ധ്രുവദീപ്തി // History/ Part-II
സ്വാതന്ത്ര്യത്തിനു വിലപേശിയ അസാധാരണ സന്ധിസംഭാഷകൻ -വോൾഫ്ഗാംഗ് ഫോഗെൾ - Part-2
ജോർജ് കുറ്റിക്കാട്
1954 -വോൾഫ്ഗാംഗ് ഫോഗെളിന്റെ ഔദ്യോഗിക വൃത്തിയിൽ വളരെവേഗം ശ്രദ്ധയാർജ്ജിച്ച മാറ്റങ്ങൾ ഉണ്ടായി. ഈസ്റ്റ് ബർലിൻ അഭിഭാഷക ബാറിൽ അംഗീകരിക്കപ്പെട്ട വക്കീലായി ഉയർത്തപ്പെട്ടു. പിന്നീട് മൂന്നു വർഷങ്ങൾ കഴിഞ്ഞപ്പോൾ അദ്ദേഹത്തിനു വെസ്റ്റ് ബർലിൻ കോടതികളിൽ പ്രാക്ടീസ് ചെയ്യുവാൻ അനുവാദവും ലഭിച്ചു. 1961-ൽ ശീതയുദ്ധത്തിന്റെ ചരടുകൾ പാകിയിട്ടുള്ള രാജ്യങ്ങളുടെ ചാരന്മാരുടെയും അവർക്കുവേണ്ടി അന്ന് പ്രവർത്തിച്ച ഏജന്റുമാരുടെയും കൈമാറ്റ കാര്യങ്ങളിൽ അദ്ദേഹം മദ്ധ്യസ്ഥത നിന്നത് ആദ്യത്തെ വിജയകരമായ സമാധാന ശ്രമം ആയിരുന്നു. അമേരിക്കയുടെയും സോവ്യറ്റ് റഷ്യയുടെയും തടവുകാരെ പരസ്പരം കൈമാറ്റം ചെയ്യുകയെന്ന വിജയകരമായ ദൌത്യം ആയിരുന്നത്.
1962 ഫെബ്.10 നു സോവ്യറ്റ്പട്ടാളം, സ്പൈ വർക്ക് ചെയ്ത അമേരിക്കൻ വിമാനത്തെ വെടിവച്ചു വീഴ്ത്തി, അന്ന് തടവിലാക്കിയ അമേരിക്കൻ ചാരസംഘത്തിലെ പൈലറ്റ് ഫ്രാൻസിസ് ഗാറി പവേർസിനെ സോവ്യറ്റ് ചാരനും കമ്യൂണിസ്റ്റ് നേതാവുമായ റുഡോൾഫ് ആബേലിനു പകരമായി പോസ്റ്റ് ഡാമിലെ ഗ്ലീനിക്കർ പാലത്തിൽ വച്ചു പരസ്പരം മോചിപ്പിക്കൽ കൈമാറ്റം നടത്തി. ഈ കൈമാറ്റ ഉദ്യമവും തുടർന്നുണ്ടായ അതിന്റെ ഫലവും മനസ്സിലാക്കിയ ഇരുരാജ്യശക്തികളും വോൾഫ്ഗാംഗ് ഫോഗെളിനെ ഇടനിലക്കാരനായി അംഗീകരിച്ചു കഴിഞ്ഞു. അദ്ദേഹത്തിനു ഇതോടെ ജർമനികളുടെ പുനരൈക്യ ചരിത്രത്തിലെ ആദ്യപടിയിൽ പ്രവേശിക്കുവാൻ അത് കാരണമാക്കി.
GLIENICKER BRIDGE IN POSTDAM - BERLIN |
ഈ ചരിത്രവിജയം മുതൽ സമാനതകളില്ലാത്ത പ്രവർത്തിമാനങ്ങളിലെയ്ക്ക് അതിവേഗം അദ്ദേഹം കുതിച്ചുയരുകയായിരുന്നു. ബെർലിൻ ഭിത്തിയുടെ തകർച്ചദിവസം വരെയും ഇരുപത്തിമൂന്ന് രാജ്യങ്ങളിൽ നിന്നുള്ള 150 രഹസ്യചാരന്മാരെയും ഏജന്റുമാരെയും ജയിലുകളിൽ നിന്നും മോചിപ്പിച്ചു. പരസ്പരം കൈമാറ്റം നടത്തി സ്വതന്ത്രരാക്കുവാൻ അദ്ദേഹത്തിനു കഴിഞ്ഞു. ഇങ്ങനെ മോചിപ്പിക്കപ്പെട്ട തടവുകാരിൽ പ്രമുഖ തടവുകാരൻ ആയിരുന്നു, വെസ്റ്റ് ജർമൻ ചാൻസിലർ വില്ലി ബ്രാണ്ടിനെ ഒറ്റുകൊടുത്തു നിമിഷ രാജിക്ക് ഇടയാക്കിയ ഈസ്റ്റ് ജർമൻ പെരുച്ചാഴിയായിരുന്ന ഗ്യുണ്ടർ ഗിയോം.
ഏതാണ്ട് 33775 രാഷ്ട്രീയ തടവുകാരെ അദ്ദേഹത്തിൻറെ ശ്രമത്തിൽ സ്വതന്ത്രമായി വാങ്ങിയെന്ന് പറയുന്നതാണ് ശരി. ഇങ്ങനെയെല്ലാം രാഷ്ട്രീയ വിജയം നേടിയെടുക്കുവാൻ വ്യക്തിപ്രഭാവം ഉണ്ടായിരുന്ന അദ്ദേഹം ഈസ്റ്റ് ജർമൻ ഭരണാധികാരിയായ ഏറിക്ക് ഹോണീക്കരുടെ മനുഷ്യാവകാശ സമിതിയുടെ ഉപദേഷ്ടാവായിരുന്നു. അതേസമയം വെസ്റ്റ് ജർമനിയുടെയും, അമേരിക്കയുടെയും മറ്റു സഖ്യഭരണാധികാരികളുടെയും എല്ലാ ക്രിസ്ത്യൻ സഭകളുടെയും SPD തുടങ്ങിയ ജർമൻ രാഷ്ട്രീയ പാർട്ടികളുടെയും ഉറപ്പുള്ള വിശ്വസ്തനുമായിരുന്നു. 1961-ൽ ബർലിൻ മതിൽ നിർമ്മിച്ചതോടെ രണ്ടായി വേർപെടുത്തപ്പെട്ടു പോയിരുന്ന 215019 ഈസ്റ്റ്ജർമൻ പൌരന്മാർക്ക് അദ്ദേഹത്തിന്റെ ശ്രമഫലമായി അവരവരുടെ കുടുംബങ്ങൾക്ക് വീണ്ടും ഒന്നായിത്തീരുവാൻ പിൽക്കാലത്ത് അവസരമുണ്ടാക്കി.
സോവ്യറ്റ് യൂണിയനും അമേരിക്കയും തമ്മിലുള്ള ശീതയുദ്ധത്തിനിടയിൽ ത്തന്നെ അദ്ദേഹത്തിന്റെ പ്രശസ്തിയും അതിഗൗരവ രാഷ്ട്രീയകാര്യങ്ങളിൽ അദ്ദേഹത്തിനുള്ള പ്രസക്തിയും ദിനംതോറും വർദ്ധിച്ചതേയുള്ളൂ.
കൂർമ്മബുദ്ധിശാലിയും പ്രശസ്ത നിയമജ്ഞനും എന്ന് പ്രസിദ്ധി നേടിയത് മാത്രമല്ല, സങ്കീർണ സമ്പൂർണ്ണരാഷ്ട്രീയ രഹസ്യദൗത്യങ്ങളിലുള്ള സമർത്ഥമായ ഇടപെടലുകളിലുമെല്ലാം അതിവിദഗ്ധനെന്ന കീർത്തിമുദ്രയും അദ്ദേഹം സമ്പാദിച്ചിരുന്നു. ഇത് പൂർവ-പശ്ചിമ ജർമനികൾക്കിടയിലെ ഇരുമ്പ് മറയ്ക്കപ്പുറത്തും ഇപ്പുറത്തും ഒരേ അളവിലും തൂക്കത്തിലും ഏറെയേറെ പ്രതീക്ഷയോടെ തന്നെ ശ്രദ്ധിക്കപ്പെട്ടു. ഇരു ബ്ലോക്കുകളിലും "ഒരേ ഒരു മദ്ധ്യസ്ഥൻ " എന്ന നിലയിൽ തന്റെ ഇടപെടലുകളും അവയുടെ ഫലങ്ങളും എതിരഭിപ്രായമില്ലാതെ സ്വീകരിക്കപ്പെട്ടു. പ്രവർത്തനത്തിലെ എല്ലാവിധ വിഷമവശങ്ങളും നേരിട്ടറിഞ്ഞ അദ്ദേഹം തന്നെപ്പറ്റിയും തന്റെ പ്രവർത്തന ശൈലിയെയും കുറിച്ച് വോൾഫ്ഗാംഗ് ഫോഗെൾ ഒരിക്കൽ പൊതുവായി പറഞ്ഞതിങ്ങനെയാണ്: " എന്റെ വഴികൾ തീർത്തും കറുത്തതും, അത്പോലെ വെളുത്തതുമല്ല; അവ ചാരനിറമായിരിക്കണം."
അതായത്-ഇരുമുന്നണികളുടെയും ഇടയ്ക്കുള്ള മനുഷ്യരുടെ - കക്ഷികളുടെ - വക്കീലായിരിക്കണം എന്നാണാഗ്രഹിച്ചത്. 1956 മുതൽ തന്റെ നിശബ്ദവും സമർത്ഥവുമായ ഇടപെടലുകൾ വഴി അന്നത്തെ പൂർവ -പശ്ചിമ ജർമൻ ഗവണ്‍മെണ്ടുകളുടെ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുമായും രാഷ്ട്രീയ നേതൃത്വങ്ങളും ഗവണ്‍മെണ്ട് പ്രതിനിധികളുമായും ഒരു നല്ല ഉറച്ച ബന്ധം സ്ഥാപിച്ചെടുക്കുവാൻ കഴിഞ്ഞു. ഏറിക് ഹോണീക്കർ അദ്ദേഹത്തെ തന്റെ സ്വകാര്യ പ്രതിപുരുഷനും ഗവണ്‍മെണ്ടിന്റെ മനുഷ്യാവകാശ കമ്മിഷന്റെ ഉപദേഷ്ടാവായും നിയമിച്ചു.
Willi Brand (L ), Günter Guillaume (R ) |
ഇരുപത്തിമൂന്നു രാജ്യങ്ങളിൽ തടവുകാരാക്കപ്പെട്ടിരുന്ന നൂറ്റിയമ്പത് (150) പൂർവജർമൻ "സ്റ്റാസി ഏജന്റുമാരെ "(State security Agents ) തന്റെ സ്വന്തം മധ്യസ്ഥ ഇടപെടലിൽ തടവറകളിൽ നിന്നും മോചിപ്പിച്ചു തിരികെ സ്വന്തം രാജ്യത്ത് കൊണ്ടുവന്നു. അവരിൽ ഏറ്റവും പ്രമുഖനും ക്രൂരനും പ്രസിദ്ധനുമായിരുന്നു, പൂർവ ജർമൻ പെരുച്ചാഴിയായ ഗ്യുന്തർ ഗീയോം. പശ്ചിമ ജർമൻ ചാൻസിലർ വില്ലി ബ്രാണ്ടിന്റെ പേർസണൽ റഫറണ്ടന്റും ഗവണ്‍മെണ്ടിന്റെ വിശ്വസ്ത രാജ്യരക്ഷാമന്ത്രാലയ പ്രമുഖനും ആയിരുന്നു, ഗ്യുന്തർ ഗീയോം.
ഗ്യുന്തർ ഗീയോമിന്റെ ചതി മഹാനായ വില്ലി ബ്രാണ്ടിന്റെ രാഷ്ട്രീയ പതനത്തിൽ കൊണ്ടെത്തിച്ചു. 1974-ൽ പശ്ചിമ ജർമൻ ഗവണ്‍മെണ്ടിന്റെ രാഷ്ട്രീയ രഹസ്യങ്ങൾ ഹോണീക്കർ ഭരണകൂടത്തിനു ചോർത്തിക്കൊടുത്ത തന്റെ വിശ്വസ്തൻ ഗ്യുന്തർ ഗീയോമിന്റെ നടപടിയിൽ മനംനൊന്ത് ചാൻസിലർ വില്ലി ബ്രാൻഡ് ഉടനടിതന്നെ തന്റെ സർക്കാരിന്റെ രാജി പ്രഖ്യാപിച്ചു. ഇതേത്തുടർന്നു തടവിലാക്കപ്പെട്ട ഗീയോമിനെ മോചിപ്പിക്കുന്ന വിഷയം ആറു വർഷങ്ങൾക്കുശേഷം സജീവമായി. 1981-ൽ വോൾഫ്ഗാംഗ് ഫോഗെളിന്റെ മധ്യസ്ഥ ഇടപെടലിൽ തടവുകാരെ ഇരുരാജ്യങ്ങളും കൈമാറ്റം ചെയ്ത കൂട്ടത്തിൽപ്പെടുത്തി ജയിലിൽനിന്നും മോചിപ്പിച്ചു ഗിയോമിനെ പൂർവജർമനിയിൽ എത്തിച്ചു.
1947-1989 വരെയുണ്ടായിട്ടുള്ള ശീതയുദ്ധകാലത്ത് രാഷ്ട്രീയ ചാരപ്രവർത്തിയും അറസ്റ്റും തടവുശിക്ഷയും ഏതാണ്ട് നിത്യസംഭവംതന്നെയാണ്. ഇരുചേരികളും അപകടകരമായ ഭീഷണികൾ തൊടുത്തുവിടുന്നു. ജോണ്‍. എഫ്. കെന്നഡി ബർലിൻ മതിലിനു മുൻപിൽ നിന്ന് ജർമൻ ഭാഷയിൽ സോവ്യറ്റ് റഷ്യയുടെ നേർക്ക് പ്രഖ്യാപിച്ചു, " Ich bin ein Berliner "- ഇഹ് ബിൻ ഐൻ ബെർലിനർ - (ഞാൻ ഒരു ബർലിൻ പൌരനാണ്)" . റൊണാൾഡ് റെഗൻ വിരൽചൂണ്ടി വെല്ലുവിളിച്ചു, "മിസ്റ്റർ ഗോർബാച്ചോവ്, മതിൽ പൊളിച്ചു മാറ്റുക." ഇതിനിടയിൽത്തന്നെ ചാരവ്രുത്തിയിൽ പിടിക്കപ്പെട്ടവരെ അറസ്റ്റ് ചെയ്യാനും കൈമാറ്റം ചെയ്യാനും രാഷ്ട്രീയ നീക്കങ്ങൾ വിപുലമായ അളവിൽ നടന്നിരുന്നു.
യു എസ് പ്രസിഡണ്ട് റൊണാൾഡ് റെഗൻ , "മിസ്റ്റർ ഗോർബാച്ചോവ്, മതിൽ പൊളിച്ചു മാറ്റുക " |
പശ്ചിമ ജർമനിയുടെ രഹസ്യാന്വേഷണ നടപടികൾക്കെതിരെ സോവ്യറ്റ് റഷ്യൻ കെ.ജി.ബി.യുടെ പെരുച്ചാഴി പ്രയോഗത്തിലകപ്പെട്ടുപോയ ഹൈൻസ് ഫെൽബെയും കൈമാറ്റം ചെയ്യപ്പെട്ട പ്രമുഖ തടവുകാരിൽപ്പെട്ടിരുന്നു. എന്നാൽ ഗ്യുന്തർ ഗീയോമിന്റെ കൊടുംചതിയും അറസ്റ്റും ജർമൻ ചാൻസിലർ വില്ലി ബ്രാണ്ടിന്റെ അടിയന്തിര രാജിയും ജർമൻ ചരിത്രത്തിലെ ഏറ്റവും ഭീകരവും ചീഞ്ഞളിഞ്ഞ റഷ്യൻ ചാരപ്രവ്രുത്തിയുടെ എന്നും ജീവിക്കുന്ന വികൃതവുമായ സാക്ഷിപത്രമായി കാണാം.
1986-ൽ ഫെബ്രുവരി 11-നു 1962-ൽ കൈമാറ്റം ചെയ്യപ്പട്ട ഗേറി പവ്വെർസിനും റുഡോൾഫ് ആബേലിനും വേണ്ടി അപ്പോൾ മധ്യസ്ഥത നിന്ന വോൾഫ്ഗാംഗ് ഫോഗെളിന്റെ സ്വർണ്ണ നിറമുള്ള അതെ മെർസിഡസ് ബൻസ് കാർ വീണ്ടും ബെർലിനും പോസ്റ്റ്‌ഡാമിനും ഇടയ്ക്കുള്ള അതേ ഗ്ലീനിക്കർ പാലത്തിൽ എത്തി നിന്നു. അദ്ദേഹം അപ്പോൾത്തന്നെ അമേരിക്കൻ ജയിലിൻറെ കനത്ത ഇരുമ്പഴികൾക്കുള്ളിൽ കുടുങ്ങിപ്പോയ നാല് പൂർവജർമൻ ചാരന്മാരെ ഇരുപത്തിയഞ്ച് പശ്ചിമ ജർമൻ ചാരന്മാർക്കു പകരം വച്ചുമാറി.
1964-ൽ വക്കീൽപ്പണി ചെയ്തിരുന്ന വോൾഫ്ഗാംഗ് ഫോഗെൾ പശ്ചിമ ജർമനിക്ക് വേണ്ടി മുപ്പത്തി മൂവായിരത്തി മുന്നൂറ്റി എഴുപത്തിയഞ്ച് തടവുകാരെ തന്റെ സ്വന്തം മധ്യസ്തവേലയിൽ മോചിപ്പിച്ചു.
ഇതുപോലെ ഏറെ ശ്രദ്ധിക്കപ്പെട്ട സംഭവങ്ങൾ എണ്ണി പറയാൻ സാധിക്കാത്ത വിധം ഉണ്ടായി. ജർമനിയെ രണ്ടാക്കി പിളർത്തിയ ബർലിൻ മതിലിന് അപ്പുറത്തും ഇപ്പുറത്തും കുടുംബാംഗങ്ങൾ വിഭജിക്കപ്പെട്ടു വേർപെട്ടുപോയ വേർപാടിന്റെ തേങ്ങിക്കരച്ചിൽ ! അപകടം യാതോന്നുമറിയാതെ രാവിലെ വീടുകളിൽനിന്നും പുറത്തു പോയവർക്ക് തിരിച്ചു അവരുടെ ഉറ്റവരുടെ അടുത്തെത്താൻ പോലും കഴിഞ്ഞില്ല. ജനങ്ങൾ ആകെ പ്രതിഷേധിച്ചു. ആരുണ്ട് കേൾക്കാൻ! കമ്യൂണിസ്റ്റ് സ്വേച്ഛാധിപത്യം കൊടികുത്തിവാണിരിക്കുന്നു. നീണ്ട രാവുകളുടെയും പകലുകളുടെയും നാളുകൾ കടന്നു നീങ്ങി. ഉയർന്നു പൊങ്ങിനിൽക്കുന്ന മതിലിനിരുവശത്തുനിന്നും ഉയരുന്ന വേർപാടിന്റെ ഹൃദയഭേദക ഗദ്ഗദങ്ങളുടെ അലകൾ മേഘങ്ങൾക്കപ്പുറത്തും അലിഞ്ഞു ഉയർന്നുകൊണ്ടേയിരുന്നു. റൈൻഹാർഡ് മെയ്, ഗ്യുന്തർ ഗ്രാസ് തുടങ്ങിയ മഹാകവികളിൽനിന്നും അവ വീണ്ടും വീണ്ടും ഇരമ്പിക്കൊണ്ടിരുന്നു.
ഈ പശ്ചാത്തലത്തിൽ, വേർപെടുത്തപ്പെട്ടു പോയ ജർമൻ കുടുംബാംഗങ്ങളെ വീണ്ടും കൂട്ടിച്ചേർക്കുന്നതിനുള്ള ചട്ടക്കൂടിന്റെ അടിസ്ഥാന വ്യവസ്ഥയിൽ ഉൾപ്പെടുത്തി രണ്ടുലക്ഷത്തി പതിനയ്യായിരത്തി ഒൻപതുപേരെ (അതിൽ ബഹുഭൂരിപക്ഷവും കുട്ടികളും വയോജനങ്ങളും ആയിരുന്നു) പൂർവജർമനി വിട്ടുപോകുവാൻ അനുവദിച്ചു. വോൾഫ്ഗാംഗ് ഫോഗെളിന്റെ ശക്തവും ബുദ്ധിപരവുമായ നയതന്ത്ര ഇടപെടലാണ് ഇതിനും വഴിയൊരുക്കിയത്.
രാഷ്ട്രീയ നയതന്ത്ര ഇടപെടലിന് പുറമേ സാമ്പത്തിക ഇടപെടലിന് മുൻതൂക്കം ഉണ്ടായിരുന്നു. ആരംഭഘട്ടത്തിൽത്തന്നെ ഒറ്റവർഷത്തിനുള്ളിൽ പശ്ചിമ ജർമനി പൂർവജർമനിക്കു ആവശ്യമായി ചോദിച്ച മൂന്നര മില്യാർഡൻ "ജർമൻ മാർക്ക് "പ്രതിഫലമായി എണ്ണി കൊടുക്കേണ്ടിവന്നു. അതേസമയം അതിനു ആനുപാതികമായി കുറഞ്ഞപക്ഷം പല മില്യണ്‍ ജർമൻ മാർക്ക് ഇടനിലപ്പണ മായി വോൾഫ്ഗാംഗ് ഫോഗെളിനു ലഭിച്ചുകാണാനും ഇടയുണ്ട് എന്നതും ഒരു വസ്തുതയാണ്. അതുപക്ഷെ, തന്റെ നിശബ്ധമായ മധ്യസ്ഥ പ്രവർത്തനത്തിന്റെ തിളങ്ങുന്ന മഹത്തായ വിജയഫലമല്ലെ വീണ്ടും ഒരു മഹായുദ്ധം ഒഴിവാക്കി, രക്തചൊരിച്ചിൽ ഇല്ലാതെ യാഥാർത്ഥ്യമായ ജർമനികളുടെ പു:നരൈക്യം? നഷ്ടങ്ങളെയും ലാഭങ്ങളെയും കൂട്ടിക്കിഴിച്ചു അവയെ ഒരുവശത്തെയ്ക്ക് മാറ്റിവച്ച്കൊണ്ട്, "താത്വികമായ ഒരു ഐക്യപ്രക്രിയയുടെ സമ്പൂർണ്ണ വിജയമായിരുന്നു" ഇതെന്നും മൌനമായി സമ്മതിക്കുന്ന ജർമൻകാർ ധാരാളം ഉണ്ട്.
പശ്ചിമ ജർമൻ പ്രസിഡണ്ട് റിച്ചാർഡ് ഫൊൻ വൈസേക്കർ, യു എസ് പ്രസിഡണ്ട് റൊണാൾഡ് റെഗൻ, ചാൻസിലർ ഹെല്മുട്ട് ഷ്മിത്ത് |
ശീതയുദ്ധം പ്രത്യക്ഷത്തിൽത്തന്നെ കമ്മ്യൂണിസത്തിനും സാമ്പത്തിക ശക്തിരാഷ്ട്രങ്ങൾക്കുമിടയ്ക്കു പ്രത്യക്ഷപ്പെട്ട ഘടനാപരമായ ഉരസൽ ആയിരുന്നു. ഇതിനാൽത്തന്നെ ഇരുകക്ഷികളും രാഷ്ട്രീയവും സാമ്പത്തികവും, മാത്രമല്ല സാമൂഹ്യവും സാങ്കേതികവും സൈനീകവുമായ തലങ്ങളിൽ ദീർഘകാല കിടമത്സരം വിട്ടുവീഴ്ച്ചയില്ലാതെ തുടർന്നു. ഇതിനെ ഇരുപതാം നൂറ്റാണ്ട് ഈസ്റ്റ്- വെസ്റ്റ് ശീത മത്സരം (East-West Conflict) എന്നും വിളിച്ചു. ഈ പശ്ചാത്തലത്തിൽ ആയിരുന്നു വോൾഫ്ഗാംഗ് ഫോഗെളിന്റെ ശ്രമകരമായ പ്രവർത്തനങ്ങൾ. വളരെയേറെ പ്രധാനപ്പെട്ട കാര്യങ്ങൾ ചെയ്തിട്ടും നിരവധി അനുകൂല കക്ഷികൾ എപ്പോഴും ചുറ്റും ഉണ്ടായിരുന്നിട്ടും വോൾഫ്ഗാംഗ് ഫോഗെളിനു ഇവയൊന്നും ഗുണകരമായി ഭവിച്ചില്ല.
1989-ൽ പുനരൈക്യ സംരംഭങ്ങൾ തകൃതിയായി നടക്കുമ്പോൾ പ്രാഗർ എംബസ്സിയിലും ബുഡാപെസ്റ്റിലും ഇരുരാജ്യങ്ങളെയും സംബന്ധിക്കുന്ന അസാധാരണമായ പ്രശ്നങ്ങൾ പരിഹരിക്കുവാൻ എപ്പോഴും അവരുടെ കൂടെ ഉണ്ടായിരുന്നിട്ടും ജർമനിയുടെ പുനരൈക്യം സാധിച്ചുകഴിഞ്ഞപ്പോൾ മുതൽ കയ്യിലും ഹൃദയത്തിലും ഒതുങ്ങാത്ത പ്രശ്നങ്ങളാണ് അദ്ദേഹത്തിനു നേരിടേണ്ടി വന്നത്. ക്രൂരമായ മാനഹാനി അനുഭവിക്കേണ്ടി വന്നു. സ്വയം വഞ്ചിതനായി സ്വയം പരിഹരിക്കാൻ പറ്റാത്ത കുഴപ്പത്തിൽ ചാടിയിരുന്നു. ഇതിനുള്ള കാരണങ്ങളും ആരോപണങ്ങളും പലതായിരുന്നു. ബർലിൻ മതിൽ നിലംപൊത്തിയതോടെ ഏറിക്ക് ഹോണീക്കറുടെ മേൽ കടുത്ത രാഷ്ട്രീയ കുറ്റാരോപണങ്ങൾ ഉണ്ടായി. ഇതോടെ 1990 വോൾഫ്ഗാംഗ് ഫൊഗെൽ തന്റെ വക്കീൽപ്പണിയും മറ്റു എല്ലാ മധ്യസ്ഥ ഇടപാടുകളും ഉപേക്ഷിക്കുകയും ചെയ്തു. പുനരൈക്യം നടന്നതോടെ അദ്ദേഹം വക്കീൽ പ്രാക്ടീസ് ലൈസൻസ് കൂടി ഔദ്യോഗികമായി പെട്ടെന്ന് ഉപേക്ഷിച്ചു. അദ്ദേഹം ഒരു ഈസ്റ്റ് ജർമൻ ചാരൻ ആണെന്ന ആരോപണം പൊതുവെ ഉയർന്നു വന്നു. 1992-ൽ ഉണ്ടായ ഇങ്ങനെയുള്ള ആരോപണ കാരണത്താൽ അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. മുൻ ചാൻസിലർ ഹെല്മുട്ട് ഷ്മിത്ത്, മുൻ ജർമൻ വിദേശകാര്യ മന്ത്രി ഹാൻസ് ഡീട്രിഷ് ഗൻഷർ തുടങ്ങിയവരുടെയൊക്കെ സാക്ഷ്യപ്പെടുത്തലിൽ 1998-ൽ ജർമൻ സുപ്രീം കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കി.
വോൾഫ്ഗാംഗ് ഫോഗെൾ, ഗ്ലീനിക്കർ പാലത്തിൽ |
എന്തുകൊണ്ടാണ് അദ്ദേഹത്തിനു ഒരു കുറ്റവാളിയെന്ന ദുഷ്പ്പേര് ലഭിച്ചത്? പൂർവ ജർമനിയിൽ നിന്നും അന്ന് പൂർണ്ണമായി പശ്ചിമ ജർമൻ പ്രദേശങ്ങളിലേയ്ക്ക് കുടിയേറി താമസിക്കുവാൻ ആഗ്രഹിച്ചിരുന്ന പതിനായിരക്കണക്കിനു ജനങ്ങൾ ഉണ്ടായിരുന്നു. രാഷ്ട്രീയ സാഹചര്യം മനസ്സിലാക്കിയ ജനങ്ങൾ സ്വന്തം വസ്തുവകകൾ എല്ലാം തീർത്തും അതത് താമസ്സസ്ഥലങ്ങളിൽ കണ്ണടച്ച് ഉപേക്ഷിച്ച് പോരുകയും ചെയ്തു. പശ്ചിമ ജർമനിയിലേയ്ക്ക് വെറും കൈയ്യോടെ പോരാനിടയായത് അദ്ദേഹം ഒരു പിടിച്ചുപറിക്കാരൻ ആയിരുന്നതുകൊണ്ടാണ് എന്ന് അവർ വിശ്വസിച്ചു. ഇത്തരം ആരോപണങ്ങൾ കൊണ്ടുതന്നെ അദ്ദേഹത്തെ ദയ അർഹിക്കാത്ത കുറ്റവാളിയുടെ ബഞ്ചിലേയ്ക്കു ജർമൻകാർ കൊണ്ടുവന്നിരുത്തി.
കോടതികളിൽ അദ്ദേഹം കയറിയിറങ്ങി. അതുകൊണ്ടുമാത്രം കാര്യം ഒട്ടും തീർന്നില്ല. കേസ് നിരീക്ഷണത്തിനും തെളിവെടുപ്പിനും വേണ്ടി അദ്ദേഹം കസ്റ്റടിയിലെടുക്കപ്പെട്ടു. ജയിൽവാസത്തിനിടെ അദ്ദേഹത്തെ സന്ദർശിക്കുവാൻ എത്തിയ സുഹൃത്തുക്കളെ അദ്ദേഹം ജയിലിൽ സ്വീകരിച്ചു. അവരിൽ പ്രമുഖൻ മുൻ ജർമൻ ചാൻസിലർ ഹെല്മുട്ട് ഷ്മിത്ത് ആയിരുന്നു. അപ്പോൾ ജയിൽവാസത്തെപ്പറ്റി ഹെല്മുട്ട് ഷ്മിത്ത് വോൾഫ്ഗാംഗ് ഫോഗളിനോട് പറഞ്ഞതിങ്ങനെയാണ്, "തത്വജ്ഞാനിയും റോമൻ ചക്രവർത്തിയുമായിരുന്ന മാർക്ക് ഔറെഷിന്റെ വീക്ഷണം പോലെ, ഈ പ്രശാന്തത താങ്കൾ ഇതിനുള്ളിലും ഭദ്രമായി കാത്തു സൂക്ഷിക്കണം".
മനുഷ്യാവകാശ സംരക്ഷണ പ്രശ്നങ്ങളുടെ പരിഹാരചർച്ചകളിലെല്ലാം വോൾഫ്ഗാംഗ് ഫോഗെളിനെ മാറ്റി നിറുത്തി കാര്യങ്ങൾ ചെയ്യാൻ ഒട്ടുംതന്നെ എളുപ്പമല്ലായെന്നു ഇരുജർമനികൾക്കും അറിവുണ്ടായിരുന്നു. 1961-ലെ ബർലിൻ മതിൽ നിർമ്മാണത്തോടെ ഉത്ഭവിച്ച പ്രശ്നങ്ങൾ പരിഹരിക്കാൻ അദ്ദേഹത്തിനെ ഇരു സർക്കാരുകളും നിയോഗിക്കുകയാണ് ചെയ്തത്. ഒരു തടവുകാരനെ കൈമാറുവാൻ പൂർവജർമനിക്കു നൽകിയത് ശരാശരി 96000 ജർമൻ മാർക്കായിരുന്നു.
1985-ൽ അദ്ദേഹം പൂർവജർമനിയിലെ കാഡർ സർവ കലാശാലയിലെ നിയമ - അഡ്മിനിസ്ട്രേഷൻ വിഭാഗത്തിന്റെ പ്രൊഫസ്സർ ആയി. വക്കീൽ ജോലിയിൽ തന്റെ ആദ്യത്തെ കേസ്,ഒരു സോവ്യറ്റ് ഓഫീസർക്കെതിരെ ഒരു വേശ്യാസ്ത്രീ നല്കിയ പരാതിയായിരുന്നു. രണ്ടാമത്തേത്, നാസി റെജിമെണ്ടിലെ ഒരു മുൻ കോണ്‍സെൻട്രേഷൻ ക്യാമ്പിലെ ഒരു ഡോക്ടർ അന്ന് പൂർവജർമനിയിൽ താനാരാണെന്ന് വെളിപ്പെടുത്താതെ രഹസ്യമായി പ്രാക്ടീസ് ചെയ്തതിനു എതിരെയുള്ള കേസ്സായിരുന്നു. എന്നാൽ തുടർന്നുള്ള പൂർവ- പശ്ചിമ ജർമൻ രാഷ്ട്രീയ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സജീവമായി അദ്ദേഹം ഇടപെട്ടു.
മധുരിക്കുന്നതും കയ്പ്പറിഞ്ഞതുമായ ജീവിതത്തിലെ ഉയരങ്ങളും താഴ്ചകളും മുഖാമുഖം ദർശിച്ച വോൾഫ്ഗാംഗ് ഫോഗെൾ രണ്ടാം ഭാര്യയുമായി തന്റെ വാർദ്ധക്യകാലം മുഴുവൻ ചെലവഴിച്ചത് പുനരൈക്കപ്പെട്ട ജർമനിയുടെ തെക്ക് കിഴക്കൻ സംസ്ഥാനമായ ബവേറിയ സംസ്ഥാനത്തിലെ "സ്ലീയർസെയിൽ" ആയിരുന്നു. എണ്‍പത്തി രണ്ടാം വയസ്സിൽ 2008 ഓഗസ്റ്റ് 21-ന് വ്യാഴാഴ്ച അദ്ദേഹം നിര്യാതനായി. ചരിത്രത്തിൽ ആയിരമായിരം ജർമൻ ജനതയുടെ കതിരുകാണാസ്വപ്‌നങ്ങൾ സഫലമാക്കി സ്വാതന്ത്ര്യത്തിന്റെ മധുരം പകർന്നു സമ്മാനിച്ച അദ്ദേഹം, എന്തെങ്കിലും ജീവിതത്തിൽ സ്വന്തമാക്കിയത് പ്രതീക്ഷിച്ച അതിർത്തിയില്ലാത്ത സ്വാതന്ത്ര്യത്തിന്റെ നിത്യതയിലേയ്ക്കു മറഞ്ഞു കഴിഞ്ഞപ്പോൾ ആയിരുന്നു. /gk.
ധ്രുവദീപ്തി-E-mail: dhruwadeepti@gmail.com
http://dhruwadeepti.blogspot.de/
--------------------------------------------------------------------------------
Keine Kommentare:
Kommentar veröffentlichen
Hinweis: Nur ein Mitglied dieses Blogs kann Kommentare posten.