Freitag, 11. März 2016

ധ്രുവദീപ്തി // Politic // കേരള ഇലക്ഷൻ രംഗം - 1965 : Late കെ . സി. സെബാസ്റ്റ്യൻ

കേരള ഇലക്ഷൻ രംഗം :

Late കെ. സി. സെബാസ്റ്റ്യൻ

2016 വർഷം- കേരളരാഷ്ട്രീയത്തിൽ വന്നിരിക്കുന്ന നിരവധി പരിവർത്തനങ്ങൾ ഉൾക്കൊണ്ട ചരിത്രപരമായി നിർണ്ണായകമാകുന്ന പൊതുതിരഞ്ഞെടുപ്പിനായി കേരളത്തിലെ ജനസമൂഹം ഇപ്പോൾ തയ്യാറാകുന്ന അവസരമാണല്ലോ. 1965- ൽ, സുമാർ 51 വർഷങ്ങൾക്ക് മുമ്പ് കേരളം സാക്ഷിയായ പൊതുതിരഞ്ഞെടുപ്പിന്റെ നിറഞ്ഞ യഥാർത്ഥ്യങ്ങളുടെ പിന്നാമ്പുറ ചരിത്രത്തിലൂടെ ചെറിയ തിരിഞ്ഞുനോട്ടമാണ് ശ്രീ കെ. സി. സെബാസ്റ്റ്യൻ എഴുതിയ ഈ ലേഖനം. ആനുകാലിക രാഷ്ട്രീയവും മുൻകാലഘട്ടങ്ങളിലെ രാഷ്ട്രീയവും രൂപസ്വഭാവത്തിൽ എന്ത് എന്ന ചോദ്യത്തിന് അനുബന്ധ പഠനം ഇവിടെ സാദ്ധ്യമാകുന്നുണ്ട്. കഴിഞ്ഞദിവസം, കേരളത്തിൽ 2016 മെയ് 16-ന് നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിന്റെ ചുമതലകൾ വഹിക്കുന്ന തിരഞ്ഞെടുപ്പ് കമ്മീഷനും, സന്നദ്ധരായിരിക്കുന്നു. ഇതോടെ 2016-ലെ കേരളരാഷ്ട്രീയം മുന്നണിയിൽ എത്തിക്കഴിഞ്ഞു/- (ധൃവദീപ്തി). 
 
(സമ്പാദകർ- 
Late. ഷെവ. കെ. സി. ചാക്കോ,
ഫാ. പ്രൊഫ. ഡോ. തോമസ്‌ കാടൻകാവിൽ C.M.I) 


1965 ഫെബ്രു. 11, വ്യാഴം. 

ഇലക്ഷൻ രംഗം - പ്രാരംഭം. 
  
( Late കെ .സി. സെബാസ്റ്റ്യൻ, ദീപിക).

പാർട്ടികൾ, സ്വതന്ത്രർ, പ്രകടന പത്രികകൾ

1965 മാർച്ച് 4-നു നടക്കുന്ന പൊതുതിരഞ്ഞെടുപ്പിലേയ്ക്ക് വിവിധ രാഷ്ട്രീയ കക്ഷികളും അവരുടെ സ്ഥാനാർത്ഥികളും, ഒട്ടനവധി സ്വതന്ത്രന്മാരും രംഗത്ത് ഇറങ്ങിക്കഴിഞ്ഞിരിക്കുന്നു. തിരഞ്ഞെടുപ്പ് ചുമതല വഹിക്കുന്ന ഇലക്ഷൻ വകുപ്പും തിരഞ്ഞെടുപ്പിന് സന്നദ്ധമായിട്ടുണ്ട്.

സ്വതന്ത്രരുടെ ശല്യം.

കഴിഞ്ഞ ഒരു മാസത്തിനുമേലായി നിറഞ്ഞുനിന്നിരുന്ന തിരഞ്ഞെടുപ്പ് അവ്യക്തത ഇപ്പോൾ നീങ്ങിയിരിക്കുന്നു. 133 നിയോജക മണ്ഡലങ്ങളിലെയും മത്സരത്തിന്റെ സ്വഭാവം ഇപ്പോൾ വ്യക്തമായിട്ടുണ്ട്. സ്ഥാനാർത്ഥിത്വം പിൻവലിക്കുന്നതിനു ഇനിയും ഏതാനും മണിക്കൂറുകൾ കൂടി ഉണ്ടെങ്കിലും (11-നു മൂന്നു മണി വരെ) ശേഷിക്കുന്ന സമയം കൊണ്ട് മത്സരത്തിന്റെ സ്വഭാവത്തിൽ കാതലായ മാറ്റം ഒന്നും ഉണ്ടാകാനില്ല. നല്ല "ഓഫർ" വാങ്ങി സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ ശകുനം മുടക്കികളായി രംഗത്ത് വന്നിട്ടുള്ള ചില സ്വതന്ത്രന്മാർ അവിടെയും ഇവിടെയും ഇനിയും തയാറായി എന്ന് വരാം.

എല്ലാ തിരഞ്ഞെടുപ്പുകളിലും ആദായകരമായ ഒരു മുതൽ നിക്ഷേപം എന്ന നിലയിൽ 250 രൂപ കെട്ടിവച്ച് സ്വതന്ത്ര സ്ഥാനാർത്ഥികൾ രംഗത്ത് വരാറുണ്ട്. അങ്ങനെ കുറേപേർ ഇത്തവണയും രംഗത്തുണ്ട്. അവരിൽ ചിലർ ഇതിനകം തന്നെ മാറിക്കഴിഞ്ഞു. "ഓഫർ" മതിയാകാതെ മറ്റു ചിലർ ഇനിയും വില പറഞ്ഞ് അവശേഷിക്കുന്നുണ്ട്. അവരുടെ വിലപേശൽ നാളെ മൂന്നുമണി വരെ തുടരും. സ്വതന്ത്രരിൽ മിക്കവർക്കും വിജയസാദ്ധ്യതയില്ലെന്നുള്ളത് ഒരു വസ്തുതയാണ്. പലപ്പോഴും മതവും സമുദായവും മതാന്തര വിഭാഗവും നോക്കി വോട്ടിംഗ് നടക്കുന്ന ഒരു രാഷ്ട്രീയത്തിൽ സ്വതന്ത്രന്മാർക്ക് ജയിക്കാൻ കഴിഞ്ഞില്ലെങ്കിലും ജയിക്കാൻ സാദ്ധ്യതയുള്ളവർക്ക് അത്താഴം മുടക്കാൻ സാധിക്കും. അതാണ്‌ സ്വതന്ത്രന്മാരെ പിന്മാറ്റുന്ന കാര്യത്തിൽ തിരക്കും "ഓഫറും" ഉണ്ടാകുന്നത്. ഓരോ തിരഞ്ഞെടുപ്പും കഴിയുന്തോറും സ്വതന്ത്ര സ്ഥാനാർത്ഥി നിക്ഷേപകരുടെ സംഖ്യ വർദ്ധിച്ചാണ് വരുന്നത്.

പിൻതുണയുള്ള സ്വതന്ത്രർ

14 രാഷ്ട്രീയ പാർട്ടികളാണ് ഇപ്പോൾ സ്ഥാനാർത്ഥികളെ നിറുത്തിയിരിക്കുന്നത്‌. സ്വന്തം സ്ഥാനാർത്ഥികൾക്ക് പുറമേ രാഷ്ട്രീയ കക്ഷികൾ പിന്തുണ നല്കുന്ന സ്വതന്ത്രന്മാരുണ്ട്. രാഷ്ട്രീയ കക്ഷികൾ പിന്തുണ നൽകുന്ന സ്വതന്ത്രന്മാർ ഒരു തരം രാഷ്ട്രീയ തട്ടിപ്പുകാരാണ്. ജനങ്ങളുടെ കണ്ണിൽ മണ്ണിടുക എന്നതു മാത്രമേ ഈ സ്വതന്ത്ര വേഷത്തിനുള്ളൂ. തങ്ങൾ ജയിച്ചുവന്നാൽ പിന്തുണ നല്കുന്ന കക്ഷിയുടെ കൂടെ നിന്നുകൊള്ളാമെന്ന ഒരു പ്രതിജ്ഞ ഈ സ്വതന്ത്രന്മാർ എഴുതി ക്കൊടുത്താണ് പാർട്ടികളുടെ പിന്തുണ വാങ്ങുന്നത്. ഔദ്യോഗിക പാർട്ടി സ്ഥാനാർത്ഥികളും അത് മാത്രമാണ് ചെയ്യുന്നത്. ആ നിലയ്ക്ക് ഔദ്യോഗിക സ്ഥാനാർത്ഥികളാകാതെ പിന്തുണയുള്ള സ്വതന്ത്രനായി നില്ക്കുന്നത് ഒരുതരം തട്ടിപ്പാണ്.

എന്താണ് ഈ തട്ടിപ്പ് ? ഏതെങ്കിലും ഒരു പ്രത്യേക കക്ഷിയുടെ സ്ഥാനാർത്ഥി എന്ന് പറഞ്ഞാൽ ആ പാർട്ടിയിൽ വിശ്വാസമില്ലാത്തവർ വോട്ടുചെയ്യാൻ മടിക്കും. ഉദാഹരണമായി കമ്മ്യൂണിസ്റ്റ് ഇടതായാലും വലതായാലും അവർക്ക് വോട്ടു ചെയ്യുവാൻ തത്വപരമായി തയ്യാറാകാത്ത ചിലരുണ്ട്. സ്ഥാനാർത്ഥിയുമായുള്ള വ്യക്തിബന്ധം വെച്ചു ആ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്താൽ കൊള്ളാമെന്ന് അവർക്ക് ആഗ്രഹം തോന്നാം. എന്നാൽ തത്വം ബലികഴിക്കാനും വയ്യ. അങ്ങനെയുള്ളവരുടെ വോട്ടുകൾ സ്വതന്ത്രവേഷം അണിഞ്ഞാൽ ഒട്ടുവളരെ നേടാൻ സാധിക്കും. അതിലേയ്ക്കുള്ള ഒരു കൃത്രിമ മാർഗ്ഗമാണ് രാഷ്ട്രീയ കക്ഷി പിന്തുണ നൽകുന്ന സ്വതന്ത്രവേഷം.  ഈ വരുന്ന  തിരഞ്ഞെടുപ്പിൽ അത്തരം വേഷക്കാരും ഇറങ്ങിയിട്ടുണ്ട്.

പ്രകടനപത്രിക.

തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന പ്രധാന രാഷ്ട്രീയ കക്ഷികൾ അവരുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പ്രകടനപത്രികയുടെ രൂപത്തിൽ പൊതു ജനങ്ങളുടെ മുമ്പിൽ അവതരിപ്പിച്ചു കഴിഞ്ഞിട്ടുണ്ട്. ഈ വാഗ്ദാനങ്ങൾ നിറവേറ്റാൻ ചുമതലപ്പെട്ടവരെ സ്ഥാനാർത്ഥികളായി രംഗത്ത് ഇറക്കിയിരിക്കു ന്നു. പ്രകടനപത്രികയും അത് നടപ്പിലാക്കാൻ നിയോഗിക്കപ്പെട്ട സ്ഥാനാർത്ഥി കളെയും നോക്കി, പൊതുജനങ്ങൾ ഓരോ രാഷ്ട്രീയ കക്ഷിക്കും വോട്ടു ചെയ്യണ മെന്നാണ് വെയ്പ്പ്. പ്രകടനപത്രികകൾക്ക് ഇന്ന് പൊതുജനങ്ങൾ അത്ര വളരെ പ്രാധാന്യം ഒന്നും കൽപ്പിക്കുന്നില്ല എന്നതാണ് ഒരു വസ്തുത. തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ പ്രകടനപത്രികയ്ക്കും അതിൽ കൊള്ളിച്ചിട്ടുള്ള വാഗ്ദാനങ്ങൾ ക്കും വലിയ വിലയൊന്നും കൽപ്പിക്കുന്നില്ല എന്നതാണ് അനുഭവം. ആ വസ്തുത പൊതുജനങ്ങളും മനസ്സിലാക്കിക്കഴിഞ്ഞിട്ടുണ്ട്.

പൊതുജനങ്ങളിലെ സ്വാഗത ഗാനംപോലെയുള്ള വിലയാണ് പ്രകടന ഈ പത്രികയ്ക്ക് രാഷ്ട്രീയകക്ഷികളും, എന്തിനു പൊതുജനങ്ങളും കൽപ്പിക്കുന്നത്. പാർട്ടികളിൽ മിക്കതും പ്രകടനപത്രിക ഇറക്കുവാൻ വളരെ താമസ്സിച്ചതിൽ നിന്നുതന്നെ ഇത് വ്യക്തമാകുന്നു. ഈ തിരഞ്ഞെടുപ്പ് സംബന്ധിച്ച് കോൺഗ്രസ് ഒരു പ്രത്യേക കമ്മിറ്റിയെ വെച്ച് ഒരു പ്രകടനപത്രിക തയ്യാറാക്കിയതാണ്. ആലുവയിൽ ചേർന്ന കെ. പി. സി. സി. യോഗം അതംഗീകരിച്ചതനുസരിച്ചു പതിനായിരക്കണക്കിനു അത് അച്ചടിക്കുകയും ചെയ്തു.

എന്നാൽ കോൺഗ്രസിന് ഈ തിരഞ്ഞെടുപ്പിന് പ്രത്യേക പ്രകടന പത്രിക വേണ്ടെന്നും, 1962-ലെതു ഉപയോഗിച്ചാൽ മതിയെന്നും അവസാനനിമിഷത്തിൽ തീരുമാനിച്ചു. അച്ചടിച്ച്‌ തയ്യാറാക്കി കഴിഞ്ഞ പ്രകടനപത്രിക വേണ്ടെന്നു വയ്ക്കാനുള്ള കാരണം പറഞ്ഞത് പ്രകടനപത്രികയ്ക്ക് എ. ഐ. സി. സി. യുടെ അംഗീകാരം സമ്പാദിക്കേണ്ടിയിരുന്നത്കൊണ്ടാണെന്നാണ്. ഈ അംഗീകാര പ്രശ്നം ഓർമ്മിക്കാതെയാണ് അത് അച്ചടി ജോലിവരെ പൂർത്തിയാക്കാമെന്നു വെച്ചത്. എന്നുപറഞ്ഞാൽ, അത് വിശ്വസിക്കാൻ സാമാന്യ ബുദ്ധിക്കു പ്രയാസമുണ്ടാകും. പ്രകടന പത്രികയിൽ ഉൾപ്പെടുത്തിയിരുന്ന ചില പരാമർശനങ്ങളെപ്പറ്റിയുള്ള എതിർപ്പാണ് അവസാനനിമിഷം അത് വേണ്ടെന്നു വെയ്ക്കാൻ കാരണമാക്കിയത് എന്നുവേണം കരുതാം. കോൺഗ്രസിന്റെ 1962- ലെ പൊതുതിരഞ്ഞെടുപ്പി ലെ പ്രകടനപത്രിക അല്പം ചില മിനുക്കുപണികൾ ചെയ്തു 1965- ൽ പ്രസിദ്ധീ കരിച്ചു കഴിഞ്ഞു.

ചില വാഗ്ദാനങ്ങൾ

എല്ലാ പ്രധാന പത്രികകളും കേരളത്തിലെ ജനങ്ങൾക്ക്‌ ക്ഷേമവും ഐശ്വര്യവും സമൃദ്ധിയും വാഗ്ദാനം ചെയ്യുന്നുണ്ട്. സ്വതന്ത്ര പാർട്ടിയുടെതൊഴിച്ചു മറ്റെല്ലാ കക്ഷികളുടെയും ക്ഷേമത്തിനും സമൃദ്ധിക്കും ഐശ്വര്യത്തിനുമുള്ള മാർഗ്ഗവും ഏതാണ്ട് ഒന്നുതന്നെയാണ്; സോഷ്യലിസം. കോൺഗ്രസുകാരും,കമ്മ്യൂണിസ്റ്റും, പി.എസ്.പി.ക്കാരും (ഇപ്പോൾ എസ്. എസ്. പി) അഴിമതിയില്ലാത്ത ഒരു ഭരണം വാഗ്ദാനം ചെയ്യുന്നുണ്ട്.

ഇതുവരെ അധികാരത്തിൽ വരാൻ സാധിച്ചിട്ടില്ലാത്ത കേരള കോൺഗ്രസ്, മലനാട് കർഷകയൂണിയൻ, അതുപോലെ കർഷകത്തൊഴിലാളി പാർട്ടികളും അഴിമതിക്കെതിരായി നിലകൊള്ളുന്നുണ്ട്. ഉറച്ച ഒരു ഭരണമാണ് മറ്റൊരു വാഗ്ദാനം. എല്ലാ കക്ഷികളും അതിനായി നിലകൊള്ളുന്നു. കമ്മ്യൂണിസ്റ്റ് ഗവണ്മെന്റ്റ് മാത്രമേ പ്രതിപക്ഷത്തിന്റെ നീക്കംകൊണ്ട് അധികാരത്തിൽ നിന്ന് മാറേണ്ടി വന്നുള്ളൂ. ഇവിടുത്തെ കോൺഗ്രസ്- പി. എസ്. പി ഗവൺമെന്റുകൾ തകർന്നത് സ്വന്തം കക്ഷിയിലെ പിളർപ്പുകൊണ്ടാണ്. അവർ ഉറച്ച ഭരണത്തിന് തങ്ങളെ വീണ്ടും അധികാരത്തിൽ കൊണ്ടുവരാൻ പ്രകടനപത്രികകൾ വഴി അഭ്യർത്ഥിക്കുന്നുണ്ട്. 

വ്യവസായവത്ക്കരണരംഗത്തും ഭക്ഷ്യരംഗത്തും, എന്തിന്, വിദ്യാഭ്യാസരംഗ ത്തും എല്ലാ കക്ഷികളുടെയും ലക്ഷ്യവും മാർഗ്ഗവും ഏതാണ്ട് ഒന്നുതന്നെയാണ്. കേരള കോൺഗ്രസും മുസ്ലീം ലീഗും വിദ്യാഭ്യാസ ദേശസാൽക്കരണത്തെ എല്ലാ വിധത്തിലും എതിർക്കുമ്പോൾ മറ്റു കക്ഷികൾ പൂർണ്ണമായും ഭാഗികമായും കൂടുതൽ നിയന്ത്രണം ആഗ്രഹിക്കുന്നുണ്ട്. 

പ്രകടന പത്രിക നോക്കിക്കൊണ്ട് ഓരോ കക്ഷിക്കും വോട്ട് ചെയ്യണമെന്നു പറഞ്ഞാൽ ജനങ്ങൾക്ക്‌ ഏതു പാർട്ടിയെ സ്വീകരിക്കണം, ഏതു പാർട്ടിയെ തള്ളണം എന്നത് തികഞ്ഞ ചിന്താക്കുഴപ്പത്തിന് കാരണമാക്കും. പിന്നെയുള്ളത് ഈ പരിപാടികൾ നടപ്പിലാക്കാൻ ചുമതലപ്പെട്ട ഓരോ കക്ഷിയുടെയും സ്ഥാനാർത്ഥികളെ നോക്കുന്നതാണ്.//-
--------------------------------------------------------------------------------------------------------------
ധൃവദീപ്തി  ഓണ്‍ലൈൻ
Dhruwadeepti.blogspot.de 
 
for up-to-dates and FW. link Send Article, comments and write ups to :
  DHRUWADEEPTI ONLINE LITERATURE.
Published from Heidelberg, Germany,  in accordance with the European charter on freedom of opinion and press. 
DISCLAIMER: Articles published in this online magazine are exclusively the views of the authors. 
Neither the editor nor the publisher are responsible or liable for the contents, objectives or opinions of the articles in any form."
E-mail: dhruwadeeptionline@gmail.com
 

Keine Kommentare:

Kommentar veröffentlichen

Hinweis: Nur ein Mitglied dieses Blogs kann Kommentare posten.