Montag, 26. April 2021

ധ്രുവദീപ്തി // Politics // കെ. സി. സെബാസ്റ്റ്യൻ ഒരു രാഷ്ട്രീയ പ്രവർത്തകൻ // സ്മരണകൾ // ഷെവ. കെ. സി. ചാക്കോ


  കെ. സി. സെബാസ്റ്റ്യൻ ഒരു രാഷ്ട്രീയ പ്രവർത്തകൻ // സ്മരണകൾ // 

ഷെവ. കെ. സി. ചാക്കോ.

(ആയിരത്തിത്തൊള്ളായിരത്തി അറുപതുകളിലെ കേരളരാഷ്ട്രീയ സംഭവങ്ങൾ എപ്രകാരമായിരുന്നുവെന്ന ഒരു തിരിഞ്ഞുനോട്ടമാണ് ഈ  ലേഖനത്തിലൂടെ പത്രപ്രവർത്തകനും രാഷ്ട്രീയക്കാരനുമായിരുന്ന Late ശ്രീ കെ.സി. സെബാസ്റ്റ്യൻ തന്റെ ലേഖനത്തിൽ സമർപ്പിച്ചിരുന്നത്.  അറുപത്തിയൊന്നു വർഷങ്ങൾക്ക് മുമ്പിലുള്ള കേരളരാഷ്ട്രീയത്തെപ്പറ്റി ആകർഷകമായ ചില  വിവരണം.  വായനക്കാർക്ക് ആശംസകൾ. // -ധ്രുവദീപ്തി-)


(കഴിഞ്ഞ നിയമസഭ) 

(ദീപിക - Nov.10. വ്യാഴം 1960) 

പ്രതിപക്ഷത്തിന്റെ മഹാപരാജയം 

(രാഷ്ട്രീയ ബിൽ ചർച്ച മാറ്റി വെപ്പിച്ചതും, സ്പീക്കറുടെ റൂളിങ്ങിന്റെ പേരിൽ വാക്ക്ഔട്ട് നടത്തിയതും E. M.S നു പറ്റിയ രണ്ടു് അബദ്ധങ്ങൾ )

 കെ. സി. സെബാസ്റ്റ്യൻ 

നിയമസഭയിലെ പ്രതിപക്ഷകക്ഷിയായ കമ്മ്യുണിസ്റ്റ് പാർട്ടി കഴിഞ്ഞ സമ്മേളനത്തിൽ ഒരു "ഗോ സ്ലോ " നയമാണ് സ്വീകരിച്ചതെന്ന് പരക്കെ അഭിപ്രായമുണ്ട്. വലിച്ചു നീട്ടിയും നീട്ടി വലിച്ചും, കമ്മ്യുണിസ്റ്റ് മെമ്പർമാർ പ്രസംഗിക്കാൻ മടിച്ചില്ല. പ്രസംഗങ്ങളുടെ കാര്യത്തിൽ ഏതാണ്ട് "വീരനാണ്" കമ്മ്യൂ. പാർട്ടിയിലെ ഈ. പി. ഗോപാലൻ. ഏതു വിഷയത്തെക്കുറിച്ചും എത്ര നേരംവേണമെങ്കിലും പ്രത്യേക അംഗവിക്ഷേപങ്ങളോടെ പ്രസംഗിക്കാൻ ഗോപാലന് കഴിയും. ചെവിയിൽ തുളച്ചു കയറുന്ന ആ ശബ്ദം കേള്വിക്കാരിൽ ഉണ്ടാക്കുന്ന പ്രതികരണം ഗോപാലൻ ശ്രദ്ധിക്കാറില്ല. ആരെങ്കിലും തിരുത്താൻ മുതിർന്നാൽ ഗോപാലൻ പ്രസംഗത്തിന്റെ വഴി മാറും. പെട്ടെന്ന് പെട്ടെന്നാണ് ആശയഗതി മാറുന്നത്. വിഷയം മാറുന്നുവെന്ന് മറ്റുള്ള മെമ്പർമാർ പലരും ആക്ഷേപം പ്രകടിപ്പിച്ചിട്ടുണ്ട്. വിഷയത്തിൽ ഒതുങ്ങി നിന്ന് സംസാരിക്കാൻ സ്പീക്കർ നിർദ്ദേശിച്ചിട്ടുണ്ട്. പക്ഷെ ഗോപാലൻ പ്രസംഗം അങ്ങനെ എപ്പോഴും  തുടരുകയായിരുന്നു പതിവ്. ഗോപാലന്റെ പ്രസംഗത്തെപ്പറ്റി  P.S.P യിലെ പി. നാരായണൻ തമ്പി സഭയിൽ എല്ലാവർക്കും രസിച്ച ഫലിതം ഒരിക്കൽ തട്ടിവിട്ടു. ഗോപാലന്റെ ദീർഘമായ പ്രസംഗത്തിൽ നിന്നും കേൾവിക്കാർക്ക്  ഒന്നും മനസ്സിലായില്ലെന്ന്. തമ്പിയുടെ പ്രസ്താവനയെ ചിരികൾകൊണ്ട് സഭ സ്വാഗതം ചെയ്യുകയാണുണ്ടായത്. ഒരു ബില്ലിനെപ്പറ്റി ഗോപാലൻ സഭയിൽ  പ്രസംഗിക്കുകയായിരുന്നു. നേരം വളരെ കഴിഞ്ഞു. ബില്ലിനെ ഗോപാലൻ  അനുകൂലിക്കുകയാണോ പ്രതികൂലിക്കുകയാണോ എന്ന് സഭയിൽ സംശയം! സഭാനടപടികൾ തികച്ചും സാങ്കേതികമായി നടക്കണമെന്ന് നിർബന്ധമുള്ള  ടി. എ. തൊമ്മൻ ഒരു പോയിന്റ് ഓഫ് ഓഡർ വഴി മെമ്പറിന്റെ ദീർഘമായ പ്രസംഗത്തെപ്പറ്റി ഉള്ള സംശയം സ്പീക്കറുടെ ശ്രദ്ധയിൽ കൊണ്ടുവന്നു. സ്പീക്കർ തന്നെ പ്രാസംഗികനോട് വിവരം ആരാഞ്ഞു. സഭയിലാകെ നീണ്ടുനിന്ന ചിരികൾക്കിടയിൽ താൻ പ്രസംഗത്തെ അനുകൂലിക്കുകയാണെന്നു അപ്പോൾ  ഗോപാലൻ പറഞ്ഞു. 

എന്തായാലും ഇക്കഴിഞ്ഞ നിയമസഭാസമ്മേളനത്തിൽ കൂടുതൽ സമയം ഉപയോഗിച്ചത് മെമ്പർ ഗോപാലനായിരുന്നു. അത് കമ്മ്യുണിസ്റ്റ് പാർട്ടിക്ക് ഉണ്ടാക്കിയ നേട്ടമെന്താണെന്ന് കമ്മ്യുണിസ്റ്റ് പാർട്ടിയാണ് തീരുമാനിക്കേണ്ടത്.

സാർ സാർ വിളി.   

 കെ.ആർ. ഗൗരി 
ബില്ലുകളുടെ ചർച്ചകളിൽ ഫലപ്രദമായി പങ്കെടുത്ത ഒരംഗമുണ്ട് കമ്മ്യുണിസ്റ്റ് പാർട്ടി യിൽ. താൻ നേതൃത്വം നൽകി പാസാക്കിയ കാര്ഷികബന്ധബിൽ ഭേദഗതി ചർച്ചയിലാണ് കെ. ആർ. ഗൗരി പ്രധാനമായി രംഗത്തു വന്നത്. കേരള പഞ്ചായത്തു ബില്ലിന്റെ പരിഗണനാ വേളയിലും അവർ പിറകോട്ടു മാറിയില്ല. ഗൗരിയെ സംബന്ധിച്ചിടത്തോളം കാർഷിക ബന്ധബിൽ നല്ല നിശ്ചയമുള്ള ഒന്നാണ്. അന്ന്  കാർഷികബന്ധബില്ല് പരിഗണനാവേളയിൽ ഫലപ്രദമായിത്തന്നെ അവർ പങ്കെടുത്തു. "സാർ, സാർ, സാർ ! വിളികളോടുകൂടി ഏതു നിമിഷവും അവർ ചാടി എഴുന്നേൽക്കുന്നത് കാണാമായിരുന്നു. "ഓർഡർ "വിളി അവരെ പലപ്പോഴും അലട്ടിയിരുന്നില്ല. പറയാനുള്ളത് പറഞ്ഞു മാത്രമാണ് ഇരിക്കാറ്. ഒരു സ്ത്രീയുടെ ബലഹീനത പലപ്പോഴും പ്രകടിപ്പിച്ചുപോയിട്ടുണ്ടെങ്കിലും എത്രനേരവും  പ്രസംഗിക്കുന്നതിനും അവർക്ക് മടിയുണ്ടായിരുന്നില്ല. എന്നാൽ കോൺഗ്രസ് പാർട്ടിയിലെ കെ. കെ. വിശ്വനാഥൻ എഴുന്നേറ്റു, സംസാരിച്ചാൽ കെ. ആർ. ഗൗരിക്ക് ശുണ്ഠി ഇളകും. രണ്ടുപേരും തമ്മിൽ നിയമസഭയ്ക്കുള്ളിൽ നിന്നു കൊണ്ടുള്ള കോർക്കൽ രസകരമായ ചില കാഴ്ചയായിരുന്നു. ടി. എ. തൊമ്മൻ കൊണ്ടുവരുന്ന പോയിന്റ് ഓഫ് ഓർഡറുകളും അവരെ നന്നായിട്ട് അവരെ  ചൊടിപ്പിക്കുന്നത് കാണാമായിരുന്നു.

പഞ്ചായത്തു ബിൽ വന്നപ്പോൾ  

പഞ്ചായത്ത് ബിൽ പരിഗണനയ്ക്ക് വരുന്നത് വരെ നിശബ്ദനായിരുന്ന ഒരംഗം കമ്മ്യു.പാർട്ടിയിലുണ്ട്. വെളിയം ഭാർഗ്ഗവൻ. മുന്നവസരങ്ങളിൽ ഏതു വിഷയം ഏതുമാകട്ടെ, എന്തും പ്രസംഗിക്കുന്ന ഒരംഗമായിരുന്ന ഭാർഗ്ഗവൻ ഇത്തവണ പഞ്ചായത്തു ബിൽ ചർച്ചാവേളയിൽ മാത്രമേ സജ്ജീവമായിരുന്നുള്ളൂ. അത് ഏതാണ്ട് ഗോപാലനെപ്പോലെയാണ് ഭാർഗ്ഗവന്റെയും പോക്ക്. തനിക്കുമേൽ ആരുമില്ലെന്ന തോന്നൽ ഭാർഗ്ഗവന്റെ എല്ലാ ചലനങ്ങളിലും ഒരാൾക്ക് അത് വീക്ഷിക്കാം. കമ്മ്യുണിസ്റ്റ് കക്ഷിയിൽ ഭാഗ്യവാനായ ഒരു മെമ്പർ ഉണ്ട്. ടി. കെ. രാമകൃഷ്ണൻ. സ്പീക്കറുടെ ദൃഷ്ടി ഉദാരമായി ലഭിക്കുന്ന മെമ്പറാണ് അദ്ദേഹം. കുറഞ്ഞത് 36 ദിവസത്തെ സമ്മേളനത്തിനിടയിൽ നാല് റൂൾ 66 പ്രത്യേക ചർച്ചക്കെങ്കിലും രാമകൃഷ്ണന് അവസരം ലഭിച്ചു. ബില്ലുകളെപ്പറ്റിയും മറ്റ് എന്ത് വിഷയത്തെപ്പറ്റിയും ധാരാളമായി രാമകൃഷ്ണൻ സംസാരിക്കാറുണ്ട്. ഭാഷയേ കൂടെക്കൂടെ ഉയർന്നുവരാൻ എം. എം. സുന്ദരം എപ്പോഴും ഇടയാക്കി. ഇദ്ദേഹം  ദേവികുളത്തുനിന്നും ജയിച്ചുവന്ന കമ്മ്യുണിസ്റ്റ് മെമ്പറാണ് സുന്ദരം. ഇദ്ദേഹം മലയാളത്തിലും പ്രസംഗിക്കും. എന്നാൽ ആശയങ്ങൾ ശരിയായി ക്രമമായി അവതരിപ്പിക്കാൻ തമിഴിലേ സംസാരിക്കു. പോലീസ് മർദ്ദനവും, എസ്റ്റേറ്റും ആണ് കൈകാര്യം ചെയ്യുന്ന രണ്ടു പ്രശ്നങ്ങൾ. മുൻ അവസരങ്ങളിലെല്ലാം വളരെ വാചാലനായി കാണപ്പെടാറുള്ള ടി. സി. നാരായണൻ നമ്പ്യാർ എന്നാൽ  ഇത്തവണ പതിവിനു വിരുദ്ധമായി മൂകനായിരുന്നു. എന്നാൽ കിട്ടിയ ചില അവസരങ്ങൾ കവിതയും  ശ്ലോകവുമായി പ്രത്യക്ഷപ്പെടുകയും ചെയ്തു.

പ്രതിപക്ഷനേതൃത്വം.

 E.M.S. നമ്പൂതിരിപ്പാട് 
പ്രതിപക്ഷനേതാവെന്ന നിലയിൽ E:M:S നമ്പൂതിരി പ്പാട് ഒരു തികഞ്ഞ പരാജയമാണെന്ന് ഇതു വരെ ഉള്ള അദ്ദേഹത്തിൻറെ പ്രവർത്തനം തെളിയിച്ചു. പ്രതിപക്ഷ കക്ഷി എന്ന നിലയിൽ കമ്മ്യുണിസ്റ്റ് പാർട്ടി യും. വളരെ വിരളമായി മാത്രമേ അദ്ദേഹം സഭയിൽ കാണാറുള്ളു. വന്നാലും പ്രതിപക്ഷ നേതാവിന്റെ സീറ്റിൽ അധികനേരമിരിക്കാറില്ല. സ്വന്തം രാഷ്ട്രീയ  കക്ഷിയിലെ മറ്റംഗങ്ങളുടെ അടുക്കൽ പോയിരുന്നു വർത്തമാനം പറഞ്ഞാണ് സമയം കഴിക്കുക. ഇതുവരെ പ്രതിപക്ഷനേതാവി ന്റെ സ്ഥാനത്ത് ഇരുന്നവരോടുള്ള ക്ഷമായാചനമെ ന്ന നിലയിൽ താനവിടെ ഇരിക്കേണ്ട എന്ന് കരുതി യിട്ടാണോ എന്തോ? ഇന്നത്തെ ആഭ്യന്തര മന്ത്രിയാ യിരിക്കുന്ന പി. റ്റി. ചാക്കോ അദ്ദേഹത്തിൻറെ പേരും പെരുമയും വർദ്ധിപ്പിച്ചു ഒരു സ്ഥാനം ഉറപ്പിച്ചെടുത്തത് നമ്പൂതിരിപ്പാട് ഇന്നിരിക്കുന്ന സ്ഥാനം ഉപയോഗിച്ചാണെന്നുള്ളതും പ്രത്യേകം ഓർക്കണം.

രണ്ടു അബദ്ധങ്ങൾ 

നമ്പൂതിരിപ്പാടിന് രണ്ടു അപകടങ്ങൾ ഈ സമ്മേളനത്തിൽ പിണഞ്ഞു. ഒന്ന്- കാർഷിക ബന്ധബിൽ നീട്ടിവയ്ക്കണമെന്നാവശ്യപ്പെട്ടതാണ്. തനിക്ക് കൂടെ ചർച്ചയ്ക്കവസരം കിട്ടത്തക്കവണ്ണ0 ബിൽ ചർച്ച നീട്ടിവയ്ക്കണമെന്ന് E.M.S. നമ്പൂതിരിപ്പാട് ഗവണ്മെന്റിനു എഴുതി. പ്രപക്ഷബഹുമാനം വച്ചുകൊണ്ടു ഗവണ്മെന്റ് അത് സമ്മതിക്കുകയും ചെയ്തു. ആ സാവകാശം ഉപയോഗിച്ച് കർഷക ബന്ധ ബിൽ ഭേദഗതിവിരുദ്ധ പ്രക്ഷോപണം സംഘടിപ്പിക്കുവാൻ ശ്രമിക്കുകയാണ് പാർട്ടി ചെയ്തത്. ! അത് തെളിയിക്കുന്ന ഒരു രഹസ്യരേഖയും ഗവണ്മെന്റിനു കിട്ടി. ഗവണ്മെന്റ് ഭാഗത്തുനിന്നും ആ രേഖ ഹാജരാക്കിയിട്ട് കമ്മ്യുണിസ്റ്റ് പാർട്ടിയെ കുറ്റപ്പെടുത്തിയപ്പോൾ അതിനു അവർക്ക് സമാധാനം പറയാനുണ്ടായിരുന്നില്ല. മറ്റൊരപകടം പിഞ്ഞതു, ഒരു വാക്ക്ഔട്ടിന് അവർ  നേതൃത്വം നൽകിയതാണ്. സ്പീക്കറുടെ റൂളിങ്ങിനെ പ്രതിഷേധിച്ചായിപ്പോയി വാക്ക്ഔട്ട്. മനഃപൂർവ്വം അങ്ങനെ ഒരു നടപടി സ്വീകരിച്ചതാവാൻ വഴിയില്ല. എന്തായാലും നിയമസഭാ നടപടിക്രമങ്ങൾക്ക് യോജിക്കാത്ത ഒരു നടപടി പ്രതിപക്ഷ നേതാവ് സ്വീകരിച്ചതായി നിയമസഭാ നടപടികളിൽ അപ്പോൾ  രേഖപ്പെടുത്തപ്പെട്ടൂ. അങ്ങനെ രേഖപ്പെടുത്തിയത് പി.റ്റി. ചാക്കോയുടെ ഒരു പോയിന്റ് ഓഫ് ഓർഡറിന്റെ വെളിച്ചത്തിലും ആയിരുന്നു.

പുതിയ അടവ് 

 P. T. Chacko 

       കമ്മ്യുണിസ്റ്റ് പാർട്ടി ഈ സമ്മേളനത്തിൽ തികച്ചും പുതിയ ഒരടവാണ് അന്ന് സ്വീകരിച്ചത്. കാർഷികബന്ധ ബിൽ എന്ന പേരിൽ ബഹുജന പ്രക്ഷോപണം സംഘടിപ്പി ക്കാനുള്ള അവരുടെ ശ്രമം പരാജയപ്പെട്ടതായിരിക്കണം അവരെ ഒരു  പുതിയ അടവ് സ്വീകരിക്കാൻ പ്രേരിപ്പിച്ചത്. ആഭ്യന്തര മന്ത്രി ആയിരിക്കുന്ന  പി. റ്റി. ചാക്കോ യെ ഒറ്റപ്പെടുത്തി ഇല്ലാതാക്കുക എന്ന നയം അവർ പാടെ അന്ന് ഉപേക്ഷിച്ചിരു ന്നു. അങ്ങോട്ട് തിരിഞ്ഞുള്ള കടി ഒന്നും തന്നെ നടത്തിയില്ല. അതുകൊണ്ടു തിരിച്ചും അധികമൊന്നും വാങ്ങേണ്ടതായും വന്നില്ല. "താണുപിള്ള സാർ നല്ലവനാണ്, വലിയവനാണ് " എന്ന പ്രശംസാ പത്രം മുഖ്യമന്ത്രിക്ക് ലഭിച്ചു. "ഞാനും സാറും തുല്യ ദുഖിതരാണെന്നു " വരെ ഒരവസരത്തിൽ കെ. ആർ. ഗൗരി പറയുകയുണ്ടായി. അന്ന് അവർ  വല്ലപ്പോഴും വാക്ക് സംഘട്ടനത്തിനു മുതിന്നത് മന്ത്രി കെ. ചന്ദ്ര ശേഖരനുമായിട്ടാണ്. അതിനെല്ലാം കണക്കിന് തിരികെ അന്ന് വാങ്ങുകയും ചെയ്തു. കമ്മ്യുണിസ്റ്റ് പാർട്ടി ഗവൺമെന്റുമായി സഹകരിച്ചു മുന്നോട്ട്തന്നെ  പോകുവാൻ തയ്യാറാണെന്ന ഒരു ധാരണ ജനങ്ങളിൽ ഉണ്ടാക്കാനാണ് ഇത്തരം ഒരു അടവ് സ്വീകരിച്ചതെന്ന് കരുതുന്നതിൽ തെറ്റില്ല. നഷ്ടപ്പെട്ട ബഹുജന പിന്തുണ എങ്ങനെ നേടി എടുക്കാമെന്നുള്ള പരീക്ഷണത്തിന്റെ വലിയ ഒരു   ഭാഗമാണിതും.

അടുത്ത പ്രാവശ്യം അടവ് വീണ്ടും മാറും.  

അടുത്ത സമ്മേളനമാകുമ്പോഴേയ്ക്കും അവർ അടവ് വീണ്ടും മാറുന്ന ചില ലക്ഷണമുണ്ട്. വിദ്യാഭ്യാസ ആക്ട് 11-)0 വകുപ്പിന്റെ പേരിൽ കേരളത്തിൽ ഒരു ബഹുജനപ്രക്ഷോപം സംഘടിപ്പിക്കാനുള്ള ശ്രമമാണ് ഇന്ന് ആരംഭിക്കുന്നത്. ഒരു വിഭാഗം ജനങ്ങളുടെ വികാരത്തെ ഉണർത്താൻ കഴിയുന്ന പ്രശ്നമാണെന്ന് ആർക്കും സംശയമില്ല. ആ പ്രശ്നം പൊന്തിച്ചു കൊണ്ടുവന്നാൽ വീണ്ടും ജന ദൃഷ്ടിയിൽ "സമർത്ഥന്മാർ " ആകാമോ എന്നതാണ് നോട്ടം. ആ നോട്ടത്തിന്റെ പ്രതിഫലനം അടുത്ത സമ്മേളനത്തിൽ ഉണ്ടാകുകയും ചെയ്യും.//-

------------------------------------------------------------------------------------------------------------------------

Browse and share: https://dhruwadeepti.blogspot.com 

 ഈ ബ്ളോഗില്‍ പ്രസിദ്ധീകരിക്കുന്ന  അഭിപ്രായങ്ങളുടെ  ഉത്തരവാദിത്തം അതെഴുതുന്ന  വ്യക്തികള്‍ക്കു മാത്രമായിരിക്കും. സഭ്യമല്ലാത്ത ഭാഷയും  അപകീര്‍ത്തിപ്പെടുത്തുന്ന പദപ്രയോഗങ്ങളും ഒഴിവാക്കുക-

     

ധൃവദീപ്തി  ഓണ്‍ലൈൻ
 
 https://dhruwadeepti.blogspot.com
 
for up-to-dates and FW. link Send Article, comments and write ups to :
  DHRUWADEEPTI ONLINE LITERATURE.
Published from Heidelberg, Germany,   in accordance with the European charter on freedom of opinion and press. 
DISCLAIMER:  Articles published in this online magazine are exclusively the views of the authors. 
Neither the editor nor the publisher are responsible or liable for the contents,  objectives or opinions of the articles in any form."

FACE BOOK:  GEORGE Kuttikattu    MOB. + oo49 170 5957371
Posted by George Kuttikattu
--------------------------------------------------- 

Keine Kommentare:

Kommentar veröffentlichen

Hinweis: Nur ein Mitglied dieses Blogs kann Kommentare posten.