( നാൽപത് വർഷങ്ങൾക്ക് മുമ്പുള്ള കേരളരാഷ്ട്രീയത്തെക്കുറിച്ചു ശ്രീ. കെ. സി. സെബാസ്റ്റ്യൻ ദീപികയിൽ എഴുതിയ ലേഖനം.)//
ഒരേ ശബ്ദം ഒരേ ഈണം
കെ. സി. സെബാസ്റ്റ്യൻ - 1979 - മാർച്ച് 03, ശനി.
വെള്ളിയാഴ്ച ദിവസം സംസ്ഥാനനിയമസഭയെ സംബന്ധിച്ചിടത്തോളം സംഭവബഹുലമാകാറു ണ്ട്. മാർച്ച് മാസത്തിലെ ആദ്യവെള്ളിയാഴ്ച പറയത്തക്ക യാതൊരു സംഭവവികാസവും കൂടാതെ ഇന്ന് കടന്നുപോയി. മത്സരത്തിന്റേതാ യ ഒരവസരവും ഇന്ന് നിയമസഭയിൽ ഉയർന്നില്ല. മറിച്ചു നിയമസഭയിൽ പരസ്പരം കടിച്ചു കീറാറുള്ള കക്ഷികൾ ഒരേ ശബ്ദത്തിൽ ഒരേ ഈണത്തിൽ സംസാരിക്കുന്നതു കേൾക്കു വാൻ സാധിച്ചു. അതിനു കാരണമുണ്ട്. ഭരണ പക്ഷത്തു നിന്ന് കൊണ്ടുവന്ന രണ്ടു പ്രമേയങ്ങ ളും പ്രതിപക്ഷത്തു നിന്ന് കൊണ്ടുവന്ന ഒരു പ്രമേയവും എല്ലാവര്ക്കും യോജിക്കാവുന്ന വിഷയങ്ങൾ ഉൾക്കൊള്ളുന്നവയായിരുന്നു.
മതപരിവർത്തനം ചെയ്തവർക്കുകൂടി ഹരിജന ങ്ങൾക്കുള്ള ആനുകൂല്യം അനുവദിക്കണമെന്ന് ടി.എം. ജേക്കബിന്റെ പ്രമേയത്തിന് സാർവ്വത്രിക പിന്തുണ ലഭിച്ചു. വിവിധ രാഷ്ട്രീയ കക്ഷികൾ മത്സരിച്ചു അവർക്ക് ഈ ആനുകൂല്യങ്ങൾ നൽകുന്നതിനായി വാദിച്ചു. ഗവണ്മെന്റിനും ഇക്കാര്യത്തിൽ എതിർപ്പില്ല. പക്ഷെ, ഗവണ്മെന്റിനു പോകാവുന്ന ദൂരത്തെക്കുറിച്ചു മാത്രം മുഖ്യമന്ത്രിക്ക് സന്ദേഹം ഉണ്ടായി. എങ്കിലും വാചാലമായ മുഖ്യമന്ത്രിയുടെ പ്രസംഗം പ്രമേയാവതാരകനായ ടി. എം. ജേക്കബിന്റെ മനസ്സിളക്കി. അദ്ദേഹം പ്രമേയം പിൻവലിച്ചു. പ്രമേയത്തെ അനുകൂലിച്ച പ്രതിപക്ഷവും പ്രമേയം പിൻവലിക്കുന്നതിനെ എതിർത്തു കണ്ടില്ല.ഭരണകക്ഷികളെ വെട്ടിലാക്കാൻ ചടങ്ങിന് പ്രമേയം അപ്പോൾ പിൻവലിക്കുന്നത് എതിർക്കുന്ന പതിവ് പ്രതിപക്ഷത്തിനുണ്ടായിരുന്നതാണ്. എന്തോ ഇന്ന് ആ അടവും അവർ ഉപേക്ഷിച്ചു.
എന്തിനും അപവാദം വേണമല്ലോ. ഇന്ദിരാ കോൺഗ്രസ്സിൽനിന്നും സംസാരിച്ച കെ. എസ്. രാജൻ, രാഘവൻ മാസ്റ്റർ എന്നിവർ കേരള ക്രൈസ്തവർ അവശ ക്രൈസ്തവരുടെ പേരിൽ കാണിക്കുന്ന താല്പര്യത്തിന്റെ ആത്മാർത്ഥതയെ ചോദ്യം ചെയ്തു. സ്വാഭാവികമായും അത് ഓ. ലൂക്കോസിനെ ചൊടിപ്പിച്ചു. ഉടൻ ലൂക്കോസ് തിരിച്ചടിച്ചു. അത് അല്പസമയം ഒച്ചപ്പാടുണ്ടാക്കി. പട്ടയവിതരണം വളരെവേഗം പൂർത്തിയാക്കണമെന്ന് ആവശ്യപ്പെടുന്ന ഡോ. കെ. സി. ജോസ ഫിന്റെ പ്രമേയം മന്ത്രി ബേബി ജോണിന്റെ സമർത്ഥമായ മറുപടിക്ക് ശേഷ വും പ്രസ്സ് ചെയ്ത് പാസാക്കുകയുണ്ടായി. മന്ത്രിയും പ്രമേയം പാസാക്കുന്നതിന് ഒട്ടും എതിരായിരുന്നില്ല. ഒട്ടേറെപ്പേർ സ്ഥിരം പട്ടയം കിട്ടാതെ ബുദ്ധിമുട്ടുന്ന തായി വിവിധ കക്ഷി അംഗങ്ങൾ ചൂണ്ടിക്കാണിച്ചു. പട്ടയം നൽകൽ നടപടി കളിലെ സാങ്കേതിക കാലതാമസം മന്ത്രിയും വിശദീകരിച്ചു. അവിടെയും അഭിപ്രായവ്യത്യാസങ്ങൾക്ക് സ്ഥാനമില്ലായിരു ന്നു .
തിരുവല്ലായിൽ 1962 -ൽ വളരെ ആഘോഷപൂർവം ഇട്ട ഒരു അടിസ്ഥാനക്കല്ല് ഇന്ന് സഭയിൽ സജ്ജീവപ്രശ്നമായി. 45 ലക്ഷത്തോളം രൂപ മൂലധനം നിക്ഷേപിച്ചു തിരുവല്ലായിൽ ഒരു മുട്ടപ്പൊടി ഫാക്ടറി സ്ഥാപിക്കുന്നതിനാണ് 1969 -ൽ തറക്കല്ലിട്ടത്. കല്ല് അവിടെത്തന്നെയുണ്ട്. പക്ഷെ ഫാക്ടറി നിർദ്ദേശം സർക്കാർ ഉപേക്ഷിച്ചു. മുട്ടയുടെ വിലക്കൂടുതൽ കാരണം ഫാക്ടറി ലാഭകരമായി നടത്താൻ സാധ്യമല്ലെന്ന് പിന്നീട് ഗവൺമെന്റിന് തന്നെ ബോധ്യമായി ഒരു തരത്തിൽ ഭാഗ്യം. കല്ലിടീലിന്റെ ചിലവില്ലാതെ ഫാക്ടറിയുടെ വമ്പിച്ച നഷ്ടം ഒഴിവായിക്കിട്ടി.
-----------------****-------------------
(ഈ ലേഖനം എഴുതിയ തലേദിവസം (09 . 04. 1979 -ൽ ) ശ്രീ കെ. സി. സെബാസ്റ്റിയനെ നിയമസഭ രാജ്യസഭാംഗമായി തെരഞ്ഞെടുത്തിരുന്നു.)
ഏപ്രിൽ 11, 1979 , ബുധൻ --- നിയമസഭ ഇന്നലെ.
മുഖ്യമന്ത്രിക്ക് ഖേദം, അംഗങ്ങൾക്ക് ക്ഷോപം.
നിയമസഭാസമ്മേളനം നടക്കുമ്പോൾ മന്ത്രിമാരെ സംബന്ധിച്ചിടത്തോളം തലവേദന ഉണ്ടാകുന്ന ഒരു മണിക്കൂറാണ് ചോദ്യോത്തരവേള. വകുപ്പുമന്ത്രി മെമ്പർമാരുടെ നിരവധി ചോദ്യങ്ങൾക്കും അന്വേഷണങ്ങൾക്കും കുറെ പരാമർശങ്ങൾക്കും നിന്ന നിൽപ്പിൽ മറുപടി പറയേണ്ടിവരും. കൂർമ്മ ബുദ്ധിയുള്ള ചില അംഗങ്ങൾ സൂത്രത്തിൽ ചോദിക്കുന്ന ചില ചോദ്യങ്ങൾ മന്ത്രിമാരെ വീട്ടിൽചാടിച്ച അനുഭവങ്ങളും കുറവല്ല. മുൻകൂർ നോട്ടീസ് നൽകിയിട്ടുള്ള ചോദ്യങ്ങൾക്കു മറുപടി പറയുവാൻ ചോദ്യോത്തര വേളയിൽ ചുമതലപ്പെട്ട മന്ത്രിമാർ നിയമസഭയിൽ ഉണ്ടായിരിക്കുക കേരളം നിയമസഭയെ സംബന്ധിച്ചിടത്തോളമെങ്കിലും നിർബന്ധമായ കാര്യമാണ്. എന്നാൽ ഇന്നതിന് അപവാദം സംഭവിച്ചു. മുഖ്യമന്ത്രി പി.കെ.വാസുദേവൻ നായർ തന്നെയാണ് "കൃത്യവിലോപത്തിന്" പ്രതിക്കൂട്ടിൽ കയറേണ്ടി വന്നത്.
ഉത്തര്പ്രദേശിലെ ബസ്തി എന്ന സ്ഥലത്ത് മലയാളികളായ അഞ്ച് നഴ്‌സുമാരെ മാന:ഭംഗപ്പെടുത്തി എന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന ഗവൺമെൻറ് സ്വീകരിച്ച നടപടികളെപ്പറ്റി കേരളാ കോൺഗ്രസ്സിലെ ടി. എം. ജേക്കബ് ഒരു ഷോർട് നോട്ടീസ് ചോദ്യം സമർപ്പിച്ചിരുന്നു. ബന്ധപ്പെട്ട മന്ത്രിയിൽ നിന്നും സമ്മതം ലഭിച്ച ശേഷമാണ് സ്പീക്കർ ഈ പ്രത്യേക ഷോർട് നോട്ടീസ് ചോദ്യം സഭാനടപടികളിൽ ഉൾപ്പെടുത്തുക. ഇന്ന് ചോദ്യോത്തര വേളയിൽ ഈ ചോദ്യത്തിന് ഉത്തരം നൽകേണ്ട സമയത്തു മുഖ്യമന്ത്രി സഭയിൽ ഹാജരില്ലായിരുന്നു. ചോദ്യം സ്പീക്കർ വിളിച്ചു. മറുപടി പറയാൻ ഗവണ്മെന്റ് ഭാഗത്തുനിന്നും ആരും എഴുന്നേറ്റ് കണ്ടില്ല. സഭാനടപടികൾ ഏതാണ്ട് ഒരു മിനിട്ടുനേരം സ്തംഭനത്തിലായി. സഭയിലുണ്ടായിരുന്ന മന്ത്രിസഭാംഗങ്ങൾ പരസ്പരം മുഖം നോക്കിയിരുന്നതല്ലാതെ ആ ചോദ്യത്തിന് മുഖ്യമന്ത്രിക്കുവേണ്ടി ഉത്തരം നൽകുവാൻ ആരും മുമ്പോട്ടു വന്നില്ല. യാതൊരു ശബ്ദവും കൂടാതെ നിമിഷങ്ങൾ മുന്നോട്ടുപോയി. ഇവിടെ എന്താണ് നടക്കുന്നത്? എന്തെങ്കിലും നടപടി നടത്തേണ്ടേ ? പ്രതിപക്ഷ അംഗങ്ങൾ ചോദിച്ചു. സ്പീക്കർ ആ ചോദ്യം ഉപേക്ഷിച്ചുകൊണ്ടു അടുത്ത ചോദ്യത്തിലേക്ക് കടന്നു തൽക്കാലം പ്രതിസന്ധി ഒഴിവാക്കി.
ചോദ്യോത്തരത്തിനുള്ള സമയം കഴിഞ്ഞപ്പോൾ ടി. എം. ജേക്കബ് തന്റെ ചോദ്യത്തിന്റെ ഗതി എന്തായി എന്ന് വ്യക്തമാക്കണമെന്ന് സ്പീക്കറോട് അഭ്യർത്ഥിച്ചു. ഈ അവസരത്തിൽ ഒരു പരിഹാര നിർദ്ദേശവുമായി ആഭ്യന്തര വകുപ്പുമന്ത്രി എഴുന്നേറ്റു. മുഖ്യമന്ത്രി ഇപ്പോൾ സഭയിലില്ല. അദ്ദേഹം നാളെ ഈ ചോദ്യത്തിന് മറുപടി പറയും. അതല്ല, എന്റെ കൈവശമുള്ള വിവരങ്ങൾ അറിയിച്ചാൽ മതിയെങ്കിൽ അത് നൽകാൻ ഞാൻ തയ്യാറാണ് എന്ന് അദ്ദേഹം അറിയിച്ചു. "മുഖ്യമന്ത്രി വന്നിട്ട് മറുപടി പറയട്ടെ" സ്പീക്കർ ഇരുത്തിപ്പറഞ്ഞു.
നിയമസഭയിൽ ഉത്തരം നൽകാൻ ബാദ്ധ്യതപ്പെട്ട മന്ത്രിമാർ സഭയിൽ ഇല്ലാതെ വരുന്നതിനെ മാർക്സിസ്റ്റ് പാർട്ടിയിലെ ടി. കെ. രാമകൃഷ്‌ണൻ കുറ്റപ്പെടുത്തുന്ന തും കേൾക്കാൻ സാധിച്ചു. ഇതിനിടയിൽ മുഖ്യമന്ത്രി പി. കെ. വാസുദേവൻ നായർ തന്റെ അസാന്നിദ്ധ്യത്തിൽ നിർവ്യാജമായ ഖേദം പ്രകടിപ്പിച്ചുകൊണ്ട് സഭയിൽ കടന്നുവന്നു. ഷോർട്ട് നോട്ടീസ് ചോദ്യത്തിന് അവസാനം മാത്രം ഉത്തരം നൽകിയാൽ മതിയെന്ന അടിസ്ഥാനത്തിൽ അല്പം താമസിച്ചുപോയ താണെന്നും നാളെ ഈ ചോദ്യത്തിന് ഉത്തരം നല്കിക്കൊള്ളാമെന്നും മുഖ്യമന്ത്രി പറഞ്ഞത് സഭ പ്രതിഷേധമൊന്നും കൂടാതെ സ്വീകരിച്ചു.
പൊതുമരാമത്ത്, വനം, കൃഷി, എന്നീ വകുപ്പുകൾക്ക് വേണ്ടിയുള്ള ധനാഭ്യർ ത്ഥനകളാണ് ഇന്ന് സഭയിൽ ചർച്ച ചെയ്യപ്പെട്ടത്. സംസ്ഥാനത്തു അത്യാവശ്യം പുതുതായി പണിയേണ്ട റോഡുകൾ, പാലങ്ങൾ, കലുങ്കുകൾ, പുതുക്കി പണി യേണ്ട റോഡുകൾ, ഇവയുടെ നീണ്ട ഒരു ലിസ്റ്റ് ഇന്ന് സംസാരിച്ച അംഗങ്ങൾ മന്ത്രിയുടെ മുമ്പിൽ നിർത്തിവച്ചു. "പോരാ പോരാ കൂടുതൽ കൂടുതൽ" എന്ന തായിരുന്നു എല്ലാവരുടെയും മുദ്രാവാക്യം.
കൃഷിവകുപ്പിനെപ്പറ്റിയുള്ള ചർച്ചയിൽ പങ്കെടുത്തവർ കാർഷികമേഖല അനുഭവിക്കുന്ന ദുരിതങ്ങൾ അക്കവും പുള്ളിയുമിട്ട് വിവരിച്ചു. വനം വകുപ്പി ന്റെ പ്രവർത്തനങ്ങളെപ്പറ്റി പൊതുവിൽ പരാതിയുണ്ടായിരുന്നു. വനങ്ങളിലെ കയ്യേറ്റവും വനഭൂമി വിതരണവും വനംവകുപ്പുദ്യോഗസ്ഥരുടെ കൊള്ളയും ചൂഷണവും ആരോപണവിധേയമായി.
നിയമസഭാനടപടികളിൽ അടിയന്തിര പ്രമേയം ഒരു സാധാരണ ഇനമാണ്. ഇന്നും പോലീസിനെ ബന്ധപ്പെടുത്തി ഒരു അടിയന്തിര പ്രമേയം മാർക്സിസ്റ്റ് പാർട്ടിയിലെ ടി. കെ. രാമകൃഷ്ണൻ കൊണ്ടുവന്നിരുന്നു. മാർക്സിസ്റ്റ് പാർട്ടി പ്രവർത്തകനായിരുന്ന ബാലകൃഷ്ണപിള്ള എന്ന ഒരാളിൻറെ കൊലപാതകം ആയിരുന്നു അടിയന്തിര പ്രമേയത്തിന് ആധാരം. രാഷ്ട്രീയമായ കുറെ കാരണങ്ങളാൽ നടന്ന ഒരു കൊലപാതകമാണിതെന്ന് രാമകൃഷ്ണൻ വാദിച്ചു. യാതൊരു സംഘർഷവും ഇല്ലാത്ത ഒരവസരത്തിൽ കരുതിക്കൂട്ടി നടത്തിയ കൊലപാതകമാണിതെന്നും പോലീസ് കൊലപാതകികൾക്ക് കൂട്ടു നിൽക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. കമ്യുണിസ്റ്റ് പാർട്ടിക്ക് ഒരു കൊലപാതകസംഘം തന്നെ ആലപ്പുഴയിലുണ്ടെന്നും രാമകൃഷ്‌ണൻ പറഞ്ഞു. ആഭ്യന്തരവകുപ്പ് മന്ത്രി കെ. എം. മാണിക്ക് തികച്ചും വ്യത്യസ്തമായ ഒരു ചിത്രമാണ് നല്കാനുണ്ടായിരുന്നത്. രാഷ്ട്രീയമായ സംഘർഷാവസ്ഥ അവിടെ നിലവിലുണ്ടായിരുന്നു. കൊലപാതകം നടന്നു എന്നത് ഒരു യാഥാർത്ഥ്യമാണ്. ബന്ധപ്പെട്ട എട്ട് പ്രതികളെ അറസ്റ്റ് ചെയ്യുകയും നിയമ സമാധാനം പാലിക്കുവാൻ കർക്കശമായ ഏർപ്പാടുകൾ നടത്തുകയും ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. //-
-------------------**************************-----------------
Browse and share: https://dhruwadeepti.blogspot.com
ഈ ഈബ്ളോഗില് പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങളുടെയും ഉത്തരവാദിത്തം അതെഴുതുന്ന വ്യക്തികള്‍ക്കു മാത്രമായിരിക്കും. സഭ്യമല്ലാത്ത ഭാഷയും അപകീര്‍ത്തിപ്പെടുത്തുന്ന പദപ്രയോഗങ്ങളും ഒഴിവാക്കുക-
ധൃവദീപ്തി ഓണ്‍ലൈൻ
https://dhruwadeepti.blogspot.com
for up-to-dates and FW. link Send Article, comments and write ups to :
DHRUWADEEPTI ONLINE LITERATURE.
Published from Heidelberg, Germany, in accordance with the European charter on freedom of opinion and press. DISCLAIMER: Articles published in this online magazine are exclusively the views of the authors.
Neither the editor nor the publisher are responsible or liable for the contents, objectives or opinions of the articles in any form."
FACE BOOK: GEORGE Kuttikattu MOB. + oo49 170 5957371