Sonntag, 3. Februar 2019

ധ്രുവദീപ്തി : ജർമ്മൻ ഡയറി // ജർമ്മനിയിൽ മലയാളികൾക്കും ആഘോഷങ്ങളുടെ നിമിഷങ്ങൾ ! // George Kuttikattu

ധ്രുവദീപ്തി : ജർമ്മൻ ഡയറി //


ജർമ്മനിയിൽ മലയാളികൾക്കും ആഘോഷങ്ങളുടെ 
നിമിഷങ്ങൾ !
George Kuttikattu


ലയാളികൾക്ക് ജർമ്മനിയിൽ പ്രയോജനപ്പെടുത്താവുന്ന രണ്ടാമത്തെ കഴിവ്, തങ്ങളുടെ വാസസ്ഥലങ്ങളുടെ കേന്ദ്രങ്ങളിൽ ഏതെങ്കിലും വിധം ഓരോരോ സംഘടനകൾ സൃഷ്ടിച്ചു ആഘോഷങ്ങൾ നടത്തുക, അതിലൂടെ സംഘടനകളുടെ സംഘാടകനെന്ന പേര് സ്വീകരിക്കുക, തങ്ങളുടെ അതാത് സമാജാവേദികളിൽ കയറിപ്രത്യക്ഷപ്പെടുക എന്ന നിലയ്ക്കുള്ളതായിരുന്നു. അത്തരം കാര്യങ്ങൾ ഒരുക്കി മലയാളികളുടെ സമൂഹത്തിൽ സംഘടനയും സമ്മേളനങ്ങളും നടക്കുമ്പോൾ കലാപരിപാടികൾ അവതരിപ്പിക്കാൻ തക്ക മികവുറ്റ കഴിവുള്ളവരെ പങ്കെടുപ്പിച്ചു ആഘോഷിക്കുവാൻ വളരെ വലിയ ആവേശത്തോടെ നല്ല ശ്രമങ്ങളും നടന്നിരുന്നു. സംഘടനാനടപടികളിൽ എന്റെ സാന്നിദ്ധ്യം കൊണ്ട് എന്തെങ്കിലും ജോലി എനിക്ക് ചെയ്യാനുണ്ടെന്ന് അത്തരം അവസരങ്ങളിൽ എനിക്ക് ഒരിക്കലും തോന്നിയിരുന്നില്ല. എന്നാൽ അതിലധികമായി ഞാൻ ആഗ്രഹിച്ചുമില്ല. അതിനാൽ കുറെ വർഷങ്ങളായി ഹൈഡൽബെർഗ്ഗിൽ പ്രവർത്തിച്ചിരുന്ന മലയാളികളുടെ സമാജങ്ങളിലും അംഗമായിരുന്നില്ല.

ലോകമെമ്പാടും മലയാളികൾ സൃഷ്ടിക്കുന്ന അനേകം സമാജങ്ങളെന്നോ സംഘടനകൾ എന്നോ പേരിലുള്ള പ്രസ്ഥാനങ്ങളെല്ലാം ഏതെങ്കിലും ക്രിയാത്മക പ്രവർത്തനങ്ങൾക്കു വേണ്ടിയുള്ള  പദ്ധതികളോ ഉദ്ദേശങ്ങളോ ലക്ഷ്യമാക്കിയുള്ളതല്ല. അപ്രകാരമുള്ളതായിരുന്നെങ്കിൽ ജീവിക്കാൻ തൊഴിൽതേടി മറുനാട്ടിലെത്തുന്നതിനുമുമ്പേ അവരെയൊക്കെ "പ്രവാസി"കളെന്ന പേര് നൽകി അവരുടെ മാതൃരാജ്യത്തിലെ മൗലീക അവകാശങ്ങൾ കേരള സർക്കാർ ഇല്ലെന്നാക്കുകയില്ലായിരുന്നു. എന്തിനും ഏതിനും പ്രവാസിമലയാളികളെ ചൂഷണം ചെയ്യാൻ വേണ്ടി മന്ത്രിമാരും ജനപ്രതിനിധികളെന്ന രാഷ്ട്രീയക്കാരും ലോകമെമ്പാടും സ്വീകരണങ്ങൾ ഏറ്റുവാങ്ങി നികുതിപ്പണം ചെലവാക്കി കറങ്ങി യാത്രചെയ്യുന്നു.!! 

ജർമ്മനിയിലെ ഹൈഡൽബർഗിൽ എനിക്ക് ചില പ്രത്യേക അനുഭവങ്ങൾ ഉണ്ടായി. അതിൽ ഒന്നു രണ്ടു കാര്യങ്ങളിൽ എനിക്ക് ഒരു പക്ഷെ അവയോട് ചില പ്രത്യേകാഭിരുചിയുണ്ടെന്നും തോന്നിയിരുന്നു. അത്കൊണ്ട് പുതിയ  ഒരു മലയാളി സംഘടനയിൽ ഞാൻ സജ്ജീവമായി പ്രവർത്തിക്കണമെന്നു തോന്നുകയും ചെയ്തു. ജർമ്മനിയിൽ ബാഡൻ വ്യുർട്ടംബർഗ് സംസ്ഥാനത്തിൽ ജോലിചെയ്തിരുന്ന മലയാളിനഴ്‌സുമാരുടെ തൊഴിൽ പ്രതിസന്ധിയിലും, കോട്ടയത്തെ ഗാന്ധി സർവ്വകലാശാലയും ജർമ്മനിയിലെ ഹൈഡൽബെർഗ് Karl- Ruprecht എലൈറ്റ് സർവ്വകലാശാലയും തമ്മിലുള്ള പങ്കാളിത്തത്തിനു വേണ്ടി ശ്രമിച്ചിരുന്ന പ്രവർത്തനങ്ങളും അതുപോലെ സീറോ മലബാർ റീത്തുപ്രകാരം മലയാള ഭാഷയിലുള്ള കുർബാന നടത്തുവാനുള്ള ജർമ്മൻ ലത്തീൻസഭാ മെത്രാന്റെ അനുവാദത്തിനും മറ്റുമുള്ള എന്റെ ശ്രമങ്ങൾ ചില സംഘടനാ പ്രവർത്തകർക്ക് ഇഷ്ടപ്പെട്ടെന്നാണ് എനിക്ക് കാണാനും കഴിഞ്ഞത്. അങ്ങനെ, സംഘടനാ പ്രവർത്തകർ അവരുടെ പ്രവർത്തന കാര്യയോഗങ്ങളിൽ സംബന്ധിക്കുവാൻ എന്നെയും ക്ഷണിച്ചു.  ഞാൻ കേരളാ- ജർമ്മൻ കൾച്ചറൽ ഫോറം എന്ന പുതിയ പേരിൽ തുടങ്ങിയ ഒരു സംഘടനയിൽ ജനറൽ സെക്രട്ടറിയെന്ന നിലയിൽ പ്രവർത്തിക്കണമെന്ന ആശയം ഉണ്ടായി. 

കാലക്രമത്തിൽ ചില കാര്യങ്ങൾ എനിക്ക് ബോദ്ധ്യപ്പെട്ടു. ജർമ്മനിയിൽ  മലയാളികളുടെ മനസ്സ് ഓരോരോ സംഘടനകൾ കൊണ്ട് നിറയുന്നതല്ലാതെ, അവരുടെ സ്വന്തം സാമൂഹിക സാംസ്കാരിക വളർച്ചയിൽ, മലയാളികളുടെ കേരളാ- ജർമ്മൻ സമ്പർക്കവും സ്വാധീനവും കൊണ്ട് മാത്രം ഏറെയൊന്നും നേടാനായിട്ടില്ല എന്നതായിരുന്നു ദീർഘകാലത്തെ  അനുഭവ യാഥാർത്ഥ്യം. സമാജങ്ങളിൽ പ്രവർത്തിക്കുന്നവരോട് ഇങ്ങനെയുള്ള  ഓരോ  പ്രായോഗിക
കാര്യങ്ങളെപ്പറ്റിയുള്ള  തുറന്ന യാഥാർത്ഥ്യങ്ങൾ, അതെങ്ങനെയാണെന്ന് പറയാൻ വളരെ പ്രയാസവുമാണ്. ഞാനെഴുതുന്നത് എന്റെ വ്യക്തിപരമായ അഭിപ്രായമാണ്. 

ഏതെങ്കിലുമൊരു സംഘടനയുടെ ധാർമ്മികമായ വളർച്ചയുടെ  എത്ര വലിയ ഉയർച്ചയുടെയും അങ്ങേയറ്റത്തെത്തുവാൻ വേണ്ടത് എന്തായിരിക്കണം? അതിനോടുള്ള തികഞ്ഞ ആത്മാർത്ഥതയും കഠിനാദ്ധ്വാനത്തിന്റെ ഫലവുമായിരിക്കണം. സംഘടന  സ്ഥാപിക്കുവാൻ ഞാനുൾപ്പടെ ചിലർ തുടങ്ങിയെങ്കിലും കുറഞ്ഞൊരു നാളുകൾ മാത്രമേ എനിക്ക് അതിൽ പ്രവർത്തിക്കാൻ ഇഷ്ടപ്പെട്ടുവെന്നുള്ളത് എന്നെ ഒരിക്കലും വേദനിപ്പിച്ചില്ല. ഈ സംഘടനയുടെ പ്രവർത്തനം കുറെ നാളുകൾ ഉണ്ടായി. അനുഭവം കൊണ്ട് എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞത്, മനുഷ്യൻ ഓരോ പദ്ധതി ആസൂത്രണം ചെയ്യുകയും ദൈവം അത് ഇളക്കി മറിക്കുകയും ചെയ്യുന്നു എന്നാണ്. ലോകമെമ്പാടും മലയാളികളുടെ ഓരോ സമാജങ്ങൾ  ഓരോ വർഷത്തിന്റെയും  പല ഘട്ടങ്ങളിൽ ചിലരുടെ കലാ-സാംസ്കാരിക മതാചാര വേദികൾക്ക് ഇണങ്ങിയ സൗകര്യമൊരുക്കിയിട്ട് സമ്മേളിക്കുന്നത് സാധാരണ പതിവായിരുന്നു. ഒരുമിച്ചു  പരിചിതരുമായി അന്യോന്യം സുഖദുഃഖങ്ങൾ പങ്കിടുവാനും സമാജങ്ങൾ ഉപകരിച്ചിരിക്കാം. എന്നാൽ അതിനപ്പുറം ഒരു മാനുഷികമായ ആവശ്യങ്ങൾക്ക് ഏതെങ്കിലും സാമൂഹ്യസേവനത്തിന്റെ പ്രതീകമായി വികസിപ്പിക്കുവാൻ ഒരു മലയാളി സമാജങ്ങൾക്കോ അതുപോലെ ക്രിസ്ത്യൻ സഭകളുടെ പ്രതിനിധികൾക്കോ മലയാളികളായ പുരോഹിതന്മാർക്കോ  ഇന്നുവരെ കഴിഞ്ഞിട്ടില്ല. എന്റെ അഭിപ്രായത്തോട് യോജിക്കാത്തവരും ഉണ്ടാകാം.

ജീവസ്സുറ്റതും വർണ്ണോജ്വലവും അതിലേറെ മാതൃകാപരവുമായ ഒരു ഐക്യ  മാതൃകാ സമൂഹം നമുക്കുണ്ടാകണം എന്ന ആശയം  നാമെല്ലാവരും ഇന്നും എക്കാലവും ഉണർന്നു  ചിന്തിക്കേണ്ടതാണെന്ന കാര്യങ്ങൾ ഉണ്ടായിട്ടുണ്ട്. സാമൂഹ്യജീവിതത്തിൽ ഓരോ മനുഷ്യനും ഏതെങ്കിലും വിശ്വാസ മൂല്യങ്ങളിൽ കാത്തൂസൂക്ഷിക്കുവാൻ ശ്രമിക്കുന്നുണ്ട്. ഒരു മുസ്ലീമോ, ഹിന്ദുവോ, ക്രിസ്ത്യാനിയോ ആകട്ടെ, ഏതോ മതവിശ്വാസ സംവിധാനത്തിൽപ്പെട്ടവരായിരിക്കുന്നു എന്നത് കാണാം. യൂറോപ്പിൽ ക്രിസ്ത്യാനികൾ ഉണ്ട്. അതുപോലെ മുസ്ലീമുകൾ, ഹിന്ദുക്കൾ, യഹൂദർ എന്നിങ്ങനെ വിവിധ മതങ്ങളിൽ വിശ്വസിക്കുന്നവരും ഉണ്ടല്ലോ. ക്രിസ്ത്യാനികളിൽ റോമൻ കത്തോലിക്കരും, പ്രൊട്ടസ്റ്റന്റ് വിഭാഗത്തിലെ ക്രിസ്ത്യാനികളും ഉണ്ട്; മറ്റ് വിവിധ കത്തോലിക്കാ റീത്തുകളിൽപെട്ടവരും, പ്രൊട്ടസ്റ്റന്റ് വിഭാഗത്തിലുമുള്ള ക്രിസ്ത്യാനികളും ഉണ്ട്. ജർമ്മനിയിൽ കത്തോലിക്കർ ലത്തീൻ റീത്ത് പള്ളികളിൽ പോകുന്നു. ജർമ്മനിയിലുള്ള മലയാളികളിൽ ഏറെയും കേരളത്തിന്റെ മുൻകാല പാരമ്പര്യത്തിലുള്ള സീറോമലബാർ റീത്തിൽപ്പെട്ടവരും കുറേപ്പേർ ലത്തീൻവിഭാഗത്തിലും, ചിലർ ക്‌നാനായ വിഭാഗത്തിലും, സി. എസ്. ഐ, മറ്റുചിലർ യാക്കോബായ സഭയിലുമുള്ളവർ എന്നിങ്ങനെ ക്രിസ്ത്യൻ വിഭാഗങ്ങളിൽപെടുന്നവരാണ്. ഇവരെല്ലാം ജർമ്മനിയിലെ ലത്തീൻ പള്ളികളിലേക്കാണ് പോകുന്നത് എന്ന് കാണാം. 

ജർമ്മനിയിലാകട്ടെ സീറോമലബാർ രൂപതകളോ ഇടവകകളോ ഇതുവരെ ഇല്ല. കേരളത്തിൽ നിന്നും ജർമ്മനിയിലെത്തി ജോലിചെയ്യുന്ന സീറോ-മലബാർ റീത്തിൽപ്പെട്ട പുരോഹിതരാകട്ടെ ലത്തീൻ റീത്തിൽപ്പെട്ട ജർമ്മൻ രൂപതകൾക്കു വേണ്ടി ജോലി ചെയ്യുന്നവരാണ്. അവരാകട്ടെ കേരളത്തിൽ ലത്തീൻ റീത്തുകാരെയും മാർപാപ്പയുടെ അധികാരത്തെയും പോലും ഏറെ വെറുത്തു സംസാരിക്കുന്നവരുമാകാം. അക്കാര്യത്തിലും മലയാളികളുടെ സംഘടനകളിലുള്ള തീക്ഷ്ണതപോലെ അവരുടെ മനസ്സിലിരിപ്പ് മറ്റൊന്നാണ്. സീറോമലബാർ റീത്തിലെ വി. കുർബാന മലയാളത്തിൽ അർപ്പിക്കുന്നതിനു അനുവാദം സംബന്ധിച്ച് നടന്ന ചർച്ചയിൽ ഇന്നുള്ള കർദ്ദിനാൾ സോളിച്ച് ഒരു കാര്യം അന്ന് പറഞ്ഞു:  ജർമ്മനിയിൽ ഒരു സീറോ മലബാറിന്റെ രൂപതയോ ഇടവകകളോ  അനുവദിക്കുകയില്ലെന്നും, വൈദികരെ നിങ്ങൾ സ്വയം ഏർപ്പാട് ചെയ്യണമെന്നും,  വി. കുർബാനകൾക്കായി ജർമ്മൻ രൂപതകളിലെ പള്ളികൾ അനുവദിച്ചിരിക്കുന്നുവെന്നും ആണ് എന്നോട് പറഞ്ഞിരുന്നത്.. 

ഇന്നും അപ്രകാരം തുടരുന്നു. യൂറോപ്പിൽ മലയാളികൾക്കുവേണ്ടി ജോലി ചെയ്യുന്ന മെത്രാന്മാർ പ്രവർത്തനശൈലിയിൽ കേരളത്തിലെ രാഷ്ട്രീയ ജനപ്രതിനിധികളുടെ സമാനമായ പ്രവർത്തനശൈലിയാണവർ അവിടെ അനുവർത്തിക്കുന്നതെന്ന കാര്യം പറയാതെ പോകുന്നത് ശരിയല്ല. ഉദാ: വത്തിക്കാനിൽ, ഇംഗ്ലണ്ടിൽ, അമേരിക്കയിൽ, എന്നുവേണ്ട എവിടെയെല്ലാം സീറോ മലബാർ സഭാ മെത്രാന്മാർ ഉണ്ടോ അവിടെയെല്ലാം സഭാംഗങ്ങളുടെ ഉയർച്ചയല്ല, സ്വന്തം ഉയർച്ചയ്ക്കും അവരുടെ രാജകീയ ചിന്താഗതിയിലുള്ള സ്വേച്ഛാധിപത്യരീതിയ്ക്കും സ്വകീയമായ കീർത്തിക്കുംവേണ്ടി മാത്രമാണ് നിലകൊള്ളുന്നത്. സീറോമലബാർ സഭയാണോ റോമിലെ മാർപാപ്പയുടെ നേതൃത്വത്തിലുള്ള കത്തോലിക്കാ സഭയാണോ വലുത് എന്ന മേൽക്കോയ്‌മ വെല്ലുവിളിയാണ് കാണാനുള്ളത്. മലയാളികൾ സമ്മേളിക്കുന്ന ഇടങ്ങളിൽ ഇവരുടെ സാന്നിദ്ധ്യവും ഇടപെടലുകളും പഴയകാല മെത്രാന്മാരുടെ ഏതോ കോൺസർവേറ്റിവ് ചിന്താഗതിയിലേയ്ക്ക് മാറുകയാണ്. എവിടെയും പതിവ് പണപ്പിരിവും അതിനുവേണ്ടി അവരെല്ലാം നടത്തുന്ന സമ്മർദ്ദതന്ത്രങ്ങളും വിദേശങ്ങളിൽ അടുത്ത കാലത്തായി ഉണ്ടാകുന്നുണ്ട് .

1990 കൾ കഴിഞ്ഞതോടെ ജർമ്മനിയിൽ മലയാളികൾ എല്ലാ വർഷങ്ങളും തുടർച്ചയായി മലയാളികളുടെ കേരളമേളയുടെ ആഘോഷങ്ങളും, കേരള ക്രിസ്ത്യൻ വിഭാഗങ്ങളിലുള്ള മലയാളികൾ അവരുടെ വിശ്വാസക്രമത്തിൽ സമ്മേളനങ്ങളും ലിറ്റർജി ചടങ്ങുകളും മുടക്കം കൂടാതെ നടത്തിവരുന്നുണ്ട്. മലയാളികൾ കേരളത്തിന്റെ വികസനകാര്യങ്ങളിൽ ഏറെ നിരീക്ഷണം ചെയ്തിരുന്നു. അതിനു ഉദാഹരണമാണ്, കേരളത്തിലെ എല്ലാ നഗര- ഗ്രാമീണ റോഡുകൾ നവീകരിക്കുക, റോഡ് ഗതാഗത വ്യവസ്ഥകളും നിയമങ്ങളും കർശനമായി പാലിക്കുവാൻ നടപടി ഉണ്ടാകണമെന്നുള്ള നിർദ്ദേശങ്ങൾ ജർമ്മൻ മലയാളിസമൂഹം കേരള സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. അത് പോലെ തന്നെ കേരളത്തിൽ അനാവശ്യമായി എന്തിനും ഏതിനും ഓരോ ബന്ദുകളും പണിമുടക്കുകളും നിരോധിക്കണമെന്ന ആവശ്യം മലയാളികൾ ഉന്നയിച്ചുതുടങ്ങിയിട്ട് നാളുകൾ ഏറെയായി. കാൽനടയാത്രക്കാർക്ക്പോലും നടക്കാനുള്ള പാർശ്വവഴി ഇല്ലാത്ത റോഡുകളാണ് ഇപ്പോഴും കേരളത്തിൽ നിർമ്മിക്കുന്നത്. പുതിയ റോഡുകളിൽ കടന്നുപോകുന്ന വാഹനങ്ങൾ തട്ടി കാൽനടക്കാർ ദിവസവും മരണപ്പെടുന്ന വാർത്തയുണ്ട്.

ജർമ്മൻ മലയാളി സംഘടനകൾ ഇങ്ങനെയുള്ള പല നിർദ്ദേശങ്ങളും വിലയിരുത്തലകളും എല്ലാവർഷങ്ങളും സംഘടിപ്പിക്കുന്ന  മലയാളികളുടെ സമ്മേളനങ്ങളിലും കേരളസർക്കാറിനോടും ജർമ്മനിയിലെത്തുന്ന വിവിധ രാഷ്ട്രീയത്തിലെ ജനപ്രതിനിധികളോടും എക്കാലവും  നിർദ്ദേശിച്ചിട്ടുള്ള  വിഷയങ്ങളായിരുന്നു. എന്നാൽ, കേരളത്തിലെ  മന്ത്രിമാരും നിയമസഭാ-പാർലമെന്റ് അംഗങ്ങളുമൊക്കെ എത്രയോ തവണകൾ ജർമ്മനിയിൽ വന്നു സന്ദർശനം നടത്തി പോയിരിക്കുന്നു!. എന്നിട്ടും കേരളത്തിൽ ആവശ്യമായ എന്തെങ്കിലും മാറ്റങ്ങളോ യാതൊരു പുരോഗമനങ്ങളോ ഉണ്ടാക്കിയിട്ടില്ല. മറുനാട്ടിലെ മലയാളിജീവിതം കണ്ടു മനസ്സിലാക്കിയെന്നു പറയുന്ന ഇവർ മലയാളികളുടെ ജന്മനാട്ടിൽ ലഭിക്കേണ്ട അവകാശങ്ങൾ ഹനിക്കുകയാണ്.

എല്ലാ വർഷങ്ങളും  മുടക്കമില്ലാതെ മലയാളികൾ സംഘടിപ്പിക്കുന്ന ജർമൻ മലയാളിസമ്മേളനങ്ങളിൽ കേരളത്തിൽ നിന്നും അനേകം പ്രമുഖർ വരുന്നു. കലാ സാംസ്കാരിക- രാഷ്ട്രീയതലങ്ങളിൽ പ്രവർത്തിക്കുന്നവരും വിവിധ മതനേതൃത്വങ്ങളും വന്നു സംബന്ധിച്ച് സ്വീകരണം വാങ്ങി അവർ തിരിച്ചു പോയിട്ടുണ്ട്. കേരളത്തിലെ സാഹിത്യകാരന്മാർ, മന്ത്രിമാർ, പ്രാദേശിക ജനപ്രതിനിധികൾ, സിനിമാതാരങ്ങൾ, മതാചാരസംരക്ഷകർ, തുടങ്ങിയ അനേകംപേർ അവരിൽപ്പെടും. ഇതിനെല്ലാം കാരണമായത്, മലയാളികൾ ഏതു രാജ്യത്തു പോയി വസിച്ചാലും അവരുടെ തനിമനിറഞ്ഞ സാംസ്കാരിക വിശ്വാസജീവിത ശൈലി തീരെ ഉപേക്ഷിക്കാത്തവരായതിനാൽ തങ്ങളുടെ മാതൃരാജ്യ ജീവിതവഴികളെയും പരിപാലിക്കുവാൻ ശ്രമിച്ചിട്ടുണ്ടായിരുന്നു. അതിനാൽ വിശ്വാസജീവിതവഴികളെയോ കലാ സാംസ്കാരിക വളർച്ചയുടെ ഉദ്ദേശങ്ങളോ ലക്ഷ്യമാക്കിക്കൊണ്ടുള്ള സമ്മേളനങ്ങളിലേയ്ക്ക് പലപ്പോഴും കേരളത്തിലെ പൊതുവേദികളിൽ പ്രവർത്തിക്കുന്നവരെ ക്ഷണിക്കുന്ന ഒരു പതിവുണ്ടായി. ജർമ്മനിയിൽ എല്ലാ വർഷങ്ങളിലും സംഘടിപ്പിക്കുന്നതായ കേരള മേളകൾ, അതുപോലെ ജർമ്മൻ മലയാളി സമാജങ്ങളുടെ പ്രത്യേക ആഘോഷങ്ങൾ തുടങ്ങിയ അവസരങ്ങളിൽ മത- രാഷ്ട്രീയ-സാംസ്കാരിക മണ്ഡലങ്ങളിൽ പ്രവർത്തിക്കുന്നവർ എത്തിച്ചേർന്നിരുന്നു.

ഈ കാലഘട്ടത്തിൽ ആയിരുന്നു 2003 ഡിസംബർ 28 ന്  കേരളാ- ജർമ്മൻ കൾച്ചറൽ ഫോറം എന്ന മലയാളി സംഘടനയും കൂടി ഹൈഡൽബർഗിൽ സൃഷ്ടിച്ചത്. എല്ലാ സംഘടനകളെയും പോലെ പ്രവർത്തനശൈലിയിൽ ഒരു പ്രത്യേകതകൾ ഉണ്ടായിരുന്നതായി എനിക്ക് തോന്നിയിരുന്നില്ല. പലപ്പോഴും സംഘടന പ്രവർത്തകർ ഒഴിവ് സമയങ്ങൾ പരസ്പരമുള്ള കൂടിച്ചേരലുകൾക്ക് അവസരമൊരുക്കി. മറുനാട്ടിലേയ്ക്ക് ജീവിതം പറിച്ചുനടപ്പെട്ട "മറുനാടൻ "മലയാളിയുടെ മനസ്സിലേയ്ക്ക് ജന്മനാടിന്റെ മധുരം പകർന്നുതരാൻ, മടി നിറയെ മധുരിക്കുന്ന ഓർമ്മകൾ പങ്കുവയ്ക്കാൻ, മലയാളത്തിന്റെ മഹാ ഹാസ്യസാഹിത്യ ചക്രവർത്തിയായിരുന്ന വേളൂർ കൃഷ്‍ണൻകുട്ടിയും, നാട്ടിൻപുറത്തിന്റെ ജീവന്റെ തുടിപ്പുള്ള കഥകൾ പറഞ്ഞു മലയാളിയെ ചിരിപ്പിച്ചുറക്കിയ ഹാസ്യകഥാ കാഥികനായിരുന്ന വി. ഡി. രാജപ്പൻ തുടങ്ങി കേരളത്തിന്റെ തിളങ്ങുന്ന പ്രതിഭകൾ എല്ലാവരും തന്നെ ജർമ്മനിയിൽ വന്നു. അതുപോലെ തന്നെ സിനിമാരംഗത്തു പ്രവർത്തിക്കുന്ന പ്രസിദ്ധരായ സംവിധായകർ, സാഹിത്യകാരന്മാർ, പത്രപ്രവർത്തകർ, വിവിധ രാഷ്ട്രീയ പാർട്ടികളുടെ നേതാക്കൾ, വിവിധ സമുദായ നേതാക്കൾ, മതനേതാക്കൾ തുടങ്ങിയവർ ജർമ്മൻ മലയാളികളുടെ ജീവിത വേദിക്ക് ആഘോഷങ്ങളുടെ നിറപ്പകിട്ടും പങ്കാളിത്തവും സൗഹൃദങ്ങളും പങ്കുവച്ചു കടന്നുപോയിരുന്നു. അവരിൽ പ്രമുഖരായിരുന്നു, കർദ്ദിനാൾ മാർ വർക്കി വിതയത്തിൽ, പ്രസിദ്ധ കവി K. സച്ചിതാനന്ദൻ, ഓ. എൻ. വി. കുറുപ്പ്, സാഹിത്യകാരൻ സക്കറിയ തുടങ്ങിയവരും മാത്രമല്ല, അന്തർദേശീയ ഫിലിം ഫെസ്റ്റിവലിനെത്തിയ മലയാള സിനിമാ രംഗത്തു പ്രവർത്തിക്കുന്ന പ്രസിദ്ധരായ നിർമ്മാതാക്കൾ, കേരളത്തിലെ വിവിധ തരം ക്രിസ്ത്യൻ വിഭാഗങ്ങളുടെയും മെത്രാന്മാർ, സമുദായ-രാഷ്ട്രീയ പാർട്ടി നേതൃത്വങ്ങൾ, മലയാളഭാഷാചരിത്രത്തിൽ ചരിത്രം സൃഷ്ടിച്ച ഫ്രാങ്ക്ഫർട്ട് പുസ്തകമേളയും ഇന്ത്യയുടെ മഹത്തായ പങ്ക് വിജയിപ്പിക്കാൻ ജർമ്മനിയിൽ എത്തിച്ചേർന്നിരുന്ന അനേകം പ്രമുഖർ,  അതുപോലെതന്നെ ഇന്ത്യയുടെ ഹിന്ദുമതത്തിലെ പ്രമുഖരായിട്ടുള്ളവരിൽ  മുഖ്യനേതൃനിരയിൽ അറിയപ്പടുന്ന കേരളീയരിൽപ്പെട്ടവരുടെ പട്ടികയിൽ അമൃതാനന്ദമയി തുടങ്ങിയവരും ജർമ്മൻമലയാളികളുടെ തൊഴിലധിഷ്ഠിത സാമൂഹ്യജീവിതത്തെപ്പറ്റി വളരെയടുത്തു മനസ്സിലാക്കിയ വിശിഷ്ഠ അതിഥികൾ  ആയിരുന്നു. ഇക്കാര്യങ്ങൾ സംബന്ധിച്ചുള്ള ചില വിശദമായ വിവരങ്ങൾ അടുത്ത കുറിപ്പിൽ പിന്നീട് വിശദീകരിക്കുന്നതാണ്‌.  

അതുപോലെതന്നെ ഇന്ത്യയിൽനിന്നുള്ള ഹിന്ദുമതത്തിൽപ്പെട്ടവരിൽ ഏറെ   പ്രമുഖരായിട്ടുള്ളവരുടെ മുഖ്യനേതൃനിരയിൽ അറിയപ്പടുന്ന കേരളീയരുടെ പട്ടികയിലുള്ള മാതാ അമൃതാനന്ദമയി ജർമ്മൻ ജനസമൂഹത്തിൽ വളരെ  വലിയ ശ്രദ്ധ നേടിയിരുന്നു. 2004- ഒക്ടോബർ മാസത്തിൽ ജർമ്മനിയിലെ പ്രസിദ്ധമായ സർവ്വകലാശാലാ നഗരമെന്നറിയപ്പെടുന്ന ഹൈഡൽബെർഗ്ഗ് നഗരത്തിനു തൊട്ടടുത്തുള്ള മാൻഹൈമിൽ അമൃതാനന്ദമയിയുടെ ജർമ്മൻ അനുയായികൾ സംഘടിപ്പിച്ച ഒരു പ്രാർത്ഥനായോഗത്തിൽ പങ്കെടുക്കാൻ എത്തിയ മാതാ അമൃതാനന്ദമയി മലയാളികളെക്കുറിച്ചു അന്വേഷിച്ചതായി എനിക്ക് യോഗ സംഘാടകരിൽ നിന്നും അറിവ് ലഭിച്ചു. ഞാൻ അക്കാലത്ത്  കേരള- ജർമ്മൻ കൾച്ചറൽ ഫോറത്തിന്റെ ജനറൽ സെക്രട്ടറിയായിട്ടാണ്  പ്രവർത്തിക്കുന്നത്. മലയാളികളുടെ ഒരു ജർമ്മൻ സംഘടനാപ്രതിനിധിയായ ഞാനുമായി കണ്ടു സംസാരിക്കുവാൻ അവർക്ക് താല്പര്യമുണ്ടെന്നറിച്ചു. അമൃതാനന്ദമായിയുടെ പ്രധാനപ്പെട്ട സഹയാത്രികനായിരുന്ന സ്വാമി അമൃത സ്വരൂപാനന്ദയുടെ താൽപ്പര്യം എന്നെ ഒരാൾ വന്ന് അറിയിച്ചു. അദ്ദേഹത്തിൻറെ ക്ഷണം ഞാൻ സ്വീകരിച്ചു. അതിശയകരമായ അനുഭവം മാൻഹൈമിലെത്തിയ എനിക്കപ്പോൾ അനുഭവമായി. നേരത്തെ പറഞ്ഞ സമയത്തു തന്നെ ഞാൻ മാൻഹൈമിലെ അവരുടെ പ്രാർത്ഥനാ സമ്മേളന ഹാളിന്റെ മുമ്പിലെത്തിച്ചേർന്നു. സ്വാമി അമൃത സ്വരൂപാനന്ദ സമ്മേളന ഹാളിന്റെ പ്രധാന വാതിൽക്കൽ എന്നെ കാത്തു നിന്നിരുന്നു. അദ്ദേഹം ഉടനെ തന്നെ എന്നെ ആയിരങ്ങളിരിക്കുന്ന ആ വലിയ സമ്മേളന ഹോളിൽ   ഒരുക്കിയിരുന്ന വേദിയിൽ   മാതാ അമൃതാനാന്ദമയിയുടെ അടുക്കലേക്ക് കൂട്ടികൊണ്ടു പോയി. മാൻഹൈമിലെ സമ്മേളനഹാൾ നിറയെ അമൃതാനന്ദ മയിയുടെ ജർമ്മൻകാരായ ആരാധകരെക്കൊണ്ട് അപ്പോൾ പൂർണ്ണമായും നിറഞ്ഞിരുന്നു. അന്ന് മാൻഹൈം നഗരവാസികൾ അത്യാദരപൂർവ്വമുള്ള പ്രൗഢിയേറിയ സ്വീകരണമാണ് നൽകിയത്. അമൃതാനന്ദമായി ഇരുന്നിരുന്ന സമ്മേളന സ്ഥാനം ഭീമാകാരമായ പന്തലായിരുന്നില്ല, മറിച്ചു, വളരെയേറെ  വോളണ്ടറിയന്മാർ പ്രൗഢിയേറിയ ഒരു വിശാലമായ ഹാളിന്റെ വേദിയിൽ ഉപവിഷ്ടരായിരുന്ന സ്വാമിമാർ, അനേകം ഭക്തന്മാർ,  എല്ലാം കണ്ട് ഞാൻ അമ്പരന്നു. ആ വലിയ ഒരു സദസ്സിൽ എന്റെ സ്ഥാനം എന്താണെന്ന് ചിന്തിച്ചു സ്വയം അത്ഭുതപ്പെട്ടു. ഭാഗ്യവശാൽ എന്റെ സ്വന്തം പ്രതീക്ഷകളോ ആവശ്യങ്ങളോ എല്ലാറ്റിലും മിതമായിരുന്നു.

 News- Malayala Manorama-25-Oct- 2004 (വിദേശം)
മാതാ അമൃതാനന്ദമയി (R), 
സ്വാമി അമൃതസ്വരൂപാനന്ദ (M)
George Kuttikattu (L)   
സ്വാമി അമൃത സ്വരൂപാനന്ദയാണ് എന്നെ മാതാ അമൃതാനന്ദമയിയ്ക്ക് നേരിട്ട് പരിചയപ്പെടുത്തിയത്. "ജർമ്മനിയിൽ ഹൈഡൽബർഗിൽ താമസിക്കുന്ന മലയാളിയാണ് ഞാനെന്നും ഒരു "കേരളാ- ജർമ്മൻ കൾച്ചറൽ ഫോറം"  സംഘടനയുടെ സെക്രട്ടറിയാണ് " എന്ന് പറഞ്ഞാണ് അദ്ദേഹം പരിചയപ്പെടുത്തിയത്. അമൃതാനന്ദമയിയുടെ സംഭാഷണ വിഷയങ്ങളെല്ലാം ഇന്ത്യയിലെ പൊതുജനസമൂഹത്തിന്റെ ബഹു മുഖമായിട്ടുള്ള എല്ലാ വികസനവും പൊതു   നന്മയെക്കുറിച്ചുള്ളതുമായ വിവിധ കാര്യങ്ങളെപ്പറ്റിയും  അവരുടെ സ്വന്തമായ തമിഴ്- മലയാള ഭാഷാരീതിയിൽ എത്രകേട്ടാലം അത് അധികമായെന്നു എനിക്ക് അപ്പോൾ തോന്നിയിരുന്നില്ല. പ്രതീക്ഷിച്ചതിലും വളരെ അപ്പുറത്തു കടന്നുള്ള സന്തോഷകരമായ ഒരുനല്ല  സ്വാഗതമാണ് ശ്രീമതി അമൃതാനന്ദമയി എനിക്ക് നൽകിയതെന്ന് പറയട്ടെ. എന്നിരുന്നാലും, അന്നും ഇന്നും ഞാൻ ഒരിക്കലും അമൃതാനന്ദമയിയുടെ ഒരു ആരാധകനോ ഭക്തനോ അല്ല എന്ന് തുറന്നു പറയട്ടെ. കേരളത്തിലെ  മലയാള മാദ്ധ്യമങ്ങളിൽ ഞങ്ങളുടെ കണ്ടുമുട്ടൽ ഫോട്ടോ കണ്ടവർ പലരും എന്നോട് ചോദിച്ചു ഞാൻ അമൃതാഭക്തനായി മാറിയോ എന്ന് ചോദിച്ചിരുന്നു. ഞങ്ങൾ പല സാമൂഹിക വിഷയങ്ങളെപ്പറ്റിയും സംസാരിച്ചു. "നമ്മുടെ മലയാളികൾ ജീവിക്കുന്നത് ഏതുരാജ്യത്തുമാകട്ടെ, നമ്മുടെ തനതായ ആത്മീയവിശ്വാസ മൂല്യങ്ങൾ നഷ്ടപ്പെടുത്താതെ കാത്തു സൂക്ഷിക്കണം" എന്ന സന്ദേശമാണ് പ്രധാനമായും പറഞ്ഞത്. മാൻഹൈമിലെ പ്രാർത്ഥനായോഗത്തിനിടെ വന്നെത്തിയിരുന്ന അനേകം ഭക്തരെ അനുഗ്രഹിക്കുന്ന മാതാ അമൃതാനന്ദമയി ഞാനുമായിട്ട് സംസാരിക്കുന്ന അവസരത്തിൽ സമീപത്ത് എന്നെ അമൃതാനന്ദമയിയുടെ അടുത്തേയ്ക്ക് ആനയിച്ചിരുന്ന സ്വാമി അമൃത സ്വരൂപാനന്ദയും ഞങ്ങളുടെ അടുത്തുതന്നെ ഇരുന്നിരുന്നു.

അമൃതാനന്ദമയിക്ക് ജർമ്മൻ നഗരമായ മാൻഹൈമിലെ നിവാസികളാകട്ടെ  അത്യാദരപൂർവ്വം വരവേൽപ്പ് നൽകി. പ്രസിദ്ധമായ "മേയ് മാർക്കറ്റ് ഹാൾ" അമൃതാനന്ദമയിക്ക് വേണ്ടി തുറന്നു കൊടുത്തു."ഏതു സംസ്കാരത്തിന്റെയും നല്ലവയെ സ്വീകരിക്കാം, പക്ഷെ, വിദേശങ്ങളിൽ ജനിക്കുന്നവരായ നമ്മുടെ കുഞ്ഞുങ്ങളെ നമ്മുടെ മാതൃഭാഷ പഠിപ്പിക്കുന്നതിൽ നിന്ന് മാതാപിതാക്കൾ പിന്നോക്കം പോകരുത്. കാരണം, കുഞ്ഞുങ്ങൾ അവരുടെ നാട്ടിൽച്ചെന്നാൽ മുത്തശ്ശിമാരോടും മുത്തച്ഛന്മാരോടും വിദേശജീവിതകഥകളെല്ലാം നന്നായി പറയാൻ അവർക്ക് മാതൃഭാഷ അറിയണം, ഇതാണ് എനിക്ക് യൂറോപ്പിലുള്ള ഇന്ത്യാക്കാരോട് പറയാനുള്ള സന്ദേശം". ഇതാണ് മാതാ അമൃതാനന്ദമയി ഈ വിഷയത്തിൽ വളരെയേറെ പ്രാധാന്യം നൽകികൊണ്ടു പറഞ്ഞ സന്ദേശം. ഞാനവിടെ ദർശിച്ചത് എനിക്ക് വളരെയേറെ അതിശയം ഉണ്ടാക്കി. മാതാ അമൃതാനന്ദമയിയെ കാണാനും, അവരുടെ സ്‌നേഹാനുഗ്രഹം വാങ്ങാനും ലോകത്തിന്റെ പലഭാഗങ്ങളിലുള്ള അനേകം അമൃതാനന്ദ ഭക്തർ തുടരെ ആ വലിയ ഹാളിലേക്ക് വന്നെത്തുകയും തിരിച്ചുപോവുകയും ചെയ്തിരുന്നു. //-    
------------------------------------------------------------------------------------------------------------
https://dhruwadeepti.blogspot.com 
 
for up-to-dates and FW. link Send Article, comments and write ups to :
  DHRUWADEEPTI ONLINE LITERATURE.
Published from Heidelberg, Germany,   in accordance with the European charter on freedom of opinion and press. 
DISCLAIMER:  Articles published in this online magazine are exclusively the views of the authors. 
Neither the editor nor the publisher are responsible or liable for the contents,  objectives or opinions of the articles in any form."

FACE BOOK:  GEORGE Kuttikattu    MOB. + oo49 170 5957371

Keine Kommentare:

Kommentar veröffentlichen

Hinweis: Nur ein Mitglied dieses Blogs kann Kommentare posten.