവശ്യങ്ങളെ നിരീക്ഷിക്കേണ്ടതുണ്ട് എന്ന ആശയമാണ് നിലവിലുള്ളത്. രാഷ്ട്രീയതലത്തിൽ ഈ പ്രശ്നങ്ങൾ ഗൗരവമായി കണക്കിലെടുക്കുമോ എന്ന കാര്യം! മൂന്നിൽ രണ്ടു ഭാഗം ആളുകൾക്കും കോടതികളുടെ നടപടിക്രമങ്ങളും  അന്തർദ്ദേശീയ വ്യവഹാരങ്ങളുടെ കാര്യത്തിലും ജർമ്മൻഭാഷയിൽ ആകുന്നതിൽ ബുദ്ധിമുട്ടില്ല.

എന്നാൽ ശ്രദ്ധേയമായിരിക്കുന്ന ഒരു കാര്യമാണ്, ജർമ്മൻസർവ്വകലാ ശാലകളിൽ മറ്റിതര ഭാഷകളിലല്ലാതെ ജർമ്മൻ ഭാഷയിൽ മാത്രം അദ്ധ്യാപനഭാഷ ആക്കുന്നതിലുള്ള വൈകല്യം ചൂണ്ടിക്കാണിച്ചു അധികാരികൾ പരാതിപ്പെട്ടത്. ഇതിനെ ന്യായീകരിച്ചു മ്യൂനിച്ചിലെ TU സർവ്വകലാശാല അന്തർദ്ദേശീയ സ്റ്റൻഡാർഡ് പാലിക്കുന്നതിനായി 2020 വരെ സെമിനാർ ഇംഗ്ലീഷിൽ അദ്ധ്യയനഭാഷ ഇംഗ്ലീഷ്ഭാഷ തന്നെ ആയിരിക്കുമെന്ന് തീരുമാനിച്ചു. അപ്പോൾ, ഇതേ ന്യായത്തിൽ ചിന്തിക്കുന്നത് ഇപ്രകാരം:  എന്തുകൊണ്ട് ഈ കാഴ്ചപ്പാടിൽ ജർമ്മൻ കുട്ടികളിൽ പ്രധാനമായി ഇംഗ്ലീഷു പഠനവും ഒരുമിച്ചു സാദ്ധ്യമാക്കാൻ കഴിയില്ലേ എന്ന ചോദ്യം നിലവിൽ ഉണ്ട്. ഇംഗ്ലീഷ്ഭാഷാ പഠനം വളരെ പ്രാധാന്യമേറിയതാകുമെന്ന് തീർച്ചയാണ്. എന്തായാലും ആഗോളവത്കരണ ത്തിൽ ഭാഷകൾ ജനതകളുടെ സംസ്കാരത്തിൽ ഉണ്ടാക്കാവുന്ന ബലിവസ്തുവായി മാറ്റാനും സംസ്കാരങ്ങളുടെ മൂല്യം കുറയ്ക്കാനും ഇടവരു ത്തരുത്. പ്രത്യേകിച്ച്, യൂറോപ്പിൽ- ജർമ്മനിയിൽ ഭാഷയുടെ വിപുലമായ പ്രയോഗത്തിൽ കൂടുതൽ പരിവർത്തനങ്ങൾ ആവശ്യമാണെന്നുള്ള കാഴ്ചപ്പാട് പ്രകടമാണ്. തൊഴിൽരംഗത്തും ഈ ആവശ്യം ഏറെ ശക്തമായിക്കൊണ്ടിരി ക്കുന്നു.

ഇംഗ്ലീഷിന്റെ അരങ്ങ് എവിടെയെല്ലാം ശക്തിപ്പെടുന്നുവോ അവിടെയെല്ലാം സാധാരണ ജനങ്ങളും ഇംഗ്ലീഷ് പഠിക്കേണ്ടിയിരിക്കുന്നു. അതനുസരിച്ച് വീണ്ടും ഇംഗ്ലീഷിന്റെ ആധിപത്യം വർദ്ധിക്കുന്നുവെന്നതാണ് യാഥാർത്ഥ്യം. ഈ വാദത്തെ ഔദ്യോഗികമായി ന്യായീകരിക്കുന്നതാണ്, ഇപ്പോൾ തന്നെ യൂറോപ്പിൽ തൊണ്ണൂറു ശതമാനം സ്കൂൾ കുട്ടികളും ഇംഗ്ലീഷ് ഭാഷ പഠിക്കുന്നുണ്ടെന്ന യൂറോപ്യൻ യൂണിയന്റെ പുതിയ സ്ഥിതിവിവരക്കണ ക്കുകൾ സ്ഥിരീകരിച്ചത്.

ഒരു അപരിചിത ഭാഷ മറ്റൊരു രാജ്യത്ത് വികാസം പ്രാപിക്കുന്ന തോതനു സരിച്ച് ആ രാജ്യത്തെ സംസ്കാരവും ഭാഷയും ബലിവസ്തുവാകരുത്. എങ്കിലും കുറഞ്ഞയളവ് പരിവർത്തനങ്ങൾ ഉണ്ടാകുമെന്ന് തീർച്ചയാണ്. ജർമ്മനിയിൽ കുട്ടികൾക്ക് ജർമ്മൻ ഭാഷയോടൊപ്പം തന്നെ ഇംഗ്ലീഷ് ഭാഷയും പ്രാധാന്യം നല്കി പഠിപ്പിക്കുന്നതിന് പ്രൈമറി ക്ലാസുകൾ മുതലേ ഇംഗ്ലീഷ് ഭാഷാ പഠനം പ്രയോഗത്തിൽ വരുത്തി. ജർമ്മനി നിലവിൽ ഏകദേശം നാനൂറോളം ഇംഗ്ലീഷ് മീഡിയം കിന്റർ ഗാർടനുകൾ വിവിധ ഭാഗങ്ങളിൽ തുടങ്ങിയിട്ടുണ്ട്. പ്രൈമറി മുതൽ സർവ്വകലാശാലകളിലും വരെയും ഇംഗ്ലീഷുഭാഷയുടെ പ്രാധാന്യം ജർമ്മൻ ഭാഷയോടൊപ്പം തന്നെ വളർന്നു കഴിഞ്ഞു. വിദേശീവിദ്യാർത്ഥികൾക്കും സ്വദേശീകൾക്കും സർവകലാ ശാലകളിൽ അദ്ധ്യയനം ഇംഗ്ലീഷു ഭാഷയിൽ, പ്രത്യേകിച്ച് ടെക്നോളജി വിഭാഗ പഠനങ്ങളിൽ, ആണ് ക്ലാസുകൾ എടുക്കപ്പെടുന്നത്. അതേസമയം ജർമ്മൻ ഭാഷയുടെ പ്രാധാന്യം കുറയ്ക്കുന്നില്ല. പുതുതായി ജർമ്മൻ തൊഴിൽമേഖലയിൽ വരുവാൻ ആഗ്രഹിക്കുന്ന വിദേശ ഉദ്യോ ഗാർത്ഥികൾക്കും  സർവ്വകലാശാലകളിൽ ഉപരിപഠനം തേടുന്നവർക്കും ജർമ്മൻ ഭാഷയിലും ഇംഗ്ലീഷിലും അവർക്കുള്ള പരിജ്ഞാനം തെളിയിക്കുന്ന പഠനയോഗ്യതാ സർട്ടിഫിക്കറ്റുകളും മറ്റുള്ള തെളിവുകളും ഉണ്ടായിരിക്കണ മെന്ന് നിയമപരമായി ജർമ്മനി ആവശ്യപ്പെടുന്നുണ്ട്.

ഒരു രാജ്യത്തെ 'തൊഴിൽഭാഷ' ഇംഗ്ലീഷ് ഭാഷയാണെങ്കിൽ അവിടെയ്ക്ക് വന്നിട്ടുള്ള കുടിയേറ്റക്കാരുടെ മക്കൾ ആ രാജ്യത്തെ ഭാഷ എന്തിനു പഠിക്കണം ? ഈ വിഷയം ഇപ്പോൾ വളരെ ശക്തമായി ചർച്ച ചെയ്യപ്പെടുന്നുണ്ട്. " നമ്മുടെ കുടുംബങ്ങളിലെയും വിശ്രമവേദികളിലെയും വിശ്രമസമയങ്ങളിലെയും ഭാഷയാണ്‌ ജർമ്മൻഭാഷ. ഇതിനു മാറ്റമുണ്ടാകില്ല. അതങ്ങനെ തന്നെ നിലനിൽക്കും. എന്നാൽ നമ്മുടെ തൊഴിൽഭാഷ ഇംഗ്ലീഷ് ആണ്". ഇങ്ങനെ പറഞ്ഞത് യൂറോപ്യൻ എനർജി കമ്മീഷണർ  (മുൻ ബാഡൻ വ്യൂർട്ടംബർഗ് സംസ്ഥാനമുഖ്യമന്ത്രി)  ജർമ്മൻകാരനായ ഗ്യൂന്ദർ ഓട്ടിങ്ങർ ആയിരുന്നു. ഇത്തരം അഭിപ്രായങ്ങൾ വീണ്ടും വീണ്ടും ചർച്ചാവിഷയമാണ്.

മറ്റൊരു വിഭാഗത്തിന്റെ വാദഗതി " ജർമ്മൻ ഭാഷ തളർച്ച നേരിടുന്നു" എന്നാണ്.   മിസ്റ്റർ. യൂർഗൻ ട്രബാൻഡ്, പ്രസിദ്ധ ഭാഷാവിദഗ്ധനും സാഹിത്യ കാരനുമാണ്. അദ്ദേഹം പറയുന്നതിങ്ങനെ: " ജർമ്മൻ ഭാഷ പ്രാദേശിക ഉപ ഭാഷകളുടെ സ്വാധീനവും ഇംഗ്ലീഷിന്റെ ആഗമനവും ആധിപത്യവും മൂലം ദുർബലമാകുന്നു" എന്നാണ്. അതുപക്ഷെ, അദ്ദേഹത്തിൻറെ അഭിപ്രായം തീർത്തും ശരിയെന്നു പറയുവാൻ കഴിയുകയില്ല. വാസ്തവമിതാണ്, ഓരോ ജർമ്മൻകാരനും, ടാക്സി ഡ്രൈവർ മുതൽ പാർലമെന്റ് അംഗം വരെയും, ജർമ്മൻ പാർലമെന്റിലും മറ്റെല്ലാ സർക്കാർ ഓഫീസുകളിലും മാധ്യമ ങ്ങളിലും പൊതുസാമൂഹ്യമേഖലകളിലും ജർമ്മൻ ഭാഷ ഉപയോഗിക്കുന്നു, പ്രയോഗത്തിലിരിക്കുന്നു.

ഒന്ന് തീർച്ചയാണ്. ഏതു ഭാഷയിലാണെങ്കിലും ഭാഷാപരമായ പരിവർത്തന ങ്ങളും ചിന്താരീതിയും സംഭാഷണ വിഷയങ്ങളും അതനുസരിച്ച് സാമൂഹ്യജീവിത സംസ്കാര രീതികളും ഒക്കെ നാം പ്രതീക്ഷിക്കുന്നതിലേറെ വേഗത്തിൽ മാറ്റങ്ങൾ അതിവേഗത്തിൽ നേരിട്ടുവന്നുകൊണ്ടിരിക്കുന്നു. വളരെ പ്രകടമായി ചില വിഭാഗങ്ങളിലെ യുവജനങ്ങളിൽ ഈ മാറ്റം ദർശിക്കുവാൻ കഴിയും. ജന്മരാജ്യത്തുനിന്ന് മറ്റൊരു രാജ്യത്തേയ്ക്ക് സാഹസിക ബുദ്ധിയോടെ പ്രതീക്ഷകൾ തോളിലേറ്റി വിവിധ കാരണങ്ങളാൽ കുടിയേറ്റം നടന്നിട്ടുള്ളവരുടെ പിൻതലമുറകളിൽ ഈ മാറ്റം വളരെ പ്രകടമായി കാണാൻ കഴിയുന്നു. കാലം അവർക്കു മുന്നിൽ മുഖം തിരിച്ചു നിന്നു. പൂർവീകരുടെ മാതൃഭാഷയും അവരുടെ മാതൃസാംസ്കാരിക പാരമ്പര്യജീവിത മൂല്യങ്ങളും ആ രണ്ടാം തലമുറയിൽ കുറഞ്ഞുവരുകയോ അഥവാ പൂർണ്ണമായി അവയെല്ലാം  അപ്പാടെതന്നെ അവഗണിക്കപ്പെടുകയോ ചെയ്യപ്പെടുന്നുണ്ട് എന്നത് ഒരു വസ്തുതയാണ്. ഇക്കൂട്ടർ ഈ പുതിയ കുടിയേറ്റ രാജ്യത്ത് ഇരു സംസ്കാരങ്ങളിലും നിന്നും വിട്ടകന്ന്, സ്വന്തം മാതൃഭാഷയിലെ ചിന്താദേശവുമായും ഒട്ടും ഒരുമപ്പെടാൻ കഴിയാത്ത അരങ്ങുനിറഞ്ഞ ജീവിതശൈലികളെയാണ് സ്വീകരിച്ചത്. ഇവർക്ക് മാതൃരാജ്യത്തിലെ സാമൂഹ്യമൂല്യങ്ങളിലുള്ള വിലപ്പെട്ട യാതൊരു ആചാരങ്ങളെയും വിശ്വാസങ്ങളെയും കുറഞ്ഞതോതിൽ എങ്കിലും മനസ്സിലാക്കുവാനോ സ്വീകരിക്കാനോ കഴിയാതെയും പോകുന്നു. പ്രകടമായ ഒരുദാഹരണമാണ്, കേരളത്തിൽനിന്നും തൊഴിൽ തേടി വിദേശങ്ങളിൽ എത്തിയവരുടെ പിൻതലമുറയിലെ ചില യുവത്വങ്ങളുടെ ജീവിത കാഴ്ചപ്പാട്. അവരുടെ  ആന്ത രിക ജീവിതം പരമദരിദ്രമാക്കുന്നുവെന്ന ഈ ദർശനം ഒരു ദോഷൈക ദർശ നമല്ലാ, മറിച്ച് സമഗ്രവീക്ഷണത്തോടെയല്ലാത്തവർ കാട്ടുപോത്തുകളുടെ ഇടയിൽ ചെന്നുപെട്ട ഒറ്റയാൻ സിംഹത്തെപ്പോലെ അവിടെ അപഹാസ്യ നാകും. ഇത്തരം നിരീക്ഷണങ്ങൾ ഉള്ളടക്കുന്ന ജീവിതമാതൃകയെന്ന അത്യന്തം ഗൌരവമുള്ള ആശയം നിത്യനൂതനമാണല്ലോ. ഒരു തലമുറക്കാല ത്തിനുള്ളിൽ വന്നുസംഭവിക്കുന്ന പരിവർത്തനങ്ങൾ വളരെ കൂടുതൽ അസ്വസ്ഥതകൾക്ക് കാരണമാകുമെന്ന് തീർച്ചയാണ്.

ജർമ്മൻ ഭാഷാ ലിപി
ജർമ്മൻ ഭാഷയുടെ തനത് ഐഡി ന്റിറ്റി വ്യത്യസ്തതകളേറെ നിറഞ്ഞി രിക്കുന്ന ഒരു സാംസ്കാരികതയിൽ യൂറോപ്പിൽ അവ തീർത്തും അന ന്യമായിട്ടുള്ള ഒരു യാഥാർത്ഥ്യമാ ണ്. തങ്ങളുടെ എണ്ണത്തിലും വർണ്ണ ത്തിലും വൈവിദ്ധ്യം നിറഞ്ഞ വിവിധയിനം ബ്രഡ്ഡ്കളും, പ്രിയപ്പെ ട്ട ബീയറും വൈനും ആസ്വദിക്കു ന്ന ഈ നാടിന്റെ കഥകൾ പറയുന്ന ഭാഷയുടെ ലോക സാംസ്കാരിക പൈതൃകം ചരിത്ര വസ്തുതകളാണ്. ശരിയാണ്, പാശ്ചാത്യ സമൂഹത്തി ൽ നാൾതോറും ഇംഗ്ലീഷ്  ഭാഷയും സാഹിത്യവും വളരെയധികം  പ്രധാനപ്പെട്ടതാണ്; അത് കണ്ണും കാതും ഉള്ളവർക്ക് ആർക്കും ഈ വസ്തുത നിഷേധിക്കുവാൻ കഴിയുകയില്ല. സ്വന്തം മാതൃഭാഷ സ്വന്തം രാജ്യത്ത് നിലനില്പ്പിനു വെല്ലുവിളിയായും  മറുഭാഷകൾ ആധിപത്യം കവർന്നു അവിടെ വന്നു നിൽക്കുന്നതും മാതൃഭാഷയുടെ വ്യക്തിത്വത്തിന് കളങ്കം ഉണ്ടാക്കും. അതായത് ഇംഗ്ലീഷിന്റെ കൂടുതൽ  ഏറിവരുന്ന കടന്നു കയറ്റത്തിൽ ജർമ്മൻ ഭാഷയ്ക്ക്‌ ക്ഷീണമുണ്ടാക്കും.

ജർമ്മൻ രാഷ്ട്രീയം ഈയൊരു വിഷമവിഷയം ഗൌരവപൂർവം ശ്രദ്ധിക്കുമോ ? മൂന്നിൽരണ്ട് ഭാഗം പേർക്കും ഔദ്യോഗികഭാഷയിൽ, ജർമ്മൻ ഭാഷ, പ്രശ്നമായി തോന്നുന്നില്ലായെങ്കിൽ അത് തൃപ്തികരമായ സ്ഥിതിയാണ്. എന്നാൽ മഹത്തായ ജർമ്മൻ ഭാഷ ഒരു പ്രാദേശിക ഭാഷയായി തരം താഴ്ത്തപ്പെട്ടുപോയാൽ? ഇതിൽ നിന്നും ആരായിരിക്കും ലാഭം കൊയ്യുന്നത്? മാതൃഭാഷ ഉപയോഗിക്കുന്നവർ ആയിരിക്കില്ല. ഇതിൽ അപരിചിതമായി തോന്നുന്ന ഒരു പ്രസക്തകാര്യം, ജർമ്മൻ ഭരണഘടന നിർമ്മിച്ച്‌ എഴുതിയിരിക്കുന്നത് ജർമ്മൻഭാഷയിലും അതേസമയം ജർമ്മൻ കോടതി കളിൽ ഏറെക്കൂടുതൽ ഇംഗ്ലീഷും പ്രയോഗത്തിൽ ആണെന്നുള്ളതും ആണ്. ഇത് നിഴലിക്കുന്നത് തെറ്റായ ദിശയിലേയ്ക്കാണോയെന്ന ദുരൂഹത നിഴലിക്കുമ്പോഴാണ്.

എന്തായാലും ശരിയിതാണെന്നു നമുക്ക് സമ്മതിക്കാതെ വയ്യ. കഴിഞ്ഞ കാലങ്ങൾ ലോകത്തിലെ അതിശ്രേഷ്ഠ ബുദ്ധിജീവികളുടെ അഭിമാന ഭാഷയായിരുന്നു ജർമ്മൻ ഭാഷയെന്നതിനു തെളിവുകൾ നിരത്താനേറെ യുണ്ട്. ശ്രേഷ്ഠ ജർമ്മൻ ഭാഷയ്ക്ക് പതിനെട്ടാം നൂറ്റാണ്ടിലും പത്തൊൻപതാം നൂറ്റാണ്ടിലും ലോകഭാഷയുടെ മുമ്പിൽ യുഗചൈതന്യം ഉണ്ടായി. അത് രാഷ്ട്രീയമോ സാമ്പത്തികമോ വിനിമയ സംബന്ധമോ ആയിട്ടുള്ള കാരണങ്ങളാലല്ല. മറിച്ച് ജർമ്മൻഭാഷയിൽ അന്തർദ്ദേശീയമായി സമീപ കാലഘട്ടംവരെയും എഴുതപ്പെട്ടിട്ടുള്ള തത്വശാസ്ത്രപരവും സാഹിത്യപര വും വളരെയേറെ അർത്ഥവത്തുമായ സാഹിത്യകൃതികളാണ് ഈ മഹത്ചൈതന്യം ജർമ്മൻ ഭാഷയ്ക്ക് സമ്മാനിച്ചത്‌.

ഒരു ഭാഷയുടെ, അത് ഏതു ജനവിഭാഗത്തിന്റെ ഭാഷയുമാകട്ടെ, വിനിമയം നിർണ്ണയിക്കുവാനും നിർവചിക്കുവാനും ശ്രമിക്കുന്നത് ശ്രമകരവുമാണ്. ജർമ്മൻ ഭാഷ ഒരു യുഗ ചൈതന്യമുള്ള ഭാഷയാണ്‌. അപ്പോൾ ഒരു സാധാരണ ജർമ്മൻപൗരൻ, "ജർമ്മൻ ഭാഷ പ്രയാസമേറിയ ഭാഷ " (Deutsche Sprache, Schwere Sprache)"എന്ന് സ്വയം ഏറ്റു പറയുന്നതിൽ എന്തോ കഴമ്പുണ്ടെന്ന് കരുതേണ്ടിയിരിക്കുന്നു.  ജർമ്മൻ ഭാഷയുടെ രക്ഷ ആരുടെ കരങ്ങളിലാണ് സുരക്ഷിതമാകുന്നത് ?//-

ധ്രുവദീപ്തി -
("കോട്ടയത്തുനിന്നും പ്രസിദ്ധീകരിക്കപ്പെടുന്ന "പ്രതിച്ഛായ" വാരികയിൽ പ്രസിദ്ധീകരിക്കപ്പെട്ട ലേഖനം. )
------------------------------------------------------------------------------------------------------------------------------

Keine Kommentare:

Kommentar veröffentlichen

Hinweis: Nur ein Mitglied dieses Blogs kann Kommentare posten.