Dienstag, 24. November 2015

ധ്രുവദീപ്തി // Journalism // കേരള നിയമസഭ- 1960- // കെട്ടുറപ്പുള്ള ഐക്യഅണി//- by കെ. സി. സെബാസ്റ്റ്യൻ

ധ്രുവദീപ്തി // Journalism:

കേരള നിയമസഭ  1960- 
ദീപിക Nov. 11 വെള്ളി, 1960 



-കെട്ടുറപ്പുള്ള ഐക്യഅണി-

by കെ. സി. സെബാസ്റ്റ്യൻ


വിവിധ പാർട്ടികളുടെ നില.


കെ. സി. സെബാസ്റ്റ്യൻ
കോണ്‍ഗ്രസ് സംഘടനയ്ക്കുള്ളിൽ ഉണ്ടെന്നു പറയുന്ന ഗ്രൂപ്പ് രാഷ്ട്രീയവും പി. എസ്. പി. യിൽ പ്രത്യക്ഷപ്പെട്ട പ്രാദേശിക മത്സരവും സംസ്ഥാന നിയമ സഭയുടെ ഈ സമ്മേളനത്തിൽ യാതൊരു തരത്തിലും പ്രകടമായിരുന്നില്ല. കോണ്‍ഗ്രസ് നിയമ സഭാകക്ഷി അച്ചടക്കത്തിന്റെ കാര്യത്തിലിപ്പോൾ ഏതാണ്ട് കമ്യൂണിസ്റ്റ് പാർട്ടിയെപ്പോലെതന്നെ ഭദ്രമാണ്. അഭിപ്രായവ്യത്യാസങ്ങൾ ആശയാഭിലാ ഷങ്ങൾ എന്തെല്ലാം ഉണ്ടായിരുന്നാലും പരസ്യമായി പ്രത്യക്ഷപ്പെടുമ്പോൾ സ്വരുമിച്ചുള്ള ഒരു മുഖം കാണിക്കുന്ന കാര്യത്തിൽ കോണ്‍ഗ്രസ് കക്ഷി വിജയിച്ചിരിക്കയാണ്. ഈ നിയമസഭയിൽ മാത്രമല്ല, പിരിച്ചു വിടപ്പെട്ട നിയമ സഭയിലും സ്ഥിതി ഇത്തരത്തിൽ അഭിനന്ദ നീയമായിരുന്നു. കോണ്‍ഗ്രസ്സിലെ ചില കുത്തക രാഷ്ട്രീയക്കാരെ നിയമസഭാ രംഗത്തുനിന്നും മാറ്റി നിറുത്താൻ കഴിഞ്ഞതാണ് അഭിനന്ദനാർഹമായ ഈ നിലയ്ക്ക് കാരണമെന്ന് കരുതാൻ. 

നല്ല കളക്ഷൻ

കോണ്‍ഗ്രസ് നിയമസഭാ കക്ഷി അംഗങ്ങൾ ഒരു രാഷ്ട്രീയ കക്ഷിക്ക് അഭിമാന പുരസ്സരം നിരത്തി നിറുത്താവുന്ന നല്ല കളക്ഷനാണ്. കോണ്‍ഗ്രസ് നിയമസഭാ കക്ഷിയിൽ വാചാലമായി പ്രസംഗിക്കാൻ കഴിയുന്നവരുണ്ട്, ഫലിതക്കാരുണ്ട്, നിയമ പണ്ഡിതന്മാർ ഉണ്ട്, കാര്യമാത്രപ്രസക്തമായി സംസാരിക്കുന്നവരുണ്ട്, പണ്ഡിതന്മാരുണ്ട്, കൂട്ടത്തിൽ നാക്കെടുത്ത് സംസാരിക്കാൻ വയ്യാത്തവരും, അക്ഷരജ്ഞാനമില്ലെങ്കിലും ഒരുമാതിരി ഭംഗിയായി പ്രസംഗിക്കാൻ കഴിവ് ഉള്ളവരും ഉണ്ട്. കോണ്‍ഗ്രസിൽ നിന്നും മന്ത്രിസഭയിലേയ്ക്ക് എടുത്തിട്ടുള്ള ആരും മോശക്കാരല്ല. പുറമേ അച്ചടക്കവും കെട്ടുറപ്പും കാണിക്കുന്നുണ്ടെങ്കി ലും ഉള്ളിൽ ഒരു അഗ്നി പർവതം ഇളകി മറിയുകയാണെന്ന കാര്യം വിസ്മ രിച്ചിട്ടു കാര്യമില്ല. തങ്ങൾക്ക് മാത്രം അർഹത ഉണ്ടെന്ന് തങ്ങൾ വിശ്വസിക്കുന്ന സ്ഥാനങ്ങൾ വിജയപ്രദമായി മറ്റുള്ളവർ വഹിക്കുന്നത് കണ്ട് സഹിക്കാൻ പറ്റാത്തവരാണ് ഈ അഗ്നിപർവതം ഉള്ളിൽ വച്ചുകൊണ്ട് നടക്കുന്നവർ; അവർ പുറത്ത് ഒന്നും പറയാൻ ധൈര്യപ്പെടാറില്ല.

പാർട്ടിയോഗങ്ങൾ  സ്വതന്ത്രമായ അഭിപ്രായപ്രകടനങ്ങളുടെ രംഗമായിരിക്കേ ണ്ടതാണ്. എന്നാൽ ചിലപ്പോൾ ചില പൊട്ടലും ചീറ്റലും നടക്കുന്നതൊഴിച്ചാൽ പാർട്ടിയോഗങ്ങൾ ഫലപ്രദമാകുന്നില്ല. അതിനു കാരണവുമുണ്ട്. കമ്മ്യൂണിസ്റ്റ് ഭരണം രാഷ്ട്രീയ രംഗത്ത് തിരുത്താനാവാത്ത ഒരു ധാർമ്മികാധ:പതനം തന്നെ വരുത്തി വച്ചിട്ടുണ്ട്. ഒരു കമ്മ്യൂണിസ്റ്റ് M.L.A. യെ അല്ലെങ്കിൽ പാർട്ടിക്കാരനെ കണ്ട് ഒരു തുക സംഭാവന ചെയ്‌താൽ ഏതു കാര്യത്തിനും മന്ത്രിമാരെ കാണാനും നിവേദനം നടത്താനും കുറെ ഏറെ കാര്യങ്ങൾ നടത്തിക്കൊടുക്കാ നും അവർ തയ്യാറായിരുന്നു. കാര്യത്തിന്റെ ഗുണദോഷവും അവരെ സംബന്ധിച്ചിടത്തോളം പ്രശ്നമായിരുന്നില്ല. അങ്ങനെ പാർട്ടി ഓഫീസുകളും നിയമ സഭാമെമ്പറന്മാരുടെ താമസസ്ഥലങ്ങളും കാര്യങ്ങൾ സാധിച്ചു കിട്ടാനുള്ളവരുടെ തീർത്ഥ കേന്ദ്രങ്ങളായി.

ഈ "ഉപകാരസ്മരണ രാഷ്ട്രീയം" ഒന്നുരണ്ടു ദിവസമല്ല 28 മാസം നീണ്ടുനിന്നു. M. L. A. യെ കണ്ടാൽ, പാർട്ടി നേതാക്കന്മാരെ കണ്ടാൽ, നിവേദനം നടത്തിച്ചാൽ നടക്കാത്ത കാര്യമില്ലെന്ന് ഒരു ധാരണ ശരിയായോ തെറ്റായോ ജനങ്ങളിൽ ഉണ്ടാക്കി. നിയമസഭ നടന്നുകൊണ്ടിരിക്കുമ്പോഴും അല്ലാത്തപ്പോഴും പറ്റം പറ്റമായിട്ടാണ് നിവേദക സംഘം നിയമസഭാംഗങ്ങളെ സമീപിക്കുന്നത്. ജനങ്ങളുടെ വോട്ടുകൊണ്ട് തെരഞ്ഞെടുക്കപ്പെടെണ്ട അംഗങ്ങൾക്ക് അവരെ ആരെയും പിണക്കാൻ സാധിക്കുകയില്ല. മന്ത്രിമാരുടെ അടുക്കൽ നിയമ സഭാംഗങ്ങൾക്ക് നിവേദനങ്ങളുടെ ഭാണ്ഡക്കെട്ടുമായി പോകാതെ തരമില്ല. അങ്ങനെ പലതവണ നിവേദനങ്ങളുമായി സമീപിച്ചിട്ടുള്ള ഒരംഗം എങ്ങനെ യാണ് മാറിനിന്നു ഒരു മന്ത്രിയുടെ നടപടിപ്പിശകിനെ വിമർശിക്കുന്നത്. അത്തരം ഒരു ഗതികേട് പല നിയമസഭാംഗങ്ങളെയും ബാധിച്ചിട്ടുണ്ടെന്ന് വേണം കരുതാൻ. അതാണ്‌ പാർട്ടി യോഗങ്ങൾ ഫലപ്രദമാകാതിരിക്കുവാ നുള്ള ഒരു കാരണം.

ഇന്ന് ആ നില മാറി.

കോണ്‍ഗ്രസ്, പി. എസ്. പി. കക്ഷികളെ സംബന്ധിച്ചിടത്തോളം അവർ ഇന്ന് യാതൊരു തരത്തിലും ഭരണപരമായ കാര്യങ്ങളിൽ ഇടപെടുന്നില്ല. കമ്മ്യൂണി സ്റ്റ് ഭരണകാലത്ത് ഒരു ടാക്സി കാറിൽ കയറി ഇരുന്നു വെറുതെ പാർട്ടി ഓഫീസ് എന്ന് പറഞ്ഞാൽ യാതൊരു സംശയവും വേണ്ട,കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫീസിൽ കൊണ്ടുവിടുമായിരുന്നു. ഇന്ന് കെ.പി.സി.സി. ഓഫീസ് എന്നോ പി. എസ്. പി. ഓഫീസ് എന്നോ പറഞ്ഞാൽ പലർക്കും വഴി പറഞ്ഞു കൊടുക്കണം. തിരക്കിപ്പിടിച്ചു അവിടെച്ചെന്നാൽ പൊടിപിടിച്ച കുറെ ബഞ്ചുകളും കസേരയുമല്ലാതെ മറ്റൊന്നും കാണുകയില്ല. ജനാധിപത്യ ഭരണത്തിൽ പാർട്ടി യുടെ സ്ഥാനത്തെപ്പറ്റി എന്തുപറഞ്ഞാലും പാർട്ടി അനുദിന ഭരണകാര്യത്തിൽ ഇടപെടരുതെന്ന തത്വം ഇവിടെ പാലിക്കപ്പെടുന്നുണ്ട്. അതെ അവസരത്തിൽ ഗവർമെന്റ് നയപരമായ കാര്യങ്ങളിൽ പോലും പാർട്ടിയുമായി ഒട്ടും തന്നെ ആലോചിക്കുന്നില്ലെന്ന ആക്ഷേപമുണ്ട്.

ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ തലപൊക്കൽ .

കോണ്‍ഗ്രസ് സംഘടനയെ സംബന്ധിച്ചിടത്തോളം അഖിലേന്ത്യാടിസ്ഥാന ത്തിലുള്ള ഒരു ബാദ്ധ്യതയാണ് ഗ്രൂപ്പ് രാഷ്ട്രീയം. കേരളം ഇക്കാര്യത്തിൽ അന്നും ഇന്നും മുൻപന്തിയിൽ തന്നെയാണ്. ഐക്യ കക്ഷി ഗവർമെന്റ് അധികാരത്തിൽ വന്നശേഷം ഒരു വൻ ഗ്രൂപ്പ് രാഷ്ട്രീയം തച്ചുടച്ചാണ് സംയുക്ത ഗവർമെന്റ് അധികാരത്തിൽ വന്നത് തന്നെ. ഗ്രൂപ് രാഷ്ട്രീയം അങ്ങനെ പുറത്തു തല കാണി ക്കാതെ ഇരിക്കുകയായിരുന്നു. എന്നാൽ ഈ സമ്മേളനം ആരംഭിക്കുന്ന തിനു മുമ്പ് എറണാകുളം കേന്ദ്രമാക്കി ചില ചലനങ്ങൾ ആരംഭിച്ചു. പാഠപുസ്തക രാഷ്ട്രീയമാണ് ഈ ചലനങ്ങൾക്ക് ബീജാവാപം ചെയ്തതെന്നു കരുതുന്നതിൽ തെറ്റില്ല. എറണാകുളം കോണ്‍ഗ്രസ് നേതാക്കന്മാർ മന്ത്രിസഭ യിലെ ചിലരെ തങ്ങളുടെ ശത്രുക്കളായി പ്രഖ്യാപിച്ചു.

താഴെ ഇറക്കിയെ അടങ്ങൂ എന്ന പ്രതിജ്ഞ അവരെടുത്തു. പക്ഷെ ജന പിന്തുണയുള്ള ഒരു ഗവർമെന്റിനെതിരായി നീങ്ങാൻ അത്ര എളുപ്പമായിരു ന്നില്ല. കേന്ദ്രത്തിൽ പോയി കോണ്‍ഗ്രസ് സംഘടനയ്ക്ക് ഇന്ന് വന്നു ഭവിച്ച കോട്ടങ്ങളേപ്പറ്റി ഒരു നിവേദനം നടത്തി നോക്കി. പക്ഷെ അതും ഫലിച്ചില്ല. കേരളത്തിലെ ഇന്നത്തെ ക്രമീകരണത്തിന് യാതൊരുവിധ മാറ്റവും വരുത്താൻ തങ്ങൾ തയ്യാറില്ലെന്ന് ഹൈക്കമാണ്ട് ഉറപ്പിച്ചു പറഞ്ഞു. ഇതിനിടയിൽ സ്വന്തം പുത്രിയുടെ ജന്മദിനം ആഘോഷിക്കുവാൻ ഒരു കോട്ടയം നേതാവിന് അവസരം കിട്ടി. രാഷ്ട്രീയ സുഹൃത്തുക്കൾ എല്ലാം ഒത്തുകൂടി. സ്വാഭാവികമായും രാഷ്ട്രീയ ശത്രുക്കളെ വക വരുത്തുന്ന കാര്യം ആലോചനയ്ക്ക് വന്നു. പക്ഷെ അവിടെ ചില കരടുകളും ഉണ്ടായിരുന്നു. ആലോചനാ വിവരം അവരിൽക്കൂടി പുറത്തു ചോർന്നു പോയി.

രണ്ടാം നിയമസഭയിലെ പട്ടം താണുപിള്ള 
മന്ത്രിസഭ- 1960
ജനാധിപത്യഐക്യവും  രാജ്യക്ഷേമവും കാംക്ഷി ക്കുന്ന ചില പത്രങ്ങൾ വിവരങ്ങൾ ജനങ്ങളുടെ ശ്രദ്ധയിൽ കൊണ്ടുവന്നു. ജനാധിപത്യ ഐക്യം വാർത്തെടുക്കുന്ന തിൽ ഒരു നല്ല പങ്കു വഹിച്ച മന്ത്രി പി.റ്റി. ചാക്കോ ഈ നടപടികളിലെ അപകടം മനസ്സിലാക്കി. ജനാധിപ ത്യ  ഐക്യം കാത്തു സൂക്ഷിക്കുന്നതിന് ജന ങ്ങൾ കണ്ണിൽ എണ്ണ യൊഴിച്ച് നോക്കിയിരിക്ക ണമെന്ന് മുന്നറിയിപ്പ് നല്കി.  കോണ്‍ഗ്രസ് സംഘടന ഒരാഴ്ച കാലത്തോളം പ്രസ്താവന സംഘടനയായി. രാഷ്ട്രീയ ഗൂഢാലോചനയുമായി ബന്ധമുള്ളവരാണെന്നു ജനങ്ങൾ സംശയി ക്കുന്നവരെല്ലാം പ്രസ്താവനകൾ ഇറക്കി, തങ്ങളാണ് ജനാധിപത്യ ത്തിന്റെ കാവൽ ഭടന്മാരെന്നു വരുത്തുവാൻ. 

അവിടം കൊണ്ടും അവസാനിച്ചില്ല.

രംഗം അവിടെ അവസാനിച്ചില്ല. സംഘടനാതലത്തിലുള്ള പ്രസ്താവന സമരം നിയമസഭാകക്ഷിയുടെ ഉള്ളിലേയ്ക്കും കടന്നു. കോണ്‍ഗ്രസ് സംഘടനയിൽ യാതൊരു ഭിന്നിപ്പും ഇല്ലെന്ന പ്രസ്താവനയുമായി കോണ്‍ഗ്രസ് നിയമസഭാ കക്ഷി സെക്രട്ടറി നടന്നു ഒപ്പുവാങ്ങി. കോണ്‍ഗ്രസ് സംഘടനയിലെ കാര്യം പറയാൻ നിയമസഭാ കക്ഷിക്ക് എന്താകാര്യം? ഒരു നിയമസഭാംഗം ചോദിച്ചു. നിയമസഭാ കക്ഷിയിൽ ഭിന്നിപ്പില്ലെന്നാക്കി, അത് വെട്ടിത്തിരുത്തി. നിയമസഭാ കക്ഷിയിൽ ഭിന്നിപ്പുണ്ടെന്നു ആരും പറഞ്ഞിട്ടില്ലെന്നായി പ്രസ്തുത രംഗം. ഇല്ലാത്ത ഒന്നിനെ നിഷേധിക്കുന്നതിൽ താൻ കൂട്ടില്ലെന്ന് പറഞ്ഞു അദ്ദേഹം ഒപ്പിടാതെ മാറി. പലരും ഒപ്പിട്ടു. ചിലർ വായിക്കാതെപോലും. എന്തായാലും കോണ്‍ഗ്രസ് നിയമസഭാകക്ഷിയിൽ ഭിന്നിപ്പില്ലെന്ന് ഒരു സംയുക്ത പ്രസ്താവന വന്നു.

കോണ്‍ഗ്രസ് നിയമസഭാകക്ഷിയിലെ എല്ലാ അംഗങ്ങളും ഒപ്പു വയ്ക്കാത്ത ഈ സംയുക്ത പ്രസ്താവന ഒരു പ്രശ്നമായി. തങ്ങളുടെ പരിപാടികളെല്ലാം പുറത്തായ വസ്തുത ഈ ഗ്രൂപ്പ് രാഷ്ട്രീയക്കാർ മനസ്സിലാക്കി. ജനങ്ങൾ തങ്ങൾക്കെതിരാണെന്നും എന്താ വേണ്ടതെന്നു വീണ്ടും തേക്കടിയിൽ കൂടി യാലോചനയായി. തേക്കടിയിലെ തണുത്ത അന്തരീക്ഷം അവർക്ക് ഒരു ബുദ്ധി കണ്ടുപിടിച്ചു. തങ്ങളുടെ ശത്രുവാണ് ഈ ഗ്രൂപ്പ് രാഷ്ട്രീയമെല്ലാം കാണിക്കു ന്നതെന്ന് കോട്ടയത്തും ഏറണാകുളത്തും ഉള്ള രണ്ടു പത്രങ്ങൾ ഓരോ മുഖ പ്രസംഗങ്ങൾ എഴുതി. തിരുവനന്തപുരത്തു ഒരു പത്രത്തിനു കോട്ടയം നേതാവു പി. സി. ചെറിയാന്റെ ഒരു അഭിമുഖ സംഭാഷണവും. മൂന്നിലും ഒന്നുതന്നെ യായിരുന്നു, ഉള്ളടക്കം. കോണ്ഗ്രസ് നിയമസഭാ കക്ഷിയിലെ പി. കെ. അബ്ദുൾ ഖാദർ ഒരു മറുപടി പ്രസ്താവന ഇറക്കി. സംഗതികൾ ആരും പിടിക്കുന്നിടത്തു നിൽക്കുകയില്ലെന്ന് കണ്ടപ്പോൾ ഒരു സന്ധിയുണ്ടാക്കി മേലിൽ പ്രസ്താവന ഇറക്കരുതെന്ന്. പ്രസ്താവന നിറുത്തി ഇപ്പോൾ കുശുകുശുപ്പ് രാഷ്ട്രീയത്തിൽ ഏർപ്പെട്ടിരിക്കയാണ്. 

കോണ്‍ഗ്രസ്, പി. എസ്. പി പാർട്ടികൾ.

ഇങ്ങനെയെല്ലാമാണെങ്കിലും നിയമസഭയിൽ കോണ്‍ഗ്രസ് കക്ഷി ഒറ്റക്കെട്ടാണ്. ഒരു അപസ്വരവും ഒരിക്കലും കേട്ടിട്ടില്ല. ചോദ്യോത്തരവേളയിൽ പോലും ആ ഐക്യം പ്രകടമായിരുന്നു. കേരളത്തിലെ ഐക്യകക്ഷി ഭരണം തുടരണമെന്ന ജനങ്ങളുടെ ആവേശം, അതാണ്‌ ഈ ഐക്യ പ്രകടനത്തിന്റെ പിന്നിലുള്ളത്. പി.എസ്.പി. യെ സംബന്ധിച്ചിടത്തോളം നില ഭിന്നമാണ്‌. കോണ്‍ഗ്രസിൽ രാഘവ മേനോന് ഒരു മാർജിൻ കൊടുത്ത് നിറുത്തുന്നതുപോലെ പി. എസ് .പി. യിൽ ജോസഫ് ചാഴിക്കാടനെയും മാറ്റി നിറുത്താം. പിന്നെയും പി. എസ്. .പി. യിൽ തിരുവിതാംകൂർ രാഷ്ട്രീയമുണ്ട്, കൊച്ചി രാഷ്ട്രീയമുണ്ട്, മലബാർ രാഷ്ട്രീയമുണ്ട്, കേരളരാഷ്ട്രീയം കുറവാണുതാനും. ഭിന്നാഭിപ്രായങ്ങൾ ഒരു പാർട്ടിയിൽ ഉണ്ടായിക്കൂടാ എന്നില്ല. എന്നാൽ അവ നിയമ സഭാതലത്തിൽ പരസ്പരം പ്രയോഗിക്കുന്ന നില ഒരു ഗതികേടാണ്. മുഖ്യമന്ത്രി പട്ടം താണുപിള്ളയും, എം. നാരായണ കുറുപ്പും തമ്മിൽ ഈ സമ്മേളനത്തിലും ഒന്നിലധികം തവണ കുത്തി. ജനാർദ്ദനൻ ഇത്തവണ എന്തോ ശാന്തനായിരുന്നു. എങ്കിലും ഇടയ്ക്കിടയ്ക്ക് ആവേശം കാണിക്കാതെ ഇരുന്നില്ല. രോഗം കാരണം പി.കെ. കുഞ്ഞ് ആശുപത്രിയിലായിരുന്നു. എങ്കിലും പുറകില നിന്നുള്ള പ്രേരണ പലതിലും നൽകുന്നുണ്ടായിരുന്നു. അങ്ങനെ കാഴ്ചക്കാർക്ക് എന്തോ അസുഖമുണ്ടെന്ന് തോന്നിക്കുന്ന പോക്കായിരുന്നു പി. എസ്. പി. നിയമസഭാ കക്ഷിയുടെത്. പി. എസ്‌. പി. യെ സംബന്ധിച്ചിടത്തോളം അവയ്ക്കുള്ള അംഗങ്ങളിൽ ഭൂരിപക്ഷവും ഒന്നാംകിടക്കാരാണ്. അതാണ്‌ പാർട്ടിക്കുള്ളിലെ മത്സരത്തിന്റെ ഉറവിടവും. 

ലീഗിൽ സർവ്വത്ര സ്വച്ഛത.

മുസ്ലീം ലീഗ് - അവരുടെ ഇടയിൽ ആശയസംഘട്ടനമില്ല. അഭിപ്രായ വ്യത്യാസം ഇല്ല. ഭരണകക്ഷി അല്ലാത്തതുകൊണ്ട് നേതൃത്വത്തിനുള്ള വടം വലികളുമില്ല. സർവീസ് പ്രശ്നത്തിലാണ് ശ്രദ്ധ അധികവും. പക്ഷെ മുൻ അവസരങ്ങളിൽ ഒരു നല്ല താരമായി പ്രത്യക്ഷപ്പെടാറുള്ള സി. എച്ച്. മുഹമ്മദ്‌ കോയ പലപ്പോഴും നിശബ്ദനായിരുന്നു. ആർ. എസ്. പി. യ്ക്ക് ഒരംഗം നിയമസഭയിൽ ഉണ്ട്. ഒന്നു രണ്ടു ചോദ്യങ്ങൾ ചോദിച്ചതല്ലാതെ ബേബി ജോണ്‍ കാര്യമായി മറ്റൊന്നും ഈ സമ്മേളനത്തിൽ ചെയ്തില്ല. ഒറ്റയ്ക്കിരിക്കുന്നതിലുള്ള മടുപ്പാണോ, മുമ്പ് വാചാലനായ അദ്ദേഹത്തെ മൂകനാക്കി മാറ്റിയതെന്നറിവില്ല ./-
----------------------------------------------------------------------------------
* യശ:ശരീരനായ ശ്രീ. കെ.സി.സെബാസ്റ്റ്യൻ മുൻകാല കേരളരാഷ്ട്രീയത്തെപ്പറ്റി എഴുതിയ തെരഞ്ഞെടുത്ത ലേഖനങ്ങൾ തുടർന്ന് പ്രസിദ്ധീകരിക്കുന്നു:  
ധ്രുവദീപ്തി ഓണ്‍ലൈൻ .
------------------------------------------------------------------------------------------------------------------


Visit  




ധൃവദീപ്തി  ഓണ്‍ലൈൻ

www.dhruwadeepti.com



Dhruwadeepti.blogspot.de 

 






for up-to-dates and FW. link Send Article, comments and write ups to :

  DHRUWADEEPTI ONLINE LITERATURE.
Published from Heidelberg, Germany,  in accordance with the European charter on freedom of opinion and press. 

DISCLAIMER: Articles published in this online magazine are exclusively the views of the authors. 

Neither the editor nor the publisher are responsible or liable for the contents, objectives or opinions of the articles in any form."
E-mail: dhruwadeeptionline@gmail.com

Keine Kommentare:

Kommentar veröffentlichen

Hinweis: Nur ein Mitglied dieses Blogs kann Kommentare posten.