Sonntag, 13. August 2017

ധ്രുവദീപ്തി : ജർമൻ ഡയറി // ജർമ്മൻ മലയാളികൾ നേരിട്ട അധാർമ്മികയുദ്ധത്തിന്റെ തിരക്കഥ... // George Kuttikattu


ധ്രുവദീപ്തി : ജർമൻ ഡയറി //

ജർമ്മൻ മലയാളികൾ നേരിട്ട 
അധാർമ്മികയുദ്ധത്തിന്റെ തിരക്കഥയും 
തുടക്കവും  


George Kuttikattu


 George Kuttikattu
ജോലിയും പഠനവും സംബന്ധിച്ച് മലയാളികൾ നേരിട്ട പ്രാരംഭകാലത്തെ  പ്രതിസന്ധികളെല്ലാം വഴിമാറിക്കൊടുത്തു. 1970 കളുടെ അവസാനഘട്ടമായ പ്പോഴേയ്ക്കും മലയാളി പെൺകുട്ടികളുടെ നഴ്‌സിംഗ് പഠനവും അതിന്റെ പരിശീലനവും ആൺകുട്ടികളുടെ മറ്റു പഠനങ്ങളും ഭൂരിഭാഗവും ഏതാണ്ട് അവസാനിച്ചുവെന്ന് പറയാം. എങ്കിലും പിൻഗാമികളായി വന്നവരെല്ലാം പഠനത്തിൽ തുടരുന്ന കാലമായിരുന്നു. ഇതിനോടകമായി നിരവധിപേരുടെ ജീവിത പങ്കാളികൾ, ഭാര്യമാരോ ഭർത്താക്കന്മാരോ, ജർമ്മനിയിലെത്തിച്ചേ രുകയും വിവിധ പ്രദേശങ്ങളിൽ എത്തി അവരവരുടെ സ്വന്തം ഭാവിജീവിത ത്തിനുള്ള തുടക്ക പാതയിലെത്തുകയും ചെയ്തു കഴിഞ്ഞിരുന്നു. എങ്കിലും ജർമ്മനിയുടെ തൊഴിൽനിയമം അനുസരിച്ചു ഭർത്താക്കന്മാർ ജോലിക്കുള്ള അനുവാദത്തതിനായി നാലുനീണ്ടവർഷങ്ങൾ കാത്തുനിൽക്കണമായിരുന്നു. ചില സംസ്ഥാനങ്ങളിൽ ആ നിയമത്തിനു ചില അയവുകൾ ഉണ്ടായിരുന്നു. സർവകലാശാലകളിൽ പഠിക്കുന്നതിനും മാത്രമല്ല അവധിക്കാല ജോലികൾ ചെയ്യുന്നതിനും തടസ്സമായിരുന്നില്ല. മറ്റുചിലർ മറ്റുചില താൽക്കാലികമായ  ജോലികൾ ചെയ്തിരുന്നു.

ആഹ്ളാദം പരസ്പരം പങ്കിട്ടു.

മലയാളികൾ താമസവും ജോലിയും ക്രമമായി തുടങ്ങിയതോടെ അവരുടെ ജീവിതക്രമങ്ങളിൽ അതിനുയോജിച്ച മാറ്റങ്ങളും ഉണ്ടായി. കുറേക്കൂടി നല്ല സൗകര്യങ്ങൾ ഉള്ള വാടകവീടുകളിലേയ്‌ക്കോ അപ്പാർട്ട്മെന്റുകളിലേക്കോ മാറിത്താമസമാക്കി.1970 കളുടെ അവസാനഘട്ടമായപ്പോഴേയ്ക് ചിലരെങ്കിലും ജർമ്മനിയിൽ സ്വന്തമായി വാങ്ങിയ വീടുകളിലേക്ക് മാറിത്തുടങ്ങി. കാലം മാറിയപ്പോൾ അതിനെല്ലാം പ്രേരകമായി വന്ന അടിസ്ഥാനകാര്യങ്ങളെല്ലാം  പലതായിരുന്നു. ജർമ്മനിയിലെ മലയാളികളുടെ രണ്ടാം തലമുറയുടെ നവ ആഗമനം പുതിയ ജീവിത ശൈലികളുടെ സ്വരരാഗതാളങ്ങളുമായി ഒത്തു ചേരുവാൻ കാരണമായി. ജർമ്മനിയിൽ മലയാളികൾ ശ്രദ്ധിക്കപ്പെട്ടു. ഒഴിവ് സമയങ്ങളിൽ, വാരാന്ത്യങ്ങളിൽ മലയാളികളുടെ ഒത്തുചേരലുകൾക്ക് വേദിയൊരുങ്ങാനുള്ള ശ്രമങ്ങൾ ഉണ്ടായി. ഫ്രാങ്ക്ഫർട്ടിൽ, കൊളോണിൽ, മ്യൂണിക്കിൽ, ഹൈഡൽബർഗിൽ എന്നിങ്ങനെ വിവിധ നഗരങ്ങളിളെല്ലാം മലയാളികളുടെ കൂട്ടായ്മാ സമ്പർക്കത്തെ പരസ്പരം സ്വാഗതം ചെയ്യപ്പെട്ടു. അവധിസമയങ്ങളിൽ കുട്ടികളുമൊത്ത് കൂട്ടായ്മകളുടെ വേദികൾ പങ്കിട്ടു. ജീവിതം മറ്റൊരു നേർവഴികളിലെത്തിയെന്ന തോന്നലുണ്ടാക്കി ദിനങ്ങളെ സന്തോഷപൂർവ്വം സ്വാഗതം ചെയ്തു. കൂട്ടായ്‍മകൾക്ക് വ്യത്യസ്തപ്പെട്ട പേരുകൾ നൽകി. ഓണാഘോഷങ്ങൾ ആഘോഷിച്ചു, രുചികരമായ ഭക്ഷണങ്ങൾ ഉണ്ടാക്കി എല്ലാവരും ചേർന്ന് ഭക്ഷിച്ചു, അവർ ക്രിസ്മസ് ആഘാഷ ഗാനങ്ങൾ പാടി. നൃത്തങ്ങൾ നടത്തി, അതുപോലെ വൈവിധ്യം കലർന്ന സാമൂഹ്യ സമ്മേളനങ്ങൾ കൂടി. ആഹ്ളാദം പരസ്പരം പങ്കിട്ടു.

മലയാള മാദ്ധ്യമങ്ങളുടെ ഉദയം

ആനുകാലിക സാമൂഹിക വിഷയങ്ങളെ  ജർമ്മനിയിലെ വിവിധ സ്ഥലങ്ങളിൽ ജീവിച്ചിരുന്ന മലയാളികൾക്ക് ഉതകുംവിധം പങ്കുവയ്ക്കാൻ ചില  മലയാളമാദ്ധ്യമങ്ങൾ പ്രസിദ്ധീകരിക്കുവാനുള്ള ശ്രമങ്ങൾ അന്ന് തുടങ്ങി..വിവിധകാലങ്ങളിൽ വന്നെത്തിയ ജർമ്മനിയിലെ മലയാളികൾക്ക് വേണ്ടി "നാടൻ കത്ത് ", "എന്റെ ലോകം", "കവിത", "വാർത്ത" എന്ന് തുടങ്ങിയ വിവിധ മലയാളം ജേർണ്ണലുകൾ ജർമ്മനിയിൽ നിന്നും പുറത്തു വന്നു. 1980- കളിൽ മ്യൂൺസ്റ്റർ രൂപതയുടെ വിദ്യാഭ്യാസവിഭാഗത്തിന്റെ മാദ്ധ്യമമായി രുന്നു "വാർത്ത" ജേർണൽ. അക്കാലത്ത് മ്യൂൺസ്റ്റർ രൂപതയുടെ Ausländer Referentent, ആയിരുന്ന (Diozesanbildungswerk, Münster) Dr. Mathew Mandapathil ആയിരുന്നു, ചീഫ്എഡിറ്റർ.  ജർമനിയിലെ പൊതുജീവിതത്തിൽ എന്നും കാണപ്പെടുന്ന അനേകം വിദേശികളുടെയും സ്വദേശികളുടെയും വിവിധ ആനുകാലിക സാമൂഹിക വിഷയങ്ങളെപ്പറ്റി   കുറഞ്ഞ അറിവ് നൽകുകയെന്ന ദൗത്യമായിരുന്നു " വാർത്ത" ജേർണൽ നിർവഹിച്ചത്. 1968- 1969 കളിൽ ജർമ്മനിയിലെ മലയാളികൾക്കെല്ലാം മാതൃ സ്വദേശത്തിന്റെ പുതുമകളുടെ ആത്മചൈതന്യം നിറഞ്ഞ വിശഷങ്ങൾ വായിക്കുവാൻ "നാടൻ കത്ത്" എന്ന ഒരു മലയാള പ്രസിദ്ധീകരണം Rev. Fr. SYRIAC THUNDIYIL C. M. I യുടെ ശ്രമത്താൽ ആരംഭിച്ചു. അദ്ദേഹം പിന്നീട് ദീപികയുടെ ചീഫ് എഡിറ്റർ സ്ഥാനവും വഹിച്ചിട്ടുണ്ട്. 

അതുപക്ഷേ എന്റെ അറിവ് ശരിയാണെങ്കിൽ, അക്കാലത്ത് കൊളോണിലെ അദ്ദേഹമുൾപ്പെടുന്ന സി. എം. ഐ സഭയിലെ ചില പാതിരി അംഗങ്ങളും മറ്റു ചില സാമൂഹ്യവിരുദ്ധരും ചേർന്ന് "നാടൻകത്ത്" എന്ന മലയാളവാർത്താ പ്രസിദ്ധീകരണത്തിനെ തകർക്കാൻ ശ്രമങ്ങൾ തുടങ്ങി. നാടൻ കത്തിന്റെ പ്രസിദ്ധീകരണ ആവശ്യങ്ങൾക്ക് കൊളോൺ ജർമ്മൻ കാരിത്താസിൽ നിന്നും ലഭിച്ചിരുന്ന ധനസഹായം സമർത്ഥമായി തടഞ്ഞു വച്ച് കൊണ്ട്  "നാടൻ കത്ത് " എന്ന പ്രസ്ഥാനത്തെ തകർത്തു കളഞ്ഞു. "നാടൻ കത്ത്" മേന്മയില്ലാത്ത സൃഷ്ടിയാണെന്നായിരുന്നു, കൊളോണിലെ ഒരു CMI സഭാ  പാതിരിയുടെ നേതൃത്വത്തിൽ നടത്തിയ ആരോപണം. അതിനുശേഷം ഉടനെ മേല്പറഞ്ഞവർ കൂടി കാരിത്താസിന്റെ സാമ്പത്തിക ആനുകൂല്യം സ്വന്തം പോക്കറ്റിൽ നേടിയെടുക്കുവാൻ വേണ്ടി "എന്റെ ലോകം" എന്ന മറ്റൊരു മലയാള പതിപ്പിന് 1970 കളിൽ രൂപം ചെയ്തു. ഇന്നത് മറ്റു വ്യത്യസ്ഥ പേരുകളിൽ വിവിധ സാമ്പത്തിക തട്ടിപ്പിനായി ജർമ്മൻ കാരിത്താസിനെ ദുരുപയോഗം ചെയ്തു സ്വന്തം പേരിന്റെ പ്രസിദ്ധിക്കുവേണ്ടി സ്വാർത്ഥ തല്പരരായ ചില മലയാളികൾ കൂടി ചെയ്യുന്ന ഒരു പ്രത്യേക പദ്ധതിയാക്കി പ്രവർത്തിക്കുന്നുവെന്ന് പറയപ്പെടുന്നു. "എന്റെ ലോകം" പ്രസിദ്ധീകരണം നടത്തുന്നവർ ജർമ്മൻ മലയാളികളുടെ ഇടയിൽ സാമൂഹിക ജീവിതത്തിലെ  ഐക്യത്തെ തകർക്കുവാൻ വളരെ ശ്രമിച്ചുവെന്നതിന് കുറെ മതിയായ തെളിവുകളുണ്ട്. അതിനൊരു പ്രസിദ്ധ ഉദാഹരണമായിരുന്നു, "നാടൻ കത്ത്" പത്രാധിപരെ ചില ഗുണ്ടകൾ ചേർന്ന്  ശുചിമുറിയിൽ പൂട്ടിയിട്ട സംഭവം.


 George Katticaren 
അതിനിടെയാണ് മലയാളികളുടെ വൈദേശിക ജീവിതത്തിന്റെ മുഖമുദ്ര എന്ന് ഇക്കാലത്തും വിളിക്കപ്പെടാവുന്ന ഒരു മലയാള ത്രൈമാസികാ പ്രസിദ്ധീകരണം "കവിത" 1975- ൽ കൊളോണിൽ ആരംഭിച്ചത്. "കവിത" - AN IDIOLOGY AND LEGEND OF OUR TIMES. ആനുകാലിക മലയാള സാഹിത്യ  സാംസ്കാരിക പ്രസ്ഥാനം സമൂഹത്തിനുപൊതുവെ കാഴ്ചവയ്ക്കുവാൻ മുൻകൈയെടുത്തത് അന്ന് കൊളോണിൽ Mrs. വത്സാ ജോർജ് കട്ടിക്കാരനും, ശ്രീ ജോർജ് കട്ടിക്കാരനും ആയിരുന്നു. ദീപിക മാദ്ധ്യമത്തിൽ മലയാള സാഹിത്യസാംസ്കാരിക മേഖലയിലെ നിറസാന്നിദ്ധ്യമായിരുന്ന കോളമിസ്റ്റും എഴുത്തുകാരിയും കൂടിയായിരുന്ന Mrs. VALSA. G. KATTICAREN "കവിത" ജേർണ്ണലിന്റെ ചീഫ് എഡിറ്ററായിരുന്നു. കേരളത്തിലെ മാദ്ധ്യമ രാഷ്ട്രീയ രംഗത്ത് ശ്രേഷ്ഠ വ്യക്തി മുദ്ര പതിച്ചിരുന്ന ജേർണലിസ്റ്റ് LATE Shree. K. C. SEBASTIAN, M. P., ദീപിക മുൻ ചീഫ് എഡിറ്റർ റെവ. ഫാ. സഖറിയാസ് നടക്കൽ സി. എം. ഐ., കൊളോണിലെ TUSCULAM ന്റെ (Gemeinschaft Junger Deutscher und Ausländer e.v.) പ്രസിഡന്റായിരുന്ന Fr. ADALBERT HASSELBERG O. P എന്നിവരുടെ പരിപൂർണ്ണ സഹകരണത്തോടെയാണ് ശ്രീ. GEORE KATTICAREN പ്രസാധകനായി മാതൃകാപരമായ മലയാള ജേർണൽ പ്രവർത്തനത്തിനു  കൊളോണിൽ തുടക്കമിട്ടത്. അസത്യത്തിനും അധർമ്മത്തിനുമെതിരെ, ജർമ്മനിയിലെ പുത്തൻമലയാളി സമൂഹത്തിനുവേണ്ടി, ജർമ്മനിയിൽ ജോലിയുള്ള മലയാളി സഹോദരങ്ങളെ അടിച്ചമർത്തികൊണ്ടിരുന്നതായ  അധോലോക ശക്തികൾക്ക് നേരെ എതിരെ മുന്നോട്ടിറങ്ങാനും ജർമ്മൻ മലയാളികൾക്ക് ആത്മശക്തി പകരാൻ ഊർജ്ജം നൽകി സഹായിച്ചിരുന്ന, മലയാളഭാഷയിൽ യൂറോപ്പിലെ ആദ്യകാലത്തെ അന്തർദ്ദേശീയ മലയാള മാദ്ധ്യമമായിരുന്നു, "കവിത" എന്ന പ്രസിദ്ധീകരണം.

 ജർമ്മൻ മലയാളികളെ ഞെട്ടിച്ച വാർത്ത..

മലയാളികളുടെ ജർമ്മൻ ജീവിതത്തിൽ തെളിഞ്ഞു നിന്ന നീലാകാശത്ത് കാർമേഘപടലങ്ങൾ കുമിഞ്ഞു കൂടി. മഴ വെള്ളം നോക്കി നിന്നിരുന്ന ദാഹിക്കുന്ന വേഴാമ്പലുകൾക്ക് തെളിഞ്ഞ സംതൃപ്തി! 1976- 1978 കാലഘട്ടം. ജർമ്മൻ മലയാളികളെയെല്ലാം ഞെട്ടിച്ച വാർത്ത! ജർമ്മൻ അധികാരികളുടെ സ്വരം വ്യക്തമായി പറഞ്ഞു. "നിങ്ങൾ നാടുവിടണം." ബാഡൻവ്യൂർട്ടം ബർഗ്ഗിലെ വിവിധ ജർമ്മൻ മൈഗ്രേഷൻ ഓഫീസ്സുകളിൽ നിന്നും ഇന്ത്യൻ നഴ്‌സുമാർക്ക് "ഇനിമുതൽ മുന്നോട്ടു വിസാ എക്സറ്റൻഡ് ചെയ്യുകയില്ല" എന്ന് കാണിച്ചുള്ള അറിയിപ്പുകളും അയച്ചുതുടങ്ങി. 1965 ആരംഭം, ജർമ്മനിയിൽ ആരോഗ്യപരിപാലനരംഗത്ത് ഏതാണ്ട് 30000 ലേറെ നഴ്‌സുമാരുടെയും അതുപോലെ ഒട്ടനവധി ജോലിക്കാരുടെയും കുറവുണ്ടായിരുന്നു. "രണ്ടാം ലോകമഹായുദ്ധക്കെടുതികൾ നേരിട്ടനുഭവിച്ചിരുന്ന പശ്ചിമജർമ്മൻ ജനതയെ അതിവിഷമഘട്ടത്തിൽ സഹായിക്കുവാൻ വിളിച്ചു ക്ഷണിച്ചു കൊണ്ടുവന്നവരെ ആട്ടിപ്പുറത്താക്കുകയോ"? ജർമ്മൻകാരും അതുപോലെ എല്ലാമലയാളികളും അത്ഭുതപ്പെട്ടു പരസ്പരം അങ്ങുമിങ്ങും ചോദിച്ചുപോയി! ജർമ്മനിയിലെ മനുഷ്യമനഃസാക്ഷിയുടെ ശിരസ്സുയർത്തി. വിശദ വാർത്ത അറിഞ്ഞ ജർമ്മൻ മാദ്ധ്യമങ്ങളെല്ലാം അതിശയിച്ചുപോയി..

മഹാത്മാ ഗാന്ധി ഒരിക്കൽ സാമൂഹിക തിന്മകളെക്കുറിച്ചുള്ള ഒരു ലിസ്റ്റ് വരെ തുറന്ന് പറഞ്ഞു: "ധാർമ്മികതയില്ലാത്ത ഇടപാടുകളെല്ലാം, തൊഴിൽ സമൂഹത്തിനെതിരെയുള്ള ഒരു പാപമാണ്". ആ ലിസ്റ്റിൽപ്പെട്ട ഈ സാമാന്യ തത്വത്തെ മറികടന്നു ഒരു വമ്പൻ ബിസിനസ്സാണ് ഇന്ത്യയിലെ കത്തോലിക്കാ മെത്രാൻ സമിതി നേതൃത്വം അക്കാലത്തു ജർമ്മനിയിൽ ജോലി ചെയ്തിരുന്ന മലയാളികൾക്ക് നേരെ പ്ലാൻ ചെയ്തു നോക്കിയത്.

പശ്ചിമ ജർമ്മൻ ചാൻസിലർ ആയിരുന്ന ഹെൽമുട്ട് സ്മിത്ത് എല്ലാ ലോക മതങ്ങളിലും പ്രധാനപ്പെട്ട തത്വമായി പങ്കു വഹിക്കുന്ന സുവർണ്ണ ജീവിത ക്രമം ചുരുക്കത്തിൽ പറയുകയുണ്ടായി: നിങ്ങൾ മറ്റുള്ളവരിൽ നിന്ന് എപ്രകാരമുള്ള പെരുമാറ്റമാണോ ആഗ്രഹിക്കുന്നത്, അതുപോലെതന്നെ നിങ്ങൾ മറ്റുള്ളവരോടും പെരുമാറണം. നിങ്ങൾക്ക് ലഭിക്കുന്നത് നിങ്ങൾക്ക് ഒട്ടുംതന്നെ ഇഷ്ടമില്ലാത്തതെങ്കിൽ അതുപോലെയുള്ള പെരുമാറ്റം ഒരിക്കലും  മറ്റുള്ളവർക്ക് നല്കുകയുമരുത്". അതായത്, മതങ്ങളുടെ ഉത്തരവാദപ്പെട്ട പ്രതിനിധികൾക്ക് ഒരു പ്രത്യേക കടമയുണ്ട്, മറ്റുള്ളവരുടെ കാര്യങ്ങളിൽ അനാവശ്യമായ മുൻവിധികളും അവർക്കുനേരെ വിവേചനകളും മറ്റുള്ള നടപടികളും ഉപേക്ഷിക്കണം, മാത്രമല്ല, മറ്റെല്ലാ മനുഷ്യരുടെയിടയിലും ആവശ്യപ്പെടുന്ന സഹിഷ്ണുതയും പരസ്പരമുള്ള അംഗീകാരവും ശ്രദ്ധയും നൽകണമെന്ന കാര്യം.

ഈയവസരത്തിൽ ഇവിടെ എന്റെ ഒരു ചുരുക്ക കുറിപ്പായി എന്റെ സ്വന്തം മതവിശ്വാസ സംരക്ഷകരുടെ നിലപാടുകളെപ്പറ്റി പറയട്ടെ. കേരളത്തിലെ, പൊതുവെ ഇന്ത്യയിലെ ക്രിസ്ത്യൻ സഭാമാനേജർമാരായ മെത്രാന്മാരും പുരോഹിതരും, നിർഭാഗ്യമെന്നുപറയട്ടെ അവരുടെ കടമകൾ നീതിപരമായി നടത്തുന്നില്ല. അനുവാദാത്മക നിലപാട്, അഹങ്കാരം, പരിഗണനയില്ലായ്മ, എല്ലാവരുടെയും ആദർശ പുരുഷൻ എന്ന പ്രകടനം, പൊതുവായിപറഞ്ഞാൽ മറ്റു സഹമനുഷ്യരുടെ കാര്യങ്ങളിൽ അധരവ്യായാമം മാത്രമാണവരുടേത്. മാത്രമല്ല, നിരവധി സഭാധികാരികൾ ധാർമ്മികമായിട്ടുള്ള ഓരോ കടമകൾ ചെയ്യുന്നില്ല. അവരുടെ കടമകളെന്തെന്നു അവർ സ്വയം മനസ്സിലാക്കുന്നില്ല. മനുഷ്യരുടെ ജോലി, വിദ്യാഭ്യാസം, ഉന്നതവിദ്യാഭ്യാസം, തൊഴിലില്ലായ്‌മ എന്നിങ്ങനെ നിരവധി സാമൂഹിക പ്രശ്നങ്ങൾ. അതിനുപകരം ഇവർ തനിയെ "ഗ്ലോബൽ പ്ലെയേഴ്‌സ്" ആകുകയാണ്. സഭയുടെ ലക്ഷ്യം വലിയ കമ്പനികൾ സൃഷ്ടിക്കുകയാണ്, ആശുപത്രികൾ, മെഡിക്കൽ കോളജുകൾ, സ്‌കൂളുകൾ എൻജിനീയറിങ് കോളജുകൾ, അവയുടെ നേതൃത്വം അവർക്കുള്ളതാണ്, മാർക്കറ്റ് വിഹിതം അവർക്കു മാത്രവുമാണ്. അങ്ങനെ അഹങ്കാരത്തിൽ വളരുന്ന ഒരു സമൂഹമായി സഹജീവികളിൽ കോൺഫ്ലിക്റ്റ്കൾ ഉണ്ടാക്കി പോകുന്ന അവർ താഴേയ്ക്ക് തനിയെ താഴുമെന്നുള്ളത് സംശയമില്ല, അതിനു ഒരു വലിയ ഉദാഹരണമായിരുന്നു, 1976 കളിൽ ജർമ്മൻ മലയാളികൾ നേരിട്ട അധാർമ്മികയുദ്ധം.

കാത്തലിക് ബിഷപ്‌സ് കോൺഫറൻസ് ഓഫ് ഇന്ത്യയുടെ നിഗൂഢ പദ്ധതി 

ജർമ്മനിയിലെത്തിയ മലയാളികളുടെ ജോലി, താമസം എന്നിവ സംബന്ധിച്ച കാര്യങ്ങളിൽ, ഇന്ത്യയിലെ കത്തോലിക്കാനേതൃത്വം നേരിട്ട് ജർമനിയിലെ ഉപവിയുടെ പ്രവർത്തകരുമായി നിഗൂഢ ആലോചനകൾ കുറച്ചുനാളായിട്ട്  നടന്നിരുന്നു. അവരിൽ പ്രമുഖർ ജർമ്മൻ കാരിത്താസ് ആയിരുന്നു. മാത്രമല്ല ഇന്ത്യയിലെ പ്രസ്ഥാനങ്ങളായ മൈത്രി, കാത്തലിക് നഴ്സസ് ഗിൽഡ് ഓഫ് ഇന്ത്യ, ബോംബെ, ജർമനിയിലെ ഒരു ഇടനില സ്ഥാപനമായ ക്രോയിസ്ബർഗ് ഇന്റർനാറ്റ് തുടങ്ങിയ സംഘടനകളുടെ നേതൃത്വങ്ങൾ ചേർന്നു ധാർമ്മികത മറന്നു ലാഭമുള്ള വമ്പൻ രഹസ്യ ബിസ്സിനസ്സ് ഇടപാടുകളിലേയ്ക്ക് ഹീനമായ നടപടികളാരംഭിച്ചു. അവർക്കുനേരെ അന്ന് ആരെതിർക്കാൻ ഉണ്ടാകും?1972 കാലഘട്ടം മുതൽ കാത്തലിക് ബിഷപ്‌സ് കോൺഫറൻസ് ഓഫ് ഇന്ത്യ മദ്ധ്യ ഇന്ത്യയിലും വടക്കേ ഇന്ത്യയുടെ വിവിധ പ്രദേശങ്ങളിലുമുള്ള രൂപതകളിൽ ധനാഗമമാർഗ്ഗങ്ങൾക്ക് വേണ്ടി ചില സ്ഥാപനങ്ങൾക്ക് തുടക്കമിടാനുള്ള ഒരു സ്വപ്നപദ്ധതിക്ക് ഇന്ത്യൻ ബിഷപ്പ് കോൺഫറൻസ് രൂപം നൽകി.

Late Arch Bishop
 Mar Arul Das James +,
Oottacamund 
ഇക്കാലത്തെ സി. ബി. സി. ഐ.യുടെ ചെയർമാൻ ഊട്ടി അതിരൂപതയുടെ മെത്രാനായിരുന്ന ആർച്ചു ബിഷപ്പ് അരുൾദാസ് ജയിംസ് ആയിരുന്നു. വടക്കേ ഇന്ത്യയിലുള്ള കത്തോലിക്കാ രൂപതകളിലെല്ലാം, ഒരു ഉദാഹരണത്തിന്, ബോബെ, സാഗർ തുടങ്ങിയ രൂപതകളിൽ വിവിധ സ്ഥലങ്ങളിൽ കോട്ടേജ് ഹോസ്പിറ്റലുകൾ നിർമ്മിക്കുക,  അതിനോടനുബന്ധിച്ചു അവിടെയെല്ലാം വിവിധ സ്ഥാപനങ്ങൾ ഉണ്ടാക്കുക, ഇതെല്ലാം അവരുടെ പദ്ധതിയുടെ നിഗൂഢ അജണ്ടയിൽ ഉണ്ടായിരുന്നു. അതുപക്ഷേ, അതിനാവശ്യമായ പണം ഉണ്ടാകണം. ജർമ്മൻ കാരിത്താസുമായി ബന്ധപ്പെട്ടു. മേൽനടപടികൾ കൃത്യമായി ചെയ്യാൻ ഇന്ത്യയിലും- ജർമനിയിലുമുള്ള വിവിധ ഏജൻസികളെയും, അന്ന് അവരുമായി ബന്ധപ്പെട്ട ജോലിചെയ്യുന്ന കുറെ മലയാളികളെയും അതിനു ചുമതലപ്പെടുത്തി. അതിൽ പ്രമുഖ പങ്കുവഹിച്ചവർ ജർമൻ കാരിത്താസും, കാരിത്താസിന്റെ ജർമ്മനിയിലെ ഇന്ത്യൻ സോഷ്യൽ സർവീസ് വിഭാഗത്തി ൽ പ്രവർത്തിച്ചിരുന്ന ചില മലയാളികളിൽ ചിലരും, കൂടാതെ കാത്തലിക്ക് നഴ്സസ് ഗിൽഡ് ഓഫ് ഇന്ത്യ എന്നൊരു സംഘടനയുമായിരുന്നു. മേൽപ്പറഞ്ഞ പ്രസ്ഥാനങ്ങളുടെ വിവിധ ആവശ്യത്തിനായി ഇന്ത്യൻ കാത്തലിക് ബിഷപ്പ് കോൺഫറൻസ് ഇടനിലക്കാരായി നിയോഗിച്ചിരുന്നത്, ജർമ്മനിയിലെ ബോണിൽ പ്രവർത്തിച്ചിരുന്ന ക്രോയിസ്ബർഗ് ഇന്റർനാറ്റ് എന്ന ജർമ്മൻ സ്ഥാപനത്തെയുമായിരുന്നു. പദ്ധതിയുടെ വിജയത്തിന് ബോംബെയിലെ കർദ്ദിനാൾ മാർ വലേറിയാൻ ഗ്രേഷ്യസിനെയും ഉൾപ്പെടുത്തി. ഇക്കാര്യങ്ങൾ പിന്നീട് വിശദീകരിക്കുന്നതാണ്‌. 

ഇന്ത്യൻ മെത്രാന്മാരുടെ ആവശ്യം എങ്ങനെ സാധിക്കാമെന്ന വിവിധതരം പരിഹാരമാർഗ്ഗങ്ങൾ ബോബെയിലും ഡൽഹിയിലും കേരളത്തിലും വച്ച് പലതവണ ചർച്ചചെയ്തിരുന്നു. ഈ ചർച്ചകളിൽ കാരിത്താസിന്റെ അന്നത്തെ കൊളോണിലെ ഡയറക്ടറായിരുന്ന മോൺ. റവ. ഡോ. ക്യോനന്റെ പ്രമുഖ സഹായികളായി ഇന്ത്യൻ സോഷ്യൽ സർവീസിൽ (ഇൻഡിഷർ സോഷ്യൽ ഡീൻസ്റ്റ്, കൊളോൺ) ജോലിചെയ്ത ചില മലയാളികളും പങ്കെടുത്തിരുന്നു. അവരുടെ പങ്കാളിത്തവും സാന്നിദ്ധ്യത്തെക്കുറിച്ചും കാത്തലിക്ക് ബിഷപ്പ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ ബോണിലെ ക്രോയിസ്ബർഗ്ഗ് ഇന്റർനാറ്റിനു അയച്ചിരുന്ന കത്തിൽ വെളിപ്പെടുത്തിയിട്ടുണ്ട്. ഇത്തരം നീക്കങ്ങൾ എല്ലാം തന്നെ ജർമ്മനിയിലെ ഫ്രെയ്‌ബുർഗ് നഗരത്തിലുള്ള പ്രധാന കാരിത്താസ് കേന്ദ്ര  അധികാരികളുടെ നിർദ്ദേശപ്രകാരവുമായിരുന്നു. 

വേഴാമ്പലുകളുടെ സന്തോഷം 

German Caritas Verband -Freiburg
ഒടുവിൽ ഇന്ത്യൻ ബിഷപ്പ് കോൺഫറൻസും ഇടനിലക്കാരും പരിഹാരം കണ്ടു. ജർമനിയിൽ, സമാധാനത്തോടെ ജോലി ചെയ്തുകൊണ്ടിരുന്ന ഇന്ത്യൻ നഴ്‌സുമാരെ ജർമ്മനിയിൽ നിന്നും ഏതു വിധേനയും ഇന്ത്യയിലേക്ക് തിരിച്ചു കൊണ്ടുവന്നാൽ ഉദ്ദേശിക്കുന്ന കാര്യം നടക്കുമെന്ന അഭിപ്രായം ജർമ്മൻ കാരിത്താസും, അക്കാലത്ത് കാരിത്താസിൽ ജോലി ചെയ്തുകൊണ്ടിരുന്ന മലയാളികളും കൂട്ടമായി കൈയ്യടിച്ചു പിന്താങ്ങി. മെത്രാന്മാരുടെ ജർമ്മൻ ഔദ്യോഗിക പ്രതിനിധികൾ ജർമ്മൻ സർക്കാരുമായി ചർച്ച ചെയ്തു. പശ്ചിമ ജർമ്മനിയുടെ സാമൂഹിക- സാംസ്കാരിക മന്ത്രാലയവുമായി ഫ്രാങ്ക്ഫർട്ടിൽ വച്ചും 1977- ൽ ചർച്ച നടത്തി. ഈ ചർച്ചയിലും കാരിത്താസിലെ ഇന്ത്യൻ സോഷ്യൽ സർവീസിലെ ഒരു ജോലിക്കാരിയും പങ്കെടുത്തിരുന്നതായി ചർച്ചയുടെ പ്രോട്ടോകോളിൽ ഉണ്ടായിരുന്നു. ഇന്ത്യയും ജർമ്മനിയുമായി ഇരു സർക്കാർ തലങ്ങളിലും, ആരുമാരും യാതൊരുവിധ ജോലി കരാറുകളും മലയാളികളുടെ ജർമ്മനിയിലെ നഴ്‌സിംഗ് ജോലിക്കായി അന്ന് മുതൽ ഇന്നും ഉണ്ടാക്കിയിരുന്നില്ല. അതേസമയം തന്നെ അക്കാലത്തു ഫിലിപൈൻസിൽ നിന്നും കൊറിയയിൽ നിന്നും വന്നിരുന്ന വിദേശ നഴ്‌സുമാർക്ക് വേണ്ടി അവരവരുടെ സർക്കാർ തലത്തിലുള്ള കരാറുകൾ ഉണ്ടാക്കിയിരുന്നു

ജർമ്മനിയിലെ മലയാളികളെ തിരിച്ചയക്കാൻ എളുപ്പമുള്ള ചില നിഗൂഢ ഫോർമുലകൾ ഇന്ത്യൻ മെത്രാൻസമിതിയും അവരുടെ ഏജൻസികളുംകൂടി  ചേർന്ന് അന്നുണ്ടാക്കിയിരുന്നു. ജർമ്മനിയിൽ ജോലിചെയ്യുന്ന എല്ലാവരെയും തിരിച്ചു കൊണ്ട്പോയാൽ ജർമൻസക്കാർ അവരുടെ റീ ഇന്റഗ്രേഷനുള്ള  വേണ്ടിയ തുക മേൽപ്പറഞ്ഞ ഏജൻസികൾക്ക് നൽകാം. അത് ഇന്ത്യയിലെ മെത്രാന്മാരുടെ സമിതിക്കും ഏജൻസികൾക്കും നിറഞ്ഞ സന്തോഷമായി. അതുപക്ഷേ എങ്ങനെ സാധിക്കും? ജർമ്മനിയിലേക്ക് കേരളത്തിൽ നിന്നും വന്നവർ ജോലിയും പഠനവുമായി ജർമ്മനിയിൽ വർഷങ്ങളായി മൈഗ്രേറ്റ് ചെയ്യപ്പെട്ടവരാണ്, ജർമൻ നിയമവ്യവസ്ഥയുടെ അംഗീകാരത്തോടെ തന്നെ. അവരെ വെറുതെ ഇറക്കി വിടാൻ എളുപ്പമല്ല. ജർമ്മൻ കാരിത്താസിന്റെ പ്രബല കേന്ദ്രം സ്ഥിതി ചെയ്യുന്നത് ജർമ്മനിയുടെ തെക്കു പടിഞ്ഞാറൻ സംസ്ഥാനമായ ബാഡൻവ്യൂർട്ടംബർഗിലെ ഫ്രെയ്‌ബുർഗ്ഗിലും കൂടാതെ നോർത്തുറൈൻ വെസ്റ്റ്ഫാളൻ  സംസ്ഥാനത്തുള്ള കൊളോണിലും ആണ്. ബാഡൻവ്യൂർട്ടംബർഗിലെ സംസ്ഥാന സർക്കാരിനെ അവർ ശക്തമായി ആദ്യമേതന്നെ നേരിട്ട് സ്വാധീനിച്ചു.

Late Prälat Dr.Joseph Koenen.
Director Caritas Verband
Köln
കാത്തലിക്ക്  ബിഷപ്‌സ് കോൺഫറൻസ് ഓഫ് ഇന്ത്യ, കാത്തലിക്ക് നഴ്സസ് ഗിൽഡ് ഓഫ് ഇന്ത്യ      സംഘടന പ്രസിഡണ്ടും ഏഷ്യൻ വിഭാഗത്തിന്റെ ചെയർമാനു മായിരുന്ന അയർലണ്ട് സ്വദേശിനി ഒരു Sr. ELLA STUEWART എന്ന കന്യാസ്ത്രി,  കൂടാതെ ബോണിൽ പ്രവർത്തിച്ചിരുന്ന ഇന്റർനാറ്റ് ക്രോയിസ്ബർഗിന്റെ അന്നത്തെ ഡയറക്ടർ  ജർമ്മൻകാരൻ Mr. BRÖSKAMPF  , കൊളോണിലെ ജർമ്മൻ കാരിത്താസ് ഡയറക്ടർ മോൺ. ഡോ. ക്യോനൻ +, ഫ്രെയ്‌ബുർഗ്ഗ് കാരിത്താസ് പ്രസിഡന്റ്, അക്കാലത്ത്  ജർമ്മൻ കാരിത്താസിൽ പ്രവർത്തിച്ചിരുന്നവരായ മലയാളികളായ (INDISCHER SOCIAL DIENST) ഇന്ത്യൻ സോഷ്യൽ സർവീസിലെ ജീവനക്കാർ, ഇവരെല്ലാം, ഈ നിഗൂഢ പദ്ധതിയുടെ കൊഴുത്തു തടിച്ച ആനുകൂല്യം ലഭിക്കുവാൻ ദാഹിച്ചിരുന്ന വേഴാമ്പലുകൾ ആയിരുന്നു. ബാഡൻ വ്യൂർട്ടംബർഗ്ഗ്‌ സർക്കാർ, ഇവരുടെ എല്ലാ സാമ്പത്തിക ആവശ്യങ്ങൾക്ക് വേണ്ടി കടുത്ത മനുഷ്യത്വരഹിതമായ നടപടികൾക്ക് വേണ്ട തീരുമാനമെടുത്തു. ബാഡൻവ്യൂർട്ടംബർഗ് സംസ്ഥാന സർക്കാർ ഒരു കല്പ്പന പ്രഖ്യാപിച്ചു. "ഇന്ത്യൻ നഴ്‌സുമാർ നിശ്ചിത സമയത്തിനുള്ളിൽ ജർമനി വിട്ടു സ്വദേശത്തേയ്ക്ക് പോകണം". ഈ കടുത്ത പ്രഖ്യാപനം അന്ന് പുറത്തു വരുന്നതുവരെ ജർമ്മനിയിലെ ഒരൊറ്റ മലയാളിയും ഇത്തരം ചൂഷക വർഗ്ഗം ചെയ്തുകൊണ്ടിരുന്ന അധോലോക പ്രവർത്തനങ്ങൾ ഒന്നും അറിഞ്ഞിരുന്നില്ല. 

ആ സംഭവങ്ങൾ നടന്നുകൊണ്ടിരുന്ന ഒരു ദിവസം ഞാൻ ഹൈഡൽബർഗ് യൂണിവേഴ്‌സിറ്റി FRAUEN KLINIK നടുത്തുള്ള എന്റെ താമസമുറിയിലേയ്ക്ക് പോകുമ്പോൾ തൊട്ടടുത്തുള്ള ക്ലിനിക്ക് ഇൻഫൊർമേഷനിലപ്പോൾ ജോലി ചെയ്യുന്ന ഒരാൾ എന്നെ വിളിച്ചു. ഞാൻ അദ്ദേഹത്തിനടുത്തേയ്ക്ക് പോയി. തൊട്ടടുത്തു വച്ചിരുന്ന വാൾ പോസ്റ്റർ എന്നെ കാണിച്ചു പറഞ്ഞു: "വളരെ കഷ്ടം, ഇന്ത്യൻ നഴ്‌സുമാർ താമസിയാതെ പോകണമെന്നാണ് അറിയുന്നത്. താങ്കൾ അറിഞ്ഞില്ലേ"? അവിടെ കണ്ട പോസ്റ്റർ ആരാണ് സ്ഥാപിച്ചതെന്നും മറ്റുമുള്ള കാര്യങ്ങൾ അദ്ദേഹം എന്നെ അറിയിച്ചു. ഞാൻ സാവധാനം എന്റെ മുറിയിലെത്തി. ഒട്ടും താമസിച്ചില്ല, എന്റെ ഒരു സുഹൃത്തും ഹൈഡൽ ബർഗിലെ St. Bonifacius ഇടവക വികാരിയായിരുന്ന ഫാ. ലുഡ്‌വിഗ് ബോപ്പിനെ ടെലിഫോണിൽ ബന്ധപ്പെട്ട് ഞാൻ അപ്പോൾ അറിഞ്ഞ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി. പിറ്റേദിവസം ഞാനും അദ്ദേഹവുമായി കൂടുതൽ കാര്യങ്ങൾ സംസാരിക്കുവാൻ തീർച്ചയാക്കി. അന്നുതന്നെ കൊളോണിൽ നിന്നും പ്രസിദ്ധീകരിക്കുന്ന "കവിത" ത്രൈമാസികയുടെ പത്രാധിപർ ശ്രീ ജോർജ് കട്ടിക്കാരനെയും ചീഫ് എഡിറ്റർ ശ്രീമതി വത്സ. ജി. കട്ടിക്കാരനെയും  മലയാളികൾ നേരിടേണ്ടി വരുന്ന ഗുരുതര ഭാവിയെക്കുറിച്ചുള്ള വിവരം ധരിപ്പിച്ചു. ഞാനുൾപ്പടെയുള്ള ജർമ്മനിയിലെ എല്ലാ മലയാളികളെയും എതിരായി ബാധിക്കുമെന്ന കാര്യത്തിൽ എന്നെ കൂടുതൽ അസ്വസ്ഥമാക്കി. ഏറെ ചിന്താക്കുഴപ്പത്തിലാക്കിയതു ജർമ്മനിയുടെ അക്കാലത്തെ തലസ്ഥാന നഗരമായ ബോണിൽ പ്രവർത്തിക്കുന്ന KREUZBERG INTERNAT പുറപ്പെടുവിച്ച ഒരു വാൾപോസ്റ്ററാണ്. ജർമ്മനിയിലെ മലയാളികളുടെ ഭാവിയെക്കുറിച്ചുള്ള  പ്രതിപാദനം അപ്രതീക്ഷിതമായി എന്നെ ഞെട്ടിച്ചു. വാൾ പോസ്റ്ററിന്റെ ഒരു ഒറിജിനൽ എനിക്ക് അന്ന് ലഭിച്ചതാണ്, താഴെ കൊടുത്തിരിക്കുന്ന വാൾ പോസ്റ്ററിന്റെ ഒറിജിനൽ പകർപ്പ്. ബോണിലുള്ള ക്രോയ്സ്ബർഗ് ഇന്റർനാറ്റ് തയ്യാറാക്കി പുറത്തിറക്കിയ ഈ ലെറ്റർ അറിയിപ്പ് അന്നുനടന്ന അധോലക തീരുമാനങ്ങളുടെ ചുരുളഴിക്കാൻ ഏറെ സഹായകമായി പിന്നീട് ഭവിച്ചു. അതേക്കുറിച്ചു വിശദമായി പിന്നീട് വിശദീകരിക്കും.  

" ഇന്ത്യ നിങ്ങളുടെ സേവനം  കാത്തിരിക്കുന്നു"

  An Info.letter to Indian Nurses in Germany in the Wallpaper published by 
Kreuzberg Internat, Bonn

1976- ആരംഭത്തിൽ, നടന്ന രഹസ്യ തീരു മാനങ്ങൾക്കൊടുവിൽ, സർക്കാർ നടപടികളുടെ വിശദമായ ഇൻഫർമേഷൻ ബാഡൻവ്യൂർട്ടം ബർഗ് സംസ്ഥാന സർക്കാർ മലയാളി നഴ്‌സുമാരുടെ ജർമ്മനിയിലെ ഭാവി ജീവിത- തൊഴിൽ സാദ്ധ്യതാ കാര്യങ്ങളെപ്പറ്റി ഓരോ ഹോസ്‌പിറ്റൽ മാനെജുമെന്റുകളെ  എഴുതി അറിയിച്ചു തുടങ്ങി. ക്രോയിസ് ബർഗ് ഇന്റർനാറ്റും കാത്തലിക്ക് നഴ്സസ് ഗിൽഡ് ഓഫ് ഇന്ത്യ യും, കാരിത്താസ് നേതൃത്വങ്ങളുംഇന്ത്യൻ സഹായിക ളും കൂടി അന്ന് ത യ്യാറാക്കിയ പ്രൊപ്പഗാണ്ട ഫ്ളക്സ് ബോർഡ്‌കൾ ബാഡൻവ്യൂർട്ടംബർഗ്ഗിലെ എല്ലാ പ്രധാന ആശുപത്രികളുടെയും മുൻപിൽ സ്ഥാപിച്ചു. അതിൽ ഇംഗ്ളീഷ്, മലയാളം, ജർമ്മൻ എന്നീ മൂന്ന് ഭാഷകളിൽ ചൂണ്ടിക്കാണിച്ചത് ജർമ്മനിയിലെ മലയാളി നേഴ്‌സുമാർക്കെതിരെ  ഇന്ത്യയിലും ജർമ്മനിയിലും  അവരെല്ലാം നടത്തിയ ഗൂഡാലോചനയുടെ യഥാർത്ഥ ചൂണ്ടുപലക ആയിരുന്നു. "ഇന്ത്യ നിങ്ങളുടെ സേവനത്തെ  കാത്തിരിക്കുന്നു" എന്ന് തുടങ്ങുന്ന ആഹ്വാനം കൊടും വഞ്ചനയുടെ തിരക്കഥ തന്നെ ആയിരുന്നു, ഉള്ളടക്കം. മൂന്നു ഭാഷയിലും തിരക്കഥയുടെ തെളിഞ്ഞ തർജ്ജമ നൽകിയിരുന്നു. അതിൽ ചേർത്തിരുന്ന ഒറിജിനൽ മലയാളം ടെക്സ്സ്റ്റിന്റെ തനിരൂപം അതേപടി തന്നെ ഇവിടെ നൽകിയിരിക്കുന്നു. ഈ മലയാള തിരക്കഥകൾ  കാരിത്താസിലെ ഇന്ത്യൻ സോഷ്യൽ സർവീസ് വിഭാഗത്തിൽ അന്ന് ജോലി ചെയ്തിരുന്ന ഒരു മാന്യ മലയാളിയായിരുന്നു തയ്യാറാക്കിയതെന്ന് അധികം താമസിയാതെ അറിയുകയും ചെയ്തു.

ജർമനിയിലെ മലയാളികളുടെ ജോലി-താമസ കാര്യങ്ങളിൽ പ്രത്യക്ഷമായ പ്രതിസന്ധിയുടെ നിർണ്ണായക ഘട്ടത്തിൽ ആരുടേയും എല്ലാവിധ സഹായ സഹകരണങ്ങളും ലഭിക്കുവാൻ ആവുന്നത് ചെയ്യണമെന്ന് എനിക്ക് തോന്നി. ഇന്ത്യാക്കാരായ നമ്മുടെ ജർമ്മനിയിലെ നിലനില്പിനുവേണ്ടി ധാർമ്മികമായി പോരാടുവാൻ ആവശ്യമെങ്കിൽ സന്നദ്ധമാണെന്ന് "കവിത" ത്രൈ മാസിക പത്രവും അറിയിച്ചു. അതുപോലെ കേരളത്തിൽ നിന്നും ജർമ്മനിയിലെത്തി സേവനം ചെയ്തിരുന്ന ചില വൈദികരുൾപ്പടെ അനേകം ആളുകളുടെയും ജർമ്മൻ മാദ്ധ്യമങ്ങളുടെയും അവസരോചിത ധർമ്മനിർവ്വഹണം നടത്തി മലയാളികൾ നേരിട്ട വിഷമ സന്ധിയിൽനിന്നു അതിവേഗം മോചിപ്പിക്കാൻ അവർ സർവാത്മനാ ശ്രമിക്കുകയും ചെയ്തിരുന്നു.

വൈരുദ്ധ്യങ്ങൾ ..റീ ഇന്റഗ്രേഷൻ പദ്ധതി !

 Indischer Sozial Dienst- Notice Page No.1 
ഇതേത്തുടർന്ന്,     ഞാൻ ചില ജർമ്മൻ കാരും മലയാളികളുമായും വിഷയം ബന്ധപ്പെടുത്തി.. അതുപോലെ തന്നെ അക്കാലത്തു ഹൈഡൽബർഗിലുള്ള 
കാരിത്താസിന്റെ (Indischer Social Dienst ) ഇന്ത്യൻ സോഷ്യൽ സർവീസിൽ ഇന്ത്യക്കാരുടെ ഉത്തരവാദപ്പെട്ട ജോലി ചെയ്തിരുന്ന ഉദ്യോഗസ്ഥയുമായി ഇന്ത്യൻ നഴ്‌സുമാരുടെ പ്രശ്നങ്ങളെപ്പറ്റിയും ഞാൻ  സംസാരിച്ചു. ഉടൻ തന്നെ  ജർമനിയിലെ മലയാളി നഴ്‌സുമാരുടെയെല്ലാം  ആനുകാലിക ഭാവി  വിഷയങ്ങളെപ്പറ്റി  ചർച്ചചെയ്തു അവശ്യ നടപടികൾ ഉടൻ സ്വീകരിക്കുവാൻ  വേണ്ടി ഒരു പൊതു ചർച്ചാ സമ്മേളനം ഹൈഡൽബർഗിൽ വിളിച്ചു കൂട്ടണമെന്ന നിർദ്ദേശം ഞാൻ മുന്നോട്ടുവച്ചു.  ഒരു പൊതു ചർച്ചയ്ക്ക്  ആഹ്വാനം ചെയ്തു നോട്ടീസ് നൽകി. 25. 10. 1976- ൽ ഹൈഡൽബർഗ്ഗിലെ INDISCHER SOCIAL DIENST എഴുതി തയ്യാറാക്കി അന്ന് വിതരണം ചെയ്തിരുന്ന നോട്ടീസിന്റെ ഒറിജിനൽ രൂപം ഇവിടെ ചേർക്കുന്നു. ഇവിടെ Kreuzberg Internat,  Bonn എഴുതി 1976- ൽ വിതരണം ചെയ്തിട്ടുള്ള മേൽ നോട്ടിസിലെ കൈ എഴുത്തു രൂപവും INDISCHER SOZIAL DIENST തയ്യാറാക്കിയ എഴുത്തും നേർക്കാഴ്ചയിൽ നിരവധി വൈരുദ്ധ്യങ്ങൾ നിറഞ്ഞ സമാനത കാണുന്നുവെന്ന് പലരും അക്കാലത്തു അഭിപ്രായപ്പെട്ടു. ക്രോയ്സ്ബർഗ് ഇന്റർനാറ്റ് 1976- ൽ പ്രസിദ്ധീകരിച്ചിരുന്ന പരസ്യപ്രസ്താവനയിൽ തീർത്തും നിരാശരായ ജർമ്മനിയിലെ മലയാളികളുടെ അനിശ്ചിതമായിരുന്ന തുടർ ഭാവിയുടെ കാര്യത്തിൽ ശുഭസൂചനകൾ ഒട്ടില്ലതാനും. വിളിച്ചു കൂട്ടിയ ചർച്ചാസമ്മേളനത്തിനു വളരെ കുറച്ചുപേർ മാത്രമേ വന്നു പങ്കെടുത്തിരുന്നുള്ളൂ. ജർമ്മൻ അധികാരികൾ സമക്ഷം സമർപ്പിക്കാൻ ഒരു മെമ്മോറാണ്ടം തയ്യാറാക്കുവാൻ ഒരു തീരുമാനമെടുത്തു അന്ന് പിരിഞ്ഞു.

 Late Mrs. RITA DESAI 
ഇതേ കാലഘട്ടത്തിൽ തന്നെ ബാഡൻവ്യൂർട്ടംബർഗ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽമലയാളികളും ചില ജർമ്മൻകാരും വിവിധ പ്രാദേശിക ജർമ്മൻ മാദ്ധ്യ മങ്ങളും സഹകരിച്ചുള്ള പ്രവർത്തനങ്ങൾ തുടങ്ങിയിരു ന്നതു വളരെ ശ്രദ്ധേയമായിരുന്നു. വളരെയേറെ ശ്രദ്ധി ക്കപ്പെട്ട വേറെ പ്രവർത്തനം കാൾസ്റൂഹെ നഗരത്തിൽ Late Mrs. RITA DESAI എന്ന ജർമ്മൻ വനിത പൊതുജനങ്ങ ളെ സഹകരിപ്പിച്ചുകൊണ്ടു സർക്കാർ തലത്തിൽ ഫല പ്രദമായ മറ്റു മാതൃകയിൽ മലയാളികളുടെ കടുത്ത പ്രതിസന്ധിയ്ക്കെതിരെ ശക്തമായി പോരാടിയതാണ്.

അതേസമയം കാത്തലിക്ക് നഴ്സസ് ഗിൽഡ് ഓഫ് ഇന്ത്യയും ഇന്ത്യൻ ബിഷപ്പ്സ് കോൺഫറൻസും, ബോണിലെ ക്രോയ്‌സ്ബർഗ് ഇന്റർനാറ്റ് സ്ഥാപനവും, ജർമ്മൻ കാരിത്താസ് നേതൃത്വങ്ങളും അവരുടെ അടുത്ത സഹായികളും കയ്യും കെട്ടി വെറുതെയിരുന്നില്ല. അവർ വിശ്രമമില്ലാതെ തന്നെ സിസ്റ്റർ Ella Steuvart ന്റെ നേതൃത്വത്തിൽ ഇന്ത്യയിലും ജർമ്മനിയിലെ വിവിധ വ്യത്യസ്ഥ കേന്ദ്രങ്ങളിൽവച്ചും പല ചർച്ചകളും കൂടിക്കാഴ്ചകളും നടത്തുകയായിരുന്നു. ജർമ്മനിയിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്ന എല്ലാ നഴ്‌സുമാരെയും അവരു ടെ കുടുംബാംഗങ്ങളെയും ഇന്ത്യയിലേയ്ക്ക് തിരിച്ചു വിടുക എന്ന ഇന്ത്യൻ മെത്രാൻ സമിതിയുടെ ദീർഘകാല നിഗൂഢ സ്വപ്നപദ്ധതിയുടെ പരിപൂർണ്ണ രൂപസാക്ഷാത്ക്കരണം അവസാനം നേടിയെടുക്കുകകയെന്ന അന്ത്യലക്ഷ്യം പൂർണ്ണമായും സാധിക്കുകയായിരുന്നു, ചർച്ചകളുടെ സമഗ്രമായ ഉള്ളടക്കം. ജർമ്മനിയിലെ ചില സംഘടനകളും ജർമനിയിലെ ചില മലയാളികളായ കത്തോലിക്കാ വൈദികരുമായും കൂട്ടുപിടിച്ചു ജോലിയുള്ള മലയാളികളുടെ "റീ ഇന്റഗ്രേഷനും" "വികസനസഹായ"ത്തിനുമായി ജർമ്മൻ സർക്കാരിനെ നേരിട്ട് സമീപിച്ചത് ജർമ്മനിയിലെ മലയാളി നഴ്‌സുമാരുടെ ഭാവിജോലി നില നിൽപ്പിനെത്തന്നെ അപകടത്തിലേക്ക് നയിക്കുകയായിരുന്നു. ഇതിലുള്ള വിദൂര അപകടം മനസ്സിലാക്കിയ ഞങ്ങൾക്ക് ഇതിനിനെതിരെ ആഴ്ചകളും മാസങ്ങളും വിശ്രമം ഇല്ലാതെതന്നെ ജർമ്മനിയിലെ മലയാളികൾ നേരിടുന്ന വലിയ പ്രതിസന്ധിയെ നേരിടുവാനുള്ള ഏതുവിധവുമുള്ള ഫലപ്രദമായ പരിഹാരമാർഗങ്ങൾ അന്വേഷിച്ചുകൊണ്ടുള്ള ചർച്ചകളും ഫലപ്രദമായ കൂടിക്കാഴ്ചകളുമായി മുന്നോട്ട് കടന്നു പോകേണ്ടി വന്നു //-    
---------------------------------------------------------------------------------------------------------------

Browse and share: https://dhruwadeepti.blogspot.com 

 ഈ ബ്ളോഗില്‍ പ്രസിദ്ധീകരിക്കുന്ന  അഭിപ്രായങ്ങളുടെ  ഉത്തരവാദിത്തം അതെഴുതുന്ന  വ്യക്തികള്‍ക്കു മാത്രമായിരിക്കും. സഭ്യമല്ലാത്ത ഭാഷയും  അപകീര്‍ത്തിപ്പെടുത്തുന്ന പദപ്രയോഗങ്ങളും ഒഴിവാക്കുക-

     

ധൃവദീപ്തി  ഓണ്‍ലൈൻ
 
 https://dhruwadeepti.blogspot.com
 
for up-to-dates and FW. link Send Article, comments and write ups to :
  DHRUWADEEPTI ONLINE LITERATURE.
Published from Heidelberg, Germany,  in accordance with the European charter on freedom of opinion and press. 
DISCLAIMER:  Articles published in this online magazine are exclusively the views of the authors. 
Neither the editor nor the publisher are responsible or liable for the contents,  objectives or opinions of the articles in any form."

FACE BOOK:  GEORGE Kuttikattu    MOB. + oo49 170 5957371
Posted by George Kuttikattu
---------------------------------------------------

Keine Kommentare:

Kommentar veröffentlichen

Hinweis: Nur ein Mitglied dieses Blogs kann Kommentare posten.