Sonntag, 24. November 2013

ധ്രുവദീപ്തി // ചെറുകഥ/ അന്ധതയുടെ അഞ്ചാംപടി - നന്ദിനി


ധ്രുവദീപ്തി // ചെറുകഥ/ 


അന്ധതയുടെ അഞ്ചാംപടി - 


നന്ദിനി  


അന്ധതയുടെ അഞ്ചാംപടി

റെക്ടര്‍ അച്ചന്‍ വിളിപ്പിച്ചിരിക്കുന്നു.

പിന്നെ ബ്രദര്‍ പൌലോ മറുത്തൊന്നും ചിന്തിച്ചില്ല. ഒരോട്ടമായിരുന്നു.
നാല് നില മുകളിലാണ് റെക്ടര്‍ അച്ചന്റെ  മുറി. പടികള്‍ ചവിട്ടി കയറിയാലേ ശരിയായ വ്യായാമമാകൂ എന്ന പ്രസംഗത്തിന്റെ ചുവടു പിടിച്ച്
 പൌലോ ലിഫ്റ്റിനു നേരെ തിരിഞ്ഞു നിന്നു.
തിടുക്കത്തില്‍ പടികള്‍ ഓടി കയറി.

രണ്ടാം നിലയിലെ അഞ്ചാം പടി... പൌലോ മറന്നില്ല.
ഓട്ടം നിന്നു.
പതുക്കെ കുനിഞ്ഞ് ആ പടിയില്‍ തൊട്ടു... പവിത്രമായ ആ സ്പര്‍ശനം അനുഭവിച്ചിട്ടാകണം
അദ്ദേഹം കൈ ചുണ്ടോടമര്‍ത്തി.
ഒരു മുത്തം!

നിവര്‍ന്നു... വീണ്ടും ഓട്ടം...

കണ്ടു നിന്ന തൂപ്പുകാരി ത്രേസ്യ ഓടിച്ചെന്നു.
"ആ പടിക്കെന്തെ... ഇത്ര വിശേഷം?
ഇപ്പോള്‍ അത് തുടച്ചതാണല്ലോ...
അതോ ഞാൻ കാണാതെ എന്തെങ്കിലും ‍അവിടെ ഉണ്ടായിരുന്നോ ..?"
"ദൈവമേ ക്ഷമിക്കണേ.."
ത്രേസ്യ തേങ്ങി...
അവള്‍ പടി അടിമുടി നോക്കി .
"ഇല്ല...ഒന്നുമില്ല..."
ചോദിക്കാന്‍ വേണ്ടി തിരിഞ്ഞപ്പോള്‍ പൌലോയുടെ പൊടി പോലും ഇല്ല.
"...എന്തെങ്കിലുമാകട്ടെ..."
ത്രേസ്യ തന്റ്റെ പണി തുടര്‍ന്നു.

വരാന്തയുടെ അങ്ങേ തലയ്ക്കല്‍ എത്തിയപ്പോള്‍ ഒരു സംസാരം.
ത്രേസ്യ തിരിഞ്ഞു നോക്കി.
റെക്ടര്‍ അച്ചനും ബ്രദര്‍ പൌലോയും പടികളിറങ്ങി വരുന്നു.
രണ്ടാം നിലയിലെ അഞ്ചാം പടി എത്തിയപ്പോള്‍ രണ്ടുപേരും നിന്നു.
റെക്ടര്‍ അച്ചന്‍ കുനിഞ്ഞ് പടിയില്‍ തൊട്ടു മുത്തി.
പൌലോ കുനിഞ്ഞ് മുത്തി നിവര്‍ന്നപ്പോള്‍ മൂക്ക് മുട്ടിയോ എന്ന് പോലും ത്രേസ്യ സംശയിച്ചു.
കൌതുകത്തോടെ അവള്‍ അത് നോക്കി നിന്നു.


അന്ന് വൈകിട്ട് പണി കഴിഞ്ഞു വീട്ടിലെത്തിയിട്ടും പടിയുടെ ഓര്‍മ്മ അവളെ വിട്ടു പോയിരുന്നില്ല.
" സാരമില്ല... ആരെങ്കിലും പറഞ്ഞു തരും..."
അവള്‍ ആശ്വസിച്ചു.
പിറ്റേന്നു മുതല്‍ പടികള്‍ തുടയ്ക്കുമ്പോള്‍ പ്രത്യേകം കരുതല്‍ ആ പടിക്ക് കൊടുക്കാന്‍
അവള്‍ ശ്രദ്ധിച്ചിരുന്നു. മേല്‍ പടിയില്‍ ആരെല്ലാം തൊട്ടു മുത്തുന്നു എന്നൊരു കണക്കെടുക്കാനും അവള്‍ മറന്നില്ല .


ഒരാഴ്ചയ്ക്കകം ഏകദേശം നൂറ്റിപത്തോളം വരുന്ന സെമിനാരി സഹോദരങ്ങള്‍ ആ പടിയെ വന്ദിച്ചതിന് അവള്‍ സാക്ഷിയായി തീര്‍ന്നിരുന്നു .
"പക്ഷെ...ആരോട് ചോദിക്കും ..?"
സാഹചര്യം ഒത്തു വരാനായി ത്രേസ്യ കാത്തിരുന്നു .

ഒരു ദിവസം അവള്‍ റെക്ടര്‍ അച്ചന്റെ മുറി തുടയ്ക്കുകയായിരുന്നു .
അവളുടെ ഹൃദയം ആ രഹസ്യത്തിനായി കൊതിച്ചു.
" ത്രേസ്യേ..."
ഒരൊറ്റ വിളി...
ത്രേസ്യ വിറച്ചു പോയി...
റെക്ടര്‍ അച്ചന്റെ മുഖം ദേഷ്യം കൊണ്ടു ചുവക്കുന്നു.
" പണി ചെയ്യുമ്പോള്‍ അത് വൃത്തിയായിരിക്കണം എന്ന് എനിക്ക് നിര്‍ബന്ധമുണ്ട് .."
അച്ചന്‍ തന്റെ മേശയിൽ ‍ വിരൽ കൊണ്ടു ഒരു വട്ടം വരച്ചു.
നനഞ്ഞ മേശയില്‍ പൊടി കുഴഞ്ഞിരിക്കുന്നു.
ത്രേസ്യ വിളറി വെളുത്തു...
പരമാവധി വേഗത്തില്‍ പണി തീര്‍ത്ത് മുറിക്ക് പുറത്തിറങ്ങി.

"ത്രേസ്യേ..."
ഒരു പിന്‍ വിളി.
ഇറങ്ങിയ വേഗത്തില്‍ ത്രേസ്യ അകത്തു കയറി...
"എന്തോ..."
ത്രേസ്യ താണു വണങ്ങി...
"ലൂക്കാ വീട്ടിലുണ്ടോ ....?"
അച്ചന്‍ ചോദിച്ചു ..
"ഒണ്ടേ..."
ത്രേസ്യ പറഞ്ഞു.
"നാളെ ലൂക്കായോട് ഒന്നിവിടം വരെ വരാന്‍ പറയണം. കുറച്ച് പുറം പണിയുണ്ട് ..."
"പറയാമേ..."
ത്രേസ്യ പുറത്തിറങ്ങി.

അന്ന് വൈകിട്ട് ത്രേസ്യ വീട്ടില്‍ ചെല്ലുമ്പോള്‍ ലൂക്കാ കിടന്നുറങ്ങുന്നു.
"ദേ...മനുഷ്യാ എണീക്ക്....നാളെ സെമിനാരി വരെ ചെല്ലണം എന്ന്‍ അച്ചന്‍ പറഞ്ഞു ..."
ലൂക്കാ തിരിഞ്ഞു കിടന്നു.
"മടിയന്‍ ... ഭാര്യ കൊണ്ടു വരുന്നത് തിന്നാന്‍ വേണ്ടി മാത്രം ഒരു ജന്മം..."
ത്രേസ്യ പിറുപിറുത്തു.
ത്രേസ്യയുടെ പിറുപിറുപ്പ് കാതില്‍ പതിഞ്ഞു കാണണം...
രാവിലെ സെമിനാരിയിലേയ്ക്കുള്ള യാത്രയില്‍ ത്രേസ്യയോടൊപ്പം ലൂക്കായും ഇറങ്ങി.
പടിയുടെ രഹസ്യം മനസ്സിനെ മഥിച്ചുകൊണ്ടിരിക്കെ തന്നെ ത്രേസ്യ പ്രഭാത ജോലികളില്‍
മുഴുകി. മുറ്റമടിച്ച് വരാന്തകള്‍ തുടച് അവള്‍ മുന്നേറിക്കൊണ്ടിരുന്നു.ലൂക്കാ റെക്ടര്‍ അച്ചന്റെ മുറിയിലേയ്ക്കുള്ള പടികള്‍ കയറി.
പടിക്കണക്ക് കൃത്യമായി സൂക്ഷിക്കുന്ന ത്രേസ്യ തിരിഞ്ഞു നോക്കി...
ലൂക്കാ പടി തൊട്ട് വന്ദിക്കുന്നു....
തുറന്ന വാ അടയ്ക്കാന്‍ ത്രേസ്യ പാടുപെട്ടു.
"മനുഷ്യാ..."
പിന്നാമ്പുറത്തു നിന്ന്‍ നിനച്ചിരിക്കാതെ കേട്ട അലര്‍ച്ചയില്‍ ലൂക്കാ ബാക്കി മൂന്നു പടികള്‍ ചാടിക്കയറി.
ത്രേസ്യ ഓടി അടുത്തെത്തി.
"എന്താടി അലറുന്നത് ...? ഇത് വീടല്ല.."
ഞെട്ടല്‍ മാറിയ ലൂക്കാ ചോദിച്ചു.
"നിങ്ങള്‍ ആ പടിയില്‍ എന്താണ് ചെയ്തത് ..?"
ലൂക്കാ ആ ചോദ്യത്തിന് മറുപടി പറഞ്ഞില്ല.
"നിങ്ങളോടാ ചോദിച്ചത് ...എന്താ ആ പടിക്ക് ഇത്രവിശേഷം?"
ത്രേസ്യയുടെ ചോദ്യം ഉയര്‍ന്നു.
ലൂക്കാ ഒന്നാലോചിച്ചു.
അറിയില്ല.
"എല്ലാവരും അങ്ങനെ ചെയ്യുന്നു ... അത് പോലെ ഞാനും ..."
ലൂക്കാ ഒരുവിധം പറഞ്ഞൊപ്പിച്ചു.
"അപ്പോള്‍ നിങ്ങള്‍ക്ക് കാരണം അറിയില്ലേ...?
ഉടന്‍ വന്നു അടുത്ത ചോദ്യം.
"അറിയില്ല ..."
ലൂക്കാ ഉള്ള സത്യം പറഞ്ഞു...
ത്രേസ്യക്ക് കലി കയറി.
"എല്ലാവരും ചെയ്യുന്നതൊക്കെ നിങ്ങളും ചെയ്യുമോ ...?"
"ചെയ്യുമെടി ചെയ്യും ..നീ ആരാ ചോദിക്കാന്‍ ...?"

റെക്ടര്‍ അച്ചന്‍ മുറി വിട്ടിറങ്ങി.
ഈ ഒച്ചപ്പാട് ഇവിടെ പതിവുള്ളതല്ലല്ലോ....
അന്വേഷണത്തിനായി അച്ചന്‍ പടികളിറങ്ങി.
താഴെ ലൂക്കായും ത്രേസ്യയും കൊമ്പു കോര്‍ക്കുന്നു.
"ലൂക്കാ .....ത്രേസ്യേ ..."
അച്ചന്റെ സ്വരം ഉയര്‍ന്നു.
അവര്‍ തല കുമ്പിട്ടു.
"ഇത് ഒരു സ്ഥാപനമാണെന്ന്‍ ഓര്‍മ്മ വേണം..."
അച്ചന്‍ അവരുടെ അടുത്തെത്തി.
അഞ്ചാം പടിയില്‍ തൊട്ടു വന്ദിച്ചു.
ത്രേസ്യയുടെ ചോദ്യം സകല അളവുകോലുകളും ഭേദിച്ചു പുറത്തു ചാടി.
"അച്ചോ...പടിയില്‍ ആരാ..? ഏതു പുണ്യാളനാ...?

അച്ചന്‍ ത്രേസ്യയെ നോക്കി.
പുതിയ അറിവ് ...
പടിയില്‍ പുണ്യാളന്‍ ...
"എന്തിനാ അച്ചന്‍ പടിയില്‍ തൊട്ടു മുത്തിയത് ..?"
ത്രേസ്യയുടെ നാവ് അടങ്ങുന്നില്ല...
അച്ചന് മൌനം.
താനെന്താ ചെയ്തത് ...പക്ഷെ വര്‍ഷങ്ങളായി ഇത് ചെയ്യുന്നുണ്ടല്ലോ... ത്രേസ്യ പറഞ്ഞത് പോലെ
പടിയില്‍ ആരാണ് ?
"ത്രേസ്യേ ...വേണ്ടാത്ത കാര്യത്തില്‍ നീ ഇടപെടരുത് .."
അച്ചന്‍ ഉത്തരത്തെ കല്പ്പനയില്‍ ഒതുക്കി.
ത്രേസ്യയുടെ നാവടങ്ങി. പടിക്കണക്ക് ഉപേക്ഷിച്ച്, ചൂലുമായി അവള്‍ പണിയില്‍ മുഴുകി.
പുറം പണികള്‍ ലൂക്കായെ ഏല്പ്പിച്ച് പതിവിനു വിപരീതമായി അച്ചന്‍ ലൈബ്രറിയിലേയ്ക്ക്നടന്നു.
സെമിനാരിയുടെ ചരിത്രം ഓരോന്നോരോന്നായി പരിശോധിച്ചു
പക്ഷെ പടികളെ കുറിച്ച് പരാമർശമില്ല.
യുഗം ആധുനികമായത് കൊണ്ട് അച്ചന്‍ കമ്പ്യൂട്ടര്‍ ഓണാക്കി...
അടിച്ചു കൊടുത്തു...
സെമിനാരി സ്ഥാപകന്റെ  പേര്‍ ---
വെരി .റവ .ഫാ .ചാണ്ടി താഴത്തങ്ങാടിയില്‍...
വന്നു ..ചാണ്ടിയച്ചന്റെ  വിവരങ്ങള്‍...
ഇല്ല... പടികളെക്കുറിച്ച് ഒന്നും പറയുന്നില്ല. പക്ഷെ...
ഒരു പൂച്ചയെ കുറിച്ച് അതില്‍ പരാമര്‍ശമുണ്ട്... ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ മുമ്പുള്ള കാര്യങ്ങള്‍ .
സെമിനാരി പണി ആരംഭിച്ച കാലം...
പലരില്‍ നിന്നും സംഭാവനയായി കിട്ടിയ തുക കൊണ്ട് ചാണ്ടിയച്ചന്‍ സെമിനാരി പണി തുടങ്ങി .
ആ കാലത്ത് അച്ചന്‍ കൂട്ട് കുശിനിക്കാരനും ഒരു പൂച്ചയും .രണ്ടു പേര്‍ക്കും പൂച്ചയെ വലിയ കാര്യം. പക്ഷെ...
പൂച്ചയ്ക്ക് ഒരു പ്രത്യേക സ്വഭാവം...
വയര്‍  നിറഞ്ഞാല്‍ പിന്നെ അത് പടിയിലേ കിടക്കൂ...
ആരു വന്നാലും ചവിട്ടു കൊണ്ടാലും പൂച്ച വളരെ സൗമ്യമായി പ്രതികരിക്കും.
"മ്യാവൂ ..."
എന്നാലും രണ്ടാം നിലയിലെ അഞ്ചാം പടിയില്‍ നിന്നും പൂച്ച മാറില്ല.
ചാണ്ടിയച്ചന്‍ പടി കയറുമ്പോഴും ഇറങ്ങുമ്പോഴും പൂച്ചയുടെ തലയില്‍ തലോടും.
"ങ്ങുര്‍...."
പൂച്ച മറുപടി ആ സ്വരത്തില്‍ ഒതുക്കും.

രണ്ട് വര്ഷം കഴിഞ്ഞ് കുശിനിക്കാരന് എലിക്ക് വച്ച വിഷം കഴിച്ച് പൂച്ച മരണപ്പെടുമ്പോള്‍
ചാണ്ടിയച്ചന്‍ സെമിനാരിയുടെ ആദ്യ റെക്ടര്‍ ആയിരുന്നു...
പൂച്ച ചത്തിട്ടും ശീലം അദ്ദേഹത്തെ വിട്ടു മാറിയിരുന്നില്ല...
രണ്ടാം നിലയിലെ അഞ്ചാം പടിയില്‍ എത്തുമ്പോള്‍ അച്ചന്‍ അറിയാതെ ഒന്ന് കുനിയും.
പടിയില്‍ തൊടും...
പെട്ടെന്നു വീണ്ടു വിചാരമുണ്ടാകും.
'പൂച്ച ചത്തു പോയല്ലോ'
"ശൊ..." അച്ചന്‍ വാ പൊത്തും.

ക്ലിക്ക് ...
റെക്ടര്‍ അച്ചന്‍ ചാണ്ടിയച്ചനെ ക്ലോസ് ചെയ്തു.
പിന്നെ തലയ്ക്ക് കൈയും കൊടുത്ത് കുനിഞ്ഞിരുന്നു.
' ചാണ്ടിയച്ചന്റെ ശീലം മറ്റുള്ളവര്‍ കണ്ടിട്ടുണ്ടാവണം... തലമുറ കൈ മാറി...
ത്രേസ്യയുടെ തലയില്‍ കൂടി കയറി ഇറങ്ങിയപ്പോള്‍...'
'പൂച്ച പുണ്യാളനായി...'.
"ദൈവമേ..." അച്ചന്റെ തല വീണ്ടും കുനിഞ്ഞു.
'പടികള്‍ കയറി വ്യായാമം ചെയ്യുന്നവര്‍ ഭാവിയില്‍ രണ്ടാം നിലയിലെ അഞ്ചാം പടിയില്‍
രൂപക്കൂട് പണിയരുതല്ലോ...'
അന്ധതയുടെ തഴക്ക ദോഷങ്ങളില്‍ ശീലങ്ങള്‍ ആചാരങ്ങളാക്കുന്ന വര്‍ത്തമാനകാലത്തിന്റെ 
മാറ്റങ്ങളിലേയ്ക്ക് റെക്ടര്‍ അച്ചന്‍ തലയുയര്‍ത്തി.
പിറ്റേന്നു പ്രസംഗത്തില്‍ ഉൾപ്പെടുത്തേണ്ട ഒരു വാചകം അച്ചന്റെ മനസ്സില്‍ തെളിഞ്ഞു...

"പടികള്‍ കയറി ക്ഷീണിക്കാതെ ലിഫ്റ്റ്‌ ഉപയോഗിക്കുക ..."

നന്ദിനി/ സ്പന്ദനം 

Keine Kommentare:

Kommentar veröffentlichen

Hinweis: Nur ein Mitglied dieses Blogs kann Kommentare posten.