Sonntag, 3. September 2017

ധ്രുവദീപ്തി : ജർമ്മൻ ഡയറി // നാടുകടത്തൽ ഭീഷണി മുഖാമുഖം കണ്ടവർ // ജോർജ് കുറ്റിക്കാട്


ധ്രുവദീപ്തി : ജർമ്മൻ ഡയറി //
തുടർച്ച //


നാടുകടത്തൽ ഭീഷണി മുഖാമുഖം കണ്ടവർ //

ജോർജ് കുറ്റിക്കാട്-


1977 മാർച്ച്  9- ന് എറണാകുളത്ത് നിന്നും പ്രസിദ്ധീകരിച്ച "സത്യദീപം" പത്രം കേരളത്തിലെ ജനങ്ങളെ വിശ്വസിപ്പിക്കാനാവാത്ത ഒരു ചൂടേറിയ വാർത്ത പ്രസിദ്ധീകരിച്ചു. ഈ വാർത്ത കൊളോണിൽ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന "കവിത" ത്രൈമാസിക 1977 ഏപ്രിൽ മാസത്തിൽ ജർമ്മൻ മലയാളികളുടെ അറിവിലേക്ക് വേണ്ടി പുനഃപ്രസിദ്ധീകരിച്ചു. "സത്യദീപം" വാർത്തയുടെ ഒറിജിനൽ ടെക്സ്റ്റ് ചുവടെ ചേർക്കുന്നു.

"നഴ്‌സുമാർ ജർമ്മനിയിൽ നിന്നു തിരിച്ചുവരുന്നു": സത്യദീപം 

"പശ്ചിമ ജർമ്മനിയിൽ ഇപ്പോൾ ജോലിചെയ്യുന്ന അയ്യായിരത്തോളം ഭാരതീയ നഴ്‌സുമാർക്ക് താമസിയാതെ തന്നെ തങ്ങളുടെ ജോലി നഷ്ടപ്പെടുമെന്നും അവർ ഇന്ത്യയിലേയ്ക്ക് തിരിച്ചു വരുന്നതാണെന്നും കൊളോണിലെ ജർമൻ കാരിത്താസിന്റെ ഡയറക്ടറായ മോൺ. ജെ. കേണൻ പ്രസ്താവിച്ചിരിക്കുന്നു. ജർമ്മനിയിലെ ഭാരതീയ നഴ്‌സുമാരുടെ ഉദ്യോഗ ഉടമ്പടിയുടെ കാലാവധി അടുത്തുതന്നെ അവസാനിക്കുന്നതാണ്. അവരെ സ്ഥിരമായി ജർമ്മനിയിൽ താമസിപ്പിക്കാൻ ജർമ്മൻ ഗവണ്മെൻറ് ഉദ്ദേശിക്കുന്നില്ല. പരിശീലനത്തിനും പഠനത്തിനുമായി ജർമ്മനിയിലെത്തുന്നവർ തങ്ങളുടെ പഠനത്തിന്ശേഷം മാതൃരാജ്യത്തേയ്ക്ക് മടങ്ങേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ നാല് കൊല്ലത്തിനു മുമ്പ് വരെ ജർമ്മനിയിൽ നഴ്‌സുമാരുടെ കണക്കില്ലാത്ത കുറവുണ്ടായിരുന്നു. എന്നാൽ ഇന്ന് ആവശ്യത്തിലേറെ ജർമ്മൻ നഴ്‌സുമാർ അവിടെയുണ്ട്. അതുകൊണ്ടാണ് വിദേശീയ നഴ്‌സുമാരുടെ ജോലി-താമസ കാലാവധി നീട്ടിക്കൊടുക്കാൻ ജർമ്മൻ ഗവർണ്മെന്റ് വിസമ്മതിക്കുന്നത്.

ന്യൂഡൽഹിയിൽ വച്ച് അധികൃതരുമായി ഈ പ്രശനം ഡോ. കേണൻ ചർച്ച ചെയ്തു. ഇന്ത്യയിൽ തിരിച്ചെത്തുന്ന നഴ്‌സുമാർക്കെല്ലാം വടക്കേ ഇന്ത്യയിലെ ആശുപത്രികളിൽ തന്നെ ജോലി കൊടുക്കാൻ സാധിക്കുമോ എന്ന് അദ്ദേഹം ഗവണ്മെന്റുമായി ആലോചിക്കുകയുണ്ടായി". SATHYADEEPAM, MARCH-9, 1977. 

ഇതിനോട് ബന്ധപ്പെട്ട മറ്റൊരു പ്രചാരണം നമുക്ക് കാണാം. അതിങ്ങനെ: KIRCHENZEITUNG -ERZBISTUM KÖLN-Nr. 15 / Seite 6, / 8 April 1977 - 

KONTAKTSTELLEN

"Solte es demnächst an Geld mangeln, an Zuspruch wird wird es nicht fehlen. Der Caritas Verband will in Kerala sogenannte Kontaktstellen einrichten Diese haben sich in Indonesian und Korea bei der Rückführung bewährt"...കൊളോൺ രൂപതാ പത്രം നൽകിയ വാർത്ത. വമ്പൻ ബിസിനസ് ആയിരുന്നു ഇവരുടെ ലക്‌ഷ്യം. സത്യദീപം വാർത്തയ്ക്ക് അനു ബന്ധമായ സൂചനയാണന്നു ജർമ്മനിയിലെ മലയാളികളെ അറിയിച്ചത്. 

ജർമ്മനിയിലെ എല്ലാ സംസ്ഥാനങ്ങളിലും നഴ്‌സുമാർക്ക്‌ പ്രശ്നമുണ്ടായില്ല. ബാഡൻ-വ്യൂർട്ടം ബർഗ്ഗ് സംസ്ഥാനത്തെ ആശുപത്രികളിലെ ഇന്ത്യൻ നഴ്‌സു മാർക്കാണ് പ്രശനം ഉണ്ടായത്. ജർമ്മനിയുടെ വടക്ക്പടിഞ്ഞാറൻ സംസ്ഥാനം നോർത്ത് റൈൻ വെസ്റ്റ്ഫാലൻ സംസ്ഥാനത്താണ് കൊളോൺ നഗരം. അവിടെ പ്രവർത്തിക്കുന്ന ജർമ്മൻ കാരിത്താസ് സർവീസ് ഡയറക്ടറും കാരിത്താസിന്റെ ഇന്ത്യൻ സോഷ്യൽ സർവീസിൽ ജോലിചെയ്തിരുന്ന ചില മലയാളികളും ഒരുമിച്ചു ഇന്ത്യയിൽ പോയി ഡൽഹിയിലെ മന്ത്രിമാരുമായി ചർച്ചചെയ്തു. ജർമനിയിലെ മലയാളികളെ തിരിച്ചയയ്ക്കുന്നതു സംബന്ധിച്ചു സംസാരിച്ചത് അക്കാലത്ത് തന്നെ ഇവരെയേറെ സംശയിക്കുവാൻ ഇടയാക്കി. വലിയ ഒരു സാമ്പത്തിക അഴിമതിക്ക് ജർമ്മനിയിലെ മലയാളികളെയെല്ലാം വില്പനച്ചരക്കാക്കിമാറ്റി കെണിയിൽ വീഴ്ത്തുവാനുള്ള കാരിത്താസിന്റെ കുതന്ത്രം !

ഇന്ത്യൻ മെത്രാൻ സമിതിയുടെ നിർദ്ദിഷ്ടതാൽപ്പര്യം സാധിച്ചു കൊടുക്കാൻ ജർമ്മൻ കാരിത്താസിൻറെയും, കാത്തലിക്ക് നേഴ്സസ് ഗിൽഡ് ഓഫ് ഇന്ത്യയു ടേയും മദ്ധ്യവർത്തിയായി പ്രവർത്തിച്ചിരുന്ന ബോണിലെ  ക്രോയ്‌സ്ബർഗ് ഇന്റർനാറ്റ് നടത്തിയ പ്രചാരണവും എല്ലാം ജർമ്മനിയിലെ മലയാളികളുടെ ഭാവി നേരിടാൻപോകുന്ന, കൺമൂമ്പിൽ പതിയിരിക്കുന്ന അപകടമാണെന്ന് അന്ന് കൊളോണിൽനിന്നു പ്രസിദ്ധീകരിച്ചുകൊണ്ടിരുന്ന മലയാളമാദ്ധ്യമം "കവിത" തിരിച്ചറിഞ്ഞു. 
      
1977 ഏപ്രിൽ മാസത്തിൽ പ്രസിദ്ധീകരിക്കപ്പെട്ട "കവിത" മാദ്ധ്യമത്തിലെ മുഖപ്രസംഗം ജർമ്മനിയിലെ ഇന്ത്യൻ നഴ്‌സുമാരുടെ ഭാവിയെ സ്പർശിക്കുന്ന ആശങ്കകൾ തുറന്നു കാണിക്കുകയായിരുന്നു. ജർമ്മൻ സർക്കാരിനെ അത് ക്ഷോപിപ്പിച്ചില്ല. അതുപക്ഷേ, കാപട്യം മാത്രം ലക്ഷ്യമിട്ടിരുന്ന ബോണിലെ ക്രോയ്‌സ്ബർഗ്ഗ് ഇന്റർനാറ്റിനും ജർമ്മൻ കാരിത്താസിനും നേർക്കുള്ള ഒരു സത്യത്തിന്റെ വെല്ലുവിളിയായി മാറി. ജർമ്മൻ കാരിത്താസിനും അവരുടെ പിന്നാമ്പുറ സംഘത്തിനും മുഖത്തേറ്റ പ്രഹരമായിത്തീർന്നിരുന്ന ചൂടേറിയ ചർച്ചാവിഷയമായിരുന്ന "കവിത" മാദ്ധ്യമം പ്രസിദ്ധീകരിച്ച മുഖപ്രസംഗം ഒറിജിനൽ ചുവടെ ചേർക്കുന്നു.

                          // Volume 2  // April - June 77 // Number 2 - മുഖപ്രസംഗം  

"ജർമ്മനിയിലെ നമ്മുടെ നിലനിൽപ്പ് അപകടത്തിലേക്ക്"

ചീഫ് എഡിറ്റർ, Mrs. Valsa G. Katticaren. 


"ജർമ്മനിയിലെ മലയാളി നഴ്‌സുമാരുടെ ഭാവി ഇന്ന് വിവാദ വിഷയമായിരി ക്കയാണല്ലോ. ഇവിടെ ജോലിചെയ്യുന്ന 5000- ലധികം മലയാളികൾ-പ്രത്യേകി ച്ച് നഴ്‌സുമാർ- പണിയില്ലാതെ നാട്ടിലേയ്ക്ക് തിരിച്ചു വരുന്നതായി ഒരു വാർത്ത നാട്ടിൽ പരന്നു കഴിഞ്ഞു. എവിടെയോ എന്തോ തകരാറുള്ളതായി ത്തോന്നുന്നു.

വർഷങ്ങൾക്കു മുൻപ്, ജർമ്മനിയിലെ ആശുപത്രികളിൽ സേവനമനുഷ്ഠിക്കു ന്നതിനു ആവശ്യമുള്ളിടത്തോളം നഴ്‌സുമാർ ഇല്ലാതിരുന്ന ഒരു പ്രത്യേക പരിതഃസ്ഥിതിയിലാണ് കേരളത്തിൽനിന്നും മലയാളിപെൺകുട്ടികൾ ജോലി ചെയ്യുന്നതിനുവേണ്ടി ഇവിടെയെത്തുന്നത്. ആദ്യം വന്നെത്തിയവർ ജോലിയാരംഭിക്കുന്നത് വെറും മുപ്പതോ നാല്പതോ  ജർമ്മൻ മാർക്ക് " പോക്കറ്റ് മണി" യെന്ന നിലയിൽ വാങ്ങിക്കൊണ്ടായിരുന്നു. നാട്ടിൽ നിന്നും കൂടുതൽ പേർ ജോലിക്കായി എത്തുന്നതിൽ ഹോസ്പിറ്റൽ അധികൃതർ താൽപ്പര്യം കാണിച്ചു തുടങ്ങിയപ്പോൾ ആദ്യം വന്നവർ തങ്ങളുടെ കുടുംബാംഗങ്ങൾ ക്കും ബന്ധത്തിലുള്ളവർക്കും ഇങ്ങോട്ടു വരുന്നതിനുള്ള സാഹചര്യം ഒരുക്കി ക്കൊടുത്തു. അങ്ങനെ ഇപ്പോൾ ഇവിടെയുള്ള ആയിരക്കണക്കിന് വരുന്ന മലയാളി നഴ്‌സുമാർ സ്വന്തം ഉപജീവനം എന്നതിനുപുറമെ ഇവിടെയുള്ള ഹോസ്പിറ്റലുകളിൽ സ്വന്തം ആരോഗ്യവും ജീവിതവും ചിലവഴിക്കുന്നു. 

പള്ളിയും കത്തോലിക്കാ സ്ഥാപനങ്ങളും വളർത്തിയെടുക്കുന്നതിൽ നമ്മുടെ ഈ സമൂഹം വഹിച്ച പങ്കു ചില്ലറയൊന്നുമല്ല. അയ്യായിരത്തോളം വരുന്ന നമ്മൾ നൽകുന്ന പള്ളിക്കരം (Church Tax) (Kirchensteuer) തന്നെ ഒരു വർഷം 1.5 ദശലക്ഷം മാർക്ക് വരും. ഇപ്പോൾ ജർമ്മനിയിൽ ജോലിക്കാരെ കിട്ടുമെന്നായപ്പോൾ യാതൊരു ദാക്ഷീണ്യവുമില്ലാതെ അവരെ പറഞ്ഞു വിടാൻ ശ്രമിക്കുന്നതാണോ മനുഷ്യത്വം? ഇവിടെ ജർമ്മൻ ഗവർമെന്റി ന്റെയും ജനങ്ങളുടെയും സഹാനുഭൂതി നേടുന്നതിന് പകരം അവരെയെ ല്ലാം നാട്ടിൽ പറഞ്ഞുവിട്ടോളൂ, ഞങ്ങൾ അവിടെ ഒരു KONTAKT STELLE (സമ്പർക്ക കേന്ദ്രം) തുടങ്ങാം എന്ന് പറയുന്ന കാരിത്താസ്, അതുകൊണ്ട് അർത്ഥമാക്കുന്നതെന്തെന്ന് ഇനിയും വ്യക്തമല്ല.

ആയിരക്കണക്കിന് യുവജനങ്ങൾ അംഗീകൃത കോഴ്‌സുകളും പാസ്സായി ജോലിക്കുവേണ്ടി തപസ്സിരിക്കുന്ന കേരളത്തിലേയ്ക്ക് അംഗീകരിക്കപ്പെടാ ത്ത ജർമ്മൻ നഴ്‌സിംഗ് സർട്ടിഫിക്കറ്റുകളുമായി ജർമ്മനിയിൽനിന്നു ചെല്ലുന്ന നമ്മുടെ പെൺകുട്ടികൾക്ക് എന്ത് ജോലി, അത് എന്ന് കിട്ടുമെന്ന് പ്രതീക്ഷിക്കാനാണ്? (കേരളത്തിൽ ജോലിക്ക് പ്രായപരിധിയും ഉണ്ടെന്നുള്ള കാര്യം നാം ഓർക്കണം) ഇതൊരു മാനസിക അധഃപതനത്തിനേ വഴി തെളിക്കൂ. ഈ സാഹചര്യത്തിൽ 'നിർവചനമില്ലാ'ത്ത വെറുമൊരു സമ്പർക്ക കേന്ദ്രം( Kontakt stelle) കൊണ്ട് എന്ത് പ്രയോജനമാണ് ഇതിന്റെ വക്താക്കൾ ഉദ്ദേശിക്കുന്നത്? നാട്ടിൽ ചെല്ലുന്ന നഴ്‌സുമാർ ഏത് വിധത്തിൽ കാരിത്താസ് വിഭാവന ചെയ്യുന്ന KONTAKT STELLE-യുമായി സഹകരിക്കാൻ തയ്യാറാണെന്ന് ഇവർ ആലോചിക്കുകയുണ്ടായോ?

കേരളത്തിലെ സ്ഥിതിഗതികളെപ്പറ്റി ലവലേശമെങ്കിലും അറിവില്ലാത്ത ജർമ്മൻ ജനതയിൽ ആശയക്കുഴപ്പം സ്രുഷ്ടിക്കുക എന്ന ഒരു "നല്ല കാര്യം" ചെയ്യാൻ ഈ സുന്ദരമായ പദം കൊണ്ട് ഇവർക്ക് കഴിഞ്ഞേക്കാം. കേരളത്തി ലെ- ഇന്ത്യയിലെ- തൊഴിലില്ലായ്മായെക്കുറിച്ചു ഇവിടെ ജീവിക്കുന്ന നാം ബോധവാന്മാരാണ്. കാരിത്താസിന്റെ സമ്പർക്ക കേന്ദ്രം (KONTAKTSTELLE) എന്ന ആശയം ഒരു പ്രശ്നപരിഹാരമാകുന്നില്ല. മരുഭൂമിയിലെ മരീചികയ്ക്ക് തുല്യമാണത്. ഇവിടെനിന്നു തിരിക്കുന്ന നഴ്‌സുമാരെ അപകർഷതാബോധ ത്തിലേക്കും തുടർന്നുണ്ടാകുന്ന HUMAN TRAJEDY യ്ക്കു മൂകസാക്ഷിയായി നിൽക്കാനേ ഈ സമ്പർക്ക കേന്ദ്രം ഉപകരിക്കൂ.

ഇവിടെനിന്നു തിരിച്ചുപോകുന്ന ഇന്ത്യാക്കാരെ സഹായിക്കാനായുള്ള ജർമ്മൻ ഗവർമെന്റിന്റെ Reintegration Programme പ്രശംസനീയമാണ്. പക്ഷെ നാട്ടിലൊരു KONTAKT STELLE തുടങ്ങുവാൻ കുറച്ചു ഇന്ത്യാക്കാരെയെങ്കിലും തിരിച്ചു വിടണമെന്നുള്ള കാരിത്താസിന്റെ ആഗ്രഹം വിചിത്രമെന്നു മാത്രമല്ല, അവർ ഇരു രാജ്യങ്ങളിലും നടത്തിയ പ്രചാരണത്തിന്റെ പ്രത്യാഘാതങ്ങൾകൂടി സംഭ്രമജനകമായിരിക്കുന്നു. ജർമ്മനിയും ഇന്ത്യയും തമ്മിൽ കെട്ടുറപ്പുള്ള ഒരു സുഹൃത്‌ബന്ധം സ്ഥാപിക്കുന്നതിനുള്ള ശ്രമം നടന്നുകൊണ്ടിരിക്കുമ്പോൾ കാരിത്താസിലെ ഇന്ത്യൻ സോഷ്യൽ സർവീസ് വിഭാഗത്തിന്റെ (INDISCHER SOZIAL DIENST) നേതൃത്വത്തിൽ ഇന്ത്യയിൽ നടത്തിയ ഒന്നരമാസത്തെ പ്രചാരണവും പ്രസ്‌കോൺഫറൻസുകളും ഇരു രാജ്യങ്ങളുടെയും താല്പര്യങ്ങൾക്കും അഭിലാഷങ്ങൾക്കും എതിരായിരുന്നി ല്ലേ? ജർമ്മൻ ഗവർമെന്റ് വിദേശീയരുടെ വിസാ സംബന്ധിച്ച പ്രശ്നങ്ങൾ ലഘൂകരിക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തിക്കൊണ്ടിരുന്ന സന്ദർഭത്തിൽ ഇതുപോലുള്ള ഒരു പ്രഹസനം എന്തിനുവേണ്ടിയായിരുന്നു. ?

ഇവിടുത്തെ ഇന്ത്യൻ നഴ്‌സുമാരുടെ താൽപ്പര്യങ്ങളെ പ്രതിനിധീകരിച്ചാണ് കാരിത്താസ് ഈ പരിപാടി ആവിഷ്ക്കരിച്ചത് എന്നാണല്ലോ അവകാശപ്പെടു ന്നത്. അങ്ങനെയെങ്കിൽ ഇവിടുത്തെ നഴ്‌സുമാരോ അസോസിയേഷനുക ളോ ഇങ്ങനെയൊരു കാര്യം എന്തുകൊണ്ട് അറിഞ്ഞതേയില്ല?. അവരുമായി എന്തുകൊണ്ട് ഈ പ്രശനം ചർച്ച ചെയ്തില്ല? വളരെ രഹസ്യമായി ആവിഷ്‌ക്ക രിച്ച ഈ പരിപാടിയുടെ പിന്നിലെ ആത്മാർത്ഥതയെക്കുറിച്ചു ഇവിടെയുള്ള മലയാളികൾ സംശയാലുക്കളാണ്. കാരിത്താസിന്റെ പേരിൽ ഇവിടെയും നാട്ടിലുമുള്ള വിമർശനങ്ങളെ ലഘൂകരിക്കുന്നതിന് വേണ്ടിയുള്ള വെറുമൊ രു Propaganda trip മാത്രമായിരുന്നു കാരിത്താസ് ഡയറക്ടർ മോൺ Dr. ക്യോനൻ നടത്തിയ ഇന്ത്യാ സന്ദർശനം എന്നതൊരു സത്യമായി അവശേഷിക്കുന്നു.

ഇന്ത്യൻ നഴ്‌സുമാരുടെ പ്രശ്നങ്ങളെപ്പറ്റി "കവിത" ഇവിടുത്തെ Bundesministerium-മായി ബന്ധപ്പെടുകയും ചർച്ചകൾ നടത്തുകയും ചെയ്തു. ഇതിന്റെ വെളിച്ച ത്തിൽ മനുഷ്യത്വഹീനമായി ജർമ്മൻ ഗവർമെൻറ് ഇവിടെ ജോലി ചെയ്യുന്ന ഇന്ത്യൻ നഴ്‌സുമാരെ നാട്ടിലേയ്ക് തിരിച്ചയാക്കുകയില്ലെന്നാണ് ഞങ്ങൾക്ക് മനസ്സിലാക്കാൻ കഴിഞ്ഞത്. ഇതേ സംബന്ധിച്ചു കവിതയിൽ പ്രസിദ്ധീകരി ക്കുന്നതിന് കിട്ടിയ രേഖകൾ അതേരീതിയിൽ പ്രസിദ്ധീകരിച്ചിരുന്നു. ഇതിൽ നിന്നും കാരിത്താസും അതിന്റെ ഇന്ത്യൻ സോഷ്യൽ സർവീസും കൂടി നടത്തിയ പ്രചാരണങ്ങൾ അവാസ്തവമായിരുന്നു എന്നാണു തെളിയുന്ന ത്. ഈ അബദ്ധ പ്രചാരണം എന്തിനു വേണ്ടിയായിരുന്നുവെന്നു നാം ചിന്തി ക്കുന്നത് നല്ലതാണ്.

വിദേശികളുടെ അവകാശങ്ങളെ അനുവദിച്ചുകൊടുക്കുക, പ്രശ്നങ്ങളെ ലഘൂകരിക്കുന്നതിൽ സഹായിക്കുകയും ചെയ്യുക. അങ്ങനെയൊരു സഹതാപ മനോഭാവമാണ് ഇന്നത്തെ ജർമ്മൻ ഗവണ്മെന്റിനുള്ളത്. ഒന്നിച്ചു നിന്ന് നമ്മുടെ പ്രശ്നങ്ങളുടെ മാനുഷിക വശങ്ങളെ ജർമ്മൻ ഗൺമെന്റിന്റെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിന് നാം നേരിട്ടുതന്നെ ശ്രമിക്കേണ്ടതായിട്ടാണി   രിക്കുന്നത് കാരിത്താസിന്റെ Re-Integration പ്രോഗ്രാമിൽനിന്നോ, അതേത്തുട ർന്ന് ഇവർ നാട്ടിൽ സ്ഥാപിക്കാനുദ്ദേശിക്കുന്ന KONTAKT STELLE യിൽ നിന്നോ കിട്ടുമെന്ന് ഇവർ വിശ്വസിപ്പിക്കാൻ ശ്രമിക്കുന്ന പ്രയോജനങ്ങളും(?) നേട്ടങ്ങ ളും (?) അല്ല നമ്മുടെ ലക്ഷ്യം. നമ്മുടെ ഇവിടുത്തെ നിലനിൽപ്പാണ്‌.

ഒരു സുപ്രഭാതത്തിൽ നടത്തുന്ന പത്രപ്രസ്താവനകളും അടുത്ത പ്രഭാതത്തിൽ അതിന്റെ നിഷേധവും അവ്യക്തമായ എന്തോ ഗൂഢലക്ഷ്യങ്ങളിലേക്കുള്ള നീക്കത്തെയാണ് സൂചിപ്പിക്കുക. അമിതമായ വിശ്വാസം ഇവരിൽ അർപ്പി ക്കാതെയിരിക്കുക, അതപകടത്തിലേയ്ക്ക് നയിക്കും. സ്വയം സഹായിക്കു വാൻ നാം എപ്പോഴും തയ്യാറായിരിക്കണം. കാരിത്താസോ കാരിത്താസിൻ്റെ കീഴിൽ നിൽക്കുന്ന, ഇനിയും ഉണ്ടാകാൻ പോകുന്ന ഒരു സംഘടനയോ നമ്മെ സഹായിക്കുമെന്ന് കരുതുന്നത് ബുദ്ധിമോശമാണ്. അതുകൊണ്ടു നാം ഒന്നിച്ചു നിന്ന് നമ്മുടെ അവകാശങ്ങൾക്കുവേണ്ടി ഗവണ്മെന്റിനെ സമീപി ക്കുക. അതുമാത്രമാണ് ഇന്ന് നമ്മുടെ പ്രശ്നത്തിന് പരിഹാരം. // "

വേല മനസ്സിലിരിക്കട്ടെ.

ജർമ്മൻ കാരിത്താസിന്റെയും അതിലെ ഇന്ത്യൻ സോഷ്യൽ സർവീസിലെ  ജീവനക്കാരുടെയും അണിയറനീക്കങ്ങൾ ഓരോന്ന് വ്യാപകമായി പുറത്തു വന്നുതുടങ്ങി. ഇന്ത്യയിലെ മെത്രാൻ സമിതിയുടെ തീരാധനമോഹത്തിന്റെ ഓരോ ചുരുളുകൾ ഇവർ വഴി നടപ്പാക്കുകയാണ് ലക്‌ഷ്യം. ജർമ്മനിയിലെ ഇന്ത്യൻ നഴ്‌സുമാരെയെല്ലാം ഇന്ത്യയിലേയ്ക്ക് തിരിച്ചയച്ചാൽ ജർമനിയിലെ മലയാളികളായ അന്നുള്ള കാരിത്താസിലെ ഇന്ത്യൻ സോഷ്യൽ സർവീസ് ജീവനക്കാർക്ക് ഇന്ത്യയിൽ വിവിധ സ്ഥലത്തും സ്ഥാപിക്കാൻ ഉദ്ദേശിച്ചിരുന്ന ജർമ്മൻ കാരിത്താസിന്റെ സമ്പർക്കകേന്ദ്രങ്ങളിൽ ജർമ്മനിയിൽ ലഭിക്കുന്ന പ്രതിമാസ വേതനത്തിനു തുല്യമായ ആനുകൂല്യങ്ങളോടെ ജോലി ചെയ്യാൻ കഴിയുമെന്ന വാഗ്ദാനമാണ് ഇക്കൂട്ടരെ ഈ വമ്പൻ നാടുകടത്തൽ പരിപാടിക്ക് കൂട്ടുനിൽക്കാൻ പ്രീണിപ്പിച്ചതെന്നു അന്ന് ഞങ്ങൾക്ക് സൂചന ലഭിച്ചിരുന്നു. ആ വാർത്ത ഒരു ഞെട്ടിക്കുന്ന സംസാരവിഷയമായി. 

"പള്ളിമുഖേന വന്നു; പള്ളിമുഖേനതന്നെ തിരിച്ചുപോകണം". നഴ്‌സുമാർക്ക്‌ ബാഡൻ-വ്യൂർട്ടംബർഗിലായിരുന്നു വിസാ പ്രശ്‌നം ഉയർന്നത്. സാമാന്യ ബുദ്ധിക്ക് മനസ്സിലാക്കാൻ കഴിയാത്ത ഒരുകാര്യം, നോർത്ത് റൈൻ വെസ്റ്റ് ഫാലൻ സംസ്ഥാനത്തുള്ള കൊളോൺ കാരിത്താസിനായിരുന്നു അതിൽ വിഷമം. അതുപക്ഷേ ഫ്രെയ്‌ബുർഗ് കാരിത്താസ്‌ കേന്ദ്രഓഫീസ്  ഇതെല്ലാം ക്രമീകരിച്ചശേഷം മൗനിയായി കൈകഴുകി മാറിനിന്നു. അതുപക്ഷേ സർക്കാർ തലത്തിൽ ഇവരുടെ തന്ത്രം വിലപ്പോയില്ല. കൊളോണിലെ ഇന്ത്യൻ നഴ്‌സുമാരുടെ സാന്നിദ്ധ്യം ഉണ്ടാക്കുവാൻ ഒരു കപട സംഘടന തന്നെ സൃഷ്ടിക്കുവാൻ അവർ അണിയറയിൽ പദ്ധതിയിട്ടു. ഉദ്ദേശ ലക്ഷ്യം വിലപ്പോകാത്ത സ്വന്തം നയത്തെ എതിർക്കുന്ന സ്വന്തം സംരക്ഷണയിൽ ഒരു ഇന്ത്യൻ സംഘടന സൃഷ്ടിക്കുവാൻപോലും അന്നവർ ശ്രമം ആരംഭിച്ചു. കൊളോൺ കാരിത്താസിന്റെ പ്രേരണയ്ക്ക് വിധേയരായി കൊളോണിലെ ചില ജർമ്മൻ പത്രങ്ങൾ, ഉദാ: Kölner Stadt Anzeiger, ഇന്ത്യൻ നഴ്‌സുമാർക്കെതിരെ പ്രചാരണ വാർത്തകൾ നൽകിയിരുന്നു. ഇത്തരം വേലകൾ മനസ്സിലിരിക്കുക യേയുള്ളൂ എന്ന് ഹൈഡൽബെർഗിലെയും കാൾസ്റൂഹിലെയും നമ്മുടെ മലയാളികളും ജർമ്മൻകാരും ചേർന്ന് അവരെ മനസ്സിലാക്കിക്കൊടുത്തു. 

ഇന്ത്യൻ നഴ്‌സുമാർ കാരിത്താസ് കൊളോൺ പറയുന്നതുപോലെയല്ല, അവർ യാതൊരു വികസന സഹായ പദ്ധതിപ്രകാരവുമല്ല ജർമ്മനിയിൽ വന്നിട്ടുള്ള തെന്നും ആതുര സേവനത്തിനു ആളുകളില്ലാതിരുന്ന ഒരു  കാലത്തു അവരെ ഇവിടേയ്ക്ക് കൊണ്ടുവന്നിട്ടുള്ളതാണെന്നും വികസന സഹായപദ്ധതിയിൽ അവരെ ഉൾപ്പെടുത്തുന്നതുതന്നെ അപ്രസക്തമാണെന്നും കൊളോണിൽ സർക്കാരിന്റെ ഔദ്യോഗിക വക്താവ് പ്രസ്താവിച്ചു. //- തുടരും 
---------------------------------------------------------------------------------------------------------------------

Keine Kommentare:

Kommentar veröffentlichen

Hinweis: Nur ein Mitglied dieses Blogs kann Kommentare posten.