Mittwoch, 2. April 2014

ധ്രുവദീപ്തി: Religion / കുരിശ് ക്രിസ്ത്യാനികളുടെ മുഖമുദ്രയാണ്, നിത്യരക്ഷയുടെ അടയാളമാണ്. // George Kuttikattu

കുരിശ്  ക്രിസ്ത്യാനികളുടെ മുഖമുദ്രയാണ്, 
നിത്യരക്ഷയുടെ അടയാളമാണ്. //

George Kuttikattu

കുരിശ് ലോകമെമ്പാടും ക്രിസ്ത്യാനികളുടെ മുഖമുദ്രയാണ്, അടയാളവുമാണ്. അഞ്ച് ലോകമതങ്ങളിൽ ഏറ്റവും വലിയ മതമാണ്‌ ക്രിസ്തുമതം. ലോകമെമ്പാടും രണ്ട് മില്യാർഡനിലേറെ ക്രിസ്ത്യാനികൾ  ഉണ്ടെന്ന് കണക്കാക്കപ്പെടുന്നു. അവർ  ദൈവപുത്രനായ യേശുവിന്റെ വചനങ്ങളെയും അവിടുത്തെ പഠനങ്ങളെയും, ദൈവമാണ്  ഈ പ്രപഞ്ചം സൃഷ്ടിച്ചതെന്നും ഉറച്ചു വിശ്വസിക്കുന്നവർ ആണ്.                                        

ഫ്രാൻസിസ് മാർപാപ്പ

2000 വർഷങ്ങൾക്ക് മുൻപ് യേശു പാലസ്തീനയിൽ ജീവിച്ചു. യഹൂദ മഹാ പുരോഹിതന്മാരായിരുന്ന ഹന്നാസ്, കയ്യാഫാസ് തുടങ്ങിയവ രുടെ അതിക്രൂരമായ പരാതിയിലും  നിർദ്ദേശത്താലും  യേശുക്രിസ്തു വിനെ കുരിശിലേറ്റി വധിക്കുവാൻ യൂദയായുടെ അന്നത്തെ റോമൻ ഗവർണർ ആയിരുന്ന  പൊന്തിയൂസ് പിലാത്തോസ് വിധിച്ചു.  ദൈവ പുത്രനായ യേശുക്രിസ്തുവിനെ കുരിശിൽ തൂക്കി വധിച്ചുവെന്ന് ലോകം മുഴുവനുമുളള ക്രിസ്ത്യാനികൾ വിശ്വസിക്കുന്നു. ക്രിസ്തുവിന്റെ കുരിശ്  മരണത്തിലൂടെ മനുഷ്യരുടെ പാപങ്ങൾക്ക് നിത്യ പരിഹാരത്തിനായി സ്വയം  ജീവൻ അർപ്പിച്ചുവെന്നു ക്രിസ്തുവിന്റെ അനുയായികൾ വിശ്വസിക്കുകയും ചെയ്യുന്നു. ക്രിസ്തുവിന്റെ കുരിശ്മരണം മുതൽ ക്രിസ്ത്യാനികൾക്ക് കുരിശു അവരുടെ മുഖമുദ്രയും രക്ഷയുടെ അടയാളവുമാണ്. എല്ലാ ക്രിസ്ത്യാനികളും അവരുടെ ജീവിതത്തിൽ ചില പ്രത്യേക ജീവിതക്രമനിയമങ്ങളും ചിട്ടകളും പാലിക്കുകയും അതനുസരിച്ച് ജീവിക്കുകയും ചെയ്യണം. അതിനെയാണ് ക്രിസ്ത്യാനികൾ മോശയുടെ "പത്തു പ്രമാണങ്ങൾ" എന്നു വിളിക്കുന്നത് . ക്രിസ്ത്യാനികളുടെ വി. ഗ്രന്ഥത്തിൽ - ബൈബിളിൽ - എഴുതിയിരിക്കുന്നത് നമുക്ക് മനസ്സിലാക്കാം. 

ലോകത്തിൽ നൂറുകണക്കിന് വ്യത്യസ്തമായ ആരാധനാക്രമങ്ങളും നിയമവും പാരമ്പര്യവും ഉള്ള ക്രിസ്തീയവിശ്വാസീവിഭാഗങ്ങളും  സമൂഹങ്ങളും ഉണ്ട്. ഉദാ: ഈസ്റ്റ് ചർച്ച്, ഓർത്തഡോക്സ് , കത്തോലിക്കാ, സീറോ മലബാർ, സീറോ മലങ്കര, ഇവാൻജലിക്കൽ (പ്രൊട്ടസ്റ്റ്ന്റ്), എന്നിങ്ങനെ  മറ്റനേകം വിശ്വാസീ സമൂഹങ്ങളും കാണാൻ കഴിയുന്നു. റഷ്യയിൽ ഓർത്തഡോക്സ് സഭയിലെ പള്ളികളിൽ എല്ലാ ക്രിസ്ത്യൻ  വിഭാഗങ്ങളിൽപ്പെട്ടവരെല്ലാം ഒരേ പള്ളിയിൽ പോകുന്നില്ല. ഏകദേശം മുന്നൂറു മില്യണ്‍ അനുയായികൾ ഓർത്തഡോക്സ് വിഭാഗത്തിൽ ഉണ്ട്. ഓർത്തഡോക്സ് എന്ന പദം ഗ്രീക്കുഭാഷയിൽ നിന്നുമാണ് ഉണ്ടായിട്ടുള്ളത്. അതിതീക്ഷ്ണതയേറിയ പാരമ്പര്യങ്ങളിൽ  വിശ്വസിക്കുന്ന  സമൂഹത്തെയാണ് അപ്രകാരം വിളിക്കുക. അടിയുറച്ച വിശ്വാസപാരമ്പര്യം ഉറച്ചു വിശ്വസിക്കുന്നവരുടെ മഹാകൂട്ടായ്മയാണ് ഓർത്തഡോക്സ്. പതിനൊന്നാം നൂറ്റാണ്ടിൽ കത്തോലിക്കാ സഭയുടെ ആരാധനാരീതികളിലും ആചാരത്തിലും  വിശ്വാസ ക്രമങ്ങളിലും  ഉണ്ടായ അഭിപ്രായഭിന്നതയിൽ ഒരുവിഭാഗം വിശ്വാസികൾ സഭയിൽ നിന്നും വേർപെട്ടു ഓർത്തഡോക്സ് വിശ്വാസികളുടെ കൂട്ടായ്മയെ രൂപീകരിച്ചു. ഈ വിഭാഗത്തെ ഈസ്റ്റ് ചർച്ച് എന്നും വിളിക്കുന്നു; റഷ്യയിലും മറ്റു പൂർവ യൂറോപ്യൻ രാജ്യങ്ങളിലും വ്യാപകമായി ഈ സഭ പ്രചരിച്ചതുകൊണ്ട് അപ്രകാരംതന്നെ അറിയപ്പെടുന്നു. ഓർത്തഡോക്സ് വിഭാഗത്തിന്റെ തലവൻ പാത്രിയാർക്കീസ് ആകുന്നു.. 

ഒറ്റനോട്ടത്തിൽ നമുക്ക് ചില യുക്തിന്യായമായ സംശയങ്ങളുണ്ടാകുന്നുണ്ട്. യേശുക്രിസ്തു ക്രിസ്തുമതം നിർമ്മിച്ചില്ല, ശിഷ്യന്മാരും ക്രിസ്തുമതം രൂപീകരിച്ചില്ല. യേശു ഒരു മനുഷ്യനെയും വൈദികനായി അവരോധിച്ചില്ല. അതേസമയം ഇസ്രായേലിലും പരിസര രാജ്യങ്ങളിലും ക്രിസ്തുവിനെയും ക്രിസ്തുവിന്റെ പഠനങ്ങളെയും വിശ്വസിക്കുന്നവർ ഏറെയുണ്ടായിരുന്നു. അവർ  റോമൻ സമൂഹത്തിൽ പ്രബല വിഭാഗമായി ജീവിക്കുന്നുണ്ടായിരുന്നു. 

ക്രിസ്തുമതം രാജ്യത്തെ ഔദ്യോഗിക മതമായി പ്രഖ്യാപനം ചെയ്തതാകട്ടെ, പ്രത്യേകമായ ഒരു ലക്ഷ്യപ്രാപ്തിക്കുവേണ്ടി ആയിരുന്നു. യേശു ക്രിസ്തുവിനെ വിശ്വസിക്കുന്ന സമൂഹത്തെയും കൂട്ടി തന്റെ ഭരണ മികവ് ഉണ്ടാക്കുക, അവരെയും തന്റെ മുന്നേറ്റത്തിനുവേണ്ടി, തനിക്കുവേണ്ടി കൂടെനിറുത്തു തുടങ്ങിയ ആശയങ്ങൾപോലും അന്നത്തെ റോമൻ ഭരണാധികാരിക്ക് ഉണ്ടായിരുന്നതുകൊണ്ടായിരുന്നു. യുദ്ധങ്ങൾ ജയിക്കുവാൻ ഇങ്ങനെ ചെയ്തത് ഭരണാധികാരി ആയിരുന്ന കോണ്‍സ്റ്റന്റീൻ ചക്രവർത്തിയാണെന്ന് ചരിത്രം വെളിപ്പെടുത്തുന്നു. തന്റെ ബന്ധുവുമായി നടന്ന മഹായുദ്ധത്തിൽ വളരെ നിഷ്പ്രയാസം ജയിച്ചു. ആ യുദ്ധവിജയത്തിന് കാരണം കുരിശിന്റെ ചിഹ്നം വച്ചിരുന്ന പതാക യുദ്ധസമയത്ത് ഒപ്പം കൊണ്ടുപോയിരുന്നത് മൂലമാണെന്ന് അദ്ദേഹം കരുതിയിരുന്നെന്നു ഐതിഹ്യം പറയുന്നു. ഇതിനാലാണ്, ഉടനെ ക്രിസ്തുമതം ഔദ്യോഗിക രാഷ്ട്രമതമായി അദ്ദേഹം പ്രഖ്യാപിക്കുകയും ചെയ്തത്. 

 ചരിത്ര ഐതിഹം.

റോമൻ സാമ്രാജ്യ ഭരണാധികാരിയുടെയും ക്രിസ്ത്യാനികളുടെയും ചരിത്രവുമായി വളരെയേറെ ബന്ധപ്പെട്ടുകിടക്കുന്ന ചരിത്രം, എ .ഡി.325-ൽ കോണ്‍സ്റ്റന്തിൻ ചക്രവർത്തിയുടെ അമ്മ ഹെലെന അതിശയകരമായ ഒരു കണ്ടുപിടുത്തം നടത്തിയെന്നതാണ്. വിലമതിക്കാനാവാത്ത ഒരു വസ്തു-അതായിരുന്നു മഹാപുരോഹിതരും   പിലാത്തോസും കൂടി യേശുവിനെ വധിക്കുവാൻ ഉപയോഗിച്ച കുരിശ് - ഇത് ചരിത്ര ഐതിഹം.

യേശു ക്രിസ്തുവിന്റെ കുരിശിനെക്കുറിച്ചുള്ള ചരിത്രം തുടങ്ങുന്ന കാര്യം എന്താണ് നാം മനസ്സിലാക്കുന്നത് ? കുരിശിന്റെ അവശിഷ്ടം ലോകമെമ്പാടും എല്ലാ ക്രിസ്ത്യാനികൾക്കും അതെന്നും വിശുദ്ധനിധിയാണ്, തിരുശേഷിപ്പ് വസ്തുവുമാണ്. യേശുവിനെ ഗോൽഗാത്തമലയിൽ  കുരിശിൽ തറച്ചു വധിച്ചതുമുതൽ തന്നെയാണ്  കുരിശിനെക്കുറിച്ചുള്ള ചരിത്രവും തുടങ്ങിയത്. ക്രിസ്തു ജനിച്ചുകഴിഞ്ഞ്, ഏകദേശം ക്രിസ്തുവർഷം 30 കഴിഞ്ഞപ്പോൾ, യഹൂദ മഹാപുരോഹിതരുടെ പരാതിയിന്മേൽ അന്നത്തെ റോമൻ പ്രീഫെക്റ്റ് ആയിരുന്ന പൊന്തിയസ് പിലാത്തോസ് ക്രിസ്തുവിനെ വധിക്കുവാൻ വിധി ഉത്തരവിട്ടു. അങ്ങനെ യേശുക്രിസ്തുവിനെ വധിക്കുവാൻ, ആയിടെ വധശിക്ഷ ലഭിച്ച രണ്ടു ഭീകരന്മാരായ ക്രിമിനലുകളുടെ ഒപ്പം,  ജറുസലെമിന് വടക്ക് പടിഞ്ഞാറുള്ള ഗോൽഗോത്ത എന്നറിയപ്പെട്ട ശവപ്പറമ്പിലേയ്ക്ക് കൊണ്ടുപോയി, അവിടെ യേശുവിനെ കുരിശിലേറ്റി വധിച്ചു.

യേശുവിനെ പിലാത്തോസിന്റെ  മുൻപിൽ കുറ്റവിചാരണ നടത്തുന്നു.  


പൊന്തിയസ് പിലാത്തോസ് (ക്രിസ്തുവർഷം 26-36) റോമൻ ചക്രവർത്തി ആയിരുന്ന ടിബേരിയൂസിന്റെ കീഴിലുള്ള യൂദെയാ പ്രൊവിൻസ്‌ ഗവർണ്ണർ ആയിരുന്നു. പിലാത്തോസിനെ ലോകം അറിയുന്നത്, യേശുക്രിസ്തുവിന്റെ പീഡാനുഭവസംഭവങ്ങളും കുരിശുമരണവും സംബന്ധിച്ചു (ബൈബിളിൽ)  പുതിയനിയമത്തിൽ എഴുതിയിരിക്കുന്നതിൽ നിന്നാണ്. നസ്രായനായ യേശുവിനെ കുരിശിൽ തറച്ചു കൊല്ലുവാൻ പിലാത്തോസ് വിധിച്ചു എന്ന് എഴുതപ്പെട്ടിരിക്കുന്നു  (ലൂക്കാ-13, 1-2 ), (ലൂക്കാ -3 , 1).

ഗ്രീക്ക് ഭാഷയിൽ എഴുതിയിട്ടുള്ള ഇന്നും വായിക്കപ്പെടുന്ന യോഹന്നാന്റെ സുവിശേഷത്തിൽ സൂക്ഷ്മതയോടെ നോക്കുമ്പോൾ യേശുക്രിസ്തുവിനെ വധിക്കുവാൻ ഉപയോഗിച്ചതു  തടി കൊണ്ടു ഉണ്ടാക്കിയിരുന്ന  (staur'os ) "തടിക്കുരിശ് " ആണ് എന്നു കാണുന്നു. വധോപകരണമായിട്ടാണ്‌ കാണാൻ കഴിയുന്നത്‌. അക്കാലത്തെ വധശിക്ഷ  നടപ്പാക്കാൻ  ഉപയോഗിച്ചിരുന്ന ഉപകരണത്തെക്കുറിച്ച് : മരക്കുരിശ് , മരത്തടി എന്നിങ്ങനെയുള്ള ഭാഷാപദ പ്രയോഗങ്ങൾ സുവിശേഷങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. പഴയ നിയമത്തിലും പുതിയ നിയമത്തിലും അവ കാണാം. പഴയ നിയമത്തിൽ മോശയുടെ പുസ്തകം (21, 22 ff ) " തടിയിൽ തൂക്കപ്പെട്ടവൻ" എന്ന് കൃത്യമായി    രേഖപ്പെടുത്തുന്നു.

ദൈവജനം (യഹൂദർ ) അവരിൽ നിന്നും യേശുവിനെ പുറംതള്ളിയെന്നാണ് ഇസ്രയേൽ യഹൂദർ വിശ്വസിക്കുന്നത്. അതേസമയം, യേശുക്രിസ്തുവിന്റെ പീഡനമരണത്തെപ്പറ്റി,  ദൈവനിശ്ചയമനുസരിച്ചു  മനുഷ്യരുടെയെല്ലാം  പാപപരിഹാരത്തിനായി ജീവൻ അർപ്പിക്കപ്പെട്ടുവെന്നാണ്, ക്രിസ്ത്യാനികൾ വിശ്വസിക്കുന്നത്. കുരിശിന്റെ മുകളിൽ കാണപ്പെടുന്ന ഉറപ്പിച്ച പലകയിൽ "നസ്രായനായ യേശു"വെന്നും  നാമം എഴുതിയ ചൂണ്ടു പലകയെപ്പറ്റിയും, മരണവിധി പറഞ്ഞവരെക്കുറിച്ചുമുള്ള സൂചനകളും പരാമർശങ്ങളും സുവിശേഷത്തിൽ എഴുതപ്പെട്ടിരിക്കുന്നു. "യഹൂദരുടെ രാജാവു" എന്ന വിശേഷ ലിഖിതം അന്നത്തെ വിവിധ നാട്ടുഭാഷകളിൽപ്പെട്ട  ഹേബ്രായിഷ് , ഗ്രീക്ക്, ലത്തീൻ ഭാഷകളിൽ (മാർക്കോസ് 15 , 26 , ലൂക്കാ 23,28,-യോഹന്നാൻ 19-19 ) എഴുതിയിരിക്കുന്നു. ഇപ്രകാരം കുരിശിനെപ്പറ്റി ധാരാളം ബൈബിളിൽ എഴുതിയിരിക്കുന്നുണ്ട് .

ചിത്രം- യേശു, യഹൂദരുടെ രാജാവ്

 ഇവിടെയിപ്പോൾ   ശ്രദ്ധേയമായ ഒരു കാര്യം, യേശുവിന്റെയും മറ്റുരണ്ടു കുറ്റവാളികളുടെയും കുരിശ് മരണ സംഭവത്തിനുശേഷം മുന്നൂറു നീണ്ട വർഷങ്ങളോളം ഗൊൽഗാത്തയിലെ മൂന്നു കുരിശുകളേപ്പറ്റി ആർക്കും ഒരിടത്തും യാതൊരു അറിവുകളും തെളിവുകളും ഇല്ലാതെ ശ്രദ്ധിക്കാതെ അനിശ്ചിതമായി കഴിഞ്ഞു. എന്ത് കാരണത്താലാണ്? അതുപോലെ തന്നെ എന്നു മുതലാണ് കുരിശു ക്രിസ്ത്യാനികളുടെ ചിഹ്നം അഥവാ അടയാളമായി തീർന്നതെന്നും ഒരു രേഖകളും ലഭിച്ചിട്ടില്ല. എന്തായാലും ഏറെക്കാലം ഈ വിശ്വാസത്തിൽ ജീവിച്ചവർ വളരെ അപകടകരമായ വിധം സാഹസ ജീവിതമാണ് നയിച്ചിരുന്നത്. ഇതിനാൽ ഈ അടയാളം സ്വീകരിച്ചു ക്രിസ്ത്യാനിയായി പൊതുജീവിതം നയിക്കുവാൻ പോലും  കഴിഞ്ഞില്ലാ.

ഈയൊരു ദുരവസ്ഥ പൊടുംനെനെ അപ്രത്യക്ഷമായി. റോമൻ ഭരണാധികാ രി കോണ്‍സ്റ്റന്റീൻ ചക്രവർത്തിക്കുണ്ടായ (306-337) ഒരു ദർശനഫലം മൂലം ക്രിസ്ത്യാനികളുടെ ദുരവസ്ഥയ്ക്ക് മാറ്റം ഉണ്ടാക്കി. ഭാര്യാ സഹോദരൻ ആയിരുന്ന റോമിലെ  മാസ്കെന്റിയൂസിന് മേൽ  മിൽവിഷൻ പാലത്തിൽ വച്ച് 312-ൽ യുദ്ധവിജയം ഉണ്ടാക്കിയത് അദ്ദേഹം കണ്ട കുരിശു ദർശനം മൂലം ആണെന്ന് കോണ്‍സ്റ്റന്റീൻ ഉറച്ചു വിശ്വസിച്ചു. യുദ്ധത്തിൽ കുരിശിന്റെ അടയാളം രേഖപ്പെടുത്തിയ പതാക വഹിച്ചത് വിജയത്തിൽ എത്തിച്ചുവെന്ന് അദ്ദേഹം കരുതി. ഇത് രേഖപ്പെടുത്തിയത് അദ്ദേഹത്തിൻറെ ഒരു സ്വകാര്യ ബൈയോഗ്രാഫ് ആയിരുന്ന ബിഷപ്‌ എവുസേബിയസ് ഫൊൻ സെസേരിയാ ആയിരുന്നു. ഈ സംഭവങ്ങൾക്ക് ശേഷം അദ്ദേഹം ജറുസലേമിലെ ബിഷപ്പ് മക്കാറിയോസുമായി ചച്ച നടത്തി യേശുക്രിസ്തുവിന്റെ ശവകുടീരം ഇരുന്നിടത്തു ഒരു ബസിലിക്കാ പണിയുകയും ചെയ്തു. മനുഷ്യർക്ക് നിത്യ സമാധാനവും രക്ഷയുമാകുന്ന കുരിശിനെ, എതിരാളിയെ അപ്പാടെ വക വരുത്താനുള്ള യുദ്ധായുധമാക്കുന്ന വിശ്വാസ തീക്ഷ്ണതയുടെ ദുരൂഹതയോ, ക്രിസ്തീയമല്ല. അതുപക്ഷെ ഭൌതികസാമ്രാജ്യം വെട്ടിപ്പിടിച്ചുകൊണ്ടിരുന്ന ക്രൂരനും പുത്രഘാതകനുമായിരുന്ന റോമൻ ഭരണാധികാരി ആയിരുന്ന കോണ്‍സ്റ്റന്റീൻ ചക്രവർത്തിയുടെ ആഗ്രഹ സഫലീകരണത്തിനു വേണ്ടി ഉപയോഗിച്ച വെറും  യുദ്ധ തന്ത്രം ആയിരുന്നു.

ഹെലെനയുടെ അന്വേഷണം: യേശുവിന്റെ കുരിശെവിടെ ?

കോണ്‍സ്റ്റന്റീന്റെ അമ്മ ഹെലെന ക്രിസ്തുവിന്റെ കുരിശു കണ്ടെടുക്കുവാൻ ശ്രമിച്ചുവെന്നും തനിക്കുണ്ടായ ഒരു സ്വപ്നത്തിൽ യഥാർത്ഥ കുരിശു കണ്ടെത്തുവാൻ കഴിഞ്ഞെന്നും ഐതിഹം പറയുന്നു. യഥാർത്ഥ തെളിവുകൾ ഇല്ലെന്നു സഭാ ചരിത്രകാരന്മാർ പറയുന്നു. ജറുസലേമിലെ യഹൂദരെയെല്ലാം  കുരിശിന്റെ രഹസ്യ സ്ഥാനം കണ്ടെത്തുവാൻ നിർബന്ധിച്ചുവെന്നു ഐതിഹം മാത്രം. എന്നാൽ അക്കാലത്ത് ഹദ്രിയാൻ ചക്രവർത്തി യഹൂദരെ (117-178 )  മുഴുവൻ അവിടെ നിന്നും ഓടിച്ചുവെന്നും അഥവാ അവരെയെല്ലാം കൊന്നൊടുക്കിയെന്നും ഐതിഹം ഉണ്ട്. യഹൂദരെല്ലാം  അവിടെ നിന്നും ഓടി  പോയിരുന്നെങ്കിൽ എങ്ങനെയായിരുന്നു  ഹെലേനയ്ക്ക്  യഹൂദരെ സമ്മർദ്ദം ചെലുത്തുവാൻ കഴിയുമായിരുന്നു എന്ന ചോദ്യം അവശേഷിക്കുന്നുണ്ട്. ജറുസലേമിൽ 325-ൽ ഹെലെന രാജ്ഞി  അതിശയകരമായ ഒരു കണ്ടുപിടുത്തം നടത്തി എന്ന് പറയപ്പെടുന്നു. ജറുസലേമിലെ പുരാതന ക്രിസ്ത്യാനികളിലുള്ള  ഐതിഹ വെളിപ്പെടുത്തലുകൾ ആണിത്. അവിടെ ക്രിസ്തുവിനെ  വധിക്കാൻ ഉപയോഗിച്ച തടിക്കുരിശു കണ്ടു. എന്നാൽ നാലും അഞ്ചും നൂറ്റാണ്ടുകളിലെ സഭാ ചരിത്രകാരന്മാർ പറയുന്നതിങ്ങനെ: ഹെലെനയുടെ തെരച്ചിൽ ജോലിക്കാർ യഥാർത്ഥ തിരുവെഴുത്തുള്ള കുരിശും മറ്റു രണ്ടു കുരിശും ആണികളും തലയോട്ടികൾ ഇടുന്ന സ്ഥലത്തിനു അധിക ദൂരമല്ലാതെ കണ്ടെന്ന് വിശ്വസിപ്പിക്കുന്ന കാര്യങ്ങളാണ് പറഞ്ഞത്.

ക്രിസ്ത്യൻ സമൂഹത്തിൽ വ്യത്യസ്തപ്പെട്ട വിഭാഗങ്ങളും ദേവാലയങ്ങളും ഉണ്ട്. കത്തോലിക്ക സഭയാണ് അവയിൽ ഏറ്റവും വലിയ വിഭാഗം. "കത്തോലിക്ക് " എന്ന ഒരു പദ പ്രയോഗം ഗ്രീക്ക് ഭാഷയിൽ നിന്നുമാണ്. അതിനെ ഇപ്രകാരം വിശദീകരിക്കാം: Emphasizing the organic or functional relation between parts and whole. 

ആദിമ ക്രിസ്ത്യാനികളുടെ ഇടയിൽ ഒരു സഭാ സംവിധാനം മാത്രമേ അന്ന് അവർക്ക് ഉണ്ടായിരുന്നുള്ളൂ. ക്രിസ്ത്യാനികളെല്ലാവരും യേശുവിനെ മാത്രം ആത്മീയമായി പിന്തുടരുന്നവരാണല്ലോ. നിരവധി എണ്ണം സഭാവിഭാഗങ്ങൾ ഉണ്ടാകുന്നതിൽ യുക്തി മേന്മ ഉണ്ടായതായി ഞാൻ ഇന്നുവരെ കാണുന്നില്ല. അതുപക്ഷെ സഭാംഗങ്ങളുടെയിടയിൽ വിശ്വാസ പഠനം വളരെ കൂടുതൽ എളുപ്പമാക്കുന്നതിനായി ഓരോരോ രാജ്യങ്ങളിൽ ഉള്ള ഓരോരോ ഭാഷയിൽ സഭാനടപടി ക്രമങ്ങളും ആരാധനയും മതിയല്ലോ. അല്ലാതെ യേശുവിനെ വിശ്വസിക്കുന്നവർ പലവിധ വിഭാഗങ്ങളായി തിരിഞ്ഞു ഓരോരോ വ്യക്തി സഭകൾ സ്ഥാപിച്ചു യേശുവിനെ പങ്കുവയ്ക്കണ്ട കാര്യങ്ങളുണ്ടാകുന്നത്. ചില സ്ഥാപിത വ്യക്തിതാൽപ്പര്യങ്ങളിൽ നിന്നും വ്യക്തിഗതമായ അധികാര ആഗ്രഹത്തിൽ നിന്നും ഉത്ഭവിക്കുന്നതാണ് അത്. ക്രിസ്തുമതത്തെക്കുറിച്ചോ, ഈ വ്യക്തിഗതസഭാസംവിധാനത്തെക്കുറിച്ചോ യേശുവോ, ശിഷ്യന്മാരോ ഭാവനയിൽ പോലും അക്കാലത്തു ചിന്തിച്ചിട്ടുണ്ടാവില്ലല്ലോ..ശിഷ്യന്മാർ എല്ലാവരും യേശുവിനെക്കുറിച്ച് പറഞ്ഞു, സ്വർഗ്ഗരാജ്യത്തെക്കുറിച്ച് പറഞ്ഞു. അതുപക്ഷെ അന്ന് ആരും തന്നെ പ്രത്യേക മേൽ അധികാരമുള്ള ഒരു മേജർ ആർച്ച് ബിഷപ്പിനെക്കുറിച്ചും ഇതര വിശ്വാസ സമൂഹത്തിലെ അധികാരി പാത്രീയാർക്കിനെക്കുറിച്ചും, ഒരു റോമൻ മാർപാപ്പയെക്കുറിച്ചും, അവരുടെ വൈദികരെപ്പറ്റിയും ചിന്തിച്ചിട്ടുണ്ടാവില്ല. സീറോ മലബാർ കത്തോലിക്ക സഭയെപ്പറ്റിയോ, ഓർത്തഡോക്സ് സഭയെക്കുറിച്ചോ മനസ്സിൽ കണ്ടിരുന്നില്ല. ഇതെല്ലാം ഒരു അനന്തര സമയോചിത അധികാരകേന്ദ്രസംവിധാനമായി മാറി. ക്രിസ്തുവിനെ വിശ്വസിക്കുന്ന എല്ലാവർക്കും കൂടി ലോകത്തിൽ ഇന്ന് ഒരേയൊരു മാതൃസഭ മാത്രം മതിയല്ലോ, അല്ലാതെ ഓരോരോ രാജ്യങ്ങളിലും പ്രദേശങ്ങളിലും ക്രിസ്ത്യൻ വിശ്വാസസമൂഹത്തിനു വിവിധ ഘടനയിൽ സഭാസംവിധാനം ആവശ്യമില്ലായെന്ന് എനിക്ക് പറയുവാനുണ്ട്. ആഗോള ക്രിസ്തീയവിശ്വാസത്തിനുമാത്രം ആർക്കും ആർക്കും ആഗോളവത്ക്കരണം വേണ്ടായെന്നാണല്ലോ. എല്ലാവിധത്തിലും ഇതരസഭാവിഭാഗങ്ങളുടെയും ലിറ്റർജി സംവിധാനങ്ങളുടെ ഏതോ ഉറച്ച നിലപാടെന്നാണ്‌ എനിക്ക് ഇവിടെ തോന്നുന്നത്. അപ്പോൾ ഇവർ ഉച്ചത്തിൽ പ്രസംഗിക്കുന്ന എക്യൂമെനിസം സിദ്ധാന്തത്തിൽ എന്തിരിക്കുന്നു?

ആദിമ ക്രിസ്ത്യാനികളുടെ കാലഘട്ടത്തിൽ ഒരേയൊരു സഭാസംവിധാനമേ ഉണ്ടായിരുന്നുള്ളൂ. അതിനു അവർ "കത്തോലിക്ക" എന്ന് പേര് നല്കിയിരുന്നു. കത്തോലിക്കാ സഭയുടെ തലവൻ റോമിലെ വത്തിക്കാനിൽ മാർപാപ്പയാണ്. കത്തോലിക്ക സഭയ്ക്ക് മാർപാപ്പയുടെ കേന്ദ്രീയ ആസ്ഥാനം വത്തിക്കാനിൽ ആണ്. അദ്ദേഹം അവിടെ താമസിക്കുന്നു. മാർ പാപ്പയുടെ അധികാരത്തിൻ കീഴിൽ കർദ്ദിനാൾ, മെത്രാന്മാർ, വൈദികർ എന്നിവരും ക്രമീകൃതമായ പ്രവർത്തനത്തിനായി രൂപതകളും ഇടവകകളും ക്രമീകരിച്ചിരിക്കുന്നു. കത്തോലിക്കാ സഭയിലെ വൈദികർക്ക് വിവാഹം കഴിക്കുവാൻ സഭയിൽ അനുവാദമില്ല. കത്തോലിക്ക സഭയിൽ തന്നെ വ്യത്യസ്തപ്പെട്ട വിവിധ സഭാ വിഭാഗങ്ങൾ ഉണ്ട്.(ഉദാ: സീറോ മലബാർ സഭ, സീറോ മലങ്കര സഭ, കൂടാതെ ഓർത്തഡോക്സ് വിഭാഗം തുടങ്ങിയ സ്വയം ഭരണ അവകാശം, നിയമം, മറ്റു വിവിധ ആചാര രീതികൾ എന്നിവ അവകാശപ്പെടുന്നവർ )

ക്രിസ്ത്യാനികൾക്ക്  നിരവധി സഭാ വിഭാഗങ്ങൾ വിവിധ രാജ്യങ്ങളിൽ നിലവിൽ ഉണ്ട്. ഉദാ. ജർമനിയിൽ സ്ഥാപിതമായ പ്രൊട്ടെസ്റ്റെന്റു സഭ അവയിൽ ഒന്നാണ്. ഓരോ വിഭാഗങ്ങളും ഉണ്ടായത് വ്യത്യസ്ത കാരണങ്ങൾ മൂലമാണ്.  പ്രോട്ടെസ്സ്റ്റന്റ് അഥവാ ഏവൻഗേലിക്ക എന്ന പദം ഗ്രീക്ക് ഭാഷയിൽ നിന്നും ഉണ്ടായി. "സന്തോഷ സുവിശേഷ സന്ദേശം" എന്നാണത്രേ ഇതിനർത്ഥമാകുന്നത്.. ജർമനിയിലും മറ്റുചില രാജ്യങ്ങളിലും ഉള്ള ഈ വിശ്വാസീ  സമൂഹത്തിനു  കത്തോലിക്കാ സമൂഹത്തെക്കാൾ കൂടുതൽ അംഗസംഖ്യയിൽ വലുതല്ല. എല്ലാ ക്രിസ്ത്യൻ വിഭാഗങ്ങളുടെയും അടിസ്ഥാനം ബൈബിൾ ആണ്. പഴയനിയമം എന്നും  പുതിയനിയമമെന്നും അതിനെ വിളിക്കുന്നു. യേശുവിന്റെ ജീവിതം വിശദീകരിക്കുന്ന സന്തോഷസന്ദേശമാണ്, ബൈബിൾ അഥവാ ഏവൻഗേലിയം. 


  മാർട്ടിൻ ലൂതർ


ജർമനിയിൽ  പതിനാറാം നൂറ്റാണ്ടിൽ സ്ഥാപിച്ച പ്രോട്ടെസ്സ്റ്റെന്റു സഭയുടെ സ്ഥാപകൻ ആരാണ് ? അദ്ദേഹം  ജർമനിയിലെ അഗസ്റ്റീനർ ആശ്രമത്തിലെ സന്യാസിയും ജർമൻകാരനുമായ മത ചിന്തകനും പരിഷ്ക്കർത്താവുമായ മാർട്ടിൻ ലൂതർ ( 10.11.148 - 18.2.1546 ) ആയിരുന്നു. പതിനാറാം നൂറ്റാണ്ടിൽ കത്തോലിക്കാസഭയുടെ അധികാരികളും കത്തോലിക്കാ സഭാ അംഗങ്ങളും തമ്മിൽ ജർമനിയിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായി. മാർട്ടിൻ ലൂതർ വത്തിക്കാനിലെ മാർപാപ്പയുമായി ചർച്ച നടത്തിനോക്കി. അനുരജ്ഞനത്തി ന് തയ്യാറാകാതിരുന്ന വത്തിക്കാനുമായി മാർട്ടിൻ ലൂതറിനു ഒട്ടും ചേർന്നു പോകുവാൻ സാധിക്കാതെ വന്നു. ജർമൻ കത്തോലിക്കർ രണ്ടായി പിളർന്നു രണ്ടു വിഭാഗമായി ശത്രുതയിൽ പിരിഞ്ഞുപോയി. അങ്ങനെ ജർമനിയിൽ കത്തോലിക്കർ ഏവൻഗേലിക്ക് (പ്രൊട്ടെസ്സ്റ്റന്റ്) സഭയെന്ന പേരിൽ കുറെ പള്ളികൾ തീർത്തു. അവിടെ പ്രവർത്തനങ്ങളും തുടങ്ങി. 

കത്തോലിക്കാ  സഭയുമായി അനുരജ്ഞനപ്പെടാതെ പോയത്, അക്കാലത്തെ കത്തോലിക്കാ വൈദികർ വിശ്വാസികളിൽ നിന്നും അവരുടെ പാപപരിഹാര കാഴ്ചയായി കൂടുതലേറെ പണം വാങ്ങിച്ചുകൊണ്ടിരുന്നു എന്നാണു കടുത്ത  ആരോപണം ഉണ്ടായത്. (സീറോമലബാർ സഭയിലെ മെത്രാന്മാരും  വൈദികരും  ഓരോരോ ഇടവകാംഗങ്ങളിൽ നിന്നും ഓരോരോ വിവിധ കാരണങ്ങൾ പറഞ്ഞു പണം വാങ്ങുന്നുണ്ട് എന്ന ആരോപണം സമൂഹത്തിൽ ഇക്കാലത്ത് ശക്തമാണ് എന്ന് പറയാതെ എഴുതി തുടരുക അസാദ്ധ്യവുമാണ്).  മാർട്ടിൻ ലൂതറിന്റെ ശക്തമായ നേതൃത്വത്തിൽ കത്തോലിക്കാസഭാംഗങ്ങൾ ജർമ്മനിയിലെ സഭയിൽ സഭാ പരിവർത്തനത്തിനു നടത്തിയ സമ്പൂർണ്ണ പരിവർത്തന ചലനങ്ങളെയാണ് "റിഫോർമേഷൻ" (പതിനാറാം നൂറ്റാണ്ടിൽ) എന്നപേരിൽ അന്നറിയപ്പെട്ടത്. പ്രൊട്ടെസ്സ്റ്റെന്റ് സഭാ വിഭാഗത്തിൽ ഏതാണ്ട് ഇരുപതു ശതമാനം കത്തോലിക്കർ  കൂടിച്ചേർന്നു.

ക്രിസ്ത്യാനികളിലെ മറ്റൊരു കത്തോലിക്കാ വിഭാഗമാണ്‌ കേരളത്തിലെ സെൻട് തോമസ് ക്രിസ്ത്യൻ അഥവ സീറോമലബാർ സഭ. റോമിൽ  നിന്നും അകന്നു സ്വന്തമായ സഭാ നിയമവും ആരാധനാക്രമവും (സീറോ മലബാർ റീത്ത് ) സ്വന്തമായിട്ടുള്ള ഒരു വിഭാഗം. ഈ ഉപസഭയുടെ (വ്യക്തിസഭ) ഏക തലവൻ മേജർ ആർച് ബിഷപ്പ് ആണ്. 3,8 മില്യണ്‍(മുപ്പത്തിയെട്ടു ലക്ഷം അംഗങ്ങൾ ) ലോകമെമ്പാടും ഉണ്ട്. കേരളത്തിൽ സീറോമലബാർ സഭ ഏറെ ചരിത്രപ്രാധാന്യം അവകാശപ്പെട്ടതാണ്. അപ്പസ്തോലൻ തോമാ സ്ഥാപിച്ച സഭയെന്നാണ് പറയപ്പെടുന്നത്‌. തോമ ശ്ലീഹ കേരളത്തിൽ വന്നിരുന്നോ എന്ന ചോദ്യത്തിന് തെളിവുകൾ നൽകാൻ കഴിയുന്നില്ല എന്ന് "കേരളത്തിലെ മാർത്തോമ ക്രിസ്ത്യാനികൾ" എന്ന പേരിൽ എഴുതിയ സഭാചരിത്ര പുസ്തക ത്തിൽ പ്രശസ്ത മതശാസ്ത്രജ്ഞ്ജനും സഭാ ചരിത്രകാരനും ആയിരുന്ന ഫാ. പ്ലാസിഡ് സി. എം. ഐ. വിശദീകരിച്ചിട്ടുണ്ട്. തോമാസ്ലീഹാ കേരളത്തിൽ വന്നതിനെപ്പറ്റി നിരവധി ഐതിഹ്യങ്ങൾ ലോകമെല്ലാം പ്രചരിക്കുന്നുണ്ട്. അതിലേയ്ക്ക് ഞാൻ കടക്കുന്നില്ല.

സിറിയൻ ഓർത്തഡോക്സ് കുരിശ് -
അഥവാ കാനായക്കാരുടെ 
നസ്രാണി 
മെനോറ   കുരിശ്

സീറോ മലബാർ  സഭ ഈസ്റ്റ് സിറിയൻ സഭാനിയമത്തിൽ ബന്ധപ്പെട്ടിരിക്കുന്ന സഭയോട് ബന്ധപ്പെട്ട കൽദായ കത്തോലിക്കാ സഭയുമായി ഐക്യപ്പെട്ട ഇന്ത്യയിലെ ഒരു ഉപസഭയല്ലാ. മറ്റുള്ള സിറിയൻ സഭകളുടെ, (ചർച്ച് ഓഫ് ഈസ്റ്റ്) തലവൻ പാത്രീയാർക്കുകൾ ആകുന്നു. സീറോ മലബാർ കത്തോലിക്കാ സഭയ്ക്ക് പുറമേ വത്തിക്കാനുമായി ഐക്യപ്പെട്ട മറ്റു ആറു ഇതര സഭകളും കൂടി തെക്കേ ഇന്ത്യയിൽ ഉണ്ട്. സീറോ മലങ്കര കത്തോലിക്കാ സഭ, മലങ്കര ഓർത്തഡോക്സ് സിറിയൻ സഭ, മലങ്കര സിറിയൻ-ഓർത്തഡോക്സ് ചർച്ച്‌, സിറിയൻ ഓർത്തഡോക്സ് ചർച്ച്‌ ഓഫ് അന്ത്യോക്യ, (ഇവരെല്ലാം വെസ്റ്റ് സിറിയൻ റീത്തിൽപ്പെട്ടവർ ആണ്). മാർത്തോമ ചർച്ച്, അതുപോലെ വിശ്വാസത്തിലും ആരാധനക്രമത്തിലും ആംഗ്ലിക്കൻ ചർച്ചുമായി ബന്ധപ്പെട്ട കേരളത്തിലെ ഒരു ക്രിസ്ത്യൻ സമൂഹം ഉണ്ട്. എല്ലാ മതവിഭാഗങ്ങളും കുരിശിനെ വിശ്വസിക്കുന്നു. ഇപ്പോൾ സീറോമലബാർ സഭയുടെ പേഗൻ കുരിശു അഥവാ (താമരക്കുരിശു) യേശുവിനെ കുരിശിൽ വധിക്കുന്നതിന് ഉപയോഗിച്ച അക്കാലത്തെ കുരിശിനോട് സമാനതയില്ല, അത് പ്രതിനിധാനം ചെയ്യുന്നില്ല. 

സീറോമലബാർ സഭാധികാരികൾ ചില തീവ്രവാദം സാഹചര്യമനുസരിച്ചു പ്രോത്സാഹിപ്പിക്കുന്നുണ്ട്, പ്രചരിപ്പിക്കുന്നുണ്ട്. ഈ അടുത്തകാലത്തെ ചില സംഭവങ്ങൾ അത് സൂചിപ്പിക്കുന്നുമുണ്ട്. ഇക്കൂട്ടർ ജാതിപറയുന്നവർ ആണ്. സീറോമലബാർ സഭയുടെ നേതൃത്വങ്ങൾ അത്മായരേക്കുറിച്ചു പറയുന്നത് നോക്കുക."പഴയ ക്രിസ്ത്യാനികൾ" എന്നും"പുതുക്രിസ്ത്യാനികൾ" എന്നും ഒരേ സഭയിൽ ജാതിവ്യത്യാസം പറയുന്നു. സഭയിൽ മാമോദീസ മുങ്ങിയവർ എല്ലാവരും ക്രിസ്ത്യാനികൾതന്നെയാണല്ലോ. കേരളത്തിൽ വൈദികർ ആകുന്നതിനു"പുതുക്രിസ്ത്യാനികൾ"എന്ന് പറയപ്പെടുന്നവർക്ക് സീറോ മലബാർ സഭയിൽ അവകാശമില്ല ?അപ്രകാരം ഒന്ന്  ഇല്ലെന്നുതന്നെയാണ് പറയേണ്ടിയിരിക്കുന്നത്. 

മനുഷ്യരെല്ലാം ക്രിസ്തുവിന്റെ മുമ്പിൽ സമന്മാരാണല്ലോ. അപ്രകാരമെങ്കിൽ പ്രകടമായിത്തന്നെ നിരവധി ഉദാഹണങ്ങൾ നോക്കിയാൽ വ്യക്തമായിട്ട് കാണാൻ കഴിയുന്നത്‌, പുരോഹിതർ സീറോമലബാർ സഭയെ മതതീവ്രവാദി സഭയായിട്ടാണ് നയിക്കുന്നത്. മറ്റുചില രാഷ്ട്രീയ തീവ്രവാദികളെപ്പോലെ. ഇവരുടെ സൃഷ്ടിയാണ് മനികെയിൻ കുരിശും മർത്തോമ്മാ കുരിശും. ചിലർ കൽദായ വാദവും അതേസമയം അപ്രമാധിത്വം അവകാശപ്പെടുന്നവരും ആണ് . അല്മായർ അഭിഷിക്തരെ ചോദ്യം ചെയ്യരുത്, ചെയ്‌താൽ അവന്റെ കുടുംബം വെണ്ണീർ ആകും. ഏകാധിപത്യ മനോഭാവമെന്നതിനെ കാണാൻ കഴിയും. സഭയിൽ മാമോദീസയെന്ന കൂദാശ ലഭിച്ചിട്ടുള്ളവർ എല്ലാവരും അഭിഷിക്തർ തന്നെ. 

സീറോ മലബാർ സഭാ നേതൃത്വം മാർപാപ്പയെ അനുസരിക്കാൻ തയ്യാറാകാത്തവർ ആണ്! സീറോമലബാർ റീത്തിൽ അംഗമായിരിക്കുന്ന ഒരു പെണ്‍കുട്ടിക്ക് മാതൃസഭയായ ലത്തീൻ റീത്തിൽപ്പെട്ട ഒരു കോണ്‍വെന്റിൽ ചേർന്ന് കന്യാസ്ത്രിയാകുവാൻ സീറോമലബാർ മെത്രാൻമാർ  അനുമതി നിഷേധിക്കും. അപ്പോൾ ഇവർ മാർപാപ്പയെ ധിക്കരിക്കുന്നവർ തന്നെയാണ്. ഇങ്ങനെ പലതും. കർദ്ദിനാൾ പദവി ലഭിക്കാൻ ഇവർ മാർപാപ്പയുടെ മുൻപിൽ ശിരസ് കുനിക്കും. അനുസരിക്കും. അപ്പോൾ അവിടെ സഭ ഒന്നേയുള്ളൂ !കുരിശും ഒന്നേയുള്ളൂ.!

ഹെലേന രാജ്ഞി കണ്ടുപിടിച്ച യേശുവിന്റെ കുരിശിനെക്കുറിച്ചു നിരവധി ഐതിഹ്യങ്ങൾ ഉണ്ട്. യഥാർത്ഥമായ കുരിശു കണ്ടെടുക്കുവാൻ ഹെലേന അന്നത്തെ യഹൂദരെ കർശനമായി പ്രേരിപ്പിച്ചുവെന്നും, ഗൊൽഗത്തായിലെ തലയോടുകൾ ഇട്ടിരുന്ന ഭാഗത്തിന് അധികമകലം ഇല്ലാത്ത ഒരു സ്ഥലത്തു നിന്നും കുരിശു കണ്ടെടുത്തുവെന്നും ഐതീഹ്യം ഉണ്ട്. ജറുസലെമിലെ യഹൂദരെ മുഴുവൻ അക്കാലത്ത് ഭരണം നടത്തിയ റോമൻ ഭരണാധികാരി അന്വേഷണ കാലത്തിനു മുമ്പ് തന്നെ അവരെ കൊന്നുകളഞ്ഞെന്നും, അഥവ അവരെ ആ പ്രദേശത്തുനിന്നും മുഴുവൻ ഓടിച്ചുവിട്ടിരുന്നുവെന്നും ചില ഐതിഹ്യം ഉണ്ട്. അപ്പോൾ ഹെലെനയുടെ അതിശയകര കണ്ടുപിടുത്തം നിലയില്ലാതെ വരുന്നുണ്ട്. പിന്നീട് തലമുറകളും കാലങ്ങളും കഴിഞ്ഞപ്പോൾ കഥകളും പലതുണ്ടായി.

ഇതുപോലെയാണ്, സീറോ മലബാർ കത്തോലിക്കാ സഭയിൽ കേരളത്തിലെ എല്ലാ പള്ളികളിൽനിന്നും പരമ്പരാഗതമായി സ്ഥാപിച്ചിരുന്ന കുരിശുകൾ സഭാധികാരികൾ മാറ്റിക്കളഞ്ഞു. പകരം കൽദായ കുരിശു ആ സ്ഥാനത്തു വച്ചു സ്ഥാപിച്ചതും, അതിനിടയിൽ കേരളത്തിലെ ക്രിസ്ത്യാനികളിൽ കൽദായ വിഷം കുത്തി നിറയ്ക്കുവാനും അവർക്ക് കഴിഞ്ഞതുമെല്ലാം, ഒരുകേന്ദ്രീയ സഭാഏകാധിപത്യം അധികാരികളിൽ നിലവിലുണ്ട് എന്ന് സൂചന തരുന്നു. സീറോമലബാർ സഭയെ പാത്രീയാർക്കൽ സഭയാക്കിക്കൊ ണ്ട് റോമിൽ നിന്നും വിട പറയാനുള്ള അനേകം ശ്രമങ്ങളും ചർച്ചകളുമെല്ലാം വത്തിക്കാനിൽ പോപ്പുമായിട്ട് ഈയടുത്തകാലത്ത് നടന്ന കാര്യം ചിലർ എങ്ങനെയോ ഐതീഹ്യമാക്കി മാറ്റി. തെളിവുകൾ നൽകാൻ കഴിയാത്ത ഒരുകൂട്ടം സഭാധികാരികളുടെ സാഹസിക വാദമുഖങ്ങൾ ക്രിസ്ത്യാനികൾ സഹിക്കണം.   

യേശുക്രിസ്തുവിനെ വധിക്കുവാൻ തെരഞ്ഞെടുത്ത കുരിശും, മറ്റുള്ള രണ്ടു കുറ്റവാളികളെയും കുരിശിൽ തറച്ചു കൊല്ലാനുമുള്ള കുരിശുകൾക്കും തമ്മിൽ മറ്റ് ചില പ്രത്യേകതകൾ ഉണ്ടായിരുന്നെന്ന് ചരിത്രകാരന്മാർക്ക് അഭിപ്രായം ഉണ്ട്. എന്താണത്? സാധാരണമായിട്ട് അന്ന് വധശിക്ഷയ്ക്കു വിധിക്കപ്പെട്ടയാൾ കുരിശിന്റെ വിലങ്ങനെയുള്ള ഒരു തടി മാത്രം ചുമന്നു കൊണ്ടുപോയാൽ മതിയായിരുന്നു. എന്നാൽ യേശു ക്രിസ്തുവിനു  ഭാരമേറിയ മുഴുവൻ കുരിശും (തലങ്ങനെയും വിലങ്ങനെയും ഉള്ള രണ്ടു ഭാഗങ്ങൾ)ചുമന്നുകൊണ്ട് ഗൊൽഗാത്തായിലേയ്ക്കു നടന്നു പോകേണ്ടി വന്നിരുന്നു എന്നതാണ് വ്യത്യാസം. യേശുവിന്റെ കുരിശിനു മുകളിൽ വിലങ്ങനെ ഉറപ്പിച്ചിരുന്ന ഒരു പലകയിൽ  ഇപ്രകാരം "യേശു, യഹൂദരുടെ രാജാവു",എന്ന് എഴുതിയിരുന്നു. ഇത് അക്കാലഘട്ടത്തിൽ അവിടെ ഉപയോഗത്തിലിരുന്ന മൂന്ന് ഭാഷകളിൽ, ഗ്രീക്ക്, ഹെബ്രായിഷ്, ലത്തീൻ തുടങ്ങിയ ഭാഷകളിൽ എഴുതിയിരുന്നു.

ഒരു കുറ്റവാളിയെ ശിക്ഷിക്കുന്നതിനുള്ള കാരണമെന്താണെന്ന് പൊതുവായി പരസ്യപ്പെടുത്തുവാനായിരുന്നു അക്കാലത്ത് ശിക്ഷാവിധിയുടെ കാരണം കാണിച്ചു കുരിശിൽ ഒരു പലകയിൽ എഴുതി ഉറപ്പിച്ച് വയ്ക്കുന്നതെന്ന് റോമൻ ജനതയ്ക്ക് അറിവുണ്ടായിരുന്നു. ഈ ഉപയോഗം സംബന്ധിച്ച് കുറെ തെളിവു തരുന്ന റോമൻ ചരിത്ര സൂചനകൾ ആണ്, SUETON, ഡോമിഷ്യൻ, കലിഗുള, കാസിയൂസ് തുടങ്ങിയ ചക്രവർത്തിമാരുടെ കാലത്ത് ഓരോരോ എതിരാളികളെ ശിക്ഷിക്കുമ്പോൾ ശിക്ഷാവിധിയുടെ കാരണം കൂടി അന്ന് കുരിശിൽ പരസ്യപ്പെടുത്തുന്നത്‌. വധശിക്ഷയ്ക്ക് വിധിച്ചവരുടെ കുരിശിനു മുകളിൽ ചെറിയ പലകയിൽ തന്നെ പരാതിയിന്മേലുള്ള അവസാനത്തെ വിധിയും അതിൽ തീരുമാനവും വിധിന്യായവും എഴുതി. അവിടെ NT എന്ന് മാത്രമായിരുന്നു  എഴുതിയത്. പിന്നീടുള്ള കാലത്ത്, ഹെറോദേസിന്റെയും (BC- 4- AD- 37) ഗവർണ്ണർ പൊന്തിയൂസ് പിലാത്തോസിന്റെയും ഭരണകാല ശേഷം കർശനമായ നിരോധനം ഉണ്ടാക്കി. യേശുവിനെ വധിച്ച കുരിശിൽ ചേർത്ത് എഴുതിയ തലവാചകം-"യേശു. യഹൂദരുടെ രാജാവ്" എന്നത്, എന്നും എക്കാലവും നസ്സ്രത്തുകാരനായ യേശു ക്രിസ്തുവിനു അനുയോജ്യമായിരു ന്ന പേര് ചേർത്തു വിളിക്കേണ്ട സത്യവുമായിരുന്നു. അതെല്ലാം, യേശുവിനെ മരണത്തിലും പോലും യേശുവിനെ അവഹേളിക്കുകയെന്നത് അന്നത്തെ മഹാപുരോഹിതരുടെ ഒരു രാഷ്ട്രീയപ്രേരിത നടപടികൾ ആയിരുന്നു. ഈ യാഥാർത്ഥ്യം സുവിശേഷത്തിൽ നമുക്ക് കാണാൻ കഴിയുന്നു.

ക്രിസ്ത്യാനികൾ എല്ലാവരും യേശുവിന്റെ ജീവിത പാതയിൽ വ്യാപരിച്ചു ജീവിക്കുന്നവരാണ്. യേശുവിന്റെ പിറവിയും കുട്ടിക്കാലജീവിതവും പരസ്യ ജീവിതവും പീഡാനുഭവ ദിവസങ്ങളും കുരിശുമരണവും, ഉയർപ്പും സ്വർഗ്ഗാരോഹണവും എല്ലാം അവർ ആചരിക്കുകയും ഉൾകൊള്ളുകയും ചെയ്യുന്നു. കുരിശു അവരുടെ നിത്യജീവിത ചിഹ്നമാണ്, നിത്യരക്ഷയുടെ അടയാളവുമാണ്. 

 ധ്രുവദീപ്തി:
Follow us on M, t, f, g+1 - dhruwadeepti
(Internet Explorer, Mozilla firefox ,google, Twitter ,etc...) 
 ധ്രുവദീപ്തി-E-mail:  dhruwadeepti@gmail.com  

http://dhruwadeepti.blogspot.de/

Keine Kommentare:

Kommentar veröffentlichen

Hinweis: Nur ein Mitglied dieses Blogs kann Kommentare posten.