Mittwoch, 16. Oktober 2013

ധ്രുവദീപ്തി // Christianity // വി.അൽഫോൻസാമ്മ // മറ്റുള്ളവരുടെ രോഗവും കഷ്ടതകളും ദൈവത്തോട് ചോദിച്ചു വാങ്ങിയ ജീവിതം. Sr.Cicily Mathew S.C.C

ധ്രുവദീപ്തി // Christianity // 



വി. അൽഫോൻസാമ്മ 


മറ്റുള്ളവരുടെ രോഗവും കഷ്ടതകളും ദൈവത്തോട് ചോദിച്ചു വാങ്ങിയ 
ജീവിതം. 


Sr. Cicily Mathew S. C. C

-കഴിഞ്ഞ നൂറ്റാണ്ടിൽ ഭാരതീയ ക്രിസ്ത്യൻ സമൂഹത്തെ മുഴുവൻ ഇത്രയേറെ ആകർഷിച്ച പുണ്യവതിയായി അവരോധിക്കപ്പെട്ട ഒരു വ്യക്തിയുടെ ജീവിതം കടുത്ത ജീവിതാനുഭവങ്ങൾക്കും രോഗവും ദുസ്സഹവും തീവ്രവുമായ വേദനകൾക്കുമിടയിലാണ് എരിഞ്ഞു നിന്നതെന്ന് ഇവടെ ലേഖിക ചൂണ്ടിക്കാണിക്കുന്നു.-(ധ്രുവദീപ്തി) 


എത്ര തെളിഞ്ഞ സന്തോഷവും സ്വയം സംതൃപ്തിയും ആർജ്ജവവുമുള്ള ഹൃദയത്തിന്റെ നൈർമ്മല്യതയും സ്നേഹത്തിന്റെ ശൈലിയും നിറഞ്ഞ ജീവിതം! ജീവിതം പ്രഭാപ്രസരണ കേന്ദ്രമായി മാറിയതാണ്, അന്നക്കുട്ടിയെന്ന  ഓമനപ്പേരിൽ വിളിക്കപ്പെട്ട അൽഫോൻസാമ്മയുടെ ജീവിതം.


 Sr. Cicily Mathew
Eruppakkattu, superior, 
Holy crossconvent, 
  Mannackanadu, Kottayam.
ലോകം മുഴുവൻ ശ്രദ്ധിക്കപ്പെടുന്ന ഒരു ഗ്രാമമാണ് കോട്ടയത്തിനടുത്തുള്ള പുത്തൻ ചിറ (കുടമാളൂർ) ഗ്രാമവും, മുട്ടത്തുപാടത്ത് വീടും. ഇവിടെയാണ്, അവുസേപ്പ്‌-മേരി ദമ്പതികളുടെ മകളായി അന്നക്കുട്ടി 1910 ആഗസ്റ്റ് 19-നു ജനിച്ചത്‌. നെൽപ്പാടങ്ങളും തെങ്ങിൻതോപ്പുകളും ചേനയും ചേമ്പും മരച്ചീനിയും കുരുമുളകുചെടികളും നിറഞ്ഞ പച്ചപ്പുള്ള മനോഹരമായ  ഗ്രാമത്തിലെ പരമ്പരാഗത പ്രമുഖ ക്രിസ്തീയ കുടുംബമായ മുട്ടത്തുപാടത്ത് വീട്ടിൽ ഓടിനടന്നു അന്നക്കുട്ടി വളർന്നു. അപ്പച്ചനും വല്യമ്മച്ചിയും, അമ്മയെപ്പോലെ ആദരിച്ച മുരിക്കലെ അന്നമ്മ ഇളയമ്മയും ഒക്കെ ഇടത്തും വലത്തും അമ്മയില്ലാതെ വളർന്നു തുടങ്ങിയ അന്നക്കുട്ടിക്ക് സ്നേഹം പങ്കിട്ടവരായി. സ്നേഹം പങ്കിട്ടത് മാത്രമായിരുന്നില്ല, അവരുടെ സ്നേഹത്തിൽ ഇശോയോടും മാതാവിനോടുമുള്ള അതിരറ്റ സ്നേഹഭക്തിയിൽ വളർന്നു. ചെറു പ്രായത്തിൽത്തന്നെ അവൾ പ്രാർത്ഥനകൾ മുഴുവൻ മന:പാഠമാക്കി. ഈശോയ്ക്ക് തന്നെത്തന്നെ സമർപ്പിച്ചു അവൾ പ്രാർത്ഥിച്ചിരുന്നു.




Bharananganam


അന്നക്കുട്ടി അതിസുന്ദരിയായിരുന്നു. അവളുടെ സവിശേഷമായ സ്വഭാവഗുണങ്ങൾ മറ്റുള്ളവരെ അവളിലേയ്ക്ക് അതിവേഗത്തിൽ അടുപ്പിച്ചു. അന്നക്കുട്ടിയുടെ ജനനശേഷം പൊടുംന്നെനെ നാളുകൾക്കകം മുട്ടത്തുപാടത്തുവീട് തീരാദു:ഖത്തിലായിരുന്നല്ലോ. സ്വന്തം അപ്പച്ചന്റെ കൈയ്യിലേയ്ക്കു മകളെ ഏൽപ്പിച്ച്, രോഗിയായിത്തീർന്നിരുന്ന അമ്മയുടെ നിത്യവേർപാട് ഒരുപക്ഷെ അവൾ അറിഞ്ഞിരിക്കുമോ? അമ്മയില്ലാതെ വളർന്നുവരുന്ന അന്നക്കുട്ടിക്കു സ്നേഹം നൽകിയ അന്നമ്മ ഇളയമ്മ അവൾക്ക് അമ്മയായി മാറി. "അമ്മ" എന്ന് ഇളയമ്മയെ സ്നേഹപൂർവം അവൾ വിളിച്ചു.

അപ്പൻ ആദ്യം അന്ന്  തീർത്തും എതിർത്തു നോക്കി. ഒടുവിൽ ഇളയമ്മയുടെ നിർബന്ധത്തിനും വല്യമ്മയുടെ സമ്മതത്തിനും മുമ്പിൽ അപ്പൻ കീഴടങ്ങി. വളരെ വൈകാതെ തന്നെ അന്നക്കുട്ടിയെ മനസ്സില്ലാമനസ്സോടെ വിട്ടുകൊടുത്ത് ഇളയമ്മയുടെ കൂടെ അയച്ചു. മുരിക്കലെ  ഇളയമ്മയുടെ കൂടെയുള്ള സന്തോഷകരമായ ജീവിതം അവൾക്ക് പുതിയ ഉണർവും ആവേശവും പകർന്നു. അവിടെ അന്നക്കുട്ടിക്ക് ഒരു അമ്മയുടെതായ യാതൊരു കുറവും വരാതെ ഓമനിച്ചു വളർത്തുന്നതിൽ ഇളയമ്മയും വല്യപ്പച്ചനും ഏറെയേറെ ശദ്ധിച്ചു. പെണ്‍മക്കളില്ലാത്ത വിഷമം നീറുന്ന ഇളയമ്മ അന്നക്കുട്ടിയെ ഒരമ്മ കൊടുക്കുന്ന സ്നേഹത്തിനു മാറ്റു കുറയാതെ രാജകുമാരിക്ക് തുല്യമായി സ്നേഹിച്ചു.

സ്വർണ്ണാഭരണങ്ങൾ കഴുത്തിലും കാതിലും അണിയിച്ചു. ആ സൌന്ദര്യം നോക്കിനിന്ന് ആ ഇളയമ്മ സന്തോഷിച്ചു കാണും. അന്നക്കുട്ടിക്ക് അതിഷ്ഠമായിയെന്നു ആ അമ്മ കരുതിക്കാണും. അതുപക്ഷെ, അവൾക്ക് പകർന്നു കിട്ടിയ സ്നേഹവും അണിയിച്ചു കിട്ടിയ സ്വർണ്ണ മാലകളും ആഭരണങ്ങളും ഉണ്ടാക്കിയ താൽക്കാലിക ഭൌതിക സൌന്ദര്യത്തേക്കാൾ ഉപരിയായി അവൾക്ക് അപ്പച്ചനിലൂടെയും ആ അമ്മയിലൂടെയും പകർന്നു കിട്ടിയ ആത്മീയ സൌന്ദര്യം എപ്പോഴും കാത്തുസൂക്ഷിച്ച്  ഇശോയിലേയ്ക്കു കൂടുതൽ അടുത്തു.

അന്നക്കുട്ടിയുടെ എല്ലാവിധ കാര്യങ്ങളിലും മുഴുവൻ നിയന്ത്രണങ്ങളും ഇളയമ്മയുടെ മേൽനോട്ടത്തിൽ തന്നെ; വീട്ടിൽ മാത്രമായിരുന്നില്ല, പള്ളിയിലും സ്കൂളിലും, അമ്മയില്ലായെന്ന ഒരു ചിന്തകൾക്കും അവിടെ സ്ഥാനമില്ല. ഒരു നല്ല അച്ചടക്കം രൂപപ്പെടുത്തുന്നതിൽ ഏറ്റവും ഉത്തമ ക്രമം ഉണ്ടായിരുന്നു. അതുപക്ഷെ ഈ കഠിനമായ "നക്ഷത്ര ഡിസിപ്ലിൻ" അന്നക്കുട്ടിയെ വിഷമിപ്പിച്ചിട്ടുണ്ടാകും. ഒരിക്കൽ ഇതേക്കുറിച്ച് അൽഫോൻസാമ്മ വിവരിച്ചത് ഇങ്ങനെ: 

"Even for the slightest shortcomings my mother used to chide me severely. I was not able even to justify myself. I was not allowed... but for one or two exceptions... to talk to anybody in school, or to look around me on my way there... Nor did I talk to anybody... I used to tremble with fear... Maybe, it was because I had lost my own mother that I was  so much afraid... If I tried to excuse or justify myself when my mother scolded me, that was considered criminal on my part..she taught me to be very careful and disciplined. All the same she loved me intensely." (Book-Blessed Alphonsa)

അന്നക്കുട്ടിക്ക് ചെറുപ്പം മുതൽ F.C.C. സഭാ സന്യാസിനികളുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുവാൻ കഴിഞ്ഞിരുന്നു. അത് അവളെ അതിലേയ്ക്ക് കൂടുതൽ ആകർഷിക്കുകയും ചെയ്തിരുന്നു. സന്യാസജീവിതത്തെ ആകർഷിച്ച ഈ തിരിച്ചറിവു അവളെ ഒരു കന്യാസ്ത്രിയായി ഈശോയ്ക്ക് വേണ്ടി ജീവിക്കുവാൻ പ്രേരിപ്പിച്ചു. അൽഫോൻസാമ്മയുടെ ജീവിതാഭിലാഷം അതായിരുന്നു. അത് നിറവേറാൻ അവൾ നിത്യം ആഗ്രഹിച്ചു, പ്രാർത്ഥിച്ചു- "Help me to become the most beloved bride of of our lord. I openly acknowledge my own helplessness." (letter of St .Alfonsa, 10.5.1945) അതുപക്ഷെ, പരീക്ഷണങ്ങൾ ഒന്നൊന്നിനു അവളിലേയ്ക്ക് കൂടുതൽ ശക്തമായിരുന്നു. യുവപ്രായത്തിലെത്തിയ അന്നക്കുട്ടിയുടെ സൌന്ദര്യം. അവളെ ഭാര്യയായി സ്വീകരിക്കാൻ ആകൃഷ്ടരായ പലരും വിവാഹ ആലോചനകളുമായി കുടുംബത്തെ സമീപിച്ചു.

ഇങ്ങനെയൊക്കെയാണല്ലോ നാട്ടാചാരം. അതിനാൽ വീട്ടുകാർ അവളുടെ വിവാഹാലോചനകളേക്കുറിച്ചു ചിന്തിച്ചു തുടങ്ങി. എന്നാൽ അന്നക്കുട്ടി ഒരിക്കലും വിവാഹത്തിനു സമ്മതിച്ചില്ല. "എനിക്ക് വിവാഹം വേണ്ട." അവൾ തന്റെ ആഗ്രഹം അപ്പനെ അറിയിച്ചു. എന്നാൽ ഇളയമ്മ പൂർണ്ണമായ വിയോജിപ്പ് പ്രകടിപ്പിച്ചത് മാത്രമല്ല, സ്വന്തനിലയ്ക്ക് അന്നക്കുട്ടിയുടെ കല്യാണം ഉറപ്പിക്കുകയും ചെയ്തു.

ദാമ്പത്യജീവിതത്തിലെ മനോഹരമായ സൂര്ര്യകാന്തിപ്പൂക്കൾക്കായി അവൾ മനക്കോട്ട കെട്ടിയില്ലായിരിക്കും.  ഒരുപക്ഷെ ആ പൂവു വിരിയുന്നത് ചാരക്കൂട്ടിൽ എരിഞെരിഞ്ഞു തീരുന്ന ഉമികൂമ്പാരത്തിൽ ആയിരിക്കയില്ലേ? അതെ എന്റെ ഈ ഭൌതിക ശരീരത്തിൽ. എന്നെ വേട്ടയാടാനൊരുങ്ങുന്ന ദാമ്പത്യജീവിതത്തെ  നിരാകരിക്കാൻ ഈ ഉമി കൂമ്പാരത്തിൽ എരിയുന്ന സ്നേഹാഗ്നിക്ക് പോരുമല്ലോ?

അന്നക്കുട്ടിയുടെ മനസ്സ് പതറിയില്ല. ഒരു വിവാഹത്തിന്റെ നന്മയിലെ സുഖങ്ങളെപ്പറ്റിയുള്ള ആഹ്ലാദ ചിന്തകളോ, ദു:ഖങ്ങളെപ്പറ്റിയുള്ള ആകുലചിന്തകളോ അവളെ തളർത്തിയില്ല. ജനിച്ചപ്പോൾ മുതൽ തുടങ്ങിയ അനുഭവങ്ങൾ നൽകിയ പക്വത അവളെ ഏതാണ്ട് അചഞ്ചല ചിത്തയാക്കിയിരുന്നു. ജന്മം നൽകിയ പ്രിയ അമ്മയുടെ മരണം, പ്രിയപ്പെട്ട അപ്പന്റെ സ്നേഹവും നിസ്സഹായതയും, നാല് വയസു മുതൽ തുടങ്ങിയ രോഗപീഡകൾ, മറ്റു ദൈനംദിന അനുഭവങ്ങൾ, ഇപ്പോൾ ഇതിനെയെല്ലാം അതിജീവിക്കുന്ന തനിക്കു ചുമലിൽ ഏറ്റുവാങ്ങാൻ നിർബന്ധിതയാകുന്ന വിവാഹാലോചനകൾ. ഇവയൊന്നും സ്വർണ്ണത്തിനു സുഗന്ധം പോലെയാവുകയില്ല.

വൈവിദ്ധ്യം നിറഞ്ഞ ഈ ലോകജീവിതത്തിൽ ഗുണഘടനയനുസരിച്ചു ഏതെല്ലാം മനോഭാവവും ജീവിതലക്ഷ്യവും എന്തോക്കെയാവട്ടെ, പരമസത്യം കണ്ടെത്താനുള്ള മാർഗ്ഗങ്ങൾ കാണിച്ചു തരുന്നുണ്ട്. ആത്മീയ ജീവിതതത്വം അന്വേഷിക്കുന്നതിലും കണ്ടെത്തുന്നതിലും അൽഫോൻസാമ്മയെപ്പോലെയുള്ള വിവേകമതിക്ക് ബോദ്ധ്യമുണ്ടായിരുന്നു; ഒരു ദാമ്പത്യജീവിതം ത്യജിക്കുന്നതിനും ജീവിതത്തിന്റെ വൈകാരിക മുഹൂർത്തങ്ങളെ അഭിമുഖീകരിക്കുവാനും അവൾക്ക് കഴിയുമായിരുന്നു. അവളുടെ തീക്ഷ്ണവും വ്യക്തവുമായ ഉറച്ച തീരുമാനവും ലക്ഷ്യവും അപ്പനെയും ഇളയമ്മയെയും അറിയിച്ചു. അവളുടെ നിർബന്ധത്തിനു അവർ വഴങ്ങി. അങ്ങനെ, ഭരണങ്ങാനത്ത് ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷനിൽ അംഗമായി. അന്നക്കുട്ടിയുടെ ജീവിതാഗ്രഹമനുസരിച്ച് ഈശോയെപ്രതി മൂന്ന് വ്രുതങ്ങളെ സ്വീകരിച്ചു ഈശോയുടെ മണവാട്ടിയായി അൽഫോൻസ എന്ന നാമം അവൾ സ്വീകരിച്ചു.


Tomb of Saint Alphonsa
ആത്മീയ ജീവിതം ജീവിതപരിപൂർണ്ണതയുടെ ഭാരം ചുമലിൽ ഏറ്റു വാങ്ങുകയാണല്ലോ. ഏതു ജീവിതാന്തസ്സു തെരഞ്ഞെടുക്കുമ്പോഴും ഈ ഏറ്റുവാങ്ങലുകൾ ഉണ്ടാകുന്നു. ആത്മീയ ജീവിതത്തിന്റെ അന്തസത്തയാണ് ഈ ഏറ്റു വാങ്ങലിൽ അൽഫോൻസാമ്മ സ്വീകരിച്ചത്. പല ജീവിതക്രമങ്ങളും വിട്ടുകളയുകയും എന്നാൽ ചിലത് കൂട്ടിച്ചേർക്കുകയും ചെയ്യപ്പെടെണ്ടതാണ്.

കന്യാസ്ത്രി മഠത്തിന്റെ ചുമരുകൾക്കുള്ളിൽ കാത്തിരുന്നു അവളെ സ്വീകരിച്ചത് ഈശോയുടെ കുരിശിന്റെ വഴികളിലെ സഹനത്തിന്റെ മുൾക്കിരീടങ്ങൾ തന്നെ. സഹ സഹോദരികളുടെ അറിവില്ലായ്മയുടെ പലവിധ ദുഷിച്ച ആരോപണങ്ങളും ഉപദ്രവങ്ങളും കൂടെക്കൂടെ അലട്ടിയിരുന്ന രോഗങ്ങളും അവളെ ക്ലേശിപ്പിച്ചു. രോഗം മൂർച്ചിക്കുമ്പോൾ പാരവശ്യം അവളെ നിരന്തരം അലട്ടിയിരുന്നു. അപ്പോഴെല്ലാം
അവൾക്കാകെ പിന്തുണയായി ഉണ്ടായിരുന്നത് അവളുടെ സുപ്പീരിയർ ഉർസുലാമ്മയായിരുന്നു. ആത്മീയ ശാക്തീകരണത്തിന് ബാഹ്യചിന്തകളെ ഉപജീവിക്കുവാനും ആത്മീയ മൗലീകത നഷ്ടമാകാതിരിക്കാനും അൽഫൊൻസാമ്മയ്ക്കു കഴിഞ്ഞു.

ഇതിനെ ഒന്നുകൂടി ബലപ്പെടുത്തുന്ന തെളിവാണ്, കടുത്ത രോഗങ്ങൾ ക്കിടയിലും സ്കൂളിൽ അദ്ധ്യാപികയായി സേവനം അനുഷ്ടിച്ചിരുന്നത്. അവൾ കുട്ടികളുടെ ചങ്ങാതിയായിരുന്നു. തന്റെ സ്നേഹത്തിലൂടെ അവരെക്കൂടി പ്രാർത്ഥനകളും ഗാനങ്ങളും പഠിപ്പിച്ച് അവരെയും യേശുവിലേയ്ക്ക് അടുപ്പിച്ചു. തന്റെ എല്ലാ വേദനകളിലും നാഥനായ യേശുവിന്റെ ക്രൂശിത രൂപത്തിൽ അർപ്പിച്ചു ആശ്രയം കണ്ടെത്തി.

മറ്റുള്ളവരുടെ രോഗങ്ങൾ ഈശോയിൽ നിന്നും സ്വയം  ചോദിച്ചു വാങ്ങി സ്വീകരിച്ച് അവർക്ക് രോഗശാന്തി നൽകി സഹായിക്കുന്നതിൽ അൽഫോൻസാമ്മ ആനന്ദം കണ്ടത്തി. രോഗം വരുമ്പോൾ ഭക്ഷണം കഴിക്കുവാനും മരുന്ന് കഴിക്കുവാനും ശർദ്ദി മൂലം കഴിഞ്ഞിരുന്നില്ല. ഏറെ അവളെ നിരാശപ്പെടുത്തിയതിതാണ്, വിശുദ്ധ കുർബാന ഒരാഴ്ചയിൽ ഒരുദിവസം മാത്രമേ സ്വീകരിക്കാൻ അനുവാദം ഉണ്ടായിരുന്നുള്ളൂ. "എന്റെ നാഥൻ ഇല്ലാതെ എനിക്ക് എങ്ങനെ ജീവിക്കാൻ കഴിയും?" -ഇതായിരുന്നു അൽഫോൻസാമ്മയുടെ വലിയ പരാതി. പ്രാർത്ഥനയിൽ ആയിരിക്കുമ്പോൾ പല പ്രാവശ്യം ഈശോ അവളെ സ്പർശിച്ചു സഹിക്കുവാനുള്ള ശക്തി നൽകി.

മരിക്കുന്നതിനു ഒരു മൂന്നാഴ്ച മുമ്പ് കോണ്‍ഗ്രിഗേഷന്റെ മദർ ജനറലിനോട് അൽഫോൻസാമ്മ നിർബന്ധമായി പറയുകയാണ്‌- "Pass on to me your sufferings. Am I not, in any case, a child of sufferings? It is a source of joy and peace to me." സന്തോഷത്തോടെ സഹനത്യാഗം ചെയ്യുവാൻ മറ്റുള്ളവരെ എപ്പോഴും അൽഫോൻസാമ്മ പ്രോത്സാഹിപ്പിച്ചിരുന്നു. 2008 ഒക്ടോബർ 12-ന് വാഴ്ത്തപ്പെട്ട അൽഫോൻസാമ്മയെ ബനഡിക്റ്റ് പതിനാറാമൻ മാർപാപ്പ വിശുദ്ധയായി പ്രഖ്യാപിച്ചപ്പോഴും ഈ സന്ദേശമായിരുന്നു ലോകത്തോടും അറിയിക്കാനുണ്ടായിരുന്നത്.//-
--------------------------------------------------------------------------------------------------------------------

1 Kommentar:

Hinweis: Nur ein Mitglied dieses Blogs kann Kommentare posten.