Mittwoch, 15. August 2018

ധ്രുവദീപ്തി // ജർമ്മൻ ഡയറി // ജർമ്മനിയിൽ മലയാളി സംഘടനകളുടെ കാലവർഷം തുടങ്ങിയപ്പോൾ. // George Kuttikattu



ധ്രുവദീപ്തി // ജർമ്മൻ ഡയറി // 

ജർമ്മനിയിൽ 

മലയാളി സംഘടനകളുടെ കാലവർഷം 
തുടങ്ങിയപ്പോൾ. // 


George Kuttikattu 


 George Kuttikattu 
1958-60-കളുടെ കാലഘട്ടങ്ങളിൽ ജർമ്മനിയിലേക്ക് മല യാളിപ്പെൺകുട്ടികളുടെയും, കുറെ യുവാക്കളുടെയും ചരിത്രം സൃഷ്ടിച്ചതായ കുടിയേറ്റം നടന്നുകഴിഞ്ഞു. ശേഷകാലം 1970 കൾ വരെ ജർമ്മനിയിലെ ഭാവി ജീവി തത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമായിരുന്ന അവരുടെ തൊഴിൽ പഠന പരിശീലനങ്ങൾക്ക് സജ്ജീവമായി ശ്രദ്ധകേന്ദ്രീകരിച്ച ഒരു കാലഘട്ടമായിരുന്നു. അക്കാലത്തു പോലും കേരളത്തിൽ നിന്ന് വീണ്ടും വീണ്ടും പെൺകുട്ടികൾ നഴ്‌സിംഗ് ജോലിക്കും നഴ്‌സിംഗ് പഠനത്തിനുമായി ജർമ്മനിയിലേക്ക് വന്നു ചേർന്നു കൊണ്ടിരുന്നു. 1976- ൽ, അതിനിടെയാണ് ഇതിന് മുമ്പ് വിശദീകരിച്ചിരുന്ന മൈഗ്രേഷൻ പ്രതിസന്ധികൾ മലയാളികൾക്ക് നേരിടേ ണ്ടതായി വന്നത്. പ്രതീക്ഷിക്കാത്ത പ്രതിസന്ധി ആർക്കും ഒട്ടും ദോഷകര മായി ഭവിക്കാതെ ജർമ്മൻസർക്കാരിന്റെ ഭാഗത്തുനിന്നും ഏറ്റവും അനുകൂല മായ നിലപാട് നമുക്ക് ലഭിച്ചു. ഇതിനു മുമ്പ് ഞാൻ അന്നത്തെ പ്രതിസന്ധികളെ എങ്ങനെയാണ് തരണം ചെയ്തതെന്നുള്ള വിശദമായിട്ടുള്ള കുറിപ്പ് എഴുതിയിരുന്നല്ലോ. അന്ന് ഞങ്ങൾ നേരിട്ട പ്രതിസന്ധികളുടെ സമാന്തര കാല ഘട്ടത്തിലാണ് ജർമ്മനിയിൽ ഓരോരോ ഭാഗങ്ങളിൽ ജോലി ചെയ്തിരുന്ന നഴ്‌സുമാരുടെ ഭർത്താക്കന്മാർ  വിവിധ കാലഘട്ടങ്ങളിലായി വന്നെത്തി ക്കൊണ്ടിരുന്നത്.

സംഘടനകളുടെ വേലിയേറ്റം 

അങ്ങനെ വന്നെത്തിയ കുറെ പുതു മലയാളികൾക്ക് ഒരാശയം തോന്നി, സംഘടനകൾ രൂപീകരിച്ചു ഒഴിവ് സമയം കൂട്ടമായി ആഘോഷിക്കാമല്ലോ എന്ന്. അങ്ങനെ 1977- ന്റെ ആരംഭഘട്ടത്തിൽ ജർമ്മനിയിൽ മലയാളികൾ ഏറെയുള്ള സ്ഥലങ്ങളിലും ഓരോ പ്രത്യേക പേരുകളിൽ സംഘടനകൾ രൂപീകരിച്ചു തുടങ്ങി. ജർമ്മനിയിലെ കൊളോൺ, ഫ്രാങ്ക്ഫർട്ട്, സ്റ്റുട്ട്ഗാർട്ട്, കാൾസ് റൂഹെ, ഹൈഡൽബെർഗ്,  ഡ്യുസൽഡോർഫ്, ക്രേഫെൽഡ്, ഗ്രോസ്സ് ഗേരാവ്, മയിൻസ്, മ്യുണിച്ചു, മ്യുൻസ്റ്റർ എന്നിങ്ങനെ അനേകം സ്ഥലങ്ങളിൽ വിവിധ പേരുകളിൽ ഓരോ സംഘടനകൾ അവർ രൂപീകരിച്ചു തുടങ്ങി. അനേകം മലയാളിസംഘടനകളുടെ പെരുമഴ തന്നെ ജർമ്മൻ മണ്ണിൽ വീണു. പശ്ചിമജർമ്മനിയിലെ സംഘടനരൂപീകരണത്തിനുള്ള അടിസ്ഥാന പൊതു നിയമവ്യവസ്ഥയനുസരിച്ചുള്ള വ്യവസ്ഥകളെല്ലാം എഴുതിത്തയ്യാറാക്കിയ സംഘടനാനിയമാവലികളും, ക്രമങ്ങളും, ഔദ്യോഗിക രജിസ്ട്രേഷനുമെല്ലാം ചില ആദ്യകാല സംഘടനകൾക്കില്ലായിരുന്നു. പുതിയതായി ജർമ്മനിയിൽ വന്നെത്തിയ മലയാളികൾക്ക് അതേപ്പറ്റി കൂടിയ അറിവുമില്ലായിരു ന്നു. ജർമ്മൻ ഭാഷാജ്ഞാനവും തീരെ ഇല്ലായിരുന്നു. വിവിധ സ്ഥലങ്ങളിൽ നഴ്‌സിംഗ് ജോലിയും മറ്റുള്ള പഠനവും നടത്തിക്കൊണ്ടിരുന്ന മലയാളികളും മറ്റു ജർമ്മൻകാരും സംഘടനകൾക്ക് പിന്തുണ നല്കിയിരുന്നു. സമാജങ്ങളുടെ സമ്മേളനങ്ങളിലെ പരിപാടികൾ, ചീട്ടുകളി, ഡാൻസ്, ഫിലിംപ്രദർശനം അതു പോലെയുള്ള വിവിധതരം  കലാ- സാംസ്കാരിക പരിപാടികൾ എന്നിവ നടത്തുന്നതിന് ജർമ്മനിയിലെ കത്തോലിക്കാ സഭ വക ഹാളുകളും മറ്റുള്ള സൗകര്യങ്ങളും സൗജന്യമായി മലയാളികൾക്ക് നൽകി. അത്തരം ചിലചില സ്മരണകളെല്ലാം ഇപ്പോൾ എന്റെ ഓർമ്മയിൽ ഉണർന്നുവരുന്നു.

മലയാളികൾ ഓരോ പ്രദേശങ്ങളിലും രൂപീകരിച്ച സംഘടനകൾക്കെല്ലാം പ്രത്യേകം ശ്രദ്ധാർഹമായ പേരുകളും സംഘാടകർ അന്ന് നൽകി. അവയിൽ ചിലതിങ്ങനെയാണ് : ഫ്രാങ്ക്ഫർട്ടിൽ മലയാളികളുടെ സംഘടനയ്ക്ക് പേര് നൽകിയത്" ഫ്രാങ്ക്ഫർട്ട് കേരളസമാജം " എന്നാണ്. കൊളോണിൽ "ഇന്ത്യൻ അസോസിയേഷൻ" എന്നപേരിൽ സംഘടന രൂപീകരിച്ചു. അതിനു മുമ്പ് മലയാളികൾ ഉണ്ടാക്കിയ "കേരളസെന്റർ" എന്നൊരു സംഘടനയും ആദ്യം പ്രവർത്തിച്ചിരുന്നു. ബോണിൽ " Indische Cultur Verein", സ്റ്റുട്ട്ഗാർട്ടിൽ മലയാളീ ഡോയ്ഷസ് ട്രെഫെൻ (Malayaalee- Deutsches Treffen) എന്ന പേരിലൊരു സംഘടന തുടങ്ങി. ഹൈഡൽബർഗിൽ 1977- ജൂലൈ മാസത്തിൽ "മലയാളിസമാജം" എന്ന സംഘടനയുണ്ടായി. ഈ മലയാളി സമാജം തുടങ്ങിയപ്പോൾ അതിന്റെ പ്രകടനപത്രികയിൽ, 'ഇവിടെയുള്ള മലയാളികളിൽ പരസ്പരധാരണയുണ്ടാ ക്കുക, സമൂഹത്തിനു നേരിടുന്ന ആപൽഘട്ടങ്ങളെ കൂട്ടായ പ്രവർത്തനങ്ങളി ലൂടെ തരണം ചെയ്യുക, ദേശീയവും മതപരവുമായ ആഘോഷങ്ങൾ സംഘടി പ്പിക്കുക, തുടങ്ങിയ ലക്ഷ്യങ്ങളെയാണ് വിശദീകരിച്ചത്. കുറച്ചു വർഷങ്ങൾ കഴിഞ്ഞു 1996- ൽ മലയാളി സമാജം സംഘടനയിൽ പിളർപ്പുണ്ടായി. മറ്റൊരു സമാന്തര സംഘടനയും "കൈരളീ ഫെറൈൻ" എന്ന വിളിപ്പേരിൽ 1996- ൽ ഹൈഡൽബർഗിൽ ഉണ്ടായി. പക്ഷെ, കുറെ വർഷങ്ങൾക്ക് ശേഷം വീണ്ടും പിരിഞ്ഞു "കേരള ജർമ്മൻ കൾച്ചറൽ ഫോറം" എന്ന പേരിൽ മൂന്നാമതൊരു സംഘടന രൂപം പ്രാപിച്ചു. ഇങ്ങനെ വളരെ കുറച്ചുമാത്രം മലയാളികൾ ഉള്ള ഹൈഡൽബർഗിൽ മൂന്നുനാലു മലയാളി സംഘടനകൾ ഉണ്ടാക്കുവാനുള്ള കാരണങ്ങൾ ഹൈഡൽബർഗ്ഗ് മലയാളി സമൂഹത്തിലുള്ള സമാജങ്ങളുടെ പ്രവർത്തകരിൽ രൂപംകൊണ്ട അഹിതമായിട്ടുള്ള മാടമ്പികളികളും സമാജ പ്രവർത്തനശൈലിയിലെ യാഥാർത്ഥ്യബോധത്തിന്റെ കുറവുമൂലവുമാണ്. ഈ സംഘടനകൾളുടെ സഹകരണത്തിലൂടെ മലയാളികളുടെ ഏതൊരു പ്രശ്നപരിഹാരങ്ങൾക്കും, സാമൂഹികവും വ്യക്തിപരവുമായ പ്രധാനപ്പെട്ട ആവശ്യങ്ങളിൽ സഹായകമായിരുന്നില്ല.

സ്വാഭാവികമായും സമാജങ്ങൾവഴി പ്രായോഗികമായി ജർമ്മനിയിലെ മല യാളികളുടെ ജീവിതത്തിൽ ആവശ്യമായ വിലപ്പെട്ട എന്തെങ്കിലും  സാധിച്ചു കൊടുക്കുവാൻ ആവശ്യമായ നല്ല സാഹചര്യം സമാജങ്ങളിലെ മാടമ്പികൾ തന്നെ ഇല്ലെന്നാക്കിയ അനുഭവമാണ് ഉണ്ടായത്. അവരാഗ്രഹിച്ചതോ, അഥവാ നേരത്തെ തന്നെ ഉറപ്പിച്ചതോ ആയിട്ടുള്ള ഓരോ സൗഹൃദകൂടിക്കാഴ്ചകളും, ആശ്ലേഷിക്കലും നടത്തി തങ്ങളുടെ ലോകപ്രശസ്തിയെപ്പറ്റിയുള്ള മഹത്വം മാദ്ധ്യമങ്ങളിൽ വിളിച്ചറിയിക്കണമല്ലോ. അതിനായി സ്റ്റേജിൽ അങ്ങോട്ടും തിരിച്ചിങ്ങോട്ടും വലിച്ചുനീട്ടിയും നീട്ടിവലിച്ചും അംഗവിക്ഷേപങ്ങളോടെ എത്രനേരം വേണമെങ്കിലും പ്രസംഗിച്ചു വ്യക്തിപൂജ നടത്തുന്ന അവാർഡ് ദാനങ്ങളും, പൊന്നാട അണിയിക്കലും പതിവ് ചടങ്ങാക്കി.  സമാജങ്ങളുടെ നേതാക്കളെന്ന നിലയിൽ അവരുടെ അണിനിരകളെ സൃഷ്ടിക്കുകയും അത് ആയുധമാക്കിക്കൊണ്ട് അവർ പ്രചാരണ രാഷ്ട്രീയം നടത്തുകയായിരുന്നു. അങ്ങനെയാണ്, ഹോപ്സ്റ്റൺ കുടുംബമേളയെ തകർക്കാനും സ്റ്റുട്ട് ഗാർട്ടിൽ അതിനു ബദൽസമ്മേളനം ആരംഭിച്ചതും എന്നത് ചരിത്രമാണ്. ഇപ്രകാരം സമൂഹത്തിൽ പിളർപ്പും ധാർമ്മികതയില്ലായ്മയും വളർത്തുന്ന സംഘടനാ പ്രവർത്തനത്തിൽ ക്ഷീണിതരായ സാമാന്യ കാഴ്ചക്കാരെ തൃണവൽഗണിച്ചു. നേരായി പ്രവർത്തിക്കുന്നവരെ ഇല്ലെന്നാക്കാനുള്ള പ്രവർത്തനശൈലിക്ക് മുൻതൂക്കം നൽകിയത് മലയാളി സംഘടനകൾക്ക് പുഴുക്കുത്തുണ്ടാക്കി. മാതൃകയാകേണ്ടവർ ചെയ്ത അധാർമ്മിക കാര്യങ്ങൾ മൂലം ജർമ്മനിയിലെ രണ്ടാം തലമുറയുടെ പരിഹാസത്തിനും നിസഹകരണത്തിനും ഇക്കൂട്ടർ വഴിതെളിച്ചവരായി മാറിയിട്ടുണ്ട്. 

കേരളവും ജർമ്മനിയുമായി സഹകരിച്ചുള്ള തൊഴിൽ വിദ്യാഭ്യാസ സാദ്ധ്യത മനസ്സിലാക്കിയശേഷം കേരളത്തിലെയും ജർമ്മനിയിലെയും വിദ്യാഭ്യാസ മേഖലയിൽ അക്കാലത്തു  പ്രവർത്തിച്ചിരുന്ന ഓരോരോ ഉന്നതന്മാരും മറ്റു കേരളത്തിലെ രാഷ്ട്രീയനേതൃത്വങ്ങളുമായി അതിന് ആവശ്യമായിട്ടുള്ള പദ്ധതികൾ രൂപപ്പെടുത്താൻ വേണ്ടി സ്റ്റുട്ട്ഗാർട്ട് ആസ്ഥാനമായി പ്രവർത്തിച്ച 'മലയാളി ഡോയിഷ് ട്രെഫൻ' സംഘടനയുടെ അക്കാലത്തെ പ്രസിഡന്റ് ശ്രീ. ജോസഫ് കൈനിക്കര കേരള മന്ത്രിമാരുമായി ചർച്ചകൾ നടത്തിയ മാതൃകാ സേവനം വിസ്മരിക്കാനാവില്ല. അതുപക്ഷേ, എക്കാലവും ഓരോ സ്ഥലങ്ങളി ലും രൂപീകരിച്ചിട്ടുള്ള ഓരോ സംഘടനകളിൽ 'മാടമ്പികൾ' കളിച്ചു വിലസി നിൽക്കുന്ന മലയാളികളുടെ നേതൃത്വമോഹത്തിലുദിച്ച കുബുദ്ധിമൂലം അദ്ദേഹത്തിൻറെ വിവിധ പ്രവർത്തനങ്ങളെ എളുപ്പമാക്കുന്നതിനു പകരം മന:പൂർവ്വം വ്യക്തിഹത്യ നടത്തിക്കൊണ്ടു ഹനിക്കുകയായിരുന്നുവെന്ന യാഥാർത്ഥ്യം ഇവിടെ ഒട്ടും മറയ്ക്കുവാനാകില്ല. ഇത്തരം സാമൂഹ്യവിരുദ്ധ മനോഭാവമുള്ളവരുടെ തനി അധികാരക്കൊതിമൂലം പശ്ചിമജർമ്മനിയിലെ സംഘടനകൾ ഉപയോഗിച്ച് സാധിച്ചെടുക്കാവുന്ന അനവധി കേരള- ജർമ്മൻ സഹകരണ പ്രോജക്ടുകൾ തകർത്തുകളഞ്ഞു. നിരവധി ഉദാഹരണങ്ങൾ പറയാനുണ്ട്. ഇത്തരം പ്രവണതകൾ ജർമ്മനിയിലെ മലയാളിസംഘടനയിൽ കേരളത്തിലെ ചില രാഷ്ട്രീയ പ്രതിസന്ധികൾക്ക് കാരണമാക്കുന്നവരുടെ സാന്നിദ്ധ്യം പോലെ ജർമ്മനിയിലെ ഓരോ മലയാളിസംഘടനകളിലും ഒളിഞ്ഞും തെളിഞ്ഞും കാണാൻ കഴിഞ്ഞിട്ടുണ്ട്. കേരളത്തിലെ എന്നുമുള്ള രാഷ്ട്രീയപാർട്ടിപ്രവർത്തനരീതിയിലെ ക്രൂരതയും വക്രതയും കൊലയാളി രാഷ്ട്രീയ മാതൃകയും അതേപടി പകർത്തിയ സംഘടനാപ്രവർത്തനമായി രുന്നു ജർമ്മനിയിലെ മലയാളിസംഘടനകളിലും കാണപ്പെട്ടത്. ഇതെല്ലം നേർവഴി പ്രവർത്തനങ്ങൾ നിഷ്പ്രഭമായിത്തീരാൻ കാരണമായി. ഇപ്രകാരം തന്നെയായിരുന്നു എന്റെ അനുഭവങ്ങളും പഠിപ്പിച്ചത്. ഹൈഡൽബെർഗ് Karl Ruprecht Univrsity യും മഹാത്മാ ഗാന്ധി സർവ്വകലാശാലയുമായി നടത്തിയ പൂർത്തീകരിച്ച ഔദ്യോഗിക കരാർ ഉടമ്പടി പോലും അട്ടിമറിക്കപ്പെട്ടത്, അതുപോലെതന്നെ എൻ്റെ മറ്റൊരു ശ്രമത്തിൽ പാലാ നഗരത്തിൽ Göthe Institute സ്ഥാപിക്കാനുള്ള അനുവാദംപോലും തട്ടിമറിച്ച സംഭവം, ഇത്തരത്തിലുള്ള ചില ഉദാഹരണങ്ങളാണ്. അവയെല്ലാം ഒരു നിമിഷം എന്നെ വേദനിപ്പിച്ചു. എന്റെ എളിയ പരിമിതികളെപ്പറ്റി എനിക്ക് പൂർണ്ണബോധ്യമുണ്ടായിരുന്നു. അതിനാൽ ഒരു പുതിയ അനുഭവം അപ്രതീക്ഷിതമായി എന്നെ വല്ലാതെ നിരാശപ്പെടുത്തി. ഞാൻ എന്റെ ജോലിക്ക് പ്രതിഫലം പ്രതീക്ഷിച്ചു കഴിഞ്ഞില്ല. 

എന്ത് നേടിയെന്ന ചോദ്യം

ഇപ്രകാരം ഒരു അഭിപ്രായം പറയാൻ കാരണം ഉണ്ട്. ഒരു സമാജങ്ങളുടെയും പ്രവർത്തനശൈലിയിൽ ജർമ്മനിയിലെ, മറുനാട്ടിലുള്ള മലയാളികൾക്ക് പ്രയോജനകരമായി കൂടുതലായി ഒന്നുംതന്നെ നേടാനില്ല, അഥവാ ഇത്തരം സമാജങ്ങൾ വിളിച്ചുകൂട്ടുന്ന സദസ്സുകൾക്ക് അഥവാ അതുപോലെയുള്ള കൂടിച്ചേരലുകൾക്ക് പ്രത്യേകമായി ഒന്നുംതന്നെ സമൂഹത്തിനു നല്കാനില്ല എന്ന ഉറച്ച യാഥാർത്ഥ്യം എന്നെ ഏറെ ചിന്തിപ്പിച്ചു. അങ്ങനെ ഏതോ ഒരു പ്രതീക്ഷയുടെ നിഴൽ കണ്ടതുപോലെ ഞാൻ കേരള ജർമ്മൻ കൾച്ചറൽ ഫോറം എന്ന അസ്സോസിയേഷനിൽ അംഗമായി ചേർന്നു., അതിന്റെ ഓരോ പ്രവത്തനത്തിനുവേണ്ടി അതിന്റെ ജനറൽ സെക്രട്ടറിയെന്ന ജോലി ചെയ്തു. അതുപക്ഷേ എന്റെ പ്രതീക്ഷയ്ക്ക് നേരെ വിപരീതമായ ശൈലിയിലേക്ക് മാറിയ ഒരു അവസ്ഥയെ ഞാൻ നേരിൽ കണ്ടു. പ്രവർത്തനത്തിന് ഞാൻ എന്നേയ്ക്കുമായി ഒരു അവസാനമിട്ടു മാറിനിന്നു. എങ്കിലും, അന്ന് എന്റെ നിലപാട് ശരിയാണെന്നു എന്റെ കൂടെയുള്ള എല്ലാ സുഹൃത്തുക്കളെയും ബോദ്ധ്യപ്പെടുത്തുവാൻ സാധിച്ചിട്ടില്ലെന്ന് എനിക്കറിയാം. മറ്റുള്ളവരിൽ അഭിപ്രായവ്യത്യാസങ്ങളും ഉണ്ടാകാം. ആരും കീഴ്വഴക്കങ്ങൾ നോക്കി സത്യത്തിനെതിരെ പ്രവർത്തിക്കരുത്. നാം സ്വയം തിരുത്താനും അവയെ തുറന്ന് പറയാനും കഴിയണം. ഇത്തരം കാര്യങ്ങളിൽ വിശ്വസിക്കുന്നവർക്ക് ഈ വാദം വ്യക്തമായി സമർപ്പിക്കുന്നു. 

ആദ്യമായി ജർമ്മനിയിൽ ചില സ്ഥലങ്ങളിൽ മലയാളികളുടെ സമാജങ്ങൾ തുടങ്ങാനുള്ള അടിസ്ഥാനപ്രേരണയ്ക്ക് നിദാനമായ പ്രേരകശക്തി ചില നിഗൂഢ സ്വാർത്ഥതയുടെ സമ്മർദ്ദത്തിന്റെ സ്പന്ദനങ്ങൾ മുഖേനയായിരുന്നു. ഇപ്രകാരം സംഘടനകൾ ഓരോരോ രൂപം കൊണ്ടപ്പോൾ അവർ ഉദ്ദേശിച്ച മനസ്സിലിരിപ്പുകളെ നിരീക്ഷിച്ച ചിലർ ചില അഭിപ്രായങ്ങൾ ജർമ്മനിയിൽ അന്ന് പ്രചാരത്തിലിരുന്ന ഒരു മലയാളം മാദ്ധ്യമമായിരുന്ന "കവിത" യിൽ പ്രസിദ്ധീകരിക്കുകയുണ്ടായി. കൊളോണിൽ ഉണ്ടായിരുന്ന  ഒരു ജോർജ് എന്ന പേരുള്ള മലയാളി യുവാവ് അന്ന് ഇപ്രകാരം എഴുതി:"എന്തിനാണീ കോലാഹലങ്ങൾ? കേരളത്തിൽ നിന്ന് അനേകായിരം  മൈലുകൾ അപ്പുറ ത്ത് അകലത്തിൽ പെറ്റമ്മയേയും, പിറന്നുവീണ  നാടിനെപ്പോലും വിട്ട്മാറി വയറ്റിപിഴപ്പിനുവേണ്ടി ആതുരസേവനം ചെയ്തു ജീവിക്കാനെത്തിയ മലയാളി നേഴ്‌സുമാരെ ജർമ്മൻ കാരിത്താസും ഇന്ത്യൻ മെത്രാൻ സമിതിയും ഒന്നിച്ചു സർക്കാരിനെ പ്രേരിപ്പിച്ചു തിരിച്ചയക്കാൻ കത്ത് നൽകിയപ്പോൾ ആരും അവരെ സഹായിക്കാൻ അന്നവരുടെ സമീപം ഉണ്ടായിരുന്നില്ല; അപ്പോഴും നാളിതുവരെയും ഒരു സംഘടനയും സഹായത്തിനില്ലായിരുന്നു എന്നതാണ് സത്യം".

1958-1960 കാലഘട്ടത്തിൽ ജർമ്മനിയിലെത്തിയ മലയാളിയുവജനങ്ങൾക്ക് സംഘടനയും അതുപോലെയുള്ള മഹാ സംഭവങ്ങളും ആഘോഷങ്ങളുമായി കൂടുതൽ സമയം ചെലവഴിക്കാനില്ലായിരുന്നു. അതുപക്ഷേ പല ക്രിസ്ത്യൻ വിഭാഗങ്ങളിൽ നിന്നും വന്നിട്ടുള്ളവർ താമസസ്ഥലത്തിന് അടുത്തുള്ളതായ ലത്തീൻപള്ളികളിലെ വി. കർമ്മങ്ങളിൽ സംബന്ധിച്ചു. ആ നിലപാടുകൾക്ക് മാറ്റംവന്നുതുടങ്ങിയത് ചെറുപ്പക്കാരായ ജർമ്മനിയിലെ മലയാളിപെൺകുട്ടി കളും ആൺകുട്ടികളും കേരളത്തിൽ പോയി വിവാഹിതരായതോടെയാണ്. അവരുടെ  ഭർത്താക്കന്മാരും ഭാര്യമാരും ജർമ്മനിയിലേക്ക് എത്തിയതോടെ കാര്യങ്ങളെല്ലാം ഏറെ മാറി. എല്ലാ മലയാളികളുടെയും സ്വകാര്യകുടുംബ ജീവിതം മുഴുവൻ മാതൃകാപരമായിരുന്നുവെന്നു പറയാനാവില്ല.അത്രയേറെ ദു:ഖകരമായ ചില ദുരന്തങ്ങളും മലയാളികളുടെ കുടുംബങ്ങളിൽ ഉണ്ടായ ചരിത്രങ്ങൾ ഉണ്ടായിട്ടുണ്ട്. അത്തരം സംഭവങ്ങൾ മലയാളിജീവിതത്തിലെ കറുത്ത പാടുകളായിത്തീർന്നു. ഇങ്ങനെയൊക്കെയാണെങ്കിലും ത്യാഗവും പരിശുദ്ധിയും നിർഭയത്വവും നമ്മുടെ വിദേശജീവിതത്തിൽ ദൈനംദിനം വെട്ടിത്തിളങ്ങി. മലയാളികളേറെ കൂട്ടമായി താമസിച്ചിരുന്ന ഓരോരോ സ്ഥലങ്ങളിലും ഉദാ: കൊളോൺ, ബീലഫെൽഡ്, ഹൈഡൽബെർഗ്, ഗ്രോസ്‌- ഗെരാവ്, ഫ്രാങ്ക്ഫർട്ട്, ബോൺ, ഡ്യുസൽഡോർഫ് തുടങ്ങിയ മറ്റു അനേകം സ്ഥലങ്ങളിലും, കേരളത്തനിമയിൽ മുറതെറ്റാതെ ക്രിസ്മസ്, ഈസ്റ്റർ ആചാര ആഘോഷങ്ങൾ, വിഷു, ഓണാഘോഷങ്ങൾ, തുടങ്ങിയ ആഘോഷങ്ങൾ കേരളത്തനിമയിൽ സംഘടിപ്പിച്ചു ആഘോഷമായി പങ്കെടുത്തു. 

ഭക്തിമാർഗ്ഗങ്ങളുടെ വഴിത്തിരിവുകൾ തേടി 

ക്രമേണ, ഈ ആഘോഷങ്ങളെല്ലാം ഓരോരോ സമാജങ്ങൾ ഇത്തരം ആചാര ആഘോഷങ്ങളെല്ലാം അവർഏറ്റെടുത്തു നടത്തിത്തുടങ്ങി. ഓരോരോ വരും വർഷങ്ങളിലും ഇടമുറിയാത്ത ഇത്തരം ആഘോഷങ്ങളെല്ലാം കേരളത്തിൽ നടത്തുന്നതുപോലെ ചെയ്തു തുടങ്ങി. ആഘോഷങ്ങൾ നടക്കുന്നതോടൊപ്പം മലയാളത്തിലുള്ള വി. കുർബാനകളും ഓരോരോ ക്രിസ്ത്യൻ വിഭാഗത്തിൽ ഉള്ളവരുടെ വിശ്വാസത്തിലും, ലിറ്റർജിക്രമത്തിലും ആഘോഷിച്ചിരുന്നു. ഈ കാലങ്ങളിൽ ജർമ്മനിയിൽ വിവിധഭാഗങ്ങളിൽ ദേവാലയ ജോലിചെയ്തിരുന്ന കേരളത്തിൽ നിന്നു വന്നിട്ടുള്ള വിവിധ ക്രിസ്ത്യൻ സഭാ വിഭാഗങ്ങളിലെ, ഉദാഹരണം, കർമ്മലീത്താസഭയിൽപ്പെട്ടവർ, എം. സി. ബി.എസ് തുടങ്ങിയ കോൺഗ്രിഗേഷനുകളിൽപെട്ടവർ, കേരളത്തിലെ പല രൂപതകളിൽ നിന്നും വന്നിട്ടുള്ളവർ, യാക്കോബായ, സി. എസ്. ഐ. വിഭാഗങ്ങളിലും മറ്റു വിവിധ സന്യാസസഭകളിൽപ്പെട്ടവരായ  വൈദികരും കന്യാസ്ത്രികളും ആത്മീയ പ്രവർത്തകരുമെല്ലാം ഇങ്ങനെയുള്ള ചടങ്ങുകളിലും ആഘോഷങ്ങളിലും സഹകരിച്ചു. ക്രിസ്മസ്, ഈസ്റ്റർകാല ആചരണം എന്നിങ്ങനെ ജർമ്മനിയിൽ പ്രത്യേകിച്ച് അത്യധികം ആഘോഷമായി കൊണ്ടാടുന്നുണ്ട്. ജർമ്മനിയിൽ മലയാളികൾ ഇത്തരം ആഘോഷങ്ങൾ നടത്തുവാൻ ഏറെ ആഗ്രഹിച്ചതിനു പ്രേരകമായ ഘടകം ഇങ്ങനെ. ജർമ്മനിയിലെ മലയാളികൾക്ക് ക്രിസ്‌മസ്‌- ഈസ്റ്റർ ദിനങ്ങളിൽ എല്ലായ്പ്പോഴും അവരവരുടെ ജന്മനാട്ടിലേക്കെത്താൻ സാധിക്കാതെ വരും. ഈ അവസരങ്ങളിൽ ജർമ്മനിയിലെ മലയാളികൾക്ക് ഒന്നിച്ചു ചേരാനും, നാം പരിചയിച്ചിരുന്ന ആചാരങ്ങളും വിശ്വാസങ്ങളും ദേവാലയങ്ങളിലെ എല്ലാ കർമ്മങ്ങളിലും പങ്കുചേരാനും, അനുയോജ്യമായ ദിവസങ്ങളാണ് ക്രിസ്മസ് പോലെയുള്ള പുണ്യദിനങ്ങൾ. ഒന്നിച്ചു ചേരുക, പരസ്പരം വിശേഷങ്ങൾ അങ്ങുമിങ്ങും കൈമാറുക, നാട്ടുവിശേഷങ്ങൾ ചോദിച്ചറിയുക, നമ്മുടെ സുഖദുഃഖങ്ങൾ പരസ്പരം കൈമാറുക, അങ്ങനെ, പരസ്പര സൗഹൃദത്തിന്റ മനോഹരമായ നിമിഷങ്ങളെ വീണ്ടും വീണ്ടും സൃഷ്ടിക്കുകയായിരുന്നു. എങ്കിലും ആ വഴിത്തിരിവുകൾ മതവിഭാഗങ്ങൾ വേർതിരിഞ്ഞുള്ള ഓരോരോ പ്രത്യേക സമൂഹം സൃഷ്ടിച്ചതും ചരിത്രമായി. ജർമ്മനിയിൽ മലയാളിപെൺകുട്ടികൾ നൽകിയ മഹത്തായ ആതുരസേവ നത്തിനുള്ള വലിയ അംഗീകാരമായിരുന്നു, ജർമ്മൻകാരുടെ മനസ്സിൽ ഒരു മാതൃകാ സമൂഹമായി ഇന്നും പതിഞ്ഞു നിലനിൽക്കുന്നത്.

സംഘടന വേണമോ, വേണ്ടയോ?

അന്നത്തെ സാഹചര്യത്തിൽ ഒരു മലയാളി സംഘടനയുടെ ആവശ്യങ്ങൾ തീക്ഷ്ണമായ വിചാരത്തിൽ ആരും അത്ര കണക്കിലെടുത്തില്ല. അതിന്റെ ഒരു പ്രകടമായ സൂചനയായിരുന്നു കൊളോണിൽ നാമമാത്രമായി പ്രവർത്തിച്ച കേരള സെന്റർ സംഘടന. കുറെ നാളുകളായി പ്രവർത്തന രഹിതമായി കിടന്ന ഈ സംഘടനയെ പുന:രുജ്ജീവിപ്പിക്കാൻ 1977- ഡിസംബറിൽ  ഒരു യോഗം കൂടി. എന്നാൽ അന്ന് ശ്രീ. ജോർജ് കട്ടിക്കാരൻ, ജോസ് പറപ്പള്ളിൽ, കെ. അരവിന്ദ് എന്നീ മൂന്നുപേരെ ഉൾപ്പെടുത്തി ഒരു പ്രവർത്തന സമിതി ഉണ്ടാക്കി. അതുപക്ഷേ പ്രായോഗികമായ ഫലം ഉണ്ടായില്ല. ഉണ്ടായാൽ അത് നല്ലതായിരുന്നുവെന്ന വിലയിരുത്തലോടെ അതും ചരിത്രമായിത്തീർന്നു.

സംഘടനയുടെ ആവശ്യകതയെപ്പറ്റി ചിലരുടെ താൽപ്പര്യം വീണ്ടുമവിടെ തലപൊക്കി. അതിനായിത്തന്നെ 1977 ഡിസംബറിൽ 9,10,11 തീയതികളിൽ കൊളോണിൽ ഒരു വാരാന്ത്യ യോഗം നടന്നു. ഇക്കാര്യം സംബന്ധിച്ചുള്ള ചില യഥാർത്ഥമായ അഭിപ്രായങ്ങൾ കൊളോണിൽ താമസ്സമാക്കിയിരുന്ന മലയാളി മിസ്സിസ്. മൂലക്കാട് എഴുതിയ ഒരു കുറിപ്പ് ഞാൻ ഓർമ്മിക്കുന്നു. അതിലെ പ്രസക്ത ഭാഗങ്ങൾ ഇവിടെ ചേർക്കുവാൻ എനിക്ക് ആഗ്രഹമുണ്ട്. ഇതിലെ പ്രമേയം ജർമ്മനിയിലെ മലയാളികളുടെയെല്ലാം സാമൂഹികവും സാംസ്കാരികവുമായ പൊതുജീവിതത്തിന്റെ ഓരോ പ്രശ്നവിഷയങ്ങളെ ചൂണ്ടിക്കാണിക്കുന്നതായിരുന്നു. അക്കാലത്തെ ഒരു പ്രവാസി മലയാളിയുടെ ആഴത്തിലുള്ള ജീവിതപ്രശ്നങ്ങൾ "കവിത" മാസികയിൽ പ്രസിദ്ധീകരിച്ച കുറിപ്പിലൂടെ കാണുക. വിദേശരാജ്യങ്ങളിൽ ജീവിക്കുന്ന ഇന്ത്യാക്കാർ സംഘടനകൾ രൂപീകരിച്ചു എന്തെങ്കിലും നേടിയെടുത്ത മേന്മയുള്ള ചരിത്രം മഹാത്മാഗാന്ധിയുടെ ജീവിത അനുഭവത്തിലും ഉണ്ടായിരുന്നില്ല. എന്നാൽ അതേസമയം ഒരു ഇന്ത്യാക്കാരനെന്ന അടിയുറച്ച ബോധം അദ്ദേഹത്തിൽ നിലനിറുത്തിക്കൊണ്ട് ഇന്ത്യമഹാരാജ്യത്തെ ബ്രിട്ടീഷ് ഭരണാധികാരികളിൽ നിന്നും മോചിപ്പിച്ചു ഇന്ത്യയെ സ്വതന്ത്രമാക്കാൻ സൗത്ത് ആഫ്രിക്കയിലെ ജീവിതത്തിൽനിന്ന് ഇന്ത്യയിൽ തിരിച്ചെത്തി. അന്ന് പ്രവർത്തനം തുടങ്ങാൻ അദ്ദേഹം ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടിയിൽ അംഗമായിച്ചേർന്ന് പ്രവർത്തിച്ചു തുടങ്ങി. എന്നാൽ ബ്രിട്ടീഷുകാരിൽനിന്നും ഇന്ത്യ പരിപൂർണ്ണ മോചനം നേടിയപ്പോൾ, സ്വാതന്ത്ര്യത്തിനു വേണ്ടി പടപൊരുതിയ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പിരിച്ചുവിടുന്നതിനെക്കുറിച്ചു അദ്ദേഹം സ്വതന്ത അഭിപ്രായം പറഞ്ഞിരുന്നു എന്ന് നാം വായിക്കുന്നു.

മലയാളിക്ക് സ്വന്തമായ ഐഡന്റിറ്റിയില്ലേ, അവർക്ക് സ്വദേശമില്ലേ? 

ഇക്കാലത്തു വിദേശങ്ങളിൽ ജീവിക്കുന്ന മലയാളികളിൽ ചിലർ ഇപ്പോഴും ചിന്തിക്കുന്നത് എപ്രകാരമെന്ന് നാം അറിയണം., മറുനാട്ടിൽ ഏതെങ്കിലും ഒരുതരം  സംഘടനയുണ്ടാക്കി കേരളത്തിലെ മാദ്ധ്യമങ്ങളിൽ തങ്ങളുടെ പേരും എഴുതിച്ച്‌, വിദേശങ്ങളിൽ കേരളീയരുടെ നട്ടെല്ല് താനാണ് എന്ന് വരുത്തിത്തീർക്കാനുള്ള വീക്ഷണ കോണിൽ ഇവയൊന്നും അറിയാത്ത മറ്റുള്ള മലയാളികളുടെ മുമ്പിൽ പ്രത്യക്ഷപ്പെട്ടു യജമാനമാരായി നിൽക്കും. അങ്ങനെ ചിലരുടെ ഭാവനമൂലമാണ്, മലയാളിയെ സ്വന്തമായ "ഐഡന്റിറ്റി" ഇല്ലാത്ത ഓരോരോ പേരുകൾ നൽകി "ലോകമലയാളി"യെന്നോ, 'വേൾഡ് മലയാളി' യെന്നോ, 'ആഗോള മലയാളി' യെന്നോ 'ഗ്ലോബൽ മലയാളി'യെന്നോ ഒക്കെ വിചിത്രമായ ഓരോ പേരുകളിൽ ചിലരുടെ ചീട്ടുകളിസംഘങ്ങളുടെ ഓരോ സമൂഹം നിർമ്മിച്ചത്. ഇത്തരം കരവേലകൾ ഇന്ത്യാക്കാർക്ക് വേണ്ടി ആണെന്നുള്ള ലേബലിൽ വിദേശരാജ്യങ്ങളിൽ അർദ്ധശൂന്യമായ ലക്ഷ്യം വച്ചുകൊണ്ടുള്ള പാഴ്വേലയാണവർ ചെയ്യുന്നത്.

ജർമ്മനിയിൽ ഇവരിലേറെപ്പേരും ചില കാരണങ്ങൾ പറഞ്ഞു രാഷ്ട്രീയ അഭയാർത്ഥികളായി കള്ളരേഖകളെല്ലാം നിർമ്മിച്ച് ജർമ്മനിയിലേക്ക് വന്നെത്തിയവരാണെന്ന് ജർമ്മൻ മലയാളികൾ പറയുന്നു. ഇവരെല്ലാം പിന്നീട് ജർമ്മൻ പൗരന്മാരായി. കേരളത്തിലെ അങ്കമാലി ചാലക്കുടി സമീപ പ്രദേശങ്ങളിൽനിന്നുമെത്തിയ ഇവർ കൊളോണിലെ ചില കർമ്മലീത്താ സഭക്കാരായ വൈദികരുടെ ബുദ്ധിയുപയോഗിച്ചു ജർമ്മനിയിലെത്തിയ വരാണ്. ഇക്കൂട്ടർതന്നെയാണ്  പിന്നീട് 1977 കാലഘട്ടത്തിൽ മലയാളികൾ നേരിട്ട മൈഗ്രെഷൻ പ്രതിസന്ധിക്കു പിന്നാമ്പുറ സഹകരണം ചെയ്തവരെന്ന് എനിക്കറിയാം.  ഇവരെല്ലാം ഇന്ന് തൊഴിലിൽനിന്നും വിരമിച്ചു ഇത്തരം സാമൂഹ്യവിരുദ്ധ പ്രസ്ഥാനങ്ങൾ നിർമ്മിച്ച് ലോക പത്രമാദ്ധ്യമങ്ങളിൽ പേരുണ്ടാക്കുന്നവരാണ്. ഇന്ന് വിവാദം സൃഷ്ടിച്ചിരുന്ന കേരളമുഖ്യമന്ത്രി  യുടെ യൂറോപ്യൻ സന്ദർശനം ഇവരുടെ ക്ലബ് പരിപാടിയിൽ സംബന്ധിക്കു വാനായിരുന്നു. കേരളം ജലപ്രളയത്തിൽ മുങ്ങിയപ്പോൾ ഒരു കേരളത്തിലെ മന്ത്രി ഇവരുടെ ചീട്ടുകളിമത്സരത്തിലും പുലികളിയിലും അവസരം നോക്കി ചാടിക്കളിക്കുവാൻ എത്തിയത് എന്തിനെന്നു ചോദിച്ചാൽ, വിദേശങ്ങളിൽ ജീവിക്കുന്ന ഇത്തരം സാമൂഹ്യവിരുദ്ധന്മാരെ മാത്രം ജനങ്ങൾ പ്രധാനമായി മനസ്സിലാക്കിയാൽ മതി. അതിനുത്തരം സ്വയം ലഭിക്കും. സമൂഹത്തിൽ സായിപ്പിന്റെ മാന്യ വേഷം ചമയുന്ന ആളുകൾ,  ഇവരെപ്പോലെതന്നെ ഇത്തരം സ്വന്തമായ ഐഡന്റിറ്റിയില്ലാത്ത 'ഗ്ലോബൽ മലയാളി' എന്നോ, 'ആഗോള മലയാളി'യെന്നോ, 'വേൾഡ് മലയാളി'യെന്നോ ഒരു ക്ലബ് സംഘടന യ്ക്ക് പേരു കൊടുത്തതിലടങ്ങിയിട്ടുള്ള അർത്ഥമില്ലായ്‌ക കേരളനാടിനു എന്നും അപമാനകരമാണ്. കേരളത്തിലെ ജനങ്ങളുടെ ഒരോരോ മറുനാടൻ പ്രസ്ഥാനത്തിന് ചിലർ മറുനാട്ടിൽ നൽകുന്ന സ്വഭാവമെന്താണെന്നും അതിനു നാമകരണം ചെയ്യാൻ അവർക്ക് പുതിയ ഒരു വാക്ക് നൽകാൻ പോലും കഴിഞ്ഞിട്ടില്ല. ഇക്കൂട്ടർ കൊട്ടിഘോഷിക്കുന്ന പൊതുപിന്തുണ അവർക്ക് ലഭിച്ചിട്ടില്ല. കുറേപ്പേർ ചേർന്ന് കേരളത്തിൽ ചെന്ന് എം. എൽ. എ മാരെയും മന്ത്രിമാരെയും ജർമ്മനിയിലേക്ക് കാണിച്ചു കൊണ്ടുവരും. ഇവർ അവർക്ക് സ്റ്റേജ് ഒരുക്കും, പൊന്നാട നൽകും, ഗ്രൂപ്പ്‌ഫോട്ടോകളെടുക്കും, പത്രങ്ങളിൽ ഫോട്ടോകൾ വന്നുകഴിയും. മേല്പ്പറഞ്ഞ ചീട്ടുകളിസംഘങ്ങൾ ഒറ്റരാത്രിയിൽ പ്രമുഖരാകും. കേരളസംസ്ഥാനം ഒട്ടാകെ ജലപ്രളയത്തിൽ മുങ്ങിക്കിടക്കുമ്പോൾ വനംവകുപ്പ് മന്ത്രി ഇവർക്കൊപ്പം ഇരുന്ന് ചീട്ടുകളിച്ചു രസിക്കാൻ രഹസ്യമായി പുറപ്പെട്ട ജർമ്മനിയിൽ വന്നു പ്രശസ്തിനേടിയ കഥ പുറത്തുവന്നത്.

മലയാളികൾക്ക് ഇവർ അപമാനമാണ്.

മലയാളികളെ "സ്റ്റേറ്റ്‌ലസ് " അതെ,  മലയാളികളെ സ്വന്ത സ്വദേശമില്ലാത്ത വരാക്കി മറുനാട്ടിൽ വെറും ലോകമലയാളിയാക്കി മാറ്റി ഇല്ലാതാക്കിയത് മേൽപ്പറഞ്ഞ വിഭാഗത്തിൽപ്പെട്ട അഭയാർത്ഥിവേഷംകെട്ടി ജർമ്മനിയിൽ കാലുകുത്തിയ  ചിലർ തന്നെ ആണ്. ഗ്ലോബൽ മലയാളികൾ!! അതുകൊണ്ടു തന്നെ ഏറ്റവും നല്ല സൽപ്പേരുണ്ടാക്കാൻ ശ്രമിക്കാൻ അവർക്ക് ഒരു തവണ അവസരം കൊടുക്കാം. ഇപ്രകാരമുള്ള ഓരോ സംഘടനകൾക്ക് ഏതിന്റെ ഫലമാണോ, അവ അതിലൂടെ എന്തിനെയാണോ അവർ പ്രതിനിധീകരിക്കു കയും ശക്തമായി ഉത്‌ഘോഷിക്കുകയും ചെയ്യുന്നത്, അത്തരം വ്യത്യസ്തരീതി യിലുള്ള നിഷിദ്ധ സംസ്കാരം ജ്ഞാനികൾക്കും നിസ്വാർത്ഥരായ ധാർമ്മിക ആത്മവിശ്വാസമുള്ളവർക്കും, ഒരിക്കലും ഒരുതരത്തിലും ജർമ്മൻ മലയാളി സമൂഹത്തിനും ചേർന്നതല്ല, ഉൾക്കൊള്ളാനും കഴിയുകയില്ല.ലോകമലയാളി ജർമ്മനിയിലെന്നല്ല, ലോകത്ത് ഒരിടത്തും, ഇന്ത്യാക്കാരുടെ മുമ്പിൽ മാതൃകാ സുനിശ്ചിതമായ ഒരു പ്രവർത്തനപഥം അത് തുറന്നു കൊടുക്കുകയുമില്ല. 

ഗാന്ധിജിക്ക് പോലും തോന്നിയിരുന്നു, ഓരോ സംഘടന സൃഷ്ടിക്കുന്നതിന് പകരം നല്ല ആശയങ്ങളും ലക്ഷ്യവും മാർഗങ്ങളുമെല്ലാം മറ്റുള്ളവരിലേക്ക് എത്തിക്കുന്നതിന് വേണ്ടി മറ്റു മാർഗ്ഗങ്ങളുണ്ടെന്ന്. അദ്ദേഹം ഒരു മാധ്യമം തന്നെ തുടങ്ങുവാൻ തീരുമാനിച്ചു. തന്റെ പ്രവർത്തനോദ്ദേശങ്ങളെപ്പറ്റി അങ്ങനെ സൗത്താഫ്രിക്കയിൽ മാത്രമല്ല ലോകമൊട്ടാകെ പ്രചരിക്കുവാൻ കാരണമാക്കി. നവജീവൻ, ഇന്ത്യൻ ഒപ്പീനിയൻ, യെങ് ഇന്ത്യ-  മാസികകളും വാരികകളും മറ്റും ആയിരുന്നു. ഈ മാതൃകയായിരുന്നു, കൊളോണിൽ നിന്നു "കവിത ജേർണലും", മ്യുൻസ്റ്ററിലെ ഹോപ്സ്റ്റണിൽ നിന്നു "വാർത്ത" ജേർണലും  പ്രസിദ്ധീകരിച്ചിരുന്നത്. ഈ രണ്ടു മലയാള മാസികകളും അന്ന് ലക്ഷ്യമാക്കിയത്, ജർമ്മനിയിലെ മലയാളികളുടെയും ഇന്ത്യയിലെ രാഷ്ടീയ സാമൂഹ്യ ആനുകാലിക ജീവിതവിഷയങ്ങളെയും മറ്റും ക്രിയാത്മകമായി അവതരിപ്പിക്കുകയെന്നുള്ള ധർമ്മമായിരുന്നു. ഈ രണ്ടു മാദ്ധ്യമങ്ങളും ജർമ്മനിയിൽ മുമ്പോട്ട് പ്രവർത്തിപ്പിക്കുവാൻ നിരവധി ഭീഷണികളും പ്രതിസന്ധികളും നേരിടേണ്ടിവന്ന വിഷമകരമായ അനുഭവത്തെക്കുറിച്ചു പ്രസാധകർ ഉന്നയിച്ചിരുന്നു. അതിനു മുമ്പ് കൊളോൺ കാരിത്താസിൽ ജോലിചെയ്യുന്ന ചിലർ ചേർന്ന് എന്റെ ലോകം എന്ന ഒരു ജേർണൽ തുടങ്ങി പ്രചരിപ്പിച്ചിരുന്നു. അതുപക്ഷേ അത് കാരിത്താസിന്റെ മലയാളിവിരുദ്ധ പ്രവർത്തനങ്ങൾക്ക് കുടപിടിച്ച കുറെ മലയാളികൾ  മനുഷ്യ മനഃസാക്ഷിക്ക് വിരുദ്ധമായി പ്രവർത്തിച്ചുവെന്ന തെറ്റ് പിൽക്കാലത്തു ഏറെ ബോധ്യപ്പെട്ടു. ജർമ്മൻ മലയാളികളുടെ നേർക്കുണ്ടായ മൈഗ്രേഷൻ പ്രശ്നം ആകെമാനം ഒരു സമൂഹത്തിനെതിരെ മാനുഷിക നിയമങ്ങൾ ലംഘിച്ചപ്പോൾ, ജർമ്മൻ കാരിത്താസിനും ഇന്ത്യയിലെ മെത്രാന്മാർക്കുമൊപ്പം തൊട്ടു ചേർന്ന് നിന്ന് പ്രവർത്തിച്ചവരുടെ, ഏതുതരവുമുള്ള ബാഹ്യവും ആഭ്യന്തരവുമായ  വലിയ തിന്മയെ അപ്പാടെ തടയുവാൻ ആവശ്യമായ സാന്നിദ്ധ്യം അവർക്കപ്പോൾ മലയാളികൾക്ക് വേണ്ടി നല്കാമായിരുന്നു. അതുണ്ടായില്ല. 

മാടമ്പി വേഷവും സംഘടനകളുടെ പ്രസക്തിയും

കൊളോണിൽ കുറെ മലയാളികൾ ചേർന്ന് ഒരു ആലോചന യോഗം  പ്ലാനിട്ടു.
കൊളോണിലെ Hohenlind- ൽ വച്ച് ആ വാരാന്ത്യ സമ്മേളനം 1977- ഡിസംബർ 9, 10, 11 തീയതികളിൽ നടക്കുകയുണ്ടായി. "ആതുര ശുശ്രൂഷയും ജീവിത സാഫല്യവും", ഒരു യാന്ത്രിക യുഗത്തിൽ ക്രിസ്തീയമൂല്യങ്ങൾക്കുള്ള സ്ഥാനം, ആധുനിക ലോകവും ക്രിസ്തീയ മനഃസാക്ഷിയും എന്നീ വിഷയങ്ങളെപ്പറ്റി ഫാ. വളവന്തറ വിശകലനം ചെയ്തു. ഒരു ധ്യാനത്തിന്റെ മൂടുപടമണിഞ്ഞ ഈ വിഷയങ്ങൾക്ക് പുറമെ സമ്മേളനത്തിൽ പങ്കെടുത്തവരെ ആകർഷിച്ച ഒരു പ്രധാന വിഷയം "ജർമ്മനിയിലെ മലയാളി സമൂഹത്തിൽ സംഘടനകളുടെ പ്രവർത്തനം ക്രിയാത്മകമോ, നിഷ്ക്രിയമോ" എന്ന വാദ പ്രതിവാദം തന്നെ ആയിരുന്നു. ഒന്നും മൂന്നും ദിവസങ്ങളിൽ ഇരുപതോളം പേർ സംബന്ധിച്ചു. എന്നാൽ വാദപ്രതിവാദം നടന്ന രണ്ടാമത്തെ ദിവസം അമ്പതിലധികം പേർ സമ്മേളനത്തിൽ സംബന്ധിക്കാനുണ്ടായിരുന്നു. ഒരു ധ്യാനത്തിൽ സംഘടന കളെയും അവയുടെ പ്രവർത്തനങ്ങളെയുംപറ്റിയുള്ള ചർച്ചയുടെ ആവശ്യം എന്ത് എന്ന ചോദ്യം ഉദിച്ചേക്കാമെങ്കിലും അനുദിനജീവിതവുമായി ബന്ധപ്പെ ട്ടതെന്തും ധ്യാനത്തിൽ ഉൾപ്പെടുന്നതാണെന്ന വിശദീകരണവുമായി ഫാ. വളവന്തറ ചർച്ചാരംഗത്തേയ്ക്ക് കടന്നുവന്നു. സംഘടനകളും അവയുടെ പ്രവർത്തനങ്ങളും ക്രിസ്തീയ അരൂപിയിൽ മുമ്പോട്ട് കൊണ്ടുപോകണമെന്ന ആശയം അദ്ദേഹം മുമ്പോട്ടുവച്ചെങ്കിലും, ചർച്ചിയിലൊന്നും ആ അരൂപി ഒട്ടും ദർശിക്കാനായില്ല.

ചർച്ചകൾ ചൂടുപിടിച്ചതോടെ ' ഇവിടെ സംഘടന വേണോ ?, 'സംഘടനയില്ലാ ത്ത ഒരു സമൂഹം വേണോ?' , എന്ന ചോദ്യങ്ങൾ ആരംഭിച്ചു. ഇവിടെ, ജർമ്മനി യിൽ സംഘടനകൾ സ്വാതന്ത്രസംഘടനകൾ ആയിരിക്കണം, ക്രിസ്തുവിന്റെ ആദർശങ്ങൾ അനുസരിച്ചായിരിക്കണം, എന്നൊക്കെ ചിലരുടെ ധാർമ്മിക ശാസ്ത്രപരമായ അഭിപ്രായങ്ങളും പൊങ്ങിവന്നു. സംഘടനകൾ പൊതുവെ ക്രിയാത്മകമായ പ്രവർത്തനങ്ങൾക്ക് വേണ്ടി നിലകൊള്ളണം. അത് പക്ഷെ കൊളോണിലെ ഒരു സംഘടനയുടെ പ്രവർത്തനം ആ വിധത്തിലല്ല എന്ന് ഒരു വിഭാഗം ആളുകൾ സമർത്ഥിച്ചു. സംഘടനകൾക്ക് ഒരു നിയമസംഹിത യുണ്ട്, ഒരു ഭരണസമിതിയുണ്ട്, അംഗങ്ങളും ഉണ്ടായിരിക്കണം. ഏതാനും ആളുകൾ ഇവിടെക്കൂടി വാദപ്രതിവാദങ്ങൾ നടത്തുന്നതിൽ കഴമ്പില്ലെന്ന് മറ്റൊരു വിഭാഗവും അഭിപ്രായപ്പെട്ടു. അതുപക്ഷേ, വിളക്കത്തെ വെള്ളീച്ച കളിക്കുന്ന 'മാടമ്പി'വേഷം കെട്ടാനുള്ള വേദിയായി സംഘടന ജർമ്മനിയിൽ സൃഷ്ടിക്കാതിരിക്കുകയാണ് നല്ലതെന്ന സരസമായ വാദവും നടന്നു. സ്വന്തം അഭിപ്രായത്തോട് വിയോജിക്കുന്നവരെ ഒറ്റപ്പെടുത്തണം, ഇങ്ങനെയുള്ള നിഷ്പ്രയോജനകരമായ സംഘടനകളുടെ തുടക്കങ്ങളോട് യോചിക്കുന്ന ഒരു സംഘടനയ്ക്ക് അവസരം നൽകുന്നതിൽ യോഗം യോജിച്ചില്ല. നാം പരസ്പര വിശ്വാസത്തിൽ ജീവിക്കുന്ന ശൈലി സ്വീകരിക്കുന്നവരെങ്കിൽ സംശയം ആസ്ഥാനത്താണല്ലോ.

ജർമ്മനിയിൽ മലയാളികളുടെ രണ്ടാം തലമുറകൾക്ക് പ്രയോജനപ്പെട്ട ചില സാമൂഹ്യ പ്രോജക്റ്റുകൾ ഉണ്ടാക്കുന്നതിനെപ്പറ്റിയുള്ള ചില കാഴ്ചപ്പാടുകൾ നമുക്ക് ഉണ്ടാകുന്നത് നല്ലതാണെന്ന ഒരഭിപ്രായം അന്ന് കൊളോൺ ജർമ്മൻ കാരിത്താസിലെ  പ്രവർത്തകയായിരുന്ന ശ്രീമതി വത്സമ്മ മണ്ഡപത്തിൽ പറഞ്ഞു. എന്തായാലും ഒരു സംഘടനയുടെ ആവശ്യകതയിൽ വളരെയേറെ പ്രാധാന്യം ആരും തന്നെ അന്ന് കണ്ടില്ല എന്ന ഒരു നിരീക്ഷണമാണ് അന്ന് ജർമ്മനിയിലെ കൊളോണിൽ ജോലിചെയ്തിരുന്ന മലയാളിയായ ശ്രീമതി മൂലക്കാട് പ്രതികരിച്ചത്. ഇപ്രകാരമുള്ള പലയാളുകളുടെ നിരീക്ഷണങ്ങളും അഭിപ്രായങ്ങളും ഞാൻ എഴുതാൻ ആഗ്രഹിച്ചത്, ഓരോ മലയാളികളുടെയും മറുനാട്ടിലെ ജീവിതത്തിലുണ്ടാകുന്നതും ഉണ്ടായിട്ടുള്ളതുമായ സ്വന്തമായ അനുഭവങ്ങളിൽ എപ്രകാരം ഓരോതരത്തിലുള്ള സംഘടനാപ്രസ്ഥാനങ്ങൾ എത്രമാത്രം ഉപകാരപ്പെടുമെന്ന സ്വതന്ത്ര കാഴ്ചപ്പാടുകൾ കാണുവാനാണ്.

അതുപക്ഷേ മറുനാടുകളിൽ എത്തിക്കഴിഞ്ഞയുടൻ നാലഞ്ചുപേർ ചേർന്ന് മലയാളികളുടെ സമാജങ്ങളും സോഷ്യൽ സംഘടനയും രൂപീകരിക്കുന്നത് പ്രായോഗികമായി കൂടുതൽ പ്രയോജനങ്ങൾ ലഭിച്ചിട്ടുള്ളതായി കാണാനില്ല. അത്തരക്കാർക്ക് വേദികളിൽ ഊഞ്ഞാലാട്ടവും തുമ്പി തുള്ളലുകളും തല പന്തുകളികളും പ്രധാനം ചെയ്യുന്ന സ്വയം സംതൃപ്തി നേടുവാനൊരു ചലനം മാത്രമാണ്. അതുപക്ഷേ, മലയാളിയുടെ അടിസ്ഥാന കാര്യങ്ങളിൽ ഏറെ സഹായിച്ചിട്ടില്ല. ഓരോരുത്തനും അവനവന്റെ ജീവിതത്തിലെ ദു:ഖങ്ങളും സന്തോഷങ്ങളിലും, ജോലിക്കാര്യങ്ങളിലും അതിനുശേഷം സ്വന്തനാടിന്റെ, ജനിച്ചു വളർന്ന കുടുംബത്തിന്റെ സ്മരണകളിലേക്കും അലിഞ്ഞു ചേരുന്നു. ഓരോ സ്ഥലങ്ങളിലും മലയാളികൾ സമാജങ്ങൾ സൃഷ്ടിക്കുമ്പോൾ അവർ പൊതുവെ അറിയിക്കുന്നതിങ്ങനെയാണ് : "ഇവിടെയുള്ള മലയാളികളിൽ പരസ്പപര ധാരണ വളർത്തുക, സമൂഹത്തിനു നേരിടുന്ന ആപൽഘട്ടങ്ങളെ കൂട്ടായ പ്രവർത്തനങ്ങളിലൂടെ തരണം ചെയ്യുക, ദേശീയവും മതപരവുമായ ആഘോഷങ്ങൾ സംഘടിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് സംഘടനയ്ക് ഉള്ളത്." സംഘടന പരിപാടികളിൽ പ്രധാനമായി ചീട്ടുകളിക്കും ബീയർ കുടിക്കുന്നതിലും അപ്പുറത്തു മറ്റൊന്നും ഉണ്ടായില്ല. അതുകഴിഞ്ഞാലുടൻ അതോടെ ആ ദിനം അവസാനിച്ചു. വ്യക്തിഹത്യയ്ക്കും കലഹങ്ങൾക്കും കോടതിക്കേസുകൾക്കും മറ്റു അധാർമ്മികതയ്ക്കും വേണ്ടി സമാജങ്ങളുടെ പ്രവർത്തകർ വേദിയൊരുക്കിയ പല ദു:ഖകരമായ കാര്യങ്ങളും ഉണ്ടായി. എന്നാൽ യാഥാർത്ഥ്യം എപ്രകാരമായിരുന്നെന്നു പിന്നീടുള്ള സംഭവങ്ങളും പരസ്പരം സംഘടനാതലപ്പത്തു കസേരകൾക്കുവേണ്ടി സാമൂഹ്യവിരുദ്ധമായ അനവധി പ്രവർത്തനങ്ങൾ പോലും ഉണ്ടായി. ഇവർ സംഘടനകൾക്ക് വേണ്ടി നൽകിയ പ്രഖ്യാപനങ്ങൾ വെറുതെ വായുവിലെഴുതുന്ന അനുഭവങ്ങളായി മാറ്റി. 
ഇതേകാലഘട്ടത്തിൽത്തന്നെ സ്വിറ്റസർലണ്ടിൽ ജോലി ചെയ്തു ജീവിക്കുന്ന കുറെ മലയാളികൾ 1977 ഒക്ടോബർ 23, 24 തീയതിയിൽ Aarau എന്ന സ്ഥലത്ത് കൂടിയ സുഹൃത് സമ്മേളനത്തിൽ "മലയാളി അസോസിയേഷൻ"  സംഘടന രുപീകരിച്ചു. അങ്ങനെ യൂറോപ്പിൽ മലയാളി അസോസിയേഷനുകളുടെ ഉത്ഭവങ്ങളുടെ ആരംഭം കുറിച്ചു. ഇതേ കാലഘട്ടത്തിൽ കേരളത്തിന്റെ, മലയാളത്തിന്റെ ചരിത്രത്തിൽ കുറിക്കപ്പെട്ട മഹാസംഭവത്തിനു- "ഒന്നാം ലോകമലയാള സമ്മേളനത്തിന് "കേരളതലസ്ഥാനം തിരുവനന്തപുരം നഗരം അണിഞ്ഞൊരുങ്ങി. 1977 ഓഗസ്റ്റ് 21 -മുതൽ 26 വരെ തീയതികളിൽ അവിടെ വച്ച് ഒന്നാം ലോക മലയാള സമ്മേളനം ആഘോഷമായി നടത്തി. മലയാള ഭാഷ, സാഹിത്യം, കേരളചരിത്രം, സംസ്കാരം, കലകൾ, ഫിലോസഫി, മതം, തുടങ്ങിയ പ്രധാന വിഷയങ്ങളെപ്പറ്റിയായിരുന്നു ചർച്ചകൾ നടത്തപ്പെട്ടത്. ഈ സമ്മേളനത്തിന്റെ സംഘാടക സമിതിയുടെ സെക്രട്ടറി  Dr. Puthusseri Ramachandran ആയിരുന്നു. ഇങ്ങനെയുള്ള സാംസ്കാരിക സമ്മേളനത്തിനു ജർമ്മനിയിലെ മലയാളികൾക്ക് ഒരു സമാന്തരമായ മഹാ വേദിയൊരുക്കിയ കേന്ദ്രം ജർമ്മനിയിലെ ഹോപ്റ്റണിലുള്ള  Bildung Zentrum ആയിരുന്നു.

ബർണാർഡ് ഓട്ടേ ഹൌസ്, (Bildung Zentrum), ഹോപ്സ്റ്റൺ  

1980 കളുടെ ആരംഭകാലഘട്ടത്തിൽ ജർമ്മനിയിൽ മലയാളി സമാജങ്ങളുടെ പ്രവർത്തനങ്ങളുടെ ഉദയശോഭ മങ്ങിയപ്പോൾ ജർമ്മൻ മലയാളികളുടെ പൊതുസാമൂഹിക സാംസ്കാരിക വളർച്ചയ്ക് വേണ്ടിയും, അതുപോലെതന്നെ പ്രാധാന്യം നൽകിയ ഇന്ത്യയുടെ ആനുകാലിക രാഷ്ട്രീയത്തെക്കുറിച്ചും, കേരളത്തിലെ വികസനകാര്യങ്ങളെക്കുറിച്ചും, സാമാന്യ അറിവ് നൽകാൻ ജർമ്മനിയിൽ മലയാളമാദ്ധ്യമങ്ങൾ തുടങ്ങിയ കാര്യം ഞാൻ മുമ്പ് എഴുതി. അതുകൊണ്ട് മാത്രം ആവശ്യങ്ങൾ തികഞ്ഞില്ല. മലയാളി കുടുംബങ്ങൾക്ക് അവധിക്കാല സമയത്തു ഒരുമിച്ച് കൂടാനും പുതിയ അറിവുകൾ പരസ്പരം കൈമാറ്റപ്പെടുവാനും കഴിയുന്ന വിധം പൊതുവായി സമ്മേളിക്കുവാൻ ഒരു പരിഹാരം അക്കാലത്തുതന്നെ കണ്ടെത്തി. മ്യുൻസ്റ്റർ രൂപതയുടെ സ്വന്തം വിദ്യാഭ്യാസ- സാംസ്കാരിക കേന്ദ്രമായ ഹോപ്സ്റ്റണിലുള്ള ബെർണാഡ് ഓട്ടേ ഹൌസ് ഇതിനായി തുറന്നു നൽകി. ഇന്ത്യയും പശ്ചിമ ജർമ്മനിയും മാത്രമല്ല, ലോകമെമ്പാടുമുള്ള രാജ്യങ്ങളുടെയും സാംസ്കാരിക വിദ്യാഭ്യാസ രാഷ്ട്രീയ മേഖലകളിലെ പോരായ്മകളും വികസനവും ലക്ഷ്യം വച്ച് അതിനു വേണ്ടി എല്ലാമേഖലകളിലും പ്രവർത്തിക്കുന്നവരെ ആകർഷിക്കുവാൻ വേണ്ടി പല ചർച്ചാവേദികളും സംഘടിപ്പിക്കുവാൻ ഈ സാംസ്കാരിക കേന്ദ്രത്തിനു അന്ന് സാധിച്ചു. ഇന്ത്യയിലെ അനേകം പാർലമെന്റേറിയന്മാരും, മന്ത്രിമാരും, കലാ സാംസ്കാരികരംഗങ്ങളിലെ അനേകം പ്രമുഖരും മതനേതൃത്വങ്ങളും അവിടെ സമ്മേളിച്ചു. ജർമ്മൻമലയാളികളുടെ സ്വതന്ത്രചിന്തയുടെ നേരിട്ടുള്ള തുറന്ന ആശയപ്രകടനങ്ങൾക്ക് അവസരമൊരുക്കിയ മഹത്തായ സാംസ്കാരിക വേദി ഹോപ്സ്റ്റണിലെ ബർണാർഡ് ഓട്ടേ ഹൌസ് തന്നെയായിരുന്നു. ഇങ്ങനെ ഒരു വിശാലമായ അന്തർദ്ദേശീയ പൊതുവേദിയൊരുക്കുവാൻ ജർമ്മനിയിലെ മലയാളിസംഘടനകൾക്ക് ഇക്കാലത്തുപോലും കഴിഞ്ഞിട്ടില്ല. "നിങ്ങൾക്ക് പൂർണ്ണ സ്വാഗതം, നമ്മുടെ ഭവനം" എന്ന ദൗത്യവുമായി ജർമ്മൻ മലയാളി സമൂഹത്തിനു മാത്രമല്ല, ലോകമെമ്പാടുമുള്ള സമൂഹത്തിനു വേണ്ടി ഒരു മഹാവേദി തുറന്നു നൽകാൻ തയ്യാറായി ശ്രദ്ധാപൂർവ്വം സഹായിച്ചിരുന്ന മഹത്‌ വ്യക്തി മലയാളിയും ബെർണാർഡ് ഓട്ടേ ഹൌസ് കേന്ദ്രത്തിന്റെ വിദേശീ വിഭാഗത്തിന്റെ റെഫറന്റും (Ausländer Referent) ആയിരുന്ന  Dr. മാത്യു മണ്ഡപത്തിലായിരുന്നു. മാതൃരാജ്യത്തോടും മലയാളഭാഷയോടും അദ്ദേഹം സ്വീകരിച്ചനിലപാട് എനിക്ക് മനസ്സിലാക്കാൻ സാധിച്ചു. ഒരു ദേശാഭിമാനിക്ക് സ്വന്തം ജനസമൂഹത്തിനുവേണ്ടി ഏതുതരം സേവനത്തെയും അപ്പാടെ ഒട്ടും അവഗണിക്കാനാവില്ല. എന്നെ സംബന്ധിച്ചിടത്തോളം ഇതുപോലെയുള്ള സേവന വിചാരം വ്യക്തവും ദൃഢവുമായിരുന്നു.//-  തുടരും -(dhruwadeepti.blogspot com )
----------------------------------------------------------------------------------------------------------------------------

Samstag, 4. August 2018

ധ്രുവദീപ്തി // Lifestyle // Part 1 // മലയാളികളിൽ മനഃപരിവർത്തനം ഉണ്ടാകണം. // George Kuttikattu


 

മലയാളികളിൽ 
മനഃപരിവർത്തനം ഉണ്ടാകണം. //


George Kuttikattu 

സമൂഹം- പഴയ ഘടന- പുതിയ പ്രശ്നങ്ങളും.

ലയാളികളുടെ പൊതുസാമൂഹിക, സാമ്പത്തിക, ജീവിത രീതികളിലും ചിന്താശൈലികളിലും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളുമായി നിരീക്ഷിച്ചു നോക്കുമ്പോൾ, ഇന്ന് വളരെയേറെ വിട്ടകന്ന് മുൻകാലത്തേക്കാൾ വളരെ പിറകിലേക്ക് പോയിട്ടുണ്ടെന്ന് കാണാൻ കഴിയുന്നുണ്ട്. നമ്മുടെ അയൽ സംസ്ഥാനങ്ങളായ തമിഴ്‌നാട്, കർണ്ണാടകം, തുടങ്ങിയ ഇന്ത്യയിലെ  പല സംസ്ഥാനങ്ങളും കഴിഞ്ഞ കാലങ്ങളിലെ അവസ്ഥയിൽ നിന്ന്  വിവിധ മേഖലകളിൽ  പുരോഗതിയിൽ കേരളത്തെക്കാൾ വളരെ യിരട്ടിയെങ്കിലും മുമ്പിലാണ്. അതുപക്ഷേ കഴിഞ് ഞകാലങ്ങളിൽ കേരളസംസ്ഥാന ഭരണം നടത്തിയിരുന്ന രാഷ്ട്രീയ പാർട്ടികൾ അവകാശപ്പെടുന്നത് മറ്റൊന്നാണ്. എല്ലാ വികസനപ്രവർത്തനങ്ങളുടെ മേന്മകളെപ്പറ്റിയും പിഴവുകളെപ്പറ്റിയും കുറവുകളെപ്പറ്റിയുമെല്ലാം അവരവരുടെ സ്വന്തമായ വ്യത്യസ്തപ്പെട്ട വിവിധ അളവുകോലുകളിലും, അവരുടെ വ്യത്യസ്തപ്പെട്ട അഭിപ്രായങ്ങളിലും മാത്രം പ്രസ്താവനകൾ നൽകിക്കൊണ്ടിരുന്നു. അങ്ങനെ മാറി മാറി കേരളസംസ്ഥാന ഭരണത്തിൽ വന്നെത്തുന്ന ഭരണാധികാരികളുടെയെല്ലാം  താൽപ്പര്യാർത്ഥ മാണ് ഓരോ വികസനഗവേഷണഫലങ്ങളും സംസ്ഥാനത്തിന്റെ മൊത്ത വളർച്ചാ നിരീക്ഷണ ഫലങ്ങളും മറ്റും മാറ്റിക്കൊണ്ടിരിക്കുന്നത്. ഇപ്രകാരം മതിഭ്രംശം വന്നിട്ടുള്ള അഭിപ്രായനിരീക്ഷണങ്ങൾ നമ്മുടെ കേരളത്തിലെ യഥാർത്ഥ സാമൂഹ്യജീവിത അവസ്ഥയെ മാറ്റിമറിക്കുകയാണ് ചെയ്തത് .

 അടിസ്ഥാനസൗകര്യങ്ങൾ, അണക്കെട്ടുകൾ  

കേരളത്തിന്റെ പൊതുവികസനത്തിൽ ജനങ്ങളുടെ അതിപ്രധാനമായ അടിസ്ഥാനസൗകര്യങ്ങൾ സാധിക്കുന്നതിൽ ആദ്യകാല സർക്കാരുകൾ നടത്തിയ പരിശ്രമങ്ങൾ ഇന്ന് ചരിത്രമാണ്. മണ്ണെണ്ണവിളക്കിൽ മാത്രം ഓരോ രാത്രികളിൽ വെളിച്ചംകണ്ടിരുന്ന മലയാളികളുടെ സംസ്ഥാനമായിരുന്നു കേരളം. " പെരിയാറേ ...പെരിയാറേ... പർവ്വതനിരയുടെ പനിനീരെ" ...എന്ന് കവിഹൃദയം തുറന്നു ആലപിച്ച "കുളിരുകൊണ്ടു കുണുങ്ങിയൊഴുകുന്ന..." കേരളത്തിന്റെ ജലറാണിയായ പെരിയാറിൽ നിന്നും ഒഴുകിയെത്തിയ പനിനീരിൽനിന്നും കേരളത്തിന് വെളിച്ചം പകർന്ന കഥ.. 1968- മുതൽ 1976 കാലഘട്ടത്തിൽ നിർമ്മിക്കപ്പെട്ട ഇടുക്കിയിലെ മഹാ മലയിടുക്കുകളിൽ കുണുങ്ങിയൊഴുകിയ പെരിയാറിൽ കെട്ടിപ്പൊക്കിയ കൂറ്റൻ അണക്കെട്ട് ഏഷ്യയിൽ അത്ഭുതങ്ങൾ പണിതീർത്തിട്ടുള്ളതായ അനേകം പടുകൂറ്റൻ അണക്കെട്ടുകളെ പിന്നിലാക്കി. കനേഡിയൻ വിദഗ്ധരുടെ സഹായത്തിൽ പണിതീർത്തു. അണക്കെട്ടുകളിൽ ശേഖരിച്ച ജലം ഉപയോഗിച്ച് വൈദ്യുതി ഉത്‌പാദനം നടത്തിത്തുടങ്ങി. ഇത് കേരളത്തിന് അഭിമാനമായി ഇന്നും നിൽക്കുന്നു. പെരിയാറിന്റെയും ഇടുക്കി അണക്കെട്ടിന്റെയും ആദിമ കാല ചരിത്രവിശദശാംശങ്ങളിലേയ്ക്ക് ഞാൻ കടക്കുന്നില്ല. ഇന്ത്യയിലെ ഏറ്റവും പ്രമുഖ ജലവൈദ്യുത പദ്ധതി കേരളത്തിൽ ജന്മം കൊണ്ട്. മതിയായ വിധം വൈദ്യുതി ഉത്പാദിച്ചുതുടങ്ങി.  ചിലചില വ്യവസായ സംരഭങ്ങൾക്കു ഇതിലൂടെ വിപ്ലവകരമായ പുരോഗതിക്കു കാരണമായി. മണ്ണെണ്ണവിളക്ക് മലയാളിയുടെ ഭവനങ്ങളിൽ കാഴ്ചവസ്തുവായി മാറി. ഭരണാധികാരികൾ മാറി. അതുപക്ഷേ, ജനങ്ങളുടെ ആവശ്യങ്ങളെയും രാജ്യത്തിന്റെ എല്ലാ നന്മയെയും മാനിക്കുന്ന ജനപ്രതിനിധികളെയും മന്ത്രിമാരെയും ഇക്കാലത്ത് കാണാനില്ല.

ഇടുക്കി ജലസേചന പദ്ധതിയും അതുപോലെയുള്ള വൻകിട പദ്ധതികളും അക്കാലത്തു ആസൂത്രണം ചെയ്തു നിമ്മിച്ചപ്പോൾ ഒരുപക്ഷെ ഈ പദ്ധതികൾ  കേരളത്തിന് ദീർഘകാലത്തേയ്ക്കുള്ള ആവശ്യങ്ങളുടെ പരിഹാരമാണെന്ന്  കരുതിയിരിക്കണം. അതേസമയം അത്തരം അണക്കെട്ടുകളുടെ ദീർഘകാല ഭാവി എപ്രകാരമായിരിക്കുമെന്ന കാര്യം അന്ന് ആരെങ്കിലും കരുതിയോ എന്നതിനേപ്പറ്റി അറിവില്ല.? കേരളത്തിലെ കാലാവസ്ഥാവ്യതിയാനം, ഉദാ: മൺസൂൺ കാലങ്ങളിൽ കേരളത്തിൽ അത്യധികം നാശനഷ്ടങ്ങൾ സൃഷ്ടിച്ചു കൊണ്ടു മഴയും വെള്ളപ്പൊക്കവും ഉണ്ടാകുന്നു. ഡാമുകൾ തകരുമോയെന്ന ഭയവും ജനങ്ങളെ വിഷമത്തിലാക്കുന്നു. കഴിഞ്ഞനാളുകളിൽ ഏറെക്കാലം മുല്ലപ്പെരിയാർ ഡാ0 തകരുമെന്ന് പ്രഖ്യാപിച്ചു വിവിധരാഷ്ട്രീയനേതാക്കളും ജനങ്ങളും സമരം ചെയ്ത സംഭവം നാം ഓർമ്മിക്കുന്നു. ഇത്തവണയുണ്ടായ പെരുമഴ കൊണ്ടുവന്ന ജലപ്രളയം എത്രമാത്രം ദുരന്തം വിതച്ചുകൊണ്ടാണ് തുടരുന്നത്? ഇത് ജനങ്ങളിൽ അപകടങ്ങളുടെ വിഭ്രാന്തി ഉണ്ടാക്കി. അപ്പോൾ മനുഷ്യനിർമ്മിതമായ ഡാമുകൾ ഇത്തരം കാലാവസ്ഥയെ എത്രകാലങ്ങൾ അതിജീവിക്കുമോയെന്ന ഭയം പൊതുജനങ്ങളിൽ ഉണ്ടായത് അസ്ഥാനത്തല്ല. വൻദുരന്തങ്ങളെ വിളിച്ചുവരുത്താത്ത  മനുഷ്യോപകാരപ്രദമായ ചെറിയ അണക്കെട്ടുകൾ നിമ്മിച്ചു ഏറെ ജലസേചനപദ്ധതികൾ ചെയ്യുന്നതായിരുന്നു കേരളത്തിന്റെ പ്രകൃതിക്ക് യോജിച്ചത്. കേരളത്തിൽ വിവിധഭാഗങ്ങളിൽ അണക്കെട്ടുകളും ചെറുകിട വെദ്യുതി സ്റ്റേഷനുകളും കാർഷികാവശ്യങ്ങൾ ക്കുള്ള ജലസേചനപദ്ധതികളും നിർമ്മിക്കാൻ വേണ്ടി കേരളസർക്കാരും, സാങ്കേതിക വിദഗ്ധരുമെല്ലാം ഇനിയെങ്കിലും ചിന്തിക്കേണ്ടതാണ്. ഇപ്രകാരം അനേകം ചെറിയ ചെറിയ ജലസേചനപദ്ധതികൾ കൃഷിക്കും വൈദ്യുതി നിർമ്മാണത്തിനും കുടിവെള്ളവിതരണത്തിനും ഉപകരിക്കാൻ വേണ്ടി ചൈനീസ് സർക്കാർ നടത്തുന്ന മഹത്തായ മാതൃക അനുകരണീയമാണ്. ദുരന്തങ്ങളേപ്പറ്റിയുള്ള ആശങ്ക ജനങ്ങളിൽ ഉണ്ടാവുകയുമില്ല. 

ജീവിതസാഹചര്യത്തിന്റെ പ്രമാണം.

ഇത്തരം വലിയ വിവിധതരം പദ്ധതികൾ നിർമ്മിച്ച് ജനങ്ങൾക്ക് തൊഴിൽ നൽകുന്നതിന് അനുയോജ്യമായ പ്ലാനുകളും ആശയങ്ങളും ഇക്കാലങ്ങളിൽ ഭരിക്കുന്ന സംസ്ഥാന സർക്കാരുകൾക്ക് ഇല്ലതാനും. വിദ്യാഭ്യാസം സിദ്ധിച്ച യുവജനങ്ങൾ ഭാവിജീവിതം സുരക്ഷിതമാക്കുവാൻ തൊഴിലിനു വേണ്ടി ജന്മദേശമായ കേരളം വിട്ടു മറുനാടുകളിൽ പോകേണ്ടതായ അവസ്ഥയാണ് നിലവിലുള്ളത്. കേരളത്തിൽ മനുഷ്യജീവിതം ഇന്നത്തേക്കാൾ  ഏറെയേറെ സുരക്ഷിതമായിരുന്നു. അപ്രകാരം ഒരു ജീവിതസാഹചര്യം ഇക്കാലത്തു സ്വപ്നതുല്യമായിരിക്കുന്നു. കേരളത്തിൽ നടക്കുന്ന ക്രിമിനൽ കുറ്റങ്ങൾ- നിത്യവും നടക്കുന്ന ഓരോ കൊലപാതകങ്ങൾ, മോഷണം, റോഡപകടങ്ങൾ, സ്ത്രീപീഡനങ്ങൾ, സർക്കാർ ഓഫീസു ചുറ്റി നടക്കുന്ന അഴിമതിക്കഥകൾ, നിത്യസംഭങ്ങളാണ്. ഓരോ രാഷ്ട്രീയപാർട്ടികൾ പൊതുനിരത്തിലിറങ്ങി സാമൂഹ്യജീവിതം ദുഷ്ക്കരമാക്കുന്ന ഹർത്താലുകൾ, ബന്ദുകൾ, രാഷ്ട്രീയ കൊലപാതകങ്ങൾ, ഇങ്ങനെ പലത് കൊണ്ടും കേരളത്തിൽ നിലവിലുള്ള സാമൂഹ്യജീവിതം വിഷമകരമാണ്. പ്രവാസിയായി   ജീവിതം നയിക്കേണ്ടി വരുന്ന ഇന്ത്യാക്കാരന്റെ ഐഡൻറ്റിറ്റി അംഗീകരിക്കുകയില്ലാത്ത നമ്മുടെ സർക്കാരും രാഷ്ട്രീയവർഗ്ഗവും, ഓരോരോ മതങ്ങളെയും, പുരാണങ്ങളെ യും, കൊട്ടിഘോഷിച്ചു ആശ്ലേഷിച്ചു നടത്തപ്പെടുന്ന അന്ധവിശ്വാസങ്ങളിൽ  മത അസഹിഷ്ണുതയുടെ തേർവാഴ്ച നടത്തുന്നുണ്ട്., ഇങ്ങനെ ഇന്ത്യയെയും , കേരളത്തെയും ലോകരാജ്യങ്ങളുടെ മുമ്പിൽ അവഹേളിതരാക്കപ്പെട്ട ഒരു അപരിചിത ജനസമൂഹത്തെയാണ് നമ്മെയെല്ലാം ഉൾക്കൊള്ളുന്ന ലോകം  ഇന്ന് കാണുന്നത്. 

ഇപ്പോൾ പ്രകടമായിട്ട് കാണാവുന്നതിതാണ്: ഇന്ത്യയുടെ പൊതുസാമ്പത്തിക വളർച്ചയിലും നമുക്ക് അത്രയേറെ അഭിമാനിക്കാൻ തക്ക പ്രത്യേകമായിട്ട് ഒന്നുമില്ല. ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തികശക്തിരാജ്യങ്ങളായ അമേരിക്ക, യൂറോപ്യൻ രാജ്യങ്ങൾ- ജർമ്മനി, അതുപോലെ, ജപ്പാൻ, ചൈന എന്നീ രാജ്യങ്ങളെക്കാൾ വളർച്ചയിൽ ഇന്ത്യ വളരെയേറെ പിറകിലാണെന്നു ഓരോരോ രാജ്യങ്ങളുടെ സ്വതന്ത്രമായ എക്കണോമിക്സ് പഠനങ്ങളുടെ സൂക്ഷ്മ നിരീക്ഷണത്തിൽ നിന്നും വ്യക്തമാകുന്നുണ്ട്. അതുപക്ഷേ ഇന്ത്യയുടെ പൊതുസാമ്പത്തിക ഭാവിസ്ഥിതിയെപ്പറ്റി വീമ്പിളക്കുന്ന രാഷ്ട്രീയ- ഭരണ നേതൃത്വങ്ങളുടെ പ്രസ്താവനകളിൽ മറ്റൊരു പ്രതിരൂപം സൃഷ്ടിക്കുകയാണ് ചെയ്തുവരുന്നത്. കേരളത്തിലെ ജനങ്ങളുടെ സാമൂഹ്യ- സാമ്പത്തിക ജീവിത സുരക്ഷാ കാര്യങ്ങൾ- ഉദാ: കേരളത്തിലെ തൊഴിൽ മേഖല, സർക്കാരിന്റെ പൊതുജനകാര്യ സേവന വ്യവസ്ഥിതികൾ, കാർഷികമേഖലയിലെ തകർച്ച, ജീവിതരീതിയും സുരക്ഷിതത്വവും, സ്ത്രീസ്വാതന്ത്ര്യവും അവകാശങ്ങളും സുരക്ഷിതത്വവും, ക്രിമിനലുകളുടെ തേർവാഴ്ച, പൊതുജനങ്ങളുടെ മേൽ നടത്തപ്പെടുന്ന അവകാശനിഷേധം, ജനവിരുദ്ധ സാമ്പത്തിക ബജറ്റുകളുടെ നടപ്പിലാക്കൽ, അനാവശ്യ നികുതി വർദ്ധനവ്, സർക്കാർഓഫീസുകളിലെ അഴിമതികൾ, പൊതുജനാരോഗ്യരാഷ്ട്രീയത്തിലെ ക്രമക്കേടുകൾ എന്നിവ മുതൽ ഓരോ വിഷയങ്ങളിലും മലയാളിയുടെ മതിഭ്രംശം വന്ന വികലമായ ചിന്താരീതികൾക്ക് മാറ്റങ്ങൾ വരുത്തുവാൻ  ഇക്കാലത്തും സാധിച്ചിട്ടില്ല., ഒരു മാതൃകാ സാംസ്കാരിക ജീവിത ശൈലിക്ക് അനുയോജ്യമായ വിധത്തിലുള്ള ചിന്താരീതിയെ കേരളത്തിൽ  വളർത്തിയെടുക്കാൻ ഓരോ മലയാളിക്കും ബാദ്ധ്യതയുണ്ട്. പൊതുവായ സാമൂഹ്യ സുരക്ഷയും വ്യക്തിസുരക്ഷയും ഉറപ്പാക്കാത്ത നമ്മുടെ രാജ്യത്തെ ഒരു ജുഡീഷ്യറി സംവിധാനത്തിൽ പോലും വിശ്വാസ്യത നഷ്ട്ടപ്പെട്ടു കഴിഞ്ഞു. സമാധാനപരമായ ഒരു ജീവിതം കേരളത്തിൽ ഇപ്പോഴില്ല, സമീപകാലത്ത് ഒട്ടു പ്രതീക്ഷയ്ക്ക് വകയുമില്ല.

മാനുഷികബന്ധങ്ങൾ 

കേരളീയരുടെ ജീവിതശൈലിയും സ്വന്തം ജീവിത സംസ്കാരത്തെപ്പറ്റിയുള്ള ഓരോരുത്തരുടെയും ചിന്താഗതിയും സാമൂഹികജീവിതത്തിൽ പൊതുവെ ആവശ്യംവേണ്ട പെരുമാറ്റശൈലിയുമെല്ലാം, ഇന്ന് പുത്തൻ തലമുറകൾക്ക് തീരെ അപരിചിതമാണ്. മുൻകാലങ്ങളിൽ കണ്ടിട്ടുള്ള മാനുഷികമായിട്ടുള്ള ആത്മാർത്ഥതയും പരസ്പര വിശ്വാസത്തിൽ ഉറച്ച മാനുഷികബന്ധങ്ങളും ഒന്നുമില്ലാതെ, സ്വാർത്ഥതയ്ക്കും അവനവനിസത്തിനും മാത്രം മുൻ‌തൂക്കം നല്കുന്ന ഒരു സമൂഹമായി മലയാളികൾ മാറിപ്പോയി. മനുഷ്യമനസ്സുകളിൽ ഉണ്ടായിരുന്ന പരസ്പരവിശ്വാസത്തിൽ അടിയുറച്ച സ്നേഹവും, പരസ്പരമുള്ള ആശ്രയവും സഹകരണമനഃസ്ഥിതിയും കേരളസമൂഹത്തിൽ എക്കാലവും സാധാരണ നിലനിന്നിരുന്ന അയൽബന്ധങ്ങളും മാത്രമല്ല, കുടുംബങ്ങളിലും കുടുംബാംങ്ങളിലും നിലനിന്നിരുന്ന ഏതൊരു സമ്പർക്കവും, സഹകരണ പരസ്പ്പരസഹായ പ്രതീക്ഷകളും ഇക്കാലത്തു നഷ്ടപ്പെട്ടിരിക്കുന്നു. ഇത്തരം കാര്യങ്ങളെപ്പറ്റിയും പൊതുജനങ്ങളിൽ നിന്നുള്ള പഴയ കാഴ്ചപ്പാടുകൾക്ക് കുറഞ്ഞ പ്രാധാന്യമാണ് മലയാളിയുടെ ഓരോരോ കുടുംബങ്ങളിലും നിന്നും നൽകാൻ കഴിയുന്നത്. പഴയ മലയാളികളുടെ സമൂഹത്തിലെന്നും പരസ്പരം ഉണ്ടായിരുന്ന നല്ല ഹൃദയപൂർവ്വമായ യാതൊരു മാനുഷികപ്രതിബദ്ധതകളും ഇക്കാലത്ത് കാണ്മാനില്ല, തീർത്തും കുറഞ്ഞുപോയി.

ഇതിനെല്ലാം നിരവധി കാരണങ്ങൾ നമുക്ക് കാണാൻ കഴിയുന്നുണ്ട്. മനുഷ്യ സമൂഹത്തിലെ ദൈനംദിന സ്വകാര്യജീവിതത്തിലെ പരമപ്രധാനമായിട്ടുള്ള അടിസ്ഥാന ആവശ്യങ്ങളേക്കാൾ അതിലേറെ പ്രാധാന്യം കൊടുക്കുന്നത്, സമൂഹത്തിൽ രാഷ്ട്രീയപാർട്ടികളുടെ നിലനിൽപ്പിനും നേതൃത്വങ്ങളുടെ സ്വന്തമായിട്ട് കെട്ടിപ്പൊക്കിയ വ്യക്തിസ്വകാര്യതാല്പര്യങ്ങളുടെയും മികച്ച പ്രചാരണവുമാണ് ഒരു വശത്ത്. മറുവശത്തു വൈവിധ്യം നിറഞ്ഞ പൊതു സമൂഹവും മതവും മതനേതൃത്വങ്ങളുടെ താൽപ്പര്യങ്ങളും കാണാം. 1956-ൽ കേരളസംസ്ഥാനരൂപീകരണം നടന്നതുമുതൽ കേരളത്തിൽ അന്ന് മുതൽ പ്രവർത്തിച്ച രാഷ്ട്രീയപാർട്ടികളുടെ പ്രവർത്തനശൈലികൾ ഇന്നത്തെ യുവതലമുറകൾ ഏറെ മനസ്സിലാക്കിയില്ല. അതിനുമുമ്പ് രാജഭരണകാലം എങ്ങനെയായിരുന്നു?, മലയാളികളുടെ ജീവിതനിലവാരവും സാമൂഹിക സംസ്കാരവും എന്തായിരുന്നെന്നുമുള്ള ഓരോ കാര്യങ്ങൾ ചരിത്രമായി മാറി. ചരിത്രം മാത്രമല്ല ഇന്നത്തെ ജനസമൂഹത്തിനാവശ്യം. അനുഭവസമ്പത്തുകൾ  നമ്മുടെ മാനസികപരിവർത്തനത്തിനു കൂടുതലേറെ പ്രയോജനപ്പെടുവാൻ ഉപകരണമാക്കണം. അനുഭവസമ്പത്തിന്റെ അഭാവമാണ് ഇന്ന് ഭരിക്കുന്നത്. ഇന്നത്തെ പൊതു രാഷ്ട്രീയ സാമൂഹിക ആത്മീയ സംസ്കാരത്തിന് മുമ്പിൽ നേതൃത്വങ്ങളിൽ വന്നിരിക്കുന്നവരുടെ വലിയ കുറവ് അത് തന്നെയാണ്. ഭരണനിർവഹണത്തിൽ കേരളം ഇപ്പോൾ ഒന്നാമതാണെന്ന ഇപ്പോഴത്തെ നിരീക്ഷണ ഫലത്തെപ്പറ്റി സർക്കാരിന്റെ അവകാശവാദം പൊതുജനങ്ങൾ എപ്രകാരം മനസ്സിലാക്കണം? കേരളത്തിലെ പൊതുജീവിതനിലവാരവും മറ്റു സാമൂഹ്യ സാമ്പത്തികകാര്യങ്ങളും, ഉന്നതവിദ്യാഭ്യാസം, യുവജനങ്ങളുടെ തൊഴിലില്ലായ്‌മയും, ഇത്തരം സാമൂഹ്യാവശ്യങ്ങളെല്ലാം ഏറ്റവും താഴ്ചയുടെ അടിത്തട്ടിലെത്തി നിൽക്കുമ്പോഴും, അധികാരിവർഗ്ഗങ്ങളുടെ ഇത്തരമുള്ള കൊട്ടിഘോഷത്തിൽ തെറ്റുകളുണ്ടായിരിക്കുന്നു എന്ന് കാണാൻ കഴിയുന്നു. അതവർക്ക് സ്വയം മനസ്സിലാക്കാൻ കഴിഞ്ഞില്ല. ദൈനംദിന ജീവിതം നയിക്കുവാൻ വേണ്ടി പണം സമ്പാദിക്കുവാൻ ഓരോ മലയാളി കേരളത്തിന് പുറത്തേയ്ക്ക് പോകേണ്ടിവരുന്ന കാലക്കേടെന്നതിനെ വിശേഷിപ്പിക്കാം.

ഈയൊരു അറിവ് വച്ച് തെറ്റുകളെ അതിജീവിക്കുവാൻ നമ്മുടെ സാമൂഹ്യ-പൊതുജീവിതസാഹചര്യങ്ങളിലെ കുറവുകൾ അനുഭവ പരിജ്ഞാനത്തിൽ നിന്നും മാത്രമുള്ള വിവേകപൂർണ്ണമായ തീരുമാനങ്ങളിൽ മാതമേ അവയ്ക്ക് അടിസ്ഥാനപരിഹാരം ഉണ്ടാക്കുവാൻ കഴിയുകയുള്ളു. ഒറ്റനോട്ടത്തിൽ രാഷ്ട്രീയപ്രവർത്തകരിലേറെപ്പേർക്കും ഇത്തരം കാര്യങ്ങളിൽ അറിവോ അഥവാ അനുഭവങ്ങളിൽ കൂടുതൽ മനസ്സിലാക്കാനോ അവസരങ്ങൾ ഏറെ ലഭിച്ചിട്ടില്ല. ഇവർ അക്കാര്യങ്ങൾ അന്വേഷിക്കുന്നുമില്ല. യാഥാർത്ഥ്യങ്ങൾ ഇതാണ്. സാമൂഹ്യകാര്യങ്ങളിലും കാർഷിക- ധനവിനിമയസംബന്ധമായ നിരവധി കാര്യങ്ങളിലും മറ്റും ആവശ്യമായ അറിവില്ലാതെ തീരുമാനങ്ങൾ എടുക്കുന്നത്, ഒരു തെറ്റാണ്, വിവേകപൂർണ്ണമായിട്ടുള്ള  തീരുമാനങ്ങൾക്ക് അനുഭവജ്ഞാനം അനിവാര്യമാണ്. മത- ആത്മീയമണ്ഡലങ്ങളിലെ അന്ധ വിശ്വാസ ആചാരങ്ങളിൽ ജനങ്ങളെ കൂട്ടിക്കുഴയ്ക്കുന്ന ഒരു സമൂഹമായി മലായളികൾ മാറിത്തുടങ്ങി. വിവേകപൂർണ്ണമായ, ശരിയായ മതാത്മകമായ ആത്മീയതയാണാവശ്യമായത്.

അനുഭവ ജ്ഞാനം രാഷ്ട്രീയത്തിൽ 

ഒരാൾ രാഷ്ട്രീയത്തിൽ എന്നും ആത്മാർത്ഥമായി പ്രവർത്തിക്കാൻ വേണ്ടി ആഗ്രഹിക്കുന്നെണ്ടെങ്കിൽ, തൊഴിൽപരമായ ഒരു പ്രത്യേക പ്രായോഗിക പരിശീലനം അയാൾക്ക് ഉണ്ടായിരിക്കണം. പഠിച്ചിട്ടുള്ള പ്രത്യേക തൊഴിൽ കുറേക്കാലം എങ്കിലും ചെയ്തിട്ടുള്ളയാളുമായിരിക്കണം. അയാൾ ഭാവിയിൽ ഏതെങ്കിലും ഒരു പ്രത്യേക വിഷയത്തിൽ വിദഗ്ദ്ധ സേവനം ചെയ്യുന്നതിന് ആഗ്രഹിക്കുന്നുവെങ്കിൽ, അറിഞ്ഞിരിക്കേണ്ടതായ അടിസ്ഥാന തൊഴിൽ നിയമതത്വങ്ങളുമെല്ലാം അറിഞ്ഞിട്ടുള്ളയാൾ ആയിരിക്കണം. ഒരാൾ കേരള രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ, അയാൾക്ക് കേരളത്തിന്റെയും, ഇന്ത്യയുടെയും, അതുപോലെ അയൽസംസ്ഥാനങ്ങളു ടെ ചരിത്രങ്ങളും അറിയുന്ന ആളായിരിക്കണം. അയാൾക്ക് കുറഞ്ഞപക്ഷം ഏതെങ്കിലും ഒരു പ്രത്യേക തുറയിൽ പ്രവർത്തിക്കാൻ വേണ്ട  സാങ്കേതിക മായ പ്രത്യേക വൈദഗ്ദ്ധ്യം ഉള്ളവനായിരിക്കണം. സമർത്ഥനായ സ്‌കൂൾ അദ്ധ്യാപകനാകണമെങ്കിൽ, ഒരു നല്ല ഡോക്ടർ ആയി ചികിത്സാരംഗത്ത് ജോലിചെയ്യണമെങ്കിൽ, ഒരു നല്ല എഴുത്തുകാരനാവണമെങ്കിൽ, കുറഞ്ഞത് കുറെയധികം കാര്യങ്ങളിൽ  അടിസ്ഥാനഉൾക്കാഴ്ചയും ധാരണാശക്തിയും ഉണ്ടായിരിക്കണം. അപ്രകാരം യോഗ്യതയ്ക്കുള്ള മതിയായ ഒരു അടിസ്ഥാന മുൻധാരണ വ്യക്തിക്കുണ്ടായിരിക്കണം. കാരണം, രാഷ്ട്രീയപ്രവർത്തകന് വ്യത്യസ്തപ്പെട്ട പൊതുജനകാര്യങ്ങൾ ഏറെ വിഷമകരമായ വിഷയങ്ങളാണ്. രാഷ്ട്രീയക്കാരിലേറെപ്പേരും ധനവിനിമയസംബന്ധമായ വിഷയങ്ങളിൽ കാഴ്ചപ്പാടില്ലാത്തവരാണ്. കാരണം, ധനവിനിമയശാസ്ത്രം സങ്കീർണ്ണമാണ്, സമ്പത്ത് വ്യവസ്ഥയെ തിരിച്ചറിയുന്നതിനും മനസ്സിലാക്കുന്നതിനും അവ ബന്ധപ്പെട്ടു കിടക്കുന്ന ഫലദായകത്വവും ഏറെ വിഷമമുള്ള കാര്യങ്ങളാണ്. ധനവിനിമയസംബന്ധമായ കാര്യങ്ങളിൽ രാഷ്ട്രീയക്കാർക്കുള്ള കുറഞ്ഞ അറിവുപോലെ വിവിധ മേഖലകളിലെ നേതൃനിരയിൽ പ്രവർത്തിക്കുന്ന പലർക്കും വിഷമകരമായതാണ് സാമ്പത്തിക വിഷയം. എന്നാൽ ചിലരുടെ വ്യക്തിതല താൽപ്പര്യങ്ങളിൽ ഇത്തരം കാര്യങ്ങളിൽ പ്രാവീണ്യം നേടാൻ ശ്രമിക്കുന്നവരുമുണ്ടെന്നത് വസ്തുതയാണ്.

കേരളസംസ്ഥാനത്തിന്റെ അഥവാ ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ മൊത്തം ഭരണമേന്മയെപ്പറ്റിയും, സമൂഹമാദ്ധ്യമങ്ങളിലും ഭരണനേതൃതലത്തിലും പരസ്യപ്രഖ്യാപനം ചെയ്തിട്ടുള്ളതായ പൊതുജനങ്ങളുടെ നിത്യ പ്രശ്നങ്ങളും, അഭിപ്രായങ്ങളും, ശ്രദ്ധകേന്ദ്രീകരിക്കലും, ഭരണവിരുദ്ധ വിമർശനങ്ങളും, ഒറ്റയ്‌ക്കൊറ്റയ്ക്കുള്ള സാമ്പത്തിക- ധനവിനിമയ കാര്യങ്ങളും അതല്ലെങ്കിൽ മറ്റു ദുരവസ്ഥകളെപ്പറ്റിയും ആണ് മിക്കപ്പോഴും നാമെല്ലാം കേൾക്കുന്നത്. അതിലൂടെ പരസ്പരബന്ധമുള്ളതും അന്യോന്യം ആശ്രയിക്കപ്പട്ട ഓരോരോ കാര്യങ്ങളിലുള്ള വീക്ഷണം, കുറഞ്ഞപക്ഷം അതിനൊക്കെ അപ്പുറമാണ് എന്നകാര്യം ഇപ്പോൾ മലയാളികൾക്ക് അപ്രസക്തമാണ്. പ്രത്യേകിച്ച് നമ്മുടെ സ്വന്തം രാജ്യത്തെ ധനകാര്യവിഷയങ്ങളിൽ, സാമ്പത്തികവികസനരംഗത്ത്, ഉണ്ടാകേണ്ട വികസനപ്രവർത്തനങ്ങൾ അപ്പാടെ അവഗണിച്ചിരിക്കുകയാണ്
. ഇക്കാര്യം വിശദീകരിക്കുന്നത്‌ പ്രത്യേക പ്രസിദ്ധീകരണങ്ങളിൽ മാത്രം, നമുക്കെല്ലാം വായിക്കാം, കാണാം. അതുപക്ഷേ, അവയെ മനസ്സിലാകുന്നത് വിദഗ്ധന്മാർക്ക് മാത്രമാണ്.

രാജ്യത്തിന്റെ ബജറ്റ് 

രാജ്യത്തിന്റെ വരവ് ചെലവ് സംബന്ധിച്ചകാര്യം, ചുരുക്കത്തിൽ പറഞ്ഞാൽ ബജറ്റ്, താരതന്മ്യേന എളുപ്പത്തിൽ വെളിപ്പെടുത്തുന്നത് രാഷ്ട്രീയക്കാരാണ്. അല്ലാതെ ഒരു സാധാരണ കുടുംബനാഥനല്ലല്ലോ. അത്രയ്ക്കുള്ള അടുത്ത പരസ്പരബന്ധം, രാജ്യത്തിന്റെ ബജറ്റും പൊതുസാമൂഹ്യഉത്പാദന അളവും പൊതുജനങ്ങളുടെ വരുമാനവും, ബോദ്ധ്യപ്പെടുന്നത് അത്ര ഇഷ്ടമുള്ള കാര്യം അല്ല. പ്രത്യേകിച്ച്, ഒരു സ്പെഷ്യൽ വിഭാഗത്തിൽമാത്രം വൈദഗ്ധ്യമുള്ളവർ എക്കാലവും അവരുടെ സ്വന്തമായ കാഴ്ചയിലുള്ള കാര്യങ്ങൾ ചേർക്കുവാൻ ബജറ്റിൽ ഉന്നം വച്ചവരായി കാണപ്പെടുന്നുണ്ട്. കാരണം, സ്പെഷ്യലൈസ് ചെയ്തിട്ടുള്ള വിഷയത്തിൽ മാത്രമല്ല, രാജ്യത്തിന്റെ സാമ്പത്തികകാര്യ ബജറ്റ് തയ്യാറാക്കുന്ന ധനകാര്യമന്ത്രിയുടെ സ്വകാര്യതാൽപ്പര്യത്തിനാണ് അപ്പോൾ എക്കാലവും മുൻ‌ തൂക്കം, അഥവാ അവരുടെ വ്യക്തിതാൽപ്പര്യങ്ങൾക്കുള്ള നിഗൂഡമുൻ‌തൂക്കം നൽകുന്ന ബജറ്റ്‌ അവതരണത്തിന് പ്രാധാന്യം, നൽകും. ഇത്തരം അനുഭവങ്ങൾ കേരള നിയമസഭാസമ്മേളനത്തിൽ നടന്നകാര്യങ്ങൾ നാം ഓർമ്മിക്കുന്നുണ്ടല്ലോ.

കേരളം ഭരിക്കുന്ന മന്ത്രിമാരുടെ കാഴ്ചപ്പാടിൽ കേരളത്തിന്റെ സാംസ്കാരിക ആഘോഷമായ ഓണം ആഘോഷിക്കണം. സർക്കാരിന്റെ ഖജനാവ് കാലി യാണത്രെ.  5400 കോടി രൂപ കടമെടുത്തു പോലും കെങ്കേമമാക്കണമെന്നാണ് തീരുമാനം. ഈ നടപടിതന്നെ പകൽ വെളിച്ചം പോലെ, കേരളത്തിന്റെ സാമ്പത്തിക വികസനത്തിന്റെ ദയനീയ തകർച്ച, കൺമുന്നിൽത്തന്നെ യാഥാർത്ഥ്യമാവുകയാണ്. കേരളത്തിൽ  ഇപ്പോൾ മൺസൂൺ  മഴക്കാലത്ത് ജലപ്രളയദുരന്തത്തിൽ മുങ്ങിക്കിടക്കുന്നു. ജനങ്ങൾക്ക് മഹാദുരിതങ്ങൾ വരുത്തിക്കൊണ്ടുള്ള ദുരന്തം. കേരളത്തിന്റെ ചരിത്രത്തിൽ വെള്ളപ്പൊക്ക ദുരന്തത്തെപ്പറ്റി ജനങ്ങൾക്കുള്ള പുരാണകഥ പറയാനുള്ളത്, ' 99-ലെ മഴ വെള്ളപ്പൊക്കം' മാത്രമാണ്. അന്നത്തെ സ്ഥിതിയും ഇന്നത്തെ സ്ഥിതിയും സമാനമല്ല. രാജ്യം തകർന്നു കിടക്കുന്ന അവസ്ഥയാണ്. ഇങ്ങനെയൊരു മഹാദുരന്ത അവസ്ഥയുടെ നടുവിൽ ഓണാഘോഷത്തിന് എന്ന് പറഞ്ഞു അയ്യായിരം കോടി കടമെടുത്തു ജനങ്ങളെ വീണ്ടും മഹാകഷ്ടത്തിലാക്കുന്ന സർക്കാർ നടപടി തികച്ചും വിവേകപരമല്ല. ഈ തുക ജലപ്രളയദുരന്തത്തിന് പരിഹാരം കാണാനുള്ള നടപടിക്ക് വിനിയോഗിക്കുക. ജനങ്ങൾക്ക് അത് മനസ്സിലാകും. ഇപ്പോൾ കടമെടുത്ത തുക സർക്കാർ എങ്ങനെ തിരിച്ചു വീട്ടും , എവിടെനിന്നും ഈ പണമുണ്ടാക്കും? അതെ, കേരളത്തിലെ സർക്കാർ ജീവനക്കാർക്ക് ഓണം പൊടിപൊടിക്കണമല്ലോ.! ഇത്തരത്തിലുള്ള വമ്പൻ സാമ്പത്തികരാഷ്ട്രീയം തികച്ചും ഒരു രാജ്യത്തിനു ചേർന്നതല്ല എന്ന വിശാല തിരിച്ചറിവ് രാഷ്ട്രീയക്കാർക്ക് ഇല്ലാതെ വന്നു. പാവപ്പെട്ടവനും കർഷകനും കുമ്പിളിൽ കഞ്ഞിയും! സാധാരണക്കാരനിൽ നിന്നും സർക്കാർ എടുത്ത കടം വീട്ടാൻ നിയമസഭയും മന്ത്രിസഭയും നിയമം തീരുമാനിക്കും. അതാണ് നികുതിവർദ്ധനവ്! ഒരു പഴഞ്ചൊല്ല് യാഥാർത്ഥ്യമാവുകയാണ്, "കാണം വിറ്റു ഓണം ആഘോഷിക്കണം". ഇത്, കേരളസർക്കാരിന്റെ ജനകീയരാഷ്ട്രീയക്കാരുടെ സ്വന്തം താൽപ്പര്യമാണ്. എന്നാൽ മലയാളി ജീവിക്കുന്നത് ഇപ്പോഴും അന്യനാടിന്റെ കാരുണ്യം പറ്റിക്കൊണ്ടുതന്നെ!

2018 കേരളത്തിന്റ ചരിത്രത്തിലെ അപൂർവമായിട്ടുള്ള  ചില സംഭവങ്ങളിൽ രേഖപ്പെടുത്തിയ അപൂർവ്വമായ ജലപ്രളയം ആയിരുന്നു. കുട്ടനാടൻ പ്രദേശം മാത്രമല്ല, കേരളം മുഴുവൻ ജലപ്രളയത്താൽ മുങ്ങിപ്പോയി. ജനകോടികൾ ജലപ്രളയത്തിന്റെ മഹാദുരന്തത്തിലേയ്ക്ക് വീണു. എന്നിട്ടും  ജനങ്ങളുടെ അടിയന്തിര ആവശ്യങ്ങളിൽ ആവശ്യമായ നടപടിക്ക്പോലും സർക്കാരിന് പണമില്ല! അതിനു കേന്ദ്രസർക്കാർ കളത്തിലെത്തി പണം കൊടുക്കണം, അതുവരെ സുരക്ഷാനടപടികളെടുക്കുവാൻ കേരളസർക്കാർ അപ്രാപ്തരാണ്. എന്നാൽ ഓണം, അക്കാര്യം വേറെ, അതിനു കോടികൾ കടം എടുക്കാം. കുട്ടനാട്ടിൽ മാത്രമല്ല, കേരളത്തിന്റെ അനേകം പ്രദേശങ്ങളിൽ താമസിക്കുന്ന ജനങ്ങൾക്ക് ഈ വർഷത്തെ മഴക്കാലത്ത് കുടിവെള്ളം പോലും ലഭിച്ചില്ല. ഇതിനു മറുപടിയായി കേരളത്തിലെ ഒരു പാർലമെന്റ് മെമ്പറുടെ ആഹ്വാനം ഇപ്രകാരമായിരുന്നു: "ജലപ്രളയത്തിൽ മുങ്ങിയ ജനങ്ങളെ സഹായിക്കാൻ യുവ ജനങ്ങൾ മുന്നോട്ടു വരണമെന്ന്". പശ്ചിമ ജർമ്മനിയിൽ കാലങ്ങൾക്ക് മുമ്പ് ഹാംബുർഗ്ഗിലുണ്ടായ ജലപ്രളയത്തിൽ രക്ഷാപ്രവർത്തനങ്ങൾ ചെയ്യാൻ ജർമ്മൻ ഭരണഘടനയെപ്പോലും അവഗണിച്ചു അന്നത്തെ ഹാംബുർഗ്ഗ് ഭരണാധികാരിയും മുൻ ജർമ്മൻ ചാൻസലറുമായിരുന്ന ഹെൽമുട്ട് ഷ്മിറ്റ്‌ ജർമ്മനിയുടെ പട്ടാളത്തെ നിയോഗിച്ച ചരിത്രം ലോകത്തിനു മുഴുവൻ മാതൃകയായിരുന്നു. കേരളത്തിലെ ഒരു ജനപ്രതിനിധിയുടെ അനുഭവജ്ഞാനത്തിന്റെ വലിയ കുറവാണ് ഒരു എം.പി കേരളത്തിലെ ജലപ്രളയ ദുരന്തത്തിൽ ഇപ്രകാരം നടത്തിയ ആഹ്വാനം!!

സാമൂഹ്യരാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്നവർ, വിവിധ ഗതാഗത രാഷ്ട്രീയ വിഷയങ്ങളിൽ പ്രവർത്തിക്കുന്നവർ, പ്രതിരോധത്തിലും, അതുപോലെ ഗവേഷണത്തിലും ,വിദ്യാഭ്യാസ മണ്ഡലങ്ങളിൽ പ്രവർത്തിക്കുന്നവരുമായ ജനപ്രതിനിധികൾ, മന്ത്രിമാർ ഇവരെല്ലാം സാധാരണമായിട്ട് എല്ലായ്പോഴും കൂടുതൽ പണം അവർ ആഗ്രഹിക്കും. കേരളത്തിലെ റോഡ് ഗതാഗതത്തിനു അനേകകോടികൾ മുടക്കി പണിതീർക്കുന്നുണ്ട് . ഇവിടെ കുറെ ചോദ്യങ്ങൾ  ഉദിക്കുന്നു. ഈ റോഡുകൾ ഒരുക്കുന്നത് ഏതുഭരണകൂടത്തിലും  ധനകാര്യ മന്ത്രിയാണല്ലോ അതാത് രാജ്യത്തിന്റെ സാമ്പത്തികവരുമാന ചെലവുകൾ   അതിന്റെ പരിധിയെപ്പറ്റിയുള്ള കൃത്യതാ നിർണ്ണയം ചെയ്യുക. റോഡുകൾ നിമ്മിക്കുന്നതു ജനങ്ങൾക്ക് എത്രമാത്രം പ്രയോജനപ്പെടുന്നുണ്ട്? പുതിയ റോഡുകളാണെങ്കിലും ഇരുവശങ്ങളിലും നടപ്പാതകാളില്ലാതെ ഒരുക്കുന്ന ഓരോ റോഡുകൾ വാഹനമുള്ള ആളുകൾക്ക് മാത്രമേ ഉപകരിക്കുന്നുള്ളൂ. കേരളത്തിൽ നടക്കുന്ന ദൈനംദിന റോഡപകടമരണങ്ങൾ ഇന്ന് ലോക റിക്കാർഡ് ഭേദിച്ചിരിക്കുന്നു. മന്ത്രിമാരുടെയും ജനപ്രതിനിധികളുടെയും അനുഭവജ്ഞാനത്തിലെ അപര്യാപ്തതയാണ് തെളിഞ്ഞുവരുന്ന ഓരോരോ അപകടങ്ങളും! എന്നാൽ ധനകാര്യമന്ത്രിക്ക് മുഖ്യമന്ത്രിഎന്നയാളിന്റെ പിന്തുണയില്ലെങ്കിൽ ധനകാര്യമന്ത്രി മറ്റുപല ആൾട്ടർനേറ്റിവ് അന്വേഷിച്ചു കാണേണ്ടതായി വരും. അതുമല്ലെങ്കിൽ അവസാനം രാജി എന്ന അടിയന്തിര തീരുമാനത്തിൽ എത്തും. ഒരു പ്രത്യേക കാര്യം കാണാൻ കഴിയും. 1956 -ൽ കേരളപ്പിറവി മുതൽ ഇന്നുവരെ കേരളത്തിൽ മുഖ്യമന്ത്രിമാരുടെ ആകെ എണ്ണത്തേക്കാൾ കൂടുതലായിരുന്നു ധനകാര്യമന്ത്രിമാരുടെ എണ്ണമെന്നുള്ള കണക്ക് കാണാം, അതൊരു യാദൃച്ഛിക സംഭവമല്ല.

രാഷ്ട്രീയക്കാരിലേറെപ്പേരും കൂടുതലേറെയും ഇഷ്ടപ്പെടുന്ന മുഖ്യ വിഷയം നികുതിരാഷ്ട്രീയത്തിലാണ്, എന്ന് വളരെ വേഗം നമുക്ക് മനനസ്സിലാക്കാൻ കഴിയുന്നുണ്ട്. രാജ്യത്തിനും പൊതുജനങ്ങൾക്ക് പ്രയോജനപ്പെടുന്നതുമായ ഒരു മാതൃകാബജറ്റ് അവതരിപ്പിക്കുന്നതിനേക്കാൾ വിഭിന്നമായിട്ടുള്ളതു തന്നെ അവരുടെ ഏറ്റം പ്രിയപ്പെട്ട ജനവിരുദ്ധനികുതിരാഷ്ട്രീയത്തിലാണ്. കുറഞ്ഞ വരുമാനമുള്ള ജനങ്ങളുടെമേൽ വർദ്ധിച്ച നികുതിഭാരം നൽകുന്നു, എന്നാൽ അതേസമയം മഴയും വെയിലും ഏശാതെ ഇരുന്നു ദിവസങ്ങൾ എങ്ങനെയോ സമയം ചെലവാക്കുന്ന കേരള സർക്കാർ ഉദ്യോഗസ്ഥരുടെ വരുമാനത്തിന്- ശമ്പളവർദ്ധനവിൽ മുൻഗണന നൽകുന്നുണ്ടല്ലോ. അത് രാജ്യബജറ്റിൽ ഉറപ്പിക്കുന്നു. തെരഞ്ഞെടുപ്പുകൾ വരുമ്പോൾ ലഭിക്കേണ്ട വോട്ടുകൾ നഷ്ടപ്പെടരുതെന്ന തത്വശാസ്ത്രം. ഭാവിയുടെ ഫലമെന്താണെന്നു പ്രവചിക്കാൻ പോലും ജനങ്ങൾക്ക്  കഴിയുകയില്ല. പൊതു തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ സാമ്പത്തിക വരുമാനത്തെപ്പറ്റിയും വരാൻപോകുന്നതായ നികുതി ഇളവിനെക്കുറിച്ചും രാഷ്ട്രീയക്കാർ നടത്തുന്ന തെരഞ്ഞെടുപ്പു പ്രചാരണത്തെ ജനങ്ങൾ വിശ്വസിക്കുന്നു. മുൻ യു. ഡി. എഫ് ഭരണകാലം മുതൽ കേരളത്തിലെ കർഷക സമൂഹം സാമ്പത്തികമായി മുഖംകുത്തി നിലംപതിച്ചു. റബർ-നെൽ കൃഷികൾ കുത്തനെ തറയിൽ നിലംപൊത്തി. എന്ത്കൊണ്ടാണ്, ഭക്ഷണസാധനങ്ങൾക്ക് വേണ്ടി തമിഴ്‌നാടു മുതലുള്ള മറ്റു അയൽസംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടതായിട്ട് വരുന്നത് ?. ഇതായിരുന്നു കഴിഞ്ഞകാല മന്ത്രിസഭകൾ കേരള സംസ്ഥാനത്തിന് വേണ്ടി അവതരിപ്പിച്ച പൊതുസാമ്പത്തിക ബജറ്റുകൾ നൽകിയ അനന്തര ഫലം. കേരളീയർക്ക് പറുദീസാ വാഗ്ദാനം ചെയ്തു അവതരിപ്പിച്ച മുൻ യു. ഡി. എഫ് മന്ത്രി സഭയുടെ ധനകാര്യ ബജറ്റവതരണരംഗം കേരളത്തിൽ മാത്രമല്ല ലോകരാജ്യങ്ങളിൽ ഒട്ടാകെയുള്ള മലയാളികൾ കണ്ടവരാണല്ലോ. പ്രതിപക്ഷം, അതെ ഇന്നത്തെ ഭരണപക്ഷത്തുള്ള ഇടതുപക്ഷ ജനപ്രതിനിധികൾ കൂട്ടമായി ധനമന്ത്രിയുടെ ബജറ്റവതരണം നിഷേധിച്ചുകൊണ്ടു നിയമസഭാഹാളിൽ നടത്തിയിരുന്ന അക്രമപ്രവർത്തനങ്ങൾനടത്തിയത് ചരിത്രമായി. പ്രക്ഷുബ്ധമായ ആക്രമണ കോലാഹലത്തിനിടക്ക് നാടകീയമായി സഭയിൽ നടത്തിയ ഒറ്റവാക്കിലുള്ള പൊതുബജറ്റവതരണം തുടങ്ങിയ കാര്യങ്ങൾ സംസ്ഥാന ചരിത്രത്തിലെന്നും പ്രായോഗികമായി യാതൊരു മാറ്റങ്ങളില്ലാതെ നിലകൊള്ളും. 

മുൻമന്ത്രിസഭയുടെ സാമ്പത്തിക ബജറ്റ് വ്യവസ്ഥകൾ കട്ടായം എതിർത്തവർ ഇപ്പോൾ അതിനെ മടിയിൽ വച്ച് താലോലിച്ചു പ്രവർത്തിപഥത്തിൽ അവയെ അംഗീകരിച്ചു. പ്രതികരണശേഷികുറഞ്ഞ ജനങ്ങൾ അതിനെ കാണുന്നില്ല. പ്രത്യേകിച്ച് പഞ്ചായത്തുകളുടെയും, നഗരസഭകളുടെയും, അതുമാത്രവുമല്ല കോർപ്പറേഷനുകളുടെയും, വില്ലേജ് കളുടെയും വ്യത്യസ്ത തലങ്ങളിലുമുള്ള വിവിധതരത്തിലുള്ള നികുതികാര്യങ്ങളിൽ പൊതുജനങ്ങൾക്ക് അറിവില്ല. ഓരോ വരുമാന- നികുതികാര്യങ്ങളിലെല്ലാം വളരെ കുറഞ്ഞ ഉൾക്കാഴ്ചയാണ് എന്നെന്നുമുള്ളത്. അവയുടെ യഥാർത്ഥ നിഗൂഡസ്വഭാവം മനസ്സിലാക്കാൻ അവർക്കു കഴിയുന്നില്ല എന്നതുതന്നെ. അവയെക്കുറിച്ചു സംസാരിക്കുവാൻ രാഷ്ട്രീയക്കാർക്ക് അതിനാൽത്തന്നെ ഒട്ടുംതന്നെയുള്ള പ്രചോദനവും ഒരു ആകർഷണവുമില്ല, കാരണം, അതിനു വലിയ പ്രസിദ്ധിയില്ല. കേരളത്തിൽ വരുമാന നികുതികാര്യങ്ങളിൽ സർക്കാരിന് വ്യക്തമാക്കേണ്ടതായിട്ടുള്ള ശരികണക്കുകൾ ബോധിപ്പിക്കുന്നതിനുള്ള പ്രത്യേക  നിയമ നിബന്ധനകൾ നൽകുന്നതിൽ കൂടിയ പ്രാധാന്യം നൽകുന്നില്ല, ഏതെങ്കിലും ഉണ്ടെങ്കിൽ അത് വിദഗ്ധരെക്കൊണ്ട് ബോധിപ്പിക്കുന്ന പതിവും തീരെ കുറവാണ്. //- (തുടർച്ച Part II അടുത്ത ലേഖനത്തിൽ -- dhruwadeepti. blogspot.in)
----------------------------------------------------------------------------------------------------------------------

 Browse and share: dhruwadeepti.blogspot.com 

 ഈ  ബ്ളോഗില്‍ പ്രസിദ്ധീകരിക്കുന്ന  അഭിപ്രായങ്ങളുടെയും  ഉത്തരവാദിത്തം അതെഴുതുന്ന  വ്യക്തികള്‍ക്കു മാത്രമായിരിക്കും. സഭ്യമല്ലാത്ത ഭാഷയും  അപകീര്‍ത്തിപ്പെടുത്തുന്ന പദപ്രയോഗങ്ങളും ഒഴിവാക്കുക-

     

ധൃവദീപ്തി  ഓണ്‍ലൈൻ
 
Dhruwadeepti.blogspot.de 
 
for up-to-dates and FW. link Send Article, comments and write ups to :
  DHRUWADEEPTI ONLINE LITERATURE.
Published from Heidelberg, Germany,   in accordance with the European charter on freedom of opinion and press. 
DISCLAIMER:  Articles published in this online magazine are exclusively the views of the authors. 
Neither the editor nor the publisher are responsible or liable for the contents,  objectives or opinions of the articles in any form."
FACE BOOK:  GEORGE Kuttikattu    MOB. + oo49 170 5957371