Montag, 13. Juli 2015

ധ്രുവദീപ്തി : Panorama : society // മലയാളിമനസ്സിലെ സ്വർണ്ണ ഭ്രമം / / K. A. Philip, U S A.

ധ്രുവദീപ്തി : Panorama //ഇന്ത്യയിലെ ജനങ്ങൾ കൈവശം സൂക്ഷിച്ചിരിക്കുന്ന അനേകകോടികളുടെ  സ്വർണ്ണ ശേഖരം ഇന്ത്യയുടെ സ്വന്തമാണ്. അതുപക്ഷെ വിനിമയമില്ലാതെ കറ പുരണ്ട് ഒളിവിൽത്തന്നെ കഴിയുന്നു. സ്വർണ്ണം രാജ്യത്തിന്റെ പൊതുസ്വത്ത് എന്ന നിലയിൽ ആണെങ്കിലും സ്വകാര്യ വ്യക്തികളിലും ജൂവലറി ഉടമകളിലും കള്ളക്കടത്തു കാരിലും എത്തിച്ചേർന്നിരിക്കുന്നു. നമ്മുടെ രാജ്യത്തിന്റെ സമ്പത്ഘടനയ്ക്ക് ശക്തി നല്കേണ്ട സ്വർണ്ണനിക്ഷേപം ശരിയായ വിധം സർക്കാരിന്റെയും റിസർവ് ബാങ്കിന്റെയും ഉറച്ച നിരീക്ഷണത്തിലും നിയമസംരക്ഷണത്തിലും  കാണപ്പെട്ടിരുന്നെങ്കിൽ ഇന്ത്യ ലോകത്തിലെ ഒന്നാംകിട സമ്പത്ശക്തിരാജ്യമായി മാറുമായിരുന്നു. / ധ്രുവദീപ്തി-

   മലയാളിമനസ്സിലെ 

സ്വർണ്ണ ഭ്രമം //  

K. A. Philip, USA

 

മലയാളി വധുവും വരനും- വിവാഹവേളയിൽ
ഥാർത്ഥത്തിൽ നമ്മുടെയൊക്കെ വയറ്റിൽ എങ്ങനെയാണ് സ്വർണ്ണം ഉണ്ടായി വന്നത്  ? കേരളത്തിലെ ഒരു കൊച്ചുകുട്ടിയെ എങ്ങനെ ഈ സത് കാര്യം കാര്യമായി പറഞ്ഞു മനസ്സി ലാക്കും? അതൊരു അപകടം പിടിച്ച ഉദ്യമം തന്നെയെന്നു തോന്നി. ഒരു കുട്ടി ജനിക്കുന്നസമയം മുതൽ കുട്ടി  അച്ഛനമ്മമാരെ അറിയുന്നതിന് മുമ്പ് തന്നെ അതിനു നല്കുന്ന പരിചയം മിന്നിത്തിളങ്ങുന്ന പൊന്നിനോടാണ്. ഇതെങ്ങനെ വിശദീകരിക്കും?

അതിശ്യോക്തിയുണ്ടോ ഇങ്ങനെ പറയുന്നതിൽ? ഒരു കുട്ടിയുടെ എല്ലാത്തരം  ദൈനംദിനകാര്യത്തിലും സ്വർണ്ണം അതിന്റെ ഡാഡിയെയും മമ്മിയെയുംകാൾ അവരുടെ അടുത്ത ബന്ധുവുമാണ്. അതുപക്ഷെ എല്ലാ കുട്ടികളും ജനിക്കുന്നത് ഇപ്രകാരമൊരു സ്വർണ്ണമയപ്രപഞ്ചത്തിലെ വൈവിദ്ധ്യം നിറഞ്ഞ ഒരു ചെറുകുടുംബത്തിൽ അല്ലായെന്ന് എങ്ങനെ കുട്ടികളെ യാഥാർത്ഥ്യം പറഞ്ഞു വിശദീകരിക്കാൻ കഴിയും? കുട്ടികൾ ധാരാളം ചോദിക്കും. ഇങ്ങനെയുള്ള നൂറു ചോദ്യങ്ങൾക്ക് മറുപടിയും കൊടുക്കണം. ചിലപ്പോൾ ചോദ്യങ്ങൾക്ക് മറുപടി പറയുക കുറെ വിഷമമില്ല. പക്ഷെ, ഇങ്ങനെയൊരു ചോദ്യം, "ബാറ്ററി ഭക്ഷിക്കാൻ പറ്റുകേലേ"? ഒരറിവുമില്ലയെങ്കിലും, അതുപക്ഷെ എങ്ങനെയും, "ബാറ്ററി വിഷമാണ്", എന്ന് പറയാൻ കഴിയും. അതുപോലെ ചിലപ്പോൾ വിഷമം പിടിപ്പിക്കുന്ന വലിയ വിഷയമാണ് സ്വർണ്ണമെന്ന ആ പ്രത്യേക ലോഹവസ്തു. ഒരു കൊച്ചുകുട്ടിക്ക് എന്നെങ്കിലും അറിയാൻ കഴിയുന്ന നിഗൂഢ കാര്യമാണെ ങ്കിലും ഒരു കൊച്ചുകുട്ടിയെ വല്ലവിധത്തിലെങ്കിലും അത് ബോദ്ധ്യപ്പെടുത്താൻ നമുക്ക് വാക്കുകൾ പോരാ. ഇതുപോലെ  എന്തുകൊണ്ട് , സ്വർണ്ണം എങ്ങനെ എന്തിനു മനുഷ്യന്റെ ജീവാത്മാവിൽ വന്നു സ്ഥാനം പിടിച്ചുവെന്നു എങ്ങനെ നിർവചിക്കുവാൻ കഴിയും ? നിരവധി കാര്യങ്ങൾ പറയാനുണ്ടാകും.

ഒരു കുട്ടി ജനിക്കുമ്പോൾ ആദ്യമേതന്നെ  തേനിൽ സ്വർണ്ണം ഉരച്ചു ചാലിച്ച് നാക്കിൽ കൊടുക്കും. അങ്ങനെ നമ്മുടെയൊക്കെ വയറ്റിൽ സ്വർണ്ണം വന്നു ചേർന്നു. ഇത് നമ്മുടെ ആചാരമാക്കിയിരുന്ന പൂർവ്വ കാലങ്ങൾ ഒട്ടും വിദൂരതയിലല്ല. ജനിച്ച കുട്ടിക്ക് സമ്മാനകാഴ്ചകൾ നല്കുന്നതുപോലും സ്വർണ്ണ ആഭരണങ്ങൾ ആയിരുന്നു. ഇന്ത്യാക്കാരുടെ, അവർ ധനികരൊ ദരിദ്രരോ ആകട്ടെ, ഒട്ടാകെയുള്ള അവർക്ക് വേർതിരിച്ചു കാണാൻ കഴിയാത്ത ജീവിതഭാഗമായിരിക്കുന്ന സ്വർണ്ണത്തിന്റെ ഭ്രമവും അതിനോടുള്ള ഭക്തിയും ലോകജനതയ്ക്ക് മുമ്പിൽ വിഷമം പിടിച്ച ഉത്തരമാണ്. എങ്കിലും ഉത്തരം ഇങ്ങനെ തന്നെ ലളിതമായി പറയാം. മനുഷ്യചരിത്രത്തോളം മേന്മയേറിയ സാംസ്കാരികോല്പന്നമെന്ന പരിഗണനയിൽ പൊന്നിനു ജീവിതത്തിൽ വലിയ സ്ഥാനവും സ്വാധീനവും ഉണ്ട്, വലിയ പങ്കുണ്ട്.

സ്വർണ്ണത്തിന്റെ കാര്യത്തിൽ അതിന്റെ മാന്ത്രികവും മനോഹരവുമായ നിറം പോലെ തന്നെ  സ്ഥലകാലഅന്തരമില്ലാത്ത സൂര്യകാന്തിയുടെ തിളക്കമേറിയ ചരിത്രങ്ങളും  ഓരോരോ ആചാരങ്ങളുടെയും ജീവിത വിശുദ്ധിയുടെയും വിശ്വാസങ്ങളുടെയും കലാസംസ്കാരത്തിന്റെയും ജീവിതശൈലിയുടെയും പ്രതിരൂപമായും ഒക്കെ നിരവധി തെളിവുകൾ നമുക്ക് കാണുവാൻ കഴിയുന്നു. സ്വർണ്ണത്തിനെ മനുഷ്യൻ ദിവ്യമായി ഉപമിക്കുന്നു, അവൻ ഭാവനയിൽ വർണ്ണിച്ച് പറയുന്നു, കവികൾ ഗാനങ്ങൾ എഴുതുന്നു, ആലപിക്കുന്നു. മിന്നിത്തിളങ്ങുന്ന ദിവ്യസ്വർണ്ണത്തിന്റെ നിർമ്മലമനോഹാരിതയെ പ്രേമജീവിതമാക്കിത്തീർക്കുന്ന കവിഭാവനകൾ. തങ്കംപോലെ ശുദ്ധമായ മനസ്സുള്ളവൾ എന്നിങ്ങനെ പോകുന്നു ചില ഭാവനകൾ. ഒരു യാഥാർത്ഥ്യം, മനുഷ്യർ ചിലപ്പോൾ തമ്മിൽ തമ്മിൽ പരസ്പരം ഒട്ടുംതന്നെ സ്നേഹഹിക്കുന്നില്ലായിരിക്കും. ഒരു രാജകുമാരി ഒരുപക്ഷെ ഒരു രാജകുമാരനെ സ്നേഹിക്കുന്നില്ലായിരിക്കും. അത്പക്ഷെ ഇവരെല്ലാം ആഴത്തിൽ  ഒന്നിനെ സ്നേഹിക്കുന്നു, അത് വർണ്ണമനോഹരമായി എന്നും മിന്നിത്തിളങ്ങുന്ന സ്വർണ്ണത്തെയാണ്. 

ദീർഘവീക്ഷണവും പുരോഗമന ചിന്താഗതിയുമുള്ള മലയാളിയുടെ ജീവിത ശൈലിയിൽ  തന്നെ ഒരേസമയം ആർഭാടങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കും ഒട്ടും പിറകിലല്ലായെന്ന് അവർ കാണിച്ചു തരുന്നുണ്ട്. പട്ടിണി കിടന്നാലും അവരുടെ കഴുത്തിലും കാതിലും കയ്യിലും കാലിലും  സ്വർണ്ണം ധരിച്ചു നടക്കണമെന്നത്  അവരുടെ വ്യക്തിത്വത്തിന്റെ ഒരു പ്രത്യേക ഘടകമായി അവർ കരുതുന്നു. 

ഈ ചിന്താഗതി മലയാളിക്ക് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. പൊതുജീവിത വേദിയിൽ, മതാനുഷ്ഠാനരംഗങ്ങളിൽ, എന്നുവേണ്ട സ്വർണ്ണം ജീവിതത്തിന്റെ പ്രധാന ഘടകമാക്കി മലയാളി മാറ്റിയിരിക്കുന്നു. രാജാക്കന്മാരുടെയും ചക്രവർത്തിമാരുടെയും പഴയകാലം മുതൽ ഇന്നും ആരാധനാലയങ്ങളായ ക്ഷേത്രങ്ങളിലും പള്ളികളിലും എല്ലാം സ്വർണ്ണ ശേഖരങ്ങൾ ഉണ്ടായിരുന്നു. ഉദാഹരണമായി നോക്കാം. ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെയും ശബരിമലയിലെയും അതുപോലെ തന്നെ ചില പുരാതന ക്രിസ്ത്യൻ പള്ളികളിലും ഉണ്ടായിരുന്ന സ്വർണ്ണശേഖരങ്ങളേക്കുറിച്ചുള്ള വാർത്തകളും അറിവുകളും എല്ലാം അവയെ നമുക്ക് സ്ഥിരീകരിക്കുവാൻ ഉതകുന്നവയാണ്. അമ്പലങ്ങളിലും പള്ളികളിലും ഉണ്ടായിരുന്ന സ്വർണ്ണകുരിശുകളും സ്വർണ്ണ കൊടിമരങ്ങളും പ്രതിമകളും അല്പവിശ്വാസികൾ നല്കുന്ന സ്വർണ്ണ നേർച്ചകളും എല്ലാം സൂചിപ്പിക്കുന്നതെന്തിനെയാണ്, അത് മലയാളികളുടെ അന്ധമായ സ്വർണ്ണഭ്രമത്തെയാണ്, വിശ്വാസത്തെയാണ്.

 ഇന്ത്യയിലെ സ്ത്രീകൾക്ക് സ്വർണ്ണം അണിഞ്ഞാൽ അവരുടെ സൌന്ദര്യം ഏറെ വർദ്ധിക്കും എന്ന ധാരണ എക്കാലവും ഉണ്ടായിരുന്നു. പുരുഷന്മാരിലും  ചിന്തയിൽ ഇതേ വികാരം സ്വർണ്ണത്തിനോട് കാണിക്കുന്നുണ്ട്. കേരളത്തിൽ അതിനുവേണ്ടി എത്ര പണം ചെലവാക്കാനും മലയാളിക്ക് ഒട്ടു മടിയുമില്ല. കുട്ടികൾ മുതൽ ഏതു പ്രായത്തിലുള്ളവരും സ്വർണ്ണ ആഭരണങ്ങൾ അണിഞ്ഞു നടക്കുന്നതിൽ ഉത്സുഹരാണ് എന്ന് കാണാൻ കഴിയുന്നു. കയ്യിൽ വളകൾ, മോതിരങ്ങൾ, കാതിൽ, അരയിൽ അരഞ്ഞാണം, കഴുത്തിൽ മാലകൾ എന്നിങ്ങനെ കുട്ടിപ്രായത്തിൽ മുതൽ ശരീരമൊട്ടാകെയും മിന്നിത്തിളങ്ങുന്ന സ്വർണ്ണ ആഭരണങ്ങൾ അണിയിക്കുന്നു. ആദ്യത്തെ കുട്ടി തനിക്കു ജനിക്കുമ്പോൾ ഒരാചാരമുണ്ട്. മാതാവിന്റെ വീട്ടിൽനിന്നും പിതാവിന്റെ വീട്ടിലേയ്ക്ക് പോകുമ്പോൾ അമ്മയുടെ വീട്ടുകാരുടെ സാമ്പത്തികകഴിവു അനുസരിച്ച് കുഞ്ഞിനു സ്വർണ്ണാഭരണങ്ങൾ വാങ്ങിക്കൊടുത്ത് അയക്കുകയാണ് പതിവ്. 

പഴയകാലങ്ങളിൽ പണം  സൂക്ഷിക്കുന്ന രീതി ഇങ്ങനെയായിരുന്നു: പണം പണസഞ്ചിയിൽ സൂക്ഷിച്ചിരുന്നു. പിന്നീടത്‌ സ്ത്രീധനത്തോട്‌ ഒപ്പം കൊടുത്തുവിടുന്ന കാൽപ്പെട്ടികളിൽ ആയി.  അക്കാലങ്ങളിൽ ബാങ്കുകളോ മറ്റു പണ നിക്ഷേപ സ്ഥാപനങ്ങളോ ഉണ്ടായിരുന്നില്ല. അതിനു പകരം ഉള്ള പണം കൊടുത്ത് ചുക്ക്, കുരുമുളക്, എന്നിങ്ങനെ മലഞ്ചരക്കുകൾ "കണ്ടി" ക്കണക്കിന് വാങ്ങി വീടുകളിൽ സ്റ്റോക്ക് ചെയ്തു വന്നു. പണത്തിനു ആവശ്യം വരുമ്പോൾ, ഉദാഹരണം, പെണ്‍കുട്ടികളുടെ വിവാഹം തുടങ്ങിയ പ്രധാന കാര്യങ്ങൾ ഉണ്ടാകുമ്പോൾ അവ വിറ്റു കാര്യങ്ങൾ നടത്തിയിരുന്നു. ചിലർ സ്വർണ്ണം വാങ്ങി വീടുകളിൽ സൂക്ഷിച്ചിരുന്നു. പക്ഷെ വിവാഹാവശ്യങ്ങൾക്ക് അങ്ങനെ സൂക്ഷിക്കുന്ന സ്വർണ്ണത്തിനു കുറഞ്ഞ മൂല്യമാണ് നല്കിയത്, അതായത് പഴയ സ്വർണ്ണം ആണ്, അതിനു വന്ന തേയ്മാനം തുടങ്ങി പല കുറവുകൾ കണക്കാക്കിയിരുന്നു.  കാലങ്ങൾക്ക് ശേഷം ബാങ്കുകളും അതുപോലെയുള്ള ഇടപാട് സ്ഥാപനങ്ങളും നിലവിൽ വന്നതോടെ സ്വർണ്ണം വീടുകളിൽ സൂക്ഷിക്കുന്ന അപകട ഭീതി ഇല്ലാതായി. സ്വർണ്ണം അങ്ങനെ ആദായകരമായ ഒരു വ്യാപാര വസ്തുവായി തീർന്നു. ബാങ്കുകൾക്കു അതൊരു വലിയ ആദായ മാർഗ്ഗവുമായി മാറി. സർക്കാരിന് സ്വർണ്ണശേഖരം വലിയ സാമ്പത്തിക ഭദ്രതാകേന്ദ്രബിന്ധുവാണ്.

 പണമില്ലാത്തവൻ പോലും സ്വർണ്ണം വാങ്ങുന്നത് കുറയ്ക്കുന്നില്ല. പണം കടം വാങ്ങിയോ വസ്തു വിറ്റോ പണമുണ്ടാക്കി ആചാരം നിറവേറ്റുന്ന രീതിയാണ് ഉണ്ടായത്. ഇക്കാലത്ത് അതിലൊട്ടും പിന്നിലല്ല. മാതാപിതാക്കൾ പിറന്ന കുട്ടി പെണ്‍കുട്ടിയെങ്കിൽ അവൾ വിവാഹ പ്രായമെത്തുമ്പോഴേയ്ക്കും മകളെ കെട്ടിച്ചയയ്ക്കാൻ സ്ത്രീധനത്തുകയിൽ അളവറ്റ അളവിൽ സ്വർണ്ണവും സ്വരൂപിച്ചു വയ്ക്കുന്നത് സാധാരണയാണ്. ഇത് സാധിച്ചില്ലെങ്കിൽ മാതാപിതാക്കൾ ദു:ഖിതരാകുമെന്നതു ഒരു സാധാരണ യാഥാർത്ഥ്യവുമാണ്. ഇവിടെയും സ്വർണ്ണം മനുഷ്യനെ നിയന്ത്രിക്കുന്നു.

ഇന്ത്യൻ സമൂഹത്തിൽ, പ്രത്യേകിച്ച്‌ കേരളത്തിൽ സ്ത്രീവിദ്യാഭ്യാസം അർഹമായ രീതിയിൽ പുരോഗമിച്ചതോടെ സമൂഹത്തിൽ മാന്യമായി ജീവിക്കാനുള്ള സമ്പത്തും മറുരാജ്യങ്ങളിൽ പോയി തൊഴിൽ നേടുന്നതിനും സ്ത്രീകൾക്ക് അവസരം ലഭിച്ചു. ഇതോടെ പൊതുജീവിതത്തിൽ സ്ത്രീകൾക്ക് സ്വയം സ്വർണ്ണത്തിന്റെ പ്രാധാന്യത്തെയും ഉപയോഗത്തെയും സംബന്ധിച്ച കാര്യങ്ങളിൽ ചില വ്യക്തമായ മാറ്റങ്ങൾ ഉണ്ടായി എന്ന് കാണാം. ആണും പെണ്ണും പ്രേമബദ്ധരായി വിവാഹിതരാകുന്നവരിൽ മിന്നിത്തിളങ്ങുന്ന സ്വർണ്ണത്തിനു അവരിൽ രണ്ടാം സ്ഥാനമേ നല്കിയുള്ളൂ.

Jewellery
എങ്കിലും ഇന്നും സ്വർണ്ണാഭരണഭ്രമം ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ സ്ത്രീകളിലും  പുരുഷന്മാരിലും  കൂടി വരുന്നതും ശ്രദ്ധേയമാണ്. ഇതിനു ഒരു തെളിവാണ്,  നമ്മുടെയൊക്കെ ചെറു നാട്ടു ഗ്രാമങ്ങളിൽ പോലും വലിയ സ്വർണ്ണ വ്യാപാര സ്ഥാപനങ്ങൾ ഉയർന്നുവരുന്നത്. അവിടെയെല്ലാം കോടികൾ വിലമതിക്കുന്ന വജ്രാഭരണങ്ങൾ തുടങ്ങിയവ എന്നും വില്ക്കപ്പെടുകയും  ചെയ്യുന്നത് പതിവാണ്  . നിയമവിരുദ്ധമായി മറുരാജ്യങ്ങളിൽ നിന്നും കേരളത്തിലേയ്ക്ക് കടത്തിക്കൊണ്ടുവരുന്ന സ്വർണ്ണക്കട്ടികൾ മലയാളിയുടെ സ്വർണ്ണഭ്രമത്തിന്റെ തികഞ്ഞ പ്രതിരൂപമാണ്. ഇത്തരം കുറ്റകൃത്യങ്ങൾ നടത്തുന്നവർക്ക് ഏറ്റവും അടുത്ത  സഹായികളായി ഉദ്യോഗസ്ഥരും,  കൂടാതെ ഭരണതലത്തിൽപ്പെട്ടവർപോലും ഇവർക്ക് ഒപ്പം ഉണ്ടെന്നതാണ് യാഥാർത്ഥ്യം.

വിദേശരാജ്യങ്ങളിൽ ജീവിക്കുന്ന ഇന്ത്യാക്കാരിൽ പുറമേ നോക്കിയാൽ അവരിൽ സ്വർണ്ണാഭരണഭ്രമം കുറവായി തോന്നും. പക്ഷെ അവരിൽ പോലും സ്വർണ്ണ ശേഖരം ഇല്ലായെന്ന് പറയുന്നത് ശരിയല്ല. മലയാളിസ്ത്രീകൾ മറുനാട്ടിൽ അപൂർവ്വമായെ സ്വർണ്ണാഭരണങ്ങൾ ധരിക്കുന്നുള്ളൂ. കാരണം, ഉദാഹരണമായി നോക്കാം. പാശ്ചാത്യ നാടുകളിലെ സ്ത്രീകൾ സ്വർണ്ണാഭരണ പ്രിയരല്ല. അതിനാൽ അവർ അത് ധരിച്ചു നടക്കുന്നില്ല. ആ രാജ്യങ്ങളിലേയ്ക്ക് കുടിയേറിയ കേരളീയ വനിതകൾ ചുരുക്കം അളവിൽ ആഭരണം ധരിച്ചു കാണുന്നുണ്ട്. യൂറോപ്യരൊ അമേരിക്കരോ അവരുടെ വീടുകളിൽ പോലും സ്വർണ്ണം വാങ്ങി ശേഖരിച്ചു വയ്ക്കാറില്ല. വിവാഹിതരാകുന്ന വധൂവരന്മാർ പോലും സ്വർണ്ണാഭരണങ്ങൾ ധരിക്കാറില്ല. അപൂർവമായി ചിലർ ഡയമണ്ട്, വജ്രം തുടങ്ങിയവയിൽ നിർമ്മിച്ച ആഭരണം ധരിച്ചു കാണുന്നുണ്ട്. അവരുടെ കൊച്ചുകുട്ടികളെയും ഇവയൊന്നും അണിയിക്കുന്നില്ല. പ്രായമായ ചില സ്ത്രീകൾ ചില ആഭരണങ്ങൾ അണിയാറുണ്ട്. പൊതുജീവിതരംഗത്തു സ്വർണ്ണം അവർക്കിടയിൽ വലിയ സ്വാധീനം ഇല്ലാത്ത വസ്തുവാണ്. അതുപക്ഷെ ഒരു വ്യാപാര വസ്തുതന്നെ എന്ന പ്രാധാന്യമേയുള്ളൂ.. ഇതിനാൽ സ്ത്രീകൾക്ക് ഭയപ്പാടില്ലാതെ വീടുകളിലും പുറത്തും നിർബാധം സഞ്ചരിക്കാം.

എന്നാൽ കേരളത്തിൽ മലയാളിയുടെ സ്വർണ്ണഭ്രമം വലിയ അപകടത്തിൽ അവരെ കൊണ്ടുചെന്നെത്തിക്കുന്നുണ്ട് എന്ന് ദിനം തോറുമുള്ള വാർത്തകൾ പഠിപ്പിക്കുന്നു. ആഭരണം മോഷ്ടിക്കപ്പെടുന്നു, പിടിച്ചുപറിക്കാരും കള്ളന്മാരും ഗുണ്ടകളും അവിടെ സജ്ജീവമാണ്. വീടുകളിൽ സ്ത്രീകൾക്കും തനിച്ചു താമസിക്കുന്ന പ്രായം ചെന്നവർക്കും എല്ലാം കേരളത്തിൽ ഭീഷണിയാണ്. കൊലപാതകവും ഭവന ഭേദനവും ഏതാണ്ട് നിത്യ സംഭവങ്ങൾ തന്നെയാണ്. സ്വർണ്ണത്തിനു വേണ്ടി മനുഷ്യ ജീവൻ പോലും അവിടെ തകർക്കപ്പെടുന്നുണ്ട്.

മറ്റൊരു കാര്യം നോക്കാം. ഈ സ്വർണ്ണം തന്നെ ഒരു വയ്യാവേലിയാണ്. ഒരു പെണ്‍കുട്ടിയെ മാതാപിതാക്കളുടെ സാമ്പത്തിക ശേഷിയനുസരിച്ച് വിവാഹം കഴിപ്പിച്ചു അയച്ചുവെന്ന് ഇരിക്കട്ടെ. ഭർതൃ ഭവനത്തിൽ ചെല്ലുമ്പോൾ ചിലപ്പോൾ മറ്റുചില അപ്രതീക്ഷിത സംഭവങ്ങൾക്ക് തുടക്കമാകുന്നതും ഈ മിന്നിത്തിളങ്ങുന്ന സ്വർണ്ണമാണ്. ഭർത്താവിന്റെ വീട്ടിൽ ഭാര്യ കൊണ്ടുവന്ന സ്വർണ്ണം ഒന്നുകൂടി തൂക്കി നോക്കി തിട്ടപ്പെടുത്തും. അതോ കൂടെ കൊണ്ടുവന്ന സ്വർണ്ണം തനി സ്വർണ്ണം തന്നെയാണോയെന്നു നോക്കും. ഭാര്യയുടെ സ്വർണ്ണം പറഞ്ഞിരുന്നതിൽ അല്പം കുറവു കണ്ടാൽ ആ വീട്ടിൽ ഭാര്യക്കെതിരെ, ഭാര്യയുടെ അച്ഛനെതിരെ, വീട്ടുകാർക്കെതിരെ ആരോപണ യുദ്ധം തുടങ്ങുക യായി. ആ വീട് വഴക്കിന്റെ കേന്ദ്രമായി മാറുന്നു, അടിപിടി, ചിലപ്പോൾ അത് ഒരു വലിയ ദുരന്തത്തിനുവരെ കാരണമാക്കുന്നു. സ്ത്രീധനപീഡനം ഭർതൃ ഭവനത്തിൽ കൊടിയേറിക്കഴിഞ്ഞു. സ്ത്രീ പീഡനം മടുത്തു സ്വന്തം വീട്ടിലേ യ്ക്ക് വന്നു നില്ക്കുന്നു. അതുപക്ഷെ വിവാഹമോചനം മുതൽ കൊലപാതകം വരെയും ചെന്നെത്തി നില്ക്കും.

 ഇത്തരം പൈശാചികതയുടെ കാരണഭൂതൻ വെട്ടിത്തിളങ്ങി ശോഭിക്കുന്ന ഒരു കൊടുംഭീകരനായി സ്വർണ്ണം പരിണമിക്കുകയാണ്. ഇവിടെ സ്വർണ്ണം ഒരു പൈശാചിക ഉപകരണമായിത്തീരുന്നു, ഒരു നിത്യ ശാപം എന്നപോലെ ആയിത്തീരുന്നു, ഈ നിധി പിശാചിന്റെതായി മാറുന്നു. ധാരാളം ഇന്ത്യൻ സ്ത്രീകൾ ഇങ്ങനെയുള്ള ആക്രമങ്ങളിൽ ഇരയായിത്തീരുന്നു. കേരളത്തിൽ ഇത്തരം സംഭവങ്ങൾ നിരവധിയുണ്ട് എന്ന് പറയുന്നത് യുക്തി യുക്തമാണ്. നൂറും ഇരുനൂറും പവൻ സ്വർണ്ണ ആഭരണങ്ങൾ കൊടുത്താണ് പെണ്‍കുട്ടികളെ കെട്ടിച്ചയക്കുന്നത്. സാമ്പത്തികത്തിന്റെ അളവുകോലാകുന്ന സ്വർണ്ണത്തിന്റെ  തൂക്കത്തിൽ ആയിരിക്കും പൊതു അംഗീകാരം നൽകപ്പെടുന്നത്. അതൊന്നും നല്കാൻ കഴിയാത്ത മാതാപിതാക്കളുടെ പെണ്മക്കൾ ദു:ഖപുത്രിമാരായി സ്വന്തം ഭവനത്തിൽ "പുര നിറഞ്ഞു" നില്ക്കുന്ന കഥകളും ഉണ്ടാകുന്നുണ്ട്.
 
സ്വർണ്ണ വ്യാപാര രംഗത്ത് മലയാളികൾ അതിരുവിട്ട വ്യാപാര ചരക്കായി സ്വർണ്ണത്തെ മാറ്റിക്കഴിഞ്ഞു. ആഗോളതലത്തിലുള്ള മാറ്റങ്ങളെ നിരീക്ഷിച്ചാൽ മലയാളികൾ മറ്റു വിദേശ രാജ്യങ്ങളിലെതിനേക്കാൾ അതിരില്ലാത്ത അളവിൽ  സ്വർണ്ണം ഇറക്കുമതിയിലൂടെയോ കള്ളക്കടത്തിലൂടെയോ കണക്കില്ലാതെ കേരളത്തിൽ എത്തിക്കുന്നുണ്ട്. കേരളത്തിലെ വിമാനത്താവളങ്ങൾ ഇതിനായി വ്യാപാരികളും കള്ളക്കടത്തുകാരും ഉപയോഗിക്കുന്നു. മലയാളിയുടെ സ്വർണ്ണ ഭ്രാന്തു തെളിയിക്കുന്ന കാര്യങ്ങളാണ് നിത്യവും നടക്കുന്ന സ്വർണ്ണ കള്ളക്കടത്തി ന്റെ വാർത്തകൾ  ഞെട്ടിപ്പിക്കുന്നത്‌.

കേരളത്തിലേയ്ക്ക് സ്വർണം ഇറക്കുമതി കൂടി; സ്വർണ്ണത്തിന്റെ കള്ളക്കടത്തും വർദ്ധിച്ചു.  ഇറക്കുമതി നിയന്ത്രണങ്ങളിൽ അയവു വരുത്തിയെങ്കിലും സ്വർണക്കള്ളക്കടത്ത് 2012-13ൽ ഉണ്ടായതിനേക്കാൾ അഞ്ചിരട്ടി 2014-2015ൽ വർധിച്ചതായി കണക്ക് ബോധ്യപ്പെടുത്തുന്നു. 1120 കോടിയുടെ 4480 കിലോ സ്വർണം പിടിച്ചു. 4400 കേസുകൾ റജിസ്റ്റർ ചെയ്തു. 252 പേർ അറസ്റ്റിലായി. എന്നാൽ 2012-13ൽ റജിസ്റ്റർ ചെയ്തത് 870 കേസ് മാത്രം. പിടിച്ചത് 100 കോടി വിലമതിക്കുന്ന 400 കിലോ സ്വർണവും. 2014-15ൽ നിയമവിധേയമായ ഇറക്കുമതി വൻ തോതിൽ വർധിച്ചുവെങ്കിലും അതോടൊപ്പം കള്ളക്കടത്തും വൻതോതിൽ വർധിച്ചത് റവന്യു ഇന്റലിജൻസ് ഉദ്യോഗസ്ഥരെയും ജനങ്ങളെയും അസ്വസ്ഥരാക്കുന്നുണ്ട്. ഈയിടെ പ്രശസ്ത സ്വർണ്ണ കള്ളക്കടത്തു കാരൻ ജാബിന്റെ നേതൃത്വത്തില്‍ 1500 കിലോ സ്വര്‍ണ്ണം കടത്തിയതായാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഇതുവഴി കോടികളാണ് അയാൾ സമ്പാദിച്ചിരിക്കുന്നത്.

Gold Bar
 സംസ്‌ഥാനത്തെ മൂന്നു പ്രധാന വിമാനത്താവളങ്ങളില്‍ നിന്നായി 2013 മുതല്‍ 2015 വരെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട്‌ 432 പേര്‍ പിടിയിലായതായി അഭ്യന്തര മന്ത്രി  കഴിഞ്ഞ നിയമസഭയില്‍ വെളിപ്പെടുത്തി. മൊത്തം 547.324 കിലോഗ്രാം സ്വര്‍ണം ഇക്കാലയളവില്‍ പിടിച്ചെടുത്തു. കേരളത്തിൽ ഒട്ടാകെ അനധികൃത സ്വര്‍ണക്കടത്തിന്‌ പ്രത്യേക റാക്കറ്റ്‌ തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. കേരളത്തിലെ രാജ്യാന്തര വിമാനത്താവളങ്ങളുടെ സുരക്ഷാച്ചുമതല കേന്ദ്ര ഏജന്‍സികള്‍ക്കായതിനാല്‍ സംസ്‌ഥാന പോലീസിന്‌ ഇടപെടാനാവാത്ത സ്‌ഥിതിയുണ്ട്‌ എന്ന് പറയുന്നു. തിരുവനന്തപുരം വിമാനത്താവളത്തില്‍ അനധികൃതമായി കടത്തിയ 51.38 കിലോഗ്രാം സ്വര്‍ണമാണ്‌ പിടിച്ചെടുത്തത്‌. 32 പേര്‍ അറസ്‌റ്റിലായി എന്ന് വാർത്തകൾ ഉണ്ട്. നെടുമ്പാശേരിയില്‍ 195.959 കിലോ ഗ്രാം സ്വര്‍ണം പിടിച്ചെടുത്തു. 241പേര്‍ പിടിയിലായി. കരിപ്പൂരില്‍ 299.985 കിലോ ഗ്രാം സ്വര്‍ണം കസ്‌റ്റഡിയിലെടുത്തു. 159 പേരെ അറസ്‌റ്റ്‌ ചെയ്‌തു. സ്‌ത്രീകളും സ്വര്‍ണക്കടത്തില്‍ പങ്കാളികളാണ്‌. ഇതെല്ലാം നിയമസഭയിൽ നടത്തിയ വെളിപ്പെടുത്തലുകളാണ്. പക്ഷെ എട്ടിലെ പശു പുല്ലുതിന്നുന്നില്ല. അഭ്യന്തര വകുപ്പും പൊതുവെ കേരളസർക്കാരും ഇത്തരം കുറ്റക്കാരെ നിയമപരമായി നേരിടുവാൻ ആവശ്യമായ പദ്ധതികൾ ചെയ്തിട്ടില്ല. അഥവാ അതിനുവേണ്ടി എന്തെങ്കിലും ചെയ്യുവാനോ ആഗ്രഹിക്കുകയില്ല. അതുകൊണ്ടാണല്ലോ നിത്യവും കേരളത്തിലേയ്ക്ക് സ്വർണ്ണം  ഒളിച്ചു കടത്തിക്കൊണ്ടിരിക്കുന്ന കുറ്റകൃത്യങ്ങൾ കൂടിക്കൊണ്ടിരിക്കുന്നത്. കള്ളക്കടത്തിലൂടെ കേരളത്തിൽ വരുന്ന സ്വർണ്ണം പിടിക്കപ്പെടുന്നുവെന്ന പൊടിപടലങ്ങൾ ചേർത്ത വാർത്തകൾ ഉണ്ടാകുന്നുണ്ട്. പക്ഷെ ഇതുവരെ പിടിച്ചെടുക്കപ്പെട്ട സ്വർണ്ണം എന്ത് ചെയ്തു എവിടെ ശേഖരിക്കുന്നു എന്നൊന്നും വെളിപ്പെടുത്താൻ സർക്കാരും ഉദ്യോഗസ്ഥരും മടികാണിക്കുന്നുവെന്നാണ് പൊതുജനസംസാരം.

ഇന്ത്യയിലെ ജനങ്ങൾ കൈവശം സൂക്ഷിച്ചിരിക്കുന്ന അനേകകോടികളുടെ  സ്വർണ്ണ ശേഖരം ഇന്ത്യയുടെ സ്വന്തമാണ്. അതുപക്ഷെ വിനിമയമില്ലാതെ കറ പുരണ്ട് ഒളിവിൽത്തന്നെ കഴിയുന്നു. സ്വർണ്ണം രാജ്യത്തിന്റെ പൊതുസ്വത്ത് എന്ന നിലയിൽ ആണെങ്കിലും സ്വകാര്യ വ്യക്തികളിലും ജൂവലറി ഉടമകളിലും കള്ളക്കടത്തു കാരിലും എത്തിച്ചേർന്നിരിക്കുന്നു. നമ്മുടെ രാജ്യത്തിന്റെ സമ്പത്ഘടനയ്ക്ക് ശക്തി നല്കേണ്ട സ്വർണ്ണനിക്ഷേപം ശരിയായ വിധം സർക്കാരിന്റെയും റിസർവ് ബാങ്കിന്റെയും ഉറച്ച നിരീക്ഷണത്തിലും നിയമസംരക്ഷണത്തിലും  കാണപ്പെട്ടിരുന്നെങ്കിൽ ഇന്ത്യ ലോകത്തിലെ ഒന്നാംകിട സമ്പത് രാജ്യമായി മാറുമായിരുന്നു.

-------------------------------------------------------------------------------------------------------------------------------------
Visit 

 Dhruwadeepti.blogspot.com

for up-to-dates and FW. link 

Send Article, comments and write ups to : george.kuttikattu@t-online.de
  DHRUWADEEPTI ONLINE LITERATURE. 
Published from Heidelberg, Germany, 
in accordance with the European charter on freedom of opinion and press. DISCLAIMER: Articles published in this online magazine are exclusively the views of the authors. Neither the editor nor the publisher are responsible or liable for the contents, objectives or opinions of the articles in any form."
            george.kuttikattu@yahoo.com
 

Keine Kommentare:

Kommentar veröffentlichen

Hinweis: Nur ein Mitglied dieses Blogs kann Kommentare posten.