Samstag, 12. Oktober 2024

ധ്രുവദീപ്തി : Culture and Life // ജര്‍മ്മന്‍ ഗ്രാമങ്ങളിലെ ഉണര്‍വും ഭാവിയും. ( George Kuttikattu, Germany)

 ധ്രുവദീപ്തി : Culture and Life // 

ജര്‍മ്മന്‍ ഗ്രാമങ്ങളിലെ ഉണര്‍വും ഭാവിയും. 

(ജോര്‍ജ് കുറ്റിക്കാട്ട്,
ജര്‍മ്മനി
)


George Kuttikattu

ജര്‍മ്മന്‍ ഗ്രാമങ്ങളിലെ ഉണര്‍വും ഭാവിയും.

ജീവിത സൌകര്യങ്ങളേറെയുള്ളതും  മനോഹരവുമായ നിരവധി ചെറുതും ഇടത്തരം പട്ടണങ്ങളും മഹാനഗരങ്ങളും ജര്‍മ്മനിയില്‍ ഉണ്ടായിട്ടും ഏതാണ്ട് പകുതിയോളം ജര്‍മ്മന്‍ ജനത അധിവസിക്കുവാ നിഷ്ടപ്പെടുന്നത് ശാന്തമനോഹരമായ ഗ്രാമീണ അന്തരീക്ഷത്തിലാണ്. ഗ്രാമീണതയിലേക്കു ജീവിത സുഖം തേടിയുള്ള ജനങ്ങളുടെ പുറപ്പാട് ഇരുപത്തി ഒന്നാം നൂറ്റാണ്ടിൽ ജര്‍മ്മനിയുടെ ഗ്രാമങ്ങളില്‍ പുതിയ ജീവ ചൈതന്യവും ഉണര്‍വും ഭാവിയും ആഴത്തില്‍ ഉള്‍ക്കൊള്ളുവാന്‍ ഇടയാകുന്നുവെന്ന് അവർ തെളിയിച്ചു തുടങ്ങിയിട്ടുണ്ട്.

ജര്‍മ്മനിയിലെ മുന്‍കാല ഗ്രാമവാസികളായിരുന്ന കൃഷിക്കാരുടെ കുതിരകളും കാളയും കലപ്പയും ഉപയോഗിച്ചുള്ള പുരാതന കൃഷി രീതിയും ഉള്ള ജീവിത ശൈലിയുമല്ല ഇന്നുള്ളത്, പകരം, പല നവീന സാങ്കേതിക വിദ്യയിലുള്ള സെന്‍സര്‍ ടെക്നിക്കും ജി.പി.എസ്‌ ടെക്നിക്കു കളിലേയ്ക്കും വഴി തിരിഞ്ഞ കാര്‍ഷിക വികസനവുമാണ് അവർ  സ്വീകരിച്ചിരിക്കുന്നത്. ആധുനിക ജര്‍മ്മന്‍ ഗ്രാമത്തിന്‍റെയും ഗ്രാമീണ തയുടെയും ഗ്രാമീണരുടേയും  മുഖം ശോഭനമാവുകയാണ്. പുതിയ സമ്പത്ത് വ്യവസ്ഥിതിയും പുതിയ തൊഴില്‍ ഉദ്യമങ്ങളും അവിടേയ്ക്ക്‌ കുടിയേറുകയാണ്‌.

വര്‍ണ്ണിക്കാവുന്നതിനപ്പുറത്ത് അതി മനോഹരവും വിശാലവുമായി കണ്ണെത്താ ദൂരത്തില്‍ കിടക്കുന്ന കൃഷി ഓരോ സ്ഥലങ്ങളും അവിടെ  കര്‍ഷകരുടെ ഭവനങ്ങളും കുതിരക്കൂടുകളും പശുക്കള്‍ക്കും മറ്റു വീട്ടു  വളര്‍ത്തു മൃഗങ്ങളുടെ കൂടുകളും, പച്ചക്കറി തോട്ടങ്ങളും, ഇടയ്ക്കിടെ പരിസ്ഥിതി സന്തുലിതമാക്കുവാന്‍ കൊച്ചു കൊച്ചു കുറ്റിക്കാടുകളും വെള്ളച്ചാലുകളുംഅവിടെയെല്ലാം ചാടിക്കളിച്ചു ഒളിച്ചുകളിക്കുന്ന മുയലുകളും കേഴമാനുകളും ചെറിയ വന്യ ജീവികളും പക്ഷികളും  എല്ലാം ഒരു ഗ്രാമത്തിലെ ജീവന്‍റെ  തുടിപ്പുകളാണ്. ഗ്രാമമദ്ധ്യത്തിലേക്ക്‌ നോക്കുക. അതിശയിച്ചു നോക്കി നില്ക്കാന്‍ പോലും തോന്നും. അതി  മനോഹരമായി നിര്‍മ്മിച്ചിരിക്കുന്ന ബംഗ്ലാവുകള്‍, മറ്റു ഭവനങ്ങള്‍, ചില ബ്ലോക്ക് ഹൌസുകള്‍, ഫ്ലാറ്റ്കള്‍, പൊതുസ്ഥാപനങ്ങളായ ഓരോ ഗ്രാമ പഞ്ചായത്ത് ഹൌസ് തുടങ്ങിയവ .

ഇവ എല്ലാത്തിലും പ്രധാനമായി ഒരു ഗ്രാമത്തിന്‍റെ ആത്മീയതയുടെ പ്രതീകമായി ഉയര്‍ന്നു നില്‍ക്കുന്ന ഗ്രാമ ദൈവാലയം, ഗ്രാമത്തിലെ പുലരിക്കാറ്റിന്‍റെ  താളത്തിലലിഞ്ഞു ചേര്‍ന്ന് ഒഴുകിവരുന്ന ഇടവക  പള്ളിമണികളുടെ സ്വര്‍ലോക ഗീതം ഒരു സുദിനത്തിന്‍റെ ഹൃദ്യമായ തുടക്കത്തുനുള്ള വിരുന്നു വിളിയല്ലേ നല്‍കുന്നത്? ജര്‍മന്‍ ഗ്രാമങ്ങള്‍ ഇരുപത്തി ഒന്നാം നൂറ്റാണ്ടിനു ഒരു മഹത് മാതൃകയാണ്. ഗ്രാമങ്ങള്‍ ഒരു മള്‍ട്ടി റിലീജിയസ്മള്‍ട്ടി നാഷണല്‍മള്‍ട്ടി സാംസ്കാരിക ജീവിത ശൈലിയാണ് സ്വീകരിച്ചിരിക്കുന്നത്. അവിടെയും ക്രിസ്ത്യാനിയുണ്ട്, മുസ്ലീമുണ്ട്, യഹൂദര്‍ ഉണ്ട്. അവരുടെ ഓരോരുത്തരുടെയും ജീവിത ശൈലി തടസ്സമില്ലാതെ പരിചരിക്കപ്പെടുന്നു .

ജനങ്ങളും ഗ്രാമഭരണകൂടവും ചര്‍ച്ച ചെയ്ത്‌ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. 

നഗരങ്ങള്‍ അതിമനോഹരമാണെങ്കിലും അവിടെ ശ്വാസം മുട്ടിക്കുന്ന തിരക്ക് പിടിച്ച ജീവചലനങ്ങളുടെ വൈരുദ്ധ്യങ്ങളുടെ സ്പന്ദനമല്ല ഇന്ന്  ഗ്രാമങ്ങളില്‍ പ്രതിഫലിക്കുന്നത്. അവിടെ, പ്രശാന്തതയിലെ സ്വര്‍ഗ്ഗീയ  ആനന്ദത്തിന്‍റെ ഇമ്പമുള്ള തുടിപ്പുകള്‍ ആണ്. മാലിന്യമില്ലാത്ത ശുദ്ധ വായു ശ്വസിക്കാം. വ്രുദ്ധിയുള്ള  റോഡുകള്‍, ശുദ്ധ ജലം, നല്ല നീന്തല്‍ കുളങ്ങള്‍, ഫുട്ട്ബാള്‍ കളി കോര്‍ട്ടുകള്‍, അവിടെയുണ്ട്. എന്താണവിടെ ഇല്ലാത്തത്? കേരളത്തിലെപ്പോലെ പകര്‍ച്ച വ്യാധികള്‍ പോലെയുള്ള രോഗാക്രമണം ഇല്ല. തെരുവുകളിലേക്ക് എറിഞ്ഞിരിക്കുന്ന മാലിന്യ കൂമ്പാരങ്ങള്‍ ഇല്ല. ജര്‍മ്മനിയിൽ എങ്ങനെ ? ഒരു മലിന രഹിത ഗ്രാമം ഉണ്ടായിരിക്കേണ്ടത് എന്‍റെ സ്വന്ത ആവശ്യമല്ലായെന്നു അവിടെയാരും  ചിന്തിക്കുന്നില്ല. ഗ്രാമത്തിന്‍റെ അല്ലെങ്കില്‍ രാജ്യത്തിന്‍റെ നിയമം ഇവിടെ ജനങ്ങള്‍  അനുസരിക്കുന്നു. അവിടെയുള്ള ജനങ്ങള്‍ക്ക്‌ വേണ്ടിയത് എന്തെന്ന് അവര്‍ അറിയുന്നു. ജനങ്ങളും ഗ്രാമഭരണകൂടവും ചര്‍ച്ചകൾ  ചെയ്ത്‌ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. ഒരു യുദ്ധത്തോടുള്ള ഭയാനത ഇല്ല. യുദ്ധത്തോട് വിട പറഞ്ഞു.


കുറെ മനുഷ്യര്‍ കൂട്ടമായി കൃഷി ചെയ്ത്‌കൊണ്ട് ജീവിക്കുവാന്‍ ഓരോ  അധിവാസ കേന്ദ്രമാക്കിയ സ്ഥലങ്ങള്‍ പിന്നീടു ഗ്രാമങ്ങളായിത്തീര്‍ന്ന ചരിത്രമാണ് ജര്‍മ്മന്‍ ചരിത്രത്തിലും കാണാവുന്നത്‌. ഇതിനു ഇപ്പോഴും ചില നിര്‍വചനങ്ങള്‍ ഉണ്ട്. കൃഷികാര്യ തൊഴിലല്ലാതെ മറ്റു തൊഴില്‍ സാധ്യതകള്‍ തുലോം കുറവായ മദ്ധ്യയുഗ കാലഘട്ടത്തിലെ ഇത്തരം ആദിവാസ കേന്ദ്രങ്ങളിലെ സാമൂഹ്യഘടനയും സാമ്പത്തികവും കണക്കാക്കിയുള്ള അടിസ്ഥാനമാണ് അവിടങ്ങളിലെ അന്നത്തെ ഗ്രാമങ്ങളുടെ നിലനില്‍പ്‌ കേന്ദ്രീകരിക്കപ്പെട്ടത്‌. ഒരു ഗ്രാമത്തിന്‍റെ പേരിനു അടിസ്ഥാനം പോലും ഈ വസ്തുതയ്ക്ക് പ്രധാന തെളിവാണ്; കൈതൊഴിലുകളൊ സാങ്കേതിക വിദ്യയുപയോഗിച്ചു തൊഴില്‍ ഏറെ കേന്ദ്രീകരിച്ചിരുന്ന ഗ്രാമങ്ങള്‍ക്ക് ഏതു സാങ്കേതിക വിദ്യയിലധിഷ്ടിത മായ തൊഴില്‍ കേന്ദ്രമാണെന്നുള്ളത്‌ ആ ഒരു ഗ്രാമത്തിന്‍റെ ഓരോരോ  നാമകരണത്തിനു അടിസ്ഥാന കാരണമായി. ഉദാഹരണമായിട്ട് : 1)-  വേബേര്‍സ് ഡോര്‍ഫ് ( ടെക്ക്സ്റ്റീല്‍ തൊഴില്‍ കേന്ദ്രമായിരുന്നു), 2)- ടൊഫ്ര്‍ ഡോര്‍ഫ് ( പുരാതന കളിമണ്‍ പാത്ര നിര്‍മാണ കേന്ദ്രം). ഇവ  ഇങ്ങനെ പോകുന്നു, ഗ്രാമങ്ങളുടെ പേരുകളുടെ ഉല്പത്തി പാരമ്പര്യം.

മദ്ധ്യകാലഘട്ടത്തിലെ കുടിപ്പള്ളിക്കൂട അദ്ധ്യാപകന്‍റെയും ("കുടി" - പുരാതന ജര്‍മനിയിലെ ഗ്രാമ വ്യവസ്ഥിതിയില്‍ കൃഷിക്കാരായിട്ടുള്ള  അഞ്ചോ പത്തോ വരെ ഉൾപ്പെട്ടതായ കുടുംബങ്ങള്‍ ഉള്ള കുടിയേറ്റ വാസസ്ഥലത്തെയാണ്‌ ഉദ്ദേശിക്കുന്നത് ). മറ്റു ചില കാര്യങ്ങൾ നോക്കാം. ധാന്യങ്ങള്‍ പൊടിക്കുന്നവന്‍റെയും, കൈ വേലക്കാരന്‍റെയും (ഉദാ: വസ്ത്രങ്ങള്‍ നെയ്തുണ്ടാക്കുന്നവന്‍, പണിയായുധം നിര്‍മ്മിക്കുന്നവന്‍, മുടി വെട്ടുന്നവന്‍, കൃഷി വേലക്കാരന്‍ എന്നിങ്ങനെ) യുഗത്തില്‍ നിന്ന് എങ്ങനെയാണ് ജര്‍മ്മന്‍ ഗ്രാമീണ സാമ്പത്തിക വികസനം അതിവേഗം  സാദ്ധ്യമായത്? മദ്ധ്യയുഗകാലഘട്ടത്തിനു മുന്‍പും പിന്‍പും ഉണ്ടായിരു ന്ന ഗ്രാമീണര്‍ എങ്ങനെ ജീവിച്ച് ഇന്നു കാണുന്ന സമ്പന്നതയുടെ പുതു യുഗത്തിലേക്ക് കടന്നെത്തി?  ഈ പരിവര്‍ത്തനത്തിന് വേണ്ടിയ സമഗ്ര വീക്ഷണവും അവസരങ്ങളും എവിടെയാണ് ഉള്‍ക്കൊണ്ടിരുന്നത്?. അതോ ഗ്രാമങ്ങളുടെയും ഗ്രാമീണതയുടെയും കാലംഎന്നേക്കുമായി അവസാനിച്ചുവെന്നോ ?ഇത്തരം ചോദ്യങ്ങള്‍ക്ക് യോജിച്ചതായ മറുപടി കണ്ടെത്തുവാനുള്ള ജര്‍മ്മന്‍ ജനതക്കുള്ള ചരിത്ര ജ്ഞാനം തുലോം കുറവായിരുന്നതായാണ് പണ്ഡിതമതം; ഇക്കാര്യത്തിലെ പ്രായോഗിക ആധുനിക അനുഭവങ്ങളും അതിനുയോജിച്ച ബലം പകരുന്നതാണ് പണ്ഡിതരുടെ പരിചയപ്പെട്ട വസ്തുതകളില്‍ നിന്നും ഉളവായിട്ടുള്ള രേഖപ്പെടുത്തലുകള്‍ സാക്ഷ്യപ്പെടുത്തുന്നത്."ജര്‍മ്മന്‍കാര്‍ തന്നെ ഇത്തരം ചരിത്രം കൂടുതലേറെ പഠിച്ചിരുന്നോ"?-എന്നാണ്  മുന്‍  ജര്‍മ്മന്‍ ചാന്‍സലറും ലോക രാഷ്ട്രീയത്തിലെ അതികായന്മാരില്‍ പ്രമുഖനും  രാജ്യതന്ത്രജ്ഞനുമായിരുന്ന ഹെല്‍മുട്ട് ഷ്മിത്ത്, ( " പുസ്തകം- Helmut Shmidt Ausser Dienst ") തന്‍റെ പുസ്തകത്തില്‍ അഭിപ്രായപ്പെട്ടത്.

ഗ്രാമീണ കാര്‍ഷിക സംസ്കാരത്തിന്‍റെയും അതിനൊപ്പം കൂടെ വളര്‍ന്നു വന്ന സാമൂഹ്യ ജീവിത സംസ്ക്കാരത്തിന്‍റെയും വിജയകരമായ ചില  പരിവര്‍ത്തനവുമാണ് ജര്‍മ്മന്‍ സംസ്ക്കാരത്തിന്‍റെ അതുല്യമായിട്ടുള്ള  പുരോഗതിയെ സ്ഥിരീകരിക്കുന്നത്. പക്ഷെ, ആധുനിക ലോകത്തെ  കനത്ത വെല്ലുവിളിയാണ് തൊഴിലില്ലായ്മ . സ്വന്തം രാജ്യത്തിന്‌ മാത്രമല്ല എവിടെയും സ്പോടനാത്മകമായ അപകടകാരിയാണ്. ഈ ഒരു പ്രശ്നം പരിഹരിക്കാന്‍ കഴിയാത്ത ഒരു രാഷ്ട്രം -ജര്‍മ്മനി- എങ്ങനെ വലിയ  വ്യവസായ-കാര്‍ഷിക ഉല്‍പ്പന്നങ്ങളും യന്ത്രോപകരണ വസ്തുക്കളും  സ്വന്തം കമ്പോളത്തിലിറക്കുകയും കയറ്റുമതി ചെയ്യുകയും ചെയ്യുന്ന ലോകത്തിലെ ഒന്നാമത്തെ കയറ്റുമതി രാഷ്ട്രമായിത്തീര്‍ന്നു? ഇത്തരം നിരവധി ചോദ്യങ്ങള്‍ ബാക്കി നില്‍ക്കെ, ജര്‍മ്മനിയുടെ നല്ല പ്രശാന്ത സുന്ദരമായ ഗ്രാമീണതയെപ്പറ്റി പരാമര്‍ശിക്കണമെങ്കില്‍ ആദ്യം തന്നെ ജര്‍മ്മനിയെപ്പറ്റിയുള്ള ഒരു സമഗ്ര വീക്ഷണം തന്നെയാണ് ആവശ്യം.

ലോകത്തിലെ മറ്റു മനുഷ്യരുമായി സമ്പര്‍ക്കം ഉണ്ടാകുന്നതിനും ഏറെ കാര്യങ്ങള്‍ അറിയുന്നതിനും വേണ്ടി ഏറ്റവും മുന്തിയ സാദ്ധ്യതകളോ മുന്‍ഗണനയോ ഉണ്ടാകുന്നത് യാത്ര ചെയ്യുകയെന്നതാണ്. ഇന്ത്യക്ക് വെളിയിലെ ഏതാണ്ട് മുപ്പത്തിയാറ് വര്‍ഷങ്ങളിലെ എന്‍റെ ജീവിതാനു ഭവങ്ങളുടെ യാഥാര്‍ത്ഥ്യങ്ങള്‍ ശരി വയ്ക്കുന്നത്‌ മറിച്ചല്ല. ഇന്ന് യൂറോപ്പ്  ഭൂഖണ്ഡത്തിന്‍റെ ഹൃദയ ഭാഗത്തുള്ള ഭൂപ്രദേശങ്ങളെക്കാള്‍ ദേശീയ പാരമ്പര്യവും ദേശീയ ചരിത്ര സംഭവങ്ങളും വളരെ വ്യത്യസ്തമായിട്ട്  ഉണ്ടായിരുന്ന ജര്‍മ്മനിയുടെ പൊതുരാഷ്ട്രീയ സംസ്കാരവും മാത്രമല്ല  മതപരവും സാമൂഹ്യവും ആയ പരിവര്‍ത്തനങ്ങള്‍ക്കും ( -ഉദാ: മാര്‍ട്ടിന്‍  ലൂതറും ചര്‍ച്ച്‌ റിഫോര്‍മേഷനും, യഹൂദ വിരോധവും ഹിറ്റ്ലറും ലോക മഹായുദ്ധവും എന്നിങ്ങനെ പലതും ജര്‍മ്മന്‍ ജനത ജീവിതത്തില്‍   എന്നും എന്നും സ്വാധീനിച്ചിരുന്ന ഘടകങ്ങൾ അവരുടെ നേത്രുത്വ റോള്‍  തന്നെയായിരുന്നു.

ജര്‍മ്മന്‍ ജനത ആരാണെന്നും ആരായിത്തീരണമെന്നും ഇന്നത്തെ ജര്‍മ്മന്‍ ജനത വേര്‍തിരിച്ചറിയുന്നുണ്ട്. പത്തൊന്‍പതാം നൂറ്റാണ്ടു മുതല്‍ ഇങ്ങോട്ട് ഈ നാള്‍ വരെ, മുന്‍ തലമുറകളുട കാഴ്ച്ചപ്പാടുകളില്‍ നിന്നും ഏറെ വ്യത്യസ്തതയുള്ള ബൃഹത്തായ നല്ല പരിവര്‍ത്തനങ്ങള്‍ തുടരെ ഉണ്ടായിട്ടുള്ളത് നമുക്ക് കാണാം. ചക്രവര്‍ത്തിമാരുടെയും നാട്ടുരാജാക്കന്മാരുടെയും എകാധിപതിയുടെയും ഭരണ ക്രമങ്ങളും ദീര്‍ഘകാല യുദ്ധങ്ങളും തകര്‍ച്ചയും, നാസി ഭരണത്തിന്‍റെ ഭീകര വാഴ്ചയും പതനവും, കിഴക്ക് കമ്മ്യൂണിസ്റ്റുകളുടെ ഏകാധിപത്യവും തകര്‍ച്ചയുമെല്ലാം മത-രാഷ്ട്രീയ-സാമൂഹ്യ-സാമ്പത്തിക സംസ്കാര ത്തില്‍ മാത്രമല്ല, പൊതുവെ നീതിയുടെ നിര്‍വചനത്തിലും പുതിയ മാനങ്ങളുണ്ടാക്കി.

ജര്‍മ്മന്‍ ജനത ഇപ്പോള്‍ പ്രബുദ്ധരാണ്‌. ഇരുപതാം നൂറ്റാണ്ടില്‍ തന്നെ ജര്‍മ്മന്‍കാര്‍ രണ്ടു പ്രാവശ്യം ലോകരാഷ്ട്രീയത്തിന്‍റെ നേതൃ സ്ഥാന ത്തേക്ക് വന്നു. പക്ഷെ, ദയനീയമായി അവര്‍ പരാജയപ്പെട്ട ചരിത്രമാണ് കണ്ടത്. പക്ഷെ, ഇന്നവര്‍  മറ്റൊന്നായി മാറിക്കഴിഞ്ഞിരിക്കുന്നു. ഇന്ന്  ഹൃദയങ്ങളില്‍ ഭാരമേറിയ കുറ്റബോധത്തില്‍ നിന്നും പുതിയ പാഠം പഠിച്ചവരാണ് ജര്‍മ്മന്‍ ജനത. ജര്‍മ്മനി കാരണമാക്കി ലോകജനതയില്‍ ഉണ്ടാക്കിയ ആഴത്തിലുള്ള വൃണം ഉണങ്ങി വരുന്നതെയുള്ളു. ഇപ്പോൾ  ഇരുപതാം നൂറ്റാണ്ടിലെതിനേക്കാള്‍ ഇരുപത്തി ഒന്നാം നൂറ്റാണ്ടിന്‍റെ ആരംഭത്തിലെങ്കിലും യൂറോപ്യന്‍ ഭൂഖണ്ഡത്തില്‍ നല്ല സമാധാനം ദര്‍ശിക്കുവാന്‍ കഴിയുന്നു. ഇനി ഒരു യുദ്ധം അവിടെ ചിന്തിക്കുവാന്‍ കൂടി കഴിയുകയില്ലെന്ന് അധികമാളുകളും വിശ്വസിക്കുന്നു. അതിന് പുറമേ നിന്ന് ഒരു സൈനീക ആക്രമണമോ വഷളായ നീക്കങ്ങളൊ യൂറോപ്യന്‍ യൂണിയന് നേര്‍ക്ക്‌ ഉണ്ടാകുമെന്ന് ആരും കരുതുന്നില്ല. റഷ്യന്‍ സാമ്രാജ്യ ശക്തിയും പ്രശംസ അര്‍ഹിക്കുന്നതിന് വേറിട്ട ചില   നിലപാട് സ്വീകരിക്കുന്നു. റഷ്യയുടെ ചരിത്രത്തില്‍, വളരെ കുറഞ്ഞ ഇമ്പീരിയല്‍ മനോഭാവമാണ് ഇക്കാലത്ത് പ്രദര്‍ശിപ്പിക്കുന്നത്. ചൈന ഒരിക്കലും ഒരു ഭീഷണി ആയില്ല. അമേരിക്ക എന്നും യൂറോപ്പിന്‍റെ  അതിശക്തനായ ഒരു പങ്കാളിയുമാണ്. എന്നാല്‍ മറ്റു ഭൂഖണ്ഡങ്ങളിലെ നിലയോ, പലപ്പോഴും യുദ്ധത്തിന്‍റെ വക്കില്‍വരെ കാര്യങ്ങളെത്തുന്നു ണ്ട്. എന്നാല്‍ ഇരുപത്തി ഒന്നാം നൂറ്റാണ്ടിലെ ഭീഷണി ഇസ്ലാമിക തീവ്ര വാദികളുടെ അപകടകരമായ ഭീകരാക്രമങ്ങള്‍ ആണ്. ഇത് യൂറോപ്പിന്  ഒരു വെല്ലുവിളിയാണ്. ജര്‍മ്മനി ഇന്ന് പല കാരണങ്ങളാല്‍, അകത്തു നിന്നും പുറത്തുനിന്നും, സ്വയം അപകടപ്പെടുകയില്ലാത്ത ഒരു പ്രത്യേക രാജ്യമാണെന്ന് പറയാനാവില്ല, യൂറോപ്യന്‍ യൂണിയന്‍ എന്ന മഹത്  ആശയത്തിന്‍റെ നെറ്റ് വര്‍ക്ക് ശക്തി പ്രാപിച്ചു വരുമ്പോള്‍ പോലും.

ലോകമഹായുദ്ധകാലത്തിനുശേഷം സാമൂഹ്യ മേഖലയിലും മാത്രമല്ല  കാര്‍ഷിക മേഖലയിലും നാഗരിക ജീവിത സംസ്കാരത്തിന്‍റെ പുതിയ  കുത്തൊഴുക്കിലേക്ക് ഗ്രാമീണ ജീവിതത്തെ വളരെയേറെ ശക്തമായി   സ്വാധീനിക്കുകയുണ്ടായി എന്നത് ശരിയാണ്. എല്ലാം നശിച്ചപ്പോള്‍  നിത്യ ജീവിതാവശ്യത്തിനു  വഴി തേടി നഗരവാസികള്‍ ഗ്രാമങ്ങളിലേ ക്കും ഗ്രാമത്തില്‍ ഉണ്ടായിരുന്ന കര്‍ഷകര്‍ പുതിയ ഭാവി തേടി വേറെ  തൊഴില്‍ നല്‍കിയ നഗരങ്ങളെയും ആശ്രയിച്ചു അവിടേയ്ക്കും അവർ  കുടിയേറി. അങ്ങോട്ടും ഇങ്ങോട്ടും ജനതയുടെ ഒഴുക്കിന്‍റെ, അവിടെ നഷ്ടവും ലാഭവും ഉണ്ടായി, അടയാളങ്ങള്‍ നഗരങ്ങളിലും ഗ്രാമത്തിലും ഉണ്ട്. അതേസമയം ജനതയുടെ ഈ ഒഴുക്കില്‍ അപ്രതീക്ഷിതമായിട്ടു  സാമൂഹ്യസാംസ്കാരിക സാമ്പത്തിക പരിവര്‍ത്തനങ്ങള്‍ക്കു കാരണമാ യി . നഗരങ്ങളിലെ വ്യവസായശാലകളുടെ വികസനം നല്ല കാര്‍ഷിക മേഖലയായിരുന്ന ഗ്രാമങ്ങളുടെ പാര്‍ശ്വങ്ങളിലേക്ക് കോര്‍ത്തിണക്കു വാന്‍ ഏറെ സഹായമായി. ഗ്രാമീണ വാസികള്‍ക്ക് തൊഴിലവസരം അതിനാല്‍ വര്‍ദ്ധിക്കുകയും ചെയ്തു. വിദ്യാഭ്യാസ സൗകര്യം ഗ്രാമീണ മേഖലയിലും ഏതാണ്ട്  നഗരവാസികള്‍ക്കുള്ളത്‌ പോലെ എളുപ്പമായി.  ഗ്രാമങ്ങളും നഗരങ്ങളും തമ്മിലുള്ള ഗതാഗതം സുഗമമായിത്തീര്‍ന്നു.  ഇത്തരം നിരവധി വ്യതിയാനങ്ങള്‍ ചിന്താരീതിയിലും ഓരോ ജീവിത ശൈലിയിലും പെരുമാറ്റത്തിലും പൊതുവെ ജനങ്ങളിലേറെപ്പേരിലും വളരെയേറെ സ്വാധീനിച്ചതായി കാണാം.

1961 മുതല്‍, ജര്‍മ്മനി രണ്ടായി മതിലുകള്‍ കെട്ടി വിഭജിക്കപ്പെട്ടപ്പോഴും, ഇരു ജര്‍മ്മനികളിലെയും സ്ത്രീ-പുരുഷന്മാര്‍ അവരവരുടെ മുൻകാല  അധിവാസ കേന്ദ്രങ്ങളായ സ്വന്തം ഗ്രാമങ്ങളെയും നഗരങ്ങളെയും- പൊതുവെ, മാതൃരാജ്യത്തെ, വികസിപ്പിക്കുക തങ്ങളുടെ സ്വന്തമായ  ഉത്തരവാദിത്വമാണെന്നു പ്രതിജ്ഞാബദ്ധരായി കഠിനാദ്ധ്വാനം ചെയ്തു. ജര്‍മ്മനിയുടെ ആകെമാന വികസനം, ഗ്രാമങ്ങള്‍ മുതല്‍ നഗരങ്ങളി ലേക്ക്, സാധിച്ചതിന്‍റെ രഹസ്യ സിദ്ധാന്തം"നാം വസിക്കുന്ന ഗ്രാമം ഏറെ മനോഹരമാകണം "എന്നതായിരുന്നു. ഈയൊരു മഹത് സന്ദേശ മാണ് ഗ്രാമീണര്‍ അങ്ങുമിങ്ങും ആദ്യം പകര്‍ന്നു നല്‍കിയ പൌര മുന്നേറ്റത്തിനു തുടക്കമായത്.

ഗ്രാമീണ -നാഗരിക ജീവിത സാഹചര്യങ്ങള്‍, നല്ല പാര്‍പ്പിടം, മെച്ചപ്പെട്ട  അടിസ്ഥാന സൌകര്യങ്ങള്‍,മേന്മയേറിയ ഗതാഗത സൌകര്യങ്ങള്‍, പൊതുവിദ്യാലയങ്ങള്‍ -സാങ്കേതിക വിദ്യാലയങ്ങള്‍, യൂണിവെര്‍സിറ്റി കള്‍ , പരിസ്ഥിതി സംരക്ഷണവും ആരോഗ്യവും ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങളും, സ്പോര്‍ട്സ്, ഒഴിവുസമയ കലാകേന്ദ്രങ്ങള്‍, ടൂറിസ വികസ നം, സര്‍ക്കാരിന്‍റെ ജനോപകാര സേവന പ്രവര്‍ത്തങ്ങളെ സഹായിക്കു വാനുള്ള സ്വാതന്ത സഹായ സമിതി കേന്ദ്ര വികസനം -(ഉദാ: സ്വതന്ത്ര സന്നദ്ധ സഹായ പ്രവര്‍ത്തനം -വിവിധ ദുരന്ത ശമന പ്രവര്‍ത്തനങ്ങള്‍) എന്നിങ്ങനെ സാമൂഹ്യ ജീവിതത്തിന്‍റെ ഏതൊരാവശ്യങ്ങളിലും അവ  ഞങ്ങളുടെ ഗ്രാമത്തിനു ഒരു ഭാവിയുണ്ട്"എന്ന് വിശ്വസിക്കുന്ന ഗ്രാമ വാസികളുടെ മത്സര മുന്നേറ്റം ജര്‍മ്മന്‍ ഗ്രാമങ്ങളെയും നഗരങ്ങളെയും ഏതാണ്ട് ഒരുപോലെ ബന്ധിപ്പിക്കുന്നതാക്കി മാറ്റുകയും ചെയ്തിട്ടുണ്ട്.

1961 മുതല്‍ ചലനം സൃഷ്ടിച്ച പൌര മുന്നേറ്റത്തിനു ശക്തി പകര്‍ന്ന പ്രചോദനവും അടിസ്ഥാനവും ഇങ്ങനെയാണ്: "നമ്മുടെ നഗരങ്ങളും  ഗ്രാമങ്ങളും  ഒരുപോലെ ഏറെ മനോഹരമാക്കുവാന്‍ ഒരുമിച്ചു നിന്ന്  സഹകരിക്കുക, ഈ മത്സരം  പൌരമുന്നേറ്റത്തിന്‍റെ ആദര്‍ശമാകട്ടെ". ഈ വിചാരം ഗ്രാമങ്ങളും നഗരങ്ങളും പരസ്പരം ബന്ധപ്പെടുത്തിയ ഒരു  ജനജീവിത ശൈലിക്ക് ഒരു രാഷ്ട്രത്തിലെ സാമൂഹ്യസംസ്കാരത്തിന്‍റെ  കേന്ദ്ര ബിന്ദുവായിത്തീരുന്ന ഉണര്‍വുണ്ടാക്കിയിരുന്നു. അത് പക്ഷെ ,ദേശീയ പ്രാദേശിക രാഷ്ട്രീയത്തിന്‍റെ ചെളി പുരണ്ട വികൃത മുഖ ഭാവം ആരും ശ്രദ്ധിച്ചില്ല. അതിനാല്‍ 1990 കളുടെ ആരംഭം മുതല്‍ "നമ്മുടെ ഗ്രാമത്തിനു ഭാവിയുണ്ട്"എന്ന ഐക്യജര്‍മ്മന്‍ പൌര മുന്നേറ്റ ത്തിനു അഭിമാനിക്കുവാന്‍ കഴിഞ്ഞു. ഈ അഭിമാനത്തിനു പ്രധാന  അടിസ്ഥാനം ഇവയാണ്: ഒരു ഗ്രാമത്തിലെ സാമൂഹ്യ ജീവിത സുരക്ഷി തത്വത്തിന്‍റെ അടിസ്ഥാനം, കാര്‍ഷികോത്പന്നങ്ങളുടെ ഉത്പാദന വര്‍ദ്ധനവും, സമ്പത്തിന്‍റെയും നാണയത്തിന്‍റെ ദീര്‍ഘകാല സ്ഥിരത യും സമാന്തരമായി വളരുമ്പോഴാണ്. ഈ വികസനം നടക്കേണ്ടത്‌ കാര്‍ഷിക പരിസ്ഥിതിമേഖലയിലും വ്യവസായ മേഖലകളിലും, ഏത്  പൊതു വിദ്യാഭ്യാസ- ഗവേഷണ മേഖലയിലും, പൊതുവെ പറഞ്ഞാല്‍ , അവ ഗ്രാമതലത്തിലായാലും നഗര തലത്തിലായാലും ശരി ആഴത്തിൽ ആകര്‍ഷകമായ ഒരു പ്രത്യേക ഘടനയും നിലവാരവും മാത്രമല്ല ശ്രേഷ്ഠ മാതൃകയും മേന്മയും സാധിക്കേണ്ടത് അവിടെയെല്ലാം വസിക്കുന്ന ജനങ്ങളുടെ പൊതു താല്പര്യത്തിലധിഷ്ടിതമായ സന്തുലിതാവസ്ഥ നില നിറുത്തുന്നതിലൂടെയാണെന്നു ജര്‍മ്മന്‍ ജനത വിശ്വസിക്കുന്നു.

2011 മുതല്‍ ഐക്യജര്‍മ്മനിയില്‍ ദേശീയ പ്രാദേശിക വികസന വേദി യില്‍ മത്സരയജ്ഞത്തിനു ഗ്രാമങ്ങളും ബ്ലോക്കുകളും ജില്ലകളും എല്ലാ  നഗരങ്ങളുo വികസനമഹാമത്സരത്തിന്‍റെ ഉറച്ച പങ്കാളികള്‍ ഞങ്ങൾ  ആയിത്തീര്‍ന്നിരിക്കുന്നു എന്ന വിചാരം ജർമ്മൻ ജനതയിൽ ഉറച്ചു.  ഏറ്റവും മനോഹരമായ ഒരു നല്ല ഗ്രാമത്തെ തെരഞ്ഞെടുക്കുകയെന്ന ഉദ്ദേശമാണ് ഈ മഹായജ്ഞത്തിന്‍റെ പ്രേരക ശക്തി. ഇതിനുവേണ്ടിയും  ഗ്രാമവാസികളുടെ തീവ്ര പങ്കാളിത്തം പ്രഖ്യാപിച്ചിരിക്കുകയാണ്. സ്വന്തവും തീവ്രവുമായ ഉത്തരവാദിത്വം ആണ് മറ്റെന്തിനേക്കാളേറെ  ഉത്തമവും ആദ്യന്തികവും ആയ അടിസ്ഥാന വിജയത്തിന് നിദാനം എന്ന് അവര്‍ വിലയിരുത്തുന്നു. അവ മാത്രമല്ല. മാതൃകാപരമായ പൌര മുന്നേറ്റത്തിലെ പങ്കാളിത്തത്തിന്‍റെ  മത്സരിച്ചുള്ള ജനതയുടെ കൂട്ടായ  പ്രയാണം പുരോഗതിയുടെ ലക്ഷ്യസ്ഥാനത്തു എത്തിക്കുക മാത്രമല്ല  സാധിക്കുന്നത്. ഗ്രാമങ്ങളുടെയും നഗരങ്ങളുടെയും ഭാവി ജർമ്മനി  ഏറ്റക്കുറച്ചിലില്ലാതെ സുദീര്‍ഘ കാലത്തേക്കുള്ള നിലനില്‍പ്പും തുടര്‍ വികസനവും സാധിക്കുമെന്നുള്ളതാണ്‌. ജർമ്മനിയിലെ ഗ്രാമങ്ങളുടെ  വൈവിദ്ധ്യമേറിയ വളര്‍ച്ചയിലും ജീവിത ശൈലിയിലും ജനങ്ങളുടെ  സമാധാനവും ശാന്ത സുന്ദരമായ ഭാവിയും കാണുന്നതിനെ   മാതൃകാ പരമായ പ്രവര്‍ത്തനശേഷിയുടെ ഫലങ്ങളായി അവ എല്ലായിടത്തും  പ്രദര്‍ശിപ്പിക്കുവാന്‍ അവർക്ക് കഴിയുമെന്ന് ജര്‍മ്മന്‍ ജനത എത്രയോ കാലങ്ങള്‍ക്ക് മുന്‍പ് ലോകത്തിനു മുന്‍പില്‍ തുറന്ന മാതൃകയായി കാണിച്ചിരിക്കുന്നു.

--                        --------------------------------

Browse and share: https://dhruwadeepti.blogspot.com 

 ഈ ബ്ളോഗില്‍ പ്രസിദ്ധീകരിക്കുന്ന  അഭിപ്രായങ്ങളുടെ  ഉത്തരവാദിത്തം അതെഴുതുന്ന വ്യക്തികള്‍ക്കു മാത്രമായിരിക്കും. സഭ്യമല്ലാത്ത ഭാഷയും  അപകീര്‍ത്തിപ്പെടുത്തുന്ന പദപ്രയോഗങ്ങളും ഒഴിവാക്കുക-

     

ധൃവദീപ്തി  ഓണ്‍ലൈൻ
 
 https://dhruwadeepti.blogspot.com
 
for up-to-dates and FW. link Send Article, comments and write ups to :
  DHRUWADEEPTI ONLINE LITERATURE.
Published from Heidelberg, Germany,  in accordance with the European charter on freedom of opinion and press. 
DISCLAIMER:  Articles published in this online magazine are exclusively the views of the authors. 
Neither the editor nor the publisher are responsible or liable for the contents,  objectives or opinions of the articles in any form."

******************************************************************************    

Keine Kommentare:

Kommentar veröffentlichen

Hinweis: Nur ein Mitglied dieses Blogs kann Kommentare posten.