Dienstag, 30. Januar 2018

ധ്രുവദീപ്തി // Opinion // സ്വന്തം തെറ്റുകൾ തിരിച്ചറിയാത്ത രാഷ്ട്രീയ പ്രവർത്തനം.// George Kuttikattu


ധ്രുവദീപ്തി // Opinion //


സ്വന്തം തെറ്റുകൾ
തിരിച്ചറിയാത്ത 
രാഷ്ട്രീയ പ്രവർത്തനം.
George Kuttikattu

രോ മനുഷ്യനും അവരവരുടെ ജീവിതവഴികളിൽ അവയെ തിരിച്ചറി യുന്നുണ്ട്. ഓരോരുത്തരുടെയും അഭിപ്രായസ്ഥിരീകരണത്തിലെ അളവു കോലും അവയുടെ മാറ്റങ്ങളുടെ പ്രകടനവും കാണപ്പെടാം. എന്നെ പലവിധ ത്തിലുള്ള മാറ്റങ്ങൾക്കും സ്വാധീനിച്ചിട്ടുള്ള നേരിട്ടുള്ള ഇടപെടലുകളും ജർമ്മനിയിൽ ജീവിച്ച ഏതാണ്ട് അരനൂറ്റാണ്ടിന്റെ വിവിധ അനുഭവങ്ങളും സംബന്ധിച്ചു ഞാൻ ഇതിനു മുമ്പ് വിവരിച്ചിട്ടുള്ളതാണ്. എന്നെ വളരെയും സ്വാധീനിച്ചിട്ടുള്ളതും എനിക്ക് പലവിധത്തിലും മാറ്റങ്ങൾക്ക് അതുമൂലം വഴിയൊരുക്കിയതും ആവഴിക്ക് പലതരത്തിൽ എനിക്ക് യാഥാർത്ഥ്യങ്ങൾ വ്യക്തമായി ബോദ്ധ്യപ്പെടുകയും, ഇതിനുമുമ്പ് മനസ്സിലാക്കാത്ത വളരെയ ധികം കാര്യങ്ങൾ പഠിക്കുകയും ചെയ്തിട്ടുണ്ട്. അതുപോലെതന്നെ ഇക്കാലമ ത്രയും നേരത്തെ എനിക്ക് അവ മനസ്സിൽ ചിന്തിക്കാൻ പോലും കഴിയാത്ത അനവധി പുതിയ ചോദ്യങ്ങളും എന്റെ മുമ്പിൽ ഉയർന്നു വന്നു.

ഈ ദിവസങ്ങൾ- അതെ, പുതുവത്സരത്തിലെ ഓരോ പ്രത്യേക ദിവസങ്ങളും ആഴ്ചകളും ഉൾക്കൊണ്ട ദിനങ്ങൾ വളരെയേറെ പ്രധാനപ്പെട്ടതാണ്. നമുക്ക് എല്ലാവർക്കും യഥാർത്ഥത്തിൽ എന്തുകൊണ്ടാണ് ഈ ദിനങ്ങൾ വളരെയേ റെ പ്രധാനപ്പെട്ടതായത് ? നാം ഓരോരുത്തരിലും പുതുശക്തിയുടെ ശോഭയും  ശക്തി പ്രഭാവവും അനുഭവപ്പെടുകയും ചെയ്യുന്നു. കഴിഞ്ഞ വർഷം 2017- ൽ മിക്കപ്പോഴും ചരിത്രപരമായി പറയാറുള്ള ദുരന്തങ്ങളും വളരെ ഏറെ കഷ്ട നഷ്ടങ്ങളും എല്ലാം ലോകമൊട്ടാകെ ഉണ്ടായപ്പോൾ നമ്മുടെ കേരളത്തിലും ഇന്ത്യയുടെ മറ്റുചില പ്രദേശങ്ങളിലും പ്രകൃതിക്ഷോപം മൂലം ജനങ്ങൾ അപ്ര തീക്ഷിതമായി ഭയന്ന് വിറച്ച രാവുകളും പകലുകളും അവർ നേരിൽ അനുഭ വിച്ചു. ഓരോരുത്തനും വൈവിദ്ധ്യം നിറഞ്ഞ ഓരോ അനുഭവങ്ങൾ ഉണ്ടായി ട്ടുണ്ട്. കേരളത്തിൽ അനേകം ജനങ്ങൾ പ്രകൃതി-കടൽ-ക്ഷോപത്തിൽ അക പ്പെട്ടു. അവരിൽ ചിലർ  കടലിൽ അകപ്പെട്ട് എന്നേയ്ക്കുമായി അപ്രത്യക്ഷ മായി. ഇതെല്ലാം ഉണ്ടായപ്പോഴും കേരളസർക്കാരിനും  ഇന്ത്യ ഭരിക്കുന്ന കേന്ദ്ര സർക്കാരിനും ഒരു ഇളക്കവും തട്ടിയില്ല. മോദി സർക്കാർ നടത്തിയ നോട്ടുനി രോധനം ജനങ്ങളുടെമേൽ ആഞ്ഞടിച്ച ഒരു കടൽക്കാറ്റു പോലെ ആഞ്ഞടി ച്ചപ്പോൾ മോദിസർക്കാരും പിണറായി സർക്കാരുമാകട്ടെ  ഇളകിയില്ല, അവ രുടെ സാമ്പത്തികതത്വശാസ്ത്രവും ഒട്ടുമേ ഇളകിയില്ല. 

അതുപോലെ, പിണറായി സർക്കാരിന് മുമ്പുണ്ടായിരുന്ന സർക്കാർ ബജറ്റിൽ പരിഷ്‌ക്കരിച്ച ധനകാര്യബിൽ കൊണ്ടുവന്ന് കേരള കർഷകരെ മുഴുവൻ സാമ്പത്തിക- കാർഷിക തകർച്ചയുടെ നരകത്തിലേയ്ക് തള്ളിവിട്ടു. ധനകാര്യ ബജറ്റ് കേരളത്തിലെ കർഷകജനങ്ങളുടെ ശിരസ്സിലേയ്ക്ക് അഹിതമായ വർദ്ധിപ്പിച്ച നികുതിഭാരവും വച്ചുകെട്ടിയിട്ടും ആരും പ്രതികരിച്ചില്ല. അന്ന് നിയസഭയിൽ അവതരിപ്പിച്ച ധനകാര്യബജറ്റിനെതിരെ ഇന്നത്തെ ഭരണ പാർട്ടിയിലെ ചില മാന്യന്മാരായ   ജനപ്രധിനിധികളുടെ    നഗ്നപ്രകടനങ്ങളും കായിക ശേഷിയും  തെളിയിച്ച ജനപ്രധിനിധികളുടെ ജനസ്നേഹം പ്രദർശി പ്പിച്ചതോ വെറുതെയായി.  അവ തെളിവില്ലാതെ   ഒതുങ്ങിപ്പോയി. അടുത്തു വന്ന തെരഞ്ഞെടുപ്പിൽ അക്കൂട്ടർ കേരളത്തിൽ അധികാരത്തിൽ വന്നു. അതോടെ പ്രതികരണശേഷി ഇല്ലാതെ കർഷകരും കാർഷിക മേഖലയുടെ ഭാവിയും തികച്ചും സ്തംഭിച്ചു. ഭൂമിയുടെ വിൽപ്പന വാങ്ങൽ പ്രക്രിയ കേരള ത്തിൽ  പാടെ തകർന്നു. മാത്രമല്ല, കോൺഗ്രസ് കൂട്ടുകക്ഷികളുടെ  സർക്കാർ വർദ്ധിപ്പിച്ച നികുതിഭാരം ഏറ്റവും മുൻപിൽ ഇപ്പോഴും ഉയർന്നു നിൽക്കുന്നു. ഇതിന് മാറ്റമില്ലാതെ തുടരുന്നു.

 വന്നവഴികൾ ആരും മറക്കരുതല്ലോ. 
 
 
 ജവഹർലാൽ നെഹ്‌റു ഭരണഘടനയിൽ ഒപ്പ് വയ്ക്കുന്നു.

 
സർക്കാരിലേക്ക് നൽകേണ്ട ഭൂമിയുടെ വർദ്ധിപ്പിച്ച കരം, ഗ്രാമങ്ങളിലെ വീടുകൾക്ക്  നൽകേണ്ട വർദ്ധിപ്പിച്ച കരം, വർദ്ധിപ്പിച്ച ഭൂമി രജിസ്‌ട്രേഷൻ ഫീസ്, ഇങ്ങനെ, ജനങ്ങളെ ഏതുതരത്തിലും, വള്ളിയും കയറുമില്ലാതെ കൂച്ചിക്കെട്ടിയിട്ടും ജനങ്ങൾക്ക് മനസ്സിലായില്ല എന്നുവേണം കരുതാൻ. ചില കർഷകരക്ഷാരാഷ്ട്രീയകക്ഷികൾ എന്ന് അവകാശപ്പെടുന്നവർ കർഷക സ്നേഹം ഓർത്ത് വാവിട്ടു നിലവില്ക്കുന്നു! അതേസമയം ഇതിനെല്ലാം കാര ണക്കാരായ  രാഷ്ട്രീയ നേതാക്കൾ പറയുന്നതിങ്ങനെ: സർക്കാർസമ്പത് നില ഇപ്പോൾ കേരളത്തിൽ  അനുകൂലമായി ഭദ്രമാണെന്ന പ്രഖ്യാപനമാണ് ". മുഖ്യ മന്ത്രി വിമാനത്തിൽ പോയി പ്രകൃതിക്ഷോപം മൂലമുണ്ടായ അപകടം നടന്ന പ്രദേശം നോക്കി അന്വേഷിച്ചു ഹെലികോപ്റ്ററിൽ പറന്നു നടന്നു. ഉടനെ ചിലർ വിമർശിച്ചു. മറ്റു ചില പച്ചപ്പുൽതാവളം തേടുന്നവർ മുഖ്യന് പുതിയ തലോടൽ അനുഭവം നൽകി ആശ്ലേഷിച്ചു! ഭരണകക്ഷികൂട്ടായ്മയിൽ താവളം നോക്കുന്ന ചില മറുപക്ഷകക്ഷി രാഷ്ട്രീയനേതാക്കൾ വാനോളം പുകഴ്ത്തി ന്യായീകരിച്ചു അഭിനന്ദിച്ചു. ആർക്കമാർക്കും ഒട്ടു പരാതിയില്ല! ഇക്കാര്യം ആക്കെങ്കിലും എതിർപ്പുകൾ ഉണ്ടെങ്കിൽത്തന്നെ എന്ത്? എന്നാണവരുടെ ഉറച്ച മനോഭാവം! ഇന്നും തിരിച്ചു വരാത്തവരായ കടലിൽ അകപ്പെട്ടു കുറെ മരിച്ചു പോയവരെപ്പറ്റിയോ ഒന്നും സർക്കാരിന്റെ കാഴ്ചപ്പാടിൽ പ്രശ്നമല്ല. കേ രളത്തിലെ തീരദേശവാസികളായ തൊഴിലാളികളെയോ അവരുടെ കുടും ബാംഗങ്ങളെയോ ഭദ്രമാക്കുവാൻ ഇന്ത്യയിലെ ഒരു സർക്കാരിനും, ജന സ്നേഹം ഒഴുക്കി നടക്കുന്ന ഏതെങ്കിലും ജനപ്രതിനിധികൾക്കോ ഇതുവരെ കഴിഞ്ഞില്ല എന്നതാണ് യാഥാർത്ഥ്യം. 

അതുപോലെ തന്നെ കണ്ണുമടച്ചു വന്ന വഴി മറന്നു കൊണ്ട് മലയാളികളെയും മാത്രമല്ല, ഓരോ പ്രവാസികളുടെ സ്വപ്നങ്ങളെ തച്ചുടക്കുന്ന അഭിപ്രായങ്ങൾ കേരളത്തിൽ കേരളാകോൺഗ്രസ് പാർട്ടിയുടെ കാഞ്ഞിരപ്പള്ളി എം. എൽ. എ മംഗളം പത്ര മാദ്ധ്യമത്തിൽ എഴുതിയ ലേഖനത്തിൽ അഭിപ്രായപ്പെട്ടു: "മലയാളികൾ നിർമ്മിക്കുന്നത് വീടുകളോ, റിസോർട്ടുകളോ ? "ഇതാണ് ലേഖനത്തിന്റെ തലക്കെട്ട് വാചകം. ജീവിതം മെച്ചപ്പെടുത്തുവാൻ തൊഴിൽ തേടി മറുരാജ്യങ്ങളിൽപോയി കഷ്ടപ്പെട്ട് ജോലി ചെയ്തു കിട്ടിയ പണം മിച്ചം വരുത്തിയാണ് സ്വന്തം നാട്ടിൽ അവരുടെ ജീവിതത്തിലെ ഓരോ  സ്വപ്നങ്ങൾ സാക്ഷാത്ക്കരിക്കാൻ ശ്രമിച്ചത്. അവരെല്ലാം ജോലിയും ചെയ്തു കഷ്ടപ്പെട്ടു മിച്ചം ഉണ്ടാക്കിയ പണം സ്വന്തപ്പെട്ടവർക്കും അല്ലാത്തവർക്കും വേണ്ടി മനസ്സോടെ പങ്കുവച്ച മഹത്തായ  ജീവിതരീതിയെപ്പറ്റി ഈ ജനപ്രതിനിധിക്ക് യാഥാർത്ഥ്യം ഒരിക്കലും  മനസ്സിലാവുകയില്ല. ജനങ്ങളിൽ നിന്നും നികുതി പിരിക്കുന്നതിന് എന്തു മാർഗ്ഗമെന്നു മാത്രമേ അവർ ഇന്ന് ചിന്തിക്കുന്നുള്ളൂ. നികുതിപ്പണം കൊണ്ട് നമ്മുടെ നാടിനു വേണ്ടി സർക്കാർ എന്തെങ്കിലും പൊതുവായി  ജനങ്ങൾക്ക്  ചെയ്യുന്നുണ്ടോ? ഈ എം. എൽ. എ യുടെയോ അദ്ദേഹത്തിൻറെ സ്വന്തം പിതൃസ്വത്തോ ഒന്നും വീടുപണിയുന്നവർ ആരും  ചോദിച്ചില്ല, അവരാരും അവരുടെ പണം തട്ടിയെടുത്തില്ല. 

കേരളാകോൺഗ്രസിലെ ആ ജനപ്രതിനിധിയുടെ ചിന്തകൾ വികലമാണ്. കേരളത്തിലെ ജനങ്ങളുടെ പൊതുതാൽപ്പര്യങ്ങളും ജീവിതരീതിയും, ഓരോ മലയാളിപ്രവാസികളുടെ ജീവിതവും അവരുണ്ടാക്കിയ വീടുകളും കണ്ട അദ്ദേഹം സ്വയം ചോദിക്കുന്നു  : "മലയാളികൾ നിർമ്മിക്കുന്നത് വീടുകളോ റിസോർട്ടുകളോ" എന്ന്? ഒരു കാലത്തു നമ്മുടെ കേരളത്തിൽ നാലുകെട്ടും നടുമുറ്റവും കെട്ടി ഏറെ ആർഭാടത്തോടെ ജീവിച്ചത് ആരായിരുന്നുവെന്നു അദ്ദേഹം മറന്നുപോയോ? അന്നത്തെ ഭൂരിപക്ഷം ജനങ്ങളും അപ്രകാരം ഒരു ജീവിതം സ്വപ്നം കണ്ടു. അത്തരം ജീവിതശൈലി സ്വീകരിച്ചു ജീവിച്ചവർ, അത്, അദ്ദേഹം ഇപ്പോൾ ചിന്തിക്കുന്നതുപോലെ, അവ മറ്റുള്ളവർക്കുകൂടി അതെല്ലാം അവകാശപ്പെട്ടതാണെന്ന് ചിന്തിച്ചില്ലല്ലോ. താഴ്ന്ന ജാതിക്കാർക്ക് അവരുടെ നടുമുറ്റത്തോ നാലുകെട്ടിലേക്കോ പരിസരത്തേയ്ക്കോ കടന്നു ചെല്ലാൻ അന്ന് മറ്റുള്ള ആർക്കും പ്രവേശനമില്ലായിരുന്നു. ഇത്തരം ആഡംബ രവീടുകൾക്കെല്ലാം ഓരോരോ സർക്കാർ പുതിയ പുതിയ നിയമങ്ങൾ ഉണ്ടാ ക്കി വർദ്ധിപ്പിച്ച നികുതി സർക്കാരിന് കൊടുക്കണമെന്നും , അദ്ദേഹം ഇപ്പോ ൾ മനസ്സു തുറന്നു ആവശ്യപ്പെടുന്നതുപോലെ, ആരും അന്ന് തുറന്ന് ആരോ ടും തീർത്ത് പറഞ്ഞില്ലല്ലോ..അദ്ദേഹം ഈയിടെ സന്ദർശിച്ച ഒരു പുതിയ  വീ ട്ടിനുള്ളിലെ ആഡംബര ടോയ്‌ലെറ്റ് കണ്ടു അമ്പരന്നു പോയ കാര്യം എഴുതി യിരിക്കുന്നു. മാത്രമല്ല, മുറ്റത്തു ടൈൽസ് ഇട്ടുപോയാൽ അതും വീടിന്റെ വിസ്തീർണ്ണമായിത്തന്നെ  ഉൾപ്പെടുത്തി നികുതി വദ്ധിപ്പിച്ചു നൽകണം എന്ന ദ്ദേഹം നിർദ്ദേശിക്കുന്നു. മംഗളം പത്രത്തിലൂടെ നൽകിയ (27 -11 -18) പ്രസ്തുത  ലേഖനം മലയാളികളായ പ്രവാസികളോടുള്ള വെറുപ്പ് അദ്ദേഹം പ്രകടമായി കാണിക്കുന്നു. ജനപ്രിയമല്ലാത്ത ഇത്തരം അഭിപ്രായങ്ങൾ ഒരു ജനപ്രതിനിധി എഴുതുന്നത് മാനസിക പക്വതയില്ലാത്ത ഊതിവീർപ്പിച്ച വിവരദോഷമെല്ലെ? ആണെന്നെങ്കിലും കേരളാ കോൺഗ്രസ് പാർട്ടി സമ്മതിക്കുന്നത് യുക്തി യുക്തമാണ്. 

 മാറ്റങ്ങൾ അനിവാര്യം 

രാഷ്ട്രീയം, നീതിന്യായം, മത- വിശ്വാസസംരക്ഷണം, മാദ്ധ്യമസ്വാധീനം, സാമ്പത്തികം എന്നിങ്ങനെ വിവിധ മേഖലകൾ ചിലരുടെ പൈതൃക സ്വ ത്താണ് എന്നാണു കരുതപ്പെടേണ്ടിയിരിക്കുന്നത്. അതിന്റെ പേര് "ജനാധി പത്യം" എന്നവർ വിളിക്കുന്നു. ജനനം മുതൽ മരണസമയം വരെ ചിലർ ജന പ്രതിനിധിയോ മന്ത്രിയോ ഒക്കെയായി അവരുണ്ടാക്കുന്ന ഒരോരോ വ്യത്യസ്ത  രാഷ്ട്രീയ പാർട്ടിയുടെ അധികാര ഉടമസ്ഥരായും തങ്ങൾക്ക് ജീവിക്കണം എന്നാണ് ചിന്തിച്ചുനടക്കുന്നത്. പാർട്ടിയിൽ നേതൃമാറ്റം ഇപ്പോൾ ആവശ്യമി ല്ലെന്ന് പാർട്ടിയുടെ നേതാവെന്ന പേരിൽ ഒരു കർശന പ്രസ്താവന നേതാവ് മാദ്ധ്യമങ്ങൾക്ക് നൽകും. അതിനെ ജനങ്ങളും പാർട്ടിയുടെ അംഗങ്ങളും അതേപടി ഉൾക്കൊള്ളണം, അനുസരിച്ചുകൊള്ളണം. ഇതിന്റെ പേരാണ് അവർ നൽകുന്നത്, "ജനാധിപത്യ പാർട്ടിസംവിധാനം". അതുപക്ഷേ ഇപ്പോൾ നാമെല്ലാവരും ജനാധിപത്യ പാർട്ടി മര്യാദ പാലിക്കുന്ന ആരെയുംതന്നെ ഒട്ടു തിരിച്ചറിയുന്നില്ല. നേതാക്കളെടുക്കുന്ന എന്ത് തീരുമാനങ്ങളും പാർട്ടി  അംഗങ്ങളുടെ പൊതു അഭിപ്രായമായിരിക്കണം. അല്ലാതെ, നേതാവിന്റെ വാക്കുകളും തീരുമാനങ്ങളും പാർട്ടിയുടെ തീരുമാനമാകരുത്. പാർട്ടിയിലെ ആകെ അംഗങ്ങളുടെ ഭൂരിപക്ഷ വോട്ടിന്റെ അഭിപ്രായമായിരിക്കണം. അപ്രകാരമൊരു ജനാധിപത്യ രാഷ്ട്രീയ മര്യാദ കേരളത്തിലെ പാർട്ടിയുടെ നേതാക്കൾക്കില്ല. ഓരോരോ പാർട്ടിജനാധിപത്യ രാഷ്ട്രീയമാതൃകയിലും എന്നും കാലാനുസൃതവും ചലനാത്മകവുമായ മാറ്റങ്ങളും അതനുസരിച്ചുള്ള മറ്റുപരിവർത്തനങ്ങളും അനിവാര്യമാണ്. ജനാധിപത്യരാഷ്ട്രീയപാർട്ടികൾ ആ സാമാന്യതത്വം അറിയണം, അവർ അതിനെ സ്വീകരിക്കണം. രാഷ്ട്രീയ  നേതാക്കളെന്ന് സ്വയം വിശേഷിപ്പിച്ചു ഊതി വീർപ്പിച്ച വാഗ്ദാനങ്ങളും മറ്റും പരസ്യമാക്കി, അനേകം ഫ്ലക്സ് ബോർഡുകൾ നാട്ടിലെ റോഡുകളിൽ ഒട്ടാകെ  നടപ്പുകാർക്കു അപകടമുണ്ടാക്കുന്ന വിധത്തിൽ വഴിവക്കിൽ സ്ഥാപിച്ചു, ആധിപത്യം ഉറപ്പിക്കുകയാണ് അവരുടെ മാതൃക. അടുത്തടൂത്ത് രാജ്യത്ത് തെരഞ്ഞെടുപ്പ് വരുമ്പോൾ എല്ലാവരെയും കെട്ടിപ്പിടിക്കും, അവരെല്ലാവരും മറ്റുള്ളവരെല്ലാം  സ്വന്തം ചേട്ടനും, ചേച്ചിയും, അച്ചായന്മാരും, അളിയന്മാരും പെങ്ങന്മാരും ഒക്കെ ആയിത്തീരും. തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ നാമെല്ലാം അത് സഹിക്കണം.

2017 വർഷം, ഇന്ത്യയിൽ പല സംസ്ഥാനങ്ങളിലും ഒന്നിലേറെ നിയമസഭാ തെരഞ്ഞെടുപ്പുകൾ ഉണ്ടായി. ഇനിയും ഭാവിയിൽ ഏറെ തെരഞ്ഞെടുപ്പുകൾ ഉണ്ടാകും. അതോടെ ജനങ്ങളിൽനിന്നും, പുതിയ ധനകാര്യബജറ്റ്കൾ വഴി നിയമങ്ങളുണ്ടാക്കി, വെട്ടിപ്പിടിച്ചെടുക്കുന്ന പുതിയ നികുതിപ്പണം ആകെ സർക്കാരിനുള്ളതാണ്. തെരഞ്ഞെടുപ്പ് കഴിഞ്ഞു. ഒരാൾ എം. എൽ. എയായി, മന്ത്രിയായി. നിയമസഭാസമ്മേളനത്തിൽ അവർ ആർക്കുമാർക്കും ഉടനെ മനസിലാകാത്ത നിയമം പാസ്സാക്കി അവതരിപ്പിക്കും. തങ്ങളെ വോട്ടുകൾ കൊടുത്ത് ജയിപ്പിച്ചു അധികാരികളാക്കിയവരെ ആദ്യംതന്നെ നികുതി വർദ്ധനവ് കൊടുത്ത് കശാപ്പു ചെയ്യും. ഇതൊക്കെ ആദ്യമേ ജനങ്ങളാകട്ടെ അറിയുകയില്ല. യാഥാർത്ഥ്യം അറിയുന്ന മാദ്ധ്യമങ്ങൾ സത്യത്തെ ഒട്ടാകെ തമസ്ക്കരിക്കാനാണ് ശ്രമിക്കുന്നത്. എല്ലാ സാമൂഹ്യസാംസ്കാരിക രാഷ്ട്രീയ മേഖലയിൽ മാദ്ധ്യമങ്ങൾക്ക് വലിയ സ്വാധീനമുണ്ട്. അതുപക്ഷേ രാജ്യത്തെ സാമൂഹികപ്രശ്നങ്ങളെ അവരുടെ കൈകളിൽ പന്താടുകയാണ്. സാമൂഹ്യ-രാഷ്ട്രീയ ജനാധിപത്യസംവിധാനത്തിൽ മാദ്ധ്യമങ്ങളുടെ മാതൃകാപരമായ ധർമ്മം മനസ്സിലാക്കാൻ ശ്രമിക്കുന്ന സാമാന്യമായ ജനകീയ മാദ്ധ്യമസംസ്കാരം അവർ ആരും പ്രാവർത്തികമാക്കുന്നില്ല.

ജനാധിപത്യവും ആയുഷ്‌ക്കാല അധികാരനേതൃത്വ മോഹങ്ങളും.

ജനക്ഷേമം എന്നകാര്യം ഭരണാധികാരികളുടെയോ രാഷ്ട്രീയത്തിന്റേയോ മാത്രമുള്ളതല്ലെന്നു 2017 വർഷം നമ്മെ വെളിപ്പെടുത്തി. ചില വ്യക്തികളുടെ സ്വാർത്ഥത പൊതുജനസമൂഹത്തിൽ എന്നേയ്ക്കുമായി ഉറപ്പിക്കാൻ ജനനം മുതൽ മരണം വരെയും അധികാരസ്ഥാനത്തു ഉറച്ചു നിൽക്കാൻ വേണ്ടി മാത്രമാണ് രാഷ്ട്രീയത്തെ ഇവരൊക്കെ കാണുന്നത്. ഒരു നിശ്ചിത കാലം മാത്രമേ ഒരാൾ തുടർച്ചയായി പാർട്ടിയുടേയോ ഭരണതലത്തിലോ ഏതൊരു അധികാരത്തിലോ നിൽക്കാവൂ എന്ന ഒരു നിയമം ഉണ്ടാകണം. സർക്കാർ ജോലി ചെയ്യുന്നവരുടെ പ്രായപരിധി നിശ്ചയിച്ചു അവരെ പ്രവർത്തിയിൽ നിന്നും നിശ്ചലമാക്കുന്ന നിയമസൃഷ്ടാക്കളായ ജനപ്രതിനിധികൾ മാറ്റങ്ങൾ ഉൾക്കൊള്ളേണ്ടതാണ്. അതിനു അധികാരസ്ഥാനത്തിരിക്കുന്ന അവരുടെ പ്രായവും കണക്കാക്കണം. ഇക്കാര്യത്തിൽ വോട്ടർമാരും ജനാധിപത്യതത്വം ചിന്തിക്കേണ്ടതുണ്ട്. അവയെല്ലാം മനസ്സിലാക്കാൻ കേരളത്തിലെ ഓരോരോ രാഷ്ട്രീയചലനം മാത്രം നോക്കിയാൽ മതി. അധികപ്രായമെത്തിയ പലരും ഇപ്പോഴും അധികാരത്തിനു വേണ്ടി പിടിവലി നടത്തുന്നു. ഓരോ രാഷ്ട്രീയ പാർട്ടികളും കേരളത്തിൽ സൂപ്പർ മാർക്കറ്റിൽ, അതല്ലാ ഓരോരോ നടപ്പു വഴിവക്കിൽ വിൽക്കാൻ വച്ചിരിക്കുന്ന വിവിധതരത്തിൽ നിത്യോപയോഗ സാധനങ്ങൾ പോലെയാണ്. ദിവസവും പുതിയ സാധങ്ങൾ വരും. പുതിയതും പഴയതും കൂട്ടിക്കലർത്തി വേറിട്ട സാധനം വച്ചിരിക്കും. അവയെ ഇങ്ങനെ- വഴുതനങ്ങ, പാവയ്ക്ക, ചേന, ചേമ്പ്, മരച്ചീനി, കാച്ചിൽ, പടവലങ്ങ, തക്കാളി, പയർ, എന്നിങ്ങനെ പല പേരുകളിൽ കാണാം, വലിയ ഫ്ളക്സുബോർഡുകൾ സ്ഥാപിച്ചുള്ള പരസ്യം. രാഷ്ട്രീയപ്പാർട്ടികൾ അവയുടെ സ്വഭാവത്തിൽ അപ്രകാരം തന്നെയാണ്. അവിയൽ പാർട്ടിഗ്രൂപ്പ്, സാമ്പാർ ഗ്രൂപ്പ് പാർട്ടി, എന്നൊക്കെ ഓരോ നിറവും മണവും രുചിയും കൊടുത്തുണ്ടാക്കുന്ന തരം ഓരോരോ പാർട്ടികൾ. ബി. ജെ. പി തുടങ്ങി കമ്മ്യൂണിസ്റ്റു പാർട്ടി- ഇടതു, വലതു, മാത്രമല്ല ഇടതുവലതു മിശ്രിതം, കോൺഗ്രസ്- അതിനും വിവിധതരം ഗ്രൂപ്പുകൾ, കേരള കോൺഗ്രസുകൾ - അതിനു ദിവസവും പുതിയ നിറവും രുചിക്കൂട്ടും വരുത്തി പുതിയ പുതിയ പാർട്ടികൾ, മുസ്ലീമുകൾക്ക് വേറെ, ക്രിസ്ത്യൻ മതനേതൃത്വങ്ങൾക്ക് ഉണ്ടാകുന്ന വെളിപാടുകൾ നോക്കി വേറെ, ഹിന്ദുക്കൾക്ക് മറ്റനേകം, എന്നുവേണ്ട പലതരം ജനാധിപത്യം.! ഇവരെല്ലാം ജനങ്ങളുടെ അഭിപ്രായ സമ്മതത്തെയാണ് തേടുന്നത്. ജനങ്ങൾ ഇവ എന്തും രുചിച്ചുനോക്കും. അതാണ് തെരഞ്ഞെടുപ്പ് രീതി. ഇന്ത്യമുഴുവൻ ഭരിക്കുന്ന ബി. ജെ. പിയും, കേരളം ഭരിക്കുന്ന കൂട്ടുകക്ഷി കമ്മ്യുണിസ്റ്റുകളും മറ്റുള്ള ഓരോരോ രാഷ്ട്രീയ പാർട്ടികളും ജനപ്രതിനിധികളും ജനങ്ങളുടെ പൊതു ക്ഷേമമല്ല ലക്ഷ്യമിട്ടിരിക്കുന്നത്. അവരുടെ സ്വന്തം ക്ഷേമത്തെയാണ്.

1945 മുതൽ കോൺഗ്രസിന് ഒരിക്കലും ഏൽക്കാത്ത പ്രഹരം തുടർച്ചയായി ലഭിച്ചുകൊണ്ടിരുന്നു, അവയൊക്കെ ഇക്കാലത്തും ആവർത്തിക്കുന്നുണ്ട്. അവരുടെ ഐക്യസഖ്യത്തിൽ സ്വന്തം പാർട്ടിയിലെ നേതൃത്വങ്ങൾ തന്നെ അധികാരപിടിവലിയിൽ പിടഞ്ഞുവീണു പിളർപ്പുണ്ടാക്കി. അതുപോലെ 1965 കളിൽ മുതൽ കേരളാ കോൺഗ്രസിൽ, പിന്നീടിങ്ങോട്ട് പലതവണയ്ക്ക് ഊഞ്ഞാലാട്ടം, ഇപ്പോഴാകട്ടെ, പിറകോട്ടു മുമ്പോട്ടു തത്വശാസ്ത്രവുമായി ഏതു വണ്ടിയിൽ കയറണമെന്നു കരുതി വെയിറ്റിങ് ഷെഡിൽ നേതാക്കൾ നിൽക്കുന്നു. അതായത്, അടുത്ത തെരഞ്ഞെടുപ്പ് കാലത്തെ നല്ല സർവീസ് കഴിഞ്ഞു വരുന്ന വണ്ടിയിലേക്ക് കയറാൻ വേണ്ടി..ലീഗിൽ, കൂടാതെ ഓരോ പാർട്ടികളും മത്സരിച്ചു അവരുടെ തൊഴുത്തിൽ നടക്കുന്ന കീചകവധങ്ങൾ നടത്തുന്നു. ഇതിന്റെയൊക്കെ പേരോ ജനാധിപത്യം? ഓരോരോ രാഷ്ട്രീയ ഗ്രൂപ്പ്സംഘത്തിൽ നിന്ന് കേരളാ കോൺഗ്രസ് പാർട്ടി പുറത്തേയ്ക്ക് പോയി. ഏറ്റവുമൊടുവിൽ തന്റെ പാർട്ടിയും ശിരസ്സിലേറ്റിയ  ഒരു വീരേന്ദ്രകുമാർ പെരുവഴിയിലേയ്ക്ക് പുതിയ അഭയം തേടിയിറങ്ങി. ആരും ആരുടേയും തെറ്റുകൾ സ്വയം തിരുത്താൻ തയ്യാറുമല്ല. എൻ. സി. പി എന്ന പാർട്ടിയുടെ കാര്യവും മറിച്ചല്ല. ഇപ്പോഴാകട്ടെ കോൺഗ്രസ്- കേരളാകോൺഗ്രസ് പോലെ മറ്റുള്ള പാർട്ടികളും ജനങ്ങൾ നൽകുന്ന ചൂടൻ പിന്തുണയ്ക്ക് വേണ്ടി സ്വയം ഉരുകുകയാണ്. ജീവനുള്ള ഒരു ജനാധിപത്യരാഷ്ട്രീയമാണ് ഓരോ രാഷ്ട്രീയ പാർട്ടികൾ ആഗ്രഹിക്കുന്നതെങ്കിൽ പ്രധാനപ്പെട്ട തീരുമാനങ്ങൾ പാർട്ടിസം വിധാനത്തിൽ ആവശ്യമായിവരുമ്പോൾ പാർട്ടിയുടെ അടിസ്ഥാന അംഗങ്ങ ളുടെ ഭൂരിപക്ഷ സമ്മതം തേടണം. അങ്ങനെ ഒരു പാരമ്പര്യം ഇവർക്കില്ല. ഈ രാഷ്ട്രീയ പാർട്ടികൾക്ക് മാറ്റങ്ങളോ പരിവർത്തനങ്ങളോ അവർക്ക് ഇല്ല, ആഗ്രഹിക്കുന്നില്ല.  

ജനാധിപത്യരാഷ്ട്രീയമാണ്, എപ്പോൾ വേണമെങ്കിലും ആരുടെയെങ്കിലും താവളത്തിൽ കുടിയേറാൻ വേണ്ടിയുള്ള ജനാധിപത്യം! രണ്ടോ മൂന്നോ പാർ ട്ടി നേതാക്കളെന്ന് പറയുന്നവരാണ്, ഒരു ഗ്രൂപ്പിൽനിന്നും മറ്റൊരു പാർട്ടി ഗ്രൂപ്പിലേക്ക് ചാടിക്കയറാൻ നിശ്ചയിക്കുന്നത്. അവർക്ക് ജീവിതകാലം മുഴു വൻ നേതാവായി ഇരിക്കുകയും വേണം. ഇവരുടെ പാർട്ടികൾക്ക് മാറ്റങ്ങൾ വരുത്തിയ പാർട്ടിസംവിധാനം വേണ്ട. ഇക്കാര്യത്തിൽ ജനാധിപത്യ മര്യാദ അവർക്കില്ല. പാർട്ടി പ്രവർത്തകരുടെയോ അംഗങ്ങളുടെയോ ഒന്നും യാതൊ രുവിധ അഭിപ്രായത്തിനുവേണ്ടി കാത്തു നിൽക്കുകയും വേണ്ട.  നിൽക്കുന്നു മില്ല. അടുത്തുവരുന്ന തെരഞ്ഞെടുപ്പു കാലം അടുക്കുമ്പോൾ രാഷ്ട്രീയപാർ ട്ടികളുടെ വലിയ നോയമ്പ്കാലമാണ്. പൊതു തെരഞ്ഞെടുപ്പ് ജയിക്കുവാൻ നടത്തുന്ന ജനഭക്തിയും ജനസ്നേഹവും, രാജ്യസ്നേഹവും പൊതുജനാരാധ നയും ജനാധിപത്യതത്വശാസ്ത്രവും ജനസമ്പർക്കവും, ഭക്തിമാർഗ്ഗങ്ങൾ തേടലുകളും മാത്രമല്ല, ജനങ്ങളിൽ പുത്തൻ വാഗ്ദാനങ്ങളുടെ പെരുമഴ പെയ്യലുകളുമെല്ലാം അതിശീഘ്രം നടപ്പാക്കാൻ  ഉണർന്നെഴുന്നേൽക്കും.!

ജനനം മുതൽ മരണംവരെ ഒരാൾ എന്നും പാർട്ടിയുടെ നേതൃസ്ഥാനം ആഗ്രഹിക്കരുത്. 

ആർക്കുമാർക്കും ശരിയായ ഒരു നേർമാർഗ്ഗം കാണാൻ ഒട്ടു കഴിയുന്നില്ല. പാ ർട്ടികളുടെയും, മത- സാമൂഹിക നേതൃത്വങ്ങളുടെയും ഇടയിൽ സ്ഥിരം പൊ ട്ടലുകളും പകയും വലിയ വിടവുകളും ആയിട്ടുണ്ട്. പാർട്ടികളുടെ പരമ്പരാ ഗതമായ സഹകരണം അധികാരചവിട്ട്പടികളുടെ വലിയ വിള്ളലുകളിൽ തട്ടി മറയുന്നു. ഓരോ രാഷ്ടീയഗ്രൂപ്പുകൾ പൊട്ടിച്ചിതറുന്നു, കൂട്ടിച്ചേർക്കാൻ കഴിയാത്ത പാറക്കഷണങ്ങൾപോലെ. ഇന്ത്യ ഭരിക്കുന്ന രാഷ്ട്രീയപാർട്ടികളു ടെ അഴിമതിയും ജനദ്രോഹ നടപടിക ളും നിയന്ത്രിക്കാനോ നിർദ്ദേശങ്ങൾ നൽകാനോപോലും പരമ്പരാഗത ശക്തിയായി നിന്നിരുന്ന കോൺഗ്രസിന് പോലും ഇപ്പോൾ കഴിയുന്നില്ല. അതു കോൺഗ്രസിലെ തന്നെ ചിലയാളുകൾ മൂലമുണ്ടാകുന്ന ഉരുൾപൊട്ടലുകൾ, ജീവിതാന്ത്യം വരെ അധികാരമന:സ്ഥി തിയുടെ കൊടുങ്കാറ്റുകൾ മൂലം സ്വയം ഇല്ലെന്നാകുന്നു. ജനാധിപത്യ വ്യവ സ്ഥിതിയിൽ മാറ്റങ്ങൾ വേണം. ജനാധിപത്യം ശക്തിയോടെ തുടരണമെങ്കി ൽ പ്രവർത്തകരിലും നേതൃത്വത്തിലും സ്ഥായിയായിട്ടുള്ള മാനസികമായ മാറ്റങ്ങൾ ഉണ്ടാകണം. ജനനം മുതൽ മരണംവരെ ഒരാൾ എന്നും പാർട്ടിയുടെ നേതൃസ്ഥാനം ആഗ്രഹിക്കരുത്. അതാഗ്രഹിക്കുന്നവർക്ക് ഒരു ജീവിക്കുന്ന ജനാധിപത്യ വ്യവസ്ഥിതിയിൽ  വിശ്വാസമില്ല.

മാറ്റങ്ങളില്ലാത്ത രാഷ്ട്രീയത്തിൽ പുതിയ ചലനം അസാദ്ധ്യമാണ്. പുതിയ കാഴ്ചപ്പാടുകൾ ഇല്ലാതെ വരുന്നു. ഇന്ത്യയുടെ പൊതുവായ പുരോഗതിയിൽ പ്രത്യേകമായിട്ടുള്ള പുതിയ ആകർഷകമായ പുതിയ വേരുകൾ ഒരിടത്തും മുളയ്ക്കുന്നില്ല. ഇന്ത്യൻ രാഷ്ട്രീയം ജനാധിപത്യത്തിന്റെ വലിയ ലോക മാതൃകയായിരുന്നു. അതുപക്ഷേ ഇപ്പോൾ ജനാധിപത്യരാഷ്ട്രീയപാർട്ടികൾ മനുഷ്യരെ ജാതിയുടെയും മതത്തിന്റെയും, വർണ്ണവിവേചനത്തിന്റെയും, മതത്തിന്റെ അന്ധവിശ്വാസം പ്രചരിപ്പിക്കുന്ന മൂഢന്മാരുടെയും, ഒരുകൂട്ടം സമൂഹമാക്കി മാറ്റി., മനുഷ്യന് യാതൊരു വിധത്തിലും വിലകല്പിക്കാത്ത മനുഷ്യത്വരഹിതമായ പ്രവർത്തികൾക്കായി രാഷ്ട്രീയ പാർട്ടികൾ മാറി. ഇന്ത്യയ്ക്കുവേണ്ടത് മാനുഷികപരിഗണനയ്ക്ക് സ്ഥാനം നൽകുന്ന പാർട്ടി രാഷ്ട്രീയമാണ്. ബി. ജെ. പി പാർട്ടിയും അവരുടെ സ്വന്തം പ്രധാനമന്ത്രിയായ  നരേന്ദ്ര മോദിയും മനുഷ്യവിരുദ്ധ ഭരണമാണ് ഇന്ത്യയിൽ നടത്തുന്നത്. ഇന്നും അവരുടെ ഓരോ ചലനങ്ങളും പരിഷകരണങ്ങളും ജനവിരുദ്ധമാണ്. അതിനു പൂർണ്ണ  തെളിവാണ്- ഇന്ത്യൻ പൗരന്റെ പാസ്‌പോർട്ടിന് നൽകേണ്ട നിറംമാറ്റം, നോട്ടുനിരോധനം, അഹിതമായ മതവിദ്വേഷപ്രചാരണങ്ങൾ, ആധാർ കാർഡ് എന്നിങ്ങനെ അനേകം ജനവിരുദ്ധ നടപടികൾ.! ഇന്ത്യൻ പൗരന്മാരെ അവഹേളിക്കുന്ന പ്രധാനമന്ത്രിയും സർക്കാർ നടപടികളും. ഇതെല്ലം ഇന്ത്യയിലെ ജനങ്ങളുടെ ചിന്താ പാപ്പരരത്വത്തെ തുറന്നു കാട്ടുന്നു. പ്രധാനമന്ത്രിയേയും പശുക്കളെയും പാമ്പുകളെയും കല്ലിനെയും, ഓരോ മൃഗങ്ങളെയും ദൈവങ്ങളായി ആരാധിക്കുന്ന ഇന്ത്യയിലെ ജനങ്ങളുടെ വികലമായ ആന്തരിക ജീവിത ശൈലിയിൽ മാറ്റങ്ങൾക്കായി എന്നെങ്കിലും വിധേയമാകുമോ? ഇവയെല്ലാം 2018- ലും മുന്നോട്ടും തുടരുമെന്ന് കരുതാം. ശരിയാണ്,അതെല്ലാം അവരുടെ മൗലികമായ അവകാശമാണ്..

കേരളത്തിൽ യൂ ഡി എഫും എൽ ഡി എഫും എന്ന ചേരികളിൽ ജനാധിപത്യ രാഷ്ട്രീയത്തെ പിടിച്ചുകെട്ടി ഇട്ടിട്ടുണ്ട്. ആശയങ്ങളില്ല, ആദർശവുമില്ല, യാതൊരു സ്വപ്നദർശനവുമില്ല. യാതൊരു സാഹസിക കാഴ്ചപ്പാടുകളുമില്ല. പ്രതീക്ഷയോടെ നോക്കിയിരുന്ന പൗരന്മാരാകട്ടെ ഇതോടെ ചിന്നിച്ചിതറി മാറുന്നു. ചെറിയ രാഷ്ട്രീയ പാർട്ടികൾ ഗ്രൂപ്പുകളിൽ നിന്ന് അങ്ങോട്ടും ഇങ്ങോട്ടും തെക്കും വടക്കുമായി മുഷ്ടിചുരുട്ടി ചർച്ചായോഗങ്ങൾ നടത്തി. ഒരു പാർട്ടിക്കും പരസ്പരം മന:സമ്മതം നല്കാനാവുന്നില്ല. പരസ്പരം ആരെയും വിശ്വസിക്കാൻ അവർക്ക് കഴിയുന്നില്ല. അങ്ങനെ ധാരണയിൽ ആരെങ്കിലും  വന്നാൽപ്പോലും അപ്പോൾ അവിടെ ആരെങ്കിലും ചാടിവീഴും. കേരളത്തിലെ നിലവിലുള്ള സർക്കാരും കേന്ദ്രസർക്കാരും രണ്ടു ചേരിയിൽ! അധികാരരാ ഷ്ട്രീയം! അത് അങ്ങനെയേ വരൂ. കേന്ദ്രസർക്കാർ  വിദേശനയതന്ത്രകാര്യ ത്തിൽ തികഞ്ഞ പരാജയം തന്നെയാണ്. നരേന്ദ്ര മോഡി ലോകരാജ്യങ്ങൾ പറന്നുനടന്നു നോക്കികാണുകയാണ് . എല്ലാവർക്കും താൻ കൈകൾകൂപ്പി നിന്ന് നീണ്ട സ്തുതി നൽകിയത് മിച്ചം! നരേന്ദ്രമോദി എന്ന വ്യക്തി ഇന്ത്യയ്ക്ക് വലിയ അപകടകാരിയാണ്. അദ്ദേഹത്തിൽ ഇന്ത്യയിലെ ജനങ്ങളുടെമേൽ സർവ്വാധികാരവും ഉള്ളതിനാൽ എന്തുവേണമെങ്കിലും ജനങ്ങളോട് ചെയ്യാൻ കഴിയും.  ഉദാഹരണങ്ങൾ നോക്കാം.- സർക്കാരിന്റെ നോട്ടുനിരോധനം, ജി. എസ്. റ്റി. നടപ്പിലാക്കിയത്, ഇപ്പോഴാകട്ടെ, ഇന്ത്യൻ പ്രവാസി പൗരന്മാരുടെ വ്യക്തിത്വത്തെ ചോദ്യം ചെയ്തുകഴിഞ്ഞു. ആധാർ എന്ന മാന്ത്രിക കുടത്തിൽ എല്ലാ ഇന്ത്യൻപൗരന്മാരെയും അടച്ചുപൂട്ടി ഇല്ലാതാക്കും! സ്വന്തമായി വീടും മറ്റു കാര്യങ്ങളുമില്ലാത്തവന് എങ്ങനെ ആധാർ കാർഡ് പ്രയോജനപ്പെടും? അത്തരം അനേകം ഭ്രാന്തൻ ചിന്താഗതി വച്ചുപുലർത്തുന്ന രാഷ്ട്രീയ അപജയം ഇന്ത്യയിലുണ്ട്.

പുതിയ അക്രമങ്ങളുടെ പിറവിയുടെ അന്തർദ്ദേശീയ രഹസ്യ അടയിരുപ്പ്സ്ഥാനം.

അതിനാൽത്തന്നെ നമ്മുടെ ഇന്ത്യയുടെ കേന്ദ്രസർക്കാരും കേരള സംസ്ഥാന സർക്കാരും ഒരു വലിയ ദുരന്തം തന്നെയാണ്. ഉദ്യോഗസ്ഥർ അഴിമതി മാത്രം നടത്തുന്നു, പോലീസുകാർ ഗുണ്ടായിസം നടത്തുന്നു, രാഷ്ട്രീയക്കാരാകട്ടെ പക തീർക്കുന്നത് എതിരാളിയെ വെട്ടിയും കുത്തിയും കൊന്നു കാര്യങ്ങൾ നടത്തുന്നു. മാനഭംഗപ്പെടുത്തിയും, ആരോപണങ്ങൾ നടത്തിയും ഓരോരോ കുറ്റക്കാരാക്കി മാറ്റി കോടികൾ പോക്കറ്റിലാക്കുന്ന അഴിമതിക്കാരായിട്ടുള്ള ജഡ്ജിമാരും, വക്കീലന്മാരും, പോലീസുകാരും, ഓരോരോ ജനപ്രതിനിധികളും മന്ത്രിമാരും ചേർന്ന് കേരളത്തിൽ ജനജീവിതം തകരാറിലാക്കി. ഇന്ത്യയിലെ വിവിധതരത്തിലുള്ള രാഷ്ട്രീയത്തെക്കുറിച്ചും, ഭരണശൈലിയെക്കുറിച്ചും, വിവിധ മതങ്ങളുടെ പ്രവർത്തനലക്ഷ്യങ്ങളെക്കുറിച്ചുമെല്ലാമുള്ള വിവേക പൂർണ്ണമായ ഒരു വിധിതീർപ്പിനു ചേരുന്ന ധാർമ്മികമായ ഒരു ഭാഷയുമില്ല. ഇതിനകം കേരളം എല്ലാത്തരത്തിലും ജനജീവിതം ദുഷ്ക്കരമാക്കിക്കൊണ്ട് അധാർമ്മികത്വത്തിന്റെയും, കവർച്ചയുടെയും, പുതിയ പുതിയ ഓരോരോ  അക്രമങ്ങളുടെയും പിറവിയുടെ അന്തർദേശീയ ശ്രദ്ധയിൽപ്പെടുന്ന രഹസ്യ അടയിരിപ്പുസ്ഥാനമായി മാറി. ഇന്ന് മതപരമായതും, രാഷ്ട്രീയപരമായതു മായ ഏറ്റുമുട്ടൽ ഓരോരോ വ്യത്യസ്ത സംസ്കാരത്തിന്റെയും ചിന്തയുടെയും അകലത്തിൽ അവയെല്ലാം നിർഭാഗ്യവശാൽ ഉണ്ടാകുവാനുള്ള സാദ്ധ്യത കാണാൻ കഴിയും. കേരളത്തിൽ അതിനുള്ള തെളിഞ്ഞ സൂചനകൾ ഏറെ നിറഞ്ഞു കഴിഞ്ഞു. നമ്മുടെ നാടിന്റെ പണ്ടുണ്ടായിരുന്ന അളവുകോലിന് മാറ്റങ്ങൾ ഉണ്ടായി. നമ്മുടെ തലമുറകൾ മാറി വന്നപ്പോൾ, ലോകത്തിൽ വന്ന മാറ്റങ്ങൾ വന്നപ്പോൾ, പുതിയ പുതിയ അളവു കോലുകളും മാനദണ്ഡങ്ങളും  എടുക്കേണ്ടതായിത്തീരുന്നു.

അധികാരം നിലനിറുത്താൻ ഇവരെന്നും മറുകണ്ടം ചാടി ഓരോരോ പാർട്ടി ഗ്രൂപ്പുകൾ നിലനിർത്തുന്നു. പ്രഖ്യാപനത്തിൽ പറയുന്നു, പുതിയ പദ്ധതികൾ ഇല്ല. പിന്നെ എന്തിനു നികുതി വർദ്ധിപ്പിക്കുന്നു എന്ന ചോദ്യങ്ങൾ ഇക്കൂട്ടർ കാണുന്നില്ല.? ജനങ്ങളിൽനിന്നും ഭീഷണിപ്പെടുത്തി വെട്ടിയെടുക്കുന്ന പണം ഗവർണർക്കും മന്ത്രിമാർക്കും ഉദ്യോഗസ്ഥവർഗ്ഗത്തിനും വലുപ്പമുള്ള കീശ വീർപ്പിക്കുവാൻ വേണ്ടി മാത്രമാണ്. ഒരാൾ റോഡ് സൗകര്യത്തിൽ തങ്ങളുടെ പത്തുസെന്റിൽ ഒരു വീടുവച്ചാൽ കൂടുതൽ നികുതി കൊടുക്കണമെന്ന് നിർദ്ദേശിക്കുന്ന ഗവർണ്ണറുടെ പ്രഖ്യാപനം ജനാധിപത്യമര്യാദയല്ല. അതെല്ലാം ഏകാധിപത്യ നയപ്രഖ്യാപനം തന്നെയാണ്.! ഗവർണറും സർക്കാരും മറ്റുള്ള ജനകീയനും ഏകാധിപതികളായി മാറിയതിന്റെ പരസ്യ തെളിവാണത്. നയപ്രഖ്യാപനം! കാടൻ നിർദ്ദേശങ്ങൾ മാത്രം നിയമസഭസമ്മേളനത്തിന് പറയാനറിയാവുന്ന ഗവർണ്ണരെയും മന്ത്രിമാരെയും നാടുകടത്തി ജനങ്ങളെ രക്ഷിക്കാൻ ആർക്ക് കഴിയും? റബർ കർഷകന്റെ കഴുത്തിൽ ആഴത്തിൽ കത്തിയിറക്കി അവർക്കെതിരെ റബർ ഇറക്കുമതിക്കു വേണ്ടി കൂട്ടുനിന്നു സഹായിച്ചവർ ഇപ്പോൾ ജനങ്ങളോട് ഉച്ചത്തിൽ വിളിച്ചു പറയുന്നു, "റബർ ഇറക്കുമതി എന്ത് വിലകൊടുത്തും തടയുമെന്ന്"! തികച്ചും ഓരോ തരത്തിൽ  ജനവിരുദ്ധ നടപടികൾക്ക് ചവിട്ടുപടിയായി പ്രവർത്തിച്ചവർ ഇപ്പോൾ അവർ എന്തിനുവേണ്ടി കേരള കർഷകരെ ഉദ്ധരിക്കാനിറങ്ങുന്നു?.നിരവധിയേറെ മറു ചോദ്യങ്ങൾ ഇവരോട് ചോദിക്കാനുണ്ടാകും. അതുപക്ഷേ ജനങ്ങളെ അവർ വിരട്ടി അവരുടെ പക്ഷം ചേർക്കും. ജീവഭയത്താൽ ആരും വായ് തുറന്നു ഒന്നും പറയുകയില്ല. ഇതാണ് കേരളമോഡൽ ജനാധിപത്യം!

സ്വന്തം വിവേകത്തിന്റെ വിളി ശ്രദ്ധിക്കണം.

ഒരു രാഷ്ട്രീയ പാർട്ടിനേതാവ്, അല്ല, ഒരു അംഗം, അതല്ലെങ്കിൽ സാമൂഹ്യ- മതനേതൃത്വത്തിന്റെ അധികാരികളാകട്ടെ, പൊതുവായ ഓരോരോ ജീവിതവിഷയങ്ങളിൽ, അഥവാ ഒരു പ്രത്യേക അന്തരീക്ഷമോ ഉണ്ടാക്കി ജനങ്ങളിൽ ഒരു പൊതു കൂട്ട ബുദ്ധിഭ്രംശമോ ഉണ്ടാക്കരുത്. അയാൾ എന്നും അയാളുടെ സ്വന്തം വിവേകത്തിന്റെ വിളി ശ്രദ്ധിക്കണം. ധാർമ്മികതയുടെ അടിസ്ഥാന മൂല്യത്തിൽ അയാൾ എപ്പോഴും  ബോധവാനായിരിക്കണം. മതങ്ങളുടെ കല്പനകളോ, ഉറപ്പിച്ചെഴുതിയിരിക്കുന്ന രാജ്യത്തിന്റെ നിയമ സംഹിതയോ, അവയുടെ അടിസ്ഥാന നിയമങ്ങളിൽ ആഴത്തിൽ ശ്രദ്ധയോ ടെ ബോധവാന്മാരായിരിക്കണം. അതുപോലെതന്നെ, അവർക്ക് തെറ്റുകൾ ഉണ്ടാകും, വഴിപിഴച്ച പിഴവുകൾ ഉണ്ടാകാം. ഇതിൽ അടിസ്ഥാന നിയമങ്ങൾ പിഴവുകളും ഭ്രാന്തൻ നടപടികളും അനുവദിക്കുന്നുണ്ട്‌. അത് കുറെ നല്ലനല്ല കാര്യങ്ങളും മോശം കാര്യങ്ങളും, രാഷ്ട്രീയത്തിലായാലും, അതുപോലെ തന്നെ മതസമൂഹത്തിലായാലും അനുവദിക്കപ്പെടുന്നുണ്ട്. എന്നാൽ ഒരോ രാഷ്ട്രീയപ്രവർത്തകന്റെയോ ഒരു മതപ്രവർത്തകന്റെയോ തെറ്റായ അനുമാനങ്ങളും വിധിപറച്ചിലുകളും അനേകംപേർക്ക് ഗുരുതരമായ ദോഷം ചെയ്യുന്നതായിത്തീരും. അതുപക്ഷേ ഇവരുടെ തെറ്റുകൾ പിന്നീട് സ്വയം മനസ്സിലാക്കിയാലും, അവർ സ്വയം തിരുത്തുകയോ അവരുടെ കുറ്റങ്ങൾ ഏറ്റു സമ്മതിക്കുകയോ അവർ ചെയ്യുമോ ? ഇങ്ങനെയുള്ള സ്ഥിതിയിൽ ഈ നേതൃനിര രാഷ്ട്രീയക്കാരും മതനേതൃനിരകളും ഏതാണ്ട് എന്നും അവർക്കു ചുറ്റുമുള്ള മറ്റു ഭൂരിപക്ഷം സാധാരണ ജനങ്ങളേപ്പോലെതന്നെയുള്ള പെരു മാറ്റശൈലികൾ തന്നെ അവരും സ്വീകരിക്കും. അവരവരുടെ തെറ്റുകൾ തരംതിരിച്ചു അവയെല്ലാം അകറ്റിക്കളയാനോ യഥാർത്ഥ സത്യം തുറന്ന് പൊതുസമൂഹത്തിൽ പുറത്തുവരുത്തുവാനോ എല്ലാവർക്കും വിഷമമുള്ള കാര്യമാണ്. മേൽപ്പറഞ്ഞ നേതൃത്വങ്ങൾക്കെല്ലാം ബുദ്ധിമുട്ടുള്ള ഒരു പ്രധാന കാര്യമാണ്, ബാഹ്യമായി അവരുടെ തെറ്റുകളുടെ സ്വയം ഏറ്റു പറച്ചിലും, അതെല്ലാം അവരുടെ സ്വന്തം കഴിവ്കേട് മാത്രമായി കരുതുകയോ, അഥവാ അതാകട്ടെ, സത്യം പറയുന്നത് തന്നെ അവരവരുടെ ഭാവി നേർവഴിക്കുള്ള സത്‌സ്വഭാവത്തിന്റെ യഥാർത്ഥ സത്യവാഗ്മൂലമായി കാണാനോ അവർക്ക് കഴിയുന്നില്ല.

വെറുതെയല്ല, പ്രസംഗ കല, ഒരു രണ്ടായിരം വർഷങ്ങൾക്ക് മുമ്പ് ഉണ്ടാക്കിയ ജനാധിപത്യ ഏതൻ‌സ് എന്തുകൊണ്ടും രാഷ്ട്രീയക്കാരുടെയും അതുപോലെ മത- സാമൂഹ്യപ്രവർത്തകരുടെയും ഏറ്റവും പ്രധാനപ്പെട്ട കലയായി അതിനെ അംഗീകരിച്ചത്. വാചകക്കസർത്തുകൊണ്ട്, അഥവാ റെത്തോറിക് എന്ന് അതിനെ വിശേഷിപ്പിക്കാം, അവർക്ക് ഏതു പിഴവുകളെയും സത്യത്തെയും മൂടിവയ്ക്കുന്നതിനു സഹായിക്കുവാൻ കഴിയും. ഒരു രാഷ്ട്രീയക്കാരൻ തെരഞ്ഞെടുപ്പിൽ തെരഞ്ഞെടുക്കപ്പെടണമെങ്കിൽ വോട്ടർമാരുടെ മനസ്സിൽ അയാൾ ഏറ്റവും യോഗ്യനാണെന്ന മതിപ്പ് ഉണ്ടാക്കണം. ഇതുതന്നെയാണ് മത-സാമൂഹിക തലങ്ങളിലും ഏറ്റവും പ്രധാനപ്പെട്ട ഔദ്യോഗിക സ്ഥാനങ്ങളിൽ എത്തുവാൻ ആഗ്രഹിക്കുന്നവർ ശ്രദ്ധിക്കേണ്ടത്. ഒരാൾ നമ്മുടെ മുമ്പിൽ തന്റെ ഉദ്ദേശങ്ങളും ലക്ഷ്യങ്ങളും വിവിധ പദ്ധതികളും, പ്രതീക്ഷകളുടെ വച്ചുനീട്ടിയിരുന്ന അനേകം വാഗ്ദാനങ്ങൾ, അതുമല്ല, ഇതുവരെയും തങ്ങൾ ചെയ്തിട്ടുള്ള കാര്യങ്ങളും യഥാർത്ഥ്യമായി ഉയർത്തി അവ ഊതി വീർപ്പിച്ചു സമർപ്പിച്ചാൽ അനാവശ്യമായ ഒഴിവാക്കാൻ  ആവാത്ത അപകടം ഉണ്ടാകാം. കാരണം അനേകം പ്രതീക്ഷകളും വാഗ്ദാനങ്ങളും ഉൾക്കൊണ്ട കാര്യങ്ങളിൽ പിന്നീട് അവയിൽ പലതും വാഗ്ദാനം ചെയ്തതുപോലെ എല്ലാമൊന്നും നടപ്പിൽ വരുകയില്ലാതെ വരാം. ഈ അടിസ്ഥാന പ്രശ്നം ജനാധിപത്യ മാതൃകയായി ഉയർത്തിയിട്ടുള്ള രാജ്യങ്ങളിൽ നമുക്ക് കാണാൻ കഴിയുന്നു.

വർഷംതോറും നമുക്ക് കാത്തിരിക്കാം, ഒരു നല്ല അതിശയകരമായ ശാശ്വത മാറ്റത്തിന് വേണ്ടി. രാജ്യത്തെ ജനങ്ങൾക്ക് വേണ്ടി വിവേകപൂർവം തങ്ങളുടെ അടിസ്ഥാനകർത്തവ്യങ്ങൾ ചെയ്യാൻ സർക്കാരും എല്ലാ ജനപ്രതിനിധികളും മതസാമൂഹിക നേതൃത്വങ്ങളും ശ്രമിക്കുമെന്നും നമുക്ക് പ്രത്യാശിക്കാം. //-
-------------------------------------------------------------------------------------------------------------------------

Keine Kommentare:

Kommentar veröffentlichen

Hinweis: Nur ein Mitglied dieses Blogs kann Kommentare posten.