മലയാളികളിൽ
മനഃപരിവർത്തനം ഉണ്ടാകണം. //
മനഃപരിവർത്തനം ഉണ്ടാകണം. //
George Kuttikattu
സമൂഹം- പഴയ ഘടന- പുതിയ പ്രശ്നങ്ങളും.
മലയാളികളുടെ പൊതുസാമൂഹിക, സാമ്പത്തിക, ജീവിത രീതികളിലും ചിന്താശൈലികളിലും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളുമായി നിരീക്ഷിച്ചു നോക്കുമ്പോൾ, ഇന്ന് വളരെയേറെ വിട്ടകന്ന് മുൻകാലത്തേക്കാൾ വളരെ പിറകിലേക്ക് പോയിട്ടുണ്ടെന്ന് കാണാൻ കഴിയുന്നുണ്ട്. നമ്മുടെ അയൽ സംസ്ഥാനങ്ങളായ തമിഴ്‌നാട്, കർണ്ണാടകം, തുടങ്ങിയ ഇന്ത്യയിലെ പല സംസ്ഥാനങ്ങളും കഴിഞ്ഞ കാലങ്ങളിലെ അവസ്ഥയിൽ നിന്ന് വിവിധ മേഖലകളിൽ പുരോഗതിയിൽ കേരളത്തെക്കാൾ വളരെ യിരട്ടിയെങ്കിലും മുമ്പിലാണ്. അതുപക്ഷേ കഴിഞ് ഞകാലങ്ങളിൽ കേരളസംസ്ഥാന ഭരണം നടത്തിയിരുന്ന രാഷ്ട്രീയ പാർട്ടികൾ അവകാശപ്പെടുന്നത് മറ്റൊന്നാണ്. എല്ലാ വികസനപ്രവർത്തനങ്ങളുടെ മേന്മകളെപ്പറ്റിയും പിഴവുകളെപ്പറ്റിയും കുറവുകളെപ്പറ്റിയുമെല്ലാം അവരവരുടെ സ്വന്തമായ വ്യത്യസ്തപ്പെട്ട വിവിധ അളവുകോലുകളിലും, അവരുടെ വ്യത്യസ്തപ്പെട്ട അഭിപ്രായങ്ങളിലും മാത്രം പ്രസ്താവനകൾ നൽകിക്കൊണ്ടിരുന്നു. അങ്ങനെ മാറി മാറി കേരളസംസ്ഥാന ഭരണത്തിൽ വന്നെത്തുന്ന ഭരണാധികാരികളുടെയെല്ലാം താൽപ്പര്യാർത്ഥ മാണ് ഓരോ വികസനഗവേഷണഫലങ്ങളും സംസ്ഥാനത്തിന്റെ മൊത്ത വളർച്ചാ നിരീക്ഷണ ഫലങ്ങളും മറ്റും മാറ്റിക്കൊണ്ടിരിക്കുന്നത്. ഇപ്രകാരം മതിഭ്രംശം വന്നിട്ടുള്ള അഭിപ്രായനിരീക്ഷണങ്ങൾ നമ്മുടെ കേരളത്തിലെ യഥാർത്ഥ സാമൂഹ്യജീവിത അവസ്ഥയെ മാറ്റിമറിക്കുകയാണ് ചെയ്തത് .
അടിസ്ഥാനസൗകര്യങ്ങൾ, അണക്കെട്ടുകൾ
കേരളത്തിന്റെ പൊതുവികസനത്തിൽ ജനങ്ങളുടെ അതിപ്രധാനമായ അടിസ്ഥാനസൗകര്യങ്ങൾ സാധിക്കുന്നതിൽ ആദ്യകാല സർക്കാരുകൾ നടത്തിയ പരിശ്രമങ്ങൾ ഇന്ന് ചരിത്രമാണ്. മണ്ണെണ്ണവിളക്കിൽ മാത്രം ഓരോ രാത്രികളിൽ വെളിച്ചംകണ്ടിരുന്ന മലയാളികളുടെ സംസ്ഥാനമായിരുന്നു കേരളം. " പെരിയാറേ ...പെരിയാറേ... പർവ്വതനിരയുടെ പനിനീരെ" ...എന്ന് കവിഹൃദയം തുറന്നു ആലപിച്ച "കുളിരുകൊണ്ടു കുണുങ്ങിയൊഴുകുന്ന..." കേരളത്തിന്റെ ജലറാണിയായ പെരിയാറിൽ നിന്നും ഒഴുകിയെത്തിയ പനിനീരിൽനിന്നും കേരളത്തിന് വെളിച്ചം പകർന്ന കഥ.. 1968- മുതൽ 1976 കാലഘട്ടത്തിൽ നിർമ്മിക്കപ്പെട്ട ഇടുക്കിയിലെ മഹാ മലയിടുക്കുകളിൽ കുണുങ്ങിയൊഴുകിയ പെരിയാറിൽ കെട്ടിപ്പൊക്കിയ കൂറ്റൻ അണക്കെട്ട് ഏഷ്യയിൽ അത്ഭുതങ്ങൾ പണിതീർത്തിട്ടുള്ളതായ അനേകം പടുകൂറ്റൻ അണക്കെട്ടുകളെ പിന്നിലാക്കി. കനേഡിയൻ വിദഗ്ധരുടെ സഹായത്തിൽ പണിതീർത്തു. അണക്കെട്ടുകളിൽ ശേഖരിച്ച ജലം ഉപയോഗിച്ച് വൈദ്യുതി ഉത്‌പാദനം നടത്തിത്തുടങ്ങി. ഇത് കേരളത്തിന് അഭിമാനമായി ഇന്നും നിൽക്കുന്നു. പെരിയാറിന്റെയും ഇടുക്കി അണക്കെട്ടിന്റെയും ആദിമ കാല ചരിത്രവിശദശാംശങ്ങളിലേയ്ക്ക് ഞാൻ കടക്കുന്നില്ല. ഇന്ത്യയിലെ ഏറ്റവും പ്രമുഖ ജലവൈദ്യുത പദ്ധതി കേരളത്തിൽ ജന്മം കൊണ്ട്. മതിയായ വിധം വൈദ്യുതി ഉത്പാദിച്ചുതുടങ്ങി. ചിലചില വ്യവസായ സംരഭങ്ങൾക്കു ഇതിലൂടെ വിപ്ലവകരമായ പുരോഗതിക്കു കാരണമായി. മണ്ണെണ്ണവിളക്ക് മലയാളിയുടെ ഭവനങ്ങളിൽ കാഴ്ചവസ്തുവായി മാറി. ഭരണാധികാരികൾ മാറി. അതുപക്ഷേ, ജനങ്ങളുടെ ആവശ്യങ്ങളെയും രാജ്യത്തിന്റെ എല്ലാ നന്മയെയും മാനിക്കുന്ന ജനപ്രതിനിധികളെയും മന്ത്രിമാരെയും ഇക്കാലത്ത് കാണാനില്ല.
ഇടുക്കി ജലസേചന പദ്ധതിയും അതുപോലെയുള്ള വൻകിട പദ്ധതികളും അക്കാലത്തു ആസൂത്രണം ചെയ്തു നിമ്മിച്ചപ്പോൾ ഒരുപക്ഷെ ഈ പദ്ധതികൾ കേരളത്തിന് ദീർഘകാലത്തേയ്ക്കുള്ള ആവശ്യങ്ങളുടെ പരിഹാരമാണെന്ന് കരുതിയിരിക്കണം. അതേസമയം അത്തരം അണക്കെട്ടുകളുടെ ദീർഘകാല ഭാവി എപ്രകാരമായിരിക്കുമെന്ന കാര്യം അന്ന് ആരെങ്കിലും കരുതിയോ എന്നതിനേപ്പറ്റി അറിവില്ല.? കേരളത്തിലെ കാലാവസ്ഥാവ്യതിയാനം, ഉദാ: മൺസൂൺ കാലങ്ങളിൽ കേരളത്തിൽ അത്യധികം നാശനഷ്ടങ്ങൾ സൃഷ്ടിച്ചു കൊണ്ടു മഴയും വെള്ളപ്പൊക്കവും ഉണ്ടാകുന്നു. ഡാമുകൾ തകരുമോയെന്ന ഭയവും ജനങ്ങളെ വിഷമത്തിലാക്കുന്നു. കഴിഞ്ഞനാളുകളിൽ ഏറെക്കാലം മുല്ലപ്പെരിയാർ ഡാ0 തകരുമെന്ന് പ്രഖ്യാപിച്ചു വിവിധരാഷ്ട്രീയനേതാക്കളും ജനങ്ങളും സമരം ചെയ്ത സംഭവം നാം ഓർമ്മിക്കുന്നു. ഇത്തവണയുണ്ടായ പെരുമഴ കൊണ്ടുവന്ന ജലപ്രളയം എത്രമാത്രം ദുരന്തം വിതച്ചുകൊണ്ടാണ് തുടരുന്നത്? ഇത് ജനങ്ങളിൽ അപകടങ്ങളുടെ വിഭ്രാന്തി ഉണ്ടാക്കി. അപ്പോൾ മനുഷ്യനിർമ്മിതമായ ഡാമുകൾ ഇത്തരം കാലാവസ്ഥയെ എത്രകാലങ്ങൾ അതിജീവിക്കുമോയെന്ന ഭയം പൊതുജനങ്ങളിൽ ഉണ്ടായത് അസ്ഥാനത്തല്ല. വൻദുരന്തങ്ങളെ വിളിച്ചുവരുത്താത്ത മനുഷ്യോപകാരപ്രദമായ ചെറിയ അണക്കെട്ടുകൾ നിമ്മിച്ചു ഏറെ ജലസേചനപദ്ധതികൾ ചെയ്യുന്നതായിരുന്നു കേരളത്തിന്റെ പ്രകൃതിക്ക് യോജിച്ചത്. കേരളത്തിൽ വിവിധഭാഗങ്ങളിൽ അണക്കെട്ടുകളും ചെറുകിട വെദ്യുതി സ്റ്റേഷനുകളും കാർഷികാവശ്യങ്ങൾ ക്കുള്ള ജലസേചനപദ്ധതികളും നിർമ്മിക്കാൻ വേണ്ടി കേരളസർക്കാരും, സാങ്കേതിക വിദഗ്ധരുമെല്ലാം ഇനിയെങ്കിലും ചിന്തിക്കേണ്ടതാണ്. ഇപ്രകാരം അനേകം ചെറിയ ചെറിയ ജലസേചനപദ്ധതികൾ കൃഷിക്കും വൈദ്യുതി നിർമ്മാണത്തിനും കുടിവെള്ളവിതരണത്തിനും ഉപകരിക്കാൻ വേണ്ടി ചൈനീസ് സർക്കാർ നടത്തുന്ന മഹത്തായ മാതൃക അനുകരണീയമാണ്. ദുരന്തങ്ങളേപ്പറ്റിയുള്ള ആശങ്ക ജനങ്ങളിൽ ഉണ്ടാവുകയുമില്ല.
ജീവിതസാഹചര്യത്തിന്റെ പ്രമാണം.
ഇത്തരം വലിയ വിവിധതരം പദ്ധതികൾ നിർമ്മിച്ച് ജനങ്ങൾക്ക് തൊഴിൽ നൽകുന്നതിന് അനുയോജ്യമായ പ്ലാനുകളും ആശയങ്ങളും ഇക്കാലങ്ങളിൽ ഭരിക്കുന്ന സംസ്ഥാന സർക്കാരുകൾക്ക് ഇല്ലതാനും. വിദ്യാഭ്യാസം സിദ്ധിച്ച യുവജനങ്ങൾ ഭാവിജീവിതം സുരക്ഷിതമാക്കുവാൻ തൊഴിലിനു വേണ്ടി ജന്മദേശമായ കേരളം വിട്ടു മറുനാടുകളിൽ പോകേണ്ടതായ അവസ്ഥയാണ് നിലവിലുള്ളത്. കേരളത്തിൽ മനുഷ്യജീവിതം ഇന്നത്തേക്കാൾ ഏറെയേറെ സുരക്ഷിതമായിരുന്നു. അപ്രകാരം ഒരു ജീവിതസാഹചര്യം ഇക്കാലത്തു സ്വപ്നതുല്യമായിരിക്കുന്നു. കേരളത്തിൽ നടക്കുന്ന ക്രിമിനൽ കുറ്റങ്ങൾ- നിത്യവും നടക്കുന്ന ഓരോ കൊലപാതകങ്ങൾ, മോഷണം, റോഡപകടങ്ങൾ, സ്ത്രീപീഡനങ്ങൾ, സർക്കാർ ഓഫീസു ചുറ്റി നടക്കുന്ന അഴിമതിക്കഥകൾ, നിത്യസംഭങ്ങളാണ്. ഓരോ രാഷ്ട്രീയപാർട്ടികൾ പൊതുനിരത്തിലിറങ്ങി സാമൂഹ്യജീവിതം ദുഷ്ക്കരമാക്കുന്ന ഹർത്താലുകൾ, ബന്ദുകൾ, രാഷ്ട്രീയ കൊലപാതകങ്ങൾ, ഇങ്ങനെ പലത് കൊണ്ടും കേരളത്തിൽ നിലവിലുള്ള സാമൂഹ്യജീവിതം വിഷമകരമാണ്. പ്രവാസിയായി ജീവിതം നയിക്കേണ്ടി വരുന്ന ഇന്ത്യാക്കാരന്റെ ഐഡൻറ്റിറ്റി അംഗീകരിക്കുകയില്ലാത്ത നമ്മുടെ സർക്കാരും രാഷ്ട്രീയവർഗ്ഗവും, ഓരോരോ മതങ്ങളെയും, പുരാണങ്ങളെ യും, കൊട്ടിഘോഷിച്ചു ആശ്ലേഷിച്ചു നടത്തപ്പെടുന്ന അന്ധവിശ്വാസങ്ങളിൽ മത അസഹിഷ്ണുതയുടെ തേർവാഴ്ച നടത്തുന്നുണ്ട്., ഇങ്ങനെ ഇന്ത്യയെയും , കേരളത്തെയും ലോകരാജ്യങ്ങളുടെ മുമ്പിൽ അവഹേളിതരാക്കപ്പെട്ട ഒരു അപരിചിത ജനസമൂഹത്തെയാണ് നമ്മെയെല്ലാം ഉൾക്കൊള്ളുന്ന ലോകം ഇന്ന് കാണുന്നത്.
ഇപ്പോൾ പ്രകടമായിട്ട് കാണാവുന്നതിതാണ്: ഇന്ത്യയുടെ പൊതുസാമ്പത്തിക വളർച്ചയിലും നമുക്ക് അത്രയേറെ അഭിമാനിക്കാൻ തക്ക പ്രത്യേകമായിട്ട് ഒന്നുമില്ല. ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തികശക്തിരാജ്യങ്ങളായ അമേരിക്ക, യൂറോപ്യൻ രാജ്യങ്ങൾ- ജർമ്മനി, അതുപോലെ, ജപ്പാൻ, ചൈന എന്നീ രാജ്യങ്ങളെക്കാൾ വളർച്ചയിൽ ഇന്ത്യ വളരെയേറെ പിറകിലാണെന്നു ഓരോരോ രാജ്യങ്ങളുടെ സ്വതന്ത്രമായ എക്കണോമിക്സ് പഠനങ്ങളുടെ സൂക്ഷ്മ നിരീക്ഷണത്തിൽ നിന്നും വ്യക്തമാകുന്നുണ്ട്. അതുപക്ഷേ ഇന്ത്യയുടെ പൊതുസാമ്പത്തിക ഭാവിസ്ഥിതിയെപ്പറ്റി വീമ്പിളക്കുന്ന രാഷ്ട്രീയ- ഭരണ നേതൃത്വങ്ങളുടെ പ്രസ്താവനകളിൽ മറ്റൊരു പ്രതിരൂപം സൃഷ്ടിക്കുകയാണ് ചെയ്തുവരുന്നത്. കേരളത്തിലെ ജനങ്ങളുടെ സാമൂഹ്യ- സാമ്പത്തിക ജീവിത സുരക്ഷാ കാര്യങ്ങൾ- ഉദാ: കേരളത്തിലെ തൊഴിൽ മേഖല, സർക്കാരിന്റെ പൊതുജനകാര്യ സേവന വ്യവസ്ഥിതികൾ, കാർഷികമേഖലയിലെ തകർച്ച, ജീവിതരീതിയും സുരക്ഷിതത്വവും, സ്ത്രീസ്വാതന്ത്ര്യവും അവകാശങ്ങളും സുരക്ഷിതത്വവും, ക്രിമിനലുകളുടെ തേർവാഴ്ച, പൊതുജനങ്ങളുടെ മേൽ നടത്തപ്പെടുന്ന അവകാശനിഷേധം, ജനവിരുദ്ധ സാമ്പത്തിക ബജറ്റുകളുടെ നടപ്പിലാക്കൽ, അനാവശ്യ നികുതി വർദ്ധനവ്, സർക്കാർഓഫീസുകളിലെ അഴിമതികൾ, പൊതുജനാരോഗ്യരാഷ്ട്രീയത്തിലെ ക്രമക്കേടുകൾ എന്നിവ മുതൽ ഓരോ വിഷയങ്ങളിലും മലയാളിയുടെ മതിഭ്രംശം വന്ന വികലമായ ചിന്താരീതികൾക്ക് മാറ്റങ്ങൾ വരുത്തുവാൻ ഇക്കാലത്തും സാധിച്ചിട്ടില്ല., ഒരു മാതൃകാ സാംസ്കാരിക ജീവിത ശൈലിക്ക് അനുയോജ്യമായ വിധത്തിലുള്ള ചിന്താരീതിയെ കേരളത്തിൽ വളർത്തിയെടുക്കാൻ ഓരോ മലയാളിക്കും ബാദ്ധ്യതയുണ്ട്. പൊതുവായ സാമൂഹ്യ സുരക്ഷയും വ്യക്തിസുരക്ഷയും ഉറപ്പാക്കാത്ത നമ്മുടെ രാജ്യത്തെ ഒരു ജുഡീഷ്യറി സംവിധാനത്തിൽ പോലും വിശ്വാസ്യത നഷ്ട്ടപ്പെട്ടു കഴിഞ്ഞു. സമാധാനപരമായ ഒരു ജീവിതം കേരളത്തിൽ ഇപ്പോഴില്ല, സമീപകാലത്ത് ഒട്ടു പ്രതീക്ഷയ്ക്ക് വകയുമില്ല.
മാനുഷികബന്ധങ്ങൾ
കേരളീയരുടെ ജീവിതശൈലിയും സ്വന്തം ജീവിത സംസ്കാരത്തെപ്പറ്റിയുള്ള ഓരോരുത്തരുടെയും ചിന്താഗതിയും സാമൂഹികജീവിതത്തിൽ പൊതുവെ ആവശ്യംവേണ്ട പെരുമാറ്റശൈലിയുമെല്ലാം, ഇന്ന് പുത്തൻ തലമുറകൾക്ക് തീരെ അപരിചിതമാണ്. മുൻകാലങ്ങളിൽ കണ്ടിട്ടുള്ള മാനുഷികമായിട്ടുള്ള ആത്മാർത്ഥതയും പരസ്പര വിശ്വാസത്തിൽ ഉറച്ച മാനുഷികബന്ധങ്ങളും ഒന്നുമില്ലാതെ, സ്വാർത്ഥതയ്ക്കും അവനവനിസത്തിനും മാത്രം മുൻതൂക്കം നല്കുന്ന ഒരു സമൂഹമായി മലയാളികൾ മാറിപ്പോയി. മനുഷ്യമനസ്സുകളിൽ ഉണ്ടായിരുന്ന പരസ്പരവിശ്വാസത്തിൽ അടിയുറച്ച സ്നേഹവും, പരസ്പരമുള്ള ആശ്രയവും സഹകരണമനഃസ്ഥിതിയും കേരളസമൂഹത്തിൽ എക്കാലവും സാധാരണ നിലനിന്നിരുന്ന അയൽബന്ധങ്ങളും മാത്രമല്ല, കുടുംബങ്ങളിലും കുടുംബാംങ്ങളിലും നിലനിന്നിരുന്ന ഏതൊരു സമ്പർക്കവും, സഹകരണ പരസ്പ്പരസഹായ പ്രതീക്ഷകളും ഇക്കാലത്തു നഷ്ടപ്പെട്ടിരിക്കുന്നു. ഇത്തരം കാര്യങ്ങളെപ്പറ്റിയും പൊതുജനങ്ങളിൽ നിന്നുള്ള പഴയ കാഴ്ചപ്പാടുകൾക്ക് കുറഞ്ഞ പ്രാധാന്യമാണ് മലയാളിയുടെ ഓരോരോ കുടുംബങ്ങളിലും നിന്നും നൽകാൻ കഴിയുന്നത്. പഴയ മലയാളികളുടെ സമൂഹത്തിലെന്നും പരസ്പരം ഉണ്ടായിരുന്ന നല്ല ഹൃദയപൂർവ്വമായ യാതൊരു മാനുഷികപ്രതിബദ്ധതകളും ഇക്കാലത്ത് കാണ്മാനില്ല, തീർത്തും കുറഞ്ഞുപോയി.
ഇതിനെല്ലാം നിരവധി കാരണങ്ങൾ നമുക്ക് കാണാൻ കഴിയുന്നുണ്ട്. മനുഷ്യ സമൂഹത്തിലെ ദൈനംദിന സ്വകാര്യജീവിതത്തിലെ പരമപ്രധാനമായിട്ടുള്ള അടിസ്ഥാന ആവശ്യങ്ങളേക്കാൾ അതിലേറെ പ്രാധാന്യം കൊടുക്കുന്നത്, സമൂഹത്തിൽ രാഷ്ട്രീയപാർട്ടികളുടെ നിലനിൽപ്പിനും നേതൃത്വങ്ങളുടെ സ്വന്തമായിട്ട് കെട്ടിപ്പൊക്കിയ വ്യക്തിസ്വകാര്യതാല്പര്യങ്ങളുടെയും മികച്ച പ്രചാരണവുമാണ് ഒരു വശത്ത്. മറുവശത്തു വൈവിധ്യം നിറഞ്ഞ പൊതു സമൂഹവും മതവും മതനേതൃത്വങ്ങളുടെ താൽപ്പര്യങ്ങളും കാണാം. 1956-ൽ കേരളസംസ്ഥാനരൂപീകരണം നടന്നതുമുതൽ കേരളത്തിൽ അന്ന് മുതൽ പ്രവർത്തിച്ച രാഷ്ട്രീയപാർട്ടികളുടെ പ്രവർത്തനശൈലികൾ ഇന്നത്തെ യുവതലമുറകൾ ഏറെ മനസ്സിലാക്കിയില്ല. അതിനുമുമ്പ് രാജഭരണകാലം എങ്ങനെയായിരുന്നു?, മലയാളികളുടെ ജീവിതനിലവാരവും സാമൂഹിക സംസ്കാരവും എന്തായിരുന്നെന്നുമുള്ള ഓരോ കാര്യങ്ങൾ ചരിത്രമായി മാറി. ചരിത്രം മാത്രമല്ല ഇന്നത്തെ ജനസമൂഹത്തിനാവശ്യം. അനുഭവസമ്പത്തുകൾ നമ്മുടെ മാനസികപരിവർത്തനത്തിനു കൂടുതലേറെ പ്രയോജനപ്പെടുവാൻ ഉപകരണമാക്കണം. അനുഭവസമ്പത്തിന്റെ അഭാവമാണ് ഇന്ന് ഭരിക്കുന്നത്. ഇന്നത്തെ പൊതു രാഷ്ട്രീയ സാമൂഹിക ആത്മീയ സംസ്കാരത്തിന് മുമ്പിൽ നേതൃത്വങ്ങളിൽ വന്നിരിക്കുന്നവരുടെ വലിയ കുറവ് അത് തന്നെയാണ്. ഭരണനിർവഹണത്തിൽ കേരളം ഇപ്പോൾ ഒന്നാമതാണെന്ന ഇപ്പോഴത്തെ നിരീക്ഷണ ഫലത്തെപ്പറ്റി സർക്കാരിന്റെ അവകാശവാദം പൊതുജനങ്ങൾ എപ്രകാരം മനസ്സിലാക്കണം? കേരളത്തിലെ പൊതുജീവിതനിലവാരവും മറ്റു സാമൂഹ്യ സാമ്പത്തികകാര്യങ്ങളും, ഉന്നതവിദ്യാഭ്യാസം, യുവജനങ്ങളുടെ തൊഴിലില്ലായ്‌മയും, ഇത്തരം സാമൂഹ്യാവശ്യങ്ങളെല്ലാം ഏറ്റവും താഴ്ചയുടെ അടിത്തട്ടിലെത്തി നിൽക്കുമ്പോഴും, അധികാരിവർഗ്ഗങ്ങളുടെ ഇത്തരമുള്ള കൊട്ടിഘോഷത്തിൽ തെറ്റുകളുണ്ടായിരിക്കുന്നു എന്ന് കാണാൻ കഴിയുന്നു. അതവർക്ക് സ്വയം മനസ്സിലാക്കാൻ കഴിഞ്ഞില്ല. ദൈനംദിന ജീവിതം നയിക്കുവാൻ വേണ്ടി പണം സമ്പാദിക്കുവാൻ ഓരോ മലയാളി കേരളത്തിന് പുറത്തേയ്ക്ക് പോകേണ്ടിവരുന്ന കാലക്കേടെന്നതിനെ വിശേഷിപ്പിക്കാം.
ഈയൊരു അറിവ് വച്ച് തെറ്റുകളെ അതിജീവിക്കുവാൻ നമ്മുടെ സാമൂഹ്യ-പൊതുജീവിതസാഹചര്യങ്ങളിലെ കുറവുകൾ അനുഭവ പരിജ്ഞാനത്തിൽ നിന്നും മാത്രമുള്ള വിവേകപൂർണ്ണമായ തീരുമാനങ്ങളിൽ മാതമേ അവയ്ക്ക് അടിസ്ഥാനപരിഹാരം ഉണ്ടാക്കുവാൻ കഴിയുകയുള്ളു. ഒറ്റനോട്ടത്തിൽ രാഷ്ട്രീയപ്രവർത്തകരിലേറെപ്പേർക്കും ഇത്തരം കാര്യങ്ങളിൽ അറിവോ അഥവാ അനുഭവങ്ങളിൽ കൂടുതൽ മനസ്സിലാക്കാനോ അവസരങ്ങൾ ഏറെ ലഭിച്ചിട്ടില്ല. ഇവർ അക്കാര്യങ്ങൾ അന്വേഷിക്കുന്നുമില്ല. യാഥാർത്ഥ്യങ്ങൾ ഇതാണ്. സാമൂഹ്യകാര്യങ്ങളിലും കാർഷിക- ധനവിനിമയസംബന്ധമായ നിരവധി കാര്യങ്ങളിലും മറ്റും ആവശ്യമായ അറിവില്ലാതെ തീരുമാനങ്ങൾ എടുക്കുന്നത്, ഒരു തെറ്റാണ്, വിവേകപൂർണ്ണമായിട്ടുള്ള തീരുമാനങ്ങൾക്ക് അനുഭവജ്ഞാനം അനിവാര്യമാണ്. മത- ആത്മീയമണ്ഡലങ്ങളിലെ അന്ധ വിശ്വാസ ആചാരങ്ങളിൽ ജനങ്ങളെ കൂട്ടിക്കുഴയ്ക്കുന്ന ഒരു സമൂഹമായി മലായളികൾ മാറിത്തുടങ്ങി. വിവേകപൂർണ്ണമായ, ശരിയായ മതാത്മകമായ ആത്മീയതയാണാവശ്യമായത്.
അനുഭവ ജ്ഞാനം രാഷ്ട്രീയത്തിൽ
ഒരാൾ രാഷ്ട്രീയത്തിൽ എന്നും ആത്മാർത്ഥമായി പ്രവർത്തിക്കാൻ വേണ്ടി ആഗ്രഹിക്കുന്നെണ്ടെങ്കിൽ, തൊഴിൽപരമായ ഒരു പ്രത്യേക പ്രായോഗിക പരിശീലനം അയാൾക്ക് ഉണ്ടായിരിക്കണം. പഠിച്ചിട്ടുള്ള പ്രത്യേക തൊഴിൽ കുറേക്കാലം എങ്കിലും ചെയ്തിട്ടുള്ളയാളുമായിരിക്കണം. അയാൾ ഭാവിയിൽ ഏതെങ്കിലും ഒരു പ്രത്യേക വിഷയത്തിൽ വിദഗ്ദ്ധ സേവനം ചെയ്യുന്നതിന് ആഗ്രഹിക്കുന്നുവെങ്കിൽ, അറിഞ്ഞിരിക്കേണ്ടതായ അടിസ്ഥാന തൊഴിൽ നിയമതത്വങ്ങളുമെല്ലാം അറിഞ്ഞിട്ടുള്ളയാൾ ആയിരിക്കണം. ഒരാൾ കേരള രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ, അയാൾക്ക് കേരളത്തിന്റെയും, ഇന്ത്യയുടെയും, അതുപോലെ അയൽസംസ്ഥാനങ്ങളു ടെ ചരിത്രങ്ങളും അറിയുന്ന ആളായിരിക്കണം. അയാൾക്ക് കുറഞ്ഞപക്ഷം ഏതെങ്കിലും ഒരു പ്രത്യേക തുറയിൽ പ്രവർത്തിക്കാൻ വേണ്ട സാങ്കേതിക മായ പ്രത്യേക വൈദഗ്ദ്ധ്യം ഉള്ളവനായിരിക്കണം. സമർത്ഥനായ സ്‌കൂൾ അദ്ധ്യാപകനാകണമെങ്കിൽ, ഒരു നല്ല ഡോക്ടർ ആയി ചികിത്സാരംഗത്ത് ജോലിചെയ്യണമെങ്കിൽ, ഒരു നല്ല എഴുത്തുകാരനാവണമെങ്കിൽ, കുറഞ്ഞത് കുറെയധികം കാര്യങ്ങളിൽ അടിസ്ഥാനഉൾക്കാഴ്ചയും ധാരണാശക്തിയും ഉണ്ടായിരിക്കണം. അപ്രകാരം യോഗ്യതയ്ക്കുള്ള മതിയായ ഒരു അടിസ്ഥാന മുൻധാരണ വ്യക്തിക്കുണ്ടായിരിക്കണം. കാരണം, രാഷ്ട്രീയപ്രവർത്തകന് വ്യത്യസ്തപ്പെട്ട പൊതുജനകാര്യങ്ങൾ ഏറെ വിഷമകരമായ വിഷയങ്ങളാണ്. രാഷ്ട്രീയക്കാരിലേറെപ്പേരും ധനവിനിമയസംബന്ധമായ വിഷയങ്ങളിൽ കാഴ്ചപ്പാടില്ലാത്തവരാണ്. കാരണം, ധനവിനിമയശാസ്ത്രം സങ്കീർണ്ണമാണ്, സമ്പത്ത് വ്യവസ്ഥയെ തിരിച്ചറിയുന്നതിനും മനസ്സിലാക്കുന്നതിനും അവ ബന്ധപ്പെട്ടു കിടക്കുന്ന ഫലദായകത്വവും ഏറെ വിഷമമുള്ള കാര്യങ്ങളാണ്. ധനവിനിമയസംബന്ധമായ കാര്യങ്ങളിൽ രാഷ്ട്രീയക്കാർക്കുള്ള കുറഞ്ഞ അറിവുപോലെ വിവിധ മേഖലകളിലെ നേതൃനിരയിൽ പ്രവർത്തിക്കുന്ന പലർക്കും വിഷമകരമായതാണ് സാമ്പത്തിക വിഷയം. എന്നാൽ ചിലരുടെ വ്യക്തിതല താൽപ്പര്യങ്ങളിൽ ഇത്തരം കാര്യങ്ങളിൽ പ്രാവീണ്യം നേടാൻ ശ്രമിക്കുന്നവരുമുണ്ടെന്നത് വസ്തുതയാണ്.
കേരളസംസ്ഥാനത്തിന്റെ അഥവാ ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ മൊത്തം ഭരണമേന്മയെപ്പറ്റിയും, സമൂഹമാദ്ധ്യമങ്ങളിലും ഭരണനേതൃതലത്തിലും പരസ്യപ്രഖ്യാപനം ചെയ്തിട്ടുള്ളതായ പൊതുജനങ്ങളുടെ നിത്യ പ്രശ്നങ്ങളും, അഭിപ്രായങ്ങളും, ശ്രദ്ധകേന്ദ്രീകരിക്കലും, ഭരണവിരുദ്ധ വിമർശനങ്ങളും, ഒറ്റയ്‌ക്കൊറ്റയ്ക്കുള്ള സാമ്പത്തിക- ധനവിനിമയ കാര്യങ്ങളും അതല്ലെങ്കിൽ മറ്റു ദുരവസ്ഥകളെപ്പറ്റിയും ആണ് മിക്കപ്പോഴും നാമെല്ലാം കേൾക്കുന്നത്. അതിലൂടെ പരസ്പരബന്ധമുള്ളതും അന്യോന്യം ആശ്രയിക്കപ്പട്ട ഓരോരോ കാര്യങ്ങളിലുള്ള വീക്ഷണം, കുറഞ്ഞപക്ഷം അതിനൊക്കെ അപ്പുറമാണ് എന്നകാര്യം ഇപ്പോൾ മലയാളികൾക്ക് അപ്രസക്തമാണ്. പ്രത്യേകിച്ച് നമ്മുടെ സ്വന്തം രാജ്യത്തെ ധനകാര്യവിഷയങ്ങളിൽ, സാമ്പത്തികവികസനരംഗത്ത്, ഉണ്ടാകേണ്ട വികസനപ്രവർത്തനങ്ങൾ അപ്പാടെ അവഗണിച്ചിരിക്കുകയാണ്
. ഇക്കാര്യം വിശദീകരിക്കുന്നത് പ്രത്യേക പ്രസിദ്ധീകരണങ്ങളിൽ മാത്രം, നമുക്കെല്ലാം വായിക്കാം, കാണാം. അതുപക്ഷേ, അവയെ മനസ്സിലാകുന്നത് വിദഗ്ധന്മാർക്ക് മാത്രമാണ്.
രാജ്യത്തിന്റെ ബജറ്റ്
രാജ്യത്തിന്റെ വരവ് ചെലവ് സംബന്ധിച്ചകാര്യം, ചുരുക്കത്തിൽ പറഞ്ഞാൽ ബജറ്റ്, താരതന്മ്യേന എളുപ്പത്തിൽ വെളിപ്പെടുത്തുന്നത് രാഷ്ട്രീയക്കാരാണ്. അല്ലാതെ ഒരു സാധാരണ കുടുംബനാഥനല്ലല്ലോ. അത്രയ്ക്കുള്ള അടുത്ത പരസ്പരബന്ധം, രാജ്യത്തിന്റെ ബജറ്റും പൊതുസാമൂഹ്യഉത്പാദന അളവും പൊതുജനങ്ങളുടെ വരുമാനവും, ബോദ്ധ്യപ്പെടുന്നത് അത്ര ഇഷ്ടമുള്ള കാര്യം അല്ല. പ്രത്യേകിച്ച്, ഒരു സ്പെഷ്യൽ വിഭാഗത്തിൽമാത്രം വൈദഗ്ധ്യമുള്ളവർ എക്കാലവും അവരുടെ സ്വന്തമായ കാഴ്ചയിലുള്ള കാര്യങ്ങൾ ചേർക്കുവാൻ ബജറ്റിൽ ഉന്നം വച്ചവരായി കാണപ്പെടുന്നുണ്ട്. കാരണം, സ്പെഷ്യലൈസ് ചെയ്തിട്ടുള്ള വിഷയത്തിൽ മാത്രമല്ല, രാജ്യത്തിന്റെ സാമ്പത്തികകാര്യ ബജറ്റ് തയ്യാറാക്കുന്ന ധനകാര്യമന്ത്രിയുടെ സ്വകാര്യതാൽപ്പര്യത്തിനാണ് അപ്പോൾ എക്കാലവും മുൻ തൂക്കം, അഥവാ അവരുടെ വ്യക്തിതാൽപ്പര്യങ്ങൾക്കുള്ള നിഗൂഡമുൻതൂക്കം നൽകുന്ന ബജറ്റ് അവതരണത്തിന് പ്രാധാന്യം, നൽകും. ഇത്തരം അനുഭവങ്ങൾ കേരള നിയമസഭാസമ്മേളനത്തിൽ നടന്നകാര്യങ്ങൾ നാം ഓർമ്മിക്കുന്നുണ്ടല്ലോ.
കേരളം ഭരിക്കുന്ന മന്ത്രിമാരുടെ കാഴ്ചപ്പാടിൽ കേരളത്തിന്റെ സാംസ്കാരിക ആഘോഷമായ ഓണം ആഘോഷിക്കണം. സർക്കാരിന്റെ ഖജനാവ് കാലി യാണത്രെ. 5400 കോടി രൂപ കടമെടുത്തു പോലും കെങ്കേമമാക്കണമെന്നാണ് തീരുമാനം. ഈ നടപടിതന്നെ പകൽ വെളിച്ചം പോലെ, കേരളത്തിന്റെ സാമ്പത്തിക വികസനത്തിന്റെ ദയനീയ തകർച്ച, കൺമുന്നിൽത്തന്നെ യാഥാർത്ഥ്യമാവുകയാണ്. കേരളത്തിൽ ഇപ്പോൾ മൺസൂൺ മഴക്കാലത്ത് ജലപ്രളയദുരന്തത്തിൽ മുങ്ങിക്കിടക്കുന്നു. ജനങ്ങൾക്ക് മഹാദുരിതങ്ങൾ വരുത്തിക്കൊണ്ടുള്ള ദുരന്തം. കേരളത്തിന്റെ ചരിത്രത്തിൽ വെള്ളപ്പൊക്ക ദുരന്തത്തെപ്പറ്റി ജനങ്ങൾക്കുള്ള പുരാണകഥ പറയാനുള്ളത്, ' 99-ലെ മഴ വെള്ളപ്പൊക്കം' മാത്രമാണ്. അന്നത്തെ സ്ഥിതിയും ഇന്നത്തെ സ്ഥിതിയും സമാനമല്ല. രാജ്യം തകർന്നു കിടക്കുന്ന അവസ്ഥയാണ്. ഇങ്ങനെയൊരു മഹാദുരന്ത അവസ്ഥയുടെ നടുവിൽ ഓണാഘോഷത്തിന് എന്ന് പറഞ്ഞു അയ്യായിരം കോടി കടമെടുത്തു ജനങ്ങളെ വീണ്ടും മഹാകഷ്ടത്തിലാക്കുന്ന സർക്കാർ നടപടി തികച്ചും വിവേകപരമല്ല. ഈ തുക ജലപ്രളയദുരന്തത്തിന് പരിഹാരം കാണാനുള്ള നടപടിക്ക് വിനിയോഗിക്കുക. ജനങ്ങൾക്ക് അത് മനസ്സിലാകും. ഇപ്പോൾ കടമെടുത്ത തുക സർക്കാർ എങ്ങനെ തിരിച്ചു വീട്ടും , എവിടെനിന്നും ഈ പണമുണ്ടാക്കും? അതെ, കേരളത്തിലെ സർക്കാർ ജീവനക്കാർക്ക് ഓണം പൊടിപൊടിക്കണമല്ലോ.! ഇത്തരത്തിലുള്ള വമ്പൻ സാമ്പത്തികരാഷ്ട്രീയം തികച്ചും ഒരു രാജ്യത്തിനു ചേർന്നതല്ല എന്ന വിശാല തിരിച്ചറിവ് രാഷ്ട്രീയക്കാർക്ക് ഇല്ലാതെ വന്നു. പാവപ്പെട്ടവനും കർഷകനും കുമ്പിളിൽ കഞ്ഞിയും! സാധാരണക്കാരനിൽ നിന്നും സർക്കാർ എടുത്ത കടം വീട്ടാൻ നിയമസഭയും മന്ത്രിസഭയും നിയമം തീരുമാനിക്കും. അതാണ് നികുതിവർദ്ധനവ്! ഒരു പഴഞ്ചൊല്ല് യാഥാർത്ഥ്യമാവുകയാണ്, "കാണം വിറ്റു ഓണം ആഘോഷിക്കണം". ഇത്, കേരളസർക്കാരിന്റെ ജനകീയരാഷ്ട്രീയക്കാരുടെ സ്വന്തം താൽപ്പര്യമാണ്. എന്നാൽ മലയാളി ജീവിക്കുന്നത് ഇപ്പോഴും അന്യനാടിന്റെ കാരുണ്യം പറ്റിക്കൊണ്ടുതന്നെ!
സാമൂഹ്യരാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്നവർ, വിവിധ ഗതാഗത രാഷ്ട്രീയ വിഷയങ്ങളിൽ പ്രവർത്തിക്കുന്നവർ, പ്രതിരോധത്തിലും, അതുപോലെ ഗവേഷണത്തിലും ,വിദ്യാഭ്യാസ മണ്ഡലങ്ങളിൽ പ്രവർത്തിക്കുന്നവരുമായ ജനപ്രതിനിധികൾ, മന്ത്രിമാർ ഇവരെല്ലാം സാധാരണമായിട്ട് എല്ലായ്പോഴും കൂടുതൽ പണം അവർ ആഗ്രഹിക്കും. കേരളത്തിലെ റോഡ് ഗതാഗതത്തിനു അനേകകോടികൾ മുടക്കി പണിതീർക്കുന്നുണ്ട് . ഇവിടെ കുറെ ചോദ്യങ്ങൾ ഉദിക്കുന്നു. ഈ റോഡുകൾ ഒരുക്കുന്നത് ഏതുഭരണകൂടത്തിലും ധനകാര്യ മന്ത്രിയാണല്ലോ അതാത് രാജ്യത്തിന്റെ സാമ്പത്തികവരുമാന ചെലവുകൾ അതിന്റെ പരിധിയെപ്പറ്റിയുള്ള കൃത്യതാ നിർണ്ണയം ചെയ്യുക. റോഡുകൾ നിമ്മിക്കുന്നതു ജനങ്ങൾക്ക് എത്രമാത്രം പ്രയോജനപ്പെടുന്നുണ്ട്? പുതിയ റോഡുകളാണെങ്കിലും ഇരുവശങ്ങളിലും നടപ്പാതകാളില്ലാതെ ഒരുക്കുന്ന ഓരോ റോഡുകൾ വാഹനമുള്ള ആളുകൾക്ക് മാത്രമേ ഉപകരിക്കുന്നുള്ളൂ. കേരളത്തിൽ നടക്കുന്ന ദൈനംദിന റോഡപകടമരണങ്ങൾ ഇന്ന് ലോക റിക്കാർഡ് ഭേദിച്ചിരിക്കുന്നു. മന്ത്രിമാരുടെയും ജനപ്രതിനിധികളുടെയും അനുഭവജ്ഞാനത്തിലെ അപര്യാപ്തതയാണ് തെളിഞ്ഞുവരുന്ന ഓരോരോ അപകടങ്ങളും! എന്നാൽ ധനകാര്യമന്ത്രിക്ക് മുഖ്യമന്ത്രിഎന്നയാളിന്റെ പിന്തുണയില്ലെങ്കിൽ ധനകാര്യമന്ത്രി മറ്റുപല ആൾട്ടർനേറ്റിവ് അന്വേഷിച്ചു കാണേണ്ടതായി വരും. അതുമല്ലെങ്കിൽ അവസാനം രാജി എന്ന അടിയന്തിര തീരുമാനത്തിൽ എത്തും. ഒരു പ്രത്യേക കാര്യം കാണാൻ കഴിയും. 1956 -ൽ കേരളപ്പിറവി മുതൽ ഇന്നുവരെ കേരളത്തിൽ മുഖ്യമന്ത്രിമാരുടെ ആകെ എണ്ണത്തേക്കാൾ കൂടുതലായിരുന്നു ധനകാര്യമന്ത്രിമാരുടെ എണ്ണമെന്നുള്ള കണക്ക് കാണാം, അതൊരു യാദൃച്ഛിക സംഭവമല്ല.
രാഷ്ട്രീയക്കാരിലേറെപ്പേരും കൂടുതലേറെയും ഇഷ്ടപ്പെടുന്ന മുഖ്യ വിഷയം നികുതിരാഷ്ട്രീയത്തിലാണ്, എന്ന് വളരെ വേഗം നമുക്ക് മനനസ്സിലാക്കാൻ കഴിയുന്നുണ്ട്. രാജ്യത്തിനും പൊതുജനങ്ങൾക്ക് പ്രയോജനപ്പെടുന്നതുമായ ഒരു മാതൃകാബജറ്റ് അവതരിപ്പിക്കുന്നതിനേക്കാൾ വിഭിന്നമായിട്ടുള്ളതു തന്നെ അവരുടെ ഏറ്റം പ്രിയപ്പെട്ട ജനവിരുദ്ധനികുതിരാഷ്ട്രീയത്തിലാണ്. കുറഞ്ഞ വരുമാനമുള്ള ജനങ്ങളുടെമേൽ വർദ്ധിച്ച നികുതിഭാരം നൽകുന്നു, എന്നാൽ അതേസമയം മഴയും വെയിലും ഏശാതെ ഇരുന്നു ദിവസങ്ങൾ എങ്ങനെയോ സമയം ചെലവാക്കുന്ന കേരള സർക്കാർ ഉദ്യോഗസ്ഥരുടെ വരുമാനത്തിന്- ശമ്പളവർദ്ധനവിൽ മുൻഗണന നൽകുന്നുണ്ടല്ലോ. അത് രാജ്യബജറ്റിൽ ഉറപ്പിക്കുന്നു. തെരഞ്ഞെടുപ്പുകൾ വരുമ്പോൾ ലഭിക്കേണ്ട വോട്ടുകൾ നഷ്ടപ്പെടരുതെന്ന തത്വശാസ്ത്രം. ഭാവിയുടെ ഫലമെന്താണെന്നു പ്രവചിക്കാൻ പോലും ജനങ്ങൾക്ക് കഴിയുകയില്ല. പൊതു തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ സാമ്പത്തിക വരുമാനത്തെപ്പറ്റിയും വരാൻപോകുന്നതായ നികുതി ഇളവിനെക്കുറിച്ചും രാഷ്ട്രീയക്കാർ നടത്തുന്ന തെരഞ്ഞെടുപ്പു പ്രചാരണത്തെ ജനങ്ങൾ വിശ്വസിക്കുന്നു. മുൻ യു. ഡി. എഫ് ഭരണകാലം മുതൽ കേരളത്തിലെ കർഷക സമൂഹം സാമ്പത്തികമായി മുഖംകുത്തി നിലംപതിച്ചു. റബർ-നെൽ കൃഷികൾ കുത്തനെ തറയിൽ നിലംപൊത്തി. എന്ത്കൊണ്ടാണ്, ഭക്ഷണസാധനങ്ങൾക്ക് വേണ്ടി തമിഴ്‌നാടു മുതലുള്ള മറ്റു അയൽസംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടതായിട്ട് വരുന്നത് ?. ഇതായിരുന്നു കഴിഞ്ഞകാല മന്ത്രിസഭകൾ കേരള സംസ്ഥാനത്തിന് വേണ്ടി അവതരിപ്പിച്ച പൊതുസാമ്പത്തിക ബജറ്റുകൾ നൽകിയ അനന്തര ഫലം. കേരളീയർക്ക് പറുദീസാ വാഗ്ദാനം ചെയ്തു അവതരിപ്പിച്ച മുൻ യു. ഡി. എഫ് മന്ത്രി സഭയുടെ ധനകാര്യ ബജറ്റവതരണരംഗം കേരളത്തിൽ മാത്രമല്ല ലോകരാജ്യങ്ങളിൽ ഒട്ടാകെയുള്ള മലയാളികൾ കണ്ടവരാണല്ലോ. പ്രതിപക്ഷം, അതെ ഇന്നത്തെ ഭരണപക്ഷത്തുള്ള ഇടതുപക്ഷ ജനപ്രതിനിധികൾ കൂട്ടമായി ധനമന്ത്രിയുടെ ബജറ്റവതരണം നിഷേധിച്ചുകൊണ്ടു നിയമസഭാഹാളിൽ നടത്തിയിരുന്ന അക്രമപ്രവർത്തനങ്ങൾനടത്തിയത് ചരിത്രമായി. പ്രക്ഷുബ്ധമായ ആക്രമണ കോലാഹലത്തിനിടക്ക് നാടകീയമായി സഭയിൽ നടത്തിയ ഒറ്റവാക്കിലുള്ള പൊതുബജറ്റവതരണം തുടങ്ങിയ കാര്യങ്ങൾ സംസ്ഥാന ചരിത്രത്തിലെന്നും പ്രായോഗികമായി യാതൊരു മാറ്റങ്ങളില്ലാതെ നിലകൊള്ളും.
മുൻമന്ത്രിസഭയുടെ സാമ്പത്തിക ബജറ്റ് വ്യവസ്ഥകൾ കട്ടായം എതിർത്തവർ ഇപ്പോൾ അതിനെ മടിയിൽ വച്ച് താലോലിച്ചു പ്രവർത്തിപഥത്തിൽ അവയെ അംഗീകരിച്ചു. പ്രതികരണശേഷികുറഞ്ഞ ജനങ്ങൾ അതിനെ കാണുന്നില്ല. പ്രത്യേകിച്ച് പഞ്ചായത്തുകളുടെയും, നഗരസഭകളുടെയും, അതുമാത്രവുമല്ല കോർപ്പറേഷനുകളുടെയും, വില്ലേജ് കളുടെയും വ്യത്യസ്ത തലങ്ങളിലുമുള്ള വിവിധതരത്തിലുള്ള നികുതികാര്യങ്ങളിൽ പൊതുജനങ്ങൾക്ക് അറിവില്ല. ഓരോ വരുമാന- നികുതികാര്യങ്ങളിലെല്ലാം വളരെ കുറഞ്ഞ ഉൾക്കാഴ്ചയാണ് എന്നെന്നുമുള്ളത്. അവയുടെ യഥാർത്ഥ നിഗൂഡസ്വഭാവം മനസ്സിലാക്കാൻ അവർക്കു കഴിയുന്നില്ല എന്നതുതന്നെ. അവയെക്കുറിച്ചു സംസാരിക്കുവാൻ രാഷ്ട്രീയക്കാർക്ക് അതിനാൽത്തന്നെ ഒട്ടുംതന്നെയുള്ള പ്രചോദനവും ഒരു ആകർഷണവുമില്ല, കാരണം, അതിനു വലിയ പ്രസിദ്ധിയില്ല. കേരളത്തിൽ വരുമാന നികുതികാര്യങ്ങളിൽ സർക്കാരിന് വ്യക്തമാക്കേണ്ടതായിട്ടുള്ള ശരികണക്കുകൾ ബോധിപ്പിക്കുന്നതിനുള്ള പ്രത്യേക നിയമ നിബന്ധനകൾ നൽകുന്നതിൽ കൂടിയ പ്രാധാന്യം നൽകുന്നില്ല, ഏതെങ്കിലും ഉണ്ടെങ്കിൽ അത് വിദഗ്ധരെക്കൊണ്ട് ബോധിപ്പിക്കുന്ന പതിവും തീരെ കുറവാണ്. //- (തുടർച്ച Part II അടുത്ത ലേഖനത്തിൽ -- dhruwadeepti. blogspot.in)
----------------------------------------------------------------------------------------------------------------------
Browse and share: dhruwadeepti.blogspot.com
ഈ ഈബ്ളോഗില്‍ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങളുടെയും ഉത്തരവാദിത്തം അതെഴുതുന്ന വ്യക്തികള്‍ക്കു മാത്രമായിരിക്കും. സഭ്യമല്ലാത്ത ഭാഷയും അപകീര്‍ത്തിപ്പെടുത്തുന്ന പദപ്രയോഗങ്ങളും ഒഴിവാക്കുക-
ധൃവദീപ്തി ഓണ്‍ലൈൻ
Dhruwadeepti.blogspot.de
for up-to-dates and FW. link Send Article, comments and write ups to :
DHRUWADEEPTI ONLINE LITERATURE.
Published from Heidelberg, Germany, in accordance with the European charter on freedom of opinion and press. DISCLAIMER: Articles published in this online magazine are exclusively the views of the authors.
Neither the editor nor the publisher are responsible or liable for the contents, objectives or opinions of the articles in any form."
FACE BOOK: GEORGE Kuttikattu MOB. + oo49 170 5957371
Keine Kommentare:
Kommentar veröffentlichen
Hinweis: Nur ein Mitglied dieses Blogs kann Kommentare posten.