ധ്രുവദീപ്തി : Religion //
ദൈവാവിഷ്കരണചിന്ത ശ്ലീഹന്മാരുടെ കാലത്ത് //
Prof: Dr. Andrews Mekkattukunnel
Prof.Dr.Andrews Mekkattukunnel |
ഈശോമിശിഹായിലുള്ള ദൈവത്തിന്റെ ഈ സമ്പൂർണ്ണ ആവിഷ്കാരത്തിനു ദൃക്‌സാക്ഷികളായ ശ്ലീഹന്മാർ അവരുടെ പ്രഘോഷണത്തിലൂടെയും ജീവിത സാക്ഷ്യത്തിലൂടെയും മിശിഹാസംഭവം അനേകർക്ക് കൈമാറി. ഈ കാലഘട്ടത്തിൽ ദൈവീകവെളിപാടിനെക്കുറിച്ചു ശാസ്ത്രീയമോ ക്രമീകൃതമോ ആയ ഒരു അവതരണം നമ്മൾ കാണില്ല. മിശിഹായെയും അവിടുത്തെ സുവിശേഷത്തെയും കുറിച്ചു പ്രഘോഷിച്ചിരുന്ന സ്ലീഹന്മാരായിരുന്നു ഈ കാലഘട്ടത്തിൽ ദൈവീക വെളിപാടിന്റെ സംരക്ഷകരും കൈമാറ്റക്കാരും. ചരിത്രപുരുഷനായ ഈശോയെ നേരിട്ട് കാണാൻ സാധിക്കാതിരുന്നവർക്ക് അവിടുത്തെക്കുറിച്ചു അറിയാനുള്ള ഏകമാർഗം ശ്ലീഹന്മാരെ ശ്രവിക്കുക എന്നതായിരുന്നു. മിശിഹായെ നേരിട്ടറിഞ്ഞ അവർ തങ്ങൾക്കുണ്ടായ മിശിഹാനുഭാവം വിശ്വാസികളുടെ സമൂഹങ്ങൾക്ക് പകർന്നു നൽകി. പഴയനിയമ പശ്ചാത്തലത്തിൽ മിശിഹാസംഭവം മുഴുവൻ അവർ വ്യാഖ്യാനിക്കുകയും ചെയ്തു.
നസ്രായനായ ഈശോയെക്കുറിച്ചു സ്ലീഹന്മാർ നൽകിയ പ്രഘോഷണം ശ്രവിക്കുകയും അവർ നൽകിയ സാക്ഷ്യം അനുഭവിക്കുകയും ചെയ്തവർ ഈശോയിൽ വിശ്വസിക്കാൻ മുമ്പോട്ടുവന്നു. ഇപ്രകാരം വിശ്വസിച്ചവരെ സ്ലീഹന്മാർ മാമോദീസ മുക്കി മിശിഹാനുയായികളാക്കി. ജറുസലേമിലെ ആദിമ ക്രൈസ്തവ സമൂഹത്തിന്റെ ജീവിതശൈലിയെപ്പറ്റി നടപടി പുസ്തകത്തിൽ നമ്മൾ ഇപ്രകാരം വായിക്കുന്നു. "അവർ ശ്ലീഹന്മാരുടെ പ്രബോധനം, കൂട്ടായ്‌മ, അപ്പം മുറിക്കൽ, പ്രാർത്ഥന എന്നിവയിൽ പങ്കു ചേർന്നു" (നടപടി 2 -42). വിശ്വാസ സ്വീകരണത്തിലേയ്ക്ക് നയിച്ച വിശ്വാസ പ്രഘോഷണത്തിന്റെ (Kerygma) തുടർച്ചയായി ശ്ലീഹന്മാരുടെ പ്രബോധനത്തെ (Didache) കാണാം. ഈശോയെന്ന വ്യക്തിയെയും അവിടുത്തെ രക്ഷാകര പ്രവർത്തനങ്ങളെയും സഹനമരണോദ്ധാനങ്ങളേയുംകുറിച്ചാണ് പ്രഘോഷണമെങ്കിൽ ഈശോ വെളിപ്പെടുത്തിയ ദൈവഹിതമനുസരിച്ചു ജീവിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങളാണ് പ്രബോധനത്തിന്റെ ഉള്ളടക്കം. ഈശോയുടെ പ്രബോധനങ്ങൾ തന്നെയാണ് ശ്ലീഹന്മാരുടെ പ്രബോധനത്തി ന്റെയും അടിസ്ഥാനം. അവരുടെ പ്രഘോഷണത്തിന്റെ ലിഖിതരൂപം സുവിശേഷങ്ങളിലും പ്രബോധനത്തിന്റേത് പുതിയനിയമ ലേഖനങ്ങളിലും കാണാം. അപ്പം മുറിക്കാനായി അവർ ഒന്നിച്ചു കൂടിയിരുന്നപ്പോഴാണ് പ്രധാനമായും ശ്ലീഹന്മാർ പ്രബോധനങ്ങൾ നൽകിയിരുന്നത്. അവിടെയായി രുന്നു അവർ പരസ്പരമുള്ള കൂട്ടായ്മ അനുഭവിച്ചിരുന്നതും.
ലിഖിതരൂപം പ്രാപിച്ച ശ്ലൈഹീക പ്രബോധനത്തെയും വാചികമായി സഭയിൽ കൈമാറ്റം ചെയ്യപ്പെട്ടിരുന്ന മിശിഹാപാരമ്പര്യങ്ങളെയും പരസ്പര പൂരകങ്ങളായിട്ടാണ് ആദിമസഭ പരിഗണിച്ചിരുന്നത്. ലിഖിത വിശുദ്ധ ഗ്രന്ഥങ്ങൾ മിശിഹാസംഭവം മുഴുവൻ ഉൾക്കൊള്ളുന്നില്ലെന്നു സുവിശേഷ കനായ യോഹന്നാൻ സാക്ഷ്യപ്പെടുത്തുന്നുണ്ടല്ലോ. (യോഹ: 20,30; 21,25). എഴുതപ്പെട്ടവതന്നെയും സ്വീകരിക്കപ്പെട്ടിരുന്നത് സഭാജീവിതം മുഴുവന്റെയും പശ്ചാത്തലത്തിലായിരുന്നു. മിശിഹായെ നേരിട്ടറിഞ്ഞ ശ്ലീഹന്മാർ നൽകിയ പ്രബോധനങ്ങളും ജീവിതരീതികളും ആരാധനാ ക്രമങ്ങളും പ്രാർത്ഥനാരീതികളുമെല്ലാം തിരുലിഖിതത്തോടു ചേർത്താണ് ആദിമ സഭ മനസ്സിലാക്കിയിരുന്നത്. ഇതെല്ലാം കൂടിചേർന്നാണ് വിശുദ്ധ പാരമ്പര്യം രൂപം കൊണ്ടത്.
പന്ത്രണ്ട് ശ്ലീഹന്മാർ |
തങ്ങൾ സ്ഥാപിച്ച സഭകളിലെല്ലാം ശ്ലീഹന്മാർ ഉപവാസത്തിനും പ്രാർത്ഥനയ്ക്കും ശേഷം ശ്രേഷ്ഠന്മാരെ കൈവയ്പ് വഴി നിയമിച്ചു. (നടപടി 14,23 ). ശ്ലീഹന്മാരുടെ പിന്തുടർച്ചക്കാ രായി വന്ന ഈ മേൽനോട്ടക്കാരാണ് പിന്നീട് ദൈവീക വെളിപാട് സഭയിൽ അഭംഗുരം കാത്തുസൂക്ഷിച്ചത്. ശ്ലൈഹീക പിന്തുടർച്ച യിലൂടെയും സഭയിൽ കൈമാറ്റപ്പെടുന്ന ശ്ലൈഹീക പ്രബോധനത്തിലൂടെയുമാണ് സത്യത്തിന്റെ പ്രഘോഷണം നമ്മുടെ പക്കലെത്തുന്നത്. തിരുലിഖിതം മാത്രമല്ല, ശ്ലീഹന്മാരുടെ പ്രബോധനം, ആരാധന ക്രമങ്ങൾ, സഭാസംവിധാനങ്ങൾ, സഭാ പാരമ്പര്യങ്ങൾ, തുടങ്ങിയവയും ദൈവിക വെളിപാടിന്റെ ഭാഗമായാണ് ആദിമസഭ കരുതിപ്പോന്നത്. സൃഷ്ടിയുടെ ആരംഭം മുതൽ ദൈവം മനുഷ്യന് നൽകുന്ന രക്ഷാകരസന്ദേശവും പരിത്രാണപദ്ധതിയും വിശുദ്ധ ലിഖിതത്തിലും വിശുദ്ധപാരമ്പര്യത്തിലുമായി തിരുസഭ നിലനിർത്തി പ്പോരുന്നു.
യഹൂദമതത്തിന്റെ പൂർത്തീകരണമായി രൂപംകൊണ്ട ക്രിസ്തുമതത്തിന്റെ ആദ്യകാല വിശുദ്ധഗ്രന്ഥം യഹൂദരുടെ തിരുലിഖിതം തന്നെയായിരുന്നു. പുതിയ മതത്തിന്റെ വിശുദ്ധ ഗ്രന്ഥങ്ങൾ (പുതിയനിയമം) നിലവിൽ വന്നപ്പോൾ യഹൂദമതഗ്രന്ഥങ്ങൾ (പഴയ നിയമം) എന്ന പേരിൽ അറിയപ്പെട്ടു തുടങ്ങി. ആദിമസഭയിൽ ജന്മമെടുത്ത പുതിയനിയമഗ്രന്ഥങ്ങൾ പഴയ നിയമത്തോട് ചേർത്തു തുല്യമായും തുടർച്ചയായും പരിഗണിക്കപ്പെട്ടു പോന്നു. മാറിയ സാഹചര്യങ്ങൾക്കനുസരിച്ചു വിശുദ്ധഗ്രന്ഥം വ്യാഖ്യാനി ക്കേണ്ടത് ആദിമസഭയുടെ ആവശ്യമായിരുന്നു. പുതിയനിയമം തന്നെയും പഴയനിയമപശ്ചാത്തലത്തിൽ മിശിഹാസംഭവം വ്യാഖ്യാനിച്ചതിന്റെ ഫലമാണ്. സഭാസമൂഹത്തിന്റെ ജീവിതം മുഴുവനും വിശുദ്ധഗ്രന്ഥത്തിന്റെ വ്യാഖ്യാനത്തെ ആശ്രയിച്ചായിരുന്നു. തിരുസഭയിലെ പ്രബോധനം വിശുദ്ധ ഗ്രന്ഥ വ്യാഖ്യാനത്തിൽ ആശ്രയിച്ചായിരുന്നു. തിരുസഭയിലെ പ്രബോധനം വിശുദ്ധഗ്രന്ഥ വ്യാഖ്യാനത്തിൽ അധിഷ്ഠിതവുമായിരുന്നു. സമൂഹജീവിത ത്തിലുണ്ടായ ചില പ്രത്യേക ആവശ്യങ്ങൾക്കനുസരിച്ചു ദൈവവചനം വ്യാഖ്യാനിച്ചതിന്റെ ഫലമായാണ് സഭാസംവിധാനങ്ങളും ജീവിത
ക്രമങ്ങളും ആരാധനക്രമങ്ങളും രീതികളും രൂപപ്പെട്ടത്. ക്രൈസ്തവ സംസ്കാരത്തിന്റെ തന്നെ അടിത്തറ വിശുദ്ധ ഗ്രന്ഥമാണ്.
തിരുസഭയുടെ സ്വഭാവം നിർണ്ണയിക്കുന്ന വിശ്വാസനിക്ഷേപം (Deposit of faith) നിർവചിക്കുന്നതിന്റെ ഭാഗമായാണ് ആദിമസഭ വിശുദ്ധഗ്രന്ഥം വ്യാഖ്യാനിച്ചു തുടങ്ങിയത്. തിരുവചനത്തിന്റെ സഹായത്തോടെ നടത്തിയ ചർച്ചകളുടെയും വാദങ്ങളുടെയും ഫലമായി ക്രമേണയാണ് വിശ്വാസ സത്യങ്ങൾക്ക് ഇന്നുള്ള നിയതരൂപം കൈവന്നത്. വിശ്വാസികളിൽ ചിലരുടേത് അബദ്ധ പ്രബോധനങ്ങളാണ് എന്ന് സഭ സ്ഥാപിച്ചതും തിരുലിഖിതത്തിന്റെ സഹായത്തോടെയായിരുന്നു.
നസ്രായനായ യേശു- ലാസറെ ഉയർപ്പിക്കുന്നു. |
ക്രൈസ്തവ വിശ്വാസം പഴയനിയമത്തിന്റെ പൂർത്തീകരണമായി സ്ലീഹന്മാർ വ്യാഖ്യാനിച്ചു. ഇതിനടിസ്ഥാനം ഈശോയുടെ തന്നെ ശൈലിയാണ്. അവിടുന്ന് സങ്കീർത്തനം 109,1 ഉം 117,22, 23 ഉം തന്നിൽ നിറവേറുന്നതായി പ്രഖ്യാപിച്ചിരുന്നല്ലോ (മത്തായി 22,41 - 46 ; 21 ,42 -43). നസ്രായനായ ഈശോയാണ് പഴയനിയമത്തിൽ വാഗ്ദാനം ചെയ്യപ്പെട്ടിരുന്ന മിശിഹായെന്ന് തിരിച്ചറിഞ്ഞ ശ്ലീഹന്മാർ മിശിഹായെക്കുറിച്ചുള്ള പ്രവചനങ്ങളായി യഹൂദർ കരുതിപ്പോന്ന വിശുദ്ധ ഗ്രന്ഥഭാഗങ്ങൾ ഈശോയിൽ പൂർത്തിയായതായി വ്യാഖ്യാനിച്ചു. നടപടിപ്പുസ്തകത്തിലെ പത്രോസ് ശ്ലീഹായുടെ പ്രസംഗങ്ങൾ ഇതിനു തെളിവാണ്. (നടപടി 2 -3).
പഴയനിയമത്തിൽ ജ്ഞാനത്തിനുള്ളതായി കാണപ്പെടുന്ന സവിശേഷതകളുള്ള ദൈവവചനമായാണ് യോഹന്നാൻ ശ്ലീഹ മിശിഹായെ അവതരിപ്പിക്കുന്നത് (യോഹ. 1,1 -18). സംഖ്യ 21, 9 ലെ പിച്ചളസർപ്പവും പുറ. 12 ലെ പെസഹാക്കുഞ്ഞാടും മിശിഹായുടെ സഹനത്തിന്റെയും മരണത്തിന്റെയും പ്രതീഹങ്ങളാണ്(യോഹ. 3,14 ; 19,36).
മിശിഹാസംഭവത്തിന്റെ വെളിച്ചത്തിൽ പഴയനിയമത്തെ വ്യാഖ്യാനിക്കുന്ന പൗലോസ് ശ്ലീഹ ജീവദാതാവായ റൂഹായ്ക്ക് മാത്രം വെളിപ്പെടുത്താനാവുന്ന
മറഞ്ഞിരിക്കുന്ന രഹസ്യം അവിടെ കാണുന്നു(റോമാ. 16,25 ;1 കോറി 2,1). പഞ്ചഗ്രന്ഥത്തിൽ വിവരിക്കപ്പെടുന്ന സംഭവങ്ങളിൽ മിശിഹാരഹസ്യം കാണുവാൻ പൗലോസ് ശ്ലീഹായ്ക്ക് കഴിഞ്ഞു. അദ്ദേഹത്തെ സംബന്ധിച്ച് മിശിഹായുടെയും തിരുസഭയുടെയും രഹസ്യത്തിന്റെ വെളിച്ചത്തിൽ പഴയനിയമ സംഭവങ്ങൾ കൂടുതൽ വ്യക്തമാണ്. ആദം മിശിഹായുടെയും, ഇസ്രായേൽ ജനം ചെങ്കടൽ കടന്നത് മാമ്മോദീസായുടെയും, മരുഭൂമിയിലെ മന്നായും പാറയിൽനിന്നുള്ള ജലവും പരിശുദ്ധ കുർബാനയുടെയും പ്രതിരൂപങ്ങളായി (1 കോറി 10).
ദൃഷ്ടാന്തപരമായ അർത്ഥത്തെ സൂചിപ്പിക്കാൻ പൗലോസ് ശ്ലീഹ ഉപയോഗി ക്കുന്നത് പ്രതിരൂപം (Typos = from, figure,symbol or prefiguration: റോമാ 5, 14 ; 1 കോറി 10,6) എന്ന പദമാണ്. ആത്മീയ (spiritual), മൗതീക (mystical), പ്രതിരൂപാത്മക വ്യാഖ്യാനം (typological interpretation or typology) എന്നാണു ഈ രീതി അറിയപ്പെടുന്നത്.
ഈശോയുടെ ദൈവീകത വെളിവാക്കാനായി നിയമാ. 32, 43; സങ്കീ- 2, 7; സങ്കീ -104, 4 തുടങ്ങിയ പഴയനിയമഭാഗങ്ങൾ ഹെബ്രായ ലേഖകനും ഉപയോഗിക്കു ന്നുണ്ട്. ഹെബ്രാ- 1. മെൽക്കിസെദേക്ക് മിശിഹായുടെ പ്രതിരൂപമാണ്- ഹെബ്രാ 7,1). പഴയനിയമ ദൈവാലയ ബലികൾ മിശിഹായുടെ കുരിശിലെ ബലിയുടെയും (ഹെബ്രാ: 9,9). നിയമം മുഴുവൻ മിശിഹായിലും തിരുസഭയിലും നിറവേറിയ യാഥാർത്ഥ്യങ്ങളുടെ നിഴലാണ്: ഹെബ്രാ- 10, 1).
മോശയുടെ നിയമം മുഴുവൻ മിശിഹാസംഭവത്തിലേക്ക് ഉന്മുഖമാണ് എന്ന ബോധ്യമാണ് ഇപ്രകാരം മിശിഹാ കേന്ദ്രീകൃതമായി പഴയനിയമം മുഴുവനെയും വ്യാഖ്യാനിക്കാൻ ആദിമസഭയെ പ്രേരിപ്പിച്ചത്. // -
ധൃവദീപ്തി ഓണ്‍ലൈൻ
www.Dhruwadeepti.blogspot.de
DHRUWADEEPTI ONLINE
Published from Heidelberg, Germany,
in accordance with the European charter on freedom of opinion and press.
DISCLAIMER: Articles published in this online magazine are exclusively the views of the authors. Neither the editor nor the publisher are responsible or liable for the contents, objectives or opinions of the articles in any for
-------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------
Keine Kommentare:
Kommentar veröffentlichen
Hinweis: Nur ein Mitglied dieses Blogs kann Kommentare posten.