Mittwoch, 1. Januar 2020

ധ്രുവദീപ്തി : പുതുവർഷാരംഭചിന്തകൾ // ജോർജ് കുറ്റിക്കാട്ട്

 ധ്രുവദീപ്തി : പുതുവർഷാരംഭചിന്തകൾ // ജോർജ് കുറ്റിക്കാട്ട് 


 നമ്മുടെ ഭാവി പ്രത്യാശകളുടെ പൂർത്തീകരണത്തിന്റെ നവവത്സരത്തിന് സ്വാഗതം.


നവവർഷാരംഭത്തിലേയ്ക്ക് കടന്നിരിക്കുന്നു. നിർണ്ണായകമായ 2020 വർഷം എന്നതിനെ വിളിക്കാം. ആകട്ടെ, അടുത്ത പതിറ്റാണ്ടു നൽകുന്നത് എന്താണ് ? അവയെല്ലാം എന്തായിട്ടു തീരും ? എന്തെല്ലാം വിഷയങ്ങളെക്കുറിച്ചും ആയിരിക്കാം നമുക്ക് വ്യാപൃതരാകേണ്ടിവരുന്നത് ? 

ഭാവിയെപ്പറ്റി അനേകം സങ്കല്പങ്ങളും സംശയങ്ങളും ഉണ്ടാകും. 



ജോർജ് കുറ്റിക്കാട്ട് 


ദാഹരണമായി ചിലത് ഇവിടെ പറയാൻ ശ്രമിക്കട്ടെ. ലോക സാമ്പത്തിക പ്രതിസന്ധിയെപ്പറ്റി, ഇന്ത്യാ രാജ്യത്തുണ്ടായ ഭരണപ്രതിസന്ധികൾ, ഭരണ മാറ്റങ്ങൾ, പുതിയ ഭരണപരിഷ്‌ക്കാരങ്ങൾ, ഇന്ത്യക്കാരന് വേണ്ടിയുള്ള നരേന്ദ്ര മോഡി സർക്കാർ ഇന്ത്യൻ പാർലമെന്റിൽ നേടിയ ഭരണഘടനാ വിരുദ്ധമായ പുതിയ പൗരത്വഭേദഗതി നിയമ നിർമ്മാണം, അതുപോലെ ഗ്ലോബലൈസേഷൻ, ഇന്റർനെറ്റിന്റെ വ്യാപക പ്രചാരം, ഇന്ത്യൻ സർക്കാർ നടപ്പാക്കിയ ഇന്റർനെറ്റ്- കമ്മ്യുണിക്കേഷൻ നിയന്ത്രണങ്ങൾ, സാമൂഹിക പ്രശ്നങ്ങളും സാമൂഹിക സമാധാനവും, പൊതുജനാരോഗ്യസംരക്ഷണം എങ്ങനെ, എന്നിങ്ങനെ അനേകം വിഷയങ്ങളും സങ്കല്പങ്ങളും ഉണ്ടാകുന്നു. അനേകം വിഷയങ്ങളുടെ തുടക്കവും വികാസവും അവസാനവും എല്ലാം നാം കുറെയെല്ലാം മനസ്സിലാക്കേണ്ടതാണ്.

ഇന്ത്യയിലൊട്ടാകെ , അഥവാ, ലോകമൊട്ടാകെ ഒരു സാമ്പത്തിക പ്രതിസന്ധി ഉണ്ടാകാനിടയുണ്ടോ? കഴിഞ്ഞ പതിറ്റാണ്ടുകളിൽ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ സാമ്പത്തിക പ്രതിസന്ധികൾ ഉണ്ടായിട്ടുണ്ട്. ഇക്കാലത്ത് അതുപോലെ തന്നെ ചില ലോകരാജ്യങ്ങളിൽ പരിഹരിക്കാനാവാത്ത ഏറെ പ്രതിസന്ധികൾ യുദ്ധങ്ങൾ മൂലം ഉണ്ടായിട്ടുണ്ട്. പ്രശ്നരാജ്യങ്ങളിൽ നിന്ന് രക്ഷപെടാൻ അഭയാർത്ഥി പ്രവാഹം നിലയ്ക്കാതെ ഇന്നും തുടരുന്നു. ഈ പ്രശ്നങ്ങൾ യൂറോപ്യൻ രാജ്യങ്ങളെയാണ് ഏറെ പ്രതിസന്ധിയിലാക്കിയത്. സിറിയൻ യുദ്ധം, അഫ്‌ഗാനിസ്ഥാൻ, പൊതുവെ പറഞ്ഞാൽ മദ്ധ്യഏഷ്യൻ രാജ്യങ്ങളിലെ പ്രതിസന്ധികൾ, ഇവയെല്ലാം ഇന്ന് ലോകരാജ്യങ്ങളുടെ സാമ്പത്തിക ഭദ്രതയ്ക്ക് കനത്ത വെല്ലുവിളിയാണ്. ഇന്ത്യൻ പൊതു സാമ്പത്തിക മേഖല ആകെ തകരുന്നവെന്ന മാദ്ധ്യമവാർത്തകൾ, അങ്ങനെ തീർത്തും ആ വാർത്തകൾ നിഷേധിക്കുവാൻ സാധിക്കുകയില്ല.

ഇങ്ങനെയുള്ള യാഥാർത്ഥ്യങ്ങളെ കുറെയെല്ലാം നാം നേരിട്ടു മനസ്സിലാക്കി. അതിലൊന്നാണ് നരേന്ദ്ര മോഡി ആദ്യം അധികാരത്തിൽ വന്നപ്പോൾ നടപ്പാക്കിയ ലോകപ്രസിദ്ധമായ നോട്ടുനിരോധനം. അതുമാത്രമല്ല, പാൻ കാർഡ്, ആധാർ കാർഡ്, റേഷൻ കാർഡ്, എന്നിങ്ങനെയുള്ള കാര്യങ്ങൾ വഴി ഇന്ത്യൻ പൗരന്മാർക്ക് നേരെ അവ ഉയർത്തിയ ചില വെല്ലുവിളികൾ മൂലം ഇന്ത്യൻ ജനങ്ങളെയാകെ ഞെക്കിപ്പിഴിഞ്ഞു. ഭരണകക്ഷികൾ ലാഭം കൊയ്ത സംഭവങ്ങൾ ആരും വിസ്മരിക്കുന്നില്ല. ഇതെല്ലാം ഇക്കഴിഞ്ഞ കുറച്ചു വർഷങ്ങൾക്കുള്ളിൽ നടന്ന ജനവിരുദ്ധ നടപടികൾ ആയിരുന്നു. ബി ജെ പി ഭരണം ഇന്ത്യയിൽ തുടങ്ങിയ കാലം മുതൽ ഉണ്ടായ ദുരന്ത സംഭവങ്ങൾ കുറച്ചു നാളായിട്ടു തുടർച്ചയായി തുടങ്ങിയിരുന്നു..ഇങ്ങനെയുള്ള വലിയ മാറ്റങ്ങൾ വളരെയേറെ പ്രകടമായിത്തന്നെ ഇന്ത്യയുടെ ശുദ്ധവായുവിൽ നിറഞ്ഞുകഴിഞ്ഞു. യഥാർത്ഥത്തിൽ ഇന്ത്യ സ്വാതന്ത്ര്യം പ്രാപിച്ചശേഷം മുതൽ ആദ്യമായി ഇപ്രകാരം ആഴത്തിലുള്ള പരിവർത്തനങ്ങൾ- അഭിപ്രായസ്വാതന്ത്ര്യത്തിലും മൂല്യങ്ങളിലും സ്വതന്ത്ര ഇന്ത്യയുടെ ജനാധിപത്യത്തിലെ ആഭ്യന്തര തകർച്ചയും, ഇന്റർനെറ്റ് ആഗോളവത്ക്കരണ പ്രക്രിയയുടെ സ്വാതന്ത്ര്യത്തിൽ കനത്ത നീതി നിഷേധവും എല്ലാം പ്രസിദ്ധ ഉദാഹരണങ്ങളാണ്. ഇന്ത്യൻ സാമ്പത്തിക നിലവാരത്തെക്കുറിച്ചു വാതോരാതെ നരേന്ദ്രമോദി വമ്പൻ പ്രചാരണം ചെയ്യുന്നുണ്ട്. എന്നാൽ വീണ്ടും ഇന്ത്യ ഒരു കടുത്ത സാമ്പത്തിക പ്രതിസന്ധിയെ അതിജീവിക്കുമോ, അതിനുത്തരവാദികൾ ആരാണെന്നുള്ള യാഥാർത്ഥ്യവും ഇന്ത്യയിലെ പൊതുജനങ്ങൾക്ക് മനസ്സിലാകുമോ?

പുതുവത്സരം 2020 ന്റെ തുടക്കം, അവസാനം, അതിന്റെ പ്രത്യക്ഷമായ സമൂലപരിവർത്തനങ്ങൾ , തകർച്ചയും ജനങ്ങളിൽ അതിലൂടെ ഉണ്ടാവുന്ന ഭയാശങ്കകൾ, സുവർണ്ണ പ്രതീക്ഷാവിചാരം ഇങ്ങനെ വിവിധ കാര്യങ്ങൾ വരുന്ന 2020 പുത്തനാണ്ടിനെക്കുറിച്ചുണ്ടാകാം. 

ഒരു പത്ത് വർഷങ്ങൾക്ക് മുൻപ് ആകട്ടെ മറ്റൊരു പുതിയ നൂറ്റാണ്ട് തുടങ്ങി. അപ്പോൾ അനവധി പ്രതീക്ഷകൾ ബന്ധപ്പെട്ട് കിടന്നിരുന്നത് മറ്റൊരു പച്ച യാഥാർത്ഥ്യമാണ്. അപ്പോൾ നാമെല്ലാം ഒരു പുത്തൻ സാമ്പത്തിക നയവും അതിലൂടെ ഉണ്ടാകുന്ന വികസനത്തെക്കുറിച്ചും ഉത്പാദനവർദ്ധനവിനേയും മനസ്സിൽ കണ്ടു. ജനാധിപത്യരാജ്യമായ ഇന്ത്യയോടൊപ്പം  ചൈനയും മറ്റു അതുപോലെയുള്ള മറ്റുചില രാജ്യങ്ങളും ജനാധിപത്യമനോഭാവം അപ്പാടെ സ്വീകരിക്കുമെന്നും കരുതി. എന്നാൽ സെപ്റ്. 2001-ൽ ഭീകരാക്രമണം അമേരിക്കയിൽ ഉണ്ടായി. അതുപോലെ ഇന്ത്യയിലും മറ്റുപല രാജ്യങ്ങളിലും അതിഭീകരമായ സാമ്പത്തിക പ്രതിസന്ധി ഉണ്ടായി. ഇതെല്ലാം ഇപ്പോൾ ഓർമ്മകളിൽ വന്നു മറയുന്നു.

ഇന്ത്യയുടെ പൊതു വളർച്ചയിൽ കഴിഞ്ഞു പോയ ഒരു പതിറ്റാണ്ടിന്റെ കാലത്ത് ഒട്ടും സാമ്പത്തികവളർച്ചയുണ്ടായില്ല, അതുപക്ഷേ ആഴത്തിലുള്ള ആശങ്കയും നൈരാശ്യവും നിറഞ്ഞ കാലഘട്ടമായിരുന്നു. ഇപ്പോഴും ആ തകർച്ചയുടെ മുറിവ് ഉണങ്ങിയിട്ടില്ല. ഇതേ സമയം അന്താരാഷ്ട്രതലത്തിൽ നോക്കിയാൽ അവിടെയും സാമ്പത്തിക തകർച്ചയുടെ വക്കിൽവരെ എത്തിയിരുന്നു. അതിനെയാണ് "യൂറോ പ്രതിസന്ധി "എന്നറിയപ്പെട്ടിരുന്നത്. ഏതാണ്ട് അഞ്ചു വർഷങ്ങളോളം യൂറോപ്പും ബന്ധപ്പെട്ട രാജ്യങ്ങളും അതിന്റെ പേരിൽ ശക്തമായി ശ്വാസം പിടിച്ചു നിൽക്കേണ്ടിവന്നുവെന്ന് ലോകം അറിയുന്നു. ലോകത്തിലെ മാദ്ധ്യമങ്ങളുടെ സ്വതന്ത്രമായ ഓരോ പ്രവർത്തനവും അതിന്റെ പ്രവർത്തനശൈലികളും സൗകര്യങ്ങളുമെല്ലാം അടിസ്ഥാനമായി മാറ്റുകയെന്നത് അത്യധികം അനിവാര്യമായിത്തീർന്നു. ഇന്ത്യൻ രാഷ്ട്രീയപാർട്ടികളുടെ പ്രവത്തനശൈലിക്ക് പോപ്പുലിസ്റ്റിക്ക് നിറം ചേർത്തു. അങ്ങനെയല്ലാത്ത രാഷ്ട്രീയപാർട്ടികൾ ശിഥിലപ്പെടുകയും ചെയ്തുതുടങ്ങി. പോപ്പുലിസ്റ്റിക്ക് നിറം  കലർത്തിയ രാഷ്ട്രീയ പാർട്ടിയാണ് ഇന്ന് ഇന്ത്യ ഭരിക്കുന്നത്. ഇന്ത്യയിൽ രാഷ്ട്രീയം ദ്രാവകരൂപത്തിലായി, എന്ന് പറഞ്ഞാൽ, അവയെല്ലാം തന്നെ  രൊക്കം പണമാക്കി മാറ്റുന്ന ഒരു രാഷ്ട്രീയ ശൈലിയായിത്തീർന്നു..ഈ രാഷ്ട്രീയം കണ്ണുതുറക്കാത്ത മനഃസാക്ഷിയുടെ പ്രതീകമായി മാറി.

ഇന്ന് പുത്തനാണ്ടിന്റ പിറവിയാണ്. 2020 വർഷം എന്താകട്ടെ നമുക്ക് കൊണ്ടു വരുന്നത്? കഴിഞ്ഞകാലങ്ങൾ കണ്ട അനേകം പതിറ്റാണ്ടുകൾ ഇന്ത്യയുടെ മൊത്തം സമ്പത് വളർച്ചയിൽ നാടകീയമായ പുരോഗതിയൊന്നും ഇതുവരെ സമ്മാനിച്ചിട്ടില്ല. മാറി മാറി വന്നിരുന്ന സർക്കാരുകൾ അതേസമയം വലിയ വളർച്ചയുടെ പ്രചാരണകലയിൽ ശ്രദ്ധിച്ചതേയുള്ളു. പാശ്ചാത്യ രാജ്യങ്ങൾ അതേസമയം അവരുടെ പുരോഗതിയുടെ പ്രവചനം നടത്തിയതുപോലെ അവരുടെയും  സ്വന്തം ഭദ്രതയിലും ലാഘവത്വം ഉണ്ടാക്കിയെന്ന് പ്രകടമായി തിരിച്ചറിയാം. എന്നാൽ ഈ കാലങ്ങളിൽ  ആഗോള വ്യാപാരരംഗത്തുണ്ടായ യുദ്ധം മറച്ചുവയാക്കാനാവില്ല. 2018 / 19 കാലഘട്ടത്തിൽ അമേരിക്കയും ചൈനയും തമ്മിലുണ്ടായിരുന്ന വ്യാപാര-വ്യവസായ രംഗത്തെ തുടർച്ചയായ കടുത്ത യുദ്ധം ലോകരാജ്യങ്ങളിൽ ആശങ്കയുണ്ടാക്കിയതാണ്. ഇനി അടുത്തതാണ് ഇംഗ്ലണ്ട് സ്വീകരിക്കുന്ന ബ്രെക്സിറ്റ്  കരാർ. യൂറോപ്യൻ യൂണിയനിൽ നിന്നുള്ള ഒരു ഏകപക്ഷീയ വിടുതൽ. ഈ നടപടിതന്നെ  ലോകവ്യാപാരകമ്പോളത്തിൽ യൂറോ-യൂണിയൻരാജ്യങ്ങളിൽ  എപ്രകാരം പ്രതിഫലിക്കുമെന്നു പ്രവചിക്കാൻ സാദ്ധ്യമല്ല. യൂറോപ്യൻ രാജ്യങ്ങളുടെ ആഭ്യന്തര രാഷ്ട്രീയ അസ്ഥിരതയ്ക്ക് അത് ഒരുകാലത്തും ഉണങ്ങാത്ത ആഴത്തിലുള്ള മുറിവുണ്ടാക്കാനും ഇടയുണ്ട്. അതുപോലെ ഇംഗ്ലണ്ടിനും.

എന്നാൽ ഒരുകാര്യം ഉണ്ട്. ഏറെത്താമസിയാതെതന്നെ  അമേരിക്കയിൽ നടക്കാനിരിക്കുന്ന പ്രസിഡന്റ് പൊതുതെരഞ്ഞെടുപ്പ് അമേരിക്കയും യൂറോപ്പുമായി വ്യവസായ-  കമ്പോളവ്യാപാര രംഗത്ത് ഒരു അസ്വസ്ഥത തിളച്ചുപൊങ്ങാൻ സാദ്ധ്യതയും കാണുന്നുണ്ട്. ഇത് വലിയ ഇൻഡസ്ട്രീ രാജ്യമായ ജർമ്മനിയുടെ വിവിധതരത്തിലുള്ള, ഉദാ: തൊഴിൽരംഗം, ഉത്പാദനം, വേതനവ്യവസ്ഥകൾ, ആവശ്യകത  എന്നിങ്ങനെ പലതരത്തിൽ ഘടനാപരിവർത്തനങ്ങൾ ഉണ്ടാക്കിയേക്കാം. ഇപ്രകാരം അവ എന്തെങ്കിലും സംഭവിച്ചുപോയാൽ കാര്യങ്ങൾ നല്ല വളർച്ചയ്ക്ക് പകരം അത് താഴേയ്ക്കു തകരുകയും ചെയ്യാനും ഇടവരുത്തും. ഇപ്പോൾത്തന്നെ ലോക രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന വ്യവസായസ്ഥാപനങ്ങൾ എല്ലാവരും തന്നെ എടുത്തു കഴിഞ്ഞിരിക്കുന്ന കടം വളരെ ഉയരത്തിലാണ്. ബാങ്കുകളാകട്ടെ നൽകിയ തുകയുടെ പലിശ കുറയ്ക്കുന്നത് ആലോചിച്ചിട്ടില്ല. വീണ്ടും ഒരു വലിയ സാമ്പത്തിക പ്രതിസന്ധിക്കു ലോകം മുഴുവൻ അത് കാരണമാകും. എങ്കിലും പ്രവചനം എല്ലാം വാസ്തവമാകാനുമിടയില്ല.

ഇപ്പോൾ നമ്മുടെ ചിന്തയിൽ പ്രതിഫലിക്കുന്ന ചൂടേറിയ വിഷയങ്ങളെല്ലാം എന്തായിരിക്കും? ഒരു പക്ഷെ കത്തിഎരിഞ്ഞു കൊണ്ടിരിക്കുന്ന രണ്ടു മൂന്നു കാര്യങ്ങളാകാം. അക്കാര്യത്തിൽ നമുക്ക് എന്ത് ചെയ്യാൻ കഴിയും? ഒരു ഇന്ത്യൻ പൗരനെന്ന നിലയ്ക്ക് നിലവിലുള്ള ഇന്ത്യയിലെ നീറുന്ന, ഒരിക്കലും പരിഹരിക്കാത്ത, കാര്യങ്ങളിൽ എന്ത് ചെയ്യാൻ സാധിച്ചിട്ടുണ്ട്? മറ്റുള്ള ലോക രാജ്യങ്ങളിലെ സമാനമായ പ്രശ്നങ്ങളും ഒട്ടും നിസ്സാരമല്ല. ഇന്ത്യയിൽ ഒട്ടാകെ നിലവിലുള്ള പൗരത്വഭേദഗതി നിയമം സംബന്ധിച്ചു ഇന്ത്യയൊട്ടാകെ നടക്കുന്ന ജനകീയ പ്രതിഷേധം ഒരു വശത്ത്, അയൽരാജ്യങ്ങളിൽനിന്നും എത്തിച്ചേരുന്ന അഭയാർത്ഥികളുടെ വരവ് മറുവശത്ത്. രണ്ടാമത്തത്- ലോക കാലാവസ്ഥാമാറ്റങ്ങൾ മൂലമുണ്ടാകുന്ന കെടുതികൾ, മൂന്നാമത്തേത്- ഇന്ത്യ എന്റെ മാതൃരാജ്യമാണെന്ന് എന്തുമാത്രം ആഴത്തിൽ നമ്മുടെ മനസ്സിൽ ഉറച്ചിട്ടുണ്ട്, അതുപോലെ ജീവിതമാർഗ്ഗത്തിനുള്ള തൊഴിൽ അവസരങ്ങളും വിദ്യാഭ്യാസവും സാമ്പത്തികഭദ്രതയുടെ സൂക്ഷിപ്പും സുരക്ഷിതമാണോ ?ഇന്ത്യയിൽ ഒരു പുതിയ പരിഷ്ക്കരിച്ച പൗരത്വനിയമം എന്തിനുവേണ്ടി എന്ന് സാമാന്യജനങ്ങൾ ചിന്തിച്ചുവോ എന്നറിയില്ല. ഇന്ത്യയുടെ ഭരണഘടനയ്ക്ക് പുതിയ വെല്ലുവിളിയാണ് പുതിയ പൗരത്വനിയമം. നിയമം എല്ലാവര്ക്കും ഭരണഘടയനുസരിച്ചു ഒന്നായിരിക്കണം. മതവിദ്വേഷം ഇന്ത്യൻ ജനതയിൽ കുത്തിയൊലിക്കുന്നതിന് സഹായകമായ പൗരത്വഭേദഗതി നിയമം ജനം വലിച്ചുകീറും. ഇന്ത്യയിൽ ലോകത്തുള്ള എല്ലാ മതവിശ്വാസത്തിലുമുള്ളവർ ജീവിക്കുന്നു. അപ്പോൾ പുതിയ പൗരത്വ നിയമത്തിൽ മുസ്‌ലിം മതത്തെ മാത്രം തള്ളിക്കളഞ്ഞുകൊണ്ട് പൗരത്വ ഭേദഗതിയിൽ ഉൾക്കൊള്ളിക്കാതെ പാര്ലമെന്റിനെയും പ്രസിഡന്റിനെയും കൊണ്ട് പാസ്സാക്കി നിയമമാക്കി. ഇന്ത്യൻ ഭരണഘടനാവിരുദ്ധ നടപടിയാണ്ഇന്ത്യൻ സർക്കാർ നടത്തിയത്. ഇതിനെതിരെ പ്രതിഷേധം ഉയരുന്നു, ഇത് ഇന്ത്യയുടെ അഖണ്ഡതയെവരെ അടിമുടി തകർക്കുമെന്നുള്ളതിനു   യാതൊരു സംശയവും  വേണ്ട. ഇന്ത്യൻ ഭരണാധികാരികൾ ഏകാധിപത്യ ഭരണശൈലി പുറത്തുകാണിക്കുന്നു. "ഈ നിയമത്തെ എതിർക്കുന്നവരെ വെടിവച്ചു കൊല്ലണമെന്നുവരെ ഇന്ത്യാ രാജ്യത്തെ ഒരു ഭരണാധികാരി ഭീഷണി പറഞ്ഞത്"- ഇന്ത്യയുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയെ വധിച്ചവർ തന്നെയാണ്, ഇത്തരം രാഷ്ട്രീയ ചിന്താഗതിക്ക് പ്രേരണ നൽകുന്നതെന്ന് നാം മനസ്സിലാക്കുന്നു..

കഴിഞ്ഞ നൂറ്റാണ്ടുകളുടെ ആരംഭമായ ഇരുപതുകളിലും അമ്പതുകളിലും അറുപതുകളിലും ജീവിച്ചിരുന്നവരുടെ ജീവിത രീതികളും അവരുടെ ആചാരരീതികളും ഇന്നത്തെ നൂറ്റാണ്ടിന്റെ ഇരുപതുകളുടെ ആരംഭത്തിൽ ഉണ്ടായിരിക്കില്ല. അവരെല്ലാം ഈ ലോകത്തിന്റെ ജീവിതത്തെ കണ്ടു എന്നേക്കുമായും മറഞ്ഞുകഴിഞ്ഞിട്ടുണ്ടാകണം. ലോകമൊട്ടാകെയുള്ള ജനജീവിതത്തിലും അങ്ങനെ അതിവേഗമുള്ള മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. ഇന്ത്യൻജനതയിലും വിദേശരാജ്യങ്ങളിലെ ജനങ്ങളിലും ഇവയെല്ലാം വളരെ പ്രാധാന്യത്തോടെ കണ്ടിട്ടുണ്ട്. കാരണങ്ങൾ ഉണ്ട്. ഒന്നാമതായി തൊഴിലിൽ യോഗ്യത നേടിയവരുടെ കുറവ് നികത്താനുള്ള അന്വേഷണവും പുതിയ കുടിയേറ്റങ്ങളും അങ്ങനെ കൂടിയ പ്രാധാന്യം അർഹിക്കുന്ന കാര്യങ്ങളായി മാറി. ജനസംഖ്യാനിരക്ക് കുറവുള്ള ചില യൂറോപ്യൻരാജ്യങ്ങളിലേയ്ക്ക് ഇങ്ങനെയുള്ള വിദ്യാസമ്പന്നരായവരുടെ കുടിയേറ്റങ്ങൾ വളരെ കൂടുതൽ ശ്രദ്ധയാർജിച്ചിരുന്നു. അങ്ങനെയുള്ള രാജ്യങ്ങളിൽ ചിലതായിരുന്നു, ഇന്ത്യ, ലാറ്റിൻ അമേരിക്ക തുടങ്ങിയ രാജ്യങ്ങൾ. നമ്മുടെ ഭാവിയുടെ സുരക്ഷിത വികസനത്തിന് വേണ്ടിയുള്ള ഉത്പാദനക്ഷമതവർദ്ധനവിന് വേണ്ടിയുള്ള അർഹിക്കുന്ന വേതനവും തൊഴിലാളികൾക്ക് വാഗ്ദാനം ചെയ്തു. റോബോട്ട് തുടങ്ങിയ ആധുനിക ഉപകരണങ്ങൾ വികസനത്തിന് സാദ്ധ്യതയുണ്ടാക്കി. 

ഇന്ത്യയുടെ കാലാവസ്ഥയിൽ വലിയ മാറ്റങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുന്നു. വർദ്ധിച്ചുകൊണ്ടിരിക്കുന്ന അന്തരീക്ഷ താപം കാര്ഷികവികസനത്തിനു മാത്രമല്ല, ജനജീവിതത്തിന് ഏറെ ദുഷ്ക്കരമാവുകയാണ്. അതിനെ കുറെ നിയന്ത്രണവിധയമാക്കുവാൻ ജനങ്ങൾക്ക് ബോധവത്ക്കരണം ആവശ്യമാണ്. ഇന്ത്യയുടെ നഗരങ്ങളിൽ ശുദ്ധവായു ലഭിക്കുന്നില്ല. മാലിന്യനിക്ഷേപം നടത്തുന്നത് ഇന്ത്യൻ ജനജീവിതത്തിലെ വലിയ തിരക്കും   ഗതാഗതവുമേറെ യുമുള്ള ഓരോരോ നഗരവീഥികളിലാണ്. അതിനെതിരെ സർക്കാർ ഒരു നടപടിയെടുക്കാൻപോലും ഇതുവരെയും ശ്രദ്ധിക്കുന്നില്ല. ഇന്ത്യാമഹാരാജ്യം സാമ്പത്തിക തകർച്ചയുടെ നാടുവിലാണെന്ന സത്യം സർക്കാർ മറച്ചുവയ്ക്കുന്ന യാഥാർത്ഥ്യമാണ്. അതേസമയം ഇന്ത്യയുടെ സാമ്പത്തിക മേന്മയെക്കുറിച്ചുള്ള ലോകമൊട്ടാകെ വീശിയടിക്കുന്ന പ്രചാരണം വളരെ അതിശയകരമാണ്. 

ആരാണ് ഇന്ത്യക്കാരൻ, ആരാണ് ഇന്ത്യ ? നിലവിൽ ഈ ചോദ്യങ്ങൾ ഇന്ത്യ ഒട്ടാകെയും ലോകമൊട്ടാകെയും ചോദിക്കുന്ന ചോദ്യമാണ്. ഇത്തരം ഓരോ ചോദ്യങ്ങൾക്ക് അടിസ്ഥാനകാരണമെന്താണ്? അടിസ്ഥാനകാരണം ഇന്ത്യ ഭരിക്കുന്ന പ്രധാനമന്ത്രിയാണ്. ഇപ്പോഴത്തെ ജനവിരുദ്ധനടപടികൾ എല്ലാം ചെയ്യുന്നത്. സർക്കാരാണ് . ഒരുപക്ഷെ അതിശയകരവും അധികമേറെ പ്രതീക്ഷിക്കാത്തതുമായ ഒരു ഉത്തരം ഈ പുതുവർഷംതന്നെ ഒരു മറുപടി തരുമെന്നു കരുതാം. ഇന്ത്യാ ചരിത്രംതന്നെ ഇതിനു തെളിവാണ്. ഇന്ത്യ സ്വയം പ്രതിരോധശക്തിയുള്ള ഒരു ഭൂമിയാണ്. കഴിഞ്ഞ നൂറ്റാണ്ടുകൾ തന്നെ അതിനു ഉത്തമമായ തെളിവുകൾ ലോകത്തിനു നൽകിയിട്ടുണ്ട്. ഇന്ത്യയിൽ ജനങ്ങൾക്ക് അത് സാധിക്കുമെന്നും അവർ തെളിവ് നൽകിയിട്ടുണ്ട്. അവ അതായിരുന്നു, ഇംഗ്ലണ്ടുമായി രക്തരഹിത വിപ്ലവം ചെയ്ത, ഇംഗ്ലണ്ടിന്റെ കൈപിടിയിൽനിന്നും ഇന്ത്യയുടെ സ്വാതന്ത്രം ജനം നേടിയെടുത്തത് എന്ന് ചരിതം സാക്ഷ്യം വഹിച്ചിട്ടുണ്ടല്ലോ. 

കഴിഞ്ഞ കുറെ വർഷങ്ങളായിട്ട് ഇന്ത്യയുടെ പൊതു ഭരണാധികാരത്തിൽ എത്തിയ നരേന്ദ്രമോദിയുടെ കിരാത പരിഷ്‌ക്കാരങ്ങൾ ഇന്ത്യജനതയുടെ സാമ്പത്തിക ഭദ്രതയെ തകർത്ത് നശിപ്പിച്ചു. ആദ്യമായിത്തന്നെ ഇന്ത്യൻ പൗരനെ പിടിച്ചുകെട്ടുന്ന പാൻകാർഡ്, ആധാർ കാർഡ് നിലവിൽ വരുത്തി ബി.ജെ.പി രാഷ്ട്രീയ പാർട്ടി ഞൊടിയിടകൊണ്ടു കോടികൾ പാർട്ടിയുടെ പെട്ടിയിലാക്കി. പിന്നീട് ആധാറും പാൻകാർഡും യോജിപ്പിക്കുന്ന ചടങ്ങു നടത്തി. പിന്നെ ജി. എസ്. റ്റി, ഇന്ത്യൻ പാസ്പോർട്ട് പരിഷ്ക്കരണം, ഇന്ത്യൻ രൂപയുടെ നിരോധനം, ഇപ്പോഴിതാ ജനവിരുദ്ധനടപടിയായ ഇന്ത്യൻ പൗരത്വ ഭേദഗതി നടപടി പാര്ലമെന്റിനെക്കൊണ്ട് പാസ്സാക്കി നിയമമാക്കി വരുന്നു. 

ഇന്ത്യയും അവസാനിക്കാത്ത വംശീയതയുടെ ആധിപത്യവും.

ഇന്ത്യ ഒരു മതേതരരാഷ്ട്രമാണെന്നുള്ള ഇന്ത്യൻഭരണഘടനയിലെ പ്രധാന വ്യവസ്ഥകളെ തട്ടിത്തെറിപ്പിച്ചു മുസ്ളീംമതവിഭാഗത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ചു കഴിഞ്ഞു. ഇന്ത്യൻ ജനതയ്ക്ക് ലഭിച്ച ഒരു ആഴത്തിലുള്ള മുറിവ്, ഇന്ത്യയെ ഒരു കിരാത ഏകാധിപത്യ ഹിന്ദു രാജ്യമാക്കാനുള്ള പ്രഥമ നടപടിയായി മാറുന്നു. ലോകരാജ്യങ്ങളുടെ സംഘടനയായ യൂ എൻ ഒ യും അതുപോലെ അമേരിക്ക, യൂറോപ്പ് തുടങ്ങിയ രാജ്യങ്ങൾ ഇന്ത്യൻ ഭരണകൂടത്തിന്റെ ഇത്തരം ജനവിരുദ്ധ നടപടികളെ വിമർശിച്ചുകഴിഞ്ഞു. ഇന്ത്യൻ പൗരന്മാർ ജാതിമതഭേദം കൂടാതെ തന്നെ പൗരത്വബില്ലിനെതിരെ പ്രതിജ്ഞയെടുത്തു. ഇന്ത്യൻ നിരത്തിലിറങ്ങി പ്രതിഷേധം അറിയിക്കുന്ന രംഗം ലോകമാദ്ധ്യമങ്ങൾ പുറത്തുവിട്ടുകൊണ്ടിരിക്കുന്നു. ഇന്ത്യ ലോകത്തിലെ ഏറ്റവും പുരാതനവും ക്രൂരവംശീയതയുമുള്ള ഒരു രാജ്യമായി ഇപ്പോഴും നിലകൊള്ളുന്നു. സമാമൂഹികരംഗങ്ങളിലും മതവിശ്വാസികളുടെ സമൂഹത്തിലും ഈ വര്ഗ്ഗെയതായും വംശീയതയും വർദ്ദിച്ചുവരുന്ന രാജ്യമായി ഇന്ത്യ നിലംപൊത്തി നിൽക്കുന്നു.

നരേന്ദ്രമോദിസർക്കാർ ഇന്ത്യയുടെ സാമ്പത്തിക ഭദ്രത തകർത്തുകളഞ്ഞു.. അടുത്തനാളിൽ സാമ്പത്തിക അസ്ഥിരത മെച്ചപ്പെടുത്താൻ കഴിയുകയില്ല എന്ന് നരേന്ദ്രമോദി തന്നെ സ്വയം അക്കര്യം സമ്മതിച്ചു കഴിഞ്ഞു. നോട്ടു നിരോധനത്തിലൂടെ ഇന്ത്യൻ രൂപയുടെ മൂല്യം വളരെ മുമ്പേതന്നെ വേരോടെ തകർത്തുകളഞ്ഞു. വിദേശങ്ങളിൽ ഒരു ഇന്ത്യൻ പൗരനെ അംഗീകരിക്കുന്നു. ഒരു ഇന്ത്യൻ പൗരന്റെ ഐഡന്റിറ്റി ഇല്ലെന്നാക്കുന്ന നടപടി, ഒരു ഇന്ത്യൻ പൗരൻ ഉപയോഗിക്കുന്ന പാസ്പ്പോർട്ടിൽ ബി ജെ പി പാർട്ടിയുടെ താമര ചിഹ്നം ചേർത്തു നൽകുന്നു, ഓരോ ഇന്ത്യാക്കാരനും എങ്ങനെയാണ്  ഒരു നരേന്ദ്രമോദിയുടെ പാർട്ടിയംഗമാകുന്നത്? ഇന്ത്യയെ ഇപ്പോൾ ഇന്ത്യയല്ലാതെ പരിഗണിക്കുന്ന നരേന്ദ്ര മോഡി സർക്കാർ ഈ പുതുവത്സര നാളുകളിൽ ഇന്ത്യൻപൗരന്മാരെ ലോകത്തിന് മുമ്പിൽ അവഹേളിച്ചു കഴിഞ്ഞു. ജി. എസ്. ടി. നിലവിൽവരുത്തിയശേഷം കൊയ്തെടുക്കുന്ന കോടികളുടെ നികുതി ആരുടെ കീശയിൽ ഒളിക്കുന്നു ? ഒരു പക്ഷെ അതിശയകരമായ വിധത്തിൽ രഹസ്യം അപ്രതീക്ഷിതമായി ഈ വർഷത്തിന്റെ ഏറ്റവും അവസാനത്തെ നാളുകളിൽ പുറത്തു വരാൻ സാദ്ധ്യതയുണ്ട്. ഇതിലേറെ ഇങ്ങനെയല്ലാതെ തന്നെ ചില നാശങ്ങളെ മുൻകൂട്ടി പ്രവചിക്കുന്ന പ്രവാചകന്മാർ ഇന്ത്യയിൽ ഉള്ളതുകൊണ്ട് ഇന്ത്യയെന്ന മഹാ ഉപഭൂഘണ്ഡo ഇന്നും നിലകൊള്ളുന്നു....??? 

അതുപോലെ ഇന്ത്യൻ രൂപയും. ഒരുപക്ഷെ, ഇങ്ങനെയുള്ള അനുഭവങ്ങളുടെ  പരിചയത്താൽ ഭാവിക്കുവേണ്ടി ഇന്ത്യ നിലനിൽക്കുന്നു. ഇന്ത്യൻ ഭരണ കർത്താക്കൾ വിസ്മരിക്കുന്ന പ്രധാനപ്പെട്ട വലിയ കാര്യമുണ്ട്: ഈ വരും കാലങ്ങൾകൊണ്ട് ഇന്ത്യ വളരെയധികം പുരോഗതി പ്രാപിക്കണം, അത് സാധിക്കേണ്ടത് ഇന്ത്യയുടെ സംസ്ഥാനങ്ങൾ ഒരുമിച്ചു വ്യക്തമായി വളർച്ച പ്രാപിക്കണം, ലോകരാജ്യങ്ങളുടെ ഒപ്പം എല്ലാക്കാര്യങ്ങളിലും ഇന്ത്യയും ഒരു ശക്തിരാഷ്ട്രമാകണം എന്ന യാഥാർത്ഥ്യം. ഇന്ത്യയ്ക്ക് ഇതിന് ആവശ്യമായത് ആഭ്യന്തര സാമ്പത്തിക വളർച്ചയാണ്. അതുപോലെ തന്നെ ബാഹ്യമായി ഒരു വളർച്ചയെത്തിയ ജനാധിപത്യ സൈനികസംവിധാനവും ഉണ്ടാകണം.  

ഇത്രകാലമായിട്ടും സാമൂഹിക ജീവിതത്തിൽ വളരെ അനിവാര്യമായിരുന്ന മതേതരകാഴ്ചപ്പാടിൽ തളർച്ചയുള്ള നിയമസാധൂകരണം നൽകിയുള്ള ഒരു സമൂഹം ഇന്ത്യയിൽ കാണുന്നു. അവരുടെ ശക്തമായ ഇന്റഗ്രേഷൻ ഇന്ത്യൻ സമൂഹത്തിൽ തളർച്ചബാധിച്ച നിയമസാധൂകരണത്താൽ കഴിഞ്ഞിട്ടില്ല. അത് സാധിക്കാതെ ഒരു പൗരത്വ ഭേദഗതിനിയമം കൊണ്ടുവന്നത് തന്നെ സർക്കാരിന്റ തകർച്ചയെയാണ് വിരൽചൂണ്ടുന്നത്. യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ, അമേരിക്ക, ജാപ്പാൻ എന്നിങ്ങനെ അനേകം രാജ്യങ്ങൾ ഈവിധം പൗരത്വ നിയമത്തെ അപലപിച്ചു കഴിഞ്ഞു. ഇന്ത്യ ഒരു വലിയ ജനാധിപത്യ രാജ്യമാണെന്ന് കൊട്ടിഘോഷിക്കുന്നതുതന്നെ ലജ്‌ജാകരമാണ്, ഇന്ത്യയ്ക്ക് ആവശ്യമായത് ശക്തമായ ഒരു ജനാധിപത്യമാണ്. ഇന്ത്യക്ക് ഒരു ശക്തമായ പാർലമെന്റ്, ഇന്ത്യയിലെ ജനങ്ങൾ തുല്യമായി പ്രതിനിധാനം ചെയ്യുന്ന ഒരു പാർലമെന്റ്, അതുപോലെ അതിർത്തിനിർണ്ണയിക്കാത്ത പൊതുവേദി, അതാകട്ടെ, നല്ല രാഷ്ട്രീയ ആദർശത്തിന്റെ മുൻഗണനയും, സാദ്ധ്യമായ കാര്യങ്ങളുടെ ഏത് പരിഹാരവും കാണുന്ന ഒരു മാതൃകാ പാർലമെന്റാണ് ഇന്ത്യക്ക് ആവശ്യം. കഷ്ടം! വരുന്ന പതിറ്റാണ്ടുകൾ ഇന്ത്യൻ ജനത പ്രതീക്ഷിക്കുന്നത് ആശങ്ക നിറഞ്ഞ ഒരു ഭാവിയെയാണ്. രാജ്യത്തിന്റെ ആഭ്യന്തര വരുമാനം ചുരുങ്ങന്ന അടയാളങ്ങൾ തെളിഞ്ഞു തുടങ്ങി. സാമ്പത്തിക മാന്ദ്യം, ഭാവിയെപ്പറ്റിയുള്ള ഭയം, തുടങ്ങിയ കാര്യങ്ങൾ ഇന്ത്യൻ പൗരന്മാർ നേരിടുകയാണിപ്പോൾ എന്നതാണ് യാഥാർത്ഥ്യം.

അതുകൊണ്ട് അവസാനമായി അവശേഷിക്കുന്ന ഒറ്റ ചോദ്യം ഇന്ത്യൻ പൗരന്റെ ഐഡന്റിറ്റിയാണ്. മാറിമാറി അധികാരത്തിൽ വരുന്ന പ്രധാനമന്ത്രിയുടെ ആഗ്രഹം മാത്രമേ ഇന്ത്യൻ ജനത പ്രതീക്ഷിക്കാവു എന്നതാണ് നരേന്ദ്രമോദി ആഗ്രഹിക്കുന്നത്. നിലവിൽ ഇന്ത്യയിൽ ഒരു ഏകാധിപതിയാണ് ഭരിക്കുന്നതെന്നു സന്ദേശം ഇന്ത്യൻ പ്രധാനമന്ത്രി പ്രചരിപ്പിക്കുന്നു. ഇപ്പോൾ എന്താണത് അർത്ഥമാക്കുന്നത്? ആരാണ് ഇന്ത്യ? എന്താണ് ഇന്ത്യാക്കാരൻ എന്നീ ചോദ്യങ്ങൾക്ക് എന്താണ് അർത്ഥം ഉള്ളത് ? ഈ പുതുവത്സരത്തിലും അടുത്ത പതിറ്റാണ്ടുകളും ഇങ്ങനെയുള്ള പ്രധാന കാര്യങ്ങളിൽ ശക്തമായ സമ്മർദ്ദം ഉണ്ടാകും. ഇന്ത്യൻ ഭരണഘടന നൽകിയിട്ടുള്ള വ്യക്തമായ ഒരു ഇന്ത്യൻ പൗരത്വ ഐഡന്റിറ്റി നമുക്ക് എല്ലാവർക്കും സ്വീകരിക്കാനും അത് നമുക്ക് എന്നേയ്ക്കും നിലനിർത്താൻ കഴിയുകയും ചെയ്യുകയെന്ന ഇന്ത്യൻ ജനതയുടെ തീരുമാനത്തിൽ നാം ഉറച്ചു നിൽക്കണം. ഇതാണ് ഇന്ത്യൻ ജനത നൽകുന്ന പുതുവത്സര സന്ദേശം.

എല്ലാ വായനക്കാർക്കും 2020 ന്റെ അനുഗ്രഹീതമായ പുതുവത്സരാശംസകൾ നേരുന്നു.  
---------------------------------********************************************------------------------------

 Browse and share: https://dhruwadeepti.blogspot.com 

 ഈ  ബ്ളോഗില്‍ പ്രസിദ്ധീകരിക്കുന്ന  അഭിപ്രായങ്ങളുടെയും  ഉത്തരവാദിത്തം അതെഴുതുന്ന  വ്യക്തികള്‍ക്കു മാത്രമായിരിക്കും. സഭ്യമല്ലാത്ത ഭാഷയും  അപകീര്‍ത്തിപ്പെടുത്തുന്ന പദപ്രയോഗങ്ങളും ഒഴിവാക്കുക-

     

ധൃവദീപ്തി  ഓണ്‍ലൈൻ
 
 https://dhruwadeepti.blogspot.com
 
for up-to-dates and FW. link Send Article, comments and write ups to :
  DHRUWADEEPTI ONLINE LITERATURE.
Published from Heidelberg, Germany,   in accordance with the European charter on freedom of opinion and press. 
DISCLAIMER:  Articles published in this online magazine are exclusively the views of the authors. 
Neither the editor nor the publisher are responsible or liable for the contents,  objectives or opinions of the articles in any form."
FACE BOOK:  GEORGE Kuttikattu    MOB. + oo49 170 5957371

Keine Kommentare:

Kommentar veröffentlichen

Hinweis: Nur ein Mitglied dieses Blogs kann Kommentare posten.