Montag, 10. Februar 2014

ധ്രുവദീപ്തി // കവിത - ഒരിറ്റു കണ്ണുനീർ. / നന്ദിനി വർഗീസ്

ധ്രുവദീപ്തി // കവിത  - 


ഒരിറ്റു കണ്ണുനീർ. / 

നന്ദിനി വർഗീസ് 



Nandhini Varghese

നീർചോല തന്നിലൊഴുകും കുളിർ  ജലം 
കൈകുമ്പിളിൽ കോരി മേപ്പോട്ടെറിഞ്ഞതും
തുള്ളിക്കൊരു കുടം ശിരസ്സാവഹിച്ചുകൊണ്ടു -
ന്മാദമുച്ചത്തിലാർപ്പു വിളിച്ചതും ..
കല്ലുകൾ പെറുക്കിയടുക്കി ചെറിയൊരു 
തടയണ കെട്ടി ഒഴുക്കു തടഞ്ഞതും ..
മുട്ടോളം വെള്ളത്തിലിരിപ്പുറപ്പിക്കവേ 
ചെറുമീനൊരെണ്ണം  നീന്തിയടുത്തതും ..
ചെകിളപ്പൂക്കൾ ഇളക്കി കുണുങ്ങവേ  
പദാന്തികങ്ങളിൽ ഇക്കിളി കൂട്ടവേ ..
കൈയ്യിൽ തടഞ്ഞൊരാ കോലങ്ങെടുത്തിട്ടു -
കല്ലിന്നടിയിലേയ്ക്കാഞ്ഞങ്ങു കുത്തവേ 
ഞെട്ടിപ്പിടഞ്ഞു പുറത്തേയ്ക്ക് ചാടിയ 
ഞണ്ട് കൈനീട്ടി ഇങ്ങുവാ കാട്ടവേ ...
ഓടാൻ ഭയം തടയുന്നൊരാ വേളയിൽ 
കാൽ തട്ടി തടയണ പൊട്ടിത്തകർന്നതും ..
ഒഴുകുന്ന വെള്ളത്തിൽ ബഹുദൂരം നീങ്ങവേ 
പാറമേൽ ആസന്നം തെല്ലുറപ്പിച്ചതും ..
പുളവൻ പുളഞ്ഞൊരു  തീർപ്പു കല്പ്പിച്ചതും 
പല്ലുകൾ ആഴത്തിൽ തെല്ലു പതിഞ്ഞതും ..
കാലുകൾ ശരവേഗ മാർഗ്ഗേ ഗമിച്ചു കൊണ്ട-
കലേയ്ക്ക് വേഗത്തിൽ പാഞ്ഞു പോയീടവേ ..
പടലിൻപടർപ്പിന്നിടയിൽ ഒളിച്ചൊരു 
കുഞ്ഞു മുയൽ ചാടി ഓടി അകന്നതും 
മണ്‍പാത താണ്ടിയും തിട്ടിൽ ചവിട്ടിയും 
കുത്തുകല്ലുകൾ കേറി വീട്ടിലേയ്ക്കോടവേ ..
നടയിൽ കാൽതെറ്റി തെന്നി വഴുതവേ 
ഉച്ചത്തിലമ്മെ  വിളിച്ചു കരഞ്ഞതും 
കുഞ്ഞേ ഉണരൂ എന്നോതുന്നൊരമ്മയെ 
കെട്ടിപ്പിടിച്ചു കൊണ്ടേങ്ങിക്കരഞ്ഞതും 
ഞണ്ടിൻ വരവും പുളവൻ കടിയും
കുഞ്ഞിൻ സ്വപ്നത്തിലാടിത്തിമിർക്കവേ ... 



അമ്മ തൻ മടിയിലായ് ശാന്തത തേടുന്ന 
പൈതലിൻ  പൂമുഖം, ലോകമോഹങ്ങളിൽ  
പിച്ചിയെറിയുവാൻ  വെമ്പുന്ന മാതൃത്വം 
ഉലകം നിറയ്ക്കവേ ..കലികാല ധ്വനികളിൽ     
ഒരമ്മ കരയുന്നു എന്തിനീ അമ്മമാർ ..
കുഞ്ഞിനെ വച്ചു വിലപറഞ്ഞീടുന്നു .....?
................

Keine Kommentare:

Kommentar veröffentlichen

Hinweis: Nur ein Mitglied dieses Blogs kann Kommentare posten.