Montag, 27. Juli 2020

ധ്രുവദീപ്തി // കാര്യവിചാരം // മുൻരാഷ്ട്രപതി ഡോ. എ. പി. ജെ. അബ്ദുൾകലാം അഗ്നിചിറകിൽ അനന്തതയിലേക്ക് പറന്നുയർന്നിട്ട് ഇന്ന് അഞ്ചു വർഷങ്ങൾ - //ജോസഫ് കട്ടക്കയം /1887 - ൽ ഇന്ത്യയിൽ ആരംഭിച്ച ദീപിക പത്രം ഇപ്പോഴും ഏറ്റവും പഴയ മലയാള പത്രമാണ്. 2020 ഏപ്രിൽ 15- ന് ദീപികദിനപത്രത്തിന്റെ 133 വർഷങ്ങളിലെ മഹത്തായ സേവനം പൂർത്തിയാക്കി.  ഉത്തരവാദപ്പെട്ട പത്രപ്രവർത്തന സേവനത്തിലൂടെ എല്ലാവരുടെയും സ്നേഹബഹുമാനാദരവുകൾ നേടിയ ശ്രീ. കട്ടക്കയം 2008- വരെ ദീപികയിൽ ഏതാണ്ട് നാല് പതിറ്റാണ്ടുകൾ എഡിറ്റർ എന്ന നിലയിൽ മഹത്തായ സേവനം ചെയ്രിയ്തു. മറ്റു താല്പര്യങ്ങൾക്കും അതീതമായി താനുമായി ഇടപെടാൻ കഴിഞ്ഞ എല്ലാവരുടെയും മനസ്സിൽ തന്റെ സ്നേഹമധുരമായ പെരുമാറ്റംകൊണ്ടു മായാത്ത സ്മരണ ഉളവാക്കാൻ കഴിഞ്ഞ ഒരു മഹത് വ്യക്തിയാണ് അദ്ദേഹം. നിഷ്പക്ഷമതിയായ പത്രപ്രവർത്തകനെന്ന നിലയിൽ പത്രപ്രവർത്തന രംഗത്തെപ്പറ്റി അദ്ദേഹം എങ്ങനെ മലയാളികളുടെ ഹൃദയത്തിലേക്ക് എത്തിച്ചിരുന്നുവെന്നത് എന്നുമെന്നും മലയാള ഭാഷയെ സ്നേഹിക്കുന്നവർക്കു നിശ്ചയമായും വലിയ മുതൽക്കൂട്ടാണ്. അദ്ദേഹം എഴുതിയ ലേഖനങ്ങൾ ഏതൊരു വായനക്കാരനെയും വിജ്ഞാനത്തിന്റെ പുതിയ സരണികളിലേയ്ക്ക് നയിക്കുവാൻ പര്യാപ്തമായിരുന്നു. ഇന്ത്യൻ രാഷ്ട്രീയത്തിൽ അനേകം വഴിത്തിരിവുകൾ സൃഷ്ടിച്ച മഹാനായ ഇന്ത്യയുടെ മുൻ പ്രസിഡന്റ് ആയിരുന്ന അന്തരിച്ച ഡോ .എ. പി. ജെ. അബ്ദുൾ കലാമിനെക്കുറിച്ചുള്ള സ്മരണിക ശ്രീ ജോസഫ് കട്ടക്കയം ഇവിടെ വായനക്കാർക്ക് സമർപ്പിക്കുന്നു.// ധ്രുവദീപ്തി  Late Dr. A. P. J. Abdul kalam 

മുൻരാഷ്ട്രപതി ഡോ. എ. പി. ജെ. അബ്ദുൾകലാം അഗ്നിചിറകിൽ അനന്തതയിലേക്ക് പറന്നുയർന്നിട്ട് ഇന്ന് അഞ്ചു വർഷങ്ങൾ - //

ജോസഫ് കട്ടക്കയം / 


മുൻരാഷ്ട്രപതി ഡോ. എ.പി. ജെ .അബ്ദുൾ കലാം അഗ്നിചിറകിൽ അനന്തതയിലേക്ക് പറന്നുയർന്നിട്ട് അഞ്ചുവർഷങ്ങൾ 2020 ജൂലൈ  27- ന് പൂർത്തിയാകുന്നു. ബ്രിട്ടീഷുകാർ ഭാരതതലസ്ഥാനം കൽക്കട്ടയിൽനിന്ന് ദില്ലിയിലേക്ക് മാറ്റിയത് 1911 ലാണ്. യമുനാ നദിക്കരയിൽ പഴയ ദില്ലിയുടെ കണ്ണായ സ്ഥലത്തുനിന്ന് ഗ്രാമീണരെ ഒഴിപ്പിച്ചു. അന്ന് കെട്ടിയുയർത്തിയ താണ് റെയ്‌സീനാഹിൽ. വൈസ്രോയിക്ക് അന്ന് കൊട്ടാരം പണിയാൻ 18 മീറ്ററോളം കെട്ടിയുയർത്തിയതാണ് 340 വമ്പൻ മുറികളുള്ള കൊട്ടാരം. ഇത് സ്വാതന്ത്ര്യലബ്ധിക്കുശേഷം ഭാരതരാഷ്ട്രപതിയുടെ ഔദ്യോഗിക വസതിയായി. ഭരണാധികാരികൾ രാജകീയ പ്രൗഢിയിൽ ജീവിതം നയിച്ചു. ഭരണസിരാകേന്ദ്രത്തിന് ജനകീയഭാവം പകരാൻ സമാനതകളില്ലാത്ത സാങ്കേതിക വിദഗ്ദ്ധൻ വേണ്ടിവന്നു. ഡോ . കലാം രാഷ്ട്രപതീഭവനെ ജനകീയമാക്കി മാറ്റി. ഡോ. കലാമിനെ ഇന്ത്യയുടെ ആദ്യത്തെ ജനകീയ രാഷ്ട്രപതിയെന്ന് വിളിച്ചു.

 
സത്യപ്രതിജ്ഞയ്ക്ക്ശേഷം ഡോ. കലാം ഭരണഘടനപ്രകാരം രാഷ്ട്രത്തിന് ഭരണതലവനും സർവ്വ സൈന്യാധിപനുമായി സ്ഥാനമേറ്റു. രാഷ്ട്രപതി ഭവന്റെയും മുഗൾ ഗാർഡൻസി ന്റെയും വാതായനം പൊതു ജനങ്ങൾക്കും കുട്ടികൾക്കും വേണ്ടി തുറന്നു കൊടുക്കുകയാണ് അദ്ദേഹം ആദ്യം ചെയ്തത്. ജവഹർലാൽ നെഹ്രുവിനു ചാച്ചാജി എന്ന് വിളിപ്പേരു വന്നതു പോലെ ഉത്തരേന്ത്യൻ വിദ്യാർത്ഥികൾ ഡോ. കലാമിനെ ചാച്ചാജിയെന്ന്  വിളിച്ചു. ലാളിത്യമാണ് ഇരുവരുടെയും മുഖമുദ്ര. ഇന്ത്യൻ പാർലമെന്ററി രാഷ്ട്രീയം വികസനത്തിൽ ഊന്നണമെന്ന് നിർബന്ധബുദ്ധി അദ്ദേഹത്തിനു എപ്പോഴും ഉണ്ടായിരുന്നു.

ലാളിത്യത്തിൽ സമാനതകളില്ലാത്ത സാദൃശ്യം  ഫ്രാൻസിസ്‌ പാപ്പായും ഡോ. കലാമും തമ്മിൽ.. 2015 ജൂലൈ 27 ന് ഷില്ലോങ്ങിലെ ഐ. ഐ. എമ്മിലേക്ക് (ഇന്ത്യൻ ഇൻസ്റ്റിറ്റ്യുട്ട്‌ ഓഫ് മാനേജ്‌മെന്റ് ) 67 കാറുകളുടെ അകമ്പടിയോടെ ഒരു യാത്ര. രണ്ടാമത്തെ കാറിൽ ഡോ. കലാമും. 1964 ഡിസംബർ 23- ന് പ്രകൃതിഷോഭത്തിൽ തകർന്ന് പാമ്പൻ പാലത്തിന്റെ പുനർനിർമ്മാണം 46 ദിനംകൊണ്ടു പൂർത്തിയാക്കിയ ഇ. ശ്രീധരൻ ഇന്ത്യൻ റയിൽവേയിൽ ദൽഹി മെട്രോയുടെ നിർമ്മാണത്തിലും ഡോ. കലാമിന്റെ മൂലതന്ത്രം പ്രാവർത്തിക മാക്കി. സത്യനിഷ്ഠ, പൂർണ്ണത, മികവ്, എന്നീ ഘടകങ്ങളുടെ ആകെത്തുക ആണ് ഇന്റഗ്രിറ്റി. ഡോ. ഇ. ശ്രീധരൻ 84-)0 വയസ്സിൽ തിരിഞ്ഞുനോക്കുമ്പോൾ കലാമിനെക്കുറിച്ചുള്ള ബഹുമാനാദരവുകൾ പ്രകടമാക്കിയിട്ടുണ്ട്. "ഇന്റഗ്രിറ്റിയുടെ ആൾരൂപം "എന്ന് അദ്ദേഹം കലാമിനെ വിശേഷിപ്പിച്ചു. പാലക്കാട്ട് ജില്ലയിലെ കറുകപുത്തൂർ ഗ്രാമത്തിൽ ഡോ. ഇ. ശ്രീധരൻ ജനിക്കുന്നതിന് എട്ടു മാസവും എട്ടു ദിവസവും മുമ്പ് രാമേശ്വരം ഗ്രാമത്തിൽ ഡോ. കലാം ഭൂജാതനായി.

ഡോ. കലാമിന്റെ അഗ്നിചിറകുകളിൽ പ്രകൃതിക്ഷോഭത്തിൽ തകർന്ന പാമ്പൻ റയിൽപാലത്തിന്റെ പുനർനിർമ്മാണം 46 ദിവസം കൊണ്ട് പൂർത്തിയാക്കിയ കാര്യം എടുത്തു പറഞ്ഞിട്ടുണ്ട്. റയിൽവേ മന്ത്രിയാകട്ടെ ഇതിനുവേണ്ടി 6 മാസം അനുവദിച്ചിരുന്നു. ഡോ. കലാം 1980 ജൂലൈ 17- ന് എസ്. എൽ. വി. 3 യുടെ രണ്ടാമത്തെ വിക്ഷേപണം വിജയകരമാക്കിയപ്പോൾ കൊച്ചി കപ്പൽശാലയുടെ "റാണി പത്മിനി" നീറ്റിൽ ഇറക്കാനുള്ള തയ്യാറെടുപ്പിന്റെ അവസാനഘട്ടത്തിൽ ആയിരുന്നു. പ്രോജക്ടിന്റെ ചെയർമാനായിരുന്നു, ഡോ. ഇ. ശ്രീധരൻ. ബീഹാറിലെ പിഖി എന്ന കുഗ്രാമത്തിൽ ഭോലാമഹാതോ എന്ന ചെറുപ്പക്കാരന്റെ ഉപവാസം മൂന്നുനാൾ പിന്നിട്ട സമയം. ജനകോടികളുടെ ഹൃദയങ്ങൾ കദനഭാരത്തിൽ തേങ്ങുമ്പോൾ പശ്ചാത്താപത്തിൽ എരിഞ്ഞമരുകയായിരുന്നു, മഹാത്രോയുടെ ഹൃദയം. ജലപാനം പോലുമില്ലാതെ താൻ ചെയ്ത തെറ്റിന് പരിഹാരം ചെയ്യുകയായിരുന്നു അപ്പോൾ. കലാമിനെ 7 വർഷങ്ങൾ മുമ്പ് കല്ലെറിഞ്ഞ മഹാത്രോയ്ക്ക് എങ്ങനെ ഒരു തുള്ളി വെള്ളം ഇറക്കാൻ കഴിയും? (അഗ്നിചിറകുകൾ) പി. വി. ആൽബി 1999-ൽ യൂണിവേഴ്സിറ്റി പ്രസ്സ് പ്രസിദ്ധീകരിച്ച ഡോ. കലാമിന്റെ ജീവകഥ (വിങ്‌സ് ഓഫ് ഫയർ) ഡി. സി. ബുക്‌സിനുവേണ്ടി വിവർത്തനം ചെയ്തു.

8 വയസുകാരനായ കലാം പ്രതിദിനം വെളുപ്പിന് ഉണർന്ന് വീടിനടുത്തുള്ള മോസ്കിൽ നിസ്‌കാരം കഴിച്ചശേഷം റയിൽവേ ട്രാക്കിലൂടെ ഓടുമായിരുന്നു. പാഞ്ഞുപോകുന്ന വണ്ടിയിൽ നിന്ന് വലിച്ചെറിയുന്ന പത്രക്കെട്ടുകൾ പെറുക്കിയെടുക്കും. ജേഷ്ഠനുമൊപ്പം തരംതിരിച്ചു കെട്ടുകളാക്കും. ഒരു ഭാഗത്തേയ്ക്കുള്ള കെട്ടുകൾ സൈക്കിളിന്റെ പിറകിൽ കെട്ടി കലാം വിതരണത്തിനുള്ള യാത്ര തുടങ്ങും. പഠനം കഴിഞ്ഞു തിരികെവന്നാൽ രാവിലെ വിറ്റ  പത്രത്തിന്റെ പണം പിരിക്കാൻ പോകണം. ഇതൊന്നുമില്ലാ ത്തപ്പോൾ പുളിങ്കുരു പെറുക്കലാണ് ജോലി. പുളിങ്കുരു വാങ്ങി ചുട്ടുതിന്നും. പുളിങ്കുരു പലചരക്ക്കടയിൽ വിറ്റാൽ കലാമിന് ഒരണ കിട്ടും. ചെറിയ കാര്യങ്ങൾ ചെയ്യിച്ചു സർവ്വേശ്വരന് വലിയ കാര്യങ്ങൾ ചെയ്യാൻ തന്നെ പ്രാപ്തനാക്കുകയായിരുന്നെന്ന് പിന്നീട് ഇതേക്കുറിച്ചു ഡോ. കലാം പറഞ്ഞു. രാഷ്ട്രപതി ഭവനിൽ ആയിരുന്നപ്പോൾ ഇടവേളകളിൽ ഔഷധത്തോട്ടവും ഉദ്യാനവുമൊക്കെ നോക്കാൻ സമയം കണ്ടെത്തിയിരുന്നു. ഇതിനിടയിൽ "ഇൻഡോമിറ്റബിൾ സ്പിരിറ്റ് " എന്ന പുസ്തകം ഇവിടെ വച്ച് എഴുതി. രാഷ്ട്രപതി ഭവന്റെ മേൽക്കൂരയിൽ ശേഖരിക്കപ്പെടുന്ന മഴവെള്ളം ഉദ്യാനം നനയ്ക്കാൻ ഉപയോഗിച്ച്. മുറിവേറ്റ ഒരു മൈലിനെയും ജന്മനാവൈകല്യമുള്ള ഒരു മാനിനെയും അദ്ദേഹം  വിദഗ്ദ്ധ ഡോക്ടറുടെ സഹായത്തോടെ രക്ഷപെടുത്തി.

ലാളിത്യം യാത്രയിൽ സ്പർശിച്ച കാര്യം അഗ്നിചിറകിൽ എടുത്തു പറയുന്നു. ഷില്ലോംഗിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിൽ ഒരു പ്രഭാഷണ ത്തിനുവേണ്ടി യാത്ര. എറോനോട്ടിക്സിൽ പ്രാവീണ്യം നേടിയ ഡോ. കലാമും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടത്തുന്ന പതിവ് യാത്രകളിൽ ഒക്കെ സഹായിയായിരുന്ന ശ്രീജൻ പാൽസിംഗിനെയും ഒപ്പം കൂട്ടി. യാത്രക്കിടയിൽ ഇരുവരും ഗഹനമായ സംഭാഷണത്തിൽ ഏർപ്പെട്ടു. ഐ. ഐ. എമ്മിൽ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്യുകയായിരുന്നു തന്റെ ദൗത്യം. വിദ്യാർത്ഥികളോട് ചോദിക്കാൻ ഒരു സർപ്രൈസ് ചോദ്യം തയ്യാറാക്കണം. പാർലമെന്റിന് കൂടുതൽ സജ്ജീവമാക്കാൻ മൂന്നു നിർദ്ദേശങ്ങൾ ഉന്നയിക്കണം. എന്നിട്ട് നിരാശപൂണ്ട മുഖഭാവവുമായി അദ്ദേഹം പറഞ്ഞു. അതിനു എന്റെ കൈവശം ഒന്നുമില്ല. പിന്നെങ്ങനെ വിദ്യാർത്ഥികളോട് ചോദിക്കും. "അഡ്‌വാന്റേജ് ഇന്ത്യ" എന്ന അദ്ദേഹത്തിൻറെ പുസ്തകത്തിൽ ഈ വിഷയം സമഗ്രമായി അവതരിപ്പിക്കാൻ ഇടം കണ്ടെത്തി.

ലാളിത്യമായിരുന്നു യാത്രയുടെ മുഖമുദ്ര.  ഐ. ഐ. എമ്മിലേക്കുള്ള യാത്രയ്ക്ക് 67 കാറുകളുടെ അകമ്പടി. ഡോ. കലാം രണ്ടാമത്തെ കാറിൽ. മുന്നിൽ തുറന്ന ഒരു ജിപ്സ് വാൻ. അതിൽ മൂന്നു പട്ടാളക്കാർ. രണ്ടു പട്ടാളക്കാർ ഇരിക്കുന്നു. ഒരാൾ നിൽക്കുന്നു. യാത്രയുടെ ഒരു മണിക്കൂറിന്റെ ശേഷവും അയാൾ നിൽക്കുകയാണ്. അയാൾ നിന്ന് ക്ഷീണിക്കുകയില്ലേ? അയാളോട് ഇരിക്കാൻ പറയാൻ ശ്രീജൻ പാൽസിംഗിനോടു നിർദ്ദേശിച്ചു. നിൽക്കുന്നത് ജോലിയുടെ ഭാഗമായിരിക്കുമെന്നായി ഡോ. കലാമിന്റെ വിദ്യാർത്ഥി കൂടിയായ ശ്രീജൻ പാൽസിംഗ്. വയർലെസ് സന്ദേശം നൽകിയിട്ടും   അയാൾ വഴങ്ങിയില്ല. യാത്രയ്ക്കിടെ മൂന്നുതവണ ആംഗ്യം കാണിച്ചു പട്ടാളക്കാരനോട് ഇരിക്കാൻ ആവശ്യപ്പെടണമെന്ന് ഡോ. കലാം പാൽസിംഗിനോടു പറഞ്ഞു. അതും നടന്നില്ല. തനിക്ക് പട്ടാളക്കാരനെ നേരിട്ട് കാണണമെന്നായി ഡോ. കലാം. സുരക്ഷാ ജീവനക്കാർക്കിടയിൽ നിന്നു പാൽസിംഗ് അയാളെ തെരഞ്ഞു പിടിച്ചു കൊണ്ടുവന്നു. അയാളുടെ കൈകൾ ചേർത്തുപിടിച്ചു പ്രത്യേകം നന്ദി പറഞ്ഞു. ലാളിത്യത്തിന്റെ തനിമ കാട്ടി. എനിക്കുവേണ്ടി ഇത്ര ദൂരം നിൽക്കേണ്ടിവന്നതിൽ എനിക്ക് ദുഃഖമുണ്ട്. ജീവിതത്തിൽ ഇതേവരെ അനുഭവിക്കാത്ത കാരുണ്യസ്പർശം കറുത്ത സ്യുട്ടിട്ട പട്ടാളക്കാരനെ തളർത്തി. പരിഭ്രമചിത്തനായ അയാളുടെ വാക്കുകൾ തൊണ്ടയിൽ കുരുങ്ങി. സാർ താങ്കൾക്കായി ആറുമണിക്കൂർ വേണമെങ്കിലും നിൽക്കാൻ ഞാൻ തയ്യാറാണ്. ഡോ. കലാമിനൊപ്പം ഷില്ലോങ്ങിൽ ഐ. ഐ. എമ്മിൽ ക്ലാസ് എടുക്കാൻ പോയ ശ്രീജൻ പാൽസിംഗ് ഡോ. കലാമിന്റെ മരണാനന്തരം ബ്ലോഗിൽ കുറിച്ചിട്ടതാണ് ഈ വിവരം.

സമാരാധ്യനായ ഫ്രാൻസിസ് മാർപാപ്പയുടെ ജീവചരിത്രത്തിൽ സമാനമായ മറ്റൊരു സംഭവം രേഖപ്പെടുത്തിയിട്ടുണ്ട്. ലാളിത്യത്തിന്റെ ആൾരൂപമാണ ല്ലോ ഫ്രാൻസിസ് മാർപാപ്പ. ഒരു സമാന സംഭവം പരി. പിതാവിന്റെ അനുഭവക്കുറിപ്പിൽ നിന്ന് പകർത്താം... സാൻ മാർത്തഭാവനം. നേരം പുലരുന്നതേയുള്ളൂ. പാപ്പാ മുറിക്കു പുറത്തേയ്ക്ക് വന്നപ്പോൾ കണ്ടത് നിശ്ചലനായി നിൽക്കുന്ന ഒരു സ്വിസ്സ് ഗാർഡിനെ. "രാത്രി മുഴുവൻ ഇവിടെ നിൽക്കുകയായിരുന്നു?" .." അതെ, ചോദ്യത്തിന്റെ പൊരുൾ അറിയാതെ ആശ്ചര്യത്തോടെ ഗാർഡിന്റെ മറുപടി. "എനിക്ക് മുമ്പുണ്ടായിരുന്ന പട്ടാളക്കാരന്റെ തവണ കഴിയുന്നതുമുതൽ താൻ നിൽക്കുകയായിരുന്നു." ചോദ്യം;  "നിന്ന് മടുക്കുന്നില്ലേ ? ഉത്തരം : അങ്ങേയ്ക്ക് സുരക്ഷിതത്വം ഉറപ്പാക്കുക ഞങ്ങളുടെ ജോലിയാണ്. ഫ്രാൻസിസ് മാർപാപ്പയുടെ ഉള്ളു പിടഞ്ഞു. അയാളെ നോക്കി. ഞങ്ങളുടെ നിയമം തന്നെ അത് ചെയ്യാൻ അനുവദിക്കുന്നില്ല. ചോദ്യം. "ഏതു നിയമം?". ഉത്തരം: ഞങ്ങളുടെ ക്യാപ്റ്റന്റെ നിർദ്ദേശം. " ഓ ! അങ്ങനെയുണ്ടോ? മാർപാപ്പയാണ് പറയുന്നത്, നീ ഇരിക്ക്. അവസാനം എന്ത് ചെയ്യണമെന്നറിയാതെ അയാൾ ഇരുന്നു. അൽപസമയം കഴിഞ്ഞു മാർപാപ്പ തിരികെ വന്നപ്പോൾ അയാൾ അനുസരണയോടെ ഇരിക്കുകയായിരുന്നു. പാപ്പയുടെ കൈവശം ജാം പുരട്ടിയ ബ്രഡ്ഡും കാപ്പിയുമുണ്ടായിരുന്നു. സ്വതസിദ്ധമായ പുഞ്ചിരിയോടെ പാപ്പ കാപ്പി അയാൾക്ക് കൊടുത്തു. രാത്രി ഇത്രയും സമയം നിൽക്കുകയായി രുന്നല്ലോ, വിശക്കുന്നുണ്ടാകും.. അയാൾ മറുപടി പറയും മുമ്പേ പാപ്പ ഇറ്റാലിയൻ ഭാഷയിൽ അയാൾക്ക് ആശംസ നേർന്നു: "സഹോദരാ, ബോൻ അപ്പത്തിത്തേ". (ജെ. നാലുപാറയിൽ എഴുതിയ ഫ്രാൻസിസ് പാപ്പയുടെ ജീവചരിത്രക്കുറിപ്പിൽ നിന്നുള്ളതാണ് മേൽ ഉദ്ധരിച്ച സംഭവം).

ഡോ. പാൽസിംഗും, ഡോ. കലാമും ഷില്ലോങ് ഐ. ഐ. ലക്ച്ചർ ഹാളിലെത്തി. കൃത്യനിഷ്ഠ പാലിക്കുന്നതിൽ ശ്രദ്ധാലുവാണ് കലാം. കുട്ടികൾ തനിക്കുവേണ്ടി കാത്തിരിക്കരുതെന്ന് എപ്പോഴും അദ്ദേഹം പറയുമായിരുന്നു. അവസാന പ്രഭാഷണമാണെന്നറിയാതെ അതിന്റെ സംഗ്രഹം വിദ്യാർത്ഥികളോട് മൈക്ക് ശരിയാക്കുമ്പോൾ ഡോ. കലാം തമാശ രൂപേണ പറഞ്ഞു. "ഫണ്ണി ഗൈ ആർ യൂ ഡൂയിoഗ് വെൽ" ? ഞാൻ വെറുതെ ചിരിച്ചു. ഡോ. കലാമിന്റെ അവസാനത്തെ വാക്കുകളായിരുന്നു, അത്.

പ്രഭാഷണം രണ്ടുമിനിറ്റ്‌ ദീർഘിച്ചു. പൊടുന്നനെ അദ്ദേഹത്തിൻറെ ഒരു വാചകം അപൂർണ്ണമായി നിന്നു. ആശങ്കജനകമായ നിശബ്ദത തുടരുന്നത് ഡോ. പാൽസിംഗ് ശ്രദ്ധിച്ചു. പെട്ടെന്ന് അദ്ദേഹം കുഴഞ്ഞു വീണു. ഡോക്ടർമാർ ഓടിയെത്തി. ഒരു കൈകൊണ്ടു പാൽസിംഗ് അദ്ദേഹത്തിൻറെ ശിരസ് താങ്ങിപ്പിടിച്ചു. ഇരുവരുടെയും വിരലുകൾ ചുറ്റിപ്പിണഞ്ഞു. കലാമിന്റെ കണ്ണുകൾ നിശ്ചലമായി. ഒരു മിനിറ്റിനകം അടുത്ത് ആശുപത്രിയിലെത്തിച്ചു. മിനിറ്റുകൾക്കുള്ളിൽ മിസൈൽമാൻ നിത്യതയുടെ വിഹായസിലേയ്ക്ക് പറന്നകന്നു. യൂണിവേഴ്സിറ്റി പ്രസ്സ് പ്രസിദ്ധീകരിച്ച അബ്ദുൾകലാമിന്റെ ആത്മകഥ "വിങ്സ് ഓഫ് ഫയർ" വായിക്കാൻ ഇടയായത് മഹത്തായ നിമിഷമെന്ന് കരുതുന്നുവെന്ന് രവി. ഡി. സി. യുടെ പ്രസാധകക്കുറിപ്പിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

കടൽത്തിരമാലകൾ, സുവർണ്ണമണൽ, തന്റെ വിഖ്യാതമായ ആത്മകഥ ഡോ. കലാം ആരംഭിക്കുന്നത് ഈ വാക്കുകൾ കുറിച്ചുകൊണ്ടാണ്. കിഴക്ക് ബംഗാൾ ഉൾക്കടലിൽ തിരകൾ ആർത്തിരമ്പി. രാമേശ്വരത്തിന്റെ വെളുത്ത പഞ്ചാരമണൽത്തരികൾക്കിടയിലേയ്ക്ക് ആ മനുഷ്യന്റെ ശരീരം സമർപ്പിക്കപ്പെട്ടു. പിന്നെ ഉറ്റവർ ചേർന്ന് ഖബർ മണ്ണിട്ട് മൂടി. പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെയുള്ള രാഷ്ട്രനേതാക്കളും ജനസഞ്ചയവും പിന്മാറി. അവിടെ ഇപ്പോൾ ഒരു മണൽക്കൂന മാത്രം. പിന്നെ പുഷ്പചക്രങ്ങളുടെ നേർക്കാഴ്ച. അകലെ പോലീസ് കാവൽ. വാഹനങ്ങൾ കൂടെക്കൂടെ വന്നു നിൽക്കുന്നു. വിദ്യാർത്ഥികളും മുതിർന്നവരും ഉൾപ്പെട്ട തീർത്ഥാടക സമൂഹങ്ങൾ കലാം സന്നിധിയിലെത്തുന്നു. ഊർജ്ജബിന്ദുവിന്റെ ശക്തിസ്പുരണങ്ങൾ ഏറ്റുവാങ്ങാൻ ഊർജ്ജത്തിന്റെ ഉറവിടത്തിലേയ്ക്ക് പ്രവാഹം തുടരുന്നു.//-

തമിഴ്‌നാട്ടിലെ രാമേശ്വരത്ത് 1931 ഒക്ടോബർ 15 ന് ജനിച്ച Dr. എ. പി. ജെ. അബ്ദുൽ കലാം തന്റെ മുൻഗാമിയായിരുന്ന ഇന്ത്യൻ പ്രസിഡന്റ് ശ്രീ. കെ. ആർ. നാരായണന് ശേഷം ഇന്ത്യയുടെ പതിനൊന്നാമത് പ്രസിഡന്റായി (2002 - 2007) സ്ഥാനമേറ്റു. 'അവുൽ പകീർ ജൈനുലബ്ദീൻ അബ്ദുൾ കലാം എന്ന ഡോ. എ. പി. ജെ അബ്ദുൾ കലാം പ്രശസ്തനായ മിസൈൽ സാങ്കേതിക വിദ്യാവിദഗ്ധനും എഞ്ചിനീയറുമായിരുന്നു. ഇദ്ദേഹം ബഹിരാകാശ എഞ്ചിനീയറിംഗ് പഠനത്തിനുശേഷം പ്രതിരോധഗവേഷണ വികസന കേന്ദ്രം, ബഹിരാകാശഗവേഷണ കേന്ദ്രം തുടങ്ങിയ സ്ഥാപനങ്ങളിൽ ഉന്നത സ്ഥാനങ്ങൾ വഹിച്ചിരുന്നു. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിന്റേയും, ബാലിസ്റ്റിക്ക് മിസൈലിന്റേയും വികസനത്തിനും ഏകോപനത്തിനും മറ്റും അദ്ദേഹം വിലപ്പെട്ട സംഭാവനകൾ നൽകിയിട്ടുണ്ട്. മിസൈൽ സാകേതിക വിദ്യയിൽ അദ്ദേഹത്തിൻറെ സംഭാവനകൾ കണക്കിലെടുത്ത് 'ഇന്ത്യയുടെ മിസ്സൈൽ മനുഷ്യൻ' എന്ന് കലാമിനെ വിശേഷിപ്പിക്കാറുണ്ട്. 2015 ജൂലൈ 27- ന് ഷില്ലോംഗിൽ ഒരു യോഗത്തിൽ പങ്കെടുക്കാൻ പോയ അവസരത്തിൽ ഏറ്റവും അവസാനമായി അദ്ദേഹം നമ്മോട് നിത്യതയിലേയ്ക്ക് യാത്ര പറഞ്ഞു.//-
----------------------------------------------------------

 Browse and share: dhruwadeepti.blogspot.com 

 ഈ ബ്ളോഗില്‍ പ്രസിദ്ധീകരിക്കുന്ന  അഭിപ്രായങ്ങളുടെ  ഉത്തരവാദിത്തം അതെഴുതുന്ന  വ്യക്തികള്‍ക്കു മാത്രമായിരിക്കും. സഭ്യമല്ലാത്ത ഭാഷയും  അപകീര്‍ത്തിപ്പെടുത്തുന്ന പദപ്രയോഗങ്ങളും ഒഴിവാക്കുക-

     

ധൃവദീപ്തി  ഓണ്‍ലൈൻ

 https://dhruwadeepti.blogspot.com 
 
for up-to-dates and FW. link Send Article, comments and write ups to :
  DHRUWADEEPTI ONLINE LITERATURE.
Published from Heidelberg, Germany,   in accordance with the European charter on freedom of opinion and press. 
DISCLAIMER:  Articles published in this online magazine are exclusively the views of the authors. 
Neither the editor nor the publisher are responsible or liable for the contents,  objectives or opinions of the articles in any form."

FACE BOOK:  GEORGE Kuttikattu    MOB. + oo49 170 5957371
 

Keine Kommentare:

Kommentar veröffentlichen

Hinweis: Nur ein Mitglied dieses Blogs kann Kommentare posten.