Samstag, 28. Oktober 2017

ധ്രുവദീപ്തി : ജർമ്മൻ ഡയറി // തുടർച്ച: // മുൻ കേരള മുഖ്യമന്ത്രി ശ്രീ. ഉമ്മൻ ചാണ്ടിയും, (Late) ശ്രീ. ടി. ടി. പി. അബ്‌ദുള്ളയുമായി എൻ്റെ ചർച്ചകൾ // George Kuttikattu

ധ്രുവദീപ്തി : ജർമ്മൻ ഡയറി-   1978 
 
 
 മുൻ കേരളാ മുഖ്യമന്ത്രി
ശ്രീ.  ഉമ്മൻ ചാണ്ടി
ജർമ്മനിയിൽ മലയാളികൾ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കുന്നു.


 

മുൻ കേരള മുഖ്യമന്ത്രി 
ശ്രീ. ഉമ്മൻ ചാണ്ടിയും, 
  ശ്രീ. ടി. ടി. പി. അബ്‌ദുള്ളയുമായി
  (Former Indian Ambassador in Saudi Arabia(1968-73) 
 നടന്ന എൻറെ  ചർച്ചകൾ
  George Kuttikattu

 Late ശ്രീ. ടി. ടി. പി. അബ്ദുള്ളയും (L)
         (Former Indian Ambassador in Saudi Arabia.(1968-73)
   
ശ്രീ ജോർജ് കുറ്റിക്കാട്ടു (R) മായുള്ള ചർച്ചയുടെ ദൃശ്യം . 
  ( BONN, Germany, 1978). 
 
ജർമ്മനിയിലെ ഇന്ത്യൻ നഴ്‌സുമാർ നേരിടുന്ന പ്രശ്നങ്ങൾ :
  ഇന്ത്യയിലെ ക്രിസ്ത്യൻ 
 മത നേതൃത്വങ്ങളുടെ 
"റീ ഇന്റഗ്രേഷൻ" പദ്ധതിയെ ഇന്ത്യൻ സർക്കാർ പ്രോത്സാഹിപ്പിച്ചില്ല.

1977- ന്റെ അവസാനഘട്ടമായപ്പോൾ ഇന്ത്യൻ നഴ്‌സുമാരുടെ ജർമ്മനിയിലെ താമസ ജോലി കാര്യങ്ങൾ ശരിയായ ദിശയിലല്ലാ നീങ്ങിയത്. നാമെല്ലാവരും തന്നെ ജോലികൾ ചെയ്യുന്ന ഓരോരോ നാടുകളിൽ ഒരാളുടെ ജീവിത കാലം മുഴുവൻ ഒരിടത്തു മാത്രമായി ഒതുങ്ങി ജീവിക്കാൻ ഒരുപക്ഷെ പൂർണ്ണമായി ആഗ്രഹിക്കുന്നവരല്ല. ജർമനിയിൽ മലയാളികളുടെ പൊതുവായ സാമൂഹ്യ ജീവിതത്തെ സംബന്ധിച്ചിടത്തോളം വളരെ കഷ്ടമുള്ള തരത്തിൽ ഒരു ആശങ്കയ്ക്ക് വകയില്ലതാനും. എന്നാൽ ആരുടെയെങ്കിലും പ്രേരണയുടെ സമ്മർദ്ദത്തിൽ വഴങ്ങി തങ്ങൾക്ക് ലഭിച്ചിട്ടുള്ള ഒരു ജോലിയുപേക്ഷിച്ചു കൈയും വീശി ഉടനെ എല്ലാം അവിടെ ഇട്ടെറിഞ്ഞു, ആരും തന്നെ തിരിച്ചു ഇന്ത്യയിലേയ്ക്ക് പോകാനിഷ്ട്ടപ്പെടുകയില്ലെന്നുള്ളത് തികച്ചും ന്യായമാണ്. അതുപക്ഷേ എക്കാലത്തും സമൂഹത്തിൽ ജനങ്ങളെ സ്വന്തം സ്വാർത്ഥതക്ക് വേണ്ടി ചൂഷണത്തിനിരയാക്കുന്നതിനായി നടക്കുന്നവരുടെ ഉറച്ച നിലപാട് അപ്രകാരമല്ലായിരുന്നു; "പള്ളി നേതൃത്വങ്ങൾ വഴി വന്നു, പള്ളിക്കാർ പറയു ന്നതുപോലെ തിരിച്ചു പോകണ"മെന്ന്, ഇന്ത്യയിലെ കുറെ മെത്രാൻമാർകൂടി ചേർന്ന് പ്ലാൻ ചെയ്തു. ഈ നിഗൂഢ പദ്ധതി പ്രകാരമാകട്ടെ, മനുഷ്യജീവനും അവനു ജീവിക്കാനുള്ള അവകാശങ്ങളും ഭാവിയുമല്ല അവർ അന്ന് ഉന്നം വച്ചിരുന്നത്. മറിച്ചു, കിരീടധാരികളായ നമ്മുടെ കേരളത്തിലെ പള്ളിയുടെ സർവ്വാധികാരികൾക്കു മുൻപിൽ വഴങ്ങണം. അതനുസരിച്ചു അവർ സ്വയം ഓരോരുത്തന്റെയും സ്വന്തം ഭാവി നിശ്ചയിക്കണമെന്നും ശഠിക്കുന്ന ഈ നാടുകടത്തൽ ശ്രമം മലയാളികൾക്കെതിരെ നടത്തിയത് ശരിയായില്ല. 

ചരിത്രപരമായ വസ്തുത നോക്കാം. ലോകത്തിൽ സമാധാനംആശ്രയിക്കുന്നത്, ലോകമതങ്ങൾ വിശ്വാസികളുടെമേലുള്ള തികഞ്ഞ പൂർണ്ണ ഉത്തരവാദിത്വം ശരിയായ രീതിയിൽ മനസ്സിലാക്കി അംഗീകരിക്കുന്നതിലൂടെയും, അവരെ സഹിഷ്ണതയോടെ മനസ്സിലാക്കുകയും, അങ്ങുമിങ്ങും പരസ്പര ബഹുമാനവും അവർക്കു നൽകുമ്പോഴുമാണ്. കേരളത്തിലെ ക്രിസ്തീയ സഭാനേതൃത്വങ്ങൾ നമ്മുടെ വിശ്വാസിസമൂഹത്തെ വില്പനച്ചരക്കായിട്ടാണ് കണ്ടത്. അതിനായി ചിലർ പള്ളിയെയും മറ്റുചില ഏജൻസികളെയും അവരുടെസ്വാർത്ഥതയുടെ കാര്യസാദ്ധ്യത്തിനു പ്രധാന ഉപകരണമാക്കി മാറ്റുകയാണുണ്ടായത് .   

ശരിയാണ്, ജർമ്മനിയിലേക്കെത്തിയ ആദ്യ ഗ്രൂപ് മലയാളികൾ പള്ളിവഴി തന്നെയാണ് വന്നത്. അതിനുശേഷമുള്ള കാലഘട്ടങ്ങളിൽ വന്നവരാകട്ടെ മറ്റുചില മാർഗ്ഗങ്ങളിലൂടെയാണ് എന്നത് വേറെകാര്യം. വസ്തുതകൾ ഇങ്ങനെ ആയിരിക്കെ, അവരുടെ ലക്ഷ്യങ്ങൾ സാധിച്ചെടുക്കാനാണ്, ജർമ്മനിയിലെ അവരുടെ നീണ്ട വലം കൈകളായിരുന്ന ചില മലയാളികളെ അവർക്കു വേണ്ടി പള്ളി അധികാരികൾ ഉപകരണമാക്കിയത്. അവർക്ക് നല്ല മോഹ വാഗ്ദാനങ്ങൾ കൊടുത്തു. നിഗൂഢ പദ്ധതിയായിരുന്ന "റീഇന്റഗ്രേഷൻ" പദ്ധതി ആസൂത്രണം ചെയ്തതു. അവരുടെ സ്വാർത്ഥതയുടെ വഴികളിൽ ചതിക്കുഴികൾ ഒരുക്കിയതും. ഇക്കൂട്ടർ നടത്തിക്കൊണ്ടിരുന്ന ക്രൂരത മറച്ചു വയ്ക്കാനാണ്. ഇവർ തന്നെ, (sept 10. 1977)- റീഇന്റഗ്രേഷൻ എപ്രകാരം ചെയ്യാൻ കഴിയും എന്നു വിശദമായി പറയാൻ കൊളോണിൽ അഖില ജർമ്മൻ മലയാളിസമ്മേളനം വിളിച്ചു ചേർത്തു. ഇല്ലാത്ത പ്രശ്നങ്ങളെ അവർ അന്ന് വിളിച്ചു വരുത്തുകയാണുണ്ടായത്

സന്തോഷവും സമാധാനവും ഉണ്ടായിരുന്ന ഒരു ശാന്ത സമൂഹത്തിലേയ്ക്ക് അസ്വസ്ഥതകൾ കടന്നു വരുന്നത് ചോദ്യം ചെയ്യപ്പെടും. അതിനെല്ലാം തക്ക കാരണമായി ഒരു വ്യക്തിയോ ഒരു ഗ്രൂപ്പോ ആകട്ടെ അവരെ ശല്യക്കാരായി കണക്കാക്കും. ആ സമൂഹത്തിൽത്തന്നെയോ, അതല്ല, പുറമേനിന്നുള്ളവരോ ആകട്ടെ, അവരുമായി വാദപ്രതിവാദങ്ങൾ ഉണ്ടാകുന്നതിൽ യാതൊരുവിധ കാര്യങ്ങളുമില്ല. അതെല്ലാം പൊതു ചർച്ചാവിഷയമായിരുന്നു. അതുപക്ഷേ ഇക്കൂട്ടർ ഏതെങ്കിലുമൊരു മാനുഷികമായ കോമ്പ്രമൈസിന് തയ്യാറായില്ല. ഇന്ത്യൻ സർക്കാരിനാകട്ടെ, ജർമ്മനിയിൽ ജീവിക്കുന്ന മലയാളികൾ തിരിച്ചു  അവരുടെ മാതൃരാജ്യത്തേയ്ക്ക് വരുന്ന കാര്യത്തിൽ പ്രായോഗികമായി ഒട്ടും പ്രോത്സാഹിപ്പിക്കുന്നുമില്ലായിരുന്നു. അതിനെല്ലാം അടിസ്ഥാനപരമായിട്ട് ചിന്തിക്കേണ്ടതായ ഒദ്യോഗിക കാരണങ്ങൾ ഉണ്ടായിരുന്നു. ഇക്കാര്യം ഞാൻ ബോണിലെ ഇന്ത്യൻ എംബസിയുമായി നടത്തിയ പല ചർച്ചകളിൽ നിന്നും സാമാന്യമായി ബോദ്ധ്യപ്പെട്ടിരുന്നു. അതേസമയം നമ്മുടെ മതനേതാക്കൾ അവരുടെ അധികാരകിരീടം ധരിച്ചു, സമൂഹത്തിലെ ജനങ്ങളുടെ മൗലീക അവകാശങ്ങളെ പിടിച്ചുവലിച്ചു ദുരുപയോഗം നടത്തുവാനും ശ്രമിച്ചപ്പോൾ, അതേസമയം സ്വാർത്ഥതയ്ക്ക് വേണ്ടി അവർ സമൂഹത്തിൽ അസമാധാനം വിതയ്ക്കുവാനും ശ്രമിച്ചു. 

കേരളത്തിലെ സീറോമലബാർ സഭാധികാരികളാകട്ടെ ലോകമെമ്പാടും അന്നുമിന്നും പരോക്ഷമായി ആസൂത്രിതമായ മാർഗ്ഗത്തിൽ അല്മായരുടെ മാനുഷികവും ധാർമ്മികവും ആദ്ധ്യാത്മികവുമായ ജീവിതത്തിന്റെ ദൃശ്യ അന്തകരായിട്ട് മാറുന്നുണ്ടെന്നു ഇവിടെ പറയേണ്ടതായി വരുന്നത് ഏറെ ഖേദകരമാണ്. പണലാഭത്തിന്റെ പൂർണ്ണപ്രതിരൂപം പോലെ ജനങ്ങളിൽ അവർ അന്ധവിശ്വാസം പ്രചരിപ്പിക്കുന്ന കപട പ്രവാചകരായി. കുറെയേറെ ധ്യാനഗുരുക്കളും ഓരോ വിശ്വാസികളുടെ മനസ്സിന്റെ മുൻപിൽ തെളിഞ്ഞു നിൽക്കും. ഇവരുടെ പ്രധാന ഉദ്ദേശവും ലക്ഷ്യവും യൂറോപ്പ്, അമേരിക്ക, ആസ്‌ട്രേലിയ, ഇന്ഗ്ലണ്ടു, ജർമ്മനി തുടങ്ങിയ രാജ്യങ്ങളാണ്. വത്തിക്കാനിൽ ഫ്രാൻസിസ് മാർപാപ്പയും ഇവ മനസ്സിലാക്കുന്നുണ്ട്. ഫ്രാൻസിസ് മാർപാപ്പ യുടെ ആത്മീയപരവും മറ്റ് ആനുകാലിക ആശയങ്ങളെയും മുഴുവനുമായി അനുകൂലിക്കാത്തവരാണ് സീറോ മലബാർ സഭാവൈദികരും അവരുടെ മേലധികാരികളും എന്ന് അല്മായർക്ക് അറിവുണ്ട്. രണ്ടാം വത്തിക്കാൻ കൗൺസിൽ കഴിഞ്ഞു, അരനൂറ്റാണ്ടുകൾക്ക് ശേഷം കൂടിച്ചേർന്ന സഭയുടെ നേതൃത്വം, കേരള സീറോമലബാർ സഭയിൽ  അല്മായ പ്രാതിനിധ്യത്തിന്റെ ആവശ്യങ്ങളെയും പ്രാധാന്യങ്ങളെപ്പറ്റിയും ഉത്തരവാദിത്വങ്ങളുടെയും കാര്യത്തിൽ എന്തെല്ലാം തീരുമാനങ്ങളെടുത്തു? ഇതുവരെ അക്കാര്യത്തിൽ ഒന്നും സംഭവിച്ചിട്ടില്ല. അല്മായർക്കു ഇവയെക്കുറിച്ചു എന്തറിയാം? 

യജമാനന്മാരുടെ അടിമകൾ 

ജർമ്മനിയിലെ എന്റെ ജീവിതത്തിനിടയിൽ പ്രതീക്ഷിക്കാത്ത നിരവധി കാര്യങ്ങളിൽ ഇടപെടേണ്ടിയിരുന്നതിനാൽ ചില കാര്യങ്ങളിൽ എല്ലാവിധ കണക്കുകൂട്ടലുകളും തെറ്റി. ജർമ്മനിയിൽ വന്നു ജോലികൾ ചെയ്തിരുന്ന നമ്മുടെ മലയാളി സമൂഹത്തിനു കഴിയുമെങ്കിൽ കേരളത്തിൽ ജീവിച്ചതു പോലെയോ ജർമ്മനിയിൽ വസിക്കാമല്ലോ. എന്തുമാകട്ടെ, അവരെല്ലാവരും ഒരുമിച്ചു ജർമ്മനിയിൽത്തന്നെ താമസിക്കണമെന്നും സ്വാഭാവികമായും ഒടുവിൽ  ഞാനും ആഗ്രഹിച്ചു. ഇതിനായി നടന്നു കഴിഞ്ഞ സംഭവങ്ങളുടെ തെറ്റുകളെയും ശരിയേയുംപറ്റി തീർപ്പു കൽപ്പിക്കാൻ ഇവിടെ ശ്രമിക്കുന്നത് പൂർണ്ണമായും പാഴ്‌വേലയാണ്. എങ്കിലും അവയെല്ലാം മനസ്സിലാക്കുന്നതിനും കഴിയുമെങ്കിൽ ഭാവിയിലേക്ക് അവയിൽനിന്ന് പാഠം ഉൾക്കൊള്ളുന്നതിനും പരിശോധിക്കുന്നതിനും ഏറെ പ്രയോജനപ്രദമാണ് ആ ശ്രമം എന്നെനിക്ക് അപ്പോൾ തോന്നി. എന്നാൽ ഏതെങ്കിലും മാർഗ്ഗങ്ങളെക്കുറിച്ചുള്ള കൂടുതൽ വ്യക്തമായിട്ടുള്ള അറിവ് എനിക്കറിയില്ലായിരുന്നു. അതുകൊണ്ടുതന്നെ അതിലൊരു അന്തിമ തീരുമാനം എടുക്കാനുള്ള അക്ഷമ എനിക്കുണ്ടായി. അതായത് ജർമ്മനിയിലെ കുറെയേറെ മലയാളികളുടെയും പ്രായോഗികമാ യ അവസ്ഥയിതായിരുന്നു: മറ്റുചിലരുടെ കാര്യം, കൊളോൺ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ചില ആത്മീയ യജമാനൻമാരുടെ അടിമകളും ആയിരുന്നു എന്നതാണ്. യജമാനന്റെ സ്വാർത്ഥതാല്പര്യങ്ങൾക്ക് വിപരീതമായിട്ട് ഒരു അടിമയ്ക്കെങ്ങനെ സഹകരിക്കാനാവും? ജർമ്മനിയിലെ മലയാളികളുടെ ഏത് ആവശ്യങ്ങൾക്കും പ്രതീക്ഷകൾക്കും നേരെയെങ്ങനെ ധൈര്യമായി കല്പന പ്രഖ്യാപിക്കാൻ കഴിയും? ഇത്തരം ദുഃസ്ഥിതികൾ വീണ്ടും തുടരാതെ ഏതുവിധവും ആ സ്ഥിതിമെച്ചപ്പെടുത്താനും പറ്റിയ ഒരു അവസരമായിട്ടാണ് ഞങ്ങൾ കണ്ടത്. അതിനാൽ ഇക്കാര്യത്തിൽ ഏറെ ശ്രദ്ധനൽകാൻ ശ്രമിച്ചു.

സഹപ്രവർത്തകരുമായി മാത്രം ആലോചിച്ചശേഷം എന്റെ ഉദ്ദേശങ്ങളെല്ലാം അവരെ അറിയിച്ചു. അതിൽപ്പെട്ടതായിരുന്നു, കേരളത്തിൽപോയി കേരള സർക്കാർതലത്തിൽ ഉപദേശം തേടുകയെന്നത്. അതിനുവേണ്ടതായിട്ടുള്ള കുറെയേറെ തെളിവുകൾ ശേഖരിച്ചു. ഞങ്ങൾ മലയാളികളുടെ പ്രധാനപ്പെട്ട പ്രശ്നങ്ങൾ മനസ്സിലാക്കി. ഇത്തരത്തിൽ മലയാളികളെപ്പറ്റിയുള്ള വിവിധ അറിവുകൾ പിന്നീടുള്ള നിരവധിയേറെ നീക്കങ്ങളുടെ പ്രായോഗികവും അപൂർവങ്ങളിൽ അപൂർവവുമായ ഇത്തരം കാര്യങ്ങളിൽ ചെയ്യേണ്ടതായി സുപ്രധാനമായ തീരുമാനങ്ങൾ അന്ന് വേഗം കൈക്കൊണ്ടു. ഞങ്ങൾക്ക് വേണ്ടത് ഫലപ്രദമായ പ്രവർത്തിയായിരുന്നു. ആരെയെങ്കിലും കൂടുതൽ പ്രീതിപ്പെടുത്താൻ മാത്രമായി എന്തെങ്കിലും ചെയ്യണമെന്ന് എന്റെ മനസ്സ് ഇത്രകാലവും ഇടപെട്ടതിൽ ഒന്നും പ്രയോഗിച്ചതായി ഞാൻ ഓർമ്മിക്കുന്നില്ല.

"കവിത" ജേർണ്ണലിന്റെ നീതിശക്തി 

ജർമ്മനിയിലെ ഇന്ത്യാക്കാരുടെ യഥാർത്ഥ സാമൂഹ്യ ജീവിതസ്ഥിതിയുടെ സത്യസന്ധമായ വിവരങ്ങൾ കിട്ടാൻവേണ്ടി പലരും അന്ന് പ്രതീക്ഷയോടെ കാത്തിരുന്ന പുതിയ പ്രതികരണവും, വാർത്തകളും,  കാത്തിരുന്നതാകട്ടെ കൊളോണിൽ നിന്നും പ്രസിദ്ധീകരിക്കുന്ന "കവിത" ജേർണലിനെയാണ്. "കവിത" യെ കൂടാതെ "റീഇന്റഗ്രേഷൻ "പദ്ധതി പൊളിച്ചടുക്കുക ഏറെക്കു റെ അസാദ്ധ്യവുമായിരുന്നു. ഇന്ത്യാക്കാരുടെ ഭാവി അപകടപ്പെടുത്തുവാൻ ശ്രമിച്ച ശക്തികൾക്ക് നേരെ കൊടുങ്കാറ്റിന്റെ ശക്തിയിൽ ആഞ്ഞടിച്ച "കവിത" ചീഫ് എഡിറ്റർ Mrs. VALSA. G. KATTICAREN ന്റെ മുഖപ്രസംഗങ്ങൾ വഴി ഉയർത്തിയ അലകൾ ഇന്നും, ജർമ്മനിയിലെ മലയാളി ചരിത്രത്തിൽ എന്നും നിലകൊള്ളും. എന്തുകൊണ്ടാണ് അവയെ അപ്രകാരം കാണുന്നത്? സംഭവങ്ങൾ നമ്മുടെയെല്ലാം ജീവിതത്തിന്റെ ചരിത്രമായി മാറുമ്പോൾ നാം ഇന്നും നന്ദിയോടെ അവയെല്ലാം സ്മരിക്കുകയാണ്. കേരളത്തിലെ അന്നത്തെ സർക്കാരിനെന്ത് ചെയ്യാൻ കഴിയും? ഇത്തരം നിരവധിചിന്തകളുമായിട്ടാണ് കേരളത്തിലേയ്ക്കുള്ള എന്റെ യാത്ര തുടർന്നത്. കേരളത്തിലെ തൊഴിൽ മന്ത്രി, ശ്രീ. ഉമ്മൻ ചാണ്ടിയുമായി(1978) നേരിട്ട്കണ്ട് സംസാരിക്കാൻ  വേണ്ടി ആയിരുന്നു. അതിനു ഞങ്ങൾ ജർമ്മനിയിൽ നിന്ന് അവശ്യമായ എല്ലാവിധ പ്ലാനുകളും മുൻകൂട്ടി തീരുമാനിച്ചതിന് ശേഷം കേരളത്തിലെത്തിച്ചേർന്നു.

പുരയ്ക്കു തീ പിടിക്കുമ്പോൾ വാഴവെട്ടാൻ പോയവർ.

ർമ്മനിയിൽ ജോലി ചെയ്തിരുന്ന മലയാളികൾക്ക് ജോലിയും ആവശ്യമായ വർക്ക്പെർമിറ്റും വിസായും സംബന്ധിച്ച കാര്യങ്ങളിൽ സർക്കാരിന്റെ മനുഷ്യത്വരഹിതമായ നടപടികളാദ്യം ഉണ്ടായത് പശ്ചിമജർമ്മനിയുടെ തെക്ക്പടിഞ്ഞാറൻ സംസ്ഥാനമായ ബാഡൻവ്യൂർട്ടംബർഗിലായിരുന്നു. അതേസമയം മറ്റിതര ജർമൻ സംസ്ഥാനങ്ങളിലാകട്ടെ പ്രശ്നമുണ്ടായിരുന്നില്ല. ഇക്കാര്യത്തിൽ പ്രശ്നമില്ലാത്ത നോർത്ത് റൈൻ വെസ്റ്റ്ഫാളനിലെ കൊളോൺ നഗരത്തിൽ അന്ന് പ്രവർത്തിച്ചുകൊണ്ടിരുന്ന കാരിത്താസ് സംഘടനയുടെ പ്രമുഖ പ്രവർത്തകർക്കും ഇന്ത്യക്കാർക്കു വേണ്ടിയുള്ള സോഷ്യൽ വർക്ക് വിഭാഗത്തിലെ മലയാളികൾക്കുമായിരുന്നു ഈ വാർത്തയെ ആകർഷിച്ചത്. അവർ പെട്ടെന്ന് മറ്റൊരു സംസ്ഥാനത്തുണ്ടായ സർക്കാരിന്റെ നടപടികൾ വലിയ പ്രശ്നമായി പ്രചാരണം നടത്തിത്തുടങ്ങി. ഇതിൽ അവരുടെ ദുരുദ്ദേശം എന്തായിരിക്കാമെന്ന കാര്യം ആദ്യമേ തന്നെ സംശയകരമായി വളരെയേറെ തെളിഞ്ഞുകണ്ടു. എന്നാൽ ഞങ്ങൾക്ക് മനസ്സിലാക്കാൻ തീരെ കഴിയാഞ്ഞത്, അവയെല്ലാം ആർക്കുവേണ്ടി, എന്തിനുവേണ്ടിയായിരുന്നു എന്നതായിരുന്നു. അവരിൽ നിന്നും ഒരു അതിശീഘ്രപ്രതികരണഭാവം അപ്പോൾ ഉണ്ടായത് വിചിത്രവുമായിരുന്നു ? അയൽ വീട്ടിലെ അടുക്കളയിൽ നിന്നും ശക്തമായ പുകയുയരുന്നതു കണ്ടു അയൽക്കാരൻ പുര ഉടമയുടെ വാഴ വെട്ടാൻ പോയ സമാനത അവരിൽ ഉണ്ടായിരുന്നു. ഇവരാകട്ടെ, അന്ന് ഇന്ത്യയിലെ ചില സ്വാർത്ഥമതികളായ ഇന്ത്യൻമെത്രാൻ സമിതിയിലെ മലയാളികളായ ചില മെത്രാന്മാരുടെ ഉപദേശകരും സഹായികളുമായി പ്രവർത്തനങ്ങൾ വളരെ നാളുകളായിട്ട് നടത്തിയിരുന്നു.

ജർമ്മനിയിൽ ജോലി ചെയ്തിരുന്ന മലയാളികളുടെ ചരിത്രത്തിൽ ഇന്നുവരെ ഇവിടെ വിവരിച്ചിട്ടില്ലാത്തവയോ തിടുക്കത്തിൽ അവ പറഞ്ഞു പോയവയോ ആയ ചില കാര്യങ്ങളുടെ വീക്ഷണകോണിൽനിന്ന്, പ്രസ്താവാർഹമായി എന്റെ മനസിൽ തോന്നുന്നവ മാത്രമേ അടുത്ത അദ്ധ്യായങ്ങളിൽ തുടർന്ന് വിവിവരിക്കുനുള്ളു. ഇതിന്റെ ഉത്തരവാദിത്വത്തെക്കുറിച്ചു തികച്ചും ഞാൻ പൂർണ്ണ ബോധവാനാണ്; ഞാൻ പറഞ്ഞിട്ടുള്ളതായ പലവിധ കാര്യങ്ങൾക്കും താങ്ങായി എനിക്ക് മതിയായ തെളിവുകളുണ്ട്. ഇതെല്ലാം വായനക്കാരുടെ മനസ്സിൽ വയ്ക്കുമെന്ന് ഏറെക്കുറെ ഞാൻ ഇപ്പോൾ പ്രതീക്ഷിക്കുന്നുണ്ട്. അവയെല്ലാം അപ്രകാരം ചെയ്‌താൽ ഈ അദ്ധ്യായങ്ങളെല്ലാം തമ്മിലുള്ള ബന്ധം എളുപ്പം മനസ്സിലാക്കാനേറെ സാധിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. എനിക്ക് അന്ന് വലിയ ഒരു അഗ്‌നി പരീക്ഷയായിട്ട് എന്റെ ജീവിതത്തിൽ അനുഭവപ്പെട്ടിരുന്ന ഒരു വലിയ സംഭവമായിരുന്നു, 1977- ൽ ജർമ്മനിയിലെ മലയാളികൾക്ക് നേരിട്ട ജോലി- താമസവിസാ പ്രശ്നങ്ങളുടെ അടിസ്ഥാന കാരണങ്ങളുടെ അതിനിഗൂഢമായ തിരക്കഥ.

ബാഡൻവ്യൂർട്ടംബർഗ്ഗിലെ ഫ്രയിബുർഗിലുള്ള കേന്ദ്രജർമ്മൻ കാരിത്താസും സി. ബി. സി. ഐയും ചേർന്ന് നിർമ്മിച്ച രഹസ്യപ്ലാനുകൾക്ക് കൊളോൺ കാരിത്താസ് ഡയറക്ടറും, ഇൻഡിഷർ സോഷ്യൽ വർക്കിലെ മറ്റ്ചിലരും, ജർമ്മനിയിലെ ചില സി. എം. ഐ. പുരോഹിതരും, കാത്തലിക്ക് നഴ്‌സസ് ഗിൽഡ് ഓഫ് ഇന്ത്യയും ചേർന്ന് രഹസ്യ പദ്ധതി ആസൂത്രണം ചെയ്തു. അവർ ഇന്ത്യയിൽ പോയി ന്യൂഡൽഹിയിലെ കേന്ദ്ര സർക്കാരുമായും അതുപോലെ ജർമ്മനിയുടെ ഭരണതലത്തിലും നിരവധിയേറെ തവണ ജർമ്മനിയിലെ മലയാളികളുടെ കാര്യത്തിൽ ചർച്ചകൾ ചെയ്തുനോക്കി. എന്നാൽ ജർമ്മൻ മലയാളികൾക്കെതിരെ ഉയർന്നു വന്നിരുന്ന ഈ പദ്ധതി മറയില്ലാതെ അവ പുറത്തുവന്നതോടെ ഇന്ത്യൻസർക്കാരും, കേരളസർക്കാരും, ജർമ്മൻകാരും ജർമ്മൻ മാദ്ധ്യമങ്ങളും ഇതിനെതിരെ അതിശക്തമായി അവർക്കെതിരെ പ്രതികരിച്ചു.

ഇന്ത്യൻ എംബസിയുടെ തെളിഞ്ഞ സഹകരണവും പ്രതികരണവും . 
   
ബോണിലെ ഇന്ത്യൻ എംബസിയുടെ ക്രിയാത്മകമായ ഉറച്ച സഹകരണം ഞങ്ങൾക്ക് ലഭിക്കുന്നുണ്ടായിരുന്നു. അതുപക്ഷേ സർക്കാർതലത്തിലാകട്ടെ, വരേണ്ടതായ ഇടപെടലുകളിലേയ്ക്ക് വരണമെങ്കിൽ, ഇന്ത്യയിലെ നമ്മുടെ കേന്ദ്രസർക്കാരിന്റെ നിർദ്ദേശം ഇക്കാര്യത്തിൽ വേണ്ടിയിരുന്നു. കാരണം, ജർമ്മനിയിൽ അന്ന് ജോലിചെയ്യുന്ന നഴ്‌സുമാർക്ക് ഇരുസക്കാരുകളും അന്ന് യോജിച്ചു രൂപപ്പെടുത്തിയ യാതൊരു ജോലി കരാറുകളും ഉണ്ടായിരുന്നില്ല. ജർമ്മനിയിലെ മലയാളികൾ നേരിട്ടിരുന്ന അന്നത്തെ പ്രശ്നങ്ങളെ കേരള സർക്കാരിന്റേയും കേന്ദ്രമന്ത്രിസഭയുടെയും ശ്രദ്ധയിൽപ്പെടുത്തണമെന്ന് എനിക്ക് തോന്നി. എന്റെ വിചാരം തെറ്റാണെന്ന് എനിക്ക് തോന്നിയില്ല. അതുകൊണ്ട് എനിക്കാവശ്യം വന്നാൽ ബന്ധപ്പെടാവുന്ന കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയും അന്നത്തെ (1978) കേരളത്തിന്റെ തൊഴിൽ മന്ത്രി ശ്രീ. ഉമ്മൻ ചാണ്ടിയുമായി നേരിട്ടുള്ള ഒരു ചർച്ചയ്ക്ക് വേണ്ടി ഞാൻ പ്ലാൻ ചെയ്തു, താമസിയാതെ ഞാനും എന്റെ ഭാര്യയും കേരളത്തിലേയ്ക്ക് പുറപ്പെട്ടു. എന്തെങ്കിലും ഫലപ്രദമമായ മാർഗ്ഗം കാണാൻ കഴിയുമെന്ന പ്രതീക്ഷയിൽ ആയിരുന്നു ആ യാത്രയുടെ ഉദ്ദേശം.

 ശ്രീ ഉമ്മൻ ചാണ്ടി, . 
Minster For Labour, 
Kerala,
11-4-1977- 27-10-178
ശ്രീ. ഉമ്മൻ ചാണ്ടിയുമായി നേരിട്ട്കണ്ടു തന്നെ  ഉടനെ സംസാരിക്കണം. എന്നെ  അപ്പോൾ ഏറെയേറെ അതിന് പ്രേരിപ്പിച്ച കാര്യങ്ങളാണ്, ആരെയും ഭയപ്പെടുത്തുന്ന കാപട്യം പ്രേതതുല്യ പൂർണ്ണരൂപത്തിൽ പ്രാപിച്ചിരുന്ന "റീഇന്റഗ്രേഷൻ" പദ്ധതി. അത് നടത്തിയെടുക്കാൻ വേണ്ടി ശമിച്ച ബോംബെയിലെ ഇന്ത്യൻ കത്തോലിക്കാ മെത്രാന്മാരുടെയും ശക്തരായ അവരുടെ ജർമ്മൻ   കൂട്ടാളികളുടെയും  പരസ്പരമുള്ള അനേകം ബന്ധപ്പെടലുകൾ കൊണ്ട് നടത്തിയ എഴുത്തുകളാണ് കാര്യങ്ങളുടെ ഗൗരവം അന്ന് പുറത്ത് കൊണ്ടുവന്നത്. ജർമ്മനിയിലെ മലയാളികളെ മുഴുവൻ ഒരു  "റീഇന്റഗ്രേഷൻ" എന്ന വൻ ചതിക്കുഴിയിൽ ചാടിക്കാൻശ്രമിച്ച പ്രമുഖന്മാരാരായിരുന്നെവെന്ന്, നമുക്കിവിടെ കാണാം. അന്നത്തെ ഇന്ത്യയിലെ മെത്രാൻ സമിതിയുടെ  പ്രധാന ചെയർമാൻ ഊട്ടി രൂപതയുടെ മുൻ മെത്രാൻ ബിഷപ് മാർ അരുൾദാസ് ജെയിംസ്, മലയാളികളായ തൃശൂർ രൂപതയുടെ മെത്രാൻ ബിഷപ് മാർ ജോസഫ് കുണ്ടുകുളം, വടക്കേ ഇന്ത്യൻ സാഗർ രൂപതയുടെ മെത്രാൻ മാർ. T. ക്ലെമെന്റ് തോട്ടുങ്കൽ സി. എം. ഐ. തുടങ്ങിയവർ ആയിരുന്നു. ചുരുക്കിപ്പറഞ്ഞാൽ എല്ലാ മര്യാദകളെയും അവഗണിച്ചു ഒരു സമൂഹത്തെ മുഴുവൻ അവരുടെ വരുതിയിലാക്കുകയും അതിലൂടെ സാധിക്കുന്ന  കോടികളുടെ  സാമ്പത്തിക നേട്ടം കൊയ്യാൻ വഞ്ചനയുടെ കളമൊരുക്കിയ വർ, ഇന്ത്യൻ മെത്രാന്മാരുടെ ലേബലിൽ ജർമനിയിൽ വന്നു.


പണിചെയ്തത് തൃശൂർ സ്വദേശികളായ മെത്രാന്മാരായിരുന്നു. അവരിൽ സി. എം. ഐ. സഭക്കാരും ആയിരുന്നു. ഇവരുടെ അധോലകസമ്പർക്കങ്ങളുടെ തിരക്കഥയുടെ തനി രൂപങ്ങൾ കാണാം. ഇവയിൽ ചിലതിന്റെ ഒറിജിനൽ പതിപ്പ് ഇവിടെ മുകളിൽ ചേർക്കുന്നു.

 Sr . Ella Bröiskamp- ന് അയച്ച കത്ത് -തുടർച്ച 



ഭീഷണികൾ, പീഡനങ്ങൾ -

മലയാളികളുടെ "റീഇന്റഗ്രേഷനെ"തിരെ പ്രതികരിച്ചിരുന്ന എനിക്കും ശ്രീ. ജോർജ്. ജെ. കട്ടിക്കാരനും, പല എതിർപ്പുകളെയും നേരിടേണ്ടി വന്നു.  അതു പോലെ തന്നെ അക്കാലത്ത് ഞങ്ങളിരുവർക്കും ധാർമ്മികമായ പിന്തുണ നൽകിയിരുന്ന മറ്റുചിലർക്കും ചില ഭീഷണികൾ നേരിടേണ്ടിവന്നു. അവർ അക്കാലത്തു കൊളോണിലെ സി. എം. ഐ. സഭയിലെ ചില മലയാളികളായ  വൈദികരായിരുന്നു. അവരുടെ സഭയിൽപ്പെട്ട ചില യജമാനപ്രമാണിമാർ ആണ് പീഡനങ്ങൾക്ക് പിന്നിൽ നിന്നത്. ധിക്കാരപരമായ പെരുമാറ്റം ഞാനും ശ്രദ്ധിക്കാതിരുന്നില്ല. എന്നാൽ കത്തോലിക്കാ സഭയിൽ വൈദികരാകുന്നത് വഞ്ചന പരിശീലിച്ചു കൊണ്ട് അത് സമൂഹത്തിൽ അപ്രകാരം പ്രതികാരം നടപ്പാക്കുവാനല്ല. അവരവരുടെ സഭാസമൂഹത്തിലെ സഭാ വൈദികർക്കും മാത്രമല്ല ഞങ്ങൾക്കും നേരിട്ടതുപോലെ ചില ഭീഷണികൾ സൃഷ്ടിക്കാനല്ല പുരോഹിതരാകേണ്ടത്. കപടസ്നേഹം കാണിച്ചും അല്ലാതെയുമായിട്ടുള്ള ഓരോ തരത്തിലുള്ള പല വിഷമങ്ങൾ അവർ  ഉണ്ടാക്കിയിരുന്നു. ഞങ്ങൾക്ക് ധാർമ്മികമായി പിന്തുണ നൽകിയിട്ടുള്ള "നാടൻ കത്തിന്റെ" (ജർമ്മനിയിൽ മലയാളികൾക്കായി തുടങ്ങിയിരുന്ന ആദ്യത്തെ "കയ്യെഴുത്തു വാർത്ത മാദ്ധ്യമം) പത്രാധിപൻ ഒരു സി. എം. ഐ. വൈദികനെപ്പോലും ഹീനമായിട്ട് അവർ പീഢിപ്പിച്ച ചില സംഭവം പോലും അന്ന് ഉണ്ടായിട്ടുണ്ട്. മൈഗ്രേഷൻ അധികാരികളെ സ്വാധീനിച്ചു അവർ ശ്രീ. ജോർജ്. ജെ. കട്ടിക്കാരനെതിരെ മൈഗ്രേഷൻ വകുപ്പിൽ നിന്നും നാടുകടത്തൽ ഭീഷണിക്കത്തുകൾ പോലും എഴുതിപ്പിച്ചു. കാലം ഇവരുടെയെല്ലാം തെറ്റുകളെ കണ്ടു പിടിക്കുകയില്ലെന്ന് എന്താണുറപ്പ്? ശരിയായതിനെ ഈശ്വരൻ രക്ഷിക്കട്ടെ.

ഇതുമായി ബന്ധപ്പെട്ട മറ്റൊരു ദുഷ്ട സംഭവം എഴുതട്ടെ.     ഹൈഡൽബർഗിൽ
അക്കാലത്ത് കലാ- സാംസ്കാരിക ഫിലിം പ്രദർശനം മലയാളികൾക്കുവേണ്ടി പള്ളിവക ഹാളിൽ പ്രദർശിപ്പിക്കുവാൻ ജോർജ് കട്ടിക്കാരനെത്തി. മലയാളി സമാജം ഹൈഡൽബെർഗ് നേതാക്കളെന്നു സ്വയം മറ്റുള്ളവർക്ക് നേരെയും വിശേഷിപ്പിക്കുന്നവർ അദ്ദേഹത്തെ കടുത്ത ദേഹോപദ്രവം ചെയ്യുവാൻ പ്രദർശന ഹാളിൽ എത്തി മുഷ്ടിചുരുട്ടി ഭീഷണി മുഴക്കി. ശ്രീ. ജോർജ്. ജെ. കട്ടിക്കാരൻ പോലീസ് സംരക്ഷണം അപ്പോൾ ആവശ്യപ്പെടേണ്ടതായ ദുരന്ത സാഹചര്യം പോലും ഉണ്ടായി. ഈ സംഭവത്തിനു ഞാൻ ദൃക്‌സാക്ഷിയാണ്. 1977 കാലഘട്ടം. ജർമ്മനിയിൽ അവിടെയും ഇവിടെയും ചില മലയാളികൾ കൂടി സമാജങ്ങൾ സൃഷ്ടിച്ചു നേതാക്കളാകുന്ന കാലമാണ്. കൊളോണിലെ ഇന്ഡിഷർ സോഷ്യൽ വർക്കിലെ ചിലരുടെ നിർദ്ദേശമനുസരിച്ചാണ് അന്ന് ഇത്തരം കാര്യങ്ങൾ പലപ്പോഴും ഉണ്ടായിട്ടുള്ളത്. അക്കാലത്തു, മലയാളികൾ  പുരുഷന്മാർക്ക്  നിയമപരമായി വർക്ക് പെർമിറ്റ് ലഭിക്കാത്ത അവസരത്തിൽ ഇവരെല്ലാം തൊഴിൽരഹിതരായ ഇത്തിൾക്കണ്ണികളായി മാത്രം ജീവിക്കാൻ തുടങ്ങിയവരായിരുന്നു. സമാജം നേതാക്കളിലേറെയും ഇന്ത്യൻ നഴ്‌സുമാർ നേരിട്ടുകൊണ്ടിരുന്ന പ്രശ്നങ്ങളിൽ, അവരോ അവരുടെ സമാജങ്ങളോ ഒന്നും ഇടപെടാൻ തയ്യാറായില്ല. കൊളോൺ കാരിത്താസിലെ ചില "അങ്കിൾ" മാർക്ക് ആമ്മേൻ പറയുന്നവരോ, സമയം ചെലവഴിക്കാൻ പോലും ഒട്ടും തയ്യാറായില്ല. സാമൂഹിക സേവനമായിരുന്നില്ല അവരുടെയും ലക്‌ഷ്യം.

ആൾമാറാട്ടം നടത്തിയ വില്ലൻ വൈദികൻ 

അതുപോലെ മറ്റൊരു അനുഭവം വേറെയുണ്ടായി. എനിക്ക് നേരെ എതിരെ ഭീഷണി മുഴക്കാൻ കൊളോണിൽ നിന്നുള്ള ഗൂഡാലോചന സംഘത്തിലെ ഒരു അധോലോക മലയാളിവൈദികനെ എന്റെയടുക്കലേയ്ക്ക് പറഞ്ഞു വിട്ടു. ഹൈഡൽബെർഗ്ഗിൽ എന്റെ താമസ മുറിയിൽ അയാൾ അന്വേഷിച്ചു നേരിട്ടു കയറി വന്നു. എന്ത്തേടി  വന്നു  അയാൾ, എന്റെ താമസവീടിനു പരിസരത്തുണ്ടായിരുന്ന ഒരു ഇന്ത്യാക്കാരിയുമായി എന്നെപ്പറ്റി വളരെയേറെ വിചിത്ര ചോദ്യങ്ങൾ ചോദിച്ചുവെന്ന് പിന്നീട് ആ ഇന്ത്യാക്കാരി എന്നോട് വിശദമായി പറഞ്ഞു. എന്നെ അന്വേഷിച്ചു എന്റെയടുക്കൽ അപരനാമത്തിൽ വന്നെത്തിയിരുന്ന അയാളെ, സാമാന്യ മര്യാദയുടെ അതിരുവിട്ട് ഒട്ടും കൂടുതൽ ചിന്തിക്കാതെ ഞാൻ മുറിയിലേയ്ക്ക് സ്വീകരിച്ചിരുത്തി. ഞങ്ങൾ നല്ല പരിചിതരെപ്പോലെ തന്നെ സംസാരിച്ചു. ഒരു മലയാളിയല്ലേ, എന്റെ നിഷ്ക്കളങ്കതയ്ക്ക് ഞാൻ വഴങ്ങിയാണപ്പോൾ നിലകൊണ്ടത്. ഞങ്ങൾ സംസാരം തുടരുംതോറും എന്റെ മനസ്സിൽ ചില സംശയങ്ങളുടെ സൂചിമുനകൾ എന്നിൽ വളരെ ആഴത്തിൽ തുളയുന്നതായി തോന്നി. "റീഇന്റഗ്രേഷൻ" പദ്ധതിയെ അനുകൂലിക്കണമെന്ന് എന്നോടപ്പോൾ അയാൾ വിശദീകരിച്ചു. അതല്ലെങ്കിൽ ജർമ്മനിയിൽ ജോലിയുള്ള മലയാളികൾക്ക് പ്രതീക്ഷിക്കാത്തവിധം വിപരീതഫലങ്ങൾ നേരിടുന്നത് ഞാൻ പിന്നീട് കാണേണ്ടി വരുമെന്നും വരെ എനിക്ക് നേരെ ഭീഷണി മുഴക്കി.

വൈകിട്ട് എട്ടു മണിയോടെ  എന്നെത്തേടി എന്റെ താമസ മുറിയിൽ ഉറ്റ സൗഹൃദ മനോഭാവത്തിൽ അന്വേഷിച്ചെത്തിയ ആ മലയാളി, ഇന്ത്യയുടെ മെത്രാൻ സമിതിയിലെ ഒരു ഉത്തരവാദപ്പെട്ട ജോലിയുള്ള 'വൈദികനാണ്' എന്ന് അല്പസമയത്തിനുള്ളിൽ സംസാരത്തിനിടയിൽ  ഞാൻ അറിയുന്നു. അയാളുടെ ആവേശത്തിലും പരിസരബോധം മറന്നുള്ള പ്രകോപനപരമായ സംസാരത്തിനുമിടയിൽ ആയിരുന്നു അങ്ങനെയൊരറിവ് ലഭിച്ചത് :, രാത്രി പതിനൊന്ന് മണിവരെയായപ്പോഴാണ് വസ്തുത വെളിയിൽ വന്നത്. ഇതിനിടെ എനിക്ക് ഒരു ജോലി വാഗ്ദാനവുംകൂടി അദ്ദേഹം എനിക്ക് മുമ്പിൽ പ്രതിഫല മായി വച്ചിരുന്നു. ഒരുനിമിഷം ചിന്തിച്ചു: ഞാൻ ഉടൻ ഇരുന്നിടത്തു നിന്നും എഴുന്നേറ്റിട്ട് അദ്ദേഹത്തോട് ചോദിച്ചു : "നിങ്ങൾ വൈദികനാണല്ലേ ,..ഇനി നിങ്ങൾക്ക് ഇവിടെനിന്നും ഉടൻ പോകാം". ഞാൻ മുറിയുടെ വാതിൽ തുറന്നു അപരിചിതമലയാളിയായ കപട വൈദികനെ പുറത്തേയ്ക്ക് ഇറക്കി വിട്ടശേ ഷം വാതിലടച്ചു. ജർമ്മനിയിലെ വിദേശവാസത്തിൽ നമ്മെത്തേടി ആരെങ്കി ലും അപരിചിതരാണെങ്കിലും ഒരു മലയാളി മാന്യവേഷത്തിൽ വന്നെത്തി പരിചയപ്പെടാൻ വന്നാൽ നാം സ്വീകരിക്കുന്ന ഒരു സാമാന്യമായ ചിന്തയിലാ ണ് അന്ന് ഞാൻ അയാളെ ഞങ്ങളോടൊപ്പം സ്വീകരിച്ചിരുത്തി സംസാരിക്കാ നുറച്ചത്. എങ്ങനെയായാലും ഞാൻ നടത്തിയ അന്വേഷണത്തിൽ വന്നയാൾ ആരായിരുന്നു എന്നോട് വന്നു സംസാരിച്ചതെന്നും, അടുത്ത ദിവസം തന്നെ എനിക്ക് ശരി വിവരം ലഭിക്കുകയും ചെയ്തു. കൊളോണിലെ വൈദികരിലെ അധോലോകം പറഞ്ഞുവിട്ട, ഇന്ത്യൻ കാത്തലിക് ബിഷപ്സ് കോൺഫറൻസ് നേതൃനിരയിലെ ഒരു പ്രമുഖനായ വില്ലൻ വൈദികൻ ആയിരുന്നു,    അയാൾ.

 
 
സിസ്റ്റർ ELLA  ക്ക് അയച്ച പ്രതിഷേധ കത്ത് മുകളിൽ -


അതുപക്ഷേ, മറ്റു ചില നിഗൂഢമായ നീക്കങ്ങളേപ്പറ്റിയും ഇതിനിടെ   ഞങ്ങൾ നിരീക്ഷിച്ചു മനസ്സിലാക്കി. ഇന്ത്യയിലെ കാത്തലിക്ക് ബിഷപ്‌സ് സമിതിയും, ബോംബെയിലെ കാത്തലിക്ക് നഴ്സസ് ഗിൽഡ് ഓഫ് ഇന്ത്യയുടെ പ്രസിഡന്റും മലയാളികളുടെ "റീ ഇന്റഗ്രേഷൻ" പദ്ധതിയുടെ പ്ലാനറുമായിരുന്ന    സിസ്റ്റർ   ELLA. STUEWART, കൂടാതെ ബോണിലെ ഇവരുടെ ചീഫ് ഏജന്റായി       ജോലി ചെയ്തിരുന്ന ക്രോയിസ് ബർഗ് ഇന്റർനാറ്റ് ഡയറക്ടർ മിസ്റ്റർ. ബ്രോയിസ്‌കാംപ് തുടങ്ങിയവരുടെ ചില രഹസ്യ നീക്കങ്ങളുടെ കാര്യങ്ങൾ ഞങ്ങൾക്ക് ലഭിച്ചു. അവയുടെ യഥാർത്ഥവും അതിതീവ്രവുമായ അപകടത്തിന്റെ  അടിസ്ഥാന പശ്ചാത്തലം മനസ്സിലാക്കിക്കൊണ്ട് ഉടൻ എന്റെ ഭാര്യ കാത്തലിക്ക് നഴ്‌സസ് ഗിൽഡ് ഓഫ് ഇന്ത്യയുടെ പ്രസിഡണ്ട് സിസ്റ്റർ ELLA STUEWART- നു Heidelberg-ൽ നിന്നും ഒരു പ്രതിഷേധക്കുറിപ്പ് 1. 02. 1978 നു നേരിട്ട് അയച്ചു.                                                     
പ്രതീക്ഷിക്കാതെ, ക്ഷണിക്കാതെ, 
കയറിവന്ന രണ്ടു അതിഥികൾ :
സിസ്റ്റർ ELLA STUEWART ന്റെയും 
Mr. HERMAN BRÖSKAMP ന്റെയും 
മിന്നൽ സന്ദർശനം.

സിസ്റ്റർ ELLA. S ന് അയച്ച പ്രതിഷേധക്കുറിപ്പ് അവരിൽ ശക്തമായി തുളച്ചു കയറിയെന്നധികം വൈകാതെ തന്നെ അത്യത്ഭുതകരമായ വിധത്തിൽ നേരിട്ട് മനസ്സിലാക്കി. പ്രതിഷേധക്കുറിപ്പു അയച്ചു കഴിഞ്ഞശേഷം ഏതാണ്ട് ഒരു മൂന്നാഴ്ചകൾ കഴിഞ്ഞു കാണും. 1978 ആരംഭകാലഘട്ടം. ഞാൻ Karlsruhe -ൽ ഒരു എൻജിനീയറിങ് സ്‌കൂളിൽ പഠിക്കുകയാണ്. ഒരു ശനിയാഴ്ച ദിവസമായി രുന്നു. അവധിയായിരുന്നതുകൊണ്ടു ഞങ്ങൾ ഞങ്ങളുടെ താമസമുറിയിൽ തന്നെ ഉണ്ടായിരുന്നു. തൊട്ടടുത്തുള്ള ഒരു ആശുപത്രി ഇൻഫൊർമേഷനിൽ നിന്ന് ഒരാൾ എന്നെ ടെലഫോൺ ചെയ്തു: "എന്നെ തേടി രണ്ടു പേർ ഇവിടെ കൊളോണിൽ നിന്ന് വന്നിരിക്കുന്നു. ഒട്ടും വൈകാതെ അവർ അഞ്ചാമത്തെ നിലയിലെ മുകളിലുള്ള ഞങ്ങളുടെ താമസ മുറിയെ ലക്ഷ്യമാക്കി നടന്നു കയറിയെത്തി എന്റെ അടുക്കൽ എത്തി..                                                                                                                                                                                        
  

             റീ ഇന്റഗ്രേഷൻ പ്രോഗ്രാമിൽ ഇന്ത്യയിലേയ്ക്ക്തിരിച്ചു 
                                       പോകാൻ താല്പര്യപ്പെടുന്നവരുടെ 
                                        സ്ഥിതിവിവരക്കണക്ക് എടുക്കൽ.

ഞങ്ങളെ അവരിരുവരും സ്വയം പരിചയപ്പെടുത്തി. ഞാനവരെ മുറിയിൽ പ്രവേശിപ്പിച്ചു. അവർക്ക് ഇരിപ്പിടം നൽകി. അപരിചിതരായിരുന്ന സിസ്റ്റർ ELLA STUEWART ന്റെയും Mr. HERMAN BRÖSKAMP ന്റെയും അപ്രതീക്ഷിത മായ സന്ദർശനം! ഞാൻ യഥാർത്ഥത്തിൽ അല്പം ചിന്താക്കുഴപ്പത്തിൽ ഒരു നിമിഷം ചിന്തിച്ചു നിന്നു. "ജർമ്മനിയിലേയ്ക്ക് ഞാൻ വരരുതെന്ന് Mr. ജോർജ് കുറ്റിക്കാട് എന്നെ വിലക്കിയിട്ടുണ്ടല്ലോ, അത്കൊണ്ടാണ് ഞങ്ങൾ താങ്കളു ടെയടുത്തു ഇപ്പോൾ നേരിട്ട്തന്നെ ഇവിടെ വന്നത്". കസേരയിൽ ഇരുന്നുകൊ ണ്ട് തികച്ചും ആക്ഷേപസ്വരത്തിൽതന്നെ ഉടൻ സിസ്റ്റർ ELLA STEUWART എ ന്നോട് പറഞ്ഞു തുടങ്ങി. സിസ്റ്റർ. ELLA. STUEWART. ഒരു ഐറിഷ് വംശജയായ ഒരു കന്യാസ്ത്രിയായിരുന്നു. മാത്രമല്ല, അവർ കാത്തലിക്ക് നഴ്സസ്സ് ഗിൽഡ് ഓഫ് ഏഷ്യൻ പ്രസിഡന്റ് കൂടിയായിരുന്നു. Mr. H. BRÖSKAMP എന്റെ ഇടത് വശത്തു ഇരുന്നു. ഞാൻ ക്ഷണിക്കാതെ എന്റെ അടുത്തു എത്തിയ രണ്ടു അപരിചിത അതിഥികൾ. തുടർന്നുള്ള സംസാരത്തിനു മുടക്കമുണ്ടായില്ല. സിസ്റ്റർ Ella. S. ന്റെ ആമുഖവാക്കിനുള്ള മറുപടിയായി ഉടനെ എന്റെ നാവുയർന്നു. "ഇപ്പോൾ മലയാളികളുടെ വിഷയത്തിൽ ഇടപെടാൻ നിങ്ങൾ ഇരുവരും ജർമ്മനിയിലേക്കാകട്ടെ, നിങ്ങൾ വരുന്നതിനെ ഞാൻ എതിർക്കും. കാരണം ജർമ്മനിയിലെ മലയാളികളുടെ ഏതു പ്രശ്നത്തിലും അവർക്ക്  എന്ത് തീരുമാനം, അവയെല്ലാം എപ്പോൾ എങ്ങനെയും ഉണ്ടാകണമെന്ന് അവർക്ക് സ്വയമേവ തന്നെ തീരുമാനിക്കാൻ കഴിയും എന്നെനിക്കറിയാം.

നിങ്ങൾ മുന്നോട്ടുവച്ചിരിക്കുന്ന പ്രശ്നം ജർമ്മനിയിൽ ഇപ്പോൾ ജോലിചെയ്തു ജീവിക്കുന്ന മലയാളികളുടെ നീറുന്ന പ്രശ്നമല്ല. അവർ സ്വയം സൃഷ്ടിച്ചിട്ടുള്ള തിരക്കഥയല്ല, അത്. മലയാളികളെ തിരിച്ചയക്കുന്നതിന് ഇന്ത്യൻ മെത്രാൻ കൗൺസിൽ ഒരുക്കിയ പദ്ധതിയാണ്. സാമ്പത്തിക സഹായം നിങ്ങൾവഴി ജർമ്മൻ സർക്കാരിൽ നിന്നും വാങ്ങിയെടുക്കുന്നതിനുവേണ്ടി, ഓരോരോ കാരുണ്യ പ്രവർത്തിയുടെ പേരിന്റെ നിഴലിൽ ഒരു "റീഇന്റഗ്രേഷൻ" എന്ന പ്രോഗ്രാമിന് വിധേയമാക്കി മലയാളികളെ ഇന്ത്യയിലേയ്ക്ക് പറിച്ചുനടാൻ നിങ്ങളിവിടെ ശ്രമിക്കുന്നത് ശരിയല്ല, ഞങ്ങൾ ശക്തമായി എതിർക്കും. നിങ്ങൾ ഈ ശ്രമത്തിൽ നിന്നും വിട്ടു മാന്യമായി പിന്തിരിഞ്ഞു പദ്ധതിക്ക് മാന്യമായ അവസാനം കാണുകയാണുത്തമം എന്ന് ഞാൻ പറയുന്നു. ഞാൻ   "താക്കീതു നൽകി". സംസാരം വീണ്ടും തുടന്നു: അവരുടെ താൽക്കാലിക മറുപടി ഇപ്രകാരമായിരുന്നു: "ഇതിനു ഞങ്ങളിരുവരും, ഇവിടെയിരിക്കുന്ന യാൾ ക്രോയിസ്ബർഗ് ഇന്റർനാറ്റിന്റെ ഡയറക്ടർ Mr. HERMAN BRÖSKAMP- ഉം താങ്കളെ തേടി ഇവിടെയെത്തിയത്, താങ്കളുടെ കടുത്ത എതിർപ്പുകളെല്ലാം  നേർക്ക് കാണുവാനല്ല, മറിച്ചു, താങ്കളിപ്പോൾ ഞങ്ങളോട് പൂർണ്ണമായിട്ടും  സഹകരിക്കണമെന്ന് പറയുവാനാണ്," സിസ്റ്റർ ELLA STEUWART ഉടനെ തന്നെ സഗൗരവം പറഞ്ഞു നിറുത്തി. "എനിക്കെതിരെ അവരുയർത്തിയ "കമൻറ്" ഒരു ഭീഷണി മാത്രമായിരുന്നില്ല, അതൊരു യാഥാർഥ്യമായിരുന്നു. അവരുടെ വാക്കുകൾ എന്നെ പ്രകോപിപ്പിച്ചു." അവരിരുവരുടെയും നേർക്ക് തിരിഞ്ഞു, ഞാൻ ഇപ്രകാരം പറഞ്ഞു:"അവസാനമായി, എനിക്ക് നിങ്ങളോടു തുറന്നു ഇപ്പോഴുള്ള നിർദ്ദേശത്തിന് ഒരു മറുപടിയെ ഉള്ളൂ. ഇപ്പോൾ  "ജർമ്മനിയിലെ നിലവിലുള്ള മലയാളികളുടെ കൂട്ടപ്പാലായനം സാധിച്ചെടുക്കുവാൻ ഇനിയും നിങ്ങളുടെ  ശ്രമം തുടർന്നാൽ നിങ്ങൾ ജർമ്മൻ കോടതിയിൽ നിയമപരമായ നടപടിയെ നേരിടേണ്ടിവരും". ആ മറുപടി ചെന്ന് തറച്ചത് Mr. BRÖSKAMP ന്റെ നെഞ്ചിൽ. എന്റെ വലത്തുകരം അദ്ദേഹം തേടി പിടിച്ചു ഇപ്രകാരം എന്നോട് പറയുകയാണ്: "Mr. KUTTIKATTU, I will give you now an open word, I will not interfere to this Project in future, I can  understand your deep feeling, I will be sure I will leave from this work." അദ്ദേഹം ഇത്രയും പറഞ്ഞു നിറുത്തി, ഒരു വിഷമകരമായ ഭാവവികാരം നിറഞ്ഞ പുഞ്ചിരിയിൽ സമ്മാനിച്ചുകൊണ്ട് പ്രതീക്ഷിക്കാത്ത ഗാരണ്ടിയുടെ തരത്തിലുള്ള ഒരു വലിയ ഉറച്ച പ്രതികരണം ഞാൻ ഒട്ടുമേ പ്രതീക്ഷിച്ചതല്ല, അത് എന്നെ അത്ഭുതപ്പെടുത്തി. ഉടൻതന്നെ അവരിരുവരും എന്നോടു യാത്ര പറഞ്ഞു മുറിവിട്ടുപുറത്തേയ്ക്ക് പോയി.


സിസ്റ്റർ Ella Stuewart Mr. Herman Bröskamp നു 19 സെപ്. 1977 -ൽ അയച്ച കത്ത് - 


കേരളത്തിലെ മുൻ തൊഴിൽമന്ത്രി ശ്രീ. ഉമ്മൻ ചാണ്ടിയുമായുള്ള ചർച്ച- 

   

 മുൻ കേരളാ മുഖ്യമന്ത്രി
ശ്രീ.  ഉമ്മൻ ചാണ്ടി ജർമ്മൻ മലയാളികളുടെ വിഷയം പഠിക്കുന്നു.
       സംഭവങ്ങൾ ഏറെ ഗൗരവതരമായി അഭിമുഖീകരിക്കേണ്ടി വന്നപ്പോൾ ഞാൻ ഇന്ത്യൻ എംബസിയുടെ ഉത്തരവാദപ്പെട്ട ഫസ്റ്റ് സെക്രട്ടറി ശ്രീ. പട്ട്വർദ്ധനുമായും കൂടാതെ ജർമ്മൻകാരനായ ഫാ. ലുഡ്‌വിഗ്‌ ബോപ്പിനോടും  ഇന്ത്യയിലേക്കുള്ള എന്റെ യാത്രയെക്കുറിച്ചും സർക്കാർതലത്തിൽ എന്ത് ചെയ്യാനാകും എന്നുള്ള വിവിധ കാര്യങ്ങളെക്കുറിച്ചും സംസാരിച്ചു. നേരെ മറിച്ചു അന്ന് മറ്റൊരു മലയാളി സുഹൃത്തുക്കളുമായി ഈ ആശയങ്ങൾ പങ്കുവച്ചാലുള്ള ദോഷകരമായ ഫലാവസ്ഥയെപ്പറ്റിയും പഠിച്ചു. ഇപ്രകാരം പ്ലാനിട്ടശേഷം ഞാൻ 1978 ആദ്യമേതന്നെ എന്റെ ഭാര്യയുമൊത്ത് കേരളത്തി ലേയ്ക്ക് യാത്ര തിരിച്ചു. അന്ന് കേരളത്തിലെത്തിയ ഞങ്ങൾക്ക് അന്നത്തെ കേരള തൊഴിൽ വകുപ്പ് മന്ത്രിയുമായി നേരിൽ ഈ പ്രശനം ചർച്ചചെയ്യാനു ള്ള ഒരു അവസരത്തിനായി എന്റെ ഒരു സുഹൃത്ത് തോമസുമായി ഉടനെ ഇടപ്പെട്ടു, അന്നദ്ദേഹം കാഞ്ഞിരപ്പള്ളി ഫെഡൽബാങ്കിന്റെ അക്കാലത്തെ മാനേജർ ആയിരുന്നു, അങ്ങനെ അദ്ദേഹം മന്ത്രിയുമായുള്ള നേരിട്ടുള്ള ഒരു കൂടിക്കാഴ്ച ഞങ്ങൾക്കായി തയാറാക്കി ഉറപ്പാക്കിയശേഷം ഞാനും എന്റെ ഭാര്യ ലൂസിയും എന്റെ സുഹൃത്ത് ശ്രീ. തോമസും ഒരുമിച്ചു അടുത്ത ഒരു ദിവസം ഉച്ചകഴിഞ്ഞു പാമ്പാടിയിലെ യാക്കോബായ പള്ളിയിലെത്തി. അന്ന് അവിടെ ഞങ്ങൾക്കായി കേരളത്തിന്റെ തൊഴിൽമന്ത്രിയായിരുന്ന മന്ത്രി ശ്രീ. ഉമ്മൻ ചാണ്ടി കാത്തിരുന്നു. നേരത്തെ നിശ്ചയിച്ചുറപ്പിച്ച സമയത്തിന് ഞങ്ങൾ അദ്ദേഹത്തിന്റെയടുക്കൽ എത്തി. അദ്ദേഹവുമായി ജർമനിയിലെ  മലയാളികളുടെ വിഷയം ചർച്ചചെയ്തു.

നമ്മുടെ കേരള സഭാധികാരികൾക്കു യാഥാർത്ഥ്യബോധം കൂടുതൽ വേണ മെന്ന ലളിത അഭിപ്രായം എന്നോട് സൂചിപ്പിച്ചു." ഇന്ന് തന്നെ ഞാൻ തിരുവന ന്തപുരത്ത് എത്തി കേന്ദ്രമന്ത്രിയുമായി ജർമനിയിലെ മലയാളികളുടെ നില വിലുള്ള പ്രശനം സംസാരിക്കും. ശ്രീ. എ. ബി. വാജ്‌പേയ് ആണല്ലോ നമ്മുടെ വിദേശകാര്യമന്ത്രി (മുൻ ഇന്ത്യൻ പ്രധാനമന്ത്രി ), അദ്ദേഹത്തിന് ഇക്കാര്യത്തി ൽ സഹായിക്കാനാകും. നിങ്ങൾ ധൈര്യമായി ജർമ്മനിക്ക് പോവുക." മന്ത്രി ശ്രീ. ഉമ്മൻ ചാണ്ടി ഒടുവിൽ ഞങ്ങൾക്കുറപ്പ് തന്നുവിട്ടു. പിറ്റേദിവസംതന്നെ മലയാള മനോരമ പത്രത്തിലെ ഒരു നല്ല വാർത്തയിതായിരുന്നു. "കേരളത്തി ലെ തൊഴിൽ മന്ത്രി ശ്രീ. ഉമ്മൻ ചാണ്ടി ഇന്ത്യൻ വിദേശകാര്യമന്ത്രി ശ്രീ. എ. ബി. വാജ്പേയിയുമായി ഇന്ന് ജർമ്മനിയിലെ മലയാളികളുടെ ജോലി താമസ - പ്രശ്നത്തിൽ അനുകൂലമല്ലാത്ത വിധത്തിൽ പശ്ചിമ ജർമ്മൻ സർക്കാരിന്റെ അടിയന്തിര നടപടി കാര്യങ്ങളെപ്പറ്റി ടെലിഫോണിൽ ബന്ധപ്പെട്ടു അറിയി ച്ചു. ജർമ്മനിയിലെ മലയാളികളുടെയും നിലവിലുള്ള നിലനിൽപ്പിനുവേണ്ടി ഏറ്റവുംവേഗം ജർമ്മൻ അധികാരികളുമായി പരിഹരിക്കുവാനുള്ള ശ്രമങ്ങ ൾ ഉടനെ ചെയ്യുമെന്ന് അന്നത്തെ വിദേശകാര്യമന്ത്രി ശ്രീ. വാജ്പേയ്‌ ഉറപ്പു നൽകി"യെന്നും ശ്രീ. ഉമ്മൻ ചാണ്ടി നൽകിയിരുന്ന സ്വന്തം വാർത്ത കുറിപ്പ് വാർത്തയായി പ്രസിദ്ധീകരിച്ചു. പാമ്പാടിയിൽ വച്ചുള്ള ചർച്ചയിൽ മന്ത്രി ശ്രീ. ഊമ്മൻ ചാണ്ടി ഞങ്ങളോട് ഓർമ്മിപ്പിച്ചു: "നിങ്ങളിവിടെനിന്നുപോയി ജർമ്മനിയിലേയ്ക്ക് തിരിച്ചെത്തുമ്പോൾ എനിക്ക് ഉടനെതന്നെ വിശദമായി തിരുവനത്തപുരത്തേയ്ക്ക് തന്നെ എഴുതുക. ആശങ്ക കൂടാതെ ജർമ്മനിക്ക് തിരിച്ചു പോവുക". ആദ്ദേഹം ശക്തമായ ഉറപ്പു തന്നു നല്ല യാത്ര പറഞ്ഞു പാമ്പാടിയിൽ നിന്നും ഞങ്ങൾ പിരിഞ്ഞു.

 കേരളത്തിന്റെ തൊഴിൽ മന്ത്രി 
ശ്രീ ഉമ്മൻ ചാണ്ടി എനിക്ക് അയച്ച
കത്ത് -1978 
കേരളത്തിലെത്തിയ ഞാനും എന്റെ ഭാര്യയും അധികം നാളുകൾ കഴിയാ തെ തന്നെ തിരിച്ചു വീണ്ടും ജർമ്മനിയിലേക്ക് പുറപ്പെട്ടു. ജർമ്മനിയിലെ വിവിധ വിശേഷങ്ങൾ ഞാനും എൻ്റെ സുഹൃത്ത് ശ്രീ. ജോർജ്. ജോസഫ്. കട്ടിക്കാരനും (കവിത മാസിക), (അതുപോലെതന്നെ ഹൈഡൽബെർഗ്ഗിലെ ഫാ. ലുഡ്വിഗ് ബോപ്പുമായി പങ്കുവച്ചു. ഞാൻ കേരളത്തിലെ അന്നത്തെ (1978 ) തൊഴിൽവകുപ്പ് മന്ത്രിയായിരുന്ന ശ്രീ. ഉമ്മൻ ചാണ്ടിക്ക് അടുത്ത ദിവസം തന്നെ പുതിയ കാര്യങ്ങൾ അറിയിച്ചു ഞാൻ ഒരു കത്തയച്ചു. അധികം വൈ കാതെ അദ്ദേഹം എനിക്ക് തിരുവനന്തപുരത്തു നിന്ന് മറുപടി അയച്ചു. അദ്ദേഹം എനിക്ക് അയച്ചിരുന്ന മറുപടിക്കത്ത് മുകളിൽ ചേർക്കുന്നു.

 Late T .T.P. Abdulla
(Former ambassador in Sudi Arebia), (L) 
George Kuttikattu-
1978.
    
അദ്ദേഹത്തിൻറെ കത്തിൽ കേന്ദ്ര വിദേശകാര്യമന്ത്രി ശ്രീ. എ .ബി. വാജ്‌പേയ് യുമായി അദ്ദേഹം നേരിട്ട് സംസാരിച്ചുവെന്നും ഇന്നുവരെയുള്ള ആരെയും ഇന്ത്യയിലേയ്ക്ക് തിരിച്ചയയ്ക്കാതിരിക്കാനുള്ള നടപടികളെല്ലാം അദ്ദേഹം സ്വീകരിച്ചതായും അറിയിക്കുകയും ചെയ്തിട്ടുണ്ടെന്ന് കത്തിലൂടെ അറിയിച്ചു. കൂടാതെ, ഓവർസീസ് കോർപ്പറേഷൻ ചെയർമാൻ ശ്രീ. ടി.ടി.പി അബ്ദുള്ളയെ ജർമ്മനിയിൽ വരുവാനും ഞാനുമായി നേരിട്ട് കണ്ടു പ്രശ്നങ്ങളെ കൂടുതലായി പഠിക്കുവാനും വേണ്ടി ആവശ്യപ്പെട്ടിരിക്കുകയാണെന്നും ആശങ്കയ്ക്ക് ഒരു വകയില്ലെന്നും മന്ത്രി ശ്രീ ഉമ്മൻ ചാണ്ടി എന്നെ കത്തെഴുതി അറിയിച്ചു. ഉടനെ അതിനുശേഷം ഞാൻ എന്റെ ചില അടുത്ത സുഹൃത്തുക്കളും ജർമ്മൻകാരു മായ സുഹൃത്തുക്കളുമായും ഇക്കാര്യങ്ങൾ സംബന്ധിച്ച് ബന്ധപ്പെട്ട പുതിയ നടപടികളെപ്പറ്റി ആലോചിച്ചു.


ശ്രീ. T. T. P. Abdulla, ഇന്ത്യയുടെ മുൻ സൗദി അറേബ്യൻ അംബാസഡർ (1968-73) ആയിരുന്നു.  Indian Overseas Employment Corporation ന്റെ Chairman- ശ്രീ. T. T. P. Abdulla യും ഞാനുമായി നേരിട്ട് ജർമ്മനിയുടെ മുൻ തലസ്ഥാനമായിരുന്ന ബോണിൽ, അക്കാലത്തെ ജർമ്മനിയിലെ ഇന്ത്യൻ അംബാസഡർ ശ്രീ. അഹമ്മദിന്റെ ഔദ്യോഗിക വസതിയിൽ വച്ച്, ജർമ്മനിയിലെ വിവിധ സ്ഥലങ്ങളിലുള്ള മലയാളികളുടെ വിവിധ തരത്തിലുള്ള പ്രശ്നങ്ങളെപ്പറ്റി സംസാരിക്കുവാൻ തക്ക ഇടപാട് ചെയ്തു. ഇതിനെല്ലാം ബോണിലെ ഇന്ത്യൻ എംബസി ചെയ്തുതന്ന സേവനം ഈയവസരത്തിൽ ഓർമ്മിക്കുകയാണ്. അധികം താമസിയാതെ തന്നെ ശ്രീ. ടി. ടി. പി .അബ്ദുള്ളയെ ജർമ്മനിയിലേയ്ക് അയക്കാനുള്ള ഔദ്യോഗിക നടപടികളെല്ലാം കേരള സർക്കാർ ഇതിനകം തന്നെ ചെയ്തന്നറിയിച്ചുകൊണ്ട് മന്ത്രി ശ്രീ. ഉമ്മൻ ചാണ്ടി തിരുവനന്തപുരത്തു നിന്ന് ഏറെ സന്തോഷത്തോടെ എനിക്ക് കത്തയച്ചു.


ശ്രീ. ടി. ടി. പി. അബ്ദുള്ളയുടെ വരവ് 

അതിന്ശേഷം അദ്ദേഹത്തിൻറെ നിർദ്ദേശപ്രകാരം ജർമ്മനിയിലെ ഇന്ത്യൻ എംബസിയുമായി ശ്രീ ടി. ടി. പി. അബ്ദുള്ളയുമായുള്ള  കൂടിക്കാഴ്ചയുടെ വിശദ കാര്യങ്ങളുമായി ഞാൻ ബന്ധപ്പെട്ടു. ബോണിലെ ഇന്ത്യൻ എംബസിയു മായും, ODEPC- യുമായും ടെലിഫോണിലും കത്തുകളിലൂടെയും ബന്ധപ്പെട്ടു തുടങ്ങി. ഇന്ത്യൻ എംബസിയുടെ പൂർണ്ണമായ സഹകരണം എന്നെ ആശ്വസി പ്പിച്ചു. ബോണിലെ അന്നത്തെ ഇന്ത്യയുടെ അംബാസിഡർ ശ്രീ. അഹമ്മദ്, എംബസി ഫസ്റ്റ് സെക്രട്ടറി ശ്രീ. പട്ട്വർത്ഥൻ എന്നിവരുടെ ക്രിയാത്മക അടിയന്തിര ശ്രദ്ധ നമ്മുക്കായി നൽകിയത് ഇവിടെ പറയാതെ പോകുന്നത് തന്നെ നീതിയല്ല. ശ്രീ. ടി. ടി. പി. അബ്ദുള്ളയുടെ ജർമൻ സന്ദർശനത്തെപ്പറ്റി നടന്നിട്ടുള്ള കത്തിടപാടുകളിൽ നിന്ന് ചിലതു മാത്രം ചുവടെ ചേർക്കുന്നു. പക്ഷെ മലയാളികളുടെ ജർമ്മനിയിലെ ഭാവിയുടെ നിലനിൽപ്പിനെ    


അപകടപ്പെടുത്തിയ ചിലരുടെ സ്വാർത്ഥതയുടെ നീചമായ നീക്കങ്ങ ൾക്കെതിരെ നടത്തിയ ശ്രമങ്ങളുടെ ഏകദേശ ചരിത്രമാണിവിടെ വായന ക്കാർക്ക് സാക്ഷ്യപ്പെടുത്തുന്നത്.

ഇതേയവസരത്തിൽ മറ്റു ചില ശ്രദ്ധിക്കേണ്ടതായ കാര്യങ്ങൾ ഉണ്ടായി. 1977 ജനുവരി ഫെബ്രുവരി മാസത്തിൽ ജർമ്മൻ കാരിത്താസിന്റെ കൊളോൺ ഓഫീസ് ഡയറകരുടെ ഇന്ത്യാ സന്ദർശനം. അദ്ദേഹത്തിൻറെ അഭിപ്രായത്തി ൽ ഇന്ത്യാ ഗവണ്മെന്റിന്റെ ക്ഷണം സ്വീകരിച്ചു തങ്ങൾ ഇന്ത്യയിലേയ്ക്ക് പോയി എന്നാണു ഭാഷ്യം. കാരിത്താസ് ഡയറക്ടർ Dr. Koenen ന്റെ കൂടെ കൊളോൺ കാരിത്താസിന്റെ ഇന്ത്യൻ സോഷ്യൽ സർവീസിൽ ഉള്ള ഒരു മലയാളിയും പങ്കെടുത്തുവെന്ന് തെളിവ് സഹിതം അറിഞ്ഞു. അവർ അന്ന് നടത്തിയ കത്തിടപാടുകളിൽ നിന്ന് കൊളോണിലെ ഏതു മലയാളിയാണ് പോയതെന്ന് വ്യക്തമായിരുന്നു.


അദൃശ്യ ജീവികൾ 

ജർമ്മനിയിൽ ഇതിനകം ഓണാഘോഷങ്ങൾ നടത്താനും ഗ്രൂപ്പ് പാർട്ടികൾ നടത്താനും മാത്രം ഉദ്ദേശിച്ചുള്ള മലയാളി സമാജങ്ങളുമായിട്ട് ബാഡൻ വ്യൂ ർട്ടം ബർഗ് മലയാളികളുടെ വിസാ-ജോലി പ്രശ്നങ്ങളേപ്പറ്റി സംസാരിക്കാൻ നേരിട്ട് ഞാൻ ബന്ധപ്പെട്ടുനോക്കി. ഈ പ്രസ്ഥാനങ്ങൾ എല്ലാം നിയന്ത്രിച്ചിരു ന്നത് അന്നത്തെ കൊളോൺ കാരിത്താസ് ജീവനക്കാരും അവരിൽ ചില മല യാളികളായ ഇൻഡിഷർ സോഷ്യൽ വർക്കിന്റെ ചിറകുകളും ആയിരുന്നു. യഥാർത്ഥ വസ്തുതകൾ മറച്ചു വയ്ക്കുന്നത് വിവേകമല്ലല്ലോ. 



ജർമ്മനിയിലെ ചില മലയാളികളും, അത്പോലെതന്നെ കേരളത്തിൽനിന്നു കൊളോണിലെത്തി പുരോഹിത വൃത്തി ചെയ്തിരുന്ന കർമ്മലീത്താ സഭാ വൈദികരുടെ നേതൃത്വവും മറ്റുചില ജർമ്മൻ മലയാളി പ്രമുഖരുംകൂടി ആയിരുന്നു ജർമ്മനിയിൽ മേല്പറഞ്ഞവരുടെയും ഇടനിലക്കാരായിട്ട് വേണ്ട സഹായികളായിട്ട് അന്ന് ഇരുളിന്റെ മറയിൽ നിന്നു പ്രവർത്തിച്ചത്. ആ മലയാളികൾ ആകട്ടെ, അവർ ജർമ്മൻകാരിത്താസ് സംഘടന നൽകിയ ജോലിയു ടെ ആനുകൂല്യങ്ങളെല്ലാം സ്ഥിരമായി പറ്റുന്നവരായരുന്നു. ഇന്നും ജർമ്മൻ മലയാളികളുടെ സാംസ്ക്കാരിക ജീവിത വഴികൾ തെളിക്കുന്നവർ തങ്ങളാണെന്ന് പ്രചാരണം ചെയ്യുന്നുണ്ട്. മലയാളിയുടെ സാമൂഹ്യജീവിത ക്ഷേമത്തിനാണെന്നാണ് അവരുടെ ഭാഷ്യം. അവരവരുടെയോ, സ്വന്തവും സ്വാർത്ഥതാൽപ്പര്യകാര്യത്തിനുവേണ്ടിയോ ആണ്, ജർമ്മൻ കാരിത്താസിൽ നിന്നും സാമ്പത്തിക ആനുകൂല്യം സ്വീകരിച്ചുകൊണ്ടുള്ള പ്രവർത്തനം. ജർമ്മനിയിലെ മലയാളിയുടെ ജീവിതയാഥാർത്ഥ്യത്തെ മറുവേഷം കെട്ടി ഉണ്ടാക്കിയ വെറും നുണക്കഥകളുടെ സ്ഥിരം ജേർണൽ വേലകൾ അവർ സൃഷ്ടിക്കുന്നുണ്ട്. ഇതാർക്ക് വേണ്ടി? "ജർമ്മൻ മലയാളികളുടെ ക്ഷേമ കാര്യ പ്രവർത്തകാരാണ് എന്ന് ഇക്കാലത്തും പറഞ്ഞു പരസ്യം നൽകിയിരുന്നു. പരസ്പരം അങ്ങു മിങ്ങും അവാർഡുകൾ നൽകി സ്വയം പുകഴ്ചകൾമാത്രം തേടുന്ന ഇക്കൂട്ടർ തിരിവെളിച്ചത്തിലെത്തുന്ന വെള്ളീച്ചകളെയാണ് ഇവിടെ ഓർമ്മിപ്പിക്കുന്നത്.  

ജർമ്മനിയിൽ മാത്രമല്ല, പ്രവാസിമലയാളിസമൂഹത്തിൽ ചിലരിൽ ഇപ്പോഴും കാണാനുള്ളത്, കേരളത്തിലെ മലയാളിയുടെ ഒറിജിനൽ ക്രിമിനൽ തട്ടിപ്പ് മനോഭാവത്തിന്റെ കടുംനിറം ഒട്ടും മാറാത്ത തനി മകുടോദാഹരണമാണ്. ഇവരുടെയെല്ലാം പിന്നാമ്പുറവേദികളാണ് സ്വയം അവർ തന്നെ പലപല രൂപം നൽകി സൃഷ്ടിച്ചുകൊണ്ടിരിക്കുന്നതായ ഓരോ പേരിലുള്ള മലയാളികളുടെ സമാജങ്ങൾ. ഉദാഹരണങ്ങളാണ്, നമ്മുടെ ലോകം, ലോകമലയാളി, വേൾഡ്‌ മലയാളി എന്നിങ്ങനെ നമ്മുടെയല്ലാം മാതൃഭൂമി നൽകിയ മലയാളിക്കുള്ള സ്വന്തം വ്യക്തിത്വം ഇല്ലാതാക്കുന്ന ചില ലോകമലയാളിയുടെ ഭൗതികലോക ത്തിനു പ്രതിരൂപാത്മകമല്ലാത്ത പ്രസ്ഥാനങ്ങൾ. ഇവയൊന്നും മലയാളിയുടെ അന്തസ്സിന്റെ തനിമയ്ക്ക് ഒട്ടും പൂർണ്ണത നൽകുന്നവയല്ലല്ലോ പേരുകൾ മാറ്റി മലയാളിക്ക് സർവ്വനാമം നൽകുക.. ഇവയൊന്നും പ്രവാസിമലയാളികൾക്ക് പ്രയോജനപ്പെട്ടിട്ടില്ല. കേരളത്തിന്റെ തനിമ നിറഞ്ഞ മലയാളികളെങ്ങനെ ലോകത്തിലെ പൊതുനിരത്തിന്റെ ഐഡന്റിറ്റി മാത്രം പ്രതിഫലിക്കുന്ന അർത്ഥപൂർണ്ണതയില്ലാത്ത ലോകമലയാളിയാകും?. മലയാളിയുടെ ഉറവിടം കേരളഭൂമിതന്നെ. നമ്മളാരും ലോകമൊട്ടാകെയലഞ്ഞു നടക്കുന്ന പ്രത്യേക പതിപ്പ് വർഗ്ഗമലയാളികളല്ല. ഒരു ലോകമലയാളി!! അങ്ങനെ നോക്കുമ്പോൾ ബ്രിട്ടീഷുകാരെ "ലോക ഇംഗ്ളീഷുകാരൻ", ലോക ഇന്ത്യാക്കാരൻ, ലോക അമേരിക്കക്കാരൻ, ലോകജർമ്മൻകാരൻ, ലോക ജപ്പാൻകാർ എന്നൊക്കെ ആ സമൂഹങ്ങളെ വിളിക്കാനുള്ള ആശയം വൈകാരികമായ ഇണക്കമുള്ള അർത്ഥശൂന്യതയെ പൂശുകയാണ്.   


മലയാളികളെ ജർമ്മനിയിൽ നിന്നും വടക്കേ ഇന്ത്യൻ രൂപതകളുടെ കാട്ടു പ്രദേശത്തേയ്ക്ക്ഉദാ: സാഗർ കത്തോലിക്കാ രൂപതയുടെ വനപ്രദേശത്തും, ബോംബെയിലെ ചില അവികസിതഗ്രാമപ്രദേശങ്ങളിലും റീഇന്റഗ്രേഷൻ പദ്ധതി നടത്താൻ സഹായിക്കുന്നവരുടെ ചിറകുകൾ ഇവരായിരുന്നുവെന്ന് മനസ്സിലായി. ജർമ്മനിയിൽ ബാഡൻ വ്യൂർട്ടംബർഗ് സംസ്ഥാനത്താണ് അന്ന് മലയാളികൾക്ക് പ്രശ്നമുണ്ടായത്. ഫ്രാങ്ക്ഫർട്ട് മലയാളിസമാജം, പ്രവർത്തകരുമായിട്ട് ഞാൻ നേരിട്ട് പ്രശ്നങ്ങളെപ്പറ്റി വിശദമായി സംസാരിച്ചുനോക്കി. ഓ ! അവർക്ക് അവിടെ പ്രശ്നമില്ലല്ലോ, അവർ തികച്ചും മൂകതയുടെ നയപരമായ മറുപടി മാത്രം സമ്മാനിച്ചു എന്നെ അയച്ചു. എന്റെ താല്പര്യങ്ങളോട് ചേർന്ന് സഹകരിക്കുന്നതിനു തയ്യാറായില്ല. അവർ എങ്ങനെയും മെത്രാൻസമിതിയുടെ രഹസ്യപദ്ധതിക്കനുകൂലമല്ലാത്തതായ ഞങ്ങളുടെ എതിർപ്പിനെതിരെ അവരുടെ മൗന നിസഹകരണത്തിലൂടെ ഈ വിഷയം അവിടെവച്ചുതന്നെ ഇല്ലെന്നാക്കുകയെന്ന തന്ത്രം സമാജനേതൃത്വം സമർത്ഥമായി സ്വീകരിച്ചു. 

മലയാളികൾ മറുനാടുകളിൽ എവിടെയെല്ലാം എത്തിച്ചേരുന്നുവോ, അവിടെ നാലുപേരുണ്ടെങ്കിൽ അവരിൽ ഒന്നുരണ്ടുപേർ തലക്കെട്ട് അലങ്കരിക്കാൻ ഉടൻ തയ്യാറായി നിൽക്കും. പ്രസിഡന്റും; ചെയർമാനും ഒക്കെ:  ഇവരൊന്നും മലയാളികളുടെ സാമൂഹ്യജീവിത വഴിയിൽ ഒരിക്കലും പ്രതിബദ്ധതയുള്ള സഹായികളായിട്ടില്ല. മറുരാജ്യത്തു നിന്നും വന്നവരുടെ യാതൊരു രാഷ്ട്രീയ സാമൂഹിക പ്രസ്ഥാനങ്ങളും ഒരു ലോകരാജ്യങ്ങളിലും അതിന്റെതായ തനി അർത്ഥത്തിൽ പ്രായോഗികമായ ഒരു  ക്രിയാത്മക ശക്തിപ്രാപിക്കുകയില്ല. സൗത്ത് ആഫ്രിക്കയിൽ മഹാത്മാഗാന്ധി പലതും പരീക്ഷിച്ചു, പല സമാജങ്ങളും പല സംഘടനകളും: ഈ സത്യം നന്നായിട്ട് മനസിലാക്കി. നാലാൾ കൂടുന്നിടത്ത് മൂക്കില്ലാരാജ്യത്തെ മുറിമൂക്കൻ രാജാക്കളുടെ പാർട്ട് അഭിനയിക്കാൻ ഓരോ സമാജങ്ങൾ നല്ലതാണ്. തൂത്തുകുണുക്കി പക്ഷികളുടെ നൃത്തം ചവിട്ട് മാത്രം കാണാനാവും, അവിടെ. ജർമ്മനിയിലെ മലയാളികളുടെ കാര്യത്തിൽ അന്ന് കൊളോണിൽ വിളിച്ചു ചേർത്തു നടത്തിയ അഖിലജർമ്മൻ സമ്മേളനവും ഇത്തരക്കാർ വിഭാവന ചെയ്തു നടത്തിയതാണ്. ഉദ്ദേശശുദ്ധിയില്ലാതെ അവർ നടത്തിയ കൊളോൺ സമ്മേളനമാകട്ടെ അക്ഷരാർത്ഥത്തിൽ ഒരു തികഞ്ഞ പരാജയമായിരുന്നു.

ജർമ്മനിയിലെ ഇന്ത്യൻ സമൂഹത്തിന്റെ, വിശിഷ്യാ, മലയാളിയുടെ മാന്യത ജർമ്മൻകാരുടെയിടയിൽ വർദ്ധിച്ചിരുന്നു. അവരുടെ പരിചിതർക്ക്‌ നമ്മുടെ ജർമ്മനിയിലെ ജീവിതത്തിനു തടസ്സം സൃഷ്ടിച്ചവരുടെ നേർക്ക് വിദ്വേഷം ഉണ്ടാകാൻ കാരണമായി. അങ്ങനെ കൊളോൺ സമ്മേളനത്തിന്റെ അനന്ത രഫലം, അതിന്റെ ചില സംഘാടകർക്ക് നേരേ വിദ്വേഷം ഉയരുകയും ചെയ്തു വെന്നതാണ് വസ്തുത.  ജർമ്മനിയിലെ മലയാളികളുടെ മേൽ "റീ ഇന്റഗ്രേഷൻ പ്ലാൻ" അടിച്ചേൽപ്പിക്കാൻ ശ്രമിച്ച അപകടകാരികൾ ആരാണ്, അവർക്കെതി രെ  പൗരുഷത്തോടെ  എതിർക്കാൻ   കഴിയുമെന്നും     ബാഡൻവ്യൂർട്ടംബർഗ്  സംസ്ഥാനത്തുള്ള മലയാളികൾ തെളിയിച്ചു. എന്നാൽ ജർമ്മനിയിലെ ചില മലയാളികളുടെയോ അന്തഃഛിദ്രത്തിന് അത് കൃത്യമായി വഴിതെളിയിച്ചു. സങ്കടകരമായ സാഹചര്യങ്ങൾ മലയാളിസമൂഹത്തിൽ രൂപപ്പെട്ടത് ഞാൻ കേരളത്തിലായിരിക്കുമ്പോഴാണ്. അന്ന് കേരളത്തിൽ നിന്നും ഞാൻ വീണ്ടും തിരിച്ചു ജർമ്മനിയിലെത്തിയപ്പോൾത്തന്നെ ശ്രീ. ടി. ടി. പി. അബ്ദുള്ളയുടെ ജർമനിയിലേക്കുള്ള വരവിനെപ്പറ്റിയുള്ള ആവശ്യമായ ശ്രമങ്ങൾ ആരംഭിച്ചു.

ശ്രീ ടി. ടി. പി.അബ്ദുള്ളയുടെ വരവിനെക്കുറിച്ചു ലിബിയയിൽനിന്നും എനിക്കയച്ച ടെലിഗ്രാം സന്ദേശമാണ് ചുവടെ കാണുന്നത്.



ശ്രീ. ടി. ടി. പി. അബ്ദുള്ളയുടെ വരവ് അറിയിച്ചുകൊണ്ടുള്ള ടെലിഗ്രാം ലിബിയയിൽ നിന്നും എനിക്ക് ലഭി ച്ചു. ഉടനെ തന്നെ ഞാൻ ഇന്ത്യൻ എംബസിയുടെ ഫസ്റ്റ് സെക്രട്ടറി ശ്രീ. പട്ട്വർദ്ധനെ വിളിച്ചറിയിച്ചു. അതുപോലെ തന്നെ പിറ്റേദിവസം നടക്കുന്ന കൂടിക്കാഴ്ച എങ്ങനെയെ ല്ലാമെന്നും, എപ്രകാരം എവിടെ എന്നെല്ലാം തീരുമാനിച്ചു. ഞാൻ അക്കാലത്ത് ഹൈഡൽബർഗിൽ താമസിക്കുന്നു. അക്കാലത്തെ ഇന്ത്യൻ അംബാസിഡറുടെ ജർമ്മനിയിലെ ബോണിലുള്ള ഔദ്യോഗിക വസതിയിൽ വച്ച് കൂടിക്കാഴ്ച നടത്തുവാൻ ശ്രീ ടി. ടി. പി. അബ്ദുള്ളയും ഇന്ത്യൻ എംബസിയും തമ്മിൽ ആലോചിച്ചു വേണ്ട തീരുമാനമെടുത്തു. 

ടി.ടി.പി. അബ്ദുള്ളയുമായി നടന്ന ചർച്ചയുടെ ദൃശ്യം.

ടി.ടി.പി. അബ്ദുള്ളയുമായി
നടന്ന ചർച്ചയുടെ ദൃശ്യം
ഉടനെ തന്നെ ഞാൻ ശ്രീ. ജോർജ്. ജെ. കട്ടിക്കാരനെയും, ഫാ. ലുഡ്വിഗ് ബോപ്പിനെയും വിവരം അറിയിച്ചു. ചർച്ചയിലും കൂടിക്കാഴ്ചയിലും പങ്കു ചേരണമെന്ന് ശ്രീ. കട്ടിക്കാരനെ ഓർമ്മിപ്പിച്ചു. പിറ്റേദിവസം അദ്ദേ ഹം കൊളോണിൽ നിന്നും ബോണിൽ നിശ്ചയിച്ചുറപ്പിച്ച സമയത്തു വന്നു. ജർമ്മനിയിൽ അപ്പോൾ മല യാളികൾ നേരിടുന്ന പ്രശ്നങ്ങളെ ക്കുറിച്ചും റീഇന്റഗ്രേഷന് വേണ്ടി ചില മലയാളികൾ വിശ്രമമില്ലാതെ മലയാളിക്കെതിരെ അക്കാലത്ത് ജർമ്മൻകാരുടെ സഹായത്തോടെ വൻ തട്ടിപ്പ്  ചെയ്യുന്നവരുടെ എല്ലാ വിഷയങ്ങളും ചർച്ച ചെയ്തു. ഇന്ത്യാ ഗവണ്മെന്റിന്റെ അടിയന്തിരമായിട്ടുള്ള പല  സഹായവും സഹകരണവും ജർമ്മൻ മലയാളികളുടെ കാര്യത്തിൽ ഉടനെ ഉണ്ടാകുമെന്നു അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. പശ്ചിമ ജർമ്മനിയും ഇന്ത്യയും തമ്മിലുണ്ടാകേണ്ടതായ നല്ല ബന്ധം തുടരുന്നതിൽ ആശങ്കയ്ക്ക് വകയില്ല എന്ന ഉറച്ച ആധികാരിക അഭിപ്രായമാണ് അപ്പോൾ അദ്ദേഹത്തിൽ നിന്നും കേട്ടത്. ജർമ്മനിയിൽ എല്ലാ മലയാളിനഴ്‌സുമാരുടെ കാര്യത്തിൽ ജർമ്മൻ സർക്കാരുമായി ഇടപെടുമെന്നും ഇന്ന് വരെയുള്ള ആരെയും ഇന്ത്യയിലേക്ക് അകാരണമായി തിരിച്ചയക്കാതിരിക്കാനുള്ള എല്ലാ നടപടികളും ചെയ്യും  എന്നദ്ദേഹം അപ്പോൾ ഞങ്ങൾക്ക് പൂർണ്ണ ഉറപ്പു നൽകി. ഈ വിഷയത്തിൽ  ഇന്ത്യയിലെ കത്തോലിക്കാ സഭാധികാരികളുടെ നിലപാടിൽ അദ്ദേഹം നിരാശാനായിരുന്നെങ്കിലും ചെറിയ മൗനമായ നിലപാടുകൾ സ്വീകരിച്ചു.  "അവരുടെ നടപടി വിവേകപൂർവ്വമല്ലാ, ഇതും, അതല്ല, അതിലപ്പുറവും ഇനി പ്രതീക്ഷിക്കാം" എന്ന ഒരു കമന്റ് പറഞ്ഞു നിർത്തി. ശ്രീ. ടി. ടി. പി. അബ്ദുള്ള യുമായി നടത്തിയ ചർച്ചയിലൂടെ ജർമ്മനിയിൽ ജോലിചെയ്യുന്നവരായിട്ടു ള്ള ഓരോരോ മലയാളികളുടെ താമസ- ജോലി സംബന്ധിച്ച വിഷയങ്ങളിൽ നിർണ്ണായക ഫലവും ആശ്വാസവും ഭാവിയിൽ നൽകുവാൻ കഴിയുമെന്ന് ലഭിച്ച ഉറപ്പിൽ അന്ന് ഞങ്ങൾക്കുണ്ടായ ഉറച്ച ആത്മവിശ്വാസത്തോടെയാണ് അദ്ദേഹത്തോട് ഞാനും ശ്രീ ജോർജ് കട്ടിക്കാരനും വിടപറഞ്ഞിറങ്ങിയത്.

ജർമ്മനിയിലെ മലയാളികളെ മുഴുവൻ കാരിത്താസ് എന്ന കരുണയുടെ സേവകരുടെ സഹായത്താൽ "റീ ഇന്റഗ്രേഷൻ" എന്ന നിഗൂഢ പദ്ധതിയിൽ പിടിച്ചു കെട്ടി ഇന്ത്യയുടെ വടക്കൻ പ്രദേശങ്ങളിൽ എത്തിക്കുവാനുള്ള തന്ത്ര ങ്ങൾ ചിലർ സ്വയം മെനഞ്ഞുനോക്കി. അത് തന്നെ തീരാവിനയായി അവർ ക്ക് നേരെ തിരിച്ചു വന്നു. കൊളോൺ കാരിത്താസിൽ അവരോടടുത്തേറെ ബന്ധപ്പെട്ട് നിന്നിരുന്ന ചില മലയാളികൾ മറ്റുള്ളവരുടെ മുൻപിൽ അവരുടെ മാതൃകാനടപടി മറ്റുള്ളവരെ  ബോധ്യപ്പെടുത്തുവാൻ കേരളത്തിലേയ്ക്ക്  വീണ്ടും തിരിച്ചു പോകുവാൻ പദ്ധതിയിട്ടു. മോഡൽ റീഇന്റഗഷൻ പദ്ധതി മറ്റുള്ളവരെ ആകർഷിക്കുവാനുള്ള ഒരു തന്ത്രം പ്രയോഗിച്ചു നോക്കി. അതു പക്ഷേ അവർ രണ്ടു വർഷങ്ങളോളം കേരളത്തിൽപോയി താമസിച്ചതല്ലാതെ മറ്റൊന്നും ജർമ്മനിയിൽനിന്നും അവർക്കാർക്കും പ്രത്യേക സഹായമായിട്ട്  പ്രതീക്ഷിക്കാനായില്ല. അവർക്ക് കൈയിൽ ഉണ്ടായിരുന്ന കാശ് അത്രയും കേരളത്തിൽ ചെലവായി. ജർമ്മനിക്ക് തിരിച്ചുപോരേണ്ടതായ നാണക്കേട് സഹിച്ചു. അതിനുശേഷം അവർക്കാർക്കും ഒന്നും സംഭവിച്ചിട്ടില്ലാത്ത മട്ടിൽ എന്നെന്നേയ്ക്കുമായി ജർമ്മനിയിലേക്ക് തിരിച്ചെത്തി. അവരൊ, ഇപ്പോഴും ജർമ്മനിയിൽ ജീവിക്കുന്നു.

"റീഇന്റഗ്രേഷൻ" എന്ന നിഗൂഢ പദ്ധതി ആവിഷ്ക്കരിച്ചവരുടെ വലിയ പരാജയം സ്വയം സമ്മതിച്ചതാണ് ചില മലയാളികൾ രണ്ടു വർഷത്തോളം കേരളത്തിലേയ്ക്ക് പോയി താമസിച്ചു നോക്കിയത്. അവിടെ കത്തോലിക്ക മെത്രാന്മാർക്കെല്ലാം പിന്തുണ നൽകാൻ താമസിച്ചതും, ഒടുവിൽ നാണം കെട്ട് അവർ ജർമ്മനിയിൽനിന്നും അന്ന് തോളിലിട്ട മാറാപ്പുംകെട്ടി വീണ്ടും തോളിലിട്ട് ജർമ്മനിയിലെത്തിയത്, കൊളോൺ കാരിത്താസിന്റെ വളരെ അനുസരണയുള്ള അടിമകളാകാൻ തന്നെ വീണ്ടും തീരുമാനിച്ചെത്തിയ  അവരാരും തിരിച്ചു ഇന്ത്യയിലേയ്ക്ക് ഇന്നും പോയിട്ടില്ല. അവരെ കൊളോൺ നഗര പരിസരത്ത് ഇന്നും കാണാനുണ്ട്. നാമൊക്കെ പലപ്പോഴും യാഥാർത്ഥ്യ രംഗം കണ്ടിട്ടുണ്ട്. ഇറച്ചിക്കടയുടെ മുമ്പിൽ പോത്തിന്റെ തല വെട്ടിമുറിച്ചു  വച്ചിരിക്കുന്നു. "ഇത് എന്റെ ഇറച്ചി തന്നെയാണ്" എന്ന സാക്ഷ്യപത്രംപോലെ. ഇപ്രകാരമാണ്  മറ്റുള്ള മലയാളികളെയെല്ലാം സാക്ഷ്യപ്പെടുത്തുന്ന ബോർഡ്  പോലെ ചിലരെയിന്നും നമുക്ക് അവിടെ കാണാൻ കഴിയും. ഇതായിരുന്നു, മലയാളിയെ വില്പന നടത്താൻ വേണ്ടി സ്വന്തം സഭയുടെ ഔദ്യോഗിക ഉന്നത പദവികൾ മറന്നുകൊണ്ട് സ്വാർത്ഥത നിറഞ്ഞ സഭാധികാരികൾ സ്വയം പ്ലാനിട്ടിരുന്ന മനുഷ്യവിരുദ്ധ "മാതൃകാ റീഇന്റഗ്രേഷൻ" രൂപപ്പെടുത്തിയ രക്തക്കറപൂണ്ട മനുഷ്യസേവനം!! ഇക്കൂട്ടർ കുഴിച്ച ചതിക്കുഴികൾക്കാകട്ടെ  സത്യത്തിന്റെ മുഖത്തിന്റെ തനി ശോഭയെ ഇരുട്ടിലാക്കാൻ പ്രാപ്തമായ ഒരു  ശക്തിയുണ്ടായില്ല. 

ഇതിനിടയിൽ കേരളത്തിലെ തൊഴിൽമന്ത്രിയും മുൻ കേരള മുഖ്യമന്ത്രിയും ആയിരുന്ന ശ്രീ ഉമ്മൻ ചാണ്ടിയുടെയും ഇന്ത്യയുടെ വിദേശകാര്യമന്ത്രി ശ്രീ. എ. ബി. വാജ്പേയിയുടെയും, ശ്രീ. ടി. ടി. പി. അബ്ദുല്ലയുടെയും, ബോണിലെ  ഇന്ത്യൻ എംബസിയുടെയും ജർമ്മൻ സർക്കാരുമായുള്ള ശക്തമായ നയതന്ത്ര ഇടപെടലുകളും ഉണ്ടായി. മനുഷ്യത്വപരവും, ശക്തവുമായ പല ചർച്ചകളും  ജർമ്മനിയിലെ മലയാളികളുടെയെല്ലാം ജോലി- താമസ- വിസാ കാര്യങ്ങൾ  നമ്മുടെ പ്രതീക്ഷൾക്കപ്പുറമുള്ള ഫലം ഉണ്ടാക്കി. ജർമൻ പാർലമെന്റും, പാർലമെന്റേറിയൻമാരും, ജർമ്മൻ കത്തോലിക്കാസഭയും, ജർമ്മയിലെ പ്രാദേശിക ഭരണകർത്താക്കളും ഇന്ത്യാക്കാർക്ക് അനുകൂലമായി എടുത്ത മഹത്തായ തീരുമാനത്തെ സ്വാഗതം ചെയ്തു. അത് ജീവനുള്ള സത്യത്തിന്റെ പരസ്യമായ വിജയമായിരുന്നു ! സ്വാഭാവികമായിട്ട് ഇപ്രകാരമുള്ള പഴയ ചരിത്രം ഇന്നത്തെ ചില യുവജനങ്ങൾക്ക് അതിശയകരവും അഥവാ ഏറെ അവിശ്വസനീയവും ആയി തോന്നാം. ഒരു വസ്തുതയിതാണ്: എന്റെ ഭാഷ മലയാളമാണ്. ഞാൻ ചിന്തിക്കുന്നതും മലയാളത്തിൽ. ഞാൻ വെറുക്കുന്നതും സ്‌നേഹിക്കുന്നതും അപ്രകാരംതന്നെ. ഞാൻ ഇന്നും കൃത്യമായി ഓർക്കുന്നു, ആ ഒരു പ്രത്യേക കാര്യം, ദൈവമേ, എന്തിനാണ്, ജർമ്മനിയിലെ മലയാളി സമൂഹത്തിനു വിഷമ സാഹചര്യങ്ങൾ ഇന്ത്യയിലെ മെത്രാൻ സമിതിയുടെ നേതൃത്വം വിതച്ചതെന്ന്. ദൈവത്തിന്റെ നീതി ഏറെയേറെ ചിന്തനീയമാണ്. കാരണം, നീതിയെ വെല്ലുവിളിക്കുന്ന ക്രൂരതകളും കുറ്റകൃത്യങ്ങളും വളരെ ഏറെ അഴിഞ്ഞാടുന്ന സംഭവങ്ങളെ നമ്മുടെ ജീവിത വഴികളിൽ നാം നിത്യം കാണുന്നു. ഫലത്തിൽ ധാർമ്മികമായിത്തന്നെ, നമ്മുടെ കേരള ക്രിസ്ത്യൻ സഭയുടെ പ്രവർത്തന സാന്നിദ്ധ്യത്തിന്റെ സാദ്ധ്യതകളിൽ തികച്ചും ഞാൻ നിരാശനാണ്.//- 
-------------------------------------------------------------   Browse and share: https://dhruwadeepti.blogspot.com 

 ഈ ബ്ളോഗില്‍ പ്രസിദ്ധീകരിക്കുന്ന  അഭിപ്രായങ്ങളുടെ  ഉത്തരവാദിത്തം അതെഴുതുന്ന  വ്യക്തികള്‍ക്കു മാത്രമായിരിക്കും. സഭ്യമല്ലാത്ത ഭാഷയും  അപകീര്‍ത്തിപ്പെടുത്തുന്ന പദപ്രയോഗങ്ങളും ഒഴിവാക്കുക-

     

ധൃവദീപ്തി  ഓണ്‍ലൈൻ
 
 https://dhruwadeepti.blogspot.com
 
for up-to-dates and FW. link Send Article, comments and write ups to :
  DHRUWADEEPTI ONLINE LITERATURE.
Published from Heidelberg, Germany,  in accordance with the European charter on freedom of opinion and press. 
DISCLAIMER:  Articles published in this online magazine are exclusively the views of the authors. 
Neither the editor nor the publisher are responsible or liable for the contents,  objectives or opinions of the articles in any form."

FACE BOOK:  GEORGE Kuttikattu    MOB. + oo49 170 5957371
Posted by George Kuttikattu

*********************************************************   

Keine Kommentare:

Kommentar veröffentlichen

Hinweis: Nur ein Mitglied dieses Blogs kann Kommentare posten.