Donnerstag, 26. Dezember 2013

ധ്രുവദീപ്തി// കവിത // യവനിക നീങ്ങിയപ്പോൾ // Nandini Varghese

Nandhini Varghese
ധ്രുവദീപ്തി// കവിത // 


യവനിക നീങ്ങിയപ്പോൾ //  


 നന്ദിനി വർഗീസ് 


കത്തിയെരിയുന്ന തിരി തന്‍ വെളിച്ചത്തില്‍
ആ മുഖത്തേയ്ക്ക് ഞാന്‍ ഉറ്റു നോക്കി
കൈകള്‍ വിറച്ചു , ആ ചെറു കടലാസ് 
താഴെ വീണെങ്ങോ  പറന്നു പോയി
                 
               മാഞ്ഞില്ല  ആ മുഖം മനസ്സിന്‍ മടിത്തട്ടില്‍ 
               ആഴത്തിലങ്ങു  പതിഞ്ഞു  പോയി  
               ആരായിരുന്നത് ഉറക്കെ ചിന്തിച്ചു ഞാന്‍
               എന്നോട്  തന്നെ  പറഞ്ഞു  നോക്കി 

യേശു    എന്നേശു   മറ്റാരെയേക്കാളും
എന്നെ  സ്നേഹിക്കുന്ന ആത്മനാഥന്‍
പീഡ സഹിച്ചു മരിച്ചു മൂന്നാം നാള്‍
ഉയിര്‍ത്തെഴുന്നേറ്റയെന്‍ എന്‍ യേശുനാഥന്‍ 

                ഒത്തിരിയൊത്തിരി ഓര്‍മകള്‍ പിന്നെയും
                എന്‍  മനതാരില്‍ തെളിഞ്ഞു വന്നു
                ഓര്‍ത്തു ഞാന്‍ ആ സ്നേഹം ഉള്ളില്‍ പതിയവെ
                കാലത്തിലേയ്ക്ക്  തിരിഞ്ഞു നോക്കി


"ആദിയില്‍ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു .ഭൂമി  രൂപരഹിതവും  ശൂന്യവുമായിരുന്നു. ആഴത്തിന് മുകളില്‍ അന്ധകാരം വ്യാപിച്ചിരുന്നു. ദൈവത്തിന്‍ ചൈതന്യം വെള്ളത്തിനു മേല്‍ ചലിച്ചു
കൊണ്ടിരുന്നു ..."


                 ചൈതന്യ ശ്രോതസാം ദൈവമാം കര്‍ത്താവു
                 നന്മയും തിന്മയും വേര്‍തിരിച്ചു
                  ഇരുളില്‍ പ്രകാശം കടന്നു വന്നു
                  സ്വച്ഛായയില്‍ മര്‍ത്യനെ മെനഞ്ഞെടുത്തു .
സൗഭാഗ്യ പൂര്‍ണ്ണമാം ജീവിതം സിദ്ധിച്ച
സൃഷ്ടിയാം മര്‍ത്യനോ സൃഷ്ടാവിനെ
ധിക്കരിച്ചന്യനായ് അപരാധിയായ്
ലജ്ജിച്ചു തലതാഴ്ത്തി നിന്ന് പോയി

                   സ്വച്ഛന്ത സുന്ദരമായൊരാ ജീവിതം
                   സ്വാര്‍ത്ഥത മൂലം വെടിഞ്ഞു മര്‍ത്യന്‍
                   സ്വന്തം വിയര്‍പ്പുകൊണ്ടപ്പം ഭക്ഷിച്ചവന്‍
                   മണ്ണോടു മണ്ണായി തീര്‍ന്നിടുന്നു

എങ്കിലും  കര്‍ത്താവ്  തന്നുടെ  മക്കളെ 
സ്നേഹിച്ചു  വീണ്ടും  അരുമയോടെ 
പാപിയെ  സ്നേഹിച്ചു  പാപം പൊറുത്തു 
സ്നേഹത്തിന്‍  ഉറവയാം  നല്ല ദൈവം

           കര്‍ത്താവ്  തന്നുടെ വാത്സല്യ മക്കള്‍ക്ക്‌
           കാനാന്‍ ദേശം ഒരുക്കിടുന്നു
           അബ്രഹാം ഇസഹാക്ക് യാകോബ് വഴിയായി
           ഇസ്രേല്‍ ജനത്തെ നയിച്ചിടുന്നു

ദൈവമാം കര്‍ത്താവ് തന്നുടെ സ്നേഹം
തന്‍ മക്കള്‍ക്ക്‌ വീണ്ടും വെളിപ്പെടുത്തി
പത്തു പ്രമാണങ്ങള്‍ നല്‍കിടുന്നു
നേര്‍വഴിക്കവരെ നയിച്ചിടുന്നു

         കാലത്തിന്‍ യവനികയ്ക്കുള്ളില്‍ മറയുന്നു
         മോശയും ജോഷ്വയും രാജാക്കളും
         എസ്രാ  നെഹമിയ   തോബിത്ത്  യൂദിത്ത് 
         സഹനത്തിന്‍  മാതൃകയായ  ജോബും  

പിന്നെയും പിന്നെയും ഓരോന്നുമോര്‍ത്തോര്‍ത്തു
തെല്ലിടെ ഞാനങ്ങിരുന്നിടുമ്പോള്‍
തപ്പുകള്‍ കൊട്ടുന്നു തംബുരു മീട്ടുന്നു
ആത്മാവില്‍ നിറയുന്നു സങ്കിര്‍ത്തനം


           തങ്ങളെ  സൃഷ്ട്ടിച്ച   സ്വര്‍ഗീയ താതനെ
           സൃഷ്ട്ടിയാം  മര്‍ത്യന്‍  അവഗണിച്ചു    
           സൃഷ്ട്ട വസ്തുക്കളെ  കുമ്പിടുന്നു 
           ആ  നല് പിതാവിനെ മറന്നിടുന്നു 

തിന്മ  പെരുകുന്നു  വഞ്ചന നിറയുന്നു 
പത്തു   പ്രമാണങ്ങള്‍   മറന്നിടുന്നു   
പാപത്തിന്‍ കുഴിയില്‍  അകപ്പെടുന്നു
സാത്താന്‍ തന്‍  പിടിയില്‍ അമര്ന്നിടുന്നു 

              തന്നെ  മറക്കുന്ന, തന്നെ  വെറുക്കുന്ന  
               നന്ദിയില്ലാത്ത ജനതയിന്മേല്‍
              കര്‍ത്താവ് വീണ്ടും തന്‍ കാരുണ്യം വര്‍ഷിച്ചു
              തന്നേകജാതനെ നല്‍കിയവന്‍

യേശു    എന്നേശു   മറ്റാരെയേക്കാളും
എന്നെ  സ്നേഹിക്കുന്ന ആത്മനാഥന്‍
പീഡ സഹിച്ചു മരിച്ചു മൂന്നാം നാള്‍
ഉയിര്‍ത്തെഴുന്നേറ്റയെന്‍ എന്‍ യേശുനാഥന്‍ 

സ്വര്‍ഗീയതാതന്‍ തന്‍ ദൂതുമായി ഗബ്രിയേല്‍
 മറിയത്തിന്‍  ഭവനത്തില്‍   എത്തി വേഗം
നന്മ നിറഞ്ഞൊരാ കര്‍ത്താവിന്‍ ദാസിയെ 
അമ്മയായ് ദൈവം തിരഞ്ഞെടുത്തു


രണ്ടായിരം കൊല്ലം മുമ്പ് ജെറുസലേം
കാലിത്തൊഴുത്തില്‍ പിറന്നു വീണു
പാപിയെ സ്നേഹിച്ചു വീണ്ടെടുത്തീടുവാന്‍
മര്‍ത്യനായ്  ഭൂമിയില്‍  ദൈവപുത്രന്‍

                കാലം  കടന്നു  പോയി ആ ദൈവപൈതല്‍
                തിരുക്കുടുംബത്തിന്‍  പ്രകാശമായി    
                സകല  ജ്ഞാനത്തിലും ഒന്നാമനായി  അവന്‍ 
                നിത്യ ജീവന്റ്റെ   ഉറവയായി  

പാവനാത്മവിനാല്‍  പൂരിതനാകുവാന്‍ 
യോര്‍ദ്ദനാന്‍      തീരത്ത്‌ വന്നു നാഥന്‍ 
സ്വര്‍ഗം  തുറന്നു   കപോതമായ്      ആത്മാവ്
ചാരത്തണഞ്ഞു  തിരുസുതന്റ്റെ


           ആതമാവാല്‍ പ്രേരിതനായിട്ടു തമ്പുരാന്‍
           മരുഭൂമിയിലേയ്ക്ക് ചെന്നിടുന്നു
           രാവും പകലും ഉപവസിച്ചു
           സാത്താന്റ്റെ തന്ത്രത്തെ തച്ചുടച്ചു

അമ്മ തന്‍ ഓമനപുത്രനായ്  വാണവന്‍
അമ്മയുമൊന്നിച്ചു അന്നൊരുനാള്‍
കാനായില്‍ വച്ച് വിരുന്നു തന്‍ വേളയില്‍
വെള്ളം വീഞ്ഞാക്കി ദൈവപുത്രന്‍

            മരണത്തിന്‍ നിഴല്‍ വീണ താഴ്വര തന്നിലെ
            ജീവന്റ്റെ സ്രോതസായി പോന്നു നാഥന്‍
            നിത്യജീവന്റ്റെ പരിമളമായി അവന്‍
            അന്ധകാരത്തില്‍ പ്രകാശമായി

ആ പ്രകാശത്തിന്‍   കിരണങ്ങളാകുവാന്‍ 
ശിഷ്യ ഗണത്തെ തിരഞ്ഞെടുത്തു 
അജ്ഞരായുള്ളോരു   മുക്കുവരിലേയ്ക്ക്  
വിജ്ഞാനമായി    കടന്നു നാഥന്‍ 

             അന്ധനു  കാഴ്ചയും  ചെകിടന് കേള്‍വിയും
             കുഷ്ഠ രോഗികള്‍ക്ക് സൗഖ്യവുമായ്
              വചനം പ്രസംഗിച്ചു കടന്നു പോയി  നാഥന്‍
              വഴിയും സത്യവും ജീവനുമായി

ദൈവത്തിന്‍ ന്യായസനത്തിനു മുമ്പാകെ
നീതിമാന്മാരായി  നിന്നീടുവാന്‍
മര്‍ത്യഗണത്തെ ഒരുക്കി നാഥന്‍
വചനത്തിന്‍  ദീപമായ്  യേശുനാഥന്‍

           സ്വര്‍ഗീയതാതന്റ്റെ   ഓമനപുത്രനെ
           സ്വാര്‍ത്ഥരാം മര്‍ത്യര്‍ അവഗണിച്ചു
           ഒറ്റി ക്കൊടുത്തവന്‍  തന്നുടെ ഗുരുവിനെ
           തള്ളിപ്പറയുന്നു   പ്രിയ ശിഷ്യര്‍

തന്നുടെ വാത്സല്യ മക്കടെ പാപങ്ങള്‍
എ ല്ലാം ചുമന്നു നടന്നു നാഥന്‍
കാല്‍വരിയിലേയ്ക്ക് ചെന്നിടുന്നു 
യാഗമായി  തീരുന്നു  പൊന്നുതാതന്‍ 

          ഞെട്ടി ത്തെറിച്ചു ഞാന്‍  ഓര്‍മകള്‍ മുറിയവെ
          ദു : ഖമാം  ആഴിയില്‍  ആണ്ടു പോയി 
          എന്തിനാണെന്തി നാണെന്‍ പ്രിയ താതനെ 
          കുരിശില്‍  തറച്ചത്  ചോദിച്ചു പോയി  

മായാത്ത ആ മുഖം മനസ്സില്‍ പതിഞ്ഞുടന്‍
എന്നോട് ചൊല്ലി അരുമയായി
"പാപിയാം മര്‍ത്യനെ വീണ്ടെടുത്തീടുവാന്‍
കുരിശില്‍ മരിച്ചു ഞാന്‍ കുഞ്ഞോമനേ "

          
          യേശു    എന്നേശു   മറ്റാരെയേക്കാളും
          എന്നെ  സ്നേഹിക്കുന്ന ആത്മനാഥന്‍
          പീഡ സഹിച്ചു മരിച്ചു മൂന്നാം നാള്‍
          ഉയിര്‍ത്തെഴുന്നേറ്റയെന്‍ എന്‍ യേശുനാഥന്‍ 
                                                
യേശു മരിച്ചു ......          
ഭൂമി വിറച്ചു ......
സൂര്യന്‍  ഇരുണ്ടു.....
പാറ പിളര്‍ന്നു ........

             ദേവാലയത്തിന്‍ തിരശീല രണ്ടായി
             മുകള്‍ മുതല്‍  താഴേയ്ക്ക് കീറിടുന്നു
             മാനവരാശി തന്‍ വീണ്ടെടുപ്പിനായ്
             യാഗമായി ഭൂമിയില്‍ ദൈവപുത്രന്‍



ആ സ്നേഹമോര്‍ത്തോര്‍ത്തു പിന്നെയും  പിന്നെയും
എന്‍ മനമാകെ തുടിച്ചിടുന്നു
സ്നേഹിച്ചു    സ്നേഹിച്ചു പാപിയാം മര്‍ത്യനെ 
വീണ്ടെടുത്തീടുന്നു    യേശു  നാഥന്‍  

            സ്നേഹമാം തമ്പുരാന്‍ പിന്നെയും തന്നുടെ
            മക്കള്‍ക്ക്‌ നല്‍കി സഹായകനെ
            അഗ്നിനാളങ്ങളായി കടന്നു വന്നു
            പാവനത്മാവിനാല്‍ പൂരിതരായ്
            

ആത്മാവാല്‍ നിറയുവാന്‍ .......
വീണ്ടും ജനിക്കുവാന്‍......
സ്വര്‍ഗ്ഗ രാജ്യത്തില്‍   പ്രവേശിക്കുവാന്‍ .......
കാത്തിരിക്കുന്നു  ഞാന്‍ യേശുനാഥാ....... 
കനിവോടെ എന്നെ  നീ കാണണമേ.......



നന്ദിനി

Keine Kommentare:

Kommentar veröffentlichen

Hinweis: Nur ein Mitglied dieses Blogs kann Kommentare posten.