Montag, 15. Mai 2017

ധ്രുവദീപ്തി : Literature // ചെറുകഥ // മരം // നന്ദിനി വർഗീസ്

 

 Literature // ചെറുകഥ //


                               മരം  
                       

   - നന്ദിനി വർഗീസ് - 


 

തീയും ഗന്ധകവും ചുറ്റിലും ഉയരുന്നു.

കത്തിയമര്‍ന്നിട്ടും കുറ്റി മാത്രം ബാക്കിയായ പടുകൂറ്റന്‍ വൃക്ഷത്തിന്റെ അവശിഷ്ടഭാഗത്തില്‍ ആ രൂപം ഇരിക്കുന്നു.

അവിടവിടെയായി വേറെ ചെറു രൂപങ്ങള്‍..

തീ ചെറുതായി ശമിക്കുന്നു എന്ന് കാണുമ്പോള്‍ ഊതുന്നവര്‍..

തീയാളി കത്തുമ്പോള്‍ ഉയരുന്ന നിലവിളികളില്‍

ദൈവനിന്ദകൂടിക്കലരുമ്പോൾ...‍

അവര്‍ അട്ടഹസിക്കുന്നു.


എന്നാല്‍...

അതൊന്നും കുറ്റിപ്പുറത്തിരിക്കുന്ന രൂപത്തെ ബാധിക്കുന്നില്ല.

ചെറു രൂപങ്ങള്‍ ആശയക്കുഴപ്പത്തിലായി. 

അവര്‍ കുറ്റിയ്ക്ക് ചുറ്റും നിരന്നു.

താണു വീണു വണങ്ങി.

“സാത്താന്‍...സാത്താന്‍...”

അവരുടെ നാവില്‍ നിന്ന് തിന്മയുടെ മന്ത്രമുയര്‍ന്നു.

സാത്താന്‍ അനങ്ങുന്നില്ല.

അവര്‍ കൂടിയാലോചിച്ചു.

പിന്നെ യാത്രയായി...

കുട്ടിച്ചാത്തന്മാര്‍....

 

പാരമ്പര്യത്തിലും, പണക്കൊഴുപ്പിനും പണ്ടെങ്ങോ പേരു കേട്ടിരുന്ന ഒരു തറവാട്.

വലിയ കാരണവരുടെ കീഴില്‍ കാര്യങ്ങളെല്ലാം ഭദ്രം. തറവാട്ടു മഹിമ വിളിച്ചോതിയത് നിലവറയില്‍ സൂക്ഷിച്ചിരിക്കുന്നു എന്ന് കരുതപ്പെടുന്ന കെടാവിളക്കയിരുന്നു...

 

എന്നാൽ...‍ നിലവറയില്‍ ചില നേരങ്ങളില്‍ ഒളിച്ചിരിക്കാൻ ‍കയറാറുള്ള

മിന്നു മോള്‍ കണ്ടിട്ടുള്ളത്...

മുളച്ച് ചെറു തെങ്ങുകളാകാന്‍ വെമ്പല്‍ കൊള്ളുന്ന കുറേ തേങ്ങകള്‍ മാത്രം..!

 

മിന്നു മോള്‍...മൂത്ത കാരണവരുടെ മകള്‍..

അമ്മ പറയാറുണ്ട്‌..

"നിലവറയിൽ കയറരുത്..പാമ്പ് കാണും.."

മിന്നു മോള്‍ക്ക് പാമ്പിനെ പേടിയില്ല..

"എന്തിനാ പേടിക്കുന്നത്..മിന്നുമോള്‍ പാമ്പിനെ നോവിച്ചില്ലല്ലോ".

 

‍ആറു വയസ്സുകാരി മിന്നുമോള്‍ക്കറിയില്ല..

ആ വലിയതറവാടിന്റെ അളവറ്റ സ്വത്തിനെക്കുറിച്ച്.  

അവള്‍ക്ക് രണ്ടുടുപ്പ് മാത്രം..

അത് മാറി മാറി ഇടും.

അവള്‍ സ്കൂളിലേയ്ക്ക് യാത്രയാകുമ്പോള്‍..

അസൂയയുടെ പിന്നാമ്പുറങ്ങളിലുള്ള അടക്കം പറച്ചിലുകളില്‍..അവള്‍ക്കിഷ്ടമായത് സുന്ദരമായ ബാല്യം.

 

മിന്നുമോള്‍ക്ക് ഒമ്പത് വയസ്സായി.

ഒരു കുഞ്ഞാങ്ങള ഉണ്ടായിരുന്നെങ്കില്‍ ..

അവള്‍ അമ്മയുടെ അടുത്തേയ്ക്ക് ഓടി.

"അമ്മേ..ഒരു കുഞ്ഞുവാവേ തരാമോ..?"

ദൈവഹിതം..... ഒരു വർഷത്തിനുശേഷം....

കുഞ്ഞാങ്ങള പിറന്നു.

അതിനോടൊപ്പം മുറ്റത്ത് ഒരു കിളിമരം വളർന്ന് വരുന്നത് അവൾ കണ്ടു.

 

പിന്നെ മിന്നുമോളും കുഞ്ഞാങ്ങളയും..ചക്കരയും അടയുംപോലെ..

മിന്നുമോള്‍ സ്കൂളില്‍ പോയി വരാന്‍ താമസിക്കുമ്പോള്‍ കുഞ്ഞുവാവ കരയും.

" ചേച്ചി എന്തിയേ.. അമ്മേ.. ? "

പറമ്പിന്റെ അതിരില്‍ പാമ്പ് പോലെ, റബര്‍ മരങ്ങളുടെ ഇടയിലൂടെ പോകുന്നവഴിയിലേയ്ക്ക് കണ്ണുംനട്ട് കുഞ്ഞുവാവ നില്‍ക്കും.

ദുരെ മിന്നു മോളുടെ പാവാടയുടെ നിറം കാണുമ്പോള്‍ പിന്നെ അവനു സന്തോഷമാണ്.

 

ഒരിക്കല്‍ കുഞ്ഞുവാവ ഒരുപാട് കരഞ്ഞു.

മിന്നുമോള്‍ സോപ്പ്പെട്ടി കൊണ്ടു അവനെ എറിഞ്ഞതിന്. മുട്ടില്‍ പഴുത്തു നിന്ന പരു പൊട്ടി പഴുപ്പ് പുറത്തേയ്ക്ക് ഒഴുകി...

മിന്നു മോള്‍ അന്ന് കരഞ്ഞില്ല..പക്ഷെ അവള്‍ കരഞ്ഞു. വര്‍ഷങ്ങള്‍ക്ക് ശേഷം..

 

കുഞ്ഞു വാവ സ്കൂളില്‍ പോകുമ്പോള്‍ അവള്‍ ഉള്ളുരുകി പ്രാര്‍ഥിക്കും.

"ഇന്ന് മോന്‍ ചര്‍ദ്ദിക്കല്ലേ.."

ബസ്സില്‍ കയറുമ്പോള്‍ തന്നെ ആയ അവന്റെ  കൈയ്യില്‍ ബക്കറ്റ് കൊടുക്കും.

അത് അവനു ഒരു നൊമ്പരമായിരുന്നു.

കാലം...മുന്നോട്ടോടി...

ഒരു പന്തയക്കുതിരയെപ്പോലെ....

തറവാടും നിലവറയും ഓർമ്മച്ചിത്രങ്ങളായി....

 

മുറ്റത്തെ മരവും വളർന്ന് തുടങ്ങി......

കുഞ്ഞുവാവ വളര്‍ന്നു..ഇല്ലായ്മയിൽ നിന്നും ‍ ദൈവകരുതല്‍ അവനെ താങ്ങിനിർത്തി..

അവൻ പോലും പ്രതീക്ഷിക്കാതെ.....

സര്‍വതും അവന്‍ കരസ്ഥമാക്കി ..പണം.. പദവി ... പ്രശസ്തി... അങ്ങനെ ഒരുപാട്..

മിന്നു മോള്‍ക്ക് അവന്‍, കുഞ്ഞ് വാവ തന്നെ.. 

അവൾ പൊന്നു വാവ എന്ന് തന്നെ അവനെ വിളിച്ചു.

വിളികള്‍ പ്രായത്തിന്റ്റെ ആലോസരങ്ങള്‍ക്ക് വഴിമാറുന്നു എന്ന് മിന്നു മോള്‍ അറിഞ്ഞില്ല..

പതുക്കെ ചേച്ചി എന്ന ചിണുങ്ങല്‍ "എടി" എന്ന പേരിലേയ്ക്ക് വഴി മാറി.

"എടി.."

അവളത് സാരമാക്കിയില്ലാ..

പൊന്നു വളരും തോറും "എടി" വിളിയുടെ ശക്തികൂടി വന്നു. പ്രായത്തിന്റ്റെ കുത്തൊഴുക്കില്‍ മിന്നു മോളുടെ അന്വേഷണങ്ങള്‍ പൊന്നുവിന് അസഹനീയമായി....

പിന്നെ "എടി" യുടെ വിശേഷണങ്ങള്‍ കൂടി വന്നു..കാരണം മിന്നു മോളുടെ വാത്സല്യവും കരുതലും സാന്ത്വനങ്ങളും ഇനി പൊന്നുവാവയ്ക്ക് വേണ്ട ..

ആ മരം വളർന്ന് പന്തലിച്ചിരിക്കുന്നൂ..

ഫോണ്‍ വിളിയില്ല..വിളിച്ചാലോ ....

“ങും...........”

ഒരു മൂളല്‍ മാത്രം ...

സംസാരിക്കാന്‍ സമയമില്ല..തിരക്ക്...രക്തബന്ധം സുഹൃത് വലയത്തില്‍ പെട്ട് ഞെങ്ങിയമര്‍ന്നു.


മുറ്റത്തെ മരം ഉണങ്ങാന്‍ തുടങ്ങി...

ഇല്ലായ്മയിലെ ദുഃഖങ്ങള്‍..ദൈവപരിപാലനയിലെ മഹത്വങ്ങള്‍ അടഞ്ഞ അദ്ധ്യായങ്ങളും, ദൈവത്തിന്റെ നാമ൦ ചോദ്യ ചിഹ്നവുമായി..

പൊന്നു വളര്‍ന്നു കൊണ്ടിരുന്നു . ..

മിന്നുമോള്‍ക്ക് ഒരു വാവ പിറന്നപ്പോള്‍ പൊന്നു ഓടിയെത്തി .

എന്നാല്‍ ..

ആശുപത്രി ബില്ലിന്റെ രൂപത്തില്‍ 

ആ സ്നേഹസാമീപ്യം നൊമ്പരമായി.

കാശ് എണ്ണി കൊടുത്ത് പിരിയുമ്പോള്‍ മിന്നു മോള്‍ക്ക് വില വീണു ..

കാരണം മിന്നുമോള്‍ ഉണക്കമരമായി തീര്‍ന്നിരുന്നു .

ആവശ്യാനുസരണം പറിക്കാന്‍ പഴങ്ങളില്ലാതെ, തണലിനു ശിഖരങ്ങളോ ഇലകളോ ഇല്ലാതെ മിന്നു മോള്‍ വിറകിനു തുല്യമായി മാറിയിരുന്നു .

 

വീടിനുള്ളിലെ കെടാവിളക്ക് അണഞ്ഞ ദിവസം.....

പൊന്നുവാവ വീണ്ടും വന്നു.

ഉണക്ക മരം മുറിച്ചു.

ലോറിയില്‍ അടുക്കി കെട്ടി.

കടയില്‍ കൊടുത്ത്, കാശ് എണ്ണി വാങ്ങി...

 

കുട്ടിച്ചാത്തന്മാര്‍ തിരികെയെത്തി.

വീണ്ടും കുറ്റിയ്ക്ക് ചുറ്റും വണങ്ങി നിന്നു .

തിന്മയുടെ നാമമുയര്‍ന്നപ്പോള്‍ ആ രൂപം തല പൊക്കി ...

പതുക്കെ എഴുന്നേറ്റു .

പൊടുന്നനെ എവിടെ നിന്നോ ഒരു വിറകു കഷണം പറന്നു വന്നു .

ഒറ്റയടി ...

തലയ്ക്ക് തന്നെ കൊണ്ടു.

അടിതെറ്റിയ രൂപം തല തിരുമി നേരെ നിന്നു .

പിന്നെയും അടി ....

തുടര്‍ന്നു കൊണ്ടിരിക്കുന്ന അടിയുടെ 

ഇടയില്‍ കൂടി...

കുട്ടിച്ചാത്തന്മാര്‍ അത് കണ്ടു.

സാത്താന്‍ ചിരിക്കുന്നു.

 "അങ്ങുന്നിനു രണ്ടടി കിട്ടിയാല്‍ എന്താ..സംഗതി ഏറ്റല്ലോ.."

കുട്ടിച്ചാത്തന്മാര്‍ വീണ്ടും ഊതാന്‍ തുടങ്ങി ..

തീയുണർത്താൻ വേണ്ടി....

 

മരകുറ്റി പുതു മഴയില്‍ വീണ്ടും തളിര്‍ത്തു..

ഉയര്‍ന്നു പൊങ്ങി ഫലങ്ങളാല്‍ നിറഞ്ഞു .

തന്റ്റെ പേര് അന്വര്‍ത്ഥമാക്കും വിധം ഒരു കൂട്ടം കിളികള്‍ ആ മരത്തില്‍ നിന്നും പറന്നു പൊങ്ങി .

പൊന്നു വാവ വീണ്ടും വന്നു ..

പടര്‍ന്നു പന്തലിച്ച കിളിമരത്തിന്‍ ചോട്ടില്‍ അവന്‍ ഇരുന്നു ...

കിളിമരം ആ ചെവികളില്‍ തിരിച്ചറിവിന്റെ ബാലപാ0ങ്ങള്‍ ഓതി ക്കൊടുത്തു... 

തീയുണര്‍ത്താന്‍ ആഞ്ഞൂതിയ ചാത്തന്മാര്‍ അറിഞ്ഞില്ല കുതിര്‍ന്ന വിറകിലൂടെ ഒലിച്ചിറങ്ങുന്ന സ്നേഹതേന്‍ തുള്ളികളെ ....    

 

നന്ദിനി

------------------------------------------------------------------------------------------------------

Keine Kommentare:

Kommentar veröffentlichen

Hinweis: Nur ein Mitglied dieses Blogs kann Kommentare posten.