ധ്രുവദീപ്തി // History// Germany-Part-I-
സ്വാതന്ത്ര്യത്തിന് വിലപേശിയ അസാധാരണ സന്ധിസംഭാഷകൻ -വോൾഫ്ഗാംഗ് ഫോഗെൽ. //
George Kuttikattu
"ഞങ്ങൾ ഒരു ജനത "-1989 -ജർമനികളുടെ പുനരൈക്യം -ബർലിൻ ബ്രാൻഡൻബർഗർടോർ |
ജോർജ് കുറ്റിക്കാട്-
Wolfgang Vogel |
"വാനമേഘങ്ങൾക്ക് മുകളിലും ജനതയുടെ സ്വാതന്ത്ര്യം അതിർത്തികൾ ഇല്ലാത്തതായിരിക്കണം" - പ്രസിദ്ധ ജർമൻ കവിയും യൂറോപ്പിലെ സ്വതന്ത്ര മനുഷ്യാവകാശപ്രവർത്തകനും ഗായകനുമായ റൈൻഹാർഡ് മെയ് പാടിയത്, ഇങ്ങനെയാണ്. അതുപക്ഷെ ഒന്നായിത്തീരുവാൻ വെബൽകൊള്ളുന്ന വിഭജിക്കപ്പെട്ടുപോയ ജർമൻ ജനതയുടെ മുഴുവൻ ഹൃദയവികാരമായിരുന്നു കവി പാടിയത്. എന്നാൽ സ്വാതന്ത്ര്യത്തിന്റെ യഥാർത്ഥ വിലയറിഞ്ഞ ഒരു അസാധാരണ വ്യക്തിയായിരുന്നു, മനുഷ്യാവകാശ ചിന്തകനായിരുന്ന വോൾഫ്ഗാംഗ് ഫോഗെൽ.
വോൾഫ്ഗാംഗ് ഫോഗെൽ ജനിച്ചു വളർന്നത് Lower Silesiaയിൽ, (the Republic of Poland), ഒരു കത്തോലിക്കാ കുടുംബത്തിലായിരുന്നു. പിതാവ് അവിടെ ഒരു അദ്ധ്യാപകൻ ആയിരുന്നു. 1932-1944 സ്കൂൾ വിദ്യാഭ്യാസം. അതിനു ശേഷം നാസ്സി റെജിമിന്റെ സൈനിക ജോലിയിൽ ആറുമാസം പരിശീലനം ചെയ്തു. 1935 കാലഘട്ടം മുതൽ എല്ലാ യുവാക്കളും നാസി റെജിമെണ്ടിൽ നിർബന്ധിത പരിശീലനം നടത്തിയിരിക്കണം എന്ന് നാസികൾ നിയമമാക്കിയിരുന്നു. ഈ പരിശീലനം പൂർത്തിയാക്കിയ വോൾഫ്ഗാംഗ് ഫോഗെൾ താമസിയാതെ തന്നെ നാവിഗേഷൻ പരിശീലകൻ ആകുവാനുള്ള പരിശീലന പഠനം തുടങ്ങി. 1944-1945 വരെ വ്യോമസേനാ പൈലറ്റായി സേവനം ചെയ്തു. 1945-ൽ രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാനഘട്ടത്തിൽ പോളണ്ടിൽ നിന്നും നാടുകടത്തപ്പെട്ട കുടുംബം ലോവർ സിലേഷ്യവിട്ടു ജർമനിയിലെ കിഴക്കൻ യേനായിലേക്ക് കുടിയേറി. യേനാ സർവകലാശാലയിൽ ചേർന്ന് നിയമപഠനം നടത്തിയ അദ്ദേഹം 1949 -ൽ നിയമ ബിരുദം നേടി. പിന്നീടിങ്ങോട്ട് അദ്ദേഹത്തെ കാണുന്നത് തന്റെ പൊതുജീവിതത്തിലെ ശക്തമായ മുന്നേറ്റമാണ്.
പൂർവജർമൻ ജൂറിസ്റ്റ്, അമേരിക്കൻ മേല്കോയ്മയിൽ പശ്ചിമ സാമ്രാജ്യ ശക്തികളും റഷ്യൻ മേല്കോയ്മയിൽ പൂർവ ബ്ലോക്ക് ശക്തികളും പ്രസിദ്ധ ശീതയുദ്ധം ഭീകര സ്വരത്തിൽ കൊട്ടിഘോഷിക്കുന്ന കാലത്തെ പിടിക്കപ്പെട്ട ഓരോരോ സാമ്രാജ്യ ചാരസംഘ നേതൃ നിരയിലെ നിരവധി തടവിലാക്കപ്പെട്ടവരുടെ പരസ്പര വിടുതൽ വാങ്ങൽ കൈമാറ്റത്തിനായി പ്രവർത്തിച്ച രാജ്യശക്തികളുടെ ഇടനിലക്കാരൻ, പ്രത്യേകിച്ച് ഇപ്രകാരമുള്ള തടവുകാരെ സ്വതന്ത്രമായി വാങ്ങി അങ്ങുമിങ്ങും കൈമാറ്റം ചെയ്യാനുള്ള കേന്ദ്രീയസ്ഥാനമുള്ള നിയോഗിക്കപ്പെട്ട പൂർവ - പശ്ചിമ ജർമൻ രാഷ്ട്രീയ ഇടനിലക്കാരൻ എന്നീ നിലയിൽ എല്ലാം വോൾഫ്ഗാംഗ് ഫോഗെൾ ലോകശ്രദ്ധ നേടിയെടുത്തു. അതുപോലെ തന്നെ ചെയ്ത സേവനത്തിനു തക്ക അർഹമായ പ്രതിഫലവും അംഗീകാരവും അദ്ദേഹത്തിനു നൽകപ്പെട്ടു.
അദ്ദേഹം ചെയ്തിട്ടുള്ള സമാധാന ഇടപെടലുകളും നയതന്ത്രപ്രധാനമായ ചർച്ചകളും പ്രവർത്തനങ്ങളും ഒരുപക്ഷെ മറ്റൊരു മഹായുദ്ധം ഈ ഭൂമിയിൽ ഉണ്ടാകാതിരിക്കുവാൻ പോലും കാരണമാക്കിയെന്നു നിസംശയം പറയാം. അമേരിക്കയുടെയും പാശ്ചാത്യരാജ്യങ്ങളുടെയും ഇരു ജർമനികളുടെയും ഈസ്റ്റ് ബ്ലോക്ക് രാജ്യങ്ങളുടെയും ഭരണ നേതൃത്വങ്ങളുടെ സന്ധിസംഭാഷകൻ വോൾഫ്ഗാംഗ് ഫോഗെൾ ആയിരുന്നു. ഇതിനെല്ലാം കൂടി അദ്ദേഹത്തിലേയ്ക്ക് എത്തിച്ചേർന്നത് നിരവധി അംഗീകാരങ്ങളും രാജ്യങ്ങളുടെ പരമോന്നത ബഹുമതികളും ആയിരുന്നു. സ്വീഡൻ, ഓസ്ട്രിയാ തുടങ്ങിയ രാജ്യങ്ങൾ അംഗീകാരവും ബഹുമതിയും നൽകിയിരുന്നു. വളരെയേറെ ലോകരാജ്യ ശ്രദ്ധനേടിയ പുരസ്കാരം പൂർവ ജർമനിയുടെ പരമോന്നത ബഹുമതി നൽകി അദ്ദേഹത്തെ ആദരിച്ചതാണ്.
1961- കാലഘട്ടം -അപ്പോൾ യുദ്ധകാല ശേഷമുള്ള ജർമനിയിൽ കമ്യൂണിസ്റ്റ് സോവ്യറ്റ് റഷ്യയുടെ കരങ്ങളാൽ ബർലിൻ നഗരം രണ്ടായി പിളർത്തി ക്കൊണ്ട് കെട്ടിയുയർത്തി യ "ബർലിൻ മതിൽ" , കണ്ണടച്ച് തുറക്കുന്നതിനു മുമ്പേ, ജർമൻ ജനതയെ രണ്ടാക്കി പിളർത്തി. ജനങ്ങൾ അന്ധാളിച്ചു നിന്നു. രാവിലെ ജോലിക്ക് പോയവർക്ക് ജോലി കഴിഞ്ഞു തിരിച്ചു സ്വന്തം വീട്ടിലെത്താൻ കഴിഞ്ഞില്ലാ. സ്വന്തം ഭാര്യയേയും കുട്ടികളെയും അവിടെ വേർപെടുത്തപ്പെട്ടു. ചിലർ ഒളിച്ചോടി പശ്ചിമ ജർമനിയിൽ എത്തി. അവരിൽ ചിലർ ജി.ഡി.ആർ പോലീസിന്റെ തോക്കിനിരയായി. ചിലർ പിടിക്കപ്പെട്ട് ജയിലിൽ എത്തി. ജനം പകച്ചു നിന്നു, അതുപക്ഷെ, ഒരു സമാധാന വിപ്ലവത്തിന്റെ ഉപമയില്ലാത്ത ലോകമാതൃകയായ പുനർ കൂടിച്ചേരലിന് കാലം വഴിയൊരുക്കി.
1989 നവംബർ ഒൻപത്. ലോകമഹായുദ്ധങ്ങൾക്ക് കാരണമാക്കിയ വേദിയാണ് ജർമനി. ലോകം വീണ്ടും ആശങ്കയോടെ തുറിച്ചു നോക്കിയ മഹാസംഭവം. ഇത്തവണ ജനം പകച്ചു നിന്നില്ല. വിഭജിക്കപ്പെട്ടു പോയ ഇരു ജർമനികളുടെ പുന:രൈക്യത്തിന്റെ ശുഭവേള. ഇരുപത്തിയെട്ടു വർഷങ്ങൾക്കു ശേഷം പുന:രൈക്യത്തിനായി തകർന്നടിയുന്ന ബെർലിൻ ഭിത്തിക്ക് മുകളിലേയ്ക്ക് ചാടിക്കയറി നിന്ന് ഏകീകരണപ്പെടലിന്റെ സന്തോഷം ജനങ്ങൾ പരസ്പരം പങ്കുവയ്ക്കുമ്പോഴും അവർ ഉച്ചത്തിൽ പറഞ്ഞു: "ഞങ്ങൾ ഒരു ജനത" യാണെന്ന്. "വാന മേഘങ്ങൾക്ക് മുകളിലും ജനതയുടെ സ്വാതന്ത്ര്യം അതിർത്തി ഇല്ലാത്തതായിരിക്കണം" എന്ന ഗാനത്തിന്റെ ഈരടികൾ ജനങ്ങൾ അപ്പോൾ ഏറ്റു പാടിക്കൊണ്ടേയിരുന്നു. കാവൽ പട്ടാളം കൈകെട്ടി നോക്കി നിന്നു. ജനം അവരെ പൂമാലകൾ അണിയിച്ചു. രക്തച്ചൊരിച്ചിൽ ഇല്ലാതെ നേടിയെടുത്ത സ്വാതന്ത്ര്യത്തിന്റെ പ്രതീകം. അതേസമയം ഇരു ജർമനികളിലും ഒരു ഭീകര രക്തച്ചൊരിച്ചിലിന്റെ ഒരു മഹാദുരന്തം ഒഴിവാക്കുവാൻ തീക്ഷ്ണമായി കളമൊരുക്കിയ പ്രമുഖരിൽ ഒരുവനായി വോൾഫ്ഗാംഗ് ഫോഗെൾ രാഷ്ട്രീയ അണിയറയിലും ഉണ്ടായിരുന്നു.
വെറുതെയങ്ങ് കിട്ടിയതോ, ആരെങ്കിലും സമ്മാനമായി കൊടുത്തതോ ഒന്നും ആയിരുന്നില്ല ജർമനിയുടെ പുനരൈക്യം.
വെറുതെയങ്ങ് കിട്ടിയതോ, ആരെങ്കിലും സമ്മാനമായി കൊടുത്തതോ ഒന്നും ആയിരുന്നില്ല ജർമനിയുടെ പുനരൈക്യം.
ഈസ്റ്റു ജർമൻ പട്ടാളക്കാരൻ വൈദ്യൂതമതിൽ ചാടിക്കടന്നു രക്ഷപെടുവാനുള്ള ശ്രമം. |
1949-ൽ സോവ്യറ്റ് റഷ്യയുടെ അധീനതയിൽ ഉണ്ടായിരുന്ന പൂർവജർമനി ഒരു വേറിട്ട രാജ്യമായിത്തീർന്നപ്പോൾ ഭരണം ഏറ്റെടുത്തത്, അന്ന്, സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിയും കമ്യൂണിസ്റ്റ് പാർട്ടിയും ഒരുമിച്ചു ചേർന്ന് രൂപീകരിച്ച ഒരു ഐക്യ സോഷ്യലിസ്റ്റ് പാർട്ടി ( Die Socialistishe Einheitspartei Deutschlands (SED) പൂർവ ജർമനിയുടെ നിയമപ്രകാരം ഒറ്റയ്ക്ക് ഭരണം ഏറ്റെടുത്തു. പ്രതിപക്ഷം ഇല്ലാത്ത ഭരണമാതൃക. അതൊരു രാഷ്ട്രീയ പാർട്ടിയുടെ ഏകാധിപത്യ ഭരണമാതൃക എന്നതിനെ വിശേഷിപ്പിക്കാം.
SED ജനറൽ സെക്രട്ടറിയും ഈസ്റ്റ് ജർമൻ ഭരണത്തലവനുമായ സ്വേച്ഛാധിപതി ഏറിക്ക് ഹോണീക്കറുടെ ഇഷ്ട സുഹൃത്തായിരുന്നു, വോൾഫ്ഗാംഗ് ഫോഗെൾ. അദ്ദേഹം ഏറിക്ക് ഹോണീക്കറുടെ സ്വകാര്യ ഉപദേഷ്ടാവും ചില നിർദ്ദിഷ്ട രാജ്യരഹസ്യ കാര്യങ്ങളുടെ ചുമതല വഹിക്കുന്ന പ്രതിപുരുഷനുമായിരുന്നു. യുദ്ധാനന്തരം യഥാർത്ഥത്തിൽ 1990 വരെ നിയമപരമായി SED പാർട്ടിനേതൃത്വം പൂർവജർമനിയിൽ ഭരണം നടത്തി. രാജ്യത്തിന്റെ എല്ലാ കാര്യങ്ങളിലും-പാർലമെണ്ടിൽ, ഭരണ കൂടത്തിൽ, നീതിന്യായതലങ്ങളിൽ, എല്ലാ മനുഷ്യാവകാശങ്ങളിലും എന്നു വേണ്ടഎല്ലായിടത്തും-ഒറ്റപാർട്ടി സിസ്റ്റത്തിൽ ജനങ്ങളെ മുഴുവൻ നിശബ്ധമാക്കി സോവ്യറ്റ് ഏകാധിപത്യത്തിന്റെ ചെങ്കോൽ ഉയർത്തി വീശി ശക്തി പ്രകടിപ്പിച്ചിരുന്നു. അഡോൾഫ് ഹിറ്റ്ലർ നടത്തിയ മഹാ ക്രൂരയുദ്ധം തീർന്നതെ തുടങ്ങി, ജർമനിയിൽ അടുത്ത മഹാദുരന്തം. അതിനു ബർലിനിൽ കമ്യൂണിസ്റ്റുകൾ ഉയർത്തിക്കെട്ടിയ ബർലിൻ മതിൽ തുടക്കമിട്ടു.
ആയിരക്കണക്കിന് തടവുകാരെയും അതുപോലെതന്നെ ബർലിൻ മതിലിന്റെ നിർമ്മാണവേളയിൽത്തന്നെ വേർപെടുത്തപ്പെട്ടു പോയ കുട്ടികളെയും വയോജനങ്ങളെയും വോൾഫ്ഗാംഗ് ഫോഗെൾ എന്ന നിയമ പണ്ഡിതന്റെ സ്വന്തം മധ്യസ്ഥതയിൽ പൂർവ ജർമനിയിൽ നിന്ന് പശ്ചിമ ജർമനിയിലേയ്ക്ക് ചില പ്രത്യേക വ്യവസ്ഥയിൽ കൊണ്ടുപോന്നു. ഈ ഇടപാടുകൾക്കുവേണ്ടി പശ്ചിമ ജർമൻ ഗവണ്‍മെണ്ട് അനവധി മില്യാർഡൻ "ജർമൻ മാർക്ക് *(യൂറോയ്ക്ക് മുമ്പുണ്ടായിരുന്ന നാണയം) എണ്ണി കൊടുക്കേണ്ടി വന്നു. അതേസമയം വോൾഫ്ഗാംഗ് ഫോഗെൾ ഇടനിലപ്രതിഫലമായി ലക്ഷോപ ലക്ഷങ്ങൾ വാങ്ങിക്കുകയും ചെയ്തിരുന്നു എന്നത് വസ്തുതയുമാണ്. കാലങ്ങൾ അധികം വേണ്ടി വന്നില്ല. അദ്ദേഹത്തെ ആരോപണങ്ങളുടെ നടുക്കയത്തിൽ മുക്കിക്കഴിഞ്ഞിരുന്നു. പൂർവ ജർമനിയിൽ നിന്ന് പുറത്തു പോകാൻ ആഗ്രഹിച്ചവരെ ഭീഷണിപ്പെടുത്തി പണം തട്ടിപ്പറിക്കുന്നവനെന്ന വലിയ കുറ്റമാണാരോപിച്ചത്.
ആരാലും ചോദ്യം ചെയ്യപ്പെടാത്ത തിളങ്ങുന്ന വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു. കൃത്യമായി പറഞ്ഞാൽ വ്യക്തിപരമായി ശാന്തഗംഭീരനും അതിബുദ്ധിശാലിയുമായിരുന്നു വോൾഫ്ഗാംഗ് ഫോഗെൾ. ഈസ്റ്റ് -വെസ്റ്റ് ശക്തികളുടെ കരാറിൽ വിഭജിക്കപ്പെട്ടു പോയ ജർമനിയുടെ പൂർവ ബർലിനിൽ നോട്ടറിയായും വക്കീലായും അദ്ദേഹം ജോലി തുടങ്ങി വച്ചു. അവിടെ നിന്നാണ് അദ്ദേഹത്തിൻറെ ജീവിത വഴിത്തിരിവ് ഉണ്ടായത്. പൂർവ ജർമൻ കമ്യൂണിസ്റ്റ് നേതൃത്വത്തിന്റെ പ്രിയങ്കരനായിത്തീർന്നു. അവരുടെ മനുഷ്യാവകാശ കൌണ്‍സിലിന്റെ ഉപദേഷ്ടാവായി. ഏറിക്ക് ഹോണിക്കറുടെ ആത്മസുഹൃത്തും അതേസമയം പശ്ചിമ ജർമൻ ചാൻസിലർമാരായ വില്ലി ബ്രാൻഡ്, ഹെല്മുട്ട് ഷ്മിത്ത്, ഹെൽമുട്ട് കോൾ, അന്നത്തെ ബവേറിയൻ സംസ്ഥാന ചീഫ് മിനിസ്റ്ററും പ്രശസ്ത സാമ്പത്തിക വിദഗ്ധനും ക്രിസ്ത്യൻ സോഷ്യൽ യൂണിയൻ പാർട്ടി (CSU) യുടെ ചെയർമാനുമായ ഫ്രാൻസ് ജോസെഫ് സ്ട്രൌസ് തുടങ്ങിയ വെസ്റ്റ് നേതൃനിരയുടെ കണ്ണിലുണ്ണിയുമായിരുന്നു. പ്രവർത്തനങ്ങളിലെ താഴ്ചകളും ഉയരങ്ങളും നേരിട്ടറിഞ്ഞവനായിരുന്നു വോൾഫ്ഗാംഗ് ഫോഗെൾ (തുടരും).
ധ്രുവദീപ്തി
----------------------------------------------------------------------------------------------------------------
ധ്രുവദീപ്തി
----------------------------------------------------------------------------------------------------------------
Keine Kommentare:
Kommentar veröffentlichen
Hinweis: Nur ein Mitglied dieses Blogs kann Kommentare posten.