Sonntag, 30. Juni 2013

ധ്രുവദീപ്തി // പരിസ്ഥിതി // പരിസ്ഥിതി ശുചിത്വബോധത്തിലെ കുറവുകൾ // George Kuttikattu

ധ്രുവദീപ്തി:


പരിസ്ഥിതി ശുചിത്വബോധത്തിലെ കുറവുകൾ // 


George Kuttikattu 


നാം വസിക്കുന്ന മനോഹരമായ ലോകത്തെക്കുറിച്ച് ചിന്തിക്കുന്നവർ വളരെയേറെക്കാണും. എന്നാൽ പിഞ്ചു കുട്ടികൾക്ക്, അവർ ഇന്ത്യാക്കാരായാലും മറുനാട്ടുകാരാണെങ്കിലും, ഇക്കാര്യത്തിൽ എന്തിരിക്കുന്നു? തികച്ചും ആത്മാർത്ഥമായ ഒരു മറുപടിയാണ് പ്രതീക്ഷിക്കുന്നതെങ്കിൽ ഈയൊരു പ്രത്യേക വിഷയത്തിലുള്ള തീക്ഷ്ണതയിൽ, ഇന്ത്യയിൽ മാത്രമല്ല ലോകമെമ്പാടുമുള്ള സ്കൂൾ കുട്ടികളിലും അവരുടെ മാതാപിതാക്കളിലും ഒരുപോലെ പരിസ്ഥിതി ബോധ വൽക്കരണവും ശുചിത്വതത്വത്തിൽ അടിസ്ഥാനപ്പെടുത്തിയ മെച്ചപ്പെട്ട ഭാവി ജീവിതത്തിനാവശ്യവും അനുകൂലവുമായ പരിസ്ഥിതി ബോധവത്കരണവും ആകർഷകമായ തീവ്രപ്രോത്സാഹനവും പ്രാഥമികമായിത്തന്നെ നല്കേണ്ടതുണ്ട്.

കുട്ടികൾക്ക് കുടിവെള്ളം 
എടുക്കാൻ 
ഏർപ്പെടുത്തിയിരിക്കുന്ന 
ശുദ്ധജല വിതരണി.
കേരളത്തിലെ സ്കൂൾ കുട്ടികളിൽ ഇല്ലാത്ത ഗുണങ്ങൾ പൊതുവെ യൂറോപ്യൻ സ്കൂൾകുട്ടികളിൽ പ്രത്യേകമായി എന്താണുള്ളതെന്നു കുറച്ചൊന്നു അന്വേഷിക്കുന്നതും നല്ലതുതന്നെ. എല്ലമനുഷ്യർ ക്കുമുള്ള സവിശേഷതയാണ് ഒരാൾ മറ്റൊരാളെ അനുകരിക്കാൻ ശ്രമിക്കുന്നതും. ജർമനിയിലെ കുട്ടികളിൽ മുറപ്രകാരമുള്ള വൃത്തിയും ചിട്ടയും കാണാമെങ്കിലും അതുകൊ ണ്ടുമാത്രം പൂർണ്ണമായ നിരീക്ഷണം അവസാനിക്കാതിരിക്കാൻ മാത്രമുള്ള കാര്യങ്ങളും നിരീക്ഷിക്കുവാൻ കഴിയും. ചില നിരീക്ഷണഫലങ്ങളിൽ ഒന്നിനെപ്പറ്റി പറയട്ടെ. അതിങ്ങനെ: ഒരു കുട്ടിയുടെ കയ്യിൽ വരുന്ന ഏതു മാലിന്യവും വളരെ ലാഘവത്തോടെ തറയിലേയ്ക്കു വലിച്ചെറിയും. ഒരു കുറച്ചകലത്തിൽ മാലിന്യങ്ങൾ ശേഖരിക്കാനുള്ള തൊട്ടിയൊ, വീപ്പയോ ഉണ്ടെങ്കിൽത്തന്നെയും അവനതിനെപ്പറ്റി അൽപ്പം പോലും ചിന്തിക്കുന്നില്ല.

ഒരു സ്കൂൾ കുട്ടിയുടെ പരിസരശുചിത്വ ബോധം അത്രയേറെ മെച്ചപ്പെട്ടതല്ലായെന്ന സൂചനയാണിത് നൽകിയത്. ഈ പ്രശ്നം ഒരു നഴ്സറി സ്കൂൾ വിദ്യാർത്ഥിയുടെയോ മുതിർന്ന സ്കൂൾ കുട്ടികളുടെയോ ഒക്കെ സാധാരണമായി കാണുന്ന പെരുമാറ്റമാണ്. അവരുടെ കൈകളിൽ ഉണ്ടാകാവുന്ന ച്യൂയിംഗ് ഗം അല്ലെങ്കിൽ കടലാസുകഷണങ്ങൾ ചിലപ്പോൾ ഭക്ഷണപ്പൊതിയുടെ കവറുകൾ തുടങ്ങി വിവിധ സാധനങ്ങൾ വളരെ ലാഘവത്തോടെ സ്കൂൾ മുറ്റത്തും റോഡുകളിലും വലിച്ചെറിയുന്നത് സാധാരണമാണ്.

പരിസ്ഥിതി സംരക്ഷണത്തിനും അച്ചടക്കത്തിനും ഏറ്റവും മുന്തിയ മുൻഗണന നൽകുന്ന ജർമനിയിലെ സ്കൂൾ കുട്ടികളിൽ നിന്നും പ്രതീക്ഷിക്കുന്ന പെരുമാറ്റച്ചിട്ടകൾ മേൽപ്പറഞ്ഞ രീതിയിലല്ല. ഒരാളുടെ പ്രവർത്തിയെ മറ്റൊരാളാൽ നിരീക്ഷിക്കപ്പെടുന്ന ഒരു പതിവുസമ്പ്രദായം ജർമനിയിൽ കണ്ടുവരാറുണ്ട്. പ്രത്യേകിച്ച് പരിസര ശുചിത്വഘാതകരായവരെ വിളിച്ചുനിർത്തിഅവരെ തിരുത്തുന്നതും കാണാറുണ്ട്‌. പക്ഷെ, പലപ്പോഴും മറിച്ചാണ് ഫലം കാണുന്നതെന്ന് ഒരു നിരീക്ഷണ ഫലം വെളിപ്പെടുത്തിയിട്ടുണ്ട്. കുട്ടികളിൽ ഉണ്ടാകുന്ന ചില സുഹൃത്ക്ലിക്കുകൾ ഇങ്ങനെയുള്ള മോശം പ്രതികരണത്തിന് കാരണമാക്കുന്നു.

കേരളത്തിലെ സ്കൂൾ കുട്ടികളിലും ഉയർന്ന വിദ്യാലയങ്ങളിലെ മുതിർന്ന കുട്ടികളിലും പരിസ്ഥിതി സംരക്ഷണത്തിൽ മോശമായ അറിവാണ് ഉള്ളത്. വിദ്യാലയ പരിസരങ്ങൾ മാലിന്യകൂമ്പാരമായി കാണപ്പെടുന്നു. മാലിന്യങ്ങൾ ശേഖരിക്കാനോ നീക്കം ചെയ്യാനുള്ള സൌകര്യങ്ങളോ അവിടെയില്ല. ഉത്തരവാദപ്പെട്ടവരുടെ ഭാഗത്ത് നിന്നും ഇതിനെതിരെ നടപടി ചെയ്യാൻ മുതിരു ന്നുമില്ലയെന്ന കാഴ്ചയുമാണ്‌ ഏറെ ദയനീയ സത്യം. പ്രകൃതിശാസ്ത്രജ്ഞാനവും പരിസ്ഥിതി സംരക്ഷണ ജ്ഞാനവും സംബന്ധിച്ച് കുട്ടികൾക്കും മുതിർന്നവർക്കും ഉള്ള വ്യക്തമായഅജ്ഞതയാണ് പ്രതിഫലിക്കുന്നത്.

മാലിന്യം നീക്കം ചെയ്യുന്നതിൽ സ്കൂൾ കുട്ടികൾക്ക് 
പ്രായോഗിക പരിശീലനം അദ്ധ്യാപകർ നൽകുന്നു
പരിസ്ഥിതി സംരക്ഷണത്തിൽ പ്രാഥമിക അറിവു നൽകുന്നതിൽ ജർമൻ വിദ്യാലയങ്ങളിൽ ചില പ്രായോഗിക പരിശീലനം നൽകുന്നുണ്ട്. വിദ്യാലയ പരിസരങ്ങളിൽ ഉണ്ടാക്കപ്പെടുന്ന മാലിന്യം നീക്കം ചെയ്യുന്നതിന് "പരിസ്ഥിതി സംരക്ഷണ ഗ്രൂപ്പുകൾ" രൂപീകരിച്ചു മാലിന്യനിർമാർജനം ചെയ്യുന്നതിൽ പ്രവർത്തിക്കുന്നു. സ്വയം ഉണ്ടാക്കുന്ന മാലിന്യം നീക്കം ചെയ്യാൻ സ്കൂൾ അധികൃതരുടെ കർശനമായ സമർദ്ദവും നിർദ്ദേശങ്ങളും ആവശ്യമായ കാര്യങ്ങളും ചിലപ്പോൾ ഉണ്ടാകാറുണ്ട്. മാലിന്യം നീക്കം ചെയ്യുന്നതിൽ എല്ലാ സംവിധാനങ്ങളും ചെയ്തിട്ടുണ്ടെങ്കിലും കുട്ടികൾ അവയൊന്നും കൃത്യമായി ശ്രദ്ധിക്കാറില്ല. ഇതിനു ക്രമമായ നിരീക്ഷണവും ശിക്ഷണവും ആവശ്യമായി വരുന്നു.

പരിസരമലിനീകരണം മൂലമുണ്ടാകുന്ന ഉപദ്രവങ്ങളാൽ ജർമൻകാർ അസ്വസ്ഥരാകുന്നുണ്ട്. പരിസര മലിനീകരണം നടക്കുന്നത് വിവിധ കാരണങ്ങൾമൂലമാണ്. വ്യവസായശാലകളിൽ നിന്നും പുറത്തുവിടുന്ന വിഷവാതകങ്ങൾ മുതൽ ആറ്റോമിക് എനർജി മാലിന്യങ്ങൾ മൂലം വായു ജലംഭൂമി എന്നിവ മലിനപ്പെടുന്ന കാരണത്താലുണ്ടാകുന്ന രോഗങ്ങളാൽകഷ്ടപ്പെടുന്നവർ ഏറെയുണ്ട്. കുട്ടികൾ മുതൽ മുതിർന്നവർക്ക് വരെയുണ്ടാകുന്ന അലർജി, ശ്വാസകോശ സംബന്ധമായ മറ്റു രോഗങ്ങൾ, പകർച്ചവ്യാധികൾ ഇവയെല്ലാം പരിസര മലിനീകരണം മൂലം ഉണ്ടാകുന്ന രോഗങ്ങളാണ്. ഇതിനാൽത്തനെ ജനങ്ങൾ പരിസരമലിനീകരണ പ്രവണതയെ വെറുക്കുന്നു. മാലിന്യം തീർത്തും അസഹ്യമാണ്.

വിദ്യാലയ അന്തരീക്ഷം മലിനരഹിതമായിരിക്കണം, ഒരു മെച്ചപ്പെട്ട പഠനാന്തരീക്ഷം അവിടെ ഉണ്ടായിരിക്കണം. ഒരാളും മാലിന്യത്തിൽ ചവിട്ടി തെറ്റി വീഴാനിടയാകുന്ന ഒരു സാഹചര്യവും അവിടെയുണ്ടാ
കരുത്. സ്കൂൾ അധികൃതരും വിദ്യാർത്ഥികളും മാതാപിതാക്കളും ഒരുപോലെ ഇക്കാര്യത്തിൽ തീക്ഷ്ണതയുള്ളവർ ആയിരിക്കണം.

പരിസരമലിനീകരണത്തിൽ ഒരു വ്യക്തിയുടെ സാമൂഹ്യവിരുദ്ധ കാഴ്ചപ്പാട് ഏറെ പങ്കു വഹിക്കും. സന്ദർഭവും, സാഹചര്യവും, സമയസ്ഥല വ്യത്യാസവും അനുസരിച്ച് ഇത്തരം നടപടികളിൽ മാറ്റങ്ങളോ ഏറ്റക്കുറച്ചിലോ  ഉണ്ടാകാം. പരിസര മലിനീകരണം നടത്തുന്നവരുടെ പ്രവർത്തനരീതി സമാനതയുള്ളതാണ്. ചിലപ്പോൾ, അവരിരിക്കുന്നിടത്തു മലമൂത്ര വിസർജനം ചെയ്തേക്കാം. താമസിക്കുന്ന പരിസരത്തു പാനീയങ്ങൾ നിറച്ചിരുന്ന പ്ലാസ്റ്റിക് കുപ്പികളും, കടലാസ് -പ്ലാസ്റ്റിക് പാത്രങ്ങളും എല്ലാം അലക്ഷ്യമായി എറിഞ്ഞു കളയുന്നു. പൊതുപരിപാടികൾ, മറ്റു ആഘോഷങ്ങൾ എന്നിവ നടക്കുന്ന സ്ഥലങ്ങളിലും അതുപോലെതന്നെ, യുവജനങ്ങൾ രാത്രികാലങ്ങളിൽ സമ്മേളിക്കുന്നയിടങ്ങളിലും ഇപ്രകാരം സംഭവിക്കുന്നു.തിന്മയുടെ സങ്കേതങ്ങളായ  ഇത്തരമാളുകളുടെ ചപലമായ അപ്പപ്പോഴുണ്ടാകാവുന്ന മനോഭാവം അനുസരിച്ചാണ് ഇപ്രകാരം സംഭവിക്കുന്നത്‌.

ഇത്തരം കാര്യങ്ങൾ ഏറെയും നടക്കുന്നത് വലിയ മഹാസമ്മേളനങ്ങൾ നടക്കുമ്പോഴാണ്. ഉദാ: ജർമനിയിലെ മ്യൂണിക്കിൽ നടക്കുന്ന പ്രസിദ്ധമായ ഒക് ടോബർ ഫെസ്റ്റ്, തുടങ്ങിയ പരിപാടികളിൽ ലക്ഷക്കണക്കിന്‌ യുവജനങ്ങൾ പങ്കെടുക്കുന്നു. നഗര ശുചീകരണം സാധിക്കുന്നതിനു അപ്പോൾ സർക്കാറിന് ചെലവാകുന്നത് അനേകലക്ഷം യൂറോയാണ്. ഇതൊക്കെയിങ്ങനെയെങ്കിലും പരിസരമ ലിനീകരണത്തിൽ ആരും ന്യായീകരണം കാണുന്നില്ല.

വിദ്യാലയപരിസര ശുചീകരണ പ്രവർത്തനങ്ങളും ബോധവത്കരണ പദ്ധതികളും ജനങ്ങളുടെയും സർക്കാരിന്റെയും കൂട്ടായ ശ്രമത്തിൽ സഹകരിച്ചു നടത്തപ്പെടുന്നു. ഇത്തരം പദ്ധതികൾക്ക് സർവ്വകലാശാലകളുടെ പ്രായോഗിക സഹകരണവും ലഭിക്കുന്നുണ്ട്. പരിസ്ഥിതി ബോധവത്കരണം ആണ് പ്രധാന ഉദ്ദേശം. ഇതിനു ഉദാ:ജർമനിയിലെ ഹെസ്സൻ സംസ്ഥാന സർക്കാർ നടപ്പാക്കിയ ഒരു പദ്ധതി "സ്കൂളുകളും ആരോഗ്യവും" എന്ന പ്രവർത്തന പദ്ധതി. കുട്ടികൾക്കായുള്ള "കിന്റർഗാർഡൻ" കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്നു.

കൊച്ചു കുട്ടികളുടെ ആകാംക്ഷയെ ആകർഷിച്ച ഒരു കാര്യം കൂടിപറയട്ടെ. പരിസ്ഥിതി പ്രവർത്തകർ സംസാരിക്കുന്ന ഒരു മാലിന്യസംഭരണി ഒരു സ്കൂളിൽ സ്ഥാപിച്ചു. അതിലേയ്ക്ക് മാലിന്യങ്ങളിടുമ്പോൾ യാന്ത്രിക വീപ്പ പറയുന്നു, "നന്ദി". ഇത് കേൾക്കുവാൻ എല്ലാ കുട്ടികളും കുറഞ്ഞ സമയത്തിനുള്ളിൽ അവിടെയുണ്ടായിരുന്ന എല്ലാ മലിനവസ്തുക്കളും ഒന്നൊന്നായി കൊണ്ടുവന്നു എറിഞ്ഞു കൊടുത്തു. കുറഞ്ഞ സമയത്തിനുള്ളിൽ പരിസരം വൃത്തിയായി, മാലിന്യവീപ്പനിറയുകയും ചെയ്തു. ആ സ്കൂളിലെ എല്ലാ കുട്ടികളും പിന്നീടുള്ളകാലം മുഴുവൻ പരിസര ശുചിത്വത്തിൽ ഏറെ ശ്രദ്ധാലുക്കൾആയിരുന്നെന്നു പറയപ്പെടുന്നു.

നാം വസിക്കുന്ന ഭവന പരിസരവും ശ്വസിക്കുന്ന വായുവും കുടിക്കുന്ന ജലവും എങ്ങനെ സംരക്ഷിക്കണമെന്ന കാര്യം സ്വന്ത ആരോഗ്യസംരക്ഷണ മായി  ഓരോരുത്തനും വ്യക്തിപരമായി മനസ്സിലാക്കേണ്ടതാണ്. ഒരു രാജ്യത്തിലെ സർക്കാരിനോ, വിവിധ സംവിധാനങ്ങൾക്കോ എന്തായാലും ഒരു നിശ്ചിത ചട്ടക്കൂട്ടിലുള്ള അനുയാത്ര മാത്രമേ ഈ വിഷയത്തിൽ ചെയ്യാനുള്ളൂ.  
/gk 
---------------------------------------------------------------------------------------

Keine Kommentare:

Kommentar veröffentlichen

Hinweis: Nur ein Mitglied dieses Blogs kann Kommentare posten.