Mittwoch, 1. Januar 2014

ധ്രുവദീപ്തി // Panorama // മഞ്ഞിൽ പൊതിയുന്ന ജർമനിയും അതിമനോഹരം// George Kuttikattu


ധ്രുവദീപ്തി // Panorama  // 


മഞ്ഞിൽ പൊതിയുന്ന ജർമനിയും  അതിമനോഹരം // 


George Kuttikattu 



"പിന്നാലെ വേനലില്ലാത്ത ഒരു മഞ്ഞുകാലമില്ല. ഇന്നത്തെ തിരക്കുഴി പിന്നത്തെ ചൂഡാലങ്കാരമാണ്. ഇവ അന്യോന്യം ഉന്തിത്തള്ളുകയാണ്. വെളിച്ചത്തിലേയ്ക്കും ഇരുട്ടിലേയ്ക്കും " .-ഭഗവത് ഗീത.


കൊഴിഞ്ഞു വീഴുന്ന മഞ്ഞുകാല ചിന്തകൾ..


പുതുവത്സരപ്പുലരിയിൽ അതിശീതളരാവ് കടന്നുപോയി. തണുത്തു മരവിച്ച രാവിന്റെ പിടിയിൽ നിന്നും മോചിതനായി മനോഹരമായി പ്രകാശിക്കുന്ന പ്രഭാതസൂര്യന്റെ വെള്ളിവെളിച്ചത്തിൽ ആകാശത്തിൽ നിന്നും മിന്നിത്തിളങ്ങി മഞ്ഞുപൊടികൾ തുടരെ വിതറി വീഴുന്ന ഒരു പുതുവത്സര പ്രഭാതമായിരുന്നില്ല യൂറോപ്പ് ദർശിച്ചത്. ജർമനിയുടെ മനോഹരമായ ചില കുന്നിൻനിരകളിലും ചരിവുകളിലും താഴ്വരകളിലും മനോഹരമായി വെളുത്ത പൊടിമഞ്ഞു പരന്നു കിടന്നു. മൂടിക്കിടക്കുന്ന വെട്ടിത്തിളങ്ങുന്ന തൂവെള്ള നിറമുള്ള ഒരിക്കലും മായാത്ത മഞ്ഞുകാല അനുഭവങ്ങൾ പതിയെ പതിയെ മനസ്സിൽ നിന്നും ഒരിക്കലും മായാത്ത നിത്യജീവനുള്ള സ്മരണകളായി അവ രൂപാന്തരപ്പെടുന്നു.

യൂറോപ്പിലെ മഞ്ഞിൽ പൊതിഞ്ഞ അതിശൈത്യവും ഏറെ മനോഹരമാണ്. പ്രശാന്തമായ ഓരോ ചരിവുകളിലും കുന്നിൻ മുകളിലും മഞ്ഞിൻ മുകളിൽ സ്കീയിൽ ശീതകാല സ്പോർട്സ് ചെയ്യുന്നവർ, മനോഹരമായ മഞ്ഞുകാല ദിനങ്ങളെ തങ്ങളുടെ മാത്രമുള്ള സ്വന്തം സുവർണ്ണ ജീവിതാനുഭവമാക്കാൻ കാത്തിരിക്കുന്ന കാമുകീ കാമുകന്മാർ, സ്വയം ജീവിതഭാരങ്ങളെ അപ്പാടെ താഴെയിറക്കി വിസ്മരിക്കുവാൻ തത്രപ്പെടുന്നവർ, കുട്ടികളുമൊത്ത് കുടുംബ സമേതം ഭാഗ്യപ്പെട്ട പുതുവത്സരത്തെ സ്വാഗതം ചെയത് ആനന്ദിക്കുവാനെ ത്തുന്ന  മാതാപിതാക്കൾ,  അങ്ങനെ സ്ത്രീകളും പുരുഷന്മാരും കുട്ടികളും യൂറോപ്പിലെ അതിശൈത്യത്തിലെ മഞ്ഞുകാലദിനങ്ങളെ  അവവരവരുടെ ഹൃദയത്തിൽ സ്വന്തം സ്വർഗ്ഗീയ സുന്ദര ദിനങ്ങളാക്കി മാറ്റുകകയാണ്.

 മഞ്ഞുമലയിൽ സ്കെയിറ്റിങ് നടത്തുന്ന കുട്ടികൾ 

എവിടെയും, മഞ്ഞുകാലാം. കുട്ടികൾക്കും മുതിർന്നവർക്കും മഞ്ഞുകാലത്ത് ആഘോഷമായ ഉത്സവ പ്രതീതിയാണ്. അപ്പോൾ മഞ്ഞുമനുഷ്യപ്രതിമകൾ സൃഷ്ടിക്കുക, മഞ്ഞുകൊട്ടാരം പണിയുക, മഞ്ഞുരുട്ടി പന്തുണ്ടാക്കി അവ എറിഞ്ഞു കളിക്കുക, സ്കീയിൽ മഞ്ഞിൻ മുകളിലൂടെ ഓടി പാറിനടക്കുക, ഇവയെല്ലാം എന്നും ജീവിക്കുന്ന മഞ്ഞുകാലദിന സ്മരണകളായി നമ്മുടെ മനസ്സിൽ തങ്ങി നില്ക്കും. ഇതുവരെയും നമ്മെ കടന്നു പോയ ജീവിതത്തെ പിറകോട്ടു തിരിഞ്ഞു നോക്കുവാനൊരു ശൈത്യകാലം.

ശൈത്യമേറിയ മൂകതയിലെ മഞ്ഞുകാലവും ഉണർവു പകരുന്ന സന്തോഷം പങ്കുവയ്ക്കുന്ന ക്രിസ്മസ് ആഘോഷങ്ങളും പ്രതീക്ഷയുടെ പുതുവത്സരവും എല്ലാം ഒരേ വഴിയിൽക്കൂടി ഓരോരോ വർഷങ്ങളും കടന്നു വരുകയാണ്, ജനനവും മരണവും പോലെ. സന്തോഷവും ദുഖങ്ങളും നിറഞ്ഞ ജീവിത വഴികളിൽക്കൂടി അവ കടന്നും പോകുന്നു. അനേകം അനുഭവങ്ങൾ  ശ്വാസം മുട്ടിക്കുന്ന എകാന്തതയും നമ്മുടെ എല്ലാമെല്ലാമായിരുന്ന ഉറ്റവരുടെയും ഉടയവരുടെയും വേർപാടുകളും ജീവിതത്തിലെ വ്യഥകളും ഭാഗ്യങ്ങളും സന്തോഷവും എല്ലാം കൂട്ടിക്കിഴിക്കുന്ന ക്രിസ്മസ് ദിനരാത്രങ്ങളിലെ മധുര  ഓർമ്മകൾ രൂപാന്തരപ്പെടുന്ന ദുസഹനിശബ്ധതയും അനുഭവിക്കുന്നവരും ഈ വഴിയിൽ ഉണ്ട്. ക്രിസ്മസ് രാവിൽ ദേവാലയത്തിലെ കൂടിച്ചേരൽ, പ്രാർത്ഥന, ആഘോഷമായ ഭക്ഷണം, സുഹൃത്തുക്കൾക്കും, അയൽക്കാർക്കും എല്ലാ കുടുംബാംഗങ്ങൾക്കും സ്നേഹ സമ്മാനങ്ങൾ പങ്കുവയ്ക്കൽ, പാതിരാവിലെ കൊടും തണുപ്പിൽ നമ്മിലേയ്ക്ക് ആഗതമാകുന്ന പുതുവത്സരപ്പിറവിയുടെ വരവേൽപ്പിനു എവിടെയും ആകാശവിസ്മയം സൃഷിടിക്കുന്ന കരിമരുന്നു കലാപ്രകടന ആഘോഷങ്ങൾ നടത്തൽ - ഇവയൊക്കെ നമ്മുടെ ജീവിത വഴിയിലെ ചില തിളക്കമുള്ള ശുഭ പ്രതീക്ഷകളുടെ  മറുവശം അല്ലെ?

മനോഹരമായ ചില മഞ്ഞുകാലദിനങ്ങൾ ജർമനിയിൽ സൈബേരിയൻ ശൈത്യാനുഭവങ്ങൾ ഉണർത്തുന്നതാണ്. ഏകദേശം മൈനസ്സ് 25-30 ഡിഗ്രി തണുപ്പ് കഴിഞ്ഞ ചില വർഷങ്ങളിൽ ജർമനിയിലെ ചില പ്രദേശങ്ങളിൽ രേഖപ്പെടുത്തിയിരുന്നു. റിക്കാർഡ് തകർത്ത ശീതകാലം എന്ന് കാലാവസ്ഥാ ഗവേഷണ കേന്ദ്രങ്ങൾ വെളിപ്പെടുത്തി. എങ്കിലും മനുഷ്യ ജീവിതം എന്നും ചലനാത്മകമായി തുടരുന്നു. 

മരംകോച്ചുന്ന തണുപ്പിലും മനുഷ്യജീവിതം സുഗമവും ആനന്ദകരവുമാണ്. സ്കൂൾ കുട്ടികൾക്കും മറ്റെല്ലാ സ്ഥാപനങ്ങൾക്കും ഓരോ ക്രിസ്തുമസിന്റെയും പുതുവത്സരത്തിന്റെയും ദിവസങ്ങൾ അവധിക്കാലം ആണ് . ഈ അവധി  ആഘോഷങ്ങളുടെ നടുവിൽ ജർമൻ നിരത്തുകളിൽ അവധിക്കാലയാത്ര ചെയ്യുന്നവരുടെ വലിയ തിരക്ക് കാണാം. ശീതകാലത്ത് വാഹനയാത്രകൾക്ക് ചില തടസ്സം ഉണ്ടാകുന്നുണ്ടെങ്കിലും ഇക്കാലം റോഡ്‌ ഗതാഗതവകുപ്പിന്റെ  ശ്രദ്ധേയവും കാര്യക്ഷമവുമായ സംരക്ഷണവും നൽകി വരുന്ന്.ഗ്രാമ-നഗര അതോറിട്ടികളുടെ സൂക്ഷ്മ മേൽനോട്ടവും ജനജീവിതം അവിടെ കുറെയേറെ എളുപ്പമാക്കുന്നു.

അതികഠിന ശൈത്യം ജർമനിയടക്കം യൂറോപ്പിന്റെ വിവിധഭാഗങ്ങളിൽ ജനജീവിതം ദുസഹമാക്കിയിട്ടുണ്ട്. കിടപ്പാടം സ്വന്തമായിട്ടില്ലാത്തവർക്ക് അതിശൈത്യം ഏറെ അപകടപ്പെടുത്തുന്ന കാലമാണ്. അവരിൽ ചിലർ മരണപ്പെടുകയും ചെയ്യാറുണ്ട് എന്നത് വളരെയേറെ ദു:ഖകരമാണ്‌. എങ്കിലും ജർമനിയിൽ സമൂഹ്യസേവകരുടെ സഹായം ഇങ്ങനെയുള്ള വിഭാഗത്തിനു  നല്കപ്പെടുന്നുണ്ട് എന്നത് സന്തോഷകരമാണ്, ആശ്വാസകരവുമാണ്..

അതിശൈത്യകാലങ്ങളിൽ ജർമനിയിലെ നദികളിൽ വെള്ളം തണുത്തുറച്ചു ഐസ് പാളികളായി രൂപാന്തരപ്പെടുന്നു. അപ്പോൾ കപ്പൽഗതാഗതം ഏതാണ്ട് പൂർണ്ണമായും തടസ്സപ്പെടുന്നുണ്ട്. ഇങ്ങനെ സംഭവിക്കുമ്പോൾ കൂറ്റൻ ഐസ് കട്ടർ മെഷീൻ ഉപയോഗിച്ച് മുറിച്ചു നീക്കി ഗതാഗതം ജലപാതയിൽ വീണ്ടും പുന:സ്ഥാപിക്കുകയാണ് പതിവ്. ഇത്തരം ഐസ് പാളികൾ ഓരോനദികളിൽ ഉണ്ടാകുന്നത് കടുത്ത ശൈത്യ കാലത്ത് സാധാരണമാണ്. ജർമ്മനിയിൽ ഉണ്ടായ ഏറ്റവും കടുത്ത ശീതകാലം റിപ്പോർട്ട് ചെയ്യപ്പെട്ടത് 1963 ലാണ്. അന്ന് ജർമനിയിലെ പ്രസിദ്ധമായ നെക്കാർ, റൈൻ തുടങ്ങിയ നദികളിൽ വെള്ളം ഐസ് പാളികളായി മാറിയിരുന്നു. ഇത്തരം പാളികളുടെ മുകളിലൂടെ ചിലർ വാഹനങ്ങൾ ഓടിച്ചും സ്കീയിൽ ഓടിച്ച് രസിക്കുവാനും ശ്രമിച്ചിരുന്നു.

  മഞ്ഞിൽ പൊതിയുന്ന ഫിഹ്ടൽ മരങ്ങൾ

ക്രിസ്മസ് അവധിക്കാലം തുടങ്ങി പുതുവത്സര ആഴ്ച്ചയുൾപ്പെടെയുള്ള ദിവസങ്ങളിൽ അവധിക്കാലം ആഘോഷിക്കുവാൻ നിരവധിയാളുകൾ മഞ്ഞു മൂടിക്കിടക്കുന്ന ഫിഹ്ടൽ മരങ്ങളാൽ മനോഹരമായ ജർമനിയുടെ ബ്ലാക്ക് ഫോറസ്റ്റ്, ആൽപ്സ് പർവത നിരകൾ, അയൽരാജ്യങ്ങളായ ഫ്രാൻസ്, സ്വിറ്റ്സർലാൻഡ്‌, ഓസ്ട്രിയാ തുടങ്ങിയ രാജ്യങ്ങളിലെ  സ്കീയിംഗ് സ്പോർട്സ് കേന്ദ്രങ്ങളിലേയ്ക്ക് എല്ലാ ശൈത്യകാലത്തും പോകാറുണ്ട്. ഒറ്റയ്ക്കും കൂട്ടമായും കുടുംബത്തോടെയും ഇത്തരം അവധിക്കാല യാത്രകൾ ചെയ്യുന്നത് യൂറോപ്യരുടെ പ്രിയപ്പെട്ട വിനോദം തന്നെ.

മഞ്ഞുകാലം ആഹ്ലാദം നിറഞ്ഞ കാലമാണെങ്കിലും ദുരിതങ്ങളുടെയും ദു:ഖ ദിനങ്ങളായും ഭവിക്കുന്നുണ്ട്. ശീതകാല സ്പോർട്സ് അപകടങ്ങൾ, സ്കീ അപകട മരണങ്ങളും സംഭവിക്കുന്നു. തകരാറിലാകുന്ന റോഡ്‌-റെയിൽ വിമാന ഗതാഗതസൌകര്യങ്ങൾ, അതിശൈത്യം മൂലം വാഹനങ്ങൾ കേടാകുന്നു, സഞ്ചാരയോഗ്യമല്ലാതെ തീരുന്നു. ഇവയൊക്കെ ചില കാര്യങ്ങൾ മാത്രം. ചൂടിലുണ്ടാകുന്ന വ്യതിയാനത്തിൽ ഉണ്ടാകാവുന്ന ഹിമനിപാത അപകടങ്ങൾ പലപ്പോഴും വലിയ അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. ഇതുപോലെ, രോഗികൾ, റോഡുകളിൽ നടന്നു പോകുന്ന പ്രായം ചെന്ന ആളുകൾ  തുടങ്ങിയവരും കടുത്ത തണുപ്പിൽ അപകടപ്പെടുന്നുണ്ട്. ഈ വർഷം ജർമനിയുടെ തെക്ക് പടിഞ്ഞാറൻ പ്രദേശങ്ങളിൽ  താരതനമ്യേന കുറഞ്ഞ തോതിലാണ് അതിശൈത്യം അനുഭവപ്പെട്ടത്. നിരീക്ഷകർ ഈ പ്രദേശത്ത് മയപ്പെട്ട കാലാവസ്ഥയാണ് രേഖപ്പെടുത്തിയത്. ഏതാണ്ട് നാൽപ്പത്തിയഞ്ചു വർഷങ്ങൾക്ക് മുൻപ് ജർമനിയടക്കം യൂറോപ്യൻ പ്രദേശങ്ങളിൽ മുഴുവൻ അതിശൈത്യം ഉണ്ടായതായി രേഖപ്പെടുത്തിയിട്ടുണ്ട്.

 ജർമനി- മഞ്ഞുകാലത്തെ റോഡുകൾ 

ശൈത്യകാലത്ത് ജനവാസകേന്ദ്രങ്ങളിൽ കൂടുതൽ വൈദ്യുതി ഉപയോഗം വർദ്ധിച്ചതായി സർക്കാർ കണക്കുകളും വ്യക്തമാക്കുന്നുണ്ട്. യൂറോപ്പിൽ പൊതുവെ തണുപ്പുകാലത്ത് വീടുകളിൽ ചൂട് വിതരണത്തിനായി കൂടുതൽ വൈദ്യുതി ഉപയോഗം വരുന്നുണ്ട്. തണുപ്പിൽ നിന്ന് രക്ഷപെടുവാൻ ഫ്രാൻസിൽ ഒരൊറ്റ ദിവസം വേണ്ടിവന്ന വൈദ്യുതി ഉപയോഗം 90200 മെഗാവാട്ട് വൈദ്യുതി വേണ്ടി വന്നുവെന്ന് ഫ്രഞ്ചു സർക്കാർ കഴിഞ്ഞ ഒരു വർഷത്തെ കണക്കിൽ ചൂണ്ടിക്കാണിച്ചത് ഏറെ ശ്രദ്ധേയമായിരുന്നു. അന്ന് വൈദ്യുതി ഉപയോഗിച്ച് പ്രവർത്തിപ്പിക്കുന്ന വീട്ടുപകരണങ്ങൾ നിശ്ചിത സമയം മാത്രമേ പ്രവർത്തിപ്പിക്കാവൂ എന്ന് കർശന നിർദ്ദേശവും ജനങ്ങൾക്ക് നൽകി. കാരണം, യൂറോപ്പിൽ പൊതുവെ ഗാർഹികാവശ്യങ്ങൾ മുഴുവൻ തന്നെ വൈദ്യുതിയെ ആശ്രയിച്ചാണല്ലോ സാധിക്കുന്നത്. ഓയിലും ഗ്യാസും ഗൃഹാവശ്യ ഊർജ ഉപയോഗത്തിനായി ഉപയോഗിക്കുന്നു. മനോഹരമായ വസന്തകാലസ്മരണകൾ അയവിറക്കാൻ പ്രകൃതി കൂട്ടിയിണക്കുന്ന ശൈത്യം.

മഞ്ഞിൽ പുതഞ്ഞ ജർമനിയും അതിസുന്ദരമാണ്. ഗ്രാമങ്ങളും നഗരങ്ങളും കുന്നിൻ നിരകളും മലകളിലെ വൃക്ഷങ്ങളും ഗ്രാമത്തിലെ ദേവാലയവും വീടുകളും തിളക്കമുള്ള മഞ്ഞിൽ പൊതിയുന്നു. പുകമഞ്ഞിൽ ആകാശത്തിൽ സൃഷ്ടിക്കപ്പെടുന്ന ഹിമമലനിരകളുടെ നിശ്ചല ദൃശ്യം നമ്മെ അമ്പരപ്പിക്കുന്നു. ജർമ്മനിയുടെ തെക്ക് മുതൽ വടക്കെ അറ്റംവരെയും കിഴക്ക് മുതൽ പടിഞ്ഞാറു വരെയും മഞ്ഞിൽപ്പൊതിഞ്ഞ പ്രകാശിക്കുന്ന വെള്ളിവെളിച്ചത്തിൽ മിന്നി തിളങ്ങുന്ന പുതുവർഷത്തിലെ മനോഹര ദിനങ്ങൾക്കായി, നാമും പുത്തൻ പ്രതീക്ഷകളുമായി കാത്തിരിക്കുന്നു.

എന്തെല്ലാം പ്രതീക്ഷകളും ആവശ്യങ്ങളും പുതുവത്സരത്തിലെ ശൈത്യം നിറഞ്ഞ ശാന്തതയിലും സന്തോഷത്തിലും മനുഷ്യമനസ്സിലേയ്ക്ക് തിങ്ങി ഒഴുകി വരും? പുതുവത്സരപിറവിയുടെ ആഘോഷ പാതിരാവിൽ ഭൂമിയും ആകാശവും കരിമരുന്നു പ്രകടനത്തിൽ വിവിധവർണ്ണങ്ങളിൽ മിന്നി തിളങ്ങി. ലോകത്തിന്റെ എല്ലാ ദു:ഖ ദുരിതങ്ങളേയും തുടച്ചു നീക്കുന്ന തിളക്കമുള്ള പ്രകാശകിരണങ്ങൾ.

പുതുവത്സരത്തിൽ പെയ്തിറങ്ങിയ ഐസിലുറഞ്ഞ ആളൊഴിഞ്ഞ പുതിയ പ്രഭാതത്തിലെ നിരത്തുകളും, തൂവെള്ള നിറമുള്ള പൊടിമഞ്ഞിൽ പൊതിഞ്ഞ മലനിരകളും മരങ്ങളും ചരിവുകളും താഴ്വരകളും.. അവിടെ കണ്ണാടി പോലെ മിനുസ്സമുള്ള തിളക്കമുള്ള മഞ്ഞുപാളികൾക്ക് മുകളിൽ കുട്ടികളും മുതിർന്നവരും സ്കീയിൽ തെന്നി സഞ്ചരിക്കുന്ന ശൈത്യകാല ഓർമ്മകൾ. ഓർമ്മയിൽ എന്നും കാത്തുസൂക്ഷിക്കുന്ന ദൈനദിന ജീവിതത്തിലെ സന്തോഷങ്ങളും ദു:ഖങ്ങളും. കൂടിച്ചേരലുകളും  വേർപാടുകളും നെടുവീർപ്പുകളും പൊട്ടിച്ചിരികളും.

മനസ്സിലലിഞ്ഞ ഓർമ്മകളെ താലോലിച്ചു കൊണ്ട്‌ ഉറഞ്ഞ ഐസിലും ഒരിക്കലും മരവിക്കാത്ത മനസ്സുമായി ഹൃദയത്തിൽ മഞ്ഞിലും സൌന്ദര്യം ദർശിക്കുന്ന മനോഹരമായ പുതുവത്സരപ്രതീക്ഷകളെയെല്ലാം  വിവിധ വർണ്ണങ്ങളിൽ നാമും എന്നും കാത്തുസൂക്ഷിക്കും. 

നന്മയേറിയ പുതുവത്സരത്തിന്റെ എല്ലാ മംഗളങ്ങളും നേരുന്നു. /gk 

 --------------------------------------------------------------------------------------------------------------------------------------------

1 Kommentar:

Hinweis: Nur ein Mitglied dieses Blogs kann Kommentare posten.