Freitag, 14. Februar 2020

ധ്രുവദീപ്തി : Politics // Openion // ഒഴുകിയൊലിച്ചുപോകുന്ന ഇന്ത്യൻ ജനാധിപത്യത്തെ രക്ഷിക്കണം // George Kuttikattu


ഒഴുകിയൊലിച്ചുപോകുന്ന ഇന്ത്യൻ ജനാധിപത്യത്തെ  രക്ഷിക്കണം.    
George Kuttikattu

ജനാധിപത്യത്തിന് മഹത്തായ പ്രവർത്തനം ആവശ്യമാണ്, ജനാധിപത്യത്തിന് കൂടിച്ചേരലുകളും ആവശ്യമാണ്, പങ്കാളിത്തവും പ്രവർത്തിക്കാനുള്ള മനോഭാവവും പെട്ടെന്നുള്ള പ്രചോദനവും വിദ്യാഭ്യാസവും പരിശീലനവും അനിവാര്യമാണ്.

ന്ത്യയുടെ നിലവിലിരിക്കുന്ന പ്രശ്നസങ്കീർണമായ രാഷ്ട്രീയ- ധാർമ്മിക- സാമ്പത്തിക വ്യസ്ഥിതിയിൽ ശ്വാസം മുട്ടുന്ന ജനങ്ങളുടെ ഒട്ടും പരിഹാരം കാണാത്ത വിധം നിരവധി കാര്യങ്ങൾ ഉയർന്നുവരുന്നു. ലോക സാമ്പത്തിക കമ്പോളങ്ങളിലെല്ലാം അങ്ങനെയുള്ള വിഷയങ്ങൾ ഇപ്പോൾ എതിരായിട്ട് ബാധിക്കുന്ന കാര്യങ്ങൾ തന്നെയായി മാറിയിരിക്കുന്നു. ഇത് തീർച്ചയായും ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ മൊത്തം മൂലധനവിപണിയെ ഉണർത്തുന്ന ധനവിനിമയസംബന്ധമായ അനേകം പ്രവർത്തനങ്ങളെയും ബാധിക്കും. അതുപക്ഷേ, ഭരണകർത്താക്കൾ മനസ്സിൽ കാണുന്ന കാര്യങ്ങൾ നന്നായിട്ട് പോകുന്നുവെങ്കിൽ ആശങ്കയ്ക്ക് വകയില്ല. വളരെ ശരിയാണ്, മൂലധനം നിക്ഷേപിക്കുന്നവരുടെ തെറ്റാണ് കാരണമാകുന്നത്. ഇതിനെയാണ് നമുക്ക് മുതലാളിത്തമനോഭാവം എന്ന് ഇവിടെ പറയാവുന്നത്. മെയ് 2014 മുതൽ ഇന്ത്യയുടെ പ്രധാനമന്ത്രിയായി ഭരിക്കുന്ന നരേന്ദ്ര മോദിയുടെ മനോഭാവം ഇന്ത്യയുടെ സാമ്പത്തിക ഭദ്രതയ്ക്ക് തകർച്ച ഉണ്ടാക്കിയിട്ടുണ്ട്. 2020 - ൽ അവതരിപ്പിച്ച സാമ്പത്തിക ബജറ്റ് ഇന്ത്യയുടെ സാമ്പത്തികഘടനയുടെ നില രക്ഷിക്കാൻ കഴിയുമോ? അതുപോലെതന്നെയാണ് ഇന്ത്യ അഭിമാനപൂർവ്വം കാത്തുസൂക്ഷിച്ച ജനാധിപത്യവ്യവസ്ഥിതിയെ രാജ്യത്തിനുള്ളിലിരുന്ന് കൊണ്ട് ഇന്ത്യയുടെ ഭരണനേതൃത്വം നശിപ്പിക്കുകയാണ്.

നീതിന്യായ-നിയമവ്യവസ്ഥയെ തകർക്കുന്നു.

ഇന്ത്യയുടെ ജനാധിപത്യവ്യവസ്ഥിതിയിൽ അധിഷ്ഠിതമായ ഇന്ത്യയുടെ സുപ്രീം കോടതി പോലും നരേന്ദ്രമോദി സർക്കാരിന്റെ അഴിമതിഭരണ സംസ്കാരത്തെ വിമർശിക്കേണ്ടതായ സാഹചര്യം ഈയിടെ ഉണ്ടായിരിക്കുന്നു. അതായത്, ഒരു സർക്കാർ ഉദ്യോഗസ്ഥൻ സുപ്രീം കോടതിയുടെ കർശന തീരുമാനത്തെ സ്റ്റേ ചെയ്യുന്ന നടപടിയായിരുന്നു അതിനു അടിസ്ഥാനമായ കാരണം. . ഇന്ത്യയിലെ ഭാരതി എയർടെൽ (21682.13 കോടി രൂപ പിഴത്തുക), വോഡാ ഫോൺ - ഐഡിയ (19823 .71 കോടി രൂപ പിഴത്തുക), അതുമാത്രമല്ല അംബാനിയുടെ റിലയൻസ് കമ്മ്യുണിക്കേഷൻ (16456. 47 കോടി), ബി. എസ്. എൻ. എൽ (2537.48 കോടി രൂപ) പിഴത്തുക, എം. ടി. എൻ. എൽ. (2537.48 കോടി) പിഴത്തുക  ഉടൻ  അടയ്ക്കണമെന്നുള്ള കോടതി വിധി ഒരു ഉദ്യോഗസ്ഥൻ തടഞ്ഞത് ഇന്ത്യയുടെ ജനാധിപത്യ വ്യവസ്ഥിതിയുടെ കടുത്ത ലംഘനമായി കോടതി വിലയിരുത്തി. നരേന്ദ്ര മോഡി സർക്കാരിനെതിരെ നേർക്ക് കനത്ത മുന്നറിയിപ്പ് സുപ്രീം കോടതി ജഡ്ജി നൽകിയതായി മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു..
ഇന്ത്യയുൾപ്പെടെ ലോകരാജ്യങ്ങളെല്ലാം ഇക്കാലത്ത് സജ്ജീവമായിത്തന്നെ  ചർച്ചയിലെടുത്തിരിക്കുന്ന വിഷയമാണ് ലോകരാജ്യങ്ങളുടെയെല്ലാം  ഭദ്രത സൂക്ഷിക്കുന്ന ജനാധിപത്യവ്യവസ്ഥയ്‌ക്കെതിരായി നടക്കുന്ന ആനുകാലിക പ്രവർത്തനങ്ങളെ നിരീക്ഷിക്കുകയെന്നത്. ചില മദ്ധ്യഏഷ്യൻ രാജ്യങ്ങളിൽ നടന്നുകൊണ്ടിരിക്കുന്ന യുദ്ധങ്ങളും ജനങ്ങളുടെ പാലായനങ്ങളും മാത്രമല്ല, അതുപോലെ മനുഷ്യജീവന് സംരക്ഷണം നൽകേണ്ട വളരെ പ്രധാനപ്പെട്ട വിഷയമായിരുന്നു കാലാവസ്ഥയും പരിസ്ഥിതി സംരക്ഷണവും. ലോക സാമ്പത്തികഫോറം ഈയിടെ നടത്തിയ പ്രധാന വിഷയവും അതായിരുന്നു.















ഇന്ത്യൻ സാമ്പത്തിക ഘടനയുടെ തളർച്ച -

 നരേന്ദ്രമോദി സർക്കാരിന്റെ സാമ്പത്തികനയത്തിനെതിരെ ജനരോഷം.

ഇന്ത്യയിൽ രാഷ്ട്രീയകക്ഷികളോ, മാറിമാറി വരുന്ന ഭരണകക്ഷികളോ വീമ്പിളക്കുന്ന സാമ്പത്തിക വളർച്ച ഇന്നുവരെ ഇന്ത്യയിൽ ഉണ്ടായിട്ടില്ല. ഇന്ത്യയുടെ ഈ 2019 വർഷത്തെ മൊത്തവരുമാനം ഒരു ശതമാനം പോലും വളർന്നിട്ടില്ല. അമ്പത് വർഷങ്ങൾക്ക് മുൻപ് നാണ്യവിപണിയിൽ ഇന്ത്യൻ രൂപയുടെ മൂല്യം ഇന്നത്തേതുമായി നാം താരതമ്മ്യപ്പെടുത്തുമ്പോൾ ഇന്നുള്ള രാഷ്ട്രീയമുതലാളിത്ത വിചാരത്തിന്റെ പ്രചാരണം എപ്രകാരമാണ് എന്ന് ഇപ്പോൾ വ്യക്തമായി കാണാൻ കഴിയുന്നു. നിലവിൽ അന്തർദ്ദേശീയതല സാമ്പത്തിക കമ്പോളത്തിൽ ഇന്ത്യൻ രൂപയുടെ മൂല്യം തകർന്നുവീണു. അത് ഇന്നും ആഴത്തിൽ നിലകൊള്ളുന്നു. ഉദാ: 1 യൂറോ = 80 രൂപ. അഥവാ, ഒരു ഡോളർ= 70 രൂപ. ഈ വളർച്ചാനിരക്കിന്റെ കുത്തനെ താഴേയ്ക്കുള്ള ഒഴുക്ക് മുതലാളിത്തമായി നിലവിൽ ഇന്ത്യ ഭരിക്കുന്ന സർക്കാർ വിളിച്ചു പറഞ്ഞു വാതോരാതെ കൊട്ടിഘോഷിക്കുന്നു...ഇക്കാര്യം വളരെ ശരിയാണ്, ഇന്ത്യൻ ഭരണനേതൃത്വത്തിന്റെ ഇങ്ങനെയുള്ള മുതലാത്തമനോഭാവമാണ് ഇതിന് എല്ലാറ്റിനും മുകളിൽ ഇന്ത്യൻ സാമ്പത്തികത്തകർച്ചയുടെ കാരണമായിട്ട് നിലനിൽക്കുന്നത്. 

ഇന്ത്യ സ്വയം ഭരണം ഏറ്റെടുത്ത ആദ്യകാലങ്ങൾ തുടങ്ങി ഇന്ത്യയുടെ പൊതു സാമ്പത്തിക വളർച്ചയുടെ നില സാവധാനം ഉയർന്നു വന്നു. വിവിധ തരം വ്യവസായങ്ങൾ ക്രമേണ വളർച്ച പ്രാപിച്ചിരുന്നു. എന്നാൽ സാമ്പത്തിക വളർച്ചയോടൊപ്പം തന്നെ ഇന്ത്യയിൽ ജനപ്പെരുപ്പവും ഉയർന്നുതുടങ്ങി. പക്ഷെ ഇന്ത്യൻജനതയുടെ പൊതുവായ ജീവിതനിലവാരവും സാവധാനം വികസിച്ചു. സമാന്തരമായി രണ്ടു നൂറ്റാണ്ടുണ്ടുകളായി ലോകമൊട്ടാകെ ജനസംഖ്യാവർദ്ധനവും ലോകസാമ്പത്തികസ്ഥിതിയും മെച്ചപ്പെട്ടുതുടങ്ങി എന്ന് നാം മനസ്സിലാക്കി. ജീവിതനിലവാരത്തിനൊപ്പം വർദ്ധിച്ചുവന്നിരുന്ന ഊർജ്ജഉപഭോഗവും അതനുസരിച്ചുള്ള ഒരു ക്രമത്തിൽ വർദ്ധനവുണ്ടായി. പക്ഷെ , കാലാവസ്ഥാവ്യതിയാനങ്ങളും ഉണ്ടായി. കാരണം പരിസ്ഥിതി സംരക്ഷണത്തിൽ ഇക്കാലംവരെയും ഇന്ത്യയിൽ ഒരു സർക്കാരും കൂടുതൽ ശ്രദ്ധ നൽകിയില്ല. വ്യക്തമായ കമ്പോള സമ്പത് ഘടനയുടെ വ്യവസ്ഥയും അവയ്ക്കുള്ള സമ്പത് സമാഹാരവും ഇല്ലാതെ ലാഭകരമായ ഏതൊരു വിധത്തിലുമുള്ള പുതിയ  പരിസ്ഥിതിസംരക്ഷിച്ചുള്ള ഉത്പാദനസ്ഥിതിക്ക് ചങ്ങലയില്ലാത്തതുമായ സാഹചര്യം ഇന്ത്യയിൽ സുസ്ഥാപിതമാണോ? ഇന്ത്യയുടെ വ്യാവസായിക സാമ്പത്തിക കമ്പോളം സർക്കാർതന്നെയാണ് തകർക്കുന്നത്. പരിഷകരണത്തിന്റെ ചില ചില മേജർ ഉദാഹരണങ്ങളാണ്, ഇന്ത്യയുടെ അഭിമാനമായിരുന്ന ആദ്യകാല ഇന്ത്യൻ വാർത്താ വിനിമയ (BSNL) സംവിധാനത്തിന്റെ മരണമണി മുഴങ്ങുന്നത്. പുതിയ സർക്കാരിന്റെ പദ്ധതി ഇന്ത്യയുടെ സമ്പത് ഘടനയെ എതിരായി ബാധിക്കും. ഇന്ത്യൻ റയിൽവേ, വിമാനസർവീസുകൾ (എയർ ഇന്ത്യ ), ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ എന്നിങ്ങനെ അനവധി സർക്കാർ സമ്പത് മേഖലകളെല്ലാം വിൽപ്പന നടത്തുന്ന നടപടികൾ.

ഇതൊന്നും ഇന്ത്യൻ സമ്പത് വ്യവസ്ഥയ്ക്ക് തീർത്തും ഗുണകരമല്ല, എന്നാൽ തകർക്കുന്നതൊപ്പം ലോകസാമ്പത്തിക വിപണിയിൽ വിഷവാതകം കടത്തിവിടുന്ന നടപടിയാണ് ഇന്ത്യൻ സർക്കാർ ചെയ്യുന്നത്. കേന്ദ്രസര്‍ക്കാര്‍ എല്ലാം വില്‍ക്കുകയാണ്. ഇന്ത്യന്‍ ഓയില്‍, എയര്‍ ഇന്ത്യ, ഹിന്ദുസ്ഥാന്‍ പെട്രോളിയം, റെയില്‍വേ എന്നുവേണ്ട, റെഡ് ഫോര്‍ട്ട് പോലും ഉടൻ വില്‍ക്കുന്നതിനുള്ള വിവിധ തീരുമാനങ്ങളാണ് ഈയിടെയായി നാം മാദ്ധ്യമങ്ങളിൽക്കൂടി അറിയുന്നത്. ഇന്ത്യൻ സർക്കാർ അനുവർത്തിക്കുന്ന നയം ഇന്ത്യയ്ക്കോ ലോകരാജ്യങ്ങൾക്കോ ഒരിക്കലും പ്രയോജനപ്പെടുന്നതല്ല. ഇതോടെ ഇന്ത്യൻ ജനത നേരിടുന്നത് കടുത്ത തൊഴിലില്ലായ്മായെയാണ്. പുതിയ തൊഴിൽ സാദ്ധ്യതകൾക്കായി സർക്കാർ ചിന്തിക്കുന്നതേയില്ല. എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഭരണ കൂടത്തിനിതൊന്നും പ്രശ്നമല്ല. ഇന്ത്യൻ ഗ്രാമങ്ങളിൽ തൊഴിൽ സാദ്ധ്യതകൾ ഉണ്ടാക്കണമെന്നുള്ള ഉദ്ദേശവുമില്ല. ഇതുപോലെതന്നെയാണ് ഈയിടെ ഇന്ത്യൻ സർക്കാർ നിയമമാക്കിയ ഇന്ത്യൻ പൗരത്വ ഭേദഗതി നിയമം. അത് ഇന്നത്തെ ഇന്ത്യയുടെ ഐക്യം തകർത്ത്  വീണ്ടും വിഭജിക്കുന്ന കടുത്ത ക്രൂരനടപടിയെന്നതിനെ വിശേഷിപ്പിക്കാം..ജർമ്മൻ ജനതയെ അഡോൾഫ് ഹിറ്റ്‌ലർ പീഡിപ്പിച്ചതുപോലെ, യഹൂദരെ ശിക്ഷിച്ചതുപോലെ, ഇന്ത്യൻ ജനതയെ മതവും രാഷ്ട്രീയവും കുത്തിച്ചെലുത്തി ആക്രമിക്കുകയാണ്. എതിർവാകളുടെ നാവരിഞ്ഞു, ചെറുത്തുനിന്നവരുടെ കഴുത്തരിഞ്ഞു, അതുപോലെതന്നെയാണ് എതിർ അഭിപ്രായം പറഞ്ഞ മാദ്ധ്യമങ്ങളെ വെട്ടിവീഴ്ത്തി. ഇന്ത്യയുടെ മാദ്ധ്യമസ്വാതന്ത്ര്യം സ്വേശ്ചാധിപതികളായ ബിജെപി നേതൃത്വങ്ങളുടെ തടങ്കൽപ്പാളയത്തിലാക്കി വരുന്നു. ഇന്ത്യയിൽ ഇനിയുള്ള കാലം എന്താകുമെന്ന് നോക്കിയിരുന്നു കാണാം. മാദ്ധ്യമങ്ങളെ അവരുടെ തടങ്കലിൽ വകവരുത്തുന്ന ദിവസങ്ങളെ കാണേണ്ടിയും വരും. ഇതിന്റെ സൂചനയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത്:   "ഒരു ഇന്ത്യാക്കാരനെ അവൻ ധരിച്ചിരിക്കുന്ന വേഷവും തുണിയും നോക്കിയാൽ തിരിച്ചറിയാം" എന്ന് മാദ്ധ്യമങ്ങളെ നോക്കി പറയുന്ന പ്രധാനമന്ത്രി ഇന്ത്യയുടെ ഐക്യത്തിന് തീ കൊളുത്തുകയാണ്.

 ഇന്ത്യൻ പൗരത്വഭേദഗതി നിയമത്തിനെതിരെ നടക്കുന്ന ജനങ്ങളുടെ പ്രതിഷേധം 
2020 വർഷം. മേൽപ്പറഞ്ഞ പ്രതിസന്ധികളുടെയും ജനങ്ങളിൽ ചില വിഭാഗം അനുഭവിക്കുന്ന സുഖസൗകര്യജീവിതത്തിന്റെ ആധിക്യത്തിന്റെയും സമ്മിശ്ര ചിത്രങ്ങളാണ് ഇന്നും തെളിഞ്ഞുവരുന്നത്. അത് ഇന്നത്തെയും മുൻകാലങ്ങളിലെയും സമാനമായ സാമൂഹ്യ രാഷ്ട്രീയ സാഹചര്യം എന്നും നൽകുന്ന നമ്മുടെ ദൈനം ദിനജീവിതത്തിന്റെ നിർഭാഗ്യകരം എന്ന്തന്നെ വിശേഷിപ്പിക്കാവുന്ന അനുഭവങ്ങളാണ്. അതിനാൽത്തന്നെ തുടരെ വരും വർഷങ്ങളിൽ ഉണ്ടാകേണ്ട സാമ്പത്തിക വളർച്ചാനിരക്കിൽ ഉണ്ടായിട്ടുള്ള കുത്തനെയുള്ള പതനം ഇന്ത്യയുടെ സുവർണ്ണ ഭാവിക്ക് തടസമാകുമെന്ന് രാജ്യം ഭരിക്കുന്ന രാഷ്ട്രീയ പ്രവർത്തകർ ആരും അറിയുന്നില്ല. ഇന്ത്യയുടെ സുവർണ്ണ ഭാവി തൽക്കാലം അടഞ്ഞു. ഇന്ത്യയുടെ ചുരുക്കം ചില സ്ഥലങ്ങൾ മാത്രം വെളിച്ചം ഉള്ളതായി കാണാനുണ്ട്. ബ്രിട്ടീഷ് ഭരണത്തിൽ നിന്നും ഇന്ത്യ സ്വതന്ത്രമായതോടെ ഇന്ത്യൻ ജനത നേരിട്ടിരുന്ന ഭാവിയെക്കുറിച്ചു വളരെയേറെക്കാലമായി അവർക്കുണ്ടായിരുന്ന ഭയപ്പാടും പ്രതീക്ഷയും ഇന്നും കുറഞ്ഞിട്ടില്ല, പകരം ആനുകാലിക സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും അവരുടെ ഭയം ആഴത്തിൽ തുളച്ചു കയറിയിരിക്കുന്നു. സാമൂഹിക ജീവിത ഭാവിയുടെ പതനം അവർ നേരിൽക്കണ്ട് തളരുന്നതാണ് ഇപ്പോൾ നാം കാണുന്നത്. 1947 മുതൽ നാളുകളും വർഷങ്ങളും കഴിഞ്ഞിട്ടും ഇന്ത്യയിലെ ഇടതു വലതു രാഷ്ട്രീയ പാർട്ടികൾ തമ്മിൽ പരസ്പരം കടിച്ചുകീറിയെങ്കിലും ഇതുവരെയുള്ള പകുതി വഴി ഒരുവിധം ഉറപ്പുള്ളതായിരുന്നു. ഇന്ത്യയുടെ കോൺഗ്രസ് പാർട്ടി പൊതു ജനങ്ങളുടെ പ്രശ്നങ്ങളിൽ അടിയന്തിരമായിട്ട് ഓരോ പരിഹാരമുണ്ടാക്കാനുള്ള രക്ഷയുടെ വാഗ്ദാനങ്ങൾ നൽകിയിരുന്നു. എന്നാൽ കോൺഗ്രസ്സിന്റെ കൈയ്യിൽ നിന്നും ഭരണം നഷ്ടമായതോടെ എതിരാളികൾ ആയ ബി ജെ പി പാർട്ടിയുടെ കയ്യിൽ ഭരണം എത്തിച്ചേർന്നു. 2014 മുതൽ ഇന്ത്യയുടെ പൊതു സമ്പത് വ്യവസ്ഥിതിയിൽ ഇരുപത്തിഒന്നാം നൂറ്റാണ്ടിന്റെ ആരംഭം മുതൽ കുത്തനെ താഴേയ്ക്കുള്ള പതനവും പൊട്ടി തകർച്ചയും ഇന്ത്യൻ സമ്പത് ഘടനയുടെ അവസാന തകർച്ചയും രക്ഷിക്കാൻ കഴിയാത്ത നിലയിലെത്തി. ഇപ്പോഴിതാ ഏറ്റവും ഭീകരമായ അവസ്ഥയെ നേരിടുന്നു. അതിങ്ങനെയാണ്, ഇന്ത്യയിലെ ജനാധിപത്യ സമ്പ്രദായം തന്നെ അവസാനത്തെ ശ്വാസം വലിക്കുന്നു. മതവികാരം ചെലുത്തി ഇന്ത്യയിലെ ജനങ്ങളെ പരസ്പരം ഭിന്നിപ്പിച്ചു അകറ്റുകയാണ്. ഇന്ത്യയിൽ ജനജീവിത സമാധാനം തകർന്നു കഴിഞ്ഞു. ഒഴുകിയൊലിച്ചു പോകുന്ന ഇന്ത്യൻ ജനാധിപത്യത്തിന്റെ ദാരുണ തകർച്ച! 

ഏതെല്ലാം യാഥാർത്ഥ്യങ്ങൾ മുന്നിൽ നിരത്തിവച്ചു ഇന്ത്യയിലെ ജനങ്ങളെ ബോദ്ധ്യപ്പെടുത്താൻ ശ്രമിച്ചാൽപോലും പ്രാദേശിക രാഷ്ട്രീയകോമരങ്ങൾ പറയുന്നതല്ലേ  മനസ്സിലാകൂ. രാഷ്ട്രീയക്കാരുടെ കാപ്പിറ്റലിസ മനോഭാവം ശരിയല്ല എന്ന് പറയുവാൻ ജനങ്ങളുടെ നാവനങ്ങുകയില്ല. കഴിഞ്ഞ രണ്ടു നൂറ്റാണ്ടുകളായിട്ട് ഇന്ത്യയുടെ സമ്പത്തു വ്യവസ്ഥ ഉയരുന്നുണ്ട് എന്നാണു ഇവർ ഒന്നുമറിയാതെ വിശ്വസിക്കുന്നത്. ഏതോ തൊഴിൽ ലഭിക്കാൻ വേണ്ടി ജനങ്ങൾ അന്യ നാടുകളിൽ അഭയം പ്രാപിക്കുന്നു. "പ്രവാസികൾ" എന്ന് വിളിക്കപ്പെടുന്ന ഇന്ത്യാക്കാരെ തരംപോലെ ചൂഷണം ചെയ്തും, എന്നാലും ഈ നാണംകെട്ട നേതൃത്വങ്ങൾ  തങ്ങളുടെ സ്വന്തം മടിക്കുത്തിൽ മുതലാളിത്ത ചിന്താഗതിയുമായി നടക്കുന്നു.

എന്തൊക്കെയായാലും യഥാർത്ഥ മുതലാളിത്ത രാജ്യങ്ങളുടെ ഭദ്രതയുടെ ക്രിയാത്മകമായ വിവിധ ഭാവിനീക്കങ്ങൾ ശ്രദ്ധേയമാണ്. അമേരിക്കയും ജർമ്മനിയും അതുപോലെയുള്ള മറ്റു ചില രാജ്യങ്ങളും ലോക സാമ്പത്തിക ഭദ്രതയെ ഉപയോഗിച്ച് പുതിയ ശാസ്ത്രീയ ഗവേഷണങ്ങൾ നടത്താൻ ശ്രമം ആരംഭിച്ചിരിക്കുന്നു. ലോക കാലാവസ്ഥയുടെ വ്യതിയാനം, അതിനുള്ള തക്ക കാരണങ്ങൾ, മെച്ചപ്പെട്ട കാലാവസ്ഥയും പരിസ്ഥിതി സംരക്ഷണവും എല്ലാം ഉദ്ദേശിച്ചാണ് ഇപ്രകാരം ചിലശ്രമങ്ങൾക്ക് പ്ലാൻ ഇടുന്നത്. ഈ അടുത്ത നാളിൽ ദാവോസിൽ നടക്കുന്ന ലോകരാജ്യങ്ങളുടെ പ്രതിനിധികളും, മറ്റ് ശാസ്ത്രജ്ഞന്മാരും ഈ സമ്മേളനത്തിൽ പങ്കെടുക്കുന്നു എന്ന് മാദ്ധ്യമങ്ങൾ വിശദീകരിക്കുന്നു. ലോക സാമ്പത്തിക ഭദ്രതയും ജനജീവിത സൗകര്യവും പരിസ്ഥിതി - കാലാവസ്ഥാ വ്യതിയാനങ്ങൾക്ക് കാരണമായ ഏതു തരം കാര്യങ്ങൾക്കും ആവശ്യമായ നടപടിക്രമങ്ങൾ സ്വീകരിക്കാൻ ഇവരെല്ലാം തയ്യാറെടുക്കുന്നു. ലോകത്തിനു മുമ്പിൽ ഇതൊരു ഉത്തരം കിട്ടാത്ത വലിയ ചോദ്യമാണ്,  എങ്ങനെ ഈ ഭൂമിയെ രക്ഷിക്കാൻ കഴിയും? അതുപക്ഷേ, യഥാർത്ഥത്തിൽ അവയെല്ലാം നിരാശപ്പെടുത്തുന്ന ഒരു മറുപടിയാകാനും കഴിയും..എന്നാൽ അതുപോലെ തന്നെയാണ് ഇരുപത്തി ഒന്നാം നൂറ്റാണ്ടിൽ ഇന്ത്യയുടെ ഭാവിയുടെ ഭദ്രതയെ എങ്ങനെ രക്ഷിക്കാൻ കഴിയും എന്ന മറ്റു ചോദ്യം. രണ്ടു കാര്യങ്ങൾ ഇതിൽ തീർച്ചയാണ്. ഇന്ത്യയിലെ നിലവിലുള്ള രാഷ്ട്രീയകഷികൾക്കോ, അഥവാ, ഏതോ ചില വ്യക്തിധാർമ്മികതയുടെ നിയന്ത്രണംകൊണ്ടോ നിലവിലെ സ്ഥിതിക്ക് മാറ്റം വരുത്താൻ കഴിയുമോ എന്ന കാര്യം. അതായത്, ഇന്ത്യയുടെ ഏതെങ്കിലും ഒരു സംസ്ഥാനത്തിന്റെ വികസനമല്ല, ഇന്ത്യയുടെ ഇടക്കാലമത്രെയും ഒട്ടും മെച്ചപ്പെടാത്ത മൊത്തം വളർച്ചയുടെ കാര്യമാണ്. ഇന്ത്യയിലെ ജനങ്ങൾക്ക് ആവശ്യം വീണ്ടുവിചാരം ഉണ്ടാകണം.

ഇന്ത്യയിൽ തൊഴിലില്ലായ്മ തിരിച്ചു വരുന്നു.

ശ്രീ. നരേന്ദ്ര മോഡി പ്രധാനമന്ത്രിയായി. ഇന്ത്യ ഭരിക്കുന്ന സർക്കാരിന്റെ ആനുകാലിക ശ്രദ്ധ മുഴുവൻ കേന്ദ്രീകരിച്ചിരിക്കുന്നത് ഇന്ത്യൻ ജനതയുടെ മതവികാരത്തെ വ്രണപ്പെടുത്തുന്നതായ  ഇന്ത്യൻ പൗരത്വ ഭേദഗതി നിയമം പൂർണ്ണമായി നടപ്പാക്കുക എന്നത് മാത്രമായി ചുരുങ്ങിയെന്ന കാഴ്ചപ്പാട് ഏറെ വ്യക്തമാണ്. വീണ്ടും ഇന്ത്യയെ ഒരു സമരമുഖമാക്കി മാറ്റുന്ന ഭരണനയം.! കേരളസംസ്ഥാന സാമ്പത്തികഘടനയെപ്പറ്റി യാതൊരു ദീർഘവീക്ഷണവും ഇല്ലാതെ കേരളം ഭരിക്കുന്ന സർക്കാരും ജനങ്ങളുടെ താൽപ്പര്യങ്ങളെ ഒട്ടും കാണുന്നില്ല. ഇങ്ങനെയുള്ള ഒരു വാർത്ത യഥാർത്ഥത്തിൽ അത്ര പെട്ടെന്ന് അങ്ങനെ ആശ്ചര്യകരമായി വരുകയില്ല. അതായത് കഴിഞ്ഞവർഷത്തെ സാമ്പത്തിക നിലവാരം വലിയ പ്രതിസന്ധിയെ കേരളവും നേരിട്ടിരുന്നു എന്നതായിരുന്നു, വാർത്ത. കാരണം പ്രകൃതിക്ഷോപം, ജലപ്രളയം മൂലമുള്ള കൃഷിനാശം, തുടങ്ങി അനേകം കാരണങ്ങൾ. അത്ര തെറ്റായ വാർത്തയല്ല. ഇന്ത്യയിലെ തൊഴിലില്ലായ്മയുടെ നിരക്ക് വർദ്ധിച്ചു. കേന്ദ്ര-  സംസ്ഥാന സർക്കാരാകട്ടെ ജനങ്ങളുടെ തൊഴിൽപ്രശ്‌നകാര്യത്തിൽ യാതൊരുവിധ പദ്ധതികളും നടപ്പാക്കിയില്ല. വ്യവസായരംഗങ്ങളിൽ ആവശ്യമായ വരുന്ന ഇടങ്ങളിൽ ജോലിക്കാരെ നിയമിക്കാൻ സർക്കാർ ഇടപെട്ടില്ല. തൊഴിലില്ലായ്മ ഇന്ത്യയിൽ വർദ്ധിക്കുന്നു. ഇന്ത്യയിലേയ്ക്ക് തൊഴിലില്ലായ്മ തിരിച്ചു വരുന്ന അനുഭവമാണ് കാണുന്നത്. അതുപോലെ സാമ്പത്തികനിലവാരം തകർന്നു. സർക്കാരിന് ഇതുവരെയും ആ സ്ഥിതിയിൽനിന്നും മെച്ചപ്പെടുത്താനുള്ള യാതൊരു ആശയവും ഇല്ല, ഏറെയും ശ്രദ്ധതിരിയുന്നത് ജനങ്ങളുടെനേരെ കാലത്തിനു ചേരാത്ത രാഷ്ട്രീയ വേട്ടയാടൽ നടത്തുവാൻ സാഹചര്യം ഒരുക്കുകയാണ്. അതേപ്പറ്റി സംസാരിക്കുവാൻ നമുക്ക് ഇപ്പോൾ കുറെയേറെ അടിയന്തിര വിഷയങ്ങളുണ്ട്.

ഈ വിഷയങ്ങൾ ഉദാ: ഇന്ത്യയുടെ ഐക്യവും ജനജീവിതസമാധാനവും അപ്പാടെ തകർക്കുന്ന ഇന്ത്യൻ പൗരത്വ ഭേദഗതി നിയമം, ഇന്ത്യയുടെ പുതിയ സാമ്പത്തിക ബജറ്റ്, കേരളത്തിന്റെ സാമ്പത്തിക ബജറ്റ്, ജനങ്ങളുടെമേൽ ചുമത്തുന്ന അധിക നികുതി, മേൽചൂണ്ടിക്കാണിച്ചതുപോലെ ഇന്ത്യയുടെ കാർഷിക വ്യവസായ-സാമ്പത്തികരംഗത്തെ അപ്പാടെ നശിപ്പിക്കുന്നതായ വ്യവസായ മേഖലകളുടെ സ്വകാര്യവൽക്കരണം തുടങ്ങി, തൊഴിലില്ലായ്‌മ, കാർഷികരംഗത്തെ തകർച്ച, കേരളം ഇത്രയും കാലങ്ങൾ അനുഭവിക്കാത്ത റീയൽ എസ്റ്റേറ്റ് മേഖലയുടെ ആഴത്തിലേക്കുള്ള പതനം, മാത്രമല്ല, ഏതൊരു പരിധിയും വിട്ടുള്ള നിത്യോപയോഗസാധനങ്ങളുടെ വിലവർദ്ധനവ്, ഇന്ത്യൻ വിദ്യാഭ്യാസരംഗത്തുള്ള അസ്വസ്ഥതകൾ, എന്നിങ്ങനെ ഒട്ടും പരിഹാരം കാണാനാവാത്തതരം അനവധിയേറെ പ്രശ്നങ്ങൾ ഇന്ത്യയിലെ സാധാരണ ജനങ്ങൾ നേരിടേണ്ടിവരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്ര-കേരളസംസ്ഥാന സർക്കാരിനും നാളെ എന്തെല്ലാം ജനവിരുദ്ധ നടപടികൾ കൂടി ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കാനുണ്ടെന്നു ഒന്നും ഇപ്പോൾ പ്രവചിക്കാനാകില്ല. അവ തീർത്തും ഭയാശങ്കകൾ മാത്രം ഇന്ത്യൻ ജനതയിൽ ഉറച്ചു നിൽക്കുന്നു. 

അതിനുള്ള ഒരു വലിയ  തെളിവായി ഇക്കഴിഞ്ഞ ദൽഹി തെരഞ്ഞെടുപ്പ് ഫലം കേന്ദ്ര സർക്കാരിനേറ്റ കനത്ത പ്രഹരമായിരുന്നു. പ്രകടമായി ഇപ്പോൾ ചൂണ്ടിക്കാണിക്കുന്നത്, 2020 ആരംഭത്തിൽത്തന്നെ ഇതുവരെ നരേന്ദ്രമോദി സർക്കാർ വരുത്തിവച്ച ദുരിതാനുഭവങ്ങൾ ഇനിയും ആവർത്തിക്കപ്പെടും എന്നാൽ അതിനുള്ള ജനങ്ങളുടെ പ്രതികരണവും ശക്തി പ്രാപിക്കുമെന്ന് വിശ്വസിക്കാം. . ഇന്ത്യൻ പൗരത്വനിയമം ഉറച്ചു പ്രഖ്യാപിക്കുന്ന നരേന്ദ്രമോദി സർക്കാർ ഇന്ത്യയുടെ സമ്പത് വ്യവസ്ഥയിൽ പുരോഗതി ഉണ്ടാക്കുവാൻ ഒരു പദ്ധതികളും നൽകിയില്ല. ഇന്ത്യയ്ക്കു സാമ്പത്തിക വരുമാനം ഉണ്ടാക്കാൻ പുതിയ പദ്ധതികൾക്ക് രൂപം നൽകണം. ജനങ്ങളുടെ വരുമാനം ഇപ്പോൾ താഴ്ന്നുകൊണ്ടിരിക്കുന്നു; അതേസമയം അവരിൽനിന്നും വലിയ നികുതി അമിതമായി പിടിച്ചെടുക്കുന്നു. ഇതാണ് ഇന്ത്യൻ സാമ്പത്തിക-രാഷ്ട്രീയ നയം. മൊത്തവരുമാനവും, ഉത്പാദനം കുറവും ! എന്നാൽ നിർമാണച്ചെലവ് വളരെ അധികവും ഉണ്ടായിരിക്കുന്നവെന്ന യാഥാർത്ഥ്യം ഭരണ രാഷ്ട്രീയ സാമ്പത്തിക വിദഗ്ദ്ധർ കാണുന്നില്ല.

1,8 മില്യാർഡൻ ജനങ്ങൾ വസിക്കുന്ന ഇന്ത്യാമഹാരാജ്യം തീരാത്ത പ്രതിസന്ധിഘട്ടത്തിലൂടെ നീങ്ങുകയാണ്. 1914 - ൽ നരേന്ദ്ര മോഡി ഇന്ത്യയുടെ പ്രധാനമന്ത്രിയായി ഒരു പൊതുതെരഞ്ഞെടുപ്പിലൂടെ അധികാരസ്ഥാനത്തെത്തിയ നാൾ മുതൽ ഇന്ത്യയുടെ കഷ്ടകാലം ആരംഭിച്ചുകഴിഞ്ഞിരുന്നു. ഇന്ത്യയുടെ പൊതുസാമ്പത്തിക നില പ്രതീക്ഷിക്കാത്തതരത്തിൽ തകർന്നുകൊണ്ടിരുന്നു. നരേന്ദ്രമോദി ഉൾപ്പെടുന്ന ബി ജെ പി രാഷ്ട്രീയപാർട്ടിയുടെ സ്വരം 1933 മുതൽ 1945 വരെ ഉണ്ടായിരുന്ന, ലോകത്തെ രണ്ടാം ലോകമഹായുദ്ധത്തിലൂടെ, യഹൂദസമൂഹത്തെയാകെ ജീവനോടെ ചുട്ടുകരിച്ചുകൊന്നുകളഞ്ഞ ജർമ്മനിയുടെ ഭരണാധികാരിയായിരുന്ന അഡോൾഫ് ഹിറ്റ്ലറുടെ ഏകാധിപത്യത്തിന്റേതായ നിറം നൽകി. ഇന്ത്യയിലെ ജനങ്ങളുടെ പൊതുവായ അഭിവൃത്തിയായിരുന്നില്ല പ്രധാനമന്ത്രി നരേന്ദ്രമോദി സർക്കാരിന്റെ അജൻഡ. സ്വാതന്ത്ര ഇന്ത്യയുടെ വ്യാപാരവ്യവസായ സംരഭങ്ങളിൽ പ്രവർത്തിക്കുന്നവരുടെ ഓരോ അഭിപ്രായങ്ങളിൽ നൈരാശ്യത്തിന്റെ സ്വരം കലർന്നുതുടങ്ങി. ഇന്ത്യയിലെ പ്രധാന വ്യവസായമേഖലകളിലേക്ക് വളരെ കുറഞ്ഞ ഓർഡറുകൾ ലഭിച്ചു തുടങ്ങി. പ്രൊഡകഷൻ - അതായത്, ഏതുവിധം വ്യാവസായിക രംഗത്തെയും നിർമ്മാണപ്രവർത്തനങ്ങൾ വളരെ വേഗം പിറകോട്ട് പോയിത്തുടങ്ങി. ചുരുക്കിപ്പറഞ്ഞാൽ ഇന്ത്യൻ സാമ്പത്തികരംഗം താഴേയ്ക്ക് ചുരുങ്ങിത്തുടങ്ങി. ഇങ്ങനെയുള്ള വിഷമകരമായ ഓരോ വിഷയങ്ങളെപ്പറ്റി അറിയാൻ കഴിയാത്ത ഇന്ത്യയിലെ ജനങ്ങളാകട്ടെ ഒന്നും അറിഞ്ഞില്ല.

ദൽഹി തെരഞ്ഞെടുപ്പ് ഫലവും പ്രധാനമന്ത്രിയുടെ അടഞ്ഞ വഴിയും.

 AAP പാർട്ടി ലീഡർ ശ്രീ.അരവിന്ദ് കേജ്രിവാൾ ദൽഹി തെരഞ്ഞെടുപ്പ് വിജയത്തിൽ 

ഇന്ത്യയുടെ ഇന്നത്തെ സാമ്പത്തിക ഘടന തകർന്നെന്ന് ജനങ്ങൾക്ക് മനസ്സിലായിക്കൊണ്ടിരിക്കുന്നുവെന്നതിന് തക്ക പ്രതികരണമാണ് ഇക്കഴിഞ്ഞ നാളിൽ നടത്തിയ ഡൽഹി തെരഞ്ഞെടുപ്പിന്റെ ഫലം ചൂണ്ടിക്കാണിച്ചത്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിജെപി രാഷ്ട്രീയവും ചവുട്ടിനിൽക്കുന്ന മണ്ണ് അപ്പാടെ ഒലിച്ചുപോയിയെന്ന്  ലോകം മനസ്സിലാക്കി. ഇത് അവസാനത്തെ അവസരമാണ്, നരേന്ദ്ര മോഡി തന്റെ സ്ഥാനം സ്വയം മനസ്സിലാക്കി ഉടൻ തന്നെ രാജിവച്ചു പോകണമായിരുന്നു. അതായിരുന്നു ശരിയായിട്ടുള്ള നടപടി. നരേന്ദ്ര മോദിക്കും, തന്റെ പാർട്ടിക്കും, ഇന്ത്യൻ ജനതയ്ക്കും പൊതുവെ രാജ്യത്തിനും എങ്കിലത്‌ നല്ലതായിരുന്നു. ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്രമോദി ഓടയിൽ ഒലിച്ചു പോയ അഴുക്കുജലമായിപ്പോയി. ഈ അവസ്ഥ ഇന്ത്യാ രാജ്യത്തിനു ഒരു തീരാത്ത വലിയ ആപത്താണ്, ശാപമാണ്. ഇന്ത്യക്കു ഏറ്റവും വേഗം മറ്റൊരു പുതിയ നേതൃത്വം അനിവാര്യമാണെന്നാണ് ദൽഹി തെരഞ്ഞെടുപ്പിലൂടെ ജനങ്ങളെ ഓർമ്മിപ്പിക്കുന്ന സന്ദേശം. ഇന്ത്യയ്ക്ക് ഇപ്പോഴുള്ള സർക്കാർ തുടരെ ചെയ്തുവരുന്ന മോശമായ നടപടികളും അത് മൂലമുണ്ടായ ഏത് ദുരന്ത സ്ഥിതികളും താങ്ങാനാവില്ല. ഇന്ത്യ ലോകത്തിനു മുമ്പിൽ അപമാനിതയായിരിക്കുന്നു. കാരണം ഉണ്ട്. ഇന്ത്യയിൽ ഇക്കാലമത്രെയും വിവിധ മതവിശ്വാസത്തിലുള്ളവർ ജീവിച്ചു. ഇന്ന് നരേന്ദ്രമോദി സർക്കാരും തന്റെ രാഷ്ട്രീയപാർട്ടിയും കൂടി ഇന്ത്യൻ ജനതയിൽ മത- വർഗ്ഗീയതയും പരസ്പര വിദ്വേഷ ചിന്തയും വളർത്തുകയാണ്. ഇന്ത്യയിലേയ്ക്ക് മറ്റു ലോകരാജ്യങ്ങളിൽനിന്നു ജനങ്ങൾ വരുന്നതിൽ വിമുഖതയും ഭയവികാരവും ഉള്ളതായി മാദ്ധ്യമങ്ങൾ പറയുന്നുണ്ട്. ഇന്ത്യയിലെ ജനങ്ങൾ വരുംവരായ്കയുടെ ഫലങ്ങൾ എങ്ങനെയാകുമെന്നു ചിന്തിക്കാൻ തയ്യാറാകാതെ പാർട്ടിപ്രവർത്തകർ പറയുന്നതുമാത്രം ജീവിതവഴിയാക്കുന്നത് ഏറെ അപകടത്തിലേക്ക് തന്നെയാണ്.

രാജ്യത്തെ സാമ്പത്തിക നില ഭദ്രമാക്കിയത് ആർക്കുവേണ്ടിയെന്നു നാം കണ്ടുകഴിഞ്ഞു. ബിജെപി പാർട്ടിയും നരേന്ദ്രമോദിയും സ്വയം അവരുടെ സഞ്ചി നിറച്ചതല്ലാതെ ജനങ്ങൾക്ക് നൽകിയത് പട്ടിണി തന്നെ. ദൽഹി തെരഞ്ഞെടുപ്പിന്റെ ശക്തമായ പരസ്യ പ്രതികരണം നരേന്ദ്രമോദിയുടെ  സർക്കാർ അന്നത്തെ പാതിരാത്രിയിൽത്തന്നെ നടത്തി.,സാധാരണ ജനങ്ങളുടെ അടുക്കളയിൽ എന്നും എപ്പോഴും ആവശ്യമായ പാചക വാതകത്തിന്റെ വില കുത്തനെ മേൽപ്പോട്ടു വർദ്ധിപ്പിച്ചുകൊണ്ട് പകരം വീട്ടി. ഇങ്ങനെ ചെയ്തതുകൊണ്ടൊന്നും ഇന്ത്യയിലെ ജനദ്രോഹനടപടികൾ തീരുന്നില്ല. സമ്പത് ഘടനയിൽ വീണ്ടും ഒലിച്ചുപോകുന്ന തകർച്ച വന്നുകൊണ്ടിരിക്കും. നരേന്ദ്ര മോദി സർക്കാർ ഇന്ത്യയ്ക്ക് ഒരു പഴകിയ രാഷ്ട്രീയ മോഡൽ ആണ്. ഏറ്റവുംവേഗം ജനഹിതം മാനിക്കുന്ന ഒരു ഭരണനേതൃത്വം- അതെ ഇന്ത്യയുടെ ജനങ്ങൾക്ക് ഭാവിപുരോഗതിക്കുതകുന്ന ജനാധിപത്യ വ്യവസ്ഥിതിയെ രക്ഷിക്കാൻ കെൽപ്പുള്ള ഒരു നേതൃത്വം ഏറ്റവും വേഗം ഉണ്ടാകണം. സുസ്ഥിരമായ സാമ്പത്തിക വ്യവസ്ഥ ഇന്ത്യയ്ക്ക് കൈവരണമെങ്കിൽ പൊതുജനങ്ങളിൽ നിന്നും അധികനികുതി വലിച്ചെടുക്കുന്ന ഒരു സർക്കാർ അല്ല ജനങ്ങൾക്ക് ആവശ്യമായത്. ഇന്ത്യയുടെ തകർന്നുകൊണ്ടിരിക്കുന്നതായ ഇപ്പോഴുള്ള ജനാധിപത്യ സംവിധാനത്തെ നമുക്ക് പൂർണ്ണമായി രക്ഷിക്കാൻ കഴിയണം.//-
------------------------------------------------------------------------------------------------------------------
 

 Browse and share: dhruwadeepti.blogspot.com 

 ഈ  ബ്ളോഗില്‍ പ്രസിദ്ധീകരിക്കുന്ന  അഭിപ്രായങ്ങളുടെയും  ഉത്തരവാദിത്തം അതെഴുതുന്ന  വ്യക്തികള്‍ക്കു മാത്രമായിരിക്കും. സഭ്യമല്ലാത്ത ഭാഷയും  അപകീര്‍ത്തിപ്പെടുത്തുന്ന പദപ്രയോഗങ്ങളും ഒഴിവാക്കുക-

     

ധൃവദീപ്തി  ഓണ്‍ലൈൻ
 
https://dhruwadeepti.blogspot.com 
 
for up-to-dates and FW. link Send Article, comments and write ups to :
  DHRUWADEEPTI ONLINE LITERATURE.
Published from Heidelberg, Germany,   in accordance with the European charter on freedom of opinion and press. 
DISCLAIMER:  Articles published in this online magazine are exclusively the views of the authors. 
Neither the editor nor the publisher are responsible or liable for the contents,  objectives or opinions of the articles in any form."

FACE BOOK:  GEORGE Kuttikattu    MOB. + oo49 170 5957371

Keine Kommentare:

Kommentar veröffentlichen

Hinweis: Nur ein Mitglied dieses Blogs kann Kommentare posten.