Freitag, 4. Juli 2014

ധ്രുവദീപ്തി · // സാമൂഹ്യം / സ്ത്രീത്വം ഹോമിക്കപ്പെടുന്ന രാജ്യം-by K.A.Philip, USA.

 ധ്രുവദീപ്തി · // സാമൂഹ്യം // 
   
സ്ത്രീത്വം  ഹോമിക്കപ്പെടുന്ന രാജ്യം- 

- by K. A. Philip, USA.


രു രാജ്യത്തിന്റെ ബഹുമുഖ വളർച്ചയുടെ വേഗതയും വ്യാപ്തവും മഹത്വവും അളക്കുവാൻ മാന:ദണ്ഡപ്പെടുത്തുന്ന ഘടകങ്ങൾ ആ രാജ്യത്തിന്റെ സാമ്പത്തിക വളർച്ച മാത്രമല്ല, അവിടെയുള്ള ഓരോ സാധാരണ പൗരന്റെയും അടിസ്ഥാന അവകാശങ്ങളിൽ ഉറപ്പാക്കേണ്ട സുരക്ഷിതത്വവും അതിന്റെ ക്രമമായ തനതു വികാസവും കൂടിയാണ്. അങ്ങനെ ചിന്തിക്കുമ്പോൾ, നമ്മുടെ ജന്മ ഭൂമിയായ ഇന്ത്യയിൽ ഈ വികാസം ബഹുദൂരം പിന്നിലാണെന്ന് കാണാൻ വളരെ പെട്ടെന്ന് കഴിയും. ഇതോടൊപ്പം നമ്മെ പിന്തുടരുന്ന മറുപടി ലഭിക്കാത്ത വിഷമം പിടിച്ച ഏറെയേറെ ചോദ്യങ്ങളുമുണ്ട്. നമ്മുടെ സ്വന്തം രാജ്യത്തോടുള്ള വിശ്വാസത്തിനും അഭിമാനത്തിനും പൂർണ്ണക്ഷതം വരുത്തിയ കാരണങ്ങളെ നാം തിരിച്ചറിയണം.

ഇന്ത്യയിലെ ജനങ്ങളുടെ സാമൂഹ്യജീവിത തത്വശാസ്ത്രം, അന്ധവിശ്വാസം, ജാതി- മതപരമായ വിശ്വാസവും കാഴ്ചപ്പാടുകളും, നമ്മുടെ പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും കുട്ടികളുടെയും വ്യക്തിസുരക്ഷ, അവകാശസംരക്ഷണവും സ്വാതന്ത്ര്യവും, സമത്വവും വളരെ വളരെ സങ്കീർണ്ണമാണ്. അതിങ്ങനെയാണ്: കുടുംബങ്ങളുടെ ഐക്യം, പാരമ്പര്യ ആചാരങ്ങൾ അനുസരിച്ചുള്ള സാമൂഹ്യ ജീവിതരീതി, കുട്ടികളെ വളർത്തൽ, ആരോഗ്യം, വിദ്യാഭ്യാസം, വിവാഹം, മത ധാർമ്മിക വിശ്വാസം, തൊഴിൽ, തുടങ്ങിയ വിവിധകാര്യങ്ങളിൽ പരിപൂർണ്ണത കൈവരിക്കാതെ ഒരു ദുരന്തമായി എങ്ങനെയോ പോകുന്നു, ദൈനംദിന ജീവിതം. അടിസ്ഥാനപരമായ സുരക്ഷയും കെട്ടുറപ്പും ഇന്ത്യയിൽ അപകടപ്പെടുകയാണ്.

Uttar Pradesh/ -Protestors took to New Delhi to force Federal investigations

ജീവിതവും സമാധാനവും കശക്കിയെറിയുന്ന കൊലപാതകങ്ങൾ, ഇവിടെയും സ്ത്രീകൾ ഇരയാകുന്ന ഭീകരകൊലപാതകങ്ങൾ, ആത്മഹത്യകൾ ഇവ വർദ്ധിച്ചു വരുന്നു. ദിനംതോറും വർദ്ധിച്ചു വരുന്ന സ്ത്രീപീഡനങ്ങളുടെ എണ്ണം നമ്മെ ഭീതിപ്പെടുത്തുന്നതാണ്. നമ്മുടെ ധാർമ്മികജീവിതമാതൃകയെ കുറ്റപ്പെടുത്തിയും നമ്മുടെ സർക്കാരിന്റെ തെളിഞ്ഞ നിഷ്ക്രിയത്വത്തെ വിമർശിച്ചും ഈയിടെ ഐക്യരാഷ്ട്രസംഘന അതിനിശിതമായി വിമർശിച്ചു. ഇന്ത്യയുടെ സാമൂഹ്യജീവിത കാഴ്ച്ചപ്പാടുകളിലും, നമ്മുടെ  ചിന്തയിലും, സാംസ്കാരിക വിദ്യാഭ്യാസത്തിലും സാമ്പത്തിക-തൊഴിൽ-രാഷ്ട്രീയ ഭരണ മേഖലകളിലും മാതൃക ഉണ്ടാകേണ്ടതായ ബൃഹത്തായ ഒരു മാറ്റം ഇവിടെ സംഭവിക്കണം. എന്തുകൊണ്ട് നമ്മുടെ രാജ്യത്ത് ഇത്തരം ദു:സ്ഥിതികൾ തുടരെ തുടരെ  സംജാതമാകുന്നു? ഒരു ധാർമ്മിക പരിവർത്തനത്തിന് ഇന്ത്യ തയ്യാറാകണം എന്ന് പോലും ലോകരാഷ്ടങ്ങൾ ഈയിടെ  ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നൽകി. ഇവിടെ ജനങ്ങളുടെ താല്പര്യം സംരക്ഷിക്കപ്പെടുന്നില്ല, അതിനു പ്രാധാന്യമില്ല.

പൊതുവിദ്യാഭ്യാസരംഗത്തെ തകർക്കുന്ന അഴിമതികൾ, ക്രമമായിത്തന്നെ എന്നും   രാജ്യത്തു മാറിമാറി വരുന്ന ഭരണകൂടങ്ങളും നിയമങ്ങളും ഭരണകർത്താക്കളും ജീവനക്കാരും, തൊഴിൽ രംഗത്തെ ഉയർന്നതും അനിയന്ത്രിതവുമായ വേതന വർദ്ധനവും, നിത്യോപയോഗ സാധനങ്ങളുടെ വിലവർദ്ധനവും എല്ലാം  ദുസഹമാണ്. എന്തിനും ഏതിനും ഇന്ത്യയിൽ ആർക്കുംവേണ്ടാത്ത ബ്യൂറോക്രസി സമ്പ്രദായം മാത്രമേ ഇന്നും പ്രയോഗിക്കപ്പെടുന്നുള്ളൂ.

ഇന്ത്യ മുഴുവൻ അന്വേഷിച്ചു നടക്കേണ്ടതില്ല, ഇതു മനസ്സിലാക്കാൻ. ഇന്ത്യയുടെ തെക്കൻ സംസ്ഥാനം കേരളം മുതൽ ഹിമാലയം വരെയും പടിഞ്ഞാറ് ഗുജറാത്ത് മുതൽ കിഴക്ക് ബംഗാൾ വരെയും തുടർച്ചയായി രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന  സ്ത്രീപീഡനങ്ങൾ, കൊലപാതകങ്ങൾ, തുടങ്ങിയ ഭീകരകുറ്റകൃത്യങ്ങളെല്ലാം   സന്മാർഗ്ഗിക-ധാർമ്മികമൂല്യങ്ങൾക്ക് നേരെയുള്ള വെല്ലുവിളികൾ തന്നെയാണ്. ആർഷഭാരതസംസ്കാരം എന്നത് വെറും പരിഹാസ്യമായ പദമായി മാറി. നമ്മുടെ അഭിനവ കേരളസംസ്ഥാനം ഇത്തരം ഭീകര പീഡനങ്ങളുടെ പട്ടികയിൽ ഏറ്റവും മുൻപന്തിയിൽ ആണല്ലോ. കേരളത്തിൽ വിദ്യാഭ്യാസരംഗം നോട്ടിരട്ടിപ്പുകാരുടെ സങ്കേതമായി മാറിയിരിക്കുന്നു. പൊതുജനങ്ങളുടെ പണംപിരിച്ചു കോളജുകൾ ഉണ്ടാക്കും. അവിടെ നിസ്സാരം ഒരു ഡിഗ്രി പഠനത്തിനു പ്രവേശനം ലഭിക്കുവാൻ പത്തുലക്ഷം രൂപയെങ്കിലും കോഴപ്പണം കൊടുക്കണം.

നാം പുരോഗതിയിലേയ്ക്ക് കുതിച്ചു പായുന്നു എന്നവകാശപ്പെടുമ്പോഴും നമ്മുടെ  ഇന്ത്യയുടെ ഇപ്പോഴുള്ള സാമൂഹ്യഅവസ്ഥ വളരെ ദയനീയമാണെന്നെ പറയാൻ കഴിയൂ. ചന്ദ്രനിലേയ്ക്കും മാത്രമല്ല സൌരയൂഥത്തിലെമ്പാടും പരീക്ഷണ നിരീക്ഷണ റോബോട്ടുകൾ അയക്കുവാൻ നെട്ടോട്ടമോടുന്ന ഇന്ത്യയ്ക്ക് ലോകരാജ്യങ്ങളുടെ മുൻപിൽ പലപ്പോഴും ആഭ്യന്തര ക്രമസമാധാനം നിർവഹിക്കുന്നതിനും സ്വന്തം രാജ്യത്തെ ജനങ്ങളുടെ അടിസ്ഥാനാവശ്യങ്ങൾ പോലും നിറവേറ്റുന്ന കാര്യത്തിലും  തികച്ചും പരാജയപ്പെട്ട രാജ്യമാണ് എന്ന വിമർശനം ഏറ്റു വാങ്ങേണ്ടി വരുന്നുണ്ട്.

നമ്മുടെ രാജ്യത്ത് മാറ്റങ്ങൾ ഉണ്ടാകണം. അതുപക്ഷെ ഈ മാറ്റങ്ങൾ ഉണ്ടാക്കേണ്ടത് അധികാരത്തിന്റെ ചൂടൻ പ്രഹരത്താലാവരുത്. അത്, ജനങ്ങളുടെ ഹൃദയത്തിൽ നിന്നുള്ള ആഗ്രഹവും, ആ പ്രതീക്ഷയിൽ ജാതിയും മതവും വർഗ്ഗവും എല്ലാം ഈ സമൂഹത്തിലെ ഒരുമിച്ചു ചേർക്കപ്പെട്ടിരിക്കുന്ന ഘടകങ്ങൾ തന്നെയാണെന്നും നാം മനസ്സിലാക്കുകയും വേണം. അപ്പോൾ നമ്മുടെ ഇന്ത്യൻ ഭരണഘടനയും നീതിന്യായ പീഢവും, തിന്മകൾക്കെതിരെയും അതോടൊപ്പം തന്നെ ഒരു ബലവത്തായ ചിട്ടയും ക്രമവും രാജ്യത്ത് പുനസ്ഥാപിക്കുന്നതിനു ശക്തി പ്രാപിക്കും.

Uttar Pradesh / Murder and Rape.

സ്വന്തം വീട്ടിൽ ഉണ്ടാകുന്ന കുഴപ്പങ്ങൾക്കെല്ലാം കാരണം അയൽപക്കം ആണെന്ന് സംശയിക്കരുതല്ലോ. ഇന്ത്യയുടെ തലസ്ഥാനം ഈ അടുത്തകാലത്ത് പീഡനങ്ങളുടെ തലസ്ഥാനമായി മാറി. ഒരു പെണ്‍കുട്ടി ക്രൂര ലൈംഗികപീഡനത്തിനൊടുവിൽ മരണപ്പെട്ട സംഭവം അറിഞ്ഞ ലോകം മുഴുവൻ ഞെട്ടി. ഈയിടെ ഉത്തർപ്രദേശിൽ രണ്ടു പെണ്‍കുട്ടികളെ ലൈംഗിക പീഡനത്തിനു ശേഷം അവരെ കൊന്നു മരത്തിൽ കെട്ടിത്തൂക്കിയിട്ടു. ഇന്ത്യിലൊട്ടാകെ ഈ ക്രൂര കൃത്യത്തിനെതിരെ പ്രതിഷേധം ഇരമ്പി. ഡൽഹിയിലും ബോംബെയിലും ഇതര സംസ്ഥാനങ്ങളിലും ഉടലെടുത്ത ജനരോഷം സന്മാർഗ്ഗിക ബോധമുള്ള സാധാരണ ജനങ്ങളുടെ രോദന ശബ്ദമാണ്. ലോകത്തിലെ മാദ്ധ്യമങ്ങൾ,  ശക്തമായി കുറ്റക്കാർക്കെതിരെ ശബ്ദിച്ചു. ഇന്ത്യയുടെ പലഭാഗങ്ങളിലും നടന്ന സ്ത്രീപീഡനങ്ങൾക്ക് നേരെ തക്കതായ ശിക്ഷ അതിവേഗ കോടതികൾ വഴി പ്രതികൾക്ക് കൊടുത്തിരുന്നെങ്കിൽ എക്കാലവുംസ്ത്രീകൾക്ക്  നേരെയുണ്ടാകുന്ന ഭീകരപീഡനങ്ങൾക്ക് കുറച്ചൊരു കുറവു ഉണ്ടാവുമായിരുന്നു എന്ന് വിശ്വസിക്കുന്നവർ ഏറെയാണ്‌. രാജ്യത്ത് കോടതികൾ മൂല്യം വെടിയരുത്. കുറ്റക്കാരും ക്രിമിനലുകളുമായ ജനപ്രതിനിധികളും കൂടി സർക്കാരിന്റെ വളയം പിടിക്കുമ്പോൾ രാജ്യത്ത് നടക്കുന്ന കുറ്റകൃത്യങ്ങൾക്ക് നേരെ അവരുടെ കണ്ണുകൾ അടഞ്ഞുപോകും.   
    
കുടുംബങ്ങളുടെ കെട്ടുറപ്പ് പശ്ചാത്തലം.

മൂല്യാധിഷ്ടിതമായ ഒരു സംസ്കാര പശ്ചാത്തലം-ആർഷഭാരത സംസ്കാരം- അത് ഒരുപക്ഷെ നമ്മുടെയൊക്കെ പൂർവ്വീകർ സ്വീകരിച്ചിരുന്നു. അതിനുള്ള ചില നല്ല  തെളിവുകളാണ് ഉദാഹരണത്തിനു, കേരളത്തിൽ ഉണ്ടായിരുന്ന പാരമ്പര്യകുടുംബ പശ്ചാത്തലം. ഇന്ത്യയിലൊട്ടാകെ കെട്ടുറപ്പുള്ള ഇങ്ങനെയുള്ള പാരമ്പര്യകുടുംബ പശ്ചാത്തലം നൂറ്റാണ്ടുകളായി നിലനിൽക്കുന്നുണ്ടായിരുന്നു. എങ്കിലും അന്നും സ്തീകളുടെ സമത്വവും സ്വാതന്ത്ര്യവും വിദ്യാഭ്യാസവും അവരുടെ അർഹമായ അവകാശങ്ങളിൽപ്പെട്ടതായിരുന്നില്ല. സ്ത്രീയായി ജനിച്ചതിനാൽ മനുഷ്യാവകാശം ഹനിക്കപ്പെട്ടു. ശൈശവവിവാഹം, പ്രസവങ്ങൾ മൂലമുണ്ടായിരുന്ന മരണം, മേൽ ജാതിപുരുഷന്മാരുടെ അവകാശമായിരുന്ന ബഹുഭാര്യത്വം ഇവയൊക്കെയാണോ കുടുംബ കെട്ടുറപ്പിന്റെ ചില പ്രസക്ത ഉദാഹരണങ്ങൾ.? ഇന്നത്തെപ്പോലെ അന്നും  സ്ത്രീകൾ ഗാർഹിക പീഡനത്തിനു അടിമപ്പെട്ടിരുന്നു.

ഇവയൊക്കെയായിരുന്നോ ഇന്ത്യയിൽ ആർഷഭാരത സംസ്കാരത്തിന്റെ മറവിൽ നടന്ന സ്ത്രീപീടനങ്ങൾ ? ഇന്ന് മാദ്ധ്യമങ്ങൾ നിത്യവും സംഭവിച്ചുകൊണ്ടിരിക്കുന്ന സ്ത്രീപീഡനങ്ങളുടെ കഥകളും, ഭാരതസ്ത്രീകൾ കണ്ണീരൊഴുക്കി മരണം സ്വയമേ  വരിക്കേണ്ടിവരുന്ന ദുരന്തകഥകളും ഉടനെ വെളിച്ചത്തു വരുത്തുന്നു. ഇത്തരം സംഭവങ്ങൾ ഏതു സംസ്കാരത്തിന്റെ ഭാഗമാണെന്നു ജനം സ്വയം ചോദിക്കുന്നു. തലമുറകൾ മാറുന്നതനുസരിച്ച് വളർന്നു വരുന്ന യുവതലമുറ പൊതുവെ വലിയ ഒരു സാമൂഹ്യവിപത്തിന്റെ പങ്കാളികൾ ആയിത്തീരുകയാണ്. പുതുതലമുറകൾ  സ്വന്തം നാട് സാത്താന്റെ നാടാക്കുകയാണെന്ന കണ്ടെത്തലുകൾ ചെയ്യുന്നത്, ഒന്നും അങ്ങനെ വെറുതെയല്ലായെന്ന പറച്ചിലിന് കാരണങ്ങളും വെളിച്ചത്തുവരുന്നുണ്ട്.

ഇന്ത്യയിൽ ദിവസേന 93 സ്ത്രീകൾ മാനഭംഗത്തിനിരയാകുന്നുവെന്ന് ദേശീയ ക്രൈം റിക്കാർഡുകളുടെ ഓഫീസ് പുറത്തുവിട്ട വിശദാംശങ്ങൾ ഇക്കഴിഞ്ഞ നാളിൽ മാദ്ധ്യമങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. രാജ്യത്ത് മാനഭംഗക്കേസുകൾ തുടരെ വർദ്ധിക്കുകയാണെന്നു ചൂണ്ടിക്കാണിച്ചു. 2012.ൽ 24923 കേസുകൾ, 2013-ൽ അത് 33707 ആയി വർദ്ധിച്ചു. ഡൽഹിയാണ് സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളുടെ കേന്ദ്രമായി ചൂണ്ടിക്കാണിച്ചത്. അവിടെ 2013-ൽ 1441 സ്ത്രീ പീഡനങ്ങൾ നടന്നു. അതിനു തൊട്ടടുത്താണ് ബോംബെ (391 ) ജയ്പ്പൂർ, പൂന തുടങ്ങിയ നഗരങ്ങൾ.  ഉത്തരപ്രദേശ്, മദ്ധ്യപ്രദേശ്-4335, രാജസ്ഥാൻ -3285, മഹാരാഷ്ട്ര -3050, തമിഴ് നാട്-923 എന്നിങ്ങനെ കണക്കുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നു. കേരളം ഇതിലൊട്ടും തന്നെ പിന്നിലല്ല. എണ്ണിയെണ്ണിപറയാൻ കഴിയുന്നത്ര ഭീകര സ്ത്രീപീഡന-കൊലപാതക    കൃത്യങ്ങളെയും, കുട്ടികളെവരെ ലൈംഗികമായി പീഡിപ്പിക്കലും അവരെയെല്ലാം  വ്യഭിചാരത്തിനിരയാക്കുന്നതും തുടങ്ങിയ വാർത്തകൾ ദീപിക, മനോരമ, മംഗളം, കൌമുദി, മാതൃഭൂമി തുടങ്ങിയ പ്രമുഖ മലയാള മാദ്ധ്യങ്ങൾ പ്രസിദ്ധീകരിക്കുന്നു.  

പീഡനത്തിനു ഇരയായ സ്ത്രീകളുമായി അടുത്ത ബന്ധമുള്ളവരാണ് പ്രതികളിൽ ഏറെയും എന്ന് ശ്രദ്ധേയമാണ്. അന്വേഷണ റിപ്പോർട്ട് ചെയ്യപ്പെട്ട കേസ്സുകളിൽ 10782 എണ്ണത്തിൽ പ്രതികൾ ഇരകളുടെ അയൽക്കാരാണ്.18171 പേർ പരസ്പരം അറിയുന്നവരും 2315 കേസ്സുകളിൽ ബന്ധുക്കളും 539 കേസുകളിൽ പ്രതികളെല്ലാം  രക്ഷിതാക്കളുമാണ്. പീഡനത്തിനിരയായത് 18 -നും 30-നും ഇടയ്ക്ക് പ്രായമുള്ള സ്ത്രീകളായിരുന്നു. അവരുടെ ഔദ്യോഗിക എണ്ണം ഏതാണ്ട് 15556 -ഉം, 14-നും 18-നും ഇടയ്ക്കുള്ളവരുടെ എണ്ണം ഏതാണ്ട് 8877 ഉം വരുമെന്നാണ് റിപ്പോർട്ട് രേഖപ്പെടുത്തിയത്. 2013-ലെ റിപ്പോർട്ടാണിത്.

Kerala / Rape and Prostitution in Resorts

എന്താണ് ഇന്ത്യയിൽ ലൈംഗിക പീഡനങ്ങൾ ഏറിവരുന്നതിനു പ്രേരകമായ കാര്യങ്ങൾ? ഓരോ ഇരുപതു മിനുട്ടുകളിലും ഒരു സ്ത്രീ ഇന്ത്യയിൽ ലൈംഗികമായി പീഡനത്തിനു ഇരയാകുന്നുവെന്നു നാഷണൽ ക്രൈം റിക്കാർഡ് ബ്യൂറോ വെളിപ്പെടുത്തുന്നു. ഈയിടെ ഒരു വനിതാ പത്രപ്രവർത്തകയെ മൃഗീയമായി പീഡിപ്പിച്ച വാർത്തയും ഉണ്ടായി."ഇന്ത്യയിലെ സ്ത്രീകളെ ഒരു ലൈംഗിക വസ്തുവായി"മാറ്റിയെന്നാണ് ലോകമാധ്യമങ്ങൾ പറയുന്നത്. ഈ വിഷയത്തിൽ നിരവധി കാരണങ്ങൾ കാണാൻ കഴിയും. നമ്മുടെ സമൂഹത്തിൽ പലപ്പോഴുമിത് ചർച്ച ചെയ്യപ്പെടുന്ന കാര്യങ്ങളാണിവയെല്ലാമെന്നും നമുക്ക് അറിവുള്ളതുമാണ്. നമുക്കറിയാം നിരപരാധിയായ ഒരു പെണ്‍കുട്ടി ക്രൂരമായി പീഡിപ്പിക്കപ്പെടുന്നു, പക്ഷേ, ആരോ അവളെ കൊന്നുകളയുന്നു. അഥവാ അവൾ മരണപ്പെടുന്നു. ഒരുപക്ഷെ മാനം നഷ്ടപ്പെട്ട അവൾ ആത്മഹത്യ ചെയ്യുന്നു. എന്താണ് സംഭവിക്കുക? പ്രതിയെ രക്ഷിക്കുവാൻ നിഗൂഡ ഹസ്തങ്ങൾ വരുന്നു. കഥകൾ ഇല്ലെന്നാക്കുന്നു. പ്രതി ഇവരിൽപ്പെട്ടവരോ അഥവാ ഉന്നതങ്ങളിൽ അവരുമായി പ്രവർത്തിക്കുന്നവരോ ആയിരിക്കാം. അതല്ലെങ്കിൽ മറ്റുതരത്തിൽ ഉണ്ടാകുന്ന   അസ്വാഭാവികസംഭവമാകാം.പക്ഷെ, പെണ്‍കുട്ടിയുടെ മരണം സംഭവിച്ചത് തന്നെ.

പക്വതയും പാകതയും ഇല്ലാത്ത പെണ്‍കുട്ടികൾ പ്രേമം നടിച്ചെത്തുന്നവരുടെ ചതി വലയിൽ വീഴുന്നു. പരസ്പരം പ്രേമിക്കൽ എന്ന സംഭവം പണ്ടുകാലത്ത് തുലോം
കുറവായിരുന്നു എന്ന് പറയപ്പെടുന്നുണ്ട്. ആണ്‍പെണ്‍സൌഹൃതങ്ങൾക്ക് തക്ക ഗുണവും ദോഷവുമുണ്ടെന്നും എല്ലാം നമ്മുടെ സമൂഹത്തിലെ ചർച്ചാ വിഷയം തന്നെ. അതിങ്ങനെ. കുടുംബപാരമ്പര്യങ്ങളും ധനസ്ഥിതിയും സ്വഭാവഗുണങ്ങളും മാതാപിതാക്കൾ മക്കളുടെ വിവാഹക്കാര്യങ്ങളിൽ ഏറെ വിലമതിച്ചിരുന്ന ഒരു പാരമ്പര്യനടപടിക്രമങ്ങളിലെ മാറ്റങ്ങളാണ് പ്രേമിക്കലിലും പ്രേമവിവാഹത്തിലും സംഭവിക്കുന്നത്‌. ഇവയൊന്നും കണക്കിലെടുക്കാതെ അന്ധമായ പ്രേമത്തിലൂടെ ഐക്യപ്പെട്ടു ക്രൂരതയുടെ ചതികുടുക്കിലകപ്പെടുന്ന പെണ്‍കുട്ടികൾ ഇക്കാലത്ത് നമ്മുടെ രാജ്യത്ത് ഏറെക്കൂടുതലുമാണ്. അതവസാനിക്കുന്നത് എവിടെ? ഒരു ഭീകര ലൈംഗിക പീഡന കുറ്റ കൃത്യങ്ങളുടെ ഭീകര ചുഴിയിൽ പെട്ടും ആയിരിക്കും !

സിനിമ, ഇന്റർനെറ്റ്, ടെലഫോണ്‍, മറ്റ് ദൃശ്യമാദ്ധ്യമങ്ങൾ തുടങ്ങിയവയുടെ സർവ്വ   പ്രചാരം, ഇതിൽ യുവജനങ്ങളുടെ അമിത സ്വാതന്ത്ര്യവും ഉപയോഗവും എല്ലാം വികലമായ പ്രേമബന്ധങ്ങൾക്കും ഒഴിവാക്കാനാകാത്ത വിവഹബന്ധങ്ങൾക്കും കാരണമാക്കുന്നു. അതിന്റെ തുടക്കക്കഥയായി വന്നുചേരുന്ന കുടുംബത്തിലെ  പ്രശ്നങ്ങളും, പുരുഷനും സ്ത്രീയും പരസ്പരം പഴിചാരലും വിരക്തിയും വ്യക്തിവിദ്വേഷവും സാവകാശത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന സ്നേഹത്തിലെ വിടവും അകൽച്ചയും, അവസാനമായി വിവാഹം വേർപെടുത്തൽ വരെയുള്ള ദു:ഖാന്ത്യത്തിലും അവസാനിക്കുന്നു. ഇങ്ങനെയുള്ള പ്രശ്നകുടുംബങ്ങളിലെ  കുട്ടികൾ, മാതാപിതാക്കളുടെ പെരുമാറ്റങ്ങളിലും മറ്റു അവിഹിത ബന്ധങ്ങളിലും സാക്ഷികളായിത്തീരുന്നുണ്ട്. ഇങ്ങനെ വളർന്നു വരുന്ന കുട്ടികളുടെ സ്വഭാവത്തിൽ വൈകല്യം ഉണ്ടാകുന്നതിനും ഇവരിൽ കുറ്റകൃത്യങ്ങളുടെ വിത്ത് അവരറിയാതെ  മുളയ്ക്കുന്നതിനും കാരണമാകുന്നുണ്ട്.

കേരളത്തിലെ വിവാഹങ്ങളുടെ തിരക്കഥകൾ-

നമ്മുടെ കേരളത്തിലെ സാമൂഹ്യജീവിതക്രമത്തിൽ യുവജനങ്ങളുടെ വിവാഹങ്ങൾ നടന്നിരുന്നത് മാതാപിതാക്കൾ അന്വേഷിച്ചു കണ്ടുപിടിച്ചുകൊണ്ടുവരുന്ന പെണ്‍കുട്ടികളും ആണ്‍കുട്ടികളും തമ്മിലായിരുന്നു നടന്നിരുന്നത്. ഇരുവരുടെയും കുടുംബ പാരമ്പര്യങ്ങളും മഹിമകളും ധനസ്ഥിതിയും വിദ്യാഭ്യാസവും തൊഴിലും എല്ലാം ചികഞ്ഞു കണ്ടുപിടിക്കുന്നത് സർവ്വസാധാരണ മാതാപിതാക്കളുടെ പൂർണ്ണ നടപടിക്രമങ്ങൾ ആയിരുന്നു. ഒരു പ്രേമബന്ധ വിവാഹം കഴിയുമെങ്കിൽ അവിടെ ഒഴിവാക്കാനും ശ്രമിക്കുമായിരുന്നു. എല്ലാമതവിഭാഗങ്ങളിലുമുള്ളവരുടെയും നിലപാടുകളിലും ഇതിൽനിന്നും മാറ്റമില്ലായിരുന്നു. എന്നാൽ ഹൈന്ദവരുടെ സമുദായത്തിൽ മുറചെറുക്കനും മുറപെണ്ണും എന്ന പാരമ്പര്യആചാര പരിഗണന ശക്തമായി നൽകിയിരുന്നു. ഇക്കാലത്തും ആ പാരമ്പര്യം നിലനിറുത്തുന്നവരും ഉണ്ട്. ഇതെല്ലാം സൂചിപ്പിക്കുന്നത് ഉറച്ച പുരാതന കേരളീയ കുടുംബബന്ധങ്ങളുടെ അടിസ്ഥാനതത്വമായിരുന്നുവെന്ന് നാം കാണുന്നു. അവിടെ പ്രേമവിവാഹങ്ങൾക്ക് മുന്തിയ സ്ഥാനം നല്കിയില്ല. സ്ത്രീകളുടെ വിദ്യാഭ്യാസം പ്രോസാഹിപ്പിച്ചിരുന്ന നാടായിരുന്നില്ല ഇന്ത്യ. അതുപക്ഷെ കാലത്തിന്റെ മാറ്റത്തിൽ ആണിനും പെണ്ണിനും എന്തിനും ഏതിനും പരിപൂർണ്ണ സ്വാതന്ത്ര്യം ലഭ്യമായി. സ്ത്രീ സമത്വത്തിനും സ്വാതന്ത്ര്യത്തിനും ഇങ്ങനെയെല്ലാമായിരുന്നാലും പൂർണ്ണ അംഗീകാരം നൽകിയില്ല.

ശൈശവ വിവാഹം ഇന്ത്യയിൽ

 വിദ്യാഭ്യാസം ലഭിക്കാതിരുന്ന സ്ത്രീകൾ ഭർതൃ ഗൃഹജോലികളിലും കുട്ടികളെ പ്രസവിച്ചു വളർത്തലിലും പറമ്പിലെ പണികളിലും പങ്കെടുത്തു ആ വീട്ടിലെ കുടുംബാംഗങ്ങൾക്കൊപ്പം ജീവിച്ചിരുന്ന പഴയ കാലത്ത് ഭാര്യാ ഭർതൃ ബന്ധത്തിൽ സംശയരോഗങ്ങൾക്ക് ഒട്ടുമേ സ്ഥാനം ഇല്ലായിരുന്നു. അക്കാലത്ത് നടന്നിരുന്നത് ശൈശവ വിവാഹം എന്നുവേണമെങ്കിൽ പറയാം, കുട്ടികളുടെ പതിനൊന്നും പന്ത്രണ്ടും വയസ്സിൽ വിവാഹങ്ങൾ നടത്തുക സർവ്വസാധാരണമായിരുന്നു. വിവാഹം മാതാപിതാക്കൾ തീരുമാനിക്കുന്നു, കുട്ടികളുടെ വിവാഹവും അതോടെ നടക്കുന്നു. ഒത്തുകല്യാണദിവസം അതല്ലെങ്കിൽ കല്യാണ വേദിയിൽ ആയിരിക്കും ഒരുപക്ഷെ വധൂവരന്മാർ നേരിൽ കാണുന്നതുപോലും.! അവിടെ പെണ്ണിന്റെയും ചെറുക്കന്റെയും ഇഷ്ടാനിഷ്ടങ്ങൾക്ക് സ്ഥാനമില്ല. പെണ്ണിന്റെ വീടും ചെറുക്കന്റെ വീടും ഏറെ അകലത്തായിരുന്നാൽ നടന്നുമടുക്കുന്ന വധൂവരന്മാരെ സ്വന്തപ്പെട്ടവർ തോളിൽ എട്ടും പത്തും മൈലുകൾ ദൂരം എടുത്തുകൊണ്ടുപോയി കല്യാണം നടത്തുന്ന പതിവും അക്കാലത്ത് വിരളമായിരുന്നില്ല.

അമ്മായിഅമ്മമാരും അമ്മായിഅമ്മപ്പോരും -

സ്വന്തം മാതാപിതാക്കൾക്കൊപ്പം ജീവിതപ്രശ്നങ്ങളെ മനസ്സിലാക്കാത്ത ജീവിതം മാത്രം, അല്ലലുകളില്ലാതെ സ്വന്തം വീട്ടുമുറ്റത്തും പറമ്പിലുമായി ജീവിതം നയിച്ച ബാല്യകാലം അവസാനിക്കുന്നത് മുൻപരിചയമില്ലാത്ത ഏതോ ഒരു കർഷക പുതന്റെ ഭാര്യയായിട്ടാണ്. കാർഷിക വേലയല്ലാതെ കൂടുതൽ മറ്റ് കൂടുതൽ  പരിജ്ഞാനങ്ങളൊന്നുമില്ലാത്ത അമ്മായിഅപ്പനും അമ്മായിയമ്മയും ആണവളുടെ പുതിയ മാതാപിതാക്കൾ. ഒന്നുമറിയാത്ത ഒരു പെണ്‍കുട്ടിയാണിവൾ, എന്നൊന്നും ഈ പുത്തൻ മാതാപിതാക്കൾ ചിന്തിക്കുന്നില്ല. മകൻ കെട്ടിവന്ന പെണ്ണ് എന്ന് മാതമാണ്. അന്നുമുതൽ ആ വീട്ടു ജോലികൾ മുഴുവൻ ഈ പുത്തൻപെണ്ണിനു സ്വന്തമായിത്തീരുന്നു. അവൾക്ക് തോളിൽ ലഭിച്ച ജോലിഭാരം താങ്ങാൻ പറ്റാത്ത പിഞ്ചു ബാലിക നിരാശയായി തകരുകയാണ്. "വിവാഹം വിധിയാണ്,വിധിച്ചതെ വരികയുള്ളു.തമ്പുരാനെപ്രതി നീയങ്ങു സഹിച്ചു കാഴ്ച വച്ചേക്കൂ." സ്വന്തം അമ്മയോടും അപ്പനോടും പറഞ്ഞു ആശ്വസിക്കാമെന്ന് കരുതിയാലും അവർക്ക് പറയാനുള്ളത്, ആ പെണ്ണിന് കിട്ടുന്ന ഈ ആശ്വാസ വചനം. തങ്ങളുടെ മകൾ നിരാശയിൽ ആത്മഹത്യ ചെയ്യരുതല്ലോയെന്നു കരുതിയായിരിക്കും അവൾക്ക് മാതാപിതാക്കളിൽ നിന്നുള്ള പ്രതികരണം.

നമ്മുടെ കേരളത്തിൽ പള്ളിക്കൂടങ്ങളും വിദ്യാഭ്യാസവും ഇല്ലാതെയിരുന്ന ഒരു കാലഘട്ടത്തിന്റെ അമ്മായി അമ്മമാരും നാത്തൂന്മാരും കെട്ടിവരുന്ന മറ്റൊരു വീട്ടിലെ പാവം പെണ്‍കുട്ടിയെ ബലമായിത്തന്നെ അടിമകളാക്കുന്ന പരിശീലനം നടത്തിയിരുന്നു എന്ന് ചരിത്രം പറയുന്നു. അവളെ ചിലപ്പോൾ പട്ടിണിയിട്ടു. ചിലപ്പോൾ അവളുടെ കാര്യത്തിൽ സ്വന്തം മാതാപിതാക്കളെ ഭയന്ന് ഭർത്താവും നിസ്സഹായനാകുന്നു. പുതിയ വീട്ടിൽ അവൾ രാജ്ഞി ആവാൻ അമ്മായിയമ്മയും നാത്തൂന്മാരും അനുവദിക്കാത്ത കാലം.

സ്ത്രീകളും പ്രസവവും മരണവും.

ആധുനിക വൈദ്യശാസ്ത്രത്തിന്റെ വെളിച്ചമെത്താത്ത ഒരു കാലത്തെക്കുറിച്ചു പറയട്ടെ. അന്ന് സ്ത്രീകൾ ഗർഭിണിയായാൽ, വൈദ്യസഹായം ഒട്ടും ലഭിക്കാതെ എത്രയെന്നു ശരിയായി പറയാവുന്നതിലധികം സ്ത്രീകൾ ആദ്യപ്രസവത്തോടെ മരിച്ചിരുന്നു. അതിനാൽത്തന്നെ സ്ത്രീകളുടെയും കുട്ടികളുടെയും മരണ നിരക്ക് വളരെയുണ്ടായിരുന്നു. അക്കാലത്ത് ഗർഭിണികൾക്ക്‌ ലഭിച്ചിരുന്ന ഏക സഹായം "വയറ്റാട്ടിമാർ"എന്ന് വിളിക്കപ്പെട്ടിരുന്ന പ്രസവശുശ്രൂഷകരിൽ നിന്നായിരുന്നു.
അവരുടെ സേവനം പൂർണ്ണമായ വൈദ്യസഹായം എന്ന് പറയാൻ അന്നാർക്കും കഴിയുമായിരുന്നില്ല. ആദ്യപ്രസവങ്ങൾ  സ്വന്തം മാതാപിതാക്കളുടെ ഭവനത്തിൽ ആക്കുന്ന പതിവു ഗർഭിണിക്ക്‌ കൂടുതൽ സംരക്ഷണം ലഭിക്കുമെന്ന പ്രത്യേകതയിൽ ആയിരുന്നു എന്ന് നമ്മുടെ പഴമക്കാർ പറയുന്നു. അത് അവരുടെ ഒരു അവകാശം പോലെയും കരുതിയിരുന്നു.

പ്രസവത്തോടെയുള്ള മരണസംഖ്യ വളരെ ഏറെയുണ്ടായിരുന്നു എന്നതിന് തെളിവാണ്, മൂന്നും നാലും വരെ കല്യാണം കഴിച്ചിരുന്ന പുരുഷന്മാരെപ്പറ്റിയും  പറയേണ്ടിവരുന്നതും. അക്കാലത്ത് പ്രസവത്തിനു സ്വന്തം ഭർതൃ ഭവനത്തിൽ നിന്നും സ്വന്തം മാതാപിതാക്കളുടെ വീട്ടിലേയ്ക്ക് പോകുന്ന ആ ദിവസം ഒരു ജീവിതവേർപാടിന്റെ യാത്രയായിട്ടാണ് വീടിനോട് കരഞ്ഞു കലങ്ങിയ കണ്ണുമായി യാതചൊല്ലിയിറങ്ങിയിരുന്നത്. "പേറ്റിനു വിടീൽ " അതൊരു ചടങ്ങ് മാത്രമായി അന്ന് കരുതിയോ? അയൽപക്കത്തെ കൂട്ടുകാരികളും സ്ത്രീകളുംകൂടി ആ ദിവസം ഉണ്ടായിരുന്നാൽ അവിടെയപ്പോൾ ആഘോഷവും കൂട്ടക്കരച്ചിലും, ഭർത്താവിന്റെ വീട്ടിൽനിന്നുമുള്ള അന്ത്യയാത്രാ-വിടവാങ്ങൽ, അത്യന്തംദു:ഖകരമായ അവസ്ഥ യായി മാറുമായിരുന്നു. ഒരു സ്ത്രീയുടെ ജന്മം പ്രസവത്തിനായി ഹോമിക്കപ്പെട്ടു. എല്ലാവിധ കഷ്ടപ്പാടുകളും സഹിച്ച ജീവിതമായിരുന്നത്. ശരാശരി പത്തുമക്കളെ വരെ ഒരുസ്ത്രീ പ്രസവിച്ചു.

സ്ത്രീകളും വിദ്യാഭ്യാസവും.

ബ്രിട്ടീഷുകാരുടെ ആഗമനവും പാശ്ചാത്യ മിഷനറിമാരുടെ സേവനവും ഇന്ത്യയിൽ ഉണ്ടായതുമുതൽ ശൈശവവിവാഹവും സതിയും നരബലിയും ഇല്ലാതായി. വിദ്യാഭ്യാസം ജനങ്ങളുടെ ചിന്താരീതികളിൽ മാറ്റമുണ്ടാക്കിച്ചു. പെണ്‍കുട്ടികൾക്ക് ആണ്‍കുട്ടികൾക്കൊപ്പം വിദ്യാഭ്യാസ അവകാശം ലഭിച്ചു. പെണ്‍കുട്ടികൾക്ക് വിദ്യാഭ്യാസം ലഭിച്ചതോടെ അവർ സ്വയംപര്യാപ്തരായി, അവർ സ്വദേശത്തും വിദേശത്തും തൊഴിൽ കണ്ടെത്തി, പുതിയൊരു ജീവിതശൈലിക്ക് രൂപം നൽകി. പുതിയൊരു തലമുറയ്ക്ക് ജന്മം നൽകിയെന്നു പറയാം. ജീവിതം സ്വന്തമായി കൈയ്യിലെടുത്തു. സ്വയം പങ്കാളികളെ കണ്ടുപിടിച്ചു പുതിയ തലമുറയുടെ മുഖമുള്ള കുടുംബങ്ങൾ സൃഷ്ടിച്ചു. പ്രേമവിവാഹം എന്നത് സാമാന്യമായി അംഗീകരിക്കപ്പെട്ടു. പന്ത്രണ്ടും പതിമൂന്നുമെന്ന കുട്ടികളുടെ വിവാഹപ്രായം- അത് ഉയർന്നു ഇരുപത്തിയഞ്ചോ മുപ്പതോ ആയി. സ്വതന്ത്രചിന്തയും സ്വതന്ത്രയാത്രാ രീതിയും ജീവിതവും അവർ കൈവരിച്ചു.

നിസ്സഹായതയുടെ മുഖങ്ങൾ  
 അതുപക്ഷെ ഇതെല്ലാം സംഭവിച്ചുവെങ്കിലും സ്ത്രീസുരക്ഷയും അവകാശങ്ങളും ഏറ്റവും കൂടുതലായി അപകടപ്പെട്ടിരിക്കുന്ന രാജ്യം ഇന്ത്യയാണെന്ന് ലോകം പറഞ്ഞു തുടങ്ങി. പുരോഗമനം ഉണ്ടായപ്പോൾ സ്ത്രീപുരുഷബന്ധങ്ങൾ ഏറെ സങ്കീർണ്ണമായി. അത് കുടുംബകെട്ടുറപ്പിന് ഇളക്കം ഉണ്ടാക്കി. ഭാര്യാഭർത്താക്കൾ തമ്മിൽ വിശ്വാസം കുറയുന്നു. കലഹങ്ങൾ വർദ്ധിക്കുന്നു. എതുപുരുഷനും സ്ത്രീയും പരസ്പരം ലൈംഗിക ബന്ധങ്ങൾ നടത്തുന്നതിനെ നിർവചിച്ചിട്ടുള്ള  കോടതിയുടെ കുറ്റകരമല്ലാത്ത കാഴ്ചപ്പാടിൽ ഇക്കാലത്ത് നടത്തിയിട്ടുള്ള നിയമ കാഴ്ച്ചപ്പാടുകളുമൊക്കെ കൂടുതൽ കുറ്റകൃത്യങ്ങൾക്ക് വഴി തുറന്നു. ഇന്ത്യൻ ഭരണകർത്താക്കളും നീതിപീOവും മൗനാനുവാദം നല്കുന്ന നമ്മുടെ സമൂൂഹവും സ്വന്തപ്പെട്ടവരും, ഇന്ത്യയിലെ കുട്ടികൾക്കും  സ്ത്രീകൾക്കും പീഡനങ്ങളിൽ നിന്നും സംരക്ഷണം നൽകുന്നില്ല. ദിവസംതോറും വർദ്ധിച്ചുവരുന്ന സ്ത്രീ പീഡനങ്ങളും, കുട്ടികളെ അവരവരുടെ സ്വന്തം വീടുകളിൽ ലൈംഗികമായി ഇരയാക്കുകയും ചെയ്യുന്ന കൃത്യങ്ങളും കൊലപാതകങ്ങളും വെറും വാർത്തകളായി മാത്രമേ അവയെ കണക്കാക്കുന്നുള്ളൂ. കുറയൊക്കെ മറ്റു യാഥാർത്ഥ്യങ്ങൾ കണ്ടേക്കാം. സ്ത്രീകൾ ഒറ്റയ്ക്ക് രാത്രിയിലും പകലുമൊക്കെ യാത്ര ചെയ്യേണ്ടിവരുമ്പോൾ അവർ അപകടകരമായ സാഹചര്യങ്ങളിൽപ്പെടാം, പീഡനങ്ങളുടെ ഇരയാകാം. ദാരുണമായി കൊല്ലപ്പെടാം.

ഇന്ത്യയിലെ സ്ത്രീകളുടെ നേർക്കുള്ള പീഡനകഥകളെയും തീരാദുരന്തങ്ങളേയും   വിമർശിച്ചു കൊണ്ട് ഈയിടെയായി ലോക മാദ്ധ്യമങ്ങളിൽ തുടരെ വാർത്തകൾ പ്രത്യക്ഷപ്പെട്ടു. ഇന്ത്യൻ ഉപഭൂഖണ്ഡം "സ്ത്രീകൾക്ക് സുരക്ഷനൽകാത്ത സ്ത്രീകളെ ലൈംഗിക വസ്തുവായി "ഹോമിക്കപ്പെടുന്ന അപകടകരമായ ഒരുരാജ്യമായി "ദി വെൽറ്റ് " എന്ന പ്രമുഖ ജർമ്മൻ മാധ്യമം ഈയിടെ കുറ്റപ്പെടുത്തി. മിക്ക വിദേശ രാജ്യങ്ങളിലും രാത്രിയിലും പകലും, എതുസമയങ്ങളിലും, സ്ത്രീകൾക്കും കുട്ടികൾക്കും സ്വതന്ത്രമായി എവിടെയും സഞ്ചരിക്കുവാൻ കഴിയുന്നുണ്ട് എന്ന് നമുക്ക് അറിയാം. പക്ഷെ ഇന്ത്യയിൽ മാത്രം എവിടെയും ഈ വ്യക്തി സ്വാതന്ത്ര്യം ക്രൂരമായി നിഷേധിക്കപ്പെടുകയാണ്. ഈ രാജ്യങ്ങളിൽ ധാർമ്മിക ശാസ്ത്രത്തിൽ സാമാന്യ ജനങ്ങൾക്കുള്ള തിരിച്ചറിവ്, അവിടത്തെ രാജ്യ നിയമവ്യവസ്ഥയിൽ ദാർഷ്ഠ്യം ഉണ്ടെന്നുള്ളത്കൊണ്ട് മാത്രമല്ല. ജനങ്ങൾ അവിടെ  അന്യോന്യം നീതി പുലർത്തുകയും ആ സാമൂഹ്യ നീതിയെ മനസ്സാ സ്വീകരിക്കാനും അവർ നിത്യം ബോധവാന്മാരുമാണ്. 

ഒരു മതേതരരാഷ്ട്രമെന്ന വിളിപ്പേരുള്ള നമ്മുടെ ഇന്ത്യയിൽ ഭരണഘടനയും എല്ലാ മതവിഭാങ്ങളും നീതിപീOങ്ങളും ആഗ്രഹിക്കുന്നതും പഠിപ്പിക്കുന്നതും അന്യോന്യം സ്വീകരിക്കേണ്ട സഹിഷ്ണതയും അംഗീകാരവും ആണല്ലോ. അതുപക്ഷെ എല്ലാ രാഷ്ട്രീയ ധാർമ്മികതയും മതധാർമ്മികതയും കൊണ്ട് അവ നിരീക്ഷിക്കുന്നതിൽ മാത്രം ഒതുങ്ങുന്നതല്ല, ഇന്ത്യയിൽ എന്നും നിലനിൽക്കേണ്ട ഇത്തരം സാമൂഹ്യ നീതി ഉറപ്പിക്കുന്നതിലായിരിക്കണം മുഗണന നല്കേണ്ടത്.//-

-------------------------------------------------------------------------------------------------------------
ധൃവദീപ്തി  ഓണ്‍ലൈൻ
Dhruwadeepti.blogspot.de 
 
for up-to-dates and FW. link Send Article, comments and write ups to :
  DHRUWADEEPTI ONLINE LITERATURE.
Published from Heidelberg, Germany,   in accordance with the European charter on freedom of opinion and press. 
DISCLAIMER:  Articles published in this online magazine are exclusively the views of the authors. 
Neither the editor nor the publisher are responsible or liable for the contents,  objectives or opinions of the articles in any form."

  

Keine Kommentare:

Kommentar veröffentlichen

Hinweis: Nur ein Mitglied dieses Blogs kann Kommentare posten.