ധ്രുവദീപ്തി // Religion /
പ്രാർത്ഥനയും വിശ്വാസ ജീവിതവും//
Fr. Dr. Dr. Joseph Pandiappallil M.C.B.S.
ജർമനിയിലെ
ഫ്രൈബുർഗ്, മ്യൂണിക്ക് സർവകലാശാലകളിൽ തത്വശാസ്ത്രത്തിലും
ദൈവശാസ്ത്രത്തിലും ഉന്നത പഠനം നടത്തിയ ഫാ: ഡോ. ഡോ. ജോസഫ് പാണ്ടിയപ്പള്ളിൽ
എം.സി.ബി.എസ് (മിഷനറി കോണ്‍ഗ്രിഗേഷൻ ഓഫ് ദി ബ്ലസ്ഡ് സാക്രമെന്റ്)
സഭാംഗമാണ്. ജീവാലയാ ഇൻസ്ടിട്യൂട്ട് ഓഫ് ഫിലോസഫി (Bangalore),
സനാതന സെമിനാരി, തുടങ്ങിയ സ്ഥാപനങ്ങളിൽ സേവനം ചെയ്തിട്ടുണ്ട്. ജർമ്മനിയിലെ
മ്യൂണിക്ക് നഗരത്തിലുള്ള വിശുദ്ധ അമലോത്ഭവ മാതാവിന്റെയും,
തിരുക്കുടുംബത്തിന്റെയും ഇടവകകളിൽ വികാരിയായി സേവനം ചെയ്യുന്ന അദ്ദേഹം
വിസിറ്റിംഗ് പ്രോഫസ്സറായും സേവനം ചെയ്യുന്നു. മലയാളം, ഇംഗ്ലിഷ് , ജർമൻ
തുടങ്ങി വിവിധ ഭാഷകളിൽ എഴുതിയ നിരവധി ലേഖനങ്ങളുടെയും ഗ്രന്ഥങ്ങളുടെയും
രചയിതാവാണ് അദ്ദേഹം.
മനുഷ്യന് മതജീവിതവുമായി ബന്ധപ്പെടുത്തി മാത്രമേ പ്രാർത്ഥനാ
ജീവിതത്തെക്കുറിച്ച് വ്യക്തമായി ചിന്തിക്കുവാനും വിലയിരുത്തുവാനും
കഴിയുകയുള്ളൂവെന്നും
പ്രാർത്ഥനയെക്കുറിച്ചും മഹത്തായ വിശ്വാസ ജീവിതത്തെക്കുറിച്ചുമുള്ള
ദാർശനികവും
ദൈവശാസ്ത്രപരവുമായ വിശകലനങ്ങൾ നമ്മുടെ സംശയങ്ങൾ ദുരീകരിക്കുമെന്നും അദ്ദേഹം
വെളിപ്പെടുത്തുന്നു.
മറിയം യോവാക്കിമിന്റെയും അന്നയുടെയും പുത്രിയായിരുന്നു. അവളെ ദേവാലയശുശ്രൂഷയ്ക്ക് മാതാപിതാക്കൾ നിയോഗിച്ചു. യഹൂദ സംസ്കാരത്തിൽ അങ്ങനെയൊരു പതിവുണ്ടായിരുന്നു. കൊച്ചുന്നാളിലെ മുതൽ മാതാപിതാക്കൾ പെണ്‍കുട്ടികളെ ദേവാലയ ശുശ്രൂഷയ്ക്കയ്ക്കും. തിരുവസ്ത്രങ്ങളും തിരുപ്പാത്രങ്ങളും കഴുകുക, തിരുവസ്ത്രങ്ങൾ ഒരുക്കുക, ദേവാലയം അലങ്കരിക്കുക, വൃത്തിയാക്കുക തുടങ്ങിയവയായിരുന്നു അവരുടെ ജോലി. സമാഗമകൂടാരത്തിന്റെ വാതിൽക്കൽ ശുശ്രൂഷ ചെയ്തിരുന്ന സ്ത്രീകളേക്കുറിച്ച് പുറപ്പാട് 38:8 ൽ പ്രതിപാദനമുണ്ട്. വിവാഹ പ്രായത്തിനു മുമ്പേ ഇവളുടെ വിവാഹം നിശ്ചയിച്ചിരുന്നു. വിവാഹപ്രായം ആകുമ്പോഴേ ആഘോഷമായ കല്യാണവിരുന്നോടുകൂടി പ്രതിശ്രുതവരൻ വധുവിനെ സ്വഗ്രഹത്തിലേയ്ക്ക് കൂട്ടിക്കൊണ്ടുപോകുകയായിരുന്നു പതിവ്. ഇതാണ് പശ്ചാത്തലം. മറിയത്തിന്റെ വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. കല്യാണത്തിന് ദിവസങ്ങളേ ബാക്കിയുണ്ടായിരുന്നുള്ളു. ഈ കാലഘട്ട ത്തിലാണ് ഗബ്രിയേൽ ദൂതൻ പ്രത്യക്ഷപ്പെട്ടത്. ദൈവത്തിന്റെ ശക്തി എന്നർത്ഥമുള്ള ഗബ്രിയേൽ.
![]() |
ഗബ്രിയേൽ ദൂതൻ മറിയത്തിനു പ്രത്യക്ഷപ്പെടുന്നു. |
ഗബ്രിയേൽ ദൂതന്റെ വാക്കുകൾ വിശ്വസി ക്കാൻ തക്കവിധമുള്ള കാരണങ്ങളൊന്നും നിരത്താൻ മറിയത്തിനില്ലായിരുന്നു. എന്നിട്ടും മറിയം വിശ്വസിച്ചു വെന്നതാണ് മറിയത്തിന്റെ മഹത്വം. ഈ വിശ്വാസം ഭൗതീകമായ യാതൊരു നേട്ടവും തരില്ല എന്നും മറിയത്തിനറിയാമായിരുന്നു. എന്നിട്ടും മറിയം വിശ്വസിച്ചുവെന്നതാണ് ഈ വിശ്വാസത്തിന്റെ പ്രത്യേകത. ദൈവത്തിലും ദൈവവചനത്തിലും വിശ്വസിച്ച മറിയത്തെ മറ്റുള്ളവർ വിശ്വസിച്ചെന്നു വരില്ല എന്നും തെറ്റിദ്ധരിക്കുമെന്നും മറിയത്തിന് അറിയാമായിരുന്നു. അത് കാര്യമാക്കാതെ വചനത്തിൽ വിശ്വസിച്ചുവെന്നത് മറിയത്തിന്റെ ആഴമായ വിശ്വാസത്തിന്റെ സ്വഭാവം വ്യക്തമാക്കുന്നു.
യൂദ തീവ്രവാദികൾ ഒരു രാഷ്ട്രീയ നേതാവിനെയാണ് മിശിഹായിൽ പ്രതീക്ഷിച്ചിരുന്നത്. തങ്ങളെ റോമാക്കാരുടെ ആധിപത്യത്തിൽ നിന്നും മിശിഹാ വിമോജിപ്പിക്കുമെന്നവർ കരുതി. എളിയവളായ മറിയത്തിനു ഒരു തീവ്രവാദി തന്നിൽ നിന്നും ജനിക്കുമെന്ന് പ്രതീക്ഷിക്കാവുന്നതായിരുന്നില്ല. നിയമ പണ്ഢിതർ പുതിയതും ശ്രേഷ്ഠവുമായ നിയമം പഠിപ്പിക്കുന്ന ഒരു അദ്ധ്യാപകനായിരിക്കും മിശിഹാ എന്ന് വിശ്വസിച്ചിരുന്നു. അങ്ങനെയെങ്കിൽ മിശിഹാ പിറക്കേണ്ടിയിരുന്നത് നിയമ പണ്ഡിതരുടെ ഗൃഹത്തിലായിരുന്നു. മിശിഹാ തങ്ങളുടെ കുലത്തിൽ പിറക്കുമെന്ന് നിയമജ്ഞർ പ്രതീക്ഷിക്കുകയും ചെയ്തിരുന്നു. പ്രധാനപുരോഹിതനായിരി ക്കും വരാനിരിക്കുന്ന മിശിഹാ എന്നായിരുന്നു മറ്റൊരു വിശ്വാസം. പുരോഹിതശുശ്രൂഷ ചില കുടുംബങ്ങളുടെ കുത്തകയായിരുന്നതുകൊണ്ട് പുരോഹിതനായ മിശിഹാ ഒരു പുരോഹിത കുടുംബത്തിൽ പിറക്കുന്നതേ അവർ സ്വപ്നം കണ്ടിരുന്നുള്ളൂ. അതും വിശ്വസിക്കാൻ മറിയത്തിനു ന്യായമില്ല. കാരണം, മറിയം പുരോഹിത കുടുംബത്തിൽപ്പെട്ടവളായിരുന്നില്ല.
മിശിഹാ പ്രവാചകനായിരിക്കുമെന്ന് സമറിയാക്കാർ വിശ്വസിച്ചിരുന്നു. നിയമാവർത്തനം 18:15-ൽ മോശയെപ്പോലൊരു പ്രവാചകനെ ദൈവം അയക്കുമെന്നൊരു പ്രവചനമുണ്ട്. "നിന്റെ ദൈവമായ കർത്താവ് നിന്റെ സഹോദരങ്ങളുടെ ഇടയിൽനിന്ന് എന്നെപ്പോലൊരു പ്രവാചകനെ നിനക്കു വേണ്ടി അയയ്ക്കും. അവന്റെ വാക്കാണ് നീ ശ്രവിക്കേണ്ടത്." എന്നാൽ സമറിയാക്കാരുടെ വിശ്വാസം യൂദരാരും കാര്യമായി കരുതിയിരുന്നില്ല.
ബെത് ലഹെമിൽ നിന്നും ഇസ്രയേലിനെ ഭരിക്കാനിരിക്കുന്നവൻ വരുമെന്ന് മിക്കാ.5:2 ൽ പ്രവചനമുണ്ട്. "ബെത് ലഹെം എഫ്രാത്ത, യൂദാ ഭവനങ്ങളിൽ നീ ചെറുതാണെങ്കിലും ഇസ്രായേലിനെ ഭരിക്കേണ്ടവൻ എനിക്കായി നിന്നിൽ നിന്നും പുറപ്പെടും: ആവാൻ പണ്ടേ യുഗങ്ങൾക്കു മുമ്പേ ഉള്ളവനാണ്. മറിയമാണെങ്കിൽ ബെത് ലഹെം നിവാസിയല്ലതാനും. ഇങ്ങനെയൊക്കെ യുള്ള പശ്ചാത്തലങ്ങളിൽ കന്യകയായ മറിയത്തിൽ നിന്നും മിശിഹാ പിറക്കുമെന്ന് പറഞ്ഞാൽ ആരും വിശ്വസിക്കുമായിരുന്നില്ല.
അതുകൊണ്ട് വിശ്വസിക്കുവാൻ മറിയത്തിനും മറ്റ് എല്ലാവർക്കും ബുദ്ധിമുട്ടുള്ളത് മറിയം വിശ്വസിച്ചു. പരിണതഫലമായി കല്ലെറിയപ്പെടാം; കൊല്ലപ്പെടാം; ഉപേക്ഷിക്കപ്പെടാം; വിദേശത്തേയ്ക്ക് നാടുകടത്തപ്പെടാം; അലയുന്നവളും ഉലയുന്നവളുമായിത്തീരാം. കാരണം മറിയം ദേവാലയ ശുശ്രൂഷ ചെയ്തിരുന്നവളാണ്. സാമുവേലിന്റെ ഒന്നാം പുസ്തകം 2:22 ൽ പ്രതിപാദനമുണ്ട്. പുരോഹിതനായ ഏലിയുടെ പുത്രന്മാർ സമാഗമകൂടാരത്തിന്റെ പ്രവേശനകൂടാരത്തിൽ ശുശ്രൂഷ ചെയ്തിരുന്ന സ്ത്രീകളോടോത്തു ശയിച്ചിരുന്നതിനെപ്പറ്റി. അതുകൊണ്ട് മറിയം തെറ്റിദ്ധരിക്കപ്പെടാനും അവിശ്വസിക്കപ്പെടാനുമുള്ള സാദ്ധ്യതയായിരുന്നു വിശ്വസിക്കപ്പെടാനുള്ളതിലും കൂടുതൽ. തന്റെ ഭർത്താവായ ജോസഫ് തന്നെ വിശ്വസിക്കുമെന്ന് കരുതാൻ മറിയത്തിനു മതിയായ കാരണങ്ങൾ ഒന്നുമില്ലായിരുന്നു. തന്റെ മാതാപിതാക്കളായ യോവാക്കിമും അന്നയും വിശ്വസിക്കുമെന്ന് കരുതാനും ന്യായമുണ്ടായിരുന്നില്ല. പുരോഹിതരും നിയമ പണ്ഡിതരും ഫരിസേയരും മറിയത്തെ വിശ്വസിക്കാൻ ന്യായമില്ല. എന്നിട്ടും മറിയം ദൈവവചനത്തിൽ വിശ്വസിപ്പിച്ചു. ദൈവത്തിൽ വിശ്വസിച്ചു, വരാൻ പോകുന്ന ഏത് തകർച്ചയും കൈനീട്ടി വാങ്ങാൻ തയ്യാറായി.
വിശുദ്ധ ലൂക്കാ സുവിശേഷകൻ പുരോഹിതനായ സഖറിയായുടെ ദർശനം വിവരിക്കുന്നുണ്ട് (ലൂക്കാ.1:11 ). സഖറിയായുടെ ദർശനം ദേവാലയത്തിൽ വച്ചും പ്രാർത്ഥനാവേളയിലും ആയിരുന്നു. ധൂപാർപ്പണവേളയിൽ പുറത്ത് നിന്നിരുന്ന ജനത്തിനു മുഴുവൻ മനസ്സിലായിരുന്നു, പുരോഹിതനായ സഖറിയായ്ക്ക് ദൈവദർശനമുണ്ടായി എന്ന്. സഖറിയായുടെ വന്ധ്യയും വൃദ്ധയുമായ ഭാര്യ ഗർഭിണിയാകുമെന്നായിരുന്നു ദർശനത്തിലൂടെ ലഭിച്ച സന്ദേശം. ഒരർത്ഥത്തിൽ സഖറിയായുടെ ആഗ്രഹം സാധിച്ചതും പ്രാർത്ഥന ഫലിച്ചതുമായിരുന്നു ഈ ദർശനം. വന്ധ്യത്വം അപമാനമായിരുന്ന കാലത്ത് ദൈവം കനിഞ്ഞ് സഖറിയായുടെയും എലിസബത്തിന്റെയും പ്രാർത്ഥന കേട്ടു. അവരുടെ കാത്തിരിപ്പ് പൂർത്തിയാക്കുകയായിരുന്നു ഈ സന്ദേശത്തിലൂടെ. സഖറിയായുടെ ഭാര്യയ്ക്കും ബന്ധുമിത്രാദികൾക്കും സന്തോഷം നൽകുന്ന വാർത്തയായിരുന്നു, അത്. എന്നിട്ടും സഖറിയ സംശയിച്ചു. സംശയിച്ച സഖറിയയ്ക്ക് ദൈവദൂതൻ തെളിവു നൽകി. സഖറിയായുടെ സംസാരശക്തി നഷ്ടപ്പെട്ടു. മൗനം സഖറിയായ്ക്കും ജനത്തിനും തെളിവായിരുന്നു. അരുളപ്പാട് പൂർത്തിയാകുമെന്നുള്ള തെളിവ്.
എന്നാൽ മറിയത്തിന് ലഭിച്ചത് മാനുഷികമായി ചിന്തിച്ചാൽ സന്തോഷം നൽകുന്ന ഒരു വാർത്തയായിരുന്നില്ല. സഖറിയയ്ക്ക് ലഭിച്ചപോലെ തെളിവുകളോ അടയാളങ്ങളോ മറിയത്തിന് ലഭിച്ചിരുന്നില്ല. എന്നിട്ടും മറിയം വിശ്വസിച്ചു. കാരണം മറിയം വിശുദ്ധിയുള്ളവളായിരുന്നു. പഴയനിയമ ആദ്ധ്യാത്മികതയുടെ ആഴങ്ങൾ ഉൾക്കൊണ്ടവൾ ആയിരുന്നു.
പഴയനിയമ ആദ്ധ്യാത്മികത വിശ്വാസത്തി ന്റെ ആദ്ധ്യാത്മികതയാണ്. വിശ്വാസത്താലാ ണ് അബ്രഹാം നാടും വീടും വിട്ട് പുറപ്പെട്ടത്. ഈ വിശ്വാസം അബ്രാഹത്തിന് നാടും വീടും ഉറ്റവരെയും ഉടയവരെയും നൽകി. ആകാശ ത്തെ നക്ഷത്രങ്ങൾ പോലെയും കടലോരത്തെ മണൽത്തരിപോലെയും. വിശ്വാസത്താലാണ് അബ്രഹാം മകനെ കൊല്ലാൻ വാളോങ്ങിയത്. വിശ്വാസത്താലാണ് നോഹ മലമുകളിൽ പേടകം പണിതത്. വിശ്വാസത്താലാണ് മോശ മരുഭൂമിയിലേയ്ക്ക് ഇസ്രയേല്യരെ നയിച്ചത്.
വിശുദ്ധയായിരുന്നതുകൊണ്ട് മറിയം വിശ്വ സിച്ചു. മാനുഷിക മൂല്യങ്ങൾക്കതീതമായ ദൈവികമൂല്യങ്ങൾ മറിയത്തിനു മനസ്സിലാക്കാനായി. വിശ്വാസം കാക്കാൻ, തകർച്ചകളെ സ്വാഗതം ചെയ്യാൻ മറിയത്തിനു കഴിഞ്ഞു. അങ്ങനെ മറിയം വിശ്വാസികളുടെ മാതാവായി. നമ്മുടെ അമ്മയായി, വിശുദ്ധയായി, മാലോകർക്ക് മാതൃകയായി ഒന്നുമറിയാതെ എന്തും വരട്ടെയെന്ന് കരുതി മറിയം വിശ്വസിച്ചു. അത് ദൈവത്തിലുള്ള വിശ്വാസമായിരുന്നു. തന്നെ ജനിപ്പിച്ചു വളർത്തിയ ദൈവം അറിഞ്ഞു തരുന്നതെന്തും വഹിക്കാൻ ശക്തിയും തരുമെന്നുള്ള വിശ്വാസം. ദൈവപരിപാലനയിലുള്ള വിശ്വാസം. വിശ്വാസത്തിന്റെ ശ്വാസം ശ്വസിച്ചവൾ പറഞ്ഞു."ശക്തനായവൻ എനിക്കു വലിയ കാര്യങ്ങൾ ചെയ്തിരിക്കുന്നു" (ലൂക്കാ. 1:49 ).
മറിയത്തിന്റെ മഹത്തായ വിശ്വാസം ദൈവാരൂപി പ്രകീർത്തിച്ചു. എലിസബത്തിലൂടെ "വിശ്വസിച്ച നീ ഭാഗ്യവതി" (ലൂക്കാ.1:45). പരിശുദ്ധാത്മാവാണ് ഈ പ്രഖ്യാപനത്തിന് പ്രേരകം. ഇത് ദൈവത്തിന്റെ പ്രതികരണമായിരുന്നു. മറിയത്തിന്റെ വിശ്വാസത്തിന്റെ ദുരൂഹത യേക്കുറിച്ച് ഒരു പക്ഷെ നാം ചിന്തിച്ചിട്ടുണ്ടാവില്ല. മറിയത്തിനു വിശ്വസിക്കുക എളുപ്പമായിരുന്നു എന്നു നാം കരുതിയിരുന്നിരിക്കാം. താൻ ദൈവപുത്രന്റെ അമ്മയാകും എന്നാ വിശ്വാസം മറിയത്തിനു ഒരു ആത്മസമർപ്പണം ആയിരുന്നു. ദൈവതിരുഹിതത്തിനുള്ള സമർപ്പണം. അതുകൊണ്ട് മറിയത്തിനു വിശ്വാസമെന്നത് ദൈവാനുഭവവും ദൈവ ഹിതാനുവർത്തനവും പ്രാർത്ഥനയുമായിരുന്നു. വിശ്വസിക്കുക വഴി മറിയം ഹൃദയത്തിന്റെ ഭാഷയിൽ ദൈവത്തോട് സംസാരിക്കുകയും പ്രാർത്ഥി ക്കുകയും ചെയ്തു. അങ്ങനെ മറിയം വിശ്വാസത്തിനു പര്യായവും പ്രാർത്ഥനയ്ക്ക് മാതൃകയുമായി.
(തുടരും).
------------------------------------------------------------------------------------------------------------------
------------------------------------------------------------------------------------------------------------------
http://dhruwadeepti.blogspot.de/
Keine Kommentare:
Kommentar veröffentlichen
Hinweis: Nur ein Mitglied dieses Blogs kann Kommentare posten.