Sonntag, 11. Juni 2017

ധ്രുവദീപ്തി // Politics // കെ. സി. സെബാസ്റ്റിയൻ സ്മരണകൾ.// സംഭവബഹുലമായ കേരളരാഷ്ട്രീയ രംഗം

(കേരളരാഷ്ട്രീയം ആയിരത്തിതൊള്ളായിരത്തിഎഴുപതുകളിൽ)

ധ്രുവദീപ്തി // കെ. സി. സെബാസ്ട്യൻ  സ്മരണകൾ.      
കേരള രാഷ്ട്രീയം // 

സംഭവബഹുലമായ കേരളരാഷ്ട്രീയ രംഗം//

                           by Late കെ. സി. സെബാസ്ട്യൻ
                                                                      (03- 03- 1975)-Late കെ. സി. സെബാസ്ട്യൻ 
സംഭവ ബഹുലമായിരുന്നു പോയ ആഴ്ച. ഓരോന്നിനും അതിന്റേതായ പ്രത്യേകതയും പ്രാധാന്യവുമുണ്ട്. ഓരോന്നും സംസ്ഥാനത്തു ഭാവിയിൽ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങൾ മുന്കൂട്ടിക്കാണാൻ വിഷമതയുണ്ട്. കാത്തിരുന്നു കാണാനേ തരപ്പെടുകയുള്ളൂ. അഞ്ചു പ്രതിപക്ഷ കക്ഷികൾ നിയമസഭയിൽ നടത്തിയ കൂട്ടനിരാഹാരസത്യാഗ്രഹം മൂലം സഭാനടപടികളുടെ സാധാരണ ജാതിയിലുള്ള പ്രവർത്തനം തടസ്സപ്പെട്ടു. വല്ല വിധവും ഗവർണ്ണർക്കുള്ള കൃതജ്ഞതാ പ്രമേയവും പാസാക്കി, 1974 - 75 ലേക്കുള്ള ഉപധനാഭ്യർത്ഥനകളും അവതരിപ്പിച്ചു സഭാനടപടികൾ ആറാം തിയതി വരെ മാറ്റിവച്ചു. ആറാം തിയതി എന്ത് നടക്കുമെന്നതു സംബന്ധിച്ചു അഭ്യൂഹങ്ങളേ നിലവിലുള്ളൂ.

എറണാകുളത്തു നടന്ന കേരളാ കോൺഗ്രസിന്റെ യൂത്ത് ഫ്രണ്ട്, കെ. എസ് . സി. പ്രകടനവും തുടർന്നുള്ള പൊതുസമ്മേളനവും പോലീസ് തല്ലിപ്പിരിച്ചു. അനേകമനേകം പേർ, പിഞ്ചുകുട്ടികളെ വരെ, ലാത്തിത്തല്ലേറ്റും ഇരുട്ടത്തോടി വീണും അവശതയിലാണ്.

കൃഷിമന്ത്രി വക്കം പുരുഷോത്തമനെതിരായി സി.കെ. രാജൻ അഞ്ഞൂറ് രൂപ കെട്ടിവച്ചു ചീഫ് സെക്രട്ടറിക്ക് വ്യവസ്ഥാപിതമായി നൽകിയ പരാതിയെപ്പറ്റി അന്വേഷിക്കാൻ റിട്ടയാർഡ് ചീഫ് ജസ്റ്റിസ് കെ. ശങ്കരനെ നിയോഗിച്ചു. മന്ത്രി രാജി വച്ചുകൊണ്ടുള്ള അന്വേഷണമല്ലാ, പ്രഥമദൃഷ്ട്യാ, അന്വേഷണം മന്ത്രി വക്കത്തിനെതിരായുള്ള ആരോപണം അന്വേഷിക്കാൻ ബന്ധപ്പെട്ട മന്ത്രിയുമായി ആലോചിച്ചു ഒരാളെ നിയോഗിക്കാൻ മന്ത്രിസഭ മുഖ്യമന്ത്രിയെ അധികാരപ്പെടുത്തിയതായി റിപ്പോർട്ടുണ്ടായിരുന്നു. മിനിഞ്ഞാന്ന് ലയിസൺ കമ്മിറ്റി യോഗത്തിനുശേഷമാണ് മുഖ്യമന്ത്രി അന്വേഷണ കമ്മീഷൻ നിയമനം പ്രഖ്യാപിച്ചത്.

വെടിനിറുത്തൽ.

കെ. പി. സി. സി. പ്രസിഡണ്ട് തുടർച്ചയായി നാല് ദിവസം ഇവിടെ താമസിച്ചു മദ്ധ്യസ്ഥന്മാർ വഴി നടത്തിയ ചർച്ചകളിലൂടെ കോൺഗ്രസ്സിൽ താൽക്കാലികമായി ഒരു വെടിനിറുത്തൽ ഉണ്ടാകുമെന്ന് റിപ്പോർട്ടുണ്ട്. ഇന്നലെ കോൺഗ്രസ്സിലെ തല മുതിർന്ന നേതാക്കൾ എറണാകുളത്തു അനൗപചാരികമായി ചേർന്ന് ആലോചനകൾ നടത്തി. ഇന്നും നാളെയും കെ. പി. സി. സി. പ്രസിഡണ്ട് കോൺഗ്രസിന്റെ പോഷക സംഘടനകളുമായി പ്രത്യേകം ചർച്ച നടത്തുന്നുണ്ട്.

എല്ലാത്തിലുമുപരി കോൺഗ്രസ് പ്രസിഡണ്ട് ബറുവ മാർച്ച് 8- ന് കോഴിക്കോട്ടെത്തുന്നു. രണ്ടു ദിവസം ചർച്ചകൾക്കായി അദ്ദേഹം കോഴിക്കോട്ടുണ്ടായിരിക്കും.

പ്രതിപക്ഷം സ്വീകരിക്കുന്ന നിലപാട് എന്തായാലും ഭൂരിപക്ഷം ഉള്ളിടത്തോളം തങ്ങൾ അധികാരം ഉപേക്ഷിച്ചു സ്വയം മാറുന്നതല്ലെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനവും പ്രധാനപ്പെട്ട സംഭവങ്ങളുടെ പരമ്പരയിൽ പെടുന്നു. ഗവണ്മെന്റ് അധികാരത്തിൽനിന്നും പോയേക്കാമെന്ന സംശയത്തിന്മേൽ തങ്ങളുടെ കൂടെ നിൽക്കുന്ന അവസരവാദികളിലും ഉദ്യോഗസ്ഥരിലും ഉണ്ടാകാവുന്ന ഇളക്കം അവസാനിപ്പിച്ചു അവരെ ഉറപ്പിച്ചു നിർത്താൻ ഈ പ്രഖ്യാപനം ആവശ്യമായിരുന്നു.

ജനാധിപത്യ വ്യവസ്ഥിതി നിലനിൽക്കുന്ന ഒരു സ്ഥലത്തും- എന്തായാലും ഇന്ത്യയിൽ മറ്റൊരു സംസ്ഥാനത്തും- പ്രതിപക്ഷം സ്വീകരിച്ചിട്ടില്ലാത്ത ഒരു അടവാണ് ഇവിടുത്തെ അഞ്ചു പ്രതിപക്ഷ കക്ഷികൾ നിയമസഭയിൽ നടത്തിയ നിരാഹാരസത്യാഗ്രഹം. നിയമസഭകളിൽ ബഹളം മൂലം സഭാനടപടികൾ നിറുത്തിവയ്‌ക്കേണ്ടിവന്നിട്ടുണ്ട്. കയ്യേറ്റം നടന്ന അപൂർവ്വ അവസരങ്ങളും ഇല്ലാതില്ല.കഴിഞ്ഞ നിയമസഭാസമ്മേളന നടപടികൾ ഈ അഞ്ചു പ്രതിപക്ഷകക്ഷികൾ തടസ്സപ്പെടുത്തിയത് ബഹളം കാണിച്ചായിരുന്നു. ഇത്തവണ ഗവർണ്ണറുടെ പ്രസംഗം അവർ സഭയിൽ ഹാജരാകാതെ ബഹിഷ്‌കരിച്ചു. പ്രസംഗത്തെക്കുറിച്ചു ചർച്ചാവേളയിൽ നിയമസഭയ്ക്കുള്ളിൽ നിരാഹാരസത്യാഗ്രഹവും ആരംഭിച്ചു. ഒരു ദിവസം നിരാഹാര സത്യാഗ്രഹികളെ വകവയ്ക്കാതെ ഭരണകക്ഷിക്കാർ ഗവണ്മെന്റിന്റെ പ്രവർത്തനങ്ങളെ വാഴ്ത്തി പ്രസംഗിച്ചു. എന്നാൽ അടുത്തദിവസം ഭരണ കക്ഷിക്കാർക്ക് അവരുടെ പ്രസംഗം തുടരാൻ സാധിച്ചില്ല.

അന്തരിച്ച പി. ടി. ചാക്കോയെ ആഭ്യന്തര മന്ത്രി സ്ഥാനത്തു നിന്നും നീക്കം ചെയ്യാൻ കോൺഗ്രസിലെ പ്രഹ്ളാദൻ ഗോപാലൻ നടത്തിയ നിരാഹാര സത്യാഗ്രഹം. കോൺഗ്രസ്സിന്റെ കീഴ്വഴക്കം.

മുൻ കേരളാ ആഭ്യന്തര മന്ത്രി  
പി. ടി. ചാക്കോ
 
പ്രതിപക്ഷം നിയമസഭാനടപടികൾ തടസ്സപ്പെടുത്തുന്നത് നല്ല കീഴ്വഴക്കമാണോ? ഇന്ന് സജ്ജീവമായിട്ടുള്ള ചോദ്യമാണിത്. ഭരണ ഘടനാപരമായ മാർഗ്ഗം പരാജയപ്പെടുമ്പോൾ ഭരണഘടനയ്ക്ക് വെളിയിലുള്ള മാർഗ്ഗങ്ങൾ പ്രതിപക്ഷം സ്വീകരിച്ച നിരവധി കീഴ്വഴക്കങ്ങൾ കേരളത്തിൽ ത്തന്നെയുണ്ട്. 1957-59- ൽ അന്നത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയെ വെളിയിലാക്കാൻ ഇന്നത്തെ പ്രധാനമന്ത്രി അടക്കമുള്ളവർ സ്വീകരിച്ച നടപടി കൃത്യമായി പറഞ്ഞാൽ ഭരണഘടനയ്ക്ക് നിരക്കുന്നതായിരുന്നില്ല. നിയമസഭയിൽ വ്യക്തമായ ഭൂരിപക്ഷം ഉണ്ടായിരുന്നിട്ടും നമ്പൂതിരിപ്പാട് മന്ത്രിസഭയെ പ്രസിഡണ്ട് നിയമവാഴ്ചയുടെ പേരിൽ ബഹിഷ്‌കരിച്ചു. 1967-69 -ലെ നമ്പൂതിരിപ്പാട് മന്ത്രിസഭയുടെ അവസാനകാലത്തും നിയമസഭയിൽ കണ്ട രംഗങ്ങൾ ഭരണഘടനാപരമായിരുന്നോ? തീർച്ചയായും ഭരണഘടനാ പരമായിരുന്നില്ല. അന്തരിച്ച പി. ടി. ചാക്കോയെ ആഭ്യന്തര മന്ത്രി സ്ഥാനത്തു നിന്നും നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ടു കോൺഗ്രസിലെതന്നെ പ്രഹ്ളാദൻ ഗോപാലൻ നിയമസഭയ്ക്ക് വെളിയിൽ മഹാത്മാഗാന്ധിയുടെ പ്രതിമയുടെ മുൻപിൽ 1963 ഫെബ്രുവരിയിൽ നിരാഹാര സത്യാഗ്രഹം നടത്തിയതും കേരളനിയമസഭയിൽ നടന്ന സംഭവമാണ്. സ്പീക്കർ സത്യാഗ്രഹിക്ക് കിടക്കയും മറ്റുസൗകര്യങ്ങളും നൽകി.

അന്ന് പ്രഹ്ളാദൻ ഗോപാലനോട് അനുഭാവം രേഖപ്പെടുത്തി നിയമസഭാ ഹാളിനു വെളിയിൽ നിരാഹാര സത്യാഗ്രഹം നടത്തിയവർ ഭരണകക്ഷി കളിലും ട്രഷറി ബഞ്ചുകളിൽ മുഖ്യമന്ത്രിക്കസേരയിൽത്തന്നെയുണ്ട്. ഇന്നത്തെ ആഭ്യന്തരമന്ത്രിയും എന്നതിനെ അനുകൂലിച്ചു. അന്നദ്ദേഹം നിയമസഭാംഗമായിരുന്നില്ല. ഭരണകക്ഷിക്കാർ തന്നെ അവരുടെ ഒരു മന്ത്രിയുടെ രാജി ആവശ്യപ്പെട്ടു നിരാഹാരസത്യാഗ്രഹം നടത്തി. വേദി നിയമസഭതന്നെ. ഇന്നും പ്രതിപക്ഷം നാല് മന്ത്രിമാരുടെ രാജി ആവശ്യപ്പെട്ടു, നിയമസഭയ്ക്കുള്ളിൽ നിരാഹാരമനുഷ്ഠിച്ചു. ചരിത്രം ആവർത്തിക്കുന്നു.

അഴിമതി.  

 വക്കം ബി.പുരുഷോത്തമൻ ,
മുൻ ഗവർണ്ണർ 
മൂന്നു മന്ത്രിമാരുടെ പേരിലുള്ള അഴിമതിയാരോപണങ്ങൾ അന്വേഷണ കമ്മീഷന്റെ മുൻപിലാണ്. ഒരു മന്ത്രിയെപ്പറ്റി കോടതി ആക്ഷേപാർഹമായ പരാമർശനം നടത്തിയിട്ടുണ്ട്. ഈ നാല് മന്ത്രിമാരും രാജി വയ്ക്കണമെന്നും ,നാടാകെ നടക്കുന്ന പോലീസ് മർദ്ദനങ്ങൾ അന്വേഷിക്കണമെന്നുമുള്ള ആവശ്യമാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. ആ രണ്ടാവശ്യങ്ങളും ഗണ്മെന്റ് തള്ളിക്കളഞ്ഞു. ഭൂരിപക്ഷമുള്ള കാലം തങ്ങൾ ഭരിക്കുമെന്നും നിയമ സഭയുടെ കാലാവധി വരെ തങ്ങളുടെ ഭരണം സഹിച്ചേ പറ്റൂ എന്നുമാണ് അവരുടെ ശാഠ്യം. സംസ്ഥാന വ്യാപകമായി നിരവധി പ്രക്ഷോപണങ്ങൾ നടത്തി. അങ്ങനെ ഭരണഘടനാപരമായ മാർഗ്ഗങ്ങൾ എല്ലാം പരീക്ഷിച്ചു പരാജയപ്പെട്ടപ്പോൾ തെറ്റിൽ നിന്നും തെറ്റിലേക്ക് നീങ്ങുകയും അഴിമതി യിൽ കുളിച്ചു നിൽക്കുകയും ചെയ്യുന്ന മന്ത്രിസഭയെ അധികാരത്തിൽ നിന്നും പുറത്താക്കാൻ ഭരണഘടനയ്ക്ക് നിരക്കാത്ത മാർഗ്ഗങ്ങളും ഉപയോഗിച്ചുകൂടെ? 1957-59- ൽ കേന്ദ്രത്തിൽ കോൺഗ്രസ്സ് ഗവണ്മെന്റ് ഇവിടുത്തെ പ്രതിപക്ഷത്തിന് കൂട്ടുണ്ടായിരുന്നു. ഇന്ന് കേന്ദ്രം ഭരണക്കാരുടെ കൂടെയാണ്. കേന്ദ്രത്തിൽനിന്നുള്ള സഹായവും ആ നിലയിൽ കാക്കാനില്ല.

പിന്നെ പ്രതിപക്ഷം എന്തുചെയ്യണം? ഇന്നത്തെ ഭരണം അതിന്റെ കാലാവധി അവസാനിക്കുന്നതുവരെ സഹിക്കണമെന്നു പറയുന്നതിൽ വലിയ അർത്ഥമില്ല.അങ്ങനെ നോക്കുമ്പോൾ ഇന്ന് പ്രതിപക്ഷം സ്വീകരിച്ചിട്ടുള്ള നിലപാടിൽ വലിയ അസാധാരണത്വം ഇല്ല. മുൻപ് സ്വീകരിച്ച നടപടികൾ അല്പം വികസിപ്പിച്ചു. പുതിയ രൂപം കൊണ്ട് എന്ന്മാത്രം. ഇതൊരു ചീത്ത കീഴ്വഴക്കമല്ലേ? ആകണമെന്ന് നിര്ബന്ധമില്ല. ദുർഭരണം നടത്തിയാൽ നിയമസഭയിലുള്ള ഭൂരിപക്ഷം കൊണ്ട് ഫലമില്ലെന്നുവന്നാൽ ഭരണകർത്താ ക്കൾ കുറേക്കൂടി ശ്രദ്ധിക്കും. നിയമസഭാംഗങ്ങളെയും പാർലമെന്റ് അംഗങ്ങളെയും തിരികെ വിളിക്കാൻ തെരഞ്ഞെടുപ്പ് ചട്ടങ്ങളിൽ വ്യവസ്ഥയുണ്ടാക്കണമെന്ന ആവശ്യം മറ്റൊന്നുമല്ല കാണിക്കുന്നത്.

പ്രതിപക്ഷം ഇപ്പോൾ നിയമസഭയിൽ സ്വീകരിച്ച നിരാഹാരസത്യഗ്രഹ മാർഗ്ഗം വിവിധ കക്ഷികൾ സഹകരിക്കുന്ന പക്ഷം തികച്ചും ജനാധിപത്യ മാർഗ്ഗമാക്കി മാറ്റിയെടുക്കാം. അല്ലെങ്കിൽ ആ മാർഗ്ഗത്തെ എതിർക്കുന്നവർ ദുർഭരണം നടത്തുന്നത് തടയാൻ പ്രസംഗത്തിലുപരി ഫലപ്രദമായ വഴി നിർദ്ദേശിക്കണം. വെറുതെ കുറ്റപ്പെടുത്തുന്നതിൽ അർത്ഥമില്ല.

ഒറിജിനൽ കേരളാ കോൺഗ്രസ്സ് - ചോറിലെ കല്ല്.

ചോറിലെവിടെയെങ്കിലും ഒരു കല്ല് കിടന്നാൽ അത് കടിക്കും. അഞ്ചു പ്രതിപക്ഷ കക്ഷികൾ നിയമസഭയിൽ നിരാഹാരസത്യാഗ്രഹം ആരംഭിച്ചപ്പോൾ രണ്ടു പ്രതിപക്ഷ കക്ഷികളിലെ മൂന്നംഗങ്ങൾ അതിൽ സഹകരിച്ചില്ല. സ്വതന്ത്ര അംഗങ്ങളായ പെണ്ണമ്മ ജേക്കബും ഹൈദ്രോസ് ഹാജിയും ചോറിലെ കല്ലായി കിടന്നില്ല. അവരും നിരാഹാര സത്യാഗ്രഹത്തിൽ പങ്ക് കൊണ്ട്. ഒറിജിനൽ കേരളാ കോൺഗ്രസ്സിലെ രണ്ടംഗങ്ങളും സംഘടനാകോൺഗ്രസ്സിലെ കൽപ്പള്ളി മാധവമേനോനും മാത്രമാണ് പ്രതിപക്ഷത്തു നിയമസഭയിലുണ്ടായിരുന്നത്. സംഘടനാ കോൺഗ്രസ്സിലെ മറ്റു രണ്ടംഗങ്ങൾ സഭയിൽ വന്നില്ല.

കൽപ്പള്ളി മാധവമേനോന് ഒരു ബുദ്ധിമുട്ടുള്ളത് മനസ്സിലാക്കാവുന്നതേ യുള്ളൂ. അദ്ദേഹത്തിൻറെ ഒരു സ്വന്തക്കാരന് അഴിമതി നിവാരണ
ട്രിബ്യുണൽ നൽകിയ ശിക്ഷ അന്യായമായി ഇളവ് ചെയ്തു കൊടുത്ത കേസിലാണ് ആഭ്യന്തരമന്ത്രി പ്രതിക്കൂട്ടിൽ നിൽക്കുന്നത്. ആ നിലയിൽ പ്രതിപക്ഷം ഉന്നയിച്ച കരുണാകരന്റെ രാജിയാവശ്യത്തെ എതിർക്കാൻ സ്വന്തം നിലയിൽ മേനോൻ ധാർമ്മികമായി ബാദ്ധ്യസ്ഥനാണ്. അദ്ദേഹം പ്രമേയചർച്ചയിൽ പങ്കെടുത്തില്ല. കിട്ടുന്ന ഏതവസരവും കല്ലായി പാലത്തിന്റെയും കോഴിക്കോട് ആശുപത്രിയിലെ പോരായ്മകളെപ്പറ്റിയും കോഴിക്കോട്ടെ ട്രാഫിക് ബുദ്ധിമുട്ടിന്റെയും പറയുന്ന മേനോൻ കയ്യിൽ വന്ന സമയം സംസാരിക്കാനുപയോഗിക്കാതെ നിശ്ശബ്ദനായിരുന്നതുതന്നെ വലിയ ത്യാഗമായിരുന്നു. ഒറിജിനൽ കേരള കോൺഗ്രസ്സിലെ ജോൺ ജേക്കബ് കിട്ടിയ മുഴുവൻ സമയവും ഉപയോഗിച്ച് പ്രസംഗിച്ചു. രാഷ്ട്രീയമായി പറഞ്ഞാൽ അംഗസംഖ്യയേക്കാൾ അവരുടെ നിയമ സഭയിലെ സാന്നിദ്ധ്യം ചോറിലെ കല്ലുകടിയായിരുന്നു എന്നുപറയാം.

പോലീസ് മർദ്ദനം 

എറണാകുളത്ത് നടന്ന യൂത്ത് ഫ്രണ്ട് കെ. എസ് .സി. പ്രകടനവും പൊതു യോഗവും പോലീസ് തല്ലിപ്പിരിച്ചതു തീർച്ചയായും ഗൗരവമുള്ള സംഗതിയായി. പ്രതിപക്ഷങ്ങൾക്കു ഇവിടെ സംഘടിക്കാനും പ്രകടനം നടത്താനും യോഗം കൂടാനുമുള്ള സ്വാതന്ത്ര്യത്തിന്മേൽ നഗ്നമായ കയ്യേറ്റമാണ്. കണ്ണൂർ ജില്ലയിൽ പ്രതിപക്ഷ കക്ഷികളുടെ പ്രവർത്തനം പോലീസ് തടസ്സപ്പെടുത്തുന്നതായും ഓഫീസുകൾ കയ്യേറുന്നതായും പ്രവർത്തകരെ തല്ലിച്ചതയ്ക്കുന്നതായും ഉള്ള പരാതികൾ കഴിഞ്ഞ കേറി കാലങ്ങളായിട്ടുള്ളതാണ്. ചെറിയ സംഭവങ്ങൾ പർവ്വതീകരിക്കുന്നു എന്ന് കരുതിയിരുന്ന ശുദ്ധാത്മാക്കൾ ഇവിടെയുണ്ടായിരുന്നു. എറണാകുളം സംഭവം അവരുടെ കണ്ണ് തുറപ്പിച്ചിട്ടുണ്ട്. അപകടത്തിന്റെ ആഴം അറിയിച്ചിട്ടുണ്ട്. വാദത്തിനുവേണ്ടി ഒരു കല്ല് ജാഥായുടെമേലോ പോലീസിന്റെ മേലോ കെ. പി. സി. സി. ഓഫീസിനുമേലൊ വന്നുവീണു വെന്നു വയ്ക്കുക. പതിനായിരക്കണക്കിന് ജനം പങ്കെടുക്കുന്ന പ്രകടനത്തിൽ തെരുവ് വിളക്കുകൾ പോലുമില്ലാത്ത സാഹചര്യത്തിൽ ഏതു കുസൃതിക്കും ഭീരുവിനും ചെയ്യാവുന്ന പ്രവൃത്തിയാണിത്. ഇത്തരം സന്ദർഭങ്ങളിൽ പോലീസ് ആത്മനിയന്ത്രണം പാളിച്ച നിരവധി അവസരങ്ങളുണ്ട്. എന്നാൽ ഒരു കല്ല് വീണാൽ പിഞ്ചുപൈതങ്ങളുടെമേൽ തടിച്ച ലാത്തിയുമായി ചാടിവീണു പോലീസ് നടപടി നിർദ്ദോഷമാണെന്നു വിചാരിക്കാൻ വയ്യ.

ഒരു ജുഡീഷ്യൽ അന്വേഷണം നടത്താൻ ഉത്തരവിട്ടശേഷം ഒരു ഉളുപ്പും കൂടാതെ പോലീസ് നടപടിയെ ന്യായീകരിക്കാൻ മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും ശ്രമിച്ചതും അർത്ഥഗർഭമാണ്. പോലീസ് ഐജി തന്നെ സംഭവദിവസം എറണാകുളത്തുണ്ടായിരുന്നു. 1972 ലും കെ.എസ് .സി ജാഥയെ ഇതേ സ്ഥലത്തുവച്ചു ആക്രമിച്ചതാണ്. ഒന്നേ പറയാനുള്ളൂ. ഭരണകക്ഷിക്കാർ പ്രതിപക്ഷങ്ങളെ മറ്റു വിധത്തിലെന്നപോലെ പോലീസിനെ ഉപയോഗിച്ച് അമർച്ച ചെയ്യാൻ ബോധപൂർവ്വം നീങ്ങുന്നു. പശ്ചിമ ബംഗാളിൽ നടന്നതും മറിച്ചായിരുന്നില്ല. മുഖ്യമന്ത്രിയും എറണാകുളം സംഭവത്തെപ്പറ്റി അവരുടെ വിധി പ്രസ്താവിച്ചശേഷം നടത്തുന്ന ജുഡീഷ്യൽ അന്വേഷണത്തിൽ സഹകരിക്കേണ്ടതില്ലെന്നു യൂത്ത് ഫ്രണ്ട് കെ.എസ് . സി. തീരുമാനം സമുചിതമാണ്. എന്തിനു സഹകരിക്കണം. ഭരണഘടനാപരമായ പ്രവർത്തനം ഇവിടെയും പ്രതിപക്ഷങ്ങൾക്ക് സാധിക്കാതെ വന്നിരിക്കുന്നു.

 കോൺഗ്രസ്സിലെ ഗ്രൂപ്പുമത്സരത്തിനുള്ള പങ്ക് പരസ്യമായ രഹസ്യമാണ്.

കൃഷിവകുപ്പ് മന്ത്രിക്കെതിരായി വന്ന ആരോപണങ്ങളിൽ കോൺഗ്രസ്സിലെ ഗ്രൂപ്പുമത്സരത്തിനുള്ള പങ്ക് പരസ്യമായ രഹസ്യമാണ്.ആരോപണം ആദ്യം ഉപ്പിന്റെ പേരിൽ സാങ്കേതികം പറഞ്ഞു തിരിച്ചയച്ചു. വേണ്ടവിധം ഒപ്പ് അറ്റസ്റ്റ് ചെയ്ത് തിരികെ ആരോപണം സമർപ്പിച്ചപ്പോൾ അന്വേഷണ ഉത്തരവായി.ജുഡീഷ്യൽ അന്വേഷണത്തിന് കിട്ടാവുന്നതിൽ ഏറ്റവും പ്രമുഖ വ്യക്തിയെത്തന്നെയാണ് കമ്മീഷനായി വച്ചിരിക്കുന്നത്. മുൻ ചീഫ് ജസ്റ്റിസ് അന്വേഷണ കമ്മീഷനെ ആരോപണവിധേയനായ മന്ത്രിയുമായി ആലോചിച്ചു നിയമിക്കാൻ മന്ത്രിസഭ മുഖ്യമന്ത്രിയെ അധികാരപ്പെടുത്തി എന്ന് റിപ്പോർട്ടുണ്ടായിരുന്നു. ആരും അത് നിഷേധിച്ചില്ല. നേരത്തെ തീരുമാനിച്ചതാണെങ്കിലും പ്രതിപക്ഷനീക്കങ്ങളെ ഭരണകക്ഷികൾ യോജിച്ചു നേരിടണമെന്ന തീരുമാനമെടുത്ത ലെയ്‌സൺ കമ്മിറ്റി യോഗത്തിനു ശേഷമാണ് ആകസ്മികമെങ്കിലും അന്വേഷണ കമ്മീഷൻ നിയമനം മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. ഇതിനിടയിൽ ആരോപണത്തിന്റെ പേരിൽ വക്കം പുരുഷോത്തമൻ രാജി വയ്ക്കാൻ പോകുന്നുവെന്ന ഒരു വാർത്ത പ്രചരിച്ചിരുന്നു. പ്രചരിച്ചതല്ല, പ്രചരിപ്പിച്ചാണ്. അതിന്റെ ലക്ഷ്യം വ്യക്തമായതുകൊണ്ടു കൂടുതൽ വിവരിക്കുന്നില്ല.

 മുൻ കേന്ദ്ര പ്രതിരോധ മന്ത്രി
ഏ.കെ. ആൻറണി
 
ഈ അന്വേഷണ തീരുമാനത്തോട് ബന്ധപ്പെടുത്തി കോൺഗ്രസിലെ ആഭ്യന്തര മത്സരങ്ങൾക്ക് ഒരു താൽക്കാലിക വെടിനിറുത്തൽ വരാൻ സാദ്ധ്യതയുണ്ട് എന്ന റിപ്പോർട്ടിനെ വീക്ഷിക്കേണ്ടതുണ്ട്. നിയമസഭാ നടപടികളിൽ പങ്കെടുക്കാനെത്തിയ കെ. പി. സി.സി. പ്രസിഡണ്ട് ഏ.കെ ആന്റണി സമ്മേളനം പിരിഞ്ഞതിനുശേഷം മൂന്നു ദിവസ്സം തുടർച്ചയായി ഇവിടെ താമസിച്ചു. ആ താമസത്തിനിടയിൽ മദ്ധ്യസ്ഥന്മാർ വഴി സന്ധി സംഭാഷണങ്ങൾ നടന്നു. കരുണാകരനും ആന്റണിയും നേരിട്ടുതന്നെ സംഭാഷണം നടത്തിയെന്നാണറിവ്. കൃഷിമന്ത്രി വക്കം പുരുഷോത്തമൻ ആണത്രേ കരുണാകര വിരുദ്ധഗ്രൂപ്പിന്റെ ബുദ്ധിഉപദേശകൻ. പുരുഷോത്തമനും ഈ സംഭാഷണങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. പ്രതിപക്ഷം യോജിച്ചു. നീങ്ങുന്ന സാഹചര്യത്തിൽ ഭരണ കക്ഷികളും യോജിച്ചു നീങ്ങിയേക്കാം. കോൺഗ്രസ് ഹൈക്കമാൻഡിന്റെ സമ്മർദ്ദവും അതിനുണ്ട്.

കോൺഗ്രസിലെ കോഴിപ്പോര് 

കോൺഗ്രസ് പ്രസിഡണ്ടിന്റെ വരവോടെ കോൺഗ്രസിലെ കോഴിപ്പോര് താൽക്കാലികമായി ശമിക്കുമെന്നാണ് ഒരു വിഭാഗം കോൺഗ്രസ് കാർ കരുതുന്നത്.കോൺഗ്രസ്സിലെ സ്ഥിതി എന്തായാലും പോഷകസംഘടന കളായ കെ. എസ്. യു. യൂത്ത് കോൺഗ്രസ്സിലെ ഭിന്നതകൾ കൂടുതൽ രൂക്ഷമായി തുടരുമെന്നാണ് സൂചന. ആഭ്യന്തരമന്ത്രിയുടെ സ്വന്തം ജില്ലയായ തൃശൂരിൽ ഇന്ന് ഡി.സി.സി പ്രവർത്തിക്കുന്നില്ല. സമാന്തര ഡി.സി.സി. യാണ് അവിടെയുള്ളത്. ടെലിഫോൺ പോലും ഡിസ്ക്കണക്റ്റ് ചെയ്തു. മറ്റു ജില്ലകളിലെ നിലയും വ്യത്യസ്തമല്ല. കോൺഗ്രസ് പ്രസിഡണ്ട് വന്നു മടങ്ങുമ്പോൾ കോൺഗ്രസ് ആഭ്യന്തരഭിന്നതയുടെ ചിത്രത്തിന് വ്യക്തമായ രൂപം ലഭിക്കും.

ഇളക്കം തട്ടിയ മേനോൻ മന്ത്രിസഭാ. ഉറപ്പിക്കൽ ശ്രമം. 

പ്രതിപക്ഷത്തിന്റെ നിലപാട് നോക്കാതെ ഭൂരിപക്ഷമുള്ള കാലം തങ്ങൾ ഭരിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിനു നിലവിലുള്ള സാഹചര്യത്തിൽ പ്രാധാന്യമുണ്ട്. ശരിയായാലും തെറ്റായാലും മേനോൻ മന്ത്രിസഭയ്ക്ക് ഇളക്കം തട്ടിയിരിക്കുന്നുവെന്ന ധാരണ വെളിയിൽ പരന്നിട്ടുണ്ട്. അങ്ങനെ ധാരണ പരക്കുന്നത് ഏറ്റവും ആദ്യം പ്രതിഫലിക്കുന്നത് ഭരണരംഗത്താണ്. മന്ത്രിമാർ ക്രമരഹിതമായ ഉത്തരവുകളിട്ടാൽ ഉദ്യോഗസ്ഥന്മാർ മുടക്കുകൾ സൃഷ്ടിച്ചു നടപ്പാക്കാൻ മടിക്കും. ക്രമരഹിതമായ ഉത്തരവുകൾക്ക് കൂട്ടുനിൽക്കുകയില്ല. തെരഞ്ഞെടുപ്പിലേക്ക് പോകേണ്ട സമയം പലതും തിടുക്കത്തിൽ ചെയ്തു തീർക്കാൻ കാണും. മന്ത്രിമാരിടുന്ന ഉത്തരവുകൾ നിർദ്ദോഷമായ മുഖ്യമന്ത്രിക്ക് മാർക്കുചെയ്താൽ കാര്യം അവതാളത്തിൽ ആകും. അതു പോലെ ഭരണകക്ഷിക്കാരുടെ കൂടെ വാട്ടംപിടിച്ചു നിൽക്കുന്ന കോൺട്രാക്ടർമാരും മറ്റുമുണ്ട്. ഭരണം പോകുന്നു എന്ന് വന്നാൽ അവർ മന്ത്രിമന്ദിരങ്ങളിലെ പ്രദക്ഷിണം അവസാനിപ്പിക്കും. അത്തരം അപകടം ഒഴിവാക്കാനുള്ള ഒറ്റമൂലിയാണ് അധികാരം വച്ചൊഴിയുകയില്ലെന്ന പ്രഖ്യാപനം. അതും മുഖ്യമന്ത്രി നടത്തിയിരിക്കുന്നു. അങ്ങനെ നിരവധി സംഭവപരമ്പരകൾ പ്രതീക്ഷിക്കുന്ന പുതിയ ആഴ്ചയ്ക്ക് വഴിമാറിക്കൊടുത്തി രിക്കുന്നു. //-

----------------------------------------------------------------------------------------------------------------------------

ധൃവദീപ്തി  ഓണ്‍ലൈൻ
www.Dhruwadeepti.blogspot.in 
DHRUWADEEPTI ONLINE
Published from Heidelberg, Germany,   
in accordance with the European charter on freedom of opinion and press. 


DISCLAIMER:   Articles published in this online magazine are exclusively the views of the authors. Neither the editor nor the publisher are responsible or liable for the contents, objectives or opinions of the articles in any form
Keine Kommentare:

Kommentar veröffentlichen

Hinweis: Nur ein Mitglied dieses Blogs kann Kommentare posten.