Freitag, 12. Mai 2017

ധ്രുവദീപ്തി: Religion // സഭാപിതാക്കന്മാരുടെ വേദപുസ്തക വ്യാഖ്യാനം // Prof. Dr. ആൻഡ്രൂസ് മേക്കാട്ടുകുന്നേൽ,


സഭാപിതാക്കന്മാരുടെ വേദപുസ്തക വ്യാഖ്യാനം // 


Prof. Dr. ആൻഡ്രൂസ് മേക്കാട്ടുകുന്നേൽ, 


(President, Oriental Institute of Religious studies, India.
Vadavathoor, Kottayam.)


ശ്ലീഹന്മാർക്കു ശേഷം തിരുസഭയുടെ പരിപാലകരും പ്രബോധകരുമായി വർത്തിച്ച സഭാപിതാക്കന്മാർ വി. ഗ്രന്ഥത്തെയും വിശുദ്ധ പാരമ്പര്യത്തെയും മുറുകെ പിടിച്ചുകൊണ്ടു തെറ്റായ പ്രബോധനങ്ങൾക്കെതിരെ പോരാടുകയും വിശ്വാസികളെ ശരിയായ ദിശയിൽ നയിക്കുകയും ചെയ്തു.

സഭാപിതാക്കന്മാരുടെ വിശുദ്ധ ഗ്രന്ഥവ്യാഖ്യാനത്തെ സ്വാധീനിച്ചിരുന്നത് യഹൂദ-യവന വ്യാഖ്യാനശൈലികളാണ്. ഹലാക്ക (Halaka), ഹഗ്ഗാദ (haggada) എന്നീ രണ്ടു രീതികളാണ് തിരുലിഖിതവ്യാഖ്യാനത്തിന് യഹൂദർ അവലംബിച്ചിരുന്നത്. വിശുദ്ധ ഗ്രന്ഥത്തിന്റെ വെളിച്ചത്തിൽ അനുദിന ജീവിതം എപ്രകാരം ക്രമീകരിക്കാം എന്നതായിരുന്നു ഹലാക്കയുടെ ലക്ഷ്യം. ഹഗ്ഗാദയാകട്ടെ, സിനഗോഗിലെ ആരാധനയുടെ ഭാഗമായുള്ള പ്രസംഗത്തിൽ, വിശ്വാസികളെ ആത്മീയമായി പ്രബുദ്ധരാക്കുകയെന്ന ലക്ഷ്യത്തോടെ നൽകിയിരുന്ന വിശുദ്ധ ഗ്രന്ഥാധിഷ്ഠിതമായ ഉപദേശങ്ങളാണ്. ആദ്യകാലത്ത് വാചികരൂപത്തിലായിരുന്ന വിശുദ്ധഗ്രന്ഥവ്യാഖ്യാനം ക്രമേണ ലിഖിതരൂപം പ്രാപിക്കുകയായിരുന്നു. വ്യാഖ്യാനിക്കേണ്ടിയിരുന്ന വിശുദ്ധ ഗ്രന്ഥഭാഗത്തെ അതുമായി ബന്ധപ്പെട്ട മറ്റു ഭാഗങ്ങളുമായി ചേർത്താണ് റബ്ബിമാർ വ്യാഖ്യാനിച്ചിരുന്നത്. പലപ്പോഴും ഇത് അക്ഷരാർത്ഥത്തിലുള്ള പദാനുപദ വ്യാഖ്യാനമായിരുന്നു. ദൃഷ്ടാന്തരൂപവ്യാഖ്യാനവും (Allegorical Interpretation) യഹൂദർക്ക് അപരിചിതമായിരുന്നില്ല.

 From caves of Qumran
വിശുദ്ധ ഗ്രന്ഥത്തിന്റെ അറമായ പരിഭാഷയായ താർഗും വ്യാഖ്യാന ത്തോടു കൂടിയ ഒരു പരിവർത്തന മായിരുന്നു. വ്യത്യസ്ത വിശുദ്ധ ഗ്രന്ഥഭാഗങ്ങൾ യോജിപ്പിച്ചു നൽകിയിരുന്ന വ്യാഖ്യാനമാണ് മിദ്രാഷ് (മിശിഹായ്ക്ക് ശേഷം 4-5 നൂറ്റാണ്ടുകളിലെ മിദ്രാഷിമാണ് നമുക്ക് ലഭിച്ചിട്ടുള്ളത്). ഖുംറാൻ സമൂഹത്തിന്റെ വ്യാഖ്യാനശൈലി യായ പെഷെർ (Pesher- വിശദീകരണം എന്നർഥമാക്കുന്നു) പ്രവാചക ഗ്രന്ഥങ്ങളെ സമകാലിക ചരിത്ര സംഭവങ്ങളുമായി ബന്ധിപ്പിച്ചാണ് വ്യാഖ്യാനിച്ചിരുന്നത്.

ഗ്രീക്കുകാരും താദൃശ്യ വ്യാഖ്യാന സങ്കേതങ്ങൾ ഉപയോഗിച്ച് അവരുടെ കവികളുടെയും (ഹോമർ, വെർജിൽ) തത്വശാസ്ത്രജ്ഞരുടെയും (പ്ലേറ്റോ, അരിസ്റ്റോട്ടൽ) കൃതികൾ വിശദീകരിച്ചിരുന്നു. അക്ഷരാർത്ഥത്തോടൊപ്പം അതിനു പിന്നിൽ മറഞ്ഞിരിക്കുന്ന അഥവാ അതിനുപരിയായ മറ്റൊരു അർത്ഥംകൂടി കണ്ടെത്താനുള്ള ശ്രമമായിരുന്നു അവരുടേത്. ദൃഷ്ടാന്തരൂപ വ്യാഖ്യാനം അതിനവരെ സഹായിച്ചു. യവനസംസ്കാരത്തിൽ വളർന്നുവന്ന യഹൂദർ, പ്രത്യേകിച്ചും അലക്‌സാൻഡ്രിയായിലുണ്ടായിരുന്നവർ, ഈ ഗ്രീക്ക് വ്യാഖ്യാന ശൈലി അവലംബിച്ചു. ഫിലോയും യോസേഫുസുമൊക്കെ (Philo and Josephus) അവരിൽ ചിലർ മാത്രമായിരുന്നു. വിശുദ്ധഗ്രന്ഥവീക്ഷണവും വിശ്വാസതത്വങ്ങളും ഗ്രീക്കുകാർക്കു സ്വീകാര്യമായി   അവതരിപ്പിക്കുന്ന തിനു ഈ ശൈലി ഏറെ സഹായകമായി. ആദിമ സഭയിലെ വിശുദ്ധഗ്രന്ഥ വ്യാഖ്യാനത്തെയും ഈ ശൈലി വളരെയേറെ സ്വാധീനിച്ചിട്ടുണ്ട്. അക്ഷരാർത്ഥത്തിൽ വിശദീകരിക്കാൻ വിഷമമായിരുന്ന പല തിരുലിഖിത ഭാഗങ്ങളും ദൃഷ്ടാന്തരൂപമായ വ്യാഖ്യാനത്തിലൂടെ സുവ്യക്തമാക്കാൻ അതുവഴി സാധിച്ചു.

യഹൂദശൈലി ക്രൈസ്തവ പാരമ്പര്യത്തിൽ 

ആദിമ ക്രൈസ്തവർ യഹൂദരായിരുന്നതുകൊണ്ട് യഹൂദരുടെ വിശുദ്ധഗ്രന്ഥ വ്യാഖ്യാനശൈലി അവരുടേതുമായി. നിയമ-പ്രവാചക ഗ്രന്ഥങ്ങൾ വ്യാഖ്യാനിക്കാൻ യഹൂദർ ഉപയോഗിച്ചിരുന്ന സാഹിത്യരൂപമായിരുന്ന "ഹോമിലി " സഭാപിതാക്കന്മാരും ഉപയോഗിച്ചു ( Homila, Tractatus, Sermo).
പ്രതിരൂപവ്യാഖ്യാനശൈലിയാണ് പഴയനിയമത്തിന്റെ പൂർത്തീകരണമായി ഈശോമിശിഹായെ അവതരിപ്പിക്കുന്നതിന് അവർ അവലംബിച്ചിരുന്നത്.

സാക്ഷിത്വ വ്യാഖ്യാനശൈലിയാണ് (ടെസ്റ്റിമോണിയ) മറ്റൊരു സാഹിത്യ രൂപം. പഴയനിയമത്തിന്റെ പൂർത്തീകരണമാണ് ഈശോയെന്നും തിരു സഭയാണ് പുതിയ ഇസ്രായേലെന്നും സ്ഥാപിക്കാനായി സമാന സ്വഭാവമുള്ള പഴയനിയമ ഭാഗങ്ങൾ സമാഹരിച്ചവതരിപ്പിക്കുന്നതാണ് ഈ ശൈലി. പ്രബോധനത്തിനും അബദ്ധപ്രബോധകരെ നേരിടുന്നതിനും ഇതുപയോഗിച്ചിരുന്നു.

 Sub-apostolic period
വിശുദ്ധ ഗ്രന്ഥ വ്യാഖ്യാനത്തിനുപയോഗിച്ചിരുന്ന മറ്റൊരു സാഹിത്യരൂപമാണ് ലേഖനങ്ങൾ. ധാർമ്മികവും പ്രബോധനപരവുമായ ചർച്ചകൾ ലേഖനങ്ങളുടെ പ്രത്യേകതയാണ്. റോമിലെ വിശുദ്ധ ക്ലെമെൻറ്, അന്ത്യോക്യയിലെ വിശുദ്ധ ഇഗ്‌നേഷ്യസ്, സ്മിർണായിലെ വിശുദ്ധ പോളികാർപ്പ് തുടങ്ങിയവരുടെ ലേഖനങ്ങൾ പ്രസിദ്ധങ്ങളാണ്. ഈ വ്യാഖ്യാനരീതി പിന്നീട് വി. അഗസ്തീനോസും, ജോൺ ക്രിസോസ്‌തോമും സ്വീകരിക്കുന്നത് നമ്മൾ കാണുന്നുണ്ട്.


 Apostolic age
ഒന്നാം നൂറ്റാണ്ടിന്റെ അവസാന ത്തിലും (apostolic period) രണ്ടാം നൂറ്റാണ്ടിന്റെ ആരംഭത്തിലുമായി ( sub-apostolic period) രൂപം കൊണ്ട ക്രൈസ്തവ കൃതികളിലും പഴയനിയമ വ്യാഖ്യാന ത്തിൽ യഹൂദശൈലിതന്നെയാണ് അനുവർത്തിച്ചു കാണുന്നത്. റോമിലെ വിശുദ്ധ ക്ലെമെന്റിന്റെ കോറിന്തോ സുകാർക്കുള്ള ലേഖനനത്തിൽ അക്ഷരാർത്ഥത്തിനാണ് കൂടുതൽ പ്രാധാന്യം നൽകിയിരിക്കുന്നത്. ബർണ്ണബാസിന്റെ പേരിലുള്ള കൃതി (Pseudo Barnabas) മിദ്രാഷിക് ശൈലിയു പയോഗിച്ചു വിശുദ്ധഗ്രന്ഥം ആത്മീയമായി വ്യാഖ്യാനിക്കുന്നു.

ശത്രുക്കളുടെമേൽ വിജയം വരിക്കുന്ന പ്രബലനായ ഒരു രാജാവായി മിശിഹായെ യഹൂദർ കാത്തിരുന്നപ്പോൾ ക്രിസ്ത്യാനികൾക്ക് അവതരിപ്പിക്കാനുണ്ടായിരുന്നത് കുരിശിൽ സഹിച്ചു മരിച്ചുയിർത്ത ഒരു മിശിഹായെ ആയിരുന്നു. ഏശയ്യാ പ്രവാചകനിലെ സഹനദാസനെക്കുറിച്ചുള്ള പ്രവചനങ്ങൾ മിശിഹായിൽ പൂർത്തിയായതായി അവതരിപ്പിക്കുന്നത് ഇതിന്റെ ഭാഗമായാണ് (നടപടി-8, 26-40; ഏശ 53,7-8) //- 
(ധ്രുവദീപ്തി: ലേഖനം തുടർച്ച അടുത്തതിൽ) 
-------------------------------------------------------------------------------------------------------------

Keine Kommentare:

Kommentar veröffentlichen

Hinweis: Nur ein Mitglied dieses Blogs kann Kommentare posten.