// വിദ്യാർത്ഥികളും വിദ്യാഭ്യാസവും രാഷ്ട്രീയവും. //
ജോർജ് കുറ്റിക്കാട്ട് |
കേരളത്തിൽ കഴിഞ്ഞ കാലങ്ങളിലെ സാമൂഹ്യജീവിതപാതകൾക്ക് ഒരു പ്രത്യേകതയുണ്ടായിരുന്നു. കേരളത്തിലെ അമ്പതു വർഷങ്ങൾക്ക് മുമ്പുള്ള ജനങ്ങളുടെ ഭാവി എങ്ങനെ ഇന്നുമായി ഇണങ്ങിച്ചേർന്നു. 1971- മാർച്ച് 18- ന് കേരളത്തിലെ "ദീപനാളം" എന്ന ഒരു മാദ്ധ്യമത്തിൽ ഞാൻ നൽകിയ "വിദ്യാർത്ഥികളും രാഷ്ട്രീയവും" എന്ന പേരിൽ ലേഖനം പ്രസിദ്ധീകരിക്കപ്പെട്ടതാണ്. കാലസ്മരണകൾ എന്നും മാറ്റമില്ലാതെയും തിളങ്ങുന്നു. നിരവധിയേറെ കാര്യങ്ങൾ, അക്കാലത്ത് കേരളത്തിൽ പ്രതീക്ഷിക്കാത്തവിധം യുവ വിദ്യാർത്ഥികൾ അവരുടെ ഭാവിജീവിത- വിദ്യാഭ്യാസ-തൊഴിൽ സാദ്ധ്യതയുടെ സ്വപ്‌നങ്ങൾ, സാക്ഷാത്‍വത്ക്ക രിക്കപ്പെടുകയില്ലെന്ന് മനസ്സിലാക്കിയിരുന്നോ?.വിദ്യാലയ ഉടമകളും സർക്കാരും വിദ്യാർത്ഥികളുടെ ഭാവി പഠനസാദ്ധ്യതയ്‌ക്കോ തൊഴിൽ സാധ്യതയ്‌ക്കോ അനുകൂലമായ ഒരു സാഹചര്യം നൽകുവാൻ അന്നും ഇന്നും അവരിൽ ഉണ്ടാക്കുന്നില്ല. കേരളത്തിലെ വിദ്യാർത്ഥികളുടെ ഉന്നതപഠനത്തിനു ഇന്ന് കേരളത്തിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രതീക്ഷിക്കാത്തതിൽ കൂടുതൽ പണം അവരിൽ നിന്ന് വാങ്ങുന്നുവെന്ന് ഇപ്പോൾ എല്ലാവരും മനസ്സിലാക്കി. ഇതിനെതിരെ ഒരു സമരങ്ങൾക്ക് സ്ഥാനമില്ല. എങ്കിലും ഇവർ വിദേശപഠനവും താമസവും വലിയ ചെലവ് നിറഞ്ഞതാണെന്ന് ചില മാദ്ധ്യമങ്ങളിൽക്കൂടി ഇപ്പോൾ പ്രചാരണം നടത്തുന്നു.
വിദ്യാർത്ഥികളുടെ ഭാവി സുരക്ഷയ്ക്ക് വേണ്ടി പഠനത്തിനും കൂടാതെ തൊഴിലിനും വേണ്ടി നാട് വിട്ടോടുകയാണ്. ഇത്തരം കുടിയേറ്റങ്ങൾ പ്രോത്സാഹിപ്പിക്കുന്ന കേരളസർക്കാർ ചില "ഇടനിലക്കാരൻ ഓഫീസ്" പ്രവർത്തനത്തിന് തുറന്നിരിക്കുന്നു. ഉദാ: ഒരു "നോർക്ക". ഇതിലൂടെ രാഷ്ട്രീയക്കാരും ചൂണ്ടയിടീൽ നടത്തുന്ന ഇടനിലക്കാരും ജനങ്ങളിൽ നിന്ന് പണക്കൊയ്ത്തു നടത്തുന്നത് ലോകം മുഴുവൻ അറിയാം. ഇന്നും അന്നും കേരളത്തിൽ എന്തെല്ലാം നടക്കുന്നു, നാമറിയാതെ! ഇപ്പോൾ കേരളത്തിലെ മാദ്ധ്യമങ്ങൾ പോലും ഇത്തരം ഇടനിലക്കാരുടെ പരസ്യ പ്രചാരണം പ്രോത്സാഹിപ്പിക്കുകയാണ്. ഇങ്ങനെയും കേരളത്തിന്റെ സാമൂഹിക വികസനസാദ്ധ്യതകൾ നാശത്തിന്റെ വൻ കുഴികളിലേയ്ക് അടയ്ക്കുന്നു. അതിന് തെളിവായി വലിയ നിരാശയുണ്ടാക്കിയ ഒരു സംഭവം ഇവിടെ കുറിക്കട്ടെ.
ഇരുപത് വർഷങ്ങൾക്ക് മുമ്പ് കേരളത്തിലെ മഹാത്മാ ഗാന്ധി സർവ്വ കലാശാലയും ജർമ്മനിയിലെ ഹൈഡൽബർഗ് നഗരത്തിലുള്ള കാൾ റുപ്രെഹ്ട് സർവകലാശാലയും തമ്മിൽ കേരളത്തിലെ അനേകായിരം വിദ്യാർത്ഥികളുടെ ഭാവിപഠനസൗകര്യത്തിന് വേണ്ടി ഒരുക്കിയ തുല്യ പങ്കാളിത്ത ഉടമ്പടി ഇരു സർവ്വകലാശാലകളും അംഗീകരിച്ചു. അതിന് ഔദ്യോഗികമായി ഉത്‌ഘാടനവും ചെയ്യപ്പെട്ടതാണ്. ജർമ്മനിയിലെ ഈ സർവ്വകലാശാലയ്ക്ക് ലോകപ്രസിദ്ധമായ" എലൈറ്റ് യൂണിവേഴ്‌സിറ്റി" പദവിയും ഉള്ളതാണ്. ഇരു സവ്വകലാശാലകളുമായി തുല്യ പങ്കാളിത്ത ഉടമ്പടി നടപ്പാക്കാൻ ശ്രമിച്ചത് ഞാനായിരുന്നു. അതിനുവേണ്ടി അന്ന് മഹാത്മാഗാന്ധി സർവ്വകലാ ശാലയുടെ വൈസ് ചാൻസലർ ആയിരുന്ന Dr. Cyriac Thomas മായി ഗാന്ധി യൂണിവേഴ്സിറ്റിയിൽ എത്തി ഏഴു തവണ ചർച്ച ചെയ്തു. ഒരു ഫലവുമുണ്ടായില്ല. അതിനുശേഷം വീണ്ടും പുതിയ വൈസ് ചാൻസലർ ആയി നിയമിക്കപ്പെട്ട Dr. Jancy James മായി പുതിയ ചർച്ചകൾ ചെയ്തു. ഏതാണ്ട് രണ്ടാഴ്ചയ്ക്കുള്ളിൽ ഇരു സർവ്വകലാശാല വിദ്യാർത്ഥികൾക്കും പ്രയോജനപ്പെടുന്ന പ്രോജക്ട്, തുല്യപങ്കാളിത്ത ഉടമ്പടിക്ക് ഔദ്യോഗിക ധാരണയുണ്ടാക്കി.
ഫോട്ടോ: മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി വൈസ് ചാൻസലറുമായി നടന്ന ചർച്ചയുടെ ഒരു ദൃശ്യം. |
അന്ന് ഇരു സർവ്വകലാശാലകളുടെയും അധികാരികൾ ഒപ്പു വച്ചിട്ടുള്ള Memorandum Of understanding of the Partnership between the Mahatma Gandhi University, Kottayam and the Ruprecht-Kals-University, Heidelberg. ഇതേപ്പറ്റിയും വായനക്കാർക്ക് ഒരു യഥാർത്ഥ അറിവിനുവേണ്ടി ഇവിടെ അതിന്റെ ഒരു പകർപ്പ് നൽകുന്നു.
Memorandum of Understanding between Mahatma Gandhi University, Kottayam (India) And South Asia Institute (SAI) Univercity of Heidelberg (Germany).
ചിത്രം -ഇരു സർവ്വകലാശാലകളും ചേർന്ന് അംഗീകരിച്ചു ഒപ്പുവച്ച Memorandum of Undertanding |
മേൽപ്പറഞ്ഞ ഉടമ്പടി 05. September 2005 -ൽ മഹാത്മാ ഗാന്ധി സർവകലാ ശാലയും 07. June 2005 -ൽ ഹെയ്‌ഡൽബർഗ് സർവ്വകലാശാലയും ഒരുമിച്ച് അംഗീകരിച്ചു ഒപ്പു വച്ചതാണ്. അതിന് ശേഷം ഉത്‌ഘാടനസമ്മേളനം ഹൈയ്‌ഡൽബർഗിലെ സർവകലാശാലയുടെ Hörsaal-1-ൽ 29. June. 2006-ന് വൈകിട്ട് 6 മണിക്ക് നടന്നു. ഇന്ത്യയുടെ ജർമ്മനിയിലെ കോൺസുലർ ജനറൽ പ്രമുഖ സന്ദർശകരിൽപ്പെട്ടു. മഹാത്മാ ഗാന്ധി സർവകലാശാല യും, അതിനോട് അഫിലിയേറ്റ് ചെയ്യപ്പെട്ടിട്ടുള്ള 140 കോളേജുകളിലെ വിദ്യാർത്ഥികൾക്കും ലഭിക്കുമായിരുന്ന ഉന്നത പഠന കാര്യങ്ങൾക്കു വേണ്ടി വിദ്യാഭ്യാസ-സാംസ്കാരിക പ്രോജക്റ്റ് തന്നെയാണ് ഉത്‌ഘാടനം ചെയ്യപ്പെട്ടത്. ഈ വിഷയത്തിൽ സന്തോഷം അറിയിച്ചു കൊണ്ട് അന്ന് കേരളത്തിൽ നിന്നും അഭിവന്ദ്യ കർദ്ദിനാൾ മാർ വർക്കി വിതയത്തിൽ സന്തോഷവും അഭിനന്ദനവും അറിയിച്ച് ജർമ്മൻ സർവകലാശാലാ അധികാരികൾക്ക് എഴുതി. ഇങ്ങനെ എല്ലാകാര്യങ്ങൾക്കും ഞാൻ അന്ന് എന്റെ തീക്ഷ്ണമായ ശ്രമം നൽകിയും നമ്മുടെ കേരളത്തിൽ നിന്നുള്ള ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് അന്ന് ജർമ്മനിയിൽ സൗജന്യ വിദ്യാഭ്യാസസൗകര്യം ഏർപ്പെടുത്താൻ വേണ്ടി ശ്രമിച്ചു.
അഭിവന്ദ്യ കർദ്ദിനാൾ മാർ വർക്കി വിതയത്തിൽ ഹൈഡൽബർഗ് കാൾസ്- റൂപ്രെഹ്റ്റ് സർവ്വകലാശാല അധികാരികൾക്ക് എഴുതി അറിയിച്ച സന്തോഷം. |
കേംബ്രിഡ്ജ് , ഓക്സ്ഫോർഡ് എന്നിങ്ങനെ ലോകത്തിൽ പ്രസിദ്ധമായ എലൈറ്റ് യൂണിവേഴ്സിറ്റികൾ പോലെ പ്രമുഖ സ്ഥാനമുള്ള ഒരു സർവ്വ കലാശായുമായി കേരളത്തിലെ മഹാത്മാ ഗാന്ധി സർവ്വകലാശാല മലയാളി വിദ്യാർത്ഥികൾക്ക് ഉന്നതപഠന സൗകര്യത്തിന് ഒരു തുല്യ പങ്കാളിത്ത കരാർ ഉടമ്പടിയിൽ ആരംഭിച്ച പ്രസ്ഥാനം അന്ന് ആരാണ് നശിപ്പിച്ചത്.? കേരളത്തിലെ സ്വാർത്ഥതാല്പര്യക്കാർക്കും അവരോട് അതിനൊപ്പം ചേർന്ന് പ്രവർത്തിക്കുന്ന പണക്കൊതിയന്മാർക്കും ചില മത നേതൃത്വങ്ങൾക്കും ഇതിൽ വളരെ ഏറെ പങ്കുണ്ട് എന്ന് എനിക്ക് അക്കാലത്തുതന്നെ അറിവ് കിട്ടി. ഭാവി പങ്കാളിത്തപ്രവർത്തനങ്ങൾക്ക് പ്രതീക്ഷിച്ചിരുന്ന ഹൈഡൽബർഗ് യൂണിവേഴ്‌സിറ്റി അധികൃതർ ചില നിജസ്ഥിതിയെക്കുറിച്ചറിയാൻ അന്ന് കേരളത്തിലെ മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിയുമായി ബന്ധപ്പെട്ടു, പക്ഷെ, അവരിൽനിന്നു അതിനു യാതൊരു പ്രതികരണമുണ്ടായില്ല.
ഹൈഡൽബർഗ് റുപ്രഹ്‌റ്റ്- കാൾസ് യൂണിവേഴ്സിറ്റിയുടെ ഡയറക്റ്റർ ഫോർ ഇന്റർനാഷണൽ റിലേഷൻസ് മഹാത്മാ ഗാന്ധി സർവ്വകലാശാല രജിസ്ട്രാർ ഡോ. ജോസ് ജയിംസിന് 2002 ൽ എഴുതിയ കത്ത്- |
ഇരു സർവ്വകലാശാലകൾ തമ്മിലുള്ള ഭാവി പ്രവർത്തനത്തിനുവേണ്ടി അന്നത്തെ മഹാത്മാ ഗാന്ധി സർവ്വകലാശാലയിലെ Director of School of Letters സ്ഥാനം വഹിച്ചിരുന്ന Prof. Dr. P . P. Raveendran നെ ജർമ്മനിയിലെ ഹെയ്‌ഡൽബർഗ് സർവ്വകലാശാലയിലേയ്ക്ക് നിയമിച്ചു. പക്ഷെ കുറച്ചു മാസങ്ങൾ മാത്രം കഴിഞ്ഞപ്പോൾ അന്നത്തെ ഗാന്ധി സർവകലാശാലാ വൈസ് ചാൻസലർ ആയിരുന്ന ബാബു സെബാസ്ത്യൻ അദ്ദേഹത്തെ തിരിച്ചു കോട്ടയത്തേയ്ക്ക് കൊണ്ടുപോയി. അതിനുശേഷം മാസങ്ങൾ കഴിഞ്ഞു ഞാൻ മഹാത്മാ ഗാന്ധി സർവ്വകലാശാലാ വൈസ് ചാൻസ ലർ ശ്രീ. ബാബു സെബാസ്റ്റ്യനെ അദ്ദേഹത്തിൻറെ വസതിയിൽ ചെന്ന് കാര്യങ്ങളെപ്പറ്റി അറിയുവാൻ സംസാരിച്ചു. അദ്ദേഹം ഞാൻ അപ്പോൾ സംസാരിച്ച കാര്യങ്ങൾ ഇരുന്ന് ശ്രവിച്ചതല്ലാതെ യാതൊരു മറുപടിയും എനിക്ക് തന്നില്ല. അദ്ദേഹം ഈ അന്തർദ്ദേശീയ ഉപരിപഠന പ്രോജക്ട് അപ്പാടെ നിഷേധിച്ചു തള്ളിക്കളഞ്ഞതെന്നുള്ള കാര്യത്തിൽ ഉറപ്പുണ്ട്. അതിനു പിറകിൽ ജർമ്മനിയിലെ ചില മലയാളികൾക്കും, ഒരു കേരള ബിഷപ്പിനും, ചില പ്രവാസികൾ ഉൾപ്പടെ മറ്റു പലർക്കും പങ്കുണ്ടായി രുന്നെന്നുള്ള വിവരം വളരെ കാലങ്ങൾക്ക്ശേഷം ഇത് ഞാനറിയുന്നു. അങ്ങനെ മലയാളി വിദ്യാർത്ഥികളുടെ ഭാവി കേരളത്തിലും മാത്രമല്ല വിദേശത്തും അപ്പാടെ നശിപ്പിക്കുന്നവരുടെ ഇരുളിന്റെ ക്രൂരത ഇന്നും കേരളത്തിൽ കാണാം. കേരളത്തിലെ കത്തോലിക്ക മെത്രാന്മാരുടെ കീഴിൽ പ്രവർത്തിക്കുന്ന അനേകം കോളജുകളും സ്‌കൂളുകളും ഉണ്ട്. മലയാളികളായ ആയിരക്കണക്കിന് യുവ വിദ്യാർത്ഥികൾ വിദേശ സവ്വകലാശാലയിൽ തുടർ പഠനത്തിന് വേണ്ടി നാടുവിട്ടുപോയാൽ കേരളത്തിലെ പല വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചുപൂട്ടേണ്ടതായി വരുമെന്ന ആശങ്കയാണ് സ്വകാര്യ സ്ഥാപങ്ങളുടെ നേതൃത്വം ഇങ്ങനെ ഒരു ഇൻഡോ-ജർമ്മൻ പഠനസാദ്ധ്യയ്ക്കുള്ള പ്രോജക്ടിനെ തകർക്കാൻ അവരെയും കൂട്ടാളികളെയും പ്രീണിപ്പിച്ചത്. കേരളത്തിലെ ഇത്തരം വിദ്യാഭ്യാഭ്യാസ സ്ഥാപങ്ങൾക്ക് ഉണ്ടായേക്കാവുന്ന വമ്പൻ പണനഷ്ടം അവരെ ക്ഷോപിപ്പിച്ചിരുന്നു. ജർമ്മനിയിലെ സർവ്വകലാശാലയുമായി ഒരു പാർട്ട്ണര്ഷിപ്പ് കരാർ നടപ്പാക്കിയതിൽ കേരളത്തിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനഉടമകൾക്ക് യാതൊരു സാമ്പത്തിക നേട്ടവും ലഭിക്കുകയില്ലെന്നു ബോധ്യപ്പെട്ടതാണ് പ്രോജക്ട് തകർക്കാൻ അവർ നടപടിയെടുത്തത്.
കേരളത്തിലെ വിദ്യാർത്ഥികൾ വിദേശങ്ങളിൽ ഭാവിപ്രതീക്ഷകൾ സഫലമാക്കാൻ അവർ തീരുമാനിക്കുന്നതിന് അടിസ്ഥാനകാരണം കേരളത്തിൽ ഒരു ഉന്നതപഠനത്തിനു അഡ്മിഷൻ ലഭിക്കാൻ ലക്ഷങ്ങൾ കറുത്തപണമായി സ്ഥാപനഉടമകൾക്ക് നൽകണമെന്ന് ബോധ്യപ്പെട്ട യാഥാർത്ഥ്യമാണ്.
ഇന്ന്, അവർ തന്നെ വിദ്യാർത്ഥികളെ ജർമ്മനിയിൽ ഉന്നതപഠനത്തിന് കൂടുതൽ സൗകര്യം നൽകാനെന്ന ഭാവത്തിൽ മറ്റൊരു വലിയ ശ്രമം കേരളത്തിൽ നടത്തുന്നുണ്ട്. വിദേശത്ത് വിദ്യാഭ്യാസം മോഹിക്കുന്ന ചിലരെ പിന്തിരിക്കപ്പിക്കുന്ന കാര്യം ഭാരിച്ച ചെലവുകളാണെന്നാണ്. വിദേശത്ത് പലരാജ്യങ്ങളിലും ജീവിത ചെലവ് കൂടുതലാണ്, അങ്ങനെ ഓരോരോ അപ്രായോഗികവും തെറ്റായതുമായ പ്രചാരണം നടക്കുന്നു. മാതാപിതാക്കളെക്കൊണ്ട് ബാങ്ക് കടങ്ങൾ എടുപ്പിക്കാനും ഇവർ വലിയ പ്രേരണ നൽകുന്നു. ജർമ്മൻ ഭാഷ പഠിപ്പിക്കുവാൻ കേരളത്തിലെ ചില കോളജുകളിലും മറ്റു സ്ഥാപനങ്ങളിലും അവസരം കൊടുക്കുന്നു. അത് പക്ഷെ, പഠിക്കുന്നയാൾ ഫീസ് നൽകണം. അത് ഒരു നല്ല തുകയുമാണ്. സ്ഥാപന ഉടമകൾക്ക് ഒരു ഭീമൻ തുകയുമാണ് ലഭിക്കുന്നത്. മാത്രമല്ല അതുപോലെ ഏജന്റുമാരുമായി ബന്ധപ്പെടുത്തിക്കൊടുക്കുന്നു. അത് എങ്ങനെയും വിദ്യാർത്ഥികളുടെ മാതാപിതാക്കൾ ലക്ഷങ്ങളുടെ തുക കടമെടുത്ത തുകയായിരിക്കും. എന്നാൽ ഒരു ഇരുപതു വർഷങ്ങൾക്ക് മുമ്പ് നടപ്പാക്കിയ പഠന പദ്ധതിക്ക് അധിക ചെലവുകൾ യാതൊന്നും ഇല്ലായിരുന്നു. കേരളത്തിൽ നിന്നും കുറെ വർഷങ്ങൾക്ക് മുമ്പ് പോയ വിദ്യാർത്ഥികൾക്കോ തൊഴിൽ ചെയ്യുവാൻ അനുവാദം കിട്ടിശേഷം പോയവർക്കോ അവരുടെ ജർമ്മൻ ഭാഷ അവർക്കറിയാമോ എന്നുള്ള ഒരു ചോദ്യവുമില്ലായിരുന്നു. ഇന്ന് അതിന് ചില മാറ്റങ്ങൾ വരുത്തിയത് ഞാൻ മുകളിൽ കുറിച്ച ചില അദൃശ്യശക്തികളുടെ ഉദ്ദേശസാദ്ധ്യത നേടാൻ ആയിരുന്നു. ഇക്കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിലെ കുറെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നേതൃത്വങ്ങൾ ഇക്കാലത്തുള്ള മലയാളിയുവാക്കളുടെ വിദേശ പഠന നീക്കങ്ങളിൽ വലിയ ശക്തമായ എതിർപ്പുകൾ പ്രകടിപ്പിച്ചതായി വിദേശങ്ങളിലും നിന്നും കേരത്തിൽ നിന്നും ചില അഭിപ്രായങ്ങൾ വന്നിരുന്നു. കാരണം അവരുടെ സ്വകാര്യ കോളജുകളിൽ വിദ്യാർത്ഥികൾ തീരെ ഇല്ലാതായാൽ സ്ഥാപനങ്ങൾ അടയ്‌ക്കേണ്ടി വരുമെന്നാണ് സംസാരം.
197o-കളിൽ ജർമ്മനിയിൽ ഏകദേശം അയ്യായിരത്തോളം മലയാളികൾ പഠനത്തിനും ജോലിചെയ്യുന്നതിനുമായി ഉണ്ടായിരുന്നു. 1958 കാലഘട്ട ത്തിലാണാദ്യമായിട്ട് കുറെമലയാളികൾ ജർമ്മനിയിലെത്തിയതെന്നു ആദ്യകാലത്തുവന്നവർ സാക്ഷ്യപ്പെടുത്തുന്നു. അന്ന് വന്നവർ ജർമ്മൻ ഭാഷ പഠിച്ചിരുന്നത് ജർമ്മനിയിൽ വന്നതിനുശേഷമാണ്. ജർമ്മൻ ഭാഷ നിർബന്ധ വിഷയമല്ലായിരുന്നു. മഹാത്മാ ഗാന്ധി- റുപ്രെഹ്റ്റ്- കാൾസ് യൂണിവേഴ്സിറ്റിയുമായി പ്രവർത്തന കരാർ നടത്തിയപ്പോഴും പഠനം നടത്തുവാൻ വരുന്ന വിദ്യാർത്ഥികൾക്ക് ജർമ്മൻ ഭാഷാ പരിജ്ഞാനം ആവശ്യപ്പെട്ടിരുന്നില്ല. ഞാൻ ജർമ്മനിയി ലെത്തിയ ശേഷം മാത്രമാണ് ജർമ്മൻ ഭാഷാപഠനം ചെയ്തത്. അമ്പത് വർഷങ്ങൾക്ക് മുമ്പ് കേരളത്തി ൽ ജർമ്മനിയിൽ വന്നിരുന്ന മലയാളികളെപ്പോലെ മറ്റു വിദേശികളും ഭാഷാ മുൻ പരിജ്ഞാനമില്ലാതെ വന്നുകൊണ്ടിരുന്നു. 1965-ലാണ് കേരള ത്തിൽനിന്നും ഹൈഡൽബർഗിൽ മലയാളിപെൺകുട്ടികൾ വന്നത്. അവർ ജോലി ചെയ്യുവാനും പഠിക്കുവാനും തുടങ്ങി. അവരുടെ ചിത്രം ജർമ്മനിയിലെ മലയാളികളുടെ കുടിയേറ്റ ചരിത്രത്തിനു സുവർണ്ണ ഉദാഹരണമാണ്. ചിത്രം ഇവിടെ ചേർക്കുന്നു. അവരും ജർമ്മൻ ഭാഷ പഠിച്ചത് ജർമ്മനിയിൽ പഠനമോ ജോലിയോ തുടങ്ങിയതിനു ശേഷം ആയിരുന്നു.
1965 -ൽ പഠനത്തിനും ജോലിക്കും വേണ്ടി ഹൈഡൽബർഗിൽ ആദ്യമെത്തിയ മലയാളി പെൺകുട്ടികളെ ഹൈഡൽബർഗ് യൂണിവേഴ്സിറ്റി ആശുപത്രി അധികൃതർ സ്വീകരിക്കുന്ന ചിത്രം. |
വിദ്യാർത്ഥികൾ ഏതുരാജ്യത്തു പോയാലും, അഥവാ തൊഴിൽതേടി പോകുന്നവരും അവരുടെ നിത്യച്ചെലവുകൾ സ്വയം ഉണ്ടാക്കണം. മാദ്ധ്യമങ്ങളിൽ ചില മലയാളികൾ എഴുതിയത് വിദേശങ്ങളിൽ പഠനം നടത്തുന്നവർ ജീവിതച്ചെലവിന് അവരുടെ പോക്കറ്റിൽ നിന്ന് പണം നൽകണം എന്നാണല്ലോ. അതൊരു അസാധാരണ കാര്യമൊന്നുമല്ല. വിദ്യാർത്ഥികളുടെ വിദേശപഠന കാര്യങ്ങൾ അറിയുന്ന കേരളത്തിലെ മുഖ്യമന്തി പറയുന്നു: കേരളത്തെ ഒരു വലിയ വിദ്യാഭ്യാസ ഹബ്ബാക്കി മാറ്റുമെന്ന് ! കഷ്ടം ! ! ഇന്നത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി എന്താണ്? കേരളത്തിൽ കാർഷികരംഗമാകെ നിലംപൊത്തിയല്ലോ. തൊഴിൽരംഗം അതുപോലെ നാശത്തിലേക്ക് മാറി. ജനങ്ങളുടെ ഭാവി നിലംപരിശാക്കിയതിനു ആരാണ് ഉത്തരവാദി? ഇന്നും അന്നും നമ്മുടെ ഭാവിയുടെ വിരൽത്തുമ്പിൽ ഏകാധിപത്യ രാഷ്ട്രീയത്തിൽ മുങ്ങി നശിച്ചുകൊണ്ടിരിക്കുകയാണ്. ജനങ്ങളുടെ അദ്ധ്വാനഫലം മുഴുവൻ സർക്കാർ നികുതിയിനം പറഞ്ഞു ഊറ്റിയെടുക്കുന്ന കിരാതഭരണം ഇന്ന് ലോകത്തിൽ ഇന്ത്യപോലെ ഒരു രാജ്യവും ഉണ്ടാവില്ല.
യുവജനങ്ങളുടെ ഭാവി സ്വപ്നം ഇതിനകം രാഷ്ട്രീയക്കാർ തല്ലിയുടച്ചു കഴിഞ്ഞിരിക്കുന്നു. ഒരു ജോലിക്ക് ഏറെ വർഷങ്ങൾ കോളജ് പഠനം പൂർത്തിയാക്കിയവർക്ക് പോലും അവർ സർക്കാർ നിശ്ചയിച്ചിട്ടുള്ള ഒരു പരീക്ഷ പാസായിരിക്കണം. അവരുടെ ബിരുദം മാത്രം പോരാ! ഏതുരാജ്യത്ത് ഇത്തരം കിരാത സംസ്കാരം നിലവിലുണ്ട് ?. ഒരു കേരള സംസ്ഥാന മന്ത്രിയാകാൻ സ്‌കൂളിൽ പോയിട്ടുള്ള ഒരു സർട്ടിഫിക്കേറ്റ് ആവശ്യമില്ല! ഇന്ത്യയുടെ പ്രധാനമന്ത്രി ആകാനും പ്രൈമറി സ്‌കൂൾ വിദ്യാഭ്യാസം പോലും വേണ്ട. കേരളത്തിൽ മദ്യഷാപ്പിൽ വിൽപ്പനയ്ക് മത്സ്യക്കറിയുണ്ടാക്കി നടന്ന ഒരാൾക്ക്പോലു൦ മന്ത്രിയാകാൻ നിയമ തടസമില്ലാത്ത കേരളം! അത് മാത്രമല്ല, അതുപോലെ തന്നെയാണ്, സ്വർഗ്ഗവും നരകവും ശുദ്ധീകരണ സ്ഥലവും മരണശേഷം ഉണ്ടെന്ന് വിളിച്ചുപറഞ്ഞു നുണയുടെ ദൈവ ശാസ്ത്രം മഠയന്മാരായ ഈശ്വര വിശ്വാസികളെ പ്രസംഗിച്ചു ഭയപ്പെടുത്തിയും സാമ്പത്തികനേട്ടങ്ങൾ കൊയ്യുന്നവർ നമ്മുടെ വിദ്യാർത്ഥികൾ മറുനാട്ടിൽ കുടിയേറുന്നതി നെപ്പറ്റി വിശുദ്ധ കുർബാനയർപ്പണസമയത്തെ പള്ളി പ്രസംഗത്തിൽ ആഞ്ഞടിച്ചു മുന്നറിയിപ്പ് നൽകി ഭീഷണിപ്പെടുത്തുന്ന പ്രസംഗത്തെ യും ഞാൻ കേട്ടിട്ടുണ്ട്. ഇങ്ങനെ വിശ്വാസികളുടെ മനസ്സിലുള്ള ഈശ്വര വിശ്വാസത്തിന്റെപേരിലും വൻ രാഷ്ട്രീയ-സാമ്പത്തിക ലാഭത്തിനു വേണ്ടിയും യുവജനങ്ങളുടെ ഭാവിയെ വലിച്ചുകീറുന്നവരെ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം കാര്യങ്ങൾക്കെതിരെ സമരം ചെയ്യലല്ല, ആവശ്യം വേണ്ടത്. വിദേശരാജ്യങ്ങളിൽ പോകുന്നവർ ഇക്കാലത്തു ഏജന്റ് മുഖേന പോകുന്നത് ശരിയല്ലെന്നും, കൂടുതൽ എളുപ്പമായത് ഓൺലൈനിൽക്കൂടി കാര്യങ്ങൾ തിരക്കാം, പഠനത്തിനോ, ജോലിക്കോ വേണ്ടി അപേക്ഷകൾ നൽകാം, അപേക്ഷകന് യോഗ്യതയുണ്ടെങ്കിൽ ഇക്കാലത്ത് അവസരം ലഭിക്കും എന്ന് മനസ്സിലാക്കാം. ഇതെല്ലാം ഞാൻ ഇവിടെ എഴുതി. കേരളത്തിൽനിന്നും വിദേശങ്ങളിലേയ്ക്ക് പോകുന്ന യുവജനങ്ങൾ അവർ എത്തിയിട്ടുള്ള രാജ്യങ്ങളിൽ ഒട്ടും വൈകാതെ അവർ ന്യു മലയാളി അസോസിയേഷൻ എന്ന ഓരോരോ പേരുകളിൽ സംഘടനകൾ സൃഷ്ടിക്കുകയെന്ന ദുഷിച്ച പ്രവണത കൂടിവരുന്നുണ്ട്. ഈ യുവതീ-യുവാക്കൾ എന്തിനുവേണ്ടിയാണ് വിദേശങ്ങളിലേയ്ക്ക് കുടിയേറിയത്? അവരുടെ പഠനവും ഭാവി തൊഴിലും മെച്ചപ്പെടുത്തി ഒരു മെച്ചപ്പെട്ട ജീവിതം നയിക്കുവാനാണോ ഈ സംഘടനകൾ എന്ന് തോന്നിപ്പോകുന്നു. ഒരു മറുരാജ്യത്ത് കുടിയേറിയവർ അവിടെ ഒരു സംഘടന സൃഷ്ടിക്കുകയെന്നത് അവിടെയുള്ള ജനങ്ങൾക്ക് വിവിധ സംശയങ്ങൾക്ക് കാരണമാക്കും.
വിദേശരാജ്യങ്ങളിലേക്ക് ജോലി ചെയ്യാനും അല്ലെങ്കിൽ പഠനത്തിനും പോയിട്ടുള്ളവർ ഇന്ന് അവരുടെ സ്മരണകൾ അയവിറക്കിക്കൊണ്ട് പറയും: "സമീപഭാവിയിൽ ഇന്ത്യയിലേയ്ക്ക് മടങ്ങാമെന്നുള്ള എന്റെ എല്ലാ ആഗ്രഹവും ഈ ഘട്ടമായപ്പോഴേയ്ക്കും ഞാൻ ഉപേക്ഷിച്ചു. ഒരു വർഷത്തിനുള്ളിൽ, അഥവാ കുറച്ചു വർഷങ്ങൾക്കകം ഞാൻ നാട്ടിൽ തിരിച്ചെത്തുമെന്ന് വീട്ടുകാർക്ക് ഉറപ്പ് വാക്കു പറഞ്ഞിരുന്നു. ഇപ്പോൾ ഞാൻ കേരളത്തിലെ ജനങ്ങൾക്ക് ഞാൻ ഒരു പ്രവാസി ആയിരിക്കുന്നു. നാടുനിയമങ്ങൾകൊണ്ട് എന്നെ ആരും പ്രതീക്ഷിക്കാത്തതോ ഞാൻ സങ്കല്പിക്കാത്തതോ ആയ വേലിക്കെട്ടുകൾക്കപ്പുറം അകറ്റി മാറ്റുന്ന ഒരു വഴിയിൽനിന്നു എങ്ങനെ രക്ഷപെടാൻ കഴിയും എന്ന് വിവരിക്കാൻ ഏതാനും ചില ഭാവി അദ്ധ്യായങ്ങൾ കൂടി കഴിയേണ്ടതുണ്ട്".
- കേരളം ആയിരത്തിത്തൊള്ളായിരത്തി എഴുപതുകളിൽ -
"വിദ്യാർത്ഥികളും രാഷ്ട്രീയവും "
"("ദീപനാളം"മാദ്ധ്യമത്തിൽ 1971-ൽ പ്രസിദ്ധീകരിക്കപ്പെട്ട എന്റെ ഒരു ലേഖനം )."
- ജോർജ് കുറ്റിക്കാട്ട് -
ഇന്ത്യയിലെ വിദ്യാർത്ഥികൾ രാഷ്ട്രീയവുമായി ബന്ധപ്പെട്ടു തുടങ്ങി യത് ഇന്ത്യയുടെ സ്വാതന്ത്ര്യസമരം മുതലാണ്. വിധിനിർണ്ണായകമായ ആ സമരത്തിൽ പങ്കെടുക്കാൻ ചില വ്യവസ്ഥകൾക്ക് വിധേയമായിട്ട് അവർ പങ്കെടുക്കാൻ മഹാത്മാ ഗാന്ധിജി അവരെ അനുവദിച്ചിരുന്നു. വിദ്യാർത്ഥികൾ അഹിംസയുടെ മാർഗ്ഗം കൈവെടിയരുതെന്നായിരു ന്നു പ്രധാന വ്യവസ്ഥ. പ്രബുദ്ധരായ വിദ്യാർത്ഥികളെ ദേശീയ സമര ത്തിൽനിന്ന് മാറ്റി നിറുത്തുക സാദ്ധ്യമല്ലെന്നും ഗാന്ധിജിക്ക് അന്ന് തോന്നിയിരിക്കും.
മാതൃഭൂമിയുടെ സ്വാതന്ത്ര്യസമരചരിത്രത്തിൽ ആവേശകകരമായ ഒരു അദ്ധ്യായം തന്നെ വിദ്യാർത്ഥികൾ എഴുതിച്ചേർത്തു. ഇത് സ്വർണ്ണ ലിപികളിൽത്തന്നെ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. അന്നത്തെ യുവസേനാ നികളിൽ പലരും ഇന്ന് ഇന്ത്യയുടെ ഭരണകർത്താക്കളാണ്. മാതൃഭൂമി യുടെ ഭാഗധേയം കരുപ്പിടിപ്പിച്ചുകൊണ്ടിരിക്കുന്നവരാണ്. സമരം ചെയ്ത ആ തലമുറയ്ക്ക് ഒരു പുതിയ കേരളത്തിലെ തലമുറയെ നേരിടേണ്ടി വന്നിരിക്കുകയാണ്. അതെ, വിദ്യാർത്ഥികളെത്തന്നെ. ചരിത്രം ഇന്നും ആവർത്തിക്കപ്പെടുകയാണ് !
അന്നും ഇന്നും. സമരങ്ങളുടെ പടയോട്ടങ്ങൾ.
സ്വാതന്ത്ര്യം കിട്ടി. ജനകീയ ഭരണം വന്നു. ഭരണതലത്തിൽ നിരവധി തവണ മാറ്റങ്ങളുണ്ടായി. എന്നിട്ടും സമരം തുടരുകയാണ്. ഇത് ഒന്നല്ല, ഒരായിരം സമരങ്ങൾ. വിദ്യാർത്ഥികളും സമരരംഗത്തുണ്ട്. ഇവരുടെ സമരം ആരോടാണ് ? അതാണ് അസ്മാദൃശന്മാർക്ക് മനസ്സിലാകാത്തത്.
സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള സമരം ഇനി ആവശ്യമില്ല. രാജ്യത്തെ ഭരണാധികാരികളോട് ഏറ്റുമുട്ടേണ്ടതായ കാര്യമില്ലെന്നു കരുതാമോ? അവർ അനിശ്ചിതകാലത്തേയ്ക്ക് തെരഞ്ഞടുക്കപ്പെട്ടവരാണ്, അവരെ ജനവിരുദ്ധതയ്‌ക്കെതിരെയുള്ള പ്രവർത്തനത്തിൽ അപഥസഞ്ചാരം ചെയ്‌താൽ തെരഞ്ഞെടുപ്പിലൂടെ അവരെ സ്ഥാനഭൃഷ്ടരാക്കാം. യുവ വിദ്യാർത്ഥികൾ ഉദ്യോഗസ്ഥരല്ല, അപ്പോൾ ഒരു ഭരണാധികാരിക്കും നേർക്ക് നേരേ സമരത്തിനു പ്രസക്തിയില്ല. എങ്കിൽ പിന്നെ എന്തിനു വേണ്ടിയാണീ സമരങ്ങൾ? ശമ്പള വർദ്ധനവിന് വേണ്ടിയാണോ? അത് തീർച്ചയായും അല്ലല്ലോ. വിദ്യാർത്ഥികൾ ശമ്പളം പറ്റുന്ന യാതൊരു ജോലിയും ചെയ്യുന്നില്ല. എങ്കിലും ഇന്നത്തെ വിദ്യാർത്ഥികളിൽ വളരെ ഗണ്യമായ ഒരു വിഭാഗത്തിന് നല്ല തുക പ്രതിമാസവേതനമായി അവർ ക്ക് ലഭിക്കുന്നുണ്ടെന്നതാണ് യാഥാർത്ഥ്യം.
പിന്നോക്കസമുദായങ്ങളിൽപ്പെട്ട വിദ്യാർത്ഥികളെയാണ് ഇവിടെയും ഉദ്ദേശിക്കുന്നത്. പ്രതിമാസ വേതനത്തിന് പുറമെ പുസ്തകങ്ങൾക്കും വസ്ത്രങ്ങൾക്കുമുള്ള വകയും, ഇവർ ഹോസ്റ്റലിലാണ് താമസമെങ്കിൽ ഭക്ഷണം, മുറിവാടക, മുതലായവയും സൗജന്യമാണ്. ഒരു വീട്ടിലാണ് താമസമെങ്കിൽ ഒരു നിശ്ചിത മാസ സ്റ്റൈപ്പെന്റ് ആയിരിക്കും. ഒരു ഫീസ് കൊടുക്കുകയും വേണ്ട. എങ്ങനെയെങ്കിലും ജയിച്ചു കിട്ടിയാൽ ഉടനെ ഉദ്യോഗവും കിട്ടും. വിദ്യാലയ പ്രവേശനത്തിനും സംവരണവു മുണ്ട്. ഈ ആനുകൂല്യങ്ങളൊന്നുപോലും സ്വാതന്ത്രലബ്ധിക്കു മുൻപ് ഉണ്ടായിരുന്നില്ല. ഒരു തരത്തിൽ പറഞ്ഞാൽ, ശമ്പളത്തോടുകൂടി ഇവർ പഠിച്ചു, നേരെ ഉദ്യോഗത്തിൽ പ്രവേശിക്കുകയാണവർ.
സവർണ്ണസമുദായങ്ങളിൽപ്പെട്ട വിദ്യാർത്ഥികൾക്കും മുൻപില്ലാതിരു ന്ന പല ആനുകൂല്യങ്ങളും ലഭിക്കുന്നുണ്ട്. ഹൈസ്‌കൂൾ ക്ലാസുകളിലെ ഫീസ് നിറുത്തലാക്കപ്പെട്ടിരിക്കുകയാണ്. അടുത്തകാലത്ത് പരീക്ഷാ ഫീസും നിർത്തൽ ചെയ്തു. കോളജുകളിലെ ഫീസ് കൂടുതലാണെന്ന് ആരോപണം ഉയരുന്നുണ്ട്. അതിന്റെ പേരിൽ ചില സ്ഥലങ്ങളിൽ സമരം നടക്കാറുണ്ടെന്ന് പറയുന്നു. ഈ സമരവും യുക്തിസഹമല്ല എന്ന അഭിപ്രായങ്ങൾ ഉയരുന്നുണ്ട്. സമൂഹത്തിൽ ഇടതും വലതും ഓരോ അഭിപ്രായങ്ങൾ ഉയരുന്നതിങ്ങനെയാണ്: ഫീസ് അടുത്ത കാലത്ത് വർദ്ധിപ്പിക്കുകയുണ്ടായിട്ടില്ല, അഥവാ ഇടയ്ക്കെങ്ങാനും വർദ്ധനവ് ഉണ്ടായിട്ടുണ്ടെങ്കിൽ വിദ്യാലയ നടത്തിപ്പിനുള്ള ചെലവുകൾക്കായി ഉണ്ടായിട്ടുള്ള വർദ്ധനവുമായി തട്ടിച്ചുനോക്കുമ്പോൾ ഫീസിലുണ്ടായ വർദ്ധനവ് തീർത്തും നിസ്സാരമാണെന്നു കാണാം. ഓരോരോ ചെലവിന് ആനുപാതികമായി വർദ്ധിച്ചിരുന്നെങ്കിൽ അത് ഇന്നുള്ളതിന്റെ നാലോ അഞ്ചോ ഇരട്ടി ആകേണ്ടതായിരുന്നു.
വിദ്യാലയങ്ങളിൽ ഫീസ് വർദ്ധിപ്പിച്ചതിനു ഭാരം താങ്ങേണ്ടി വരുന്നത് വിദ്യാർത്ഥികളല്ല, രക്ഷാകർത്താക്കളാണ്. സ്‌കൂൾ പഠന ഫീസ് ഏറെ കൂട്ടിയതിന്റെ പേരിൽ എന്തെങ്കിലും രക്ഷാകർത്താവിന് ഇതുവരെ പരാതിയുള്ളതായി ഒന്നും അറിയാൻ കഴിയുന്നുമില്ല. ഫീസ് കുറവ് ചെയ്യുകയോ ഇല്ലായ്‌മ ചെയ്യു കയോ ചെയ്തെന്നിരിക്കട്ടെ. തന്മൂലം ഒരു വരുമാനത്തിലുണ്ടാകുന്ന വിടവ് നികത്താനുള്ള വിദ്യാഭ്യാസ സെസ്സ് അല്ലെങ്കിൽ പുതിയ നികുതിയിൽ മാറ്റങ്ങൾ ഏർപ്പെടുത്തേണ്ടതായി വരും.താരതമ്മ്യേന നോക്കുമ്പോൾ നികുതി വർദ്ധനവും അതിന്റെ അനന്തര ഫലങ്ങളുമായിരിക്കും കൂടുതൽ ദുർവഹമായിത്തീരുക. അപ്പോൾ ഫീസ് കുറയ്ക്കുവാനുള്ള വിദ്യാർഥിസമരങ്ങൾ എത്രമാത്രം ഫലപ്രദമാകും?
വിദ്യാർത്ഥിസമരങ്ങൾ അവകാശങ്ങൾ സാധിച്ചുകിട്ടുന്നതിനുവേണ്ടി ആണെന്ന് പറയുന്നുവെങ്കിലും അതിൽ ഇരു വശങ്ങൾ കാണാൻ ഉണ്ട്. ഒരു വിദ്യാർത്ഥിക്ക് പ്രധാനമായും അവകാശപ്പെടേണ്ടതായിട്ടുള്ളത് പഠനത്തിനുള്ള അനുകൂല സാഹചര്യമാണ്. നമ്മുടെ കേരളത്തിലുള്ള സ്‌കൂളുകളിലും കോളജുകളിലും ഇതിനുള്ള എല്ലാ സാഹചര്യങ്ങളും ഉണ്ടാവില്ല. ഇങ്ങനെയുള്ള നിരവധിയേറെ കാരണങ്ങളാൽ ഇക്കാലത്ത് വിദ്യാർത്ഥി സമരങ്ങൾ വർദ്ധിച്ചുവരുകയാണ്. ഇന്നത്തെ വിദ്യാർത്ഥി സംഘടനകളാണ് ഈ സമരങ്ങൾക്ക് നേതൃത്വം നൽകുന്നതെന്ന് നാം പറഞ്ഞാൽ തെറ്റില്ല. ഈ സംഘങ്ങളാകട്ടെ, രാഷ്ട്രീയകക്ഷികളുടെയും ഉപഗ്രഹങ്ങളുമാണ്. വിദ്യാർത്ഥികളുടെ അംഗസംഖ്യയും അവരുടെ സാഹസികത്വവും തങ്ങളുടെ രാഷ്ട്രീയലക്ഷ്യങ്ങൾക്കുവേണ്ടി ബോധ പൂർവ്വം ഉപയോഗപ്പെടുത്തുകയാണ്. വിദ്യാഭ്യാസവുമായി യാതൊരു ബന്ധവുമില്ലാത്ത കാര്യങ്ങൾക്കുപോലും വിദ്യാർത്ഥികളെ അവർ ഉപയോഗിക്കുന്ന കാഴ്ചയാണ് നാമിന്നു കാണുന്നത്.
സർവ്വകലാശാലകളുടെ ഭരണത്തിൽപ്പോലും വിദ്യാർത്ഥികൾക്ക് പ്രാതിനിദ്ധ്യം നൽകപ്പെട്ടിരിക്കുന്നു. വിദ്യാഭ്യാസരംഗത്ത് അവരുടെ സഹകരണം സമ്പാദിക്കുകയല്ലതിനു പിന്നിലുള്ള ലക്ഷ്യം. അവരുടെ സംഘടിത ശക്തി രാഷ്ട്രീയരംഗത്ത് പ്രയോജനപ്പെടുത്തുക മാത്രമാ ണ്. ഈയിടെയായി തെരഞ്ഞെടുപ്പുകളിൽ വിദ്യാർത്ഥികളെ സ്ഥാനാ ർത്ഥികളായും രംഗത്തിറക്കിയിരിക്കുകയാണ്. പാർലമെന്റിലേയ്ക്കു പോലും. തീർച്ചയായും ഇത് നല്ലതിനല്ല. ഇങ്ങനെയുള്ള അപക്വമതികൾ രാജ്യകാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് അപകടകരമാണ്. ആരോട് പറയാനാണ് ! അവരെ നിയന്ത്രിക്കാൻ ഇന്ന് ആർക്കും സാധ്യമല്ലാതായി ട്ടുണ്ട്. അദ്ധ്യാപകർക്ക് സമരപ്രിയരായ വിദ്യാർത്ഥികളെ ആരെയും ഉപദേശിക്കുവാനുള്ള അർഹത നഷ്ടപ്പെട്ടിരിക്കുന്നു. അവരും സമരം ചെയ്യുന്നതിലും, അവർ വിദ്യാർത്ഥികളേക്കാൾ മുൻപിലാണ്.
രക്ഷാകർത്താക്കളും തങ്ങളുടെ മക്കളായ വിദ്യാർത്ഥികളെ നിയന്ത്രി ക്കുന്നതിലും യാതൊരുത്സാഹവും കാണിക്കുന്നില്ല. വിദ്യാർത്ഥികൾ നടത്തുന്ന സമരങ്ങളിലൂടെ വിദ്യാലയങ്ങളിലും കോളജുകളിലും അവർ നൽകുന്ന ഫീസ് , ബസ് ചാർജ് , മുതലായവ കുറച്ചു കിട്ടുന്നത് നേട്ടമായിട്ടാണ് അവർ കരുതുന്നത്. ഇതിന്റെയെല്ലാം ഫലമായി ഈ വിദ്യാർത്ഥികൾ ഏറ്റവും അപകടകാരികളായി രൂപാന്തരപ്പെട്ടിരിക്കു കയാണ്. അവർ ആരെയും അനുസരിക്കുകയില്ലെന്ന് ആയിരിക്കുന്നു. ഭരണകൂടത്തെപ്പോലും തങ്ങളാണ് നിയന്ത്രിക്കുന്നതെന്നാണ് അവർ ധരിച്ചുവശായിരിക്കുന്നു. ആ ധാരണ തെറ്റാണെന്നും പറഞ്ഞുകൂടാ. ഈ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വിദ്യാർത്ഥികളുടെ അംഗീകാരം ഇല്ലാത്ത പലർക്കും സ്ഥാനാർത്ഥിത്വം ലഭിച്ചില്ല. അവർ പഴക്കം ചെന്ന തലയെടുപ്പുള്ള നേതാക്കന്മാർ ആയിരുന്നിട്ടുപോലും. അപക്വമായ ഈ തലമുറയുടെ കയ്യിൽ രാജ്യത്തിന്റെ ഭാഗധേയംപോലും അകപ്പെട്ടു പോയിരിക്കുന്നു. അതുമൂലം അവർക്കുണ്ടായിട്ടുള്ള അഹങ്കാരവും കുറച്ചൊന്നുമല്ല. ആത്മവിശ്വാസവും ആത്മാഭിമാനവും നല്ലതാണ്. പക്ഷെ, അത് വഴി പിഴച്ചതാകരുത്.
കേരളത്തിൽ വിദ്യാർത്ഥികളെ ബോധപൂർവ്വം നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ടാൽ അവരുടെയും രാജ്യത്തിന്റെയും ഭാവി ഇരുളടഞ്ഞ വഴിയാകും. വളരെ പ്രബുദ്ധരാണ് നമ്മുടെ വിദ്യാർത്ഥികൾ. അവർ രാജ്യത്തിനും അവർക്കുവേണ്ടിയും എന്ത് ത്യാഗവും സഹിക്കാനുള്ള തയ്യാറുള്ളവരാണ്. അധർമ്മങ്ങളെയും അനീതികളെയും ചൂഷണ മുറകളെയും അവർ വെറുക്കുന്നവരാണ്. പക്ഷെ, രാഷ്ട്രീയത്തിൽ തങ്ങൾ സ്വയം ചൂഷണം ചെയ്യപ്പെടുകയാണെന്ന് അവർ അറിയുന്നില്ല. വിദ്യാർത്ഥികളെ രാഷ്ട്രീയക്കാരിൽനിന്നും രക്ഷിക്കുകയെന്നത് മാത്രമേ കരണീയമായിട്ടുള്ളത്. വിദ്യാലയങ്ങളുടെ പാവനമായ ഏത് അന്തരീക്ഷത്തിൽ നിന്നും രാഷ്ട്രീയക്കാരെ അകറ്റി കെട്ടുകെട്ടിക്കുക മാത്രമാണ് അതിനുള്ള പോംവഴി. പക്ഷെ, ഈ യാഥാർത്ഥ്യം ഒരിക്കലും കണ്ടാശ്വസിക്കാൻ ഇന്നും ഭാവിയിലും അവസരം ഉണ്ടാകാനിടയില്ല. //
* ഏതായാലും ഒരു കാര്യം എന്റെ ചിന്തയിൽ വരുന്നത്, ഇങ്ങനെയുള്ള മോശമായ അനുഭവങ്ങൾ നടന്നത് കേരളത്തിലെ പുതിയ തലമുറയ്ക്ക് ഭാവിയുടെ വഴി തെളിക്കുന്ന കാര്യത്തിൽ ഒരു ഉദാഹരണ കാര്യം എന്ന നിലയിൽ കാണുന്നത് ഉചിതമായിരിക്കും എന്ന് ഇവിടെ കുറിക്കട്ടെ.
******************************************************************
******
Browse and share: https://dhruwadeepti.blogspot.com
ഈ ബ്ളോഗില്‍ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങളുടെ ഉത്തരവാദിത്തം അതെഴുതുന്ന വ്യക്തികള്‍ക്കു മാത്രമായിരിക്കും. സഭ്യമല്ലാത്ത ഭാഷയും അപകീര്‍ത്തിപ്പെടുത്തുന്ന പദപ്രയോഗങ്ങളും ഒഴിവാക്കുക-
********************************************************************************
Keine Kommentare:
Kommentar veröffentlichen
Hinweis: Nur ein Mitglied dieses Blogs kann Kommentare posten.