Dienstag, 5. August 2014

ധ്രുവദീപ്തി // Faith and Life / പ്രാർത്ഥനയിലെ ശരിയും തെറ്റും / Fr. Dr. Dr. Joseph Pandiappallil

ധ്രുവദീപ്തി // Faith and Life / 

പ്രാർത്ഥനയിലെ ശരിയും തെറ്റും

 Fr. Dr. Dr. Joseph Pandiappallil

  Fr. Dr. Dr. Joseph
Pandiappallil


പ്രാർത്ഥിക്കുന്നവരാണ് മനുഷ്യരിൽ ഭൂരിപക്ഷവും; പ്രാർത്ഥിക്കാത്തവരുമുണ്ട്. പ്രാർത്ഥിക്കുന്നവരിൽ ത്തന്നെ ശരിയായ രീതിയിൽ പ്രാർത്ഥിക്കുന്നവരും തെറ്റായ രീതിയിൽ പ്രാർത്ഥിക്കുന്നവരുമുണ്ട്. പ്രാർ ത്ഥിക്കുന്നവരെ ദൈവീകരായും ദൈവാന്വേഷകരാ യും നാം പൊതുവെ കരുതുന്നു. പ്രാർത്ഥിക്കാത്തവരെ ലൗകീകരായും.

ശരിയായി പ്രാർത്ഥിച്ചാലേ പ്രാർത്ഥനയാകൂ. തെറ്റായ പ്രാർത്ഥന പ്രാർത്ഥനയും അല്ല. പ്രാർത്ഥന പാളിപ്പോകുമ്പോൾ അത് വെറും പ്രഹസനമായി മാറുന്നു.

പ്രാർത്ഥനയിലെ തെറ്റും ശരിയും വേർതിരിച്ചറിയുവാനുള്ള മാനദണ്ഡം ഈശോ തന്നെ വ്യക്തമാക്കുന്നുണ്ട്. ദൈവത്തിന്റെ അളവുകോലാൽ നമ്മെ അളന്നു നാം ശരിയായി പ്രാർത്ഥിക്കുന്നവരൊ അല്ലയോ എന്ന പരിശോധന നമ്മുടെ ജീവിതത്തെ ശരിയായ പ്രാർത്ഥനാജീവിതമാക്കി മാറ്റാൻ സഹായിക്കും തീർച്ച.

ഉപമയിലൂടെയുള്ള പ്രബോധനം-

ഈശോയുടെ പ്രബോധനങ്ങളിൽ പലതും ഉപമയിലൂടെയാണ് ദർശിക്കുന്നത്. പ്രാർത്ഥനയിലെ തെറ്റും ശരിയും വിവേചിക്കുന്നതും ഉപമ വഴിയാണ്.

ഫരിസേയന്റെയും ചുങ്കക്കാരന്റെയും ഉപമ-

ചുങ്കക്കാരനും ഫരിസേയനും 
പ്രാർത്ഥനയിൽ
യൂദരുടെ പ്രാർത്ഥനാ ശുഷ്ക്കാന്തി പ്രസിദ്ധമാണ്. പ്രാർത്ഥിക്കേണ്ട നേരത്ത്, തെരുവിലാണേൽപോലും അവർ പ്രാർത്ഥിക്കും. പ്രാർത്ഥിക്കേണ്ട സമയത്ത് തെരുവിലായിപ്പോകാൻ ശ്രമിച്ചെന്നും വരും!. യാചന (സങ്കീ. 25), അനുരജ്ഞന ശുശ്രൂഷ (സങ്കീ: 51) കൃതജ്ഞതാ പ്രകാശനം (ലൂക്കാ.1:46-53) സ്തുതി (ലൂക്കാ: 67-79) തുടങ്ങി വിവിധയിനം പ്രാർത്ഥനാരീതികൾ യൂദർക്കിടയിൽ പ്രചാരമുണ്ട്. സോദോം ഗോമോറ നഗരങ്ങൾക്കുവേണ്ടി ദൈവത്തോട് വാദിക്കുന്ന അബ്രാഹാമും (ഉത്പ. 18:22-23) ജനത്തിനുവേണ്ടി മാദ്ധ്യസ്ഥം വഹിക്കുന്ന മോശയും (പുറ. 32:22-14, 30-32) നന്ദി പ്രകാശിപ്പിക്കുന്ന ദാവീദും (2.സാമു.7:18-29) പ്രാർത്ഥിക്കുന്ന ജറമിയ (ജെറെ.32: 16-25), ഏശയ്യ (ഏശ 6:1-11) പ്രവാചകന്മാരും പ്രാർത്ഥനയുടെ മാതൃകകളായി യൂദർ കരുതിയിരുന്നു. ഇതൊന്നും ഈശോ തള്ളിപ്പറയുന്നില്ല. നിയമം ഇല്ലാതാക്കലല്ല, പൂർത്തീകരിക്കലാണ് അവിടുത്തെ ലക്ഷ്യം.  പ്രാർത്ഥന യുടെ നേരമോ രൂപമോ ഘടനയോ മാറ്റി മറിക്കണമെന്നു അവിടുന്നു ആഹ്വാനം നൽകുന്നുമില്ല. മറിച്ച് പ്രാർത്ഥിക്കുന്നവന്റെ മനോഭാവം ശുദ്ധമായിരിക്കണമെന്ന് നിർദ്ദേശവും തെറ്റായ ഭാവം അഹംഭാവം പുലർത്തുന്നവർക്കൊരു താക്കീതുമാണ് ഈശോയുടെ പ്രബോധനം. ഫരിസേയന്റെയും ചുങ്കക്കാരന്റെയും ഉപമയുടെ കാതൽ ഇതാണ്.

രണ്ടു ചിത്രങ്ങൾ-

ഒരാൾ ഫരിസേയൻ, മറ്റെയാൾ ചുങ്കക്കാരൻ. ഈ ഉപമയിൽ രണ്ടു കഥാപാത്രങ്ങൾ മാത്രമേയുള്ളൂ. കഥ നടക്കുന്നത് ദേവാലയത്തിലാണ്.

നിയമാനുഷ്ഠാനത്തിന്റെ കാര്യത്തിൽ തീവ്രവാദിയാണ് ഫരിസേയൻ. അതായത്, അയാൾ നിയമത്തിൽ ജ്ഞാനം നേടുകയും നിയമാനുഷ്ഠാനത്തിൽ കാർക്കശ്യം പുലർത്തുകയും ചെയ്തിരുന്നു. അക്കാരണത്താൽ സമൂഹത്തിൽ ഫരിസേയന് പ്രഥമ സ്ഥാനം ഉണ്ടായിരുന്നു. പുത്തൻ നിയമങ്ങൾ നിർമ്മിക്കാൻ പോലും തങ്ങൾക്ക് അധികാരമുണ്ടെന്ന് അവർ അവകാശപ്പെട്ടിരുന്നു. അനുഷ്ഠാനത്തിൽ ആർക്കും ചോദ്യം ചെയ്യാനാവാത്ത വിധമുള്ള നിഷ്ഠയായിരുന്നു പുലർത്തിയത്‌. ഉദാ: വർഷത്തിലൊരിക്കൽ ഉപവസിക്കണമെന്നു നിയമം അനുശാസിക്കുമ്പോൾ ആഴ്ചയിൽ രണ്ടുപ്രാവശ്യം ഉപവസിച്ച് അയാൾ ശുഷ്ക്കാന്തി കാട്ടിയിരുന്നു. അങ്ങനെ ഫരിസേയൻ എല്ലാംകൊണ്ടും മാന്യനും തികഞ്ഞവനും സ്വീകാര്യനും!

നികുതിപിരിവുകാരനാണ് ചുങ്കക്കാരൻ. യൂദനെങ്കിലും റോമാക്കാരുടെ ഏജന്റ്. റോമിനുവേണ്ടി സ്വന്തക്കാരെ കുത്തിപ്പിഴിഞ്ഞു വിഹിതം കൊടുക്കുന്നവനും, എത്ര വേണമെങ്കിലും പിരിക്കാൻ സ്വാതന്ത്ര്യവുമുണ്ടായിരുന്നു. നിശ്ചിത തുക റോമിന് കൊടുത്താൽ മതിയായിരുന്നു. ആവശ്യം വന്നാൽ ഇതിനായി കൂലിപ്പട്ടാളത്തെ ഉപയോഗിക്കുവാനും വകുപ്പുണ്ടായിരുന്നു. അങ്ങനെ അന്യായമായി യൂദരുടെ പണം കൈവശപ്പെടുത്തി ആഡംബര സമന്വിതമായി ജീവിച്ചതിന്റെ പേരിൽ നാട്ടുകാരാൽ വെറുക്കപ്പെട്ടവനും ശപിക്കപ്പെട്ടവനും ആയിരുന്നു അയാൾ. ഏതെങ്കിലുമൊരു നല്ലകാര്യം താൻ ചെയ്തതായി ചുങ്കക്കാരൻ കരുതുന്നുമില്ല.

കഥാസാരം-

ചില പ്രത്യേക സ്വഭാവക്കാരെ ഉദ്ദേശിച്ചാണ് ഈശോ ഉപമ പറയുന്നത്. തങ്ങൾ നീതിമാന്മാരാണെന്ന ധാരണയിൽ തങ്ങളിൽത്തന്നെ ആശ്രയിക്കുകയും മറ്റുള്ളവരെ പുച്ഛിക്കുകയും ചെയ്യുന്നതുവരെ ഉദ്ദേശിച്ച് (ലൂക്കാ.18:9) ഉള്ളത്. ഒരു പ്രസ്താവനയോടെയാണ് ആരംഭം. " രണ്ടുപേർ പ്രാർത്ഥിക്കുവാൻ ദേവാലയത്തിലേയ്ക്ക് പോയി". അവരാരെന്നറിയുവാൻ ശ്രോതാക്ക ൾക്കപ്പോൾ  താല്പര്യമായി. അടുത്ത വാചകം അത് വ്യക്തമാക്കി. "ഫരിസേയനും ചുങ്കക്കാരനും"(ലൂക്കാ-18:10). ഇരുവരും വിശ്വാസ കാര്യത്തി ൽ അന്തരമില്ലാത്തവർ ആണ്. ഒരു ദൈവത്തിൽ വിശ്വസിക്കുന്നു. ഒരേ മതാത്മകത, ഒരേ സമുദായം, ഒരു ദേവാലയത്തിൽ പ്രാർത്ഥിക്കുന്നു. ഒരു നിയമം അനുഷ്ഠിക്കുന്നു. ഒരേ ബൈബിൾ ജീവിത നിയമമാക്കിയിരിക്കുന്നു. ഒരേ ജീവിതലക്ഷ്യം. പക്ഷെ രണ്ടു ജീവിത നിലവാരം! രണ്ടു സ്ഥാനമഹിമ, രണ്ടു സ്ഥലം, രണ്ടു ജീവിതവീക്ഷണം രണ്ടു മനോഭാവം. ചുങ്കക്കാരൻ നീതീകരിക്കപ്പെട്ടു. ഫരിസേയൻ നീതീകരിക്ക പ്പെട്ടില്ല. മനുഷ്യൻ നല്ലവരെന്നു വിധിച്ചവരെ ദൈവം ഉപേക്ഷിച്ചു. മനുഷ്യൻ ദുഷ്ടനെന്നു കരുതിയവൻ ദൈവത്തിനു സ്വീകാര്യമായി.

തെറ്റായ പ്രാത്ഥന-

ഫരിസേയന്റെ പ്രാർത്ഥന തെറ്റായ പ്രാർത്ഥന ആണ്. അതിന്റെ സ്വഭാവം ഈശോ വ്യക്തമാക്കുന്നു. ഫരിസേയൻ നിന്നുകൊണ്ട് പ്രാർത്ഥിച്ചു. "ദൈവമേ നിനക്ക് ഞാൻ നന്ദി പറയുന്നു"(ലൂക്കാ 18:11-12). സ്വന്തം പുണ്യപൂർണ്ണതയുടെ പേരിലാണ് ദൈവത്തിനയാൾ നന്ദി പറയുന്നത്. തനിക്കു പുണ്യമുള്ളതുകൊണ്ട് ദൈവതിരു മുമ്പിൽ നിവർന്നു നിൽക്കുവാൻ അർഹതയുണ്ടെന്നും അയാൾ കരുതി. ദൈവത്തിനൊപ്പം പ്രതിഷ്ഠിക്കൂയെന്ന കടുംകൈയാണ് ഫരിസേയൻ ചെയ്തത്. പ്രാർത്ഥന കണ്ടുമുട്ടലാണ് (encounter). കണ്ടുമുട്ടുമ്പോൾ തണ്ട് പാടില്ല. പ്രീശൻ തണ്ടോടുകൂടി ദൈവത്തെ കണ്ടുമുട്ടാനും സംഭാഷിക്കുവാനും ഒരുമ്പെട്ടു. കണ്ടു മുട്ടലിൽ "ഞാൻ മാത്രം" മുഴച്ചുനിന്നപ്പോൾ ഫരിസേയനുമുമ്പിൽ ദൈവത്തിന്റെ അനന്തമഹത്വം അപ്രസക്തമായിപ്പോയി. 'ഞാൻഭാവ'ത്തിന്റെ ഉത്തുംഗത്തിൽ ഉയർന്നുനിന്ന ഫരിസേയനെ ദൈവം കൈവിട്ടു. പ്രാർത്ഥനയിൽ കുറെ വളർന്നു കഴിയുമ്പോൾ ഞാൻ ഇമ്മിണി വലിയ ആളായെന്നും പ്രാർത്ഥിക്കുന്നവനും ദൈവാനുഭവമുള്ളവനും ആണെന്നുമൊക്കെ ചിലരെങ്കിലും ഭാവിക്കുന്നുണ്ടെന്ന കാര്യം മറച്ചുവയ്ക്കാനാവാത്ത സത്യമാണ്.

ഫരിസേയന്റെ തണ്ട് മാറത്തടിച്ചു നിലവിളിച്ചിരുന്ന ചുങ്കക്കാരന്റെ മേൽ പരനിന്ദയായി നിപതിച്ചു. അഹങ്കാരിയായ ഫരിസേയൻ സ്വയം മറ്റുള്ളവരുമായി താരതന്മ്യപ്പെടുത്തുകയാണ്. " ഞാൻ അക്രമികളും നീതിരഹിതരും വ്യഭിചാരികളു മായ മറ്റു മനുഷ്യരെപ്പോലെയോ, ഈ ചുങ്കക്കാരനെപ്പോലെയോ അല്ല" (ലൂക്കാ 18:11). ഞാൻ നീതിരഹിതനല്ല. അക്രമിയല്ല. വ്യഭിചാരിയല്ല. കള്ളനല്ല, കവർച്ചക്കാരനല്ല, വഞ്ചകനല്ല. ഫരിസേയൻ അല്ല. അല്ല അല്ല എന്ന മുറവിളി മുഴക്കി. താൻ ചെയ്തുകൂട്ടിയ വൻകാര്യങ്ങളുടെ പട്ടിക നിരത്തുകയും ചെയ്തു. ആഴ്ചയിൽ രണ്ടു പ്രാവശ്യം ഉപവസിക്കുന്നു. സമ്പാദിക്കുന്നതിന്റെയൊക്കെ ദശാംശം കൊടുക്കുന്നു. പിറകിൽ കിടന്നു മാറത്തടിക്കുന്ന ചുങ്കക്കാരനെപ്പൊലെ കെഞ്ചുവാനുള്ള ഗതികേട് തനിക്കില്ലെന്നും അയാൾക്ക്‌ തോന്നി. നീതിരഹിതമായി വിധിക്കുകയാണയാൾ. കരയുന്നവനെ കരുണയില്ലാതെ അയാൾ മന:പൂർവ്വം അവഹേളിക്കുന്നു.

 ഒരോരുത്തരുടെയും ദൈവാനുഭവത്തിന്റെ തോത് മറ്റുള്ള ആരുടേതിനോടും താരതന്മ്യപ്പെടുത്തുവാനാകില്ല. മൌലീകമാണ്. താരതന്മ്യങ്ങൾക്ക് അതീതവുമാണ്. ആർക്കും ആരെയും വിധിക്കുവാൻ അധികാരമില്ല. ദൈവം മാത്രമാണ് യതാർത്ഥ വിധികർത്താവ് (ലൂക്കാ 6:37). ഫരിസേയൻ കാരുണ്യമില്ലാതെ ചുങ്കക്കാരനെ പഴിച്ചു. അന്യരുടെമേൽ പഴിചാരാൻ അധികാരം അയാൾക്കെവിടെന്നു ?

ശരിയായ പ്രാർത്ഥന-

ചുങ്കക്കാരൻ കരുണയ്ക്ക് വേണ്ടി കേഴുന്നു."ദൂരെനിന്ന് സ്വർഗ്ഗത്തിലേയ്ക്ക് കണ്ണുകൾ ഉയർത്താൻ പോലും ധൈര്യപ്പെടാതെ മാറത്തടിച്ചു കൊണ്ട് ദൈവമേ പാപിയായ എന്നിൽ കനിയേണമേ എന്ന് ചുങ്കക്കാരൻ പ്രാർത്ഥിച്ചു (ലൂക്കാ 18:3).ദൈവത്തിന്റെ മുമ്പിലാണ് കരുണ തേടിയുള്ള ഈ യാചന, താൻ തെറ്റുകളുടെ കൂമ്പാരമാണെന്ന് അയാൾക്കറിയാമായിരുന്നു. നീതിയല്ല, കരുണയാണ് അയാൾക്ക് ആവശ്യം. സമൂഹത്തിനു മുമ്പിലും ചുങ്കക്കാരൻ കരുണ തേടുന്നു. ദേവാലയത്തിലെ ഒടുവിലത്തെ സ്ഥാനം ഇക്കാര്യം ചിത്രീകരിക്കുന്നു. ജീവിതവൃത്തി ചുങ്കം പിരിക്കലായി പോയതാണിതിന് കാരണം. നാണക്കേടും കൊണ്ട് ദേവാലയത്തിന്റെ ഒരൊഴിഞ്ഞ കോണിൽ അയാൾ കുനിഞ്ഞിരുന്നു.

യാഥാർത്ഥ്യബോധത്തിന്റെ വക്താവാണ്‌ ചുങ്കക്കാരൻ. തന്റെ തെറ്റുകൾ പൊറുക്കണേ എന്ന യാചന അയാളെ ദൈവതിരുമുമ്പിൽ സ്വീകാര്യനാക്കി. അന്യരുടെ പെരുത്ത തെറ്റുകള നിരത്തി തന്നേക്കാൾ വലിയ പാപികളുണ്ടല്ലോ എന്നോർത്ത് സമാധാനിക്കുകയല്ല ചുങ്കക്കാരൻ.

ദൈവതിരുമുമ്പിൽ താനാരാണെന്നതു മാത്രമായിരുന്നു അയാൾക്ക്‌ പ്രധാനം. ദൈവ തിരുമുമ്പിൽ താനൊന്നുമല്ലെന്നും ദൈവത്തിന്റെ കാരുണ്യം തനിക്കാവശ്യം ആണെന്നും അയാള് ഏറ്റുപറഞ്ഞു. ദൈവം മാത്രമാണ് യോഗ്യനെന്ന് ചുങ്കക്കാരൻ അറിഞ്ഞു. അതുകൊണ്ട് സ്വാശ്രയം ത്യജിച്ചു ഈശ്വരാശ്രയത്തിൽ അയാള് അഭയം പ്രാപിച്ചു. സ്വയം ഉയർത്താതെ ദൈവത്തെ പുകഴ്ത്തി മനുഷ്യന് മുമ്പിലും താൻ ഒന്നുമല്ലെന്നു മനസ്സിലാക്കി. വിനയത്തോടും ഹൃദയ വേദനയോടും കൂടി അയാൾ പ്രാർത്ഥിച്ചു. അഭിമാനിക്കത്തക്കതായി തന്നിൽ ഒന്നുമില്ലെന്ന് വിശ്വസിച്ചു.

രണ്ടു മനോഭാവങ്ങൾ-

The King David in Prayer-
old Bible 
ഈ ഉപമയിലെ രണ്ടു കഥാപാത്രങ്ങളിലൂടെ മനുഷ്യരുടെ രണ്ടു മനോഭാവങ്ങൾ ഈശോ വ്യക്തമാക്കുന്നു. താരതന്മ്യ പഠനത്തിലൂടെ ശ്രേഷ്ഠത അവകാശപ്പെടുന്നവനാണ് ഒരാൾ. സ്വന്തം പരാജയങ്ങൾ മാത്രം ദൈവതിരുമുമ്പിൽ നിരത്തിവയ്ക്കുന്നവനാണ് രണ്ടാമൻ. അന്യരെ വിധിച്ചു സ്വയം നീതീകരിക്കുന്നു, ഫരിസേയൻ. സ്വയാവബോധത്തോടെ ആരെയും വിധിക്കാതെ തിരുമുമ്പിൽ ഹൃദയം തുറക്കുന്നു, ചുങ്കക്കാരൻ. ദൈവത്തോടും സഹജരോടും കരുണ കാണിക്കാതെ താൻ വലിയവനെന്നു ചമയുന്നു, ഒന്നാമൻ. തന്റെ പാപങ്ങൾ പൊറുക്കണേയെന്ന് മുട്ടിപ്പായി പ്രാർത്ഥിക്കുന്നു, രണ്ടാമൻ. മറ്റുള്ളവരെ പഴിച്ചു ചെറുതാക്കാൻ ശ്രമിക്കുന്നു, ഒരാൾ. പഴിക്കാനോ വിധിക്കാനൊ തുനിയാത്തവൻ, മറ്റെയാൾ. സ്വന്തം പൂർണ്ണത ദൈവത്തെ പറഞ്ഞു ബോദ്ധ്യപ്പെടുത്തുന്നു, ഫരിസേയൻ. ചുങ്കക്കാരൻ പൂർണ്ണതയൊന്നും അവകാശപ്പെടുന്നില്ല.

ഫരിസേയൻ ചെറിയവരെ അവഗണിച്ചു. അവഹേളിച്ചു, പുറംതള്ളി. ചുങ്കക്കാരനാകട്ടെ, ചെറുതാകലിന്റെ സുവിശേഷം പ്രായോഗികമാക്കി. അങ്ങനെ ഈശോയുടെ മാതൃക അനുവർത്തിച്ച് ഒരു പ്രതീകമായി മാറി. എന്നാൽ ഒട്ടും അർഹിക്കാത്ത ആത്മാഭിമാനത്തിൽ ഊറ്റം കൊണ്ടവനാണ് ഫരിസേയൻ. ചുങ്കക്കാരനാകട്ടെ, ദൈവ തിരുമുമ്പിൽ വിനയപൂർവ്വം സാഷ്ടാംഗം പ്രണമിച്ചു. ചുങ്കക്കാരനെ ദൈവം നീതീകരിച്ചു. സ്വീകരിച്ചു. ഫരിസേയൻ ഒന്നുമില്ലാത്തവനും ഒന്നുമല്ലാത്തവനും ആയി ഭവിച്ചു. ദൈവതിരുമുമ്പിൽ തിരസ്ക്കരിക്കപ്പെട്ടു.

ദൈവതിരുമുമ്പിൽ ആയിരിക്കേണ്ടതുപോലെ ആയിരിക്കുന്നതാണ് യഥാർത്ഥ പ്രാർത്ഥന. ദൈവതിരുമുമ്പിലെ 'ആധികാരികമായ ആയിരിക്കൽ ' മനുഷ്യ ബന്ധങ്ങളിലും അനുദിന പ്രവർത്തനങ്ങളിലും പ്രതിഫലിക്കും. പിഴവില്ലാത്ത മനോഭാവ ശുദ്ധി കൂടിയേ തീരു. ദൈവരാജ്യത്തിന്റെ പ്രതീകമാണ് ഈ കഥ. ദൈവ രാജ്യം നേടാൻ ഈശോയെ അനുകരിക്കുകയും അനുഗമിക്കുകയും വേണം ചുങ്കക്കാരനെപ്പൊലെ ആയാൽ ദൈവരാജ്യം നേടാനാകും. ക്രിസ്താനുഗമനം സാധിതവുമാകും.//.-
 --------------------------------------------------------------------------------------------------------------------               

Keine Kommentare:

Kommentar veröffentlichen

Hinweis: Nur ein Mitglied dieses Blogs kann Kommentare posten.