Montag, 9. Dezember 2013

ധ്രുവദീപ്തി // Religion // കാനോനിക പഠനങ്ങൾ - പൌരസ്ത്യസഭകളുടെ കാനോനസംഹിതയുടെ (CCEO) രക്ഷാകര സ്വഭാവം // Fr. DR. Thomas Kuzhinapurath

ധ്രുവദീപ്തി // Religion // കാനോനിക പഠനങ്ങൾ- 





പൌരസ്ത്യസഭകളുടെ കാനോനസംഹിതയുടെ 
(CCEO) രക്ഷാകര സ്വഭാവം // 


Fr. DR. Thomas Kuzhinapurath 



(മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ  തിരുവനന്തപുരം അതിഭദ്രാസനത്തിന്റെ ചാൻസലർ ആയിരുന്ന ഫാ. പ്രൊഫ. ഡോ. തോമസ്‌ കുഴിനാപ്പുറത്ത്, മേജർ സെമിനാരി പ്രൊഫസ്സർ, മലങ്കര സുറിയാനി കത്തോലിക്കാ സഭാ കോടതി ജഡ്ജി എന്നിങ്ങനെ വിവിധ മേഖലകളിൽ സേവനം ചെയ്യുന്നു. സഭാനിയമങ്ങൾ സഭയിലെ പൊതുജീവിതവും വ്യക്തിജീവിതവും ചിട്ടപ്പെടുത്തുന്നുവെന്ന് ദൈവശാസ്ത്ര പണ്ഡിതനും ഗ്രന്ഥകാരനുമായ അദ്ദേഹം സ്ഥാപിക്കുന്നു.)

കാനോനിക പഠനങ്ങൾ -


(2009 ഏപ്രിൽ 23 ന് റോമിലെ പൊന്തിഫിക്കൽ ഓറിയന്റൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ഇറ്റാലിയൻ ഭാഷയിൽ അവതരിപ്പിച്ച ഡോക്ടറൽ പ്രബന്ധത്തിന്റെ മലയാള പരിഭാഷ.)

 Fr. Dr. Thomas Kuzhinapurath
ല്ലാ നിയമങ്ങളും അവ ബാധിക്കുന്ന സമൂഹത്തി ന്റെ പൊതുനന്മയ്ക്ക് വേണ്ടിയാണ് നിർമ്മിക്ക പ്പെട്ടിരിക്കുന്നത്. സഭയുടെ നിയമെന്ന നിലയിൽ കാനൻ നിയമത്തിന്റെ ലക്ഷ്യവും ക്രൈസ്തവ വിശ്വാസികളുടെ പൊതു നന്മയല്ലാതെ മറ്റൊന്നല്ല. പൌരസ്ത്യ സഭകളുടെ കാനോന സംഹിത പ്രസിദ്ധീകരിച്ചുകൊണ്ട് പരിശുദ്ധ പിതാവ് ജോണ്‍ പോൾ രണ്ടാമൻ മാർപാപ്പ ഇപ്രകാരം പ്രസ്താവിച്ചു. " ഇവിടെ പ്രഖ്യാപിക്കപ്പെടുന്ന ഈ കാനോനകളിലെ നിബന്ധനകൾ സഭാമക്കളുടെ നന്മയ്ക്കായി ഉപകരിക്കപ്പെടണമെന്ന് നാം ഉദ്ബോധിപ്പിക്കുന്നു. " ആത്മാക്കളേകുറിച്ചുള്ള കരുതൽ സഭ നിയമത്തി ന്റെ പ്രഥമവും പ്രധാനവുമായ ലക്ഷ്യമാണെന്ന് പരിശുദ്ധ പിതാവ് ഊന്നിപ്പറയുന്നു. ആത്മാക്കളെ ക്കുറിച്ചുള്ള ഈ കരുതൽ ആത്മാക്കളുടെ രക്ഷയിലേക്കാണ് വിരൽ ചൂണ്ടുന്നത്. തന്മൂലം സഭയുടെ നിയമ സംഹിതകൾക്ക് അടിസ്ഥാനപരമായി ഒരു രക്ഷാകര സഭാവം ഉണ്ടായിരിക്കണം. ഈ പ്രബന്ധത്തിൽ താഴെപ്പറയുന്ന ചോദ്യങ്ങൾക്ക് ഉത്തരം ആരായുകയാണ്.

1. പൌരസ്ത്യസഭകളുടെ കാനോന സംഹിതയ്ക്ക് ഒരു രക്ഷാകര സ്വഭാവമുണ്ടോ ?

2. ഉണ്ടെങ്കിൽ അത് കാനോന സംഹിതയിൽ എങ്ങനെ പ്രകടമായിരിക്കുന്നു?

3. സഭാനിയമത്തിന്റെ ഈ രക്ഷാകര സ്വഭാവം സഭയുടെ അസ്തിത്വത്തെ മെച്ചപ്പെടുത്തുന്നതിന് എങ്ങനെ ഉപകരിക്കും?

പ്രബന്ധത്തിന്റെ ലക്ഷ്യം

സഭാനിയമത്തെ പൗരസ്ത്യ സഭകളുടെ കാനോന സംഹിതയുടെ അടിസ്ഥാനത്തിൽ രക്ഷാശാസ്ത്രപരമായി പഠിക്കാനുള്ള പരിശ്രമമാണ് ഈ പ്രബന്ധം. പൗരസ്ത്യസഭകളുടെ കാനോന സഹിതയുടെ രക്ഷാകര സ്വഭാവം സ്പഷ്ടവും അസ്പഷ്ടവും ആയ തലങ്ങളിൽ ചർച്ച ചെയ്യപ്പെടുന്നു.

പഠനരീതി 

ഈ പ്രബന്ധത്തിൽ സ്വീകരിച്ചിരിക്കുന്ന പഠനരീതി നയ്യാമികദൈവശാസ്ത്ര പരമാണ്. ഈ പഠനത്തിലുടനീളം ഇതുമായി ബന്ധപ്പെട്ട നയ്യാമിക സംജ്ജകളെ കൂലംകക്ഷമായി വിശകലന വിധേയമാക്കുന്നു. ഒപ്പം അവയുടെ ദൈവശാസ്ത്ര അർത്ഥതലങ്ങൾ വിശദമായി പഠിക്കുകയും ചെയ്യുന്നു. പൌരസ്ത്യ സഭകളുടെ കാനോന സംഹിതയിലെ നൂറിൽപരം കാനോനകളെക്കുറിച്ചു ഈ പഠനം ചർച്ച ചെയ്യുന്നുണ്ട്. അതോടൊപ്പം ലത്തീൻ കാനോന സംഹിതയിലെ സമാനനിയമങ്ങളെ കുറിച്ചും പ്രബന്ധം പഠിക്കുന്നു. വേദപുസ്തകപരവും ദൈവശാസ്ത്രപരവുമായ പഠനങ്ങളും ഇതിനായി ഉപയോഗപ്പെടുത്തിയിട്ടുണ്ട്. മാർപാപ്പമാർ പുറപ്പെടുവിച്ചിട്ടുള്ള ആനുകാലിക നിയമങ്ങൾ, വിവിധ റോമൻ കാര്യാലയങ്ങളുടെ പ്രബോധനങ്ങൾ എന്നിവയും ഈ പഠനത്തിൽ ഉപയോഗിച്ചിട്ടുണ്ട്. ഒപ്പം സീറോ-മലങ്കര കത്തോലിക്കാസഭയുടെ പരിശുദ്ധ കുർബാനയെയും സഭാ നിയമത്തെയും കുറിച്ചുള്ള ഉൾക്കാഴ്ചകളും ഈ പഠനത്തിന്റെ ഭാഗമായിരിക്കുന്നു.

പ്രബന്ധത്തിന്റെ ഉള്ളടക്കം.

ഒന്നാം അദ്ധ്യായത്തിൽ രക്ഷയെക്കുറിച്ചും നിയമത്തെക്കുറിച്ചും വേദ പുസ്തകത്തിലും സഭാപിതാക്കന്മാരുടെ ഗ്രന്ഥങ്ങളിലും ആധുനിക ദൈവ ശാസ്ത്രജ്ഞന്മാരുടെ കാഴ്ച്ചപ്പാടുകളിലും സഭാനിയമങ്ങളെക്കുറിച്ചുള്ള പഠനങ്ങളിലും എങ്ങനെ ചർച്ച ചെയ്യപ്പെട്ടിരിക്കുന്നു എന്ന് പരിശോധിക്കുകയാണ്. പഴയനിയമത്തിലും പുതിയനിയമത്തിലും രക്ഷയെക്കുറിച്ചു ചില നിയമപരവും നീതിന്യായപരവുമായ പശ്ചാത്തലങ്ങളിലും ചർച്ച ചെയ്യപ്പെടുന്നുണ്ട്. ഈജിപ്തിൽനിന്നുള്ള പുറപ്പാടാണ് പഴയ നിയമത്തിലെ രക്ഷയുടെ അടിസ്ഥാനം. ഇസ്രായേലിന്റെ വിശ്വാസത്തിന്റെ അന്ത:സത്ത ഈ രക്ഷാ അനുഭവമാണ്. ഇസ്രായേലിന്റെ പ്രഥമ നിയമ ദാതാവായ മോശ എല്ലാറ്റിലുമുപരി ഒരു വിമോചന നേതാവായിരുന്നു എന്നത് ഏറ്റം ശദ്ധേയമാണ്. പുറപ്പാടിലൂടെ ലഭിക്കുന്ന രക്ഷാ അനുഭവമാണ് തുടർന്ന് സംഭവിക്കുന്ന നിയമ ദാനത്തിലേയ്ക്ക് ഇസ്രയേലിനെ നയിക്കുന്നത്. പത്തു കൽപ്പനകൾ നൽകുന്നതിന് തൊട്ടു മുമ്പ് ദൈവം മോശയോട് അരുളിച്ചെയ്യുന്നു, "അടിമത്തത്തിന്റെ ഭവനമായ ഈജിപ്തിൽ നിന്ന് പുറത്തുകൊണ്ടുവന്ന ഞാനാണ് നിന്റെ ദൈവമായ കർത്താവ്." (പുറ. 20,2 ).

പുതിയ നിയമത്തിൽ മാനവരാശിയെ ആകെമാനം ആകെമാനം ബാധിക്കുന്ന ഒരു അനുഭവമായി രക്ഷ മാറുന്നു. ഈ രക്ഷയുടെ അടിസ്ഥാന നിയമം ദൈവ സ്നേഹവും പരസ്നേഹവും ആണെന്ന് സ്ഥാപിക്കപ്പെടുന്നു. പുതിയ നിയമത്തിലെ രക്ഷ മനുഷ്യന്റെ ആത്മീയ നന്മ മാത്രമല്ല,ലക്‌ഷ്യം വയ്ക്കുന്നത്. മറിച്ചു അവന്റെ ശാരീരികവും ഭൗതീകവുമായ ക്ഷേമത്തിലും കരുതൽ പ്രകടമാക്കുന്നു. മനുഷ്യന്റെ സർവ്വക്ഷേമവും ലാക്കാക്കിയാണ് സ്നേഹമെന്ന അടിസ്ഥാന നിയമം പുതിയനിയമത്തിൽ സ്ഥാപിക്കപ്പെട്ടി രിക്കുന്നത്. ഈ പശ്ചാത്തലത്തിൽ വേണം പുതിയനിയമത്തിലെ രോഗ ശാന്തി വിവരണങ്ങളെയും അത്ഭുതപ്രവർത്തനങ്ങളെയും പഠനവിധേയ മാക്കേണ്ടത്.

സഭയിലെ അപ്പസ്തോലിക പിൻതുടർച്ചയുടെ ആത്യന്തിക ലക്ഷ്യം സുവി ശേഷം പ്രസംഗിക്കുകയും മാനവരാശിയെ മുഴുവൻ ക്രിസ്തുവിന്റെ രക്ഷയിലേയ്ക്ക് നയിക്കുകയുമാണ്. രണ്ടാം വത്തിക്കാൻ സൂന്നഹദോ സിന്റെ പ്രബോധനമനുസരിച്ചു സഭയുടെ എല്ലാ ദൃശ്യഘടനകളുടെയും ലക്ഷ്യം മാനവരാശിയെ മുഴുവൻ യേശുക്രിസ്തുവിൽ ഏകീഭവിപ്പിക്കുക എന്നതാണ്. "സംഘടിതമായ ഒരു ഹൈരാർക്കിയോടു കൂടിയതാണ് സഭ. അതേസമയം ക്രിസ്തുവിന്റെ മൗതിക ശരീരവുമാണത്; ദൃശ്യവും അദൃശ്യവുമായ സഭ ഭൗതികമെങ്കിലും സ്വർഗീയ ദാനങ്ങളാൽ പരി പുഷ്ടയാണ്. എന്നാൽ സഭയുടെ ഈ രണ്ടു വശങ്ങൾ രണ്ടു വ്യത്യസ്ത യാഥാർത്ഥ്യങ്ങളാണെന്ന് നാം ധരിച്ചുകൂടാ. പ്രത്യുത, ദൈവീകവും മാനുഷി കവുമായ ഘടകങ്ങൾ സമ്യക്കായി ഉൾക്കൊള്ളുന്ന ഒരു സങ്കീർണ്ണ യാഥാർത്ഥ്യത്തിനാണ് അവ രൂപം കൊടുക്കുന്നത്." (തിരുസഭ-8). തന്മൂലം ദൃശ്യസഭയുടെ ആസ്തിത്വത്തിന്റെ ആകമാന ലക്ഷ്യം തീർച്ചയായും രക്ഷാകരമാണ്. ഇവിടെ സഭയുടെ ദൃശ്യഘടനയുടെ മുഴുവൻ പ്രത്യേകിച്ച് സഭയുടെ നിയമത്തിന്റെ രക്ഷാകര സ്വഭാവം നമുക്ക് കാണാൻ കഴിയുന്നു.

സഭാ നിയമത്തെ രക്ഷാശാസ്ത്രത്തിന്റെ പശ്ചാത്തലത്തിൽ പഠിക്കാനാണ് നാം പരിശ്രമിക്കുക. ഒരു സമൂഹത്തിന്റെ ക്ഷേമം ഉറപ്പാക്കുന്നതിനുവേണ്ടി നിർമ്മിക്കപ്പെട്ടിട്ടുള്ള നിയമങ്ങൾ അവയുടെ സ്വഭാവത്താൽ സങ്കീർണ്ണ ങ്ങളാണ്. സമൂഹജീവിതത്തിനു സ്ഥിരത നൽകേണ്ട നിബന്ധനകളാണ് നിയമങ്ങളെങ്കിലും അവയ്ക്കും സമൂഹം വളരുന്നതനുസരിച്ചു പരിണാമം സംഭവിക്കേണ്ടതുണ്ട്. സമൂഹത്തിന്റെ പൊതുനന്മയാണ് ഏത് നിയമത്തി ന്റെയും അടിസ്ഥാനമെന്ന് നാം കണ്ടുകഴിഞ്ഞു. എന്നാൽ അല്പം കൂടി മുമ്പോട്ട് പോയി ഈ പൊതു നന്മയായിരിക്കണം നിയമ നിർമ്മാണത്തി ന്റെയും അടിസ്ഥാനമെന്ന് നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു. സഭയിൽ ഈ പൊതു നന്മ മാനവരാശിയുടെ മുഴുവൻ രക്ഷയല്ലാതെ മറ്റൊന്നുമല്ല.

രണ്ടാം അദ്ധ്യായത്തിൽ പൌരസ്ത്യ സഭകളുടെ കാനോന സംഹിതയുടെ ദൈവശാസ്ത്രവും ചരിത്രവും പഠനവിധേയമാക്കുന്നു. 1990 ഒക്ടോബർ 18 ന് "പരിശുദ്ധ കാനോനകൾ" എന്ന അപ്പസ്തോലിക പ്രമാണ രേഖവഴി പ്രസിദ്ധപ്പെടുത്തി. 1991 ഒക്ടോബർ 1 ന് പ്രാബല്യത്തിൽ വന്ന ഈ സംഹിത യുടെ ആവിർഭാവം സഭാജീവിതത്തിലെ ഒരു ചരിത്ര സംഭവ മായിരുന്നു. ഈ കാനോന സംഹിത പുരാതനമായ കാനോനിക ഉറവിടങ്ങളോട് വിശ്വസ്തത പുലർത്തിക്കൊണ്ട് പൗരസ്ത്യ സഭാജീവിതത്തെ, സാർവത്രിക സഭയുടെ ഐക്യത്തിലും സര്വ്വ ശക്തനായ ദൈവത്തിന്റെ അനന്ത പരിപാലനയിലും രൂപകല്പ്പന ചെയ്യുകയായിരുന്നു. സഭാ കൂട്ടായ്മയുടെ ചിന്താപദ്ധതിയിലൂടെ സാർവത്രിക സഭയിലെ 'സ്നേഹത്തി ന്റെ വാഹന'മായി പൗരസ്ത്യ സഭകളുടെ കാനോന സംഹിത പരിണമിച്ചു.

മൂന്നാം അദ്ധ്യായത്തിൽ പൗരസ്ത്യ കാനോന സംഹിതയുടെ സ്പഷ്ടമായ രക്ഷാകരസ്വഭാവമാണ് ചർച്ച ചെയ്യപ്പെടുന്നത്. ഇവിടെ വി. കുർബാനയെ ക്കുറിച്ചുള്ള ഈ കാനോനസംഹിതയുടെ ആദ്ധ്യാത്മികത, രക്ഷ (Salus), ആത്മാക്കളുടെ രക്ഷ (Salus Animarum), കാനോനിക ധർമ്മം (Canonical Equity) എന്നീ സംജ്ജകളുടെ ഉപയോഗം എന്നിവ പഠനവിധേയമാക്കുന്നു. പൗരസ്ത്യ കാനോന സംഹിതയുടെ പൊതു ആദ്ധ്യാത്മികത വി.കുർബാനയുടെ ആദ്ധ്യാത്മികതയിൽ കേന്ദ്രീകരിച്ചിരിക്കുന്നു എന്ന് കണ്ടെത്താൻ കഴിയും. പരിശുദ്ധ കുർബാനയുടെ സൗഖ്യദായക സ്വഭാവവും ആത്മാവിന്റെ പരിശുദ്ധിയാണ് വി.കുർബാനയുടെ ആത്യന്തിക ലക്ഷ്യമെന്ന വസ്തുതയും പൗരസ്ത്യ കാനോന സംഹിതയുടെ രക്ഷാകരസ്വഭാവം വെളിവാക്കുന്ന രണ്ടു ഘടകങ്ങളാണെന്ന് ഈ അദ്ധ്യായത്തിൽ സ്ഥാപിക്കപ്പെടുന്നു.

ഈ കാനോനസംഹിത ഏറെ പ്രാധാന്യത്തോടെ ഉപയോഗിച്ചിരിക്കുന്ന രണ്ടു സംജ്ജകളാണ് 'രക്ഷയും' 'ആത്മാക്കളുടെ രക്ഷയും'. ഈ സംജ്ജകൾ അവ ഉപയോഗിക്കപ്പെട്ടിരിക്കുന്ന പ്രത്യേക കാനോനിക പശ്ചാത്തലത്തിന്റെ അടിസ്ഥാനത്തിലാണ് പഠനവിധേയമാക്കിയിട്ടുള്ളത്. ഈ അന്വേഷണ ത്തിലൂടെ നാം മനസ്സിലാക്കി, വി. ഗ്രന്ഥത്തിലും സഭയുടെ പാരമ്പര്യത്തിലും ഉപയോഗിക്കപ്പെട്ടിട്ടുള്ള അതെ അർത്ഥത്തിൽ തന്നെയാണ് പൗരസ്ത്യ കാനോന സംഹിതയിലും 'രക്ഷ' എന്ന പദം ഉപയോഗിക്കപ്പെട്ടിട്ടുള്ളത് എന്ന്. രക്ഷയെന്ന രഹസ്യത്തെ പ്രഘോഷിക്കുവാൻ ഓരോ ക്രൈസ്തവ വിശ്വാസി ക്കുമുള്ള ഉത്തരവാദിത്വത്തെ കാനോന സംഹിത ഉയർത്തിപ്പിടിക്കുന്നു. "എല്ലാ കാലങ്ങളിലും ലോകത്തെമ്പാടുമുള്ള സകല ജനങ്ങൾക്കും രക്ഷയുടെ ദൈവീക സന്ദേശം കൂടുതൽ കൂടുതലായി എത്തിക്കുന്നതിന് വേണ്ടി പ്രവർത്തിക്കുവാൻ എല്ലാ ക്രൈസ്തവ വിശ്വാസികൾക്കും അവകാശ വും കടമയുമുണ്ട്" (കാനോന-14). സർവ്വ പ്രപഞ്ചത്തിന്റെയും ആത്യന്തിക ലക്ഷ്യം രക്ഷയാണെന്നും കാനോനസംഹിത സ്ഥിരീകരിക്കുന്നു.

"വചന പ്രഘോഷകൻ മാനുഷിക വിജ്ഞാനത്തിന്റെതായ വാക്കുകളും ഗഹനമായ പ്രമേയങ്ങളും മാറ്റിവച്ച് വഴിയും സത്യവും ജീവനുമായ ക്രിസ്തുവിൻറെ സമ്പൂർണ്ണ രഹസ്യം ക്രിസ്തീയ വിശ്വാസികളോട് പ്രഘോഷി ക്കണം. ഭൌതിക വസ്തുക്കളും മാനുഷിക സ്ഥാപനങ്ങളും സൃഷ്ടാവായ ദൈവത്തിന്റെ പദ്ധതിയിൽ മാനവരക്ഷാർത്ഥം ക്രമവത്ക്കരിക്കപ്പെട്ട വയാണെന്നും ക്രിസ്തുവിന്റെ ഗാത്രനിർമ്മിതിയിൽ അവയ്ക്ക് ചെറുതല്ലാത്ത സംഭാവന നൽകുവാൻ സാധിക്കുമെന്നും അവർ കാണിച്ചുകൊടുക്കണം." (കാനോന- 616- § 1). അതുപോലെതന്നെ ആത്മാക്കളുടെ രക്ഷയിലുള്ള അതീവ താല്പ്പര്യം പൗരസ്ത്യകാനോന സംഹിത നീതിന്യായപരവും അജപാലനപരവുമായ വിവിധ പശ്ചാത്തലങ്ങളിൽ പ്രകടമാക്കുന്നുണ്ട്. "നിയമത്തെയും നിയമാനുസൃതമായ ആചാരങ്ങളെയും കൃത്യമായി പാലിച്ചുകൊണ്ടും നീതിയും ധർമ്മവും കണക്കിലെടുത്തു കൊണ്ടും, ആത്മാക്കളുടെ രക്ഷയ്ക്കും പൊതുനന്മയ്ക്കും ഏറ്റവും മെച്ചപ്പെട്ട മാർഗ്ഗം മനസ്സിൽ സൂക്ഷിച്ചുകൊണ്ടുമായിരിക്കണം ഒരാൾ കല്പന (Decree) പുറപ്പെടുവിക്കേണ്ടത്‌". (കാനോന 1519 § 1) കാനോനികധർമ്മം (Canonical Equity) ആണ് രക്ഷാകര സ്വഭാവത്തോടുകൂടി പൗരസ്ത്യ കാനോന സംഹിതയിൽ ഉപയോഗിക്കപ്പെട്ടിട്ടുള്ള മറ്റൊരു സംജ്ഞ. "നിയമാനുസൃതമായ അധികാ രിയാൽ വിചാരണയ്ക്കായി വിളിക്കപ്പെടുന്നപക്ഷം നിയമത്തിന്റെ അനുശാസനകൾക്ക് അനുസൃതമായും കാനോനികധർമ്മം പാലിച്ചു കൊണ്ടും വിധിക്കപ്പെടുവാൻ ക്രൈസ്തവ വിശ്വാസികൾക്ക് അവകാശമുണ്ട്‌."(കാനോന -24 § 2) ധർമ്മമെന്ന തത്വം പൌരസ്ത്യകാനോന സംഹിതയിൽ നീതി ഉറപ്പാക്കുന്നതിനും ആത്മാക്കളുടെ രക്ഷ സാധിക്കുന്നതിനും വേണ്ടി യാണ് ഉപയോഗിക്കപ്പെട്ടിട്ടുള്ളത്. ഈ കാനോനകളിലെല്ലാം തന്നെ പൗരസ്ത്യ കാനോന സംഹിത സ്പഷ്ടമായ ഒരു രക്ഷാകര സ്വഭാവം പ്രകടമാക്കുന്നു.


നാലാം അദ്ധ്യായത്തിൽ പൌരസ്ത്യ കാനോന സംഹിതയുടെ അസ്പഷ്ടമായ (Implicit) രക്ഷാകര സ്വഭാവത്തെക്കുറിച്ചാണ് ചർച്ച ചെയ്യുക. ഇതിനായി ശിക്ഷാനിയമ ങ്ങളുടെ സൗഖ്യദായക സ്വഭാവം, അനുര ജ്ഞന കൂദാശയുടെ രക്ഷാകര സ്വഭാവം, ആനുകൂല്യങ്ങൾ (privileges), ഒഴിവാക്കലുക ൾ (Dispensations), ഒഴിവുകൾ (Exceptions), തിരുത്തപ്പെടലുകൾ (Sanation) തുടങ്ങിയ കാനോനിക യാഥാർത്ഥ്യങ്ങളെക്കുറിച്ച് പഠിക്കുകയും ചെയ്യുന്നു. "വഴി തെറ്റിപ്പോയ ആടുകളെ തിരികെ കൊണ്ടുവരുവാൻ ദൈവം എല്ലാവിധ മാർഗ്ഗങ്ങളും ഉപയോഗി ക്കുന്നു; അതിനാൽ അഴിക്കുവാനും ബന്ധിക്കുവാനും ദൈവത്തിൽനിന്നു അധികാരം ലഭിച്ചിട്ടുള്ളവർ കുറ്റം ചെയ്തിട്ടു ള്ളവരുടെ രോഗാവസ്ഥ, ക്ഷമയിലും പ്രബോധനത്തിലും ഒരിക്കലും വീഴ്ച വരുത്താതെതന്നെ, തിരുത്തലും ശാസനയും അപേക്ഷയും വഴി,വേണ്ട രീതിയിൽ ചികിത്സിക്കേണ്ടതാണ്. കുറ്റം വഴി ഉണ്ടായ മുറിവുകൾ സുഖപ്പെടുത്തുവാനും അങ്ങനെ, കുറ്റം ചെയ്തവർ അങ്ങനെ നിരാശയിൽ നിപതിക്കുന്നതും ജീവിതത്തിൽ മാറ്റം വരുത്താതെ തെറ്റിൽ ഉറച്ചു നില്ക്കുന്നതും നിയമത്തോട് അവജ്ഞ കാണിക്കുന്നതും ഒഴിവാക്കുവാനു മായി, അവർ ശിക്ഷകൾ പോലും ചുമത്തേണ്ടതാണ്"(കാനോന -1401). ഇവിടെ ശിക്ഷയുടെ ഉദ്ദേശ്യം കുറ്റവാളിയുടെ സ്വഭാവ തിരുത്തലും തിരിച്ചുവരവു മാണെന്ന് വ്യക്തമാകുന്നു. "നിയമത്തിൽ മറ്റൊരു ശിക്ഷ വ്യവസ്ഥ ചെയ്യാത്തപക്ഷം, പൌരസ്ത്യസഭകളുടെ പുരാതന പാരമ്പര്യങ്ങൾക്ക നുസരിച്ചു നിശ്ചിത പ്രാർത്ഥനകൾ, തീർത്ഥാടനം,പ്രത്യേക ഉപവാസം, ദാനധർമ്മം, ധ്യാനം തുടങ്ങിയ ഗൗരവമാർന്ന പുണ്യ പ്രവർത്തികളോ ഭക്ത്യാഭ്യാസങ്ങളോ ഉപവിപ്രവർത്തനങ്ങളോ ആവശ്യപ്പെടുന്ന ശിക്ഷകൾ ചുമത്താവുന്നതാണ്." (കാനോന 1426 § 1). ഇവിടെയെല്ലാം ഒരു രക്ഷാകര സ്വഭാവം അത്ര വ്യക്തമല്ലാത്ത നിലയിൽ പൗരസ്ത്യ കാനോന സംഹിത യിൽ വെളിവാകുന്നുണ്ട്‌.

ഗവേഷണനിഗമനങ്ങൾ

ഈ ഗവേഷണം സഭയുടെ അസ്തിത്വത്തെ മെച്ചപ്പെടുത്തുന്ന തരത്തിൽ താഴെപ്പറയുന്ന നിഗമനങ്ങളിൽ എത്തിച്ചേരുന്നു.

1. പൗരസ്ത്യ സഭകളുടെ കാനോനസംഹിതയ്ക്ക് ഒരു രക്ഷാകര സ്വഭാവ മുണ്ട്. തന്മൂലം ഈ സംഹിതയിലെ കാനോനകൾ പഠിക്കപ്പെടേ ണ്ടതും മനസ്സിലാക്കപ്പെടേണ്ടതും ഈ പശ്ചാത്തലത്തിലാ യിരിക്കണം.

2. ഈ നിയമസംഹിതയിൽ വിശുദ്ധ ഗ്രന്ഥത്തിലെ ചില സംജ്ഞകൾ അതെ അർത്ഥത്തിൽ തന്നെ ഉപയോഗിച്ചിട്ടുണ്ട്. തന്മൂലം ഈ സംഹിത കേവലം നിബന്ധനകളുടെ ഒരു സമാഹാരം മാത്രമല്ല,മറിച്ചു വി. ഗ്രന്ഥത്തിന്റെയും പാരമ്പര്യത്തിന്റെയും പശ്ചാത്തലത്തിൽ കൂടിവേണം ഈ സംഹിത വിലയിരുത്തപ്പെടേണ്ടത്.

3. വി. കുർബാനയെക്കുറിച്ചുള്ള കാനോനകൾ അവയുടെ രക്ഷാകര സ്വഭാവം മനസ്സിലാക്കി വ്യാഖ്യാനിക്കപ്പെടേണ്ടതുണ്ട്.

4. ആരാധനക്രമത്തെ സംബന്ധിക്കുന്ന ചർച്ചകളും തർക്കങ്ങളും ഇതിനെക്കുറിച്ചുള്ള കാനോനകളുടെ അടിസ്ഥാന രക്ഷാകരസ്വഭാവം മനസ്സിലാക്കി പരിഹരിക്കപ്പെടേണ്ടതുണ്ട്.

5. സഭയുടെ അജപാലനപരവും നീതിന്യായപരവുമായ ശുശ്രൂഷകൾ നിർവഹിക്കുന്നവർക്ക് ആത്മാക്കളുടെ രക്ഷയെക്കുറിച്ച് പ്രത്യേക കരുതൽ ഉണ്ടായിരിക്കണം.

6. അനുരഞ്ജന കൂദാശയുടെ കാർമ്മികർക്ക് തങ്ങൾ ദൈവത്തിന്റെ അനന്ധമായ കരുണയുടെ പ്രദായകരാണെന്ന ബോദ്ധ്യം എപ്പോഴും ഉണ്ടായിരിക്കണം.

7. ശിക്ഷാനിയമങ്ങൾ വ്യാഖ്യാനിക്കപ്പെടുമ്പോൾ അവയുടെ ആത്യന്തിക ലക്ഷ്യം കുറ്റം ചെയ്തവരുടെ മാനസ്സാന്തരം ആണെന്ന് വ്യാഖ്യാതാക്കൾ കരുതേണ്ടതാണ്.

ഉപസംഹാരം.

ഈ ഗവേഷണം കാനൻ നിയമത്തെക്കുറിച്ചുള്ള ഒരു പുതിയ കാഴ്ച്ച പ്പാടിലേയ്ക്ക് നമ്മെ നയിക്കുന്നു. സാധാരണ ഗതിയിൽ കാനൻ നിയമത്തിന്റെ നിർവചനത്തിൽ താഴെപ്പറയുന്ന ഘടകങ്ങൾ ഉണ്ടാവും: വിശ്വാസത്താൽ പ്രകാശിതമായതും യുക്തിഭദ്രവുമായ ഒരുകൂട്ടം നിയമങ്ങളുടെ സംഹിതയാണിത്; സഭാസമൂഹത്തിൽ ക്രമവും ചിട്ടയും സ്ഥാപിക്കുന്നതിനുവേണ്ടി അവ നിർമ്മിക്കപ്പെട്ടിരിക്കുന്നു. സഭാസമൂഹ ത്തിന്റെ സംരക്ഷണത്തിനായി ചുമതലപ്പെട്ടവർ അവ നിർമ്മിക്കുകയും പ്രഖ്യാപിക്കുകയും ചെയ്യുന്നു; പൊതു നന്മയാണ് അവയുടെ ലക്ഷ്യം; തന്മൂലം നിയമങ്ങളിലൂടെ കടമകളും ഉത്തരവാദിത്വങ്ങളും സഭാ വിശ്വാസി കളുടെമേൽ ഭാരമേൽപ്പിക്കപ്പെടുന്നു. എന്നാൽ ഈ പഠനത്തിൽ കുറച്ചുകൂടെ മെച്ചപ്പെട്ട ഒരു കാനോനിക നിയമാവബോധം സംലഭ്യമാകുന്നു. ആദിമ സഭാസമൂഹത്തിൽ നിലനിന്നിരുന്നതും എല്ലാ മനുഷ്യനിർമ്മിത നിയമങ്ങൾ ക്കതീതവും ദൈവശാസ്ത്രത്തിലടിസ്ഥാനപ്പെടുത്തിയിട്ടുള്ളതുമായ ഒരു പരസ്പര പ്രതിബദ്ധതയിലേയ്ക്ക് അത് വിരൽ ചൂണ്ടുന്നു. ക്രിസ്തുവിന്റെ സഭയിലെ എല്ലാ അംഗങ്ങളെയും ഒരുമിപ്പിക്കുന്ന ആന്തരികവും ആദ്ധ്യാത്മി കവുമായ ഒരു നയ്യാമിക ശക്തി ഉണ്ടായിരുന്നു എന്ന വസ്തുത ഇവിടെ സ്ഥാപിക്കപ്പെടുന്നു.

കത്തോലിക്കാ സഭയിൽ നിയമം സ്നേഹത്തിന്റെ ഒരു മാർഗ്ഗം കൂടിയാണ്. രക്ഷയുടെ കൂദാശയായ സഭയിലെ നിയമങ്ങൾ രക്ഷാകര രഹസ്യത്തി ലേയ്ക്കുള്ള ചൂണ്ടുപലകകളായിരിക്കണം എന്ന വസ്തുത ഇവിടെ അടിവര യിട്ട് പരാമർശിക്കപ്പെടുന്നു. ഏതെങ്കിലും സഭാനിയമം ഈ ഉദാത്ത ലക്ഷ്യത്തിൽ നിന്നും വഴിമാറി ചരിക്കുന്നുണ്ടെങ്കിൽ അത് സഭാനിയമം ആയിരിക്കുകയില്ല. ഈ സത്യം സ്ഥാപിക്കുന്നതിന് വേണ്ടി പൗരസ്ത്യ കാനോന സംഹിതയിലെ ഏതാനും നിയമങ്ങൾ നാം പഠന വിധേയ മാക്കുകയായിരുന്നു. പൗരസ്ത്യ കാനോന സംഹിതയ്ക്ക് സ്പഷ്ടവും അസ്പഷ്ട വുമായ രക്ഷാകര സ്വഭാവമുണ്ടെന്ന് നാം കണ്ടെത്തുകയും ചെയ്തു.

യേശുക്രിസ്തു സർവ്വ പ്രപഞ്ചത്തിനുമായി പ്രദാനം ചെയ്ത നിത്യരക്ഷ യിലേയ്ക്ക് നയിക്കുന്ന ഉപകരണങ്ങളാണ് സഭാ നിയമങ്ങൾ. ആത്യന്തി കമായ ദൈവസംസർഗ്ഗത്തിലേയ്ക്ക് മനുഷ്യനെ നയിക്കുക എന്ന ഉദാത്ത ലക്ഷ്യമാണ്‌ സഭാനിയമങ്ങൾക്ക് പരമപ്രധാനമായി നിർവഹിക്കുവാനുള്ളത്. നിയമങ്ങളെക്കുറിച്ചുള്ള സഭാ പ്രബോധനങ്ങളിൽ എന്നും നിഴലിച്ചിരിക്കു ന്നത് ഈ തത്വമായിരുന്നു. അതിനാൽത്തന്നെ സഭ തന്റെ നിയമ സംഹിത കളിൽ ഈ തത്വം വളരെ ശക്തമായി സന്നിവേശിപ്പിച്ചിരിക്കുന്നു. "ആത്മാക്കളുടെ രക്ഷയാണ് അത്യുന്നത നിയമം.    
 ------------------------------------------------------------------------------------------------------------------------
http://dhruwadeepti.blogspot.de/

Keine Kommentare:

Kommentar veröffentlichen

Hinweis: Nur ein Mitglied dieses Blogs kann Kommentare posten.